ജൂലി ഡി എം

Published: 10 December 2024 ആര്‍ട്ട് ഗാലറി/ട്രോള്‍

പരഭാഗം : മികച്ച അസംബന്ധ കഥ

അസംബന്ധസാഹിത്യം മലയാളിക്ക് പുതുമയുള്ള സാഹിത്യാനുനുഭവമല്ല.

മലയാളത്തിലാകട്ടെ കവിതയിലും കഥയിലും നാടകത്തിലും അസംബന്ധ കൃതികൾ ഉണ്ടായിട്ടുമുണ്ട്. ഫ്രാൻസ് കാഫ്കയുടെയും ആൽബേർ കാമുവിന്റെയും കൃതികൾക്ക് ഇപ്പോഴും വായനക്കാർ കുറവുമല്ല.എങ്കിലും മലയാള സാഹിത്യത്തിൽ അസംബന്ധ കൃതികളുടെ സാന്നിധ്യം സർവ്വസാധാരണമാണെന്ന് പറയാൻ കഴിയില്ല. വിഖ്യാതമായ അസംബന്ധ കൃതികളുടെ സ്വാധീനമില്ലാതെ തന്നെ  പല നൂറ്റാണ്ടുകളിലായി നടന്നതും നടക്കാനിരിക്കുന്നതുമായ സംഭവവികാസങ്ങളെ വായനക്കാരുടെ യുക്തി ചിന്തയെ ചോദ്യം ചെയ്തുകൊണ്ട് ആഖ്യാനം ചെയ്തിരിക്കുന്ന മികച്ച അസംബന്ധ കഥയാണ് സമകാലിക മലയാളത്തിൽ വന്ന ഉണ്ണിബാലകൃഷ്ണന്റെ

 ‘പരഭാഗം’ എന്ന കഥ.

സ്ഥലകാലങ്ങളെ അട്ടിമറിച്ചും കാല പ്രവാഹത്തിന്റെ നൈരന്തര്യത്തെ ചിതറിച്ചും ചരിത്രരചനയുടെ പൊള്ളത്തരങ്ങളെ കണക്കിന് കളിയാക്കിയും കാലക്രമമായി ചിന്തിക്കുന്ന മനുഷ്യന്റെ യുക്തിചിന്തയെ വെല്ലുവിളിച്ചുമാണ് ഉണ്ണി ബാലകൃഷ്ണൻ  ‘പരഭാഗം’ എന്ന കഥ എഴുതിയിരിക്കുന്നത്.

സ്ഥലകാലങ്ങളുടെ കുഴമറിച്ചിൽ വായനക്കാരെ വട്ടംകറക്കും.

ചരിത്രത്തെയും രാഷ്ട്രീയത്തെയും സാമൂഹിക പാരിസ്ഥിതിക വിഷയങ്ങളെയും, ചിലപ്പോൾ യുക്തിപരമായും മറ്റു ചിലപ്പോൾ യാതൊരു യുക്തിയുമില്ലാതെയും കൂട്ടിയിണക്കി വായനക്കാരുടെ യുക്തിചിന്തയെ തകർക്കുകയും

അസംബന്ധാന്തരീക്ഷത്തിലേക്ക് തള്ളിയിടുകയും ചെയ്യുന്നുണ്ട് ഉണ്ണി ബാലകൃഷ്ണന്റെ കഥ.

“വരാനിരിക്കുന്ന ഭൂതകാലത്തിൽ ഈഥന്‍ ഫ്രാൻസിസ് ഇടിക്കുളയുടെ ജീവിതം രണ്ടു ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്” എന്ന, കാലത്തെ ഭാഷ കൊണ്ട് അട്ടിമറിക്കുന്ന വാക്യത്തിലാണ് ഉണ്ണി ബാലകൃഷ്ണന്റെ കഥ തുടങ്ങുന്നത്. ചരിത്രരചന നിഷ്പക്ഷവും  വസ്തുതാപരവുമായിയിരിക്കണമെ

മെന്നും അത് ഒട്ടും തന്നെ അതിശയോക്തിപരമായിരിക്കരുതെന്നും വിശ്വസിക്കുന്ന സനകൻ ഗോപാലനും ചരിത്രം കേവലം വസ്തുതകളുടെ

യഥാതഥമായ വിവരണമല്ല ,മറിച്ച് അവയുടെ ഭാവനാ പൂർണമായ വ്യാഖ്യാനം കൂടിയായിരിക്കണമെന്നും കരുതിപ്പോരുന്ന എലൈജാ മേരി ജോവാനുമാണ്

ഈഥൻ ഫ്രാൻസിസ് ഇടിക്കുളയുടെ ജീവിതം രണ്ട് പുസ്തകങ്ങളിലായി

രേഖപ്പെടുത്തിയിട്ടുള്ളത്. പതിനേഴാം നൂറ്റാണ്ടിൽ രണ്ട് ചരിത്ര പുസ്തകങ്ങളിലായി രേഖപ്പെടുത്തപ്പെട്ട ഈഥൻ ഫ്രാൻസിസ് ഇടിക്കുള  തിരുവിതാംകൂറിലെ ഒരു പറങ്ങാണ്ടി വ്യാപാരിയായിരുന്നു. പതിനേഴാം നൂറ്റാണ്ടിൽ സത്പുര എന്ന പ്രദേശത്ത് പശു കൃഷിയിൽ ഏർപ്പെട്ടിരുന്ന ഒരു മധ്യവയസ്കനായിരുന്നു , ചരിത്രകാരനായിരുന്ന സനകൻ ഗോപാലൻ. പതിനഞ്ചാം നൂറ്റാണ്ടിലും പതിനേഴാം നൂറ്റാണ്ടിലും ജീവിച്ചിരുന്ന സനകൻ ഗോപാലൻ പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ജനിക്കാനിരിക്കുന്ന ഈഥൻ

 ഫ്രാൻസിസ് ഇടിക്കുളയുടെ ജീവ ചരിത്രകാരനാണ് !

ഇങ്ങനെ കാലത്തെ ഭാഷ കൊണ്ട് അസംബന്ധമാക്കുന്ന കഥയിൽ നാരായണഗുരുവും കുഞ്ചൻ നമ്പ്യാരും മിലൻ കുന്ദേരയും  ഇബ്നു ബത്തൂത്തയും നക്സൽബാരി കലാപവും

1975ലെ അടിയന്തരാവസ്ഥയുമെല്ലാം കടന്നു വരുന്നു.കേരളത്തിലെ നക്സലൈറ്റ് പ്രവർത്തനങ്ങൾക്ക് സഹായം ചെയ്ത ഇടിക്കുള ത്രേതായുഗത്തിൽ ശ്രീരാമൻ സീതയെ അന്വേഷിച്ച് ഇടുക്കിയിൽ അലഞ്ഞുതിരിഞ്ഞു നടന്ന കാലത്ത് ആ പ്രദേശത്ത് ഉണ്ടായിരുന്നുവത്രേ! ബ്രിട്ടീഷുകാരുടെ ആഗമനത്തോടൊപ്പം ഇടുക്കി ഡാമിൻറെ ചരിത്രത്തെ കുറിച്ചും  ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ പശ്ചിമഘട്ടത്തിലെ പല പരിസ്ഥിതി സംഘടനകളും വെറുതെ നടത്താൻ പോകുന്ന നിരവധി

സമരങ്ങളെക്കുറിച്ചും സനകൻ ഗോപാലൻ തന്റെ ചരിത്രകൃതിയിൽ ദീർഘദർശനം ചെയ്യുന്നുണ്ട്! എന്നാൽ എലൈജ മേരി ജോവാന്റെ വിവരണപ്രകാരം ഇടിക്കുളയുടെ ഇടുക്കി സന്ദർശനത്തെ കുറിച്ച് വ്യത്യസ്തമായ വിവരണമാണുള്ളത്. ഇരുപതാം നൂറ്റാണ്ടിൽ അമ്പലപ്പുഴ കിഴക്ക് തകഴി എന്ന ദേശത്ത് ശിവശങ്കരപ്പിള്ള എന്ന അതിഭീകരനായ ഒരു എഴുത്തുകാരന്റെ സമ്പൂർണ്ണ കൃതികൾ സമാധാനത്തോടെയും അവധാനതയോടെയും വായിക്കുന്നതിനാണത്രേ ചെറുതോണിയിലേക്ക് ഇടിക്കുള യാത്ര ചെയ്തത്!

ഇടിക്കുള ജീവിച്ചിരിക്കെ നടത്തിയ സ്വന്തം

ശവഘോഷയാത്രയെ  കുറിച്ചുള്ള വിവരണം സമകാലിക കേരള

സമൂഹത്തെ കുറിച്ചുള്ള സറ്റയറായി മാറുന്നുണ്ട്. നഗരസഭയുടെ അനുമതിയില്ലാതെ ശവഘോഷയാത്ര സംഘടിപ്പിച്ചതിന് തിരുവല്ലാ കീഴ് വയ്പൂർ പോലീസ് സ്റ്റേഷനിൽ  ക്രിസ്തുവർഷം 1999 നവംബർ മാസത്തിൽ പൊതുശല്യത്തിന് സിവിലായും സഭാ വിശ്വാസത്തെ വെല്ലുവിളിച്ചത്തിന് ക്രിമിനലായും രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തുവെന്ന് സനകൻ ഗോപാലന്റെ രേഖകൾ സാക്ഷ്യപ്പെടുത്തുന്നുവത്രെ! കാർട്ടൂണിസ്റ്റ് അബു എബ്രഹാമും ഴാങ്ങ് പോൾ സാർത്രുമൊക്കെ കഥയിൽ കടന്നുവരുന്നു.  പോർട്ടുഗീസ് എഴുത്തുകാരനായ ഫെർണാണ്ടൊ പെസ്സോയെ ഉദ്ധരിച്ചുകൊണ്ട് ശ്രി ഇടിക്കുള ദിഗംബരനായി ഒരു ഗുഹയിലേക്ക് നൂണ്ടു പോയതായും മറ്റേതോ ലോകത്ത് പുനർ ജനിച്ചതായും വിളംബരം ചെയ്തു കൊണ്ടാണ് എലൈജ മേരി ജോവാൻ ഇടിക്കുളയുടെ ജീവചരിത്രം അവസാനിപ്പിച്ചിരിക്കുന്നത്. ഇടിക്കുളയുടെ ജീവചരിത്രം അവസാനിക്കുമ്പോൾ  ഉണ്ണി ബാലകൃഷ്ണന്റെ പരഭാഗം എന്ന കഥയും അവസാനിക്കുന്നു.

ഒട്ടും യുക്തിഭദ്രമല്ലാത്ത അസംബന്ധമായ ജീവിതത്തെ അഭിമുഖീകരിക്കാൻ ഉണ്ണി ബാലകൃഷ്ണൻ വായനക്കാരെ ക്ഷണിക്കുന്നു. രേഖീയമല്ലാത്ത, ക്രമരഹിതമായ കഥ പറച്ചിലിലൂടെ ജീവിതത്തിൻറെ അസംബന്ധ സ്വഭാവം കഥാകൃത്ത് ആവിഷ്കരിക്കുന്നു. യുക്തിയെയും യുക്തിരാഹിത്യത്തെയും ക്രമരഹിതമായി തന്നെ സമന്വയിപ്പിക്കുന്നു.മറ്റെല്ലാ അസംബന്ധ കഥകളുടെയും സ്വഭാവം പോലെ പരമ്പരാഗത ആഖ്യാന ഘടനകളെ കഥാകൃത്ത് ഒഴിവാക്കുന്നു.ജീവിതത്തിന് യുക്തിസഹമായ വിശദീകരണങ്ങളില്ലാത്തതുപോലെ കഥയ്ക്കും അതാവശ്യമില്ലെന്ന് തെളിയിക്കുന്നു. വിഖ്യാതമായ മറ്റ് അസംബന്ധ കഥകളുടെ അനുകരണമാവാതിരിക്കാനുള്ള ജാഗ്രത കഥാകൃത്ത് പുലർത്തിയിട്ടുണ്ട്.കരി നിയമങ്ങൾ അടിച്ചേൽപ്പിക്കുന്ന, നൂറ്റാണ്ടുകൾക്ക് പിന്നിലേക്ക് നടക്കാൻ പ്രേരിപ്പിക്കുന്ന, ചരിത്രത്തെ അസംബന്ധമാക്കുന്ന, ഫാസിസ്റ്റ് ഭരണകൂടങ്ങളെ കഥ ഓർമ്മിപ്പിക്കുന്നു. സവർണ്ണ ബ്രാഹ്മണിക് ബോധ്യങ്ങൾ ഇതര മതസ്ഥരിലും ആവേശിക്കുന്ന ദുരന്തകാലത്തെ കഥാകൃത്ത് വരച്ചുവെക്കുന്നു.

സംഭവിച്ചുകൊണ്ടിരിക്കുന്ന സമകാലിക അസംബന്ധങ്ങളെ ഭാഷ കൊണ്ടും സ്ഥലകാലങ്ങളെ യാതൊരു യുക്തിയുമില്ലാതെ അട്ടിമറിക്കുന്ന പ്രമേയ ഘടനകൊണ്ടും ആക്ഷേപഹാസ്യത്തിലൂന്നി അവതരിപ്പിക്കുകയാണ് കഥാകൃത്ത്.യുക്തിയില്ലായ്മ തന്നെ യുക്തിയായി മാറുന്ന, രാഷ്ട്രീയ ദുരന്തങ്ങൾ കോമഡിയായി മാറുന്ന, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലായിരിക്കുമ്പോഴും പതിനാറാം നൂറ്റാണ്ടിനെ ഓർമ്മിപ്പിക്കുന്ന ഒരു രാജ്യത്തെ കഥയിൽ ഇങ്ങനെ കാണാൻ കഴിയുന്നുവെങ്കിൽ അതൊട്ടും യാദൃച്ഛികമല്ല !

ജൂലി ഡി എം

അദ്ധ്യാപിക

5 1 vote
Rating
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Abilash
Abilash
11 days ago

വല്ലാത്ത വിരസത സമ്മാനിച്ചു
പരഭാഗം
ആനന്ദിപ്പിക്കുന്നതിനു പകരം ധൈഷണിക വ്യാപാരത്തിന് ക്ഷണിക്കുന്നു സൃഷ്ടി

1
0
Would love your thoughts, please comment.x
()
x
×