
ഡോ.അരുൺ മോഹൻ പി.
Published: 10 November 2025 കവര്‍സ്റ്റോറി
മലബാറിലെ ഔഷധസസ്യങ്ങളും പതിനേഴാം നൂറ്റാണ്ടിലെ കൊളോണിയല്‍ ഇടപെടലുകളും:
ഹെന്‍റി വാന്‍റീഡ് ടോട് ഡ്രാക്കസ്റ്റൈന്‍, ഇട്ടി അച്യുതന്‍ എന്നിവരുടെ സംഭാവനകളെ വിലയിരുത്തുന്ന പഠനം
കേരളത്തിന്റെ ചികിത്സാപാരമ്പര്യത്തെ സംബന്ധിച്ച് ചരിത്രപരമായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള വിലയിരുത്തലുകള്‍ക്ക് പ്രസക്തിയുണ്ട്. പ്രകൃതിയുമായി ഇടപെട്ട് ജീവിക്കുന്ന മറ്റ് ജന്തുജീവജാലങ്ങളില്‍ നിന്നും മനുഷ്യരെ വ്യത്യസ്തമാക്കുന്നത് പരീക്ഷണനിരീക്ഷണങ്ങളിലൂടെ ചുറ്റുപാടിലും ലഭ്യമായ വിഭവങ്ങളെ ഭിന്നാവശ്യങ്ങള്‍ക്കുപയോഗിക്കുന്നതിനുള്ള ശേഷിയാണ്. വേട്ടയാടല്‍, കൃഷി, വിഭവസമാഹരണം എന്നിങ്ങനെ പ്രാഥമികമായ ജീവസന്ധാരണഘട്ടങ്ങളില്‍ വിവിധങ്ങളായ പരിക്കേല്‍ക്കുന്നതിനും അസുഖങ്ങള്‍ പിടിപെടുന്നതിനും അധിക സാധ്യതയുള്ളതായിരുന്നു നമ്മുടെ പൂര്‍വ്വിക ജീവിതത്തിലെ സന്ദര്‍ഭങ്ങള്‍. ഇത്തരത്തിലല്ലാതെയും പലവിധ അസുഖങ്ങള്‍ പ്രായഭേദമനുസരിച്ച് മനുഷ്യര്‍ക്കും മനുഷ്യരാല്‍ ഉപയോഗിക്കപ്പെടുന്ന ജീവിവര്‍ഗങ്ങള്‍ക്കും സാധാരണമാണ്. കലിംഗയിലെ അശോകന്റെ ഭരണകാലത്ത് തന്റെ അധികാരപരിധിയില്‍ ഉള്‍പ്പെടുന്ന ഭൂപ്രദേശങ്ങളിലെല്ലാം മനുഷ്യരേയും മൃഗങ്ങളേയും ചികിത്സിക്കുന്നതിനാവശ്യമായ സംവിധാനങ്ങള്‍ ഒരുക്കുന്നതിനായി നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നതായി അദ്ദേഹം പുറപ്പെടുവിച്ച ശാസനങ്ങളില്‍ നിന്നും അറിയാനാകും. അശോകനില്‍ പരിവര്‍ത്തനാത്മക ബോധ്യമായി പ്രവര്‍ത്തിച്ച ബുദ്ധമതാശയങ്ങളാകാം ഇത്തരമൊരു പ്രവൃത്തിക്കദ്ദേഹത്തെ പ്രാപ്തനാക്കിയത്. കേരളവും ബുദ്ധമതത്തിന് പ്രചാരമുണ്ടായിരുന്ന ഭൂപ്രദേശമാണ്. വിദ്യഭ്യാസം, ആരോഗ്യരംഗം എന്നീ മേഖലകളില്‍ പ്രസ്തുത സ്വാധീനം കേരളത്തില്‍ തുടര്‍ന്നു. തദ്ദേശീയവും ചുറ്റുപാടുമുള്ളതുമായ പ്രകൃതിയില്‍ തെളിഞ്ഞും മറഞ്ഞും നിലകൊള്ളുന്ന സസ്യജാലങ്ങള്‍ മനുഷ്യര്‍ക്ക് മരുന്നായി ഭവിച്ചു. ഇവയെ ആധാരമാക്കി ഹോളണ്ടിലെ ആംസ്റ്റര്‍ഡാമില്‍ നിന്നും സി.ഇ. 1678 മുതല്‍ 1693 വരെ പന്ത്രണ്ട് വാല്യങ്ങളിലായി ബൃഹത്തായതും അനവധി വ്യക്തികളുടെ കൂട്ടായ അധ്വാനത്തിന്റെ ഗുണഫലങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ ഹോര്‍ത്തൂസ് മലബാറിക്കൂസ് പ്രസിദ്ധീകരിക്കപ്പെട്ടു. ഈ പ്രസിദ്ധീകരണ പ്രക്രിയ പൂര്‍ത്തിയാകുന്നതിന് മുമ്പ് വാന്‍റീഡ് മരണപ്പെടുകയും ചെയ്തു. പക്ഷേ, സസ്യശാസ്ത്രപഠനമേഖലയിലെ സുപ്രധാന ഇടപെടലായി ഹോര്‍ത്തൂസ് മലബാറിക്കൂസ് ഇന്നും നിലനില്ക്കുന്നു എന്ന യാഥാര്‍ത്ഥ്യം ഈ ഉദ്യമത്തിന്റെ പ്രസക്തിയെ ബോധ്യപ്പെടുത്താന്‍ പര്യാപ്തമാണ്.
കൊച്ചിയിലെ ഡച്ചും വാന്‍റീഡും
സി.ഇ. പതിനാറാം നൂറ്റാണ്ടില്‍ കച്ചവടത്തിനായി ഡച്ച് ഈസ്റ്റിന്ത്യാ കമ്പനി രൂപീകൃതമായിരുന്നു. സി.ഇ. പതിനേഴാം നൂറ്റാണ്ടില്‍ കേരളത്തില്‍ തങ്ങളുടെ കച്ചവടകുത്തക ഉറപ്പിക്കാനുള്ള അവസരം ഡച്ച് ഈസ്റ്റിന്ത്യാകമ്പനിക്ക് ലഭിച്ചു. ഇക്കാലത്തെ കേരളത്തിലെ നാട്ടുരാജ്യമായിരുന്ന കൊച്ചിയിലെ താവഴിത്തര്‍ക്കങ്ങളും അത് മുതലെടുത്ത് കോഴിക്കോട്ടെ സാമൂതിരിയും കൊച്ചി കോട്ടയില്‍ കച്ചവടകുത്തക കയ്യാളിയിരുന്ന പോര്‍ച്ചുഗീസും നടത്തിയ വെല്ലുവിളികളതിജീവിക്കാന്‍ സിലോണില്‍ വാണിജ്യകുത്തക ഉറപ്പിച്ചിരുന്ന ഡച്ച് അധികാരികളെ കൊച്ചിയിലെ രാജാവ് ക്ഷണിച്ച് കൊണ്ടുവരികയായിരുന്നു. സി.ഇ. 1663 ജനുവരിയില്‍ ഇപ്രകാരം ഡച്ച് കൊളോണിയല്‍ ശക്തി കേരളത്തില്‍ എത്തിച്ചേര്‍ന്നു. ഭൂമിശാസ്ത്രപരമായി കേരളം വലിയ പ്രദേശമല്ലാതിരുന്നിട്ടുകൂടി വളരെയധികം സ്വരൂപികള്‍ തങ്ങള്‍ക്ക് ഭൂസ്വത്തുള്ള മേഖലകളില്‍ രാജാക്കന്മാരായി വാണു. ഇതിനാല്‍ത്തന്നെ കേരളത്തില്‍ വളരെയധികം ആഭ്യന്തരകലഹങ്ങളും സ്വാഭാവികമായിരുന്നു. ഇത്തരത്തിലുള്ള കലഹങ്ങള്‍ക്ക് പുറകില്‍ വിഭവങ്ങള്‍ക്കുമേലുള്ള അവകാശവാദങ്ങളും ഉണ്ടായിരുന്നു. കിഴക്ക് സഹ്യപര്‍വ്വതവും പടിഞ്ഞാറ് അറബിക്കടലും കിഴക്കോട്ടും പടിഞ്ഞാറോട്ടും ഒഴുകുന്ന നദികളും പാടശേഖരങ്ങളും കായലുകളും ജലാശയങ്ങളും ഇടവിട്ട് പെയ്യുന്ന മഴയും ധനു, മകരം, കുംഭം, മീനം, മേടം മാസങ്ങളിലെ വെയിലേറ്റവുമെല്ലാം ചേര്‍ന്ന കാലാവസ്ഥ കേരളത്തില്‍ സമ്പന്നമായ ഒരു ജൈവസമ്പന്നതയെ ഒരുക്കി. ഈ ജൈവസമ്പന്നതയിലേക്ക് കൂടിയാണ് യൂറോപ്യന്‍ കമ്പനികള്‍ എത്തിച്ചേര്‍ന്നത്. എങ്കിലും അവര്‍ക്കുമുമ്പേ ഇവിടെ കച്ചവട കുത്തക കയ്യടക്കിയിരുന്ന അറബിക്കച്ചവടക്കാര്‍ ഈ ഭൂമേഖലയിലെ വിളകളുടെയും ഔഷധസസ്യങ്ങളുടെയും കച്ചവട സാധ്യത തിരിച്ചറിഞ്ഞിരുന്നു. യൂറോപ്യന്‍ കച്ചവട കമ്പനികള്‍ സുഗന്ധവ്യഞ്ജനവ്യാപാരമേഖലയിലെ അറേബ്യന്‍ കുത്തക തകര്‍ത്തെങ്കിലും ഔഷധസസ്യങ്ങളും അനുബന്ധഘടകങ്ങളും വലിയ വിലയ്ക്ക് യൂറോപ്പില്‍ വില്‍പ്പന നടത്തിയിരുന്നു. ഇവ അവിടെ വേണ്ടരീതിയില്‍ സംസ്കരിച്ച് കേരളത്തിലേക്ക് തന്നെ മരുന്നായി തിരിച്ചെത്തുമ്പോള്‍ വിലയിലെ മാറ്റം വലുതായിരുന്നു. കച്ചവടം, ലാഭം, അധീശത്വം എന്നിവയ്ക്ക് മുന്‍ഗണനകൊടുത്ത് കൊച്ചിയിലെ ഡച്ച് ഗവര്‍ണ്ണറായിരുന്ന ഹെന്‍റി വാന്‍ റീഡ് ടോട് ഡ്രാക്കസ്റ്റൈന്‍ എന്ന യുദ്ധവീരനായ, ഭരണനൈപുണിയുള്ള ഉദ്യോഗസ്ഥന്‍ ഈ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നതിന്റെ പശ്ചാത്തലമിതായിരുന്നു.
ഹെന്‍റി വാന്‍റീഡ് ടോട് ഡ്രാക്കസ്റ്റൈനും സസ്യശാസ്ത്രപഠനമേഖലയും
സി.ഇ. പതിനേഴാം നൂറ്റാണ്ടില്‍ സസ്യശാസ്ത്രപഠനശാഖ വൈദ്യമേഖലയുടെ ഒരനുബന്ധമേഖലയെന്ന നിലയിലാണ് പ്രസക്തമാകുന്നത്. ഇക്കാലത്ത് യൂറോപ്യന്‍ സര്‍വകലാശാലകളില്‍ സസ്യശാസ്ത്രപഠനങ്ങള്‍ ശാസ്ത്രീയമായ രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടായിരുന്നു. കച്ചവടാവശ്യത്തിനും മിഷണറിപ്രവര്‍ത്തനങ്ങള്‍ക്കും എത്തിയ യൂറോപ്യന്മാര്‍ തദ്ദേശീയ ചരിത്രം, വിശ്വാസം, ജീവിതരീതികള്‍ എന്നിവ മനസ്സിലാക്കാനും തങ്ങളെ പിന്തുടര്‍ന്നെത്തുന്നവര്‍ക്ക് സഹായകമാം വിധം അക്കാര്യങ്ങള്‍ രേഖപ്പെടുത്തി ഔദ്യോഗികമായിത്തന്നെ സംരക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ഉത്സാഹമുള്ളവരായിരുന്നു. ഇന്ത്യയിലെത്തിയ ഇത്തരക്കാര്‍ സസ്യശാസ്ത്രസംബന്ധമായി പുസ്തകങ്ങള്‍ തയ്യാറാക്കിയിരുന്നു. ഇക്കൂട്ടത്തില്‍ ഏഷ്യാ ഭൂഖണ്ഡത്തിലെത്തന്നെ പ്രസക്തകൃതികളിലൊന്ന് ഹോര്‍ത്തൂസ് മലബാറിക്കൂസ് ആണെങ്കിലും ആദ്യത്തെ കൃതി ഇതായിരുന്നില്ല. സി.ഇ. 1563 ല്‍ ഗാര്‍സ്യ ഡ ഓര്‍ട്ടയുടെ ഓസ് കൊളോക്വിയോസ് ഡോസ് സിംപ്ള്‍സ് ഇ ഡോഗ്രാസ് കൊസാസ് മെഡിസിനാസ് ഡ ഇന്‍ഡ്യയും സി. ഇ. 1578 ല്‍ ക്രിസ്റ്റോബല്‍ ഡി അകോസ്റ്റയുടെ ട്രാകാഡോഡിലാ ഡ്രോഗാസ് ഇ മെഡിസിന്‍ ഡി ലാ ഇന്‍ഡ്യ ഓറിയന്റാലിസും പുറത്ത് വന്നിരുന്നു. ഗോവയിലും കൊച്ചിയിലും കണ്ടുവരുന്ന അമ്പതോളം ഇനം സസ്യങ്ങളെക്കുറിച്ചാണീ ഗ്രന്ഥങ്ങളില്‍ പരാമര്‍ശമുള്ളത്. ഇവിടെയാണ് സമഗ്രതകൊണ്ട് ഹോര്‍ത്തൂസ് മലബാറിക്കൂസ് പ്രസക്തമാകുന്നത്.
താനൊരു സസ്യശാസ്ത്ര വിദഗ്ധനോ രോഗചികിത്സകനോ അല്ലെന്നും കച്ചവടം, ഭരണനിര്‍വ്വഹണം എന്നീ കര്‍മ്മങ്ങളില്‍ ഇടപെടുന്ന ഒരുദ്യോഗസ്ഥനാണെന്നുമുള്ള ഉത്തമബോധ്യം വാന്‍റീഡിനുണ്ടായിരുന്നു. അതിനാല്‍ത്തന്നെ തദ്ദേശീയമായി അംഗീകാരമുള്ള വിദഗ്ധരെ സഹകരിപ്പിച്ചുകൊണ്ട് മലബാറിലെ (മലബാറെന്നാല്‍ മലയാളം സംസാരിക്കുന്നവരുടെ നാട്) സസ്യസമ്പത്തും അവയുടെ ഔഷധഗുണങ്ങളും പരമാവധി ശാസ്ത്രീയമായി രേഖപ്പെടുത്താന്‍ വാന്‍റീഡ് തീരുമാനിച്ചു. ഇത് വലിയ സംഖ്യയോളം വിദഗ്ധരുടെ ഭാഷാ, വിശ്വാസം, പാണ്ഡിത്യം, പ്രായോഗികജ്ഞാനം മുതലായ ഘടകങ്ങളുടെ ആകെത്തുകയാണ്. ഇത്തരത്തില്‍ വലിയ അളവില്‍ അധ്വാനവും പണവും സമയവും കേന്ദ്രീകരിക്കുന്ന പ്രവൃത്തിയെ ഏകോപിപ്പിച്ചു എന്നതിന് വാന്‍റീഡിന്റെ പങ്ക് അഭിനന്ദനീയമാണ്.
ഈ കൃതി രൂപപ്പെടുന്നതിന് സഹായകമായ ഘട്ടങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ മാത്രമാണ് ഉയര്‍ന്നതലത്തിലുള്ള ധൈഷണികതയും ദീര്‍ഘദര്‍ശനവും വൈജ്ഞാനിക ഇടപെടലുകളില്‍ എത്രത്തോളം അനിവാര്യമാണെന്ന ബോധ്യത്തിലേക്ക് പില്‍ക്കാല പണ്ഡിതര്‍ക്ക് എത്തിച്ചേരാനാകുക. സസ്യശാസ്ത്രപഠനശാഖയില്‍ തന്റെ അക്കാദമികമായ പോരായ്മകളെപ്പറ്റിയുള്ള തിരിച്ചറിവ് വാന്‍റീഡിനുണ്ടെങ്കിലും കുറഞ്ഞചെലവില്‍ ആവശ്യമായ മരുന്നുകള്‍ ലഭ്യമാകുമെന്ന സാധ്യതയ്ക്ക് അദ്ദേഹം മുന്‍ഗണന നല്‍കി. ഇത് അദ്ദേഹത്തെപ്പോലെ ഭിന്ന ദേശങ്ങളില്‍ കഴിയുന്ന യൂറോപ്യന്മാരുടെ ആരോഗ്യസ്ഥിതിയെ സംബന്ധിക്കുന്ന സംരക്ഷണ മനോഭാവം കൂടിയാണ്. അതോടൊപ്പം തന്നെ സിലോണില്‍ നിന്നും വ്യത്യസ്തവും ജൈവസമ്പന്നവുമായ മലബാര്‍ പ്രദേശങ്ങളുടെ സസ്യശാസ്ത്രവൈവിധ്യത്തെ കഴിയാവുന്നത്ര ശാസ്ത്രീയമായി മനസ്സിലാക്കി പ്രസിദ്ധീകരിക്കുന്നത് ഉചിതമായിരിക്കുമെന്ന തോന്നല്‍ വാന്‍റീഡില്‍ ഉരുവം കൊണ്ടിരുന്നു. ഇതുസംബന്ധമായ പരാമര്‍ശം ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ മൂന്നാം വാല്യത്തില്‍ വാന്‍റീഡ് എഴുതിയ വായനക്കാര്‍ക്കായുള്ള ആമുഖത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. “പ്രസിദ്ധമായ ലെയ്ഡന്‍ സര്‍വകലാശാലയില്‍ അടുത്ത കാലത്ത് സസ്യശാസ്ത്ര പ്രൊഫസറായി നിയമിതനായ ഡോക്ടര്‍ പോള്‍ ഹെര്‍മന്‍ സിലോണില്‍ നിന്നും മലബാറില്‍ എത്തിയത്. ചിത്രങ്ങളുടെ അവ്യക്തതയും വിവരണങ്ങളുടെ പോരായ്മയും മൂലം ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ തുടക്കത്തിലുണ്ടായ തടസ്സങ്ങള്‍ അദ്ദേഹം കണ്ടു. വികലവും അവ്യക്തവുമായ വിവരണങ്ങള്‍ നിറഞ്ഞ ഈ പുസ്തകത്തിന് ശാസ്ത്രലോകത്ത് യാതൊരു പ്രാധാന്യവും ഉണ്ടാവുകയില്ലെന്ന് അദ്ദേഹം ഞങ്ങളെ മനസ്സിലാക്കി. സമയക്കുറവുമൂലം അദ്ദേഹത്തിന്റെ സന്ദര്‍ശനസമയം കുറവായിരുന്നതിനാല്‍, ഹോര്‍ത്തൂസ് മലബാറിക്കൂസുമായി ബന്ധപ്പെട്ട എന്റെ ശേഖരം മുഴുവന്‍ അദ്ദേഹത്തെ കാണിക്കുന്നതിനോ അദ്ദേഹത്തിന്റെ ഉപദേശം ലഭിക്കുന്നതിനോ എനിക്ക് സാധിച്ചില്ല. എന്തുതന്നെയായാലും, ഈ പരിശ്രമം മുഴുവന്‍ തുടങ്ങാനും, ചെടികളെ എനിക്ക് കഴിയുന്ന രീതിയില്‍ വിവരിക്കുന്നതിനും വേണ്ടി എന്റെ സമയം മുഴുവന്‍ ചെലവഴിക്കാനും ഞാന്‍ തീരുമാനിച്ചു.” (ഹോര്‍ത്തൂസ് മലബാറിക്കൂസ്, വാല്യം 3, പു – xiv, 2008) ഈ ബോധ്യമാണ് ഹോര്‍ത്തൂസ് മലബാറിക്കൂസിനെ സാധ്യമാക്കിയത്. പക്ഷേ, പ്രസിദ്ധീകരണം അത്ര എളുപ്പമായിരുന്നില്ല. കഴിയാവുന്ന ഘട്ടങ്ങളിലെല്ലാം ലഭ്യമായ വിഷയവിദഗ്ധരെ ഈ ഉദ്യമത്തില്‍ സഹകരിപ്പിക്കാന്‍ വാന്‍റീഡ് ശ്രമിച്ചു. ഈ ഗ്രന്ഥം ആകെ പന്ത്രണ്ട് വാല്യങ്ങളിലായി തയ്യാറാക്കപ്പെട്ടതാണ്. പത്താം വാല്യത്തിന്റെ പ്രസിദ്ധീകരണാനന്തരം പതിനൊന്നം വാല്യം പ്രസിദ്ധീകരിക്കുമ്പോഴേക്കും ഹെന്‍റി വാന്‍ റീഡ് ടോട് ഡ്രാക്കസ്റ്റൈന്‍ മരണപ്പെട്ടു കഴിഞ്ഞിരുന്നു. ഈവിധം പതിനൊന്നും പന്ത്രണ്ടും വാല്യങ്ങള്‍ അദ്ദേഹത്തിന്റെ മരണാനന്തരമാണ് പ്രസിദ്ധീകരിച്ചത്. ഈ രണ്ട് ഗ്രന്ഥങ്ങളിലും സമര്‍പ്പണം, മുഖവുര, ആമുഖം ഇത്യാദികളില്ലെന്നതും ശ്രദ്ധേയമായ വസ്തുതയാണ്. ഈ പന്ത്രണ്ട് വാല്യങ്ങളില്‍ മൂന്നാം വാല്യം കൊച്ചിയിലെ രാജാവിനാണ് വാന്‍റീഡ് സമര്‍പ്പിച്ചിട്ടുള്ളത്.
ഇട്ടി അച്യുതനും മറ്റ് പ്രഗല്‍ഭരും ഹോര്‍ത്തൂസ് മലബാറിക്കിയ്ക്കായുള്ള ഉദ്യമത്തില്‍
മലബാറിലെ സസ്യജാലങ്ങളെ അവയുടെ ഔഷധഗുണങ്ങള്‍ പരിപൂര്‍ണ്ണമായി ഉള്‍ക്കൊണ്ട് പഠിക്കുന്ന പ്രവൃത്തിക്ക് വാന്‍റീഡിന് ആദ്യം സഹായകമാകുന്നത് ഫാദര്‍ മാത്യൂസെന്ന നേപ്പിള്‍സ് സ്വദേശിയായ പുരോഹിതനാണ്. അദ്ദേഹത്തിന് ഇവിടത്തെ ചെടികളുടെ ഭിന്നഭാഗങ്ങളുടെ സവിശേഷതകളെക്കുറിച്ചും അവ ഏതെല്ലാം രോഗശാന്തിക്കുപയോഗിക്കാമെന്നും ധാരണയുണ്ടായിരുന്നു. ഫാദര്‍മാത്യു വരച്ച ചിത്രങ്ങളാണ് ആദ്യം ഈ മേഖലയിലെ ശാസ്ത്രീയജ്ഞാനത്തിന്റെ ആവശ്യകതയെ സാധ്യമാക്കിയത്. മാത്യൂസ് ഓര്‍മ്മയില്‍ നിന്നാണ് വരച്ചിരുന്നതെന്നതിനാല്‍ ചില പരിമിതികള്‍ ഈ ചിത്രണപദ്ധതിക്കുണ്ടെന്ന് വാന്‍റീഡിന് മനസ്സിലായി. അതിനാലദ്ദേഹം തദ്ദേശീയരായ പണ്ഡിതന്മാരുടെ സേവനം പൂര്‍ണ്ണമായും ഈ ഉദ്യമത്തിനുപയോഗിക്കാന്‍ തീരുമാനിച്ചു. ഇപ്രകാരമാണ് ചേര്‍ത്തല സ്വദേശിയായ കൊല്ലാട്ട് വീട്ടില്‍ ഇട്ടി അച്യുതന്‍ എന്ന വൈദ്യപ്രമുഖനും അപ്പു, രംഗ, വിനായക എന്നീ ഭട്ട് അഥവാ പണ്ഡിറ്റുകളായ ഗൗഡസാരസ്വതരും തങ്ങളുടെ സസ്യശാസ്ത്രമേഖലയിലെ അറിവും വൈദ്യമേഖലയിലെ പരിചയവും ആധാരഗ്രന്ഥങ്ങളുടെ സഹായത്തോടെ വാന്‍റീഡിന് കൈമാറിയത്.
ഇമ്മാനുവല്‍ കര്‍ണീറോ ആണ് മലയാള ഭാഷയിലുള്ള വിവരണങ്ങളും സസ്യനാമങ്ങളും പോര്‍ച്ചുഗീസ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തത്. അദ്ദേഹത്തിന്റെ സാക്ഷ്യപത്രപ്രകാരം കൊല്ലാട്ട് വീട്ടില്‍ ഇട്ടി അച്യുതനാണ് ലഭ്യമായ ചെടികള്‍, വള്ളികള്‍, പുല്‍ക്കുലങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ആധികാരിക വിവരണം തന്റെ പക്കലുള്ള ആധാരഗ്രന്ഥത്തെ അടിസ്ഥാനമാക്കി പറഞ്ഞുകൊടുത്തത് എന്ന് മനസ്സിലാക്കാം. സി.ഇ.1675 ഏപ്രില്‍ 19ന് ഇമ്മാനുവല്‍ കര്‍ണീറോ കൊച്ചിയില്‍ വെച്ച് തന്റെ സാക്ഷ്യപത്രം തയ്യാറാക്കി ഒപ്പ് വെച്ചിട്ടുണ്ട്. ഗൗഡസാരസ്വതരുടെ സാക്ഷ്യപത്രപ്രകാരം രണ്ടുവര്‍ഷമായി അവരും ആജ്ഞാനുവര്‍ത്തികളും ചേര്‍ന്ന് ഈ ഗ്രന്ഥത്തിനായി ഉപയോഗിച്ച സസ്യജാലങ്ങള്‍ തേടിപ്പിടിച്ച് കൊണ്ടുവന്ന് തങ്ങളുടെ കൈവശമുള്ള ആധാരഗ്രന്ഥത്തെയും തങ്ങളുടെ പ്രയോഗജ്ഞാനത്തേയും അടിസ്ഥാനമാക്കി ഈ ഗ്രന്ഥത്തിനായി ഉപയോഗിച്ചു എന്നകാര്യത്തിന് ഊന്നല്‍ നല്കുന്നു. ഇവരുടെ സാക്ഷ്യപത്രം സി.ഇ. 1675 ഏപ്രില്‍ 20നാണ് മൂവരും ഒപ്പുവെച്ചിട്ടുള്ളത്.
ഇട്ടി അച്യുതന്റെ സാക്ഷ്യപത്രം സവിശേഷമാണ്. സി.ഇ.1675 ഏപ്രില്‍ 20നാണ് ഈ സാക്ഷ്യപത്രവും ഒപ്പുവെച്ചിരിക്കുന്നത്. ഗവര്‍ണ്ണര്‍ വാന്‍റീഡിന്റെ നിര്‍ദ്ദേശപ്രകാരം വൈദ്യന്‍ കൊച്ചിയിലെത്തി. ആദരണീയനായ ദ്വിഭാഷി ഇമ്മാനുവല്‍ കര്‍ണീറോ മുഖേന തന്റെ കൈവശമുള്ള ഗ്രന്ഥത്തിലുള്ള വിവരങ്ങള്‍ പ്രത്യേകിച്ച് ചെടികളുടെ പേരുകള്‍ ഔഷധഗുണങ്ങള്‍ എന്നിവ സംശയരഹിതമായി പറഞ്ഞുകൊടുത്ത് പോര്‍ച്ചുഗീസ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തു. താന്‍ ഈ ഗ്രന്ഥത്തില്‍ പറഞ്ഞകാര്യങ്ങള്‍ മുന്‍കാലത്തെ തലമുറയില്‍ നിന്നും കൈമാറിക്കിട്ടിയതും ആര്‍ക്കും സംശയം ആവശ്യമില്ലാത്ത വിധം കാര്യങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും സാക്ഷ്യപത്രത്തിലുണ്ട്.
ഇവിടെ ശ്രദ്ധേയമായ കാര്യം കൊച്ചിയിലെ പുരോഹിതനായ ജോണ്‍കസേറിയസാണ് വാന്‍റീഡിനോടൊപ്പം മലബാറിലെ സസ്യജാലപഠനത്തില്‍ വലിയ അധ്വാനം ചെലവാക്കിയത്. ഒന്നാം വാല്യത്തില്‍ സമര്‍പ്പണത്തിനു ശേഷം ഇദ്ദേഹത്തിന്റെ മുഖവുരയാണുള്ളത്. ഫാദര്‍ മാത്യു, അപ്പുഭട്ട്, വിനായകപണ്ഡിറ്റ്, രംഗഭട്ട് എന്നീ ബ്രാഹ്മണര്‍, ഈഴവവൈദ്യനായ ഇട്ടി അച്യുതന്‍ എന്നിവരുടെ ജ്ഞാനത്തെ ഗ്രന്ഥനിര്‍മ്മിതിക്കുപയോഗിച്ചത് ഈ മുഖവുരയില്‍ സാക്ഷ്യപ്പെടുത്തുന്നു. ഇതിനെത്തുടര്‍ന്ന് ഫാദര്‍ മാത്യുവിന്റെ മുഖവുരയാണ്. ഇത് തയ്യാറാക്കിയത് സി.ഇ.1675 ഏപ്രില്‍ 20 നാണ്. ഇമ്മാനുവല്‍ കര്‍ണീറോയുടെ സാക്ഷ്യപത്രമാണ് ഇതിനെത്തുടര്‍ന്ന് കാണാനാകുക. അനുക്രമമായി ഇട്ടി അച്യുതന്റെ സാക്ഷ്യപത്രം, ശേഷം ഗൗഡസാരസ്വതരുടെ സാക്ഷ്യപത്രം.
തദ്ദേശീയരുടെ സാക്ഷ്യപത്രങ്ങള്‍ ആധികാരികതയ്ക്കായി അവര്‍ സാമൂഹികാവശ്യങ്ങള്‍ക്കും ജ്ഞാനവിനിമയത്തിനും ഉപയോഗിക്കുന്ന ലിപികളിലാണ്. ഇമ്മാനുവല്‍ കര്‍ണീറോയുടെ സാക്ഷ്യപത്രം ചതുരവടിവിലുള്ള ഗ്രന്ഥലിപിയില്‍ അഥവാ ആധുനിക മലയാളലിപിയുടെ അക്കാലത്തെ രൂപത്തിലാണ്. ഇട്ടി അച്യുതന്റെ സാക്ഷ്യപത്രം കോലെഴുത്ത് ലിപിയിലാണ്. ഗൗഡസാരസ്വതരുടെ സാക്ഷ്യപത്രം ദേവനാഗരി ലിപിയിലുമാണ്. ഇതില്‍ വിനായക പണ്ഡിറ്റാണ് അവരുടെ സാക്ഷ്യപത്രം പോര്‍ച്ചുഗീസിലേക്ക് വിവര്‍ത്തനം ചെയ്തത്. ഇമ്മാനുവല്‍ കര്‍ണീറോ ആണ് അദ്ദേഹത്തിന്റെയും ഇട്ടി അച്യുതന്റെയും സാക്ഷ്യപത്രം പോര്‍ച്ചുഗീസ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തത്. പോര്‍ച്ചുഗീസ് ഭാഷയില്‍ നിന്നും ലാറ്റിനിലേക്ക് വിവര്‍ത്തനം ചെയ്തത് കൊച്ചിയിലെ സിവില്‍ ഉദ്യോഗസ്ഥനായ ക്രിസ്ത്യന്‍ ഹെര്‍മന്‍ ഡി ഡോണപ്പുമാണ്. ഗ്രന്ഥത്തില്‍ 744 ചെടികളെക്കുറിച്ചുള്ള വിവരണവും 793 ചിത്രങ്ങളും ഉള്ളടങ്ങുന്നു.
ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന ലാറ്റിന്‍ ഗ്രന്ഥം
സി.ഇ.1678 ല്‍ പ്രസിദ്ധീകരണം ആരംഭിച്ച ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്തുകൊണ്ട് ലാറ്റിനില്‍ തയ്യാറാക്കി എന്നത് വാന്‍റീഡിന്റെ വൈജ്ഞാനിക താല്‍പര്യത്തിന് ഉത്തമമായ തെളിവാണ്. ഇതിനായി വലിയ അധ്വാനം വേണ്ടി വന്നു. തദ്ദേശീയ ഭാഷയായ മലയാളം അഥവാ കൊച്ചിയിലെ പ്രാദേശിക ഭാഷാഭേദമുള്‍ക്കൊള്ളുന്ന ഭാഷയിലാണ് പ്രഥമികമായി ചെടികളുടെ പേരുകളും ഔഷധമൂല്യവും രേഖപ്പെടുത്തുന്നത്. ഇതെല്ലാം ഇമ്മാനുവല്‍ കര്‍ണീറോ പോര്‍ച്ചുഗീസിലേക്ക് വിവര്‍ത്തനം ചെയ്യുന്നു. ഈ ഘട്ടത്തില്‍ത്തന്നെ പല സസ്യങ്ങളുടെയും പേരുകള്‍ പോര്‍ച്ചുഗീസ് ഭാഷയ്ക്കനുകൂലമായി മാറ്റപ്പെടുന്നുണ്ട്. ഈ പോര്‍ച്ചുഗീസ് വിവര്‍ത്തനം ഹെര്‍മന്‍ ഡി ഡോണപ്പ് ലാറ്റിനിലേക്ക് മൊഴിമാറ്റുന്നു. പതിനേഴാം നൂറ്റാണ്ടുവരെയും പതിനെട്ടാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിലുമെല്ലാം ഒരു ഗ്രന്ഥം വൈജ്ഞാനികമായി മൂല്യമുള്ളതാവണമെങ്കില്‍ ലാറ്റിനില്‍ തയ്യാറാക്കിയതാകേണ്ടതുണ്ടായിരുന്നു. ഇക്കാരണത്താലാണ് കടുത്ത സാമ്പത്തിക പ്രശ്നങ്ങളെ അവഗണിച്ച് ഗ്രന്ഥം ലാറ്റിന്‍ ഭാഷയില്‍ത്തന്നെ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചത്. സി.ഇ.1678 മുതല്‍ 1693 വരെയാണ് ഗ്രന്ഥം പ്രസിദ്ധീകരിച്ചതെങ്കിലും ഒറ്റഗ്രന്ഥമായി പ്രസിദ്ധീകരിക്കാനായിരുന്നു വാന്‍റീഡ് ആഗ്രഹിച്ചിരുന്നത്. പ്രസിദ്ധീകരണച്ചെലവും പണ്ഡിതന്മാരില്‍ നിന്നും ലഭിക്കുന്ന പ്രതികരണം എന്താകാമെന്ന ആശങ്കയും പ്രസാധകരെ ഗ്രന്ഥം പന്ത്രണ്ട് വാല്യങ്ങളിലായി പ്രസിദ്ധീകരിക്കാമെന്ന തീരുമാനത്തിലെത്തിച്ചു. ഓരോ വാല്യത്തിന്റെയും ക്രോഡീകരണം വിവരണം എന്നീ കാര്യങ്ങളില്‍ അതത് കാലത്ത് ലഭ്യമായ സസ്യശാസ്ത്ര പണ്ഡിതന്മാരുടെ സേവനം ഉറപ്പുവരുത്താന്‍ വാന്‍റീഡ് ശ്രദ്ധപുലര്‍ത്തിയിരുന്നു. പ്രസിദ്ധീകരണത്തിനായി ആംസ്റ്റര്‍ഡാമിലേക്ക് കൊണ്ടുപോയ ഗ്രന്ഥത്തിന്റെ പകര്‍പ്പ് വാന്‍റീഡ് സുരക്ഷിതമായി കരുതിവെച്ചു. പ്രതികൂലമായ സാഹചര്യത്തില്‍ പ്രസിദ്ധീകരണത്തിനു കൊണ്ടുപോയവ നഷ്ടപ്പെട്ടാല്‍ പുനരുപയോഗിക്കാനായിരുന്നു ഇതെങ്കിലും വാന്‍റീഡിന്റെന് ഈ ഗ്രന്ഥം എന്തുസംഭവിച്ചാലും പ്രസിദ്ധീകരിക്കണമെന്ന അദമ്യമായ ആഗ്രഹമാണിതിനു പുറകില്‍ പ്രവര്‍ത്തിച്ചത്.
ഗ്രന്ഥം മലയാളഭാഷയില്‍ നിന്നും പോര്‍ച്ചുഗീസ് വഴി ലാറ്റിനിലെത്തി. മഹത്തായഗ്രന്ഥമെന്ന് വാഴ്ത്തപ്പെട്ടു. അതുപോലെത്തന്നെ പ്രസിദ്ധീകരണകാലത്ത് വിമര്‍ശിക്കപ്പെടുകയും ചെയ്തു. വിവരണങ്ങളിലെ ശാസ്ത്രീയതയാണ് പ്രധാനമായും ചോദ്യംചെയ്യപ്പെട്ടത്. എങ്കിലും മറ്റാരാലും പരിപൂര്‍ണ്ണമായി ലാറ്റിനില്‍ നിന്നും പില്‍ക്കാല വിനിമയഭാഷയായ ഇംഗ്ലീഷിലേക്ക് അംഗീകൃതമായ രീതിയില്‍ വിവര്‍ത്തനം ചെയ്യപ്പെടാതെ സി.ഇ. 2003 വരെ ഹോര്‍ത്തൂസ് മലബാറിക്കൂസ് തുടര്‍ന്നു. കെ.എസ്.മണിലാല്‍ 2003ല്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത് സജീവ അക്കാദമിക് പ്രവര്‍ത്തനങ്ങളിലേക്ക് കൃതിയെ വീണ്ടും എത്തിച്ചു. അദ്ദേഹം തന്നെ സി.ഇ. 2008 ല്‍ ഇതിന്റെ മലയാളം വിവര്‍ത്തനവും തയ്യാറാക്കി പ്രസിദ്ധീകരിച്ചു.
ആധുനിക സസ്യശാസ്ത്രത്തിന്റെ പിതാവെന്നറിയപ്പെട്ട കാള്‍ ലിനേയസ് ഏഷ്യയിലെ സസ്യജാലങ്ങളെക്കുറിച്ചുള്ള ആധികാരിക ഗ്രന്ഥമായി ഹോര്‍ത്തൂസ് മലബാറിക്കൂസിനെ അംഗീകരിച്ചിരുന്നു. വാന്‍റീഡിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ സസ്യമാതൃകകള്‍ കണ്ടെത്താനായില്ലെങ്കിലും ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ ഇവയെ ആധികാരികമായി അംഗീകരിച്ചത് യഥാര്‍ത്ഥത്തില്‍ വാന്‍റീഡിനുള്ള അംഗീകാരം തന്നെയാണ്. മലബാറിലെ രാജാക്കന്മാരുടെയും പണ്ഡിതന്മാരുടെയും അകമഴിഞ്ഞ പിന്തുണ വാന്‍റീഡിന് ലഭിച്ചിരുന്നു. മാത്രവുമല്ല തന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടയിലും ഇങ്ങനെയൊരു പ്രവൃത്തിയുടെ ദൂരവ്യാപകമായ സാധ്യതയെ അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. ഇതിനുള്ള കാരണം മൂന്നാം വാല്യത്തിന്റെ മുഖവുരയില്‍ വാന്‍റീഡ് സൂചിപ്പിക്കുന്നുണ്ട്. ഔദ്യോഗികമായ യാത്രകള്‍ക്കിടയില്‍ത്തന്നെ ഇവിടത്തെ സമ്പന്നമായ സസ്യജാലങ്ങള്‍ വാന്‍റീഡിന്റെ ശ്രദ്ധയെ ആകര്‍ഷിച്ചു. ഇടതൂര്‍ന്നതും ഉയരത്തിലുമുള്ള വനങ്ങള്‍ ആകര്‍ഷണീയങ്ങളായിരുന്നു. ഇവിടത്തെ സസ്യജാലസമ്പന്നത ശ്രീലങ്കയേക്കാള്‍ ഉന്നതമാണെന്ന തിരിച്ചറിവ് വാന്‍റീഡിനുണ്ടായി. നിരന്തരമായ യാത്രകള്‍ക്കിടയില്‍ പാറക്കൂട്ടങ്ങളില്‍പ്പോലും തിങ്ങിവളരുന്നതും ഇലയിലും കായിലും പൂവിലും പുല്ലിലും വേരിലും ഔഷധമൂല്യമുള്ള സസ്യജാലം നിറഞ്ഞ ഈ പ്രദേശം ലോകത്തെത്തന്നെ ഏറ്റവും ഫലഭൂയിഷ്ഠമായ ഒന്നാണെന്നദ്ദേഹം മനസ്സിലാക്കി. തദ്ദേശീയര്‍ക്ക് ഈ പ്രകൃതി സമ്പന്നതയെ ക്രിയാത്മകമായി ഉപയോഗിക്കാനുള്ള അറിവും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആമുഖത്തിലെത്തന്നെ വാക്കുകള്‍ നോക്കാം “ഇവിടെയുള്ള ചെടികളുടെ ഇലകളും പൂക്കളും തൊലിയും വേരും നിരീക്ഷിക്കാനും പഠിക്കാനും എനിക്ക് അതിയായ ആഗ്രഹം തോന്നി. ചെടിയുടെ ഓരോ ഭാഗത്തിനും വിശേഷമായ ഗുണവും രുചിയും ഉണ്ടെന്ന് എനിക്ക് മനസ്സിലായി. എന്നെ യാത്രയില്‍ അനുഗമിച്ചിരുന്ന തദ്ദേശീയരോട് ഞാന്‍ ഇവയെക്കുറിച്ച് ആരാഞ്ഞു. അവര്‍ക്ക് ഓരോ ചെടിയുടയും പേര്‍ അറിയാമായിരുന്നുവെന്നുമാത്രമല്ല, ഓരോന്നിന്റെ ഔഷധഗുണവും ഉപയോഗവും കൂടി അറിയാമായിരുന്നു. എന്റെ കൂടെ വന്നിരുന്ന ഒരാള്‍ക്ക് ചെറിയ അസ്വാസ്ഥ്യമുണ്ടായപ്പോള്‍ എനിക്ക് ഇത് അനുഭവപ്പെട്ടു. ജീവിതകാലം മുഴുവന്‍ സൈന്യത്തിലോ കൃഷിപ്പണിയിലോ അല്ലെങ്കില്‍ അതുപോലെയുള്ള മറ്റുരംഗങ്ങളിലോ ഏര്‍പ്പെടുന്ന ഇന്ത്യയിലെ മറ്റുപ്രദേശങ്ങളിലെ സാമാന്യജനങ്ങള്‍ക്ക് ഇത്തരത്തിലുള്ള ഔഷധവിജ്ഞാനമോ സസ്യശാസ്ത്രജ്ഞാനമോ കരഗതമായിരുന്നില്ല.” (ഹോര്‍ത്തൂസ് മലബാറിക്കൂസ്, വാല്യം 3, പു – xi, xii, 2008) ഇക്കാരണങ്ങളാല്‍ തദ്ദേശീയരുടെ സഹായത്തോടെ ഈ വിജ്ഞാനത്തെ ശേഖരിക്കാന്‍ വാന്‍റീഡ് പരിശ്രമം ആരംഭിച്ചു. അതിന്ന് ലോകത്തിന് മുമ്പില്‍ കേരളത്തിലെ സസ്യജാലങ്ങളെ സംബന്ധിച്ചും അവയുടെ ഔഷധസമ്പന്നതയെയും കുറിച്ചുള്ള നിത്യസ്മാരകമായി നിലകൊള്ളുകയും ചെയ്യുന്നു. ആംസ്റ്റര്‍ഡാം റിപ്പബ്ലിക്കിലെ സെനറ്ററും ഔഷധത്തോട്ടത്തിന്റെ മേലധികാരിയുമായിട്ടുള്ള ജോണ്‍ കോമാലിന്‍ ആണ് എല്ലാ വോള്യത്തിലും വ്യാഖ്യാനങ്ങളും വിശദീകരണക്കുറിപ്പുകളും തയ്യാറാക്കിയിട്ടുള്ളതെന്ന് എല്ലാ പുസ്തകത്തിന്റെയും മുന്നില്‍ കാണാം. പ്രസിദ്ധീകൃതമായ കാലത്ത് മാത്രമല്ല ഇന്നും എന്തുകൊണ്ട് ഹോര്‍ത്തൂസ് മലബാറിക്കൂസ് പ്രസക്തമാകുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഈ കൃതിയെ അക്കാമിക് മേഖലയ്ക്ക് ഇംഗ്ലീഷ്, മലയാളം വിവര്‍ത്തനത്തോടെയും ആധുനികമായ സസ്യശാസ്ത്ര രീതിശാസ്ത്രത്തോടെയും സമീപിപിച്ച ആദരണീയനായ പണ്ഡിതന്‍ കെ.എസ്.മണിലാല്‍ വിലയിരുത്തിയിട്ടുണ്ട് (ഹോര്‍ത്തൂസ് മലബാറിക്കൂസ്, വാല്യം 1, പു – xi-xix, 2008). പതിനേഴാം നൂറ്റാണ്ടിലെ ഇന്ത്യയിലേയും യൂറോപ്പിലേയും ലഭ്യമായ വിദ്ഗ്ധര്‍ മുപ്പത് വര്‍ഷത്തോളം ഈ ഗ്രന്ഥത്തിനായി പ്രവര്‍ത്തിച്ചു. ഇക്കൂട്ടത്തില്‍ ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍, ഔഷധശാസ്ത്രവിദഗ്ധര്‍, ചിത്രകാരന്മാര്‍, ശില്പികള്‍ മുതലായവര്‍ ഉള്‍പ്പെടുന്നു. അതിനാല്‍ത്തന്നെ സസ്യശാസ്ത്ര പഠനരംഗത്തെ ഒരിതിഹാസമായി ഹോര്‍ത്തൂസ് മലബാറിക്കൂസ് ഇന്നും നിലകൊള്ളുന്നു.
സഹായക ഗ്രന്ഥങ്ങള്‍
ഹോര്‍ത്തൂസ് മലബാറിക്കൂസ്, വാല്യം 1-12, ഹെന്‍റി വാന്‍റീഡ് ടോട് ഡ്രാക്കസ്റ്റൈന്‍ (എഡി.), മണിലാല്‍ കെ എസ് (വിവര്‍ത്തകന്‍), പബ്ലിക്കേഷന്‍ വിഭാഗം, കേരളസര്‍വകലാശാല, തിരുവനന്തപുരം, 2008.
കൊച്ചി രാജ്യ ചരിത്രം, കെ.പി.പദ്മനാഭമേനോന്‍, മാതൃഭൂമി ബുക്സ്, കോഴിക്കോട്, പതിപ്പ് 4, 2022.

ഡോ.അരുൺ മോഹൻ പി.
അസിസ്റ്റന്റ് പ്രൊഫസര്‍, മലയാള വിഭാഗം, ശ്രീനീലകണ്ഠ ഗവ. സംസ്കൃത കോളേജ്, പട്ടാമ്പി.

മാനവരാശി ഉള്ള കാലമത്രയും ഹോർത്തൂസ് മലബാറിക്കസ് ഒരു വൈജ്ഞാനിക ഗ്രന്ഥമായി നിലനിൽക്കുമെന്നതിൽ സംശയമില്ല.മാറിയ സാങ്കേതിക വിദ്യയുടെ ഈ കാലത്ത് ആ മഹത് ഗ്രന്ഥത്തെ ഡിജിറ്റൽ രീതിയിൽ കൂടി അവതരിപ്പിക്കുവാൻ കഴിയണം.വരും തലമുറ അവരുടെ സാങ്കേതിക വിദ്യയുപയോഗിച്ച് ആ ഗ്രന്ഥത്തിലെ അറിവുകൾ പിൻതുടരട്ടെ.നമ്മുടെ പഴയ കാല അറിവുകളും അത്തരം ഗ്രന്ഥങ്ങളുമെല്ലാം ഡിജിറ്റൽ ഫോമിലേക്ക് കൂടി മാറ്റിക്കൊണ്ട് ഇരിക്കുന്നു.എന്തിന് അധികം തച്ചു ശാസ്ത്രത്തിലെ ‘ചന്ദ്രവള’പോലും ഡിജിറ്റൽ ആക്കാനുള്ള ഗവേഷണ പഠനങ്ങൾ ഇവിടെ നടക്കുന്നുണ്ട്.