അനഘ കെ.

Published: 10 Navomber 2025 കവര്‍‌സ്റ്റോറി

സംസ്‌കൃതസാഹിത്യത്തിലെ സസ്യശാസ്ത്രനിരീക്ഷണം

സംഗ്രഹം

സംസ്കൃത സാഹിത്യത്തിൽ സസ്യങ്ങളെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ വളരെ വിപുലമാണ്. പുരാതന ഭാരതത്തിൽ സസ്യശാസ്ത്രം ഒരു പ്രധാന വിഷയമായിരുന്നു എന്നതിൻ്റെ തെളിവുകൾ വേദങ്ങൾ, പുരാണങ്ങൾ, ആയുർവേദ ഗ്രന്ഥങ്ങൾ തുടങ്ങിയവയിൽ കാണാം. സസ്യശാസ്ത്രം ഏറ്റവും കൂടുൽ ആയി കാണപ്പെടുന്ന ആയുർവേദ ഗ്രന്ഥങ്ങളിൽആണ്. അതുപോലെ സസ്യങ്ങളുടെ വളർച്ചയെക്കുറിച്ചും പരിപാലനത്തെക്കുറിച്ചും വിശദമായി പ്രതിപാധിക്കുന്നത് ഒരു ഗ്രന്ഥം എന്ന് പറയാവുന്നത് സുരപാലൻ്റെ വൃക്ഷായുർവേദമാണ്. സംസ്കൃത സാഹിത്യം സസ്യങ്ങളെ കേവലം പ്രകൃതിയിലെ വസ്തുക്കളായി മാത്രമല്ല അവയെ ശാസ്ത്രീയമായും സാംസ്കാരികമായും ആഴത്തിൽ പഠിക്കുന്നതായും കാണാം. ഈ അറിവ് ആധുനിക സസ്യശാസ്ത്രത്തിന് ഒരു മുതൽ കൂട്ടാണ്.

സൂചകപദങ്ങൾ: സസ്യശാസ്ത്രം, വേദം, സ്മൃതി, വൃക്ഷായുർവേദം

ആമുഖം

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന സാഹിത്യ പാരമ്പര്യങ്ങളിലൊന്നാണ് സംസ്കൃത സാഹിത്യം. സാഹിത്യത്തിൻ്റെ ഈ സസ്യശാസ്ത്രശാഖയെക്കുറിച്ചുള്ള അറിവ് ആ കാലഘട്ടത്തിലെ ജനങ്ങളുടെ നിരീക്ഷണങ്ങളെയും പരീക്ഷണങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.ആയുർവേദം, ഗണിതം, രസതന്ത്രം, സാങ്കേതികവിദ്യ, ജ്യോതിശാസ്ത്രം, വാസ്തുവിദ്യ തുടങ്ങിയ ശാസ്ത്രങ്ങൾക്ക് ഈ സാഹിത്യത്തിൽ അവരുടേതായ സമ്പന്നമായ സംഭാവനകളുണ്ട്. ഇത് പുരാതന ഇന്ത്യയ്ക്ക് പ്രകൃതിയുമായി ഉണ്ടായിരുന്ന അടുത്ത ബന്ധത്തെ സൂചിപ്പിക്കുന്നു. പുരാതന സംസ്കൃതഗ്രന്ഥങ്ങളായ വേദങ്ങൾ, ഉപനിഷത്തുകൾ, അർത്ഥശാസ്ത്രം പുരാണങ്ങൾ, അമരകോശം ശുക്രനീതിസാരം ബൃഹത്ത്സംഹിത, മനുസ്മൃതി മുതലായവയിൽ സസ്യശാസ്ത്രപരമായ അറിവിന്റെ വിപുലമായ രേഖകൾ കാണപ്പെടുന്നുണ്ട്. ഈ ഗ്രന്ഥങ്ങളിൽ സസ്യങ്ങളുടെ പരിണാമം, സസ്യജീവിതത്തിന്റെ സ്വഭാവം, പ്രകൃതിയുടെ വിശാലമായ ക്രമത്തിൽ അവയുടെ പങ്ക്, സസ്യങ്ങളുടെ വർഗ്ഗീകരണരീതികൾ എന്നിവയെക്കുറിച്ചുള്ള സിദ്ധാന്തങ്ങൾ നമുക്ക് കാണാൻ കഴിയുന്നു.
സസ്യങ്ങളുടെ രൂപശാസ്ത്രം, പരിസ്ഥിതിശാസ്ത്രം,സാംസ്കാരിക പ്രാധാന്യം എന്നിങ്ങനെ വിവരിക്കുന്നു. സംസ്കൃത സാഹിത്യം സസ്യശാസ്ത്രത്തെ പുരാതനജ്ഞാനവുമായി എങ്ങനെ സമന്വയിപ്പിക്കുന്നുവെന്ന് അന്വേഷിക്കാൻ ഈ പഠനം സഹായകമാകുന്നുണ്ട്. സംസ്കൃതഗ്രന്ഥങ്ങളിൽ അടങ്ങിയിരിക്കുന്ന ശാസ്ത്രീയരീതികൾ തിരിച്ചറിയുകയും സസ്യശാസ്ത്ര പഠനങ്ങളുടെ വികസനത്തിന് അവ എങ്ങനെ സംഭാവന ചെയ്യുന്നുവെന്ന് വിശകലനം ചെയ്യുകയും ചെയ്യുക എന്നതാണ് പ്രാഥമിക ലക്ഷ്യം.

സംസ്കൃതസാഹിത്യത്തിലെ സസ്യജീവിതത്തെക്കുറിച്ചുള്ള ആദ്യകാല പരാമർശങ്ങൾ ഋഗ്വേദം, അഥർവ്വവേദം, യജുർവേദം എന്നിവയിൽ കാണപ്പെടുന്നു, അവ വിവിധ സസ്യങ്ങൾ, മരങ്ങൾ, ഔഷധസസ്യങ്ങൾ എന്നിവയെക്കുറിച്ച് പരാമർശിക്കുന്നു.സസ്യങ്ങളുടെ ഔഷധഗുണങ്ങൾ ഉയർത്തിക്കാട്ടുന്ന സ്തുതിഗീതങ്ങൾ അഥർവ്വവേദത്തിൽ പ്രത്യേകിച്ചും അടങ്ങിയിരിക്കുന്നു. സസ്യങ്ങളുടേയും മരങ്ങളുടേയും വിവിധ വിഷയങ്ങൾ പ്രതിവിധിക്കുന്ന വൃക്ഷായുർവേദംഎന്ന ഒരു വലിയ ശാഖ തന്നെ സംസ്കൃതത്തിലുണ്ട്. വൃക്ഷായുർവേദം എന്ന പദം ആദ്യമായി കാണുന്നത് കൗടില്യൻ്റെ അർത്ഥ ശാസ്ത്രത്തിലാണ്. വൃക്ഷായുർവേദമെന്ന ശാസ്ത്രം കാർഷികാവശ്യങ്ങൾക്ക് നിയതമായി ഉപയോഗിച്ചിരുന്നുവെന്ന് വസ്തുത സൂചിപ്പിക്കുന്നത്. ഇവിടെ വൈദികകാലഘട്ടത്തിലും അർത്ഥശാസ്ത്രകാലഘട്ടത്തിലും പൊതുവായി വസ്തുനിഷ്ഠമായി വിഷയം പ്രതിവാദിക്കുന്നതായേ കാണുന്നുള്ളു. ബൃഹദ്സംഹിത കാലഘട്ടത്തിലെത്തുമ്പോഴും മരങ്ങൾ നടുന്നതിന് ശുഭകരമായ നക്ഷത്രങ്ങളെ പരാമർശിക്കുന്ന കാര്യമേ കാണാൻ കഴിയുന്നുള്ളു. പുരാണ കാലഘട്ടമായപ്പോഴേക്കും ദൈവിക വിശ്വാസാധിഷ്ഠിതമായ അനുബന്ധസങ്കൽപ്പങ്ങൾ നിറഞ്ഞവയാണ്. തുടർന്ന് സ്വതന്ത്ര കാലഘട്ടത്തിലെ കൃതികൾ എല്ലാ വിശ്വാസങ്ങളെയും നിലനിർത്തിക്കൊണ്ട് ശാസ്ത്രീയനിരീക്ഷണരീതിയാണ് അവലംബിക്കാൻ ശ്രമിച്ചിട്ടുള്ളത്.
സംസ്കൃതസാഹിത്യം വ്യത്യസ്ത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സസ്യങ്ങളെ തരംതിരിക്കുന്നു. വേദകാലം മുതൽ ഓഷധി, വനസ്പതി, വിരുദ്ധ് എന്നിങ്ങനേയും പിന്നീട് കുറച്ചുകൂടെ വിപുലമായി ധർമ്മശാസ്ത്ര ഗ്രന്ഥമായ മനുസ്മൃതിയിൽ പ്രതിപാദിക്കുകയും ചെയ്തതായി കാണാൻ കഴിയുന്നുണ്ട്. വ്യക്ഷം, വനസ്പതി, ഗുഛം, ഗുൽമം, പ്രതനം, വല്ലി തുടങ്ങിയ രീതിയും കാണാം.
സംസ്കൃത സാഹിത്യത്തിലെ പുരാണങ്ങളും ഇതിഹാസങ്ങളും ഔഷധശാസ്ത്രം, കൃഷി, പരിസ്ഥിതിശാസ്ത്രം, പുരാണങ്ങൾ എന്നിവ സംയോജിപ്പിച്ച് സസ്യശാസ്ത്ര വിജ്ഞാനത്തെക്കുറിച്ചുള്ള സമഗ്ര വീക്ഷണം അവതരിപ്പിക്കുന്നു. ഈ ഗ്രന്ഥങ്ങൾ സസ്യങ്ങളുടെ വർഗ്ഗീകരണത്തിന്റെയും ഉപയോഗത്തിന്റെയും ചരിത്രപരമായ രേഖകൾ നൽകുക മാത്രമല്ല, പാരിസ്ഥിതികധാർമ്മികതയും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ആയുർവേദത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളായ ചരക സംഹിതയും സുശ്രുത സംഹിതയും സസ്യങ്ങളെ അവയുടെ ഔഷധ ഗുണങ്ങൾ, രുചി, ശരീരത്തിൽ ചെലുത്തുന്ന സ്വാധീനം എന്നിവ അനുസരിച്ച് തരംതിരിക്കുന്നു. മനുസ്മൃതിയും മറ്റ് സ്മൃതിഗ്രന്ഥങ്ങളും സസ്യങ്ങളെ അവയുടെ ധാർമ്മികവും ആചാരപരവുമായ പ്രാധാന്യത്തെ അടിസ്ഥാനമാക്കി തരംതിരിക്കുന്നു. അർത്ഥശാസ്ത്രവും ബൃഹദ്സംഹിതയും പോലുള്ള പിൽക്കാലഗ്രന്ഥങ്ങൾ കൂടുതൽ ചിട്ടയായ സസ്യശാസ്ത്രപഠനങ്ങൾ അവതരിപ്പിക്കുന്നു, അതേസമയം അമരകോശ എന്ന നിഘണ്ടു സസ്യങ്ങളെ അവയുടെ ഉപയോഗവും രൂപഘടനയും അടിസ്ഥാനമാക്കി തരംതിരിക്കുന്നു. കൂടാതെ, ശുക്രനീതിസാരം പോലുള്ള ഗ്രന്ഥങ്ങൾ സുസ്ഥിരകാർഷിക രീതികളെക്കുറിച്ചുള്ള ഉൾക്കാഴ്ച നൽകുന്നു. വൃക്ഷങ്ങളുടെ ഭൗതിക സവിശേഷതകൾ, പാരിസ്ഥിതിക പങ്ക്, പ്രായോഗിക ഉപയോഗങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ വൃക്ഷങ്ങളുടെ ചിട്ടയായ വർഗ്ഗീകരണം വൃക്ഷയുർവേദഗ്രന്ഥങ്ങൾ വാഗ്ദാനം ചെയ്യുന്നു പൊതുവേ മരത്തിൻ്റെ സ്വഭാവത്തെ തരംതിരിക്കുന്നത് മരത്തിൻ്റെ ഉറപ്പിനെ ആശയിച്ചാണ്. സർവ്വസാരവൃക്ഷങ്ങൾ, അന്തസ്സാരവൃക്ഷങ്ങൾ, ബഹിസ്സാര വൃക്ഷങ്ങൾ എന്നീങ്ങനെ മൂന്ന് രീതിയിൽ വർഗ്ഗീകരണം ചെയ്തിരിക്കുന്നത്കാണാം. കൂടാതെ ഈ മൂന്നു ഗണവിഭാഗത്തിലും ഉൾപ്പെടാത്തതിനെ നിസ്സാരവ്യക്ഷങ്ങൾ എന്നും പറയുന്നു. വൃക്ഷങ്ങളുടെ മഹത്വത്തെ പരാമർശിക്കുന്ന,അറിയപ്പെടുന്ന കൃതിയാണ് സുരപാല വൃക്ഷായുർവേദം,സസ്യജീവിതത്തിൻ്റെ ശാസ്ത്രവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ഈ ഗ്രന്ഥം ചർച്ച ചെയ്യുന്നുണ്ട്.വൃക്ഷങ്ങൾ നടുന്നതിനെക്കുറിച്ചും, വിത്തുകൾ നടുന്നതിനെക്കുറിച്ചും, മണ്ണിൻ്റെ തിരഞ്ഞെടുപ്പ്, നനവ് രീതി, പോഷണങ്ങളും വളങ്ങളും സസ്യരോഗങ്ങൾ, ആന്തരിക രോഗങ്ങളിൽ നിന്നുള്ള സംരക്ഷണം, പൂന്തോട്ടത്തിൻ്റെ അനുയോജ്യമായ നിർമ്മാണ രീതി, ഭൂഗർഭ ജല സ്രോതസുകൾ തുടങ്ങിയവ പ്രതിപാദിക്കുന്നുണ്ട്. ഈ ഗ്രന്ഥം സത് സസ്യജീവിതത്തെ അടിസ്ഥാനമാക്കി അറിവിൻ്റെ നിലവാരം ഉയർത്തുന്നതിനു പ്രചോദനമാകുന്നുണ്ട്.അതിൽ ഇങ്ങനെ കാണാം:
“ ദശകൂപസമാവപി ദശവാപിസമോ ഹൃദാഃ ।
ദശഹൃദസമഃ പുത്രോ ദശപുത്രസമോ ദ്രുമാഃ ॥”
പുരാതന ഇന്ത്യക്കാരുടെ വീക്ഷണവും ഈ ശ്ലോകത്തിൽ പ്രകടിപ്പിക്കുന്നു. ഒരു മരം നടുന്നത് പത്ത് പുത്രന്മാർക്ക് തുല്യമാണെന്ന് ഇത് സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ആധുനികമെന്ന് പൊതുവിൽ വിശ്വസിച്ചു പോരുന്ന പല പ്രതിഭാസങ്ങളുടേയും വേരുകൾ പ്രാചീനകാലത്തിൽ നമുക്ക് കണ്ടെത്താൻ കഴിയും.

ഉപസംഹാരം

സംസ്കൃത സാഹിത്യത്തിൽ ഉൾച്ചേർത്തിട്ടുള്ള സസ്യശാസ്ത്രപരമായ ഉൾക്കാഴ്ചകൾ പുരാതന ഇന്ത്യൻ അറിവിന്റെ ആഴവും അതിന്റെ ഇന്റർ ഡിസിപ്ലിനറി സ്വഭാവവും എടുത്തുകാണിക്കുന്നു. പുരാതന ഇന്ത്യയിലെ സസ്യശാസ്ത്രം ഒരു ഒറ്റപ്പെട്ട വിഷയമായിരുന്നില്ല, മറിച്ച് പരിസ്ഥിതി, കൃഷി, വൈദ്യശാസ്ത്രം എന്നിവയുമായി ആഴത്തിൽ ബന്ധപ്പെട്ടിരുന്നു. സംസ്കൃത ഗ്രന്ഥങ്ങൾ പരിശോധിക്കുന്നതിലൂടെ, പുരാതന ലോകത്ത് ശാസ്ത്രീയചിന്ത എങ്ങനെ പരിണമിച്ചു എന്നതിനെക്കുറിച്ചുള്ള വിലപ്പെട്ട വീക്ഷണം നമുക്ക് ലഭിക്കുകയും ആധുനിക സസ്യശാസ്ത്രപഠനത്തിന് വഴിയൊരുക്കുകയും ചെയ്യുന്നു. സസ്യശാസ്ത്രത്തിലും ഗ്രന്ഥങ്ങളിലും അവർ നൽകിയ സംഭാവനകളെ പൂർണ്ണമായി വിലമതിക്കുന്നതിന് ശാസ്ത്രീയ സംസ്കൃതഗ്രന്ഥങ്ങളുടെ കൂടുതൽ പര്യവേക്ഷണത്തിന്റെയും പുനർവ്യാഖ്യാനത്തിന്റെയും ആവശ്യകത ഈ പഠനം അടിവരയിടുന്നു, ഇത് സസ്യജീവിതം, വർഗ്ഗീകരണം, പാരിസ്ഥിതിക സുസ്ഥിരത എന്നിവയെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയെ പ്രതിഫലിപ്പിക്കുന്നു. ഈ കൃതികൾ സസ്യങ്ങളെക്കുറിച്ചുള്ള ഔഷധ, കാർഷിക, ധാർമ്മിക കാഴ്ചപ്പാടുകൾ സമന്വയിപ്പിക്കുന്ന സമഗ്രമായ ഒരു ചട്ടക്കൂട് നൽകുന്നു. ഈ ഗ്രന്ഥങ്ങളിൽ നിലവിലുള്ള ശാസ്ത്രീയ രീതികൾ പിൽക്കാല സസ്യശാസ്ത്ര പഠനങ്ങൾക്ക് അടിത്തറ പാകുകയും പരമ്പരാഗത വൈദ്യശാസ്ത്രം, സുസ്ഥിര കൃഷി, പരിസ്ഥിതി സംരക്ഷണം എന്നിവയെക്കുറിച്ചുള്ള സമകാലിക ചർച്ചകളിൽ പ്രസക്തമായി തുടരുകയും ചെയ്യുന്നു.

ഗ്രന്ഥസൂചി

vrikshayurveda in ancient india, Lallanji gopal ,sundeep prakashan new delhi in 2000.
Manusmriti ,maitreya deshpande ,new bharatiya book corporation new delhi in 2010.
vrikshayurveda ;an introduction to plant science ,K.Vijayalakshmi and K.M.Shyam sunder ,Publication of lok swasthya parampara samaradhana samithi in Madras 1993.
Flora and plant kingdom in Sanskrit literature, Sushma Kulshreshtha and Jagadish Sahal. Publication of Eastern Book Linkers India in 2003.
Ancient science of plant life and plant care,Rajasekaran S and Unnikrishnan Nair S G,Kerala state biodiversity board.
History of ancient Indian science -Botanical Science anaEconomicGrowth, pandey lalta prasad, Munshiram Manoharlal pvt limited new Delhi in 1996.
Vrikshayurveda of Surapala -Ancient Treatise on Indian Science of Plant Life, Pandey Gyanendra, Chowkhamba Sanskrit Varanasi,in2010.
Vrikshayurveda grandhangal oru padanam, NVP Unithiri, Kerala bhasha institutions Thiruvananthapuram in 2020.
Socio economic growth ideas in ancient Indian literature,panchamukhi .A.R, rashtriya Sanskrit Sansthan Delhi 1998.
Atharva veda samhita ,M.R. Rajesh , mathrubhumi grandavedi kozhikode in 2015.

Anagha k

Research scholar Sree shankaracharya university of Sanskrit kalady -Ernakulam Email: anaghaanag83@gmail.com

5 2 votes
Rating
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x