അമൃത് ജി. കുമാർ

Published: 10 May 2025 വിദ്യാഭ്യാസപഠനം

അധ്യാപകരെ, നിങ്ങൾ സ്വതന്ത്രരാണോ?
അക്കാദമിക സ്വാതന്ത്ര്യം വിവിധ വിദ്യാഭ്യാസനയരേഖകളിൽ ഭാഗം-2

ഭാഗം-2

1968ലെ ദേശീയവിദ്യാഭ്യാസ നയം

കോത്താരി കമ്മീഷനു ശേഷം ആദ്യത്തെ ദേശീയവിദ്യാഭ്യാസ നയം 1968 പുറത്തുവരികയുണ്ടായി. ഈ ദേശീയവിദ്യാഭ്യാസനയത്തിലും അക്കാദമികസ്വാതന്ത്ര്യത്തെക്കുറിച്ച് കാര്യമായ ഒരു പരാമര്‍ശവും ഉണ്ടായില്ല എന്നുള്ളതാണ് വാസ്തവം. 1966 പുറത്തിറങ്ങിയ കോത്താരി കമ്മീഷന്‍ റിപ്പോര്‍ട്ടിനോടുള്ള ഇന്ത്യന്‍ ഗവര്‍മെന്റിന്റെ പ്രതികരണം (resolution) എന്ന നിലയിലാണ് 1968ലെ ദേശീയവിദ്യാഭ്യാസനയം ഉണ്ടാവുന്നത്. എന്നിരുന്നാലും പോലും 1968ലെ ദേശീയവിദ്യാഭ്യാസനയത്തില്‍ അക്കാദമികസ്വാതന്ത്ര്യത്തെക്കുറിച്ച് വളരെ വ്യക്തമായ ഒരു പരാമര്‍ശം ലഭ്യമാണ്. അത് ഇപ്രകാരമാണ് :

”The academic freedom of teachers to pursue and publish independent studies and researches and to speak and write about significant national and international issues should be protected. ‘ (NPE, 1968).

സ്വന്തം നിലയില്‍ ഗവേഷണപഠനങ്ങള്‍ നടത്തുന്നതിനും, അവ പ്രസിദ്ധീകരിക്കുന്നതിനും അതുപോലെതന്നെ ദേശീയവും അന്തര്‍ദ്ദേശീയവുമായ വിഷയങ്ങളെ സംബന്ധിച്ച് എഴുതുന്നതിനും വായിക്കുന്നതിനും ഉള്ള സ്വാതന്ത്ര്യം അധ്യാപകര്‍ക്ക് ഉണ്ടാവണം എന്നാണ് 1968 ലെ ദേശീയവിദ്യാഭ്യാസനയം മുന്നോട്ടുവയ്ക്കുന്നത്. ഗവേഷണവുമായും ഗവേഷണസംബന്ധമായ പ്രസിദ്ധീകരണങ്ങളെ സംബന്ധിച്ചും ദേശീയ-അന്തര്‍ദേശീയതലത്തിലുള്ള വിവിധവിഷയങ്ങളില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള അധ്യാപകരുടെ അവകാശമാണ് ഇവിടെ ഉന്നയിക്കപ്പെടുന്നത്. വിദ്യാഭ്യാസസ്ഥാപനം എന്നതിന്റെ പശ്ചാത്തലം പ്രസ്തുത വരികളില്‍ ഇല്ല എങ്കിലും, അധ്യാപകരുടെ സ്വതന്ത്രചിന്തയും അവ പ്രകടിപ്പിക്കാനുള്ള അവകാശങ്ങളെയും ഉയര്‍ത്തിപ്പിടിക്കുന്നതാണ് ഈ നിര്‍ദ്ദേശം. ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളുടെ കാര്യം എടുക്കുകയാണെങ്കില്‍ ക്ലാസ്സുമുറിയില്‍ എന്തു പഠിപ്പിക്കണം എങ്ങനെ പഠിപ്പിക്കണം എന്നതിനെ സംബന്ധിച്ച അക്കാദമിക സ്വാതന്ത്ര്യത്തിലേക്ക് മേല്‍പ്പറഞ്ഞ വരികള്‍ നേരിട്ട് വിരല്‍ ചൂണ്ടുന്നില്ല. മറിച്ച് പൊതുവിഷയങ്ങളില്‍ ദേശീയവും അന്തര്‍ദേശീയവുമായ വിഷയങ്ങളിലും ഗവേഷണ പ്രസിദ്ധീകരണങ്ങളുടെ കാര്യത്തിലും നല്‍കപ്പെടുന്ന അക്കാദമികസ്വാതന്ത്ര്യമാണ് ഉയര്‍ത്തികാട്ടപ്പെടുന്നത്. അതുകൊണ്ടുതന്നെ അധ്യാപകന്റെ പൊതു അക്കാദമിക സ്വാതന്ത്ര്യം എന്നതില്‍ നിന്ന് തന്റെ സ്ഥാപനത്തിലും ക്ലാസ് മുറിയിലും അധ്യാപകന് ഉണ്ടായിരിക്കേണ്ട അക്കാദമികസ്വാതന്ത്ര്യം എന്ന ആശയത്തിലേക്ക് 1968ലെ ദേശീയവിദ്യാഭ്യാസനയവും കൃത്യമായി വിരല്‍ ചൂണ്ടുന്നില്ല എന്നു കാണാം. എന്തുതന്നെയായാലും, സ്ഥലം മാറ്റങ്ങളുമായി ബന്ധപ്പെട്ടും, ശമ്പളവുമായി ബന്ധപ്പെട്ടും, അച്ചടക്കശിക്ഷാനടപടികളുമായി ബന്ധപ്പെട്ടൂം കൂട്ടി വായിക്കപ്പെട്ടിരുന്ന അക്കാദമികസ്വാതന്ത്ര്യം എന്ന ആശയം സ്വന്തം ചിന്തകളെ ഉയര്‍ത്തിപ്പിടിക്കുന്നതിനും അവയെ പ്രസിദ്ധീകരിക്കുന്നതിനും സ്വതന്ത്രമായി പ്രകാശിപ്പിക്കുന്നതിനുമുള്ള സ്വാതന്ത്ര്യം എന്ന നിലയില്‍ അക്കാദമികസ്വാതന്ത്ര്യത്തെ സംബന്ധിക്കുന്ന 1968ലെ റിപ്പോര്‍ട്ടിന്റെ നിരീക്ഷണം കുറച്ചൊക്കെ പുരോഗമായിരുന്നു എന്നു കാണാം. എന്നാല്‍ അക്കാദമികസ്വാതന്ത്ര്യം എന്ന വിശാലമായ ആശയത്തിന്റെ അര്‍ത്ഥതലങ്ങളെ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുന്ന രീതിയില്‍ അതിനെ നിര്‍വചിക്കുന്നതില്‍ 1968-ല്‍ ദേശീയവിദ്യാഭ്യാസനയവും വലിയ മുന്നേറ്റം ഒന്നും നടത്താനായിട്ടില്ല എന്നു കാണാന്‍ സാധിക്കും.

1986 ലെ ദേശീയവിദ്യാഭ്യാസം നയം

ഇന്ത്യന്‍വിദ്യാഭ്യാസചരിത്രത്തില്‍ ദേശീയനയരൂപീകരണവുമായി ബന്ധപ്പെട്ട ചരിത്രപരമായ വഴിത്തിരിവ് ഉണ്ടാവുന്നത് 1986-ലെ ദേശീയവിദ്യാഭ്യാസനയത്തിന്റെ പ്രോഗ്രാം ഓഫ് ആക്ഷന്‍ 1992-ല്‍ പുറത്തിറങ്ങുന്നതോടുകൂടിയാണ്. ആചാര്യരാമൂര്‍ത്തി നേതൃത്വം കൊടുത്ത ഈ കമ്മീഷന്‍ അക്കാദമികസ്വാതന്ത്ര്യത്തെ സംബന്ധിക്കുന്ന പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുകയുണ്ടായിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് സ്വയംഭരണഅവകാശത്തില്‍ ഉള്ള പരിമിതി ചൂണ്ടിക്കാണിക്കുകയും അതിനുള്ള പരിഹാരമായി ഏഴാം പഞ്ചവത്സരപദ്ധതി കാലത്തിനുള്ളില്‍ 500ഓളം കോളേജുകള്‍ക്ക് സ്വയംഭരണ അവകാശം നല്‍കണമെന്നും 1992ലെ പ്രോഗ്രാം ഓഫ് ആക്ഷന്‍ മുന്‍പോട്ട് വയ്ക്കുന്നുണ്ട്. ഇത്തരത്തില്‍ കോളജുകള്‍ക്ക് സ്വയംഭരണഅവകാശം നല്‍കുന്നതിന്റെ ഭാഗമായി മുന്നോട്ട് വയ്ക്കുന്ന നിര്‍ദ്ദേശങ്ങളില്‍ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഒരു സുപ്രധാനമായ നിര്‍ദ്ദേശം താഴെപ്പറയുന്ന രീതിയിലാണ്:

‘The University system should be enabled to move centre-stage. It should have the freedom and responsiblity to innovate in teaching and research. The emphasis on autonomy of colleges and departments, provision of means to interact across boundaries of institutions and funding agencies, better infrastructure, more rationalised funding for research, integration of teaching, search and evaluation, all these reflect this major concern. (P. 42)’

ഇതിനെ തുടര്‍ന്ന് നാല്പത്തിനാലാമത്തെ പേജില്‍ വീണ്ടും റിപ്പോര്‍ട്ട് മുന്നോട്ട് വയ്ക്കുന്നത് ഇപ്രകാരമാണ്:

”to frame guidelines and pattern of assistance including the extent of academic, administrative and financial freedom and the corresponding responsibilities devolving on the autonomous colleges, their management structures, including provisions for safeguarding the interests of teachers, etc; ‘ (P.44).

ഇവിടെ അക്കാദമികസ്വാതന്ത്ര്യം അര്‍ത്ഥമാക്കുന്നത് സ്ഥാപനങ്ങളുടെ അക്കാദമികസ്വാതന്ത്ര്യം എന്ന നിലയിലാണ്. അതുകൊണ്ടുതന്നെ ഭരണപരമായും സാമ്പത്തികപരവുമായ സ്വാതന്ത്ര്യവും ഇതിന്റെ കൂടെത്തന്നെ പരാമര്‍ശിക്കപ്പെടുന്നു.എന്നാല്‍ സ്ഥാപനങ്ങളുടെ ഏറ്റവും ചെറിയ യൂണിറ്റുകള്‍ ആയ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും അക്കാദമികസ്വാതന്ത്ര്യം സ്ഥാപനങ്ങളുടെ സ്വയംഭരണ അവകാശങ്ങളുമായി പലപ്പോഴും വിപരീതദിശയില്‍ സഞ്ചരിക്കുന്നവയാണ് എന്നാണ് നമ്മുടെ അനുഭവങ്ങള്‍ നമുക്ക് കാട്ടിത്തരുന്നത്. സ്വയംഭരണ അവകാശമുള്ള സ്ഥാപനങ്ങളില്‍ അധ്യാപകര്‍ കൂടുതല്‍ മോണിറ്ററിങ്ങിന് വിധേയമാക്കപ്പെടുകയും അതുവഴി അക്കാദമിക സ്വാതന്ത്ര്യം കൂടുതല്‍ അപകടങ്ങളില്‍ ആവുകയും ചെയ്യുന്ന കാഴ്ചകള്‍ കാണാം. സ്വയംഭരണ അവകാശങ്ങള്‍ ഉള്ള സ്ഥാപനങ്ങളായ പബ്ലിക് യൂണിവേഴ്‌സിറ്റികള്‍, സ്വകാര്യ സര്‍വ്വകലാശാലകള്‍, ഡീംഡ് റ്റു ബി യൂണിവേഴ്‌സിറ്റികള്‍ സ്വയംഭരണ കോളേജുകള്‍ എന്നിങ്ങനെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും അക്കാദമികമായി വലിയ ഭീഷണി നേരിടുന്നതിന്റെ വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്.ഭരണപരവും സാമ്പത്തികപരവും അക്കാദമിക പരവുമായ സ്വാതന്ത്ര്യം കുറവുള്ള സര്‍വകലാശാലകള്‍ അധ്യാപകരെ നിയന്ത്രിക്കുന്നതിന് തങ്ങളുടെ ഉന്നത അധികാര സ്ഥാപനങ്ങളുമായി നിരന്തരമായി ബന്ധപ്പെട്ട് അധ്യാപകരെ ഒറ്റപ്പെടുത്തി അവര്‍ക്കു മേല്‍ അക്കാദമികസ്വാതന്ത്ര്യത്തിന്റെ നിയന്ത്രണങ്ങള്‍ കൊണ്ടുവരേണ്ടത് വലിയ ഊര്‍ജ്ജവും സമയവും ചിലവാകുന്ന പ്രവൃത്തി ആയതിനാല്‍ തന്നെ പലപ്പോഴും ഫലപ്രദമാകാറില്ല. അതുകൊണ്ട് ലോകചരിത്രത്തില്‍ ലോകവിദ്യാഭ്യാസചരിത്രത്തില്‍ എവിടെയും കാണാന്‍ സാധിക്കുന്ന ഒരു കാര്യം സ്വാതന്ത്ര്യം കൂടുതല്‍ ലഭ്യമാകുന്ന ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങള്‍ അവിടുത്തെ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും മേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരികയും അതുവഴി അക്കാദമികസ്വാതന്ത്ര്യത്തിനു മേല്‍ വലിയ വെല്ലുവിളികള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന കാഴ്ചയാണ്. സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യവും അതിനുള്ളിലെ വ്യക്തികളുടെ സ്വാതന്ത്ര്യവും പരസ്പരം കലഹിക്കുന്ന ഈ വൈരുദ്ധ്യാത്മകത കേരളത്തില്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സവിശേഷതയാണ്. അതുകൊണ്ടുതന്നെ സ്ഥാപനങ്ങളുടെ സ്വയം ഭരണ അവകാശം, അതില്‍ അക്കാദമികസ്വാതന്ത്ര്യവും അടങ്ങിയിട്ടുണ്ട് എങ്കില്‍ പോലും, സ്ഥാപനങ്ങളിലും വ്യക്തികളുടെ അക്കാദമിക സ്വാതന്ത്ര്യത്തിനു മുകളിലും ഇതു വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുകയാണ് പതിവ്.
1992ലെ ദേശീയവിദ്യാഭ്യാസനയം സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം വേണം എന്ന് നിര്‍ദ്ദേശിക്കുന്നത് അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും സ്വാതന്ത്ര്യത്തെക്കുറിച്ച് സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം മാത്രം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ആയിരുന്നില്ല.കൂടുതല്‍ സ്വയംഭരണഅവകാശങ്ങള്‍ നല്‍കുന്നതു വഴി സ്ഥാപനങ്ങള്‍ക്ക് സര്‍വകലാശാലകള്‍ ഗവര്‍മെന്റുകള്‍ എന്നിവയുടെ നിയന്ത്രണത്തില്‍ നിന്ന് കൂടുതല്‍ വിടുതി ലഭിക്കുന്നതിനുള്ള സാഹചര്യം എന്ന നിലയിലാണ് ഈ നിര്‍ദ്ദേശം മുന്നോട്ടുവയ്ക്കപ്പെട്ടത്. ദേശീയവിദ്യാഭ്യാസ നയം നടപ്പാക്കുന്നതിനുള്ള മുന്നൊരുക്കം എന്ന നിലയില്‍, സ്ഥാപനങ്ങളില്‍ ഉണ്ടാകേണ്ട മാറ്റങ്ങളെ കുറിച്ച് 92-ലെ നയരേഖ പറയുന്നത് പ്രകാരമാണ്:
”It implies that just as functioning of the democratic institutions and enjoyment of fundamental rights are dependent on observance of civic responsibility and Inner discipline by the citizen of a country, likewise an atmosphere of freedom, innovation and creativity in educational system is dependent upon observance of norms of intellectual rigour, mutual consideration among all concerned, and creation of a new work ethic.'(P.73)
ജനാധിപത്യവല്‍ക്കരിക്കപ്പെട്ട സ്ഥാപനങ്ങളും, മൂല്യാധിഷ്ഠിതമായ ചുറ്റുപാടുകളും ഒരു നല്ല പ്രവര്‍ത്തനഅന്തരീക്ഷം സൃഷ്ടിക്കുകയും അതുവഴി വ്യക്തികള്‍ സ്വതന്ത്രമാവുകയും ചെയ്യുന്ന അവസ്ഥയാണ് നയരേഖ വിഭാവനം ചെയ്യുന്നത്. അതുകൊണ്ടുതന്നെ സ്ഥാപനങ്ങളുടെ ജനാധിപത്യവല്‍ക്കരണവും സ്വയംഭരണഅവകാശവും സ്വാഭാവികമായി അതിന്റെ തന്നെ ചെറിയ യൂണിറ്റുകളായ അധ്യാപകരിലേക്കും വിദ്യാര്‍ത്ഥികളിലേക്കും അരിച്ചിറങ്ങും എന്ന ധാരണയാണ് 92-ലെ ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ട് വച്ചിരുന്നത്. സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം എന്ന ആശയത്തില്‍ ആദ്യാവസാനം 92-ലെ നയരേഖ വീണ്ടും വീണ്ടും ഈ ആശയത്തെ അടിവരയിടുന്നുണ്ട്:
”The intrinsic advantages of an hierarchy free atmosphere, of freedom, of an enquiry , and of fresh young minds constantly entering the field, add to the multidisciplinary environment of the universities and make research potentialy cost effective.’ (P.86)
കാര്യക്ഷമം ആക്കുന്നതിന് വേണ്ടി സര്‍വകലാശാലകളെ സ്വതന്ത്രവും സ്വയംഭരണ അവകാശമുള്ളതുമാക്കി മാറ്റുക എന്ന ആശയമാണ് ഇവിടെ മുന്നോട്ട് വെക്കുന്നത്. എന്നാല്‍ സ്ഥാപനം എന്ന നിലയില്‍ ഒരു ഗവേഷണപദ്ധതിയും മുന്നോട്ട് പോകുന്നില്ല എന്നും സ്ഥാപനത്തിനുള്ളിലെ അധ്യാപകരും ഗവേഷകരും അടങ്ങുന്നവരുടെ വിജ്ഞാന ഉത്പാദനമാണ് സ്ഥാപനങ്ങളുടെ ഗവേഷണപ്രക്രിയയുടെ ആത്യന്തികഉത്പന്നമായി മാറുന്നത് എന്നും കാണാം. സ്ഥാപനം പൂര്‍ണ്ണ സ്വയംഭരണ അവകാശം കൈവരിക്കുമ്പോഴും സ്വന്തം ആശയങ്ങള്‍ ഗവേഷണത്തിലും ക്ലാസ്സുമുറികളിലും സ്വതന്ത്രമായി വിനിയോഗിക്കുന്നതിനും അവയുടെ അടിസ്ഥാനത്തില്‍ വൈജ്ഞാനിക ഇടപെടലുകള്‍ക്കും അറിവ് നിര്‍മാണത്തിനും വ്യക്തികള്‍ക്ക്, -അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും-പരിമിതികള്‍ ഉണ്ടാവാറുണ്ട്. അതുകൊണ്ടുതന്നെ സ്ഥാപനത്തിലെ ഏറ്റവും ചെറിയ യൂണിറ്റുകളുമായി ബന്ധപ്പെടുത്തി മനസ്സിലാക്കാത്തടിത്തോളം കാലം അക്കാദമികസ്വാതന്ത്ര്യം എന്ന ആശയം സ്ഥാപനങ്ങളുടെ സ്വയംഭരണഅവകാശത്തിന്റെ ഔദാര്യമായി മാറുന്ന അവസ്ഥ ഉണ്ടാകുന്നു. ഇതിനെ പൂര്‍ണമായും മനസ്സിലാക്കുന്നതില്‍ 92-ലെ നയരേഖയ്ക്ക് കഴിയാതെ പോയിരുന്നില്ല. സ്വയംഭരണഅവകാശം നിലനില്‍ക്കുമ്പോഴും സ്ഥാപനങ്ങളുടെ അധികാര ഘടന ഗവേഷകരുടെ സ്വാതന്ത്ര്യത്തെ എങ്ങനെ ബാധിക്കും എന്നതിനെ സംബന്ധിക്കുന്ന ഒരു വരി ഈ നയരേഖയിലുണ്ട് എന്നുള്ളത് അതിന് തെളിവാണ്. അത് ഇപ്രകാരമാണ്:
”Change rules and procedures in management structure to give greater freedom to researchers — devolution of authority'(P.87)
മേല്‍പ്പറഞ്ഞ വരികളില്‍ നിന്ന് മനസ്സിലാക്കുന്നത് നയരേഖ ഊന്നുന്നത് ഗവേഷകരുടെ അക്കാദമികമായ സ്വാതന്ത്ര്യത്തില്‍ ആണ് എന്നുള്ളതാണ്. എന്നാല്‍ അധ്യാപകന് ക്ലാസ് മുറിയിലും ക്ലാസിനു പുറത്തും ഉള്ള സ്വാതന്ത്ര്യത്തെക്കുറിച്ച് നയരേഖ പൂര്‍ണമായും മൗനം പാലിക്കുകയാണ്. സ്ഥാപനങ്ങളുടെ സ്വയംഭരണ അവകാശത്തില്‍ സ്വയം നഷ്ടപ്പെട്ടുപോയ അവസ്ഥയിലാണ് 1992-ലെ നയരേഖ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ഗവേഷകരുടെയും അക്കാദമികമായ സ്വാതന്ത്ര്യത്തെ പരാമര്‍ശിക്കാതെ പോയത് എന്നു മനസ്സിലാക്കാം. 1980-കള്‍ മുതല്‍ തുടങ്ങിയ നവ ഉദാരവല്‍ക്കരണത്തിന്റെ ലക്ഷണങ്ങള്‍ ഇന്ത്യയുടെ അക്കാദമികമേഖലകളില്‍ ദൃശ്യമായ കാലഘട്ടത്തിലാണ് 1886-ലെ ദേശീയവിദ്യാഭ്യാസ നയവും 92-ലെ പ്രോഗ്രാം ഓഫ് ആക്ഷനും ഉണ്ടാവുന്നത്. ഉദാരവല്‍ക്കരണത്തിനു മുന്നോടിയായി നിലമൊരുക്കല്‍ പ്രക്രിയയുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങളില്‍ ഒന്ന് സ്ഥാപനങ്ങളുടെ ഘടനയിലും പ്രവര്‍ത്തനരീതികളിലുമുള്ള മാറ്റമാണ് എന്ന് ‘എ ബ്രീഫ് ഹിസ്റ്ററി ഓഫ് നിയോലിബറലിസം’ എന്ന പുസ്തകത്തില്‍ ഡേവിഡ് അഭിപ്രായപ്പെടുന്നത്. ഇതിനുള്ള നിരവധി ഉദാഹരണങ്ങളും അദ്ദേഹം തന്റെ പുസ്തകത്തില്‍ എത്തുന്നുണ്ട്. 1886 ലെ ദേശീയ വിദ്യാഭ്യാസനയത്തിലും അതിന്റെ 92-ലെ പുതുക്കിയ പ്രോഗ്രാം ഓഫ് ആക്ഷനിലും യഥാര്‍ത്ഥത്തില്‍ നവലിബറല്‍ ആശയങ്ങളുടെ വിത്തുകള്‍ പാകാനുള്ളതിന്റെ മുന്നോടിയായിട്ടുള്ള നിലമൊരിക്കല്‍ പ്രക്രിയയുടെ ഭാഗമായിട്ടാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉണ്ടാവേണ്ട സ്വയംഭരണ അവകാശം അവയുടെ ഘടനാപരമായ മാറ്റം എന്നിവയെപ്പറ്റി പ്രധാനമായും പരാമര്‍ശിക്കുന്നത് എന്ന് മനസ്സിലാക്കാം.
NEP 2020:
ദേശീയവിദ്യാഭ്യാസനയം 2020-ന്റെ റിപ്പോര്‍ട്ടില്‍ 15 പേജുകളിലായി നിരവധി സ്ഥലങ്ങളില്‍ സ്വയംഭരണം എന്ന വാക്ക് ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ അക്കാദമികസ്വാതന്ത്ര്യം എന്ന വാക്ക് എവിടെയും ഉപയോഗിച്ചിട്ടില്ല. സ്വയംഭരണം എന്ന വാക്ക് സ്വയം ഭരിക്കാനുള്ള അധികാരത്തെയാണ് സൂചിപ്പിക്കുന്നത്. അതുകെണ്ടുതന്നെ ഉത്തരവാദിത്തവല്‍ക്കരണം സ്വയംഭരണത്തിന്റെ അവിഭാജ്യ ഘടകമാണ്. വ്യക്തിക്കായാലും സ്ഥാപനത്തിനായാലും സ്വയംഭരണം മൂലമുള്ള നേട്ടങ്ങള്‍ അത് നടപ്പാക്കിയവരുടെ കഴിവും മേന്മയും ആയിട്ടാണ് കണക്കാക്കപ്പെടുന്നത്. അതുപോലെതന്നെ സ്വയംഭരണം വരുത്തുന്ന നഷ്ടങ്ങള്‍, പാളിച്ചകള്‍ എന്നിവ അത് നടപ്പാക്കിയവരുടെ മാത്രം ഉത്തരവാദിത്വമായി മാറുന്നു. പലപ്പോഴും വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇത്തരത്തിലുള്ള ഉത്തരവാദിത്വവല്‍ക്കരണം ഒരു വലിയ ഭാരമായി മാറിയേക്കാം. വിജയിക്കുമ്പോള്‍ പോലും ഇനി ഉണ്ടാവാന്‍ സാധ്യതയുള്ള ഓരോ പരാജയവും ഒഴിവാക്കി വിജയസാധ്യത ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള സമ്മര്‍ദ്ദം വ്യക്തിയിലും സ്ഥാപനത്തിലും സ്വയംഭരണത്തിന്റെ പശ്ചാത്തലത്തില്‍ വളരെ വലുതാണ്. സ്വയംഭരണത്തിന്റെ പശ്ചാത്തലത്തില്‍ പലപ്പോഴും പരാജയത്തെ മറ്റാരു കൈത്താങ്ങ് ഇല്ലാതെ സ്വയം ഏറ്റെടുക്കേണ്ടതായി വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വരുന്നു. അതുകൊണ്ടുതന്നെ വിജയപരാജയങ്ങളുടെ മൂല്യ നിര്‍ണയത്തില്‍ സ്വയംഭരണ സ്ഥാപനങ്ങള്‍ പലപ്പോഴും വലിയ സമ്മര്‍ദ്ദങ്ങള്‍ക്ക് അടിമപ്പെട്ടു പോകുന്ന അവസ്ഥ ഉണ്ടാകും. നിരന്തരമായ ഓഡിറ്റിംഗ് സ്വയംഭരണത്തെ നിതാന്ത നിരീക്ഷണത്തിന്റെ വെളിച്ചത്തിനു മുന്‍പില്‍ നിര്‍ത്തുകയും പരാജയങ്ങള്‍ക്ക് മറുപടി പറയുമ്പോള്‍ കൈത്താങ്ങ് ഇല്ലാതെ നിരാലംബമായി പോകുന്ന അവസ്ഥയും സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത്തരം പരാജയങ്ങള്‍ ഒഴിവാക്കുന്നതിനുവേണ്ടി സ്ഥാപനങ്ങള്‍ പിന്തുടരുന്ന പ്രധാനപ്പെട്ട മാര്‍ഗം പൊതുവായി നിലവിലുള്ള മാനദണ്ഡങ്ങളെ കൃത്യമായി പാലിച്ചു കൊണ്ട് വിജയത്തെ നേടുന്നതിനുള്ള ശ്രമമാണ്, അല്ലെങ്കില്‍ പരാജയത്തെ ഒഴിവാക്കുന്നതിനുള്ള ശ്രമമാണ്. സര്‍ഗ്ഗാത്മകപരീക്ഷണങ്ങള്‍ക്ക് സ്വയംഭരണത്തിന്റെ പശ്ചാത്തലത്തില്‍ ഭീക്ഷണികളും ബുദ്ധിമുട്ടുകളും ഏറെയുണ്ട്. അതുകൊണ്ടുതന്നെ സ്വയംഭരണ പശ്ചാത്തലങ്ങളില്‍ വ്യത്യസ്തനാക്കുന്നതിനേക്കാള്‍ ഉപരിമാനദണ്ഡങ്ങള്‍ അനുസരിച്ച് നിലനില്‍ക്കുന്ന സ്ഥാപനങ്ങളുടെ മുന്‍പില്‍ എത്തുന്നതിനുള്ള ശ്രമങ്ങള്‍ മാത്രമാണ് സ്ഥാപനങ്ങള്‍ ചെയ്യുക.
എന്നാല്‍ സ്വാതന്ത്ര്യം ഒരു സമൂഹത്തിന്റെ ഓഡിറ്റ് ചെയ്യപ്പെടാത്ത ഇച്ഛാശക്തിയാണ്. വ്യക്തികള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള അവസരത്തെയാണ് അത് ഉള്‍ക്കൊള്ളുന്നത്. അതിനാല്‍ സ്വാതന്ത്ര്യം എന്ന ആശയത്തില്‍ ‘വ്യത്യസ്തനാകാന്‍’ മതിയായ ഇടമുണ്ട്. ഭയാശങ്കകളില്ലാതെ വ്യതിരിക്തതകളുടെ ഈ സമൃദ്ധമായ ഇടമാണ് സ്വാതന്ത്ര്യത്തെ സ്വയംഭരണത്തില്‍ നിന്നും വേറിട്ടുനിര്‍ത്തുന്നത്. എന്നാല്‍ ഉത്തരവാദിത്തത്തിലൂടെയും ഓഡിറ്റബിലിറ്റിയിലൂടെയും സ്വയംഭരണം അധികാരികള്‍ സ്ഥാപിച്ച മാതൃകകളുമായും ചട്ടക്കൂടുകളുമായും ബന്ധപ്പെട്ടിരിക്കുന്നു. NEP 2020 സ്വയംഭരണത്തിന്റെ സാധ്യതകളാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ തുറന്നിടുന്നത്. സ്ഥാപനങ്ങള്‍ക്ക് സ്വയംഭരണം നല്‍കുന്നതുവഴി വ്യക്തികളിലേക്കും (അധ്യാപകര്‍ വിദ്യാര്‍ഥികള്‍ എന്നിവരിലേക്ക്) സ്വയംഭരണം അരിച്ചിറങ്ങുകയും അങ്ങനെ സ്ഥാപനവും വ്യക്തികളും ഉത്തരവാദിത്വവല്‍ക്കരണത്തിന്റെ ചട്ടക്കൂടുകള്‍ക്കുള്ളില്‍ പരിമിതപ്പെടുകയും ചെയ്യുന്ന അവസ്ഥ സൃഷ്ടിക്കപ്പെടുന്നു. സ്വയംഭരണത്തെ ശുപാര്‍ശ ചെയ്യുന്ന ധാരാളം നിര്‍ദ്ദേശങ്ങള്‍ ആണ് NEP 2020 മുന്നോട്ട് വയ്ക്കുന്നത്. ഉദാഹരണമായി ഇനി ഉള്‍പ്പെട്ടിട്ടുള്ള താഴെപ്പറയുന്ന വാചകങ്ങള്‍ ശ്രദ്ധിക്കുക:
”Teachers will be given more autonomy in choosing aspects of pedagogy, so that they may teach in the manner they find most effective for the students in their classrooms. Teachers will also focus on socio-emotional learning – a critical aspect of any student’s holistic development. Teachers will be recognized for novel approaches to teaching that improve learning outcomes in their classrooms.’ ( 5.14. P21-22)
അധ്യാപകര്‍ക്ക് ബോധനരീതിയുടെ വിവിധ തലങ്ങള്‍ തിരഞ്ഞെടുക്കുന്നതിനുള്ള സ്വയംഭരണ അവകാശം നല്‍കുന്നുണ്ട് എങ്കിലും അതിന് ഉപാധിയായി മുന്നോട്ടുവെക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും ഫലപ്രദമായ രീതിയായിരിക്കണം അത് എന്നതാണ്. ഇവിടെ ഓട്ടോണമി എന്നവാക്ക് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഫ്രീഡം എന്ന വാക്ക് ഉപയോഗിക്കാമായിരുന്നിട്ടും ഓട്ടോണമി എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ഓരോ ക്ലാസ് മുറിയിലെയും വിദ്യാര്‍ത്ഥികള്‍ വ്യത്യസ്ത സാമൂഹ്യസാംസ്‌കാരിക സാമ്പത്തിക പശ്ചാത്തലങ്ങളില്‍ നിന്ന് വരുന്നവരാകയാല്‍ ഇവര്‍ക്ക് എല്ലാവര്‍ക്കും കൂടെ ഫലപ്രദമായ ഒരു രീതി തിരഞ്ഞെടുക്കുക എന്നുള്ളത് അധ്യാപകനെ സംബന്ധിച്ചിടത്തോളം വലിയ ബുദ്ധിമുട്ട് ഉണ്ടാകുന്ന ഒരു കാര്യമാണ്. അതുകൊണ്ടുതന്നെ ഇവിടെ സ്വയംഭരണം സാധ്യമാകുന്നത് നിലനില്‍ക്കുന്ന ഫലപ്രദമായ രീതിശാസ്ത്രങ്ങളില്‍ ഒന്ന് തിരഞ്ഞെടുത്ത് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുക എന്നുള്ളതാണ്. ഒരു പുതിയ രീതിശാസ്ത്രം വികസിപ്പിച്ച്, അതിനെ പരീക്ഷിച്ച് അവയുടെ ഫലത്തിനു വേണ്ടി കാത്തിരിക്കുന്നതിനോ, വ്യത്യസ്ത പശ്ചാത്തലത്തിലെ വിദ്യാര്‍ത്ഥികളെ വ്യത്യസ്ത രീതിശാസ്ത്രങ്ങളിലൂടെ വിഷയത്തെ സംബന്ധിക്കുന്ന താല്‍പര്യം ജനിപ്പിക്കുന്നതിനും ഒന്നും തന്നെയുള്ള സാധ്യതകള്‍ നയരേഖയില്‍ ഉപയോഗിക്കുന്ന ‘വിദ്യാര്‍ത്ഥികള്‍ക്ക് ഫലപ്രദമായ ബോധനരീതികള്‍’ എന്ന ഉപാധിയില്‍ അടങ്ങിയിട്ടില്ല. ഭൂരിപക്ഷത്തിനും ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ട രീതിശാസ്ത്രങ്ങളെ ആശ്രയിക്കുക എന്നതിനപ്പുറം ബോധനരീതി ശാസ്ത്രത്തിന്റെ സര്‍ഗാത്മകമായ പ്രയോഗത്തിലുള്ള സ്വാതന്ത്ര്യം ഇവിടെ നിഷിദ്ധമാണ്. പുതിയ ബോധനരീതിയിലൂടെ വിദ്യാര്‍ത്ഥികളുടെ പഠനഫലത്തെ വര്‍ദ്ധിപ്പിക്കുന്ന അധ്യാപകര്‍ക്ക് അംഗീകാരം നല്‍കും എന്നുള്ളത് വിജയത്തിന്റെയും പരാജയത്തിന്റേതും പൂര്‍ണ്ണമായ ഉത്തരവാദിത്വം വ്യക്തിക്ക് മാത്രമാണ് എന്നുള്ളതിന്റെ സൈറണ്‍ കൂടിയാണ്. ഇതേ ആശയം വരുന്ന വാചകങ്ങള്‍ NEP 2020ല്‍ മറ്റു സ്ഥലങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ട്. ഉദാഹരണമായി പേജ് നമ്പര്‍ 40-ല്‍ ഇപ്രകാരം പറയുന്നു:
”Faculty will be given the freedom to design their own curricular and pedagogical approaches within the approved framework, including textbook and reading material selections, assignments, and assessments. Empowering the faculty to conduct innovative teaching, research, and service as they see best will be a key motivator and enabler for them to do truly outstanding, creative work.’ ( 13.4. P.40).
മുകള്‍ പറഞ്ഞ വാചകത്തില്‍ ശ്രദ്ധിക്കേണ്ട ഒരു പ്രധാനപ്പെട്ട ഒരു കാര്യം ‘സ്വാതന്ത്ര്യം’ എന്ന വാക്കിന്റെ ഉപയോഗമാണ്. എന്നാല്‍ ആ വാക്ക് ഉപയോഗിച്ചതിന്റെ തൊട്ടടുത്ത വാക്കുകളിലൂടെ തന്നെ സ്വാതന്ത്ര്യം എന്ന ആശയത്തെ റദ്ദ് ചെയ്യുന്ന വാക്കുകളും കൂടി ഉപയോഗിച്ചിരിക്കുന്നു എന്നുള്ളതാണ്. അതായത് അംഗീകരിക്കപ്പെട്ട ചട്ടക്കൂടുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് മാത്രം ഉപയോഗിക്കപ്പെടേണ്ട ഒന്നാണ് സ്വാതന്ത്ര്യം എന്നാണ് പ്രസ്തുത വാചകം ചൂണ്ടിക്കാണിക്കുന്നത്.
ചട്ടക്കൂടുകള്‍ ഇല്ലാത്ത അവസ്ഥ നിയന്ത്രണമില്ലാത്ത സ്വാതന്ത്ര്യം ആയി വ്യാഖ്യാനിക്കപ്പെടില്ലേ? വളരെ ന്യായമായ സംശയമാണ്. സ്വാതന്ത്ര്യം തീര്‍ച്ചയായും അതിരുകള്‍ ഇല്ലാത്തതല്ല. പ്രത്യേകിച്ചും ആധുനിക സമൂഹത്തില്‍ അതിരുകളില്ലാത്ത സ്വാതന്ത്ര്യം അപകടകരവുമാണ്. നിയമങ്ങളിലൂടെ സ്വാതന്ത്ര്യം കൃത്യമായി നിര്‍വചനത്തിന് വിധേയമാക്കുന്നത് ഇത്തരം അപകടങ്ങള്‍ ഒഴിവാക്കുന്നതിനാണ്. വ്യവസ്ഥാപിതമായ നിയമങ്ങള്‍ മൂലം നിര്‍വചിക്കപ്പെടുന്ന സ്വാതന്ത്ര്യവും അത്തരം നിയമങ്ങളുടെ പ്രതിനിധ്യസ്വഭാവമുള്ള നിയമങ്ങളും വത്യസ്തമാണ്. പലപ്പോഴും പാര്‍ലമെന്റിന്റെ നിയമം മൂലം അധികാരപ്പെടുത്തപെട്ട സ്ഥാപനങ്ങള്‍ സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം ഉറപ്പാക്കുകയല്ല ചെയ്യുന്നത് മറിച്ച് ഭരണപരമായ കാര്യങ്ങള്‍ക്ക് സ്വാതന്ത്ര്യത്തെ ചട്ടക്കൂടുകളിലാക്കി ചുരുക്കുകയാണ്. ഒരു സര്‍വ്വകലാശാല പഠിക്കാനുള്ള സ്വാതന്ത്ര്യത്തെ നടപ്പാക്കാന്‍ ഉത്തരവാദിത്തപ്പെട്ട സ്ഥാപനമാണെങ്കില്‍ കൂടി പലതരം ഫീസുകള്‍, സിലബസ്സുകള്‍, സെമസ്റ്ററുകള്‍ എന്നീ ചട്ടക്കൂടുകളിലൂടെ വലിയ അളവില്‍ പഠിക്കാനുള്ള യഥാര്‍ത്ഥ സ്വാതന്ത്ര്യം (എന്ത് എങ്ങനെ എപ്പോള്‍ പഠിക്കണം എന്നുള്ള) പരിമിതപ്പെടുന്നു. ഇത്തരത്തില്‍ ചട്ടക്കൂടുകള്‍ നിര്‍ണയിക്കുന്നത് വിദ്യാഭ്യാസത്തിന്റെ അധികാര ശ്രേണിയുടെ മേല്‍ത്തട്ടില്‍ നിന്നാവുകയും അവക്കുള്ളില്‍ നിന്ന് കറങ്ങുന്നതിനുള്ള അവകാശത്തെ സ്വാതന്ത്ര്യമായി വിഭാവനം ചെയ്യുകയുമാണ് ചെയ്യുന്നത്. ഇവിടെ യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം എന്ന വാക്ക് സ്വയംഭരണം എന്ന വാക്കിന് മറ്റൊരു പദമായി ഉപയോഗിക്കപ്പെട്ടിരിക്കുന്നു എന്നത് മാത്രമേ ഉള്ളൂ. അര്‍ത്ഥം കുടഞ്ഞ് പുറത്തുകളഞ്ഞതിന് ശേഷം മാത്രമാണ് മേല്‍പ്പറഞ്ഞ വാചകത്തില്‍ ഉപയോഗിച്ചിട്ടുള്ളത്. യഥാര്‍ത്ഥത്തില്‍ അക്കാദമിക സ്വാതന്ത്ര്യം എന്നത് മുന്‍ നിശ്ചയിക്കപ്പെട്ട മാനദണ്ഡങ്ങളില്‍ നിന്നും ചട്ടക്കൂടുകളില്‍ നിന്നുമുള്ള സ്വാതന്ത്ര്യം കൂടിയാണ്. എന്നാല്‍ അധ്യാപകരുടെ സ്വയംഭരണത്തെ ഇത്തരത്തില്‍ ചട്ടക്കൂടുകള്‍ക്കുള്ളിലേക്ക് ഒതുക്കിനിര്‍ത്തുന്നത് സ്വയംഭരണത്തിന്റെയും ഉത്തരവാദിത്വവല്‍ക്കരണത്തിന്റെയും തന്ത്രപരമായ മാര്‍ഗമാണ്. ഇവിടെ സ്വാതന്ത്ര്യം വാക്കുകളില്‍ മാത്രമായി ചുരുങ്ങുകയും ഓരോ വ്യക്തിയുടെയും പ്രവര്‍ത്തികളുടെ ഉത്തരവാദിത്വം പൂര്‍ണ്ണമായും വ്യക്തിയിലേക്ക് മാത്രം ചുരുങ്ങി പോവുകയും ചെയ്യുമ്പോള്‍ പുതിയ പഠന മാര്‍ഗങ്ങള്‍, പുതിയ ബോധനരീതികള്‍, പുതിയ വിദ്യാഭ്യാസപരീക്ഷണങ്ങള്‍ എന്നിവയൊക്കെ തന്നെ അധ്യാപകന്റെ മാത്രം ഉത്തരവാദിത്വമായി ചുരുങ്ങുകയും ചെയ്യുന്നു. ഇതില്‍ ഉണ്ടാകുന്ന എല്ലാ വീഴ്ചകള്‍ക്കും അധ്യാപകന്‍ മാത്രമായിരിക്കും ഉത്തരവാദി എന്നും വരുന്നു. ചട്ടക്കൂടുകള്‍ക്ക് പുറത്തേക്ക് പോവുകയും സ്വാതന്ത്ര്യത്തെ അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ ക്ലാസ് മുറിയിലും സ്ഥാപനത്തിലും വിനിയോഗിക്കുകയും ചെയ്യുന്ന അധ്യാപകര്‍ ഒരുപക്ഷേ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലുള്ള വിലയിരുത്തലുകളില്‍ പുറന്തള്ളപ്പെട്ടു പോവുകയും ഒറ്റപ്പെടലിന്റെയും ഉത്തരവാദിത്വവല്‍ക്കരണത്തിന്റെയും ആഘാതം പൂര്‍ണമായി ഏറ്റുവാങ്ങേണ്ടി വരികയും ചെയ്യുന്നു. സാധാരണയായി ഉണ്ടാവുന്നത് പ്രമോഷന്‍ സാധ്യമാവാതിരിക്കുക, തങ്ങളുടെ പേരുകളും മറ്റും പരാജയപ്പെട്ട അധ്യാപകരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തപ്പെടുക, പരമ്പരാഗത രീതിശാസ്ത്രങ്ങളെ ആചാരപരമായി പിന്തുടരുന്ന അധ്യാപകര്‍ക്ക് ലഭിക്കുന്ന പ്രോത്സാഹന സമ്മാനങ്ങളിലൂടെ പുതിയ പരീക്ഷണങ്ങള്‍ക്ക് യാതൊരു സാംഗത്യവും ഇല്ല എന്ന് തിരിച്ചറിയുക എന്നിവയൊക്കെയാണ്.

സംഗ്രഹം
ദേശീയവിദ്യാഭ്യാസനയം 2020 വരെയുള്ള നയരേഖകള്‍ പരിശോധിച്ചാല്‍ കാണാന്‍ സാധിക്കുന്നത് അക്കാദമിക സ്വാതന്തൃം വിവക്ഷിക്കപ്പെട്ടിട്ടുള്ളത് ശിക്ഷണ നടപടികള്‍, സംസാരിക്കാനുള്ള സ്വാതന്ത്ര്യം, ഇഷ്ടമുള്ള ഗവേഷണ വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്ര്യം എന്നിങ്ങനെയൊക്കെയാണ്. ഇതില്‍ തന്നെ ശ്രദ്ധിക്കേണ്ടത് ഇതുവരെയുള്ള കാലഘട്ടത്തില്‍ അധ്യാപകര്‍ എന്ത് പഠിപ്പിക്കണം എന്ന് തീരുമാനിക്കുന്നത്, സ്‌കൂള്‍തലത്തില്‍ ആയാലും ഉന്നതവിദ്യാഭ്യാസതലത്തില്‍ ആയാലും അധ്യാപകരായിരുന്നില്ല. ഏതാനും അധ്യാപകര്‍ അടങ്ങുന്ന സമിതി തയ്യാറാക്കുന്ന സിലബസുകള്‍ സ്‌കൂള്‍തലത്തില്‍ SCERTയും ഉന്നത വിദ്യാഭ്യാസ തലത്തില്‍ യൂണിവേഴ്‌സിറ്റികളും അധ്യാപകര്‍ക്ക് താഴേക്ക് നല്‍കുകയാണ്. കേരളത്തില്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ്, 2008-ല്‍, പുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയ ‘മതമില്ലാത്ത ജീവന്‍’ എന്ന അധ്യായം സ്‌കൂള്‍ തലത്തിലെ അക്കാദമിക സ്വാതന്ത്ര്യത്തെ സംബന്ധിക്കുന്ന വലിയ ചര്‍ച്ചകള്‍ ഉയര്‍ത്തിയതാണ്. എന്നാല്‍ ഇവിടെയും അധ്യാപകരുടെ അക്കാദമികസ്വാതന്ത്ര്യം എന്നതിനേക്കാള്‍ ഉപരി എന്തു പഠിപ്പിക്കണം എന്നുള്ള സ്വാതന്ത്ര്യം അധികാരികള്‍ക്ക് ലഭ്യമാകുന്ന അവസ്ഥയാണ് ചര്‍ച്ചചെയ്യപ്പെട്ടത്. മതമില്ലാത്ത ജീവന്‍ എന്ന അധ്യായത്തോട് യോജിപ്പും വിയോജിപ്പും ഉള്ളവരുമായ അധ്യാപകര്‍ക്ക് പ്രസ്തുത അധ്യായം, സാങ്കേതികമായി, പഠിപ്പിക്കേണ്ടതായി വരുന്ന അവസ്ഥ ഉണ്ടാകും. അധ്യാപകരുടെ അക്കാദമിക സ്വാതന്ത്ര്യം എന്ന ആശയം അധികാരികളുടെ അക്കാദമിക സ്വാതന്ത്ര്യം എന്ന ആശയമായി തെറ്റിദ്ധരിപ്പിക്കപ്പെടുന്ന അവസ്ഥയാണ് നമുക്ക് ഉണ്ടാവുന്നത്. വിദ്യാഭ്യാസരംഗത്ത് സിലബസുകള്‍ പഠിപ്പിക്കുന്നതിന് എന്തു തരത്തിലുള്ള പ്രഭാഷണങ്ങള്‍ ക്ലാസ് മുറിയില്‍ ഉപയോഗിക്കണം എന്നതിനെ സംബന്ധിക്കുന്ന സ്വാതന്ത്ര്യം മാത്രമാണ് അധ്യാപകര്‍ക്ക് ലഭ്യമായിട്ടുള്ളത്. എന്തു പഠിപ്പിക്കണം എന്നുള്ളതായി പഠിപ്പിക്കുന്നതിന് ലഭ്യമായിട്ടുള്ള പാഠ്യവസ്തുവിന്റെ കൂടെ തന്റെ കാഴ്ചപ്പാടുകളും അനുഭവങ്ങളും ക്ലാസ് മുറിക്കുള്ളില്‍ കൂട്ടിച്ചേര്‍ക്കുന്നതിനുള്ള സ്വാതന്ത്ര്യം മാത്രമാണ് അധ്യാപകന് ലഭ്യമായിട്ടുള്ളത്. എന്നാല്‍ ഈ സ്വാതന്ത്ര്യമാവട്ടെ രാഷ്ട്രീയസാമൂഹ്യ മല്യങ്ങളില്‍ അധിഷ്ഠിതമായ സദാചാര മര്യാദകള്‍ക്കനുസരിച്ച് ആയിരിക്കണം എന്നതും പ്രധാനമാണ്. പ്രബലമായ രാഷ്ട്രീയസാമൂഹ്യമൂല്യങ്ങളെ ഉല്ലംഘിക്കുന്ന രീതിയിലോ, പാഠ്യ വസ്തുവിനെ തന്റെ അക്കാദമിക സ്വാതന്ത്ര്യം എന്ന പേരില്‍ നിലനില്‍ക്കുന്ന സദാചാരമൂല്യ ഘടനയ്ക്ക് ചേരാത്ത രീതിയില്‍ വിഷയങ്ങളെ അവതരിപ്പിച്ചാല്‍ അവിടെ അധ്യാപകന്‍ ചോദ്യം ചെയ്യപ്പെടും എന്ന അവസ്ഥ നിലനിന്നിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ എന്തു പഠിപ്പിക്കണം എന്നുള്ള അധ്യാപകന്റെ സ്വാതന്ത്ര്യം സിലബസിനും ക്ലാസ് മുറിയില്‍ നിലനില്‍ക്കുന്ന സദാചാര പൊതുബോധത്തിനും ഇടയിലുള്ള ഒരിടുങ്ങിയ തുരുത്ത് മാത്രമാണ്.
ഒരു പടി കൂടി കടന്നുകൊണ്ട് ദേശീയവിദ്യാഭ്യാസനയം 2020 എന്ത് പഠിപ്പിക്കണം എന്നുള്ളതിന്റെ കൂടെ തന്നെ എങ്ങനെ പഠിപ്പിക്കണം എന്നുള്ള സ്വാതന്ത്ര്യവും അധ്യാപകര്‍ക്ക് അര്‍ഹമാകണം എന്ന് വിവക്ഷിക്കുന്നു. എന്നാല്‍ അധ്യാപകരുടെ ബോധനരീതി തിരഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്ര്യം എന്ന ആശയം ഏറ്റവും പ്രബലമായി ഉപയോഗിച്ച NEP 2020 ഇതിന് അക്കാദമിക സ്വാതന്ത്ര്യത്തെ സ്വയംഭരണം എന്ന നിര്‍വചനത്തിലേക്ക് ചുരുക്കുകയും ഉത്തരവാദിത്വത്തിന്റെ വലിയ കെണിയിലേക്ക് അധ്യാപകരെ കുരുക്കി ഇടുകയും ചെയ്യുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്.

അക്കാദമികസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പണ്ഡിതോചിതവും പ്രൊഫഷണലുമായ നിര്‍വ്വചനങ്ങള്‍, വ്യാഖ്യാനങ്ങള്‍ ദൈനംദിനഅധ്യാപന തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള അധ്യാപകരുടെ സ്വാതന്ത്ര്യത്തെ പൂര്‍ണ്ണമായി അവഗണിക്കുകയാണുണ്ടായത്. ഗവേഷണപ്രസിദ്ധീകരണ സ്വാതന്ത്ര്യത്തോടൊപ്പം നിലനില്‍ക്കുന്ന കീഴ്വഴക്കങ്ങള്‍ക്കടിമപ്പെടാതെ, താന്‍ ജീവിക്കുന്ന സമയ കാലങ്ങളോട് നീതി പുലര്‍ത്തുന്നതിന് തന്റെ വൈജ്ഞാനികതയും സര്‍ഗ്ഗാത്മകതയും ഉപയോഗിച്ച് ബോധനപ്രക്രിയയുടെ ഉള്ളടക്കവും അവ വിനിമയം ചെയ്യുന്നതിനുള്ള മാര്‍ഗ്ഗങ്ങളും, രൂപപ്പെടുത്തുന്നതിനുള്ള അധ്യാപകരുടെ അവകാശത്തെയാണ് അക്കാദമിക സ്വാതന്ത്ര്യമായി നാം മനസ്സിലാക്കേണ്ടത്. പ്രത്യേകിച്ച് അധ്യാപനവുമായി ബന്ധപ്പെട്ട് അക്കാദമികസ്വാതന്ത്ര്യത്തിന്റെ നിര്‍വചനത്തില്‍ ചുറ്റുപാടുകളുടെ ചട്ടക്കൂടുകളെ പരിഗണിക്കാതെ അവക്കുള്ളില്‍ നിന്ന് അധ്യാപകര്‍ക്കുള്ള സ്വാതന്ത്ര്യത്തെ അക്കാദമിക സ്വാതന്ത്ര്യമായിക്കാണുന്നത് അധ്യാപനത്തിലെ സര്‍ഗ്ഗാത്മകതയെ കൂട്ടിലിട്ട തത്തയാക്കുകയാണു ചെയ്യുന്നത്. ബോധനസര്‍ഗ്ഗാത്മകത കൂട്ടിലടക്കപ്പെടുമ്പോഴും, അക്കാദമികസ്വാതന്ത്ര്യം എന്നത്, എന്ത് പഠിപ്പിക്കണം എന്ന ആധികാരത്തിന്റെ താല്പര്യങ്ങളുമായും, ചട്ടക്കൂടുകളില്‍ ഒതുങ്ങിനില്‍ക്കുന്ന ബോധന രീതികള്‍ അവലംബിക്കുന്നതിനെയും അക്കാദമിക സ്വാതന്ത്ര്യമായി നാം തെറ്റിദ്ധരികയാണുണ്ടായത്.

References:
McChensey, R. W. (1999). Rich media, poor democracy: Communication politics in dubious times. University of Illinois Press.
Long, J. S., Allison, P. D., & McGinnis, R. (2009). Rank advancement in academic careers: Sex differences and the effects of productivity. American Sociological Review, 44(5), 703-722.
Black, Joseph et. al (2014). ‘Henry Louis Vivian Derozio’. The Broadview anthology of British literature (Third ed.). Peterborough, Ontario, Canada. ISBN 978-1-55481-202-8. OCLC 894141161.
Geoffrey A. Oddie, Missionaries, Rebellion and Protonationalism: James Long of Bengal 1814-87 (London: Routledge, 1999), ISBN 0-7007-1028-0
Maren Bellwinkel-Schempp (2004). ‘Roots of Ambedkar Buddhism in Kanpur’. In Surendra Jondhale; Johannes Beltz (eds.).
Cain, T. R. (2012). Establishing academic freedom: Politics, principles, and the development of core values. Palgrave Macmillan.
Finkin, M. W., & Post, R. C. (2009). For the common good: Principles of American academic freedom. Yale University Press.
Hofstadter, R., & Metzger, W. P. (1955). The development of academic freedom in tth United States. Columbia University Press.

അമൃത് ജി. കുമാർ

പ്രൊഫസർ, എഡ്യൂക്കേഷൻ വിഭാഗം കേന്ദ്രസർവ്വകലാശാല, കാസർഗോഡ്

5 1 vote
Rating
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x