അശ്വതി യു. ജി.

Published: 10 October 2025 സംസ്‌കാരപഠനം

കൈത്തറി വ്യവസായവും പരമ്പരാഗത നെയ്ത്തുകാരും
-ബാലരാമപുരം പഞ്ചായത്ത് കേന്ദ്രീകരിച്ചുള്ള പഠനം

സംഗ്രഹം
കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിൽ പ്രധാന പങ്കുവഹിക്കുന്ന ഒരു പരമ്പരാഗത കുടിൽ വ്യവസായമാണ് കൈത്തറി വ്യവസായം. ഇത് നമ്മുടെ സമ്പന്നമായ സംസ്കാരവും, പൈതൃകവും, പാരമ്പര്യവുമായി ബന്ധപ്പെട്ടിരിക്കുകയും ജനസംഖ്യയുടെ വലിയൊരു വിഭാഗത്തിന് തൊഴിലവസരം നൽകുകയും ചെയ്യുന്നു. ആഗോളതാപനത്തിന്റെ കാലഘട്ടമായ ഇന്ന്: പരിസ്ഥിതി സൗഹാർദമായ കൈത്തറി ഉൽപ്പന്നങ്ങളുടെ പ്രാധാന്യം വളരെ വലുതാണ്. കൈത്തറി ഒരു പരമ്പരാഗത വ്യവസായമേഖല ആയതുകൊണ്ടുതന്നെ ഈ മേഖലയിലേക്കുള്ള പരമ്പരാഗത നെയ്ത്തുകാരുടെ സംഭാവന വളരെ വലുതാണ്. മുൻകാലങ്ങളിൽ ഇന്ത്യയുടെയും കേരളത്തിന്റെയും ഓരോ ഗ്രാമങ്ങളും ഓരോ പ്രത്യേക നെയ്ത്ത് സമൂഹവുമായി ബന്ധപ്പെട്ടിരുന്നു. പ്രധാനമായും ശാലിയ, ദേവാങ്കസമുദായത്തിലെ നെയ്ത്തുകാരാണ് കേരളത്തിന്റെ നെയ്ത്ത് സംസ്കാരത്തിന് പ്രധാന പങ്ക് വഹിച്ചിരുന്നത്. അതിനാൽ തന്നെ ഈ പഠനം തിരുവനന്തപുരം ജില്ലയിലെ പ്രധാന നെയ്ത്ത് കേന്ദ്രമായ ബാലരാമപുരം പഞ്ചായത്തിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച്: കേരളത്തിലെ പരമ്പരാഗത നെയ്ത്തുകാരുടെ സംഭാവനകളെ കുറിച്ചാണ് വിശകലനം ചെയ്‌തിരിക്കുന്നത്‌. നിലവിൽ ഈ മേഖല വിവിധ വെല്ലുവിളികൾ നേരിടുകയും തകർന്നുകൊണ്ടിരിക്കുകയുമാണ്. പ്രത്യേകിച്ച് പരമ്പരാഗത നെയ്ത്തുകാരുടെ ഭാഗത്തുനിന്നുമുള്ള സംഭാവനകൾ കുറഞ്ഞുവരുകയും, ഇത് നമ്മുടെ പാരമ്പര്യത്തെയും സംസ്കാരത്തെയും ദേശീയ വരുമാനത്തെയും കയറ്റുമതിയേയും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള കഴിവിനെയും സാരമായി ബാധിക്കുകയും ചെയ്തിരിക്കുന്നു.
 
പ്രധാന വാക്കുകൾ: കൈത്തറി വ്യവസായം, പരമ്പരാഗത വ്യവസായം, തൊഴിലവസരം, വിദേശ നാണ്യം, നെയ്ത്ത്
 
ആമുഖം 
ഇന്ത്യയുടെയും കേരളത്തിന്റെയും സമ്പന്നമായ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും അഭിവാജ്യഘടകമായ പരിസ്ഥിതിസൗഹാർദ്ദ ഉൽപ്പന്നങ്ങൾ ഉത്പാദിപ്പിക്കുന്ന കൈത്തറി വ്യവസായം;  വ്യത്യസ്ത വിപണി വിഭാഗങ്ങൾക്ക്‌ അനുയോജ്യമായ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ഉത്പാദിപ്പിക്കുകയും, വിദേശത്തേക്കുള്ള കയറ്റുമതിയെ ഗണ്യമായി വർദ്ധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നതുകൊണ്ടുതന്നെ ഇത് നമ്മുടെ രാജ്യത്തിൻ്റെ സമ്പദ്ഘടനയിൽ വളരെ വലിയ പങ്ക് വഹിക്കുന്നു. ആദ്യകാലങ്ങളിൽ കേരളത്തിൽ ശാലിയ, ദേവാങ്ക എന്നീ വിഭാഗത്തിലുള്ളവരാണ് ഈ മേഖലയിൽ ജോലി ചെയ്തിരുന്നതെങ്കിലും, ഉയർന്ന തൊഴിൽ അവസരം  മറ്റ് വിഭാഗത്തിലുള്ള തൊഴിൽരഹിതരെ ഈ മേഖലയിലേക്ക് ആകർഷിക്കുകയും അവരുടെ പങ്കാളിത്തം സജീവമാക്കുകയും ചെയ്തു. എന്നാൽ  പരമ്പരാഗത നെയ്ത്തുകാരുടെ സംഭാവനകളാണ് ഈ മേഖലയെ മറ്റ് നെയ്ത്ത് മേഖലകളിൽ നിന്നും  വേറിട്ട് നിൽക്കാൻ സഹായിക്കുന്നത്. എന്നിരുന്നാലും നിലവിൽ കൈത്തറി വ്യവസായം നിരവധി വെല്ലുവിളികൾ നേരിടുകയും, കൈത്തറികൾ ഒന്നിനുപുറകെ ഒന്നായി അപ്രത്യക്ഷമാവുകയും, ഇത് ഈ മേഖലയുടെ നിലനിൽപ്പിനെ ഗുരുതരമായി ബാധിക്കുകയും ചെയ്തിരിക്കുന്നു. 
 കേരളത്തിലെ എല്ലാ ജില്ലകളിലും കൈത്തറി വ്യവസായം വ്യാപിച്ചുകിടക്കുന്നുണ്ടെങ്കിലും ഇതിനെ പ്രധാനമായും തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ മേഖലകളായി തിരിച്ചിരിക്കുന്നു. ഇതിൽ തിരുവിതാംകൂർ മേഖലയിലെ കൈത്തറിയുടെ കേന്ദ്രവും ചരിത്ര പ്രാധാന്യമുള്ള പ്രദേശവുമായ ബാലരാമപുരം പഞ്ചായത്തിന് പ്രത്യേക ശ്രദ്ധ നൽകി, കേരളത്തിലെ പരമ്പരാഗത നെയ്ത്തുകാരായ ശാലിയ സമുദായത്തിന്റെ സംഭാവനകളെ ഊന്നൽ കൊടുത്തുകൊണ്ടാണ് ഈ പഠനം മുന്നോട്ടുപോകുന്നത്.  കൈത്തറി മേഖലയുടെ വിവിധ പ്രശ്നങ്ങളും, നിലവിലെ അവസ്ഥകളും, കേരളത്തിലെ പരമ്പരാഗത നെയ്ത്തുകാരുടെ പങ്കാളിത്വവും  തിരിച്ചറിയുകയാണ് ഈ പഠനത്തിന്റെ പ്രധാന ലക്ഷ്യം.
 
 
കൈത്തറി വ്യവസായത്തിന്റെ കാലിക പ്രസക്തിയും നിലനിൽപ്പും
 
 
നമ്മുടെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ നാഗരികതയുടെ ആദ്യകാലങ്ങളിലാണ് കൈത്തറി വ്യവസായത്തിന്റെ ഉത്ഭവം എന്ന് കണക്കാക്കപ്പെടുന്നത്. മുൻകാലങ്ങളിൽ ഇന്ത്യയിലെ ഓരോ ജനവാസ കേന്ദ്രവും ഓരോ പ്രത്യേക നെയ്ത്ത് സമൂഹവുമായി ബന്ധപ്പെട്ടിരിക്കുകയും, ഓരോ ഗ്രാമങ്ങൾക്കും അവരുടേതായ നെയ്ത്തുകാരും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് ഇത് നമ്മുടെ രാജ്യത്തിന്റെ സമ്പന്നമായ സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും അഭിവാജ്യഘടകമാകുന്നതും. ഇന്ന് നാം ആയിരിക്കുന്ന ആഗോളതാപനത്തിന്റെ കാലഘട്ടത്തിൽ തികച്ചും മനുഷ്യനിർമ്മിതവും പ്രകൃതിദത്തവുമായ കൈത്തറി ഉൽപ്പന്നങ്ങളുടെ പങ്ക് വളരെ വലുതാണ്. ഇത് ഒരു പരിധിവരെ ഇന്ത്യയുടെ തുണിത്തരങ്ങളുടെ പൈതൃകത്തെയും സംസ്കാരത്തെയും കലയെയും സംരക്ഷിക്കുകയും ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ തുണിത്തരങ്ങൾക്ക് ഉയർന്ന വേതനം സൃഷ്ടിക്കുന്നതിനും കാരണമായി. കൈത്തറി ഒരു കുടിൽ വ്യവസായമായതുകൊണ്ടുതന്നെ മുൻകാലങ്ങളിൽ എല്ലാ കുടുംബാംഗങ്ങളും ഉത്പാദന പ്രക്രിയയിൽ ഒരുമിച്ച് പ്രവർത്തിക്കുകയും ഇവരുടെ കഴിവുകൾ ഒരു തലമുറയിൽ നിന്നും അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യുകയും ചെയ്തിരുന്നു. 
 ബ്രിട്ടീഷുകാരുടെ ദുർനയങ്ങളും യാന്ത്രിക നെയ്ത്തിന്റെ വരവും ഇന്ത്യൻ കൈത്തറിയെ പ്രതികൂലമായി ബാധിച്ചുവെങ്കിലും  സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ഭാഗമായി ഗാന്ധിജി തുടക്കം കുറിച്ച സ്വദേശി പ്രസ്ഥാനത്തിലൂടെ ഖാദി എന്ന പേരിൽ കൈത്തറി വ്യവസായത്തിന് പുതുജീവൻ ലഭിക്കുകയും ചെയ്തു. നിലവിൽ ഇന്ത്യയുടെ കാര്യത്തിൽ കൃഷി കഴിഞ്ഞാൽ വലിയ തൊഴിൽ ദാതാവാണ് കൈത്തറി മേഖല. അടിസ്ഥാന സൗകര്യവും ഊർജ്ജവും അധികം ആവശ്യമില്ലാത്തതുകൊണ്ടുതന്നെ സാധാരണ ജനങ്ങൾക്ക് വലിയ നിക്ഷേപങ്ങളൊന്നുമില്ലാതെ വരുമാനം കണ്ടെത്താൻ ഈ മേഖല സഹായിക്കുന്നു. ഇന്ത്യയിലെ ഓരോ പ്രദേശത്തിന്റെ സംസ്കാരത്തിന്റെയും കാലാവസ്ഥയുടെയും അടിസ്ഥാനത്തിൽ ഓരോ സംസ്ഥാനവും വ്യത്യസ്തതരം കൈത്തറി ഉൽപ്പന്നങ്ങളിൽ വൈദഗ്ദ്ധ്യം പുലർത്തുന്നു. നിലവിൽ ഇന്ത്യയിൽ ഏകദേശം 400 ൽ അധികം കൈത്തറി ക്ലസ്റ്ററുകളുണ്ട്. നാലാമത്തെ കൈത്തറി സെൻസസ് (All India Handloom Census,2019-20) പ്രകാരം ഇന്ത്യയിൽ 26,73,891 കൈത്തറി നെയ്ത്തുകാരും 8,48,621 അനുബന്ധ തൊഴിലാളികളും ഉണ്ട്, ഇതിൽ 72 ശതമാനത്തോളം സ്ത്രീകളുമാണ്. രാജ്യത്തിന്റെ കൈത്തറി സെൻസസ് പ്രകാരം 2009-10 മുതൽ2019-20 വരെ ഇന്ത്യയിൽ കൈത്തറി മേഖലയിൽ പ്രവർത്തിക്കുന്ന തറികളുടെ എണ്ണവും കൈത്തറി കുടുംബങ്ങളുടെ എണ്ണവും ഗവൺമെന്റിന്റെ വിവിധ നയങ്ങളുടെ സ്വാധീനംകൊണ്ട് വർദ്ധിച്ചിട്ടുണ്ടെങ്കിലും നെയ്ത്തുകാരുടെയും അനുബന്ധ തൊഴിലാളികളുടെ എണ്ണവും കുറഞ്ഞുവരുന്നതായി കാണാം. ഇവിടെ 1987-88 ലെ  ഒന്നാം കൈത്തറി സെൻസസ് അനുസരിച്ച് 64.8 ലക്ഷം തൊഴിലാളികൾ ഉണ്ടായിരുന്നിടത്ത് നാലാം സെൻസസ് കാലയളവിൽ വെറും 35.23 ലക്ഷമായി ചുരുങ്ങുകയും ചെയ്തു. കൂടാതെ ഇതിൽ ഭൂരിഭാഗം നെയ്ത്തുകാരും പ്രതിമാസം 5000 രൂപയിൽ താഴെ വരുമാനം നേടുന്നവരാണെന്നും റിപ്പോർട്ടിൽ പറയുന്നു, അതിനർത്ഥം തൊഴിലാളികളുടെ ക്ഷേമത്തിനും പുരോഗതിക്കും വേണ്ടി രൂപീകരിച്ച ഗവൺമെന്റിന്റെ വിവിധ നയങ്ങളും പരിപാടികളും ഈ മേഖലയിൽ മെച്ചപ്പെട്ട സ്വാധീനം ചെലുത്തിയിട്ടില്ല എന്ന്തന്നെ പറയേണ്ടിവരും.
 
കേരളത്തിലെ കൈത്തറി വ്യവസായം
 
കൈത്തറി മേഖലയുടെ ശക്തി എന്നു പറയുന്നത് അവയുടെ പ്രാദേശികവും ഉല്പാദന പരവവുമായ പ്രത്യേകതകളാണ്. അത് നിർണയിക്കുന്നത് അവിടത്തെ സാമൂഹ്യ വൈദഗ്ദ്ധ്യവും സാംസ്കാരിക രീതികളുമാണ്. തൊഴിൽ ദാതാവെന്ന നിലയിൽ കേരളത്തിലെ കുടിൽ വ്യവസായങ്ങളുടെ ഇടയിൽ രണ്ടാം സ്ഥാനമാണ് ഈ വ്യവസായത്തിനുള്ളത്. കേരളത്തിൽ കൈത്തറി വ്യവസായം എല്ലാ ജില്ലകളിലും വ്യാപിച്ചു കിടക്കുന്നുണ്ടെങ്കിലും അവയെ മൂന്നു ക്ലസ്റ്ററുകളായാണ് തിരിച്ചിരിക്കുന്നത്. ഇവയിൽ തെക്കൻ മേഖലയായ തിരുവിതാംകൂർ ക്ലസ്റ്ററിന്റെ പ്രധാന കൈത്തറി കേന്ദ്രമായ ബാലരാമപുരത്ത്, ഏകദേശം 250 വർഷങ്ങൾക്ക് മുമ്പ് തിരുവിതാംകൂർ ഭരണാധികാരി ബാലരാമവർമ്മയുടെ കാലത്തെ ദിവാനാനയിരുന്ന ഉമ്മിണിതമ്പി  കൊട്ടാരം ആവശ്യത്തിനായി വസ്ത്രങ്ങൾ (മുണ്ടും നേരിയതും) നെയ്യുന്നതിനായി തമിഴ്നാട്ടിലെ നാഗർകോവിലിൽ നിന്നും തിരുനെൽവേലിയിൽ നിന്നും ഏകദേശം എട്ടോളം ശാലിയ വിഭാഗത്തിലെ നെയ്ത്തു കുടുംബങ്ങളെ ബാലരാമപുരത്തേക്ക് കുടിയേറ്റി പാർപ്പിക്കുകയും പിൽക്കാലത്ത് ഇവരുടെ ഉത്പാദന രീതിയും സാങ്കേതികവിദ്യയും തിരുവനന്തപുരം ജില്ലയിലെ പ്രാദേശിക നെയ്ത്തുകാരിലേക്കും പരിസരപ്രദേശങ്ങളിലേക്കും വ്യാപിക്കുകയും ചെയ്തു. കൂടാതെ കൊച്ചിൻ മേഖലയിൽ ഉൾപ്പെടുന്ന എറണാകുളം ജില്ലയിലെ ചേന്നമംഗലവും തൃശ്ശൂർ ജില്ലയിലെ കുത്താമ്പുള്ളി എന്നിവ കേരളത്തിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന പ്രശസ്തമായ കൈത്തറി കേന്ദ്രങ്ങളാണ്. ഇവിടത്തെ നെയ്ത്തുകാർ ഏകദേശം 500 വർഷങ്ങൾക്കു മുമ്പ് രാജകുടുംബത്തിന്റെ ആവശ്യങ്ങൾക്കായി കർണാടകയിൽ നിന്നും കുടിയേറ്റം ചെയ്ത് പാർപ്പിച്ച ദേവാങ്ക സമുദായത്തിൽ പെട്ടവരാണ്. എന്നാൽ കേരളത്തിന്റെ വടക്കൻ മേഖലയായ മലബാറിലെ കണ്ണൂർ കോഴിക്കോട് കാസർഗോഡ് ജില്ലകളിലായി കണ്ണൂരിലെ ചിറക്കൽ രാജാക്കന്മാർ അവരുടെ ആവശ്യങ്ങൾക്കായി മറ്റ് പ്രദേശങ്ങളിൽ നിന്നുമുള്ള ശാലിയ സമുദായത്തിലെ നെയ്ത്ത് കുടുംബങ്ങളെ കൊണ്ടുവന്ന് കോളനികളിൽ പാർപ്പിക്കുകയും ചെയ്തു. മാത്രമല്ല കയറ്റുമതി അധിഷ്ഠിത ഉൽപ്പന്നങ്ങളിൽ അവ കൂടുതൽ പ്രത്യേകതയുള്ളവയായിരുന്നു. ബ്രിട്ടീഷുകാരുടെ വരവിന് വളരെ മുമ്പ് തന്നെ വാസ്കോഡ ഗാമ വഴി ഏഷ്യൻ യൂറോപ്പ്യൻ രാജ്യങ്ങളിലേക്ക് ഇത് കയറ്റുമതി ചെയ്തിരുന്നു.
 നിലവിൽ കേരളത്തിന്റെ കൈത്തറി വ്യവസായത്തിലെ മൊത്തം തറകളുടെ 96 ശതമാനവും സഹകരണ മേഖലയാണ് (Handloom Weavers Co-operative Societies) ആധിപത്യം പുലർത്തുന്നത്, എന്നാൽ വളരെ വിരളമായ കൈത്തറി യൂണിറ്റുകളാണ് വ്യാവസായിക സംരംഭകരുടെ (Master Weavers) ഉടമസ്ഥതയിൽ ഉള്ളത്. അതിൽ വളരെ കുറച്ച് ശതമാനം മാത്രമാണ് പരമ്പരാഗത നെയ്ത്ത് സമൂഹത്തിൽപെട്ട ശാലിയ ദേവാങ്ക എന്നിവരുടെ പങ്കാളിത്തം. കൂടാതെ കൈത്തറി ഉൽപ്പന്നങ്ങളുടെ വിപണനത്തിനായി കേരളത്തിൽ പ്രവർത്തിക്കുന്ന രണ്ട് സ്ഥാപനങ്ങളായ ഹാൻവീവും ഹാൻറെക്സും; നെയ്ത്തുകാർക്ക് ആവശ്യമായ നൂൽ ഉൾപ്പെടെയുള്ള അസംസ്കൃത വസ്തുക്കൾ വിതരണം ചെയ്യുകയും അവരുടെ ഉൽപ്പന്നങ്ങൾ വാങ്ങുകയും, അതുവഴി കൈത്തറി വ്യവസായത്തിന് ഒരു താങ്ങായി പ്രവർത്തിക്കുകയും ചെയ്യുന്നു. 
 സംസ്ഥാനത്തെ പ്രധാന കൈത്തറി ഉൽപ്പന്നങ്ങളായ ബാലരാമപുരം സാരികൾ, ഫൈൻ കോട്ടൺ തുണിത്തരങ്ങൾ, ദോത്തി, കുത്താമ്പുള്ളി സാരികൾ, കാസർഗോഡ് സാരികൾ, കണ്ണൂർ ഹോം ഫർണിഷുകൾ എന്നിവ ഇന്ത്യയുടെ ജിയോ ഇൻഡിക്കേഷൻ ആക്ടിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേരളത്തിൽ നിന്നുമുള്ള ഉൽപ്പന്നങ്ങളാണ്. ഇത് കേരളത്തിലെ കൈത്തറി ഉൽപ്പന്നങ്ങളുടെ വിപണനത്തിന് സഹായിക്കുകയും ഉപഭോക്താക്കളുടെ ഇടയിൽ ഒരു അവബോധം സൃഷ്ടിക്കുന്നതിനും സഹായിക്കുന്നു.
 
 തകർന്നുകൊണ്ടിരിക്കുന്ന കൈത്തറി മേഖല 
 
 ഡയറക്ടറേറ്റ് ഓഫ് ഹാൻഡ്‌ലൂം ആൻഡ് ടെക്സ്റ്റൈൽസിന്റെ (Directorate of Handlooms and Textiles, Kerala) റിപ്പോർട്ട് അനുസരിച്ച് സ്വകാര്യ അസംഘടിത മേഖലയിലെ യൂണിറ്റുകളെ അപേക്ഷിച്ച് സഹകരണ സംഘങ്ങളിലാണ് കൂടുതൽ തറികളും, നെയ്ത്ത് തൊഴിലാളികളും ഉള്ളത്. എന്നാൽ നിലവിൽ കേരളത്തിൽ കൈത്തറി നെയ്ത്തുകാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാവുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് കുറയുകയും ചെയ്തിരിക്കുന്നു. അതിനുപുറമേ 2015-16 സാമ്പത്തിക വർഷത്തിൽ 22492 തറികൾ ഉണ്ടായിരുന്ന സ്ഥാനത്ത് 2020-21 ആയപ്പോഴേക്കും 1657 തറികളായി കുറയുകയും, 2015-16 ൽ 40.19 ദശലക്ഷം മീറ്റർ ആയിരുന്ന കൈത്തറി തുണിത്തരങ്ങളുടെ ഉൽപാദനം 2020-21 ആയപ്പോഴേക്കും 14.8 ദശലക്ഷം മീറ്ററായി കുറയുകയും, ഉൽപാദന മൂല്യം 339.25 കോടിയിൽ നിന്നും 45.27 കോടി രൂപയായി കുറയുകയും, ഉത്പാദനക്ഷമത 1786.85 കോടിയിൽ നിന്നും 894.21 കോടി രൂപയായി കുറയുകയും ചെയ്തു. മേൽപ്പറഞ്ഞ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, കേരളത്തിന്റെ കൈത്തറി വ്യവസായം തകർന്നു കൊണ്ടിരിക്കുകയാണെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും.
 
 പരമ്പരാഗത നെയ്ത്തുകാരുടെ പിൻവാങ്ങൽ
 
 കൈത്തറി വ്യവസായത്തിന്റെ കാര്യത്തിൽ ആ പ്രദേശത്തിന്റെ ചരിത്രത്തെ പോലെ തന്നെ അതിന്റേതായ ബ്രാൻഡും പ്രതിച്ഛായയും സൃഷ്ടിക്കാൻ സഹായിക്കുന്ന ഒന്നാണ് പരമ്പരാഗത നെയ്ത്തുകാർ. കേരളത്തിന്റെ തെക്കൻ മേഖലയായ തിരുവിതാംകൂറിൽ മുണ്ടും നേരിയതും, നേർത്ത കോട്ടൻസാരി, മറ്റ്  വസ്ത്ര സാമഗ്രികൾ എന്നിവയ്ക്ക് പേരുകേട്ട ഒരു പ്രദേശമാണ് ബാലരാമപുരം. ഇവിടത്തെ പരമ്പരാഗത നെയ്ത്തുകാരായ ശാലിയ സമുദായത്തിൽപ്പെട്ട എല്ലാ കുടുംബങ്ങളുടെയും ഉപജീവനമാർഗ്ഗം നെയ്ത്ത് ആയിരുന്നു, ഇവർ കൂടുതലും സ്വതന്ത്ര നെയ്ത്തുകാരും (Independent Weavers) ആയിരുന്നു. എന്നാൽ കഴിഞ്ഞ 10 മുതൽ 15 വർഷത്തിനിടയിൽ ബാലരാമപുരത്ത് നിന്നും സ്വതന്ത്ര നെയ്ത്തുകാർ പിൻവാങ്ങുകയും അവരിൽ ചിലർ മാസ്റ്റർ നെയ്ത്തുകാരുടെ കീഴിലും മറ്റു ചിലർ അന്യ തൊഴിലുകൾ തേടി പോവുകയും ചെയ്‌തിരിക്കുന്നു. അതിന്റെ ഫലമായി കൈത്തറി മേഖലയിൽ പരമ്പരാഗത നെയ്ത്തുകാരുടെ പങ്കാളിത്തം കുറയുകയും ചെയ്തു.
 ഉല്പാദനത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ കൈത്തറി നെയ്ത്തുകാരെ സ്വതന്ത്ര നെയ്ത്തുകാർ, മാസ്റ്റർ നെയ്ത്തുകാർ, സഹകരണ സംഘങ്ങൾ എന്നിങ്ങനെ തരം തിരിച്ചിരിക്കുകയും; ഇതിൽ സ്വതന്ത്രനെയ്ത്തുകാർ സ്വന്തമായി വിപണിയിൽ നിന്നും അസംസ്കൃത വസ്തുക്കൾ വാങ്ങുകയും സ്വന്തം തറികൾ ഉപയോഗിച്ച് തുണിത്തരങ്ങൾ ഉല്പാദിപ്പിക്കുകയും പ്രാദേശിക വിപണിയിലോ വ്യാപാരികൾക്കോ ഉൽപ്പന്നങ്ങൾ വിൽക്കുകയും ചെയ്യുന്നു. ഇവിടെ ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങളും ഉത്പാദന പ്രക്രിയയുടെ ഭാഗമാവുകയും കഴിവുകൾ തലമുറകളായി കൈമാറ്റംചെയ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ മാസ്റ്റർ നെയ്ത്ത് സമ്പ്രദായത്തിൽ മാസ്റ്റർ നെയ്ത്തുകാർ കൂലി തൊഴിലാളികളെ കൊണ്ട് തുണിത്തരങ്ങൾ ഉല്പാദിപ്പിക്കുകയും അവ നേരിട്ടോ വിപണിയിലോ വിൽക്കുകയും ചെയ്യുന്നു. എന്നാൽ സഹകരണ സംഘത്തിൽ കൂലി തൊഴിലാളികളെ ഉപയോഗിച്ച് മൂല്യ വർദ്ധിതമായ ഉൽപ്പന്നങ്ങൾ ഉത്പാദിപ്പിക്കുകയും അവ ഹാൻഡക്സിലോ ഹാൻഡ്‌വീവിലോ സ്വന്തമായോ വിൽക്കുന്നു. ഇതിൽ മാസ്റ്റർ നെയ്ത്ത് സമ്പ്രദായത്തിലും സഹകരണ സംഘത്തിലും തൊഴിലാളികൾ സ്വന്തം തറികൾ ഉപയോഗിച്ചോ സ്ഥാപനത്തിന്റെ തറികൾ ഉപയോഗിച്ചോ ആണ് നെയ്യുന്നത്.
 ബാലരാമപുരത്തെ 25 സ്ഥാപന മുതലാളിമാരിൽ നിന്നും അവിടത്തെ 125 നെയ്ത്തുകാരിൽ നിന്നുമുള്ള പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഇവിടത്തെ ഭൂരിഭാഗം വരുന്ന കൈത്തറി യൂണിറ്റുകളും 1991 ലെ പുത്തൻ സാമ്പത്തിക നയം (Liberalisation, Privatisation, Globalisation) നിലവിൽ വരുന്നതിനു മുമ്പ് രൂപീകരിച്ചവയാണ്, കൂടാതെ 2000 ന് ശേഷം ഇവിടെ ഒരു പുതിയ കൈത്തറി യൂണിറ്റുപോലും  രൂപീകരിച്ചില്ലെന്നുതന്നെ  പറയാം. ഉയർന്ന ഉൽപാദന ചെലവ്, സാമ്പത്തിക പ്രശ്നങ്ങൾ, അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവ്, മറ്റ് പകരക്കാരിൽ നിന്നുമുള്ള മത്സരം, വർദ്ധിച്ചുവരുന്ന രാഷ്ട്രീയ ഇടപെടലും അഴിമതിയും, വ്യാപാര ഉദാരവൽക്കരണം, കുറഞ്ഞ ലാഭം, ഇടനിലക്കാരിൽനിന്നുമുള്ള ചൂഷണം, വൈദഗ്ദ്ധ്യമുള്ള തൊഴിലാളികളുടെ അഭാവം എന്നിവയാണ്  നിലവിൽ ഈ മേഖല നേരിടുന്ന പ്രധാന വെല്ലുവിളികൾ. ഇത് പുതിയ സംരംഭകരെ നിരാശപ്പെടുത്തുകയും നിലവിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന യൂണിറ്റുകൾ അവരുടെ ഉത്പാദനം കുറച്ച് സ്ഥാപനങ്ങൾ പൂട്ടുന്ന വക്കിൽ എത്തിച്ചേരുകയും ചെയ്തിരിക്കുന്നു. 
 ബാലരാമപുരത്തെ ശാലിയ സമുദായത്തിലെ മൊത്തം നെയ്ത്തുകാരും മാസ്റ്റർ നെയ്ത്തുകാരുടെ കീഴിലാണ് ജോലി ചെയ്തു വരുന്നത്, എന്നാൽ ഇത് മാസ്റ്റർ നെയ്ത്തുകാരുടെ കീഴിൽ ജോലി ചെയ്യുന്നവരിൽ വെറും 42.5 ശതമാനം മാത്രമാണ്. എന്നാൽ സഹകരണ സംഘത്തിന് കീഴിലുള്ള യൂണിറ്റുകളിൽ ആരും തന്നെ ഈ സമുദായത്തിൽ നിന്നുമുള്ളവരില്ല. മാത്രമല്ല സംരംഭകരുടെ 25 സാമ്പിളുകളും നെയ്ത്തുകാരുടെ 125 സാമ്പിളുകളുമെടുത്തപ്പോൾ, യഥാക്രമം 33.3 ശതമാനവും 35 ശതമാനവും മാത്രമാണ് ഈ മേഖലയിലേക്കുള്ള  ശാലിയ സമുദായത്തിൽനിന്നുമുള്ളവരുടെ പങ്കാളിത്തം. ഇത് മുൻവർഷങ്ങളെ താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണെന്ന് തന്നെ പറയാം. 
 ഇവിടെ നെയ്ത്തുകാരുടെ ജോലി സമയത്തിന് പരിധിയില്ലാത്തതിനാൽ അവർ താൽക്കാലികമായോ മുഴുവൻ സമയമായോ ജോലി ചെയ്യുന്നു, ഇതിൽ ചിലർ അതിരാവിലെ മുതൽ രാത്രി വൈകി വരെ ജോലി ചെയ്തു വരുന്നു, തുടർച്ചയായ ജോലി ഇവരെ ശ്വാസകോശ പ്രശ്നങ്ങൾക്കും, കാഴ്ച പ്രശ്നങ്ങൾ, സന്ധിവേദന തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളിലേക്ക് എത്തിക്കുന്നു. കൂടാതെ ഇതിൽ ഭൂരിഭാഗം വരുന്ന നെയ്ത്തുകാരുടെയും ശരാശരി വരുമാനം എന്നത് പ്രതിമാസം 7000 രൂപയിൽ താഴെയാണ് : എന്നാൽ ഇത് അവരുടെ ഉത്പാദനക്ഷമതയുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ കുറവാണെന്നുതന്നെ പറയേണ്ടിവരും. എന്നിരുന്നാലും പാരമ്പര്യം, തൊഴിലില്ലായ്മ, ദാരിദ്ര്യം, മറ്റു തൊഴിലുകൾ ചെയ്യാനുള്ള അറിവില്ലായ്മ എന്നിവയാണ് മിക്ക നെയ്ത്തുകാരെയും ഈ മേഖലയിൽ തുടരാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങൾ. 
 ഇവിടത്തെ ശാലിയ സമുദായത്തിലെ നെയ്ത്തുകാർ അവരുടെ ചെറുപ്രായത്തിൽ തന്നെ ഈ മേഖലയിൽ തൊഴിൽ ചെയ്തു വരുന്നതിനാൽ ഇവർക്ക് മറ്റു നെയ്ത്തുകാരെ താരതമ്യം ചെയ്യുമ്പോൾ  സാക്ഷരതാ നിലവാരം വളരെ കുറവാണ്. എന്നാൽ മറുവശത്ത് യുവതലമുറയുടെ ഇടയിൽ വിദ്യാഭ്യാസം താരതമ്യേന മികച്ചതാണ്. അതുപോലെതന്നെ ഇതിൽ മിക്ക നെയ്ത്തുകാരും തങ്ങളുടെ അടുത്ത തലമുറ ഈ മേഖലയിൽ ജോലി ചെയ്യാൻ താല്പര്യപ്പെടുന്നില്ല. അതിനുപുറമെ നിലവിൽ കൈത്തറി തൊഴിലാളികൾ മറ്റ് തൊഴിൽ തേടിപ്പോകുന്ന പ്രവണതയും ഇവിടെ കാണാവുന്നതാണ്. പ്രത്യേകിച്ച് കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇവിടത്തെ  നെയ്ത്ത് യൂണിറ്റുകൾ താൽക്കാലികമായി അടച്ചിടുകയും നെയ്ത്തുകാർക്ക് തൊഴിൽ നഷ്ടപ്പെടുകയും ചെയ്ത സാഹചര്യത്തിൽ നെയ്ത്തുകാരിലെ മിക്ക സ്ത്രീകളും മഹാത്മാഗാന്ധി നാഷണൽ റൂറൽ എംപ്ലോയ്മെന്റ് ഗ്യാരണ്ടി പ്രോഗ്രാമിന് കീഴിൽ ജോലി ചെയ്തു വരികയും പുരുഷന്മാർ മറ്റ് തൊഴിൽ തേടി പോവുകയും ചെയ്തു. എന്നാൽ  നിലവിൽ യൂണിറ്റുകളുടെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചുവെങ്കിലും ഇവർ തിരിച്ച് നെയ്ത്ത് മേഖലയിലേക്ക് വരാൻ താല്പര്യപ്പെടുന്നില്ല.
 കൂടാതെ സംരംഭക വികസന പരിപാടികളുടെ കാര്യക്ഷമതയില്ലായ്മയും, ഇതിനെപ്പറ്റിയുള്ള അറിവില്ലായ്മയും മാസ്റ്റർ നെയ്ത്തുകാരിൽ ഭൂരിഭാഗവും ഇതുപോലുള്ള പരിപാടികളിൽ പങ്കെടുക്കുകയോ, രജിസ്ട്രേഷൻ നടപടികളെക്കുറിച്ചുള്ള അവബോധമില്ലായ്മകാരണം മിക്ക യൂണിറ്റുകളും ഗവൺമെന്റ് രജിസ്ട്രേഷൻ ചെയ്യുകയോ ചെയ്തിട്ടില്ല.  അതുകൊണ്ടുതന്നെ ഇവർക്ക് മറ്റ് സഹകരണ സംഘങ്ങൾക്കും അവിടത്തെ തൊഴിലാളികൾക്കും കിട്ടുന്നതുപോലുള്ള ഗവൺമെന്റ് ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല. അതുപോലെതന്നെ തറികളുടെയും തൊഴിലാളികളുടെയും എണ്ണത്തിലും യൂണിറ്റുകളുടെ വലുപ്പത്തിന്റെയും കാര്യത്തിൽ മാസ്റ്റർ നെയ്ത്തുകാരുടെ  യൂണിറ്റുകൾ സഹകരണ സംഘത്തിലെ യൂണിറ്റുകളെ താരതമ്യം ചെയ്യുമ്പോൾ വളരെ പിന്നിലാണ്. കൂടാതെ ഓരോ വർഷം കഴിയുന്തോറും ഈ രണ്ട് യൂണിറ്റുകളുടെയും തറികളുടെ എണ്ണം കുറഞ്ഞുവരികയാണ്. നിലവിൽ ഇത് യഥാക്രമം ശരാശരി 43 ഉം 129 മാണ്, എന്നാൽ ഇതിൽ ശരാശരി 17 ഉം 57 ഉം മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. ഇത് കൈത്തറി മേഖലയുടെ തകർച്ചയെ സൂചിപ്പിക്കുന്ന ഒരു പ്രധാന ഘടകമായി കണക്കാക്കാവുന്നതാണ്. പല കാരണങ്ങളും ഈ മേഖലയുടെ വികസനത്തെ പ്രതികൂലമായി ബാധിച്ചുവെങ്കിലും കോവിഡ് മഹാമാരിയുടെ വരവ് ഇതിനെ സാരമായി തന്നെ ബാധിക്കുകയുണ്ടായി. ആ സമയത്ത് ഇവിടത്തെ മിക്ക യൂണിറ്റുകളും പൂർണമായോ താൽക്കാലികമായോ അടച്ചിടുകയും, കൃത്യസമയത്തിനുള്ളിൽ വേതനം കൊടുക്കാൻ പറ്റാതെവരുകയും, കൈത്തറി വ്യവസായം ഒരു കാലിക വിപണിയായതിനാലും ഇത് ഈ മേഖലയെ പ്രതികൂലമായി ബാധിക്കുകയും തൊഴിലാളികൾ വൻതോതിൽ മറ്റു മേഖലകളിലേക്ക് കുടിയേറുകയും ചെയ്തു. 
നിലവിൽ ഇവിടെ ഒരു ചെറിയ ശതമാനം യൂണിറ്റുകൾ മാത്രമാണ് സ്ഥിരമായി ഉൽപാദനം നിലനിർത്തുന്നുള്ളൂ. മിക്ക യൂണിറ്റുകളും ഉൽപാദനം കുറയ്ക്കുകയും ബാക്കിയുള്ളവർ പല പ്രശ്നങ്ങൾ കാരണം പൂർണമായും പ്രവർത്തനരഹിതമാവുകയും ചെയ്തിരിക്കുന്നു. കൈത്തറി മേഖലയുടെ പുരോഗതിക്കായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ വിവിധ പദ്ധതികളും ആനുകൂല്യങ്ങളും നടപ്പാക്കുന്നുണ്ടെങ്കിലും ഇത് ഭൂരിഭാഗം പേർക്കും (പ്രത്യേകിച്ച് പരമ്പരാഗത നെയ്ത്തുകാർക്കും മറ്റ് മാസ്റ്റർ നെയ്ത്തുകാർക്കും അവരുടെ കീഴിലുള്ള തൊഴിലാളികൾക്കും) ലഭിക്കുന്നില്ല എന്നതാണ് വാസ്തവം.
 ഉപസംഹാരം 
 കൈത്തറി വ്യവസായങ്ങളുടെ ചരിത്രപശ്ചാത്തലവും, നിലവിലെ സാഹചര്യങ്ങളും, കാലിക പ്രസക്തിയും, നേരിടുന്ന വെല്ലുവിളികളും, പ്രത്യേകിച്ച് കേരളത്തിലെ തിരുവിതാംകൂർ മേഖലയിലെ ശാലിയ സമുദായത്തിൽ നിന്നുമുള്ള പരമ്പരാഗത നെയ്ത്തുകാരുടെ സംഭാവനകളെ കുറിച്ചുമാണ് ഈ ലേഖനത്തിൽ വിശദീകരിച്ചിരിക്കുന്നത്. കേരളത്തിന്റെ കാര്യത്തിൽ തൊഴിൽ ദാതാവ് എന്ന നിലയിൽ കൈത്തറി വ്യവസായം കുടിൽ വ്യവസായങ്ങളുടെ ഇടയിൽ രണ്ടാം സ്ഥാനമാണ് : എന്നിരുന്നാലും മുൻവർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നിലവിൽ കേരളത്തിലെ തറികളുടെയും, നെയ്ത്തുകാരുടെയും, ഉൽപാദനം, ഉൽപ്പാദനക്ഷമത, തൊഴിലവസരം എന്നിവയിൽ കുറവ് സംഭവിച്ചിരിക്കുന്നു . കൂടാതെ നിലവിൽ ഈ മേഖലയിൽ സഹകരണ സംഘങ്ങൾ ആധിപത്യം പുലർത്തുകയും പരമ്പരാഗത നെയ്ത്തുകാരുടെ സംഭാവനകൾ  വളരെ തുച്ഛമാവുകയും ചെയ്തിരിക്കുന്നു. അത് നമ്മുടെ കൈത്തറിയുടെ പാരമ്പര്യത്തെയും അഭിമാനത്തെയും പ്രതികൂലമായി ബാധിക്കാൻ അധികകാലം വേണ്ടിവരില്ല എന്ന് തന്നെ പറയേണ്ടിവരും. 
കാലങ്ങളായി കൈത്തറി മേഖല വിവിധ പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിലും, കൈത്തറി വ്യവസായം ഒരു കാലിക വിപണി ആയതിനാൽ കോവിഡ് മഹാമാരിയുടെ വരവ് ഈ മേഖലയെ കരകയറാൻ പറ്റാത്തവിധം ആഴത്തിൽ സ്വാധീനിക്കുകയും അതിന്റെ നിലനിൽപ്പിനെ ഗുരുതരമായി ബാധിക്കുകയും ചെയ്തിരിക്കുന്നു. ഈ മേഖലയുടെ ഉന്നമനത്തിനായി നെയ്ത്തുകാരുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനുമായി കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ വിവിധ നയങ്ങളും പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ടെങ്കിലും അത്തരം ആനുകൂല്യങ്ങൾ വളരെ കുറച്ചു പേർക്ക് മാത്രമേ ലഭിക്കുന്നുള്ളൂ. ഇവയെ പറ്റിയുള്ള അറിവില്ലായ്മയാണ് പ്രധാന കാരണമായി കണ്ടെത്തിയിട്ടുള്ളത്. അതിനാൽ ഇവരുടെ ഇടയിൽ (പ്രത്യേകിച്ച് പരമ്പരാഗത നെയ്ത്തുകാരുടെ) ഇതിനെ പറ്റിയുള്ള അവബോധം വളർത്തേണ്ടതും മാറുന്ന സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കേണ്ടതും അസംസ്കൃതവസ്തുക്കൾ, വിപണന സൗകര്യങ്ങൾ, സാമ്പത്തിക വായ്പാ സൗകര്യങ്ങൾ എന്നിവ ലഭ്യമാക്കേണ്ടതും കൈത്തറി മേഖലയുടെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്. ഇത് പുതുതലമുറയെ ഈ മേഖലയിലോട്ട് ആകർഷിക്കുന്നതിനും കൈത്തറി മേഖല പരമ്പരാഗത നെയ്ത്തുകാരിലൂടെ നിലനിൽക്കുന്നതിനും സഹായിക്കുന്നു.
 
References
 
Baral, S. K., & Singh, P. (2024). Unraveling the Impact of Geographical Indication on Consumer Preferences for Handloom Products. Asian Journal of Economics Business and Accounting, 24(5), 546-556.
Kerala State Planning Board. (2022). Report of Working Group on Traditional Industries. Government of Kerala.
Kumar, V., Kumari, P., Yadav, P., & Madan. (2021, December 16). Ancient to Contemporary- The Saga of Indian Handloom Sector. Indian Journal of Fibre and Textile Reasearch, 46, 411-431.
Loganathan, R., Manikkoth, H., & Kathik, S. (2021). Study on Traditional Handloom Textiles of Kerala into Regional Brading. Ilkogretim Online- Elementary Education Online, 20(5), 8474-8481. Retrieved August 22, 2025
Ministry of Textiles. (2019). Handloom Census 2019-20. National Council of Applied Research, Government of India.
Ministry of Textiles. (2010). Handloom Census 2009-10. National Council of Applied Research, Government of India.
Ministry of Textiles. (1990). Handloom Census 1989-90. National Council of Applied Research, Government of India.
Varghese, A., & Salim, H. (2015, August). Handloom Industry in Kerala: A Study of the Problems and Challenges. International Journal of Management and Social Science, 1(14), 347-353. Retrieved August 2025

അശ്വതി യു. ജി.

ഗവേഷണ വിദ്യാർത്ഥിനി സാമ്പത്തികശാസ്ത്ര വിഭാഗം യൂണിവേഴ്സിറ്റി കോളേജ്, പാളയം തിരുവനന്തപുരം aswathyushakrishnan92@gmail.com

5 2 votes
Rating
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x