
ഹന്ന
Published: 10 July 2025 കവിത
ബലിയഫെണ്ണ്
ഉമ്മാ ശൊല്ലിയ1
ആ ഏള്നാളും
നെഗം ഫോക്കായ2
മുടി ബാരായ3
കുളിക്കായ
കുളുകായ
ഫിന്നയോ….
മൂസ്ഹാബ്4 തൊടായ
തിക്ർ5 ശൊല്ലായ
നജസാണ്ടോം6
ഒച്ചയേതും
പുറത്തക്ക് കേപ്പിയാതെ
ബടാപ്പുറത്ത്7 കൂടിക്കോ
അന്തി അസയ്ച്ചാൽ8
ബേലിക്കാത്തക്ക്9 ഫുറപ്പെടായ
ശൈത്താൻ മണം ഫിടിക്കും
ഉരു കാര്യം കൂടി അഹമ്യത്തിൽ10 ശൊല്ലിയ
ന്നാം ഇന്ന് തൊട്ട് “ഫെണ്ണായത്”
“ബലിയ ഫെണ്ണ്”
അങ്ങനെ…
അയ് ഏളും നാളും
നെഗം ഫോക്കാതെ
മുടി ബാരാതെ
കുളിയാതെ കള്കാതെ
ശോരമണക്കിണ്ട മുറിളച്ച്11 ന്നാം ശകം12 മണത്ത്ഫം
മുസ്ഹാബ് ഓതാതെ, തിക്ർ ശൊല്ലാതെ
ഫടച്ചോനും ന്നാനും കാണാത്ത ഏള് നാൾ
അന്തി അസയ്ക്കും ബരെ ബന്താരപ്പു13
കളിപ്പാം ബരാത്ത എന്ന കാണാതെ
ഏളാം നാൾ ശെമ്മണ്ണാറ്റിള ഫടലയെല്ലം ബാടി ബീണുഫം14
ബേലിക്കാത്തിള ശൈത്താന ഫേടിച്ച്
ഒച്ച കേപ്പിക്കാതെ ബാഫൊത്തിക്കരഞ്ഞ ആ ഏള് നാൾ…
ഉമ്മാശൊല്ലിയ ഫോലെ
ആ ഏള് നാൾ തൊട്ട് ന്നാം ഫെണ്ണായി
“ബലിയ ഫെണ്ണ്”
ശിരിപ്പാനോ കളിപ്പാനോ ഫാടില്ലാത്ത ഫെണ്ണ്
ബാഫോത്തി, ബിങ്ങൽ15 ബിളങ്ങി16
അക്കട്ട17 തീരാത്ത ഫെണ്ണ്….
1.പറഞ്ഞു 2.പോക്കരുത് 3. വാരരുത് (ചികരുത്) 4.ഖുറാൻ 5. ദിക്ക്റ് (പ്രാർത്ഥന) 6.അശുദ്ധി 7.പുറത്തെമുറി 8. അസ്തമിച്ചാൽ 9. പുറപ്പെടരുത് 10. രഹസ്യമായി 11.മുറിയിലിരുന്ന് 12. ശവം മണത്തു. 13. ഒരു കളി 14. ചെമ്മണ്ണാറ്റിലെ പടലയെല്ലാം വാടി വീണു. 15. വിങ്ങൽ 16. വിഴുങ്ങി 17. എക്കട്ട് (എക്കിൾ)

ഹന്ന

ചിത്രീകണം
സ്റ്റാര്‍ലി. ജി എസ്
