കേരളം എന്ന ഇടം ഭൂമിശാസ്ത്രപരമായി വളരെ സവിശേഷപ്പെട്ടതാണ്. കിഴക്ക് ദിക്കിലെ സഹ്യപര്‍വതവും പടിഞ്ഞാറുള്ള അറബിക്കടലും നമുക്ക് കേവലം അതിരുകള്‍ മാത്രമായിരുന്നില്ല. അസംഖ്യം ജലപാതങ്ങളും അതിനോടനുബന്ധിച്ച് പടര്‍ന്നു വളര്‍ന്ന സസ്യജാലങ്ങളും കേരളീയ ഭൂമേഖലയ്ക്ക് സ്വതന്ത്രമായ ഒരസ്തിത്വം നല്കി. കൃത്യമായ ഇടവേളകളിലെ മഴ ഈ പ്രദേശത്തെ മനുഷ്യരുടെ കുടിയിരിപ്പ്, സഞ്ചാരം എന്നിവയെ സ്വാധീനിച്ചു. ചെറിയ പരിപാലനവും നിരന്തര പരിപാലനവും ആവശ്യമായിരുന്ന പലതരം കൃഷിരീതികളും ഇവിടെയുണ്ടായി. സുഗന്ധവ്യഞ്ജനങ്ങളും വനമേഖലയിലെ ജന്തുജാലവും സസ്യജാലവും തദ്ദേശീയ ഉപഭോഗത്തിനു മാത്രമല്ല മറ്റിടങ്ങളിലേക്ക് കയറ്റിയയക്കുന്ന നിലയിലേക്ക് സമ്പന്നമായിത്തീര്‍ന്നു. ഗോത്രജീവിതത്തിന്റെ ഭാഗമായി ഉടലെടുത്ത സംഘബലം രാജാധികാരമായി പരിവര്‍ത്തിക്കപ്പെട്ടപ്പോള്‍ മതം, വിശ്വാസം, ആചാരം, സാമൂഹികബന്ധങ്ങള്‍ എന്നിവയെല്ലാം നിരന്തരം പരിഷ്കരിക്കപ്പെടാവുന്ന നില സംജാതമായി. വിഭവ സമാഹരണവും വിതരണവും കുറേക്കൂടി, അധികാരമേഖലയുടെ പരിധികളിലേക്ക് അകപ്പെട്ടു തുടങ്ങി. അതിനായി പലതരം സംഘങ്ങള്‍ രൂപപ്പെട്ടു. അവ അധികാരത്തെ സ്വാധീനിക്കുന്ന സാമ്പത്തികസ്രോതസ്സുകളായും മാറിത്തീര്‍ന്നു. പെരുമാള്‍, കോയിലധികാരി, നാടുടയവന്‍, പരിഷ, ഊരാളന്‍, കാരാളന്‍ എന്നിങ്ങനെയുള്ള കൈകാര്യകര്‍തൃത്ത്വങ്ങള്‍ കൂടുതല്‍ വെളിവായിത്തുടങ്ങി. സി. ഇ. ഒമ്പത് മുതല്‍ പതിനഞ്ച് വരെയുള്ള നൂറ്റാണ്ടുകളില്‍ ശാസനങ്ങള്‍, സഞ്ചാരികളുടെ രേഖപ്പെടുത്തലുകള്‍ തുടങ്ങിയവയില്‍ നിന്നും കച്ചവടം, വാണിജ്യ സംഘങ്ങള്‍ മുതലായവയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാണ്. സമുദ്രവാണിജ്യം കേരളത്തെ സംബന്ധിച്ച് പലതരം സാംസ്കാരിക വിനിമയങ്ങള്‍ക്കും കാരണമായിത്തീര്‍ന്നു. തൊഴില്‍വിഭജനം, സാമൂഹികപദവി, അധികാരവികേന്ദ്രീകരണം, വിഭവസമാഹരണം, പലതരം അളവുതൂക്കങ്ങള്‍, ധനവിനിമയങ്ങള്‍ എന്നിങ്ങനെ വിപുലമായ പഠനമേഖലകളെ ഇക്കാലത്തെ തെരഞ്ഞെടുത്ത ശാസനങ്ങളെ മുന്‍നിര്‍ത്തി അവലോകനം ചെയ്യുന്നതാണീ പഠനം.
മധ്യകാല കേരളം
ഈ പ്രബന്ധത്തിനകത്ത് മധ്യകാല കേരളം എന്ന് വിളിക്കപ്പെടുന്ന ഭൂമേഖലകള്‍ ഒരുകാലത്തും ഏകീകൃത ഭരണസംവിധാനത്തിനകത്ത് നിലനിന്നിരുന്നവ അല്ല എന്നത് സുപ്രധാനമാണ്. ബി.സി.ഇ. മൂന്നാം നൂറ്റാണ്ടിലെ അശോക ശാസനങ്ങള്‍, സംഘകാലസാഹിത്യം എന്നിവയില്‍ നിന്നും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ തെക്കേ അറ്റത്ത് നിലവിലിരുന്ന ഭൂമേഖലയെ ഇന്നത്തെ രീതിയില്‍ കേരളം എന്ന് വിളിക്കാം. സി.ഇ. ഒമ്പത് മുതല്‍ പതിനാല് വരെയുള്ള നൂറ്റാണ്ടുകളിലെ ഈ പ്രദേശത്തെ കച്ചവടം അനുബന്ധ നയസമീപനങ്ങളെന്നിവ ശാസനങ്ങളെ അടിസ്ഥാനമാക്കി വിലയിരുത്താനാണിവിടെ ശ്രമിക്കുന്നത്. അതിനാല്‍ തന്നെ ഇവ ക്രമികവും പരിപൂര്‍ണവുമാണെന്ന് തീര്‍ച്ചപ്പെടുത്തുക പ്രയാസവുമാണ്. എന്നിരിക്കിലും കേരളത്തിലെ ഭിന്ന ദേശങ്ങളില്‍ നിലവിലിരുന്ന കച്ചവടസംബന്ധിയായ അറിവുകളെ സാമാന്യമായി ക്രോഡീകരിക്കാന്‍ ഈ പഠനത്തിലൂടെ സാധ്യമാണ്.
ശാസനങ്ങള്‍
ശാസനങ്ങള്‍ അറിവു രേഖകളാണ്. അവ തയ്യാറാക്കപ്പെട്ട കാലത്തെ ധര്‍മ്മമല്ല വര്‍ത്തമാനകാലത്ത് നിര്‍വഹിക്കുന്നത്. ശാസനങ്ങളെ സംബന്ധിച്ച പൊതുവായ ഒരു യാഥാര്‍ഥ്യം അവ തയ്യാറാക്കപ്പെട്ട കാലത്തും വര്‍ത്തമാനകാലത്തും അവയില്‍ ഉള്‍ക്കൊള്ളുന്ന വിവരങ്ങളെ പ്രസ്തുത ലിപി വായിക്കാന്‍ അറിയുന്നവരിലൂടെ മറ്റുള്ളവരിലേക്ക് എത്തിക്കുന്ന ഒരു പ്രക്രിയയാണ് നടപ്പിലാകുന്നത് എന്നതാണ്. ആകെയുള്ള വ്യത്യാസമായി തോന്നുന്നത് അടഞ്ഞ വ്യവസ്ഥയില്‍ നിന്നും തുറന്ന വ്യവസ്ഥയിലേക്കുള്ള മാറ്റമാണ്. ശാസനങ്ങള്‍ തയ്യാറാക്കപ്പെട്ട കാലത്ത് അവ സ്വകാര്യമായ ഇടപെടല്‍ രേഖകളായിരുന്നു; പലപ്പോഴും വിലക്കു രേഖകളായും അവകാശരേഖകളായും അവ അവയിലന്തര്‍ലീനമായ ധര്‍മ്മം നിര്‍വ്വഹിച്ചു. ഇന്നവ പൊതുവായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന നിലയിലുള്ള പുരാരേഖകളാണ്. അവയിലെ ലിപികള്‍ പ്രചാരലുപ്ത സ്വഭാവത്തിലായതിനാല്‍ ഈ വിഷയത്തില്‍ പ്രാഗല്ഭ്യം ഉള്ള ഒരാളുടെ സഹായത്തോടെ മാത്രമേ അവ വായിച്ച് അറിവ് നിര്‍മ്മാണം, നിര്‍മ്മിത അറിവിന്റെ വിതരണം എന്നീ പ്രക്രിയകള്‍ നടപ്പിലാകുകയുള്ളൂ.
ഇവിടെ പഠനത്തിനായി നാല് ശാസനങ്ങളാണ് ഉപയോഗിക്കുന്നത്. 1. തരിസാപ്പള്ളി ചെപ്പേട്, 2. ജൂതച്ചെപ്പേട്, 3. താഴേക്കാട് ശിലാലിഖിതം, 4. വീരരാഘവപ്പട്ടയം എന്നിവയാണവ.
മുകളില്‍ പരാമര്‍ശിച്ച നാല് രേഖകളും ഭിന്ന കാലങ്ങളില്‍ തയ്യാറാക്കപ്പെട്ടവയാണ് ഒന്നാമത്തെ രേഖയുടെ കാലം മാത്രമേ സംശയ രഹിതമായിട്ടുള്ളൂ. സി.ഇ. 849 ആണ് തരിസാപ്പള്ളി ചെപ്പേടിന്റെ കാലം. സ്ഥാണുരവി എന്ന പെരുമാളുടെ അഞ്ചാം ഭരണവര്‍ഷത്തിലെ രേഖ എന്നതാണ് ലിഖിതമുള്‍ക്കൊള്ളുന്ന കാലസംബന്ധമായ പരാമര്‍ശം. എശോദതപിരായി കുരക്കേണി കൊല്ലത്ത് പണിത തരുസാപ്പള്ളിക്ക് നല്കുന്ന ദാനമാണീ രേഖയിലെ വിഷയം. രേഖയെ സവിശേഷമാക്കുന്നത് അഞ്ചുവണ്ണം, മണിഗ്രാമം തുടങ്ങിയ കച്ചവടസംഘങ്ങള്‍, പലതരം നികുതികള്‍, അടിമ, നഗരം, നഗരത്തിനനിവാര്യരായ വണികര്‍, ഐങ്കമ്മാളര്‍, ഈഴവര്‍, ഈഴക്കയ്യര്‍, വണ്ണാര്‍, എരുവിയര്‍ മുതലായ സാമുദായിക സംജ്ഞയിലുള്‍പ്പെട്ട മനുഷ്യരുടെ അധിവാസം, വട്ടെഴുത്ത്, ഗ്രന്ഥം, കൂഫിക്, ഹീബ്രു, പഹ്ലവി ലിപികളുടെ വിന്യസനം എന്നിവയാണ്. ഈ രേഖ കേവലം തദ്ദേശീയമായ ഭൂ-അവകാശ ദാനരേഖ എന്നതിലുപരി സമുദ്ര വാണിജ്യബന്ധങ്ങളിലേക്ക് വിരല്‍ചൂണ്ടുന്നു എന്ന് കൂഫിക് – അറബി, ഹീബ്രു – ജൂതര്‍, പഹ്ലവി – പാഴ്സികള്‍ എന്നിവരുടെ സാക്ഷിപ്പട്ടികയിലൂടെ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട് (തരിസാപ്പള്ളിപ്പട്ടയം: 2013, പുറം-107).
ജൂതച്ചെപ്പേട് ഭാസ്കര രവി എന്ന പെരുമാളുടെ മുപ്പത്തെട്ടാം ഭരണവര്‍ഷത്തിലേതാണ്. ഇദ്ദേഹത്തിന്റെ ഭരണകാലത്തെക്കുറിച്ചു ലിഖിതം തയ്യാറാക്കപ്പെട്ട ഭരണവര്‍ഷത്തെക്കുറിച്ചും ഭിന്നാഭിപ്രായങ്ങളുണ്ട്. എന്നിരിക്കിലും സി.ഇ. പതിനൊന്നാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലാണ് രേഖ തയ്യാറാക്കപ്പെട്ടത് എന്ന കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഈസൂപ്പ് ഇറപ്പാന് എഴുപത്തിരണ്ട് പ്രഭുസമ്മിതമായ അവകാശങ്ങള്‍ അനുവദിക്കുന്ന ഈ രേഖ ഭാസ്കരരവി പെരുമാള്‍ കൊടുങ്ങല്ലൂര്‍ പട്ടണത്തില്‍ എഴുന്നള്ളി നേരിട്ട് കൈമാറിയതാണ്. അഞ്ചുവണ്ണസ്ഥാനം ഇസൂപ്പ് ഇറപ്പാന് പാരമ്പര്യാവകാശമായി ലഭിക്കുന്നു. ഒപ്പം അഞ്ചുവണ്ണപ്പേറും; ഇത് അഞ്ചുവണ്ണസ്ഥനം വഴി ലഭിക്കുന്ന നികുതിതന്നെ. നഗരത്തിലെ കുടികള്‍ കൊട്ടാരത്തിലേക്കടക്കേണ്ട നികുതിയില്‍ നിന്നും ഇസൂപ്പ് ഇറപ്പാന്‍ ഒഴിവാക്കപ്പെടുന്നു. ശാസനകാലം സി.ഇ. 1000, സി.ഇ.1021 എന്നിവ ശാസനത്തിലെ വ്യാഴത്തിന്റെ നില പ്രകാരം യോജിക്കും. എല്‍.ഡി. സ്വാമിക്കണ്ണുപിള്ളയുടെ സഹായത്തോടെ ട്രാവന്‍കൂര്‍ ആര്‍ക്കിയോളജിക്കല്‍ സീരീസിന്റെ പ്രാരംഭകനായ ടി. എ. ഗോപിനാഥറാവു സി.ഇ.1021 നെ ആണ് അംഗീകരിച്ചത്. പ്രൊഫസര്‍ ഇളംകുളം കുഞ്ഞന്‍പിള്ളയാകട്ടെ ചരിത്രപരവും ജ്യോതിശാസ്ത്രപരവുമായ കാരണങ്ങളാല്‍ സി.ഇ.1000 ആണ് ജൂതശാസനവര്‍ഷമെന്ന് അഭിപ്രായപ്പെട്ടു (ഇളംകുളം കുഞ്ഞന്‍പിള്ളയുടെ തിരഞ്ഞെടുത്തകൃതികള്‍: 2005, പുറം-428)
താഴേക്കാട്ട്പള്ളിയിലെ ശിലാലിഖിതം രാജസിംഹനെന്ന പെരുമാള്‍ കച്ചവടത്തിനായി അനുവദിച്ച ഭൂമിയെയും അവിടത്തെ കച്ചവടക്കാരെയും സംബന്ധിക്കുന്ന വിവരങ്ങള്‍ നല്കുന്നു. ഭൂമി അനുവദിക്കപ്പെട്ട വര്‍ഷസൂചന ഇല്ല, പെരുമാളുടെ ഭരണവര്‍ഷ സംബന്ധിയായ പരാമര്‍ശവും ഇല്ല. ഇതിനു കാരണം പ്രസ്തുത ലിഖിതം തയ്യാറാക്കപ്പെട്ട ശിലയുടെ മറുവശത്തും വട്ടെഴുത്തില്‍ എഴുത്തുണ്ട്. അത് വായിക്കപ്പെട്ടിട്ടില്ല. ഒരുപക്ഷേ, അത്തരമൊരു വായന സംഭവ്യമായാല്‍ ലിഖിതകാലമോ തയ്യാറാക്കപ്പെട്ടകാലത്തെ രാജസിംഹന്റെ ഭരണവര്‍ഷം, വ്യാഴത്തിന്റെ നില എന്നിവ അറിയാന്‍ സാധ്യതയുണ്ട്. മണിഗ്രാമത്തുകാരായ ചാത്തംവടുകന്‍, ഇരവി ചാത്തന്‍ എന്നിവര്‍ക്ക് രണ്ടുമുറി പീടിക അനുവദിക്കുന്നു. ശാസനത്തില്‍ പറയുന്ന പള്ളിക്കടുത്തുള്ള പ്രദേശം വാണിജ്യാര്‍ത്ഥം പീടികകള്‍ക്കായുള്ളതാണ്. ചരക്കിന് വിലയിടുക, നികുതി ഈടാക്കുക എന്നിവയെല്ലാം തൊട്ടപ്പുറത്തെ ക്ഷേത്രഭൂമിക്കുടമകളായ ഊരാളര്‍ തടുക്കരുതെന്നും ശാസനത്തില്‍ നിര്‍ദ്ദേശമുണ്ട്. രാജസിംഹന്റെ ഭരണകാലം സി.ഇ. 1021 മുതല്‍ 1036 വരെയെന്ന് എം.ജി.എസ്. നാരായണനും (Perumals of Kerala: 2013, P-70), സി.ഇ. 1028 മുതല്‍ 1043 വരെയെന്ന് ഇളംകുളം കുഞ്ഞന്‍പിള്ളയും (ഇളംകുളം കുഞ്ഞന്‍പിള്ളയുടെ തിരഞ്ഞെടുത്തകൃതികള്‍: 2005, പുറം-444) തെളിവുകളുടെ അടിസ്ഥാനത്തില്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ആയതിനാല്‍ ശാസനകാലം സി.ഇ. പതിനൊന്നാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലാണെന്ന് മനസ്സിലാക്കാം.
മുകളിലെ മൂന്ന് ശാസനങ്ങളുടെയും പൊതുവായ സവിശേഷത അവ പെരുമാള്‍ ഭരണകാലത്തെ രേഖകളാണെന്നതാണ്. വീരരാഘവപ്പട്ടയത്തെ സവിശേഷമാക്കുന്നത് അതിന്റെ പെരുമാള്‍ ഭരണാനന്തരകാലവ്യവഹാരമാണ്. ജൂതച്ചെപ്പേട് ഭാസ്കരരവി പെരുമാള്‍ മുയിരിക്കോട്ട് ഇരുന്നരുളിയ നാളിലാണ് അനുവദിച്ചത്. വീരരാഘവപ്പട്ടയം വീരകേരളചക്രവര്‍ത്തി എന്ന് സ്വയംവിശേഷിപ്പിക്കുന്ന ഒരു ഭരണാധികാരി പെരുംകോവലിലകത്തിരുന്നരുളുമ്പോള്‍ മാകോതൈയര്‍ പട്ടണത്തിലെ വണിക്കുകളില്‍ അഥവാ കച്ചവടക്കാരില്‍ പ്രമുഖനായ ഇരവി കോര്‍ത്തനന് മണിഗ്രാമപ്പട്ടവും മറ്റ് അവകാശാധികാരങ്ങളും അനുവദിക്കുന്ന രേഖയാണ്. കടത്തുവളഞ്ചിയം, വളഞ്ചിയത്തില്‍ തനിച്ചെട്ട് എന്നീ അവകാശങ്ങളും ഭിന്ന അളവുതൂക്കങ്ങളുടെ മേല്‍ കുത്തകാവകാശവും നഗരകര്‍ത്താവെന്ന പദവിയും ഇരവി കോര്‍ത്തനന് ജന്മാവകാശമായി അനുവദിച്ച് നല്കുന്നുണ്ട്. ഇതിന്റെ കാലം സംബന്ധിച്ച് ഇളംകുളം പൂര്‍വപഠനങ്ങളെ വിമര്‍ശനാത്മകമായി സമീപിച്ചിട്ടുണ്ട്. വെങ്കയ്യ ലിപി, ഭാഷ എന്നിവയെ ആധാരമാക്കി സി.ഇ. പതിമൂന്നോ പതിനാലോ ശതകത്തിലേതെന്നും കീല്‍ഹോണ്‍ ജ്യോതിഷസൂചനകളെക്കൂടി ഉപയോഗിച്ച് കൊല്ലവര്‍ഷം 495 മീനം 21 എന്നും സ്ഥാപിച്ചിട്ടുണ്ട്. ഇതേ കാര്യങ്ങള്‍ മുന്‍നിര്‍ത്തിയും ചരിത്രപരമായ തന്റെ ബോധ്യങ്ങളെ മുന്‍നിര്‍ത്തിയും കൊല്ലവര്‍ഷം 400 ആണ് വീരരാഘവപ്പട്ടയ കാലമെന്ന് ഇളംകുളം കുഞ്ഞന്‍പിള്ള അഭിപ്രായപ്പെടുന്നു (ഇളംകുളം കുഞ്ഞന്‍പിള്ളയുടെ തിരഞ്ഞെടുത്തകൃതികള്‍: 2005, പുറം-747, 755).
ഈ നാല് രേഖകളില്‍ നിന്നായി ഏതാണ്ട് 400 വര്‍ഷത്തെ മധ്യകാല കേരളജീവിത വ്യവഹാരങ്ങളിലേക്ക് വഴിവിളക്കാകുന്ന സൂചനകളാണ് ലഭിക്കുന്നത്. രാജഭരണം നടത്തുന്ന പെരുമാള്‍, നാടുകള്‍ ഭരിക്കുന്ന ഉടയവന്മാര്‍, ക്ഷേത്രഭൂമി നിയന്ത്രിച്ചിരുന്ന ഊരാളര്‍, ക്ഷേത്രഭരണത്തിലെ രാജപ്രതിനിധിയായിരുന്ന കോവിലധികാരി, കച്ചവടം നടത്തുന്ന നഗരങ്ങളില്‍ സമ്പന്നതകൊണ്ട് പ്രമാണികളായിത്തീരുകയും പ്രഭുസമ്മിതമായ അധികാരാവകാശങ്ങള്‍ നേടിയെടുക്കുകയും ചെയ്തിരുന്ന ഭിന്നമതവിശ്വാസികളായിരുന്ന വര്‍ത്തകപ്രമാണിമാര്‍, വര്‍ത്തകസംഘങ്ങളില്‍ സജീവമായ മണിഗ്രാമം, അഞ്ചുവണ്ണം, വ്യത്യസ്തങ്ങളായ കടത്തുവളഞ്ചിയം, അഞ്ചുവണ്ണപ്പേറ് മുതലായ നികുതി അവകാശങ്ങളും നഗരത്തില്‍നിന്നും നികുതി പിരിക്കുന്നതിനുള്ള മറ്റവകാശങ്ങളും, അവകാശഭൂമിയില്‍ മറ്റധികാരികളുടെ ഇടപെടലില്‍ നിന്നുള്ള അവകാശപരമായ സംരക്ഷണം, വിവിധ അളവുതൂക്കങ്ങള്‍ക്കുമേലുള്ള അധികാരം എന്നിങ്ങനെ ഈ അറിവുകളെ ക്രോഡീകരിക്കാം. ഇവയെല്ലാം സുസ്ഥിരവും സുദൃഢവും സുഗമവുമായ ഒരു കച്ചവടസംസ്കാരത്തിലേക്കാണ് വഴിതെളിക്കുന്നത്.
കച്ചവട സംഘങ്ങള്‍
രണ്ടാം ചേരസാമ്രാജ്യം എന്നു വിളിക്കപ്പെട്ട സി.ഇ. ഒമ്പതുമുതല്‍ പന്ത്രണ്ടുവരെയുള്ള നൂറ്റാണ്ടുകളിലും അവയ്ക്ക് മുമ്പും പിമ്പും കേരളത്തിന് അനേകം രാജ്യങ്ങളുമായി കച്ചവടബന്ധങ്ങള്‍ ഉണ്ടായിരുന്നു. സുഗന്ധവ്യഞ്ജനങ്ങളുടെ പ്രകൃത്യാലുള്ള സമ്പന്നത വിദൂരദേശങ്ങളിലേക്ക് കച്ചവടപരമായ ഇടപെടലുകള്‍ക്കുള്ള ശേഷിയായിത്തീര്‍ന്നു. ബി.സി.ഇ. കാലഘട്ടത്തില്‍ ഏലം, കറുവാപ്പട്ട എന്നിവയുടെയും വന്യജീവികളുടെയും കയറ്റുമതിയിലൂടെ കേരളതീരം ശ്രദ്ധിക്കപ്പെട്ടെങ്കില്‍ പിന്നീട് കുരുമുളകായിത്തീര്‍ന്നു കയറ്റുമതിയിലെ പ്രധാന ഘടകം. പലതരം തുണികളും ലോഹവസ്തുക്കളും മറ്റും ഇങ്ങോട്ടും ഇറക്കുമതി ചെയ്യപ്പെട്ടു. കച്ചവടത്തിന്റെ ഘടന ശ്രദ്ധേയമായിരുന്നു. രാജാക്കന്മാര്‍ നേരിട്ടല്ല കച്ചവടത്തില്‍ ഏര്‍പ്പെട്ടിരുന്നത്. അതിന് നിയുക്തരായത് പ്രബലരായ ചില സംഘടനകളായിരുന്നു. സി.ഇ. ഒമ്പതാം നൂറ്റാണ്ടുമുതല്‍ കേരളത്തില്‍ നിന്നും ലഭിച്ച രേഖകള്‍ പ്രകാരം വളഞ്ചിയര്‍, മണിഗ്രാമക്കാര്‍, അഞ്ചുവണ്ണക്കാര്‍, പട്ടണസ്വാമികള്‍, നാനാദേശികര്‍ എന്നിവരായിരുന്നു ഈ കച്ചവടസംഘങ്ങളെന്ന് ഇളംകുളം കുഞ്ഞന്‍പിള്ള നിരീക്ഷിക്കുന്നുണ്ട് (ഇളംകുളം കുഞ്ഞന്‍പിള്ളയുടെ തിരഞ്ഞെടുത്തകൃതികള്‍: 2005, പുറം-538). ഇത്തരം കച്ചവട സംഘങ്ങള്‍ തദ്ദേശീയമായിരുന്നെങ്കിലും അവയിലെ അംഗങ്ങള്‍ തദ്ദേശീയര്‍ മാത്രമായിരുന്നില്ല. കച്ചവട മേഖലയിലെ സമ്പന്നര്‍ അഥവാ കരുത്തരാണ് കച്ചവട സംഘങ്ങളില്‍ അംഗങ്ങളായിത്തീരുന്നത്. എശോദ തപിരായി, ഈസ്സൂപ്പ് ഇറപ്പാന്‍, ചാത്തം വടുകന്‍, ഇരവി ചാത്തന്‍, ഇരവി കോര്‍ത്തനന്‍ എന്നിവര്‍ക്ക് ലഭിച്ച അവകാശങ്ങളെല്ലാം തന്നെ മണിഗ്രാമപ്പട്ടം, അഞ്ചുവണ്ണസ്ഥാനം എന്നിവയ്ക്കൊപ്പം ലഭിച്ചവയാണ്. അതിനാല്‍ത്തന്നെ കച്ചവടത്തിലൂടെ സമ്പന്നരായ തദ്ദേശീയരും കച്ചവടത്തിനായി ഇവിടെ വന്ന് ചരക്കുകള്‍ ശേഖരിച്ച് വിദേശത്തേക്ക് കയറ്റി അയച്ച് സമ്പന്നത നേടിയതിനു ശേഷം പ്രമാണികളായ വൈദേശികരും കച്ചവടസംഘാംഗത്വം നേടിയെടുത്തു. വലിയ സാമ്പത്തിക നേട്ടം ഇവരിലൂടെ ഭരണാധികാരികള്‍ക്കും പ്രാപ്യമായി. അതിനാല്‍ മാത്രമാണ് കച്ചവട കേന്ദ്രങ്ങളാക്കുന്ന ഇടങ്ങളിലെ ഇറ എന്ന നികുതി, കച്ചവട നികുതികളായ ഉല്‍ക്ക്, തുലാക്കൂലി എന്നിവയെല്ലാം അവകാശ സംരക്ഷിതരായ പ്രമാണിമാര്‍ക്ക് ഒടുക്കേണ്ടി വരാത്തത്.
വര്‍ത്തക പ്രമാണിമാരുടെ അധിവാസ കേന്ദ്രമായ നഗരം ക്രമികമായ വികാസത്തിനും അധികാരികളുടെ പരിഗണനാര്‍ഹമായ സംരക്ഷണത്തിനും വിധേയമായി. പലപ്പോഴും ആയിരം, അറുനൂറ്റുവര്‍ പോലെയുള്ള സായുധ സംഘങ്ങള്‍ ഇവര്‍ക്ക് കാവലായി. അത്തരമൊരു പരാമര്‍ശം ഇരിങ്ങാലക്കുട കൂടല്‍മാണിക്യക്ഷേത്രത്തിലെ പാര്‍ക്കരന്‍ നമ്പിരാനര്‍ വട്ടെഴുത്ത് ലിഖിതത്തില്‍ കാണാം. ചേരിക്കല്‍ ഭൂമിക്ക് വള്ളുവനാട് അറുനൂറ്റുവര്‍ കാവലെന്ന് ലിഖിതത്തിലുണ്ട്. ഒപ്പം മണിഗ്രാമത്തുകാരായ അയിരക്കരൈക്കോതൈകുമരന്‍, ഊരതു കോതൈകുമരന്‍, നാകങ്കണ്ണ (ഇദ്ദേഹത്തിന്റെ പേരിന് മുമ്പുള്ള ഭാഗം നഷ്ടമായി), ഊരത്തു കണ്ടന്‍ കുമരന്‍ എന്നിവരേയും പ്രസ്തുത ലിഖിതം പരാമര്‍ശിക്കുന്നു (കൊച്ചിരാജ്യത്തെ ലിഖിതങ്ങളുടെ ചരിത്രപരവും ഭാഷാപരവുമായ പഠനം: 2023, പുറം-52). തരിസാപ്പള്ളി ചെപ്പേടില്‍ നഗരധര്‍മ്മം നിര്‍വ്വഹിക്കുന്നത് തരുസാപ്പള്ളിയാണ്. അവിടേക്ക് ഈഴവര്‍, വണ്ണാര്‍, ഐങ്കമ്മാളര്‍ എന്നിങ്ങനെ അധിവാ,കേന്ദ്രം സൃഷ്ടിക്കാനാവശ്യമായ മനുഷ്യവിഭവത്തെ നികുതി ഒഴിവാക്കി അനുവദിച്ചു നല്കുന്നു. എന്നാല്‍ പള്ളിക്ക് കടത്തുചുങ്കം അടക്കം പലവിധം നികുതികള്‍ പിരിക്കുന്നതിനുള്ള അവകാശങ്ങളും ലഭിക്കുന്നു.
കച്ചവട പ്രമാണിമാരുടെ അധിവാസകേന്ദ്രങ്ങള്‍ ചരക്കുകള്‍ സംഭരിക്കുന്നതിനു അവയുടെ വില നിശ്ചയിക്കുന്നതിനും കയറ്റി അയക്കുന്നതിനുമുള്ള അടിസ്ഥാന ഇടങ്ങള്‍ കൂടിയാണ്. താഴേക്കാട്ട് പള്ളിയിലെ ലിഖിതത്തില്‍ ചരക്കിന് വില തീരുമാനിക്കുന്നതിനുള്ള അവകാശം വണിക്കുകള്‍ക്ക് ലഭിക്കുന്നുണ്ട്. ഇവിടേക്കാണ് കുരുമുളക്, ഏലം, ഗ്രാമ്പൂ, കറുവാപ്പട്ട ഇത്യാദി ചരക്കുകള്‍ എത്തിച്ചേരുന്നത്. വിഭവങ്ങള്‍ക്ക് മേല്‍ അവ കൃഷി ചെയ്തെടുക്കുന്നവര്‍ക്ക് പരിപൂര്‍ണാവകാശം ഉണ്ടായിരുന്നില്ല. അവര്‍ രാജാവിന് പത്തിലൊന്ന് പതവാരമായി നല്കേണ്ടതുണ്ട്. ചരക്ക് നീക്കം പൂര്‍ണ്ണമായും ജലമാര്‍ഗ്ഗേണ ആയിരുന്നു. അതിനാലാണ് കടത്തുവളഞ്ചിയം, വളഞ്ചിയത്തില്‍ തനിച്ചെട്ട് എന്നീ അവകാശങ്ങള്‍ പരമപ്രധാനങ്ങളായത്. പ്രമാണിമാരുടെ ചുങ്കസ്ഥാനങ്ങളിലൂടെ ചരക്കുമായി കടന്നുപോകണമെങ്കില്‍ അന്നത്തെ നിലവാരത്തിലുള്ള ചുങ്കം നല്കേണ്ടിയിരുന്നു. അതിനാല്‍ത്തന്നെ കച്ചവട പ്രമാണിമാര്‍ക്ക് കയറ്റുമതികൂടാതെ ചരക്ക് ഗതാഗതത്തിലൂടെയും സമ്പാദ്യമുണ്ടായി. ഏണിക്കാണം, തളക്കാണം എന്നിവ തരിസാപ്പള്ളി ചെപ്പേടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇതുപ്രകാരം ഉയരങ്ങളില്‍ വളരുന്ന വിളവുകള്‍ ശേഖരിക്കുന്നതിന് അതിന്റെ ഉടമയായ കര്‍ഷകന്‍ ഒന്നുകില്‍ രാജാവിനോ അല്ലെങ്കില്‍ അവകാശം നേടിയ കച്ചവട പ്രമാണിക്കോ ചുങ്കം നല്കേണ്ടിവന്നു.
സുഘടിതമായിരുന്നു കച്ചവട വ്യവസ്ഥകള്‍ എന്ന് ഇതില്‍നിന്നും മനസ്സിലാക്കാം. തുറമുഖവും കൂടുതല്‍ സൗകര്യമുള്ള ജലഗതാഗത സംവിധാനവുമുള്ള ഇടങ്ങള്‍ അതിനാല്‍ത്തന്നെ പ്രധാന കച്ചവടകേന്ദ്രങ്ങളായി. ഈ ഘട്ടത്തില്‍ ചീനക്കാര്‍, ജൂതര്‍, പേര്‍ഷ്യക്കാര്‍, അറബികള്‍ എന്നിവര്‍ ഇവിടെ നിന്നും സമാഹരിച്ച വിഭവങ്ങള്‍ ഇതര രാജ്യങ്ങളിലേക്കും സ്വന്തം ആവശ്യങ്ങള്‍ക്കും കൊണ്ടുപോകുകയും സമ്പന്നരായിത്തീരുകയും ചെയ്തു. പില്ക്കാലത്ത് കച്ചവട കുത്തക അറബി വ്യാപാരികളിലേക്ക് ചുരുങ്ങുന്നതാണ് യൂറോപ്യന്‍ കച്ചവടസംഘങ്ങളെ ഇന്ത്യയിലേക്ക് സവിശേഷമായി കേരളത്തിലേക്ക് എത്തിച്ചേരാന്‍ നിര്‍ബന്ധിതമാക്കിയ ചരിത്രപരമായ ഘടകം.