ജൂലി ഡി എം
Published: 10 october 2024 ആര്‍ട്ട് ഗാലറി/ട്രോള്‍
അപര ലോകമൊരുക്കി അതിജീവിക്കുന്നവർ
( അമലിന്റെ കുശലകുമാരി എന്ന കഥയുടെ വായന )
പുരുഷാധിപത്യം അരങ്ങു വാഴുന്ന ഇടങ്ങളിൽ തികച്ചും അനാഥവും അരക്ഷിതവുമായ ചുറ്റുപാടുകളിൽ ജീവിക്കുന്ന സ്വാതന്ത്ര്യ ബോധമുള്ള, അഭിമാനമുള്ള ഒരു സ്ത്രീക്ക് അതിജീവനംസാധ്യമാകില്ലെന്നാണ് ജീവിതവും സാഹിത്യവും നമ്മോടു പറയുന്നത്. ദുരന്തത്തിൽ അവസാനിക്കുന്ന അത്തരം സ്ത്രീ ജീവിതങ്ങളുടെ ഒട്ടനവധി ആഖ്യാനാവർത്തനങ്ങൾ ഉണ്ടായിട്ടുണ്ട്.അതൊക്കെ തന്നെ പല രൂപത്തിൽ ഇനിയും ഉണ്ടാവുകയും ചെയ്യും.ആൺ വ്യവസ്ഥയോടും അത് പടച്ചുവിടുന്ന ആൺ നിർമ്മിത ലോകത്തോടും പൊരുതി നിൽക്കുന്ന തന്റേടികളായ സ്ത്രീകളെ മലയാളികൾ കണ്ടത് കെ. സരസ്വതി അമ്മയുടെ കൃതികളിലാണ്.പക്ഷേ അതിന് പിൽക്കാലത്ത് തുടർച്ചയുണ്ടായില്ല.
പുരുഷാധിപത്യം തൻറെ ശത്രുക്കളെ നേരിടാൻ ഒരുക്കി വെച്ചിരിക്കുന്ന ടൂളുകൾ ഇരുതലമൂർച്ചയുള്ളതായതിനാൽ എങ്ങനെയൊക്കെ എതിരിട്ടാലും എതിരിടുന്നവർക്ക് സാരമായ പരിക്ക് പറ്റാനാണ് സാധ്യത.സ്ത്രീപക്ഷത്തുനിന്ന് പുരുഷാധിപത്യത്തിനെതിരെ എഴുതുമ്പോൾ പോലും അത്തരം എഴുത്തുകൾ സ്ത്രീവിരുദ്ധമായി മാറുന്ന കാഴ്ചകളും നാം കാണുന്നു.ആൺ ഇച്ഛകളെ ആവിഷ്കരിക്കാൻ നിലവിലെ വ്യവസ്ഥയാൽ നിർമ്മിക്കപ്പെട്ട ഒരു ഭാഷ കൊണ്ട് അതേ വ്യവസ്ഥയെ എതിർക്കുമ്പോൾ സംഭവിക്കുന്ന പ്രശ്നങ്ങളും എഴുത്തുകാർ നേരിടേണ്ടി വരും.പുരുഷനിർമ്മിതമായ ഭാഷ കൊണ്ട് സ്ത്രീപക്ഷത്തു നിന്ന് എഴുതുമ്പോൾ സംഭവിക്കുന്ന അപകടങ്ങളും പ്രതിസന്ധികളുമുണ്ട്.ഇക്കാരണങ്ങൾ കൊണ്ട് തന്നെ പല തീവ്ര ഫെമിനിസ്റ്റ് കഥകളും സൂക്ഷ്മമായ വായനയിൽ സ്ത്രീവിരുദ്ധമായി മാറുകയും ചെയ്യും.പുരുഷാധിപത്യവും അതിൻറെ മൂട് താങ്ങികളും ഉയർത്തുന്ന വെല്ലുവിളികൾ ഒരു സ്ത്രീ ഒറ്റയ്ക്ക് അതിജീവിക്കുക എന്നത് ഒരു അതികാല്പനിക ഭാവനയാണ്. കച്ചവട സിനിമകളിൽ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്ന ആണധികാര നായക നിർമ്മിതികളുടെ മറുപുറമായി അത്തരം സ്ത്രീ കഥാപാത്രങ്ങൾ മാറും.അത്തരം ഉദ്യമങ്ങൾ അവിശ്വസനീയമായോ പരിഹാസ്യമായോ മാറും എന്ന തിരിച്ചറിവ് പുതുതലമുറ കഥാകൃത്തായ അമലിന് ഉണ്ട്.ഒരു നാടിനെ ഒന്നാകെ വിറപ്പിക്കുന്ന, വെല്ലുവിളിക്കുന്ന, നിലവിലെ വ്യവസ്ഥയേയും അത് നിർമ്മിച്ചു വച്ചിരിക്കുന്ന സകലമാന കേഡികളെയും അപ്പാടെ എടുത്ത് നിലത്തടിക്കുന്ന ഒരു അതിമാനുഷിക സ്ത്രീ കഥാപാത്രത്തെ വളരെ വിശ്വസനീയമായും രസകരമായും അവതരിപ്പിക്കുന്ന കഥയാണ് അമലിന്റെ ‘കുശലകുമാരി.’ ചെറുകഥയുടെ വ്യാപ്തിയെ അതിലംഘിക്കുന്ന’ കുശല കുമാരി’ ഒരു നോവലെറ്റ് ആണെന്ന് പറയാം.
കഥയും കഥാ നായികയും
തിരുവനന്തപുരത്തെ ചന്തയായ ചന്തയിലെല്ലാം മലക്കറിക്കച്ചവടം ചെയ്ത് ജീവിക്കുന്ന കുശലകുമാരിയാണ് കഥാ നായിക. ആറടി ഉയരം. മൂന്നുപെറ്റതാണെങ്കിലും ഉടയാത്ത ഉരുക്കു പോലത്തെ ശരീരം.കറുത്ത നിറം. നര തൊടാത്ത തല. തീക്കണ്ണുകൾ. കള്ളിക്കൈലി, ബ്ലൗസ്, തോർത്ത്. കാവലിന് കന്ന്യാവുകൾ, ചാവുകൾ, മറുതയൊക്കെയുള്ള ഭൂലോക കേഡിയാണ് ഈ കുശലകുമാരി. ഒരു നെടുമ്പാറക്കെട്ടിനു മുകളിലാണ് അവളുടെ വീട്.തലയിൽ വരിക്കച്ചക്കയും വെച്ച് ആ നെടുമ്പാറക്കെട്ടിറങ്ങുമ്പോൾ കാല് തെറ്റി വീണ് അമ്മ മരിക്കുമ്പോൾ അവൾക്ക് പതിനാലോ പതിനഞ്ചോ വയസ്സാണ്. അന്നുമുതൽ ചന്തകളിൽ പച്ചക്കറി കച്ചവടം നടത്തുകയാണവൾ. ഓരോ ചന്തയിലും അവൾക്ക് ഓരോരോ പേരുകൾ ആയിരുന്നു. ചട്ടമ്പി കല്യാണി, റൗഡി രാജമ്മ,ബീഡിക്കുഞ്ഞമ്മ,ചന്ത മറിയ ….അങ്ങനെ.
അമ്മ മരിച്ച ശേഷം ജീവിക്കാനായി വട്ടിയുമേന്തി ആദ്യമായി ചന്തയിൽ വന്ന അന്ന് തന്നെ ചന്തപ്പിരിവും തറവാടകയും കൊടുക്കില്ലെന്ന് പ്രഖ്യാപിച്ച് വഴക്കും തെറിവിളിയും നടത്തി ആ കിളുന്ത് പെണ്ണ് നോട്ടപ്പുള്ളിയായി. മറ്റ് കച്ചവടക്കാരായ ആണുങ്ങളും പെണ്ണുങ്ങളും അവളെ അകറ്റി നിർത്തി.” തദ്ദേശീയരായ സകലവന്മാരും വന്ന് മീശയും മസിലും ചന്തപ്പോരും കാട്ടി വശീകരിക്കാൻ പണിപ്പെട്ടു. ക്ഷമ നശിച്ചപ്പോൾ വെട്ടിത്തുറന്ന് ഇംഗിതങ്ങൾ ചൊല്ലി ഭേഷാ തെറിയും വാങ്ങിക്കെട്ടി പോയി.”ഒടുവിൽ രണ്ട് കെട്ടി അഞ്ചാറു പിള്ളേരുള്ള വെറ്റിലക്കൊടി ഭാർഗവനാണ് കുശലകുമാരിയെ കെട്ടിയത്.
എല്ലാവരും പ്രതീക്ഷിച്ചത് പോലെ രണ്ടു പെൺകുട്ടികൾ ഉണ്ടായതും അയാൾ ഉപേക്ഷിച്ചു പോയി. പക്ഷേ അധികം താമസിയാതെ ഭാർഗവൻ പാറക്കെട്ടിൽ തലച്ചോർ ചിതറി ചത്തുകിടക്കുന്ന കാഴ്ചയാണ് നാട്ടുകാർ കാണുന്നത്.
ചന്തച്ചട്ടമ്പികൾ ഭാർഗവന്റെ മകനെ കണ്ടുപിടിച്ച് കുശലകുമാരിയാണ് അച്ഛനെ കൊന്നതെന്ന് കാതിലോതി അടുത്ത ചന്തയ്ക്ക് കുശലകുമാരിയുടെ മുന്നിലേക്ക് ഉന്തിവിട്ടു. “അച്ഛൻറെ കാര്യം ചോദിക്കാൻ ചെക്കൻ വാ തുറന്നതും മുണ്ടച്ചക്കയ്ക്ക് തലയ്ക്കടിയേറ്റ് അത്യാഹിത അവാർഡിലേക്ക് ഒടിഞ്ഞു കുത്തി വീണതും ഒപ്പം കഴിഞ്ഞു” കുശലകുമാരി അകത്തു പോയി. ജാമ്യത്തിൽ ഇറങ്ങാൻ സഹായിച്ച മാത്തച്ചനിൽ അവൾക്ക് ഒരു മഹാ വെടക്ക് ചെറുക്കനുണ്ടായി. ബൈജു.നാട്ടുകാർ അവനെ ഒൻപത് എന്ന് വിളിച്ചു. വീടിന് തീപിടിച്ച് കുശലയുടെ രണ്ട് പെൺമക്കൾ കത്തിക്കരിഞ്ഞു പോയി.
ആ പെൺകുട്ടികൾ കന്ന്യാവുകളായി കുശല കുമാരിക്കൊപ്പമുണ്ട്. കുന്നിൽ ആരും പോകാത്ത കാടുപിടിച്ചു കിടന്ന മാടൻ മറുതത്തറകൾ കുശലകുമാരി പോയി വൃത്തിയാക്കി വിളക്കും വെച്ച് ആരാധന നടത്തുന്നത് കാരണം വെള്ളിയാഴ്ച കുന്നുവഴി ആരു പോയാലും മായക്കാഴ്ചകൾ കണ്ട് ചോര തുപ്പി മരിക്കും!
അന്തിയെരിഞ്ഞാൽ കുന്നിലാകെ അവളുടെ വാതകളും ശാശ്കളും പേകളും കന്ന്യാവുകളും മണികിലുക്കി അലഞ്ഞു നടക്കുന്നത് പലരും കണ്ട് പനിപിടിച്ചു കിടപ്പിലായി.എല്ലാവരാലും കൈയ്യൊഴിയപ്പെട്ട് തെരുവിലായ പിച്ചക്കാരികളായ മാനസികാസ്വാസ്ഥ്യമുള്ള ധാരാളം കിളവിമാർക്ക് കുശലകുമാരി അഭയമായി. അങ്ങനെ കൂടിയ വയസ്സിത്തള്ളമാർ ചാകുമ്പോൾ കുശലകുമാരി പറമ്പിൽ കുഴിച്ചിട്ട് ചുടല തെങ്ങുകൾ വെച്ച് വെച്ച് ഇപ്പോൾ അവളുടെ വീടിന്റെ പരിസരമാകെ ചുടലത്തെങ്ങുകളാണ്.സന്ധ്യയായാൽ കുശലകുമാരി പത്തിരുപത് തെങ്ങുകളുടെ ചുവട്ടിൽ കുടമണി കെട്ടി വിളക്കും തിരിയും വയ്ക്കും. എങ്ങും പുക. അന്തരീക്ഷത്തിനാകെ മഞ്ഞളിന്റെയും കുന്തിരിക്കത്തിന്റെയും മണം. സന്ധ്യ മയങ്ങിയാൽ പേ ഊളന്മാരുടെ അലർച്ചകളും കന്ന്യാവുകളുടെ നിലവിളികളും കേൾക്കുന്നതുകൊണ്ട് കുന്നുകളിലെ ഒരു വീട്ടിലും സമാധാനമില്ലാതായി.കുശലകുമാരി തല്ലി ഇറക്കിയ രണ്ടാം കെട്ടിയോൻ മാത്തച്ചൻ അറവലക്കുന്നിലെ വറ്റാക്കിണറ്റിൽ വീണു ചത്തുകിടക്കുന്ന വാർത്ത കൂടി വന്നതോടെ നാട്ടിലാകെ കുശല കുമാരിക്ക് ഒരു ഭീകര പരിവേഷമായി.ആറ്റിൽ തുണി കഴുകവേ പെണ്ണുങ്ങളെ ശല്യം ചെയ്ത ബാബുവിനെ എടുത്ത് തലകീഴായി മുക്കിയത് കണ്ട് ഇത്തിരി അനുഭാവം കാട്ടിയ കുന്നിലെ പെണ്ണുങ്ങൾ തന്നെഭയന്നോടി.
കുശലകുമാരിയോട് പകയുള്ള ചന്ത കോൺട്രാക്ടും അല്ലറ ചില്ലറ രാഷ്ട്രീയവുമായി നടക്കുന്ന ബഹനാൻ, പ്രാദേശിക മുതലാളി നളിനൻ , ഇപ്പറഞ്ഞവരുടെ കേഡികളെല്ലാവരും കൂടി കുശലകുമാരിയെ പൂട്ടാൻ പുതിയ പദ്ധതി ആവിഷ്കരിച്ചു. മാത്തച്ചന്റെ ആദ്യ ഭാര്യയെ വരുത്തി മാത്തച്ചനെ കൊല്ലുന്നത് താൻ നേരിട്ട് കണ്ടെന്ന് പറഞ്ഞ് കുശലകുമാരിയെ തെറിയഭിഷേകം നടത്തിക്കുന്നു.കുശലകുമാരി കയ്യിൽ കിട്ടിയ തിരച്ചിവാലു ചുഴറ്റി എതിരാളിയെ ചറപറാ തല്ലി. മാത്തച്ചനെ മാത്രമല്ല ആദ്യ ഭർത്താവ് വെറ്റിലക്കൊടി ഭാർഗവനേയും താൻ തന്നെയാണ് കൊന്നതെന്ന് പറഞ്ഞ് കൊലപ്രകടനം നടത്തി.ബഹനാന്റെ ഗെഡികളായ പോലീസുകാര് വന്ന് പ്രതിയെ തൂക്കിക്കൊണ്ടുപോയി. കുശലകുമാരി മാത്തച്ചനെ കിണറ്റിൽ തള്ളിയിട്ട് കൊല്ലുന്നത് കണ്ടെന്ന് മാർത്തച്ചന്റെ ഭാര്യ കോടതിയിൽ സാക്ഷി പറഞ്ഞു. കോടതിയാണെന്നൊന്നും നോക്കാതെ കുശലകുമാരി ജഡ്ജിയെ വരെ തെറി വിളിച്ചു.”നാക്കിന് കുറച്ചുനാൾ ഒരു റസ്റ്റൊക്കെ കൊട്” എന്ന് പറഞ്ഞ് ജഡ്ജി നേരെ അട്ടക്കുളങ്ങരയ്ക്ക് എഴുതി.
കുശലകുമാരി ജയിലിൽ പോയതോടെ തന്നെ പാറക്കെട്ടിൽ നിന്ന് തള്ളിയിട്ട് കാലൊടിച്ച കുശലയുടെ മകനെ പൂട്ടാൻ ബഹനാനും സംഘവും അടുത്ത പദ്ധതിയിട്ടു.കേഡികളിൽ ഒരാളായ ഷൈജുവിനെ പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന്റെ ചുമതലക്കാരനാക്കി.”ഷൈജുവിന് പെൺകുട്ടികളെ ഇഷ്ടമല്ല. ആൺകുട്ടികളെയും ഇഷ്ടമല്ല. കൊശവ കുമാരിയുടെ മോനെ പോലെയുള്ളവരെയാണ് താത്പര്യം. ഇവൻ കൈവച്ചാൽ പിന്നെ ആ ചെക്കന്റെ ജീവിതം ഗോപി. കുശലകുമാരി ഇതറിഞ്ഞ് നീറി നീറി ജീവിക്കണം” ഇതായിരുന്നു പദ്ധതി. പക്ഷേ പദ്ധതി തിരിച്ചടിച്ചു!
വെള്ളമടിച്ചിരിക്കുമ്പോൾ ബൈജുവിനെ താൻ ശരിക്കും കല്യാണം കഴിക്കാൻ പോവുകയാണെന്ന് ഷൈജു പറഞ്ഞത് കേട്ട് എല്ലാവരും ഞെട്ടി ! “ അത്രയ്ക്കും നല്ല ആളാണ് ബൈജു. ആണുങ്ങളും പെണ്ണുങ്ങളും മാത്രമാണ് ഈ ലോകത്ത് നല്ലവരല്ലാത്തവർ. മറ്റുള്ളവരും മറ്റുള്ളവയുമെല്ലാം നന്മ തന്നെയാണ്.” എന്നും “ഒറ്റപ്പെട്ടവരാണ് ഏറ്റവും കരുത്തർ” എന്നുമുള്ള ഡയലോഗുകളും ഷൈജുവിൽ നിന്നുണ്ടായി.
കുശലകുമാരി പോയതിൽ പിന്നെ ബൈജു കുന്നിൻ മുകളിൽ വിളിച്ചുകയറ്റിയ ഭിന്നലിംഗക്കാരെയും കുഷ്ഠരോഗികളെയും മുടന്തരെയും ഭ്രാന്തരെയുമൊക്കെ കൊണ്ട് താനും ബൈജുവും നാടുവിട്ടു പോകാനുള്ള പദ്ധതി ഇട്ടിട്ടുണ്ടെന്നും അതിനുള്ള പണം കിട്ടാൻ വേണ്ടിയാണ് കാത്തിരിക്കുന്നത് എന്നും ഷൈജു കേഡികളോട് വെളിപ്പെടുത്തി. ബഹനാൻ പഞ്ചായത്ത് ഇലക്ഷൻ ജയിക്കുകയും നളിനൻ മുതലാളി വമ്പൻ മുതലാളിയായി വളരുകയും ചെയ്തു.
നാലഞ്ചുവർഷം കഴിഞ്ഞ് അടുത്ത ഇലക്ഷൻ ആകാറായപ്പോഴേക്കും കുശലകുമാരി ജയിലിൽ നിന്നിറങ്ങി.വന്ന ഉടൻ കള്ള സാക്ഷി പറഞ്ഞ മാത്തച്ചന്റെ ഭാര്യയെ അടിച്ചുപിരുത്ത ശേഷം അട്ടക്കുളങ്ങര ജയിൽ പെണ്ണുങ്ങൾക്ക് പറഞ്ഞിട്ടുള്ളതാണെന്ന പ്രഖ്യാപനവും നടത്തി.ഇതിനിടയ്ക്ക് കേഡികളും നളിന ബഹനാന്മാരും കൂടി മദ്യപിച്ച് ബോധം പോയിരിക്കെ ഷോപ്പിംഗ് കോംപ്ലക്സ് വിൽക്കാൻ ധാരണയായ അഡ്വാൻസ് തുകയുമായി ഷൈജു കടന്നു കളയുന്നു.കണക്കിൽ പെടാത്ത അഡ്വാൻസ് തുക ചെറുതായിരുന്നില്ല. 80 ലക്ഷമായിരുന്നു.നേരം വെളുക്കുന്നതിനു മുമ്പ് തുക തിരികെ പിടിക്കാൻ മുതലാളിമാർ കേഡികളെയും കൊണ്ട് കുശലകുമാരിയുടെ കുന്നിലേക്ക് തിരിക്കുന്നു.കുശലകുമാരിയും മകൻ ബൈജുവും ഷൈജുവും മാത്രമായിരുന്നെങ്കിൽ ആക്രമണം എളുപ്പമായേനെ. ഇതിപ്പോ സകലമാന വയസ്സി തള്ളമാരും മുടന്തരും ഭ്രാന്തരും ഭിന്നലിംഗക്കാരും ഉള്ള ഒരു പട തന്നെയുള്ളപ്പോൾ എന്ത് ചെയ്യും എന്നോർത്ത് മുതലാളിക്കും സംഘത്തിനും തല കറങ്ങി.വെടിവെക്കാൻ പറ്റാത്തതുകൊണ്ട് നൂറുകണക്കിന് ആളുകളെ എറിഞ്ഞിടാനുള്ള മൂന്നു നാല് ലോഡ് മെറ്റലും സംഘടിപ്പിച്ച് സംഘം കുശലകുമാരിയുടെ കുന്നിന് താഴെ എത്തി.നോക്കുമ്പോൾ സഞ്ചികളിൽ പണവുമായി ചുടലത്തെങ്ങിന്റെ മുകളിലായിരിക്കുന്ന ഷൈജുവിനെയും ബൈജുവിനെയും കാണായി. മുതലാളി നിയോഗിച്ച കേഡികൾ പണസഞ്ചി പിടിച്ചെടുക്കാൻ തെങ്ങിൽ കയറിയതും ഷൈജുവും ബൈജുവും പണസഞ്ചികൾ താഴേക്ക് കുടഞ്ഞു.കുന്നിലെ കുശലകുമാരിയുടെ ചുടല തെങ്ങുകളിൽ നിന്ന് രണ്ടായിരത്തിന്റെ മഴ പെയ്യുന്നതറിഞ്ഞ് ആളുകൾ ചാക്കും സഞ്ചികളുമായി ഓടിക്കൂടി. അകലേക്ക് പറന്നു പോകുന്ന നോട്ടുകൾക്ക് കീഴിലൂടെ ബഹനാനും നളിനനും കൂട്ടരും തലകുനിച്ചു കുന്നിറങ്ങി പോകുന്നത് നോക്കി കുടമണി കിലുക്കുന്ന ചുടല തെങ്ങുകൾക്കടുത്ത് കുശലകുമാരിയും കിളവിമാരും ഭിന്നലിംഗക്കാരും മുടന്തരും ബധിരരും അംഗവിഹീനരും നിന്നു. തെങ്ങിൻ മുകളിൽ ഇരിക്കുന്ന ഷൈജുവിനോടും ബൈജുവിനോടും തെങ്ങിൽ നിന്ന് ഇറങ്ങുന്നതിനു മുമ്പ് വിളഞ്ഞ തേങ്ങ കൂടി അടത്തിട്ടേക്കാൻ ഉത്തരവായി “എല്ലാവർക്കും തേങ്ങ തിരുവിയിട്ട കഞ്ഞി ആക്കിക്കളയാം, എന്താ?” എന്ന കുശലകുമാരിയുടെ ചോദ്യത്തിന് “മതി കുശലപ്പെണ്ണേ ,മതി കുശലയമ്മാ, മതി കുശലച്ചേച്ചി ,മതി സഹോദരി, മതി മോളെ വിളികൾ കൊണ്ട് കുന്നാകെ കുളിരണിഞ്ഞു” എന്ന വാക്യത്തിലാണ് പത്ത് ഖണ്ഡങ്ങളായി ആഖ്യാനം ചെയ്തിരിക്കുന്ന കുശലകുമാരി എന്ന കഥ അവസാനിക്കുന്നത്.
സമൂഹം പുറത്താക്കിയ മനുഷ്യരുടെ അപരലോകം
‘നന്മയുള്ള’ ലോകം പുറന്തള്ളിയ ആരും തുണയില്ലാത്ത മനുഷ്യരുടെ ലോകമാണ് കുശലകുമാരിയുടേത്. രാത്രിയിൽ കതക് തള്ളാനും വീട് വളയാനും വരുന്നവരിൽ നിന്ന് ചെറിയ പെൺകുട്ടിയായിരുന്ന അവളെ രക്ഷിക്കുന്നത് ഭ്രാന്ത് പിടിച്ച വയസ്സിത്തള്ളമാരായിരുന്നു. അവർക്ക് മാത്രം വായിച്ചാൽ മനസ്സിലാവുന്ന കഥയായിരുന്നു കുശലകുമാരിയുടേത്.
“കള്ളും കഞ്ചാവും അടിച്ച് പോകുന്നിടത്തെല്ലാം രണ്ടുമൂന്നും വെച്ച് കെട്ടി മക്കളാവുമ്പം കളഞ്ഞിട്ട് പോകുന്ന അസില് കെട്ട വർഗ്ഗങ്ങൾ” എന്നും “ലോകത്ത് ആണുങ്ങൾ വേണ്ടായിരുന്ന്. ചെമ്പരത്തിപ്പൂവും തെറ്റിപ്പൂവുമൊക്കെപ്പോലെ പൊടി വന്ന് വീണ് പെൺകുട്ടികൾ പൂക്കുകയോ മുട്ടയിട്ട് പെൺകുട്ടികളെ വിരിയിക്കുക യോ ചെയ്താൽ മതിയായിരുന്ന് “ എന്നും കിളവിമാർ ആണുങ്ങളെ പ്രാകി.
കുശലകുമാരിക്ക് ആരും പേരും ഇല്ലാത്ത വയസ്സിത്തള്ളമാരായിരുന്നു കൂട്ടെങ്കിൽ മകൻ ബൈജുവിന് നാട്ടുകാർ കൂക്കി ഓടിച്ചിരുന്ന മുടന്തർ അംഗവിഹിനർ, ഭൂതബാധിതർ, കുഷ്ഠരോഗികൾ തുടങ്ങിയ സകലമാന പേരുമായിരുന്നു കൂട്ട് .മാടൻ , മറുത , കന്ന്യാവുകൾ, വഴിപിണക്കികൾ തുടങ്ങിയതിനെയൊക്കെ താണ്ടിയാലും ഇവറ്റകളെ താണ്ടി കുശലകുമാരിയുടെ വീടെത്താൻ ആർക്കും പറ്റാതായി.സമൂഹം പുറം കാലുകൊണ്ട് അടിച്ച് പുറമ്പോക്കിലാക്കിയിരുന്നവരെ ചേർത്ത് പിടിച്ച് അതിജീവനം സാധ്യമാക്കുന്ന മനുഷ്യരുടെ കഥയാണ് അമൽ പറയുന്നത്.കുട്ടിക്കാലത്ത് തന്നെ ക്രൂരമായ ലൈംഗികാതിക്രമങ്ങൾക്കിരയായി ആണിനെയോ പെണ്ണിനെയോ സ്നേഹിക്കാൻ കഴിയാതെ പോകുന്ന മനുഷ്യരും കഥയിൽ കടന്നുവരുന്നു.സമൂഹത്തിലെ ‘നന്മ’യുള്ളവരേക്കാൾ ഉയരത്തിലാണ് കുശലകുമാരിയുടെയും കൂട്ടരുടെയും പാർപ്പ്.സ്ത്രീയെക്കുറിച്ച് സമൂഹം നിർമ്മിച്ച് വെച്ചിരിക്കുന്ന ജെന്റർ ബോധ്യങ്ങളെ കുശല കുമാരി തകിടം മറിക്കുന്നു .
വ്യക്തി/ കുടുംബ ജീവിത ദുരന്തങ്ങളിൽ പകച്ചു നിൽക്കുന്ന ടൈപ്പ് സ്ത്രീ കഥാപാത്രങ്ങളിൽ നിന്നകന്നാണ് അവളുടെ നിൽപ്പ്.ആരുമില്ലാത്തവർക്ക് അഭയമാകുക വഴി സ്വയം അതി ജീവനം സാധ്യമാക്കാനും അവൾക്ക് കഴിയുന്നു.
അവളുടെ വീടിരിക്കുന്ന ദുർഘടമായ പാറക്കെട്ട് പ്രമാണിമാർക്കും പകൽ മാന്യന്മാർക്കും ചാവൊരുക്കുന്നു.സമൂഹം അടുപ്പിക്കാതെ അകറ്റിനിർത്തുന്നവരിലാണ് നന്മയും മനുഷ്യപക്ഷവുമുള്ളത് എന്നാണ് കഥ നമ്മോട് പറയുന്നത്. മേടകളിലെ ദൈവങ്ങൾ മുഖ്യധാരാ സമൂഹത്തിന് തുണയാകുന്നതുപോലെ പുറമ്പോക്കിലെ മാടനും മറുതയും ശാശ്കളും അവിടുത്തെ മനുഷ്യർക്ക് തുണയാകുന്നു.നാട്ടിൽ വളർന്നുവരുന്ന നവ മുതലാളിമാരോടും രാഷ്ട്രീയ ദല്ലാളന്മാരോടും അവരുടെ സിൽബന്തികളായ പോലീസുകാരോടും ഇവരോടെല്ലാം വിധേയപ്പെട്ട് നിൽക്കുന്ന കേഡികളോടും അവരാൽ നിർമ്മിക്കപ്പെട്ട അധികാര ലോകത്തോടും സ്വന്തമായി ഒരു അപരലോകം തീർത്താണ് കഥാ നായിക പ്രതികാരം ചെയ്യുന്നത്.അനാഥരും അരക്ഷിതരുമായ സ്ത്രീകളും ,അന്ധരും മുടന്തരും ഭ്രാന്തരും അംഗവിഹിനരും രോഗികളുമായ മനുഷ്യരും ചാവുകളും മാടനും മറുതയും കന്യാവുകളും കാവൽ നിൽക്കുന്ന ആ അപരലോകം മനുഷ്യ പക്ഷത്താണ് നിലയുറപ്പിച്ചിട്ടുള്ളത്.വ്യവസ്ഥയെ വെല്ലുവിളിക്കുന്ന സ്ത്രീകഥാപാത്രങ്ങൾക്ക് ദാരുണാന്ത്യം നൽകി ‘സ്ത്രീപക്ഷം’ ഘോഷിക്കുന്ന
കഥാകൃത്തുക്കൾക്ക് ഒരപവാദമാണ് കുശലകുമാരിയുടെ കാഥികൻ.
വ്യവസ്ഥയേയും അതിന്റെ ആണധികാര രൂപങ്ങളെയും തിരച്ചിവാലിന് തല്ലുന്ന ഒരു നായികയെ കഥയിൽ വിജയിപ്പിച്ചെടുത്തതിന് അമൽ നല്ലൊരു കയ്യടി അർഹിക്കുന്നു.കഥ പറഞ്ഞു പോകുന്നതിന്റെ ഇടമുറിയാത്ത ഒഴുക്കും തിരുവനന്തപുരത്തിന്റെ പ്രാദേശിക വായ്മൊഴിയുടെ പ്രയോഗം ആഖ്യാനത്തിനു നൽകുന്ന രസനീയതയും എടുത്തു പറയേണ്ടതാണ്.അമലിന്‍റെ `ഉരുവം’ എന്ന സമാഹാരത്തിലാണ് കഥയുള്ളത്.
ജൂലി ഡി എം
അദ്ധ്യാപിക