
അലിക്കുട്ടി സി.
Published: 10 December 2025 പുസ്തകാനുഭവം
കാറ്റ് പറഞ്ഞ കഥ: ലക്ഷദ്വീപ് ജീവിതമെഴുതുമ്പോൾ
(കാറ്റോശയും പിഞ്ഞാണവും- ലക്ഷദ്വീപ് ഡയറി
എഴുതിയത്: അബ്ദുൾ റഷീദ്
മൊഴിമാറ്റം: എ.കെ. റിയാസ് മുഹമ്മദ്
പ്രസാധകർ : ബുക് പ്ലസ് ചെമ്മാട്
ഈ പുസ്തകത്തെക്കുറിച്ചുള്ള വായനാനുഭവം)
വായനയുടെ ലഹരി എപ്പോഴും അനുഭവിക്കാൻ കഴിയാറില്ല. എന്നാൽ അതിലകപ്പെട്ടുപോയാൽ അത്ര പെട്ടെന്നൊന്നും അതിന്റെ കെട്ടിറങ്ങിപ്പോവുകയില്ല. അത്തരമൊരു ലഹരിയുടെ ആത്മീയനിർവൃതിയിൽ തല ചായ്ച്ചു കിടന്നാണ് ഞാനിതെഴുതുന്നത്.
2017ലെ കവിതയുടെ കാർണിവലിൽ (പട്ടാമ്പി ഗവ.സംസ്കൃത കോളേജ്) ദക്ഷിണേന്ത്യൻ കവികളുടെ കൂട്ടത്തിൽ കന്നടയിൽ നിന്നും അബ്ദുൽ റഷീദ് എന്നൊരു എഴുത്തുകാരനൻ വന്നിരുന്നെങ്കിലും സംഘാടക ബഹളങ്ങൾക്കിടയിൽ പരിചയപ്പെടാൻ കഴിഞ്ഞിരുന്നില്ല. പക്ഷെ ആ മുഖം മനസ്സിൽ പതിഞ്ഞു കിടന്നിരുന്നു. കഴിഞ്ഞ ദിവസം കയ്യിലെത്തിയ ‘കാറ്റോശയും പിഞ്ഞാണവും – ലക്ഷദ്വീപ് ഡയറി’ എന്ന കന്നടയിൽ നിന്നും മൊഴിമാറ്റം ചെയ്തെത്തിയ പുസ്തകം കണ്ടപ്പോൾ എഴുത്തുകാരന്റെ പേര് പഴയ കാർണിവൽ ഓർമ്മകളിൽ ചെന്നുമുട്ടി. അന്നത്തെ ഫോട്ടോകൾ എടുത്തുനോക്കിയപ്പോൾ ‘ദിതയാൾ’ തന്നെ എന്നു മനസ്സിലായി. ദ്വീപിനെ കുറിച്ചുള്ള പുസ്തകങ്ങളോടുള്ള താൽപര്യപ്പുറത്തു കയറി, യാത്രാവിവരണമോ അനുഭവക്കുറിപ്പുകളോ ആയിരിക്കാം എന്ന തീർപ്പിലിരുന്നാണ് ‘കാറ്റോശയും പിഞ്ഞാണവും’ വായിക്കാനിരുന്നത്. പക്ഷെ, ഓരോ അധ്യായവും കഴിയുമ്പോൾ ഇതെന്തുതരം സാഹിത്യവ്യവഹാരമാണ് എന്നു നിർവചിക്കാൻ കഴിയാതെ ഞാൻ കുഴങ്ങി. പതിനെഞ്ചു അധ്യായങ്ങൾ ഒറ്റക്കിടപ്പിലിരുന്ന് വായിച്ചു തീർത്തു. ഒരു തരം ആനന്ദനിർവൃതിയിൽ കുറേനേരം കിടന്നു. കഥയോ നോവലോ യാത്രാവിവരണമോ സ്മരണയോ എന്നു പിടിതരാത്ത ആഖ്യാനം. ഒരു രക്ഷയുമില്ലാത്ത ആവിഷ്കാരം. ദ്വീപിനെ കുറിച്ച് ഇക്കാലമത്രയും വായിച്ചതിനെയൊക്കെ കാറ്റോശയും പിഞ്ഞാണവും തൂത്തു കളഞ്ഞിരിക്കുന്നു.
കവരത്തി ആകാശവാണിയിൽ ജോലി ചെയ്തിരുന്ന കാലത്താണ് അബ്ദുൽ റഷീദ് ഈ ലക്ഷദ്വീപ് ഡയറി എഴുതിയിട്ടുള്ളത്. അദ്ദേഹമിപ്പോൾ ദ്വീപ് വിട്ട് മൈസൂരിലാണ്. ദ്വീപുമൊഴിയിൽ കാറ്റോശ എന്നാൽ കാറ്റിന്റെ ഒച്ചയാണ്, കാറ്റിന്റെ താളമാണ്, കാറ്റു പറഞ്ഞുകൊണ്ടിരിക്കുന്നതാണ്. കുടകിലെ കുട്ടിക്കാല ഓർമ്മകളിൽ നിറഞ്ഞുനിന്നിരുന്ന മൊല്ലാക്കയുടെ പിഞ്ഞാണപ്പാത്രത്തിന്റെ പൊരുൾ തേടിയുള്ള അബ്ദുൽ റഷീദിന്റെ സഞ്ചാരം കടലിനു നടുവിലെ തെങ്ങിൻതോപ്പുകൾക്കടിയിലെ മനുഷ്യവ്യവഹാരങ്ങളിൽ ചെന്നെത്തുന്നു. സാധാരണ യാത്രാവിവരണങ്ങളിൽ കാണുന്ന പോലെയുള്ള സ്ഥലകാല വിവരണങ്ങൾ ഇതിൽ അപ്രസക്തമാണ്. ഏതു ദ്വീപ്, ഏതു കാലം, തന്റെ ജോലിയേത്, പോകുന്ന കപ്പലേത്., കാണുന്ന ജനമേത് എന്നൊന്നും ഇവിടെ പറയുന്നില്ല, അത് കാറ്റു പറഞ്ഞു കൊടുക്കുന്ന ആത്മീയബന്ധങ്ങളൊളിപ്പിച്ച പിഞ്ഞാണത്തിന്റെ കഥയാണ്. അവിടെ ഞാനും നീയും എല്ലാം അപ്രസക്തമാവുന്നു. അവിടെ ‘എല്ലാ പ്രേമവും ശുഷ്കം, എല്ലാം ഭാവനകളും ശുഷ്കം ഭക്തിയും ശുഷ്കം’ എന്ന് റഷീദ് ബഷീറിനെ പോലെ പറയുന്നുണ്ട്. സൈക്കിൾ ചക്രം പോലെ കറങ്ങുന്ന ആയാസരഹിതമായ പവിഴദ്വീപിലെ ജീവിതത്തിന്റെ സൗന്ദര്യമാണ് പുസ്തകത്തിന്റെ സത്ത. ആടിനെ അറുക്കുന്ന വയസ്സനും കപ്പലിൽ നിന്നും പരിചയപ്പെട്ട പഴയകാലനടിയും സൈക്കിൾ നന്നാക്കാനായി മറ്റൊരു ദ്വീപിലെത്തുന്ന തിപ്ത്തൂരുകാരൻ റസാക്കുമെല്ലാം പറയുന്ന കഥകളിലൂടെ ലക്ഷദ്വീപ് ഡയറി പരസ്പര ബന്ധിതമായ അതിന്റെ ചുരുൾ നിവർത്തുന്നു. പിഞ്ഞാണപ്പാത്രത്തിന്റെ ഉടമയായ മൊല്ലാക്കയും ആടിനെ അറുത്തു വിൽക്കുന്ന പാട്ടുകാരനായ വയസ്സനും ഒരേ കഥയിലെ കഥാപാത്രങ്ങളായി പരിണമിക്കുന്നു. കടലിനു നടുവിൽ വിശ്വാസത്തിന്റെ ചൈതന്യമനുഭവിച്ച് ജീവിക്കുന്ന മനുഷ്യരുടെ കഥ മാത്രമല്ല ഇത്, മീനുകളും ഞണ്ടുകളും കടലൊച്ചുകളുമെല്ലാം കഥയുടെ പൊരുളായി നിറയുന്നു.
“ആയിരം നാഴിക ദൂരത്തോളം നീലക്കടലിന് നടുവിലായി മൺകൂനകളെപ്പോലെ വ്യാപിച്ചു കിടക്കുന്ന ഈ ദ്വീപുകളിലെ മണൽപരപ്പിനു മീതെ ജലജീവികളെപ്പോലും വിട്ടൊഴിയാത്ത വ്യാമോഹങ്ങൾ. ഒരുപക്ഷേ നൂറോളം വർഷങ്ങൾക്ക് മുമ്പ് ജീവിച്ച് തന്റെ പുറന്തോടിനെ കടലിൽ ഉപേക്ഷിച്ച് പരമാത്മാവിൽ ലയിച്ചുചേർന്ന കടലൊച്ചിന്റെ ശംഖിനകത്ത് ഒളിച്ചുകൊണ്ട് പ്രച്ഛന്നവേഷധാരികളായി വന്നിരിക്കുന്ന ഒരു പെൺഞണ്ടും ഒരാൺഞണ്ടും. ചുറ്റിലും ഉലാത്തിക്കൊണ്ടിരിക്കുന്ന മറ്റു ഞണ്ടുകളിൽനിന്ന് രക്ഷപ്പെട്ട് തങ്ങളുടെ പ്രണയത്തെ ദ്രുതഗതിയിൽ പ്രകാശിപ്പിച്ച് അചേതനരായി ശംഖുകളോടൊപ്പം അവ വീണുകിടക്കുന്നു.” എന്നിങ്ങനെ കടലൊച്ചകളുടെ പ്രേമകഥ പറയുന്നത് പടിഞ്ഞാറൻ കടലിൽ പാതിരാത്രിയും കഴിഞ്ഞ് അഷ്ടമിയിലെ ചന്ദ്രൻ അസ്തമിക്കുന്നത് കാണാൻ വന്നിരിക്കുമ്പോഴാണ്.
ഒറ്റ ജന്മമേ ഉള്ളുവെങ്കിലും അതിനകത്ത് വ്യത്യസ്തങ്ങളായ അവതാരങ്ങളെടുത്ത് നിസ്വാർത്ഥമായി ജീവിച്ചു തീർക്കുന്ന ദ്വീപുകാരന്റെ ദിനചര്യ എഴുത്തുകാരൻ മനോഹരമായി ആവിഷ്കരിക്കുന്നുണ്ട്.
“സുബ്ഹി ബാങ്ക് വിളിക്കുമുമ്പേ ഉണർന്നെഴുന്നേറ്റ് ശുഭ്രവസ്ത്രധാരികളായി സൈക്കിളും ചവിട്ടി പള്ളികൾ ലക്ഷ്യമാക്കി ചലിക്കുന്ന അതേ മനുഷ്യൻ ഏതാനും സമയങ്ങൾക്കകം ചാണകത്തിന്റെയും മൂത്രത്തിന്റെയും കന്നുകാലികളുടെയും ഗന്ധങ്ങൾക്കിടയിൽ അർധനഗ്ന നായി കുത്തിയിരുന്നുകൊണ്ട് പാൽ കറക്കുന്ന ഗോപാലകനാവും. കുറച്ചു നേരത്തിനുള്ളിൽ തന്റെ പൂർവികർ നട്ട ആകാശത്തോളം വളർന്നു നിൽക്കുന്ന കൽപവൃക്ഷത്തിനടിയിൽ നിന്നുകൊണ്ടു തേങ്ങയുലിച്ച് അവയെ രാശികൂട്ടുന്ന നാളികേര കർഷകനാവും. അൽപം കഴിഞ്ഞാൽ ഒന്നു രണ്ട് ആടുകളുമായി കറങ്ങി ഏതെങ്കിലും മരച്ചില്ലകളിൽനിന്ന് പച്ചയിലകൾ പറിച്ച് അവയ്ക്കു തിന്നാൻ കൊടുക്കുന്ന അജപാലകനാകും. സൂര്യൻ മേലെയേറവെ ഗുമസ്‌തന്റെ കുപ്പായവും ധരിച്ച് സൈക്കിളും ചവിട്ടി കാര്യാലയത്തിലേക്ക് പോകും. ഉച്ചനേരത്തെ ഇടവേളയിൽ ചായക്കടയിൽവച്ച് ശുദ്ധനായ രാഷ്ട്രീയപ്രവർത്തക നെപ്പോലെ ഏതോ അന്താരാഷ്ട്ര പ്രശ്‌നത്തെക്കുറിച്ച് തന്റെ അഭിപ്രായങ്ങൾ വളരെ കൃത്യമായി വലിയ ഉച്ചത്തിൽ പറഞ്ഞുകൊണ്ടിരിക്കും. സന്ധ്യക്കുമുമ്പേ മകനെയോ പേരമകനെയോ സൈക്കിളിന്റെ ബാറിലിരുത്തി സ്കൂളിൽനിന്ന് മടങ്ങിവരും. തിരിച്ചുവന്നവൻ കടൽതീരത്ത് മണലിൽ കിളച്ച് രാത്രിയിലെ മീൻവേട്ടയ്ക്കുള്ള മണ്ണിരകളെ പെറുക്കിക്കൂട്ടും. ഇരുട്ടാകുന്നതോടെ ഏതോ വീട്ടിൽനിന്ന് കേൾക്കുന്ന മൗലീദ് പാരായണത്തിൽ ഒരു വിദഗ്‌ധനായ പാട്ടുകാരനായി അറബിമലയാളത്തിലുള്ള മതകാവ്യം പാടിക്കൊണ്ടിരിക്കും, അല്ലെങ്കിൽ ദഫ് കൊട്ടി മതിമറന്നു വിചിന്തനനായി സ്വന്തത്തെ മറന്നു കൊണ്ട് ദിക്ർ എന്ന സൂഫീ ധ്യാനാവസ്ഥയിൽ വിലീനനാകും. പാതിരാത്രി കഴിഞ്ഞാലും മീൻവേട്ടയ്ക്കായി കയ്യിലൊരു ചൂണ്ടയും പിടിച്ച് ധ്യാനനിരതനായ ഒരു ഋഷിയെപ്പോലെ ബോട്ടുജെട്ടിയുടെ സിമന്റ് തിണ്ണയിൽ പത്മാസനത്തിൽ ഇരിക്കുന്നുണ്ടായിരിക്കും. ഒരേ മനുഷ്യൻ, ഒരേ ജന്മം, പല അവതാരങ്ങൾ”
ആഖ്യാനത്തിന്റെ സൗന്ദര്യമാണ് ഈ പുസ്തകത്തെ വേറിട്ടു നിർത്തുന്നത്. കടലും ആകാശവും മണ്ണും മനുഷ്യനുമെല്ലാം നിറഞ്ഞ ചൈതന്യത്തോടെയല്ലാതെ ഇവിടെ കടന്നുവരുന്നില്ല.
എങ്ങോട്ടാണ് പോകേണ്ടത് എവിടെ നിന്നാണ് വന്നത് എന്നെല്ലാം മറന്ന് കടലിനു മടിയിലെ തുരുത്തിൽ സൈക്കിൾ ചവിട്ടി മുറുക്കാൻ ചവച്ച് അയാൾ സഞ്ചരിച്ചു കൊണ്ടിരുന്നു. മടങ്ങാൻ മനസ്സുവരാതെ, ഈ വലിയ കടൽ കടന്ന് ഞാനെങ്ങനെ പോകും? എന്നയാൾ വെറുതെ ഉത്കണ്ഠപ്പെടുന്നു.
ഇതൊരു വിവർത്തനകൃതിയാണെന്ന് വായിക്കുമ്പോൾ ഒരിക്കലും തോന്നുകയില്ല. അത്ര മനോഹരമായാണ് എ.കെ.റിയാസ് മുഹമ്മദ് കാറ്റോശയും പിഞ്ഞാണവും മൊഴിമാറ്റിയിരിക്കുന്നത്. ഗ്രന്ഥ കർത്താവായ അബ്ദുൽ റഷീദിനും വിവർത്തകനായ റിയാസ് മുഹമ്മദിനും പ്രസാധകരായ ബുക് പ്ലസിനും നന്ദി!

അലിക്കുട്ടി സി.
അസിസ്റ്റന്റ് പ്രൊഫസര്‍, മലയാള വിഭാഗം, ശ്രീനീലകണ്ഠ ഗവ. സംസ്കൃത കോളേജ്, പട്ടാമ്പി.
