അരുൺകുമാർ പൂക്കോം
Published: 10 November 2024 സാംസ്കാരികാനുഭവപഠനം
പലർക്കൊപ്പം പല സെൽഫികളിൽ ചേർത്തുപിടിക്കാൻ ഒരു എഴുത്തുകാരൻ
പുസ്തകങ്ങൾ എത്തരത്തിലാണ് വായിക്കാൻ ഇടയാകുന്നത്? ചില എഴുത്തുകാരെ വായിക്കാനുള്ള താല്പര്യങ്ങളിലൂടെയും പാഠപുസ്തകങ്ങളിലൂടെയും ആകർഷകമായ പരസ്യങ്ങളിലൂടെയും പുസ്തകശാലകളിലൂടെയും വായനശാലകളിലൂടെയും പറഞ്ഞറിവുകളിലൂടെയും മനോഹരമായ കവർച്ചിത്രങ്ങളുടെ കാഴ്ചയിലൂടെയും പിൻ കവറിലെ ബർബുകളുടെ ഓടിച്ചു പോകലിലൂടെയും ആസ്വാദനങ്ങളുടെയും നിരൂപണങ്ങളുടെയും വിവാദങ്ങളുടെയും വായനയിലൂടെയും എഴുത്തുകാരെ പറ്റിയുള്ള ലേഖനങ്ങളിലൂടെയും വായന എന്ന വിനോദത്തിലൂടെയും ബിബ്ലിയോഗ്രാഫിയിലൂടെയും അവരവരുടെ താല്പര്യമേഖലകളിലൂടെയും ഒക്കെയാണ് അവ വായിക്കാൻ ഇടയാകുന്നത്. അവയിൽ ഉൾപ്പെടുന്ന തരത്തിൽ സമൂഹമാദ്ധ്യമങ്ങൾക്കും പുസ്തകങ്ങൾ വായിക്കാൻ പ്രേരിപ്പിക്കുന്നതിൽ ഏറെ പങ്കുണ്ട്. വളരെ സർഗാത്മകമായി ചിത്രീകരിച്ച റീലുകളിൽ ആകർഷിക്കപ്പെട്ട് പുസ്തകങ്ങൾ തേടിച്ചെല്ലുന്നവരും ഏറെയുണ്ട്. പുസ്തകങ്ങളോടും വായനയോടുമൊക്കെ താല്പര്യമുള്ളവരെ സംബന്ധിച്ച് സമൂഹമാദ്ധ്യമങ്ങളിലൂടെ കാഴ്ചകളിലെത്തുന്ന പുസ്തകങ്ങൾ എല്ലാം തന്നെ വായിക്കാൻ തോന്നണമെന്നുമില്ല. എന്തെങ്കിലുമൊക്കെ ഘടകങ്ങൾ പുസ്തകങ്ങൾ തേടിപ്പിടിച്ച് വായിക്കാൻ പ്രേരിപ്പിക്കേണ്ടതുമുണ്ട്.
പല പുസ്തകങ്ങളുടെയും വായന വായനക്കാരൻ്റെ ജീവിത സന്ദർഭങ്ങളോട് ചേർത്ത് പറയുന്ന തരത്തിലുള്ള എഴുത്തുകളുടെ പുസ്തകങ്ങളും വളരെയധികം ശ്രദ്ധിക്കപ്പെടുന്നവയാണ്. ഉദാഹരണത്തിന് ഒരു പെയിൻറുപണിക്കാരൻ്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകത്തിൽ തുടങ്ങുന്ന മുഹമ്മദ് അബ്ബാസിൻ്റെ പല പുസ്തകങ്ങളും വായനയോട് ചേർന്നുള്ള അദ്ദേഹത്തിൻ്റെ അനുഭവകഥകൾ കൂടിയാണ്. പഠനങ്ങളും ആസ്വാദനങ്ങളും തീർക്കുന്ന പുസ്തക നിരൂപണമോ വിമർശനമോ അല്ലാതെ വായിച്ച പുസ്തകങ്ങളെ പറ്റി പറയുമ്പോൾ അവരവരെ പറ്റിയും ജീവിതാനുഭവങ്ങളെ പറ്റിയും കൂടി പറയുന്ന തരം എഴുത്ത് രീതിയാണത്. അത്തരം എഴുത്തുകളെ ആത്മരതി എന്ന പ്രയോഗത്താൽ മാറ്റിനിർത്താൻ ശ്രമിക്കുന്നവരുണ്ടെങ്കിലും വായനക്കാർക്ക് അഭിപ്രായങ്ങൾ എഴുതാൻ മാറ്റി വെക്കുന്ന ഇടങ്ങളിൽ ചെറിയ കുറിപ്പുകൾ തീർക്കുന്നതിനേക്കാളും എവിടെയും യാതൊന്നും അടയാളപ്പെടുത്തപെടാതെ പോകുന്ന വായനകളേക്കാളുമൊക്കെ താരതമ്യേന എത്രയോ ഭേദപ്പെട്ട ഒരിടം അത്തരം ആത്മരതികൾ ചേർന്ന എഴുത്തുകൾക്കുണ്ട് എന്ന് പറയാതെ വയ്യ. വായനയിലൂടെ സർഗാത്മകമായ രീതിയിൽ സൃഷ്ടികൾ തീർക്കാനാവുന്ന എഴുത്ത് രീതി കൂടിയാണത്. സാധനം പൊതിഞ്ഞു കൊണ്ടുവന്ന പത്രക്കടലാസിൽ നിന്ന് മാൻമാർക്ക് കുട എന്ന് വി.ടി.ഭട്ടതിരിപ്പാട് ആദ്യമായി വായിച്ചത് കണ്ണീരും കിനാവും എന്ന പുസ്തകത്തിൽ നിന്നും വായിക്കാൻ പറ്റുന്നത് പോലെ വായന ജീവിതാനുഭവമാകുന്ന തരത്തിലുള്ള എഴുത്താണത്. സമൂഹമാദ്ധ്യമങ്ങൾ ഏറെയുള്ള കാലത്ത് പുസ്തകങ്ങൾ ചേർത്ത് പിടിച്ച് റീലുകളും വീഡിയോകളും തീർക്കുന്നവരും പല ഭാഷകളിലായി ഏറെയുണ്ട്. ആസ്വാദനങ്ങളും നിരൂപണങ്ങളും വിമർശനങ്ങളും എഴുതുക മാത്രമല്ല വായനക്കാരന് പുസ്തകങ്ങളെ സംബന്ധിച്ച് ചെയ്യാനുള്ളത് എന്ന രീതി സമൂഹ മാദ്ധ്യമങ്ങളിലെ ഇടപെടലുകൾ തീർക്കുകയായിരുന്നു.
പുസ്തകശാലകളിൽ ചെന്ന് പേജുകൾ മറിച്ചു നോക്കി പുസ്തകങ്ങൾ തിരയുന്നത് പോലെയോ പുസ്തകത്തിൻ്റെ പരസ്യത്തിൽ ആകർഷിക്കപ്പെട്ടോ ആസ്വാദനങ്ങൾ വായിച്ചോ അല്ലാതെ ഒരു എഴുത്തുകാരൻ്റെ പുസ്തകങ്ങൾ വായിക്കാൻ ഇടയാവുകയുണ്ടായി. സമൂഹമാധ്യമങ്ങളിലും മറ്റ് ഓൺലൈൻ ഇടങ്ങളിലും എത്രയോ പുസ്തകങ്ങൾ കാണാറുണ്ടെങ്കിലും എല്ലാ പുസ്തകങ്ങളോടും വായിക്കണമെന്ന് താല്പര്യം തോന്നിയെന്ന് വരില്ല. പുസ്തകങ്ങൾ യാതൊന്നും ഓൺലൈൻ ഇടങ്ങളിൽ കവറുകൾ ഓർമ്മയിൽ നിൽക്കും വിധം ശ്രദ്ധയിൽ പെട്ടിരുന്നതുമില്ല. എന്നിട്ടും
ജി.രവി എഴുതിയ ചില പുസ്തകങ്ങളുടെ വായനയിലേക്ക് എത്താൻ ഇടയായത് ഒരു നാൾ സമൂഹമാദ്ധ്യമത്തിൽ പരസ്പരം പറഞ്ഞ അഭിപ്രായങ്ങളിൽ തോന്നിയ കൗതുകത്തിൻ്റെ പുറത്താണ്. സമൂഹ മാദ്ധ്യമങ്ങളിലെ ചില എഴുത്തുകളും ചിത്രങ്ങളും പോലെ തന്നെ അഭിപ്രായങ്ങൾ എഴുതുന്ന ഭാഗങ്ങളിൽ നിന്നും ഒട്ടേറെ വേറിട്ട ചിന്തകൾ ഉണ്ടാകാറുണ്ട്. അത്തരത്തിൽ ജി.രവി എന്ന എഴുത്തുകാരനുമായി സെൽഫിയെ പറ്റി ചില കാര്യങ്ങൾ തമ്മിൽ പറയാൻ ഇടയായി. അദ്ദേഹത്തോട് സെൽഫിയെ പറ്റി പറഞ്ഞു കൊണ്ടിരിക്കെ സെൽഫികൾ എടുത്ത് സമൂഹമാദ്ധ്യമങ്ങളിൽ ആഘോഷമാക്കുന്ന ഒട്ടനവധി നടീനടൻമാരെയും എഴുത്തുകാരെയും മറ്റ് പല മേഖലകളിൽ ഉള്ളവരെയും ഒക്കെ ഓർമ്മ വന്നു കൊണ്ടിരുന്നു. ജി. രവി മാഷുടെ സെൽഫികൾ പ്രതീക്ഷിക്കുന്നു എന്ന് പറഞ്ഞപ്പോൾ പ്രതീക്ഷിക്കരുത്, ജീവിതത്തിൽ ഒരിക്കൽ പോലും സെൽഫി എടുത്തിട്ടില്ല എന്ന് അദ്ദേഹം മറുപടി നൽകി. സമൂഹ മാദ്ധ്യമങ്ങളിൽ നാടൻ പാട്ടുകൾ പാടുന്ന ജയരഞ്ജിതയുടെ പാട്ടുകൾ ശ്രദ്ധിച്ചിട്ടുണ്ട് എന്നും കേൾക്കാൻ വളരെ ഇമ്പമുള്ള നാടൻ പാട്ടുകളാണ് എന്നുമൊക്കെ എഴുതിയ കുറിപ്പിന് താഴെ അദ്ദേഹം അഭിപ്രായം പറഞ്ഞതിനെ തുടർന്ന് സെൽഫികൾ എന്ന വിഷയത്തിലേക്ക് എത്തുകയും വളരെ ചുരുക്കം കാര്യങ്ങൾ പരസ്പരം പറയുകയുമായിരുന്നു.
അഭിപ്രായങ്ങൾ പറയുന്ന ഭാഗത്ത് നടന്ന കാര്യങ്ങൾ ആണെങ്കിലും എന്താണ് അത്തരത്തിൽ ജി.രവി പറയുന്നത് എന്ന ചിന്ത കൂടെ പോന്നു. അദ്ദേഹം പറഞ്ഞ കാര്യത്തിൽ അത്ഭുതവും തോന്നി. ബസ് യാത്രയിലൊക്കെ അതിനെ പറ്റി ആലോചിച്ചു കൊണ്ടിരുന്നു. പല പരിപാടികളിലും വെച്ച് പലരും പ്രമുഖരായവരെ ചേർത്തു നിർത്തി സെൽഫികൾ എടുക്കുന്നത് കാണാറുണ്ട്. പരിചയമുള്ള എഴുത്തുകാരിൽ ആരോടെങ്കിലുമൊക്കെ എന്തെങ്കിലും പറഞ്ഞു കൊണ്ട് നിൽക്കുമ്പോൾ ആരെങ്കിലുമൊക്കെ അവർക്ക് അടുത്തേക്ക് എത്തി പരിചയപ്പെട്ട് സെൽഫി എടുക്കുന്നതായും കാണാറുണ്ട്. ചിലപ്പോൾ പരിചയത്തിലുള്ള എഴുത്തുകാർ എന്നെ വെറുതെ അവർക്കൊന്ന് പരിചയപ്പെടുത്തി കൊടുത്തു എന്നൊക്കെ വരും. പക്ഷേ എനിക്കൊപ്പം അവർക്ക് സെൽഫിയൊന്നും വേണ്ടി വരില്ല എന്നു മാത്രമല്ല വളരെ വേണ്ടപ്പെട്ടവരുമായി തമ്മിൽ സംസാരിക്കുമ്പോൾ സ്വർഗ്ഗത്തിലെ കട്ടുറുമ്പായി നിൽക്കേണ്ടതായ വല്ല കാര്യവുമുണ്ടോ എന്ന മട്ടിൽ എന്നെ നോക്കിയെന്നും വരും. അതിനാൽ സെൽഫി എടുക്കാനുള്ള പുറപ്പാടാണ് എന്ന് കാണുമ്പോഴേക്കും ഞാൻ ദൂരേക്ക് മാറിക്കളയാറാണ് പതിവ്. ആരെങ്കിലുമൊക്കെ സെൽഫികൾ വന്ന് എടുക്കുന്നത് എഴുത്തുകാരെ സംബന്ധിച്ച് അവരുടെ ശരീരഭാഷകളിൽ നിന്നും വലിയ അംഗീകാരം പോലെ തോന്നിയിട്ടുണ്ട്. അവരുടെ സന്തോഷത്തിൻ്റെ മേഖലയിൽ നിന്ന് തെല്ല് ദൂരേക്ക് മാറുക എന്ന രീതി കൂടി ഞാൻ കൈക്കൊള്ളാറുണ്ട്. എവിടെയും എത്താതെ പോയല്ലോ എന്ന് മനസ്സിൽ തോന്നാനും സെൽഫി ഒരു മാനകമായി മാറാറുണ്ട്. ഒന്നിച്ചൊരു സെൽഫി എടുക്കണം എന്ന് മറ്റുള്ളവർക്ക് തോന്നായ്മ എവിടെയും എത്താതെ നിൽക്കുന്നതിൻ്റെ മാനകമല്ലാതെ മറ്റെന്താണ്! പ്രശസ്തരായവരെ ചേർത്ത് നിർത്തി സെൽഫികൾ എടുക്കുന്നവർ അപ്രശസ്തരായവർക്ക് അപകർഷതാബോധമൊക്കെ തീർക്കാറുണ്ട്.
അവരവരുടെ വളർച്ചയ്ക്ക് പല പ്രമുഖരായവരും വളരെ അടുപ്പമുള്ളവരാണ് എന്ന് വരുത്തിത്തീർക്കാനും സെൽഫികൾ ഉപയോഗിക്കുന്ന രീതിയുണ്ട്. ശ്രദ്ധയിൽ പെടുന്നതിനായുള്ള പരസ്പരമുള്ള കൊടുക്കൽ വാങ്ങലുകളുടെ മേഖല കൂടിയാണത്. സമൂഹ മാദ്ധ്യമങ്ങളുടെ കാലത്ത് വളരെ ഫലപ്രദമായി അത്തരം സെൽഫികൾ ഉപയോഗിക്കാൻ പറ്റും. പ്രമുഖർക്ക് ഒപ്പം നിൽക്കുന്ന സെൽഫി മനസ്സിന് നൽകിയേക്കാവുന്ന സന്തോഷവും തീർച്ചയായുമുണ്ട്. പ്രമുഖരായവർക്ക് ഒപ്പം സെൽഫി എടുക്കാൻ പറ്റുക എന്നത് വളരെ ഗുണകരമായ കാര്യങ്ങളാണ്. പക്ഷേ എനിക്ക് എന്തുകൊണ്ടൊക്കെയോ അതിന് പറ്റാറില്ല. എങ്കിലും വളരെ സ്നേഹത്തോടെ, അടുപ്പത്തോടെ, പരിഗണനയോടെ ഒന്നിച്ച് സെൽഫി എടുത്തവരുമുണ്ട് എന്ന് പറയാതെ വയ്യ. എന്നിരുന്നാലും അവർക്കും അത്തരം സെൽഫികൾ സോഷ്യൽ മീഡിയയിലൊന്നും അത്രയൊന്നും ഉപയോഗിക്കാൻ പറ്റാറില്ല. ആരെന്ന് പറഞ്ഞ് പരിചയപ്പെടുത്തും എന്നത് വലിയൊരു പ്രശ്നമായി തന്നെ നിൽപ്പുണ്ട് എന്നതാണ് സത്യം. മറ്റുള്ളവർക്കൊപ്പം ഞാൻ എടുക്കുന്ന സെൽഫികളുടെ ഓർമ്മകളും വളരെ കുറവാണ്. സെൽഫികളെ പറ്റി അത്തരത്തിൽ പലതും ചിന്തിക്കാറുണ്ട് എന്നതിനാൽ തന്നെ ജി.രവി സെൽഫി എടുക്കാറില്ല എന്ന് പറഞ്ഞത് അത്ഭുതപ്പെടുത്തുകയായിരുന്നു.
ജി. രവിയുമായി ഇടയ്ക്ക് സമൂഹമാദ്ധ്യമത്തിലെ അഭിപ്രായങ്ങൾ വരുന്ന ഭാഗത്ത് പരസ്പരം എഴുതി ചില കാര്യങ്ങൾ തമ്മിൽ പറയാറുണ്ടെങ്കിലും അദ്ദേഹത്തിൻ്റെ പുസ്തകങ്ങൾ യാതൊന്നും വായിച്ചിട്ടുണ്ടായിരുന്നില്ല. സെൽഫി എന്ന മേഖലയെ പറ്റി പല കാര്യങ്ങളും ചിന്തിക്കാറുള്ളതിനാൽ ജി.രവി മാഷുടെ ടൈം ലൈനിലെ പോസ്റ്റുകളിൽ മുന്നിലേക്ക് വരുന്നവയിൽ പലതും കൗതുകത്തോടെ നോക്കുകയുണ്ടായി. ഏതെങ്കിലും ഒരു വ്യക്തി ഒരു കൈയാൽ മൊബൈൽ ഫോൺ നീട്ടിപ്പിടിക്കുകയും ഒന്നിച്ചുള്ളവർ സ്ക്രീനിലേക്ക് നോക്കുകയും ചെയ്തു കൊണ്ട് സെൽഫികൾ എടുക്കുന്ന കാഴ്ചകൾ കാണുമ്പോൾ എനിക്ക് പല കാരണങ്ങളാൽ അല്ലറ ചില്ലറ ചെറിയ സങ്കടങ്ങളൊക്കെ തോന്നാറുണ്ട് എന്ന് ഇതിനോടകം പറയാതെ പറഞ്ഞിട്ടുണ്ട്. സ്വന്തമായി സെൽഫി സ്റ്റിക്ക് കൈവശം കൊണ്ടു നടക്കുന്നവരെ അത്തരമൊന്ന് കൈവശമില്ലല്ലോ എന്ന ചിന്തയോടെ ഞാൻ നോക്കിയിട്ടുണ്ട്. അതുപോലെ വല്ല സങ്കടങ്ങളും ജി.രവിയും പുറത്ത് പറയാതെ മനസ്സിൽ സൂക്ഷിക്കുന്നുണ്ടോ എന്ന് നോക്കണമല്ലോ. ഹിമാലയൻ ബ്ലൂ ടെയിൽ ആണോ റെഡ് ഫ്ലാങ്ക്ഡ് ബ്ലൂ ടെയിലാണോ എന്നൊന്നും പക്ഷികളുടെ കാര്യത്തിൽ അറിവില്ലായ്കയാൽ ഉറപ്പിച്ച് പറയാൻ പറ്റാത്ത ഒരു കുഞ്ഞുപക്ഷിയുടെ ഫോട്ടോയൊക്കെ അദ്ദേഹത്തിൻ്റെ ടൈംലൈനിൽ കണ്ടു. ആ പക്ഷിയുടെ പേര് അദ്ദേഹത്തിനും നിശ്ചയം പോര. വർഷത്തിൽ സീസണാകുമ്പോൾ വരുന്ന വിരുന്നുകാരാണത്രെ.
മൊബൈൽ ഫോൺ ക്യാമറ കൊണ്ട് ഏറെപ്പേരും സെൽഫികൾ ഇക്കാലത്ത് എടുക്കാറുണ്ട്. തീവണ്ടി ഇറങ്ങി പരസ്പരം യാത്ര പറഞ്ഞ് പിരിയുന്നവർ സെൽഫികൾ എടുക്കുന്നത് എത്രയോ തവണ കണ്ടിട്ടുണ്ട്. പ്രായഭേദങ്ങൾ പോലും ആ കാര്യത്തിൽ കാണാറില്ല. പലയിടങ്ങളിൽ വെച്ചും ചിലർ ഒറ്റയ്ക്ക് സെൽഫികൾ എടുക്കാറുണ്ട്. ഒറ്റയ്ക്ക് നിൽക്കുന്ന സെൽഫികൾ നല്ലൊരു ഫോട്ടോ കിട്ടുന്നതിന് വേണ്ടിയൊക്കെ ഞാനും എടുക്കാറുണ്ട്. നല്ലത് എന്ന് തോന്നുന്ന ഫോട്ടോകൾ മാത്രമേ അവയിൽ എവിടെയെങ്കിലും ഉപയോഗിക്കാറുള്ളു. കൂടുതലും യാതൊരു തൃപ്തിയും തരാത്ത ഫോട്ടോകളായിരിക്കും. സെൽഫികളുടെ കാര്യത്തിൽ ഒരു വിധം എല്ലാവരുടെയും കാര്യം ഒരു പക്ഷേ അത്തരത്തിൽ തന്നെ ആയിരിക്കും. പല വ്യക്തികളെ സംബന്ധിച്ചും ഉപയോഗിച്ച ഫോട്ടോകളേക്കാൾ അവരവരുടെ നില്പും ഭാവവും നോട്ടവും ചിരിയും മറ്റും ശരിയാകാത്തതിനാൽ ഉപേക്ഷിച്ച ഫോട്ടോകളാണ് കൂടുതലും കാണുക. സെൽഫികളുടെ കാര്യത്തിലും അത്തരത്തിൽ തന്നെ ആകാനേ വഴിയുള്ളു.
ജൂൺ 21 നാഷണൽ സെൽഫി ദിവസമാണത്രെ. DJ Rick McNeely തീർത്തെടുത്ത ഫണ്ണി ദിവസങ്ങളിൽ ഒന്നാണത്രെ അതും. അദ്ദേഹം പല ദിവസങ്ങളും അതുപോലെ പ്രത്യേക പേരിട്ട് തീർത്തിട്ടുണ്ട്. അതീവ നൈപുണ്യത്തോടെ സെൽഫികൾ എടുക്കാൻ പരിശീലനക്കളരികൾ പോലുമുണ്ട് എന്നും വായിച്ചിട്ടുണ്ട്. സെൽഫി ഒരു ചെറിയ സംഗതി അല്ല തന്നെ എന്ന തോന്നിച്ച സെൽഫികൾ എടുക്കുന്ന കാഴ്ചകൾ കൺമുന്നിൽ കാണാൻ തുടങ്ങിയ കാലം മുതൽക്ക് തന്നെയുണ്ട്. പ്രമുഖ വ്യക്തികളുടെ കട്ടൗട്ടുകൾ തീർത്ത് താല്പര്യമുള്ളവർക്ക് ഒന്നിച്ച് സെൽഫി എടുക്കാൻ പറ്റുന്ന മേഖലകൾ പോലും സെൽഫിയുടെ സാദ്ധ്യതകൾ തിരിച്ചറിഞ്ഞ് വന്നിട്ടുണ്ട്. അതിപ്രശസ്തരായ മുൻകാല എഴുത്തുകാരുടെ കട്ടൗട്ടുകളും അത്തരത്തിൽ പുസ്തകശാലകളിലൊക്കെ വെക്കാറുണ്ട്. സമൂഹ മാദ്ധ്യമങ്ങൾ ഒട്ടേറെയുള്ള ഇക്കാലം സെൽഫിക്കാലം കൂടിയാണ്.
ആത്മവിശ്വാസത്തിൻ്റെ വലിയ മേഖലയാണ് സെൽഫികൾ. പലരെയും ചേർത്തു നിർത്തി സെൽഫികൾ എടുക്കുന്നവരോട് എനിക്ക് എന്തെന്നില്ലാത്ത ബഹുമാനമാണ്. അടുത്തേക്ക് ചെന്ന് സെൽഫി എടുക്കാൻ നോക്കുന്നവരെ നിരുത്സാഹപ്പെടുത്തവരെ ഇൻ്റർനെറ്റിലെ വീഡിയോകളിൽ കണ്ടിട്ടുണ്ട്. ഒന്നിച്ച് സെൽഫി എടുക്കാൻ വരുന്നത് കാണുമ്പോൾ തിരക്കിനിടയിൽ ആണെങ്കിലും ഒപ്പം നിന്നു കൊടുക്കുന്നവരെയും ഒരു പടി കൂടി കടന്ന് മൊബൈൽ ഫോൺ കൈയിലേക്ക് വാങ്ങി ചേർത്ത് നിർത്തി സെൽഫി എടുത്ത് കൊടുക്കുന്നവരെയും ഇൻറർനെറ്റിലെ വീഡിയോകളിൽ അത്ഭുതത്തോടെ നോക്കിക്കണ്ടിട്ടുണ്ട്. പ്ലാനറ്റേറിയങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും മറ്റും സെൽഫി പോയൻ്റുകൾ പോലുമുണ്ട്. ഒറ്റയ്ക്കോ കൂട്ടമായോ സെൽഫികൾ എടുത്ത് അവരവരുടെ ജീവിതനിമിഷങ്ങളെ പകർത്തുന്നത് കലാവിഷ്കാരങ്ങൾ പോലുമാണ്.
സെൽഫികളെ പറ്റിയുള്ള അത്തരത്തിലുള്ള പല തരം ചിന്തകളോടെയാണ് ജി.രവിയുടെ പുസ്തകങ്ങൾ തേടി പുസ്തകശാലയിൽ ചെല്ലുന്നത്. സെൽഫിയെ പറ്റി തമ്മിൽ ചില കാര്യങ്ങൾ പറഞ്ഞില്ലായിരുന്നെങ്കിൽ കണ്ടൻകുന്ന് മുത്തപ്പൻ എന്ന നോവൽ ഒരിക്കലും ഞാൻ വാങ്ങുമായിരുന്നില്ല. ഇരുണ്ട നിറമുള്ള കവർ പാറ്റേൺ പുസ്തകങ്ങളിൽ നിന്നും വികർഷിക്കുന്ന സ്വഭാവം എന്നിലെ വായനക്കാരനിലുണ്ട്. ഇരുണ്ട നിറത്തിൽ വരുന്ന തരം പുസ്തകങ്ങൾക്ക് പല നിറങ്ങളിൽ ആകർഷകത്വം തോന്നിക്കുന്ന കവറുകൾ എന്തുകൊണ്ട് തീർക്കുന്നില്ല എന്നത് ഒരു ചോദ്യം തന്നെയാണ്. എന്തിനാകാം ചില പുസ്തക കവറുകളിൽ ബ്രൗണും മറ്റ് ഇരുണ്ട നിറങ്ങളും വാരിപ്പൂശുന്നത് എന്നത് തന്നെയാണ് ചോദ്യം. അതിമനോഹരമായ കവറുകളുള്ള പുസ്തകങ്ങൾ പുസ്തകശാലയിൽ ആകർഷകത്വത്തോടെ നിൽക്കുമ്പോഴാണ് ചില പുസ്തകങ്ങൾ ഇരുണ്ട് കിടക്കുന്നത്. ആരാണ് സൗന്ദര്യമാർന്ന പൂവുകളെയും പൂമ്പാറ്റകളെയും തുമ്പികളെയും പക്ഷികളെയും മൃഗങ്ങളെയുമൊക്കെ കാണാത്തത്! ആരാണ് നീലാകാശവും അലയടിക്കുന്ന കടലുമൊക്കെ കാണാത്തത്! എന്തിനാണ് പുസ്തകക്കവറുകളിൽ ഇരുണ്ട ചായങ്ങൾ വാരി വിതറുന്നത്?
പരസ്പരം സെൽഫികളെ പറ്റി പറഞ്ഞത് കൊണ്ട് മാത്രം വാങ്ങിയ ആ പുസ്തകം വായിച്ചു തീർത്തപ്പോഴാണ് പേരാമ്പ്ര, കുറ്റ്യാടി, വടകര പോലുള്ള നാടുകളുടെ മറ്റൊരു തലത്തിലുള്ള വായന സാധിച്ചത് എന്ന് പറയാതെ വയ്യ. ആ മേഖലകളിൽ നിന്നും മറ്റ് പല എഴുത്തുകാരും എഴുതിയ ചുറ്റുപാടുകളിൽ നിന്നും വേറിട്ടൊരു നാട്ടുകാഴ്ചകൾ കണ്ടൻകുന്ന് മുത്തപ്പൻ എന്ന പുസ്തകം തീർച്ചയായും നൽകുകയുണ്ടായി. പക്ഷികൾ, മൃഗങ്ങൾ, മീനുകൾ, പച്ചപ്പുകൾ എന്നിവയൊക്കെ അടങ്ങുന്ന പ്രകൃതിയെ അടുത്തറിഞ്ഞ തരത്തിൽ ഇത്രമേൽ ഭംഗിയോടെ ആവിഷ്കരിച്ച നോവലും ചുരുക്കമാണ് എന്നാണ് തോന്നിയത്. വയലിലെയും പറമ്പിലെയും കൃഷിയുടെ ഇതുവരെ ശ്രദ്ധിക്കാതെ പോയ പല സൂക്ഷ്മ മേഖലകളും നോവലിൽ വരുന്നുണ്ട്. കാലിയായ പഴയ തരം മണ്ണെണ്ണ ടിന്നിനെയും ഭരണിയെയുമൊക്കെ ഇതുവരെ ആരും എഴുതി കാണാത്ത മട്ടിൽ ചേർത്ത് കാണുന്നുണ്ട്. അത്തരത്തിലുള്ള പല കാര്യങ്ങളും വായനയിൽ അത്ഭുതം തീർക്കുകയായിരുന്നു.
പേരറിയാത്ത പക്ഷിയുടെ ഫോട്ടോ ജി. രവി ടൈംലൈനിൽ ചേർത്തത് വെറുതെയല്ല തന്നെ. അദ്ദേഹത്തിൻ്റേത് പക്ഷികൾക്കൊക്കെ പിന്നാലെ പോകുന്ന മനസ്സാണ്. തത്തകൾ വയലിൽ ഇറങ്ങി കതിർ കൊത്തുന്നതിൻ്റെ ഇതുവരെ പറഞ്ഞു കണ്ടിട്ടില്ലാത്ത തരം വിവരണം കണ്ടൻകുന്ന് മുത്തപ്പൻ എന്ന നോവലിലുണ്ട്.
ഖസാക്കിൻ്റെ ഇതിഹാസം എന്ന നോവലിലെ പോലെ ഒരു ഏകാദ്ധ്യാപകൻ ചെറിയൊരു കഥാപാത്രമായി നോവലിൽ വരുന്നുണ്ട്. ഒരു വിദ്യാലയത്തിൻ്റെ കഥയും കൃഷിയും മറ്റുമായി ബന്ധപ്പെട്ടുള്ള ചില മനുഷ്യരുടെ അതിജീവനത്തിൻ്റെയും ആത്മാഭിമാനത്തിൻ്റെയും ഒക്കെ കഥയും മറ്റുമാണ് ജി രവി നോവലിൽ പറയുന്നത്. ഖസാക്കിൻ്റെ ഇതിഹാസം എന്ന നോവലിൽ രവി എന്ന കഥാപാത്രം സ്ത്രീകൾ മാറ് മറക്കാത്തത് നല്ലതല്ലേ എന്ന് മാറ് മറക്കേണ്ടതിൻ്റെ ആവശ്യകതയെ പറ്റിയും സമരം ചെയ്യേണ്ടതിനെ പറ്റിയുമൊക്കെ പറയാൻ വന്നവരോട് ചോദിക്കുന്നുണ്ട്. പ്രസ്തുത കഥാപാത്രത്തിൻ്റെ രാഷ്ട്രീയ സാമൂഹിക കാഴ്ചപ്പാടുകളെ കുറിച്ച് എതിർപ്പുകൾ ഏറെ വിളിച്ചു വരുത്തിയ ഭാഗമാണത്. കണ്ടൻകുന്ന് മുത്തപ്പൻ എന്ന നോവൽ അത്തരമൊരു മേഖലയുമായി ബന്ധപ്പെട്ട് ഖസാക്കിൻ്റെ ഇതിഹാസം എന്ന നോവലിന് നേർക്കുനേർ എതിരായി നെഞ്ച് വിരിച്ച് നിർത്താൻ പറ്റുന്ന നോവൽ പോലുമാണ്. ഖസാക്കിൻ്റെ ഇതിഹാസം എന്ന നോവൽ വളരെ താല്പര്യത്തോടെ ഒറ്റയിരുപ്പിൽ വായിച്ച് തീർക്കുകയും ഏറെ വർഷങ്ങൾക്ക് ശേഷം ഒരൊറ്റ ഇരിപ്പിൽ തന്നെ ഒരു ഓൺലൈൻ ആപ്പിൽ കേൾക്കുകയുമുണ്ടായിട്ടുണ്ട്. രണ്ട് നോവലുകളിലെയും കഥാപാത്രങ്ങളുടെ കാഴ്ചപ്പാടുകളിലെ വ്യത്യാസങ്ങൾ വാക്കുകളാൽ ചിത്രീകരിച്ചിരിക്കുന്നതിനെ കുറിച്ച് സൂചിപ്പിക്കാൻ ആ മേഖല വലിയ തോതിൽ ഉതകുന്നുണ്ട്. അയ്യങ്കാളിയും കെ. കേളപ്പനും പോലുള്ള നവോത്ഥാന പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചവരുടെ പരാമർശങ്ങൾ നോവലിൽ പലയിടങ്ങളിലും വരുന്നുണ്ട്. ഏകാദ്ധ്യാപകനായി നാട്ടിലെത്തുന്ന നാരായണൻ എന്ന അദ്ധ്യാപകനെ പറ്റി കുറച്ച് ഭാഗത്ത് മാത്രമേ പറയുന്നുള്ളു എങ്കിലും ഖസാക്കിൻ്റെ ഇതിഹാസം എന്ന നോവലിലെ രവി എന്ന ഏകാദ്ധ്യാപകൻ്റെ രീതികൾ യാതൊന്നുമല്ല പ്രസ്തുത അദ്ധ്യാപക കഥാപാത്രത്തിനുള്ളത്. ഒരു പക്ഷേ ഖസാക്കിൻ്റെ ഇതിഹാസം ഏറെ ഇഷ്ടപ്പെടുന്ന വായനക്കാരെ സംബന്ധിച്ച് നീരസം തോന്നിയേക്കാൻ ഇടയുള്ള കാര്യം പോലുമാണത്. പക്ഷേ കണ്ടൻകുന്ന് മുത്തപ്പൻ നോവലിലെ കഥാപാത്രങ്ങളിൽ ഭൂരിപക്ഷം കഥാപാത്രങ്ങളും മണ്ണിൽ വിയർപ്പൊഴുക്കി ജോലി ചെയ്യുന്നവരാണ്. ജീവിതസമരങ്ങളുടെ ഭാഗമാകുന്നവരുമാണ്. ചങ്ങരോത്ത് വെൽഫെയർ എൽ.പി.സ്ക്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടത് നോവലിൻ്റെ മുഖ്യകഥാപാത്രമായ കുങ്കർ മുൻകൈ എടുത്ത് തീർത്ത എഴുത്തുകളരിയായിരുന്നു എന്ന് നാട്ടിലെ പ്രായമായവരിൽ ചിലർ പറഞ്ഞതിൽ നിന്നാണ് നോവൽ എഴുതുന്നതിനെ പറ്റി ചിന്തിക്കുന്നത് എന്ന രീതിയിൽ ആമുഖത്തിൽ ജി.രവി പറയുന്നുമുണ്ട്. കണ്ടൻകുന്ന് മുത്തപ്പൻ മികച്ച വായനാനുഭവം തരുന്ന നോവലാണ്.
തിരൂരിന് അടുത്ത് പഞ്ചമി എന്ന പേരിൽ ഒരു ബസ് സ്റ്റോപ്പുണ്ട്. തിരൂർ- കുറ്റിപ്പുറം ബസുകളിൽ യാത്ര ചെയ്യുമ്പോൾ ആ സ്റ്റോപ്പ് എത്തുമ്പോൾ പഞ്ചമി എന്ന് ചില ബസ് ജീവനക്കാർ വിളിച്ചു പറയും. ഒരു ബസ് സ്റ്റോപ്പിൻ്റെ പേര് ആയിരിക്കും എന്ന് മാത്രമേ പുറം നാട്ടുകാരനായതിനാൽ തോന്നിയിരുന്നുള്ളു. ഒരു ദിവസം സഹയാത്രിക ആ ബസ് സ്റ്റോപ്പിന് പഞ്ചമി എന്ന് പേര് വരാൻ ഇടയായതിനെ പറ്റി പറഞ്ഞു തരികയുണ്ടായി. ബസ്സ്റ്റോപ്പിൻ്റെത് അയ്യങ്കാളി സ്ക്കൂളിലേക്ക് കൈപിടിച്ചു കൊണ്ടുപോയ പഞ്ചമി എന്ന പെൺകുട്ടിയുടെ പേരാണ് എന്നാണ് പറഞ്ഞു തന്നത്. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആ ബസ് സ്റ്റോപ്പിന് അടുത്തുള്ള സ്ക്കൂൾ കോമ്പൗണ്ടിൽ അയ്യങ്കാളിയുടെയും പഞ്ചമി എന്ന പെൺകുട്ടിയുടെയും ശില്പം തീർത്തതായി കണ്ടു. സഹയാത്രിക പറഞ്ഞ കാര്യം ശില്പം കണ്ടപ്പോൾ ഓർമ്മ വന്നു. അയ്യങ്കാളിയുടെ വിപ്ലവ പ്രവർത്തനങ്ങൾ കണ്ടൻകുന്ന് മുത്തപ്പൻ എന്ന നോവലിലെ കുങ്കർ എന്ന കഥാപാത്രത്തെയും സ്വാധീനിക്കുന്നുണ്ട്. നാട്ടിലെ കുട്ടികൾക്ക് പഠിക്കാൻ എഴുത്ത്കളരി തീർക്കാൻ കുങ്കറെ പ്രേരിപ്പിക്കുന്നതിൽ അയ്യങ്കാളിയുടെ വിപ്ലവ പ്രവർത്തനങ്ങൾ വലിയ പങ്ക് വഹിക്കുകയുണ്ടായി.
കണ്ടൻകുന്ന് മുത്തപ്പൻ എന്ന നോവലിന് ഉൾചിത്രങ്ങൾ വരച്ച സി.കെ.കുമാരൻ കണ്ണുകളും മൂക്കും വായയുമൊന്നും കഥാപാത്രങ്ങൾക്ക് ആദ്യഭാഗങ്ങളിൽ വരക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. നോവലിൻ്റെ ആദ്യഭാഗങ്ങളിലെ കാലങ്ങളിൽ അവരിൽ ഭൂരിഭാഗത്തിനും ഉൾക്കാഴ്ചകളിലേക്കുള്ള കണ്ണുകളോ അവരവർക്ക് വേണ്ടി ശ്വാസമെടുക്കാനുള്ള ശ്വാസമോ ആവശ്യങ്ങളും സത്യങ്ങളും വിളിച്ചു പറയാനുള്ള വായയോ ഉണ്ടായിരുന്നില്ല എന്നത് സി.കെ.കുമാരൻ ചിത്രങ്ങളിലൂടെ ആവിഷ്കരിക്കുന്നുണ്ട്. കഥാപാത്രങ്ങൾ സ്വന്തം കാലിൽ തലയുയർത്തി നിൽക്കാൻ തുടങ്ങുന്ന ഭാഗങ്ങൾ മുതലാണ് സി.കെ.കുമാരൻ അവർക്ക് കണ്ണുകളും മൂക്കും വായയുമൊക്കെ വരക്കുന്നത്. നോവലിൻ്റെ മനസ്സ് അറിഞ്ഞു കൊണ്ടുള്ള വരയാണ് ചിത്രങ്ങൾക്കുള്ളത്.
ആ നോവലിൻ്റെ കൂടെ ജി.രവി എഴുതിയ ഹൃദയത്തിലേറ്റ മുറിവുകൾ എന്ന ഓർമ്മക്കുറിപ്പുകളുടെ പുസ്തകവും വായിക്കുകയുണ്ടായി. ചെറുകുറിപ്പുകളുടെ പുസ്തകമാണത്. പ്ലാവും ചക്കയുമൊക്കെ പല കുറിപ്പുകളിലും അതീവ പ്രാധാന്യത്തോടെ വരുന്നുണ്ട്. കണ്ടൻകുന്ന് മുത്തപ്പൻ എന്ന നോവലിലും പ്ലാവും പ്ലാവിലയുമൊക്കെ വരുന്നത് കാണാം. ഓർമ്മക്കുറിപ്പുകളുടെ പുസ്തകത്തിലെ ഇന്ത ഊരിൽ എത്തന ജാതി മനിതർ എന്ന കുറിപ്പിൽ ജി.രവി എന്ന എഴുത്തുകാരൻ്റെ മനസ്സ് കാണുകയുണ്ടായി. വളരെ ചെറിയൊരു കാര്യമാണ് പറയുന്നത് എങ്കിലും സെൽഫികൾ എടുക്കാൻ താല്പര്യം കാണിക്കാത്ത മനസ്സ് ആ കുറിപ്പിൽ നിന്നും വായിച്ചെടുക്കാൻ പറ്റുകയുണ്ടായി. സഹയാത്രികനിൽ നിന്നുള്ള പെരുമാറ്റവും ശരീരഭാഷയും അത്ര സൗഹൃദപരമല്ലാത്തതിനാൽ റിസർവ് ചെയ്ത സീറ്റ് വിട്ട് കമ്പാർട്ട്മെൻ്റിലെ വാതിലിനടുത്തേക്ക് നീങ്ങി നിന്ന് യാത്ര ചെയ്ത അനുഭവക്കുറിപ്പാണത്. മൂന്ന് സീറ്റ് അടുത്തടുത്തുള്ളതിൽ മറ്റേ യാത്രക്കാരൻ സ്നേഹത്തോടെ പെരുമാറുന്നുണ്ടായിരുന്നു താനും. എങ്കിലും അദ്ദേഹം വാതിലിനടുത്തേക്ക് മാറി നിന്ന് ഏറെ ദൂരം പോകേണ്ട ഇടം വരെ യാത്ര ചെയ്തു.
ഓർമ്മക്കുറിപ്പുകളുടെ പുസ്തകത്തിൽ കുഞ്ഞൂപ്പി എന്നൊരു പ്രയോഗമുണ്ട്. അദ്ദേഹം അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ച ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകളുള്ള താനൂർ പരിയാപുരം ജി.എൽ.പി സ്കൂളിനെയാണ് അദ്ദേഹം കുഞ്ഞൂപ്പി എന്ന് വിളിച്ചു കാണുന്നത്. ലോവർ പ്രൈമറി സ്ക്കൂളുകൾക്ക് ആരുമാരും ഉപയോഗിച്ച് കേട്ടിട്ടില്ലാത്ത നല്ലൊരു ഓമനപ്പേര്. കുഞ്ഞൂപ്പി സ്കൂൾ.
ഓർമ്മക്കുറിപ്പുകളുടെ പുസ്തകത്തിലും സി.കെ.കുമാരൻ്റെ മികവാർന്ന ചിത്രങ്ങൾ കൂട്ടിനുണ്ട്. രണ്ട് പുസ്തകങ്ങളും വായിച്ചു കൊണ്ടിരിക്കെ മനസ്സിൽ ഇടയ്ക്കൊക്കെ തോന്നിയത് ജി.രവി എന്താണ് സി.കെ.കുമാരൻ എന്ന ചിത്രകാരൻ്റെ കൂടെ സെൽഫി എടുക്കാത്തത് എന്നായിരുന്നു. അത്രയ്ക്ക് എഴുത്തുകൾക്ക് ഒപ്പം ഒട്ടിച്ചേർന്ന് നിൽക്കുന്ന ചിത്രങ്ങളായിരുന്നു അവ. പ്ലാവ്, ചക്ക, മീൻ, പൂച്ച, നായ, മയിൽ, മനുഷ്യൻ തീവണ്ടി മുതലായ പലതിൻ്റെയും രൂപങ്ങൾ ചിത്രങ്ങളിൽ വിന്യസിപ്പിച്ചിരിക്കുന്നത് വിസ്മയിപ്പിക്കും വിധമാണ്. കൂട്ടത്തിൽ ഒരു കുറിപ്പിൽ മുഹമ്മദ് പേരാമ്പ്ര എന്ന നടനെയും അതിഗംഭീരമായി വരച്ചിട്ടുണ്ട്.
ജി. രവി എഴുതിയ ജോൺസൺ വെളിച്ചത്തെ പ്രണയിച്ച ഒരാൾ എന്ന പുസ്തകം ജോൺസൺ എന്ന വ്യക്തിയുടെ ജീവിതത്തിലെ അസാധാരണ നേട്ടങ്ങളെ കുറിച്ചുള്ളതായിരുന്നു. സ്ക്കൂൾ വിദ്യാഭ്യാസമൊന്നും ഇല്ലാതിരുന്ന ജോൺസൺ എന്ന വ്യക്തിയുടെ കണ്ടെത്തലുകളും അവ വിൽപ്പന ചെയ്യുന്നതിനെ പറ്റിയും പരാജയങ്ങളും പ്രതിസന്ധികളും നേരിടുമ്പോഴും പുത്തൻ കണ്ടെത്തലുകളോടെ ശക്തമായി തിരിച്ചു വരുന്നതിനെ കുറിച്ചുമൊക്കെ വിശദമാക്കുന്ന പുസ്തകമായിരുന്നു അത്. എൽ.ഇ.ഡി ബൾബുകളും മറ്റ് ഇലക്ട്രോണിക് ഉൽപ്പന്നങ്ങളും തീർക്കുന്ന ജോൺസണെ പറ്റി ജി.രവി എഴുതിയ പുസ്തകവും വളരെ ശ്രദ്ധേയമായ പുസ്തകമാണ്. അത്തരമൊരു പുസ്തകത്തെ പറ്റി മുമ്പ് തന്നെ അറിഞ്ഞിരുന്നു എങ്കിലും ജി. രവിയാണ് ആ പുസ്തകം എഴുതിയത് എന്ന് അറിഞ്ഞിരുന്നില്ല.
പുസ്തകത്തിൽ കണ്ട ഫോൺ നമ്പറിൽ ജി.രവിയെ വിളിച്ച് സംസാരിക്കാനും സാധിക്കുകയുണ്ടായി. ലിറ്റററി ഫെസ്റ്റിവല്ലുകളുടെ കാലത്ത് അത്തരം ചിലയിടങ്ങളിലേക്ക് ക്ഷണമുണ്ടായെങ്കിലും പോവുകയുണ്ടായില്ല എന്നത് പറയുന്നതായി കേട്ടതും അത്ഭുതപ്പെടുത്തുകയുണ്ടായി. കാഴ്ചശക്തിയില്ലാത്തവർക്ക് വേണ്ടി പത്രങ്ങളിലെ പ്രധാന വാർത്തകൾ വായിച്ചു നൽകുന്ന പോഡ്കാസ്റ്റും ജി.രവി ഇടമുറിയാതെ ചെയ്തു പോരുന്നുണ്ട്. അദ്ധ്യാപക ജോലിയുടെ ഭാഗമായൊക്കെയാണ് അത്തരം കാര്യങ്ങൾ അദ്ദേഹം ചെയ്ത് പോന്നിരുന്നത്.
തീവണ്ടി യാത്രകളിൽ മറ്റ് ഏതെങ്കിലും യാത്രക്കാരൻ്റെ ഇഷ്ടക്കേടിനെ മാനിച്ച് വാതിലിൻ്റെ അടുത്തേക്ക് മാറി നിൽക്കേണ്ടതായ കാര്യമൊന്നും ജി രവിക്ക് ഇല്ല തന്നെ. മറിച്ച് കണ്ടൻകുന്നുമുത്തപ്പൻ എന്ന നോവൽ എഴുത്തുകാർക്കൊപ്പം സെൽഫി എടുക്കാൻ താല്പര്യപ്പെടാറുള്ള വായനക്കാരിൽ പലർക്കും നോവലിസ്റ്റിൻ്റെ അടുത്തേക്ക് ഓടിച്ചെന്ന് സെൽഫി എടുക്കാൻ പറ്റും വിധമുള്ള മികച്ച നോവലാണ്. ജി. രവി ലിറ്റററി ഫെസ്റ്റിവല്ലുകളുടെ ഭാഗമാകേണ്ടതും പലരും ചേർത്ത് നിർത്തി സെൽഫി എടുക്കേണ്ടതുമായ എഴുത്തുകാരനാണ്.
ലളിതമായ ഭാഷയിൽ എഴുതുകയും മനോഹരമായി നാടൻ പാട്ടുകൾ പാടുകയും ചെയ്യുന്ന ജി. രവിയുടെ കൂടെ സെൽഫി എടുക്കാൻ പറ്റുക എന്നത് തീർച്ചയായും വായനക്കാർക്ക് സന്തോഷം നൽകുന്ന കാര്യമായിരിക്കും.
ജയരഞ്ജിതയുടെ പാട്ടുകളെ പറ്റി സമൂഹമാദ്ധ്യമത്തിൽ എഴുതിയ കുറിപ്പിന് താഴെ അദ്ദേഹം അഭിപ്രായം എഴുതാൻ ഇടയായതും പാട്ടുകളോടുള്ള താല്പര്യം കൊണ്ടാണ്. ആ അഭിപ്രായത്തിൽ സെൽഫിയെ പറ്റി കൂടി പരാമർശമുണ്ടാകുകയായിരുന്നു. ആ സെൽഫി പരാമർശം ഒന്നുകൊണ്ട് മാത്രമാണ് അദ്ദേഹത്തിൻ്റെ പുസ്തകങ്ങൾ വായിക്കാൻ സാധിച്ചത്. പേരാമ്പ്ര, കുറ്റ്യാടി, തൊട്ടിൽപ്പാലം, വടകര, ജാനകിക്കാട്, കുറ്റ്യാടിപ്പുഴ അങ്ങനെ പലതിനും വേറിട്ട വായനയും കാഴ്ചയുമൊക്കെ നൽകിയതിന് പലർക്കൊപ്പം പല സെൽഫികൾ ജി.രവി മാഷിന് അവകാശപ്പെട്ടത് തന്നെയാണ്. സമൂഹമാദ്ധ്യമങ്ങളുടെ കാലത്ത്
ജി. രവി എഴുതിയ പുസ്തകങ്ങളെ പറ്റി എഴുതിയ നീണ്ട ലേഖനത്തേക്കാൾ ഉപകാരപ്പെടുക ഒരു പക്ഷേ അദ്ദേഹത്തിൻ്റെ പുസ്തകങ്ങൾ ചേർത്ത് വെച്ചു കൊണ്ടുള്ള ഒരു റീലായിരിക്കും. സി.കെ.കുമാരൻ്റെ ചിത്രങ്ങളൊക്കെ കൂട്ടുചേരുന്ന മികച്ചൊരു റീലും തീർച്ചയായും പ്രതീക്ഷിക്കുന്നുണ്ട്. സെൽഫികൾക്ക് ഒപ്പം നിൽക്കുന്നതും നിൽക്കാതിരിക്കുന്നതും അദ്ദേഹത്തിൻ്റെ വ്യക്തിപരമായ ഇഷ്ടമാണ്. പക്ഷേ അദ്ദേഹത്തിൻ്റെ പുസ്തകങ്ങൾക്ക് വായനക്കാരിൽ ആർക്ക് വേണമെങ്കിലും റീലുകൾ തീർക്കാവുന്നതാണല്ലോ. അദ്ദേഹത്തിൻ്റെ പുസ്തകങ്ങളുടെ മികച്ച അടയാളപ്പെടുത്തലായി അത് മാറാനും ഇടയുണ്ട്.
വാൽക്കഷ്ണം: പുസ്തകങ്ങളെ കുറിച്ച് എഴുതിയ ആസ്വാദനമോ പഠനമോ ഒന്നുമല്ലാത്തതിനാൽ തന്നെ പുസ്തകങ്ങളുടെ രത്നച്ചുരുക്കവും മറ്റും ലേഖനത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സെൽഫികളിൽ നിന്നും ലിറ്റററി ഫെസ്റ്റിവല്ലുകളിൽ നിന്നുമൊക്കെ മാറി നിൽക്കാൻ ആഗ്രഹിക്കുന്നതായി പറയുന്ന എഴുത്തുകാരനെ വായിക്കാനുള്ള ശ്രമമാണ് നടത്തിയിട്ടുള്ളത്. സെൽഫികൾക്കുമുണ്ട് ഒട്ടേറെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകൾ എന്നിരിക്കെ എപ്പോഴെങ്കിലും ജി.രവി എന്ന എഴുത്തുകാരനെ നേരിൽ കാണുമ്പോൾ ഒന്നിച്ചൊരു സെൽഫി എടുക്കാൻ തീർച്ചയായും ആഗ്രഹിക്കുന്നുണ്ട്.
അരുൺകുമാർ പൂക്കോം
പൂക്കോം, പാനൂർ പോസ്റ്റ്, കണ്ണൂർ ജില്ല.
നന്നായി 👏🏼