
എഛ്.കെ.സന്തോഷ്
Published: 10 January 2026 ഗവേഷണ പംക്തി
ആഖ്യാനങ്ങളുടെ ഭൂപടങ്ങൾ; ഭൂപടങ്ങളുടെ ആഖ്യാനങ്ങൾ
സൈറ്റേഷൻസ് – രണ്ട്
“ജിയോക്രിട്ടിസിസത്തെക്കുറിച്ചുള്ള ഒരു പുസ്തകം വിവർത്തനം ചെയ്യുമ്പോൾ, അത്തരം ഉദ്യമത്തിന്റെ ‘സ്ഥലപരമായ’ പ്രാധാന്യത്തെക്കുറിച്ച് ഞാൻ വിശിഷ്യാ ബോധവാനാണ്. വെസ്റ്റ്ഫാൽ രണ്ടാം അധ്യായത്തിൽ ‘അതിർത്തിലംഘിക്കൽ’ (transgressivity) എന്ന് വിളിക്കുന്ന ആശയത്തോട് വളരെ സാമ്യമുള്ള, ഒരു ‘കടന്നുപോകലിനെയാണ്’ (crossing over) വിവർത്തനവും സൂചിപ്പിക്കുന്നത്. ‘Translatio’ എന്ന ലാറ്റിൻ വാക്കിന്റെ അർത്ഥം ‘അപ്പുറത്തേക്ക് കൊണ്ടുപോവുക’ (to carry over) എന്നാണ്; തീർച്ചയായും അത് ഒന്നിലധികം തരത്തിൽ അതിർത്തി കടക്കലുകളെ സൂചിപ്പിക്കുന്നു..തീർച്ചയായും, ഓരോ വിവർത്തനവും ഒരു ‘തെറ്റായ വിവർത്തനം’ (mistranslation) കൂടിയാണ്. സ്ഥലത്തിന്റെ ഒരു ആവിഷ്കാരത്തിനും (representation) ആ ‘യഥാർത്ഥ’ സ്ഥലത്തിന്റെ കൃത്യമായ പകർപ്പാകാൻ കഴിയില്ലാത്തതുപോലെ, ഒരു വിവർത്തനത്തിനും ഭാഷാപരവും സാംസ്കാരികവുമായ വിടവുകൾക്കപ്പുറത്തേക്ക് മൂലകൃതിയെ ‘യഥാർത്ഥമായിത്തന്നെ’ കൊണ്ടുവരാൻ കഴിയില്ല.വിവർത്തനത്തിൽ അല്ലെങ്കിൽ അതിർത്തി ലംഘനത്തിൽ) ഒരു വഞ്ചന (perfidy) അടങ്ങിയിരിക്കുന്നു. സഞ്ചാരികളും വായനക്കാരും മൂലകൃതികൾ തന്നെ അനുഭവിക്കാൻ ശ്രമിക്കുന്നതിന് ഇത് മതിയായ കാരണമാണ്. അത് മൂലരൂപങ്ങൾ പരിശുദ്ധമോ ആധികാരികമോ ആയതുകൊണ്ടല്ല, മറിച്ച് അത് അവരുടേതായ വിവർത്തനങ്ങളും, വഞ്ചനകളും, വ്യാഖ്യാനങ്ങളും നടത്തുന്നതിന് വേണ്ടിയാണ്.” ഭൗമനിരൂപണത്തെ മുന്നോട്ടുവെച്ച ബെർട്രാൻഡ് വെസ്റ്റ്ഫാളിന്റെ (Bertrand Westphal) പ്രധാന രചനയായ ‘Geocriticism Real and Fictional Spaces’ എന്ന കൃതിയുടെ ഇംഗ്ലീഷ് തർജ്ജമയ്ക്ക് നൽകിയ ആമുഖത്തിൽ വിവർത്തകനും ഭൗമനിരൂപണത്തെ പിൽക്കാലത്ത് വികസിപ്പിച്ച ചിന്തകനുമായ റോബർട്ട് ടി. ടാലി ജൂനിയർ എഴുതിയ വരികളാണിത്.
സാഹിത്യത്തിലും സാംസ്കാരിക പഠനങ്ങളിലും ‘സ്ഥലം’ (Space) എന്ന സങ്കല്പനത്തിന് സമീപ കാലത്തായി വലിയ പ്രാധാന്യം ലഭിച്ചിട്ടുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിൽ ചരിത്രത്തിനും സമയത്തിനും (Time) ആയിരുന്നു പ്രാധാന്യമെങ്കിൽ, രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ‘സ്ഥലം’ എന്ന ആശയത്തിന് വിമർശനാത്മക സിദ്ധാന്തങ്ങളിൽ മുൻഗണന ലഭിച്ചുതുടങ്ങി. ആഗോളവൽക്കരണം, പോസ്റ്റ്‌കൊളോണിയലിസം, സാങ്കേതികവിദ്യാവികാസം എന്നിവ ഭൂമിശാസ്ത്രപരമായ അതിരുകളെ മാറ്റിമറിച്ചതോടെ സ്ഥലദർശനങ്ങൾ പുതിയ മാനങ്ങളിലേക്ക് വികസിച്ചു.. സ്ഥലം (Space) എന്നത് കേവലം കഥ നടക്കുന്ന പശ്ചാത്തലം (Setting) മാത്രമല്ലെന്നും, അത് ആഖ്യാനത്തെ നിർണ്ണയിക്കുന്ന ഒരു സജീവ ഘടകമാണെന്നുമുള്ള തിരിച്ചറിവാണ് സ്ഥലിക സിദ്ധാന്തങ്ങളിലൂന്നിയ സാഹിതീയ വിശകലനങ്ങളെ മുന്നോട്ടുകൊണ്ടുപോയത്. 1960 കളിൽ മിഷേൽ ഫൂക്കോയുടെയും ഹെൻറി ലെഫബറേന്റെയും ചിന്തകളിലൂടെയാണ് സ്ഥലകേന്ദ്രിതമായ ചിന്തകൾ ആദ്യം വികസിക്കുന്നത്. . പാരീസ് കേന്ദ്രീകരിച്ചാണ് ഈ സ്പേഷ്യൽ ടേൺ സംഭവിക്കുന്നതെന്ന് സോജ പറയുന്നു. മാർക്സിയൻ അടിത്തറയിൽനിന്നുകൊണ്ട് സ്ഥലം സാമൂഹികനിർമ്മിതിയാണെന്നും, സ്ഥലം എന്ന ഭൗതികസത്ത നിഷ്പക്ഷമോ പൂർവനിർണ്ണീതമോ അല്ല. മറിച്ച് സ്ഥലവും അതുൾക്കൊള്ളുന്ന വസ്തുക്കളും തമ്മിലുള്ള സങ്കീർണബന്ധങ്ങളിലൂടെ രൂപപ്പെടുന്നതുമാണെന്നും ലെഫബെർ വാദിച്ചു.. തൊഴിലാളിയുടെ അന്യവത്കരണം എന്ന മാർക്സിന്റെ ആശയത്തെ ലെഫബെർ സ്ഥലപരമായ അന്യവൽക്കരണത്തിലേക്ക് വ്യാപിപ്പിക്കുകയാണ് ചെയ്തത്. വൈരുധ്യാ
ത്മകമായി ഒരേ ഇടത്തിൽ പ്രവർത്തിക്കുന്ന Perceived space, Conceived space, Lived space എന്നിങ്ങനെ മൂന്ന് അടരുകളുള്ള സ്ഥലികത്രയത്തിലൂന്നിയാണ് ലെഫബേറിയൻ സ്ഥലദർശനം രൂപപ്പെടുത്തുന്നത് . കൊളണിയനന്തരകാല സ്ഥലഭാവനയെ ഹൈബ്രിഡ് സ്പെയ്സായാണ് ഹോമി കെ. ഭാഭ പരിഗണിക്കുന്നത്. കൊളോണിയലിസത്തിന്റെയും ആഗോളവൽക്കരണത്തിന്റെയും സ്വാധീനഫലമായി രൂപപ്പെട്ട ഒരു പുതിയ സാംസ്‌കാരിക ഇടത്തെയാണ് ഭാഭ തേർഡ്സ്‌പേസ് എന്നുവിളിക്കുന്നത്. ഡേവിഡ് ഹാർവെ(‘The Condition of Postmodernity) വാൾട്ടർ ബെഞ്ചമിൻ( ഫ്ലാനൂർ എന്ന ആശയം), മാനുവൽ കാസ്റ്റൽസ്( ‘Space of Flows, Space of Places’), തുടങ്ങിയ ചിന്തകരും സ്ഥലികദർശനങ്ങളെ, പ്രത്യേകിച്ച് നഗരസ്ഥലികതയെ സംബന്ധിച്ച പുതിയ കാഴ്ചപ്പാടുകൾ അവതരിപ്പിച്ച ചിന്തകരാണ്. ലെഫബേറിന്റെ ദിശയിൽ സ്ഥലികതയത്തെ കൂടുതൽ വികസിപ്പിച്ചത് പോസ്റ്റ്മോഡേൺ പൊളിറ്റിക്കൽ ജിയോഗ്രാഫറും നഗരാസൂത്രകനുമായ എഡ്വാർഡ് സോജയായിരുന്നു.. തന്റെ സ്ഥലികത്രയത്തിൽ മൂന്നാമിടം(Thirdspace) എന്ന പേരിൽ സോജ അവതരിപ്പിക്കുന്ന സ്ഥലസങ്കൽപ്പനമാണ് കോളനിയനന്തര പഠനത്തിൽ പിന്നീട് ഏറെ പോപ്പുലറായത്. ആദ്യ രണ്ട് ഇടങ്ങളുടെയും ഇരട്ടസ്വഭാവത്തെ മൂന്നാമിടം പുനർനിർമ്മിക്കുന്നുണ്ട്, ഒരേസമയം യഥാർത്ഥവും പ്രതീതവുമായ, വ്യക്തിത്വത്തിന്റെയും സംഘാനുഭവത്തിന്റെയും സംയോജിതസ്ഥലരാശി എന്ന നിലയ്ക്കാണ് സോജ ഈ മൂന്നാമിടത്തെ പരിഗണിക്കുന്നത്.
ഈ ഘട്ടമാവുമ്പൊഴേക്കും സാഹിതീയപഠനങ്ങളിലും സെറ്റിങ്ങ് എന്ന ആഖ്യാനവിജ്ഞാനീയം ഉറപ്പിച്ചെടുത്ത ആഖ്യാനഘടകത്തെ ഭൂമിശാസ്ത്രം എന്ന് മാറ്റിയെഴുതുന്നുണ്ട്. സാഹിതീയ ഭൂമിശാസ്ത്രം എന്ന നിലയ്ക്ക് ഈ സമീപനം ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ വികസിക്കുന്നുണ്ട് . ഒരു നോവലിലോ കഥയിലോ വിവരിക്കുന്ന സ്ഥലം യഥാർത്ഥ ലോകത്തെ സ്ഥലവുമായി എത്രത്തോളം കൃത്യത പാലിക്കുന്നു എന്നതായിരുന്നു 1994- നു മുമ്പുള്ള പ്രധാന അന്വേഷണം. സാഹിത്യം എന്നത് സ്ഥലത്തെ വെറുതെ പകർത്തിവെക്കലല്ല, മറിച്ച് സാഹിത്യം ഒരു സ്ഥലത്തിന് പുതിയ അർത്ഥങ്ങൾ നൽകി അതിനെ നിർമ്മിക്കുകയാണ് ചെയ്യുന്നത്. എന്ന് ‘മാർക്ക് ബ്രാസ്സോ പ്രോഗ്രസ് ഇൻ ഹ്യൂമൻ ജിയോഗ്രഫി’ (Progress in Human Geography) എന്ന ജേർണലിൽ എഴുതിയ ജിയോഗ്രഫീസ് ലിറ്ററേച്ചർ” (Geography’s Literature) എന്ന പ്രബന്ധത്തിൽ വാദിച്ചു. സാഹിത്യത്തെ ഭൂമിശാസ്ത്രപഠനത്തിനുള്ള ഒരു പുതിയ ഉപാധിയായി (Alternative geographic epistemology) മാറ്റിയ ലേഖനം കൂടിയാണിത്. ലേഖനം ഈ ലിങ്കിൽ വായിക്കാം. https://www.researchgate.net/publication/249871418_Geography%27s_literature.
എഴുത്തുകാരൻ ഒരു ഭൂപടരചയിതാവിനെപ്പോലെയാണ് (Mapmaker). ഭാവന (Fiction) യഥാർത്ഥ സ്ഥലത്തെ രൂപാന്തരപ്പെടുത്തുകയും അതിനെ പുതിയ ലോകത്തിന്റെ ഭാഗമാക്കുകയും ചെയ്യുന്നു.. എല്ലാ എഴുത്തുകളും ഭൂപടനിർമ്മാണത്തിൽ പങ്കുചേരുന്നുണ്ട്. ഏറ്റവും റിയലിസ്റ്റിക് ആയ ഭൂപടം പോലും സാഹിത്യം പോലെത്തന്നെ സങ്കീർണ്ണഭാവനകൾ നിറഞ്ഞതാണ്. വെസ്റ്റ്ഫാൽ പറയുന്നതുപോലെ, ഭൂമിശാസ്ത്രം അക്ഷരാർത്ഥത്തിൽ ഭൂമിയെക്കുറിച്ചുള്ള എഴുത്താണ് . ഈ വളർച്ചയിലെ ഒരു സുപ്രധാന ശാഖയാണ് സാഹിതീയ ഭൂപടനിർമിതി (Literary Cartography).
സ്ഥലം’ (Space), ‘ഇടം’ (Place) എന്നിവ തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചുള്ല ആലോചനകളും ഈ ഘട്ടത്തിൽ സജീവമാകുന്നുണ്ട്. അമൂർത്തവും വിശാലവുമായമായ ഒന്നാണ്‘സ്പേസ്’ എന്നും മൂർത്തവും അതിരുകൾക്കുള്ളിലുല്ല നിശ്ചിത സ്ഥലരാശിയാണ് പ്ലേസ് എന്നും പറയാറുണ്ടെങ്കിലും ഇവ തമ്മിൽ അതിർത്തി തിരിക്കാനാവില്ല. ‘Space and Place: The Perspective of Experience’ എന്ന തന്റെ പുസ്തകത്തിൽ യി-ഫു ടുവാൻ (Yi-Fu Tuan) ഈ വ്യത്യാസത്തെ നിർവചിക്കുന്നത് സ്വതന്ത്രവും ചലനാത്മകവും അതിരുകളില്ലാത്തതുമായ ഒന്നാണ് സ്പെയ്സ് എങ്കിൽ മനുഷ്യർ ഇടപെടുന്ന, വ്യവസ്ഥാപിതമൂല്യങ്ങൾ നിറഞ്ഞ (Established values), സുരക്ഷിതമായ ഒരു കേന്ദ്രമാണ് ഇടം എന്നാണ്.ഒരു ‘സ്പേസ്’ എപ്പോഴാണോ നിർവചിക്കപ്പെടുന്നത്, അർത്ഥപൂർണ്ണമാകുന്നത്, അപ്പോൾ അത് ഒരു ‘പ്ലേസ്’ ആയി മാറുന്നു. രൂപമില്ലാത്ത സ്ഥലത്തെ (Amorphous space) വ്യക്തമായ ഭൂരാശിയായി (Articulated geography) മാറ്റാനാണ് മനുഷ്യർ എപ്പോഴും ശ്രമിക്കുക. അത് നമ്മുടെ നോട്ടപ്പാടിന്റെ ഒരു വിശ്രമബിന്ദു കൂടിയാണ്. നാം ഒരു വലിയ പ്രദേശത്തെ നോക്കുമ്പോൾ, നമ്മുടെ കണ്ണ് എവിടെ ഉടക്കിനിൽക്കുന്നുവോ അതാണ് ‘പ്ലേസ്’. അടയാളം (Landmark) പോലൊന്ന്.
ഫെമിനിസ്റ്റ് ഭൂമിശാസ്ത്രം, ഡിജിറ്റൽ ഹ്യുമാനിറ്റീസ്, സ്പേഷ്യൽ ഹ്യുമാനിറ്റീസ് പോലുള്ള പുതിയ മേഖലകളും ജി. ഐ. എസ്, ടോപ്പോഗ്രാഫി, കാർട്ടോഗ്രാഫി തുടങ്ങിയ സങ്കേതങ്ങളും ഇതിനകം വളർന്നു. ഇതിന്റെ തുടർച്ചയിൽ സമീപകാലത്തു രൂപപ്പെട്ട സ്ഥലത്തേയും സാഹിത്യത്തേയും പരസ്‌പരം ബന്ധിപ്പിക്കുന്ന പഠനങ്ങളിൽ ഏറ്റവും പുതിയ സൈദ്ധാന്തിക സമീപനമാണ് ഭൗമനിരൂപണം (Geocriticism). തന്റെ ‘ജിയോക്രിട്ടിസിസം’ എന്ന പുസ്തകത്തിന്റെ ആമുഖത്തിൽ ഭൗമനിരൂപണത്തിന്റെ ഉപജ്ഞാതാവായ വെസ്റ്റ്ഫാൽ പാശ്ചാത്യചിന്തയിലെ സ്ഥലദർശനത്തിന്റെ പരിണാമത്തെ ചരിത്രപരമായി വിശദീകരിക്കുന്നുണ്ട്. സ്ഥലത്തെ (Space) നാം കാണുന്ന രീതിയും അതിനെ ആവിഷ്കരിക്കുന്ന രീതിയും ഒന്നല്ല എന്നുപറഞുകൊണ്ടാണ് വെസ്റ്റ്ഫാൽ തുടങ്ങുന്നത്. ആധുനികാനന്തരചിന്തയുടെ പശ്ചാത്തലത്തിലാണ് വെസ്റ്റ്ഫാൽ തന്റെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുന്നത്. സിദ്ധാന്തങ്ങൾക്ക് യാഥാർത്ഥ്യത്തെ അതേപടി പ്രതിഫലിപ്പിക്കാൻ കഴിയുമെന്ന വിശ്വാസം പോസ്റ്റ്‌മോഡേണിസം തള്ളിക്കളയുന്നു. പകരം, പുതിയകാലം ആപേക്ഷിക കാഴ്ചപ്പാടുകൾക്കും (Relativistic viewpoint) വൈവിധ്യങ്ങൾക്കും പ്രാധാന്യം നൽകുന്നതാണെന്ന് അദ്ദേഹം പറയുന്നു. ഇന്നത്തെ കാലഘട്ടത്തിൽ യാഥാർത്ഥ്യവും കല്പനയും തമ്മിലുള്ള അതിർവരമ്പുകൾ മാഞ്ഞുപോയിരിക്കുന്നു. ഗ്രീക്ക് പുരാണത്തിലെ മിനോട്ടോർ (Minotaur – “part man and part bull” -പാതി മനുഷ്യനും പാതി കാളയും) എന്ന രാക്ഷസനെ വെസ്റ്റ്ഫാൽ ഇവിടെ ഒരു പ്രതീകമായി ഉപയോഗിക്കുന്നുണ്ട്. പണ്ട് രാക്ഷസന്മാരെ കൊന്നൊടുക്കപ്പെടേണ്ടവരായിരുന്നുവെങ്കിൽ, ഇന്ന് ‘ബ്യൂട്ടി ആൻഡ് ദി ബീസ്റ്റ്’ അല്ലെങ്കിൽ ‘കിംഗ് കോങ്’’ കഥകളിലെപോലെ രാക്ഷസന്മാർ സ്നേഹിക്കപ്പെടുകയും പുനരധിവസിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇത് സൂചിപ്പിക്കുന്നത്, സാധാരണം (Normality) ഭാവനാത്മകം (Fiction) എന്നിവ തമ്മിലുള്ള വേർതിരിവുകൾ ഇല്ലാതായിരിക്കുന്നു എന്നാണ്.
മനുഷ്യനും സ്ഥലവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പഠനമാണ് ജിയോക്രിട്ടിസിസത്തിന്റെ അടിസ്ഥാനമെന്ന് വെസ്റ്റ്ഫാൽ പറയുന്നു. പാഠങ്ങൾ (texts), ചിത്രങ്ങൾ, സാംസ്കാരിക ഇടപെടലുകൾ എന്നിവയിലൂടെ അനുകരണാത്മകകലകൾ (mimetic arts) ക്രമീകരിക്കുന്ന ‘മാനവിക ഇടങ്ങളെ’ (human spaces) സൂക്ഷ്മവിശകലനത്തിനു വിധേയമാക്കുകയാണ് ഭൗമനിരൂപണം ചെയ്യുന്നത്. ജിയോക്രിട്ടിസിസത്തിന്റെ രീതിശാസ്ത്രത്തിലേക്ക് കടക്കുന്നതിന് മുൻപ്, അതിന്റെ സൈദ്ധാന്തികമായ അടിത്തറ ആദ്യമൂന്ന് അധ്യായങ്ങളിലായി ഗ്രന്ഥകർത്താവ് വിശദീകരിക്കുന്നു. സ്ഥലകാലപരതയെ (Spatiotemporality) ക്കുറിച്ചുള്ള ആദ്യ ധ്യായത്തിൽ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം സാഹിത്യനിരൂപണത്തിൽ അതുവരെ ആധിപത്യം പുലർത്തിയിരുന്ന ‘സമയം’ (Time) എന്ന ആശയത്തിന് മുകളിൽ ‘സ്ഥലം’ (Space) എന്ന ആശയത്തിന് എങ്ങനെ പ്രാധാന്യം ലഭിച്ചുവെന്ന് പരിശോധിക്കുന്നു.. പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും മനുഷ്യചിന്തയിൽ സമയത്തിനായിരുന്നു സ്ഥാലത്തേക്കാൾ കൂടുതൽ പ്രാധാന്യം. ഇക്കാലത്ത് സമയത്തെ തടസ്സങ്ങൾ ഉണ്ടായാലും ഒഴുക്ക് നിലക്കാതെ ശാന്തമായി ഒഴുകുന്ന ഒരു നദിയായാണ് കണക്കാക്കിയിരുന്നത്. സമയം മുന്നോട്ട് പോകുന്തോറും മനുഷ്യപുരോഗതിയും (Progress) സംഭവിക്കുമെന്ന “പോസിറ്റീവിസ്റ്റ്” (Positivist) ചിന്താഗതി അക്കാലത്ത് ശക്തമായിരുന്നു. വ്യവസായ വിപ്ലവകാലത്ത് പുരോഗതിയും സമയത്തിന്റെ മുന്നോട്ടുള്ള പോക്കും പര്യായപദങ്ങളെപ്പോലെയായിരുന്നല്ലോ വ്യവഹരിക്കപ്പെട്ടിരുന്നത്. ഈ കാലഘട്ടത്തിൽ സ്ഥലത്തെ (Space) കാലത്തിനു പ്രവർത്തിക്കാനുള്ള ഒരു വേദി അല്ലെങ്കിൽ ശൂന്യപാത്രം (Empty container) മാത്രമായാണ് കണ്ടിരുന്നത്.റെയിൽവേയുടെയും ടെലിഗ്രാഫിന്റെയും വരവോടെ ലോകമെമ്പാടുമുള്ള സമയം ഏകീകരിക്കപ്പെടുന്നുണ്ട്. 1883-ൽ വടക്കേ അമേരിക്കയിലും പിന്നീട് യൂറോപ്പിലും സമയമേഖലകൾ (Time zones) നിലവിൽ വന്നു. സമയം യൂനിവേഴ്സലായ ഒന്നായി മാറി. സ്ഥലത്തെ സമയത്തിന് കീഴിലാക്കുക എന്ന പ്രക്രിയ അതോടെ പൂർണ്ണമായി. എന്നാൽ 1945-ഓടെ, രണ്ടാം ലോകമഹായുദ്ധകെടുതികൾ സമയത്തെക്കുറിച്ചുള്ള ഈ പഴംധാരണകൾ അടിമുടി മാറ്റിമറിച്ചു. ഓഷ്വിറ്റ്സിലെയും ഹിരോഷിമയിലെയും ദുരന്തങ്ങളോടെ, “സമയത്തിന്റെ ഒഴുക്ക് പുരോഗതിയിലേക്ക് നയിക്കും” എന്ന വിശ്വാസത്തെ തകർത്തു. കാലം മുന്നോട്ട് പോകുന്തോറും മനുഷ്യൻ കൂടുതൽ ക്രൂരതകളിലേക്കാണ് നീങ്ങുന്നതെന്ന വെളിവ് സമയം ഒരു നേർരേഖയിലുള്ള ഒഴുക്കല്ലെന്നും (Linear flow), മറിച്ച് പലതായി ചിതറിയ ചെറിയ സമയത്തുണ്ടുകൾ ചേർന്ന ഒന്നാണെന്നും (Time fragments/Tempuscules) തിരിച്ചറിവിലേക്ക് നയിച്ചു. കൊളോണിയൽ സാമ്രാജ്യങ്ങളുടെ തകർച്ചയും അപകോളനികരണവും ലോകക്രമത്തെ മാറ്റിമറിച്ചതോടെ, സമയത്തിനുണ്ടായിരുന്ന പ്രാധാന്യം സ്ഥലത്തിന് ലഭിക്കാൻ തുടങ്ങി. ഈ മാറ്റം സാഹിത്യത്തിലും കലയിലും പ്രതിഫലിച്ചു സമയത്തിന്റെ അക്രമമായ അവസ്ഥയെ സൂചിപ്പിക്കാൻ “എൻട്രോപ്പി” എന്ന ആശയമാണ് ഉത്തരാധുനിക സാഹിത്യകാരന്മാർ ഉപയോഗിച്ചത്. തോമസ് പിൻചണെ (Thomas Pynchon) പോലെയുള്ള എഴുത്തുകാർ ഈ ആശയം സാഹിത്യത്തിൽ കൊണ്ടുവന്നു. നോവലുകളും കവിതകളും പരമ്പരാഗത സമയക്രമം തെറ്റിച്ചും, പേജിലെ സ്ഥലത്തെ (Space on the page) ഉപയോഗപ്പെടുത്തിയും എഴുതപ്പെടാൻ തുടങ്ങി. വായനക്കാരന് ഇഷ്ടമുള്ള രീതിയിൽ വായിക്കാവുന്ന, തുടക്കവും ഒടുക്കവും ഇല്ലാത്ത “ഹൈപ്പർടെക്സ്റ്റ്” രീതിയിലുള്ള നോവലുകൾ പിറകെ പ്രചാരത്തിലായി. ഡിജിമോഡേണിസ്റ്റ് പാഠപരത സിദ്ധാന്തീകരിക്കപ്പെട്ടു. ഈ പുതിയ ആഖ്യാനസന്ദർഭത്തിൽ സാഹിത്യപഠനത്തിന് ഭൂമിശാസ്ത്രം (Geography), ആർക്കിടെക്ചർ, അർബൻ സ്റ്റഡീസ് തുടങ്ങിയ വൈജ്ഞാനികമേഖലകളുമായുള്ള കൈ കോർക്കൽ അനിവാര്യമായി. മിഖായേൽ ബക്തിൻ ആവിഷ്കരിച്ച “ക്രോണോടോപ്പ്” (Chronotope) എന്ന സങ്കല്പവും, ഫെർണാണ്ട് ബ്രോഡലിന്റെ “ജിയോഹിസ്റ്ററി” (Geohistory) എന്ന ആശയവുമാണ് ഇതിന് തുടക്കമിട്ടത്. ചരിത്രത്തെ ഭൂമിശാസ്ത്രവുമായി ബന്ധിപ്പിച്ച് പഠിക്കണമെന്നും, സാഹിത്യത്തിലെ സ്ഥലകാല ബന്ധങ്ങളെ വിശകലനം ചെയ്യണമെന്നും ഇതിലൂടെ ഉറപ്പിക്കപ്പെട്ടു. മിഷേൽ ഫൂക്കോ, എഡ്വേർഡ് സോജ എന്നിവർ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം “സ്ഥലത്തിന്റെ യുഗം” (Epoch of space) ആണെന്ന് പ്രഖ്യാപിക്കുകയും, ചരിത്രത്തേക്കാൾ പ്രാധാന്യം ഭൂമിശാസ്ത്രത്തിന് നൽകുകയും ചെയ്തതോടെയാണ് സാഹിത്യസമീപനങ്ങളിലും സ്ഥലികതയുടെ കാലം വന്നതെന്ന് വെസ്റ്റ്ഫാൽ പറയുന്നു. സമകാലിക ലോകത്ത് സമയവും സ്ഥലവും വേർതിരിക്കാനാവാത്തവിധം കൂടിച്ചേർന്ന് “സ്പേസ്-ടൈം” ആയി മാറിയിരിക്കുന്നു എന്നും പഴയകാലത്തെ കൃത്യമായ അതിർവരമ്പുകളുള്ള അറിവുകളിൽ നിന്ന് വ്യത്യസ്തമായി, സാഹിത്യം അതിന്റെ ആഖ്യാനശരീരത്തിൽ അനിശ്ചിതത്വങ്ങളെയും (Uncertainty) പല വഴിപിരിയലുകളെയും (Forking paths) ഉൾക്കൊള്ളുന്നു എന്നും . ഭൂമിശാസ്ത്രവും സാഹിത്യവും ഒന്നിച്ചു ചേരുന്ന “ജിയോക്രിട്ടിസിസം” എന്ന പഠനശാഖ,ഈ സാമൂഹ്യ ലോകത്തെയും ആഖ്യാനലോകത്തെയും പുതിയ രീതിയിൽ മനസ്സിലാക്കാൻ സഹായിക്കുന്ന ഒന്നാണെന്നുമാണ് വെസ്റ്റ്ഫാൽ ആദ്യ അധ്യായത്തിൽ സമർത്ഥിക്കുന്നത്.
അതിർത്തിലംഘനങ്ങളെ( Transgressivity)ക്കുറിച്ചുള്ള അടുത്ത അധ്യായത്തിൽ സമകാലിക സ്ഥലത്തിന്റെ പ്രധാന സവിശേഷതയായ ചലനാത്മകതയെക്കുറിച്ചാണ് (Mobility) ചർച്ച ചെയ്യുന്നത്. സ്ഥലം എന്നത് അതിരുകൾ ഉല്ലംഘിക്കുന്ന, ദ്രാവകഭാവിയായ (Fluid) ഒന്നാണോ എന്ന അന്വേഷണമാണ് ഇത്. സ്ഥലം എന്നത് ഒരേസമയം ഏകീകൃതവും (Global) എന്നാൽ ചിതറിക്കിടക്കുന്നതുമാണ് (Fragmented) എന്ന് ലെഫബേർതന്നെ നിരീക്ഷിക്കുന്നുണ്ട്. ഫ്രഞ്ച് തത്വചിന്തകരായ ദെല്യൂസും ഗ്വത്താരിയും മുന്നോട്ടുവെച്ച ആശയങ്ങളെയാണ് ഈ ഭാഗത്ത് വെസ്റ്റ്ഫാൽ പൊതുവെ പിന്തുടരുന്നത്. ഇടങ്ങളെ സംബന്ധിച്ച അവരുടെ രണ്ട് പരികല്പനകളാണ് Smooth Space ഉം Striated Space ഉം. Smooth Space മരുഭൂമിയും കടലും പോലുള്ള നാടോടികളുടെയും സഞ്ചാരികളുടെയുമൊക്കെ ഇടമാണ്. കൃത്യമായ അതിരുകളോ മതിലുകളോ ഇല്ലാത്ത തുറന്നതും സ്വതന്ത്രവുമായ ഒരിടം. Striated Space ഭരണകൂടത്തിന്റെയോ അധികാരത്തിന്റെയോ ഇടമാണ്. മതിലുകൾ, റോഡുകൾ, നിയമങ്ങൾ എന്നിവയാൽ നിയന്ത്രിക്കപ്പെട്ട, സ്ഥിരതയുള്ള ഇടമാണിത്. കുത്തനെയുള്ള (Vertical) വരകളും സമാന്തരമായ പാളികളും നിറഞ്ഞ, ഏകശിലാ സ്വഭാവമാണ് ഇതിനുള്ളത്. നഗരജീവിതം ഇതിനകത്താണ് രൂപപ്പെടുന്നത്. Smooth Space കളെ നിയന്ത്രിക്കാനും (Striating) അവയെ അതിരുകൾക്കകത്താക്കാനും ഭരണകൂടങ്ങൾ എപ്പോഴും ശ്രമിക്കുന്നുവെന്ന് വെസ്റ്റ്ഫാൽ പറയുന്നു. ഈ നിയമത്തെയോ അതിർത്തിയെയോ ലംഘിക്കുന്ന പ്രവൃത്തിയാണ് ട്രാൻസ്ഗ്രെഷൻ. മുമ്പു പറഞ്ഞ രണ്ട് സ്പെയ്സുകളിലും ഈ അതിരുലംഘനക്രിയകൾ നിരന്തരം സംഭവിക്കുന്നുണ്ട്. ചലനാത്മകമായ (Dynamic) സ്ഥലങ്ങളിൽ ഈ അതിരുകൾ നിരന്തരം ലംഘിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ചരരാശിയായ, എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന സ്ഥലത്തിന്റെ അവസ്ഥയെയാണ് ട്രാൻസ്‌ഗ്രെസ്സീവിറ്റി എന്ന് വിളിക്കുന്നത് . പ്രദേശം (Territory) എന്നത് സ്ഥിരമായ ഒന്നല്ല. അതിൽ നിന്ന് പുറത്തുപോവുകയോ, അതിന്റെ സ്വഭാവം മാറുകയോ ചെയ്യുന്നതിനെയാണ് ‘ഡിറ്റെറിട്ടോറിയലൈസേഷൻ‘ (പ്രദേശവൽക്കരണത്തിൽ നിന്നുള്ള വിടുതി) എന്ന് വിളിക്കുന്നത്. ഇതിന് ശേഷം പുതിയൊരു പ്രദേശം രൂപപ്പെടുന്നതിനെ ‘റീടെറിട്ടോറിയലൈസേഷൻ’ (Reterritorialization) എന്നും വിളിക്കുന്നു. ഇറ്റാമർ ഇവൻ-സോഹറിന്റെ (Itamar Even-Zohar): ‘പോളിസിസ്റ്റം’ (Polysystem), യൂറി ലോട്മാന്റെ (Yuri Lotman) ‘സെമിയോസ്ഫിയർ’ (Semiosphere) തുടങ്ങിയ ആശയങ്ങളെയും ഇതിനകത്ത് അദ്ദേഹം ചർച്ച ചെയ്യുന്നുണ്ട്. ഭൂപടങ്ങൾ (Maps) പലപ്പോഴും അധികാരചിഹ്നങ്ങളാണ്. കൊളോണിയൽ കാലഘട്ടത്തിൽ സ്ഥലങ്ങൾക്ക് പുതിയ പേരുകൾ നൽകിക്കൊണ്ട് (Renaming/Empire of naming) തദ്ദേശീയ ഭൂഅറിവുകളെ മായ്ച്ചുകളയാൻ ഭൂപടങ്ങൾ ഉപയോഗിച്ചിരുന്നു. എന്നാൽ പോസ്റ്റ്‌മോഡേൺ സാഹിത്യത്തിൽ ഭൂപടങ്ങൾ അനിശ്ചിതത്വത്തെയാണ് സൂചിപ്പിക്കുന്നത്. സ്ഥലങ്ങൾ പഴയത് പോലെ കൃത്യമായി അടയാളപ്പെടുത്താൻ ഇന്ന് കഴിയില്ല എന്ന് അദ്ദേഹം പറയുന്നു. സ്ഥലപഠനങ്ങളിൽ പലപ്പോഴും അവഗണിക്കപ്പെടുന്ന ‘ശരീരം’. എന്ന ഇടത്തെക്കുറിച്ച്, പ്രത്യേകിച്ച് സ്ത്രീ – കീഴാള ശരീരസ്ഥലങ്ങളെക്കുറിച്ച് അദ്ദേഹം പരാമർശിക്കുന്നുണ്ട്. ബെൽ ഹുക്സ് (bell hooks), ഗ്ലോറിയ ആൻസൽദുവ (Gloria Anzaldúa) തുടങ്ങിയ സ്ത്രീ/ കീഴാളപക്ഷ ഭൂമിശാസ്ത്രകാരർ സ്ഥലത്തെ സംബന്ധിച്ച പുതിയ കാഴ്ചപ്പാട് അവതരിപ്പിക്കുന്നുണ്ട്. ഗ്ലോറിയ ആൻസൽദുവ അതിർത്തികളെ (Borderlands) ഒരു തുറന്ന മുറിവായാണ് (open wound) വിശേഷിപ്പിക്കുന്നത്. യാഥാർത്ഥ്യവും (Real) ഭാവനയും (Imagined) കൂടിച്ചേരുന്ന സോജയുടെ ‘Thirdspace’ നെയും അദ്ദേഹം ചർച്ചക്കു വെക്കുന്നുണ്ട്.
ലോകവും (World/Reality) സാഹിത്യകൃതിയും (Text/Fiction) തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അന്വേഷണമാണ് മൂന്നാമധ്യായം. യാഥാർത്ഥ്യവും ഭാവനയും തമ്മിലുള്ള ബന്ധത്തെയാണ് ‘റഫറൻഷ്യാലിറ്റി’ എന്ന് വിളിക്കുന്നത്. പാഠവും (Text) യാഥാർത്ഥ്യവും (Real) തമ്മിലുള്ള വേർതിരിവ് പൂർണ്ണമല്ല. സാഹിത്യം മാത്രമല്ല, ഭൂമിശാസ്ത്രം, വാസ്തുവിദ്യ, നഗരപഠനം തുടങ്ങിയ മേഖലകളും യാഥാർത്ഥ്യത്തെ മനസ്സിലാക്കാൻ ഭാവനയെ (Fiction) ഉപയോഗിക്കുന്നുണ്ട്. സാഹിത്യം യാഥാർത്ഥ്യത്തിന് അപരിചിതമായ ഒന്നായി നിലനിൽക്കുകയല്ല, മറിച്ച് യാഥാർത്ഥ്യത്തെ രൂപപ്പെടുത്തുന്നതിൽ (Formation of the real) പങ്കുവഹിക്കുന്നുണ്ട് എന്ന് അദ്ദേഹം വാദിക്കുന്നു.. ഒഡീസിയസിന്റെ കാലത്ത് ലോകം അപരിചിതവും ശൂന്യവുമായിരുന്നു. അന്ന് കഥകളാണ് (Narrative) സ്ഥലങ്ങളെ സൃഷ്ടിച്ചത്. ഒഡീസിയസ് സഞ്ചരിച്ച സ്ഥലങ്ങൾ ഭൂപടത്തിൽ ഉണ്ടായിരുന്നില്ല, മറിച്ച് അയാളുടെ വാക്കുകളിലൂടെയാണ് ആ സ്ഥലങ്ങൾ ഉണ്ടായത് . എന്നാലിന്ന് ലോകത്തെ മുഴുവൻ ഭൂപടങ്ങളിൽ രേഖപ്പെടുത്തിക്കഴിഞ്ഞു. ലോകം ഇപ്പോൾ ‘സമ്പൂർത്തീകരിക്കപ്പെട്ടു’ (Saturated). അതിനാൽ ഇന്നത്തെ എഴുത്തുകാർക്ക് പഴയതുപോലെ ശൂന്യ സ്ഥലങ്ങളെ സൃഷ്ടിക്കാനാവില്ല. പകരം, അവർ നിലവിലുള്ള സ്ഥലങ്ങളെ (Referent) ഭാവനയിലൂടെ പുനർനിർമ്മിക്കുകയാണ് ചെയ്യുന്നത്.
ബോദ്രിലാർദിനെയും മറ്റും പിന്തുടർന്ന് ഇന്നത്തെ സമൂഹം ‘യാഥാർത്ഥ്യം’ എന്നതിലുപരി ‘ഭാവനാത്മകം’ ആയി മാറി എന്ന് ഗ്രന്ഥകർത്താവ് നിരീക്ഷിക്കുന്നു.ണ്ട്.”കാഴ്ചകളുടെ ആഘോഷം (cult of the spectacle) എന്ന് ഗൈ ഡെബോർഡും ജീൻ ബോദ്രിലാർദും മറ്റും വിശകലനം ചെയ്ത ആ ശക്തിയാൽ, യാഥാർത്ഥ്യവും യാഥാർത്ഥ്യത്തിലൂന്നിയ സമൂഹവും ഒരുപക്ഷേ ഭാവനാത്മകമായി (fictional) മാറിയിട്ടുണ്ടാകാം.” ഡിസ്നി ലാൻഡ് പോലുള്ള സ്ഥലങ്ങളെ ഉദാഹരണമായി ചൂണ്ടിക്കാട്ടിക്കൊണ്ട്, ഇന്ന് യാഥാർത്ഥ്യം ഭാവനയെ അനുകരിക്കുകയാണെന്ന് (Simulacrum) ഗ്രന്ഥകർത്താവ് പറയുന്നു. എഡ്വേർഡ് സോജ (Edward Soja) ഇതിനെ ‘Real-and-imagined’ (യാഥാർത്ഥ്യവും ഭാവനയും ചേർന്ന ഇടങ്ങൾ – realandimagined’ ?) എന്നാണ് വിളിക്കുന്നത്. ഇത് ലോകത്തെ സംബന്ധിച്ച യാഥാർത്ഥ്യബോധം നഷ്ടപ്പെടുന്നതിലേക്കു നയിക്കും. ഈ ഘട്ടത്തിൽ സാഹിത്യവും യാഥാർത്ഥ്യവും തമ്മിലുള്ള വിടവ് നികത്തിക്കൊണ്ട് യഥാർത്ഥ ലോകത്തിൽ സ്വാധീനം ചെലുത്താനുള്ള ഉത്തരവാദിത്തം സാഹിത്യത്തിനുണ്ട് എന്ന് അദ്ദേഹം പറയുന്നു. സാഹിത്യത്തിലെ സ്ഥലവും യഥാർത്ഥ സ്ഥലവും (Referent) തമ്മിലുള്ള ബന്ധത്തെ വെസ്റ്റ്ഫാൽ ഹോമോടോപ്പിക്ക്( യഥാർത്ഥ സ്ഥലത്തെ ഉൾക്കൊള്ളുന്നത്) , ഹെറ്ററോ ടോപ്പിക്ക്( യാഥാർത്ഥ്യത്തിൽനിന്ന് ഇടം തിരിഞ്ഞു നിൽക്കുന്ന ഭിന്നസ്ഥലികതകൾ) ഉട്ടോപ്പിയൻ( യഥാർത്ഥ ലോകത്തെ റഫറന്റില്ലാത്ത കല്പിതസ്ഥലങ്ങൾ) എന്നു മൂന്നാക്കി തരംതിരിക്കുന്നുണ്ട്.
ആദ്യ മൂന്ന് അധ്യായങ്ങൾ ‘സ്ഥലം’ (Space) എന്ന ആശയത്തിനാണ് മുൻഗണന നൽകുന്നത് എങ്കിലും ജിയോക്രിട്ടിസിസം യഥാർത്ഥത്തിൽ മുൻഗണന നൽകുന്നത് ‘ഇടം’ (Place) എന്നതിനാണ്. വെസ്റ്റ്ഫാൽ ഈ രണ്ട് വാക്കുകളെയും കൂട്ടിയിണക്കി ‘മാനവിക ഇടം’ (Human Space) എന്ന ആശയമാണ് പ്രയോഗിക്കുന്നത്. ഭൗമനിരൂപണത്തിന്റെ വിശകലന പദ്ധതി അവതരിപ്പിക്കുന്നത് നാലാം അധ്യായത്തിലാണ്. ഈഗോ കേന്ദ്രിത സമീപനത്തിൽനിന്ന് ജിയോ കേന്ദ്രിത സമീപനത്തിലേക്കുള്ള മാറ്റമാണിത് എന്ന് അദ്ദേഹം പറയുന്നു. ഉദാഹരണത്തിന് ലോറൻസ് ഡറലിന്റെ അലക്സാണ്ട്രിയ’ എന്ന് പഠിക്കുന്നതിന് പകരം, ‘അലക്സാണ്ട്രിയ’ എന്ന നഗരത്തെ കേന്ദ്രസ്ഥാനത്ത് നിർത്തിക്കൊണ്ട്, ഡറലിന്റെയും മറ്റ് പല എഴുത്തുകാരുടെയും (കോൺസ്റ്റന്റൈൻ കവാഫി, എഡ്വാർ അൽ-ഖാറത്ത് തുടങ്ങിയവർ) കൃതികളെ ഒരേസമയം വിശകലനം ചെയ്യുന്ന രീതിയാണിത്. ഇതിലൂടെ ഒരു വ്യക്തിയുടെ കാഴ്ചപ്പാടിന് പകരം ആ സ്ഥലത്തിന്റെ മൊത്തത്തിലുള്ള ചിത്രം ലഭിക്കുന്നു . സി. വിയുടെ നോവൽ ത്രയത്തിലെ തിരുവിതാം കൂർ മാത്രമല്ല, വ്യത്യസ്ത ജനുസ്സിലുല്ല തിരുവിതാംകൂർ ആഖ്യാനങ്ങളെയൊക്കെ ചേർത്തുകൊണ്ടുള്ള തിരുവിതാംകൂർ എന്ന സ്ഥലഭാവനാഭൂപടത്തെ കണ്ടെത്തുന്നതുപോലെ.. തന്റെ വിശകലനപദ്ധതിയിലെ നാല് അടിസ്ഥാന തൂണുകളിലൊന്നായ ഇതിനെ ബഹുമുഖ വീക്ഷണം (Multifocalization) എന്നാണ് വെസ്റ്റ് ഫൽ വിളിക്കുന്നത്. മയ്യഴിയെക്കുറിച്ച് പറയുമ്പോൾ, അത് കൊളോണിയൽ സംജ്ഞാകരണമായ മാഹിയെ റദ്ദ് ചെയ്യുന്നു എന്നാലത് എം. മുകുന്ദന്റെ മാത്രം മയ്യഴിയല്ല, മറിച്ച് ഫ്രഞ്ച് ഭരണകൂടത്തിന്റെ രേഖകളിലെ മയ്യഴിയും, തദ്ദേശീയരായ മത്സ്യത്തൊഴിലാളികളുടെ മയ്യഴിയും, വിനോദസഞ്ചാരികളുടെ മയ്യഴിയുമൊക്കെ ചേരുന്നതാണ് യഥാർത്ഥ ‘മയ്യഴി’ എന്ന ഇടം. എൻഡോജീനസ് (Endogenous – ദേശവാസികൾ ആ സ്ഥലത്തെ നോക്കിക്കാണുന്ന രീതി) എക്സോജീനസ് (Exogenous – പുറമെ നിന്നുള്ളവർ ആ സ്ഥലത്തെ നോക്കിക്കാണുന്ന രീതി -സാമുവൽ മെറ്റിയർ കണ്ട തിരുവിതാംകൂർ പോലെ) , പഞ്ചേന്ദ്രിയാനുഭവം (Polysensoriality – പാശ്ചാത്യ സാഹിത്യപഠനങ്ങളിലെ കാഴ്ചാകേന്ദ്രിത സമീപനത്തിനു പകരം എല്ലാ ഇന്ദ്രിയാനുഭവങ്ങളുടെ ബഹുലതയിലുള്ള ഊന്നൽ ) ഇവയെല്ലാം ചേർന്നാണ് ബഹുമുഖാനുഭവചിത്രം രൂപപ്പെടുന്നത്. വിഷ്വൽ ഇമേജുകളാണ് സാഹിത്യത്തിൽ എപ്പോഴും പരിഗണിക്കപ്പെടുന്നത് എന്ന പ്രശ്നം വെസ്റ്റ്ഫാൽ ഇവിടെ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഒരു നഗരത്തിന്റെ ശബ്ദങ്ങൾ (Soundscape) അല്ലെങ്കിൽ ഗന്ധങ്ങൾ (Smellscape) എങ്ങനെയാണ് സാഹിത്യത്തിൽ ആവിഷ്കരിച്ചിരിക്കുന്നത് എന്ന അന്വേഷണം വിരളമാണല്ലോ. ഒച്ചകളും സ്പർശവും രസനയും ഗന്ധവുമൊക്കെ ദൃശ്യത്തോടൊപ്പം ഖസാക്ക് എന്ന ഇടത്തെ നിർവചിക്കുന്നുണ്ട് എന്ന കാര്യം നമ്മൾ ശ്രദ്ധിക്കാറില്ല.
രണ്ടാമത്തെ തൂണ് സ്തരീയത- സ്ട്രാറ്റിഗ്രാഫി (Stratigraphy)യാണ്. ഭൂമിശാസ്ത്രത്തിൽ മണ്ണിന്റെ അടരുകൾ പരിശോധിക്കുന്നതുപോലെ, ഒരു സ്ഥലത്തിന്റെ ചരിത്രത്തിലെ പല കാലഘട്ടങ്ങളെ (Temporal strata) സാഹിത്യത്തിലൂടെ പരിശോധിക്കുന്ന രീതിയാണിത്. സ്ഥലം നിശ്ചലമല്ല, അത് കാലത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ്. ഒരു സ്ഥലത്തിന് കാലത്തിന്റെ പല പാളികളുണ്ട്. ‘ഇപ്പോൾ’ കാണുന്ന സ്ഥലത്തിനടിയിൽ ‘കഴിഞ്ഞകാലത്തിന്റെ’ പല അടരുകൾ ഒളിഞ്ഞിരിപ്പുണ്ട്. ഭൗമനിരൂപകൻ ഒരു പുരാവസ്തുഗവേഷകനെപ്പോലെ ഈ പാളികളെ കുഴിച്ചെടുക്കണം. സാഹിത്യം ഈ മാറ്റങ്ങളെ അടയാളപ്പെടുത്തുന്നു. അതുകൊണ്ട് സാഹിത്യം നല്ലൊരു ഗവേഷണവസ്തുവാണ്. രണ്ടര നൂറ്റാണ്ടിന്റെ ദേശചരിത്രം എങ്ങനെ കയറിന്റെ ഇടത്തെ നിർമ്മിച്ചു എന്ന പരിശോധന സാഹിത്യത്തിനുപുറത്തും പ്രസക്തമായ ഒന്നാണല്ലോ. കുട്ടനാടിന്റെ സ്പേഷ്യോ ടെമ്പറാലിറ്റിയെ ഇത്ര ആഴത്തിൽ കൊത്തിവെച്ച മറ്റ് എഴുത്തുകളില്ല. നമ്മുടെ ഭൂപടനിർമ്മിതിയുടെയും ഭൂ തരം തിരിവിന്റെയും ചരിത്രം കൂടിയാണത്. ആയില്യം തിരുനാള്‍ മഹാരാജാവിന്റെ കാലത്ത് തിരുവിതാംകൂറിലാരംഭിച്ച കണ്ടെഴുത്തിന്റെ ഭാഗമായി കുട്ടനാട്ടില്‍ ഭൂമിയുടെ നല്‌പുതില്‌പുകള്‍ നിര്‍ണയിച്ച് തരം തിരിക്കാന്‍ വന്ന ഉദ്യോഗസ്ഥനിലൂടെയാണ് ആഖ്യാനം തുടങ്ങുന്നതുതന്നെ. ഖസാക്ക് എന്ന ഗ്രാമം ഒരൊറ്റ കാലത്തിലല്ല ജീവിക്കുന്നത്. അവിടെ പല കാലങ്ങൾ ഒന്നിനുമീതെ ഒന്നായി അടുക്കിവെച്ചിരിക്കുന്നു .ഈ കാലങ്ങൾ കൂടിക്കലരുന്നതുകൊണ്ടാണ് ഖസാക്കിൽ വസൂരിയും പ്രേതങ്ങളും കമ്മ്യൂണിസവും സഹജീവനം തേടുന്നത്. ഖസാക്ക് ഒരു ‘പാലിംപ്സെസ്റ്റ്’ (Palimpsest) ആണ് – മായ്ച്ചാലും മായാത്ത പഴയ എഴുത്തുകൾക്കിടയിൽ പുതിയ എഴുത്തുകൾ തെളിയുന്ന ഒരിടം .
അന്തർപാഠപരത(Intertextuality) യാണ് മൂന്നാമത്തേത്. ഒരു സ്ഥലത്തെക്കുറിച്ചുള്ള പുസ്തകം മറ്റൊരു പുസ്തകവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന പാഠാന്തരബന്ധ പരിശോധന.യാണത്. പാരീസിനെക്കുറിച്ചുള്ള ബാല്സാക്കിന്റെ നോവലുകൾ പിൽക്കാല എഴുത്തുകാർക്ക് ആ സ്ഥലത്തെക്കുറിച്ചുള്ള ഒരു റഫറൻസ് ആയി മാറുന്നുണ്ട്. ഇങ്ങനെ പുസ്തകങ്ങൾ തമ്മിലുള്ള ശൃംഖലയിലൂടെ (Intertextual chain) ഒരു സ്ഥലം സാഹിത്യത്തിൽ നിർമ്മിക്കപ്പെടുന്നു എന്ന അന്വേഷണമാണിത്. മുഹമ്മദ് അസദിന്റെ മരുഭൂവനുഭവങ്ങൾ മലയാളത്തിലെ മിക്ക മരുഭൂ സാഹിത്യരചനകളെയും ഗണ്യമായി സ്വാധീനിച്ചിട്ടുണ്ടല്ലോ.. പി കുഞ്ഞിരാമൻ നായരുടെ കേരളം പി. ഒ. ടെമ്പ്ലേറ്റ് പിൽക്കാലമലയാളകവിതയുടെ മുഴുവൻ റഫറൻസാണ്.
അന്തർ വൈജ്ഞാനികതയാണ് മറ്റൊന്ന്. ജിയോക്രിട്ടിസിസം സാഹിത്യത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല. ഭൂമിശാസ്ത്രം (Geography), നഗരാസൂത്രണം (Urban Planning), സിനിമ, ഫോട്ടോഗ്രാഫി, വാസ്തുവിദ്യ തുടങ്ങിയ പല മേഖലകളുമായും കൈകോർത്തുകൊണ്ടാണ് പ്രവർത്തിക്കുന്നത്. സാഹിത്യം ലോകത്തെ മനസ്സിലാക്കാനുള്ള ഒരു ഉപാധിയാണെങ്കിൽ, അത് മറ്റ് വിജ്ഞാനശാഖകളുമായി ചേർന്ന് നിൽക്കേണ്ടതുണ്ട്. എന്ന് വെസ്റ്റ്ഫാൽ പറയുന്നു.
സ്ഥലവുമായി ബന്ധപ്പെട്ട് ഉത്പാദിക്കപ്പെടുന്ന വാർപ്പുമാതൃകകളെയും അദ്ദേഹം ഈ അധ്യായത്തിൽ ചർച്ച ചെയ്യുന്നുണ്ട്. ഒരു ജനതയെക്കുറിച്ചുള്ള മാറ്റമില്ലാത്ത ധാരണകളെ വെസ്റ്റ്ഫാൽ ‘എത്‌നോടൈപ്പിംഗ്’ എന്ന് വിളിക്കുന്നു. ദേശീയത (Nationalism) പലപ്പോഴും ഇത്തരം എത്‌നോടൈപ്പുകളെ ആശ്രയിച്ചാണ് നിൽക്കുന്നത്. സ്റ്റീരിയോടൈപ്പുകൾ എന്നത് ‘ക്രമവും’ (Ordnung – Order) ‘സ്ഥാനവും’ (Ortung – Location) തമ്മിലുള്ള ബന്ധത്തെ ഉറപ്പിക്കാനുള്ള ഒരു ഉപാധിയാണെന്ന് വെസ്റ്റ്ഫാൽ പറയുന്നു .സ്റ്റീരിയോടൈപ്പുകൾ സ്ഥലത്തെ നിശ്ചലമായി കാണുമ്പോൾ, ജിയോക്രിട്ടിസിസം സ്ഥലത്തിന്റെ ചലനാത്മകതയെയാണ് (Mobility/Fluidity) പരിശോധിക്കുന്നത്. സാഹിത്യവും കലകളും സ്വതന്ത്രമായ ആവിഷ്കാരങ്ങളായതുകൊണ്ട്, അവയ്ക്ക് സ്റ്റീരിയോടൈപ്പുകളെ തകർക്കാനും സ്ഥലത്തിന്റെ യഥാർത്ഥമായ, മാറിക്കൊണ്ടിരിക്കുന്ന സ്വഭാവത്തെ കാണിച്ചുതരാനും കഴിയും. അപരനിർമ്മിതികളെ കർശനമായി ശ്രദ്ധിക്കേണ്ടതുണ്ട്. പിയറി ലോട്ടിയുടെ (Pierre Loti) ‘അസിയാദെ’ (Aziyadé) എന്ന നോവലിലെ ഇസ്താംബൂൾ നഗരത്തിന്റെ ഉദാഹരണം അദ്ദേഹം നൽകുന്നുണ്ട്. ലോട്ടിയുടെ ഇസ്താംബൂൾ യഥാർത്ഥ നഗരമല്ല, മറിച്ച് ‘ഓറിയന്റലിസം’ (Orientalism) അല്ലെങ്കിൽ ‘എക്സോട്ടിസിസം’ (Exoticism) എന്ന സ്റ്റീരിയോടൈപ്പിന്റെ ഒരു പ്രതിരൂപം മാത്രമാണ് . അതിനെ അപനിർമ്മിക്കേണ്ടത് മറ്റ് ഇസ്താംബൂൾ ആഖ്യാനങ്ങൾ ചേർത്തുകൊണ്ടാണ്.
1974-ലെ ഒരു അഭിമുഖത്തിൽ പ്രമുഖ നോവലിസ്റ്റ് ഇറ്റാലോ കാൽവിനോ തന്റെ ഒരു പ്രതിസന്ധിയെക്കുറിച്ച് പറയുന്നുണ്ട്. താൻ പാരീസിൽ ജീവിക്കുന്നുണ്ടെങ്കിലും തന്റെ എഴുത്തുകളിൽ ആ നഗരം കടന്നുവരുന്നില്ല. ഒരുപക്ഷേ പാരീസിനെക്കുറിച്ച് എഴുതണമെങ്കിൽ താൻ ആ നഗരത്തിൽ നിന്നുമാറിനിൽക്കേണ്ടി വരുമെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു.. മൂന്ന് പാരീസ് എഴുത്തുകളെ ചർച്ച ചെയ്തുകൊണ്ട് വെസ്റ്റ്ഫാൽ യഥാർത്ഥ സ്ഥലവും (Referent) എഴുത്തും (Text) തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് അവസാന അധ്യായത്തിൽ ചർച്ച ചെയ്യുന്നത്. കാൽവിനോയെ സംബന്ധിച്ചിടത്തോളം, തന്റെ മനസ്സിലുള്ള “ആന്തരികമായ പാരീസിനെ” (Inner landscape) എഴുതണമെങ്കിൽ, പുറമെ കാണുന്ന യഥാർത്ഥ പാരീസിനെ മനസ്സിൽ നിന്ന് ഒഴിവാക്കേണ്ടതുണ്ട് (Hollow out). യാഥാർത്ഥ്യവും ഭാവനയും തമ്മിലുള്ള സംഘർഷമാണിത്. പാരീസ് എന്നത് ഭൗതികമായ ഒരു നഗരം (ഹോസ്മാൻ നിർമ്മിച്ച കെട്ടിടങ്ങളും തെരുവുകളും) മാത്രമല്ല. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ പുസ്തകങ്ങളിലൂടെയും വായനയിലൂടെയും തങ്ങളുടെ മനസ്സിൽ നിർമ്മിച്ചെടുത്ത ഒരു സാങ്കൽപ്പിക നഗരം കൂടിയാണത്. അവിടെ നേരിട്ട് പോകാത്തവർക്ക് പോലും പാരീസിനെക്കുറിച്ച് അവരുടേതായ സങ്കൽപ്പങ്ങളുണ്ട്.
പാരീസിലെ തിരക്കേറിയ ‘പ്ലേസ് സെന്റ്-സൾപ്രിസ്’ (Place Saint-Sulpice) എന്ന സ്ഥലത്തെ കേന്ദ്രീകരിച്ച് ജോർജ്ജ് പെരക്ക് ഒരു പ്രൊജക്റ്റ് ചെയ്യുകയുണ്ടായി. ഒന്നും സംഭവിക്കാത്തപ്പോൾ എന്താണ് സംഭവിക്കുന്നത്?” (What happens when nothing happens) എന്ന് വിവരിക്കാനാണ് ജോർജ് പെരെക് ശ്രമിച്ചത്. 1974 ഒക്ടോബർ 18 മുതൽ 20 വരെ, ഏകദേശം 48 മണിക്കൂർ അദ്ദേഹം അവിടെ ചിലവഴിച്ചു. ആ സമയത്ത് അവിടെക്കൂടെ കടന്നുപോയ ബസുകൾ, ആളുകൾ, ചെറിയ സംഭവങ്ങൾ എന്നിവയെല്ലാം അദ്ദേഹം രേഖപ്പെടുത്തി. എന്നാൽ ഇത്തരം സൂക്ഷ്മമായ രേഖപ്പെടുത്തലുകൾ ആ സ്ഥലത്തിന്റെ പ്രത്യേകതയെ ഇല്ലാതാക്കുകയാണ് ചെയ്യുന്നതെന്ന് വെസ്റ്റ്ഫാൽ പറയുന്നു.. ലോകത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങളും വിവരിക്കുക അസാധ്യമാണെന്ന് എക്കോ തന്റെ ‘Six Walks in the Fictional Woods’ എന്ന പുസ്തകത്തിൽ പെരെക്കിനെ മുൻനിർത്തി പറയുന്നുണ്ട്. കാൽവിനോയ്ക്ക് എഴുതാൻ പാരീസിൽ നിന്ന് മാറിനിൽക്കണമായിരുന്നെങ്കിൽ , എക്കോയ്ക്ക് നേരെ തിരിച്ചായിരുന്നു. താൻ എഴുതുന്ന സ്ഥലം തന്റെ കണ്മുന്നിൽ ഉണ്ടായിരിക്കാൻ അദ്ദേഹം ആഗ്രഹിച്ചു. സ്ഥലവുമായി ഒരു “ശാരീരിക ബന്ധം” (Carnal relationship) അദ്ദേഹം കാത്തുസൂക്ഷിച്ചു. തന്റെ നോവലായ ‘ഫൂക്കോസ് പെൻഡുലം’ എഴുതുന്നതിന് മുൻപ്, അതിലെ കഥാപാത്രമായ കാസോബോൺ (Casaubon) സഞ്ചരിക്കുന്ന പാരീസിലെ വഴികളിലൂടെ , സെന്റ്-മാർട്ടിൻ തെരുവ് മുതൽ പ്ലേസ് ഡെ വോജ് വരെ എക്കോ നേരിട്ട് സഞ്ചരിക്കുന്നുണ്ട്. നോവലിൽ പറയുന്ന 1984 ജൂൺ 23-24 രാത്രിയിൽ ആകാശത്ത് നക്ഷത്രങ്ങളുടെ സ്ഥാനം എങ്ങനെയായിരുന്നു എന്ന് പരിശോധിക്കാൻ അദ്ദേഹം കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ പോലും ഉപയോഗിച്ചു. അത്രത്തോളം കൃത്യമായി യഥാർത്ഥ സ്ഥലത്തെ (Referent) നോവലിൽ കൊണ്ടുവരാൻ എക്കോ ശ്രമിച്ചിരുന്നു. എന്ന് വെസ്റ്റ്ഫാൽ പറയുന്നു. പലപ്പോഴും സ്ഥലത്തിന് മുൻപെ പാഠം (Text) വരുന്നു. കാൽവിനോയും എക്കോയും പാരീസിൽ എത്തുന്നതിന് മുൻപെ, നോവലുകളിലൂടെ ആ നഗരത്തെ തങ്ങളുടെ മനസ്സിൽ (Inner landscape) നിർമ്മിച്ചിരുന്നു. പാഠം സ്ഥലത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിനെ നിർണയിക്കുന്നു എന്ന് സാരം.. ചിലപ്പോൾ സ്ഥലം തന്നെ പാഠമായി മാറുന്നു, പെരക്കിനെപോലെ. പാഠവും സ്ഥലവും തമ്മിൽ ഏറ്റവും ഉന്നതമായ ഒരു ബന്ധം കൂടിയുണ്ട്. ഭാവനയും യാഥാർത്ഥ്യവും തമ്മിലുള്ള അതിർത്തി അവിടെ മാഞ്ഞുപോകുന്നു (Permeable border). ഭാവനയ്ക്ക് യഥാർത്ഥ ലോകത്തിന്റെ വികാസത്തിൽ അങ്ങനെ പങ്കുവഹിക്കാൻ കഴിയും. പാഠം സ്ഥലത്തിന് മുകളിലേക്ക് വളരുന്ന ഒരവസ്ഥയാണിത്. പുസ്തകങ്ങൾ വായിക്കാനുള്ളതാണ്, എന്നാൽ സ്ഥലങ്ങൾ വായിക്കാനുള്ളതല്ല എന്നൊരു ധാരണയുണ്ട്. എന്നാൽ വെസ്റ്റ്ഫാൽ പറയുന്നത് സ്ഥലങ്ങളും “വായിക്കാൻ കഴിയുന്നവയാണ്”
സാഹിത്യം എന്നത് സ്ഥലത്തെ വെറുതെ പകർത്തുന്ന ഒന്നല്ല, മറിച്ച് അത് സ്ഥലവുമായി നിരന്തരം ഇടപഴകുകയും, സ്ഥലത്തിന് പുതിയ അർത്ഥങ്ങൾ നൽകുകയും, ചിലപ്പോൾ യഥാർത്ഥ സ്ഥലത്തെ രൂപപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നുണ്ട് എന്നാണ് വെസ്റ്റ്ഫാൽ ഈ പുസ്തകത്തിലൂടെസ്ഥാപിക്കാൻ ശ്രമിക്കുന്നത്. ക്രിസ്റ്റീൻ മൊണ്ടാൽബെറ്റിയുടെ (Christine Montalbetti) അഭിപ്രായം അദ്ദേഹം ഉദ്ധരിക്കുന്നു. എഴുത്ത് (Discourse) ലോകത്തെ വെറുതെ വിവരിക്കുകയല്ല ചെയ്യുന്നത്, മറിച്ച് അത് ലോകത്തിൽ മുദ്ര പതിപ്പിക്കുകയും ലോകത്തെ മാറ്റുകയും ചെയ്യുന്നു. ലോകത്തിന് എഴുത്തിനെ സ്വാധീനിക്കാൻ കഴിയില്ലായിരിക്കാം, എന്നാൽ എഴുത്തിന് ലോകത്തിന്റെ രൂപം മാറ്റാൻ കഴിയും.. മാർക്ക് ഓജെയുടെ (Marc Augé) വാക്കുകളിൽ, എഴുത്തും സ്ഥലവും തമ്മിൽ നിരന്തരമായ ഒരു സംഭാഷണം നടക്കുന്നുണ്ട്. നഗരം എന്നത് അത് നൽകുന്ന ഭാവനയിലും (Imagination), ആ ഭാവന തിരിച്ച് നഗരത്തിന് നൽകുന്ന കാര്യങ്ങളിലും കൂടിയാണ് നിലനിൽക്കുന്നത്. നഗരം ഭാവനയ്ക്ക് ജന്മം നൽകുന്നു, ഓരോ നിമിഷവും ഭാവനയിൽ നഗരം പുനർജനിക്കുന്നു.
വിദ്യാർത്ഥികളുമായുള്ള ഒരു ഇന്ററാക്ഷനിൽ താനെങ്ങനെയാണ് ഭൗമനിരൂപണത്തിലേക്കു വന്നതെന്ന് അദ്ദേഹം വിവരിക്കുന്നുണ്ട്.
ചോദ്യം: എന്താണ് താങ്കളെ ജിയോക്രിട്ടിസിസം എന്ന സിദ്ധാന്തം രൂപീകരിക്കാൻ പ്രേരിപ്പിച്ചത്?
വെസ്റ്റ്ഫാളിന്റെ മറുപടി:
ഏകദേശം 20 വർഷം മുൻപ് ഞാൻ മെഡിറ്ററേനിയൻ കടലിനു ചുറ്റുമുള്ള ബാഴ്സലോണ, ബെയ്റൂട്ട്, ഹൈഫ, ടുണിസ് തുടങ്ങിയ 15-ഓളം സ്ഥലങ്ങളെക്കുറിച്ച് വേറിട്ട പഠനങ്ങൾ നടത്തിയിരുന്നു. ഈ പഠനങ്ങളിലെല്ലാം ഒരേ കാര്യമാണ് ചെയ്യുന്നതെന്ന് എനിക്ക് തോന്നി. അങ്ങനെ ഞാൻ ചെയ്യുന്ന കാര്യങ്ങളിൽ ഒരു പൊതുവായ രീതി (System) കണ്ടെത്താൻ ശ്രമിച്ചു. അതുകൊണ്ട്, ആദ്യം പ്രായോഗികമായ പഠനങ്ങളാണ് (Practice) ഉണ്ടായത്, അതിനുശേഷമാണ് സിദ്ധാന്തം (Theory) രൂപപ്പെട്ടത്. അക്കാലത്ത് ഫ്രാൻസിലും യൂറോപ്പിലും അമേരിക്കയിലും ‘ഇമേജോളജി’ എന്നതായിരുന്നു പ്രധാന പഠനരീതി. ഒരു എഴുത്തുകാരൻ മറ്റൊരു സ്ഥലത്തെക്കുറിച്ച് (സാധാരണയായി ഒരു യൂറോപ്യൻ എഴുത്തുകാരൻ യൂറോപ്പിന് പുറത്തുള്ള സ്ഥലത്തെക്കുറിച്ച്) നൽകുന്ന ചിത്രം പഠിക്കുക എന്നതായിരുന്നു ഇതിന്റെ രീതി. ഇത് ഏകപക്ഷീയമായ (One-way) ഒരു രീതിയാണെന്ന് എനിക്ക് തോന്നിയിരുന്നു.
പല സഞ്ചാരികളുടെ കാഴ്ചപ്പാടുകൾ ഒരേ സ്ഥലത്ത് വെച്ച് പരിശോധിച്ചാൽ എന്ത് സംഭവിക്കും?” എന്ന് ഞാൻ ചിന്തിച്ചു. ഇതാണ് ‘മൾട്ടിഫോക്കലൈസേഷൻ’ (Multifocalization) എന്ന ജിയോക്രിട്ടിസിസത്തിന്റെ അടിസ്ഥാന ആശയത്തിലേക്ക് നയിച്ചത്. ഇത് കേൾക്കുമ്പോൾ വളരെ ലളിതമായ കാര്യമായി തോന്നാം, പക്ഷേ അന്ന് അതിന് കൃത്യമായ ഒരു സിദ്ധാന്തം ഉണ്ടായിരുന്നില്ല.
90-കളിൽ ഇങ്ങനെയൊരു ആശയം കൊണ്ടുവരുന്നത് എളുപ്പമായിരുന്നില്ല. കാരണം അത് ‘ഘടനാവാദം (Structuralism) നിലനിന്നിരുന്ന കാലമായിരുന്നു. അന്ന് സാഹിത്യകൃതികൾക്ക് പുറത്തുള്ള ലോകത്തിന് (Outside world/Referent) ആരും പ്രാധാന്യം നൽകിയിരുന്നില്ല. സാഹിത്യം അല്ലാത്ത കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നു എന്ന് പറഞ്ഞ് പലരും വിമർശിച്ചു. എന്നാൽ സാഹിത്യം ലോകത്തിന് പുറത്തുള്ള ഒന്നല്ല, മറിച്ച് അത് ലോകത്തിനുള്ളിൽ (In the world) തന്നെയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത് സാഹിത്യം ലോകത്തിൽ നിന്ന് അകന്ന് ഒരു ദന്തഗോപുരത്തിൽ (Ivory tower) ഇരിക്കേണ്ട ഒന്നല്ല.
ഭാഗം രണ്ട്
വെസ്റ്റ്ഫാലിന്റെ നിരൂപണരീതിയെ വികസിപ്പിച്ചെടുക്കുന്നതില്‍ നിര്‍ണായകസംഭാവന് നല്‍കിയത് റോബര്‍ട്ട് ടി. ടാലി ജൂനിയറാണ്. ടെക്‌സസ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഇംഗ്ലീഷ് പ്രൊഫസറും പ്രശസ്ത സാഹിത്യ നിരൂപകനുമായറോബര്‍ട്ട് ടി. ടാലി ജൂനിയര്‍ ‘ജിയോ ക്രിട്ടിസിസം’, ‘സ്‌പേഷ്യല്‍ ലിറ്റററി സ്റ്റഡീസ്’ (Spatial Literary Studies) എന്നീ സാഹിത്യപഠനമേഖലകളിലെ മുന്‍നിര ചിന്തകനാണ്.
സാഹിത്യകൃതികൾ വെറും കഥ പറയുക മാത്രമല്ല, വായനക്കാരന്റെ മനസ്സിൽ സ്ഥലത്തെക്കുറിച്ചുള്ള ഭൂപടങ്ങൾ സൃഷ്ടിക്കുക കൂടി ചെയ്യുന്നുണ്ടെന്ന് അദ്ദേഹം സിദ്ധാന്തിച്ചു. ടാലി ജൂനിയർ വികസിപ്പിച്ചെടുത്ത സങ്കല്പമാണ് ‘ടോപ്പോഫ്രീനിയ’. യി-ഫു ടുവാൻ (Yi-Fu Tuan) അവതരിപ്പിച്ച ‘ടോപ്പോഫീലിയ’ (Topophilia – സ്ഥലത്തോടുള്ള സ്നേഹം) എന്ന സങ്കല്പത്തിന്റെ ചുവടിപിടിച്ചാണ് ടോപ്പോഫ്രീനിയ എന്ന ആശയം അദ്ദേഹം അവതരിപ്പിക്കുന്നത്. സ്ഥലത്തെക്കുറിച്ചുള്ള അവബോധത്തോടൊപ്പം ഒരുതരം ക്രമമില്ലായ്മയും ഉത്കണ്ഠയും അസ്വസ്ഥതയും ചേർന്ന അവസ്ഥയാണിത്. സ്ഥലത്തെക്കുറിച്ചുള്ള ചിന്തകളും (Place-mindedness) ഒരിടത്തെക്കുറിച്ചുള്ള ആഖ്യാനങ്ങളും എങ്ങനെയാണ് നമ്മുടെ ഭാവനയെ സ്വാധീനിക്കുന്നത് എന്ന് ടാലി ഇതിലൂടെ വിശദീകരിക്കുന്നു. ഒരു അപരിചിത സ്ഥലത്ത് എത്തിപ്പെടുമ്പോൾ ഉണ്ടാകുന്ന “ദിശതെറ്റിയ അവസ്ഥ” (Disorientation) മനുഷ്യനെ അസ്വസ്ഥനാക്കുന്നു. ഈ അസ്വസ്ഥതയെ അദ്ദേഹം “Dis-ease“ എന്ന് വിളിക്കുന്നു. ഈ ഉത്കണ്ഠയെ മറികടക്കാൻ മനുഷ്യൻ കണ്ടെത്തുന്ന വഴിയാണ് ‘മാപ്പിംഗ്’ അഥവാ ഭൂപടനിർമ്മാണം. അദ്ദേഹത്തിന്റെ ‘Topophrenia: Place, Narrative, and the Spatial Imagination’ എന്ന പുസ്തകം ഇതിനെക്കുറിച്ച് ചർച്ച ചെയ്യുന്നു. എഴുത്തുകാർ തങ്ങളുടെ കൃതികളിലൂടെ നിർമ്മിക്കുന്ന ഭാവനാഭൂപടങ്ങളെ (Mapping) വിശകലനം ചെയ്യുന്ന സാഹിതീയഭൂപടനിർമ്മിതി(Literary Cartography) അദ്ദേഹത്തിന്റെ മറ്റൊരു മേഖലയാണ്. . ടോപ്പോഫ്രീനിയ എന്നത് കേവലം സ്ഥലത്തെക്കുറിച്ചുള്ള ചിന്ത മാത്രമല്ല, “ഈ സ്ഥലം മറ്റൊന്നായിരുന്നെങ്കിൽ എങ്ങനെയിരിക്കും?” എന്ന ചിന്ത കൂടിചേർന്നതാണ്. നിലനിൽക്കുന്ന ലോകത്തെ അതേപടി പകർത്തുന്നതിന് പകരം, ഭാവനയിലൂടെ പുതിയൊരു ലോകം സൃഷ്ടിക്കാൻ ഈ ‘സ്ഥലചിന്ത’ എഴുത്തുകാരെ സഹായിക്കുന്നു. യഥാർത്ഥ ലോകത്തിന്റെ ഭൂപടങ്ങൾ സ്ഥലങ്ങളെ വസ്തുനിഷ്ഠമായി രേഖപ്പെടുത്തുമ്പോൾ, സാഹിത്യകൃതികൾ സ്ഥലങ്ങളെ ആത്മനിഷ്ഠമായാണ് നിർമ്മിക്കുന്നത്. സാഹിതീയ ഭൂപടങ്ങൾ യഥാർത്ഥ ലോകത്തെ മനസ്സിലാക്കാൻ മാത്രമല്ല, ലോകം എങ്ങനെയായിരിക്കാം എന്നതിനെക്കുറിച്ചുള്ള ഒരു ബദൽ കാഴ്ചപ്പാട് നൽകാനും സഹായിക്കുന്നു. സാഹിത്യം എന്നത് വെറുമൊരു പ്രതിനിധാനമല്ല , മറിച്ച് അതൊരു ലോകനിർമ്മിതി കൂടിയാണെന്ന് അദ്ദേഹം സ്ഥാപിക്കുന്നു.
റോബർട്ട് ടി. ടാലി ജൂനിയർ (Robert T. Tally Jr.) എഡിറ്റ് ചെയ്ത “Spatial Literary Studies: Interdisciplinary Approaches to Space, Geography, and the Imagination” എന്ന പുസ്തകവും ഈ നേഖലയിലെ ഗവേഷകർക്ക് ഒഴിച്ചുകൂടാനാവാത്തതാണ്. സാഹിത്യകൃതികളിൽ ‘ഇടം’ (Space) എങ്ങനെ പ്രതിനിധീകരിക്കപ്പെടുന്നു എന്നും, യഥാർത്ഥ ലോകവും സാങ്കൽപ്പിക ലോകവും തമ്മിലുള്ള അതിർത്തികൾ എങ്ങനെ ലയിക്കുന്നു എന്നും പരിശോധിക്കുന്ന പഠനങ്ങളുടെ സമാഹാരമാണിത്. ജിയോക്രിട്ടിസിസം (Geocriticism), ലിറ്റററി ജിയോഗ്രഫി (Literary Geography), സ്പേഷ്യൽ ഹ്യുമാനിറ്റീസ് തുടങ്ങിയ വിവിധ സമീപനങ്ങളെ കോർത്തിണക്കിക്കൊണ്ടുള്ള പഠനങ്ങളാണിതിൽ പൊതുവെ കാണാനാവുക.
അഞ്ച് ഭാഗങ്ങളായി വിഭജിക്കപ്പെട്ട ഈ പുസ്തകത്തിലെ ആദ്യഭാഗം ജിയോക്രിട്ടിക്കൽ തിയറി ആൻഡ് പ്രാക്ടീസാണ് മരിയ ഷിംചിഷിൻ (Mariya Shymchyshyn) തുടക്കത്തിലേ ജിയോക്രിട്ടിസിസത്തെക്കുറിച്ച് ഒരു അവലോകനം(Geocriticism at the Crossroads: An Overview) നൽകുന്നുണ്ട് . ഭൂപടങ്ങൾ കൊണ്ട് എങ്ങനെ ആഖ്യാനം നിർമ്മിക്കാം (How to Do Narratives With Maps) എന്ന രണ്ടാം ലേഖനം എഴുതിയത് ഇമ്മാനുവൽ പെറാൾഡോ, യാൻ കാൽബെറാക് (Emmanuelle Peraldo & Yann Calbérac) എന്നിവർ ചേർന്നാണ്. സാഹിത്യകൃതികളിലെ ഭൂപടങ്ങളുടെ (Maps) ധർമ്മത്തെക്കുറിച്ചാണ് ഈ ലേഖനം പ്രതിപാദിക്കുന്നത്.
ജൊനാഥൻ സ്വിഫ്റ്റിന്റെ ‘ഗള്ളിവേഴ്സ് ട്രാവൽസ്’ (Gulliver’s Travels), ലൂയിസ് കരോളിന്റെ ‘ത്രൂ ദി ലുക്കിംഗ് ഗ്ലാസ്’ (Through the Looking-Glass) എന്നീ പ്രശസ്ത കൃതികളെയാണ് ഇവർ ഇതിനായി വിശകലനം ചെയ്യുന്നത്. ഭൂപടങ്ങൾ കേവലം ഒരു സ്ഥലം അടയാളപ്പെടുത്താൻ മാത്രമല്ല, മറിച്ച് കഥയെ
മുന്നോട്ട് നയിക്കാനും സഹായിക്കുന്നു എന്ന് ലേഖകർ വാദിക്കുന്നു. ‘ഗള്ളിവേഴ്സ് ട്രാവൽസി’ൽ ഭൂപടങ്ങൾ കഥയ്ക്ക് യാഥാർത്ഥ്യബോധം (Realism) നൽകാൻ ശ്രമിക്കുമ്പോൾ, ‘ആലീസ് ഇൻ വണ്ടർലാൻഡി’ൽ ചതുരംഗപ്പലകയെന്ന ഭൂപടം കഥയിലെ നിയമങ്ങളെയും കഥാപാത്രങ്ങളുടെ ചലനത്തെയും നിയന്ത്രിക്കുന്ന ഒരു ഘടകമായി മാറുന്നു.. ഗള്ളിവേഴ്സ് ട്രാവൽസിൽ ഭൂപടം “ഇങ്ങനെയൊരു സ്ഥലമുണ്ട്” എന്ന് നമ്മെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നു (Representation).ആലീസിന്റെ കഥയിലാകട്ടെ ഭൂപടം “ഇങ്ങനെ മാത്രമേ സഞ്ചരിക്കാവൂ” എന്ന് കഥാപാത്രത്തോട് നിർദേശിക്കുന്നു. (Regulation/Simulation).
ജെസീക്ക മൗസിയോൺ (Jessica Maucione) എഴുതിയ ഈ ഖണ്ഡത്തിലെ അവസാനലേഖനത്തിന്റെ ശീർഷകം ‘ദ്വന്ദ്വങ്ങൾക്കും രൂപകങ്ങൾക്കും അപ്പുറം: സ്ഥലത്തിന്റെ സാധ്യതകൾ (Beyond Binaries and Metaphor: The Counterhegemonic Possibilities of Place)’ എന്നാണ്. ഇടവും ‘സ്ഥലവും തമ്മിലുള്ള സങ്കല്പനപരമായ വ്യത്യാസത്തെയെയാണ് ഈ ലേഖനം പരിശോധിക്കുന്നത്. സ്പേസ് എന്നത് സ്വാതന്ത്ര്യമാണെന്നും പ്ലേസ് എന്നത് സുരക്ഷിതത്വമാണെന്നും അല്ലെങ്കിൽ പരിമിതിയാണെന്നുമുള്ള പരമ്പരാഗത ദ്വന്ദ്വങ്ങളെ ലേഖിക ചോദ്യം ചെയ്യുന്നു.. ഹെൻറി ലെഫെബേറിന്റെ ആശയങ്ങളെ മുൻനിർത്തി, ‘സ്ഥലം’ എന്നത് കേവലം നിശ്ചലമായ ഒന്നല്ലെന്നും, അതിന് അധീശത്വത്തെ ചെറുത്തുനിൽക്കാനുള്ള ശേഷിയുണ്ടെന്നും ലേഖിക വാദിക്കുന്നു. ആഗോളവൽക്കരണത്തിന്റെയും മുതലാളിത്തത്തിന്റെയും പശ്ചാത്തലത്തിൽ, ഒരിടത്ത് വേരൂന്നി നിൽക്കുന്നത്, (Staying put) ആ സ്ഥലത്തോട് പുലർത്തുന്ന ബന്ധം ഇതൊക്കെ എങ്ങനെ ഒരു രാഷ്ട്രീയ പ്രവർത്തനമായി മാറാം എന്ന് വിവിധ സാഹിത്യകൃതികളെ ഉദാഹരണമാക്കി ജെസീക്ക വിശദീകരിക്കുന്നുണ്ട്.
സാഹിതീയഭൂഭാഗനിർമ്മിതികളെ പരിശോധിക്കുന്ന Geographies of the Text എന്ന രണ്ടാം ഭാഗത്തിലെ അഞ്ചു ലേഖനങ്ങളിൽ സാഹിത്യകൃതികൾ എങ്ങനെയാണ് അവ പ്രതിനിധീകരിക്കുന്ന ലോകത്തെ ഭൂപടമാക്കുന്നത് എന്നും, കൃതികളിലെ സ്ഥലപരമായ ബന്ധങ്ങൾ (Spatial relations) എങ്ങനെ ചിത്രീകരിക്കപ്പെടുന്നു എന്നും വിശകലനം ചെയ്യപ്പെടുന്നു. മല്ലാർമെ: ഭൗതിക ലോകത്തിന്റെ കവി (Mallarmé, Poet of the Earthly World: On Spatiality in L’Après-midi d’un Faune) എന്ന ആദ്യ പഠനം റൊജേറിയോ ഡി മെലോ ഫ്രാങ്കോ (Rogério de Melo Franco) യുടേതാണ്. അമൂർത്തതയുടെ സൗന്ദര്യശാസ്ത്രമാണ് മല്ലാർമെയിൽഎന്ന പൊതുവായനയെ ലേഖനം നിരാകരിക്കുന്നു. അദ്ദേഹത്തിന്റെ പ്രശസ്തമായ കവിതയായ “L’Après-midi d’un faune” (The Afternoon of a Faun) മുൻനിർത്തി, മല്ലാർമെയുടെ രചനകളിലെ സ്ഥലപരവും ഭൗതികവുമായ പ്രത്യേകതകളെയാണ് ലേഖകൻ വിശകലനം ചെയ്യുന്നു. പുരാവൃത്തം, സ്മൃതി, ആഖ്യാനം ഇവ സ്ഥലവുമായി എങ്ങനെ ഇഴപിരിഞ്ഞിരിക്കുന്നു എന്ന പരിശോധനയാണത്. പത്തൊൻപതാം നൂറ്റാണ്ടിലെ പ്രശസ്ത നോവലിസ്റ്റായ എമിലി സോളയുടെ (Émile Zola) കൃതികളിൽ, പ്രത്യേകിച്ച് പാരീസ് നഗരത്തിന്റെ ചിത്രീകരണം എങ്ങനെയാണ് ‘ജീവസ്ഥലം ‘ (Lived Space) ആയി മാറുന്നതെന്ന പഠനമാണ് ജൂലിയ ക്രോജറിന്റെ (Julia Kröger) സോളയുടെ പാരീസ് പര്യവേക്ഷണങ്ങൾ (Zola’s Spatial Explorations of Second Empire Paris) ലെഫബേറിനെയാണ് ലേഖിക കാര്യമായി ആശ്രയിക്കുന്നത്. എം. നൂർബെസെ ഫിലിപ്പിന്റെ (M. NourbeSe Philip) Looking for Livingstone: An Odyssey of Silence എന്ന നോവലിനെക്കുറിച്ചുള്ള പഠനമാണ് മറ്റൊന്ന്. (“Dr. Livingstone, I Presume?”: The Demonic Grounds of M. NourbeSe Philip’s Looking for Livingstone) ലേഖിക: കേറ്റ് സിക്ലോസി (Kate Siklosi) ഫെമിനിസ്റ്റ് ഹ്യൂമൻ ജിയോഗ്രാഫറായ കാതറിൻ മക്കിട്രിക്കിന്റെ (Katherine McKittrick) ‘Demonic Grounds’ എന്ന ആശയത്തെ മുൻനിർത്തിയാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. ആഫ്രിക്കയെ ‘ഇരുണ്ട ഭൂഖണ്ഡം’ (Dark Continent) എന്ന് വിശേഷിപ്പിച്ച കൊളോണിയൽ സഞ്ചാരിയായ ഡോ. ഡേവിഡ് ലിവിംഗ്സ്റ്റണിന്റെ ചരിത്രത്തെ ഈ കൃതി ചോദ്യം ചെയ്യുന്നു എന്ന് ലേഖിക നിരീക്ഷിക്കുന്നു. ഭൂപടങ്ങളോ വഴികാട്ടികളോ ഇല്ലാതെ, കാലത്തിലൂടെയും സ്ഥലത്തിലൂടെയും സഞ്ചരിക്കുന്ന നായിക, കൊളോണിയൽ ഭൂമിശാസ്ത്രത്തിന്റെ ‘സത്യങ്ങളെ’ നിശബ്ദതയുടെയും ചെറുത്തുനിൽപ്പിന്റെയും പുതിയൊരു ഇടം (Demonic Spatiality) കൊണ്ട് നേരിടുന്നതെങ്ങനെയെന്നാണ് കേറ്റ് സിക്ലോസി വിശദീകരിക്കുന്നത്.
ടോണി മോറിസന്റെ (Toni Morrison) നോവലുകളുടെ തുടക്കങ്ങൾ വായനക്കാരിൽ സൃഷ്ടിക്കുന്ന സ്ഥലപരമായ അവ്യക്തതകളെക്കുറിച്ചാണ് (Spatial disorientation) തുടക്കത്തെ പുനർവിചിന്തനം ചെയ്യുന്നു: ടോണി മോറിസണും അതിർത്തികളുടെ നാടകീയതയും (Rethinking the Beginning: Toni Morrison and the Dramatization of Liminality) എന്ന മിഷേൽ ഡ്രൈഡിംഗിന്റെ (Michelle Dreiding) പ്രബന്ധം. മോറിസന്റെ നോവലുകൾ തുടങ്ങുന്നത് കൃത്യമായ ഒരു തുടക്കത്തിൽനിന്നല്ല., മറിച്ച് ഒരു മധ്യഭാഗത്താണ് (in media res). ഇത് വായനക്കാരെ ഒരു ‘അതിർത്തിപ്രദേശത്ത്’ (Liminality) എത്തിക്കുന്നു. അമേരിക്കൻ സാഹിത്യത്തിലെ ‘ഫ്രോണ്ടിയർ’ (Frontier) എന്ന ആശയത്തെ മോറിസൺ ഇങ്ങനെ തിരുത്തിയെഴുതുന്നു. ബ്രിട്ടീഷ് നാടകകൃത്തും സംവിധായകനുമായ സ്റ്റീഫൻ പോളിയാക്കോഫിന്റെ (Stephen Poliakoff) കൃതികളിലെ സ്ഥലവും ഓർമ്മയും (Memory) തമ്മിലുള്ള ബന്ധമാണ് എലിസബത്ത് റോബർട്ട്സൺ (Elizabeth Robertson എഴുതിയ “നിങ്ങൾ ഇതിനുമുമ്പ് ഇവിടെ വന്നിട്ടുണ്ടോ?”: സ്റ്റീഫൻ പോളിയാക്കോഫിന്റെ നാടകങ്ങളിലെ സ്ഥലവും ഓർമ്മയും (“You’ve been here before?”: Space and Memory in Stephen Poliakoff’s Dramas) എന്ന ലേഖനത്തിന്റെ വിഷയം.
“Geography in the Text” എന്ന മൂന്നാം ഭാഗത്തെ അഞ്ചു ലേഖനങ്ങളിൽ സാഹിത്യകൃതികൾക്കുള്ളിൽ ആവിഷ്കരിക്കപ്പെട്ടിട്ടുള്ള പ്രത്യേകതരം സ്ഥലങ്ങളെക്കുറിച്ചും അവ കഥാപാത്രങ്ങളെയും ആഖ്യാനത്തെയും എങ്ങനെ സ്വാധീനിക്കുന്നു എന്നുമാണ് വിശകലനം ചെയ്യപ്പെടുന്നത്. റോബർട്ട് പെൻ വാറന്റെ ദി കേവ്, കോർമാക് മക്കാർത്തിയുടെ ചൈൽഡ് ഓഫ് ഗോഡ് എന്നീ നോവലുകളിലെ ഗുഹകളെക്കുറിച്ചുള്ള പഠനമാണ് ‘ഗുഹകൾ ‘പ്രതി-സ്ഥലങ്ങളായി’ (Caves as Anti-Places: Robert Penn Warren’s The Cave and Cormac McCarthy’s Child of God) എന്ന പ്രബന്ധം ഗുഹകളെ ‘ആന്റി-പ്ലേസസ്സായാണ് ലേഖകർ കാണുന്നത്.പെനലോപ് ലൈവ്ലിയുടെ മൂൺ ടൈഗർ, മൈക്കൽ ഒണ്ടാച്ചിയുടെ ദി ഇംഗ്ലീഷ് പേഷ്യന്റ് എന്നീ നോവലുകളിലെ മരുഭൂമിയുടെ ചിത്രീകരണമാണ് A Geocritical Approach to the Role of the Desert in Penelope Lively’s Moon Tiger and Michael Ondaatje’s The English Patient എന്ന പ്രബന്ധത്തിന്റെ പ്രതിപാദ്യം. മാർക്ക് ഓഷെയുടെ (Marc Augé) ‘നോൺ-പ്ലേസസ്’ (Non-places – ആർക്കും സ്വന്തമല്ലാത്തതോ കടന്നുപോകാൻ മാത്രമുള്ളതോ ആയ ഇടങ്ങൾ) എന്ന ആശയവും, ഗാസ്റ്റൺ ബാഷ്ലറുടെ (Gaston Bachelard) ‘വീട്’ (Home) എന്ന ആശയവും മുൻനിർത്തിയാണ് ഈ പഠനം. മറ്റൊരു ഭിന്നസ്ഥലികതയാണ് ചേരികൾ. Isolated Spaces, Fragmented Places: Caryl Phillips’s Ghettos in The Nature of Blood and The European Tribe എന്ന പ്രബന്ധത്തിൽ വിശകലനം ചെയ്യുന്നത്. മിലാൻ കുന്ദേരയുടെ ദി അൺബെയറബിൾ ലൈറ്റ്നസ് ഓഫ് ബീയിംഗ് എന്ന നോവലിലെ ഗ്രാമ-നഗര ബന്ധങ്ങൾ ആദം ആർ. മക്കീ പഠനവിധേയമാക്കുന്ന പ്രബന്ധമാണ് The Eternal Return and the Country/City Dynamic in Milan Kundera’s The Unbearable Lightness of Being .മുതലാളിത്തത്തിലെ ഗ്രാമനഗരദ്വന്ദവ്ം കമ്യുണിസ്റ്റ് അധികാരഘടനയുഈൽ എങ്ങനെ വ്യത്യസ്തമാകുന്നു എന്ന അന്വേഷണമാണിത്.Transgression, Boundaries, and Power: Rethinking the Space of Postcolonial Literature എന്ന ഡസ്റ്റിൻ ക്രൗലിയുടെ ലേഖനം പോസ്റ്റ് കൊളോണിയൽ സാഹിത്യത്തിലെ അതിർത്തികളെക്കുറിച്ചുള്ള (Boundaries) പുനർവായിക്കുന്നതും അവിടത്തെ ചെറുത്തുനിൽപ്പുകളെ അടയാളപ്പെടുത്തുന്നതുമാണ്.
The Problematics of Place എന്ന നാലാം ഭാഗത്ത് സ്ഥലസങ്കീർണതകൾ വെളിപ്പെടുന്ന ആഖ്യാനഇടങ്ങളെക്കുറിച്ചുള്ള Oh, man, I’m nowhere”: Ralph Ellison and the Psychospatial Terrain of Mid-Century Harle, Covington Is the Non-Place for Me: Walker Percy’s Topophilia in the Deserts of Theory and Consumption, Alfred Hitchcock’s Rear Window: Cold War, Spatiality, and the Paranoid Subject , Locating the Clearing: Contested Boundaries in Beloved and Song of Solomon),Remapping the Present: Dave Eggers’s Spatial Virtuality and the Condition of Literature എന്നിങ്ങനെ അഞ്ച് പ്രബന്ധങ്ങളാണുള്ളത്. റാൽഫ് എലിസന്റെ (Ralph Ellison) 1948-ലെ “ഹാർലെം ഈസ് നോവേർ” (Harlem Is Nowhere) എന്ന രചനയിൽ കറുത്തവർഗ്ഗക്കാരായ രോഗികൾ “ഹൗ ആർ യു?” എന്ന ചോദ്യത്തിന് “I’m nowhere” എന്ന് പ്രതിവചിക്കുന്നതിൽ നിരാശയല്ല, സ്വത്വപ്രതിരോധമാണുള്ളത് എന്നാണ് വാൾട്ടർ ബോസ് വാദിക്കുന്നത്. ആൽഫ്രഡ് ഹിച്ച്കോക്കിന്റെ പ്രശസ്തമായ റിയർ വിൻഡോ (Rear Window – 1954) എന്ന സിനിമയുടെ രാഷ്ട്രീയ വായനയാണ് ബിയാട്രിസ് കോളറിന്റേത്. അയൽക്കാരെ ഒളിഞ്ഞുനോക്കുന്ന നായകൻ, ശീതയുദ്ധകാലത്തെ സർവലൻസിന്റെയും പാരനോയിയുടെയും പ്രതീകമാണ് എന്നാണ് പ്രബന്ധകാരി പറയുന്നത്. അടിമക്കപ്പലുകൾ മുതൽ ആധുനിക കാലത്തെ അഭയാർത്ഥി ക്യാമ്പുകളും ജയിലുകളും വരെ നീളുന്ന ‘സ്ഥലമില്ലാത്തവരുടെ’ (Placeless) ഇടങ്ങളെക്കുറിച്ചാണ് . ‘സ്പേഷ്യൽ ടേൺ’ എന്നതിനൊപ്പം തന്നെ ‘വെർച്വൽ’ (Virtual) ടേണിന്റെ പ്രശ്നങ്ങളെ ചർച്ച ചെയ്യുന്ന ലേഖനമാണ് അവസാനത്തേത്. ‘സ്പേഷ്യൽ വെർച്വാലിറ്റി’ എന്ന ഒരാശയം ഇതിൽ അവതരിപ്പിക്കുന്നുണ്ട്. ഡിജിറ്റൽ യുഗത്തിൽ, ഒരിടത്ത് ഭൗതികമായി ഇല്ലാതിരിക്കുമ്പോഴും അവിടെ ‘ഉണ്ടായിരിക്കുക’ (Presence without being local) എന്നത് സാധ്യമാണ്. , ഇൻറർനെറ്റിലൂടെ നാം മറ്റൊരിടത്ത് സാന്നിധ്യം അറിയിക്കുന്നത് പോലെയാണിത്. സാഹിത്യവും ഇതേ രീതിയിലാണ് പ്രവർത്തിക്കുന്നത്. വായനക്കാരൻ പുസ്തകം വായിക്കുമ്പോൾ, കഥ നടക്കുന്ന ലോകത്ത് ഭൗതികമായി എത്തുന്നില്ലെങ്കിലും, മാനസികമായി അവിടെ ‘ഉണ്ടായിരിക്കുന്നു എന്ന അവസ്ഥ.
Plus Ultra എന്ന അവസാനഭാഗത്ത് ടാലി തന്നെ എഴുതിയ Spatial Literary Studies Versus Literary Geography?: Boundaries and Borders Amidst Interdisciplinary Approaches to Space and Literature” എന്ന അധ്യായമാണുള്ളത്. പഴയ ഭൂപടങ്ങളിൽ അറിയപ്പെടുന്ന ലോകത്തിന്റെ അതിർത്തിയിൽ “ഇനി ഒന്നുമില്ല” (Non Plus Ultra) എന്ന് എഴുതാറുണ്ടായിരുന്നു. അതിനെ തിരുത്തിക്കൊണ്ട്, അറിവിനും ഗവേഷണത്തിനും ഇനിയും പുതിയ തലങ്ങളുണ്ടെന്ന് സൂചിപ്പിക്കാനാണ് ടാലി “കൂടുതൽ അപ്പുറത്തേക്ക്” (More Beyond) എന്ന അർത്ഥം വരുന്ന Plus Ultra എന്ന തലക്കെട്ട് നൽകിയിരിക്കുന്നത് ഈ അധ്യായത്തിൽ ടാലി പ്രധാനമായും ചർച്ച ചെയ്യുന്നത് എപ്പോഴും ഒന്നായി തെറ്റിദ്ധരിക്കപ്പെടുന്ന “സ്പേഷ്യൽ ലിറ്റററി സ്റ്റഡീസ്” (Spatial Literary Studies) “ലിറ്റററി ജിയോഗ്രഫി” (Literary Geography) എന്നീ പദങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ചാണ്. ലിറ്റററി ജിയോഗ്രഫി ഭൂമിശാസ്ത്രം സാഹിത്യം എന്നീ രണ്ട് വിഷയങ്ങളെയും കൂട്ടിയിണക്കുന്ന ഒരു അന്തർവൈജ്ഞാനിക മേഖലയാണ് . ഇതിന് സാമൂഹിക ശാസ്ത്രത്തോടാണ് (Social Sciences) കൂടുതൽ ഇഴയടുപ്പം. എന്നാൽ സ്പേഷ്യൽ ലിറ്റററി സ്റ്റഡീസ്” സാഹിത്യപഠനത്തിന്റെ (Literary Studies) ഭാഗമായി സാഹിത്യം, ഭാവന, ഭൂപടനിർമ്മാണം എന്നിവയിലെ സ്ഥലകാലങ്ങളെക്കുറിച്ചുള്ള പഠനമാണ് എന്ന് അദ്ദേഹം വ്യവച്ഛേദിക്കുന്നു. സാഹിത്യത്തിലെ സ്ഥലപഠനങ്ങളെ വിശാലമായി സൂചിപ്പിക്കാനാണു താൻ സ്ഥലിക-സാഹിതീയപഠനം എന്നുപയോഗിക്കുന്നതെന്ന് ടാലി വ്യക്തമാക്കുന്നു. ജിയോക്രിട്ടിസിസം, ജിയോപോയറ്റിക്സ് തുടങ്ങിയവയെല്ലാം ഇതിനകത്തുൾപ്പെടുന്നു എന്നാണ് അദ്ദേഹത്തിന്റെ മതം.
ഭാഗം മൂന്ന്
സാഹിതീയഭൂപടനിര്‍മ്മിതിയെ മാത്രം കേന്ദ്രീകരിക്കുന്ന റോബര്‍ട്ട് ടി. ടാലി ജൂനിയര്‍ എഡിറ്റ് ചെയ്ത ‘ലിറ്റററി കാര്‍ട്ടോഗ്രാഫീസ്: സ്‌പേഷ്യാലിറ്റി, റെപ്രസന്റേഷന്‍, ആന്‍ഡ് നറേറ്റീവ്’ എന്ന കൃതിയും ഈ മേഖലയില്‍ ഗവേഷണം ചെയ്യുന്നവര്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ടതാണ്. Geocriticism and Spatial Literary Studies എന്ന പുസ്തക പരമ്പരയുടെ ഭാഗമാണ് ഈ പുസ്തകം.
എല്ലാ എഴുത്തുകാരും ഒരു തരത്തിൽ ഭൂപടനിർമ്മാതാക്കൾ (Cartographers) ആണെന്ന് ടാലി പുസ്തകത്തിന്റെ ആമുഖത്തിൽ (On Literary Cartography )നിരീക്ഷിക്കുന്നുണ്ട്. കഥ പറയുന്നതിലൂടെ അവർ വായനക്കാർക്ക് സ്ഥലസംബന്ധിയായ ഒരു ഭൂപടം നൽകുകയാണു ചെയ്യുന്നത്. ഒരു ഭൂപടനിർമ്മാതാവ് ലോകത്തിലെ സ്ഥലങ്ങളെ തെരഞ്ഞെടുത്ത് അടയാളപ്പെടുത്തുന്നതുപോലെ, എഴുത്തുകാരൻ തന്റെ കഥയിലൂടെ സ്ഥലങ്ങളെയും അനുഭവങ്ങളെയും ക്രമീകരിക്കുന്നു. ആഖ്യാനങ്ങൾ (Narratives) ഒരുതരം “മാപ്പിംഗ് മെഷീനുകൾ” (Mapping machines) ആണെന്നാണ് അദ്ദേഹത്തിന്റെ വാദം. കഥകൾ സ്ഥലങ്ങളെ എങ്ങനെ അടയാളപ്പെടുത്തുന്നു.. സാഹിത്യത്തിൽ സ്ഥലത്തിന് കാലത്തോളം തന്നെ പ്രാധാന്യമുണ്ട്. ആധുനിക ലോകത്ത് മനുഷ്യർക്ക് നഷ്ടപ്പെടുന്ന സ്ഥലബോധം (Sense of place) വീണ്ടെടുക്കാൻ സാഹിത്യം സഹായിക്കുന്നു. എന്നാണ് അദ്ദേഹത്തിന്റെ വാദം.
സ്ഥലങ്ങൾ കഥകളെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് പുസ്തകം ചർച്ച ചെയ്യുന്നു. ജെയിംസ് ജോയ്‌സിന്റെ യൂലിസസ് (Ulysses) എന്ന നോവലിൽ ഡബ്ലിൻ നഗരത്തെ കൃത്യമായി വരച്ചുകാട്ടുന്നതിനെ ടാലി ചൂണ്ടിക്കാണിക്കുന്നു . സാഹിത്യം എന്നത് കേവലം കഥപറച്ചിലല്ല, മറിച്ച് ലോകത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകളെ രൂപപ്പെടുത്തുന്ന ഒരു ഭൂപടനിർമ്മാണ പ്രക്രിയയാണ്. സാഹിത്യത്തിലെ ഭൂപടങ്ങൾ യഥാർത്ഥ സ്ഥലങ്ങളെ മാത്രമല്ല, ഭാവനയിൽ സൃഷ്ടിച്ച സ്ഥലങ്ങളെയും (Imaginary places) പ്രതിനിധീകരിക്കുന്നു. എഡ്വേർഡ് സോജ (Edward Soja) വിശേഷിപ്പിച്ച “യാഥാർത്ഥ്യവും ഭാവനയും ചേർന്ന” (Real-and-imagined) സ്ഥലങ്ങളെയാണ് ഈ കൃതികൾ പലപ്പോഴും അടയാളപ്പെടുത്തുന്നത് എന്ന് അദ്ദേഹം ഈ ആമുഖത്തിലും ആവർത്തിക്കുന്നുണ്ട്.
“ഈ ആമുഖത്തിന് ‘മാപ്പിംഗ് നറേറ്റീവ്സ്’ (Mapping Narratives – ആഖ്യാനങ്ങളെ ഭൂപടങ്ങളാക്കുമ്പോൾ / ഭൂപടങ്ങളാകുന്ന ആഖ്യാനങ്ങൾ) എന്ന കുഴഞ്ഞ തലക്കെട്ട് നൽകിയത് സർഗാത്മകമായ ഒരു സന്ദിഗ്ദ്ധത (productive ambiguity) നൽകാൻ വേണ്ടിയാണ്.
ഒരു വശത്ത്, സാഹിതീയ ഭൂപടനിർമ്മിതി കഥ പറയലിന്റെ അടിസ്ഥാന ഘടകമാണെന്ന എന്റെ കാഴ്ചപ്പാടിന് അനുസൃതമായി, മനുഷ്യാനുഭവങ്ങളുടെ യാഥാർത്ഥ്യവും ഭാവനയും ഇടകലർന്ന ഇടങ്ങളെ അടയാളപ്പെടുത്താനുള്ള ഉപാധികളോ രീതികളോ ആണ് ആഖ്യാനങ്ങൾ എന്ന് സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നു..ഒരർത്ഥത്തിൽ, ആഖ്യാനങ്ങൾ ഭൂപടം നിർമ്മിക്കുന്ന യന്ത്രങ്ങളാണ്
മറുവശത്ത്, ഭൂപടങ്ങളെപ്പോലെ തന്നെ ആഖ്യാനങ്ങളും ഒരിക്കലും പൂർണ്ണമായോ അല്ലെങ്കിൽ അവയുടെ തനതായ രൂപത്തിലോ അല്ല നമ്മുടെ മുന്നിലെത്തുന്നത്. വായനക്കാർ എന്ന നിലയിൽ നമ്മൾ അവയെ പ്രതിഷ്ഠിക്കുന്ന വ്യാഖ്യാനങ്ങളാലോ ചട്ടക്കൂടുകളാലോ ആണ് അവ എപ്പോഴും രൂപപ്പെടുന്നത്. കൂടാതെ, വായനക്കാർ എന്ന നിലയിൽ, ആഖ്യാനങ്ങളെയോ സ്ഥലപരമായ പ്രതിനിധാനങ്ങളെയോ നമുക്ക് മനസ്സിലാകുന്ന തരത്തിലുള്ള ഏതെങ്കിലും ദേശ-കാല സന്ദർഭത്തിലേക്ക് ചേർത്തു വെക്കാതിരിക്കാൻ നമുക്കാവില്ല. നമ്മൾ ജീവിക്കുന്ന ലോകത്തിന് അർത്ഥവത്തായ രൂപം നൽകാനുള്ള നമ്മുടെ ശ്രമങ്ങളുടെ ഭാഗമാണത്.
അതായത്, ഭൂപടങ്ങൾ കൂടിയായ ഈ ആഖ്യാനങ്ങളെ, ‘മാപ്പ് ചെയ്യപ്പെടേണ്ട വസ്തുക്കളായിത്തന്നെ’ (objects to be mapped) മനസ്സിലാക്കേണ്ടതുണ്ട്. ‘മാപ്പിംഗ് നറേറ്റീവ്സ്’ എന്നതിന്റെ അർത്ഥങ്ങൾ ഇപ്രകാരം കർത്താവിന്റെയും കർമ്മത്തിന്റെയും സഞ്ചാരവഴികളെ പിന്തുടരുന്നു; ഒരു ആഖ്യാനം ഒരേസമയം ‘മാപ്പ് ചെയ്യുന്ന ഒന്നായും’, ‘മാപ്പ് ചെയ്യപ്പെടേണ്ട ഒന്നായും’ വർത്തിക്കുന്നു. ഈ വൈരുദ്ധ്യാത്മക പ്രവണത , ഹെഗലിന്റെ സിദ്ധാന്തം പോലെ “വിപരീതങ്ങളുടെ ഏകീകരണത്തിൽ” അവസാനിക്കണമെന്നില്ല. മറിച്ച്, എഴുത്തിനും വായനക്കും പുതിയ സർഗാത്മക സാധ്യതകൾ തുറന്നുനൽകിക്കൊണ്ട് അതൊരു ചലനാത്മകമായ സംഘർഷമായി നിലനിൽക്കുന്നു.”
മധ്യകാലഘട്ടം മുതൽ ആധുനികോത്തര കാലഘട്ടം വരെയുള്ള വിവിധ സാഹിത്യ കൃതികളെ പതിമൂന്ന് ലേഖനങ്ങളിലായി ഇതിൽ വിവിധ പ്രബന്ധകാരന്മാർ വിശകലനം ചെയ്യുന്നുണ്ട്. What Lies Between?: Thinking Through Medieval Narrative Spatiality എന്ന ബർട്ട് അലൻ റൂസിന്റെ ലേഖനം മധ്യകാലഘട്ടത്തിലെ സാഹിത്യം സ്ഥലത്തെയും ഭൂമിശാസ്ത്രത്തെയും എങ്ങനെയാണ് നോക്കിക്കണ്ടിരുന്നതെന്ന് അലക്സാണ്ടർ ചക്രവർത്തിയുടെ കഥകളെ അടിസ്ഥാനമാക്കി പരിശോധിക്കുന്നതാണ്. Plotting One’s Position in Don Quijote: Literature and the Process of Cognitive Mappingഎന്ന ജനൈറ്റ് ഇ. ഗൊദാർദിന്റെ പ്രബന്ധം ‘ഡോൺ ക്വിക്സോട്ടിൽ നായകൻ തന്റെ ഭാവനയിലുള്ള വീരസാഹസിക ലോകത്തെ യഥാർത്ഥ സ്പെയിനിന്റെ ഭൂപടത്തിലേക്ക് എങ്ങനെയാണ് അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതെന്ന് ചർച്ച ചെയ്യുന്നു. ““Eyes That Have Dwelt on the Past”: Reading the Landscape of Memory in The Mill on the Floss എന്ന ആലീസ് സേയുടെ പ്രബന്ധം ജോർജ്ജ് എലിയറ്റിന്റെ ‘ദ മിൽ ഓൺ ദ ഫ്ലോസ്’ എന്ന നോവലിലെ സാങ്കൽപ്പിക സ്ഥലങ്ങൾ യഥാർത്ഥ ഇംഗ്ലീഷ് ഗ്രാമങ്ങളെ എങ്ങനെ ഓർമ്മിപ്പിക്കുന്നു എന്ന അന്വേഷണമാണു നടത്തുന്നത്. Mapping Hardy and Bronte എന്ന സൂസൻ ഇ. കുക്കിന്റെ ലേഖനം തോമസ് ഹാർഡിയുടെയും ഷാർലറ്റ് ബ്രോണ്ടെയുടെയും നോവലുകളിൽ യഥാർത്ഥ സ്ഥലങ്ങൾക്ക് സാങ്കൽപ്പിക പേരുകൾ നൽകുന്നതിലൂടെ എങ്ങനെയാണ് സാമ്രാജ്യത്വ ആശയങ്ങളെ ചോദ്യം ചെയ്യുന്നതെന്ന് പരിശോധിക്കുന്നു.. ഇ.എം. ഫോസ്റ്ററുടെ ‘ഹൊവാർഡ്സ് എൻഡ്’ എന്ന നോവലിലെ ‘കോസ്മോപൊളിറ്റൻ’ ആശയങ്ങളും പരമ്പരാഗത ഇംഗ്ലീഷ് ഗ്രാമീണതയും തമ്മിലുള്ള സംഘർഷമാണ് ഈ ലേഖനത്തിന്റെ വിഷയം. ആധുനിക ഗതാഗത സൗകര്യങ്ങളും നഗരവൽക്കരണവും എങ്ങനെയാണ് മനുഷ്യരുടെ സ്ഥലവുമായുള്ള ആത്മബന്ധത്തെ ഇല്ലാതാക്കുന്നതെന്ന് ചർച്ച ചെയ്യുന്ന ലേഖനമാണ് “She Sought a Spiritual Heir”: Cosmopolitanism and the Pre-Suburban in Howards End “ ബെർലിൻ മതിലിന്റെ പതനത്തിന് ശേഷമുള്ള ജർമ്മൻ സാഹിത്യത്തിൽ ഭൂപടങ്ങൾ വ്യക്തിപരമായ ഓർമ്മകളെയും സ്വത്വത്തെയും എങ്ങനെ സ്വാധീനിക്കുന്ന ഒരു പ്രബന്ധവും ഇതിലുണ്ട്. ഈവ്ലിൻ വോയുടെ കൃതികളിലെ സമുദ്രയാത്രകളെയും കപ്പലുകളെയും ആധുനികതയുടെയും ആഗോളവൽക്കരണത്തിന്റെയും പശ്ചാത്തലത്തിൽ അന്വേഷിക്കുന്ന മറ്റൊരു ലേഖനത്തിൽ കപ്പൽ എന്നത് കേവലം ഒരു വാഹനമല്ല,, വിവിധ സാമൂഹിക ബന്ധങ്ങളും അനുഭവങ്ങളും ഒത്തുചേരുന്ന ഒരു പ്രത്യേക സ്ഥലമാണെന്ന കാഴ്ചപ്പാട് അവതരിപ്പിക്കുന്നുണ്ട്. മറ്റൊരു ശ്രദ്ധേയമായ പഠനം ടോക്കിയോ നഗരത്തിന്റെ യഥാർത്ഥ ‘ശൂന്യകേന്ദ്രം’ (Empty center) സാന്യ (San’ya) എന്ന ചേരിപ്രദേശമാണെന്ന് ഒയാമയുടെ ആത്മകഥയെ മുൻനിർത്തി വാദിക്കുന്ന ലേഖനമാണ്. ഇമ്പീരിയൽ പാലസാണ് ടോക്കിയോ നഗരത്തിന്റെ ശൂന്യകേന്ദ്രമെന്ന ബാർത്തിന്റെ കാഴ്ചപ്പാടിനെ (Semiology and Urbanism) ഇതു തിരുത്തുന്നു. ഭൂപടങ്ങളിൽ നിന്ന് ഒഴിവാക്കപ്പെടുന്ന, പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരുടെ ഇടങ്ങളെ ഇത് വെളിച്ചത്തുകൊണ്ടുവരുന്നു
2014 ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ ശീർഷകം 2008-ൽ ഓസ്റ്റിൻ International Society for the Study of Narrative Conference-ൽ ടാലി അവതരിപ്പിച്ച പ്രബന്ധത്തിന്റെ ശീർഷകം കൂടിയാണ്. ലൂക്കാച്ചിനെ പിന്തുടർന്നുകൊണ്ട് ഇതിഹാസഘട്ടത്തിൽനിന്ന് നോവൽ ഘട്ടത്തിലേക്ക് എത്തിയപ്പോഴാണ് മനുഷ്യർ ദൈവത്താൽ ഉപേക്ഷിക്കപ്പെട്ടവരും, “അസ്തിത്വപരമായ വീടില്ലായ്മ” അനുഭവപ്പെടുന്നവരുമായി തീർന്നതെന്നും അദ്ദേഹം പറയുന്നുണ്ട്. ഹൈഡെഗർ പറയുന്ന ‘Uncanny’ എന്ന അവസ്ഥയാണിത്. ഈ വീടില്ലായ്മ മാറ്റാനും, ലോകവുമായി സ്വയം ബന്ധിപ്പിക്കാനും മനുഷ്യന് ഒരു ഭൂപടം ആവശ്യമായി വരുന്നു. നോവലുകൾ അത്തരത്തിലുള്ള ഒരു കാർട്ടോഗ്രാഫിക് പ്രക്രിയയാണ് നിർവ്വഹിക്കുന്നത്. സങ്കീർണ്ണമായ ആധുനിക ലോകത്ത് സ്വന്തം സ്ഥാനം കണ്ടെത്താൻ സഹായിക്കുന്ന ഒരു തന്ത്രമാണ് ഫ്രഡറിക്ക് ജെയിംസൺ പറഞ്ഞ കോഗ്നിറ്റീവ് മാപ്പിംഗ്. ആഖ്യാനം എന്നത് തന്നെ ഒരുതരം മാപ്പിംഗ് ആണെന്ന് ഇവിടെ ടാലി വാദിക്കുന്നു. ഭൂപടങ്ങൾ വിവരങ്ങളെ ക്രമീകരിക്കുന്നത് പോലെ, കഥകൾ ജീവിതാനുഭവങ്ങളെ ക്രമീകരിച്ച് നമുക്ക് മനസ്സിലാക്കാവുന്ന രൂപത്തിലാക്കുകയാണ് ചെയ്യുന്നത്. ഈ പ്രബന്ധത്തിലാണ് ഭൂപടങ്ങളുടെ ചരിത്രത്തെ ടാലി സാഹിത്യവുമായി ബന്ധിപ്പിക്കുന്നത്. താത്പര്യമുള്ളവർക്ക് ഈ പ്രബന്ധത്തിന്റെ ഡ്രാഫ്റ്റ് ഇ കോമൺസിൽ വായനയ്ക്ക് ലഭ്യമാണ്.
ഈ പുസ്തകം കൂടാതെ നിരവധി മികച്ച പഠന സമാഹാരങ്ങൾ ‘Geocriticism and Spatial Literary Studies’ എന്ന പഠനപരമ്പരയിലുണ്ട്. ഈ പുസ്തകപരമ്പരയുടെ പ്രസാധകർ പാൽഗ്രേവ് മാക്മില്ലനാണ്. ഈ സീരീസിന്റെ എഡിറ്റർ ടാലി തന്നെയാണ്.ജിയോക്രിട്ടിസിസം, ലിറ്റററി കാർട്ടോഗ്രാഫി, ഇക്കോ ക്രിട്ടിസിസം, അർബൻ സ്റ്റഡീസ്, ലിറ്ററരി ജിയോഗ്രഫി എന്നീ പഠനമേഖലകളുമായി ബന്ധപ്പെട്ട സമാഹാരങ്ങളാണ് ഇതിനകത്തുവരുന്നത്. Virginia Woolf’s Rooms and the Spaces of Modernity ( https://doi.org/10.1007/978-3-319-71909-2) എന്ന സുസാന സിങ്ക് എഴുതിയ ഈ സീരീസിലെ പുസ്തകം വാസ്തുവിദ്യയും (Architecture) സാഹിത്യവും തമ്മിലുള്ള ബന്ധത്തെയും, സ്വകാര്യ ഇടങ്ങളും (Private Spaces) പൊതു ഇടങ്ങളും തമ്മിലുള്ള അതിരുകളെയും സംബന്ധിച്ചുള്ളതാണ്. വെർജീനിയാ വൂൾഫിന്റെ നോവലുകളിലെ പെണ്ണിടങ്ങളായ വീടുകൾ, മുറികൾ എന്നിവ കേവലം പശ്ചാത്തലങ്ങളല്ല, മറിച്ച് സ്ത്രീകളുടെ സ്വാതന്ത്ര്യം, അധികാരം, സ്വകാര്യത എന്നിവയുമായി ബന്ധപ്പെട്ട രാഷ്ട്രീയ ഇടങ്ങളാണെന്ന് സുസാന സിങ്ക് ഇതിലൂടെ സമർത്ഥിക്കുന്നു .
‘Exploring the Spatiality of the City across Cultural Texts: Narrating Spaces, Reading Urbanity’ (https://doi.org/10.1007/978-3-030-55269-5) എന്ന പുസ്തകത്തിന്റെ എഡിറ്റർമാർ മാർട്ടിൻ കിൻഡർമാൻ റെബേക്ക റോലെഡർ എന്നിവരാണ്. നഗരങ്ങളെക്കുറിച്ചുള്ള ആഖ്യാനങ്ങൾ എങ്ങനെയാണ് നഗരത്തിന്റെ ‘ഇടത്തെ’ നിർമ്മിക്കുന്നത് എന്നാണ് ഈ പുസ്തകത്തിലെ വിവിധ രചനകൾ പരിശോധിക്കുന്നത്. ഭൂമിശാസ്ത്രം, ചരിത്രം, സാഹിത്യം, മാധ്യമ പഠനങ്ങൾ തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ള പതിനേഴ് പഠനങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടി.എസ്. എലിയട്ടിന്റെ പ്രശസ്തമായ ദ വേസ്റ്റ് ലാൻഡ് (The Waste Land) എന്ന കവിതയെ മുൻനിർത്തി, നഗരത്തിനുള്ളിലെ ‘വിശുദ്ധ ഇടങ്ങളും’ (Sacred Places) ‘ലൗകിക ഇടങ്ങളും’ (Profane Spaces) തമ്മിലുള്ള സംഘർഷത്തെ പഠിക്കുന്ന ശ്രദ്ധേയമായ ഒരു ലേഖനവും ഇതിലുൾപ്പെടുന്നു. ബെർലിൻ , ലണ്ടൻ തുടങ്ങിയ നഗരങ്ങളെക്കുറിച്ചുള്ള കേസ് സ്റ്റഡികളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. നഗരപഠനത്തിന്റെ മേഖലയിൽ പ്രവർത്തിക്കുന്നവർക്കുമാത്രമല്ല, സ്ത്രീ ജഞാനവ്യവസ്ഥയിൽ ഗവേഷണം ചെയ്യുന്നവർക്കും ഈ പുസ്തകം ഒഴിച്ചുകൂടാനാവാത്തതാണ്.
ഇതിലെ മറ്റൊരു ഗംഭീരപഠനം സ്മാർട്ട് സിറ്റികളെക്കുറിച്ചാണ്. സ്മാർട്ട് സിറ്റി’ എന്നത് കേവലം സാങ്കേതികവിദ്യ നിറഞ്ഞ ഒരു നഗരമല്ല, മറിച്ച് അതൊരു ‘ നിർമ്മിതമായ കഥയാണെന്ന് ലേഖകർ വാദിക്കുന്നു അതൊരു കോർപ്പറേറ്റ് കഥപറച്ചിൽ മാത്രമാണ്. ഐ.ബി.എം (IBM), സിസ്കോ (Cisco), സീമെൻസ് (Siemens) തുടങ്ങിയ വൻകിട ടെക് കമ്പനികളാണ് ഈ ആഖ്യാനത്തെ നിയന്ത്രിക്കുന്നത്. അവരുടെ ഉൽപ്പന്നങ്ങൾ വിൽക്കാനായി അവർ നഗരങ്ങളെക്കുറിച്ചുള്ള പുതിയൊരു ഭാവന സൃഷ്ടിക്കുന്നു. നഗരപ്രശ്നങ്ങൾ (ദാരിദ്ര്യം, മലിനീകരണം, ഗതാഗതം) കേവലം സാങ്കേതിക തകരാറുകളാണെന്നും , അവ അൽഗോരിതങ്ങളും സെൻസറുകളും ഉപയോഗിച്ച് പരിഹരിക്കാമെന്നും ഈ ആഖ്യാനങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നു. നഗരത്തിലെ രാഷ്ട്രീയവും സാമൂഹികവുമായ പ്രശ്നങ്ങളെ ഈ ആഖ്യാനങ്ങൾ തമസ്കരിക്കുകയും, എല്ലാറ്റിനെയും ഡാറ്റ ഉപയോഗിച്ച് പരിഹരിക്കാവുന്ന സാങ്കേതിക പ്രശ്നങ്ങളാക്കി ചുരുക്കുകയും ചെയ്യുന്നു. നഗരം എന്നത് മനുഷ്യർ ജീവിക്കുന്ന ഇടം എന്നതിലുപരി, വിവരങ്ങൾ (Data) ഉല്പാദിപ്പിക്കുന്ന ഒരു യന്ത്രമായി മാറുന്നു എന്ന മാനവാനന്തരകാല അവസ്ഥ ഈ ലേഖനം വെളിപ്പെടുത്തുന്നുണ്ട്.
‘Mapping Home in Contemporary Narratives’ എന്ന പുസ്തകം (https://doi.org/10.1007/978-3-319-97967-0) Geocriticism and Spatial Literary Studies (GSLS) എന്ന പരമ്പരയിലെ മറ്റൊരു ഉത്പന്നമാണ്. എഴുത്തുകാരി അലക്സാണ്ട്ര ബിഡ. വീട് എന്നത് ഭൗതികമായ ഒരു കെട്ടിടം മാത്രമല്ല, നമ്മുടെ ഓർമ്മകളും പ്രവൃത്തികളും ഭാവനയും ചേർന്ന് നിർമ്മിക്കുന്ന ഒരിടമാണ്. “വീട് എവിടെയാണ്?” എന്ന ചോദ്യത്തിന് പകരം “എപ്പോഴാണ് വീട് സംഭവിക്കുന്നത്?” അല്ലെങ്കിൽ “എങ്ങനെയാണ് വീട് നിർമ്മിക്കപ്പെടുന്നത്?” എന്ന അന്വേഷണമാണ് ഈ പഠനത്തിൽ നിർവഹിക്കുന്നത്. സമകാലികസാഹിത്യത്തിൽ കഥാപാത്രങ്ങൾ തങ്ങളുടെ വീടിനെ എങ്ങനെയാണ് ‘മാപ്പ്’ ചെയ്യുന്നത് എന്ന് പുസ്തകം പരിശോധിക്കുന്നു
സ്ഥലം, ഇടം എന്നിവ സാംസ്കാരികാവിഷ്കാരങ്ങളെയും ചിഹ്നങ്ങളെയും എങ്ങനെ സ്വാധീനിക്കുന്നു എന്ന അന്വേഷണമാണ് ‘Spatiality and Symbolic Expression: On the Links between Place and Culture’ എന്ന ബിൽ റിച്ചാർഡ്‌സൺ എഡിറ്റ് ചെയ്ത പുസ്തകത്തിന്റെ ഉള്ളടക്കം. (DOI 10.1057/9781137488510) പത്ത് പഠനങ്ങളടങ്ങിയ ഈ പുസ്തകത്തിന്റെ ക്രമീകരണം തന്നെ പ്രത്യേക മാപ്പിങ്ങിലൂടെയാണ്. Abstract – Concrete, Individual – Collective എന്നീ അച്ചുതണ്ടുകളിലായി നാല് സ്ഥലാനുഭവമേഖലകളായാണ് സംവിധാനം . യഥാർത്ഥ ലോകത്തെ കമ്മ്യൂണിറ്റികളും (Actual communities) ഡിജിറ്റൽ ലോകത്തെ വെർച്വൽ കമ്മ്യൂണിറ്റികളും (Virtual communities) തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള കാറൻ ലെ റോസിഞ്ഞോളിന്റെ പഠനം വെർച്വൽ ലോകത്തെ സാങ്കേതികവിദ്യയും കഥപറച്ചിലും ഉപയോഗിച്ച് യഥാർത്ഥ ലോകത്തിലെ സാമൂഹിക പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കപ്പെടുന്നു എന്ന അന്വേഷണമാണു നടത്തുന്നത്. ജെയിംസ് ഡോസൺ 1881-ൽ പ്രസിദ്ധീകരിച്ച ഓസ്ട്രേലിയൻ അബോറിജിനീസ് എന്ന കൃതിയെ ആധാരമാക്കി ആദിവാസികൾ സ്ഥലങ്ങൾക്ക് പേരിടുന്നതിൽ ശരീരാവയവങ്ങളുടെ പേരുകൾ എങ്ങനെ ഉപയോഗിക്കുന്നു എന്ന് ‘Lips in Language and Space: Imaginary Places in James Dawson’s Australian Aborigines’ എന്ന ലേഖനത്തിൽ പോൾ കാർട്ടർ വിശദീകരിക്കുന്നു.
Mobility, Spatiality, and Resistance in Literary and Political Discourse ( https://doi.org/10.1007/978-3-030-83477-7) എന്ന പുസ്തകമാണ് മറ്റൊരു പ്രധാന വര്‍ക്ക്. അതിര്‍ത്തികളും മതിലുകളും നിര്‍മ്മിച്ചുകൊണ്ട് ജനതയെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന ഭരണകൂടങ്ങള്‍ക്കെതിരെ, ജനങ്ങള്‍ നടത്തുന്ന അഭയാര്‍ത്ഥി പ്രവാഹങ്ങള്‍, കുടിയേറ്റങ്ങള്‍ പൊലുള്ള വിവിധ സഞ്ചാരങ്ങള്‍ എങ്ങനെയാണ് ഒരു ‘പ്രതിരോധ’മായി മാറുന്നതെന്നാണ് ഈ പുസ്തകം പരിശോധിക്കുന്നത്. മൊബിലിറ്റിഎന്നത് കേവലം യാത്രയല്ല, അതൊരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. അതുകൊണ്ടുതന്നെ നോവലുകളിലും മറ്റ് സാഹിത്യകൃതികളിലും കഥാപാത്രങ്ങള്‍ നടത്തുന്ന യാത്രകള്‍ അധികാരത്തിനെതിരെയുള്ള വെല്ലുവിളികളായിത്തീരുകയാണ് ചെയ്യുന്നത് എന്ന് ഇതിലെ ലേഖനങ്ങള്‍ സ്ഥാപിക്കുന്നു.
ഈ പരമ്പരയിലെ നാൽപ്പത്തിയെട്ടോളം പുസ്തകങ്ങളുടെയും ലിസ്റ്റ് ഈ ലിങ്കിൽ ലഭ്യമാണ്. https://link.springer.com/series/15002/books. പടിഞ്ഞാറൻ ഫ്രെയിം വർക്കിൽനിന്നുമാറി അമേരിക്കൻ വംശജരല്ലാത്ത, കിഴക്കൻ യൂറോപ്പിൽ നിന്നുള്ള പണ്ഡിതന്മാർ അമേരിക്കൻ സ്ഥലങ്ങളെയും സാഹിത്യത്തെയും എങ്ങനെ നോക്കിക്കാണുന്നു എന്ന പഠനമാണ് Mapping American Spaces in Literature and Beyond: Eastern European Perspectives എന്ന 2025 ൽ പുരത്തുവന്നപുസ്തകം ചർച്ച ചെയ്യുന്നത്. ഈ പരമ്പരയിൽ അവസാനം വന്ന (കഴിഞ്ഞ നവംബറിൽ) പുസ്തകം എഡ്ഗാർ
അലൻപോയുടെ രചനകളിലെ സ്ഥലഭാവനയെ മാത്രം മുൻനിർത്തിയുള്ളതാണ്. ടെമ്പറൽ ആൻഡ് എറ്റെമ്പറൽ സ്പേസസ് ,സോഷ്യൽ ആൻഡ് പൊളിറ്റിക്കൽ സ്പേസസ് ,ഇമാജിനേറ്റീവ് ആൻഡ് സൈക്കോളജിക്കൽ സ്പേസസ് ,ട്രാൻസ്നാഷണൽ ആൻഡ് ട്രാൻസ്ലേറ്റഡ് സ്പേസസ് എന്നിങ്ങനെ നാലു മേഖലകളിലായി പോയുടെ കൃതികളിലെ സ്ഥലദർശനത്തെ സമഗ്രമായി പഠിക്കുന്ന ഈ കൃതി എഴുത്തുകാരെ മുൻനിർത്തിയുള്ള പഠനമേഖലയിൽ പുതിയൊരു ദിശാബോധം നൽകുന്നതു കൂടിയാണ്.
ഭാഗം നാല്
ഭൗമനിരൂപണവും സാഹിതീയഭൂപടനിര്‍മ്മിതിയും ആധാരമാക്കിയുള്ള നിരവധി ഗവേഷണപ്രബന്ധങ്ങള്‍ ഇക്കാലയളവില്‍ വിവിധ സര്‍വകലാശാലകളില്‍നിന്നു പുറത്തുവന്നിട്ടുണ്ട്. മാര്‍ക്ക് ഡാനിയല്‍ സര്‍സാവേജ് (Mark Daniel Sursavage) 2020-ല്‍ ഹൂസ്റ്റണ്‍ സര്‍വകലാശാലയില്‍ സമര്‍പ്പിച്ച Geocriticism and the Production of Literary Space എന്ന ഗവേഷണപ്രബന്ധം ജിയോക്രിട്ടിസിസം ഉപയോഗിച്ച് സാഹിത്യകൃതികളെയും അവയുടെ ആഖ്യാനഘടനയെയും സാഹിത്യലോകത്ത് അവയ്ക്കുള്ള സ്ഥാനത്തെയും വിശകലനം ചെയ്യുന്നതാണ്. ആമുഖവും ഉപസംഹാരവുമുള്‍പ്പെടെ ആറ് അധ്യായങ്ങളിലായി നാലു നോവലുകളിലെ സ്ഥലരൂപകല്പനയെ diegetic space( കഥാപാത്രങ്ങള്‍ ജീവിക്കുന്ന, കഥയ്ക്കുള്ളിലെ ലോകം ), narrative space*കഥ പറയുന്ന രീതിയിലൂടെ എഴുത്തുകാരനും വായനക്കാരനും തമ്മില്‍ സംവദിക്കുന്ന ഇടം), literary space( സാഹിത്യലോകത്ത് ആ കൃതിക്ക് ലഭിക്കുന്ന സ്വീകാര്യതയും സ്ഥാനവും) എന്നിങ്ങനെ മൂന്ന് മാനങ്ങളില്‍നിന്ന് പരിശോധിക്കുന്നു. വില്യം ഫോക്‌നറുടെ Absalom, Absalom! , അലെജോ കാര്‍പെന്റിയറുടെ The Kingdom of This World ,വില്‍മ ഡൈക്മാന്റെ The Tall Woman, കാറ്റെബ് യാസിന്റെ Nedjma എന്നീ നോവലുകളാണ് ഓരോ അധ്യായങ്ങളിലായി പഠനവിധേയമാക്കുന്നത്. സാഹിത്യലോകം പലപ്പോഴും ഒരു കൃതിയുടെ രാഷ്ട്രീയത്തെക്കാള്‍ അതിന്റെ ആഖ്യാനസൗന്ദര്യത്തിനാണ് പ്രാധാന്യം നല്‍കുന്നത് എന്ന ഒരു കണ്ടെത്തല്‍ ഇതില്‍ കാണാം. അള്‍ജീരിയന്‍ എഴുത്തുകാരനായ കാറ്റെബ് യാസിന്റെ Nedjma എന്ന നോവല്‍ ഫ്രഞ്ച് സാഹിത്യലോകത്ത് ആഘോഷിക്കപ്പെട്ടത് ഘടനാ പരീക്ഷണങ്ങളുടെ പേരിലാണ്. ഫ്രഞ്ച് നവനോവലുകളുടെ (Nouveau Roman) ശൈലിയാണ് ഇതില്‍ . എന്നാല്‍ കാറ്റെബ് യാസിന്‍ ഇതിലൂടെ ലക്ഷ്യമിട്ട കൊളോണിയല്‍ വിരുദ്ധ പോരാട്ടങ്ങളും തൊഴിലാളിവര്‍ഗ്ഗ ഐക്യദാര്‍ഢ്യവും സാര്‍വലൗകിക മനുഷ്യനീതിയും തഴയപ്പെട്ടു. കൃതിയുടെ രാഷ്ട്രീയത്തെ അവഗണിച്ച്, അതിനെ കേവലം ഒരു ‘ദേശീയ സാഹിത്യ’ത്തിനുള്ളിലെ പരീക്ഷണമായി മാത്രം സാഹിത്യലോകം ചുരുക്കുകയാണുണ്ടായത് എന്നാണ് വാദം. ക്യൂബന്‍ എഴുത്തുകാരനായ അലെജോ കാര്‍പെന്റിയറെ മാജിക്കല്‍ റിയലിസത്തിന്റെ ലേബലില്‍ ഒതുക്കുമ്പോള്‍ അദ്ദേഹം അവതരിപ്പിച്ച കരീബിയന്‍ ജനതയുടെ തനതായ ലോകവീക്ഷണത്തെയും രാഷ്ട്രീയത്തെയുമാണ് അവഗണിച്ചത്.
സാംസ്‌കാരികപഠനമേഖലയില്‍ വന്ന, മൈക്കല്‍ വാങ് (Michael Wang) 2019-ല്‍ സമര്‍പ്പിച്ച ‘A Geocritical Approach to Coloniality and Aesthetics: Mapping the Spatial Narratives of the Amazon Basin'(Claremont Graduate University, 2019) എന്ന ഗവേഷണപ്രബന്ധം ആമസോണ്‍ തടത്തെക്കുറിച്ചുള്ള കൊളോണിയല്‍ ആഖ്യാനങ്ങളെ മുന്‍നിര്‍ത്തിയുള്ളതാണ്. ആമസോണ്‍ തടത്തെക്കുറിച്ച് പാശ്ചാത്യര്‍ നിര്‍മ്മിച്ചിട്ടുള്ള യാത്രാവിവരണങ്ങള്‍, സയന്‍സ് ഫിക്ഷന്‍, സിനിമകള്‍ എന്നിവയെയാണ് ഈ പഠനം വിശകലനം ചെയ്യുന്നത്. പാശ്ചാത്യരുടെ ആഖ്യാനങ്ങളില്‍ ആമസോണ്‍ എങ്ങനെയാണ് ഒരു ‘കൊളോണിയല്‍ ഫാന്റസി’യായി അവതരിപ്പിക്കപ്പെടുന്നതെന്ന് ഇത് പരിശോധിക്കുന്നു. ആമസോണിനെക്കുറിച്ചുള്ള പാശ്ചാത്യ സൗന്ദര്യശാസ്ത്രം യഥാര്‍ത്ഥത്തില്‍ അധിനിവേശത്തെ നിലനിര്‍ത്താന്‍ ബോധപൂര്‍വ്വം നിര്‍മ്മിക്കപ്പെട്ടതാണെന്ന് വാങ് വാദിക്കുന്നു. ആമസോണിനെ കീഴടക്കാന്‍ കഴിയാത്ത ഒരു വന്യമായ ഇടമായി ചിത്രീകരിക്കുന്നത്, അതിനെ എപ്പോഴും കീഴടക്കാന്‍ വെമ്പുന്ന ഒരു പ്രദേശമായി നിലനിര്‍ത്തുന്നതിനുള്ള തന്ത്രം കൂടിയാണ്. . പാശ്ചാത്യ സിനിമകളും സാഹിത്യങ്ങളും ആമസോണിന്റെ പ്രകൃതിഭംഗിയെയും വന്യതയെയും കാണിക്കുമ്പോള്‍, അവിടെ നടക്കുന്ന യഥാര്‍ത്ഥ അധിനിവേശത്തെയും ചൂഷണത്തെയും അത് മറച്ചുവെക്കുന്നു എന്നാണ് പ്രബന്ധത്തിന്റെ ഒരു നിഗമനം. ആമസോണ്‍ കാടുകളെ പാശ്ചാത്യരുടെ കണ്ണിലൂടെ കാണുന്നതിന് പകരം, അതിന് സ്വന്തമായൊരു അസ്തിത്വം നല്‍കാന്‍ ഭൗമനിരൂപണത്തിലൂടെ അപകോളണീകരിക്കുക എന്ന ലക്ഷ്യമാണ് ഈ പഠനം നിര്‍വഹിക്കുന്നത്.
മൈക്കല്‍ എ. സ്മിത്ത് (Michael A. Smith) 2020-ല്‍ Duquense University ല്‍ സമര്‍പ്പിച്ച ‘Railspace: A Geocritical Study of the Railroad through American Literature and Culture’ എന്ന പ്രബന്ധം ട്രെയിന്‍ ബോഗികള്‍, റെയില്‍വേ സ്റ്റേഷനുകള്‍, പാളങ്ങള്‍, അവ കടന്നുപോകുന്ന വഴികള്‍ എന്നിവയെല്ലാം ചേര്‍ന്ന ഒരു സവിശേഷമായ ഇടമായ ‘റെയില്‍ സ്‌പെയ്‌സസ്’ എങ്ങനെയാണ് അമേരിക്കന്‍ സംസ്‌കാരത്തെയും സാഹിത്യത്തെയും സ്വാധീനിച്ചതെന്ന് പഠിക്കുന്നതാണ്. റെയില്‍വേ എന്നത് അമേരിക്കന്‍ അധിനിവേശത്തിന്റെയും മുതലാളിത്തത്തിന്റെയും ചിഹ്നമാണ്. സാഹിത്യത്തില്‍ പലപ്പോഴും റെയില്‍വേയെ റൊമാന്റിക് ആയി അവതരിപ്പിക്കുമ്പോള്‍, അത് പ്രതിനിധീകരിക്കുന്ന സാമ്രാജ്യത്വ താല്പര്യങ്ങളും കുടിയൊഴിപ്പിക്കലുകളും മറയ്ക്കപ്പെടുന്നു എന്ന് പ്രബന്ധം സമര്‍ത്ഥിക്കുന്നു.
സാമാന്യം ദൈര്‍ഘ്യം ഇപ്പോള്‍ത്തന്നെ കൈവന്ന നിലയ്ക്ക് പ്രബന്ധങ്ങളിലേക്കോ വിശകലനങ്ങളിലേക്കോ കടക്കുന്നില്ല. സാഹിത്യപഠനത്തിന്റെയും സാംസ്‌കാരികപഠനത്തിന്റെയും മേഖലകളില്‍ കൂടുതല്‍ ആഴത്തിലുള്ളപാഠവ്യാഖ്യാനങ്ങള്‍ക്കു വഴിതുറക്കുന്നതും അതിവിപുലവും രാഷ്ട്രീയ ഉള്‍ക്കാഴ്ചയുള്ളതുമായ നിരവധി പഠനസാധ്യതകള്‍ ഭൗമവിമര്‍ശനത്തിന്റെയും സാഹിതീയഭൂപടനിര്‍മ്മിതിയുടെയും ഈ പുതിയ പഠനമേഖല തുറന്നുനല്‍കുന്നുണ്ട്. ഭാഷാഗവേഷകര്‍ പ്രയോജനപ്പെടുത്തുന്നതു നന്ന്.
ഭാഗം അഞ്ച്
ഡിജിറ്റല്‍ ഭൂപടനിര്‍മ്മിതിയെയും ഫെമിനിസ്റ്റ് ജിയോ ക്രിട്ടിസിസത്തെയും മുന്‍നിര്‍ത്തി നടന്നുകൊണ്ടിരിക്കുന്ന ശ്രദ്ധേയമായ ഒരു ഇന്ത്യന്‍ പഠനത്തെക്കൂടി പരിചയപ്പെടാം . ഐ. ഐ ടി ഇന്‍ഡോറിലെ ഗവേഷകയായ ജ്യോതി ജസ്റ്റിന്റെ ഗവേഷണപ്രോജക്റ്റ് മാപ്പിംഗ് മസാക്കേഴ്‌സ് – ഇന്ത്യയിലെ 1968 മുതല്‍ 2018 വരെയുള്ള ദലിത് കൂട്ടക്കൊലകളില്‍നിന്നു രക്ഷപ്പെട്ട ദലിത് സ്ത്രീകളുടെ ആഖ്യാനങ്ങളെ മുന്‍ നിര്‍ത്തിയുള്ളതാണ്. ഇന്ത്യന്‍ ദലിതവസ്ഥകളെക്കുറിച്ചുള്ള ആദ്യ ഡിജിറ്റല്‍ ഹ്യുമാനിറ്റീസ് പ്രോജക്റ്റുകളിലൊന്നുകൂടിയാണിത്.
ഈ പ്രോജക്റ്റ് സാധാരണമട്ടിലുള്ള ചരിത്രരചനയല്ല. ‘സ്ഥലത്തെ’ (Space) അടിസ്ഥാനമാക്കിയുള്ള ഒരു ഡിജിറ്റല്‍ വ്യാഖ്യാനമാണ്. ഡിജിറ്റല്‍ മാപ്പിംഗിലൂടെ ചരിത്രത്തെ വീണ്ടെടുക്കുന്ന ഒരു ‘സ്‌പേഷ്യല്‍ ഹ്യുമാനിറ്റീസ്’ (Spatial Humanities) മാതൃകയായി ഈ പഠനത്തെക്കാണാം.
- ഇന്ററാക്ടീവ് ഭൂപടനിർമ്മിതി: അഭയാർത്ഥികൾ സഞ്ചരിച്ച വഴികൾ, പോലീസ് ഉപരോധം സൃഷ്ടിച്ച സ്ഥലങ്ങൾ, കൂട്ടക്കൊല നടന്നയിടങ്ങൾ എന്നിവ ഭൂപടത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നു..
- വാമൊഴി ചരിത്രങ്ങൾ : അതിജീവിച്ചവരുടെ മൊഴികളെ ഭൂപടത്തിലെ നിർദ്ദിഷ്ട സ്ഥലങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു.
- എതിർഭൂപടനിർമ്മിതി : ഔദ്യോഗിക ഭൂപടങ്ങൾ പലപ്പോഴും അധികാരത്തിന്റെ ഭാഗമാണ്. അതിൽ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ചരിത്രം ഉണ്ടാകില്ല. ഈ പ്രോജക്റ്റ് ‘കൗണ്ടർ-മാപ്പിംഗ്’ എന്ന തന്ത്രത്തിലൂടെ, ഔദ്യോഗിക ചരിത്രം തഴഞ്ഞ ഒരു സ്ഥലത്തെയും അവിടുത്തെ മനുഷ്യരെയും ഭൂപടത്തിലേക്ക് തിരികെ കൊണ്ടുവരുന്നു..
Cartographies of Courage: Fictional Threads, Real Lives എന്ന പേരിൽ ഇതിന്റെ ഒരു ഓപ്പൺ ആർക്കൈവ് ഇന്റർനെറ്റിൽ ലഭ്യമാണ്. ഇപ്പോൾ ഉൾപ്പെടുത്തിയിരിക്കുന്നത് രണ്ട് കൂട്ടക്കൊലകളുടെ ആഖ്യാനങ്ങളും വിശകലനവുമാണ്. 1965ൽ തഞ്ചാവൂരിൽ നടന്ന ദലിത് കൂട്ടക്കൊലയുടെ ആഖ്യാന സ്രോതസ്സുകളിൽ അതിജീവിതകളുടെ അനുഭവാഖ്യാനങ്ങൾ കൂടാതെ കഥാഖ്യാനങ്ങളും സിനിമകളും ഡോക്യുമെന്ററികളും ന്യൂസ് കട്ടിങ്ങുകളുംമൊക്കെ ഉൾപ്പെടുന്നുണ്ട്. പശ്ചിമബംഗാളിലെ മറിച്ചാപ്പി(Marichjhapi)യിൽ 1979 ൽ നടന്ന ദലിത് കൂട്ടക്കൊല സംബന്ധിച്ചുള്ളതാണ് മറ്റൊന്ന്. ഇത്യൻ വിഭജനത്തിന്റെ തീരാത്ത ഒരു മുറിവുകൂടിയാണത് പതിനായിരക്കണക്കിനുപേരാണ് വേട്ടയാടപ്പെട്ടത്. ഇടതുഭരണകൂടമായിരുന്നു വേട്ടസ്ഥാനത്ത് എന്നതും ശ്രദ്ധേയമാണ്. കർശനമായ നിയന്ത്രണങ്ങളുണ്ടായിരുന്നതുകൊണ്ട് യഥാർത്ഥ സ്ഥിതി ലോകത്തിനറിയാനായില്ല. തെളിവുകളും ഇല്ലാതായി. വെബ്സൈറ്റിൽ ഇത് സംബന്ധിച്ചു ചേർത്തിരിക്കുന്ന ഒരു ഉദ്ധരണി ശ്രദ്ധേയമാണ്.
“മറിച്ചാപ്പിയിൽ ഇടതുമുന്നണി സ്വീകരിച്ച നയങ്ങൾക്ക് പിന്നിൽ ഭരണകൂട ജാതീയത പ്രവർത്തിച്ചിട്ടുണ്ടാകാം എന്ന് തെളിയിക്കാൻ രേഖാമൂലമുള്ള തെളിവുകൾ ഹാജരാക്കുക അസാധ്യമാണ്. എങ്കിലും, ഒരു മറുചോദ്യം നമുക്കിവിടെ ഉന്നയിക്കാവുന്നതാണ്: അവിടുത്തെ കുടിയേറ്റക്കാർ ബാനർജിമാരും, മുഖർജിമാരും, ബോസുമാരും, മിത്രമാരും, സെൻഗുപ്തമാരും, ദാസ്ഗുപ്തമാരും ആയിരുന്നെങ്കിലോ? അതായത്, ബംഗാളിലെ വരേണ്യരായ ‘ഭദ്രലോക്’ (Bhadralok) വിഭാഗത്തെ ഭൂരിഭാഗവും ഉൾക്കൊള്ളുന്ന, പരമ്പരാഗതമായ മൂന്ന് മേൽജാതികളിൽ പെട്ടവരായിരുന്നു അവരെങ്കിൽ, സർക്കാരിന്റെയും പൊതുസമൂഹത്തിന്റെയും പ്രതികരണം ഇതുതന്നെയാകുമായിരുന്നോ?
ഇതിനുള്ള ഉത്തരം, ‘അല്ല’ എന്ന് തന്നെയായിരിക്കും എന്ന് ഞങ്ങൾക്കുറപ്പുണ്ട്. ഇവിടെയാണ് ‘ജാതി’ എന്ന ഘടകം തെളിഞ്ഞുവരുന്നത്. തങ്ങളുടെ പ്രകടമായ വരേണ്യ സംസ്കാരത്തിനുള്ളിൽ ആഴത്തിൽ വേരൂന്നിയിരിക്കുന്ന, എന്നാൽ പുറമേ പ്രകടമല്ലാത്ത ജാതീയതയെക്കുറിച്ച് ആത്മപരിശോധന നടത്താൻ ഇത് ‘സവർണ്ണ ഭദ്രലോകിനെ’ പ്രേരിപ്പിക്കേണ്ടതുണ്ട്.” (Bandyopadhyay and Chaudhury, Caste and Partition in Bengal.)
പിന്നുര
കവിതയുടെ കാര്‍ണിവലിന്റെ ഒമ്പതാം പതിപ്പ് കവിതയുടെ ഭൂപടങ്ങള്‍ എന്ന പ്രമേയത്തെ അധികരിച്ചാണ്. 2026 ഫെബ്രുവരി 6,7,8 തീയതികളില്‍ പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്‌കൃത കോളേജില്‍ നടക്കുന്ന കാര്‍ണിവലിന്റെ ഭാഗമായി ‘ഭൗമനിരൂപണവും മലയാള കാവ്യഭൂപടങ്ങളും’ എന്ന വിഷയത്തില്‍ ത്രിദിന അന്തര്‍ദേശീയ സെമിനാര്‍ നത്തുന്നു. സെമിനാറില്‍ പങ്കെടുക്കാനും പ്രബന്ധങ്ങള്‍ അവതരിപ്പിക്കാനും രജിസ്‌ട്രേഷന്‍ ആരംഭിച്ചു.. രജിസ്‌ട്രേഷന്‍ ലിങ്ക്: https://forms.gle/i4i8H9wQxm9YJfv6A
ഇന്ത്യൻ സർവകലാശാലകൾക്ക് സംഭവിക്കുന്നതെന്താണെന്ന് കൃത്യമായി വരച്ചുകാട്ടുന്ന ഒരു ലേഖനം “Gagged Campuses, Hollowed Classrooms: The Universities in India Today” ദി വയറിൽവന്നിട്ടുണ്ട്. ഇന്ത്യൻ ക്യാമ്പസുകളിൽ അഭിപ്രായ സ്വാതന്ത്ര്യം വലിയ തോതിൽ നിഷേധിക്കപ്പെടുന്ന അവസ്ഥ കൂടിക്കൂടിവരുന്നു. വിയോജിപ്പുകളെ ക്രമസമാധാന പ്രശ്നമായിട്ടാണ് അധികൃതർ കാണുന്നത്. വിദ്യാർത്ഥികളെ കുറ്റവാളികളായി നിരീക്ഷിക്കുന്നു . തങ്ങളുടെ ക്ലാസ്സ് ഭാഷണങ്ങൾ എപ്പോൾ വേണമെങ്കിലും വിവാദമാക്കപ്പെട്ടേക്കാം എന്ന ഭയത്തിലാണ് അധ്യാപകർ ക്ലാസുകൾ എടുക്കുന്നത്. സ്വതന്ത്രമായ അക്കാദമിക് ചർച്ചകളുടെ സാധ്യതകൾ അടയുന്നു. ഗുണനിലവാരം എന്നത് യാന്ത്രികമായ കണക്കുകളിലും മെറിറ്റുകളിലും മാത്രം അളക്കപ്പെടുന്നു. അക്കാദമികലോകം പ്രത്യയശാസ്ത്രപരമായ വിധേയത്വത്തിലേക്ക് മാറിയിരിക്കുന്നു. രാഷ്ട്രീയത്തിന് അതീതമായി വിജ്ഞാനം സാങ്കേതികമായി മാത്രം കൈകാര്യം ചെയ്യപ്പെടേണ്ട ഒന്നാണെന്ന ധാരണയാണ് ഇന്ന് സൃഷ്ടിക്കപ്പെടുന്നത് . ഇന്ത്യൻ സർവകലാശാലകളെ ‘അരാഷ്ട്രീയവൽക്കരിക്കുന്നതിലൂടെ’ അവയെ പുനരുജ്ജീവിപ്പിക്കാനാവില്ല. അറിവ് സാമൂഹിക പശ്ചാത്തലമില്ലാത്ത ശൂന്യതയിൽ ഉൽപ്പാദിപ്പിക്കപ്പെടുന്നു എന്ന സാങ്കേതികവാദപരമായ വ്യാമോഹത്തെ തള്ളിക്കളയുന്ന ലേഖനം.
രാഷ്ട്രീയവൽക്കരണമാണ് സർവകലാശാലകളുടെ തകർച്ചയ്ക്ക് കാരണമെന്ന് വാദിക്കുന്ന , സാമൂഹിക നീതി നടപ്പാക്കാനുള്ള ശ്രമങ്ങളാണ് സർവകലാശാലകളുടെ തകർച്ചയ്ക്ക് ഒരു കാരണമെന്ന് പറയുന്ന, പൊതു സർവകലാശാലകൾ ഇനി മെച്ചപ്പെടില്ലെന്നും, അശോക സർവകലാശാല പോലുള്ള സ്വകാര്യ സംരംഭങ്ങളിലാണ് ഭാവിയെന്നും വാദിക്കുന്ന ഹിന്ദുസ്ഥാൻ ടൈംസിലെ (HT) രാഹുൽ സാഗറിന്റെ Higher education in India: Why making our universities great again won’t be easyഎന്ന ലേഖനത്തിനുള്ള ( https://www.hindustantimes.com/opinion/higher-education-in-india-why-making-our-universities-great-again-won-t-be-easy-101766762798821.html) മികച്ച മറുപടിയാണിത് സർവകലാശാലകൾ എന്തിനുവേണ്ടിയാകണം എന്ന ആ പഴയം ചോദ്യം വീണ്ടും പ്രസക്തമാകുന്ന അന്തരീക്ഷം . ഹേബർമാസിന്റെ “The Idea of the University: Learning Processes” ഉറക്കെ വായിക്കേണ്ട സന്ദർഭം.
xxxxxxxxxxxxxxxxxxx
സോഷ്യൽ മീഡിയയിലെ തമാശകൾ മുതൽ രാഷ്ട്രീയം, ജാതി, മാധ്യമങ്ങൾ എന്നിവയെല്ലാം എങ്ങനെയാണ് നമ്മുടെ ‘ഉടലറിവിനെ’ അടിസ്ഥാനമാക്കി അധികാരവിനിമയം നടത്തുന്നതെന്ന് വിശദീകരിക്കുന്ന മികച്ച ഒരു പ്രബന്ധം പി.എം. ഗിരീഷ് “ഉടലറിവിന്റെ അധികാരവിനിമയങ്ങൾ” എന്ന തലക്കെട്ടിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയിരിക്കുന്നു. അറിവിന്റെയും അധികാരത്തിന്റെയും ഉറവിടം ശരീരമാണെന്നും, ബാഹ്യലോകത്തിന്റെ വെറും പ്രതിഫലനമല്ല അതെന്നും ലേഖകൻ സ്ഥാപിക്കുന്നു . ഇന്ത്യൻ പ്രസിഡന്റ് ഒരു കുക്കിനെ മുൻനിരയിൽ ഇരുത്തിയത് വാർത്തയായത്, ‘മുൻവശം ഉത്തമം/അധികാരം’, ‘പിൻവശം മോശം/വിധേയത്വം’ എന്ന ഉടലറിവ് നിലനിൽക്കുന്നത് കൊണ്ടാണ് എന്ന് ലേഖകൻ വാദിക്കുന്നുണ്ട്. വലത്’ (Right) എന്നത് ശരി/ബലം എന്നും ‘ഇടത്’ (Left) എന്നത് കുഴപ്പം/വിപരീതം എന്നുമുള്ള ശാരീരിക ധാരണയിൽ നിന്നാണ് രാഷ്ട്രീയത്തിലെ ഇടതു-വലതു പക്ഷങ്ങൾ രൂപപ്പെട്ടത് എന്നും നിരീക്ഷിക്കുന്നുണ്ട്. “അറിവിന്റെ ഉറവിടം ശരീരമാണ്. നമ്മുടെ അനുഭവങ്ങൾ മൂർത്തികരിക്കപ്പെടുന്നത് ശരീരംവഴിയായതുകൊണ്ടാണ് അധികാരം ധൈഷണികതയുടെ ഭാഗമാകുന്നത്. ധൈഷണികവൃത്തികളുടെ ആവിഷ്കാരമായതിനാൽ അധികാരം ജന്മസിദ്ധമാണെന്ന് കണ്ടെത്താനാകും” എന്ന നിഗമനത്തിലാണ് പ്രബന്ധം അവസാനിക്കുന്നത്.

