അവാര്‍ഡുകളുടെ രാഷ്ടീയം

മുന്നുര

July 10, 2025

മലയാളത്തിൽ ഒരവാർഡും കിട്ടാത്ത ഒരു എഴുത്തുകാരനും/കാരിയും ഉണ്ടാവുമെന്നു തോന്നുന്നില്ല.( ഇനി അഥവാ ഉണ്ടെങ്കിൽ ഇതുവരെ കിട്ടാത്തവർക്ക് മാത്രമായി ഒരു അവാർഡു ഉടനെ ഉണ്ടാകും )മിക്കവാറും എല്ലാ അവാർഡുകളും പ്രശസ്തരായ മൂന്നു പേർ തെരഞ്ഞെടുത്തത് ആയിരിക്കും. ഇവർ പ്രശസ്തരാവാനുള്ള പല കാരണങ്ങളിൽ ഒന്ന് വേറെ മൂന്നു പേർ ചേർന്ന് മുൻപ് ഏകകണ്ഠേന ഇവരെ തെരഞ്ഞെടുത്ത് മറ്റൊരു അവാർഡ് കൊടുത്തതാണ്.ഇത് ശൃംഖല പോലെ നീണ്ടുപോകും.എന്നാൽ ചിലർ അവാർഡുകളെക്കുറിച്ച് എക്കാലവും ദുരാരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്. കേരളത്തിൽ സാഹിത്യ അവാർഡുകളെക്കുറിച്ചാണ് കൂടുതൽ അപവാദങ്ങൾ.ഇടശ്ശേരി, വള്ളത്തോൾ, ബഷീർ തുടങ്ങിയുള്ള എഴുത്തുകാരുടെ പേരിലോ മറ്റോ പ്രഖ്യാപിക്കുന്ന അവാർഡ്, അവാർഡുതുക,വിതരണചടങ്ങ് തുക, പകരം പദവികൾ എന്നിവ ഉറപ്പിച്ചു കൊണ്ടുള്ള ഇടനില മാഫിയ സംഘങ്ങൾ സൃഷ്ടിക്കുന്നതാണ് എന്നൊക്കെ പറയും. (റോഷ്നി സ്വപ്ന എന്ന കവയത്രിക്ക് 1500 രൂപ അടച്ച് രജിസ്റ്റർ ചെയ്ത് മുന്നോട്ട് നീങ്ങിയാൽ ബഷീർ അവാർഡ് കിട്ടുമായിരുന്നുവത്രെ.(https://www.facebook.com/share/p/192qMoZtpv/ )
അല്ലെങ്കിൽ ‘ഈ ‘ സാംസ്കാരിക സംഘടന ‘ആ’ സാംസ്കാരിക സംഘടനയിൽ പെട്ട ഒരാൾക്ക് കൊടുക്കയും ‘ആ’ സാംസ്കാരിക സംഘടന ‘ഈ ‘ സാംസ്കാരിക സംഘടനയിൽ പെട്ട ഒരാൾക്ക് കൊടുക്കയും ചെയ്യുന്ന ഒന്നാണ് അവാർഡുകൾ എന്നു പറയും. പ്രസാധകർ പുസ്തക വിപണിക്ക് വേണ്ടി സംഘടിപ്പിച്ചു കൊടുക്കുന്നതാണ് എന്നാണ് മറ്റൊരു ആരോപണം. ചിലർ അവാർഡിൻ്റെ പേരും കിട്ടിയ ആളിൻ്റെ പേരും കേട്ട് – അവാർഡുകളെ തള്ളിപ്പറഞ്ഞ എം. എൻ. വിജയൻ്റെ പേരിൽ അവാർഡുണ്ടാകുകയും ആ അവാർഡ് നട്ടെല്ലില്ലാത്ത പകർപ്പു രചയിതാക്കൾക്ക് കിട്ടുകയും ചെയ്യുന്നത് കണ്ട് – ഞെട്ടൽ പ്രകടിപ്പിക്കും.ഭരണകൂടങ്ങൾ നൽകുന്ന അവാർഡുകളെക്കുറിച്ച് മറ്റൊരു തരം ആരോപണങ്ങൾ ആണ് ഉള്ളത്.ഭരിക്കുന്ന പാർട്ടിയുടെ ഏതു അഴിമതിയെയും ന്യായീകരിക്കുന്നവർ,സമ്പൂർണ്ണഅടിമകളായവർ പാർട്ടികളുടെ വേദികൾ, പുസ്തക പ്രസാധക സംഘങ്ങൾ, വിൽപന മേളകൾ എന്നിവ കൊണ്ട് തടിച്ചുകൊഴുത്തവർ – അവർക്ക് വീണ്ടും കൊടുക്കുന്ന അമിതാഹാരവും ഒടുവിൽ കിടക്കാൻ കൊടുക്കുന്ന തൊഴുത്തിലുമാണ് ഭരണകൂട അവാർഡുകൾ, വിശിഷ്ടാംഗത്വങ്ങൾ ഇങ്ങനെയൊക്കെയാണ് ദോഷൈകദൃക്കുകളുടെ ആരോപണങ്ങൾ.ഭരണകൂടങ്ങൾ കൊടുക്കുന്ന അവാർഡുകളെക്കുറിച്ച് പൊതുജനങ്ങളുടെ പണമായതുകൊണ്ടാണ് പറയുന്നത് എന്ന കൂട്ടിച്ചേർക്കലുകളും ഉണ്ടാകും. പൊതുജനപണം ഇതിനേക്കാൾ വലിയ അളവിൽ നശിപ്പിക്കുന്നതു കണ്ടിട്ടുള്ളതുകൊണ്ടോ എന്തോ പുസ്തകങ്ങൾ ഒന്നും എഴുതാത്ത അവാർഡു കൊണ്ട് വയറ് നിറയില്ല എന്നറിയുന്ന വാർത്താ വായനക്കാർ അത്യന്തം നിസംഗർ ആയിരിക്കും, ഈ സന്ദർഭങ്ങളിൽ.

ലോകത്ത് അവാർഡുകളെക്കുറിച്ച് പഠനം നടത്തിയവരെല്ലാം ഇങ്ങനെ തന്നെയാണ് പറയുന്നത്.ഉണ്ണി ട്യൂറെറ്റിനിയുടെ (Unni Turrettini) “Betraying the Nobel: The Secrets and Corruption Behind the Nobel Peace Prize” എന്ന പുസ്തകം ഒരു പ്രധാന പഠനമാണ്. നോബൽ സമ്മാനത്തിനു പിന്നിലെ കള്ളക്കളികൾ എന്ന നിലയിലാണ് കൃതി എഴുതിയിരിക്കുന്നത്.
2009-ൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് സമ്മാനം ലഭിച്ചത് വലിയ ചർച്ചയായിരുന്നു.” ഒബാമ അധികാരമേറ്റെടുത്ത് മാസങ്ങൾ മാത്രം പിന്നിടുമ്പോൾ എന്ത് സമാധാനപ്രവർത്തനമാണ് നടത്തിയത്?” എന്ന ചോദ്യം വ്യാപകമായി ഉയർന്നു. വിയറ്റ്നാം യുദ്ധത്തിൽ പങ്കാളിത്തം ഉണ്ടായിരുന്നിട്ടും, 1973-ൽ കിസിംഗറിന് സമ്മാനം ലഭിച്ചത് വലിയ വിവാദങ്ങൾ ഉണ്ടാക്കി. കിസിംഗർ ഹനോയിയിൽ ബോംബാക്രമണത്തിന് ഉത്തരവിട്ടതിന് ശേഷം സമ്മാനം നൽകിയതിനെ പലരും ചോദ്യം ചെയ്തു.സോവിയറ്റ് യൂണിയന്റെ കാലത്ത്, ബോറിസ് പാസ്തർനാക്കിനും (1958) അലക്സാണ്ടർ സോൾഷെനിറ്റ്സിനും (1970) സമ്മാനം ലഭിച്ചത് സോവിയറ്റ് ഭരണകൂടത്തിനെതിരായ നിലപാടുകളുടെ പേരിൽ ആണ് എന്നു ആരോപണം ഉണ്ടായി. സോവിയറ്റ് യൂണിയനെ എതിർക്കുന്ന എഴുത്തുകാർക്ക് അവാർഡുകൾ ലഭിക്കുന്നത് പലപ്പോഴും കമ്മ്യൂണിസ്റ്റ് വിരുദ്ധ നിലപാടുകളെ ആഗോള ശ്രദ്ധയിൽ കൊണ്ടുവരാനുള്ള ഒരു മാർഗ്ഗമായി മാറുന്നു എന്നും വിമർശിക്കപ്പെട്ടു.

മേൽപറഞ്ഞവരെല്ലാവരും മുന്നോട്ട് വയ്ക്കുന്നത് ശുദ്ധമായതും ഗുണമേന്മയുള്ളതുമായ അവാർഡ് ഉണ്ട് എന്നാണ്. അതു പരിശോധിക്കാവുന്ന കാര്യമാണ്.ഭരണകൂടങ്ങൾ അവാർഡ് പ്രഖ്യാപിക്കുമ്പോൾ ജഡ്ജിൻ്റെ തീരുമാനങ്ങളെ അട്ടിമറിച്ച് ഭരിക്കുന്ന പാർട്ടിയുടെ അഭിപ്രായം സ്വീകരിച്ചു എന്നാണ് പറയാറ്. അല്ലെങ്കിൽ ഭരിക്കുന്ന പാർട്ടിയുടെ തീരുമാനം പറയുന്നവരായി ജഡ്ജുമാർ മാറി എന്നു പറയും. അതായത് മൂന്നു ജഡ്ജുമാരുടെ സത്യസന്ധമായ അഭിപ്രായം സ്വീകരിക്കുന്നതാണ് ആദർശ അവാർഡ്. മൂന്നു പേർ എഴുത്തിനെ കുറിച്ച് വിലയിരുത്തുന്നതും നല്ലതു പറയുന്നതും അതു പരസ്യമായി പ്രകടിപ്പിക്കുന്നതും ഏത് എഴുത്തുകാരനും എഴുത്തുകാരിക്കും സന്തോഷമുള്ള കാര്യമാണ്. എന്നാൽ മൂന്നു പേരുടെ സത്യസന്ധമായ പരസ്യ അഭിപ്രായമായല്ല അവാർഡുകളെ കാണുന്നത് എന്നതാണ് വാസ്തവം.കാരണം മൂന്നു പേർ ഒരു കൃതിയെക്കുറിച്ചോ എഴുത്തുകാരനെക്കുറിച്ചോ ഒരു പോലെ നല്ല അഭിപ്രായം ലേഖനരൂപത്തിൽ പരസ്യമായി പ്രസിദ്ധീകരിച്ചു എന്നു കരുതി അതു പത്രത്തിൽ വരാറില്ല. കിട്ടിയ ആൾക്ക് സ്വീകരണം സംഘടിപ്പിക്കാറുമില്ല.അതിനർത്ഥം ജഡ്ജസിൻ്റെ അഭിപ്രായത്തിന് ഇവിടെ പ്രസക്തിയില്ല എന്നതാണ്. കൊടുക്കുന്ന സ്ഥാപനം ആണ് അവാർഡിനെ അവാർഡാക്കുന്നത് എന്നാണ്. ജഡ്ജസ് തന്നെയാണ് എല്ലാ അവാർഡുകളും നിശ്ചയിക്കുന്നതെങ്കിലും ചില അവാർഡുകൾ വലുതും മറ്റു ചിലത് ചെറുതും ആകുന്നത് അതുകൊണ്ടാണ്. കൊടുക്കുന്ന സ്ഥാപനങ്ങളുടെ വലിപ്പമാണ് അവാർഡിൻ്റെ വലിപ്പം. വലിപ്പം എങ്ങനെ നിശ്ചയിക്കുന്നു എന്നു നോക്കാം.ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ സാഹിത്യപുരസ്കാരം എന്നു വിക്കിപ്പീഡിയ പറയുന്നത് ജെ.സി.ബി. പുരസ്കാരത്തെയാണ്.കാരണം അവാർഡുതുകയായ ഇരുപത്തിയഞ്ചു ലക്ഷത്തിനു മുകളിൽ വേറെയില്ല എന്നതുകൊണ്ടാണ്.ഇന്ത്യയിലെ ഉന്നതമായ പുരസ്കാരം എന്നു വിക്കിപ്പീഡിയ പറയുന്നത് ജ്ഞാനപീഠ പുരസ്കാരത്തെയാണ്. പതിനൊന്ന് ലക്ഷം രൂപയാണ് അവാർഡുതുക. ജെ സി ബി അവാർഡിനെക്കാൾ മഹത്തായി ഒരു പക്ഷെ ജനങ്ങൾ കരുതുന്നു എന്നു പലരാലും വിശ്വസിക്കപ്പെടുന്ന അവാർഡാണ് ജ്ഞാനപീഠം. അതിനു കാരണം അതു ഒരു പത്രമുതലാളിയാണ് നൽകുന്നത് എന്നതുകൊണ്ടാണ്. ടൈംസ് ഓഫ് ഇന്ത്യയാണ് അതു നൽക്കുന്നത്.പത്രം അവാർഡിന് വലിയ പ്രശസ്തി നല്കുമെന്നതിനാൽ ജെ.സി.ബി. അവാർഡുതുക കൂടുതലാണെങ്കിലും അതിനേക്കാൾ വലിയ അവാർഡ് ആണ് ജ്ഞാനപീഠം എന്നു കരുതപ്പെടുന്നു. അതായത് പണവും പ്രശസ്തിയുമാണ് അവാർഡിനെ നിർണ്ണയിക്കുന്നത്. എഴുത്തിൻ്റെ മൂല്യനിർണ്ണയവുമായി, എഴുത്തിൻ്റെ മെരിറ്റുമായി അതിന് ബന്ധമില്ല. എങ്കിലും ബന്ധമുണ്ടെന്നു കരുതാൻ നാം ആഗ്രഹിക്കുന്നു. അതിനു ന്യായീകരണമായി പറയുന്നത് അവാർഡ് കിട്ടിയതിൽ നല്ല എഴുത്തുകാർ ഉണ്ടല്ലോ എന്നാണ്. എയിഡഡ് കോളേജിലും യൂണിവേഴ്സിറ്റികളിലും ചില നല്ല അധ്യാപകർ ഉണ്ടല്ലോ അതു കൊണ്ട് പിൻവാതിൽ നിയമനം നല്ലതാണ് എന്നു പറയും പോലെയാണത്. എയിഡഡ് കോളേജിൽ നിയമനത്തിൽ ഇൻറർവ്യു ഉണ്ടെങ്കിലും ഇൻ്റർവ്യു എന്നതും നിയമനം എന്നതും രണ്ടാണ് എന്നു ഏവർക്കും അറിയാം.ഭാര്യക്ക് മറ്റ് പുരുഷബന്ധമുണ്ടെങ്കിലും ഭർത്താവിൻ്റെ സംശയരോഗം രോഗം തന്നെയാണ് എന്നു മനശ്ശാസ്ത്രജ്ഞന്മാർ പറയും.ജഡ്ജസിൻ്റെ അഭിപ്രായം എത്ര സത്യസന്ധമായാലും അതിന് അവാർഡുമായി ബന്ധമില്ല എന്നാണ് പറഞ്ഞത്.അതായത് അവാർഡ് അതിൻ്റെ ഏറ്റവും ആദർശാത്മകമായ അവസ്ഥയിൽ തന്നെ കൃതിയുടെ മെരിറ്റുമായി ഒരുബന്ധവുമില്ല.പക്ഷെ നമുക്ക് ഇഷ്ടമുള്ള ആൾക്ക് അവാർഡ് കിട്ടുമ്പോൾ അതു മെരിറ്റുകൊണ്ടാണെന്നു കരുതുകയും അല്ലെങ്കിൽ കൊടുത്ത സ്ഥാപനത്തെ കുറ്റം പറയുകയും ചെയ്യും.

പറഞ്ഞു വന്നത്,സാധാരണ കരുതുംപോലെ മൂന്നു പേർ സ്വതന്ത്രമായി മെരിറ്റു നിർണ്ണയിച്ചു പ്രഖ്യാപിക്കുന്ന ഒന്നല്ല അവാർഡ് എന്നാണ്. അങ്ങനെ കരുതുന്നു എന്നതുകൊണ്ടാണ് അവാർഡാനന്തരം വിവാദങ്ങൾ ഉണ്ടാകുന്നത്. എഴുത്തുകാരൻ ബയോഡേറ്റയിൽ ഏതെങ്കിലും അവാർഡു കിട്ടി എന്നു എഴുതിച്ചേർക്കുന്നതും എഴുത്തിൻ്റെ മികവാണ് അവാർഡ് എന്നു കരുതുന്നതു കൊണ്ടാണ്. മൂന്നു പേർ സ്വതന്ത്രമായി മെരിറ്റു നിർണ്ണയിച്ചു പ്രഖ്യാപിക്കുന്ന ഒന്നല്ല അവാർഡ് എന്നു പറയുന്നത് അവാർഡ് എന്തോ കുറഞ്ഞ കാര്യമാണെന്നോ കൂടിയ കാര്യമാണെന്നോ സ്ഥാപിക്കാനുമല്ല. അങ്ങനെ സ്വതന്ത്രമായ മെരിറ്റ് നിർണ്ണയം എന്നതു സാധ്യമേ അല്ല. അതായത് അവാർഡുകൾ ആദർശാത്മകമല്ല, എന്നു മാത്രമല്ല അങ്ങനെ സാധ്യവുമല്ല. അവാർഡുകൾ എഴുത്തുകാരനെ സംബന്ധിച്ചുള്ള കാര്യമല്ല എന്നു മാത്രമാണ് ഉറപ്പിച്ച് പറയാവുന്നത്. പക്ഷെ പല എഴുത്തുകാരും കരുതുന്നത്, പല ആളുകളും കരുതുന്നത് എഴുത്തുകാരൻ്റെ മാഹാത്മ്യവുമായി അവാർഡുകൾക്ക് എന്തോ ബന്ധമുണ്ട് എന്നാണ്. സത്യത്തിൽ എഴുത്തുകാരുമായോ വായനക്കാരുമായോ ബന്ധപ്പെട്ട കാര്യമല്ല അത്.കൊടുക്കുന്നയാൾക്കും വാങ്ങുന്നയാൾക്കും ഉണ്ടാക്കപ്പെടുന്ന സാംസ്കാരികപാഠ നിർമ്മിതിയാണ് അവാർഡുകൾ. ഒരു മെരിറ്റുമില്ലാത്ത ഒരാളിൻ്റെ പേരിൽ ഒരു അവാർഡു വിഭാവനം ചെയ്ത് മെരിറ്റുള്ളതെന്ന് പരസ്യമാക്കപ്പെട്ട ഒരാൾക്ക് അവാർഡു കൊടുക്കുമ്പോൾ കിട്ടുന്ന ആൾക്ക് മാത്രമല്ല, കൊടുക്കുന്നയാളിൻ്റെ പേരിനും മെരിറ്റിനെ സംബന്ധിക്കുന്ന ഒരു പാഠം ഉണ്ടായി വരുന്നു.അപ്രശസ്തനായ ഒരാളുടെ പേരിലുള്ള അവാർഡ് വ്യാവസായിക മാധ്യമങ്ങളും പ്രസിദ്ധീകരണശാലകളും ചേർന്നു അതിപ്രശസ്തനാക്കിയ ഒരാൾക്കു നൽകുമ്പോൾ കിട്ടുന്നയാൾക്കുള്ള വർദ്ധിതമായ പ്രശസ്തിയുടെ ഒരംശം ആരുടെ പേരിലാണോ അവാർഡു കിട്ടുന്നത് അയാൾക്കും കൂടി (വ്യക്തിക്കോ സ്ഥാപനത്തിനോ ) ലഭിക്കുന്നു.പ്രശസ്തനായ ഒരാൾക്കു പ്രശസ്തമായ ഒരു സ്ഥാപനം അവാർഡു കൊടുക്കുമ്പോൾ രണ്ടു കൂട്ടരുടെയും വിശ്വാസ്യതയും പ്രശസ്തിയും വർദ്ധിക്കുന്നു. അവാർഡിന് ഇവിടെയെങ്ങും കൃതിയുടെ മൂല്യവിചാരവുമായി, സവിശേഷമായ വായനാനുഭവവുമായി ഒരു ബന്ധവുമില്ല.അവാർഡുകളുടെ വലിപ്പം കൂടുന്നതിനനുസരിച്ച് മെരിറ്റുമായുള്ള അകലം വർദ്ധിച്ചു വരുന്നു.


എന്നു കരുതി അവാർഡുകൾ എഴുത്തുകാർ നിരസിക്കേണ്ട തിന്മയാണ് എന്നു പറയാനാവില്ല. അതിനു കാരണം അവാർഡുകൾ ലഭിക്കുന്നത് എഴുത്തുകാരനുമായോ എഴുത്തുകാരിയുമായോ ബന്ധപ്പെട്ട കാര്യമല്ല എന്നതാണ്. ആശയങ്ങളുടെയും മൂല്യങ്ങളുടെയും സ്ഥാപനവത്കരണവുമായി ബന്ധപ്പെട്ടതാണ് അവാർഡുകൾ.അതാകട്ടെ അവാർഡു കൊണ്ട് മാത്രം സ്ഥാപിക്കുന്നതുമല്ല. നിരസിക്കൽ കൊണ്ട് ഇല്ലാതാകുന്നതുമല്ല.സാർത്ര് നോബൽ സമ്മാനം നിരസിച്ചു.1964 ഒക്ടോബർ 22 ന് സ്വീഡിഷ് പ്രസിനോട് നടത്തിയ പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞത്, എഴുത്തുകാർ സ്ഥാപനവത്കരിക്കപ്പെടാൻ പാടില്ല എന്നാണ്. സർക്കാരിനോട് ചില കാര്യങ്ങളിൽ ആഭിമുഖ്യമുണ്ടായിരിക്കെതന്നെ സർക്കാരിൻ്റെ ഔദ്യോഗിക ബഹുമതികൾ ഒന്നും താൻ വാങ്ങിയിട്ടില്ല എന്നാണ്. അവാർഡുകൾ എഴുത്തിൽ നിന്നും ബാഹ്യമായ ഒന്നാണ് എന്നതു മാത്രമല്ല വിപരീതമായ ഒന്നായതു കൊണ്ടു കൂടിയാണ്‌ സാർത്ര് അതു പറയുന്നത്. പക്ഷെ അവാർഡ് നിരസിച്ചു എന്നതുകൊണ്ട് സാർത്രിനെ സംബന്ധിക്കുന്ന പാഠനിർമ്മിതി ഇല്ലാതാകുന്നില്ല. മാത്രമല്ല അതു വളരെ കൂടിയ അളവിൽ സാധ്യമാകുകയും ചെയ്യും. സാർത്രിൻ്റെ അധഃസ്ഥിത പക്ഷ ചിന്താപദ്ധതികളെ ശൂന്യതാവാദമാക്കി വിപണനം ചെയ്യാൻ ഇതു കൂടുതൽ സഹായകമാക്കി.( കേരളത്തിലെ ആ വിപണിയുടെ ഉപഭോക്താക്കളെയാണല്ലോ ആധുനികതാവാദികളെന്നു പറഞ്ഞത്)എഴുത്തുകാരെ സ്ഥാപനവത്കരിക്കാനുള്ള, വിപരീതമാക്കാനുള്ള പല വഴികളിൽ ഒന്നു മാത്രമാണ് അവാർഡുകൾ. അതു കൊണ്ട് നിരസിച്ചാലും പ്രയോജനമില്ലാത്ത അവസ്ഥ വരുന്നു.കേരളത്തിൽ അവാർഡ് നിരസിച്ച എഴുത്തുകാരൻ എം എൻ വിജയനാണ്.അവാർഡുകളെ വിമർശിച്ചെഴുതിയ ലേഖനമുൾപ്പെട്ട പുസ്തകത്തിന് സാഹിത്യ അക്കാദമി അവാർഡു ലഭിച്ചപ്പോഴാണ് അതു നിരസിച്ചത്. പുസ്തകത്തിനിടുന്ന രഹസ്യമാർക്കുകൾ പുസ്തകത്തിൻ്റെ വിലയിരുത്തലാകില്ല എന്നദ്ദേഹം പറഞ്ഞു.
ഇതാണ് വാക്കുകൾ:
‘’വാസ്‌തവത്തിൽ മഹാപണ്ഡിതന്മാരുടെ സമിതികൾ നിർണ്ണയിക്കുന്ന ഈ ബഹുമതികളിൽ എന്താണൊരു കുറവ് എന്നു പലർക്കും സംശയം തോന്നാം. വായനക്കാരനുമായി നിരൂ പകൻ നടത്തുന്ന ചർച്ച അഥവാ നിരൂപണം അല്ല, ഗൂഢമായ അങ്കന (marks)ങ്ങളാണ് സമ്മാനത്തിൻ്റെ അടിസ്ഥാനം. ഈ ഗൂഢാത്മകത സമ്മാനത്തെ നിന്ദ്യമാക്കേണ്ടതിനു പകരം പവിത്രവും അത്ഭുതകരവുമാക്കിത്തീർക്കുകയാണ് ചെയ്യുന്നത്. ഒരു എഴുത്തുകാരനോ പ്രസാധകനോ തൃപ്തി പ്പെടുത്തേണ്ടത് വായനക്കാരനെയല്ല, സമ്മാനസമിതിയെയാണ് എന്ന ഒരവസ്ഥ ഇതുമൂലം ഉണ്ടാകുന്നു. “കമ്മിറ്റിയുടെ അഭിപ്രായത്തെയും പിന്നെ പിന്നെ ഘടനയെത്തന്നെയും സ്വാധീനിക്കുക എന്നതായി ത്തീരുന്നു ബഹുമതിയുടെ തന്ത്രം എന്നദ്ദേഹം കൂട്ടിച്ചേർത്തു.അവാർഡുകളെക്കുറിച്ചു മാത്രമല്ല സ്ഥാപനവത്കരണത്തിൻ്റെ, എസ്റ്റാബ്ലിഷ്മെൻ്റ് എന്ന പൊൻ വലയുടെ എല്ലാ കണ്ണികളെക്കുറിച്ചും അദ്ദേഹം ‘സ്വർണ്ണമത്സ്യങ്ങൾ ‘ എന്ന ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. പാO പുസ്തകങ്ങളാണ് സ്ഥാപനവത്കരണത്തിനുള്ള മറ്റൊരു വഴി. പാഠപുസ്തകത്തിൽ വരിക ഒരു അവാർഡിനു തുല്യമായ ബഹുമതിയായി ആളുകൾ കരുതുന്നു. തൻ്റെ രണ്ടാമത്തെ സമാഹാരം പാഠപുസ്തകമാകുമെന്നു പ്രതീക്ഷിക്കാൻ കഴിയാത്ത ഒരു യുവനിരൂപകനും ഇന്നില്ല എന്നു ആയിരത്തിത്തൊള്ളായിരത്തിയെഴുപതിൽ എം എൻ വിജയൻ എഴുതുന്നുണ്ട്. ആ പ്രതീക്ഷയുടെ ക്ഷിപ്രസാധ്യം സൗമ്യരും സംതൃപ്തരുമായ വൃദ്ധരാക്കി എഴുത്തുകാരെ മാറ്റുന്നു എന്നും. 2025 ൽ നിൽക്കുമ്പോൾ ഒന്നാമത്തെ പുസ്തകം തന്നെ പാഠപുസ്തകമാക്കാൻ കഴിയുംവിധം എഴുത്തുകാർ നിരുപദ്രവങ്ങളായിട്ടുണ്ട്.എഴുത്തുകാർ സ്ഥാപനവത്കരിക്കപ്പെടുന്നതിനെക്കുറിച്ച് ഇങ്ങനെ അദ്ദേഹം പറഞ്ഞു:”കലാശാലകൾ, സ്ഥാനമാനങ്ങൾ, സഹായധനങ്ങൾ, അക്കാദമികൾ, റേഡിയോനിലയങ്ങൾ, പത്രസ്ഥാപനങ്ങൾ എന്നിവയിലേ തെങ്കിലുമൊന്നിൽ ബന്ധനസ്ഥനാകുവാനുള്ള സൗഭാഗ്യവും സ്വാതന്ത്ര്യവും അയാൾക്കുണ്ട്. അഥവാ ഇവയിലും പാരതന്ത്ര്യം മണക്കുന്ന ജീവന്മുക്ത ന്മാർക്ക് വ്യവസായസ്ഥാപനങ്ങൾ ഒരുക്കിയിട്ടുള്ള സാംസ്കാരികസത്രങ്ങളിൽ ഉണ്ടുറങ്ങുവാനോ കുട്ടിക്കളിപ്പുരയിൽ വെയിലേൽക്കാതിരുന്നു മണ്ണപ്പം ചുട്ട് കളിക്കുവാനോ കഴിയും.” അവാർഡുകൾ മാത്രമല്ല, സ്ഥാപനവത്കരണത്തിനുള്ള വഴികൾ എന്നർത്ഥം.

അതുപോലെ എഴുത്തുകാരൻ ഇടപെടാതെ തന്നെ അയാളെ സ്ഥാപനവത്കരിക്കാം.അവാർഡ് നിരസിച്ചെങ്കിലും പാഠപുസ്തകത്തിലെ, അഥവാ നിരൂപണ സാഹിത്യ ചരിത്രത്തിലെ വരണ്ട, നിരുപദ്രവ ഖണ്ഡികയാക്കി എം എൻ വിജയനെ മാറ്റാൻ സാഹിത്യ ചരിത്ര-അക്കാദമികസ്ഥാപനങ്ങൾ ശ്രമിച്ചു. എഴുതിയ ആയിരത്തോളം ലേഖനങ്ങളിൽ രണ്ടെണ്ണത്തെ മുൻനിർത്തി മനശ്ശാസ്ത്ര നിരൂപകനാക്കി എം. എൻ.വിജയനെ വിപരീതമായി സ്ഥാപനവത്കരിച്ചു. സാർത്രിനെ ശൂന്യതാവാദിയാക്കിയ പോലെ എം. എൻ. വിജയനെ മനശ്ശാസ്ത്ര നിരൂപകനാക്കി സ്ഥാപനവത്കരിക്കാനാണ് ശ്രമിച്ചത്. അധ:സ്ഥിത പക്ഷ വീക്ഷണത്തെ ഒഴിവാക്കിയെടുക്കുക, അതിൻ്റെ വിപരീതമാക്കുക എന്നതാണ് എക്കാലത്തും സ്ഥാപനവത്കരണത്തിൻ്റെ ദൗത്യം.

ചരിത്രത്തിൻ്റെ യഥാർത്ഥവൈരുധ്യങ്ങളെ, അധ:സ്ഥിത/ഉപരിവർഗ്ഗ സംഘർഷങ്ങളെ അവതരിപ്പിക്കുക എന്നതാണ് എക്കാലത്തും മികച്ച കൃതികളുടെ സവിശേഷത. അങ്ങനെയല്ലാത്ത ബൗദ്ധിക പൈങ്കിളിയെന്നോ, (ഹൈ ആർട്ട് )വൈകാരിക പൈങ്കിളിയെന്നോ (ലോ ആർട്ട് )വിളിക്കാവുന്ന കൃതികളെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, മികച്ച കൃതികളെ ഈ രീതിയിൽ വായിക്കാൻ പ്രേരിപ്പിക്കുക കൂടിയാണ് സാംസ്കാരികസ്ഥാപനവത്കരണത്തിലൂടെ നടക്കുന്നത്. ബഷീറിനെപ്പോലുള്ള മികച്ച എഴുത്തുകാരനല്ല എങ്കിലും
ടാഗോർ മോശപ്പെട്ട എഴുത്തുകാരൻ എന്നു പറയാനാവില്ല.എന്നാൽ നോബൽ സമ്മാനം ടാഗോറിനെ വായിക്കാൻ, ഇന്ത്യൻ എഴുത്തുകാരെ വായിക്കാൻ വലിയ ഒരു മറ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഇൻ്റോളജിസ്റ്റുകൾ സൃഷ്ടിച്ചെടുത്ത ഇന്ത്യയുടെ ആത്മീയ പാഠവത്കരണമാണ് അവാർഡിലൂടെ സാധിക്കുന്നത്. ടാഗോർകൃതികളുടെ വായനയുമായി അതിന് ബന്ധമില്ല. നവോത്ഥാനകാലത്തെ അറിയപ്പെടുന്ന എഴുത്തുകാരിൽ ഏറ്റവും മികച്ചത് ബഷീർ ആണെങ്കിലും മേൽ സൂചിപ്പിച്ച പ്രകാരം വലിയ അവാർഡെന്നു കരുതപ്പെടുന്ന ജ്ഞാനപീഠം ലഭിച്ചത് തകഴിക്കാണ്. അധ:സ്ഥിതരെ ആദർശവത്കരിച്ച് അധ:സ്ഥിത വിരുദ്ധമാക്കിയ തകഴിക്ക് ലഭിക്കുന്ന അമിത പ്രാമുഖ്യം നവോത്ഥാനത്തിൻ്റെ അധഃസ്ഥിതവിരുദ്ധപാഠ നിർമ്മിതി സാധ്യമാക്കാൻ ഉപയോഗപ്പെടുന്നു.അസ്തിത്വവാദം, അരാഷ്ട്രീയത തുടങ്ങിയ ഭാവുകത്വ നിർമ്മിതി ആ പാഠനിർമ്മിതിയുടെ എതിർമുഖം എന്ന നിലയിലാണ് എത്തിയത്. അത് സ്ഥാപിച്ചെടുക്കാനെന്ന ഭാവത്തിലാണ് അക്കാലത്തെ സ്ഥാപനവത്കരണവും അവാർഡുകളും അവതരിക്കപ്പെട്ടത്.മനശ്ശാസ്ത്രപരവും സാമൂഹിക ശാസ്ത്ര പരവുമായ അധഃസ്ഥിത പക്ഷ വിമർശനങ്ങൾ എഴുതിയ, തകഴിയുടെ അധ:സ്ഥിത വിരുദ്ധതയെയും സ്ഥാപനവത്കരണത്തെയും ആധുനികതയുടെ അരാഷ്ട്രീയതയെയും സ്ത്രീവിരുദ്ധതയെയും സ്ഥാപനവത്കരണത്തെയും വിമർശിച്ച എസ്.സുധീഷിന് അക്കാലത്ത് അവാർഡുകളോ പാഠപുസ്തക – മാധ്യമപരിലാളനകളോ സ്വാഭാവികമായും ലഭിക്കുന്നില്ല. ആ കാലത്തെ ഏറ്റവും മികച്ച കഥാകൃത്തായ സി.അയ്യപ്പനെ അറിയാം എന്നതിനു തന്നെ തെളിവുകൾ ഇല്ല.ആഗോളീകരണ കാലത്ത് തകഴിയുടെയും പൊതുവേ ആധുനികതയുടെയും അധ:സ്ഥിതവിരുദ്ധപാഠ നിർമ്മിതികളെ എതിർക്കുന്നു എന്ന വ്യാജേന ദളിത്- സ്ത്രീ-പരിസ്ഥിതി മൗലികവാദ ആശയ നിർമ്മിതിക്ക് വേണ്ടി അവാർഡുകളും മറ്റ് സ്ഥാപനവത്കരണ സാമഗ്രികളും പ്രവർത്തിക്കുന്നു. ദളി തെഴുത്തുകാരെന്നും സ്ത്രീ എഴുത്തുകാരെന്നും പരിസ്ഥിതി എഴുത്തുകാരെന്നും പറഞ്ഞ് എത്തിയവർക്ക് അവാർഡുകളും അംഗീകാരങ്ങളും കിട്ടിയത് അവർ നല്ല എഴുത്തുകാരോ മോശം എഴുത്തുകാരോ ആയതു കൊണ്ടല്ല. അധ:സ്ഥിത പക്ഷ ഭാവുകത്വത്തെ അപകർഷപ്പെടുത്തുക എന്നതു മാത്രമേ ലക്ഷ്യമുള്ളൂ. അധ്വാന വ്യക്തിത്വത്തെ അപകർഷപ്പെടുത്താൻ മതകാലത്തെ വംശീയമൂല്യങ്ങളെ പുനരുദ്ധരിക്കുകയും അതു മാർക്കറ്റ് ചെയ്യുകയുമാണ് ആഗോളീകരണ കാല അധികാരവ്യവസ്ഥ.അധ:സ്ഥിതരുടെയും സ്ത്രീയുടെയും പ്രശ്നം പറഞ്ഞെത്തിയതു പോലെ ട്രാൻസ് ജൻ്റേഴ്സ് അനുഭവിക്കുന്ന പ്രശ്നങ്ങൾ പറഞ്ഞാണ് ട്രാൻസ് ജൻ്റർ മഹത്വവത്കരണം എത്തുന്നത്.ആണോ പെണ്ണോ അല്ലാതെ ഡേറ്റകളായി മനുഷ്യനെ നിർവ്വചിച്ചെടുക്കുക എന്നതാണ് ലക്ഷ്യം. മുസ്ലീം / ദളിത് വംശീയത, ഉപരിവർഗ്ഗ ഫെമിനിസം, സ്വല്പം ട്രാൻസ് ജൻ്ററിസം, കുറച്ചു കമ്യൂണിസ്റ്റ് വിദ്വേഷം ഇതെല്ലാം ചേർന്നതാണ് പുതിയ കാലത്ത് സ്ഥാപനവത്കരണത്തിന് ഉതകുന്ന, അന്താരാഷ്ട്രഅവാർഡു കിട്ടുന്ന റസിപ്പി. ചില ആശയങ്ങളുടെയും വ്യാവസായികപദ്ധതികളുടെയും ഉത്പന്നങ്ങളുടെയും പ്രചരണവും സംസ്ഥാപനവുമാണ് വലിയ തുകയുള്ള അവാർഡിലൂടെ നടക്കുന്നത്. വിശ്വസുന്ദരി ഇന്ത്യയിൽ നിന്നാകുമ്പോൾ ഇന്ത്യയിലെ മറ്റുള്ളവർക്ക് സൗന്ദര്യമില്ല എന്നു തോന്നുകയും ഇന്ത്യയിലേക്കുള്ള കോസ്മറ്റിക് ഇറക്കുമതി വർദ്ധിക്കുകയും ചെയ്യും.സാഹിത്യസൗന്ദര്യ വിപണിയുടെ കാര്യവും അങ്ങനെ തന്നെ. പദ്ധതികളുടെ സംസ്ഥാപനവുമായി ബന്ധപ്പെട്ടാണ് അവാർഡുകൾ കൊടുക്കുന്നത്. ( ബംഗ്ലാദേശിലെ മുഹമ്മദ് യൂനുസിന് മൈക്രോ ഫിനാൻസിംഗ് പദ്ധതിക്ക് നോബൽ സമ്മാനം ലഭിച്ച പോലെ ) ഇതെല്ലാം ഒരു തരം വിദേശഫണ്ടിംഗ് ആണ്. കുലീന സാഹിത്യം (ബൗദ്ധികപൈങ്കിളി ) അധമസാഹിത്യം (വൈകാരിക പൈങ്കിളി ) ഇങ്ങനെയൊരു വിഭജനം സൃഷ്ടിച്ചു കൊണ്ടാണ് സ്ഥാപനവത്കരണം ആദ്യഘട്ടത്തിൽ പ്രവർത്തിച്ചതെങ്കിൽ മുതലാളിത്തത്തിൻ്റെ പുതിയഘട്ടമെത്തുമ്പോൾ എല്ലാം ഡേറ്റ എന്ന നിലയിൽ സമനില പ്രാപിക്കുകയും കുലീനവും അധമവുമായ പൈങ്കിളികൾ ഒരു കൊമ്പിൽ വന്നിരിക്കുകയും ഒരു പോലെ അവാർഡിനർഹമായ സാഹിത്യമായി മാറുകയും ചെയ്യുന്നു.

അവാർഡുകളുടെ ശുദ്ധി തകർന്നു എന്നു കാണുമ്പോൾ നാം സമാധാനിക്കുന്നത് ഇപ്പോൾ ആർക്കൊക്കെ അവാർഡു കിട്ടിയാലും കാലം നല്ല എഴുത്തുകാരെ നമ്മുടെ മുന്നിലേക്ക് കൊണ്ടുവരും എന്നാണ്. അതൊരു ശുഭാപ്തി വിശ്വാസം മാത്രമാണ്. ചരിത്രത്തിൽ രാജാക്കന്മാരുടെ പേര് നിലനില്ക്കുന്നത് അവർ ചരിത്രം നിർമ്മിച്ചവരായതുകൊണ്ടോ അവർക്ക് മെരിറ്റ് ഉള്ളതുകൊണ്ടോ അല്ല. ചരിത്രം നിർമ്മിക്കുന്ന ജനങ്ങളുടെ പേര് എവിടെയും ഉണ്ടാകില്ല,എങ്കിലും അതിനു പുറത്താണ് നാം ജീവിക്കുന്നത്. എഴുത്തുകാരുടെ കാര്യവും അങ്ങനെ തന്നെ.നൂറ്റാണ്ടുകൾക്ക് ശേഷവും എഴുത്തച്ഛൻ നിലനില്കുന്നതും എഴുത്തച്ഛൻ്റെ പേരിൽ അവാർഡുണ്ടാകുന്നതും എഴുത്തച്ഛൻ മികച്ച കവിയായതുകൊണ്ടല്ല. അധികാര വ്യവസ്ഥയുടെ സ്ഥാപനവത്കരണത്തിന് ഉപയോഗപ്പെട്ട എഴുത്തുകാർ പല വ്യവഹാരങ്ങളിലൂടെ നിലനില്കപ്പെടാം. ചിലപ്പോൾ കൂട്ടത്തിൽ നല്ല എഴുത്തുകാരും അതിജീവിക്കപ്പെടാം എന്നു മാത്രം. പലപ്പോഴും സൃഷ്ടിച്ചവരല്ല സ്ഥാപനവത്കരിക്കാൻ ഉദ്ദേശിച്ച് മോശമായി ചിന്തകളെയും അനുഭവങ്ങളെയും ക്രോഡീകരിച്ചവരുടെ പേരാണ് ചരിത്രത്തിൽ നിലനിൽക്കുന്നത്. ചരിത്രത്തിൽ യഥാർത്ഥഎഴുത്തുകാർ നിലനില്ക്കുന്നത് പേരായല്ല, പ്രതിരോധപ്രവണതയായാണ്. എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട അവർ അനുഭവങ്ങളിൽ സൃഷ്ടിക്കുന്ന, പ്രതിരോധചരിത്രത്തിൽ സൃഷ്ടിക്കുന്ന കൊടുങ്കാറ്റുകൾ അലയായി സഞ്ചരിച്ചാണ് ഇന്നത്തെ കൊയ്ത്തുപാടങ്ങൾ ഇളകി മറിയുന്നത്.

4.3 6 votes
Rating
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
ഗിരി ശങ്കർ എ ജെ
ഗിരി ശങ്കർ എ ജെ
3 months ago

മുന്നുര 🔥🔥🔥🔥🔥🌿💚✨

1
0
Would love your thoughts, please comment.x
()
x