
അക്ഷയ അശോക്
Published: 10 November 2025 സംസ്‌കാരപഠനം
കേരളത്തിലെ അതിഥി തൊഴിലാളികളുടെ ആരോഗ്യ പരിരക്ഷയിൽ ആവാസ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പങ്ക്: ഒരു വിമർശനാത്മക അവലോകനം
സംഗ്രഹം
കേരളത്തിൻ്റെ സമ്പദ് വ്യവസ്ഥയുടെ എല്ലാ മേഖലകളിലും ഇന്ന് അതിഥി തൊഴിലാളികളുടെ സാന്നിധ്യം കാണുവാൻ കഴിയും. സംസ്ഥാനത്തെ അവിദഗ്ദ്ധ തൊഴിലാളികളുടെ ഭൂരിപക്ഷവും അന്യ സംസ്ഥാന തൊഴിലാളികളാണ്. പ്രാദേശിക തൊഴിലാളികളുടെ കുറവ് നികത്തി സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് സഹായിക്കുന്ന ഇവരുടെ ഇടയിൽ പലതരം രോഗങ്ങളുടെയും അപകടങ്ങളുടെയും സാധ്യത നിലനിലക്കുന്നു. ഇത്തരം സാധ്യതകളെ മുന്നിൽ കണ്ടുകൊണ്ട് അവയ്ക്ക് ഒരു പരിഹാരമായാണ് 2017-ൽ കേരള സർക്കാർ ആവാസ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി നപ്പാക്കുന്നത്. തുച്ഛമായ വരുമാനത്തിൽ ജീവിക്കുന്ന അതിഥി തൊഴിലാളികൾക്ക് പദ്ധതിയിൽ പറഞ്ഞ ആനുകൂല്യങ്ങള് ആശ്വാസകരമാണെങ്കിലും, ഗുണഭോക്താക്കളുടെ കണക്കുകൾ പരിശോധിക്കുമ്പോൾ പദ്ധതിക്ക് തൊഴിലാളികളുടെ ഇടയിൽ ഉദ്ദേശിച്ച സ്വാധീനം ചെലുത്താനായില്ല എന്ന് മനസിലാക്കാൻ കഴിയും. ആയതിനാൽ പദ്ധതിയുടെ സാധ്യതകളെയും, പരിമിതികളെയും വെല്ലുവിളികളെയും വിശകലനം ചെയ്ത് ഒരു വിമർശനാത്മക അവലോകനം നടത്തുക എന്നതാണ് പഠനത്തിൻ്റെ ലക്ഷ്യം.
പ്രധാന വാക്കുകൾ: അതിഥി തൊഴിലാളികൾ, ആവാസ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി, ഇൻഷുറൻസ്, ആരോഗ്യം, ആരോഗ്യ പരിരക്ഷ
ആമുഖം
അതിഥി തൊഴിലാളികൾ ഇന്ന് കേരളത്തിൻ്റെ സമ്പദ്‌വ്യവസ്ഥയുടെ, വിശേഷിച്ചും ദ്വിതീയ മേഖലയുടെ ഒരു അവിഭാജ്യ ഘടകം ആയിരിക്കുകയാണ്. അതിഥി തൊഴിലാളികളുടെ ചരിത്രം പരിശോധിച്ചാൽ പത്തൊൻപതാം നൂറ്റാണ്ടിൻ്റെ ആദ്യ കാലങ്ങളിൽ തന്നെ കേരളത്തിലേക്ക് മദ്രാസിൽ നിന്നുള്ള തോട്ടം തൊഴിലാളികളുടെ സാന്നിധ്യം കാണുവാൻ കഴിയും (കുമാർ എ, 2020). 1956 ഇൽ സംസ്ഥാന രൂപീകരണത്തിനു ശേഷം 2001 വരെ കുടിയേറ്റ തൊഴിലാളികളുടെ സിംഹഭാഗവും തമിഴ്നാട്, കർണ്ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നുമായിരുന്നു. എന്നാൽ, 2011 മുതൽ ഭൂരിപക്ഷം തൊഴിലാളികളും ബംഗാൾ, അസം, ഒഡീഷ, ബിഹാർ തുടങ്ങിയ വടക്ക് വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ഇന്ന് സംസ്ഥാനത്ത് ഏകദേശം 31 ലക്ഷം അതിഥി തൊഴിലാളികൾ ജോലി ചെയ്തുവരുന്നു. ഇതിൽ ഭൂരിഭാഗവും, നിർമാണ മേഖലയിലും (17.5 ലക്ഷം പേർ), ഉൽപാദന മേഖലയിലുമായി (6.3 ലക്ഷം പേർ) പ്രവർത്തിച്ചു വരുന്നു.(എക്കണമിക് റിവ്യു, 2023). ഇതുകൂടാതെ മൈനിങ്, ഹോട്ടൽ വ്യവസായം, കൃഷി തുടങ്ങിയ അസംഘടിത മേഖലകളിലും ഇവരുടെ സാന്നിധ്യം കാണാൻ കഴിയും.
റിസർവ് ബാങ്കിൻ്റെ “ഹാൻഡ്ബുക്ക് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ഓൺ ഇന്ത്യൻ സ്റ്റേറ്റ്സ്” റിപ്പോർട്ട് പ്രകാരം രാജ്യത്തെ ഏറ്റവും ഉയർന്ന വേതനം ലഭിക്കുന്ന സംസ്ഥാനമാണ് കേരളം. താരതമ്യേന ഉയർന്ന വേതനവും, സാമൂഹിക സുരക്ഷയും, അവിദഗ്ധ, അർദ്ധവിദഗ്ധ മേഖലയിലുള്ള ജോലി സാധ്യതയും കേരളത്തെ അന്യസംസ്ഥാന തൊഴിലാളികൾക്ക് ഏറ്റവും അനുയോജ്യമാകുന്നു.
അതിഥി തൊഴിലാളികൾ കൂടുതലായും നിർമാണ മേഘലയിലും ഫാക്ടറികളിലും ജോലി ചെയ്യുന്നവരും പരിമിതമായ അടിസ്ഥാന സൌകര്യങ്ങളിലും ജീവിക്കുന്നവരുമാണ്. ആയതിനാൽ ഇവർക്ക് പല തരത്തിലുള്ള രോഗങ്ങളും, അപകടങ്ങളും, അപകട മരണങ്ങളും സംഭവിക്കാനുള്ള സാധ്യതയും കൂടുതലാണ്. വേണ്ടത്ര സാമ്പത്തിക ഭദ്രത ഇല്ലാത്ത ഇവർക്ക് രോഗങ്ങളും അപകടങ്ങളും വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കിയേക്കാം. ഈ തിരിച്ചറിവിലാണ് സംസ്ഥാന സർക്കാർ ചികിൽസാ ചെലവ് ചുരുക്കാനും, അപകട മരണങ്ങളിൽ കൈതാങ്ങാകുവാനും 2017ൽ മുന്നോട്ട് വച്ച പദ്ധതിയാണ് “ആവാസ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി” (AAWAZ Health Insurance Scheme).
ഇന്ന് ജനങ്ങൾക്കിടയിൽ, പ്രത്യേകിച്ചും സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവർക്കിടയിൽ, ആരോഗ്യ ഇൻഷുറൻസ് ഒരു അനിവാര്യ ഘടകമായി മറിയിരിക്കുകയാണ്. ഇത് വർദ്ധിച്ചു വരുന്ന ചികിത്സാ ചെലവിൽ നിന്നും ഒരു പരിധി വരെ സംരക്ഷിക്കുകയും മികച്ച ചികിത്സ തേടാൻ പ്രാപ്തരാക്കുകയും ചെയ്യുന്നു. ഇത്തരം പ്രയോജനങ്ങൾ മുന്നിൽകണ്ടുകൊണ്ട് അതിഥി തൊഴിലാളികൾക്ക് വേണ്ടി തുടങ്ങിയ ഈ പദ്ധതിയുടെ നേട്ടങ്ങളെക്കുറിച്ചും പരിമിതികളെക്കുറിച്ചും ഒരു അവലോകനം നടത്തുക എന്നതാണ് ഈ പഠനത്തിന്റെ ഉദ്ദേശം.
അതിഥി തൊഴിലാളികൾ നേരിടുന്ന ആരോഗ്യ പ്രതിസന്ധികൾ
പരിമിതമായ ജീവിത സാഹചര്യങ്ങളും, ശുചിത്വ സംവിധാനങ്ങളുടെ അപര്യാപ്തതയും അതിഥി തൊഴിലാളികൾക്കിടയിൽ പകർച്ചവ്യാധികളും അല്ലാത്തതുമായ പല വിധ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. കൂടാതെ, മദ്യപാനം, പുകവലി, ലഹരിയുടെ ഉപയോഗം തുടങ്ങിയ ശീലങ്ങളും രോഗങ്ങളിലേക്ക് വഴിതെളിക്കുന്നു. പരീദയും രവിരാമനും 2022 ഇൽ നടത്തിയ പഠനം പ്രകാരം കേരളത്തിൽ 55.6% തൊഴിലാളികൾ പ്രമേഹം, രക്തസമ്മർദ്ദം, ശ്വാസകോശസംബന്ധ രോഗങ്ങൾ, ഹൃദ്രോഗം (Cardio-Vascular Disease), ക്യാൻസർ, എച്ച്ഐവി/എയ്ഡ്സ് തുടങ്ങിയ ദീർഘകാല രോഗങ്ങളിൽ (chronic ailments) ഒന്നെങ്കിലും ബാധിച്ചവരാണ്. ഇവയോടൊപ്പം തന്നെ ത്വക്ക് രോഗങ്ങൾ, മലേറിയ, ചിക്കൻഗുനിയ, വൈറൽ പനി, ഡയറിയ, ഡിസെന്ററി, ഡെങ്കി പനി, തുടങ്ങിയ രോഗങ്ങളും ഇവരുടെ ഇടയിൽ വ്യാപകമാണ്.
രോഗങ്ങളോടൊപ്പം തന്നെ നിൽക്കുന്ന ആരോഗ്യ പ്രതിസന്ധികളാണ് അപകടങ്ങളും അപകട മരണങ്ങളും. “സെൻറർ ഫോർ മൈഗ്രേഷൻ ആന്റ് ഇൻക്ലൂസിവ് ഡെവലപ്മെൻറ് (CMID)” നടത്തിയ പഠന പ്രകാരം സംസ്ഥാനത്ത് ഒരു വർഷം 690-700 അഥിതി തൊഴിലാളികൾ മരിക്കുന്നുണ്ട്. ഇതിൽ പകുതിയും തൊഴിലിടങ്ങളിൽ ഉണ്ടാകുന്ന അപകടങ്ങൾ മൂലം മരിക്കുന്നവരാണ്.
ആവാസ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ലക്ഷ്യങ്ങളും പ്രാധാന്യവും .
ആരോഗ്യം ഏവരുടെയും അടിസ്ഥാന അവകാശമാണ് എന്ന തത്വത്തിൽ ചുവടുറപ്പിച്ചുകൊണ്ട് സംസ്ഥാന സർക്കാർ 2017 നവംബറിൽ ഒരു ഹെൽത്ത് കം ഡെത്ത് ഇൻഷുറൻസ് പദ്ധതിയായി ആവാസ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി ആരംഭിച്ചത്. അതിഥി തൊഴിലാളികൾക്ക് വേണ്ടി ഒരു ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളം. ഈ പദ്ധതിക്ക് പ്രധാനമായും രണ്ട് ലക്ഷ്യങ്ങളാണ് ഉള്ളത്:
ചികിത്സാധന സഹായം: പ്രസ്തുത പദ്ധതി പ്രകാരം ഇൻഷ്വർ ചെയ്ത വ്യക്തിക്ക് ഒരു വർഷം 25,000 രൂപ ചികിത്സ സഹായം ലഭിക്കുന്നതാണ്. ഗുണഭോക്താക്കൾക്ക് തങ്ങളുടെ ബയോമെട്രിക് കാർഡ് വഴി ഇപ്പറഞ്ഞ സേവനം എല്ലാ സർക്കാർ ആശുപത്രികളിലും എംപാനൽ ചെയ്യപ്പെട്ടിട്ടുള സ്വകാര്യ ആശുപത്രികളിലും ലഭിക്കുന്നതാണ്.
അപകട മരണ ഇൻഷുറൻസ് : ആവാസ് പദ്ധതിയുടെ ഗുണഭോക്താവിന്റെ ആശ്രിതർക്ക് അപകട മരണ ഇൻഷുറൻസായി 2 ലക്ഷം രൂപ വരെ ലഭിക്കുന്നതാണ്.
18 മുതൽ 60 വയസ്സുവരെയുള്ള ഏതൊരു അതിഥി തൊഴിലാളിക്കും ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഈ സംവിധാനം വഴി 2024 വരെ 5,16,320 തൊഴിലാളികളാണ് വിവിധ ജില്ലകളിൽ നിന്നും പദ്ധതിയിലേക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളത് (എക്കണോമിക് റിവ്യു, 2024). സംസ്ഥാന പ്ലാനിങ് ബോർഡിൻ്റെ കണക്ക് പ്രകാരം 2022 ഒക്ടോബർ വരെ 374 അതിഥി തൊഴിലാളികൾക്ക് ചികിൽസ ആനുകൂല്യങ്ങളും 29 അതിഥി തൊഴിലാളികളുടെ ആശ്രിതർക്ക് അപകട മരണ സഹായവും നൽകിയിട്ടുണ്ട്.
ആവാസ് ആരോഗ്യ ഇൻഷുറൻസ്ന്റെ പരിമിതികളും വെല്ലുവിളികളും.
അതിഥി തൊഴിലാളികളുടെ ക്ഷേമത്തിന് ഊന്നൽ നൽകി മുന്നോട്ട് വച്ച ഈ പദ്ധതിയുടെ പ്രധാന പോരായ്മ അതിഥി തൊഴിലാളികളുടെ പങ്കാളിത്തത്തിൽ ഉള്ള ഗണ്യമായ കുറവ് തന്നെയാണ്. മുപ്പത്തൊന്ന് ലക്ഷം അതിഥി തൊഴിലാളികളിൽ 5,16,320 പേർ, അതായത് ഏകദേശം 16.7% തൊഴിലാളികൾ മാത്രമാണ് പദ്ധതിയുടെ ഭാഗമായിട്ടുള്ളത്. ഇതിൽത്തന്നെ 0.08% തൊഴിലാളികൾക്ക് മാത്രമാണ് ഇതിന്റെ പ്രയോജനം കിട്ടിയിട്ടുള്ളത്. ഗുണഭോക്താക്കളുടെ എണ്ണത്തിലെ ഈ കുറവ് വ്യക്തമാക്കുന്നത് പദ്ധതിയിൽ അംഗമായവരുടെ ഇടയിലും ഇതിന്റെ ആനുകൂല്യങ്ങൾ എന്തൊക്കെയാണ്, അവ എങ്ങനെ ലഭ്യമാക്കണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വ്യക്തമായ അവബോധം ഇല്ല എന്നതാണ്. ഇരുപത്തിയഞ്ച് ലക്ഷത്തിലധികം തൊഴിലാളികൾ ഈ പദ്ധതിയുടെ ഭാഗമല്ല. ഇതിന് പിന്നിലെ പ്രധാനകാരണം, ഭൂരിഭാഗം തൊഴിലാളികളും ഇങ്ങനെയൊരു പദ്ധതിയുണ്ട് എന്ന് അറിയാത്തവരാണ് കൂടാതെ ഇതിന്റെ രജിസ്ട്രേഷൻ പ്രക്രിയയെക്കുറിച്ചുള്ള ധാരണയില്ലായ്മയും മറ്റൊരു കാരണമായ് പറയാം. 2020 ഇൽ സി.എം.ഐ.ടി. (CMID) എറണാകുളം ജില്ലയിലെ അതിഥി തൊഴിലാളികളെ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിൽ കേവലം 24.2% പേർ മാത്രമാണ് ആവാസ് പദ്ധതിയെക്കുറിച്ച് കേട്ടിട്ടുള്ളത്. അതിൽത്തന്നെ 23% പേരാണ് പദ്ധതിയിൽ പേര് ചേരത്തിട്ടുള്ളത്. ഇതിൽ നിന്നെല്ലാം മനസിലാക്കാൻ കഴിയുന്നത് ആവാസ് പദ്ധതിക്ക് അതിഥി തൊഴിലാളികള്ക്കിടയിൽ ഉദ്ദേശിച്ച സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടില്ല എന്നു തന്നെയാണ്.
ആവാസ് പദ്ധതി നടപ്പാക്കുന്നതിൽ സർക്കാരും തൊഴിൽ വകുപ്പും നേരിടുന്ന മുഖ്യ വെല്ലുവിളികളിൽ ഒന്ന് തൊഴിലാളികൾക്കിടയിൽ കൃത്യമായ അവബോധം സൃഷ്ടിക്കാൻ കഴിയുന്നില്ല എന്നതാണ്. പല സംസ്ഥാനങ്ങളിൽ നിന്നും കുടിയേറിയ, പല ഭാഷകൾ സംസാരിക്കുന്ന ഇവരിൽ ഭൂരിപക്ഷവും പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ളവരാണ് ആയതിനാൽ ഇവരിലേക്ക് ഇറങ്ങി ചെല്ലുക അത്ര എളുപ്പമല്ല. ഇതിന് പുറമെ അതിഥി തൊഴിലാളികളെ കുറിച്ച് ഒരു ഏകദേശ കണക്ക് മാത്രമാണുള്ളത്. ഒരു നിശ്ചിത കാലത്തേക്ക് മാത്രം ജോലി ചെയ്ത് തിരിച്ചു സ്വന്തം നാട്ടിലേക്ക് തന്നെ മടങ്ങുന്നവരാണ് ഇവരിൽ കൂടുതൽ പേരും. അതിനാൽ ഇവരുടെ കൃത്യമായ കണക്കെടുക്കുക എന്നത് ഒരു ശ്രമകരമായ ഉദ്യമമാണ്.
പരിഹാരങ്ങളും നിർദ്ദേശങ്ങളും
ആവാസ് പദ്ധതിയുടെ സ്വീകാര്യത വർദ്ധിപ്പിക്കാനായി പരസ്യങ്ങളിലൂടെയും, സാമൂഹിക മാധ്യമങ്ങളിലൂടെയും പദ്ധതിയെക്കുറിച്ചും അതിൽ രജിസ്റ്റർ ചെയ്യേണ്ട രീതിയെക്കുറിച്ചും , ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുക.
മൊബൈൽ ആപ്ളിക്കേഷനുകൾ വഴി തൊഴിലാളികൾക്ക് അവരുടെ തന്നെ മാതൃഭാഷയിൽ സംശയ ദൂരീകരണത്തിനും, പരാതികൾ ഉയർത്തുവാനുമുള്ള സംവിധാനങ്ങൾ നടപ്പിലാക്കുക.
കൃത്യമായ ഇടവേളകളിൽ പദ്ധതിയുടെ പ്രവർത്തനങ്ങളെ വിശകലനം ചെയ്ത് പോരായ്മകളെ പരിഹരിക്കുക .
ഉപസംഹാരം
അതിഥി തൊഴിലാളികളുടെ ആരോഗ്യവും ക്ഷേമവും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പദ്ധതിയാണ് ആവാസ്. എന്നാൽ, തൊഴിലാളികൾക്കിടയിൽ കൃത്യമായ ഒരു അവബോധം സൃഷ്ടിക്കാനോ, കൂടുതൽ തൊഴിലാളികളെ പദ്ധതിയുടെ ഭാഗമാക്കുന്നതിനോ വേണ്ട ഇടപെടൽ അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ആയതുകൊണ്ട് തന്നെ ആവാസ് അതിന്റെ ഉദ്ദേശ ലക്ഷ്യത്തിൽ എത്തുവാൻ സാധിച്ചിട്ടില്ല . പദ്ധതിയുടെ നടത്തിപ്പിലുണ്ടായ പോരായ്മകളെ പരിഹരിച്ച് കൂടുതൽ തൊഴിലാളികളിലേക്ക് ഇതിന്റെ പ്രയോജനം എത്തിക്കേണ്ടതായുണ്ട്.
REFERENCES
Sreekumar, N C (2019). Challenges Encountered for Enrolment in Aawaz Health Insurance Scheme by Construction Migrant Workers in Kerala, Health Safety and Well-Being of Workers in the Informal Sector in India. p.p:173-186
https://doi.org/10.1007/978-981-13-8421-9
Government of Kerala (2024). Economic Review 2023, Kerala State Planning Board.
Government of Kerala (2024). Inter- State Migrant Workers in Kerala, Kerala Institute of Labour and Employment.
Kumar, Ajith S (2022). An Analysis of Health Issues and Challenges Among Urban Migrant Population in Kerala, International Journal for Research in Applied Sciences and Engineering Technology Vol. X, No.8
https://doi.org/10.22214/ijraset.2022.46078
Parida, Jajati Keshari and K. Ravi Raman (2021). A study on In-migration, Informal Employment and Urbanization in Kerala, State Planning Board (Evaluation Division), Government of Kerala.
Kumar, Ajith (2020). Exploring the Drivers of Long Distance Labour Migration to Kerala, CSES Working Paper.
Centre for Migration and Inclusive Growth (2020). State of Inclusion of Migrant Workers in Ernakulam District, Kerala

അക്ഷയ അശോക്
ഗവേഷണ വിദ്യാർത്ഥിനി സാമ്പത്തിക ശാസ്ത്ര വിഭാഗം യൂണിവേഴ്സിറ്റി കോളേജ്, പാളയം തിരുവനന്തപുരം Email: akshayarenukaasok@gmail.com
