ഡോ.ഡി.വി. അനിൽകുമാർ
Published: 10 December 2024 ചലച്ചിത്രപഠനം
യാന്ത്രികോൽപാദനകാലത്തെ കലയുടെ പ്രവർത്തനം (The art in the age of mechanical reproduction)
വാൾട്ടർ ബെഞ്ചമിൻ (Walter Benjamin)
വിവ: ഡോ ഡി വി അനിൽകുമാർ
VII
കലാപരമായ മൂല്യത്തെ സംബന്ധിച്ച് 19 ആം നൂറ്റാണ്ടിൽ പെയിൻറിങ്ങും ഫോട്ടോഗ്രാഫിയും തമ്മിലുണ്ടായ തർക്കം ഇന്ന് ആശയക്കുഴപ്പം ഉണ്ടാക്കുന്നതായി അനുഭവപ്പെടുന്നു. എന്നു കരുതി അതിൻറെ പ്രാധാന്യം നഷ്ടമാകുന്നില്ല, എങ്ങനെയായാലും ആ വിവാദം ഒന്നും വ്യക്തമാക്കുന്നില്ലെങ്കിലും ചരിത്രപരമായ സംക്രമണത്തിന്റെ അടയാളമായിരുന്നു ആ തർക്കം. അതിൻറെ പ്രാപഞ്ചികമായ ഫലത്തെ രണ്ട് ശത്രുക്കളും മനസ്സിലാക്കിയില്ല. എപ്പോഴാണോ യാന്ത്രികപുനരുൽപാദനകാലം അനുഷ്ഠാനത്തിന്റെ അടിസ്ഥാനത്തിൽ നിന്നും കലയെ വിമുക്തമാക്കിയത്, അതിൻറെ ഉപരിപ്ലവമായ ഏകാധിപത്യം എന്നന്നേക്കുമായി നഷ്ടപ്പെട്ടു. കലയുടെ പ്രവർത്തനത്തിൽ വന്ന മാറ്റം നൂറ്റാണ്ടിന്റെ കാഴ്ചപ്പാടിനെ തന്നെ മാറ്റി. വളരെക്കാലം അത് ഇരുപതാം നൂറ്റാണ്ടിലും സുരക്ഷിതമായി നിന്നു. അത് സിനിമയുടെ അനുഭവത്തിൽ നമുക്ക് കാണാനാകും.
ആദ്യകാലത്ത് ഫോട്ടോഗ്രാഫി ഒരു കലയാണോ എന്ന് നിഷ്ഫലമായ ചിന്തയ്ക്ക് വേണ്ടി നാം സമയം മാറ്റിവെച്ചു. പ്രാഥമികമായ ചോദ്യം ഫോട്ടോഗ്രാഫിയുടെ കണ്ടുപിടിത്തം കലയുടെ സ്വഭാവത്തെ തന്നെ മാറ്റിയില്ലേ എന്നതാണ്-പക്ഷേ ഈ ചോദ്യം ഉയർന്നില്ല. പെട്ടെന്ന് തന്നെ സിനിമാസിദ്ധാന്തക്കാർ സിനിമയോട് ബന്ധിപ്പിച്ച് പരിഗണനാർഹമല്ലാത്ത ഇതേ ചോദ്യം ഉന്നയിച്ചു. പാരമ്പര്യസൗന്ദര്യശാസ്ത്രത്തിന് ഫോട്ടോഗ്രാഫി വരുത്തിയ പ്രയാസങ്ങൾ കുട്ടികളിയാണ്; അതിനെ സിനിമ ഉയർത്തിയ പ്രയാസങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ. തീരെ യാഥാർത്ഥ്യബോധമില്ലാത്തതും അടിച്ചേൽപ്പിക്കുന്നതുമായ സിനിമാ സിദ്ധാന്തങ്ങൾ ഇതിൻറെ ഫലമാണ്.Abel Gance , ഉദാഹരണമായി, സിനിമയെ hieroglyphs മായി താരതമ്യം ചെയ്തു:”ഇവിടെ ശ്രദ്ധിക്കപ്പെടേണ്ട ഒരു പിൻമടക്കത്തോടെ നമ്മൾ പഴയ ഈജിപ്തുകാരുടെ പ്രകടനത്തിന്റെ അവസ്ഥയിലേക്ക് മടങ്ങിയിരിക്കുന്നു… ചിത്രഭാഷ പാകപ്പെടാത്തതിനാൽ നമ്മുടെ കണ്ണുകൾക്ക് അതിനോട് സഹകരിക്കാൻ കഴിയുന്നില്ല നമുക്ക് അതിനോട് വേണ്ടത്ര ബഹുമാനമില്ല വേണ്ടത്ര മൂല്യവും കൽപ്പിക്കുന്നില്ല, അത് പ്രകടിപ്പിക്കുന്നതിനോട്”. അല്ലെങ്കിൽ Severin Mars ൻറെ വാക്കുകളിൽ: കല പ്രദാനം ചെയ്യുന്നത് എന്തെന്നാൽ, വളരെ കാവ്യാത്മകമായ ഒരു സ്വപ്നമാണത്, അതേസമയം വളരെ യഥാർത്ഥവുമാണ്! ഈ രീതിയിൽ സമീപിച്ചാൽ സിനിമ താരതമ്യത്തിന് ഇടം നൽകാത്ത രീതിയിലാണ് പ്രകടിപ്പിക്കുന്നതെന്ന് വ്യക്തമാണ്; അതിൻറെ പ്രത്യേക അന്തരീക്ഷത്തിലേക്ക് നിശ്ചയമായും കടക്കാൻ അനുവദിക്കുന്നതാണത്”. Alexander Arnoux നിശബ്ദ സിനിമയെ സംബന്ധിച്ച് തൻറെ സ്വപ്നം ഒരു ചോദ്യത്തോടെയാണ് അവസാനിപ്പിക്കുന്നത്: “നമ്മുടെ കനത്ത വിവരണങ്ങളെല്ലാം ഒരു പ്രാർത്ഥനയുടെ നിർവചനത്തോളം വരുന്നതല്ലയോ?”സിനിമയെ ഒരു കലയെന്നു പരിഗണിക്കാനുള്ള ആഗ്രഹം ഈ സൈദ്ധാന്തികരെ അതിൽ അനുഷ്ഠാനത്തിന്റെ ഘടകങ്ങളെ കണ്ടെത്താൻ പ്രേരിപ്പിച്ചത് പഠനാർഹമാണ്-വിവേചന ബുദ്ധിയുടെ അപര്യാപ്തതയിവിടെയുണ്ട്. ഈ കാഴ്ചപ്പാടുകൾ പ്രസിദ്ധീകരിച്ചു എങ്കിലും,L’Opinion Public,The Gold Rush പോലുള്ള സിനിമകൾ അക്കാലത്തിന് മുൻപ് തന്നെ പുറത്തുവന്നിരുന്നു. ഇത് എങ്ങനെയായാലും,Abel Gance നെ താരതമ്യത്തിനായി hieroglyphs നെ കൊണ്ടുവരുന്നതിൽ നിന്ന് തടഞ്ഞില്ല. മാത്രമല്ല,Severin Mars നെ സിനിമയെക്കുറിച്ച്, Fra Angelico യുടെ പെയിന്റിംഗിനെ കുറിച്ച് ഒരുവൻ പറഞ്ഞേക്കാവുന്ന വിധത്തിൽ പറയുന്നതിൽ നിന്നും തടഞ്ഞില്ല. സ്വഭാവപരമായി ഇന്നും കൂടുതൽ പ്രതികരിക്കുന്ന എഴുത്തുകാർ സിനിമയ്ക്ക് മേൽ പ്രസ്താവിച്ച പ്രാധാന്യമാണ് നൽകുന്നത്-പൂർണ്ണമായി പരിശുദ്ധമായ ഒന്നല്ലെങ്കിലും ഏറ്റവും കുറഞ്ഞത് ഒരു പ്രകൃത്യാതീതമായ ഒന്നായെങ്കിലും വിവരിക്കുന്നു.Max Reinhardt ൻറെ A midsummer night’s dream ൻറെ സിനിമാ രൂപത്തെക്കുറിച്ച് പറയുമ്പോൾ Werfel സ്ഥാപിക്കുന്നത്: നിസ്സംശയമായും അത് ഭൗതികലോകത്തിലെ തെരുവുകൾ, ഗൃഹാന്തരങ്ങൾ റെയിൽ റോഡ് സ്റ്റേഷനുകൾ, റസ്റ്റോറന്റുകൾ, മോട്ടോർ കാറുകൾ, ബീച്ചുകൾ എന്നിവയുടെ നിർജീവമായ ചിത്രമാണ്. ഇപ്പോഴും അത് സിനിമയ്ക്ക് കലയിലേക്ക് ഉയരുന്നതിനുള്ള തടസ്സങ്ങളാണ്.”സിനിമ ഇന്നും അതിൻറെ യഥാർത്ഥ അർത്ഥം തിരിച്ചറിഞ്ഞിട്ടില്ല, അതിൻറെ സാധ്യതകളും… ഇവയാകട്ടെ അതിൻറെ ഉന്നതമായ സ്വാഭാവികമായ അവതരണ മാർഗങ്ങളിലും താരതമ്യമില്ലാത്ത കെട്ടുകഥാതുല്യമായ അതിമനോഹരവും പ്രത്യാതീതവുമായ അതിൻറെ വിശ്വാസ്യതയിലും ആണ് അടങ്ങിയിരിക്കുന്നത്”.
VIII
ഒരു നാടകത്തിലെ കലാപ്രകടനം നടൻ കാണികളുടെ മുൻപിൽ നേരിട്ടാണ് അവതരിപ്പിക്കുന്നത്, എന്നാൽ സിനിമാനടന്റെ ആകട്ടെ, എങ്ങനെയായാലും, ക്യാമറയാണ് പ്രകടിപ്പിക്കുന്നത്, രണ്ട് മടങ്ങ് സാധ്യതകളോടെ. സിനിമാനടന്റെ പ്രകടനത്തെ കാണികളുടെ മുന്നിൽ അവതരിപ്പിക്കുന്ന ക്യാമറ, പ്രകടനത്തിന്റെ പൂർണ്ണതയെ മാനിക്കണമെന്നില്ല. പ്രകടനത്തിൽ ഉടനീളം ക്യാമറാമാൻ സഹായത്തോടെ ക്യാമറ അതിന്റെ സ്ഥാനം മാറിക്കൊണ്ടേയിരിക്കും. തനിക്ക് ലഭിക്കുന്ന ഫിലിമിൽ നിന്ന് എഡിറ്റർ സ്വീകരിക്കുന്ന സ്ഥാനവും സീക്വന്‍സുകളുടെ ക്രമവും ആണ് സമ്പൂർണ്ണമായ സിനിമയെ രൂപപ്പെടുത്തുന്നത്. അത് ചലനത്തിന്റെ ചില മാതൃകകളെ ഉൾക്കൊള്ളുന്നുണ്ട്. അവ യഥാർത്ഥത്തിൽ ക്യാമറയ്ക്ക് അവകാശപ്പെട്ടതാണ്, പ്രത്യേക ക്യാമറ കോണുകളെ ചൂണ്ടിക്കാട്ടേണ്ടതില്ല, ക്ലോസപ്പുകൾ മുതലായവയെയും. അതുകൊണ്ട് നടന്റെ പ്രകടനം ക്യാമറ ലെൻസിന്റെ നിരവധി പരീക്ഷണങ്ങളിലൂടെ കടന്നു പോകേണ്ടിവരും. നടൻറെ പ്രകടനം ക്യാമറയാൽ പ്രകടിപ്പിക്കുന്നു എന്ന യാഥാർത്ഥ്യത്തിന്റെ ആദ്യ പ്രദർശനമാണിത്. കൂടാതെ, സിനിമാനടന് നാടകനടനെ പോലെ തന്റെ പ്രകടനത്തെ കാണികളുടെ പ്രതികരണം അനുസരിച്ച് വ്യത്യാസപ്പെടുത്താനുള്ള അവസരവും ഇല്ല. കാരണം അയാൾ തന്റെ പ്രകടനത്തെ കാണികളുടെ മുന്നിൽ നേരിട്ട് അല്ലല്ലോ അവതരിപ്പിക്കുന്നത്. ഇത് കാണികൾക്ക് ഒരു വിമർശകനാകാനുള്ള അവസരം ഒരുക്കുന്നു, നേരിട്ട് നടനുമായി ബന്ധം സ്ഥാപിക്കാതെ തന്നെ.കാണികളുടെ നടനുമായുള്ള താദാത്മ്യം യഥാർത്ഥത്തിൽ ക്യാമറയുമായുള്ള താദാത്മ്യം ആണ് (The audience’s identification with the actor is really an identification with the camera). അതുകൊണ്ടുതന്നെ കാണി ക്യാമറയുടെ സ്ഥാനം ഏറ്റെടുക്കുന്നു, അത് പരീക്ഷണത്തിന്റെ സമീപനമാണ്. ഈ പരീക്ഷണത്തിലൂടെ അനുഷ്ഠാന മൂല്യങ്ങൾ വെളിപ്പെടുകയില്ല.
IX
സിനിമയ്ക്ക്, പ്രാഥമികമായ വിഷയം, നടൻ കാണികൾക്ക് വേണ്ടി ക്യാമറയ്ക്ക് മുൻപിൽ സ്വയം വെളിപ്പെടുകയാണ്, മറ്റാരെയും പ്രതിനിധീകരിക്കുകയല്ല. നടൻറെ ഈ രൂപാന്തരണീകരണത്തെ ആദ്യം മനസ്സിലാക്കിയത് പിരാന്തലോ ആണ്. അദ്ദേഹത്തിൻറെ ഈ വിഷയസംബന്ധമായ പരാമർശങ്ങൾ Si Gira എന്ന നോവലിലാണ് ഉള്ളതെങ്കിലും, ഈ ചോദ്യത്തിന്റെ ഋണാത്മകമായ വശങ്ങൾ മാത്രമേ കൈകാര്യം ചെയ്യുന്നുള്ളൂ എങ്കിലും, അതുതന്നെ നിശബ്ദ സിനിമയുമായി ബന്ധപ്പെട്ടതുമാത്രം, അതിന്റെ മൂല്യത്തിന് കുറവൊന്നും സംഭവിക്കുന്നില്ല. സത്താപരമായി ശബ്ദസിനിമ ഇത്തരുണത്തിൽ വലിയ മാറ്റമൊന്നും വരുത്തിയിട്ടുമില്ല. പ്രശ്നം എന്തെന്നു വെച്ചാൽ ഒരുഭാഗം കാണികൾക്ക് വേണ്ടിയല്ല യാന്ത്രികമായ തന്ത്രം എന്ന നിലയിലാണ് ശബ്ദ സിനിമയുടെ കാര്യത്തിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നത്. പിരാന്തലോ (Pirandello) എഴുതുന്നു: “സിനിമാനടൻ നാടകവേദിയിൽ നിന്നും തന്നിൽ നിന്നും നാടുകടത്തപ്പെട്ടവൻ എന്ന് കരുതുന്നു, ഒരു അവ്യക്തമായ ബോധത്തിലെ അസുഖത്തിൽ ഒഴിച്ചുകൂടാനാവാത്ത ശൂന്യത അനുഭവിക്കുന്നു. അയാളുടെ ശരീരത്തിന് ഭൗതിക ബോധം നഷ്ടമാകുന്നു .യാഥാർത്ഥ്യബോധം ചോർന്നുപോകുന്നു, ജീവിതവും ശബ്ദവും ചലനത്തിൽ നിന്നുണ്ടാകുന്ന ശബ്ദവും ഒഴിയുന്നു, നിർവീര്യമായ ഒരു ഇമേജ് ആയി മാറുന്നതിനായി വെള്ളിത്തിരയിൽ ഒന്ന് മിന്നുന്നു, പിന്നെ നിശബ്ദതയിൽ മറഞ്ഞുപോകുന്നു… പ്രൊജക്ടർ കാണികൾക്ക് മുമ്പിൽ അവതരിപ്പിക്കുന്നത് അയാളുടെ നിഴലാണ്. അയാൾ അയാളുടെ സത്തയിൽ ക്യാമറയുടെ മുന്നിൽ മാത്രമേയുള്ളൂ. ഈ അവസ്ഥയുടെ സ്വഭാവം ഇങ്ങനെയാണ്. ആദ്യമായി-ഇതാണ് സിനിമയുടെ ശക്തി-മനുഷ്യന് അവൻറെ ജീവത്തായ മുഴുവൻ സത്തയേയും ഉപയോഗിക്കേണ്ടി വരുന്നു, അതിൻറെ സ്വഭാവത്തെ മറികടക്കാനായി. അവന്റെ സാന്നിധ്യത്തോട് പ്രഭാവം കെട്ടപ്പെട്ടിരിക്കുന്നു. പ്രഭാവത്തിന് ഇരട്ടിപ്പ് സാധ്യമല്ല. നാടകവേദിയിൽ മാക്ബത്തിൽ നിന്നും പ്രവഹിക്കുന്ന പ്രഭാവം കാണികൾക്ക് നടന്റേതിൽ നിന്നും വ്യത്യസ്തമായി അനുഭവിക്കാൻ കഴിയില്ല. എങ്ങനെയായാലും സ്റ്റുഡിയോയിലെ ഷോട്ടിന്റെ ഏകതയെന്നത് കാണികളുടെ സ്ഥാനം ക്യാമറ വഹിക്കുന്നു എന്നതാണ്. അതിനാൽ നടനെ ചുറ്റുന്ന പ്രഭാവം(Aura) അപ്രത്യക്ഷമാകുന്നു, അതോടൊപ്പം അയാൾ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെയും”.
തീയറ്റർ ആഭിമുഖീകരിക്കുന്ന പ്രതിസന്ധിയെ പരസ്യപ്പെടുത്താതെ തന്നെ സ്പർശിക്കാൻ പിരാന്തലോയെ പോലെയൊരു നാടകകാരന് കഴിയുന്നു എന്നത് അതിശയകരമല്ല. യാന്ത്രികപുനരുൽപാദനത്തിലൂടെ ഉണ്ടാകുന്ന സിനിമ പോലുള്ള ഒരു കലയ്ക്കും ഒരു നാടകത്തിനും തമ്മിലുള്ള വ്യത്യാസം പോലെ, അത്തരം വലുതായ ഒന്നിനെ, ഏത് സമ്പൂർണ്ണമായ പഠനത്തിനും ചൂണ്ടിക്കാണിക്കാൻ കഴിയും. പ്രഗദ്ഭന്മാരെല്ലാം ഈ യാഥാർത്ഥ്യം വെളിപ്പെടുത്തിയിട്ടുണ്ട്. “സിനിമയുടെ മഹത്തായ ശക്തി വിശേഷം ലഭിക്കുന്നത് ഏറ്റവും ലളിതമായി കാര്യങ്ങൾ അവതരിപ്പിക്കുമ്പോഴാണ്…”1932ൽ Rudolf Arnheim കണ്ടു “ഏറ്റവും അധുനാതനമായ പ്രയോഗം… നടനെ ഒരു സ്റ്റേജിലെ വസ്തു പോലെ പരിഗണിച്ച് അതിൻറെ സ്വഭാവത്തിന് അനുസരിച്ച് തിരഞ്ഞെടുക്കുന്നു… അനുയോജ്യമായ സ്ഥലത്ത് സന്നിവേശിപ്പിക്കുന്നു”. വേറെ ചിലതുകൂടി ഇതുമായി ഗാഢമായി ബന്ധിപ്പിക്കുന്നു. നാടകനടൻ താൻ അവതരിപ്പിക്കുന്ന കഥാപാത്രവുമായി താദാത്മ്യം പ്രാപിക്കുന്നുണ്ട്. സിനിമാനടന് ഈ അവസരം നിഷേധിക്കുന്നു. ഏതെങ്കിലുമൊരു കഷ്ണം കൊണ്ടല്ല അയാളുടെ സൃഷ്ടി നിർവഹിച്ചിരിക്കുന്നത്. നിരവധി പ്രകടനങ്ങളുടെ സമാഹാരമാണ് അയാൾ. ആകസ്മികമായ ചില പരിഗണനകൾ കൂടാതെ സ്റ്റുഡിയോയുടെ വില സഹനടന്മാരുടെ ലഭ്യത, ഒരുക്കങ്ങൾ, മുതലായവയെപ്പോലെയുള്ളവയും, ഒരു നടന്റെ പ്രവർത്തനത്തെ ക്രമമായി ഉപാഖ്യാനങ്ങളാക്കി മാറ്റുന്ന ഉപകരണങ്ങളുടെ ആവശ്യകതയും ഉണ്ട്.
പ്രത്യേകിച്ചും ഒരു സ്റ്റുഡിയോയിൽ പ്രത്യേകം പ്രത്യേകം ചിത്രീകരിച്ച ഒന്നിനെ സ്ക്രീനിൽ പെട്ടെന്നും ഏകതയുള്ളതുമായി അവതരിപ്പിക്കുന്ന പ്രകാശവിധാനത്തിന്റെയും അതിൻറെ യഥാവിധിയുള്ള സ്ഥാപനത്തിന്റെയും ആവശ്യകതയുണ്ട്. ഇത് കൂടുതൽ വ്യക്തമായ മൊണ്ടാഷിന്റെ കാര്യം പറയുന്നില്ല. അതുകൊണ്ടാണ് ജനലിൽ നിന്നുള്ള ചാട്ടത്തിന്റെ ഷോട്ട് ഒരു സ്റ്റുഡിയോയിൽ ഒരു തട്ടിൽപുറത്തുനിന്ന് ചാടുന്നതിൽ നിന്ന് ചിത്രീകരിക്കാൻ കഴിയുന്നതും, സുനിശ്ചിതമായ താഴോട്ട് പതിക്കൽ ആവശ്യമെങ്കിൽ ആഴ്ചകൾക്ക് ശേഷം പുറംവാതിൽചിത്രീകരണത്തിനൊപ്പം ചിത്രീകരിക്കാൻ കഴിയുന്നതും. വൈരുദ്ധ്യം നിറഞ്ഞ നിരവധി ഉദാഹരണങ്ങളെ ചൂണ്ടിക്കാണിക്കാവുന്നതാണ്. ഒരു നടൻ വാതിലിലെ മുട്ടുകേട്ട് ഞെട്ടിത്തെറിച്ചു പോകുന്നു എന്ന് വിചാരിക്കുക. അയാളുടെ പ്രതികരണത്തിൽ സന്തുഷ്ടൻ അല്ലെങ്കിൽ സംവിധായകന് മറ്റൊരു വഴി സ്വീകരിക്കാം: നടൻ സ്റ്റുഡിയോയിൽ ആയിരിക്കുമ്പോൾ അയാൾ അറിയാതെ അയാൾക്ക് പിറകിൽ ഒരു വെടിയുതിർത്താൽ മതി. അയാളുടെ ഭയന്ന പ്രതികരണത്തെ ചിത്രീകരിച്ച് കട്ട് ചെയ്ത് മേൽ പ്രസ്താവിച്ചതിൽ കൂട്ടിച്ചേർത്താൽ മതി. മറ്റൊന്നും ഇത്ര ശക്തമായി കല അതിൻറെ സംയോജനത്തിന്റെ സൗന്ദര്യത്തെ(beautiful semblance) ഉപേക്ഷിച്ചിരിക്കുന്നു എന്ന് കാണിക്കുന്നില്ല- വളരെ കാലത്തോളം ആ സൗന്ദര്യത്തിൽ ആയിരുന്നു കല വികസിച്ചിരുന്നത്.
തുടരും…..
ഡോ.അനിൽകുമാർ
അസ്സോസിയേറ്റ് പ്രൊഫസർ, മലയാള വിഭാഗം, യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം