
ജൂലി ഡി എം
Published: 10 January 2025 ആര്‍ട്ട് ഗാലറി/ട്രോള്‍
പത്മനാഭൻ കഥകളിലെ ‘അധിക പുരുഷത്വ’വും സുസ്മേഷ് ചന്ത്രോത്തിൻ്റെ കവർ സ്റ്റോറിയും

ആസ്വാദന സാഹിത്യം എഴുതുന്നതിൽ തെറ്റൊന്നുമില്ല.പക്ഷേ , എഴുതിയെഴുതി എഴുത്തുകാരനെയും തന്നെത്തന്നെയും പരിഹാസ്യരാക്കുന്നത് എത്ര കണ്ട് അഭികാമ്യമാണെന്ന് എഴുതുന്നവർ തന്നെ ചിന്തിക്കേണ്ട കാര്യമാണ്.ടി പത്മനാഭന്റെ കഥകൾക്ക് കവർസ്റ്റോറിയായി ആസ്വാദനമെഴുതിയ കഥാകൃത്ത് കൂടിയായ സുസ്മേഷ് ചന്ത്രോത്താണ് കഥാപുരുഷൻ.

2024 ഡിസംബർ( ലക്കം 33) പുറത്തിറങ്ങിയ ദേശാഭിമാനി വാരിക കണ്ടാൽ ടി പത്മനാഭൻ സ്പെഷ്യൽ ആണെന്നേ തോന്നൂ. ടി പത്മനാഭന്റെ ഒരു കഥയും അദ്ദേഹത്തെക്കുറിച്ച്
എം സ്വരാജ്, ശിഹാബുദീൻ പൊയ്ത്തുംകടവ്, സുസ്മേഷ് ചന്ത്രോത്ത് എന്നിവർ എഴുതിയ മൂന്ന് കവർ സ്റ്റോറികളുമാണ് ആഴ്ചപ്പതിപ്പിന്റെ ഹൈലൈറ്റ്.അതിൽ സുസ്മേഷ് ചന്ത്രോത്ത് എഴുതിയ ‘പുരുഷസൂക്ഷ്മത്തെ നിർണയിക്കുന്ന ലോകം’ എന്ന കവർസ്റ്റോറി അസംബന്ധങ്ങളുടെ കെട്ടിയെഴുന്നള്ളിപ്പാണ്.
പിതാവാകുമ്പോഴാണ് പുരുഷൻ പൂർണ്ണനാകുന്നത്. ടി പത്മനാഭൻ വ്യക്തി ജീവിതത്തിൽ പിതാവല്ല. തൻറെ കഥകളിലൂടെ പിതൃ ഭാവങ്ങളെ ആവിഷ്കരിച്ച് വ്യക്തിക്ക് ഉണ്ടായ ന്യൂനത കഥാകൃത്ത് എന്ന നിലയിൽ അദ്ദേഹം പരിഹരിക്കുന്നു – എന്നാണ് സുസ്മേഷ്
ചന്ത്രോത്ത് പറയാൻ ശ്രമിക്കുന്നത്.അത്
അങ്ങനെ പറഞ്ഞാൽ വായനക്കാർക്ക് കാര്യം മനസിലാവും. അതിനു പകരം പരിഹാസ്യമായ വാദമുഖങ്ങൾ ഉന്നയിച്ച്
സ്വയം പരിഹാസ്യനാവുകയാണ്
കഥാകൃത്ത് കൂടിയായ എഴുത്തുകാരൻ.
അമ്മ മഹാത്മ്യം കഴിഞ്ഞു. ഇനി പിതൃ മാഹാത്മ്യം!
ജീവിതത്തിൽ ബയോളജിക്കൽ ഫാദർ അല്ലാത്ത ടി പത്മനാഭന്റെ കഥകളിലെ പിതൃ ഭാവങ്ങളാണ് സുമേഷ് ചന്ത്രോത്ത് കവസ്റ്റോറിയിലൂടെ തിരയുന്നത്.അതിങ്ങനെ അദ്ദേഹം വിശദമാക്കുന്നു.” ഇവിടെ പരിശോധിക്കാൻ ശ്രമിക്കുന്നത്, പിതാവായി ഒരിക്കലും ജീവിച്ചിട്ടില്ലാത്ത
ടി പത്മനാഭൻ കഥകളിലൂടെ ആവോളം പിതാവായി മാറുകയാണോ, അതോ പുരുഷജന്മത്തിലെ സ്ത്രൈണ കേന്ദ്രീകൃതമല്ലാത്ത മാതൃഭാവങ്ങളെ സംയോജിപ്പിക്കുകയാണോ, ഇതുവരെ പഠനവിധേയമായിട്ടില്ലാത്ത ‘അധിക പുരുഷത്വം’ അഥവാ ‘സൂക്ഷ്മ പുരുഷത്വം’ തന്റെ കഥകളിൽ നിറയ്ക്കുകയാണോ എന്ന അന്വേഷണമാണ്.” വാക്യഘടനയുടെ സങ്കീർണത കൊണ്ടും വാക്യത്തിന്റെ നിരർത്ഥകത കൊണ്ടും ആവിഷ്കരിക്കുന്ന ആശയത്തിന്റെ പരിഹാസ്യത കൊണ്ടും പ്രസ്തുത വാക്യം വായനക്കാരെ കുഴപ്പിക്കും.’അധിക പുരുഷത്വം’ അഥവാ ‘സൂക്ഷ്മ പുരുഷത്വം’എന്നീപുതിയ പേരുകളൊക്കെ ഇട്ട് എന്തോ മഹാ കണ്ടുപിടുത്തം നടത്താൻ പോകുന്നു എന്ന് മട്ടിലാണ് കഥാകൃത്ത് ഇക്കാര്യം അവതരിപ്പിക്കുന്നത്.
മഹാസംഭവമായേക്കാവുന്ന കണ്ടെത്തൽ എന്ന നിലയിൽ “സാമൂഹികാർത്ഥത്തിൽ” പിതാവ് ആരാണെന്ന് ഇങ്ങനെ നിർവചിക്കുകയും ചെയ്യുന്നു.
“തൻറെ ബീജ ദാനത്തിലൂടെ സമൂഹം ഭാര്യയായി അംഗീകരിച്ച ഒരു സ്ത്രീയെ മാതാവാക്കാൻ കഴിയുകയും അതുവഴി കുടുംബം എന്ന സ്ഥാപനത്തെ സമൂഹത്തിനുവേണ്ടി സൃഷ്ടിച്ച് നിലനിർത്തുകയും മികച്ച രീതിയിൽ പരിപാലിക്കുകയും ചെയ്യുന്ന പദവിയാണ് അച്ഛൻ അഥവാ പിതാവ് എന്ന വാക്കിലൂടെ ഉദ്ദേശിക്കുന്നത്”
ആണധികാര സമൂഹം കാലങ്ങളായി ആവർത്തിച്ചു വരുന്ന പിതൃ നിർവചനങ്ങളെ പുതിയകാലത്തും ഒരു ഉളുപ്പുമില്ലാതെ എഴുതിപ്പിടിപ്പിക്കാൻ കഥാകൃത്തിന് ഒരു മടിയുമില്ല. ഏതെങ്കിലും ഒരു സ്ത്രീയെ ഗർഭിണിയാക്കുന്നതിലൂടെയോ അവർ പ്രസവിക്കുന്നതിലൂടെയോ ഒരാൾ അച്ഛൻ എന്ന പദവിക്ക് അർഹനാവുന്നില്ലെന്ന് സുസ്മേഷ് ചന്ത്രോത്ത് അസന്നിഗ്ധമായി വ്യക്തമാക്കുന്നുണ്ട്.( പക്ഷെ എതെങ്കിലും ഒരുവൻ ഗർഭിണിയാക്കുന്നതിലൂടെയോ
പ്രസവിക്കുന്നുതിലൂടെയോ സ്ത്രീ പക്ഷെ,
അമ്മയെന്ന പദവിക്ക് അർഹയാവും !)
സമൂഹമെന്ന അജ്ഞാത സംഘവും അതിൻറെ വ്യവഹാരവ്യവസ്ഥയും ഉണ്ടാക്കി വെച്ചിട്ടുള്ള നിയമങ്ങൾക്ക് പൂർണമായും വിധേയനായി കൊണ്ടേ ഒരാൾക്ക് കുടുംബത്തിന് വേണ്ടിയോ അല്ലെങ്കിൽ മക്കൾക്ക് വേണ്ടിയോ ജീവിക്കാൻ സാധിക്കുകയുള്ളൂ എന്നും അങ്ങനെ സംഭവിക്കുമ്പോഴാണ് ഒരാൾ പൂർണ്ണമായ വിധത്തിലും പിതാവാകുന്നതെന്നും കഥാകൃത്ത്
എഴുതിപ്പിടിപ്പിക്കുന്നുണ്ട്.
എന്നാൽ ടി പത്മനാഭൻ എന്ന കഥാകൃത്ത് മക്കളെ വളർത്തുകയോ പരിപാലിക്കുകയോ അവർക്ക് വേണ്ടി ജീവിക്കുകയോ ചെയ്തിട്ടില്ലെങ്കിലും തന്റെ കഥാസാഹിത്യത്തിലൂടെ നിരവധി കുഞ്ഞുങ്ങളെ ജനിപ്പിക്കുകയും അവരെ ശ്രദ്ധയോടെ വളർത്തുകയും പരിപാലിക്കുകയും അവർക്കാവോളം സ്നേഹം കൊടുത്ത് മാതൃകയാവുകയും ചെയ്തിട്ടുണ്ടെന്ന് ചന്ത്രോത്ത് കണ്ടെത്തുന്നു.പത്മനാഭൻ കഥകളിൽ കുട്ടികൾക്ക് സവിശേഷമായ സ്ഥാനം കിട്ടുന്നത് അദ്ദേഹം വ്യക്തി എന്ന നിലയിൽ ബയോളജിക്കൽ ഫാദർ അല്ലാത്തതുകൊണ്ടാണത്രേ! (അപ്പോൾ ബയോളജിക്കൽ ഫാദർമാരായ കഥാകൃത്തുക്കളുടെ കഥയിൽ കുട്ടികൾക്ക് സവിശേഷ സ്ഥാനം ഉണ്ടാവില്ലായിരിക്കും!)ഒരു ബയോളജിക്കൽ ഫാദറിനും സാധിക്കാത്ത വിധം കഥകളിൽ കുട്ടികളെ സൃഷ്ടിക്കാനും വളർത്താനും
ടി പത്മനാഭന് കഴിഞ്ഞത് എങ്ങനെയാണെന്നോർത്ത് കവർസ്റ്റോറിക്കാരൻ കഥാകൃത്ത് അത്ഭുതപ്പെടുന്നു.
ആധുനിക – ആധുനികാനന്തര ലോകങ്ങളിലായി 80 വർഷങ്ങൾ പിന്നിട്ടിട്ടും ഏതെങ്കിലും പ്രസ്ഥാനങ്ങളോടോ ദർശനങ്ങളോടോ ചായ് വ് പ്രദർശിപ്പിച്ചിട്ടില്ലാത്ത പത്മനാഭ കഥാലോകത്തെ വ്യത്യസ്തമാക്കുന്നത്, പിതൃസവിശേഷമായ കാഴ്ചപ്പാടുകൾ മുന്നോട്ടുവയ്ക്കുന്ന സ്വന്തം ദർശനമാണെന്നാണ് സസ്മേഷ്
ചന്ത്രോത്ത് നിരീക്ഷിക്കുന്നത്.
ആ ദർശനമനുസരിച്ച് പത്മനാഭ കഥാ ലോകത്തിൽ ‘പുരുഷസൂക്ഷ്മ’ത്തിന്റെ മൂർത്തിമദ്ഭാവമായി അദ്ദേഹം( ടി പത്മനാഭൻ) അബോധമായി കരുതുന്ന പിതൃഭാവം മാത്രമേയുള്ളൂ. ആ പിതൃ ഭാവത്തിലെ രക്ഷക വേഷമാണ് , ധന്യമായ സംരക്ഷണ ഭാവമാണ് പത്മനാഭ കഥകളെ നിലനിർത്തുന്നതും അനുവാചക ഹൃദയങ്ങളെ വീണ്ടും വീണ്ടും അതിലേക്ക് ആകർഷിക്കുന്നത് “ എന്നാണ് എഴുത്തുകാരൻ പറയുന്നത്.പത്മനാഭ കഥകളിൽ അമ്മയെ കുറിച്ചാണ് എഴുതുന്നതെങ്കിലും അമ്മയെക്കുറിച്ചല്ല, മറിച്ച് തന്റെ പിതാവിന്റെ അഭാവത്തിൽ തന്നിലുള്ള അപൂർണ്ണതയെ കുറിച്ചാണ്, ആ പൂർണ്ണമാക്കൽ താൻ എങ്ങനെ കഥകളിലൂടെ നിർവഹിക്കുന്നു എന്നാണ് അദ്ദേഹം പറയാൻ ശ്രമിക്കുന്നതെന്നാണ്
ചന്ത്രോത്തിന്റെ മതം.സവിശേഷമായ മനശാസ്ത്ര വിശകലനം ആവശ്യമുള്ള നിരീക്ഷണമാണിത് എന്ന് പറഞ്ഞ് സ്വന്തം അപഹാസ്യമായ നിരീക്ഷണത്തെ പുകഴ്ത്തുകയും ചെയ്യുന്നു.ശക്തമായ മാതൃ ബിംബമായും തന്റെ പരം പൊരുളായും അമ്മയെ
ഉയർത്തിക്കാണിക്കുന്ന പത്മനാഭൻ അമ്മയുടെ ഭർത്താവിനെ തിരസ്കരിക്കുമ്പോഴും അമ്മയോളം തന്നിലുള്ള അച്ഛനെയാണ് എടുത്തുയർത്താൻ ശ്രമിക്കുന്നതെന്ന് കഥകൾ സാക്ഷ്യം പറയുന്നു” ഇതിപ്പോ കവർ സ്റ്റോറി വായിച്ചു കഴിഞ്ഞ വായനക്കാർക്കെല്ലാം മന:ശാസ്ത്രജ്ഞന്റെ സഹായം അടിയന്തരമായി വേണ്ടി വരുന്ന സാഹചര്യമാണുള്ളത്!

ഔഷധ സമമായ പത്മനാഭൻ കഥകൾ!
ടി പത്മനാഭൻ കഥകളിലെ പിതാവ് ആദർശത്തിന്റെയോ ഏതെങ്കിലും വിശ്വാസത്തിന്റെയോ മതത്തിന്റെയോ ജാതിയുടെയോ വക്താവോ പ്രയോക്താവോ അല്ല എന്നും ഒരു പുരുഷൻ എങ്ങനെയായിരിക്കണം എന്ന് പൂർണമായ വിധത്തിൽ വ്യാഖ്യാനിക്കുകയാണ് ചെയ്യുന്നതെന്നുമാണ് സുസ്മേഷ് ചന്ത്രോത്ത് പറയുന്നത്. ചുരുക്കിപ്പറഞ്ഞാൽ പുരുഷ പൂർണ്ണത അല്ലെങ്കിൽ ‘സൂക്ഷ്മ പുരുഷത്വം ‘ പിതാവാകുന്നതിലാണെന്ന് പത്മനാഭൻ കഥകളിലെ അച്ഛന്മാർ/കഥാനായകന്മാർ വ്യക്തമാക്കുന്നുവത്രെ.മറ്റൊരു സുപ്രധാനമായ കണ്ടെത്തൽ നോക്കൂ.
“അമ്മ എന്ന സൂചനയിൽ അച്ഛൻ അദൃശ്യനായി മറഞ്ഞു നിൽക്കുന്നുണ്ടെന്ന് നമുക്കറിയാം. അച്ഛനില്ലാതെ അമ്മ സംഭവിക്കുന്നില്ല. എന്നാൽ അമ്മയുടെ മറുവശമായ ഭാര്യ എന്ന പദവിക്കോ സ്ഥാനത്തിനോ പത്മനാഭൻ വലിയ ഇടം നൽകുന്നില്ല. അഥവാ ഗൗരവം നൽകുന്നില്ല. അദ്ദേഹം സ്ത്രീയിലെ മാതൃ പദവിയെ ആഘോഷിക്കുന്നത് അതിൻറെ മറുവശത്തുള്ള അച്ഛൻ പദവിയെ പൊതുശ്രദ്ധയിലേക്ക് നയിക്കുന്നതിനു വേണ്ടിയാണ് .അത് ബോധപൂർവ്വമായ പ്രവർത്തനമാകാം.” നമ്മുടെ കഥാകൃത്തുക്കൾ സ്ത്രീ കഥാപാത്രങ്ങളെ ആവിഷ്കരിക്കുന്നത് പുരുഷ കഥാപാത്രങ്ങളുടെ മാറ്റുകൂട്ടാൻ ആണെന്നതൊക്കെ വായനക്കാർ തിരിച്ചറിഞ്ഞിട്ടുണ്ട്. അത് പുതിയ സിദ്ധാന്തമൊന്നുമല്ല.
പത്മനാഭ കഥാലോകം ഊഷരമാകാതെയും വന്ധ്യമാകാതെയും നിലനിൽക്കുന്നത് എങ്ങനെയാണെന്ന് കഥാകൃത്ത് ഇങ്ങനെ വിശദമാക്കുന്നു “കഥയിൽ പിതാവിനെ മുഖ്യ സ്ഥാനത്ത് നിർത്താൻ ആഗ്രഹിക്കുന്ന വേളയിൽ എഴുത്തുകാരൻ മാതൃത്വം കൂടി ഏറ്റെടുക്കുകയും അതിനെ പിതൃത്വത്തിലേക്ക് ലയിപ്പിക്കുകയും ഒരു പടി കൂടി പിതൃത്വത്തിന് ഊന്നൽ നൽകുകയും ചെയ്യുന്നു. അതിനാലാണത്രേ പത്മനാഭ കഥകൾ ഊഷരമാകാതെയും
വന്ധ്യമാകാതെയും പുരുഷ പൂർണ്ണതയുടെ അർത്ഥങ്ങളിലേക്ക് പ്രവേശിക്കുന്നത്. അതായത് കഥാകൃത്ത് ഡബിൾ പുരുഷത്വം ഏറ്റെടുക്കുന്നു എന്നർത്ഥം !
കണ്ടെത്തലുകൾ തീരുന്നില്ല!
“ ടി പത്മനാഭനിലും (അദ്ദേഹത്തിൻറെ കഥകളിലും) ഏറിയും കുറഞ്ഞും ഒരു സ്ത്രീയോ അമ്മയോ കാമുകിയോ
മകളോ ഉണ്ടെന്ന് പറയാൻ സാധിക്കുകയില്ല. മറിച്ച് പുരുഷന്മാർ സാധാരണഗതിയിൽ ഒളിച്ചു പിടിക്കുന്നതും എന്നാൽ അതിവൈകാരിക മനോനിലകൾ പ്രതിഫലിക്കുന്നതുമായ ‘അധിക പുരുഷത്വം’ അല്ലെങ്കിൽ ‘പുരുഷസൂക്ഷ്മം’ തന്നെയാണ് ഉള്ളടങ്ങിയിട്ടുള്ളത്.” ഇതൊക്കെ വായിക്കുമ്പോൾ ഈ എഴുതിയിരിക്കുന്നതത്രയും
വ്യാജസ്തുതിയാണെന്ന് ആർക്കായാലും തോന്നിപ്പോകും !

ഇനിയാണ് ക്ലൈമാക്സ് !
“ ഈ ‘അധികപുരുഷത്വം’ അല്ലെങ്കിൽ ‘പുരുഷസൂക്ഷ്മം’ എന്നത് തീർത്തും പരുഷമല്ല എന്ന് മാത്രമല്ല പ്രഖ്യാപിതമായ പുരുഷ ഭാവ നിയമങ്ങളെയോ കേൾവി കേട്ട പുരുഷ പേശിബലങ്ങളെയോ അത് ഒട്ടും തന്നെ പരിഗണിക്കുന്നതുമില്ല.
ഇവിടെ ലിംഗ സൂചനയിൽ പുരുഷൻ എന്നുണ്ടെങ്കിലും തീർത്തും അത് മനുഷ്യവർഗ്ഗത്തിലെ പുരുഷനല്ല.പുരുഷ വേഷമിട്ട അതീന്ദ്രിയ സാന്നിധ്യമാണെന്ന് തോന്നുന്നു. അതിനെയാണ് സാധാരണക്കാർ ഈശ്വരൻ എന്ന് വിളിക്കുന്നതെങ്കിൽ ആ ഈശ്വരഭാവം പത്മനാഭ കഥാ ലോകത്തെ എല്ലാക്കാലത്തും അനുഗ്രഹിച്ചിട്ടുണ്ട്.”
ഈ അധിക പുരുഷത്വ ഈശ്വര ഭാവത്തിൽ സൃഷ്ടിയും സ്ഥിതിയും മാത്രമേ ഉള്ളൂവെന്നും സംഹാരമില്ലെന്നും കഥാകൃത്ത് പറയുന്നു. കഥകളിൽ ടിപത്മനാഭൻ മക്കളെ സൃഷ്ടിക്കുകയും നിലനിർത്തുകയും ആണ് ചെയ്യുന്നത്. ഒരിക്കലും ശിക്ഷിക്കുകയോ സംഹരിക്കുകയോ ചെയ്യുന്നില്ല. ഏതെങ്കിലും ശിക്ഷകളെ കുറിച്ച് ഓർത്താൽ തന്നെ ടി പത്മനാഭന്റെ അകക്കണ്ണ് അകമനസ്സും നിറഞ്ഞു തൂവുമത്രേ ! അത്തരമൊരു മതാതീതമായ ആത്മീയതയിലേക്ക് പ്രവേശനം ലഭിച്ചതിനാലാവണം പണ്ടുമുതലേ അദ്ദേഹത്തിന് അധിക പുരുഷത്വത്തിൽ നിന്നുകൊണ്ട് എഴുതാൻ സാധിക്കുന്നത് .ഇങ്ങനെ ഒരു ആത്മീയതലം നിർമ്മിച്ചു നൽകിയതിൽ
ടി പത്മനാഭന്റെ അമ്മ മാതൃകയായിട്ടുണ്ടെന്നും പറയുന്നു.
“ ‘അധിക പുരുഷത്വം’ എന്ന് അല്ലെങ്കിൽ ‘പുരുഷസൂക്ഷ്മം’ എന്ന് ഞാൻ വിവരിക്കാൻ ശ്രമിച്ച തലത്തിലേക്ക് സ്വയം രൂപീകരിച്ചെടുത്ത ദർശനത്തെ മുൻനിർത്തി ഉയരാനും ആ ഉയർച്ചയിൽ നിന്നുകൊണ്ട് തനിക്ക് താഴെയുള്ള മണ്ണിലേക്ക് നോക്കി സന്തതികളെ നിർമ്മിക്കാനും ആണ് ശ്രമിച്ചിട്ടുള്ളത്.” അതുകൊണ്ടാണ് പത്മനാഭ കഥകളെ ആർദ്രമെന്നും കരുണാർദ്രമെന്നും വിളിച്ചു പോരുന്നത്. പക്ഷേ വീണ്ടും വീണ്ടും വായിക്കുമ്പോൾ ആ കഥകളിൽ നിറഞ്ഞുനിൽക്കുന്നത് സ്നേഹമാണെന്നും “ആ സ്നേഹം പക്ഷേ, സാധാരണ സ്നേഹമല്ല. സാധാരണ സ്നേഹത്തിൽ നിന്നും ഒന്നോ രണ്ടോ പടി ഉയർന്നു നിൽക്കുന്ന സ്നേഹവും അല്ല. അത് നിറവാണ്. ഈശ്വരാംശം നിറഞ്ഞ് മുറ്റി അമൃത കുംഭമായി മാറുന്നതാണ്. ആ അമൃത കുംഭത്തിലെ അംശമാണ്
ടി പത്മനാഭൻ പലപ്പോഴായി കഥകളിലൂടെ നൽകുന്നത് .അതിനാൽ കഥയെന്നത് ഔഷധിയായി മാറുന്നു. പത്മനാഭ കഥകൾ ഔഷധികളായി ചിലർക്കെങ്കിലും തോന്നുന്നതിൻറെ പൊരുളിതാണ്. നിങ്ങളുടെ ഏതോ രോഗങ്ങളെ സുഖപ്പെടുത്തുന്ന ഈശ്വരാംശത്തിന്റെ ലേപനം അതിലുണ്ട്.”
ഇത്രയും വായിച്ച് വെളിവ് നഷ്ടപ്പെട്ട വായനക്കാർക്ക് പോയ വെളിവ് തിരികെ കിട്ടാൻ ലേപനം മതിയാകില്ല! മരുന്ന് തന്നെ വാങ്ങി കഴിക്കേണ്ടി വരും!!
പത്മനാഭ കഥകളെ കുറിച്ചുള്ള സുസ്മേഷ് ചന്ത്രോത്തിന്റെ ‘പുതുപുത്തൻ കണ്ടെത്തലുകൾ’ കവർസ്റ്റോറിയുടെ ഒന്നാം ഭാഗമാണ്. കഥകളുടെ വിശകലനം വരുന്നത് രണ്ടാം ഭാഗത്താണ്.അതുകൂടി എഴുതാനുള്ള ക്ഷമയോ സഹനശക്തിയോ ഇതെഴുതുന്ന ആൾക്ക് ഇല്ലാത്തതിനാൽ ഇവിടെ നിർത്തുന്നു. ചന്ത്രോത്തിന്റെ കണ്ടെത്തലുകളുടെ അപൂർവ്വത കാണുമ്പോൾ പ്രസ്തുത കവർസ്റ്റോറി ഒരു കവർസ്റ്റോറി അല്ലെന്നും ഏതോ മലയാള ഗവേഷണ പ്രബന്ധമാണെന്നുമുള്ള വെളിപാട് വായനക്കാർക്ക് ഉണ്ടാകാവുന്നതാണ് ! സത്യത്തിൽ ഇതൊരു ഗവേഷണ പ്രബന്ധമായിരുന്നുവെങ്കിൽ വായനക്കാർ എടങ്ങേറിലാവില്ലായിരുന്നു. പ്രമാദമായ കുറ്റകൃത്യങ്ങളിൽ കോടതികൾ നേരിട്ട് കേസെടുക്കുന്നത് പോലെ ഏതെങ്കിലും യൂണിവേഴ്സിറ്റിക്ക് കനിവുണ്ടായി പ്രസ്തുത കവർസ്റ്റോറിയെ ഗവേഷണ പ്രബന്ധമായി സ്വീകരിച്ച് phD നൽകുമായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു !!!

ജൂലി ഡി എം
അദ്ധ്യാപിക
തികച്ചും ബ്രാഹ്മമണിമണിക്കൽ ഐഡിയോളജിയാണ് സുസ്മേഷ് എഴുതിവച്ചിരിക്കുന്നത്. ബീജദാനം എന്ന വാക്ക് തന്നെ നോക്കൂ…! വളരെ മനോഹരമായി ആസ്വദിച്ച് രണ്ട്േ പേർ സെക്സിൽ ഏർപ്പെടേ
രണ്ട്പേരിലും സംഭവിക്കുന്ന രതിമൂർച്ഛ ഒരാളിൽ മാത്രം എങ്ങനെയാണ് ദാനമാകുന്നത് ? ശുക്ലസമ്പന്നൻ എന്ന പ്രയോഗം വിഷ്ണുസഹസ്രനാമത്തിൽ എവിടെയോ കേട്ടിട്ടുണ്ട്… അത് താനല്ലയോ ഇത് എന്ന് ശങ്കയുണ്ട്… കഥാകൃത്ത് എന്ന Bigതന്തയെ ചോദ്യം ചെയ്യാത്ത കുഞ്ഞുങ്ങളെ സൃഷ്ടിച്ചിട്ട് താനാണ് വല്യ തന്ത എന്ന് പറയുന്നത് സത്യത്തിൽ സ്വയംഭോഗം മാത്രമാണ്
അറവൻ -.