അനർഘ ഐ.എസ്

Published: 10 november 2026 സംസ്കാരപഠനം

മലബാറിലെ നക്സൽ പ്രസ്ഥാനവും വനിതാ പ്രാതിനിധ്യവും

പ്രബന്ധസംഗ്രഹം

കേരളത്തിന്റെ സമ്പന്നമായ ചരിത്രവും സാംസ്കാരിക വൈവിധ്യവുമുള്ള മലബാർപ്രദേശം അനവധി കലാപങ്ങൾക്കും സായുധ വിപ്ലവങ്ങൾക്കും സാക്ഷ്യം വഹിച്ച ഭൂമികയാണ്. അവയിൽ പ്രധാനപ്പെട്ട ഒന്നാണ് നക്സൽ പ്രസ്ഥാനം. കേരളത്തിൽ നക്സൽ പ്രസ്ഥാനം വളർന്നതും വികസിച്ചതും മലബാറിലാണ്. മലബാറിലെ ദളിത്-കുടിയേറ്റ കർഷക ദുരിതങ്ങളാണ് നക്സൽ പ്രസ്ഥാനത്തെ പോരാട്ട ഭൂമിയിലേക്ക് നയിച്ചത്. നക്സൽ

പ്രസ്ഥാനത്തിന്റെ വളർച്ചയിലുടനീളം പ്രസ്ഥാനത്തോടൊപ്പം നിന്ന വനിതകൾ, സമൂഹത്തിൽ ശക്തമായ സന്ദേശങ്ങൾ നൽകി. വനിതകളുടെ പ്രാതിനിധ്യവും അതിലൂടെ സംഭവിച്ച സ്ത്രീമുന്നേറ്റ നീക്കങ്ങളും കേരളത്തിലെ നക്സൽ പ്രവർത്തനങ്ങളിലും മലബാറിന്റെ ചരിത്രത്തിലും സൃഷ്ടിച്ച മാറ്റങ്ങൾ എന്തെല്ലാമെന്ന് പഠിക്കുകയാണ് ഈ പ്രബന്ധത്തിന്റെ ലക്ഷ്യം.

താക്കോൽ വാക്കുകൾ

മലബാറിലെ നക്സൽകലാപം, നക്സൽബാരി, വിപ്ലവം, സ്ത്രീപ്രാധിനിത്യം.

ആമുഖം

സമ്പന്നമായ ദേശചരിത്രവും വൈവിധ്യമാർന്ന സാംസ്കാരിക പൈതൃകവുമുള്ള കേരളത്തിന്റെ വടക്കൻ പ്രദേശമാണ്മലബാർ. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, വയനാട്, മലപ്പുറം ജില്ലകൾ ഉൾപ്പെടുന്ന മലബാർ പ്രദേശം വൈവിധ്യമാർന്ന സാമൂഹിക-സാമൂദായിക ഘടകങ്ങളാൽ വ്യത്യസ്തത പുലർത്തുന്നു. 1960-കളിൽ ഇന്ത്യയിൽ ശക്തമായി ഉയർന്നുവന്ന നക്സൽ പ്രസ്ഥാനം, മലബാറിലും വലിയ സ്വാധീനം ചെലുത്തി. സാമൂഹ്യ-സാമ്പത്തിക അനീതികൾക്കെതിരെ, പ്രത്യേകിച്ച് ഭൂമിയില്ലാത്ത കർഷകരുടെയും ദളിത-ആദിവാസി വിഭാഗങ്ങളുടെയും അവകാശങ്ങൾക്കായുള്ള പോരാട്ടം ഈ പ്രസ്ഥാനത്തിന്റെ മുഖ്യ ലക്ഷ്യമായിരുന്നു. മലബാറിലെ പാരമ്പര്യ ഭൂവ്യവസ്ഥയും സാമൂഹിക ഘടനകളും ചോദ്യം ചെയ്തുകൊണ്ട്, നക്സൽ പ്രസ്ഥാനം ഈ മേഖലയിൽ പുതിയ ചോദ്യങ്ങളും ചിന്തകളും ഉണർത്തി.ചൂഷിതരും ചൂഷകരും തമ്മിലുള്ള അന്തരം വിപ്ലവത്തിലൂടെ അവസാനിപ്പിക്കാൻ തയ്യാറായി ഇറങ്ങിയ ഒരുകൂട്ടം വിപ്ലവകാരികളുടെ ചരിത്രവും മലബാറിലെ വിപ്ലവചരിത്രവും ഒന്ന്തന്നെയാണ്. നക്സൽ പ്രസ്ഥാനത്തിന്റെ സ്വാധീനം മലബാറിലെ സാഹിത്യത്തിലും കലാരംഗത്തും  മനുഷ്യാവകാശ ബോധവത്കരണത്തിലും സാമൂഹ്യ വിമർശനങ്ങളിലും വ്യക്തമായി പ്രകടമായിട്ടുണ്ട്. അതോടൊപ്പം ധൈര്യവും വിപ്ലവവീര്യവുമായി മലബാർ മണ്ണിൽ നിന്നും സമൂഹത്തിലേക്കിറങ്ങിയ വനിതകളുടെ സംഭാവനകൾ മറക്കാൻ കഴിയാത്തതാണ്. പോലീസ് ലോക്കപ്പിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ടപ്പോഴും ആത്മാഭിമാനവും ധൈര്യവും കൈവിടാത്ത ധീരവനിതകൾ മലബാറിന്റെ ചരിത്രത്തിന്റെ ഭാഗമാണ്. മലബാറിലെ നക്സൽ പ്രസ്ഥാനത്തിന്റെ വളർച്ചയും വനിതാ പ്രാതിനിധ്യവും എന്ന വിഷയത്തിൽ, ഈ പ്രസ്ഥാനത്തിന്റെ ഉത്ഭവം, വളർച്ച, വനിതകളുടെ പങ്കാളിത്തം, അതിലൂടെ സംഭവിച്ച സാമൂഹ്യ-സാംസ്കാരിക മാറ്റങ്ങൾ എന്നിവ വിശദമായി വിലയിരുത്തുന്നു.

മലബാർ (1.1)

ഉത്തര കേരളത്തിന്റെ സമ്പന്നമായ ചരിത്രവും സാംസ്കാരികവും രാഷ്ട്രീയവുമായ പൈതൃകവുമുള്ള പ്രദേശമാണ് മലബാർ. മധ്യകാലഘട്ടത്തിൽ കേരളം മൊത്തത്തിൽ മലബാർ എന്ന പേരിൽ അറിയപ്പെട്ടിരുന്നു. ഈ പേര് അറബി, പേർഷ്യൻ കപ്പലോട്ടക്കാരുടെ വ്യാപാരപ്രഭാവത്തോടെയാണ് രൂപം കൊണ്ടത്. “മല” എന്ന മലയാള-തമിഴ് പദത്തോടൊപ്പം “ബാർ” (തീരം) എന്ന പേർഷ്യൻ പദം ചേർന്നാണ് മലബാർ എന്ന പേര് ഉണ്ടായത്. 9-10 നൂറ്റാണ്ടുകളിൽ ഇബ്ൻ ഖുർദാർദ്ബി, അൽ ബറൂണി തുടങ്ങിയ സഞ്ചാരികളും ചരിത്രകാരും തങ്ങളുടെ കൃതികളിൽ മലബാറിനെ രേഖപ്പെടുത്തിയിട്ടുണ്ട് (ശ്രീധരമേനോൻ എ, 2007:10).

മലബാറിൽ നിരവധി നാട്ടുരാജ്യങ്ങളും രാജവംശങ്ങളും നിലനിന്നിരുന്നു. കോഴിക്കോട് സാമൂതിരിവംശം ഈ പ്രദേശത്തെ ശക്തരായ ഭരണാധികാരികളായിരുന്നു. 18-ആം നൂറ്റാണ്ടിൽ ടിപ്പു സുൽത്താന്റെ മൈസൂർ ആക്രമണത്തോടെയാണ് മലബാർ ബ്രിട്ടീഷ് ഭരണത്തിൻകീഴിൽ വന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് മലബാർ, മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്നു. 1956-ലെ ഐക്യകേരള രൂപീകരണം വരെ മലബാർ, മദ്രാസ് സംസ്ഥാനത്തിന്റെ കീഴിൽ ആയിരുന്നു. മലബാറിൽ ബ്രിട്ടീഷ്ഭരണത്തെയും ജന്മി-ഭൂവുടമകളുടെ അധികാരത്തെയും രാഷ്ട്രീയമായി എതിർത്ത നിരവധി സമരങ്ങളും കലാപങ്ങളും നടന്നിട്ടുണ്ട്. 1921-ലെ മാപ്പിള കലാപം, കാർഷിക സമരങ്ങൾ, നക്സൽ പ്രസ്ഥാനം തുടങ്ങിയവ മലബാറിന്റെ രാഷ്ട്രീയ ചരിത്രത്തിലെ പ്രധാന സംഭവങ്ങളാണ്. ഈ സമരങ്ങളിൽ ഉണ്ടായ വ്യാപകമായ ജനപങ്കാളിത്തവും സ്ത്രീകളുടെ സജീവ സാന്നിദ്ധ്യവും ശ്രദ്ധേയമാണ്.

വസന്തത്തിന്റെ ഇടിമുഴക്കം (1.2)

1967 ജൂലൈ 5 ന്ചൈനയിലെ പീപ്പിൾസ്ഡെയിലി പത്രത്തിലെ മുഖപ്രസംഗം പീക്കിങ്ങ് റേഡിയോ പ്രക്ഷേപണം ചെയ്തതോടെയാണ് പശ്ചിമബംഗാളിലെ നക്സൽബാരി എന്ന ഗ്രാമത്തിൽ നടന്ന കർഷകരുടെ സായുധവിപ്ലവം ലോകം അറിയുന്നത്. ‘കൃഷിഭൂമി കർഷകന്’ എന്ന മുദ്രാവാക്യമുയർത്തി ഭരണത്തിൽ എത്തിയ കമ്മ്യൂണിസ്റ്റ് പാർട്ടി കർഷകർക്കായി ദ്രുതഗതിയിൽ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചാണ് കർഷകർ ചാരുമജുംദാർ, കനൂ സന്യാല്‍ ജങ്കൽ സന്താൾ എന്നിവരുടെ നേതൃത്വത്തിൽ പ്രക്ഷോഭത്തിനൊരുങ്ങുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വം നൽകുന്ന സർക്കാരിനെതിരെ സന്താൾ വിഭാഗത്തിന്റെ പോരാട്ടമായിരുന്നു പ്രസ്തുത കലാപം.

‘കൃഷിഭൂമി കർഷകന്’ എന്ന മുദ്രാവാക്യവുമായി സമരം നയിച്ച കർഷകർക്ക് നേരെ പോലീസ് വെടിവെക്കുകയും കുട്ടികളടക്കം 11 പേർ സംഘർഷത്തിൽ കൊല്ലപ്പെടുകയും ചെയ്തു (അജീഷ്ടി, 2016:23). നക്സൽബാരി സമരത്തിന് ഇന്ത്യൻ മാധ്യമങ്ങൾ വേണ്ടത്ര പ്രാധാന്യം നൽകിയില്ല. എന്നാൽ ചൈനയിലെ മാധ്യമങ്ങൾ സമരത്തെ ഏറെ പ്രാധാന്യത്തോടെ കൈകാര്യം ചെയ്തു. പീക്കിങ്ങ് റേഡിയോ സമരത്തെ ‘വസന്തത്തിന്റെ ഇടിമുഴക്കം’ എന്നാണ് വിശേഷിപ്പിച്ചത്. നക്സൽബാരിയിലെ വിപ്ലവ സമരത്തെ ഭരണകൂടം പോലീസിന്റെ നേതൃത്വത്തിൽ അടിച്ചമർത്തിയെങ്കിലും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേക്ക്

വിപ്ലവത്തിന്റെ ഇടിമുഴക്കം പൊട്ടിപ്പടർന്നത് അതിവേഗത്തിലായിരുന്നു.

 

മലബാറിൽ നക്സൽ പ്രസ്ഥാനത്തിന്റെ വളർച്ച (1.3)

കേരളത്തിൽ നക്സൽ കലാപങ്ങൾക്ക് തുടക്കം കുറിക്കുന്നത് കോഴിക്കോട് കുന്നിക്കൽ നാരായണന്റെ നേതൃത്വത്തിലാണ്. കൽക്കട്ട തീസിസിനോടുള്ള എതിർപ്പിനെ തുടർന്നാണ് നാരായണൻ പാർട്ടി വിടുന്നതും വിപ്ലവത്തിലേക്ക്തിരിയുന്നതും. കമ്മ്യൂണിസ്റ്റ്പാർട്ടിയുടെ

പിളർപ്പിനെ തുടർന്ന് അനവധി പ്രവർത്തകർ കുന്നിക്കൽ നാരായണന്റെ ആശയങ്ങൾക്കൊപ്പം ചേർന്നു. ഭരണകൂടത്തെ സായുധ കലാപത്തിലൂടെ കീഴ്പ്പെടുത്തി, ചൈനയിലെ മാവോ സേ തുങ്ങിന്റെ പാത പിന്തുടർന്ന് അധികാരം പിടിച്ചെടുക്കാനായിരുന്നു കേരളത്തിലെ നക്സൽ പ്രവർത്തകരുടെ ശ്രമം. കുന്നിക്കൽ

നാരായണൻ, ഭാര്യ മന്ദാകിനി നാരായണൻ, മകൾ കെ. അജിത, തേറ്റമല കൃഷ്ണൻകുട്ടി, എ. വർഗീസ്, വെള്ളത്തൂവൽ സ്റ്റീഫൻ, മുണ്ടൂർ രാവുണ്ണി എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു കേരളത്തിൽ നക്സൽ പ്രക്ഷോഭങ്ങൾ നടന്നിരുന്നത്. മലബാറിൽ നക്സൽ വിപ്ലവകാരികൾ ആദ്യമായി നടത്തിയ കലാപമായിരുന്നു തലശ്ശേരി-പുൽപള്ളി കലാപം. കർഷകർക്കും തൊഴിലാളികൾക്കും വേണ്ടി നടത്തിയ സായുധ കലാപം പ്രത്യക്ഷത്തിൽ ഒരു പരാജയമായിരുന്നെങ്കിലും പിൽകാലത്ത് നക്സലേറ്റ് പ്രസ്ഥാനത്തിന്റെ ഒരു നാഴികക്കല്ലായി.

 

പുൽപ്പള്ളിയിലെ കർഷക പ്രതിസന്ധി (1.3.1)

 

മധ്യതിരുവിതാംകൂറിൽ നിന്ന് വടക്കൻ കേരളത്തിലേക്ക് കുടിയേറി, കണ്ണൂർ, കോഴിക്കോട്, വയനാട് എന്നീ പ്രദേശങ്ങളിൽ എത്തിയ കർഷകർക്ക് നേരിടേണ്ടി വന്ന പ്രതിസന്ധികൾ വലുതായിരുന്നു. കൃഷി ചെയ്യാനുള്ള സ്ഥലം വാങ്ങി നൽകാമെന്ന മധ്യവർത്തികളുടെ വലയിൽ വീഴുന്ന കർഷകർക്ക് ലഭിച്ചിരുന്നത് കാട് നിറഞ്ഞ, വിഭവങ്ങൾ ഒന്നുമില്ലാത്ത സ്ഥലങ്ങളാണ്. അവിടെ പണിയെടുത്ത് ജീവിക്കാൻ ആരംഭിക്കുമ്പോൾ ഭൂമിയുടെ അവകാശം ഉന്നയിച്ച്വനം വകുപ്പു ദ്യോഗസ്ഥരും ദേവസ്വം ജീവനക്കാരും രംഗത്തെത്തും. മധ്യവർത്തി-ഉദ്യോഗസ്ഥ ഒത്തുകളികളിൽ സമ്പാദ്യവും ഭൂമിയും നഷ്ടപ്പെടുന്ന കർഷകർക്ക്വേണ്ടി വാദിക്കാൻ ആരും ഉണ്ടാവുകയില്ല. വയനാട്ടിലെ പുൽപ്പള്ളിയിൽ ഭൂമി ഒഴിപ്പിച്ചെടുക്കുവാൻ ദേവസ്വത്തിന്റെ ആവശ്യപ്രകാരം സ്ഥാപിച്ച എം.എസ്.പി ക്യാമ്പിലെ പോലീസുകാരിൽ നിന്നും കർഷകർക്ക് നേരിടേണ്ടി വന്ന പീഡനങ്ങൾ അസഹ്യമായിരുന്നു. കുടിയേറ്റക്കാർക്ക് അവരവരുടെ ഭൂമിയിൽ സ്ഥിരാവകാശം ഉറപ്പിച്ചു കൊടുക്കുമെന്ന് വാഗ്ദാനത്തോടെ അധികാരത്തിലെത്തിയ മന്ത്രിസഭ കർഷകർക്ക് നേരെ കണ്ണടയ്ക്കുകയാണ് ചെയ്തത്. ഗത്യന്തരമില്ലാത്ത കർഷകരുടെ പ്രതിനിതിയായി പൊന്നപ്പൻ എന്ന കർഷകൻ കുന്നിക്കൽ നാരായണന് എഴുതിയ കത്താണ് പിൽക്കാലത്ത് കേരളചരിത്രത്തിൽ ചോരപ്പാടുകളാൽ എഴുതിയ പുതുപ്പള്ളി കലാപത്തിന്പ്രേരകമായത് (അജിത കെ,1982:59).

 

കണ്ണൂരിലെ ബീഡി- നെയ്ത്ത്തൊഴിലാളികളുടെ ദുരിതം (1.3.2)

 

വയനാട്ടിലെ കർഷകരുടെ ദുരിതത്തിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ലായിരുന്നു കണ്ണൂരിലെ ബീഡി- നെയ്ത്ത് തൊഴിലാളികളുടെ അവസ്ഥയും. ആ പ്രദേശങ്ങളിൽ ബീഡി – നെയ്ത്ത് തൊഴിലാളികൾക്ക് ലഭിച്ചിരുന്ന വേതനം വളരെ തുച്ഛമായിരുന്നു. കുട്ടികൾ അടക്കം കുടുംബത്തിലെ എല്ലാ അംഗങ്ങളും ജോലി ചെയ്താൽ മാത്രമേ കുടുംബം പട്ടിണിയില്ലാതെ മുന്നോട്ടു പോകു എന്ന അവസ്ഥയായിരുന്നു മിക്ക വീടുകൾക്കും. ഈ അവസരത്തിലാണ് 1967ൽ വന്ന സർക്കാർ ബീഡി സിഗാർ നിയമം പ്രാബല്യത്തിൽ കൊണ്ടുവരുന്നത്. ബീഡിത്തൊഴിലാളികൾക്ക് മിനിമം വേതനം നൽകണമെന്ന നിയമം

വന്നതോടെ, മംഗലാപുരം ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഭാരത് – ഗണേഷ് ബീഡിക്കമ്പനി ഉടമകൾ കേരളത്തിലെ സ്ഥാപനങ്ങൾ എല്ലാം മുന്നറിയിപ്പുകൾ ഒന്നുമില്ലാതെ അടച്ചുപൂട്ടി കർണാടകയിലേക്ക്പോയി. കർണാടകയിൽ മിനിമം വേതന നിയമം പ്രാബല്യത്തിൽ വന്നിട്ടില്ലായിരുന്നു. ബീഡിക്കമ്പനികളെ ആശ്രയിച്ച്ജീവിച്ചിരുന്ന

കാൽ ലക്ഷത്തോളം പേർ ഇതോടെ പട്ടിണിയിലായി. തൊഴിലാളികൾ സർക്കാരിനുമേൽ സമ്മർദ്ദം ചെലുത്തുവാൻ തുടങ്ങി. എന്നാൽ ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ സർക്കാരിനായില്ല. തൊഴിലാളികൾക്കിടയിൽ വിപ്ലവാവേശം ഉടലെടുക്കുകയും അവർ കുന്നിക്കലിന്റെ മാർഗ്ഗം പിന്തുടർന്ന് വിപ്ലവത്തിലേക്ക് കടന്നുചെല്ലുകയും ചെയ്തു.

പുൽപള്ളിയിലെ കർഷകദുരിതം മനസ്സിലുള്ള, ഒരു വിപ്ലവത്തിന്തയ്യാറായി നിന്ന നക്സൽ പ്രവർത്തകർ, കണ്ണൂരിലെ തൊഴിലാളികളെ സമരത്തിലേക്ക് കൂടുതൽ ആകൃഷ്ടരാക്കുവാനാണ് തലശ്ശേരി പോലീസ് സ്റ്റേഷൻ ആക്രമണത്തിന് പദ്ധതിയിടുന്നത് (അജിത കെ, 1982:65)

 

തലശ്ശേരി- പുൽപ്പള്ളി ആക്രമണങ്ങൾ (1.3.3)

 

തലശ്ശേരി- പുൽപ്പള്ളി പോലീസ് സ്റ്റേഷനുകൾ ആക്രമിച്ച്, ആയുധങ്ങൾ ശേഖരിച്ച് തലസ്ഥാനത്തെത്തി സായുധ കലാപത്തിലൂടെ ഭരണം പിടിച്ചെടുക്കുക എന്നതായിരുന്നു വിപ്ലവകാരികളുടെ പദ്ധതി. കുന്നിക്കൽ നാരായണൻ, വെള്ളത്തൂവൽ സ്റ്റീഫൻ, ബാലരാമൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഇരുന്നുറിലധികം പേരാണ് തലശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞടുത്തത്. സ്റ്റേഷന്റെ പിന്നാമ്പുറത്തെ ഗേറ്റ് തുറക്കാൻ കഴിയാത്തതിനാൽ, വെള്ളത്തൂവൽ സ്റ്റീഫൻ സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞു. സ്റ്റേഷനിലെ നോട്ടീസ് ബോർഡിൽത്തട്ടി വീണ ബോംബ് പൊട്ടിയില്ല. ബഹളം കേട്ട് ഓടിയെത്തിയ പോലീസുകാരൻ വിപ്ലവസംഘത്തെ കണ്ട് ഭയന്നു നിലവിളിച്ചു. തലശ്ശേരി സ്റ്റേഷനിൽ അന്ന് നാലഞ്ചു പോലീസുകാർ മാത്രമേ ഉണ്ടായിരുന്നുള്ളു. അകത്തെ പോലീസുകാരുടെ അലർച്ച കേട്ടതും സംഘത്തിലെ കുറച്ചുപേർ പേടിച്ച് ഓടാൻ തുടങ്ങി. നിമിഷങ്ങൾക്കുള്ളിൽ എല്ലാവരും സ്റ്റേഷനിൽ നിന്ന് ഓടി രക്ഷപ്പെട്ടു. തങ്ങൾ കലാപം ചെയ്തിരിക്കുന്നു എന്ന ലഘുകുറിപ്പുകൾ സ്റ്റേഷൻ പരിസരത്ത് വിപ്ലവകാരികൾ ഉപേക്ഷിച്ചിരുന്നു. എന്നാൽ തങ്ങളുടെ ഉദ്ദേശപ്രകാരം യാതൊന്നും ചെയ്യാൻ ആയതുമില്ല. കൃത്യമായ തയ്യാറെടുപ്പുകൾ ഇല്ലാതെപോയതാണ് തലശ്ശേരി പോലീസ് സ്റ്റേഷൻ ആക്രമണം പരാജയപ്പെടാൻ കാരണം.നേതൃത്വത്തിലുണ്ടായ ആശയക്കുഴപ്പങ്ങളും അഭിപ്രായഭിന്നതകളും മറ്റ് കാരണങ്ങളാണ്. കേരളത്തിലെ നക്സലൈറ്റ്  പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടന്ന ആദ്യസമരം തന്നെ പരാജയപ്പെട്ടത്  പ്രസ്ഥാനത്തിന്റെ പിന്നീടുള്ള വളർച്ചയെ കാര്യമായി ബാധിച്ചു.

 

പുൽപ്പള്ളി ആക്രമണം (1.3.4)

 

പുൽപ്പള്ളിയിൽ പ്രധാനമായും നാല് പദ്ധതികളാണ് വിപ്ലവകാരികൾ ആസൂത്രണം ചെയ്തിരുന്നത്. പുൽപ്പള്ളി വയർലെസ് സ്റ്റേഷനും എം. എസ്. പി. ക്യാമ്പും ആക്രമിക്കുക, ഓഫീസും റെക്കോർഡുകളും കത്തിക്കുക, അവിടെനിന്ന്ആയുധങ്ങൾ ശേഖരിച്ച്രജിസ്റ്റർ ഓഫീസ് ആക്രമിച്ച് രേഖകൾ എല്ലാം കത്തിക്കുക എന്നിവയായിരുന്നു അവ. പുൽപ്പള്ളി ക്ഷേത്രത്തിന്റെ താഴെ ദേവസ്വം കെട്ടിടത്തിൽ ആയിരുന്നു പോലീസ് സ്റ്റേഷൻ. ക്ഷേത്രത്തിന്റെ ഊട്ടുപുരയിൽ ആയിരുന്നു വയർലെസ്സ്റ്റേഷനും എം എസ്പി ക്യാമ്പും. പോലീസ് സ്റ്റേഷന് തൊട്ടടുത്താണ് രജിസ്റ്റർ ഓഫീസ്. വയർലെസ് സ്റ്റേഷൻ ആദ്യം ആക്രമിക്കാൻ കാരണം, അവിടെ ആക്രമണം നടന്നു കഴിഞ്ഞാൽ പുറംലോകവുമായി ബന്ധപ്പെടാൻ പോലീസുകാർക്ക് മറ്റു വഴികൾ ഇല്ല എന്നതായിരുന്നു. തലശ്ശേരി കലാപത്തിന്റെ വാർത്ത റേഡിയോയിലൂടെ കേട്ടതിനു ശേഷം എ വർഗീസ്, തേറ്റമല കൃഷ്ണൻകുട്ടി, അജിത, കുറിച്യൻ തൊമ്മൻ, കിസാൻ തൊമ്മൻ എന്നിവരുടെ നേതൃത്വത്തിൽ സംഘം പുൽപ്പള്ളി വയർലെസ് സ്റ്റേഷനിലേക്ക് പുറപ്പെട്ടു. നക്സൽബാരി മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ട്എല്ലാവരും ആക്രമണം ആരംഭിച്ചു. വയലസ്ഓപ്പറേറ്റർ കുഞ്ഞികൃഷ്ണൻ നായർക്ക്വെട്ടേറ്റു. സ്റ്റേഷനിലെ കടലാസുകളെല്ലാം പുറത്തുകൊണ്ടുവന്നിട്ട്

വിപ്ലവകാരികൾ തീയിട്ടു. എസ്. ഐശങ്കുണ്ണി മേനോനെ വെട്ടിക്കൊലപ്പെടുത്തി. പോലീസ്

സ്റ്റേഷനിലേക്ക്പോകുന്നതിനിടയിൽ സംഘത്തിൽ ഉണ്ടായിരുന്ന ഗോപാലൻ എന്നയാൾ ബോംബുമായി കുഴിയിൽ വീണു. ഉഗ്രസ്ഫോടനത്തിൽ ഗോപാലന്റെ കൈപ്പത്തി ചിന്നിച്ചിതറി. സ്ഫോടനവും ഗോപാലന്റെ പരിക്കും കണ്ട് എം. എസ്. പി. ക്യാമ്പ് ആക്രമിക്കണ്ട എന്ന തീരുമാനത്തിൽ സംഘാംഗങ്ങൾ എത്തിച്ചേർന്നു. തിരികെ പോകുന്ന വഴിയിൽ ജന്മിമാരുടെ വീടുകൾ ആക്രമിച്ച് പദ്ധതിയിൽ നിന്ന് പിൻവാങ്ങി. തുടർന്ന് സംഘം കാട്ടിൽ ഒളിക്കുകയും പോലീസ്കസ്റ്റഡിയിൽ ആകുകയും ചെയ്തു. തലശ്ശേരി – പുൽപ്പള്ളി ആക്രമണത്തിന്റെ പേരിൽ അറസ്റ്റിലായവരെ പോലീസ്ക്രൂരമായി മർദിച്ചു. സംഭവത്തിൽ ഒന്നാം പ്രതി കുന്നിക്കൽ നാരായണൻ രണ്ടാം പ്രതി കെ. പി. നാരായണൻ മൂന്നാംപ്രതി മന്ദാകിനി നാരായണനേയും ചേർത്ത് 1969 ഏപ്രിൽ രണ്ടിന് കോഴിക്കോട്ജില്ലാ മജിസ്ട്രേറ്റ്കേസ്എടുത്തു (അജീഷ്. ടി, 2016:65).

 

നക്സൽ പ്രസ്ഥാനവും വനിതാ പ്രാതിനിധ്യവും. (1.4)

 

നക്സലൈറ്റ്പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളിൽ സ്ത്രീകൾ പ്രത്യക്ഷമായും പരോക്ഷമായും പങ്കെടുത്തിട്ടുണ്ട്. പാർട്ടി സ്റ്റഡി ക്ലാസുകൾ, റിക്രൂട്ട്മെന്റ്, ആശയപ്രചരണം, ആയുധ പരിശീലനം, ഒളിവ്ജീവിതം, ജനകീയ നീതിന്യായം എന്നിവയിൽ സ്ത്രീകളുടെ പങ്കാളിത്തം ശ്രദ്ധേയമാണ്. പലപ്പോഴും സ്ത്രീകൾക്ക് ഈ പ്രസ്ഥാനത്തിൽ കൂടുതൽ സ്വാതന്ത്ര്യവും സാമൂഹിക നീതിയും ലിംഗസമത്വവും ലഭിച്ചു. നക്സലൈറ്റ് പ്രസ്ഥാനത്തിലൂടെ സ്ത്രീകൾ സാമൂഹിക നീതി, പീഡനത്തിനെതിരായ പോരാട്ടം, ദളിത്-ആദിവാസി അവകാശങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ശക്തമായ നിലപാടുകൾ സ്വീകരിച്ചു. അവരുടെ പങ്കാളിത്തം പ്രസ്ഥാനത്തിന്ജനകീയതയും ശക്തിയും നൽകി. അതേസമയം, സർക്കാർ നടപടികളും സൈനിക നടപടികളും സ്ത്രീകളെയും തീവ്രമായ രീതിയിൽ ബാധിച്ചു പലരും പിടിയിലായി, ചിലർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. 1967ൽ പശ്ചിമബംഗാളിലെ നക്സൽബാരിയിൽ ജോട്ടോദാർമാർക്കെതിരെ നടന്ന പ്രക്ഷോഭത്തിൽ അമ്പും വില്ലുമായി പ്രക്ഷോഭകാരികൾക്കൊപ്പം സാന്താൾ സ്ത്രീകളും സമരമുഖത്ത് അണിനിരന്നു. പോലീസും വിപ്ലവകാരികളും തമ്മിലെ ഏറ്റുമുട്ടലിൽ എസ്.ഐ. സോണി വാങ്ഡി കൊല്ലപ്പെട്ടപ്പോൾ പുരുഷന്മാർ ഒളിവിൽ പോയ സന്ദർഭത്തിൽ, പ്രസാദ്ജോട്ടിൽ പോലീസിനോട് ഏറ്റുമുട്ടിയത്സ്ത്രീകൾ ആയിരുന്നു. ആ കലാപത്തിൽ രണ്ടു കുട്ടികൾ അടക്കം 11 പേരാണ്കൊല്ലപ്പെട്ടത് (അജീഷ്ടി, 2016:22).

കേരളത്തിലെ നക്സൽ പ്രക്ഷോഭങ്ങളിൽ മഹത്തരമായ സ്ഥാനം വനിതകൾക്ക് ഉണ്ടായിരുന്നു. മന്ദാകിനി നാരായണനും മകൾ കെ. അജിതയും ആദ്യം മുതൽ തന്നെ വിപ്ലവ ആശയങ്ങളുമായി നക്സൽ പ്രസ്ഥാനത്തോടൊപ്പം പ്രവർത്തിച്ചിരുന്നു. പുൽപ്പള്ളി ആക്രമണം നടത്തിയ സംഘത്തിലെ ഏക വനിത അജിതയായിരുന്നു മാനന്തവാടിയിൽ നിന്ന് കിലോമീറ്ററുകൾ കാൽനടയായി വിപ്ലവകാരികളോടൊപ്പം സഞ്ചരിച്ച്, കൊടും കാടുകളിൽ ഒളിച്ചു താമസിച്ച സംഘത്തിലെ ഏക വനിതയും അജിതയായിരുന്നു. പോലീസ് അറസ്റ്റ് ചെയ്ത് ലോക്കപ്പിൽ ക്രൂരമർത്തനത്തിന് ഇരയാക്കിയപ്പോഴും ഉള്ളിലെ വിപ്ലവാവേശം അണയാതെ സർവ്വ പീഡനങ്ങളും അജിത ഏറ്റുവാങ്ങി. മാനന്തവാടി പോലീസ് സ്റ്റേഷനു മുന്നിൽ വിവസ്ത്രയാക്കി നാട്ടുകാർക്ക് മുന്നിൽ പ്രദർശിപ്പിച്ച അജിതയുടെ ചിത്രം ഇന്നും കേരള ജനതയുടെ മനസ്സിലുണ്ട്. പിൽക്കാലത്ത് നക്സൽ പ്രസ്ഥാനത്തിന്റെ ഏറ്റവും കരുത്തറ്റ മുഖമായി അജിത മാറി. ഒരു യാഥാസ്ഥിതിക ഗുജറാത്തി ബ്രാഹ്മണ കുടുംബത്തിൽ ജനിച്ചു വളർന്ന മന്ദാകിനി നാരായണനും കേരളത്തിലെ നക്സൽ പ്രസ്ഥാനത്തിന് കരുത്തുറ്റ സംഭാവനകൾ നൽകിയിട്ടുണ്ട്. കോഴിക്കോട്ടെ ഗുജറാത്തി സ്കൂളിലെ പ്രഥമാധ്യാപികയായിരുന്ന മന്ദാകിനി നാരായണൻ വിപ്ലവാഭിമുഖ്യത്താലാണ് ജോലി രാജിവച്ച് രാഷ്ട്രീയ പ്രവർത്തനങ്ങളിലേക്ക് ഇറങ്ങുന്നത്. ആരോഗ്യപ്രശ്നങ്ങളാൽ കലാപത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും വിപ്ലവകാരികളുടെ എല്ലാ പ്രവർത്തനങ്ങളിലും മന്ദാകിനി നാരായണൻ ഇടപെട്ടിരുന്നു. ഒറ്റപ്പാലത്തു നിന്നു 1957ൽ തൊഴിൽ തേടി മീനങ്ങാടിയിലെത്തിയ കർഷകത്തൊഴിലാളിയായ ചേവയിൽ രാമന്റെയും ലക്ഷ്മിയുടെയും 7 മക്കളിൽ ആറാമത്തയാളാണു സുലോചന. മീനങ്ങാടി ഗവ. ഹൈസ്കൂളിലായിരുന്നു പഠനം. നാടകത്തോടുള്ള അഭിനിവേശം കാരണം സ്കൂൾ നാടകങ്ങളിലും നക്സലൈറ്റ്

അനുഭാവമുള്ള സാംസ്കാരിക സമിതിയുടെ നാടകങ്ങളിലും വേഷം ലഭിച്ചു. ഇതിൽ ചില നാടകങ്ങൾക്ക് നക്സലൈറ്റ് ബന്ധമുള്ളതാണെന്ന് ചിന്തിക്കാനുള്ള പക്വത അന്നുണ്ടായിരുന്നില്ല. ഒരു യോഗം കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ ബത്തേരി കല്ലൂരിലെ റോഡിൽ നിന്നാണു സുലോചനയെ പോലീസ്അറസ്റ്റു ചെയ്തത്. വയനാട്സാംസ്കാരിക സമിതിയുടെ ‘അക്ഷൗഹിണി’ എന്ന നാടകത്തിൽ അഭിനയിച്ചതിനായിരുന്നു അറസ്റ്റ്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയാണ് മിസ തടവുകാരിയാക്കിയതെന്ന് തെളിയാതിരിക്കാനായി എസ്എസ്എൽസി ബുക്കിന്റെ ഒന്നാം പേജ് പൊലീസുകാർ കീറിയെറിഞ്ഞു. നക്സൽ ബന്ധം ആരോപിച്ച് ഒരു മാസത്തോളം സുലോചനയെ പോലീസ് പീഡിപ്പിച്ചു. പൂർണ്ണമായും നക്സൽ പ്രവർത്തക ആയിരുന്നില്ല എങ്കിൽ പോലും

സുലോചനയുടെ മനസ്സാന്നിദ്ധ്യത്തെ തകർക്കാൻ പോലീസ്ശ്രമിച്ചിരുന്നു. പാർട്ടി സ്റ്റഡി ക്ലാസ്സുകൾ പകർന്നു കൊടുത്ത ആത്മവീര്യമായിരുന്നു സുലോചനയെ ലോക്കപ്പ് പീഡനങ്ങളിൽ നിന്നും മാനസികമായി രക്ഷിച്ചത്. കണ്ണൂർ സെൻട്രൽ ജയിലിൽ മന്ദാകിനി നാരായണനോടൊപ്പം കഴിഞ്ഞ നാളുകൾ സുലോചനയുടെ കാഴ്ചപ്പാടുകൾ മാറ്റിമറിച്ചു. പോരാട്ടത്തിന്റെയും പ്രതിരോധത്തിന്റെയും പാതയാണ്പിന്നീട്അവർ തിരഞ്ഞെടുത്തത്. പ്രായപൂർത്തിയാകാത്ത തന്നെ ക്രൂരമായ് മർദ്ദിച്ച ഐ. ജി. ലക്ഷ്മണയ്ക്കെതിരെ നിയമപരമായി പോരാടിയ സുലോചന അടിയന്തരാവസ്ഥക്കാലത്തെ ഭരണകൂട ഭീകരതയ്ക്ക് നേരെ വിരൽ ചൂണ്ടിയ പോരാളിയാണ്. ജയിൽമോചിതയായ ശേഷം, സുലോചന നിലവിൽ സാമൂഹിക സാംസ്കാരിക മനുഷ്യാവകാശ മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്നു.

പുൽപ്പള്ളി കലാപത്തിന് ശേഷം മാനന്തവാടിയിൽ നിന്ന് മന്ദാകിനി നാരായണനെ അറസ്റ്റ് ചെയ്തപ്പോൾ കൂടെ സഹായിയായി നിന്ന മാനന്തവാടിയിലെ ഗോപാലൻ വൈദ്യന്റെ മകൾ എന്ന പെൺകുട്ടിക്ക്പോലീസിൽ നിന്ന്നേരിടേണ്ടി വന്നത്ക്രൂരമായ പീഡനങ്ങളായിരുന്നു. പോലീസ്അജിത എന്ന്സംശയിച്ചാണ് ജഗദയെ അറസ്റ്റ്ചെയ്തത്.

പോലീസ് സ്റ്റേഷനിൽ മാനഭംഗത്തിന് വരെ ജഗദ ഇരയായി (അജിത കെ. 1982:170). നക്സൽ ആക്രമണങ്ങളിൽ ലോകം അറിയാതെ പോയൊരു രക്തസാക്ഷിയാണ് ജഗദ. ഇത്തരത്തിൽ നക്സൽ പ്രസ്ഥാനത്തിന്റെ ഭാഗമായി അനവധി സ്ത്രീകൾ പിൽകാലത്തും രംഗത്ത് വന്നിരുന്നു.

 

സ്ത്രീ പോരാട്ടങ്ങൾ സമൂഹത്തിന് നൽകിയ സന്ദേശം (1.5)

 

നക്സൽ പ്രസ്ഥാനത്തോടൊപ്പവും അല്ലാതെയും പൊതുസമൂഹത്തിനായി വിപ്ലവ പോരാട്ടങ്ങൾ നയിച്ച വനിതകളുടെ കരുത്തും ഊർജ്ജവും വിലമതിക്കാനാകാത്തതാണ്. അടിച്ചമർത്തപ്പെട്ട,അഭിപ്രായ സ്വാതന്ത്ര്യം നിരസിക്കപ്പെട്ട ഒരു ജനതയുടെ ഉയർത്തെഴുന്നേൽപ്പ് കൂടി ആയിരുന്നു നക്സലൈറ്റ് പ്രസ്ഥാനത്തിലൂടെ

വനിത മുന്നേറ്റങ്ങൾ നേടിയെടുത്തത്. പുൽപ്പള്ളിയിലെയും കണ്ണൂരിലെയും ദുരിതമനുഭവിക്കുന്ന മനുഷ്യർക്കിടയിൽ വലിയൊരു പങ്കും വനിതകളായിരുന്നു. പുരുഷന്മാരെ അപേക്ഷിച്ച് സാമൂഹികവും സാമ്പത്തികവുമായ പ്രശ്നങ്ങൾക്കിടയിൽ ഗാർഹിക സംഘർഷങ്ങൾ കൂടി സ്ത്രീകൾ അനുഭവിച്ചിരുന്നു. തൊഴിലില്ലായ്മയും പട്ടിണിയും ഗാർഹിക പീഡനങ്ങളും തകർത്തെറിഞ്ഞ സ്ത്രീ ജീവിതങ്ങൾക്കിടയിലാണ് നക്സൽ പ്രവർത്തകർ ആത്മവിശ്വാസവുമായി കടന്നു വന്നത്. ആൺ -പെൺ വ്യത്യാസമില്ലാതെ

അനീതികൾക്കെതിരെ പോരാടാൻ നക്സലെറ്റുകൾ അവരോട് ആഹ്വാനം ചെയ്തു. നക്സൽബാരി ഗ്രാമത്തിലെ സ്ത്രീകളുടെ പ്രതിരോധ ശ്രമങ്ങളെ പിന്തുടർന്ന്മരവും കമ്പും കുന്തവുമെടുത്ത്സ്ത്രീകൾ പോരാടി. ആദ്യ കാല വനിത നക്സലൈറ്റുകളിൽ പ്രധാനികളായിരുന്ന മന്ദാകിനി നാരായണന്റെയും കെ അജിതയുടെ ജീവിതം എല്ലാ സ്ത്രീകൾക്കും ഒരു മാതൃകയാണ്.സ്വാർത്ഥ താൽപ്പര്യങ്ങൾക്കായല്ല ഇരുവരും പോരാട്ട ഭൂമിയിലേക്ക് എടുത്ത് ചാടിയത്.പൊതു സമൂഹത്തിന്റെ ഉയർച്ചയ്ക്കും നന്മക്കും വേണ്ടിയായിരുന്നു അത്. പുരുഷനൊപ്പം കരുത്തോടെ പോരാട്ട ഭൂമികയയിൽ നിറഞ്ഞു നിന്ന് ഫെമിനിസത്തിന്റെ ആദ്യ പാഠങ്ങൾ അവർ രചിക്കുകയായിരുന്നു. കെ.അജിതയുടെ സമര പാഠങ്ങൾ പിൽക്കാലത്ത് അനവധി സ്ത്രീകൾക്കും സംഘടനകൾക്കും മുന്നേട്ടങ്ങൾക്കും പ്രചോദനമായിട്ടുണ്ട്. നാലു ചുമരുകൾക്കുള്ളിൽ മാത്രം കഴിയാൻ വിധിക്കപ്പെട്ട സ്ത്രീകൾ പൊതു നിരത്തിലേക്ക്കടന്നു വന്നതും പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയതും കെ അജിതയെ പോലൊരു സ്ത്രീയെ മാതൃകയാക്കി തന്നെയാണ്.

പിൻകാലത്ത് കല, സാഹിത്യം, നാടകം തുടങ്ങി ജീവിതത്തിന്റെ സമസ്ത മേഖലകളിലും സ്ത്രീകൾ കടന്നു വരാൻ തുടങ്ങി.സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ അവർ പൊതു സമൂഹത്തിന്മുന്നിൽ അവതരിപ്പിച്ചു. അവർ അടിച്ചമർത്തപ്പെട്ട സ്ത്രീകൾക്കും ജനവിഭാഗങ്ങൾക്കും സാമൂഹികനീതിയും സ്വാതന്ത്ര്യവും ലിംഗസമത്വവും നേടിയെടുക്കാൻ പ്രയത്നിച്ചു. സ്ത്രീകൾ സായുധ പോരാട്ടങ്ങളിലും സംഘടനാപരമായ പ്രവർത്തനങ്ങളിലും മുൻനിരയിൽ നിന്നുകൊണ്ട്, പുരുഷാധിപത്യത്തെയും സാമൂഹിക അനീതികളെയും വെല്ലുവിളിച്ചു.

ഇത്തരത്തിൽ പ്രവർത്തിച്ചതിലൂടെ സ്ത്രീകൾ സ്വയംഭരണ ബോധവും രാഷ്ട്രീയമായ ധാരണകളും നേടിയതോടൊപ്പം, സമൂഹത്തിലെ പാരമ്പര്യമായ ലിംഗഭേദവും പീഡനങ്ങളും മറികടക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. അവർ സാമൂഹിക മാറ്റത്തിനും ലിംഗസമത്വത്തിനും വഴിതുറന്ന മാതൃകകളായി മാറി. സ്ത്രീകളുടെ ഈ സജീവപങ്കാളിത്തം, സമൂഹത്തിലെ സ്ത്രീശക്തീകരണത്തിനും ജനാധിപത്യ പ്രക്രിയകളിൽ സ്ത്രീകളുടെ പങ്ക്

വർധിപ്പിക്കാനുള്ള ശ്രമങ്ങൾക്കും സഹായകമായി.

മലബാറിലെ നക്സലൈറ്റ് പ്രസ്ഥാനത്തിലുണ്ടായിരുന്ന വനിതാ പ്രാതിനിധ്യം പാരമ്പര്യ സാമൂഹികഘടനകളെ ചോദ്യം ചെയ്ത് സ്ത്രീകൾക്ക് രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക സ്വാതന്ത്ര്യം നേടാനുള്ള പ്രബലമായ സന്ദേശം സമൂഹത്തിന് മുന്നിൽ ഉന്നയിച്ചു. ഇത് സ്ത്രീകൾക്ക് മാത്രമല്ല, മുഴുവൻ സമൂഹത്തിനും ന്യായവും സമത്വവുമുള്ള ഒരു പുതിയ ഭാവി സൃഷ്ടിക്കാനുള്ള കരുത്തായി മാറി. നാം ഇന്ന്കാണുന്ന ഫെമിനിസ്റ്റ്പ്രവർത്തനങ്ങളുടെ തുടക്കം കെ.അജിതയിലും മന്ദാകിനി നാരായണനിലും സുലോചനയിലുമൊക്കെ ആരംഭിച്ചതാണ്.

 

നക്സൽ പ്രസ്ഥാനത്തിന്റെ പതനം (1.6)

 

കേരളത്തിലെ നക്സൽ പ്രസ്ഥാനം

1960-70കളിൽ ശക്തമായ സായുധ സമരങ്ങളിലൂടെയും സാമൂഹ്യ വിപ്ലവങ്ങളിലൂടെയുമാണ് വളർന്നത്. തലശ്ശേരി-പുൽപ്പള്ളി പോലിസ്സ്റ്റേഷൻ ആക്രമണങ്ങൾ, അനീതികൾക്കെതിരായ ഉന്മൂലന പ്രവർത്തനങ്ങൾ, ജന്മിമാർക്കെതിരായ കലാപങ്ങൾ എന്നിവ ഈ പ്രസ്ഥാനത്തിന്റെ മുഖ്യ പ്രവർത്തന രൂപങ്ങളായിരുന്നു. എന്നാൽ, ഭരണകൂടത്തിന്റെ ശക്തമായ പ്രതികരണവും ആഭ്യന്തര വിഭജനവും മൂലം പ്രസ്ഥാനം പതനത്തിലേക്ക്നീങ്ങി. തലശ്ശേരി-പുൽപ്പള്ളി പോലിസ് സ്റ്റേഷൻ ആക്രമണത്തിന് ശേഷം ഒളിവിൽ പോയ എ. വർഗീസ്1970-ൽ പോലീസിന്റെ വ്യാജ ഏട്ടുമുറ്റലിൽ കൊല്ലപ്പെട്ടു. ഐജി ലക്ഷ്മണയുടെ നിർദേശപ്രകാരം വർഗീസിനെ വെടിവെച്ചു കൊന്നു എന്ന കോൺസ്റ്റബിൾ രാമചന്ദ്രൻനായരുടെ വെളിപ്പെടുത്തളിലൂടെയാണ്ഈ കൊലപാതകം ലോകമറിഞ്ഞത്. ഇതോടെ, നക്സൽ പ്രസ്ഥാനത്തിന്റെ ഒന്നാം ഘട്ടം അവസാനത്തിലേക്ക്എത്തി. തുടർന്ന്, തെക്കൻ കേരളത്തിലെ കിളിമാനൂർ, കുമ്മിൾ, നഗരൂർ എന്നീ പ്രദേശങ്ങളിൽ വെള്ളത്തൂവൽ സ്റ്റീഫന്റെ നേതൃത്വത്തിൽ ജന്മിമാർക്കെതിരായ ഉന്മൂലന പ്രവർത്തനങ്ങൾ നടന്നു. സ്റ്റീഫന്റെ അറസ്റ്റോടെഈഘട്ടവും അവസാനിച്ചു. രണ്ടാം ഘട്ട നക്സൽ പ്രവർത്തനങ്ങൾ അടിയന്തരാവസ്ഥക്കാലത്ത് (1975-77) കെ. വേണുവിന്റെ നേതൃത്വത്തിലായിരുന്നു നടന്നത്. തീവ്ര ഇടതുപക്ഷ ആശയങ്ങൾ പ്രചരിപ്പിക്കാനും, പല വഴിക്ക് പിരിഞ്ഞു പോയ ഗ്രൂപ്പുകളെ ഏകോപിപ്പിക്കാനും അദ്ദേഹം ശ്രമിച്ചു. കായണ്ണ പോലീസ് സ്റ്റേഷൻ ആക്രമണവും ഈ കാലഘട്ടത്തിൽ നടന്നു. ഈ

കേസിന്റെ ഭാഗമായാണ്കോഴിക്കോട്എഞ്ചിനീയറിങ്കോളേജ്വിദ്യാർഥിയായ രാജനെ പോലീസ്കസ്റ്റഡിയിലെടുത്ത്കൊലപ്പെടുത്തിയത്. ഇത്കേരളത്തിൽ വൻ വിവാദങ്ങൾ സൃഷ്ടിച്ചു. അടിയന്തരാവസ്ഥക്കാലത്ത് സർഗാത്മക പ്രവർത്തനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്ന കാലത്ത്, കെ സച്ചിദാനന്ദൻ, ബി രാജീവൻ, കെ.ജി. ശങ്കരപ്പിള്ള, യു പി ജയരാജ്, എം സുകുമാരൻ, പി കെ നാണു തുടങ്ങി സാഹിത്യ-കലാപ്രവർത്തകർ തങ്ങളുടെ സാഹിത്യ രചനകളിലൂടെ ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യ ഭരണത്തെ ശക്തമായി വിമർശിച്ചു. ഈ പ്രവർത്തനങ്ങളാണ് പിന്നീട് ജനകീയ സാംസ്കാരിക വേദിക്ക് തുടക്കം കുറിച്ചത്. പിന്നീട് സംഘടനാപരമായ വിഭജനവും, ആശയപരമായ അഭിപ്രായഭിന്നതകളും നേതൃത്വത്തിൽ ഉണ്ടായ തർക്കങ്ങളും മൂലം പ്രസ്ഥാനം പല ഗ്രൂപ്പുകളായി വിഭജിക്കപ്പെട്ടു.ഒപ്പം സാംസ്കാരിക-രാഷ്ട്രീയ മാറ്റങ്ങൾ, വിദ്യാഭ്യാസം, സാമൂഹ്യ പുരോഗതി, മനുഷ്യാവകാശ ബോധം എന്നിവ ഉയരുന്നതിനൊപ്പം, വിപ്ലവം എന്ന ആശയത്തിൽ നിന്ന് ജനങ്ങൾ അകന്നു നിന്നു.കെ. അജിത, കെ വേണു, ഫിലിപ് എം പ്രസാദ്, വെള്ളതൂവൽ സ്റ്റീഫൻ തുടങ്ങി നേതാക്കൾ സായുധ സമരത്തിൽ നിന്ന് ജനാധിപത്യ പ്രക്രിയയിലേക്കും പാർലമെന്ററി രാഷ്ട്രീയത്തിലേക്കും മാറിയത്തോടെ 1980 കളിൽ കേരളത്തിൽ നക്സൽ പ്രസ്ഥാനം അവസാനഘട്ടത്തിലെക്കെത്തി.

 

ഉപസംഹാരം

 

മലബാറിലെ നക്സൽ പ്രസ്ഥാനത്തിന്റെ വളർച്ചയും അതിലുണ്ടായ വനിതാ പങ്കാളിത്തവും കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ ചരിത്രത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.ദളിത്-കുടിയേറ്റ കർഷകരുടെ ദുരിതവും തൊഴിലാളി സമരങ്ങളും സാമൂഹിക നീതിക്കായുള്ള പോരാട്ടങ്ങളും ഈ പ്രസ്ഥാനത്തിന്ശക്തമായ അടിത്തറയൊരുക്കി. ഈ

വിപ്ലവ പ്രസ്ഥാനത്തിന്റെ വിവിധ ഘട്ടങ്ങളിൽ സ്ത്രീകൾ സജീവമായി പങ്കെടുത്തിരുന്നു. മന്ദാകിനി നാരായണൻ, കെ. അജിത, സി.ആർ. സുലോചന, ജഗദ തുടങ്ങിയവരുടെ

നേതൃത്വത്തിൽ സ്ത്രീകൾ നേരിട്ടും അല്ലാതെയും പോരാട്ടങ്ങൾക്കും സായുധ കലാപങ്ങൾക്കും നേതൃത്വം നൽകി.

നക്സൽ പ്രസ്ഥാനത്തിലൂടെ സ്ത്രീകൾക്ക് ലഭിച്ച സ്വാതന്ത്ര്യവും രാഷ്ട്രീയ ബോധവും കേരളത്തിലെ സ്ത്രീ മുന്നേറ്റത്തിന്പുതിയ ദിശകൾ തുറന്നു. സാമൂഹികനീതി, ലിംഗസമത്വം, മനുഷ്യാവകാശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ മലയാള സമൂഹത്തിൽ കൂടുതൽ ശക്തമായി ഉയർന്നുവന്നു. അതേസമയം, സർക്കാർ നടപടികളും പോലീസ് പീഡനങ്ങളും സ്ത്രീകളെ ശക്തമായി ബാധിച്ചു എന്നതും അവഗണിക്കാനാവില്ല.

നക്സൽ പ്രസ്ഥാനത്തിൽ സ്ത്രീകൾ സജീവമായി ഇടപെട്ടതിലൂടെ, കേരളത്തിലെ സ്ത്രീകളുടെ രാഷ്ട്രീയ-സാമൂഹിക അവബോധവും പങ്കാളിത്തവും വളർന്നു. ഈ പ്രസ്ഥാനത്തിന്റെ അനുഭവങ്ങൾ, ഇന്ന് കേരളത്തിലെ സ്ത്രീകളുടെ സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക ഇടപെടലുകൾക്ക് ശക്തമായ പ്രചോദനമാണ്. മലബാറിൽ തുടക്കം കുറിച്ച നക്സൽ പ്രക്ഷോഭങ്ങളിലെ വനിതാ പങ്കാളിത്തം, കേരളത്തിലെ സ്ത്രീശക്തീകരണത്തിന് വഴിയൊരുക്കുകയും സ്ത്രീകളിൽ രാഷ്ട്രീയാവബോധം സൃഷ്ടിച്ച്ശക്തമായ സ്വത്വരൂപീകരണം സാധ്യമാക്കുകയും ചെയ്തു.

 

അവലംബിതസൂചിക

  1. അജിത കെ., ഓർമ്മക്കുറിപ്പുകൾ, ഡി. സി. ബുക്സ്, 1982
  2. അജിത. കെ, ഓർമ്മയിലെ തീനാളങ്ങൾ, ഡി. സി. ബുക്സ്, 2019
  3. അജീഷ്ടി, നക്സൽ ചരിതം അടിയന്തരാവസ്ഥയ്ക്കു മുൻപ്, ഗ്രീൻ ബുക്സ്, 2016.
  4. അജീഷ്ടി, നക്സൽ ചരിതം അടിയന്തരാവസ്ഥക്ക്ശേഷം, ഗ്രീൻ ബുക്സ്, 2016.
  5. ബിജുരാജ് ആർ. കെ, കേരളത്തിന്റെ രാഷ്ട്രീയചരിത്രം, ഡി. സി. ബുക്സ്, 2021
  6. ബിജുരാജ്, ആർ. കെ, സമരകേരളം-ഐക്യ കേരളത്തിന്ശേഷം നടന്ന സമരങ്ങളുടെ ചരിത്ര പുസ്തകം, പ്രണത ബുക്സ്, 2018.
  7. ശ്രീധരമേനോൻ എ, കേരള ചരിത്രം, ഡി.സി ബുക്സ്, 2007.
  8. ശ്രീധരമേനോൻ എ, കേരള രാഷ്ട്രീയ ചരിത്രം (1885- 1957),ഡി. സി. ബുക്സ്, 1988.
  9. സഖാവ്വർഗീസ്അടിയൊരുടെ പെരുമൻ,, അന്വേഷനാത്മക റിപ്പോർട്ട്, പെൻ ബുക്സ്, 1999.
  10. മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2017 മെയ്21.

അനർഘ ഐ എസ്

ഗവേഷക, മലയാള വിഭാഗം മഹാരാജാസ് കോളേജ്, എറണാകുളം

5 1 vote
Rating
guest
0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x