
ഡോ.അരുൺ മോഹൻ പി.
Published: 10 October 2025 കവര്‍സ്റ്റോറി
ആധുനികകൊച്ചിയും ശക്തന്‍തമ്പുരാന്റെ രാഷ്ട്രതന്ത്രജ്ഞതയും
കേരളത്തില്‍ നിലവിലിരുന്ന പല നാട്ടുരാജ്യങ്ങളില്‍ ഒന്നു മാത്രമായിരുന്നു പെരുമ്പടപ്പ് സ്വരൂപികളായ കൊച്ചി. സി.ഇ. 1498ല്‍ പോര്‍ച്ചുഗീസുകാര്‍ കേരളത്തില്‍ എത്തിയതിനുശേഷം ഇവിടത്തെ നാടുവാഴി സ്വരൂപങ്ങള്‍, അവയിലെ മതനിഷ്ഠ, കച്ചവടം, ശിക്ഷാരക്ഷ, കച്ചവടം, പരസ്പരമുള്ള ഇടപാടുകള്‍ എന്നിങ്ങനെ നിരവധി മേഖലകളില്‍ വലിയമാറ്റങ്ങള്‍ സംഭവിച്ചു. പോര്‍ച്ചുഗീസിന്റെ സഹായത്തോടെ കൊച്ചി ഒരു കച്ചവടമേഖല എന്ന നിലയില്‍ പ്രബലതയിലേക്കുയര്‍ന്നെങ്കിലും ആന്തരികസംഘര്‍ഷങ്ങള്‍ ഒറ്റക്കെട്ടായി നിലയുറപ്പിക്കുന്ന ഒരു നാട്ടുരാജ്യമെന്ന പദവിയിയിലേക്ക് കൊച്ചിയെ എത്തിച്ചില്ല. അതിന്റെ ഫലമാകട്ടെ കച്ചവടക്കണ്ണോടു കൂടിയെത്തിയ സാമൂതിരി കൊച്ചി രാജ്യത്തിനകത്ത് ഭദ്രമായി നിലയുറപ്പിക്കാന്‍ ശ്രമിച്ചു എന്നതാണ്. ഇത് സി.ഇ. പതിനേഴാം നൂറ്റാണ്ടിന്റെ രണ്ടാം പാദമാകുമ്പോഴേക്കും ഡച്ചിനെ കൊച്ചിയിലേക്ക് ക്ഷണിക്കാനുള്ള സാഹചര്യമൊരുക്കി. സി.ഇ. 1663ല്‍ ഡച്ച് കൊച്ചിയിലെത്തുകയും കൊച്ചിയിലെ കോട്ടയില്‍ നിന്നും പോര്‍ച്ചുഗീസിനെ ഒഴിപ്പിക്കുകയും ചെയ്തു. അക്കൊല്ലം തമ്മിലുള്ള ബന്ധം ഇനിയെങ്ങനെയായിരിക്കണം എന്ന് വിശദമായി പ്രതിപാദിക്കുന്ന ഒരു കരാര്‍ തയ്യാറാക്കി ഒപ്പു ചാര്‍ത്തി സൂക്ഷിക്കുകയും ചെയ്തു. പതിനെട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പാദാരംഭത്തിലെ മൈസൂര്‍ സുല്ത്താന്മാരുടെ കടന്നുവരവും അന്ത്യത്തിലെ ബ്രിട്ടീഷ് ആധിപത്യവും ഡച്ചിന്റെ പിന്‍വാങ്ങലുമെല്ലാം കൊച്ചിയുടെ ഭരണത്തേയും സാമൂഹികജീവിതത്തേയും മറ്റും സവിശേഷമായ രീതിയില്‍ ബാധിച്ചു. ഇക്കാലത്ത് കോഴിക്കോട്, തിരുവിതാംകൂര്‍ എന്നീ നാട്ടുരാജ്യങ്ങളെ അപേക്ഷിച്ച് കൊച്ചി ചെറുരാജ്യമായിരുന്നു. ഈ രണ്ടു രാജ്യങ്ങളും കൊച്ചിയുടെ പലമേഖലകളും കൈക്കലാക്കുകയും ചെയ്തിരുന്നു. എന്നിട്ടും മൈസൂര്‍ ഭരണകാലത്തും ഡച്ച് കൊളോണിയലിസത്തിന്റെ അന്ത്യത്തിലും ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ പ്രാരംഭത്തിലും കൊച്ചി വലിയ പരിക്കുകളില്ലാതെ അതിജീവിക്കുകയും സാമൂഹികമായും സാമ്പത്തികമായും അല്പമെങ്കിലും മുന്നേറുകയും ചെയ്തു. ഈ മുന്നേറ്റത്തിന് സഹായകമായത് രാമവര്‍മ്മ എന്ന ശക്തന്‍ തമ്പുരാന്റെ രാഷ്ട്രതന്ത്രജ്ഞതയാണ്. ഈ പ്രബന്ധം അക്കാലത്തെ കത്തിടപാടുകളെയും മറ്റും കേന്ദ്രമാക്കി ഈ ഘടന മനസ്സിലാക്കാനുള്ള ശ്രമമാണ്.
യൂറോപ്യന്‍മാരുടെ കൊളോണിയല്‍ വാഴ്ചക്കാലമായ സി.ഇ. പതിനെട്ടാംനൂറ്റാണ്ടില്‍ കേരളത്തിലെ നാട്ടുരാജ്യങ്ങളില്‍ പ്രബലരെന്നു വിളിക്കാന്‍ തിരുവിതാംകൂറും കോഴിക്കോടും കൊച്ചിയുമാണുണ്ടായിരുന്നത്. അതില്‍ത്തന്നെ പോര്‍ച്ചുഗീസുകാര്‍ എത്തിയ സി.ഇ. പതിനഞ്ചാം നൂറ്റാണ്ടില്‍ നെടിയിരുപ്പ്സ്വരൂപിയായ സാമൂതിരിക്കായിരുന്നു പ്രബലതയെങ്കില്‍ ഇക്കാലത്ത് തൃപ്പാപ്പൂര്‍ സ്വരൂപിയായ മാര്‍ത്താണ്ഡവര്‍മ്മ ആധുനിക തിരുവിതാംകൂറിനെ സൃഷ്ടിച്ചിരുന്നു. സി.ഇ.1729-ല്‍ ആണ് മാര്‍ത്താണ്ഡവര്‍മ്മയുടെ ഭരണകാലം തുടങ്ങുന്നത്. സി.ഇ. 1757ല്‍ അദ്ദേഹത്തിന്റെ മരണമാകുമ്പോഴേക്കും ഇന്ത്യയിലെ പുതുകച്ചവടശക്തിയായിരുന്ന ഇംഗ്ലീഷുകാരുമായി തിരുവിതാംകൂറിന് ആരോഗ്യകരമായ ബന്ധമുണ്ടായി. സി.ഇ. 1741 ല്‍ കുളച്ചലില്‍ വച്ച് ഡച്ചിനെ തോല്‍പ്പിച്ച് മാര്‍ത്താണ്ഡവര്‍മ്മ തന്റെ ഭരണപരവും അധികാരപരവുമായ ശക്തിയെ വെളിപ്പെടുത്തിക്കഴിഞ്ഞിരുന്നു. വടക്കോട്ട് പടനയിച്ച് കൊച്ചിയിലെ ഉദയംപേരൂര് വരെ അദ്ദേഹം എത്തി. കൊച്ചിയുടെ അവസ്ഥ ദുര്‍ബലമായിരുന്നു ഈ ഘട്ടത്തില്‍. അശക്തരായ ഭരണാധികാരികളും താവഴിത്തര്‍ക്കങ്ങളിലൂടെ നൂറ്റാണ്ടുകളായി നിലനില്ക്കുന്ന ആന്തരികസംഘര്‍ഷങ്ങളും ജന്മി-നാടുവാഴികളുടെ ധിക്കാരപരമായ നടപടികളും എല്ലാം ചേര്‍ന്ന് സംഘര്‍ഷഭരിതമായിരുന്ന ഈ സയത്തുതന്നെയുണ്ടായ മൈസൂര്‍ സുല്‍ത്താന്മാരുടെ പുതിയരീതിയിലുള്ള ഇടപെടലുകള്‍ സംഘര്‍ഷങ്ങളെ പുതിയ തലത്തിലേക്ക് നയിക്കുകയും ചെയ്തു. ഇക്കാലത്ത് കൊച്ചിയിലെ വലിയതമ്പുരാന്‍ അത്രയ്ക്ക് ഭരണനൈപുണി ഉള്ളയാളായിരുന്നില്ല. ഈ സന്ദര്‍ഭത്തെ കൊച്ചിരാജ്യ ചരിത്ര കര്‍ത്താവായ കെ.പി. പദ്മനാഭമേനോന്‍ ഇങ്ങനെ രേഖപ്പെടുത്തുന്നു:
“കൊല്ലം 951-ാമതു കന്നിമാസം 9-ാംനു വലിയ തമ്പുരാന്‍ തൃപ്പൂണിത്തുറെ നിന്നും തീപ്പെട്ടു. ഈ വലിയ തമ്പുരാന്‍ ഒരു ശാന്തശീലനായിരുന്നതിനാല്‍ അന്നത്തെ കാലസ്വഭാവത്തിന്നു രാജ്യത്തെയ്ക്കു നേരിട്ടിരുന്ന ആപത്തുകളില്‍ നിന്നും രക്ഷിച്ചു കൊണ്ടുപോരുവാന്‍ അവിടുന്ന് അശേഷം അപ്രാപ്തനായിരുന്നു. എളയതമ്പുരാനും എല്ലാ അംശങ്ങളിലും അവിടുത്തെ കനിഷ്ഠ സഹോദരസ്ഥാനം ശരിയായി വഹിച്ചിരുന്നു. എന്നു പറഞ്ഞാല്‍ കഴിഞ്ഞല്ലോ. എന്നാല്‍ മൂന്നാമത്താള്‍ വളരെ ശൗര്യവും, ചൊടിയും, സാമര്‍ത്ഥ്യവും, കാര്യപ്രാപ്തിയും സ്വരാജ്യത്തിന്റെ ഐശ്വര്യത്തിന്നും അഭിവൃദ്ധിക്കും അതിയായ മോഹമുള്ള ആളും ആയിരുന്നു. ഈ നിലയില്‍ സ്വരൂപത്തിലെ ബന്ധുക്കളെ ഡച്ചു ഗവര്‍ണ്ണരും തിരുവിതാംകൂര്‍ രാജാവും കൂടി ആലോചിച്ച് കാലാനുസരണം വേണ്ടുന്നതെല്ലാം സമയോചിതംപോലെ പ്രവര്‍ത്തിക്കുവാനായി 944-ാമതില്‍ രാജ്യകാര്യങ്ങളെ മൂന്നാമനെ ഏല്പിച്ചുകൊടുത്തു. അന്നുമുതല്‍ അവിടുന്നു 965-ല്‍ വലിയതമ്പുരാനായി മൂപ്പുസ്ഥാനത്ത് വരുന്നതുവരെ യഥാര്‍ത്ഥത്തില്‍ രാജ്യഭാരം വഹിച്ചുപോന്നു.” (കെ.പി.പദ്മനാഭമേനോന്‍: 2022, പുറം-599,600)
ഇവിടെ പരാമര്‍ശിച്ച മൂന്നാമന്‍ രാമവര്‍മ്മ എന്ന ഔദ്യോഗിക നാമകര്‍ത്താവായ ശക്തന്‍ തമ്പുരാനാണ്; സി.ഇ. 1769 മുതല്‍ വലിയതമ്പുരാന്‍ ഇരിക്കെത്തന്നെ അദ്ദേഹത്തിന് ഭരണകാര്യങ്ങളില്‍ നയപരമായും കണിശമായും ഇടപെടേണ്ടുന്ന അവസ്ഥയുണ്ടായി. അത്തരമൊരു കാലഘട്ടത്തില്‍ കൊച്ചിയെപ്പോലെ ഭൂവിസ്തൃതി, അധികാരശക്തി എന്നിവ നാള്‍ക്കുനാള്‍ കുറഞ്ഞുവന്നിരുന്നൊരു നാട്ടുരാജ്യത്തിന് രാമവര്‍മ്മ ശക്തനെപ്പോലൊരു രക്ഷാധികാരി അനിവാര്യവുമായിരുന്നു. വളരെ സുപ്രധാനങ്ങളും കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക ചരിത്രത്തില്‍ നിര്‍ണ്ണായകവുമായ സംഭവങ്ങളുണ്ടായ കാലഘട്ടമായിരുന്നു അത്. അവയെ നമുക്ക് ക്രമപ്പെടുത്താനാകും. ഡച്ച് കമ്പനിയുടെ ശക്തിക്ഷയം, ബ്രിട്ടീഷ് കമ്പനിയുടെ സഖ്യപരമായ ഇടപെടല്‍, മൈസൂര്‍ സുല്ത്താന്മാരുടെ കടന്നുവരവും കീഴടങ്ങലും, മാറിമറിയുന്ന കച്ചവട ബന്ധങ്ങള്‍, കച്ചവടത്തിലെ കുത്തക, ആധുനികരീതിയിലുള്ള സൈന്യം, തന്ത്രപരമായ ഒത്തുതീര്‍പ്പ് സന്ധികള്‍, നികുതി നവീകരണം, അധികാര കേന്ദ്രീകരണം മുതലായവയാണവ. ഇതോടൊപ്പം മത-സാമുദായിക സംബന്ധിയായ സുപ്രധാന തീരുമാനങ്ങളും ഉണ്ടാകുന്നു. കരിയാറ്റില്‍ ഔസേപ്പ് മെത്രാന്റെ മരണവും, വടക്കുംനാഥനിലെ യോഗിയാതിരിപ്പാട്, ഇരിങ്ങാലക്കുടയിലെ തച്ചുടയക്കൈമള്‍ എന്നീ സ്ഥാനികളുടെ അവരോധന നിരോധനവും പാലിയത്തച്ചനെ മന്ത്രിസ്ഥാനത്ത് നിന്നും അകറ്റി നിര്‍ത്തി ഗോവിന്ദപിള്ള സര്‍വ്വാധിയെ പ്രമാണിയാക്കിയതും ഈഴവസംഘമായ തണ്ടാന്മാരുടെ സൈന്യവും, മാപ്പിളമാരെ കപ്പല്‍ കച്ചവടമേഖലയിലേക്കുപയോഗിച്ചതും, സുറിയാനി ക്രിസ്ത്യാനികളോടുള്ള അനുഭാവപരമായ പെരുമാറ്റവും ലത്തീന്‍ കത്തോലിക്കരോട് നികുതിക്കാര്യത്തിലുള്ള ഇടച്ചിലും ഹൈദരാലിയും ടിപ്പുവുമായി അനുവര്‍ത്തിച്ച സുരക്ഷാപരമായ വിധേയത്തവും ബ്രിട്ടീഷുമായി നടത്തിയ സി.ഇ. 1791 ലെ ഒന്നാമത്തെ ഉടമ്പടിയായ പൗണി കരാറും, നെടുങ്കോട്ട ടിപ്പു ആക്രമിക്കുന്ന ഘട്ടത്തിലെടുത്ത തന്ത്രപരമായ സമചിത്തതയും, മരണത്തിന് മുന്‍വര്‍ഷം ഇടപെട്ട കുന്നംകുളം ആര്‍ത്താറ്റ്പള്ളി തര്‍ക്കവുമെല്ലാം ശക്തന്റെ രാഷ്ട്രതന്ത്രജ്ഞതയുമായും ഭരണകാലവുമായും ബന്ധമുള്ള പ്രധാന സംഭവങ്ങളില്‍ ചിലതാണ്.
സി.ഇ. 1784 ല്‍ ഡച്ചധികാരിയായ ആങ്കള്‍ബെക്ക് കൊച്ചി രാജാവിനയച്ച കത്തില്‍ മൂന്നാംമുറ രാജാവിന്റെ ചിത്രം തിരിച്ചറിയാം; ഈ എഴുത്തിന്റെ ആരംഭം ഇങ്ങനെയാണ്; “ഇന്ത്യക്കര നിയോഗത്തിലുൾപ്പട്ട മലയാളത്തയ്ക്ക് അധിപതി ആയ ജോൺ ഗെറാട്ത്തുപൺ ആകവെക്കു എതിലെര് എഴുത്ത്. പെരുംപടപ്പിൽ സ്വരൂപത്തുംകൽ മൂത്തരാജാവ് തിരുവിള്ളത്തിൽ ഏറ്റെണ്ടും അവസ്ഥ എന്നാൽ എറണാകുളത്ത് വച്ച് പട്ടൻമാരും മാർക്കക്കാരുമായിട്ട് എടച്ചിലുണ്ടായിട്ട് മൂന്നാംകൂറ് രാജാവ് കൊറഞ്ഞൊരിടയ്ക്ക് എറണാകുളത്ത് എഴുന്നെള്ളി പാർത്തിട്ട് മുന്നൂറ്റി ചില്ലാനം ആളുകളെ കല്പിച്ചിട്ട് ആയുധവും വടിയും കൊണ്ട് ചെന്ന് പറമ്പിലും പുരയിലും കടന്നിട്ട് ഏറിയൊരു നാശം വരുത്തുകയും ചെയ്തു. തെങ്ങായും ഇടിയിച്ച് വാഴയും കൊടിയും വെട്ടി പെണ്ണുംപിള്ളയും കിടാങ്ങളെയും വീട്ടിൽനിന്ന് ഓടിപ്പിക്കയും അവിടെ ഉണ്ടായ കൊഴിയും താറാവും പിടിച്ചു കൊണ്ടുപോയതു കൂടാത കണ്ട് ഏറിയൊരു പരുക്കകളൊക്കയും മാർക്കക്കാരരൊട് ചെയ്കയും ചെയ്തു.” (Series 1 N0 375/46 List LXII, Dated 1 – 4 -1784) ഈ ഉള്ളടക്കത്തില്‍ നിന്നും മനസ്സിലാക്കാവുന്നത് കമ്പനിയുടെ ആളുകളിലുള്‍പ്പെടുന്ന ലത്തീന്‍ ക്രിസ്ത്യാനികളില്‍ ഒരുവന്റെ പുരയിടത്തില്‍ മൂന്നാംകൂറ് രാജാവ് മുന്നൂറോളം ആയുധധാരികളോടൊത്തു ചെന്ന് അതിക്രമം കാണിച്ചു എന്നാണ്. ഇതിനു കാരണമാകട്ടെ എറണാകുളത്ത് പട്ടന്‍മാരും ലത്തീന്‍ ക്രിസ്ത്യാനികളും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ്. ശക്തന്‍ ഡച്ച് ഈസ്റ്റിന്ത്യാകമ്പനിയുടെ കൂടി അനുവാദത്താല്‍ കൊ.വ.944ല്‍ രാജ്യഭാരം ആരംഭിച്ചതാണന്നും ഓര്‍ക്കാവുന്നതാണ്. ഇവിടെ മനസ്സിലാക്കാവുന്ന മറ്റൊരു വസ്തുത മൈസൂര്‍ അധികാികള്‍ക്ക് കപ്പം കൊടുക്കേണ്ടതുണ്ട്. കൊച്ചി രാജാവിന് തന്റെ പരിധിക്കകത്തുള്ള ഇടങ്ങളില്‍ നിന്ന് നികുതി ഈടാക്കിയേ ഇത് കൊടുക്കാനാകൂ. അപ്പോള്‍ സി.ഇ.1663 ലെ ഡച്ചുമായുള്ള ഉടമ്പടി പ്രകാരം ക്രിസ്ത്യാനികളായവരില്‍ നിന്നും നികുതി പിരിച്ചില്ലെങ്കില്‍ കാര്യങ്ങളവാളത്തിലാകും അതൊഴിവാക്കാന്‍ ശക്തന്‍ രാജ്യത്തെ നയങ്ങളില്‍ മുന്‍നടപ്പുകളില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുകയാണ്.
മൈസൂര്‍ സുല്‍ത്താന്മാരുടെ കാലത്ത് ഡച്ച് കേരളത്തില്‍ ഒരു ശക്തിയുള്ള സംവിധാനമായി നിലനില്ക്കുന്നില്ല. അതിനാല്‍ തിരുവിതാംകൂര്‍ ആദ്യവും കൊച്ചി പിന്നീടും ഇംഗ്ലീഷ് ഈസ്റ്റിന്ത്യാകമ്പനിയിലേക്ക് അടുക്കുന്നത് കാണാനാകും.മൈസൂര്‍ സുല്‍ത്താന്മരാകട്ടെ കേരളം ആകെ തങ്ങള്‍ക്ക് കീഴമര്‍ത്താന്‍ ആഗ്രഹിച്ചു. കൊല്ലവര്‍ഷം 952ല്‍ നവാബ് ഹൈദരാലി തനിക്ക് കൊച്ചിയില്‍ നിന്നും എളങ്ങളൂര്‍ സ്വരൂപിയായ കൊടുങ്ങല്ലൂരില്‍ നിന്നും ഒന്നിച്ച് കിട്ടേണ്ടുന്ന കപ്പം സംബന്ധിച്ച് കൊല്ലവര്‍ഷം 952കന്നി 8ന് രാജാവിന് കത്തയച്ചിട്ടുണ്ട്. ഈ കത്തിന്റെ ആദ്യഭാഗം പരിശോധിക്കാം: “തൊഷെഖാനുക്കു പെരിയവരാഹന്‍ ഒരുലക്ഷം വരാഹനും കൊമ്പുള്ള ആന നാലും സഹഒപ്പിക്കിറൊമെങ്കിറതാഹ ബഹുവിധത്തിലെ ശൊല്ലിക്കൊണ്ട് ഒപ്പിക്കൊണ്ടപടിയിനാലെ അതേവരെക്കു സംവതിച്ചു കൊച്ചി കൊടുങ്ങല്ലൂരു സഹിതമായി ദുര്‍മ്മുഖവര്‍ഷംവരെയ്ക്കും പെരിയ വരാഹന്‍ ഒരുലക്ഷം വരാഹനും കൊമ്പുപെരിയ ആന നാലും സഹ നിഗതി ശെയ്യിപ്പിച്ചിരിക്കിറപടിയിനാലെ ഇന്ത വഹ ഖണ്ടണിപ്പണവും കൊണ്ടുവരികറുതുക്കു മിരഫ്ത്തനല്ലി ഹജ്ജൂരിലെ ഇരുന്തുകൊണ്ടു ഈശ്വരയ്യന്‍ കൊച്ചിക്കു സാകിവന്തിരിക്കിറപടിയിനാലെ ഇവനോടു കൂടവെ പെരിയവരാഹന്‍ ഒരു ലക്ഷവും ആന നാലും സഹശീഘ്രത്തിലെ സാഗിവിച്ച് അനുപ്പിവിക്കവും മുന്നേ ഹേവിളംബവര്‍ഷം ആരഭ്യവര്‍ഷം ഒന്നിക്കു പെരിയവരാഹന്‍ 30,000 വരാഹന്‍ പ്രകാരത്തിക്കു ഖണ്ടണിനിഗതി ശെയ് വിച്ചിരിക്കറ പടിയിനാലെ ഇന്ത നിഗതി പ്രകാരത്തിക്കു വര്‍ഷം പ്രതിയും പണം അടച്ചുകൊടുത്തു ശീമസകവിള ചെയ്തുകൊണ്ടു സുഖത്തിലെ ഇരിക്കവും.” (കെ.പി.പദ്മനാഭമേനോന്‍: 2022, പുറം-604) സി.ഇ. 1776 ല്‍ ഒരുലക്ഷം ആദ്യവും പിന്നീട് വര്‍ഷാവര്‍ഷം 30,000 വലിയവരാഹനും നവാബിന് നല്കേണ്ടതുണ്ട്. ഇത് അന്നോളമുള്ള കൊച്ചിയില്‍ പതിവില്ലാത്ത ചെലവാണ്. ഇതുവരെ കച്ചവടത്തില്‍ ഡച്ച് കമ്പനിയുടെ അപ്രമാദിത്തവും അധികാരത്തിലും ഭൂമിയിലും സാമൂതിരിയുടേയും തൃപ്പാപ്പില്‍സ്വരൂപികളായതിരുവിതാംകൂറിന്റെയും ഇടപെടലുകളും പിടിച്ചെടുക്കലും താവഴിത്തര്‍ക്കങ്ങളുമേ പരിചിതമായുണ്ടായിരുന്നുള്ളൂ. ഇതാനാല്‍ത്തന്നെയാണ് കൊല്ലവര്‍ഷം 944ല്‍ രാജ്യഭാരമേറ്റ് 951ല്‍ വലിയതമ്പുരാന്‍ മരിച്ചപ്പോള്‍ രണ്ടാമനായ തിരുമൂപ്പ് രാജ്യഭാരമേല്‍ക്കാതെ ശക്തനെത്തന്നെ തുടരാന്‍ അനുവദിച്ചത്.
കച്ചവടത്തിലൂടെ അഭിവൃദ്ധിപ്പെടാനുള്ള നീക്കം നടത്താനായത് സാമ്പത്തികമായ ഞെരുക്കം കുറക്കുന്നതിന് ശക്തന്‍ തമ്പുരാനെ സഹായിച്ചു. അദ്ദേഹം കപ്പലുകള്‍ പണിയിക്കുകയും മുളകടക്കമുള്ള ചരക്കുകള്‍ കയറ്റിയയക്കുകയും ചെയ്തു. ഈ ഘട്ടത്തില്‍ മുസ്ലീം വിഭാഗക്കാരെ ശരിയായ രീതിയില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞെന്നതും സ്പഷ്ടമാണ്. കപ്പലുകളില്‍ പ്രധാനി അഥവാ ക്യാപ്റ്റന്‍മാര്‍ മാപ്പിളമാരായിരുന്നു. കൊല്ലവര്‍ഷം 966 ല്‍ ശക്തന്‍ തമ്പുരാന്‍ ശരിക്കും വലിയതമ്പുരാനായി അരിയിട്ടുവാഴ്ച നടത്തി മട്ടാഞ്ചേരി കോവിലകത്തേക്ക് എഴുന്നള്ളുമ്പോള്‍ കൊച്ചങ്ങാടിയിലെ മൂന്നുതെരുവിലെ മാപ്പിളമാര്‍ അദ്ദേഹത്തിന് അകമ്പടി സേവിച്ചു. ഈ മാപ്പിളമാര്‍ക്ക് അത്തച്ചമയമെന്ന ഓണാഘോഷത്തിലും പങ്കെടുക്കാനാകുമായിരുന്നു എന്നും അവര്‍ക്ക് സംഭാവന ലഭിച്ചിരുന്നു എന്നും ശക്തന്‍ തമ്പുരാന്‍ എന്ന പുസ്തകത്തില്‍ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് (പുത്തേഴത്ത് രാമമേനോന്‍: 2023, പുറം-135).
സി.ഇ. 1782 ല്‍ ഹൈദരാലി മരിച്ചതിനുശേഷം ടിപ്പുസുല്‍ത്താന്‍ കേരളത്തിലെത്തി. ഈ ഘട്ടത്തിലും സൗഹാര്‍ദ്ദപരമായി മുന്നോട്ടുപോകാന്‍ കൊച്ചി ശ്രമിച്ചു. ഒപ്പം തന്നെ തിരുവിതാംകൂറുമായുള്ള ബന്ധവും ദൃഢപ്പെട്ടുവന്നു. ഇത് അത്ര നിസ്സാരമായിരുന്നില്ല. ടിപ്പുവിന് ഏത് വിധേനയും തിരുവിതാംകൂറിനെക്കൂടി കീഴ്പ്പെടുത്തി ഈ ഭൂമേഖല അടക്കി നിര്‍ത്തണമെന്നുണ്ടായിരുന്നു. തിരുവിതാംകൂറിനെ ആക്രമിക്കാന്‍ ടിപ്പുവിന് ഒരു കാരണം വേണമായിരുന്നു. തന്റെ പിതാവിന്റെ കാലം മുതല്‍ക്കുതന്നെ കപ്പം തന്ന് വിധേയത്തമുള്ള കൊച്ചിയിലെ ചില പ്രദേശങ്ങള്‍ തിരുവിതാംകൂര്‍ കയ്യടിക്കിവെച്ചിരിക്കുന്നെന്ന് ടിപ്പു മനസ്സിലാക്കി. കൊച്ചി ഇത് തിരിച്ചാവശ്യപ്പെടണം. തിരികെ ലഭിക്കാത്തപക്ഷം തിരുവിതാംകൂറിനെ ആക്രമിക്കാം. ഇതിനിടയില്‍ ടിപ്പു പാലക്കാട്ട് കോട്ടയിലേക്ക് ശക്തന്‍ തമ്പുരാനെ വിളിപ്പിക്കുകയും അദ്ദേഹം എത്താന്‍ വൈകിയത് തിരുവിതാംകൂറിന് വിവരങ്ങള്‍ കൈമാറിയതിനാലാണോ എന്ന് ടിപ്പുസുല്‍ത്താന്‍ ശങ്കിക്കുകയും ചെയ്യുന്നുണ്ട്. എന്നിരുന്നാലും ശക്തനുമായി രമ്യതയില്‍ത്തന്നെയാണ് ടിപ്പു സഹവര്‍ത്തിച്ചത്. അതിനൊരു കാരണം മുടക്കമില്ലാത്ത കപ്പവും ഹൈദരാലിയുടെ കാലം മുതല്‍ക്കേയുള്ള അടുപ്പവുമാണ്.
മൈസൂരില്‍ ബ്രിട്ടീഷുമായുള്ള നിരന്തരസംഘര്‍ഷങ്ങളില്‍ ടിപ്പുസുല്‍ത്താന്റെ ശക്തിക്ഷയം കൃത്യമായി മനസ്സിലാക്കാനും സുരക്ഷിത മാര്‍ഗ്ഗത്തിലേക്ക് നീങ്ങാനും കൊച്ചിക്കായി. മലബാര്‍ പൂര്‍ണ്ണമായും ടിപ്പുവിന്റെ പരാജയത്തോടെ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാകമ്പനിക്ക് സ്വന്തമായി. ഈ ഘട്ടത്തില്‍ ശക്തന്‍ നടത്തിയ രണ്ട് നീക്കങ്ങള്‍ ശ്രദ്ധേയങ്ങളാണ്. ഒന്നാമത്തേത് മൈസൂരുമായി സഖ്യത്തിലാകാനുണ്ടായ കാരണങ്ങളും മറ്റും ചൂണ്ടിക്കാട്ടി ഡച്ച് ഈസ്റ്റിന്ത്യാകമ്പനി ഗവര്‍ണ്ണര്‍ ജനറലിനയച്ച കത്താണ്. സുദീര്‍ഘമാണീ കത്ത്. ഒരു ചെറുകച്ചവട കമ്പനിമാത്രമായി ഡച്ചപ്പോഴേക്കും ശുഷ്കിച്ചിരുന്നെങ്കിലും തന്റെ പൂര്‍വ്വികന്മാരായി ഡച്ചിന് നല്കിവന്നിരുന്ന മര്യാദയെ അദ്ദേഹവും നിലനിര്‍ത്തുന്നു.
ഈ കത്തിന്റെ ആദ്യഭാഗത്ത് ഹൈദരാലിയുമായി കപ്പം കൊടുത്ത് ചങ്ങാത്തം നേടിയെടുത്തതിന്റെ കാരണങ്ങള്‍ സൂചിപ്പിക്കുന്നു. അതിപ്രകാരമാണ്; “അരുളിച്ചെയ്ത് എത്രയും കീര്‍ത്തി ബഹുമാനപ്പെട്ട ബത്താവിലെ ഗൗര്‍ണ്ണദോരു ജനരാല്‍ക്കു എന്നാല്‍, ഹൈദര്‍നവാബു ബലത്തോടുകൂടി മലയാളത്തില്‍ വന്നു പലരാജാക്കന്മാരുടെ രാജ്യങ്ങളും ഒതുക്കി നമ്മുടെ രാജ്യവും ഒതുക്കത്തക്കവണ്ണം പാളയം നമ്മുടെ രാജ്യത്തും കടത്തി ഇട്ടതിന്റെ ശേഷം അക്കാലം കൊച്ചിയില്‍ കോട്ടയില്‍ വാഴുന്ന എതിരേലരുമായിട്ടും തൃപ്പാപ്പി സ്വരൂപത്തുങ്കല്‍ രാജാവുമായിട്ടും ഈ വന്നിരിക്കുന്ന ഗുണദോഷംകൊണ്ടു വിചാരിച്ചാറെ, ഇപ്പോഴത്തെ അവസ്ഥക്കു ദ്രവ്യം കൊടുത്തിട്ടും രാജ്യം പോകാതെ നിലനില്ക്കണമെന്നും, പിന്നത്തതില്‍ വേണ്ടും പ്രകാരം വിചാരിച്ചുകൊള്ളാമല്ലൊ എന്നും എതിലേരും തൃപ്പാപ്പി സ്വരൂപത്തിങ്കല്‍ രാജാവും പറകകൊണ്ടു നവാബായിട്ടും സമാധാനം ചെയ്തു കാലത്താല്‍ ദ്രവ്യവും കൊടുത്തു നാം നിലനിന്നുവരുന്ന അവസ്ഥയും ബഹുമാനപ്പെട്ട കുമ്പഞ്ഞിയുടെ ചേറ്റുവാ മണപ്പുറം കോട്ടയും ഒതുക്കിയിരിക്കുന്ന പ്രകാരങ്ങളും ബോധിച്ചല്ലോ ഇരിക്കുന്നു.” (കെ.പി.പദ്മനാഭമേനോന്‍: 2022, പുറം-628)
ബറ്റാവിയയിലെ ഗവര്‍ണ്ണര്‍ ജനറല്‍ക്കായുള്ള കത്തില്‍ താന്‍ കൊച്ചി കോട്ടയിലെ അന്നത്തെ അധികാരി എതിലേരുടെയും തിരുവിതാംകൂര്‍ രാജാവായ തൃപ്പാപ്പൂര്‍ സ്വരൂപത്തിലെ സുഹൃത്തിന്റെയും അഭിപ്രായം കൂടി പരിഗണിച്ചാണ് നവാബ് ഹൈദരാലിയുമായി ദ്രവ്യം അഥവാ പണം കൊടുത്തും രാജ്യം പോകാതെ നിലനിര്‍ത്തിയതെന്ന് സൂചിപ്പിക്കുന്നു. ഈ നില കത്തയക്കുന്ന സി.ഇ. 1789 ലും തുടരുന്നു. കുമ്പഞ്ഞിയുടെ അഥവാ കമ്പനിയുടെ നില അത്ര ഭദ്രമല്ലെന്ന് തനിക്കറിയാമെന്ന് ചേറ്റുവയിലെ കോട്ട ഇപ്പോള്‍ മൈസൂരിന്റെ അധീനത്തിലാണെന്ന സൂചനയില്‍ നിന്നും വ്യക്തമാകുന്നു. ഹൈദര്‍ നവാബിന്റെ മരണശേഷം മകനായ ടിപ്പു സുല്‍ത്താന്‍ ബാദ്ഷാ എന്ന പദവിയോടെ നിരവധി രാജ്യങ്ങള്‍ കീഴടക്കി വാഴുകയും ചെയ്യുന്നുണ്ട്. അദ്ദേഹം കൊച്ചി രാജാവിനെ പാലക്കാട്ട് കോട്ടയിലേക്ക് ചില വിവരങ്ങളറിയാന്‍ വിളിപ്പിച്ചിരുന്നു. ഈ കൂടിക്കാഴ്ച ടിപ്പുവും ശക്തനും തമ്മില്‍ പാലക്കാട് കോട്ടയില്‍ വെച്ചാണ് നടന്നത്. ഇതില്‍ നിന്നും തിരുവിതാംകൂറിനെ ആക്രമിക്കാനുള്ള പദ്ധതി മനസ്സിലാക്കിയ അദ്ദേഹം ഇക്കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ ശ്രമിക്കുന്നു; “ടിപ്പുബാര്‍ച്ഛാ അറുപതിനായിരം പുരുഷാന്തരത്തോളം കൊണ്ടു ഇങ്ങോട്ടേക്കു വന്നതു നെടുംകോട്ടകളും കൊടുങ്ങല്ലൂരു കോട്ടയുടേയും ഉറപ്പുകള്‍ കണ്ട് ഇതിന്മണ്ണം ഉണ്ടായിരിക്കുമെന്ന് ബാര്‍ച്ഛാ ഗ്രഹിക്കകൊണ്ട് തിരിച്ചു അങ്ങോട്ടക്കു പോകയും ചെയ്തു. വേനല്‍ പിറന്നാല്‍ ഏറിയ ബലത്തോടും വരുമെന്നും പാലക്കാട്ടുശ്ശേരി നമുക്കു വിശ്വാസമുള്ള ഒരു ആള് പറകയും ചെയ്തു. നാം ബഹുമാനപ്പെട്ട കുമ്പഞ്ഞിയെ വിശ്വസിച്ചു നടന്നുവരുന്ന അവസ്ഥയും നമുക്ക് വന്നിരിക്കുന്ന ഛേദങ്ങളും വൈഷമ്യങ്ങളും പല സംഗതിക്കലും നാം എഴുതിക്കൊടുത്തയച്ചിരിക്കകൊണ്ട് ബോധിച്ചല്ലൊ ഇരിക്കുന്നു. ഇപ്പോള്‍ കൊച്ചിക്കോട്ടയില്‍ വാഴുന്ന എതിരേലരുടെ ബുദ്ധിശക്തികൊണ്ടും ഉപായങ്ങള്‍കൊണ്ടും അവസ്ഥപോലെയുള്ള സഹായങ്ങള്‍ നമുക്കു ചെയ്തുവരികകൊണ്ടും അത്രെ ഒരു പ്രകാരത്തില്‍ നിലനിന്നുകഴിയുന്നത്. ഇപ്പോഴത്തെ അവസ്ഥക്കു ബഹുമാനപ്പെട്ട കുമ്പഞ്ഞിന്റെ ബലം തികച്ചിലായിട്ടു വരാഞ്ഞാല്‍ നിലനിന്നു കഴികയില്ലന്നത്രേ നമുക്കു തോന്നുന്നത്. എന്നുവരുമ്പോള്‍ ബഹുമാനപ്പെട്ട കുമ്പഞ്ഞിക്ക് മലയാളത്തില്‍ സ്ഥലങ്ങള്‍ പോകേണ്ടിവരുമല്ലോ. കുമ്പഞ്ഞിയും രണ്ടുസ്വരൂപവും ഗുണദോഷം ഒന്നായിച്ചേര്‍ന്നു വരികകൊണ്ട് കുമ്പഞ്ഞിയുടെ ബലം തികഞ്ഞു എത്തിക്കഴിഞ്ഞാല്‍ എല്ലാവരും കൂടി പ്രയത്നം ചെയ്യുമ്പോള്‍ ശത്രുവിന്റെ അമര്‍ച്ച വരികയും ചെയ്യുമല്ലൊ.” (കെ.പി.പദ്മനാഭമേനോന്‍: 2022, പുറം-628, 629) ഇതില്‍ നിന്നും ഡച്ച് ഈസ്റ്റിന്ത്യാ കമ്പനിയുടെ അക്കാലത്തെ അവസ്ഥ വ്യക്തമാണ്. ടിപ്പു നിലവില്‍ കാലാവസ്ഥ മോശമായതിനാല്‍ തിരിച്ചുപോയി. അതു കോട്ടകളുടെ ബലം മനസ്സിലാക്കിയിട്ടു കൂടിയാണ്. വേനലില്‍ കൂടുതല്‍ ശക്തമായി തിരിച്ചുവന്നാല്‍ കമ്പനിക്കും നഷ്ടങ്ങളുണ്ടാവും. ഇതൊഴിവാക്കാന്‍ കൊച്ചിയും തിരുവിതാംകൂറും ഡച്ച് ഈസ്റ്റിന്ത്യാ കമ്പനിയും ഒന്നിച്ചുനിന്ന് ശത്രുവിനെ പരാജയപ്പെടുത്തണമെന്നും അതിന് ബറ്റാവിയയില്‍ നിന്നും കൂടുതല്‍ സൈന്യത്തെ അയപ്പിക്കണമെന്നുമാണ് കൊച്ചി രാജാവിന്റെ താല്പര്യം. എന്നാല്‍ നിലവിലതിനുള്ള ശേഷി കമ്പനിക്കില്ലെന്ന് അദ്ദേഹത്തിന് ബോധ്യവുമുണ്ട്. ഇതോടൊപ്പമാണ് രണ്ടാമത്തെ കാര്യം സംഭവിക്കുന്നത്. സി.ഇ. 1784 ല്‍ തിരുവിതാംകൂര്‍ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയുമായി ഒരു കരാറില്‍ ഏര്‍പ്പെട്ടിരുന്നു. ഇതു പ്രകാരം തിരുവിതാംകൂര്‍ ഇംഗ്ലീഷിന്റെ ബന്ധുവാണ്. അപ്രകാരമുള്ള തിരുവിതാംകൂറിനെ ആക്രമിക്കരുതെന്ന് കാണിച്ച് ഇംഗ്ലീഷും സുല്‍ത്താനും തമ്മില്‍ സി.ഇ. 1789ല്‍ കത്തിടപാടുണ്ടായി. സുല്‍ത്താന്‍ തിരുവിതാംകൂറിനെതിരെ നീങ്ങില്ലെന്നു ഇംഗ്ലീഷിനെ അറിയിച്ചെങ്കിലും തിരുവിതാംകൂര്‍ രാജാവ് ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയോട് സൈനികസഹായം ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് മിസ്റ്റര്‍ പൗണി എന്ന ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയിലെ സിവില്‍ ഉദ്യോഗസ്ഥനും സൈന്യത്തോടൊപ്പം തിരുവിതാംകൂറില്‍ എത്തുന്നത്. സുല്‍ത്താന്‍ തിരുവിതാംകൂറിനെ ആക്രമിക്കുമെന്നത് ഉറപ്പായിരുന്നു. ഇതിനായി കൊച്ചിയുമായുള്ള ബന്ധം ഉപയോഗിക്കാന്‍ ശ്രമിച്ചെങ്കിലും ശക്തന്‍ തന്ത്രപരമായി ഒഴിഞ്ഞുമാറിക്കൊണ്ടിരുന്നു. സി.ഇ. 1789 ഒക്ടോബറില്‍ ടിപ്പുസുല്‍ത്താന്‍ കോയമ്പത്തൂര്‍ നിന്നും സൈന്യവുമായി പുറപ്പെട്ടു. നവംബറില്‍ കൊച്ചി രാജ്യത്ത് പ്രവേശിച്ചു. ഡിസംബര്‍ 14ന് സൈന്യം തൃശ്ശൂരെത്തുകയും 24ന് തലക്കാട് എന്നയിടത്ത് പാളയമടിക്കുകയും ചെയ്തു. 28ന് നെടുങ്കോട്ട ആക്രമിക്കാനാരംഭിച്ചു. 29ന് കോട്ടക്കകത്ത് പ്രവേശിച്ചെങ്കിലും ശക്തമായ ഏറ്റുമുട്ടലുണ്ടായി. ടിപ്പുവിന് കിടങ്ങില്‍ വീണ് കാലിന് പരിക്കേല്‍ക്കുകയും ഈ നീക്കം പരാജയപ്പെടുകയുമുണ്ടായി. എന്നാല്‍ കുപിതനായ ടിപ്പുസുല്‍ത്താന്‍ തിരിച്ചടിക്കാന്‍ ആഗ്രഹിച്ചു സി.ഇ.1790 മുതല്‍ ഇതിനുള്ള നീക്കങ്ങളുണ്ടായി. സംഘര്‍ഷഭരിതമായിരുന്നു ഇക്കാലം. ടിപ്പു കൊടുങ്ങല്ലൂര്‍ കോട്ട ആക്രമിച്ചപ്പോള്‍ കുടുംബത്തിലെ സ്ത്രീകളെ തിരുവിതാംകൂറിലേക്കയക്കുമെന്ന് അറിയിച്ച് കൊച്ചി രാജാവ് തിരുവിതാംകൂറിന് കത്തെഴുതി. സുല്‍ത്താനും സൈന്യവും ആലുവ വരെ മുന്നേറി. പെരിയാറിലെ വെള്ളപ്പൊക്കം കാരണവും ഇംഗ്ലീഷ് ഈസ്റ്റിന്ത്യാകമ്പനിയുടെ മൈസൂര്‍ ആക്രമണം കാരണവും ടിപ്പുവിന് തിരിച്ച് പോകേണ്ടി വന്നു. സി.ഇ.1790ല്‍ കൊച്ചിയിലെ വലിയതമ്പുരാന്‍ വസൂരിബാധിതനായി മരണപ്പെടുകയും ശക്തന്‍ മുറപ്രകാരം വലിയതമ്പുരാനായിത്തീരുകയും ചെയ്തു. കൊ.വ. 965 കര്‍ക്കടകം 32നായിരുന്നു ഈ മരണം.
സി.ഇ. 1790 ആഗസ്റ്റ് 15 ന് ശക്തന്‍ രാജാവായിത്തീര്‍ന്നു. ആഗസ്റ്റ് 18ന് അദ്ദേഹം സുല്‍ത്താന്റെ മേല്‍ക്കോയ്മ ഉപേക്ഷിച്ച് ഇംഗ്ലീഷ് ഈസ്റ്റിന്ത്യാകമ്പനിയുടെ മേല്‍ക്കോയ്മ അംഗീകരിക്കുന്ന വിവരം മിസ്റ്റര്‍ പൗണിയെ അറിയിച്ചു. യഥാര്‍ഥത്തില്‍ ഇതിനായുള്ള നീക്കം സി.1789ല്‍ പൗണി തിരുവിതാംകൂറില്‍ എത്തിയ സമയത്ത് തന്നെ ആരംഭിച്ചിരുന്നു. 1792 മാര്‍ച്ച് 18ന് ടിപ്പു സുല്‍ത്താനും ഇംഗ്ലീഷ് ഈസ്ററിന്ത്യാ കമ്പനിയും ഏര്‍പ്പെട്ട കരാര്‍ പ്രകാരം മലബാര്‍ കമ്പനിക്കധീനമായി. എന്നാല്‍ സി.ഇ. 1791 ഫെബ്രുവരി 2 ന് മദ്രാസിലെ കൗണ്‍സിലിന്റെ അംഗീകാരത്തോടെ പൗണി കരാര്‍ എന്നറിയപ്പെട്ട ഇംഗ്ലീഷും കൊച്ചിയും തമ്മിലുള്ള പ്രഥമ കരാര്‍ പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഈ കരാര്‍ പ്രകാരം കൊച്ചിക്ക് വലിയ വിഷമങ്ങള്‍ ഒഴിഞ്ഞു കിട്ടി. ശക്തന്റെ നയതന്തരജ്ഞതയാണിതിന് കാരണമെന്ന് കണക്കാക്കപ്പെടുന്നു. ഇതിനെ സംബന്ധിച്ച വിവരണം പരിശോധിക്കാം; രണ്ടാം വകുപ്പില്‍ ടിപ്പുവില്‍ നിന്നും സ്വതന്ത്രനാകുന്നതിനുള്ള സഹായവും ബലമായി സുല്‍ത്താന്‍ കൈയടക്കിവെച്ച പ്രദേശങ്ങള്‍ വീണ്ടെടുത്ത് കൊച്ചി രാജാവിനെ ഏല്‍പ്പിക്കുമെന്ന് ഉറപ്പ് നല്കിയതിനു ശേഷം വകുപ്പ് മൂന്ന് പ്രകാരം എന്ന നാട്ടിലുള്ള കീഴേടങ്ങളായ മുകുന്ദപുരം, കോടശ്ശേരി, മാപ്രാണം, പുതുക്കാട്, നന്തിയേലം എന്നിവയും പറവട്ടാനി എന്ന നാട്ടിലെ കീഴേടങ്ങളായ തൃശ്ശൂര്‍, പറവട്ടാനി, ഊരകം, പെരുമനം, ഏനാമാക്കല്‍, ചിറ്റലപ്പള്ളി എന്നിവയും പാലക്കാട്ടുശ്ശേരി നാട്ടില്‍ തെമ്മലപ്പുറം വടമലപ്പുറം എന്നീ നാടുകള്‍, അവയ്ക്ക് മധ്യേയുള്ള കൊടകരനാടും നാല് ദേശവും ചേറ്റുവാ മണപ്പുറം നാട്ടില്‍ പതിനെട്ടരയാളം, കാര, തൃപ്രയാറ്, കൊടുങ്ങല്ലൂര്‍ ശീമ, തിരുവഞ്ചിക്കുളം ക്ഷേത്രം എടത്തുരുത്തി എന്നിവയെ രേഖപ്പെടുത്തുന്നു. തുടര്‍ന്ന് നാലാം വകുപ്പ് പ്രകാരം ഈ പ്രദേശങ്ങള്‍ വീണ്ടെടുക്കാന്‍ കമ്പനി രാമവര്‍മ്മ രാജാവിനെ സഹായിക്കുമെന്നും അദ്ദേഹം കമ്പനിയുടെ സാമന്തനായി പരിഗണിക്കുപ്പെടുമെന്നുമുണ്ട്. അതോടൊപ്പം കൊടുക്കേണ്ടുന്ന കപ്പത്തിന്റെ കാര്യവും ഉണ്ട്. വകുപ്പ് മൂന്നില്‍ പറഞ്ഞ പ്രദേശങ്ങള്‍ രാജാവിന്റേതായി മാറുമ്പോള്‍ ആദ്യത്തെ വര്‍ഷം 70,000 രൂപ, രണ്ടാമത്തെ വര്‍ഷം 80,000 രൂപ, മൂന്നാമത്തെ വര്‍ഷം 90,000 രൂപ നാലാമത്തെ വര്‍ഷം 100,000 രൂപയും പിന്നീട് എല്ലാവര്‍ഷവും ഈ 100,000 രൂപയാണ് നല്കേണ്ടത്. ഈ തുകകള്‍ അതത് വര്‍ഷം നാല് ഗഡുക്കളായാണ് അടക്കേണ്ടത്. (കെ.പി.പദ്മനാഭമേനോന്‍: 2022, പുറം-639, 640) ഈ വകുപ്പുകള്‍ കമ്പനിയെ ശക്തന്‍ തമ്പുരാന്‍ തെറ്റിദ്ധരിപ്പിച്ചതാണെന്ന് പിന്നീട് കമ്പനിതന്നെ വിമര്‍ശനമുന്നയിച്ചു. പക്ഷേ, കരാറിന് കൗണ്‍സിലിന്റെ അംഗീകാരമുള്ളതിനാല്‍ കൊച്ചിക്കത് ആശ്വാസമായിരുന്നു.
ഈ കരാറിലെ എട്ടാമത്തെ വകുപ്പ് മേല്‍ സൂചിപ്പിച്ച വകുപ്പുകളെ സാധൂകരിക്കുന്നതായിരുന്നുl; “8. രാമവര്‍മ്മ രാജാവു സുസ്ഥിരമായും ഇടറിച്ച കൂടാതെയും കമ്പനിയെ വിശ്വസിച്ചും കമ്പനിയുടെ മേല്‍ക്കോയ്മയെ സമ്മതിച്ചും വര്‍ത്തിക്കുമെന്ന കാരണത്താല്‍, കമ്പനിയില്‍ നിന്നും രാജാവിനോടു മുന്‍ പറഞ്ഞതല്ലാതെ കൂടുതലായി യാതൊരു സംഖ്യയും അവകാശപ്പെടുകയോ ആവശ്യപ്പെടുകയോ ചെയ്യുന്നതല്ല. കമ്പനിയില്‍ നിന്ന് കമ്പനിയുടെ സാമന്തന്മാര്‍ക്കു നല്‍കുന്ന സകല രക്ഷകളും രാജാവിനു നല്‍കുന്നതുമായിരിക്കും.” (പുത്തേഴത്ത് രാമമേനോന്‍: 2023, പുറം-143, 144)
തുടര്‍ന്ന് സി.ഇ.1795 ആയപ്പോള്‍ ഡച്ചിന് കൊച്ചി വിട്ട് പോകേണ്ടിവന്നു. അതോടെ ബ്രിട്ടീഷ് ആധിപത്യം മറ്റൊരു തലത്തിലേക്കുയര്‍ന്നു. തുടര്‍ന്നും ഒരു വ്യാഴവട്ടത്തോളം കാലം തന്റെ മരണം വരെ ശക്തന്‍ തന്നെയായിരുന്നു കൊച്ചിയിലെ രാജാവ്. കച്ചവടം, കപ്പല്‍ നിര്‍മ്മാണം, കുതിരകളുടെ വിനിയോഗം, സൈന്യത്തിന്റെ നവീകരണം, നികുതി പിരിക്കല്‍ എന്നിങ്ങനെ ഒരു നാട്ടുരാജ്യമെന്ന നിലയില്‍ കൊച്ചിയെ സുരക്ഷിതമാക്കാനും ആഭ്യന്തരവും ബാഹ്യവുമായ സംഘര്‍ഷങ്ങളെ ചെറുക്കാന്‍ പുതുസഖ്യങ്ങളും കനത്ത തീരുമാനങ്ങളുമെടുക്കാനും ശക്തന്‍ തമ്പുരാന് സാധിച്ചു.
സഹായക ഗ്രന്ഥങ്ങള്‍
1. കൊച്ചി രാജ്യ ചരിത്രം, കെ.പി.പദ്മനാഭമേനോന്‍, മാതൃഭൂമി ബുക്സ്, കോഴിക്കോട്, പതിപ്പ് 4, 2022.
2. കൊച്ചി രാജ്യചരിത്രം പുരാരേഖകളിലൂടെ, വേലായുധന്‍ പണിക്കശ്ശേരി, ഡി.സി.ബുക്സ്, കോട്ടയം, 2022.
3. പെരുമ്പടപ്പ് ഗ്രന്ഥവരി, എഡി. എസ്. റെയ്മനണ്‍, കേരള സംസ്ഥാന പുരാരേഖ വകുപ്പ്, തിരുവനന്തപുരം, പതിപ്പ് 3, 2005.
4. ശക്തന്‍ തമ്പുരാന്‍, പുത്തേഴത്ത് രാമമേനോന്‍, മാതൃഭൂമി ബുക്സ്, കോഴിക്കോട്, പതിപ്പ് 3, 2023.
5. ശക്തന്‍ തമ്പുരാന്‍ തിരഞഞ്ഞെടുത്ത ഭരണരേഖകള്‍, എഡി. ജെ. രജികുമാര്‍, കേരള സ്റ്റേറ്റ് ആര്‍ക്കൈവ്സ് ബുള്ളറ്റിന്‍, കേരള സംസ്ഥാന പുരാരേഖ വകുപ്പ്, തിരുവനന്തപുരം, പതിപ്പ് 2, 2010.

ഡോ.അരുൺ മോഹൻ പി.
അസിസ്റ്റന്റ് പ്രൊഫസര്‍, മലയാള വിഭാഗം, ശ്രീനീലകണ്ഠ ഗവ. സംസ്കൃത കോളേജ്, പട്ടാമ്പി.
