സ്റ്റാന്‍ലി.ജി.എസ്.

Published: 10 December 2024 സംസ്കാരപഠനം

മലയാള ഭാഷാ ശൈലികളും ബൗദ്ധ സ്വാധീനവും

ഒരു പദോൽപ്പത്തി സാമൂഹ്യശാസ്ത്ര വിശകലനം (ഭാഗം – 2)

കേരളത്തിന് ബുദ്ധ മതവുമായി വളരെയധികം ബന്ധമുണ്ട്. ഏറെക്കാലം ബുദ്ധ ധർമ്മം കേരളത്തിൽ പ്രബലമായിരുന്നതിനാൽ തന്നെ അതിന്റെ സ്വാധീനം നമ്മുടെ ഭാഷയിലും പ്രതിഫലിച്ചിട്ടുണ്ട്. നമ്മുടെ സംസ്കാരത്തെ നിർണ്ണയിക്കുന്നതിൽ അതിന് വിപുലമായ പങ്കുണ്ടായിരുന്നു. മലയാളിയുടെ ഇരിപ്പിലും നിൽപ്പിലും ശീലത്തിലും വരെ ബൌദ്ധ സ്വാധീനം കാണാം. മലയാള ഭാഷയിലെ വാക്കുകൾ, ശൈലികൾ, പ്രയോഗങ്ങൾ, ചൊല്ലുകൾ, പഴമൊഴികൾ, കടങ്കഥകൾ, വായ്ത്താരികൾ തുടങ്ങിയവ പരിശോധിച്ച് ഈ ബുദ്ധ ബന്ധം കണ്ടെത്താനാണ് ഈ പഠന പംക്തി കൊണ്ട് ഉദ്ദേശിക്കുന്നത്.

മലയാളി ഇന്ത്യയിൽ ആരോഗ്യരംഗത്ത് ഒന്നാം സ്ഥാനത്താണെന്ന കാര്യത്തിൽ തർക്കമില്ല. ഇതിൽ നമ്മുടെ ശുചിത്വ ബോധത്തിന് വ്യക്തമായ പങ്കുണ്ട്. ഈ ശുചിത്വ ബോധത്തിന്റെ വേരുകൾ ബുദ്ധമതവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത്തവണ മലയാളിയുടെ ശുചിത്വ ബോധവും ബുദ്ധമതവുമായുളള ബന്ധത്തെ പദോൽപ്പത്തിപരമായി അനാവരണം ചെയ്യാനാണ് ശ്രമിക്കുന്നത്.

മൊട്ടത്തലയൻ കുട്ടപ്പനും കുളിച്ച് കുട്ടപ്പനായ ശിമ്പളന്മാരും

ആലപ്പുഴ ജില്ലയിലെ കുട്ടനാട് കരിമാടി എന്ന സ്ഥലത്ത് നിന്നും കണ്ടെടുത്ത ബുദ്ധപ്രതിമ കരുമാടി കുട്ടൻ എന്നാണ് അറിയപ്പെടുന്നത്. പൊതുവെ, മലയാള നിഘണ്ടുക്കളിൽ കുട്ടൻ എന്ന  വാക്കിന് ബുദ്ധൻ എന്ന അർത്ഥം നൽകി കാണുന്നില്ല. എന്നാലും, പ്രാദേശികമായെങ്കിലും ബുദ്ധനെ ജനങ്ങൾ കുട്ടൻ എന്ന് അഭിസംബോധന ചെയ്യുന്നതിന്റെ ഏറ്റവും നല്ല തെളിവാണ് കരുമാടിയിലെ കുട്ടൻ. ബുദ്ധനെ ജനങ്ങൾ എന്തുകൊണ്ടാണ് കുട്ടൻ എന്ന് വിളിക്കുന്നത്? ഉത്തരം വളരെ ലളിതമാണ്. ബുദ്ധന് അങ്ങനെ ഒരു വിളിപ്പേരുണ്ടെന്നത് തന്നെ. അതെങ്ങനെ വന്നുവെന്ന് പരിശോധിക്കാം. കുട്ടൻ എന്ന വാക്കിനെ കുട്ട + അൻ എന്ന് പിരിക്കാം. ‘കുട്ട’ എന്ന വാക്കിന്റെ അർത്ഥം ‘ഈറ്റ ചൂരൽ തുടങ്ങിയവയുടെ പൊളികൊണ്ടുണ്ടാക്കുന്ന അർദ്ധഗോളാകൃതിയിലുള്ള ഒരു പാത്രം’ എന്നാണ്. അൻ എന്നത് പ്രഥമപുരുഷ സർവനാമ പ്രത്യയം ആണ്.  അ+അൻ > അവൻ, ഇ+അൻ > ഇവൻ എന്നൊക്കെ പറയുന്നത് പോലെ. അതെല്ലാവർക്കും അറിയുന്നതുമാണല്ലോ. ബുദ്ധന് ഇപ്പറഞ്ഞ കുട്ടയുമായി എന്താണ് ബന്ധം? ബുദ്ധന് കുട്ടയുമായി ബന്ധമുള്ള പേരുകൾ മറ്റ് ഭാഷയിലുണ്ടോ? ഉണ്ടെന്നാണ് ഉത്തരം. പിടകം[i] എന്ന സംസ്കൃത വാക്കിന്റെ  അർത്ഥം കുട്ട എന്നാണ്. പിടകൻ എന്ന വാക്കിന് സംശയലേശമന്യേ ‘ബുദ്ധൻ’ എന്നർത്ഥം കൊടുത്തിരിക്കുന്ന നിഘണ്ടുക്കൾ അനേകമുള്ളതായി കാണാം.

ബുദ്ധ ധർമ്മക്കാരുടെ പ്രാമാണിക ഗ്രന്ഥമാണ് തിപിടകം (പാലി) അഥവാ ത്രിപിടകം (സംസ്കൃതം).  ബി.സി. മൂന്നാം നൂറ്റാണ്ടിൽ ബുദ്ധോപദേശങ്ങളെ സമാഹരിച്ച് പാലിഭാഷയിലാണ് ഇവ ചിട്ടപ്പെടുത്തിയിട്ടുള്ളത്. ത്രിപിടകം എന്ന വാക്കിന്റെ അർത്ഥം മൂന്ന് കുട്ടകൾ എന്നാണ്. തി എന്നാൽ മൂന്ന് എന്നും പിടക എന്നാൽ കുട്ട എന്നുമാണ് പാലി ഭാഷയിലെ അർത്ഥം. ബുദ്ധ വചനങ്ങളും പ്രഭാഷണങ്ങളും എല്ലാം ബുദ്ധന് ശേഷം ശേഖരിച്ച് രേഖപ്പെടുത്തി മൂന്നായി തരം തിരിച്ച് മൂന്ന് കുട്ടകളിൽ സൂക്ഷിച്ചുവെന്നും അതിനാലാണ് ഈ പേരു വന്നതെന്നും കരുതപ്പെടുന്നു. വിനയപിടകം, സുത്തപിടകം, അഭിധമ്മപിടകം എന്നീ പേരുകളിലാണ് അവ അറിയപ്പെടുന്നത്. ഇക്കാരണത്താലാണ് ബുദ്ധന് ‘പിടകൻ’ എന്ന പേര് വന്നിട്ടുള്ളത്. ‘പിടകൻ’ എന്ന പാലി / സംസ്കൃത വാക്കിന്റെ ദ്രാവിഡവൽകൃത രൂപമാണ് കുട്ടൻ. കുട്ടൻ എന്ന വാക്കിനൊപ്പം അപ്പൻ എന്ന ബഹുമാനമോ വാത്സല്യമോ സൂചക പദം കൂടി ചേർത്താണ് കുട്ടപ്പൻ എന്ന നാമം ഉണ്ടായിട്ടുള്ളത്. അതും ബുദ്ധൻ തന്നെ. അച്ചൻ എന്ന പദം ചേർന്ന് പ്രചാരലുപ്തമായ കുട്ടച്ചൻ എന്ന വാക്കും ഉണ്ടായിട്ടുണ്ട്.

‘കുളിച്ച് കുട്ടപ്പനാകുക’ എന്നൊരു ശൈലി മലയാളത്തിലുണ്ട്. സൂക്ഷ്മമായി പരിശോധിക്കുമ്പോൾ ഈ ശൈലി, ബുദ്ധ ഭിക്ഷുക്കളുടെ സ്ഥാനാരോഹണ ചടങ്ങുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് കാണാം. ബുദ്ധഭിക്ഷു ആകാൻ പോകുന്ന ആളിനെ കുളിപ്പിക്കുന്ന ഒരു ചടങ്ങ് തെക്കേ ഏഷ്യയിലെ ഏതാണ്ട് എല്ലാ തേരാ വാദ ബുദ്ധ ധാരയിലും കാണാം.  കുളിക്ക് ശേഷം ഒരാൾ പൂർവ്വ ജീവിതം വിട്ട് ജ്ഞാനോദയത്തിന്റേതായ പുതു ലോകത്തേയ്ക്ക് കടക്കുന്നതായി കരുതപ്പെടുന്നു. ഈ കുളിക്കൽ ചടങ്ങ് മനസ്സിന്റെയും ശരീരത്തിന്റെയും ശുദ്ധീകരണത്തെ പ്രതിനിധീകരിക്കുന്നു എന്ന് ബുദ്ധമതക്കാർ വിശ്വസിക്കുന്നു. ബുദ്ധന്റെ കാലത്ത് ഉണ്ടായിരുന്ന മറ്റ് ചിന്താധാരയിൽപ്പെട്ട ആജീവകന്മാരെ പോലുള്ള സന്യാസിമാർ കുളിക്കാതെയും വൃത്തിശൂന്യരുമായി നടന്നപ്പോൾ വ്യക്തിശുചിത്വത്തിന് പരിസര ശുചിത്വത്തിനും ഏറ്റവും പ്രാധാന്യം നൽകിയ ബുദ്ധഭിക്ഷുക്കളെ ജനങ്ങൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഭിക്ഷുക്കൾ സ്വയം വൃത്തിയുളളവരായിരിക്കുകയും മറ്റുളളവരെ വൃത്തിയുളളവരായിരിക്കാൻ ഉദ്ബോധിപ്പിക്കുകയും ചെയ്തിരുന്നു. ആതുരസേവനവും രോഗപീഢനിവാരണവും ചെയ്തിരുന്ന ബുദ്ധർക്ക് അതാവശ്യവുമായിരുന്നു.

സാധാരണ മുതിർന്നവർക്ക് മാത്രമേ ബുദ്ധഭിക്ഷുവാകാൻ സാധിക്കുകയുള്ളൂ. എന്നാൽ കുട്ടികൾക്കും അവരുടെ മാതാപിതാക്കളുടെ അംഗീകാരത്തോടു കൂടി ഒരു പ്രാരംഭ അനുയായി ആകാവുന്നതാണ്. ഭിക്ഷു പട്ടം ലഭിക്കുന്നതിന് മുന്നേയുള്ള ഒരു ഘട്ടമായാണ് ഇതിനെ പരിഗണിക്കുന്നത്. പാലി ഭാഷയിൽ ഇത്തരം കുഞ്ഞ് ബുദ്ധൻമാരെ സാമണേര എന്നാണ് പറയുന്നത്. കുട്ടിഭിക്ഷുവായി മാറുന്നതിന് നിശ്ചിതമായ ഒരു ചടങ്ങ് ഉണ്ട്. മുടി മുറിക്കുകയോ തല മൊട്ടയടിക്കുകയോ  ചെയ്യുന്നതാണ് ആദ്യ ഘട്ടം.  ഇതിന്റെ അവിഭാജ്യ ഘടകമാണ് കുളി. വീട്ടിലോ  വിഹാരത്തിലോ വെച്ച് മുതിർന്ന ഭിക്ഷുവിന്റെയോ കുടുംബാംഗങ്ങളുടെയോ മാർഗനിർദേശപ്രകാരം സുഗന്ധമുള്ള  പൂക്കൾ, ഔഷധസസ്യങ്ങൾ എന്നിവ ചേർത്ത വെള്ളം കൊണ്ട് കുട്ടിയെ കുളിപ്പിക്കുന്നതാണ് ഈ ചടങ്ങ്. അതിന് ശേഷം ലളിതവും വെളുത്തതുമായ വസ്ത്രങ്ങൾ ധരിപ്പിക്കുന്നു. കുളിക്കൽ ചടങ്ങ് മനസിന്റെയും ശരീരത്തിന്റെയും ശുദ്ധീകരണത്തെ സൂചിപ്പിക്കുന്നു. ലൗകിക ജീവിതത്തിൽ നിന്നുള്ള വേർപിരിയലാണ് മുടി മുറിക്കലിലൂടെ ഉദ്ദേശിക്കുന്നത്. പുതു വസ്ത്രം ഒരു സന്യാസിയായുള്ള പുതിയ തുടക്കത്തെ സൂചിപ്പിക്കുന്നു. തുടർന്ന് ഭിക്ഷു സംഘത്തിൽ നിന്ന് സ്ഥാനാരോഹണം അഭ്യർത്ഥിക്കുകയും മൂന്ന് ശരണങ്ങളും അഞ്ച് പ്രമാണങ്ങളും പാരായണം ചെയ്യുകയും ചെയ്യുന്നു. കൂടാതെ സന്യാസ വസ്ത്രങ്ങളും പാത്രവും സ്വീകരിക്കുന്നു. ഒരു പുതിയ സന്യാസ നാമം (പാലി നാമം) നേടുക കൂടി ചെയ്യുമ്പോൾ ചടങ്ങ് പൂർത്തിയാകുന്നു.

മേൽ പറഞ്ഞ വിധം കുളിച്ച് കുഞ്ഞ് ബുദ്ധ ഭിക്ഷുവായ കുട്ടിയെയാണ് കുട്ടപ്പൻ എന്ന് വാത്സല്യപൂർവ്വം വിളിച്ചിരുന്നത്. കുട്ടപ്പൻ എന്ന വാക്കിന് , ‘ആൺകുട്ടികളെയും ചിലപ്പോൾ പ്രായംചെന്നവരെയും സ്നേഹസൂചകമായി വിളിക്കുന്ന ഓമനപ്പേര്’[ii] എന്നാണ് അർത്ഥം കാണുന്നത്. അപ്പൻ എന്ന പദത്തിന് അച്ഛൻ/പിതാവ് എന്നതിന് ഉപരിയായി ‘വാത്സല്യസൂചകമായി ആൺകുട്ടികളെ വിളിക്കുന്ന വാക്കെന്ന്’ കൂടി അർത്ഥമുള്ളതായി കാണാം. കുട്ടൻ ബുദ്ധനാണെന്ന് നാം കണ്ടു കഴിഞ്ഞു. അക്കണക്കിന് കുട്ടപ്പൻ ബുദ്ധന്റെ വാത്സല്യ സൂചകമായ പര്യായമത്രെ. ചുരുക്കത്തിൽ, കുട്ടികൾ ബുദ്ധ പ്രാരംഭകരാകുന്ന ചടങ്ങുകളുമായി ബന്ധപ്പെട്ടാണ് ‘കുളിച്ച് കുട്ടപ്പനാകുക’ എന്ന ശൈലി രൂപപ്പെട്ടിട്ടുള്ളതെന്ന് നിസംശയം പറയാം.

‘കുളിച്ച് ശിമ്പളനാകുക’, ‘ശിമ്പളക്കുട്ടപ്പൻ’ എന്നെല്ലാമുള്ള സമാന ശൈലികൾ  ഇതിനെ സാധൂകരിക്കുന്നുണ്ട്. വൃത്തിയുള്ളവൻ, പരിഷ്കാരി എന്നീ അർത്ഥത്തിൽ ഉപയോഗിക്കുന്ന ഒരു വാക്കാണ്  ശിമ്പളൻ / ചിങ്കളൻ / സിമ്പളൻ. സിംഹളൻ എന്ന വാക്കിന്റെ ഭ്രംശിത രൂപമാണിത്. സിംഹളൻ എന്ന വാക്കിന്റെ അർത്ഥം സിംഹള ദേശക്കാരൻ എന്നാണ്. സിംഹളം ശ്രീലങ്കയാണ്. ബുദ്ധമതം, ശ്രീലങ്ക വഴിയാണ് കേരളത്തിൽ വ്യാപിച്ചത് എന്നതിനാലാണ് ബൗദ്ധർ, സിംഹളൻ അഥവാ ശിമ്പളൻ എന്ന് വിളിക്കപ്പെട്ടത്. മേൽപ്പറഞ്ഞ കാരണത്താൽ സിമ്പളൻ വൃത്തിയുടെയും പരിഷ്കൃതിയുടെയും പര്യായമായി മാറി.

ഇനി ‘മൊട്ടത്തലയൻ കുട്ടപ്പൻ’ എന്ന ശൈലിയിലേയ്ക്ക് വരാം. കുഞ്ഞ് ബുദ്ധഭിക്ഷുക്കൾ തല മുണ്ഡനം ചെയ്തവരായിരുന്നുവെന്ന് നമ്മൾ കണ്ടു കഴിഞ്ഞു. ഇക്കാരണത്താലാണ് ‘മൊട്ടത്തലയൻ കുട്ടപ്പൻ’ എന്ന ശൈലി രൂപപ്പെട്ടു വന്നത്. പിൽക്കാലത്ത് മൊട്ടയടിച്ച, സ്നേഹമോ വാത്സല്യമോ തോന്നുന്ന ആരെയും വിശേഷിപ്പിക്കാൻ ഈ ശൈലി ഉപയോഗിക്കപ്പെട്ടുവെന്ന് മാത്രം.

ശ്രീലങ്കയിലെ ബുദ്ധ ആഘോഷങ്ങൾക്ക് കേരളത്തിലെ ദീപാവലി പോലുള്ള ആഘോഷങ്ങളുമായി വളരെ അടുത്ത സാമ്യങ്ങൾ കാണാം.  വിളക്ക് കത്തിക്കൽ, വീടുകളും വിഹാരങ്ങളും പൂക്കളും കൊടിതോരണങ്ങളും കൊണ്ട് അലങ്കരിക്കൽ, ഘോഷയാത്രകൾ, കഥിനാ പൊട്ടിക്കൽ (തോരണം, കഥിനാ എന്നീ വാക്കുകൾ തന്നെ പാലി ഭാഷയിൽ നിന്നും വന്നതാണ്) എന്നിവയിലെല്ലാം ഈ സാമ്യം കാണാം. ദീപാവലി ദിവസം കേരളത്തിൽ, പ്രത്യേകിച്ചും അവർണക്കിടയിൽ കുട്ടികളെ എണ്ണതേച്ച് കുളിപ്പിക്കുന്ന ഒരു സമ്പ്രദായം നിലവിലുണ്ടായിരുന്നു. ചില നാട്ടിൻപുറങ്ങളിൽ ഇപ്പോഴും നിലവിലുണ്ട്. ഇത് ബാല ബുദ്ധനെ കുളിപ്പിക്കുന്ന ചടങ്ങിന്റെ അവശിഷ്ടമായി കരുതാവുന്നതാണ്. ചുരുക്കത്തിൽ ബുദ്ധമതം മലയാളിയിൽ വ്യക്തിശുചിത്വ പരിപാലനം സാധ്യമാക്കിയിരുന്നതിന്റെ ഒരു നേർചിത്രം ഈ ശൈലികൾ അനാവരണം ചെയ്യുന്നുണ്ട്.

തുടരും….

[1]പിടകം – കുട്ട, വല്ലം. പിടകൻ – വൈദ്യൻ / ബുദ്ധൻ . University of Madras Lexicon – குட்டை kuṭṭai   n. cf. கூடை. A kind of basket; கூடைவகை. பெரிய பிரப்பங்குட்டையும்(குருகூர்ப். 25).

[1] കേരള സർവ്വകലാശാല മലയാളം മഹാ നിഘണ്ടു വാല്യം 4, പുറം.82

സ്റ്റാന്‍ലി.ജി.എസ്.

5 1 vote
Rating
guest
2 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Dr Ajay S Sekher
Dr Ajay S Sekher
12 days ago

Great and insightful exploration of Kerala culture and language. Really enlightened and illuminating breaks and ruptures. All the best to Stanley

T P Mohanan
T P Mohanan
10 days ago

വളരെ വ്യക്തമായ അറിവുകൾ പകർന്നു തന്നതിനു് നന്ദി, എഴുത്തു് തുടരുക.

2
0
Would love your thoughts, please comment.x
()
x
×