മുനിഞ്ഞുകുത്തിയ രാവുകൾ നട്ടെല്ല് നിവർത്തിയ വേദന ഇറുക്കെപ്പിടിക്കുമ്പോൾ ഉയിരു പിടയുന്നു. അങ്ങോട്ടുമിങ്ങോട്ടുമില്ലാതെ കുതിർന്നുപോവുന്നു ശ്വാസം. പൊട്ടിപ്പോയ തണുപ്പിൻ്റെ അറ്റം ജനൽചില്ലിൻ്റെ തുളയിലൂടെ നെഞ്ചിൽ കുത്തുന്നു….. കണ്ണടയ്ക്കുമ്പോൾ മച്ചിൻപുറത്ത് ഇണപ്രാവുകളുട കുറുകലുകൾ. അടുക്കളയുടെ തണുത്ത തറയിൽ പാറ്റയെ തിന്നാനോടുന്ന പല്ലികൾ.. തൂങ്ങിയാടി നിൽക്കുന്ന ഇരുട്ട് ചിരിക്കുന്നു. അപ്പുറത്തവർ ഉറങ്ങുകയാണ്. ഒന്നുമറിയാതെ, കുഞ്ഞേച്ചി ഒളിച്ചോടിയ രാത്രിയും ഇതേ പോലവർ ഉറങ്ങുകയായിരുന്നു. ഇനി ആത്മഹത്യയെക്കുറിച്ച് ആലോചിക്കാം. ഒന്നരമണിയുടെ കന്യാകുമാരി എക്സ്പ്രസ്സ്. അതോ നടയ്ക്കലെ തേവരുടെ കുളമോ ? ഇല്ല… പ്രാകിമുറുമുറുക്കുന്ന ഫാനാണ് ഏറ്റവും നല്ലത്… ഒറ്റ കുടുക്ക്. അമ്മയാവും ആദ്യം കാണുക. കൊച്ചിൻ്റെ തുമ്മൽ മാറ്റാൻ ഇന്നലെക്കൂടി തുടച്ചതായിരുന്നു. നെഞ്ചിൽ നഖമിറക്കിയ പോലെ ഓർമ്മകൾ.. ഇനി സമയമില്ല സ്വപ്നം തീരും മുൻപേ ഉറങ്ങണം…
അമൃത പ്രദീപ്
സെൻ്റ്മേരീസ് വുമൺസ് കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ, തിരുവല്ല