ഡോ:സജ്ന മോൾ ആമ്യൻ
Published: 10 December 2024 സാഹിത്യപഠനം
നോവലിലെ മുസ്ലീം സ്ത്രീ പ്രതിനിധാനങ്ങൾ-
ബി .എം സുഹറയുടെ ‘ആകാശഭൂമികളുടെ താക്കോൽ’ എന്ന കൃതിയെക്കുറിച്ച്
താക്കോൽ വാക്കുകൾ :
നവോത്ഥാനം, വിവാഹമോചനം, ബഹുഭാര്യത്വം, മുതലാളിത്വം, പുരുഷാധിപത്യം.
ആമുഖം
പത്തൊമ്പതാം നൂറ്റാണ്ട് ലോകമൊട്ടുക്ക് നിരവധി പരിവർത്തനങ്ങൾ സാധ്യമാക്കിയിട്ടുണ്ട്. ഈ പരിവർത്തനം ഇന്ത്യയിലും നവോത്ഥാനത്തിന്റെ ശക്തമായ മുന്നേറ്റത്തിനു കാരണമായി. പാശ്ചാത്യ വിദ്യാഭ്യാസത്തിൻ്റെ ഫലമായി വ്യക്തികളുടെ ചിന്തയിലും മനോഘടനയിലുമുണ്ടായ മാറ്റങ്ങളും നിരവധിയാണ്. അച്ചടിയും പത്രങ്ങളും മാസികകളും എല്ലാം അതിൻ്റെ പരിണതിയാണ്. സ്വാതന്ത്ര്യവും ഉയർച്ചയും ആഗ്രഹിക്കുന്ന മധ്യവർഗം പരമ്പരാഗത വിശ്വാസങ്ങളും അനാചാരങ്ങളും ചോദ്യം ചെയ്തു.
കേരളത്തിലെ മുസലിംകൾക്കിടയിലും മാറ്റം സംഭവിച്ചു. ആ മാറ്റങ്ങൾ മുസ്‌ലിം ജീവിതം പശ്ചാത്തലമാക്കി രചിക്കുന്ന കൃതികളിലും കാണാൻ തുടങ്ങി. ഇതര ഭാഷകളിലേതു പോലെ മലയാളസാഹിത്യത്തിലും സാമൂഹിക ജീവിതത്തെ പ്രമേയമാക്കി കൊണ്ടുള്ള ധാരാളം നോവലുകൾ ഉണ്ടായിട്ടുണ്ട്. അതോടൊപ്പം മുസ്‌ലിം ജന വിഭാഗത്തിന്റെ ആന്തരികവും ബാഹ്യവുമായ യാഥാർത്ഥ്യങ്ങൾ വെളിപ്പെടുത്തുന്ന അനേകം നോവലുകളും പിറവിയെടുത്തു.
മുസ്‌ലിം ജീവിതത്തെ ആദ്യമായി മലയാള നോവലിൽ അവതരിപ്പിച്ചത് സി. വി രാമൻപിള്ളയാണ്. മാർത്താണ്ഡവർമ്മ എന്ന നോവലിൽ കഥാനായകന് അഭയം നൽകുന്നവർ മുസ്‌ലിംകളാണ്. രാജ്യസ്നേഹികളായ ഷംസുദ്ദീനെയും സുലേഖയെയും ആ കൃതിയിൽ കാണാം. അതുപോലെ ഒ. ചന്തുമേനോന്റെ ഇന്ദുലേഖയിൽ ആനുഷംഗികമായി ചിത്രീകരിക്കപ്പെട്ട ഷിയർ ആലിഖാൻ എന്ന സാങ്കല്പിക കഥാപാത്രം വിദ്യാസമ്പന്നനാണ്. ആധുനിക നവോത്ഥാനത്തിന്റെ തുടർച്ചയോടുകൂടി മുസ്‌ലിം കഥാപാത്രങ്ങളുടെ സാന്നിധ്യവും ജീവിത ചിത്രീകരണവും മലയാള സാഹിത്യത്തിൽ വർദ്ധിച്ചു വരുന്നതായി കാണാം. ഉദാഹരണത്തിന് ഉറൂബിന്റെ ഉമ്മാച്ചു. ആഗ്രഹിച്ച ജീവിതം നിഷേധിക്കപ്പെട്ട് മറ്റാർക്കൊക്കെയോ വേണ്ടി ജീവിതം തള്ളിനീക്കുന്ന സ്ത്രീകഥാപാത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഉമ്മാച്ചു .സങ്കടത്തിൽ വെന്ത് നീറുമ്പോഴും ദുരിതങ്ങളെ ഒന്നൊന്നായി തള്ളി മാറ്റാൻ കഴിഞ്ഞ മുസ്‌ലിം പെണ്ണിൻ്റെ കരുത്തുറ്റ ചിത്രമാണ് ഉമ്മാച്ചുവിനുള്ളത്. ഉറൂബിൻ്റെ സുന്ദരികളും സുന്ദരന്മാരും എന്ന കൃതിയിലെ ഖദീജയും എം.ടിയുടെ പാതിരാവും പകൽവെളിച്ചവും എന്ന നോവലിലെ ഫാത്തിമയും ശ്രദ്ധേയരായ കഥാപാത്രങ്ങളാണ്. ചെറുകാടിന്റെ പ്രമാണിയിലും അതിശക്തമായ മുസ്‌ലിം ചിത്രീകരണം ഉണ്ട്. നാടകരംഗത്തും ഈ വിഷയം പ്രമേയമാക്കി ധാരാളം രചനകൾ നടന്നിട്ടുണ്ട്. ഇ .കെ അയമുവിൻ്റെ ‘ജ്ജ് നല്ലൊരു മനിസനാകാൻ നോക്ക് ‘, കെ. ടി മുഹമ്മദിന്റെ ‘ഇത് ഭൂമിയാണ് ‘ എന്നിവ ചില ഉദാഹരണങ്ങൾ. സാമുദായിക അധികാരത്തിന്റെയും പുരുഷാധിപത്യത്തിന്റെയും ഇടയിൽപ്പെട്ട് മരണത്തേക്കാൾ വലിയ ദുരന്തത്തിന്റെ വേദനയും പേറി കഴിയേണ്ടിവരുന്ന സ്ത്രീകളുടെ നീണ്ടനിര തന്നെ കാണാം. പി എ മുഹമ്മദ് കോയയുടെ ‘സുൽത്താൻ വീടി’ലും വൈക്കം മുഹമ്മദ് ബഷീറിൻറെ കൃതികളിലും മുസ്‌ലിം ജീവിത ചിത്രീകരണം ഉണ്ട്.
കാലം കൊണ്ടു പല മാറ്റങ്ങളും കേരളത്തിലെ സാമൂഹ്യ ജീവിതത്തിൽ സംഭവിച്ചു. അതോടൊപ്പം സാമുദായിക ജീവിതങ്ങളിലും അനിവാര്യമായ മാറ്റങ്ങൾ പ്രതിഫലിച്ചു. നവോത്ഥാനാനന്തരം ആധുനിക വിദ്യാഭ്യാസത്തിലേക്ക് പ്രവേശിച്ച കേരളീയ പൊതുമണ്ഡലത്തിൽ എല്ലാ ജാതി മത വിഭാഗങ്ങളുടെയും ആചാരാനുഷ്ഠാനങ്ങൾക്കും അതിൽ ഉൾപെട്ട മനുഷ്യരുടെ ദേശം, തൊഴിൽ ദാമ്പത്യക്രമം, ചിന്തകൾ എന്നിവയ്ക്കും വലിയ മാറ്റങ്ങൾ സംഭവിച്ചു.
ബി എം സുഹറയുടെ നോവലുകളിൽ മുസ്‌ലിം ജനജീവിതത്തെ പ്രമേയമാക്കി എഴുതിയ ധാരാളം കൃതികൾ ഉണ്ട്. ഏത് സമൂഹത്തിലായാലും ഏത് സമുദായത്തിലായാലും സ്ത്രീകൾ പറഞ്ഞു തുടങ്ങുമ്പോൾ ആ സമൂഹത്തിന്റെയും സമുദായത്തിന്റെയും ചരിത്രവും സാധ്യതകളും മറ്റൊന്നായി മാറും .ബി .എം സുഹറയുടെ ‘ആകാശഭൂമികളുടെ താക്കോൽ’ എന്ന നോവലിൽ മുസ്ലിം സ്ത്രീ ജീവിതത്തിൽ അവളുടെ , വസ്ത്രം, വിദ്യാഭ്യാസം,തൊഴിൽ, ആചാരം സ്ത്രീപുരുഷബന്ധം, പദവി എന്നിവ സമൂഹത്തിലും സമുദായത്തിലും എങ്ങനെയെല്ലാം പ്രതിഫലിക്കുന്നു എന്ന അന്വേഷണമാണ് ഈ പ്രബന്ധത്തിലൂടെ നടത്താൻ ഉദ്ദേശിക്കുന്നത്.
സന്തോഷത്തോടുകൂടി കളി തമാശകൾ പറഞ്ഞ് കൂട്ടുകാരികളുമൊത്ത് പൊട്ടിച്ചിരിച്ചു വിദ്യാലയത്തിൽ നിന്നും തിരിച്ചു വരുമ്പോൾ വളരെ അവിചാരിതമായാണ് നൂറു എന്നു വിളിക്കുന്ന നൂർജഹാന്റെ ജീവിതത്തിലേക്ക് പണക്കാരനായ ജോനകപ്പറമ്പിൽ ഹുസൈൻ ഹാജി കടന്നുവരുന്നത്. ദാരിദ്ര്യത്തിന്റെയും ഇല്ലായ്മയുടെയും പരിമിതികളിൽ കാരണം നൂറുവിന്റെ ബാപ്പക്ക് 45 കാരനായ ഹുസൈൻ ഹാജിയെ കൊണ്ട് അവളെ വിവാഹം കഴിപ്പിക്കുന്നതിന് നിർബന്ധിതനായി. ജീർണ്ണിച്ച തൻ്റെ വീട് നന്നാക്കി കിട്ടും, ഓഫീസിൽ തരക്കേടില്ലാത്ത ജോലി കിട്ടും എന്നിവയെല്ലാം അവളുടെ സഹോദരൻ ജഹാംഗീറും ഈ ബന്ധത്തിൻ തൃപ്തനാണ്. എതിർപ്പുകൾ ഉണ്ടായിട്ടും നിസ്സഹായയായി ബാപ്പയുടെ അഭിമാനത്തിനും കുടുംബത്തിൻ്റെ ദൈന്യതക്കും മുൻപിൽ തൻ്റെ ജീവിതം ബലിയാടാക്കുകയാണ് നൂറു ചെയ്യുന്നത്. അവളുടെ സമ്മതം ആർക്കും ആവശ്യമായിരുന്നില്ല .ജനിച്ചു വളർന്ന കുടുംബത്തിനുള്ളിൽ നിസ്സഹായയായി എല്ലാം സഹിച്ചു ജീവിക്കാൻ മാത്രമാണ് അവൾക്ക് സാധിക്കുന്നത്. പുതുപെണ്ണായി ജോനക പറമ്പിൽ തറവാട്ടിലേക്ക് ഹസ്സൻ ഹാജിയുടെ രണ്ടാം ഭാര്യയായി ചെല്ലുന്ന നൂറുവിന് ബീരാൻ എന്ന കാര്യസ്ഥനാണ് വഴികാട്ടി കൊടുക്കുന്നത്. ആ സമയത്ത് ഒന്നാം ഭാര്യയായ ഐഷാത്ത കിടപ്പിലായിരുന്നു .ആ വീട്ടിലെ ആഡംബരങ്ങളും സുഖ സൗകര്യങ്ങളും നൂറുവിനെ അമ്പരപ്പിച്ചു .പക്ഷേ ഹാജിയുടെ കിന്നാരത്തോടും ഭർതൃപദവിയോടും വികാരങ്ങളില്ലാതെയാണ് അവൾ പ്രതികരിച്ചത്. അടുക്കള ജോലിക്കാരികളായ റുഖിയ്യയും സൂറയും അവളെ സൽക്കരിക്കുന്നു. എന്നാൽ ഐഷാ എന്ന ഒന്നാം ഭാര്യയുടെ വാക്കുകൾ നൂറുവിനെ വേദനിപ്പിക്കുന്നതായിരുന്നു. ” എന്നെ മൂലക്കിരുത്തി പൊര ഭരിക്കാന്ന് പൊരേലുള്ളോരും ചെന്നു കയറിയോലും നിരീക്കണ്ട. കയ്യും കണ്ണും കാണിച്ച് മയക്കിയ പോലെ എന്നെ മയക്കാൻ നോക്കണ്ട.”
” ഏറെ മദിക്കണ്ട നാളെ നിനക്കും ഈ ഗതിയുണ്ടാവൂലാന്ന് ആര് കണ്ടു. ” (പുറം : 36 ) ഐഷാത്തയുടെ വാക്കുകളാണിവ. തന്നെ ഒരു മനുഷ്യ വ്യക്തിയായി കാണാതെ ഉപയോഗിച്ചു വലിച്ചെറിയാവുന്ന ഒരു വസ്തു മാത്രമായി കാണുന്നു . അവരുടെ ജീവിതാവസ്ഥയോടും ആചാരത്തോടുമുള്ള ദുഃഖവും അമർഷവും പ്രതിഷേധവുമാണ് ഈ വാക്കുകളിൽ കാണുന്നത്. അപമാനിക്കപ്പെട്ട ഒരു സ്ത്രീയുടെ വാക്കുകൾ കൂടിയാണിത്. അവരുടെ സങ്കടവും നിസ്സഹായാവസ്ഥയുമൊക്കെയാണ് ഈ വാക്കുകളിൽ പ്രകടമാകുന്നത്. എന്നാൽ നൂറു തൻ്റെ സ്നേഹം നിറഞ്ഞ പെരുമാറ്റത്തിലൂടെ ഐഷാത്തയെ മാറ്റിയെടുക്കുന്നു. പൂർവ്വാധികം സന്തോഷത്തോടെ വീടുഭരണം തുടങ്ങിയ അവർ നൂറുവിനെ സഹോദരിയായി കണ്ട് സ്നേഹിക്കാൻ തുടങ്ങുന്നു. എന്നാൽ ആദ്യ ഭാര്യ അറിയാതെ തന്റെ കിടപ്പറയിലേക്ക് കടന്നുവരുന്ന ഹാജിയോട് നൂറുവിന് വെറുപ്പാണ്. ഒപ്പം ഐഷാത്തയോട് കാണിക്കുന്ന നീതികേടാണിതെന്ന് നൂറു വിശ്വസിക്കുകയും ചെയ്യുന്നു. ഒരിക്കൽ ഈ വിവരം ഐഷാത്ത അറിയുകയും അതറിഞ്ഞപ്പോളുണ്ടായ പ്രശ്നങ്ങൾ തൻ്റെ അധികാരവും ശക്തിയും ഉപയോഗിച്ച് ഹാജി അടിച്ചമർത്തുകയും ചെയ്യുന്നു. പ്രശ്നങ്ങളെ തുടർന്ന് സ്വന്തം വീട്ടിലേക്ക് നൂറു തിരിച്ചു പോയെങ്കിലും അവിടെ സംഭവിച്ച മാറ്റങ്ങൾ കണ്ട് അവൾ അത്ഭുതപ്പെടുകയും താനെന്ന സ്ത്രീയുടെ ദുരിതത്തിൻ്റെ ലാഭം കൊണ്ട് കഴിയുന്ന കുടുംബത്തിന് തൻ്റെ തിരിച്ചുവരവ് ഒരു പ്രയാസമാണെന്ന് തിരിച്ചറിയുകയും ചെയ്യുന്നു. തൻ്റെ ജീവിതവും കുടുംബവും ഹാജിയുടെ പിടിയിലാണെന്ന് തിരിച്ചറിഞ്ഞ് അവൾ ജോനകപ്പറമ്പിലേക്ക് തന്നെ തിരിച്ചെത്തുന്നു.
ഒരു സ്ത്രീയുടെ നിസ്സഹായാവസ്ഥയാണ് ബി. എം സുഹറ ഇവിടെ വരച്ചു കാണിക്കുന്നത്. ഹജ്ജിനു പോവാൻ ഐഷാത്ത ഒരുങ്ങുമ്പോൾ ഭർത്താവ് വിലങ്ങു തടിയായി നിൽക്കുന്നുണ്ട്. അവരുടെ പേരിലുള്ള പീടിക വിറ്റ പൈസയും വീടും ഹാജിയുടെ പേരിൽ എഴുതിക്കാം എന്ന ആവശ്യമാണ് ഹാജിയാർ മുന്നോട്ടു വെക്കുന്നത്. യാത്രയിൽ ഉണ്ടായ വീഴ്ച്ചയിൽ കാലിന് പരിക്ക് പറ്റി കിടപ്പിലായ ഐഷാത്തയെ ഹോസ്പിറ്റലിൽ കൊണ്ടുപോയ നൂറുവും വീണ് പരിക്കു പറ്റി കിടപ്പിലാവുന്നു. കിടപ്പിലായ രണ്ടു ഭാര്യമാരെയും നോക്കി ദേഷ്യപ്പെട്ട് ഹാജി നിലമ്പൂരിൽ ഉള്ള തന്റെ ബംഗ്ലാവ് ജോലിക്കാരിയായ റംലത്തിനെ വിവാഹം കഴിക്കുന്നു . രണ്ടു മക്കളുടെ ജീവിതം രക്ഷിക്കാനും കുടുംബത്തിലെ പട്ടിണി മാറ്റാനും വേണ്ടി ഹാജിയാരുടെ ഭാര്യയാവാമെന്ന് റംലത്ത് സമ്മതിക്കുന്നു. റംലത്ത് നൂറുവിൽ നിന്നും ഏറെ വ്യത്യസ്തയാണ്. കിന്നാരം പറഞ്ഞ് തന്റെ ആവശ്യങ്ങൾ ഓരോന്നായി ഹാജിയിൽ നിന്നും നേടിയെടുക്കാൻ അവർക്ക് സാധിച്ചു. എന്നാൽ പിന്നീട് ഹാജി അവരെ അവഗണിക്കുകയും ചെയ്യുന്നു.
അതിനിടയിൽ സുഖം പ്രാപിച്ച നൂറു തനിക്ക് ജോലിക്ക് പോകണമെന്ന ആവശ്യവുമായി വരികയും അവളുടെ വിദ്യാഭ്യാസത്തിലും സൗന്ദര്യത്തിലും നിർബന്ധത്തിലും വഴങ്ങി തന്റെ മഹിളാ സഭയുടെ പ്രസിഡൻ്റായി നൂറുവിനെ നിയമിക്കുകയും ചെയ്യുന്നു. രാധ എന്ന സഹപ്രവർത്തകയുടെ സഹായത്തോടെ നൂറുവിന് കൂടുതൽ പ്രവർത്തിക്കാൻ സാധിക്കുന്നു. വഴിപിഴച്ചു പോകുന്നവർക്കും വിവാഹ തട്ടിപ്പിനിരയായവർക്കും ആശ്രയം നൽകുന്നതിലൂടെ നൂറുവിന്റെ പ്രവർത്തനങ്ങൾ ഹാജിയാരിലും സമുദായത്തിലും അസംതൃപ്തിയും അമർഷവും ഉണ്ടാക്കുന്നു. എതിർപ്പുകൾ ശക്തമാവുകയും താൻ പ്രവർത്തിച്ചിരുന്ന മഹിളാസഭ കെട്ടിടം തകർക്കുകയും റംലത്ത് എന്ന മൂന്നാം ഭാര്യയെ അവരുടെ പോലും സമ്മതം കൂടാതെ മൊഴിചൊല്ലി എന്ന വിവരം അറിയുകയും ചെയ്തതോടെ കുടുംബത്തിനകത്ത് നിന്നും സമൂഹത്തിലേക്ക് നൂറു ഉറച്ച കാൽവെപ്പോടെ ഇറങ്ങുന്നു. നോവലിൻ്റെ ആദ്യത്തിൽ അവൾ ഭർതൃ ഗൃഹം വിട്ടിറങ്ങും പോലെ അല്ല അവസാനഭാഗത്തിലെ അവളുടെ ഇറങ്ങിപ്പോക്ക്. സ്വന്തം ഗൃഹത്തിലേക്കും അല്ല അവൾ പോകുന്നത്. മറ്റൊരു വീട്ടിലേക്കോ കുടുംബത്തിലേക്കോ അല്ല അവൾ പോയത്. ആകാശത്തിനും ഭൂമിക്കും തുല്യ അവകാശിയാണ് താൻ എന്ന തിരിച്ചറിവോടെ വീടുവിട്ടിറങ്ങുന്ന നൂറു എന്ന സ്ത്രീ കഥാപാത്രം സമൂഹത്തിന്റെയും സമുദായത്തിന്റെയും ആചാരങ്ങളെയും വിലക്കുകളെയും അതിലംഘിച്ച് വികസിതവും സ്വതന്ത്ര്യവുമായ ഒരു സ്ത്രീകർതൃത്വമായി പരിണമിക്കുന്നതാണ് നോവലിൻ്റെ ഈ അവസാന സന്ദർഭം.
നോവലിലെ ഐഷാത്ത യാഥാസ്ഥിതികയുടെ സ്ത്രീ രൂപമാണ്. ഹാജിയാരുടെ ചൊൽപ്പടിക്ക് മാത്രം ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരു സാധാരണ മുസ്‌ലിം സ്ത്രീയാണ് അവർ. ഒന്നാം ഭാര്യയായ തൻ്റെ അനുമതി കൂടാതെ രണ്ടാമതും മൂന്നാമതും വിവാഹം ചെയ്ത ഹാജിയാരുടെ പ്രവൃർത്തികളോട് പ്രതികരിക്കാൻ അവർക്ക് സാധിക്കുന്നില്ല. പകരം സഹതപിച്ച് എല്ലാം ഉള്ളിലൊതുക്കി ജീവിക്കാനേ അവർ ശ്രമിക്കുന്നുള്ളൂ. അതോടൊപ്പം നൂറുവിനോടും റംലത്തിനോടും ക്രമേണ സ്നേഹത്തോടെ പെരുമാറാനും അവർക്ക് സാധിക്കുന്നു. ഇവിടെ ഐഷാത്ത എന്ന കഥാപാത്രം മറ്റു രണ്ടു ഭാര്യമാരോടും കാണിക്കുന്നത് മതമനുശാസിക്കുന്ന തരത്തിലുള്ള ഒരു സൗഹൃദമാണ്. അതോടൊപ്പം നൂറുവിന്റെ സ്വഭാവസവിശേഷത കൊണ്ടും പെരുമാറ്റം കൊണ്ടും ആണ് ഐഷാത്ത സഹിഷ്ണുത ഉള്ളവളായി മാറുന്നത്.
എന്നാൽ നൂറു ഐഷാത്തയോടും റംലത്തിനോടും കാണിക്കുന്നത് ഒരു സ്വതന്ത്ര സ്ത്രീയുടെ സാഹോദര്യ ബന്ധമാണ്. സ്ത്രീയെന്ന നിലയിൽ മറ്റു സ്ത്രീകളെ സ്വന്തം വർഗ്ഗമായി തിരിച്ചറിയുന്നതിന്റെ കൂടി ഭാഗമാണ് നൂറു കാണുന്ന ഈ സ്ത്രീ സാഹോദര്യ ഭാവം. ഐഷ എന്ന കഥാപാത്രത്തിന്റെ മാതൃത്വഭാവവും എഴുത്തുകാരി വേദനയോടെ വിവരിക്കുന്നു. ഏക മകനായ ഹൈദ്രോസ് മരണപ്പെട്ടതോടെ മുറിയിൽ ഒതുങ്ങിക്കൂടുന്ന ആ ഉമ്മയെക്കുറിച്ചും സങ്കടത്തെക്കുറിച്ചും പറയുന്നു. അതിനുശേഷം അവരെ ഉയർത്തെഴുന്നേൽപ്പിക്കുന്നത് നൂറുവെന്ന സ്ത്രീയാണ്. എന്നിരുന്നാലും നൂറുവിന്റെ മഹിളാസഭ പ്രവർത്തനങ്ങളെ കാഫ്രിച്ചീങ്ങളുടെ കൂട്ടുകെട്ടായി വ്യാഖ്യാനിക്കാനാണ് അവർ ശ്രമിക്കുന്നത്. ഐഷാത്ത എന്ന കഥാപാത്രം സമ്പന്ന കുടുംബാംഗമായതു കൊണ്ടാവാം അവർ മൊഴി ചൊല്ലൽ എന്ന വലിയ വിപത്തിൽ നിന്നും രക്ഷപ്പെട്ടത്.
ഐഷാത്ത എന്ന കഥാപാത്രത്തിൽ നിന്നു തികച്ചും വ്യത്യസ്തമാണ് നൂറു എന്നു വിളിക്കുന്ന നൂർജഹാൻ . അവർ എത്തിപ്പെടുന്നത് ബഹുഭാര്യത്വം എന്ന മുസ്‌ലിം പുരുഷാധികാരത്തിന്റെ പടുകുഴിയിലേക്കാണ്. തൻ്റെ കുടുംബത്തിൻ്റെ ദാരിദ്ര്യത്തിനും പരാധീനതക്കും മുന്നിൽ സ്വന്തം ജീവിതം നാൽപത്തഞ്ചുകാരനായ ഹുസൈൻ ഹാജിയുടെ ഭാര്യയാവേണ്ടിവരുന്ന നിർബന്ധിതാവസ്ഥയിലേക്ക് അവരെ കൊണ്ടെത്തിക്കുന്നു. നോവലിലെ ശക്തമായ കഥാപാത്രമാണ് നൂറു. നോവലിൻ്റെ തുടക്കത്തിൽ തമാശകൾ പറഞ്ഞു പൊട്ടിച്ചിരിച്ചു നടന്നിരുന്ന നൂർജഹാനിൽ നിന്നു കടന്നുപോകുമ്പോൾ പരിവർത്തനങ്ങൾ സംഭവിക്കുകയും തന്റെ അവകാശങ്ങൾ ഓരോന്നായി നേടിയെടുക്കാൻ കഴിവുറ്റ സ്ത്രീ ശബ്ദമായി മാറുകയും ചെയ്യുന്നു .ഒപ്പം മറ്റുള്ളവരുടെ അവകാശങ്ങളെ മാനിക്കുകയും ചെയ്യുന്നു.
ഹുസൈൻ ഹാജിയുടെ മൂന്നാമത്തെ ഭാര്യ റംലത്ത് എന്ന സ്ത്രീ കഥാപാത്രത്തെ സ്വാർത്ഥതയുടെ ആൾ രൂപം ആയിട്ടാണ് അവതരിപ്പിച്ചിട്ടുള്ളത്. മക്കളെ നല്ല രീതിയിൽ പരിപാലിക്കാൻ വേണ്ടിയാണ് അവർ സ്വാർത്ഥമതിയായി തീരുന്നത്. എന്നാൽ താൻ പോലും അറിയാതെ മൊഴി ചൊല്ലപ്പെട്ടു എന്ന വിവരം അറിയുമ്പോൾ അവർ തളർന്നുപോകുന്നു. ധനികയായ ഒന്നാം ഭാര്യയെ മൊഴി ചെല്ലാതിരിക്കുകയും ദരിദ്രയായ റംലത്തിനെ അവളുടെ സമ്മതമില്ലാതെ മൊഴി ചെല്ലുകയും ചെയ്യുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടത് സമ്പത്തിന്റെ അധികാരത്തെ സൂചിപ്പിക്കുന്നത് കൂടിയാണ്.
” ഒരേതുവുമില്ലാതെ കെട്ടിയ പെണ്ണിനെ ഒഴിവാക്കാന്ന് ഏതു കിത്താബിലാ മൊയില്യാരേ പറഞ്ഞത് (പുറം :252).
എന്ന് റംലത്തിന്റെ മൊഴിപത്രവുമായി വന്ന ഹാജിയാരോടും മുസ്‌ലിയാരോടും റംലത്തിന്റെ ഇക്ക ചോദിക്കുന്നുണ്ടെങ്കിലും ആ മൊഴിചൊല്ലലിന് മുന്നിൽ നിസ്സഹായയാവാൻ മാത്രമാണ് ദരിദ്രയായ റംലത്തിന് സാധിക്കുന്നത്. നോവലിലെ ഹുസൈൻ ഹാജി എന്ന പുരുഷ കഥാപാത്രം തൻ്റെ ഭാര്യമാരെ സ്വാർത്ഥ താൽപര്യങ്ങൾക്കു വേണ്ടി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ഭാര്യമാർ എന്ന നിലയിൽ മൂന്ന് ഭാര്യമാരോടും മാനസികമായി അടുപ്പമോ പരസ്പരവിശ്വാസമോ ഹാജിക്ക് ഭാര്യമാരോടില്ല. അയാളുടെ ആജ്ഞാനുവർത്തികൾ മാത്രമായിട്ടാണ് ഭാര്യമാരെ കാണുന്നത്.
ഉപസംഹാരം:
വിവാഹമോചനം, ബഹുഭാര്യത്വം എന്നിവയിലൂടെ മുസ്‌ലിം സ്ത്രീ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ തലങ്ങളെ ചിത്രീകരിക്കാൻ ആകാശഭൂമികളുടെ താക്കോൽ എന്ന നോവലിലൂടെ എഴുത്തുകാരിക്ക് സാധിച്ചിട്ടുണ്ട്. നോവലിൽ മുസ്‌ലിം സമുദായത്തിന്റെ മാത്രമല്ല സമകാലികമായ സ്ത്രീ അനുഭവിക്കുന്ന പ്രശ്നങ്ങളും കടന്നുവരുന്നുണ്ട്. പുരുഷാധിപത്യവും സമ്പത്തും അധികാരവുമെല്ലാം ഈ പ്രവണതക്ക് ആക്കം കൂട്ടുന്നതായും കാണാം. വിദ്യാഭ്യാസം നേടുന്നതിലൂടെ സ്ത്രീക്ക് സ്വാശ്രയത്വം നേടാൻ സാധിക്കും. ജോലി നേടി സ്വന്തം വരുമാനം കണ്ടെത്തുന്നതിലൂടെ കുടുംബത്തിനും സമൂഹത്തിനും സമുദായത്തിനും സേവനം ചെയ്യാനും തൻ്റെ അസ്തിത്വം അടയാളപ്പെടുത്താനും സാധിക്കും.
സഹായക ഗ്രന്ഥങ്ങൾ:
1.കാരശ്ശേരി എം എൻ – – 2008 ഉമ്മമാർക്ക് വേണ്ടി ഒരു സങ്കട ഹരജി
കോട്ടയം: ഡിസി ബുക്സ്.
2.ജമാൽ കൊച്ചങ്ങാടി 1998 മുസ്ലിം സാമൂഹ്യജീവിതം മലയാള നോവലിൽ. -തൃശ്ശൂർ :കേരള സാഹിത്യ അക്കാദമി
3.സുഹറ ബി.എം -2008 ആകാശഭൂമികളുടെ താക്കോൽ, കോഴിക്കോട് ലീഡ് : ബുക്സ്.
4 _ 2013 ആരോട് ചൊല്ലേണ്ടു നാം, കോഴിക്കോട് : ലീഡ് ബുക്സ്.
ഡോ:സജ്ന മോൾ ആമ്യൻ
അദ്ധ്യാപിക, പി. എസ്. എം. ഒ. കോളേജ്, തിരൂരങ്ങാടി.