
കെ.സന്തോഷ്
Published: 10 September 2025 കവിത
അപൂർണം
ഒരു മഴയും ഒരാളെയും
അടിമുടി നനയ്ക്കുന്നില്ല!
ഒരു വേനലും ആരേയും
മുഴുവനായ് പൊള്ളിക്കുന്നുമില്ല.
സങ്കടങ്ങൾക്ക് പരിമിതികളുണ്ട്,
ആഹ്ലാദങ്ങൾക്ക് അതിലേറെ.
നോക്കൂ,
ഓരോ എഴുത്തുകാരും തൃപ്തിയോടെയാണോ
തങ്ങളുടെ സൃഷ്ടികൾക്ക് അടിവരയിടുന്നത്?
ആനന്ദന്റെ നിലയ്ക്കാത്ത സംശയങ്ങൾ
പൂർണതയെ ബൗദ്ധ കേന്ദ്രങ്ങളിൽ നിന്നും പുറന്തള്ളുന്നു.
ഒരു ചോദ്യവും ഒരു ഉത്തരത്തിൽ അവസാനിക്കുന്നില്ല.
പരദൂഷണങ്ങൾക്ക് ചെവി വട്ടം പിടിക്കുന്നവർ
ഒരു കുടുംബ കലഹത്തിന് വേണ്ടതൊക്കെ കിട്ടിയിട്ടും
വീണ്ടും, വീണ്ടും ചെവി കൂർപ്പിക്കുന്നു.
ഇനിയുമെന്തെങ്കിലും,
ഇനിയുമെന്തെങ്കിലും.
‘പൂർണത’ കുന്നിൻ മുകളിലുളള
ഒറ്റമുറി വീട്ടിലെ കതകിൽ മുട്ടുന്നു.
വീട്ടിലെ അന്ധയായ പെൺകുട്ടി
തന്റെ കാമുകന് വേണ്ടി,
തൂവാലയിൽ മനോഹരമായ ചിത്രങ്ങൾ
തുന്നുന്നതിന്റെ തിരക്കിലാണ്.
അവൾക്ക് എങ്ങനെ കഴിയും
ആ അപരിചിതന് വാതിൽ തുറന്നുകൊടുക്കാൻ?

കെ.സന്തോഷ്
കാനറി ലോഡ്ജ് എസ്സ് എൻ കോളേജിന് സമീപം കൊല്ലം 691001 ഫോൺ:9526770692

ചിത്രീകരണം
ശ്രീജാറാണി, അദ്ധ്യാപിക, ജി എച്ച് എസ് എസ് , കോറം, കണ്ണൂർ.
