ഡോ. എ. അനിൽകുമാർ

Published: 10 March 2025 കവർ സ്റ്റോറി

അഞ്ചുതെങ്ങ് ജനകീയ യുദ്ധങ്ങൾ
(1694-1813)

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻ്റെ അറിയപ്പെടാത്ത ആദ്യഅധ്യായങ്ങൾ

(അഞ്ചുതെങ്ങിനു പുറത്തു നടന്ന ഒരു ലഹളയായും ആറ്റിങ്ങൽ കലാപമായും വിലയിരുത്തി അപ്രധാനമാക്കിയിരുന്ന അഞ്ചുതെങ്ങ് സ്വാതന്ത്ര്യ യുദ്ധത്തെ ഇന്ത്യയിലെ ആദ്യബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യ സമരമായി മനസ്സിലാക്കാൻ കഴിഞ്ഞത് 2014ൽ എസ്.സുധീഷിൻ്റെ പഠനം പുറത്തിറങ്ങിയതോടെയാണ്.’ആശാൻ സ്മരണിക ദ്വിഭാഷാ സ്മൃതി പത്രിക 2014 ‘ൽ എൻ.എസ്.ഗിരി എന്ന പേരിലാണ് അതു പ്രസിദ്ധീകരിച്ചത്.ദളവമാരുടെയോ രാജാക്കന്മാരുടെയോ ബ്രിട്ടീഷുകാർക്ക് എതിരായ അധികാര തർക്കങ്ങളല്ല സ്വാതന്ത്ര്യ സമരം എന്നും തദ്ദേശീയ അധികാരത്തിനും വിദേശീയ അധികാരത്തിനും എതിരായ സ്വാതന്ത്ര്യ സമരമാണ് അഞ്ചുതെങ്ങിൽ ഉണ്ടായതെന്നും വിമോചകൻ ജനങ്ങൾ തന്നെയാണ് എന്നും ആ പ0നത്തിൽ പറഞ്ഞിരുന്നു. (‘അഞ്ചുതെങ്ങു കലാപവും അധിനിവേശ വിരുദ്ധ സമരങ്ങളും ‘ എന്ന പുസ്തകം). ഇപ്പോൾ കൂടുതൽ രേഖകൾ പുറത്തു വരുന്നു.1694 മുതൽ 1813 വരെ നീണ്ടു നിന്ന ദീർഘസമര ചരിത്രം ബ്രിട്ടീഷ് ആർക്കൈവുകളിൽ നിന്നും ശേഖരിച്ച പുതിയ തെളിവുകളോടെ സ്ഥാപിക്കുന്ന ഗവേഷണ പ്രബന്ധം പുറത്തു വന്നിരിക്കുന്നു. ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും പ്രധാന അധ്യായമാണ് ഈ ലക്കത്തിൽ പ്രസിദ്ധീകരിക്കുന്നത്. – എഡിറ്റർ)

ജയിംസ് ഫോർബസ്സും, ആബേ റയ്നലും അഞ്ചുതെങ്ങിനെ പറ്റി എഴുതിയിട്ടുള്ള പ്രസിദ്ധങ്ങളായ വാക്യങ്ങൾ അഞ്ചുതെങ്ങിന്റെ ചരിത്രപ്രാധാന്യത്തെ ഉറപ്പിക്കുന്നവയാണ്. പ്രസിദ്ധചരിത്രകാരനായ റോബർട്ട് ഓർമെ, ഇംഗ്ലീഷ്എഴുത്തുകാരി എലിസാ ഡ്രാപ്പർ എന്നിവർ അഞ്ചുതെങ്ങിൽ ജനിച്ചു എന്നതുകൊണ്ടും ഇവിടുത്തെ ഭൂമി മനോഹരമായതുകൊണ്ടും അഞ്ചുതെങ്ങ് ചരിത്രത്തിൽ ബഹുമാനിക്കപ്പെടുന്നു. ഒരു കാൾ പോർട്ട് എന്ന നിലയിലുള്ള അഞ്ചുതെങ്ങിന്റെ പൗരാണികമായ പ്രതാപവും ചരിത്ര രേഖകളിൽ ഉണ്ട്. മഹാകവി കുമാരനാശാൻ ജന്മം കൊണ്ടതും അഞ്ചുതെങ്ങനെ മഹത്വപ്പെടുത്തുന്ന കാര്യം തന്നെയാണ്. പക്ഷേ, എന്താണ് അഞ്ചുതെങ്ങിന്റെ ചരിത്രപരമായ പ്രസക്തി എന്ന ചോദ്യത്തിന് ശരിയായ ഉത്തരം മറ്റൊന്നാണ്. ഇന്ത്യൻ ജനകീയ സ്വാതന്ത്ര്യ സമരത്തിന് തുടക്കം കുറിച്ച പ്രദേശം എന്ന നിലയിൽ അഞ്ചുതെങ്ങിന് മറ്റ് എന്തിനേക്കാളും പരിഗണനാർഹമായ ഒരു സ്ഥാനം ചരിത്രത്തിലുണ്ട്.

ചരിത്രത്തിൽ അതിദീർഘകാലം നീണ്ടു നിന്നതും ബ്രിട്ടീഷ് അധിനിവേശ ശക്തികൾ എന്നപോലെ തദ്ദേശ രാജഭരണാധികാരികളും ബോധപൂർവ്വം തമസ്കരിച്ചു എന്നു കരുതാവുന്നതുമായ മഹത്തായ ചരിത്രസംഭവത്തിന്റെ ആഖ്യാനമാണ് ഈ ലേഖനത്തിൻ്റെ വിഷയം. കാലക്രമം അനുസരിച്ച് ഇത് ഇന്ത്യയിൽ ഇംഗ്ലീഷുകാർക്ക് എതിരെ നടന്ന ആദ്യത്തെ സ്വാതന്ത്ര്യപ്രക്ഷോഭസമരമാണ്. ജനങ്ങളുടെ ഒരു കലാപത്തിൽ ആരംഭിക്കുകയും നേർക്കുനേർ യുദ്ധത്തിൻ്റെ വഴികളിലൂടെ സഞ്ചരിക്കുകയും, അമർച്ച ചെയ്യപ്പെട്ട ശേഷവും പൊട്ടിത്തെറികളും കലാപങ്ങളും പ്രതിരോധങ്ങളും അവശേഷിപ്പിക്കുകയും ചെയ്ത മഹാസംഭവമാണിത്. ഈ സംഭവത്തെ തുടക്കത്തിൽ തന്നെ ബ്രിട്ടീഷ് ചരിത്രകാരനായ ക്ലമെൻ്റ് ഡൗണിങ് ‘അഞ്ചുതെങ്ങ് യുദ്ധങ്ങൾ’ എന്നു പരാമർശിക്കുന്നു. “I shall speak of Wars at Anjengo” (Clement Downing – A Compendium History of Wars, 1737, P 43) അഞ്ചുതെങ്ങ് യുദ്ധത്തിൻ്റെ സാമൂഹ്യവും രാഷ്ട്രീയവും ചരിത്രപരവുമായ പ്രസക്തിയെക്കുറിച്ച് ‘വിസ്മരിക്കപ്പെട്ട യുദ്ധങ്ങൾ’ എന്ന പുസ്തകത്തിൽ ഓക്സ്ഫോർഡ് പ്രൊഫസർ ജോൺ വിൽസൺ എഴുതുന്നത് ഇങ്ങനെയാണ്:

“കൽക്കത്തയിൽ സിറാജ്-ഉദ്-ധൗള സായുധ പ്രതിരോധത്തിലൂടെ എങ്ങനെയാണോ ദീർഘകാലം ബ്രിട്ടീഷ് പടയോട്ടത്തെ ചെറുത്തുനിന്നത് അതിനു സമാനമായ തരത്തിൽ തെക്കൻ കേരളത്തിലെ ബ്രിട്ടീഷ് കാൽവെപ്പിനെയും അധിനിവേശത്തെയും ദീർഘകാലം പ്രതിരോധത്തിൽ ആക്കാൻ അഞ്ചുതെങ്ങ് യുദ്ധങ്ങൾക്ക് കഴിഞ്ഞു.”

Forgotton Wars എന്ന അധ്യായത്തിൽ ഈ സംഭവങ്ങളെ “അഞ്ചുതെങ്ങ് യുദ്ധം” എന്നു തന്നെ പറയുന്നു.(Jon Vilson – India Conquered : Britain Raj and Chaos of Empire, 2016, P 78-79)

അഞ്ചുതെങ്ങ് യുദ്ധത്തിന് പൊതുവിൽ നേതൃത്വം നൽകാൻ ഒരു ദേശീയ നാടുവാഴിയോ, ഇടപ്രഭുവോ, അറിയപ്പെടുന്ന പടത്തലവനോ ഉണ്ടായിരുന്നതായി ചരിത്ര രേഖകളിൽ കാണുന്നില്ല. അതുകൊണ്ടാണ് അതിനെ “അഞ്ചുതെങ്ങ് ജനകീയ യുദ്ധങ്ങൾ” എന്ന് പറയുന്നത്.
1694 ൽ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും ആറ്റിങ്ങൽ റാണിയും തമ്മിലുള്ള ഉടമ്പടി പ്രകാരം അഞ്ചുതെങ്ങിൽ ബ്രിട്ടീഷുകാർക്ക് ഒരു കോട്ട പണിയുന്നതിനുള്ള അനുമതി ലഭിച്ചു. അതിനു പുറമേ കോട്ടയ്ക്ക് സമീപം കമ്പനി ഉദ്യോഗസ്ഥന്മാരുടെ സെറ്റിൽമെൻ്റിന് വേണ്ടി വരുന്ന സ്ഥലം അടക്കമുള്ള പരിമിതമായ പ്രദേശം റാണിക്ക് വിധേയമായി ഭരിച്ചുകൊള്ളാൻ കമ്പനിയെ അനുവദിച്ചിരുന്നു. ഇതാവണം അധിനിവേശ ശക്തിക്കെതിരെയുള്ള പ്രകോപനത്തിനും പ്രക്ഷോഭത്തിനുമുള്ള പശ്ചാത്തലം. 1694 ആഗസ്റ്റ് 28 ന് അഞ്ചുതെങ്ങ് നിവാസികൾ ബ്രിട്ടീഷ് വ്യാപാര കേന്ദ്രത്തിനെതിരെ നടത്തിയ അക്രമാസക്തമായ പ്രതിഷേധമാണ് ജനകീയ യുദ്ധത്തിൻ്റെ തുടക്കം. അങ്ങനെ ആരംഭിച്ച അക്രമത്തിൻ്റെ പൊട്ടിത്തെറി ആറ്റിങ്ങൽ റാണി അടിച്ചമർത്തി. അഞ്ചുതെങ്ങ് ജനങ്ങൾ കമ്പനിയുടെകേന്ദ്രത്തിനു വരുത്തിയ വലിയ നാശനഷ്ടത്തിന് ആറ്റിങ്ങൽ റാണിയായ ഉമയമ്മ 80000/-കല്യാൺ പണം ബ്രിട്ടീഷ് കമ്പനിക്കു നൽകി പരിഹരിച്ചു എന്ന് ഡച്ചു രേഖകളെ അടിസ്ഥാനമാക്കി എം. ഒ. കോഷി വ്യക്തമാക്കുന്നു. (M. O. Koshi – Massacre of the English at Anjengo, Journal of Kerala Studies, Trivandrum, Vol – 15, Part – 4,1988, P 84) എന്നാൽ പിന്നീട് പ്രതിഷേധം കൂടുതൽ വഷളായി. തൻ്റെ സാമ്പത്തികമായ ആവശ്യങ്ങൾ ബ്രിട്ടീഷുകാർ നിരസിക്കുകയും, തന്നെ അവഹേളിക്കുകയും ചെയ്തപ്പോൾ റാണി കമ്പനിക്കെതിരെ തിരിഞ്ഞു.1697 ൽ റാണിയുടെ സൈനികർ അഞ്ചുതെങ്ങിലെ ജനകീയ പോരാളികളോടൊപ്പം ചേർന്ന് യുദ്ധം ചെയ്തു. ഇതിനെ “ഒന്നാം അഞ്ചുതെങ്ങ് യുദ്ധം” എന്നു പറയാം. റാണിയുടെ ആളുകൾ യുദ്ധത്തിൽ പരാജയപ്പെടുകയും യുദ്ധാനന്തരം അഞ്ചുതെങ്ങ് പ്രദേശത്തിനുമേലുള്ള അവകാശം റാണി ഉപേക്ഷിക്കുകയും ചെയ്തു. അതിൻ്റെ ഫലമായി അഞ്ചുതെങ്ങിലെ ജനങ്ങളും ബ്രിട്ടീഷു കമ്പനിയും തമ്മിലുള്ള തർക്കം പരിഹരിക്കപ്പെടാതെ തുടർന്നു.
1720 ൽ ഭയാനകമായ മറ്റൊരു യുദ്ധത്തിന് അത് തുടക്കമിട്ടു. റാണിയുടെ പിൻവാങ്ങലിനു ശേഷം റാണിയുടെ മന്ത്രിമാരിൽ പ്രമുഖനായ വഞ്ചിമുട്ടംപിള്ള പോർച്ചുഗീസ് ദ്വിഭാഷിയായ ഇഗ്നേഷ്യസ് മൽഹിറോസുമായി ചേർന്ന് അഞ്ചുതെങ്ങിന്റെ ഫലസമൃദ്ധമായ കോടുതല (Cottadilly) ഭൂമി കൃത്രിമമാർഗ്ഗങ്ങളിലൂടെ കമ്പനിക്ക് അടിയറയ്ക്കാൻ ശ്രമിക്കുകയുണ്ടായി. ഇതിൽ പരോക്ഷമായി കുടമൺപിള്ളയ്ക്കും പങ്കുണ്ടായിരുന്നു. അങ്ങനെ അഞ്ചുതെങ്ങ് ഭൂമിയിൽ കൈവയ്ക്കാനുള്ള കമ്പനിയുടെ കുതന്ത്രത്തെ സംബന്ധിച്ച വിവരം ലഭിച്ച ജനങ്ങൾ പ്രക്ഷുബ്ധരാവുകയും, കോട്ടയിലെ ഭരണാധികാരിക്കെതിരെ തിരിയുകയും ചെയ്തു. അപ്പോൾ ഈ വഞ്ചനാപ്രവർത്തനങ്ങൾക്ക് കോട്ട അധികാരികൾ ഉത്തരവാദികൾ അല്ലായെന്നും അത് ഇഗ്നേഷ്യസ് മൽഹീറോസിന്റെ ഉത്തരവാദിത്വത്തിലുള്ള കൃത്രിമമായിരുന്നു എന്നും പറഞ്ഞു കോട്ടയുടെ അധികാരികൾ കൈകഴുകുകയായിരുന്നു. തുടർന്ന് മൽഹിറോസിനെ വിട്ടു തരുക എന്നു പറഞ്ഞു കൊണ്ട് ജനങ്ങൾ കോട്ടയ്ക്കെതിരെ 1720 ജനുവരിയിൽ ആഞ്ഞടിച്ചു. എന്നാൽ മൽഹിറോസിനെ വിട്ടുകൊടുക്കാൻ കോട്ടയധികാരികൾ തയ്യാറായതുമില്ല. അതാണ് 1720 -1722 ലെ “രണ്ടാം അഞ്ചുതെങ്ങ് യുദ്ധം” പൊട്ടിപ്പുറപ്പെടാനുണ്ടായ സാഹചര്യം. ആ സാഹചര്യത്തിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ മുഖ്യ നൗക കത്തിച്ചുകൊണ്ട് ജനങ്ങൾ യുദ്ധത്തിന് ഇറങ്ങുകയും. അത് ബ്രിട്ടീഷ് കോട്ടയ്ക്കെതിരെയുള്ള വൻ യുദ്ധമായി പരിണമിക്കുകയും ചെയ്തതായി ജോൺവാലീസി (John Wallies, A Short Treaties on Attinga Settlement and the Fort at Anjengo, 1727) ൻ്റെ വിവരണത്തിൽ നിന്ന് മനസ്സിലാക്കാം. തങ്ങളുടെ ഉപജീവന മാർഗം നിലനിർത്തുന്ന ഭൂമിയിൽ നിന്ന് വിദേശ അധിനിവേശ ശക്തിയെ തുരത്താനുള്ള പോരാട്ടവുമായി ജനങ്ങൾ മുന്നോട്ടു വന്നു. അഞ്ചുതെങ്ങിൻ്റെ വിളഭൂമിയായ കോടുതല (Cottadilly) യുടെ മേൽ ബ്രിട്ടീഷ് കമ്പനിയുടെ തെറ്റായ അവകാശവാദമാണ് കലാപം പൊട്ടിപ്പുറപ്പെടാനുള്ള പെട്ടെന്നുള്ള കാരണം. ഇത് ഒരു നേരിട്ടുള്ള യുദ്ധമാണ്. അതിൽ നാട്ടുകാരും ബ്രിട്ടീഷ് സൈന്യവും മാത്രം ഉൾപ്പെട്ടിരുന്ന യുദ്ധമായിരുന്നു. ഈ സന്ദർഭത്തിൽ റാണി ഒരു കാഴ്ചക്കാരിയായ മധ്യസ്ഥയായി മാറിയിരുന്നു. 1720 ലാണ് ഈ യുദ്ധം ഉണ്ടായതെന്ന് ആറ്റിങ്ങൽ റാണിയുടെ പേരിൽ എഴുതപ്പെട്ട കത്തിൽ നിന്നും, ജോൺ വാലിസിന്റെ വിവരണങ്ങളിൽ നിന്നും, വില്യം ഗിഫോർഡും സൈമൺ കൗസും കമ്പനിക്ക് എഴുതിയ കത്തുകളിൽ നിന്നുമാണ് വെളിപ്പെടുന്നത്. 1720 ലെ യുദ്ധത്തിനായി കൊച്ചിയിൽ നിന്നു നാലു കപ്പലിൽ പട്ടാളത്തെ ഈസ്റ്റ് ഇന്ത്യ കമ്പനി അഞ്ചുതെങ്ങിൽ എത്തിച്ചതായി റാണിയുടെ പേരിൽ എഴുതപ്പെട്ട കത്തിൽ പറയുന്നു. ഈ അവസരത്തിൽ ആറ്റിങ്ങൽ റാണി അഞ്ചുതെങ്ങിന്റെ ഭരണാധികാരി എന്ന സ്ഥാനത്തു നിന്നു മാറി ജനങ്ങളും ബ്രിട്ടീഷുകാരുമായുള്ള യുദ്ധത്തിൽ മധ്യസ്ഥ ശ്രമങ്ങൾ നടത്തുന്നതായി റാണിയുടെ കത്തിൽ വെളിവാകുന്നു. 1720 ലെ അഞ്ചുതെങ്ങ് യുദ്ധത്തിൻ്റെ ഗൗരവ സ്വഭാവം ഉൾക്കൊണ്ടുകൊണ്ട് ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി ബോംബെയിൽ നിന്ന് വാൾട്ടർ ബ്രൗൺ എന്ന ഉന്നത ഉദ്യോഗസ്ഥനെ അയയ്ക്കുകയും സമാധാന ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. ഇത് വില്യം ഗിഫോർഡിൻ്റെ കത്തിലും, ജോൺ വാലിസിന്റെ രേഖകളിലും പരാമർശിക്കുന്നുണ്ട്.
സമാധാനത്തിനു വഴിയൊരുക്കാൻ കമ്പനി ബോംബെയിൽ നിന്ന് ഉന്നത ഉദ്യോഗസ്ഥനായ വാൾട്ടർ ബ്രൗണിനെ അയയ്ക്കുന്നുവെങ്കിലും 1720 ൽ പൊട്ടിപ്പുറപ്പെട്ട യുദ്ധം 1721 ഫെബ്രുവരി ആദ്യം താൽക്കാലികമായി സമാധാന ഗതിയിലായി എന്നാണ് മനസ്സിലാവുന്നത്. അപ്പോഴും കോട്ടയ്ക്ക് പുറത്ത് അഞ്ചുതെങ്ങ് ജനതയുടെ ഉള്ളിൽ കമ്പനിക്കെതിരെ കനലെരിയുകയായിരുന്നു. എന്നാൽ വാൾട്ടർ ബ്രൗൺ അഞ്ചുതെങ്ങ് സ്ഥലവാസികളുമായി സമാധാന ഉടമ്പടി ഉണ്ടാക്കുന്നതിനു മുമ്പ് 1721 ൽ, ബ്രിട്ടീഷ് കോട്ടയുടെ തലവനായ വില്യം ഗിഫോർഡും, സൈമൺ കൗസും ഉൾപ്പെടെ പ്രാമാണികരായ ചില ബ്രിട്ടീഷുകാരും സഹായികളും ആറ്റിങ്ങലേക്കു പോകുന്ന വഴിയിൽ ബ്രിട്ടീഷ് ക്യാമ്പിനുള്ളിലെ ആഭ്യന്തരകലഹത്തിൽ കൊല്ലപ്പെട്ടു. കോട്ടയുടെ സൈനിക ശക്തിയും ഭരണവും ആശയക്കുഴപ്പത്താലും ഭയത്താലും സംഭ്രമത്താലും നിശ്ചലമായി. ഈ സന്ദർഭത്തിൽ അഞ്ചുതെങ്ങ് പോരാളികൾ കോട്ട ഉപരോധിച്ചു. 1721 ജൂൺ മാസത്തിൽ കോട്ടയ്ക്ക് നേരെ മൂന്നു ദിക്കിൽ നിന്നും നേരിട്ടുള്ള ശക്തമായ ആക്രമണമുണ്ടായി. ഇത് കോട്ടയ്ക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ ഏറ്റവും ശക്തവും നാശോന്മുഖമായിരുന്നു എന്ന് കമ്പനിരേഖകൾ സാക്ഷ്യപ്പെടുത്തുന്നു. (John Biddhulph – The Pirates of Malabar an English Woman in India 200 Years Ago, London, 1997) 1721 ഒക്ടോബറിൽ പുതിയ കോട്ട മേധാവിയായ ബ്ലാക്കറ്റ് മിഡ്ഫോർഡിൻ്റെ നേതൃത്വത്തിൽ കാർവാറിൽ നിന്നും, ബോബെയിൽ നിന്നും കമ്പനി സൈനികരെ വിളിച്ചു വരുത്തി കോടുതലയുടെ ഒരു ഭാഗം പിടിച്ചെടുത്തു. എങ്കിലും അചഞ്ചലമായി മരണഭയമില്ലാതെ നെഞ്ചുവിരിച്ചു കൊണ്ടു മുന്നോട്ടു വന്ന അഞ്ചുതെങ്ങ് ജനതയുടെ മുന്നിൽ പതറിയ മിഡ്ഫോർഡും സൈന്യവും 1722 ൽ യുദ്ധമുഖത്തു നിന്നും പിൻവാങ്ങുകയും ചെയ്തു. (Midford – കണ്ടെത്തിയത് ഗിഫോർഡിൻ്റെ അഴിമതിയും മറ്റും വിവരിക്കുന്ന കത്തിൽ നിന്ന്). എന്നാൽ നേരത്തെ സൈന്യത്തെ ഉപയോഗിച്ച് കോടുതലയുടെ വലിയൊരു ഭൂപ്രദേശം കൈവശപ്പെടുത്തിയെങ്കിലും കോടുതലയുടെ ഭരണം ഉറപ്പിക്കുന്നതിൽ അവർ പരാജയപ്പെട്ടു. പിന്നീട് 9 വർഷങ്ങൾക്ക് ശേഷം അഞ്ചുതെങ്ങിലെ സ്വാതന്ത്ര്യ പോരാളികളെ ഒഴിവാക്കുകയും, ഒറ്റുകൊടുക്കുകയും ചെയ്തു കൊണ്ട് ഒട്ടും കക്ഷിയല്ലാത്ത തിരുവിതാംകൂർ രാജാവായ മാർത്താണ്ഡവർമ്മയുടെ കടന്നുകയറ്റം വഴി ഉണ്ടാക്കിയ 1731 ലെ അഞ്ചുതെങ്ങ് കോടുതല ത്രികക്ഷി ഉടമ്പടിയുടെ ബലത്തിൽ അഞ്ചുതെങ്ങിലെ കോടുതല (Cottadilly) യും പാലത്തടിയും കമ്പനിക്ക് നൽകുന്നു. (William Logan – 1731 Treaty)

ബ്രിട്ടീഷ് സൈനിക ശക്തിയുടെ ചിറകിൽ ഒരു സാമ്രാജ്യത്വത്തിന് തുടക്കം കുറിക്കുന്നതിനായി, മാർത്താണ്ഡവർമ്മ ആറ്റിങ്ങൽ നാട്ടുരാജ്യത്തെ തൻ്റെ രാജ്യമായ തിരുവിതാംകൂറിനോടു കൂട്ടിച്ചേർക്കുന്ന ഒരു ഉടമ്പടി കൂടിയായി 1731 ലെ ഈ കരാർ. സാഹസികമായ ആക്രമണോത്സുകമായ ഭരണമാണ് പിന്നീടുള്ള വർഷങ്ങളിൽ തിരുവിതാംകൂറിൻ്റെ ദയനീയമായ ദുരവസ്ഥയുടെ മൂലകാരണം. സാമന്തനാക്കിയില്ലെങ്കിലും, ബ്രിട്ടീഷുകാരുമായുള്ള സൈനിക വ്യാപാരം മൂലമുള്ള കടങ്ങൾ കാരണം വിഷമിച്ച്, പാപ്പരായ ട്രഷറിയുമായി തിരുവിതാംകൂർ ബ്രിട്ടീഷുകാർക്ക് കീഴടങ്ങുന്നു. 1731 ലെ കരാറിന് ശേഷവും അഞ്ചുതെങ്ങ് നിവാസികളുടെ എതിർപ്പു കാരണം ബ്രിട്ടീഷുകാർക്ക് കോടുതലയിൽ നിന്നും വരുമാനം നേടാനായില്ല. അങ്ങനെ കമ്പനി കോടുതല സ്വകാര്യ വ്യക്തികൾക്ക് പാട്ടത്തിനു നൽകി. എന്നാൽ അതും വിജയിച്ചില്ല. പിന്നീട് തിരുവിതാംകൂറിന് പാട്ടത്തിനു നൽകി.
നിശബ്ദമായ ചെറുത്തുനിൽപ്പും, ഇടയ്ക്കിടയ്ക്കുള്ള സ്ഫോടനങ്ങളും കൊണ്ട് അശാന്തി നിറഞ്ഞ അന്തരീക്ഷത്തെ തുടർന്ന് ഉണ്ടായതാണ് 1798 -1803 ൽ നടന്ന കാർഷിക കലാപം. ഇത് കേരനികുതിവിരുദ്ധ കലാപം എന്നു വിളിക്കപ്പെട്ടു. ഈ കലാപത്തെ അടിച്ചമർത്തിയത് തിരുവിതാംകൂർ ദളവയും ബ്രിട്ടീഷുകാരുടെ ഏറ്റവും വിശ്വസ്തനുമായ വേലുത്തമ്പിയാണ്.അഞ്ചുതെങ്ങ് കോട്ടയിലെ ബ്രിട്ടീഷു കമ്പനി സൈന്യത്തെ ഉപയോഗിച്ചാണ് അതു നിർവ്വഹിച്ചത്. പിന്നീട് വേലുത്തമ്പിയെ ബ്രിട്ടീഷുകാർ നിരാകരിക്കുകയും തുടർന്ന് തിരുവിതാംകൂർ കൊട്ടാരത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തു. വേലുത്തമ്പി തിരുവിതാംകൂർ സംരക്ഷകരായ ബ്രിട്ടീഷുകാർക്കെതിരെ സാമൂദായിക ലഹളയ്ക്കാഹ്വാനം നൽകുകയും, യുദ്ധത്തിനു നേതൃത്വം നൽകുകയും ചെയ്തു. യുദ്ധത്തിൽ വേലുത്തമ്പി തോല്ക്കുകയും ഒടുവിൽ ആത്മഹത്യയിൽ അഭയം പ്രാപിക്കുകയും ചെയ്തു. 1803 ലെ അടിച്ചമർത്തലിൻ്റെയും, രക്തച്ചൊരിച്ചിലിൻ്റെയും പ്രതികാരത്തിനായി കാത്തിരുന്ന അഞ്ചുതെങ്ങ് ജനതയുടെ സന്ദർഭം അടുത്തു വന്നു. വേലുത്തമ്പിയും ബ്രിട്ടീഷു കമ്പനിയും തമ്മിലുള്ള ഭിന്നത രൂക്ഷമായി. ബ്രിട്ടീഷുകാർക്ക് അവസാന പ്രഹരം ഏല്പിക്കാനുള്ള അവസരമായി അതിനെ കണ്ടെത്തി; 1809 ൽ അഞ്ചുതെങ്ങ് പോരാളികൾ കോട്ടയ്ക്കെതിരെ ആഞ്ഞടിച്ചു. അതിൻ്റെ ഫലമായി ബ്രിട്ടീഷ് റസിഡൻ്റ് കോഴിക്കോട്ടേക്ക് പലായനം ചെയ്തു. ബ്രിട്ടീഷ് കോട്ടയ്ക്കെതിരായ അവസാന ആക്രമണത്തിൻ്റെ ആഘാതം വളരെ വലുതാണ്. 1810 ൽ അഞ്ചുതെങ്ങിലെ ബ്രിട്ടീഷ് റസിഡൻസി നിർത്തലാക്കി. 1813ൽ സൈനിക കേന്ദ്രവും വ്യാപാര ഫാക്ടറിയുടെ പ്രവർത്തനവും നിർത്തലാക്കി. അങ്ങനെ അഞ്ചുതെങ്ങിലെ ജനതയ്ക്ക് നേരെയുള്ള സൈനിക ഭീഷണികൾക്ക് അറുതിയായി. ഈ സംഭവങ്ങൾ ബ്രിട്ടീഷുകാർക്കെതിരെയുള്ള അഞ്ചുതെങ്ങ് ജനതയുടെ സ്വാതന്ത്ര്യസമരത്തിന്റെ വിജയം അടയാളപ്പെടുത്തുന്നു. 1877ലെ കോടുതല പാട്ടക്കരാർ കൂടുതൽ ഫലഭൂയിഷ്ടമായ ഭൂമി പാട്ടക്കാലത്തേക്ക് ആണെങ്കിലും, നികുതിയുടെയും ലാഭത്തിന്റെയും ഏക അധികാരം തിരുവിതാംകൂറിന് ആയിരിക്കുമെന്ന് പ്രഖ്യാപിക്കുന്നതോടെ ഈ പോരാട്ടം മികച്ച ഫലം കൈവരിക്കുന്നു. തുടർന്ന് ബ്രിട്ടീഷുകാരുടെ അധികാരം ഒരു പോലീസ് സ്റ്റേഷനിലും പ്രാദേശിക കോടതിയിലുമായി ചുരുങ്ങി, ക്രമസമാധാന മേഖലയിലേക്ക് മാത്രമായി ഒതുങ്ങി. 1694ൽ അഞ്ചുതെങ്ങ് തീരത്ത് തന്റെ സർവ്വശക്തിയും ഉപയോഗിച്ച് കാലുകുത്തിയ അധിനിവേശ ശക്തിയുടെ ഭാഗികമായ പിൻവാങ്ങൽ അങ്ങനെ സംഭവിച്ചു.

ഈ ജനകീയ സമരത്തിൻ്റെയും പഠനത്തിൻ്റേയും സവിശേഷതകൾ

1. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള യഥാർത്ഥ ജനകീയ സമരങ്ങളെ രൂപപ്പെടുത്തുന്ന സംഭവങ്ങളുടെ ഒരു പരമ്പരയായിരുന്നു ഈ സമരം. കാലക്രമത്തിൽ ഇന്ത്യയിലെ ആദ്യത്തെ ജനകീയസ്വാതന്ത്ര്യസമരമാണ് അഞ്ചുതെങ്ങിലെ ജനകീയയുദ്ധങ്ങൾ. നിർണായക പോരാട്ടം നടക്കുന്നത് ബ്രിട്ടീഷ് കോട്ടയ്ക്ക് ചുറ്റുമുള്ള ഒരു ഗ്രാമത്തിലാണ്. വിവിധ ബ്രിട്ടീഷ് -തിരുവിതാംകൂർ ഉടമ്പടികൾ ഒപ്പിടുന്നതിനുള്ള കേന്ദ്രമായിരുന്നു അഞ്ചുതെങ്ങ്. ബ്രിട്ടീഷുകാരുടെ പടയോട്ടത്തെ ദീർഘകാലം തടഞ്ഞുനിർത്താൻ അഞ്ചുതെങ്ങ് സ്വാതന്ത്ര്യ പോരാളികൾക്ക് കഴിഞ്ഞു.

2.അക്കാലത്തെ അതിശക്തരായ ഭൂഖണ്ഡാന്തര സാമ്രാജ്യത്വശക്തികൾക്കെതിരെ ഒരു ചെറിയ ദേശത്തെ സാധാരണക്കാർ നടത്തുന്ന സ്വാതന്ത്ര്യത്തിനായുള്ള ദീർഘകാല പോരാട്ടം ഒരു പരിധിവരെ അവിശ്വസനീയമായി തോന്നിയേക്കാം. അതുകൊണ്ടു തന്നെ ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയിലെ പുരാവസ്തു രേഖകളിൽ നിന്ന് ഈ പ്രബന്ധത്തിനായി തെളിവുകൾ ശേഖരിച്ച് വസ്തുനിഷ്ഠമായാണ് മേൽപ്പറഞ്ഞ വിവരങ്ങൾ സ്ഥാപിച്ചിരിക്കുന്നത്. (വിശദമായ പഠനവും രേഖകളും ഷോദ് ഗംഗയിൽ ലഭ്യമാണ്.https://shodhganga.inflibnet.ac.in/handle/10603/614265)17-ാം നൂറ്റാണ്ടിന്റെ അവസാനം മുതൽ 18 -ാം നൂറ്റാണ്ട് മുഴുവനും പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ ആദ്യം വരെ നീണ്ടു നിന്ന അഞ്ചുതെങ്ങ് പോരാട്ടങ്ങളുടെ വിശ്വാസ്യതയും സത്യസന്ധതയും തെളിയിക്കുക എന്നതാണ് ഇവിടെ ചെയ്തിരിക്കുന്നത്. ഒരു നാടുവാഴിയോ, വീരന്മാരായ പിള്ളമാരോ, പ്രഭുക്കളോ ഇല്ലാത്ത പാവപ്പെട്ട ജനത വസിക്കുന്ന ഒരു ദേശത്തിൻ്റെ പൊതു താൽപര്യമായ ജീവിക്കാനുള്ള അവകാശത്തെ ധ്വംസിക്കുന്നതിനെതിരെ ആരംഭിച്ച ഈ പ്രക്ഷോഭം, വളരെ ശക്തരായ ബ്രിട്ടീഷുകാരുടെയും അയൽ രാജ്യങ്ങളിലെ രാജാക്കന്മാരുടെയും സഖ്യത്തിനെതിരെ ആകുന്നതും മറ്റുമാണ് ഇവിടെ സ്ഥാപിക്കാൻ ശ്രമിച്ചത്.

3.വിദേശ ഭരണാധികാരികളും ആഭ്യന്തര ഭരണാധികാരികളും തങ്ങളുടെ ഭരണവും ആധിപത്യവും സ്ഥാപിക്കാനും നിലനിർത്താനും ഉപയോഗിക്കുന്ന ഒരു പ്രധാന തന്ത്രമാണ് സാമുദായിക വികാരം ഉണർത്തുക എന്നത്. ഇന്ത്യൻ ആഭ്യന്തര സവർണ്ണ ഭരണ സാഹചര്യത്തിൽ ഭൂരിഭാഗം തൊഴിലാളി വർഗ്ഗവും തൊട്ടുകൂടാത്തവരായും (തീണ്ടൽ) അധികാരത്തിന്റെ പരിസരങ്ങളിൽ സമീപിക്കാൻ കഴിയാത്തവരായും അവഗണിക്കപ്പെട്ടു. അവരെപ്പോലുള്ള ഭൂരിഭാഗം ജനങ്ങളുടെയും മൗലികാവകാശങ്ങളെ ഇല്ലാതാക്കുന്ന മനുഷ്യത്വരഹിതമായ വിവേചനം, ആഭ്യന്തര സവർണ ഭരണാധികാരികൾ നടത്തുന്നതു ഒരു വശത്തും, അതിന് സമാനമായി ബ്രിട്ടീഷ് ഭരണത്തിന്റെ രക്തരൂക്ഷിതമായ ആക്രമണാത്മക നടപടികൾ മറുവശത്തുമായി ഈ സാധാരണ പിന്നോക്ക ജനതയെ വരിഞ്ഞു മുറുക്കുന്നു. അവരുടെ മനുഷ്യാവകാശങ്ങളും, രാഷ്ട്രീയ സ്വയം നിർണയത്തിനുള്ള അവകാശങ്ങളും ചോദ്യം ചെയ്യപ്പെട്ട നിലയിൽ നീണ്ടകാലം നിലനിന്നു. അഞ്ചുതെങ്ങ് സ്വാതന്ത്ര്യസമര സേനാനികളിൽ ഭിന്നിപ്പ് ഉണ്ടാക്കുന്ന വർഗീയ പ്രലോഭനങ്ങളിൽ അവർ ഒട്ടും വിധേയപ്പെട്ടിരുന്നില്ല എന്നതിന് മതിയായ തെളിവുകൾ ഉണ്ട്.

4.ദേശ രാഷ്ട്രം എന്ന ആശയവും ദേശീയതയുടെ ആധുനികപ്രത്യയശാസ്ത്രത്തിന്റെ വകഭേദങ്ങളും അതിന്റെ ചട്ടക്കൂടുകളും കണ്ടെത്തുന്നതിന് വളരെ മുമ്പ് തന്നെ അഞ്ചുതെങ്ങിന്റെ മണ്ണ് പിടിച്ചെടുക്കാൻ വന്ന വിദേശശക്തിക്കെതിരായി നടന്ന സംഭവങ്ങളുടെ, തുടർച്ചയായ പോരാട്ടങ്ങളുടെ പരമ്പരയാണ് അഞ്ചുതെങ്ങിലെ ജനകീയ സമരങ്ങൾ. സ്വാതന്ത്ര്യത്തിനായുള്ള ജനങ്ങളുടെ ഇച്ഛാശക്തിക്ക് മുന്നിൽ സാമുദായിക വിഭാഗീയ വികാരങ്ങൾ വിലപ്പോകുന്നില്ല. പ്രകീർത്തിക്കപ്പെട്ട വേലുത്തമ്പിയുടെ കുണ്ടറ വിളംബരമെന്നത് നഷ്ടപ്പെട്ട രാജ്യത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാൻ ഒരു വിദേശ ഭരണാധികാരിക്ക് എതിരെ ആഭ്യന്തര ഭരണാധികാരി നയിക്കുന്ന യുദ്ധമാണ്. ആഭ്യന്തര ഭരണാധികാരിയും വിദേശഭരണാധികാരിയും തമ്മിലുള്ള അധികാര പോരാട്ടമാണത്. എന്നാൽ സ്വാതന്ത്ര്യത്തോടുള്ള സാധാരണ ജനങ്ങളുടെ പോരാട്ടവുമായി ഇതിന് യാതൊരു ബന്ധവുമില്ല. ആഭ്യന്തര ഭരണാധികാരിയും വിദേശ ഭരണാധികാരിയും ജനങ്ങളെ ശത്രുക്കളായിത്തന്നെ കണ്ടു. ഉദാഹരണമായി മാർത്താണ്ഡവർമ്മ മഹാരാജാവ്, ആറ്റിങ്ങൽ റാണി, കൊല്ലം രാജാവ് എന്നിവർ അഞ്ചുതെങ്ങ് ജനകീയ സ്വാതന്ത്ര്യ സമര യോദ്ധാക്കളെ തകർക്കാൻ വിദേശ ശക്തി കേന്ദ്രത്തിന് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു. ഇത് ഒരു അപവാദമല്ല. ജനങ്ങളുടെ സ്വാതന്ത്ര്യത്തോടുള്ള ഇച്ഛയ്ക്ക് വിരുദ്ധമായ ഭരണവർഗത്തിന്റെ അധികാരത്തോടുള്ള ഭ്രമവും അഞ്ചുതെങ്ങ് പോരാളികളുടെ ഇച്ഛാശക്തിയും തമ്മിലുള്ള വൈരുദ്ധ്യത്തിന്റെ തെളിവാണിത്

അനുമാനങ്ങളും കണ്ടെത്തലുകളും

1. ആറ്റിങ്ങൽ റാണിമാർ പോർച്ചുഗീസുകാരെയും, ഡച്ചുകാരെയും, ഡെന്മാർക്കുകാരെയും, ബ്രിട്ടീഷുകാരെയും അവരുടെ വ്യാപാരം അഭിവൃദ്ധിപ്പെടുത്താനും അതിൻ്റെ സംരക്ഷണത്തിനായി കോട്ട നിർമ്മിക്കാനും നടന്ന കാലത്തെ അഞ്ചുതെങ്ങ് ഇങ്ങനെ ആയിരുന്നു:വൈദികമതനിയമങ്ങളായ തൊട്ടുകൂടായ്മയിലും തീണ്ടിക്കൂടായ്മയിലും പെട്ട് ഉഴലുന്ന ഒരു ജനവിഭാഗം മാത്രമായി വസിച്ചിരുന്ന ഒരു ബഹിഷ്കൃതദേശം. ഹിന്ദുക്കളിലെ താഴെത്തട്ടിലുള്ള അവർണ്ണരും മതപരിവർത്തനം ചെയ്ത ഹൈന്ദവരല്ലാത്ത ക്രിസ്ത്യാനിയും, നാമമാത്രമായ മുസ്ലീമും മാത്രമാണ് അവിടെ വസിച്ചിരുന്നത്. ഭൂമിയുടെ പ്രധാന ഭാഗങ്ങളുടെ നിയന്ത്രണം ആറ്റിങ്ങൽ റാണിക്കും മന്ത്രിമാരായ രണ്ടു പിള്ളമാർക്കുമായിരുന്നു. ബാക്കിയുള്ള സ്ഥലങ്ങൾ നായർജന്മിമാരുടെ നിരീക്ഷണത്തിലുമായിരുന്നു. സവർണ്ണഹിന്ദുക്കൾ ഇല്ലായിരുന്നു. ബുദ്ധമതം പ്രചരിപ്പിച്ച സമത്വവിശ്വാസങ്ങളും ജാതിരഹിതദ്രാവിഡവംശീയസ്മരണകളും പേറുന്നവരായിരുന്നു അവിടെ. ആഭ്യന്തരവിവേചനത്തിനും വിദേശആക്രമണത്തിനും എതിരായ പോരാട്ടത്തിനുള്ള കരുത്ത് ഇത്തരം രാഷ്ട്രീയജ്ഞാനമായിരിക്കാം നൽകിയത്.

2 . 1694 ൽ ആരംഭിച്ച പോരാട്ടം വിവിധ മാനസികാവസ്ഥകളിലൂടെയും, വ്യത്യസ്തസമര പ്രകൃതങ്ങളിലൂടെയും, അപ്രതീക്ഷിത സംഭവവികാസങ്ങളിലൂടെയും, നിശ്ശബ്ദ പ്രതിരോധങ്ങളിലൂടെയും, നിസ്സഹകരണ സമരങ്ങളിലൂടെയും, രക്തരൂക്ഷിതമായ യുദ്ധങ്ങളിൽ ചെന്നവസാനിക്കുന്ന രോഷാകുലമായ കലാപങ്ങളിലൂടെയും കടന്നു പോയി.1697 ലെ ഒന്നാം അഞ്ചുതെങ്ങ് യുദ്ധത്തിനു ശേഷം ഇടയ്ക്കിടയ്ക്കുണ്ടാകുന്ന കലാപങ്ങളിലൂടെയും ബ്രിട്ടീഷുകാരെ പുറത്താക്കാൻ നടന്ന പോരാട്ടങ്ങളിലൂടെയും ( Fails in ousting) അതു തുടർന്നു. വിദേശഭരണത്തെ പൂർണമായി പുറത്താക്കുന്നതിൽ അവർ പരാജയപ്പെട്ടു. എന്നാൽ, നേരത്തെ ഒന്നായിരുന്ന വേലുത്തമ്പിയും ബ്രിട്ടീഷ് കമ്പനിയും ശത്രുതയോടെ നേർക്കുനേർ നിന്ന് പക വീട്ടുന്ന സാഹചര്യം മുതലെടുത്ത് കോട്ടയ്ക്കെതിരെ ആഞ്ഞടിച്ച1809ൽ കോട്ടയും ഭരണവും ഉപേക്ഷിച്ച് റസിഡൻ്റ് കോഴിക്കോട്ടേക്ക് പലായനം ചെയ്തു. ഇത് അഞ്ചുതെങ്ങ് ജനകീയ പോരാളികളുടെ വിജയമാണ്. അതോടെ 1809 -1813 ന് ഇടയിൽ ബ്രിട്ടീഷുകാർ അവരുടെ വ്യാപാര ഫാക്ടറി നിർത്തലാക്കുകയും, അവരുടെ സൈന്യത്തിൻ്റെ പ്രവർത്തനം അവസാനിപ്പിക്കുകയും, അഞ്ചുതങ്ങിലെ റസിഡൻസി നിർത്തലാക്കുകയും ചെയ്യുന്നതോടെ ജനങ്ങൾക്ക് ശ്രദ്ധേയമായ വിജയം കൈവരിക്കാൻ കഴിഞ്ഞു. 1877 ലെ ഉടമ്പടി പ്രകാരം ഒരുകാലത്ത് ശക്തമായ ബ്രിട്ടീഷ് സൈനിക ക്യാമ്പിന്റെ പ്രധാനപ്പെട്ട രാഷ്ട്രീയ അവശിഷ്ടങ്ങൾ എന്ന നിലയിൽ കേവലം ഒരു പോലീസ് സ്റ്റേഷനിലും കോടതിയിലുമായി ബ്രിട്ടീഷ്അധികാരം ചുരുങ്ങി. ഇത്രയും ദീർഘമായ കാലപരിധിക്കുള്ളിൽ ചാഞ്ചാട്ടം ഇല്ലാതെ (Consistent) അക്ഷീണമായ എതിർപ്പ് (Untiring-ഒരിക്കലും ക്ഷീണിക്കാത്തത്) പ്രകടിപ്പിച്ചു കൊണ്ട്, ചാഞ്ചല്യമില്ലാതെ ദൃഢമായി പിടിച്ചുനിന്നു എന്നതാണ് അഞ്ചുതെങ്ങ് ജനകീയ യുദ്ധത്തിൻ്റെ ഏറ്റവും വലിയ സവിശേഷത. ഇത്രയും വലിയൊരു കാലഘട്ടത്തിൽ (1694 – 1813) വലിയൊരു ക്യാൻവാസിൽ പിടിച്ചുനിന്ന അഞ്ചുതെങ്ങ് ജനകീയ പോരാളികളെയാണ് നാം ഇവിടെ കാണുന്നത്.

3.ആറ്റിങ്ങൽ റാണിയുടെ കൊട്ടാരത്തിലേക്ക് മാർച്ച് നടത്തിയ, കോട്ടയിലെ കമ്പനി ഉദ്യോഗസ്ഥരുടെ ‘കൂട്ടക്കൊല’ വ്യാപകമായി പ്രചരിക്കപ്പെടുന്ന ഒരു വിവരണമാണ്. എവിടെ വെച്ച് കൊല്ലപ്പെട്ടു എന്നതിന് അഞ്ചുപേർ പത്ത് അഭിപ്രായമാണ് പറയുന്നത്. ഏതു തീയതിയിലാണ് ഈ കൂട്ടക്കൊല നടന്നത് എന്നതിനെക്കുറിച്ച് അഞ്ചുപേർ ആറ് അഭിപ്രായമാണ് പറയുന്നത്. (‘Because the time and date are not specific as per before the murder’) അതുപോലെതന്നെ നടന്ന സംഭവത്തെക്കുറിച്ച് പല കഥകളാണ് പൊടിപ്പും തൊങ്ങലും വെച്ച് പറഞ്ഞു വരുന്നത്. അത്തരം ഒരു സംഭവത്തിന്റെ അവ്യക്തമായ പരാമർശം അഞ്ചുതെങ്ങ് ഫാക്ടറി രേഖകളിലും കാണാം. 1721 ഏപ്രിൽ 11ന് 200 ഓളം ആളുകളുടെ കുട്ടക്കൊല ചെയ്യപ്പെട്ടു എന്നത് വ്യത്യസ്ത പതിപ്പുകളും വിവരണങ്ങളുമായി വലിയ രീതിയിൽ പ്രചരിക്കുന്നു. ഗിഫോർഡ് ഉൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടുവെന്ന് ബ്രിട്ടീഷ് ചരിത്രകാരനായ ക്ലമൻ്റ് ഡൗണിംഗ് പറയുന്നു. എന്നാൽ മാർത്താണ്ഡവർമ്മ മഹാരാജാവും, ആറ്റിങ്ങൽ റാണിയും, ഈസ്റ്റ് ഇന്ത്യാ കമ്പനിയും ചേർന്നുള്ള 1731 ലെ ത്രികക്ഷി കരാറിൽ പറയുന്നത് 1721 ഏപ്രിൽ 15ന് നടന്ന സംഭവത്തിൽ ഗിഫോർഡ് ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടു എന്നാണ്. ഡച്ച് ചരിത്രകാരനായ ജേക്കബ് കാൻ്റർ വിഷറും, ജോൺ ബിഡൾഫും അദ്ദേഹത്തിൻ്റെ “Pirats of Malabar…….. 200 Years ago” എന്ന പുസ്തകത്തെ അതിജീവിച്ചെഴുതിയ പ്രാദേശിക ചരിത്രകാരന്മാരും ഏപ്രിൽ 14 ന് 140 പേർ കൊല്ലപ്പെട്ടു എന്നാണ് പറയുന്നത്. ബോംബെയിലെ ഡയറക്ടർ ബോർഡ് ഓഫീസിൽ നിന്നും അഞ്ചുതെങ്ങ് കോട്ടയിലേക്ക് അയച്ച കത്തിൽ സംഭവത്തിൽ രാഷ്ട്രീയം ഒന്നുമില്ലെന്ന് വ്യക്തമായി, അസന്ദിഗ്ധമായ രീതിയിൽ പ്രസ്താവിച്ചിട്ടുണ്ട്. കമ്പനി പണമാണ് ഗിഫോർഡ് എടുത്ത് തൻ്റെ അഴിമതിക്കും, ധൂർത്തിനും, മൽഹിരോസുമായി ചേർന്ന് അഞ്ചുതെങ്ങിലെ ഭൂമി വാങ്ങിച്ചു കൂട്ടുന്നതിനും ചെലവാക്കിയത്. അതിനാൽ കമ്പനി മേധാവി സ്ഥാനത്തു നിന്നു മാറ്റാൻ പറ്റാത്തതു കൊണ്ട് കമ്പനി തന്നെ ഗിഫോർഡിനെ വധിച്ചാലും അത്ഭുതപ്പെടാനില്ല. മറ്റൊരു നിലപാട് കമ്പനി മേധാവികളുടെ അഭ്യന്തരകലഹമാണ് (മുൻമേധാവി സൈമൺ കൗസും നിലവിൽ മേധാവി വില്യം ഗിഫോർഡും തമ്മിൽ) അഥവാ കോട്ടയുടെ മേധാവി ഗിഫോർഡിൻ്റെ പണമിടപാടുകളുടെയും ബിസിനസ്സിന്റെയും അനന്തരഫലമാണ് ഇത്തരം അത്യാഹിതത്തിൽ കലാശിച്ചത് എന്നതാണ്. ഈ സംഭവത്തെക്കുറിച്ച് അന്വേഷിച്ച മിഡ്ഫോർഡു പറയുന്നത് കമ്പനിക്കകത്തും കമ്പനിക്ക് പുറത്തുമുള്ള ഇടപാടുകൾ ഗിഫോർഡിന്റെയും കമ്പനിക്കുള്ളിലെ അദ്ദേഹവുമായി അടുപ്പമുള്ള ഉദ്യോഗസ്ഥരുടെയും കൊലപാതത്തിലേക്ക് നയിച്ചു എന്നാണ്.

4.1721 നവംബറിൽ അഞ്ചുതെങ്ങ് കോടുതലയിലെ വലിയൊരു പ്രദേശം മിഡ് ഫോർഡിൻ്റെ നേതൃത്വത്തിലുള്ള സൈന്യം പിടിച്ചെടുത്തിരുന്നു. 1720 -1722 വരെയുള്ള രക്തരൂക്ഷിതമായ ഏറ്റുമുട്ടലിൽ ആ പ്രദേശം കമ്പനി അധീനതയിലാക്കിയിരുന്നു. എന്നാൽ 1726 ലെ കരാറിൽ പിടിച്ചെടുത്ത കോടുതല പ്രദേശം അഞ്ചുതെങ്ങ് സ്ഥലവാസികൾക്കു വിട്ടു കൊടുക്കാൻ ആറ്റിങ്ങൽ റാണി ബ്രിട്ടീഷ് കോട്ടയധികാരികളോടു ആവശ്യപ്പെടുന്നു. കാരണം ആ സ്ഥലം നിങ്ങളുടേതുമല്ല, റാണിയായ എൻ്റേതുമല്ല. എന്നാൽ അഞ്ചുതെങ്ങുകാരിൽ നിന്ന് പിടിച്ചെടുത്ത ആ സ്ഥലം അവർക്കു വിട്ടുകൊടുക്കണം. അതു ബ്രിട്ടീഷ് കമ്പനിക്കു സമ്മതമല്ലെങ്കിലും ആറ്റിങ്ങൽ റാണി അതു പറയുന്നത് കഴിഞ്ഞ 1720 മുതൽ അഞ്ചുതെങ്ങിലെ ജനങ്ങൾ നടത്തുന്ന ജനിച്ച മണ്ണിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങളുടെ ഫലമാണ് അവരെക്കൊണ്ട് അങ്ങനെ പറയിക്കുന്നത്. 1726 ലെ കരാറിൽ കമ്പനിക്ക് വ്യാപാരഫാക്ടറി നടത്താൻ ‘ഇടവ’ നൽകിക്കൊണ്ടാണ് പിടിച്ചെടുത്ത അഞ്ചുതെങ്ങിലെ വിളഭൂമി സ്ഥലവാസികൾക്കു വിട്ടു നൽകണമെന്നാവശ്യപ്പെടുന്നത്. അല്ലെങ്കിൽ നിങ്ങൾക്കു തന്നെ അഞ്ചുതെങ്ങിൽ സ്വസ്ഥമായി വ്യാപാരം ചെയ്തു മുന്നോട്ടു പോകാൻ പറ്റില്ല എന്നു പറഞ്ഞു വയ്ക്കുന്നതിലൂടെ അഞ്ചുതെങ്ങിലെ ജനകീയ പോരാളികളുടെ ധീരത എന്താണെന്ന് കമ്പനിയെ അറിയിക്കുക കൂടിയാണ്.

5.രാഷ്ട്രം പ്രാഥമികമായി ഒരു പ്രാദേശിക അസ്തിത്വമാണ്. 600 നാട്ടുരാജ്യങ്ങളുടെ ഏകീകൃതമായ ആധുനിക കൂട്ടായ്മയാണ് ഇന്ത്യൻ രാഷ്ട്രത്തെ നിർവചിക്കുന്നത്. അത് ഒരു പ്രത്യേക ആധുനിക രാജ്യത്തെ ഉണ്ടാക്കുകയും ചെയ്യുന്നു. എന്നാൽ അഞ്ചുതെങ്ങ് യുദ്ധങ്ങൾ നടന്ന (1694 -1809) സ്വാതന്ത്ര്യത്തിനു മുമ്പുള്ള കാലഘട്ടത്തിൽ അത്തരമൊരു ദേശ രാഷ്ട്രം നിലനിന്നിരുന്നില്ല. അതിനു മുമ്പ് ഓരോ നാട്ടുരാജ്യവും ഓരോ നേഷനായിരുന്നു. 1694 -1809 അഞ്ചുതെങ്ങ് പ്രക്ഷോഭങ്ങൾ നടക്കുന്ന കാലത്തും, 1857 ലെ ശിപായി ലഹളയുടെ കാലത്തും ഗാന്ധിജി നടത്തിയ ഉപ്പുസത്യാഗ്രഹത്തിൻ്റെ കാലത്തും ഈ ഒരു ടെറിറ്റോറിയൽ ഇന്ത്യ ഇല്ലായിരുന്നു. ഇന്ത്യ സ്വതന്ത്രമാകുന്നതുവരെയും ഈ ടെറിറ്റോറിയൽ നാഷണാലിറ്റി ഇല്ല.മോഹഞ്ചതാരോ, ഹാരപ്പ എന്നീ പൈതൃകങ്ങളുമായി ബന്ധപ്പെട്ട് ഒരു വിശാല ഇന്ത്യയിൽ അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ഭാരതം എന്നീ രാജ്യങ്ങൾ ഉൾപ്പെട്ടിരുന്നു. എന്നതിനാൽ ആ പൈതൃകത്തിൽ ആയിരത്തിൽപ്പരം നാട്ടുരാജ്യങ്ങൾ ഉൾപ്പെട്ടിരുന്നില്ല. ഇവിടെ ഒന്നാം അഞ്ചുതെങ്ങ് യുദ്ധം 1697 ൽ നടക്കുന്ന അവസരത്തിൽ ഡച്ചുകാരുടെ ഫാക്ടറി കത്തിച്ചത് ബ്രിട്ടീഷുകാരാണെന്ന് ഡച്ചുകാർ പറഞ്ഞപ്പോൾ അഞ്ചുതെങ്ങിലെ ബ്രിട്ടീഷ് കമ്പനി മേധാവിയുടെ മറുപടി ” Indians came in large number” എന്നാണ്. അതായത് ഈ ഉപഭൂഖണ്ഡത്തിലുള്ള എല്ലാ ആൾക്കാരെയും അവർ ഇന്ത്യാക്കാർ എന്നാണ് വിളിച്ചിരുന്നത്. അപ്പോൾ ആ ഒരു Indian Identity എന്നു പറയുന്നത് അഞ്ചുതെങ്ങിലെ ആൾക്കാർക്കുമുണ്ട്. അതുകൊണ്ട് ഈ ചെറിയ പ്രദേശത്തു നടന്ന ഒരു പ്രക്ഷോഭമാണെങ്കിൽ പോലും It is the Indian National Struggle എന്നു പറയുന്നത്.

6.ഭരണകൂടം സാധാരണ ജനങ്ങളുടെ അവകാശം നിഷേധിക്കുന്നു എന്നു മാത്രമല്ല, അവരെ അടിച്ചമർത്തുന്നു. ആ അടിച്ചമർത്തലുകളെ തൂത്തെറിഞ്ഞു കൊണ്ട് അവരുടേതായ സ്വതന്ത്ര ജീവിതം, മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്ന ഒരു ജീവിതം -അതാണ് Built Freedom എന്നു പറയുന്നത്. ഇത്തരം വൈരുദ്ധ്യാത്മക രീതിശാസ്ത്രം(Dailetic Methodology) ആണ് ഈ പഠനത്തിൽ സ്വീകരിച്ചിട്ടുള്ളത്. ബ്രിട്ടീഷ് കമ്പനി, തിരുവിതാംകൂർ മഹാരാജാവ് മാർത്താണ്ഡവർമ്മ, ആറ്റിങ്ങൽ റാണി, കൊല്ലം രാജാവ്, വേലുത്തമ്പി ദളവ എന്നിവരെല്ലാം ഭരണകൂട പക്ഷത്താണ് നിൽക്കുന്നത്. അങ്ങനെയുള്ള ഭരണകൂടത്തെ ഒന്നായിട്ടും മറുഭാഗത്ത് നിൽക്കുന്നത് സാധാരണ ജനങ്ങളെ അതിൻ്റെ വിപരീതമായും പരിഗണിക്കുന്നു.ഈ ജനങ്ങളോട് മേൽപ്പറഞ്ഞ കൂട്ടത്തിലെ ഒരു ഭരണാധികാരിയും അനുഭാവം പുലർത്തിയിരുന്നില്ല. ഒരു ഘട്ടത്തിൽ 1697 ആറ്റിങ്ങൽ റാണി ഇവരോട് ചേർന്ന് യുദ്ധം ചെയ്യുന്നത് അവരുടെ സ്വകാര്യനേട്ടത്തിനാണ്, അല്ലാതെ സമരം ചെയ്യുന്ന സ്വന്തം പ്രജകളെ രക്ഷിക്കാനുള്ള ഭരണകർത്താവിന്റെ ധർമ്മമായല്ല ഇതിനെ കാണേണ്ടത്. അതുകൊണ്ട് ഇത് ഭരണകൂടവും ജനങ്ങളും തമ്മിലുള്ള വൈരുദ്ധ്യമാണ്. അധികാരത്തിന്റെ താൽപര്യവും സ്വാതന്ത്ര്യത്തിന്റെ അവകാശ താൽപര്യവും തമ്മിലുള്ള ഒരു ഏറ്റുമുട്ടൽ ആണ്. എന്നാൽ ആ കാലഘട്ടത്തിൽ ദേശീയ ഭരണാധികാരികളും (നാടുവാഴികളും) വിദേശ അധിനിവേശ ഭരണക്കാരും തമ്മിലുള്ള ഏറ്റുമുട്ടലാണ് പലയിടത്തും നടന്നിരുന്നത്. അതിനിടയിൽ ജനങ്ങളും പങ്കെടുത്തെന്നു വരാം. ഇനി ജനങ്ങൾ തുടങ്ങിയ പോരാട്ടം ഒരു ഘട്ടം കഴിയുമ്പോൾ നാടുവാഴികൾ ഏറ്റെടുക്കുക ഉണ്ടായിട്ടുണ്ട് ( 1857 ലെ ശിപായി ലഹള അങ്ങനെയുള്ളതായിരുന്നു). അതെല്ലാം ദേശീയ ഭരണാധികാരികളും വിദേശ അധിനിവേശ ശക്തികളും തമ്മിലുള്ള ഏറ്റുമുട്ടലുകളായിട്ടാണ് അറിയപ്പെടുന്നത്. എന്നാൽ അഞ്ചുതെങ്ങിൽ 1694 – 1809 വരെ നടന്നത് ജനങ്ങൾ, ജനങ്ങളാൽ, ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി വിദേശ അധിനിവേശ ശക്തിക്കെതിരായി നടന്ന പോരാട്ടങ്ങളായിരുന്നു.ജനങ്ങൾക്ക് വേണ്ടിയിരുന്നത് അധികാരമല്ല, മറിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യവും, അവകാശവുമാണ്. ഇത്തരത്തിൽ അഞ്ചുതെങ്ങിൽ നടന്നത് യഥാർത്ഥ ജനകീയയുദ്ധമായിരുന്നു. ഇന്ത്യൻ ജനകീയസ്വാതന്ത്ര്യ സമരത്തിൻ്റെ ആദ്യ അധ്യായമായിരുന്നു.

ഡോ. എ.അനിൽകുമാർ

അദ്ധ്യാപകൻ

5 1 vote
Rating
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Sayed Ali
Sayed Ali
20 days ago

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ അറിയപ്പെടാതെ പോയ അഞ്ചുതെങ്ങ് ജനകീയ യുദ്ധങ്ങൾ
(1694-1813 ) ബ്രിട്ടീഷ് ആർക്കൈവുകളിൽ നിന്നും ശേഖരിച്ച് പുതിയ തെളിവുകളോടെ സ്ഥാപിക്കുന്ന ഗവേഷണ പ്രബന്ധം ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും പ്രധാന അധ്യായമാണ് .
ഡോ. എ. അനിൽകുമാർ ഈ ലക്കത്തിൽ അഞ്ചുതെങ്ങിലെ ജനകീയ പോരാളികളുടെ ധീരത എന്താണെന്ന് കൂടി അറിയിക്കുകയാണ്.

അഭിനന്ദനങ്ങൾ …👏👏👏

1
0
Would love your thoughts, please comment.x
()
x
×