വി.രവികുമാർ

Published: 10 January 2025 ലോകസാഹിത്യവിവർത്തനങ്ങൾ

പുസ്തകപൂജ
(On the Cult of Books)

ഹൊർഹെ ലൂയിസ് ബോർഹസ്

വിവ: വി.രവികുമാർ

വരുംതലമുറകൾക്കു വാഴ്ത്തിപ്പാടാൻ വേണ്ടിയാണ്‌ ദേവകൾ നിർഭാഗ്യങ്ങൾ മെനയുന്നതെന്ന്‌ ഒഡീസിയുടെ എട്ടാം അദ്ധ്യായത്തിൽ നാം വായിക്കുന്നു; “ഒരു പുസ്തകമായിത്തീരാനാണ്‌ ലോകം നിലനില്ക്കുന്നത്‌” എന്ന മല്ലാർമേയുടെ പ്രസ്താവന ദുഷ്ടതകളുടെ കലാത്മകന്യായീകരണം എന്ന മേല്പറഞ്ഞ സങ്കല്പത്തെ മുപ്പതു നൂറ്റാണ്ടിനിപ്പുറം ആവർത്തിക്കുന്നതായും തോന്നാം.
ഈ രണ്ടു പ്രയോജനവാദങ്ങളും പക്ഷേ, സമാനമാണെന്നു പറയാൻ പറ്റില്ല; ആദ്യത്തേത്‌ വാമൊഴിയുടെ കാലത്തേതാണ്‌, രണ്ടാമത്തേത്‌ വരമൊഴിയുടേതായ ഒരു കാലത്തിന്റേതും. കഥ പറയുന്നതിനെക്കുറിച്ചാണ്‌ ഒന്ന്‌, മറ്റേത്‌ പുസ്തകങ്ങളെക്കുറിച്ചും.
പുസ്തകം, ഏതു പുസ്തകവും, നമുക്കൊരു പവിത്രവസ്തുവാണ്‌: ആരെന്തു പറഞ്ഞാലും കേൾക്കണമെന്നു നിർബ്ബന്ധമില്ലാത്ത സെർവാന്റെസ്‌ “തെരുവിൽ കാണുന്ന ഏതു കീറക്കടലാസ്സും” എടുത്തു വായിച്ചിരുന്നു. ബെർണാഡ്‌ ഷായുടെ ഒരു കോമഡിയിൽ അലക്സാൻഡ്രിയയിലെ ഗ്രന്ഥപ്പുരയ്ക്കു തീപിടിക്കുന്നു; മനുഷ്യരാശിയുടെ ഓർമ്മകളാണ്‌ കത്തിപ്പോകുന്നതെന്ന്‌ ആരോ സങ്കടപ്പെടുമ്പോൾ സീസറുടെ മറുപടി “നാണം കെട്ട ഓർമ്മ. അതെരിഞ്ഞുതീരട്ടെ!” എന്നാണ്‌. ചരിത്രത്തിലെ സീസർ, എന്റെ അഭിപ്രായത്തിൽ, ഗ്രന്ഥകാരൻ അദ്ദേഹം പറഞ്ഞതായി ആരോപിക്കുന്ന ആ ശാസനത്തെ അംഗീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്തിരിക്കാം; പക്ഷേ, നാം ചെയ്യുന്നപോലെ ദൈവവിരോധം പറയുന്നപോലുള്ള ഒരു ഫലിതമായി അതിനെ പരിഗണിച്ചിരിക്കാൻ ഇടയില്ല. കാരണം സ്പഷ്ടമാണ്‌: പുരാതനർക്ക്‌ വരമൊഴി വാമൊഴിക്കുള്ള പകരം വയ്ക്കൽ മാത്രമായിരുന്നു.
പൈത്തഗോറസ്‌ ഒന്നും എഴുതിയിട്ടില്ലെന്ന്‌ സുവിദിതമാണ്‌; അതിനു കാരണമായി ഗോമ്പേർസ്‌ (Gomperz) പറയുന്നത്‌ വാമൊഴിയിലൂടെയുള്ള ബോധനത്തിലായിരുന്നു അദ്ദേഹത്തിനു കൂടുതൽ വിശ്വാസം എന്നാണ്‌. പൈത്തഗോറസ്സിന്റെ വെറും ഒഴിഞ്ഞുനില്പിനെക്കാൾ ശക്തമാണ്‌ പ്ലേറ്റോയുടെ അസന്ദിഗ്ധമായ പ്രമാണം. തിമ്മേയുസ്സിൽ അദ്ദേഹം ഇങ്ങനെ പ്രസ്താവിക്കുന്നു: “ഈ പ്രപഞ്ചത്തിന്റെ സ്രഷ്ടാവിനെയും പിതാവിനെയും കണ്ടെത്തുക എന്നത്‌ ദുഷ്കരമായ ഒരുദ്യമമാണ്‌; ഇനി കണ്ടെത്തിയാൽത്തന്നെ അതെല്ലാവരെയും അറിയിക്കുക അസാദ്ധ്യവും.” ഫെയ്ദ്‌റസിൽ അദ്ദേഹം എഴുത്തിനെതിരെയുള്ള ഒരു ഈജിപ്ഷ്യൻ കഥ ഉദാഹരിക്കുന്നുമുണ്ട്‌; അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഓർമ്മയുടെ ഉപയോഗത്തെ അവഗണിച്ച്‌ പ്രതീകങ്ങളെ ആശ്രയിക്കാനുള്ള പ്രവണതയാണ്‌ എഴുത്തിലൂടെ ബലപ്പെടുന്നത്‌; പുസ്തകങ്ങൾ വരച്ചുവച്ച രൂപങ്ങൾ പോലെയാണ്‌; “അവയ്ക്കു ജീവനുണ്ടെന്നപോലെ തോന്നാം; എന്നാൽ എന്തെങ്കിലും ചോദിച്ചാൽ അവയ്ക്കൊരു വാക്കു പോലും മറുപടി പറയാൻ കഴിയില്ല.“ ആ വൈഷമ്യത്തെ ലഘൂകരിക്കാനോ അല്ലെങ്കിൽ ഇല്ലാതാക്കാനോ ആണ്‌ അദ്ദേഹം ‘ദാർശനികസംവാദം’ (Dialogues) എന്ന വിഭാഗം തന്നെ സൃഷ്ടിക്കുന്നത്‌.
അദ്ധ്യാപകൻ തന്റെ വിദ്യാർത്ഥിയെ തിരഞ്ഞെടുക്കുന്നു; എന്നാൽ പുസ്തകം തന്റെ വായനക്കാരെ തിരഞ്ഞെടുക്കുന്നില്ല; അവർ ദുഷ്ടരാകാം, ബുദ്ധിശൂന്യരാവാം. പാഗൻ സംസ്കാരത്തില്പെട്ട അലക്സാൻഡ്രിയയിലെ ക്ലെമന്റിന്റെ വാക്കുകളിൽ ഈ പ്ലേറ്റോണിക്‌ അവിശ്വാസം നിലനില്ക്കുന്നുണ്ട്‌: ”ഒന്നുമെഴുതാതിരിക്കുക, വാമൊഴിയിലൂടെ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുക എന്നതാണ്‌ ഏറ്റവും വിവേകപൂർവ്വമായ മാർഗ്ഗം; എന്തെന്നാൽ, എഴുതപ്പെട്ടത്‌ ശേഷിക്കും.“ അതേ പ്രബന്ധത്തിൽത്തന്നെ അദ്ദേഹം ഇങ്ങനെയും പറയുന്നുണ്ട്‌: ”എല്ലാക്കാര്യങ്ങളും പുസ്തകത്തിൽ എഴുതിവയ്ക്കുക എന്നത്‌ കുട്ടിയുടെ കയ്യിൽ വാൾ കൊടുക്കുന്നപോലെയാണ്‌.“ ഇപ്പറഞ്ഞതിന്റെ ഉറവിടം സുവിശേഷങ്ങൾ ആയിരിക്കാം: ”വിശുദ്ധമായത്‌ നായ്ക്കൾക്കു മുന്നിൽ ഇട്ടുകൊടുക്കരുത്‌; പന്നികൾക്കു മുന്നിൽ മുത്തുമണികൾ വിതറുകയുമരുത്‌; അവ അത്‌ കാല്ക്കീഴിലിട്ടു ചവിട്ടിയരയ്ക്കുക മാത്രമല്ല, ഒടുവിൽ നിങ്ങൾക്കു നേരേ തിരിഞ്ഞ്‌ നിങ്ങളെ കടിച്ചുകീറുകയും ചെയ്യും.“ ആ വാചകം യേശുവിന്റേതാണ്‌, പറഞ്ഞുപഠിപ്പിച്ചവരിൽ ഏറ്റവും മഹാനായവന്റെ. അവൻ ഒരിക്കലേ മണ്ണിൽ എന്തോ എഴുതിയുള്ളു; അവൻ എഴുതിയതെന്തെന്ന്‌ ഒരാളും വായിച്ചതുമില്ല.
എഴുത്തിനോടുള്ള തന്റെ അവിശ്വാസത്തെക്കുറിച്ച്‌ അലക്സാൻഡ്രിയയിലെ ക്ലെമെന്റ്‌ എഴുതുന്നത്‌ രണ്ടാം നൂറ്റാണ്ടിന്റെ ഒടുക്കമാണ്‌; നാലാം നൂറ്റാണ്ടിന്റെ തുടക്കമായപ്പോഴേക്കും പല തലമുറകൾക്കു ശേഷം വാമൊഴിക്കു മേൽ വരമൊഴിയുടെ, ശബ്ദത്തിനു മേൽ പേനയുടെ മേല്ക്കോയ്മയിൽ കലാശിക്കുന്ന ആ മാനസികപ്രക്രിയയുടെ ആരംഭം കുറിക്കപ്പെട്ടുകഴിഞ്ഞു. ആ വിപുലമായ പ്രക്രിയ തുടങ്ങിയ കൃത്യമായ മുഹൂർത്തം (ഞാൻ അതിശയോക്തി പറയുകയല്ല) സ്ഥാപിക്കാൻ ഒരെഴുത്തുകാരൻ തന്നെ വേണമെന്ന്‌ നിയതി തീരുമാനമെടുക്കുകയും ചെയ്തു. “കുമ്പസാരങ്ങ”ളുടെ ആറാം പുസ്തകത്തിൽ വിശുദ്ധ അഗസ്റ്റിൻ അത്‌ പറയുന്നുണ്ട്‌: “വായിക്കുമ്പോൾ അദ്ദേഹത്തിന്റെ (അംബ്രോസിന്റെ) കണ്ണുകൾ താളിനു മേൽ കൂടി കടന്നുപോവുകയും അദ്ദേഹത്തിന്റെ ഹൃദയം അതിന്റെ സാരാംശം ഗ്രഹിക്കുകയും ചെയ്തു; എന്നാൽ അദ്ദേഹത്തിന്റെ ശബ്ദവും നാവും മൂകമായിരുന്നു. കടന്നുവരുന്നതിൽ നിന്ന്‌ അദ്ദേഹം ആരെയും വിലക്കിയിരുന്നില്ല; ഒരു സന്ദർശകൻ വരുമ്പോൾ അക്കാര്യം മുൻകൂട്ടി അറിയിക്കുക എന്നതും അവിടെ പതിവായിരുന്നില്ല. പലപ്പോഴും ഞങ്ങൾ അവിടെയുള്ളപ്പോൾ അദ്ദേഹം നിശ്ശബ്ദനായിരുന്നു വായിക്കുന്നത്‌ ഞങ്ങൾ കണ്ടിട്ടുണ്ട്‌; അങ്ങനെയല്ലാതെ ഒരിക്കലും കണ്ടിട്ടുമില്ല. ദീർഘനേരം അങ്ങനെ നിശ്ശബ്ദരായി ഇരുന്നിട്ട്‌ (അത്രയും ഗഹനമായ ഏകാഗ്രതയിൽ മുഴുകിയിരിക്കുന്ന ഒരാൾക്കു മേൽ മറ്റൊരു ഭാരം അടിച്ചേല്പിക്കാൻ ആർക്കു ധൈര്യം വരും?) ഞങ്ങൾ ഇറങ്ങിപ്പോരുകയാണു പതിവ്‌. മറ്റാളുകളുടെ വേവലാതികളുടെ ബഹളത്തിനിടയിൽ പുതിയൊരു പ്രശ്നം പരിഗണിക്കാൻ ക്ഷണിക്കപ്പെടുന്നതിൽ നിന്നൊഴിവാകാൻ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടായിരിക്കുമെന്ന്‌ ഞങ്ങൾ സങ്കല്പിച്ചു. ഇനിയഥവാ, തല്പരനായ ഒരു കേൾവിക്കാരനുണ്ടായെന്നും വൈഷമ്യമുള്ള ഭാഗങ്ങൾ അയാൾക്കു വിശദീകരിച്ചുകൊടുക്കേണ്ടിവരികയും ചില വിഷമപ്രശ്നങ്ങളെക്കുറിച്ചു ചർച്ച ചെയ്യാൻ അയാൾക്കാഗ്രഹമുണ്ടായെന്നുമിരിക്കട്ടെ; അങ്ങനെയൊരു കുടുക്കിൽ നിന്നു സ്വയം രക്ഷിക്കാനാവില്ലേ അദ്ദേഹം നിശബ്ദമായ വായന നടത്തുന്നതെന്നും ഞങ്ങൾ സംശയിച്ചു. അതിനൊക്കെ സമയം നഷ്ടപ്പെടുത്തുക എന്നുവന്നാൽ താനിഷ്ടപ്പെടുന്ന പുസ്തകങ്ങളെല്ലാം വായിക്കാൻ തനിക്കു നേരം കിട്ടിയില്ലെന്നും വരാമല്ലോ. തന്നെയുമല്ല, വേഗം ശബ്ദമടഞ്ഞുപോകുന്ന തന്റെ തൊണ്ടയോടുള്ള കരുതൽ കൂടിയാകാം ആ നിശബ്ദവായന. ആ ശീലത്തിനുള്ള പ്രേരണ എന്തുമാകട്ടെ, ആ മനുഷ്യന്റെ പ്രവൃത്തിക്ക്‌ നല്ലൊരു കാരണമുണ്ടെന്നു പറയേണ്ടിയിരിക്കുന്നു.“
വിശുദ്ധ അഗസ്റ്റിൻ മിലാനിലെ ബിഷപ്പായ വിശുദ്ധ അംബ്രോസിന്റെ ശിഷ്യനായിരുന്നത്‌ 384നടുപ്പിച്ചായിരുന്നു; പതിമൂന്നു കൊല്ലത്തിനു ശേഷം നുമീഡിയയിൽ വച്ച്‌ അദ്ദേഹം തന്റെ “കുമ്പസാരങ്ങൾ” എഴുതുകയും ചെയ്തു. അന്നും പക്ഷേ, അസാധാരണമായ ആ ദൃശ്യം അദ്ദേഹത്തിന്റെ മനസ്സിനെ വേവലാതിപ്പെടുത്തിക്കൊണ്ടിരുന്നു: വാക്കുകൾ പുറത്തുവരാതെ പുസ്തകം വായിച്ചുകൊണ്ട്‌ ഒരു മുറിയിലിരിക്കുന്ന ഒരു മനുഷ്യൻ. ആ മനുഷ്യൻ എഴുതപ്പെട്ട പ്രതീകത്തിൽ നിന്ന്‌ ശബ്ദത്തിന്റെ ഇടനിലയില്ലാതെ നേരേ അന്തർജ്ഞാനത്തിലേക്കു കടക്കുകയായിരുന്നു. അയാൾ തുടങ്ങിവച്ച ആ വിചിത്രവിദ്യ, നിശബ്ദവായന എന്ന വിദ്യ, അത്ഭുതകരമായ അനന്തരഫലങ്ങളിലേക്കു നയിക്കുകയും ചെയ്തു. അത്‌, വർഷങ്ങൾക്കു ശേഷം, പുസ്തകം ഒരു ലക്ഷ്യത്തിലേക്കുള്ള മാർഗ്ഗമല്ല, അതുതന്നെ ഒരു ലക്ഷ്യമാണെന്നുള്ള സങ്കല്പനത്തിൽ ചെന്നുചേരുകയും ചെയ്യും. (ലൗകികസാഹിത്യത്തിലേക്കു പറിച്ചുനടപ്പെട്ട ഈ മിസ്റ്റിക്‌ സങ്കല്പനം പിന്നീട്‌ ഫ്ലോബേറിന്റെ, മല്ലാർമേയുടെ, ഹെൻറി ജയിംസിന്റെ, ജയിംസ്‌ ജോയ്സിന്റെ അനന്യഭാഗധേയതകൾ സൃഷ്ടിക്കുകയും ചെയ്യും.) ഇന്നതു ചെയ്യണമെന്നു ശാസിക്കാനോ ഇന്നതു ചെയ്യരുതെന്നു വിലക്കാനോ മനുഷ്യനോടു സംസാരിക്കുന്ന ഒരു ദൈവം എന്ന സങ്കല്പത്തിനു മേൽ അദ്ധ്യാരോപം ചെയ്യപ്പെടുകയായിരുന്നു, ഏകഗ്രന്ഥം, വിശുദ്ധവചനം എന്ന സങ്കല്പം.
മുസ്ലീങ്ങൾക്ക്‌ ഖുറാൻ (“ഗ്രന്ഥം” അൽ-കിതാബ്‌ എന്നും അത്‌ വിളിക്കപ്പെടുന്നു) മനുഷ്യരുടെ ആത്മാവുകൾ പോലെയോ പ്രപഞ്ചം പോലെയോ ദൈവത്തിന്റെ വെറുമൊരു സൃഷ്ടി മാത്രമല്ല; അത്‌ ദൈവത്തിന്റെ ഒരു ഗുണം തന്നെയാണ്‌, അവന്റെ നിത്യത പോലെ, അവന്റെ രൗദ്രത പോലെ. മൂലഗ്രന്ഥം, മാതൃപുസ്തകം, സ്വർഗ്ഗത്തിൽ നിക്ഷിപ്തമാണെന്ന്‌ ആറാമദ്ധ്യായത്തിൽ നാം വായിക്കുന്നു. മുഹമ്മദ്‌ അൽ-ഗസാലി, സ്കോളാസ്റ്റിക്കുകളുടെ അൽഗസെൽ, ഇങ്ങനെ പ്രഖ്യാപിക്കുന്നു: “ഖുറാൻ ഒരു പുസ്തകത്തിലേക്കു പകർത്തിയതാണ്‌, നാവു കൊണ്ട്‌ ഉച്ചരിക്കപ്പെടുന്നതാണ്‌, ഹൃദയം കൊണ്ട്‌ ഓർമ്മിക്കപ്പെടുന്നതുമാണ്‌; എന്നാല്ക്കൂടി, ദൈവത്തിന്റെ കേന്ദ്രബിന്ദുവിൽ ചിരസ്ഥായിയാണത്‌, എഴുതപ്പെട്ട താളുകളിലൂടെയും മനുഷ്യബുദ്ധിയിലൂടെയും കടന്നുപോയാലും അതിന്‌ പരിവർത്തനം വരുന്നതുമില്ല.” സ്വയംഭൂവായ ഈ ഖുറാൻ അതിന്റെ ആശയമോ പ്ലേറ്റോണിക്‌ ആദിരൂപമോ അല്ലാതെ ഒന്നുമല്ല എന്ന്‌ ജോർജ്ജ്‌ സേൽ നിരീക്ഷിക്കുന്നു. അവിസെന്നയും Encyclopedia of the Brethren of Purityയും ഇസ്ലാമിനു പരിചയപ്പെടുത്തിയ ആദിരൂപങ്ങൾ എന്ന ആശയം മാതൃഗ്രന്തം എന്ന പരികല്പനയെ സാധൂകരിക്കാനായി അൽ-ഗസാലി എടുത്തുപയോഗിച്ചതാവാനാണ്‌ സാദ്ധ്യത.
മുസ്ലീങ്ങളെക്കാൾ ധാരാളികളായിരുന്നു, ജൂതന്മാർ. ജൂതന്മാരുടെ ബൈബിളിന്റെ ഒന്നാമദ്ധ്യായം പ്രശസ്തമായ ആ വാക്യം അടങ്ങുന്നതാണ്‌: “പിന്നെ ദൈവം പറഞ്ഞു, ‘വെളിച്ചമുണ്ടാകട്ടെ,’ അപ്പോൾ വെളിച്ചമുണ്ടായി.” ആ ശാസനയുടെ ബലം ആ വാക്കുകളുടെ അക്ഷരങ്ങളിൽ നിന്നാണു വരുന്നതെന്ന്‌ കബ്ബാളിസ്റ്റുകൾ വാദിക്കുന്നു. സിറിയയിലോ പാലസ്തീനിലോ വച്ച്‌ ആറാം നൂറ്റാണ്ടിനടുപ്പിച്ച്‌ എഴുതപ്പെട്ട സെഫെർ യെസീര (വിധാനത്തിന്റെ പുസ്തകം) വെളിപ്പെടുത്തുന്നത്‌ ഇസ്രായേലിന്റെ ദൈവവും സർവ്വശക്തനുമായ യഹോവ പ്രപഞ്ചം സൃഷ്ടിച്ചത്‌ 1 മുതൽ 10 വരെയുള്ള അക്കങ്ങളും അക്ഷരമാലയിലെ ഇരുപത്തിരണ്ടക്ഷരങ്ങളും കൊണ്ടാണെന്നാണ്‌. അക്കങ്ങൾ സൃഷ്ടിയുടെ ഉപകരണങ്ങളോ ഘടകങ്ങളോ ആകുന്നത്‌ പൈത്തഗോറസിന്റെയും ഇയാംബ്ലിക്കസിന്റെയും സിദ്ധാന്തങ്ങളായിരുന്നു; അക്ഷരങ്ങളും അങ്ങനെയാകുന്നത്‌ എഴുത്ത്‌ എന്ന നൂതനവിശ്വാസത്തിന്റെ വ്യക്തമായ സൂചനയാണ്‌. രണ്ടാമദ്ധ്യായത്തിന്റെ രണ്ടാം ഖണ്ഡിക ഇങ്ങനെ പോകുന്നു: “ഇരുപത്തിരണ്ട്‌ മൗലികാക്ഷരങ്ങൾ: ദൈവം അവയെ വരച്ചെടുക്കുകയും മുദ്രണം ചെയ്യുകയും കൂട്ടിച്ചേർക്കുകയും തൂക്കിനോക്കുകയും പലതരത്തിൽ ക്രമപ്പെടുത്തുകയും ചെയ്തു; അവയിൽ നിന്നവൻ ഉള്ളതും ഉണ്ടാകാനിരിക്കുന്നതുമായ സർവ്വതും സൃഷ്ടിച്ചു.” തുടർന്ന്‌, ഏതക്ഷരമാണ്‌ വായുവിന്റെ അധികാരിയെന്നും ഏതാണ്‌ ജലത്തിന്റേതെന്നും ഏതാണ്‌ അഗ്നിയുടേതെന്നും ഏതാണ്‌ ജ്ഞാനത്തിന്റേതെന്നും ഏതാണ്‌ ചാരുതയുടേതെന്നും ഏതാണ്‌ ന്നിദ്രയുടേതെന്നും ഏതാണ്‌ കോപത്തിന്റേതെന്നും ഏതാണ്‌ ഉറക്കത്തിന്റേതെന്നും എങ്ങനെയാണ്‌ (ഉദാഹരണത്തിന്‌) ജീവനധികാരിയായ ‘കഫ്‌’ എന്ന അക്ഷരം ലോകത്ത്‌ സൂര്യനേയും ആഴ്ചകളിൽ ബുധനാഴ്ചയേയും ഉടലിൽ ഇടതുചെവിയേയും സൃഷ്ടിക്കാൻ ഉതകിയതെന്നും പുസ്തകം വിശദീകരിക്കുന്നു.
ക്രിസ്ത്യാനികൾ അതിനപ്പുറവും പോയി. ദൈവം ഗ്രന്ഥമെഴുതി എന്ന ആശയത്തിൽ നിന്ന്‌ അവൻ രണ്ടു ഗ്രന്ഥങ്ങളെഴുതി എന്നും അവയിൽ ഒന്ന്‌ പ്രപഞ്ചമാണെന്നുമുള്ള ഭാവനയിലേക്കാണ്‌ അവർ പോയത്‌. പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിലെഴുതിയ Advancement of Learning എന്ന പുസ്തകത്തിൽ ഫ്രാൻസിസ്‌ ബേക്കൺ പ്രഖ്യാപിക്കുന്നത്‌ നമുക്ക്‌ അബദ്ധം വരരുതെന്നു വച്ചിട്ടാണ്‌ ദൈവം നമുക്ക്‌ രണ്ടു ഗ്രന്ഥങ്ങൾ നല്കിയത്‌ എന്നാണ്‌. ആദ്യത്തേത്‌, സുവിശേഷങ്ങളുടെ പുസ്തകം, അവന്റെ ഇച്ഛയെ വെളിപ്പെടുത്തുന്നു; രണ്ടാമത്തേത്‌, സൃഷ്ടികളുടെ പുസ്തകം, അവന്റെ ശക്തിയെ വെളിപ്പെടുത്തുന്നു; ആദ്യത്തേതിലേക്കുള്ള സൂചകവുമാണത്‌. ഒരു രൂപകം മാത്രമല്ല ബേക്കൺ ഇതു കൊണ്ടുദ്ദേശിച്ചത്‌; ലോകത്തെ ചില അടിസ്ഥാനരൂപങ്ങളായി (ഊഷ്മാവുകൾ, സാന്ദ്രതകൾ, ഭാരങ്ങൾ, നിറങ്ങൾ) ലഘൂകരിക്കാമെന്നും പ്രപഞ്ചഗ്രന്ഥം എഴുതിയിരിക്കുന്ന അക്ഷരങ്ങളുടെ പരമ്പരയാണ്‌ പരിമിതസംഖ്യയായ ആ രൂപങ്ങളെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം.
1642നോടടുപ്പിച്ച്‌ സർ തോമസ്‌ ബ്രൗൺ അതിനു സ്ഥിരീകരണം നല്കി: “അങ്ങനെ ഞാൻ എന്റെ ദൈവത്തെ സഞ്ചയിക്കുന്നത് രണ്ടു ഗ്രന്ഥങ്ങളിൽ നിന്നാണ്‌: ദൈവത്തിനെക്കുറിച്ചുള്ള ആ ലിഖിതഗ്രന്ഥത്തിനു പുറമേ അവന്റെ ദാസനായ പ്രകൃതി എന്ന ഗ്രന്ഥവും; സർവ്വരുടേയും കണ്ണുകൾക്കായി തുറന്നുകിടക്കുന്ന സാർവ്വജനീനവും പരസ്യവുമായ ആ ഹസ്തലിഖിതം. ഒന്നിൽ അവനെ കണ്ടെത്താത്ത ആരും മറ്റേതിൽ അവനെ കണ്ടെത്തിയിരിക്കും. (Religio Medici I,16). അതേ ഖണ്ഡികയിൽ നാം ഇങ്ങനെയും വായിക്കുന്നു: ”ചുരുക്കത്തിൽ എല്ലാം നിർമ്മിതമാണ്‌; എന്തെന്നാൽ പ്രകൃതി ദൈവത്തിന്റെ കലയാണ്‌.“
ഇരുന്നൂറുകൊല്ലം കഴിയുമ്പോൾ സ്കോട്ട്ലന്റുകാരനായ കാർലൈൽ തന്റെ പുസ്തകങ്ങളിൽ പലയിടത്തായി, പ്രത്യേകിച്ചും Cagliostroയെക്കുറിച്ചുള്ള ലേഖനത്തിൽ ബേക്കണിന്റെ പരികല്പനയിൽ നിന്നു മുന്നോട്ടു പോകുന്നു: പ്രപഞ്ചചരിത്രം നാം ചുരുളഴിച്ചെടുക്കുകയും നിശ്ചയമില്ലാതെ എഴുതുകയും ചെയ്യുന്ന ഒരു വിശുദ്ധഗ്രന്ഥമാണെന്നും അതിൽ നമ്മളും എഴുതപ്പെടുന്നുവെന്നും അദ്ദേഹം പറയുന്നു. പില്ക്കാലത്ത് ലിയോൺ ബ്ലോയ് (Leon Bloy) ഇങ്ങനെ എഴുതും: ”താൻ ആരാണെന്നു പ്രസ്താവിക്കാൻ പ്രാപ്തിയുള്ള ഒരു മനുഷ്യജീവിയും ലോകത്തില്ല. ആർക്കുമറിയില്ല, താൻ എന്തു ചെയ്യാനായി ഈ ലോകത്തു വന്നുവെന്ന്, എന്തിനോടാണ്‌ തന്റെ പ്രവൃത്തികളും വികാരങ്ങളും ആശയങ്ങളും അനുരൂപമായിരിക്കുന്നതെന്ന്, തന്റെ യഥാർത്ഥത്തിലുള്ള പേരെന്താണെന്ന്: പ്രകാശത്തിന്റെ പേരേടിൽ നാശമില്ലാത്ത ആ പേര്‌…ചരിത്രം അതിബൃഹത്തായ ഒരു പ്രാർത്ഥനാപുസ്തകമത്രെ; അതിൽ ശ്ലോകങ്ങളെക്കാൾ, അദ്ധ്യായങ്ങളെക്കാൾ ഒട്ടും മൂല്യം കുറഞ്ഞതല്ല, ഏതൊരക്ഷരവും പൂർണ്ണവിരാമചിഹ്നവും; എന്നാൽ രണ്ടിന്റേയും പ്രാധാന്യം നിർണ്ണയാതീതവും അതിഗൂഢവുമാണെന്നു മാത്രം.“ (L’Ame de Napoleon, 1912)
മല്ലാർമേയുടെ അഭിപ്രായത്തിൽ ലോകം നിലനില്ക്കുന്നതുതന്നെ ഒരു പുസ്തകത്തിനായിട്ടാണ്‌; ബ്ലോയ് പറയുന്നതു പ്രകാരം ഒരു മാന്ത്രികഗ്രന്ഥത്തിലെ ശ്ലോകങ്ങളോ വാക്കുകളോ അക്ഷരങ്ങളോ ആണു നാം; ഈ ലോകത്തുള്ള ഒരേയൊരു വസ്തു ആ അനുസ്യൂതഗ്രന്ഥമാണ്‌; കൃത്യമായിപ്പറഞ്ഞാൽ, അതുതന്നെയാണ്‌ ലോകം.

വി.രവികുമാർ

കൂടാക്കിൽ, വടക്കുംഭാഗം, ചവറ സൗത്ത്, കൊല്ലം-691584 9446278252

2.5 2 votes
Rating
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x
×