വിപണിയുടെ നിയമങ്ങൾ
മുന്നുര
January 10, 2025

ദീർഘകാലം രാജവാഴ്ചയുടെയും ജന്മിത്തത്തിൻ്റെയും ജാതി വ്യവസ്ഥയുടെയും അധികാരത്തിലമർന്നിരുന്ന ഒരു ജനതയ്ക്ക് വിപണിയുടെ നിയമങ്ങൾ പെട്ടെന്ന് മനസ്സിലാകണമെന്നില്ല.തൻ്റെ പുസ്തകത്തിൻ്റെ പി.ഡി.എഫ്. ഏതെങ്കിലും ഗ്രൂപ്പിൽ ആരെങ്കിലും ഷയർ ചെയ്താൽ ചിലപ്പോൾ ആ പുസ്തകത്തിൻ്റെ എഴുത്തുകാർ ക്രോധം കൊണ്ട് വിറയ്ക്കും.താൻ കഷ്ടപ്പെട്ട് പുറത്തിറക്കിയ പുസ്തകം ഇങ്ങനെ പി.ഡി.എഫായി പ്രചരിച്ചാൽ എന്തു ചെയ്യും എന്നാവും ആശങ്ക.എന്നാൽ വലിയ വില്പനക്കാർക്ക് ഈ ആശങ്ക ഉണ്ടാവില്ല. കാരണം മേൽപറഞ്ഞ പുസ്തകത്തിൻ്റെ നിലവിലുള്ള പരസ്യങ്ങളിലൂടെ ഒരു ലക്ഷം ആൾക്കാരിൽ അതിൻ്റെ വിവരങ്ങൾ എത്തി എന്നു കരുതുക.അതിൽ അഞ്ഞൂറ് പേര് പുസ്തകം വാങ്ങിയിരിക്കാം. നൂറ് വച്ച് ആദ്യമേ തന്നെ പുസ്തകത്തിൻ്റെ അഞ്ചു പതിപ്പ് അച്ചടിക്കുന്നു. രണ്ടു മാസത്തിനകം എൻ്റെ പുസ്തകം അഞ്ചാം പതിപ്പിലേക്ക് എന്ന വാർത്ത വായനക്കാർക്ക് നന്ദി പറയുന്നു എന്ന രൂപത്തിൽ പരസ്യപ്പെടുത്താം. എന്നാൽ പി ഡി എഫായി പുസ്തകം പ്രചരിക്കുമ്പോൾ വിൽക്കപ്പെടാവുന്ന അഞ്ഞൂറ് പേരിൽ അമ്പത് പേരുടെ കുറവ് ഉണ്ടാവാം. അതാണ് ആശങ്കയ്ക്ക് കാരണം.
എന്നാൽ pdf പ്രചരണം ആദ്യത്തെ ഒരു ലക്ഷം പരസ്യ ടാർജറ്റ് കടന്നു പുസ്തകത്തെ വ്യാപിപ്പിക്കും. വീണ്ടും അമ്പതിനായിരം പേരിൽ എത്തും. ഒരു ലക്ഷം പേരിൽ പരസ്യം എത്തിയപ്പോൾ അഞ്ഞൂറ് എണ്ണം വിറ്റുപോയെങ്കിൽ ഇപ്പോൾ ഇരുന്നൂറ്റിയമ്പത് വിറ്റ് പോകേണ്ടതാണ്. എന്നാൽ ഇത് പി ഡി എഫ് ആയതിനാൽ അത്രയും പോകില്ല. കുറേ പേർക്കു പി ഡി.എഫ് മതിയാകും.നൂറ് എണ്ണമേ പോകുകയുള്ളൂ.പി ഡി എഫ് പ്രചരിച്ചതുകൊണ്ടുണ്ടായ അമ്പത് കുറവ് ഇതിൽ പരിഹരിച്ചാലും പിഡിഎഫ് പ്രചരിക്കാതിരുന്നപ്പോൾ ഉണ്ടായതിനേക്കാൾ അൻപത് പുസ്തകങ്ങളുടെ വർദ്ധനവ് പി.ഡി.എഫ് പ്രചരിച്ച ശേഷം ഉണ്ടാകുന്നുണ്ട്. ഇതാണ് വിപണിയുടെ സവിശേഷത.സിനിമയുടെ വ്യാജ പതിപ്പാണെങ്കിലും ഇതാണ് അവസ്ഥ. വ്യാജ പതിപ്പ് ഇറങ്ങി എന്നത് വാർത്തയാക്കിയാൽ ലാഭം വീണ്ടും വളരെ വലുതായി മാറുന്നു. കാരണം കൂടുതൽ വലിയ പരസ്യമായി അതു മാറുന്നു.ടെലിഗ്രാം ഡൗൺലോർഡിംഗ് മറ്റൊരു തരം വരുമാനത്തെയും സൃഷ്ടിക്കുന്നുണ്ട്.ഇതറിഞ്ഞു കൊണ്ട് സിനിമാ നിർമ്മാതാക്കളിൽ ചിലർ തന്നെ വ്യാജ പതിപ്പ് ഇറക്കുകയും വ്യാജ പതിപ്പ് വരുമാനവും ഒറിജിനൽ പതിപ്പ് വരുമാനവും ഒരുമിച്ച് നേടുകയും ചെയ്യുന്ന അവസ്ഥ വന്നിട്ടുണ്ട്.
പഴയ മതങ്ങളുടെ കാലത്ത് മൂല്യം എന്നത് അദൃശ്യതയും അസ്പൃശ്യതയും സൂക്ഷിക്കുന്നതിലാണെങ്കിൽ മുതലാളിത്തമതം ദൃശ്യതയാണ് മൂല്യമായി കരുതുന്നത്. ലാഭമുള്ളതെല്ലാം പുണ്യവും നഷ്ടമുള്ളതെല്ലാം പാപവുമാണ്. മാധ്യമങ്ങളിൽ ഒരാൾക്ക് ലഭിക്കുന്ന സ്ഥല സമയങ്ങളാണ് ഏതൊന്നിൻ്റെയും മാഹാത്മ്യത്തെ നിർണ്ണയിക്കുന്നത്. കാരണം ആ സമയം ലാഭത്തെ ഉണ്ടാക്കുന്നു. ട്രോൾ ഉണ്ടാക്കുന്നത് ഒരാളുടെ യാന്ത്രികതയെ വിമർശിക്കാനാവാം. എന്നാൽ ട്രോളിന് വിധേയമാകുന്നയാൾ വലിയ പ്രഭാഷകനോ വലിയ രാഷ്ട്രീയക്കാരനോ വലിയ എഴുത്തുകാരനോ ആയി മാറും.ഇതറിയുവുന്ന പ്രഭാഷകരും രാഷ്ട്രീയക്കാരും എഴുത്തുകാരും ബിസിനസുകാരും യുക്തിവാദികളും തങ്ങളെ എതിർക്കുന്ന ആഖ്യാനങ്ങൾ സ്വയം നിർമ്മിക്കും. യഥാർത്ഥത്തിൽ എതിർക്കപ്പെടേണ്ടവയോട് വിപണി നിശബ്ദതയാണ് പുലർത്തുന്നത്.
ഏറ്റവും വിപണി മൂല്യമുള്ളത് ‘വിപ്ലവ’ത്തിനാണ് എന്നു ബിസിനസ്സ് മാനേജുമെൻ്റുകാർക്കറിയാം.’നിശ്ചിതത്വം ‘ മതകാലത്തെ യാഥാസ്ഥിതികതയായതിനാൽ അനിശ്ചിതത്വം നല്ല വിപണി മൂല്യമുള്ളതാണ്.ഒരു വാർത്ത മാത്രമുള്ളത് ഏകാധിപത്യമാണ്.പല ചാനലുകളുടെ സ്വാതന്ത്ര്യം നമ്മുക്ക് ലഭിച്ചു.പക്ഷെ എല്ലാ ചാനലിലും ഒരേ കാര്യമായതിനാൽ നാം യൂട്യൂബിലെ വൈവിധ്യത്തിലേക്ക് പോയി. ആദ്യം ടി.വി.യിലെ ചലച്ചിത്രങ്ങൾക്കിടയിലെ പരസ്യങ്ങൾ ചിത്രങ്ങളുടെ ഏകാഗ്രത ഇല്ലാതാക്കുന്നതായി നമ്മുക്ക് തോന്നി. പിന്നീട് പരസ്യങ്ങൾ കൊണ്ട് ചിതറിയ ചലച്ചിത്രമാണ് റിലാക്സ് ആയി കാണാനാവുന്നത് എന്നു വന്നു.. പിന്നീട് ഫോണിലൂടെ ഏകാന്തമായി സിനിമ കാണാമെന്നായി. ഇപ്പോൾ സിനിമ കാണാനുള്ള ക്ഷമ നഷ്ടപ്പെട്ട് ഒന്നര മിനിട്ടിൻ്റെ ക്ഷമ മാത്രമായി, റീലുകളുടെ കാഴ്ചക്കാരായി. ക്ഷണികഭാവങ്ങളു(സഞ്ചാരി ഭാവങ്ങൾ ) ടെ ദീർഘസമയ കാഴ്ചക്കാരായി നാം.ഒരു കാഴ്ചയുടെ ഏകാധിപത്യത്തെ തകർക്കാൻ സ്വന്തം തെരഞ്ഞെടുപ്പിൻ്റെ സ്വാതന്ത്ര്യ ലോകത്തേക്ക് പ്രവേശിച്ച നാം ആരുടെയോ അൽഗൊരിതങ്ങൾക്കനുസരിച്ച് വന്നുകൊണ്ടിരിക്കുന്ന ഒന്നുമില്ലായ്മയുടെ വലിയ കാഴ്ചക്കാരായി മാറിയിരിക്കുന്നു.
സെമിനാറുകളിൽ, സിലബസുകളിൽ ദളിതിസത്തെ വേണ്ടത്ര ഇപ്പോൾ പരിഗണിക്കുന്നില്ല എന്നു ദളിത് എഴുത്തുകാരെന്നു കരുതുന്നവർ ഈ അടുത്ത കാലത്ത് പറയുകയുണ്ടായി. സാഹിത്യത്തിൻ്റെയും ചരിത്രത്തിൻ്റെയും സവർണ്ണ പരമ്പര്യത്തെ എതിർക്കാൻ ആത്മാർത്ഥതയോടാവും ദളിത് എഴുത്തുകാർ ഇടപെടുക. എന്നാൽ ദളിത് എഴുത്ത് എന്ന സാഹിത്യശാഖ പ്രസ്തുത എഴുത്തുകാർക്ക് മുന്നേ പണിയാള വിരുദ്ധസവർണ്ണമാധ്യമങ്ങളാണ് കൊണ്ടുവന്നത്. ദളിത് എഴുത്തുകാർ ഉദയം ചെയ്യും മുമ്പ് തന്നെ ഭാഷാപോഷിണി മാസിക ദളിത് സാഹിത്യ പ്പതിപ്പ് ഇറക്കിയിരുന്നു. അറുപതുകളിലും എഴുപതുകളിലും ഉണ്ടായ പണിയാള പക്ഷ എഴുത്തുകളെ തമസ്കരിച്ച മാധ്യമങ്ങൾ തന്നെയാണ് സഹതാപ ദളിതെഴുത്തിനെ ഉയർത്തിക്കൊണ്ടുവന്നത്. ചരിത്രവും ഇച്ഛാശക്തിയുമുള്ള പ്രതിരോധ പാരമ്പര്യത്തെയല്ല,വംശീയ-സഹതാപ ആഖ്യാനങ്ങളെയാണ് മാസികകൾ താലോലിച്ചത്.സ്ത്രീപക്ഷ ആഖ്യാനങ്ങളും ഇതൊക്കെത്തന്നെയായിരുന്നു. വിമർശനം പുല്ലിംഗകല എന്നു പറഞ്ഞ കെ പി അപ്പനും പണിയാള – സ്ത്രീവിരുദ്ധത ആഘോഷിച്ച അസ്തിത്വവാദസാഹിത്യവും എഴുപതുകളിൽത്തന്നെ ഇവിടെ വിമർശിക്കപ്പെട്ടു. ഇന്ദുലേഖയിലെയും രണ്ടിടങ്ങഴിയിലെയും പണിയാള വിരുദ്ധതയും അക്കാലത്ത് തന്നെ വിമർശിക്കപ്പെട്ടു.(എസ്സ്.സുധീഷിൻ്റെ കൃതികൾ ഉദാഹരണം) അതു മറച്ചു പിടിച്ച മാധ്യമങ്ങൾ തന്നെ ദളിത്- സ്ത്രീ വിപ്ലവ സാഹിത്യം ഉപരിപ്ലവമായി അവതരിപ്പിക്കാൻ കാരണം ‘വിപ്ലവ’മാണ് ഏറ്റവും വലിയ വിപണി എന്നറിയാവുന്നതുകൊണ്ടാണ്. മനുഷ്യർ ലിംഗപരവും വംശപരവുമായി ചിതറിക്കുക എന്നത് ഡിജിറ്റൽ മുതലാളിത്തത്തിൻ്റെ ആവശ്യമാണ്. മനുഷ്യർ ചരിത്രവും പ്രതിഷേധവുമുള്ള വ്യക്തികളല്ല, ഡേറ്റകളാണ് എന്നതാണ് നിലപാട്.ഒന്നാം ഘട്ടത്തിൽ ദളിതി സവും ഫെമിനിസവും അവതരിപ്പിച്ച ആശയ വിപണി ഇനി ട്രാൻസ്റ്റജൻ്റർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണ്. പെണ്ണായിരിക്കുന്നതും ദളിതനായിരിക്കുന്നതും നല്ലതാണ് എന്നു പറഞ്ഞ പാഠപുസ്തക – മാധ്യമ ആശയ വിപണി ഇനി പറഞ്ഞു തുടങ്ങുന്നത് ആണായിരിക്കുന്നതും പെണ്ണായിരിക്കുന്നതും നല്ലതല്ല, ട്രാൻസ്ജൻ്ററാവുകയാണ് നല്ലത് എന്നാണ്. മനുഷ്യനെ ആണോ പെണ്ണോ ട്രാൻസ്ജെൻ്ററോ അല്ലാത്ത ഡേറ്റയായി നിർവ്വചിക്കുക എന്നതാണ് ലക്ഷ്യം. അതിനാണ് നവോത്ഥാന ചരിത്രത്തെ തമസ്കരിച്ചു കൊണ്ട് പണിയാളരുടെ മുന്നേറ്റത്തെ ദളിത്കണ്ണീർക്കഥയോ ഫാഷനോ ആക്കുന്നത്.മാറു മറയ്ക്കാനുള്ള പണിയാളസ്ത്രീകളുടെ സമരം പുതിയ ഫാഷൻ ഡ്രസിന് വേണ്ടിയുള്ള കാമനയായിരുന്നു എന്നും ആണായിരിക്കുന്നതും പെണ്ണായിരിക്കുന്നതും പാപമാണെന്നും പുതിയ പാഠപുസ്തകത്തിൽ കാണാം.
നമ്മോടുള്ള സ്നേഹം കൊണ്ടല്ല പണിയാള വിരുദ്ധമാധ്യമങ്ങൾ ദളിത്-ഫെമിനിസ്റ്റ് പതിപ്പുകൾ ഇറക്കിയതും നമ്മെ വിപ്ലവകാരികളാക്കിയതും എന്നറിഞ്ഞാൽ അടുത്ത ഘട്ടത്തിൽ മാധ്യമങ്ങൾ നമ്മെ വലിച്ചെറിയുമ്പോൾ അതു മനസ്സിലാക്കുകയെങ്കിലും ചെയ്യാം.
വ്യാജപ്പതിപ്പുകൾക്കെതിരെയുള്ള സമരം വ്യാജൻ്റെയും ഒറിജിനലിൻ്റെയും വിപണിയെ ത്വരിതപ്പെടുത്തുകയും കച്ചവടക്കാർക്ക് ലാഭമുണ്ടാക്കുകയും ചെയ്യും എന്നതിനാൽ രണ്ടും നല്ലതാണ്. വ്യാജവിപ്ലവങ്ങളും അങ്ങനെ തന്നെ. നമ്മുടെ ചരിത്രരഹിതവംശീയ കണ്ണീർ സമരങ്ങൾ എതിരാളികളെ വളർത്തി ഫാസിസ്റ്റ് മുതലാളിത്ത ഭരണകൂടത്തെ സൃഷ്ടിച്ചു.രണ്ടും നല്ലതായി വാഴ്ത്തപ്പെട്ടു.
യന്ത്രങ്ങളുടെ പുനരുത്പാദനം അനുഷ്ഠാനങ്ങളുടെ പ്രഭാവലയത്തിൽ നിന്നും ഓറയിൽ നിന്നും കലയെ വിമുക്തമാക്കി എന്നു വാൾട്ടർ ബഞ്ചമിൻ പറയുന്നതു ശരിയാണെങ്കിലും കച്ചവടസംബന്ധിയായ പുതിയ പ്രഭാവലയങ്ങളെ അതു സൃഷ്ടിച്ചു. ദൈവങ്ങളുടെ തലയ്ക്ക് ചുറ്റും അല്ല ഡേറ്റയ്ക്കു ചുറ്റും ആണ് ഇന്ന് പ്രഭാവലയം ഉള്ളത്.