അജിത ഡി.പി.

Published: 10 July 2025 മാസികാപരിചയം

ഭരണഭാഷ’ (1971)എന്ന മാസിക

1971 ൽ തുടങ്ങി അഞ്ചു കൊല്ലം മാതൃഭാഷയ്ക്ക് വേണ്ടി പ്രസിദ്ധികരിച്ചിരുന്ന, ഭരണഭാഷ എന്ന മാസികയെക്കുറിച്ച്

ഭരണഭാഷ എന്ന മാസിക

ഔദ്യോഗിക ഭാഷാവകുപ്പിന്റെ പ്രതിമാസ പ്രസിദ്ധീകരണമാണിത്. 1971-ൽ ആരംഭിച്ചു. ഭരണഭാഷ മലയാളമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക എന്നതായിരുന്നു ഈ പ്രസിദ്ധീകരണത്തിന്റെ ലക്ഷ്യം. ടി.എൻ.ജയചന്ദ്രൻ (പത്രാധിപർ). എ.സി.രാജൻ (സഹപത്രാധിപർ), എൻ.വി.കൃഷ്ണവാരിയർ, ഡി.സി.കിഴക്കെമുറി, എം.പ്രഭ, എ.എൻ.പി.ഉമ്മർകുട്ടി, ടി.കെ. രാജശേഖരൻ, എം.ഹമീദ് ഹസ്സൻ എന്നിവരാണ് പത്രാധിപസമിതിയിൽ ഉൾപ്പെട്ടിരുന്നത്. വിജ്ഞാനമുദ്രണം പ്രസ്സിൽ അച്ചടിച്ച് തിരുവനന്തപുരത്താണ് ഈ മാസിക പ്രസാധനം ചെയ്തത്.

ഭാഷാമാറ്റത്തിന് അനുയോജ്യമായ പശ്ചാത്തലം ഒരുക്കാനും അതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കാര്യക്ഷമമായി നടപ്പാക്കാനുമാണ് ഈ മാസികയുടെ പ്രസിദ്ധീകരണം ആരംഭിച്ചത്. ഓരോ ലക്കത്തിലും ഔദ്യോഗിക ഭാഷയെ സംബന്ധിച്ച ഒന്നോ രണ്ടോ ലേഖനങ്ങൾ തുടർച്ചയായി ഉണ്ടാകും. ഭാഷാമാറ്റത്തെ സംബന്ധിച്ച് ജനങ്ങൾക്കുള്ള അനുഭവങ്ങളും ആശങ്കകളും നിർദ്ദേശങ്ങളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

‘ഭരണഭാഷ’ മാസിക നിലനിന്നിരുന്ന കാലത്ത് ഭരണഭാഷാ സംബന്ധമായി സർക്കാർ പുറപ്പെടുവിച്ചിരുന്ന ഉത്തരവുകളും നിർദേശങ്ങളും മുഴുവൻ സർക്കാർ സ്ഥാപനങ്ങളിൽ ലഭിച്ചിരുന്നത് ഈ മാസികയിലൂടെയായിരുന്നു. വിപുലമായ ഒരു ഭരണശബ്ദാവലിയും ഭരണഭാഷാപ്രയോഗമാ തൃകകളും തുടർച്ചയായി പ്രസിദ്ധീകരിച്ചുകൊണ്ട് റഫറൻസ് പുസ്‌തകമായും ഇത് നിലനിന്നു. ഓരോ വർഷവും ഇറങ്ങുന്ന മാസികകൾ വാല്യങ്ങളായി സൂക്ഷിക്കുവാനും സാർക്കാർ സ്ഥാപനങ്ങൾ ശ്രദ്ധിച്ചിരുന്നു.

മാസികയുടെ ഉള്ളടക്കത്തെ കൃത്യതയോടെ വിലയിരുത്താൻ ഇതിന്റെ സമിതികൾ ശ്രദ്ധിക്കാറുണ്ട്. മലയാള സാഹിത്യത്തിലും പത്രപ്രവർത്തനത്തിലും പ്രസിദ്ധീകരണത്തിലും അവഗാഹം നേടിയിട്ടുള്ളവരാണ് ‘ഭരണഭാഷ’ മാസികയിലെ അംഗങ്ങൾ.

മാസികയുടെ ലക്ഷ്യങ്ങൾ

‘ഭരണഭാഷ’ മാസികയുടെ മുഖ്യലക്ഷ്യം അഞ്ചു വർഷത്തിനുള്ളിൽ പൂർണ്ണമായി മാതൃഭാഷ ഭരണകാര്യങ്ങളിൽ ഉപയോഗിപ്പിക്കുക എന്നതായിരുന്നു. ജനങ്ങൾക്ക് മനസിലാകുന്ന ഭാഷയിൽ ‘ഭരണഭാഷ’ നടപ്പിലാക്കുകയാണ് പരിവർത്തനത്തിന്റെ ഉദ്ദേശ്യം. ഗസറ്റിലെ വിജ്ഞാപനങ്ങളിലും മറ്റും ഉപയോഗിക്കുന്ന ഭാഷ സാധാരണക്കാർക്ക് എളുപ്പത്തിൽ മനസിലാകുന്നതല്ല. അത്തരം പ്രയോഗങ്ങൾ പരമാവധി ഒഴിവാക്കേണ്ടതാണ്.

ജനങ്ങളുടെ ചിന്തയിലും ഭാഷയിലുമാണ് ഭരണം നടത്തുന്നതെങ്കിൽ മാത്രമേ സാംസ്കാരികമായ മുന്നേറ്റം ഉണ്ടാവുകയുള്ളു. ജനങ്ങളുടെ ഭാഷയിലായിരിക്കണം സംസ്ഥാനം മുന്നോട്ടു പോകേണ്ടത് എന്ന നിലപാടാണ് മുന്നോട്ട് വയ്ക്കുന്നത്. പൊതുജനങ്ങളുടെ പൂർണ്ണമായ പങ്കാളിത്തം ഭാഷാമാറ്റത്തിൽ അത്യാവശ്യമാണ്. ഭരണഭാഷാ ശബ്ദകോശങ്ങളെ പൂർണ്ണമായി ഉപയോഗപ്പെടുത്തണം. ഇവ തയ്യാറാക്കാനുള്ള പരിശീലനമാണ് ആദ്യഘട്ടത്തിൽ നൽകേണ്ടത്. സ്വന്തം ഭാഷയിൽ ഭരണം നടത്തുന്ന സംസ്ഥാന ങ്ങളെ കേരളീയർ മാതൃകയാക്കേണ്ടിയിരിക്കുന്നു. തമിഴ്‌നാട്ടിലെ ഔദ്യോഗിക ഭാഷ തമിഴാണ്. തമിഴ് നാട്ടിൽ ഭരണഭാഷയ്ക്കുവേണ്ടി ഒരു ഭാഷ ഡയറക്ട്രേറ്റ് രൂപീകരിച്ചു. അത്തരം പ്രവർത്തനങ്ങൾ കേരളത്തിലും അത്യാവശ്യമാണ്.

ഭരണകാര്യങ്ങൾക്ക് ഉപയോഗിക്കുന്ന രീതിയിൽ ഭാഷ പ്രാപ്‌തി നേടിയില്ലെന്ന് ഒരു വിഭാഗം വിലയിരുത്തുന്നു. രാജഭരണ കാലഘട്ടത്തിൽ മലയാളത്തിലായിരുന്നു ഭരണം എന്നത് ചരിത്രവ സ്‌തുതയാണ്. പുതിയ സങ്കേതങ്ങളും ആശയങ്ങളും കൈകാര്യം ചെയ്യുമ്പോൾ ഭാഷയും സ്വാഭാവികമായി പുഷ്ടിപ്പെടുന്നു. 1957-67 കാലത്താണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഏറ്റവും വലിയ നീക്കങ്ങൾ ഉണ്ടായത്.

മാസികയുടെ ഉള്ളടക്കം

ഭരണഭാഷ എന്ന മാസിക അഞ്ച് വർഷമാണ് പ്രസിദ്ധീകരണം തുടർന്നത്. ആ കാലയളവിൽ നിരവധി ലേഖനങ്ങളിലൂടെ കേരളത്തിന് കൃത്യമായ ഭരണഭാഷ ഉണ്ടാകേണ്ടതിന്റെ ആവശ്യകത അടയാളപ്പെടുത്തി കഴിഞ്ഞിരുന്നു. മാസികയിൽ ഉൾപ്പെട്ടിരിക്കുന്ന ലേഖനങ്ങളെ വിവിധ മേഖലകളിൽ ഉൾപ്പെടുത്തി തരം തിരിക്കാവുന്നതാണ്. സാങ്കേതികപദങ്ങൾ ഉൾകൊള്ളുന്നവ, ബഹുജനങ്ങളെ ഉദ്ബോധിപ്പിക്കുന്നവ, തമിഴ് ഭാഷാസ്വാധീനം, കേരളത്തിന്റെ ഭരണഭാഷ, കോടതിഭാഷ എന്നിവ ഉൾപ്പെടുന്ന ലേഖനങ്ങൾ, വിജ്ഞാനഭാഷ, സാഹിത്യപരമായ ലേഖനങ്ങൾ പ്രതികരണ ങ്ങൾ, പ്രസംഗങ്ങൾ എന്നിങ്ങനെ വർഗീകരിക്കുന്നു.

പി.അനന്തൻപ്പിള്ളയെഴുതിയ ‘സാങ്കേതിക ശബ്ദനിർമ്മാണം’ എന്ന ലേഖനം സാങ്കേതിക പദങ്ങൾ എന്ന വിഭാഗത്തിൽപ്പെടുന്നു. ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസത്തിന് ഏറെ തടസ്സം സൃഷ്ടിക്കുന്നത് സാങ്കേതിക ശബ്ദങ്ങളുടെ കുറവാണ് എന്ന കാര്യം ഊന്നിപ്പറയുന്നു (അനന്തൻപിള്ള പി, 1979: 29). പല സംസ്ഥാനങ്ങളും നാട്ടുഭാഷകൾ ഉപയോഗിക്കുന്നതായി വിലയിരുത്തുന്നു. രവി ന്ദ്രനാഥടാഗോർ, യോഗേശ്വര ചന്ദ്രൻ, രാമേന്ദ്രസൂന്ദര ത്രിവേദി ഇവരുടെ പ്രസംഗങ്ങളിലും മറ്റും നാട്ടുഭാഷകൾ ഉപയോഗിച്ചു തുടങ്ങിയത് ബംഗാളിഭാഷയ്ക്ക് പുതിയ രൂപം കൈവരാൻ ഇടയാക്കി. മറ്റു ഭാഷകളിൽ മഹാരാഷ്ട്ര കോശമണ്ഡലം, ശാസ്ത്രീയ പരിഭാഷാകോശം, വാണിജ്യകോശം എന്നിങ്ങനെ ഏതാനും ഗ്രന്ഥങ്ങൾ വന്നു. സ്വതന്ത്രഭാരതം രൂപപ്പെടുത്തിയതിലേക്കായി ഇന്ത്യയുടെ പല ഭാഗങ്ങളിലും അതതു ഭാഷകളിലെ ഭരണശബ്‌ദാവലികളുടെ നിർമ്മാണം നടന്നു. പശ്ചിമബംഗാളിൽ പരിഭാഷാസംസദ് എന്നൊരു സംഘം സ്ഥാപിക്കപ്പെട്ടു. കൊൽക്കത്ത സർവ്വകലാശാലയിൽ ‘പരിഭാഷാസമതിയും’ രൂപപ്പെടുത്തി.

എൻ.വി.കൃഷ്‌ണവാരിയർ ‘ഭരണഭാഷ അതിനുണ്ടായിരിക്കേണ്ട സവിശേഷതകൾ’ എന്ന ലേഖനത്തിൽ പ്രാദേശികമായ ഭാഷ ജനങ്ങൾ എളുപ്പത്തിൽ ഗ്രഹിക്കുന്നതിനാൽ ഭരണരംഗത്ത് നടപ്പാക്കണമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഭരണകാര്യങ്ങൾക്കുവേണ്ടി ഭാഷ രൂപപ്പെടുത്തുമ്പേൾ അർത്ഥബോധത്തിന് ഊന്നൽ നൽകണം. ജനങ്ങളോടുള്ള ആദരവ് ഭാഷയിൽ പ്രകടമാക്കണം. “ഭരണഭാഷയിൽ വാക്യങ്ങൾ കഴിയുന്നത്ര ചെറുതായിരിക്കണം. ഉപവാക്യങ്ങൾ ചേർത്തുകെട്ടി മഹാവാക്യങ്ങൾ സൃഷ്‌ടിക്കുന്നതിന്റെ യാതൊരു ആവശ്യവും ഭരണഭാഷയിൽ നടപ്പാക്കേണ്ടതില്ല്’ (കൃഷ്‌ണവാര്യർ എൻ.വി., 1978: 11). വളച്ചുകെട്ടാതെ ആശയങ്ങൾ പറയുന്ന രീതിയാണ് സ്വീകരിക്കേണ്ടത്. സങ്കീർണ്ണമായ വാക്കുകൾ പ്രായോഗികമല്ല. സാധാരണക്കാരെ ഉൾകൊള്ളുന്ന രീതിയാണ് സ്വീകരിക്കേണ്ടത്.

കെ.എൻ.ദാമോദരൻ നായരുടെ ‘പുതിയ പദസൃഷ്ടി ആവശ്യമായി വരുമ്പോൾ’ എന്ന ലേഖനത്തിൽ ഔദ്യോഗിക സ്ഥാപനങ്ങളിൽ പുതിയ പദങ്ങൾ രൂപീകരിക്കുന്നതിനെപ്പറ്റി ചർച്ച ചെയ്യുന്നു. ഇംഗ്ലീഷ് പദങ്ങളെ തത്സമങ്ങളായി സ്വീകരിക്കുന്നു. എല്ലാവർക്കും സ്വീകാര്യമായ ഏകീകൃത പദം സ്വീകരിക്കണം. സർക്കാർ ആവശ്യങ്ങൾക്കുള്ള പരിഭാഷകൾ ഏറെ ശ്രദ്ധയോടെയാണ് നടത്തിയത്. ആചാരങ്ങളിലെ പദങ്ങൾ കണ്ടെത്തുന്നതിൽ പണ്ഡിതർ ഏറെ ശ്രദ്ധിച്ചു. ദിനപത്രങ്ങളിലൂടെ പരിഭാഷകൾ കാര്യക്ഷമമായി. വേണ്ടത്ര ശബ്ദകോശങ്ങൾ ഇല്ലായിരുന്ന ആ കാലത്ത് പരിഭാഷകളിൽ സൂക്ഷ്മ‌ത ഉണ്ടായിരുന്നുവെന്ന് ‘മലയാള ശൈലി’യുടെ അവതാരികയിൽ സഞ്ജയൻ സൂചിപ്പിച്ചു. കൂടാതെ വിദ്യാഭ്യാസ പരിഷ്‌കരണങ്ങളെകുറിച്ചും ഈയൊരവസരത്തിൽ ചർച്ചയുണ്ടായി.

കേരളത്തിന്റെ ഭരണഭാഷയെ പരാമർശിക്കുന്ന ലേഖനങ്ങളിൽ ഒന്നാണ് കാന്തലോട്ടു കുഞ്ഞമ്പു എഴുതിയ ‘മലയാളഭാഷയുടെ വികാസത്തിന് മലയാളം ‘ഭരണഭാഷയാകണം’ എന്നതിൽ ഭാഷയും സ്വാതന്ത്ര്യവും ഭരണവും തമ്മിലുള്ള ബന്ധത്തെ വിലയിരുത്തുന്നു.
“ദേശീയവിജ്ഞാനം വിരളമായാൽ ജനതയുടെ ജീവിതം അന്ധകാരത്തിലാണ്. ദേശീയപ്രബുദ്ധരായ കേരളത്തിലെ നിയ മഭാഷയും ഭരണഭാഷയും മലയാളമായാൽ മാത്രമേ ജനാധിപത്യം നടപ്പാകൂ” (ദാമോദരൻ കെ.,1978: 7).

ശൂരനാട് കുഞ്ഞൻപിള്ളയെഴുതിയ ‘മലയാളം ഭരണഭാഷാപദവിയിലേക്ക്’ ജനകീയാവകാശത്തിന്റെ അംഗീകാരമായിട്ടാണ് മലയാളം ഭരണഭാഷയാകുന്നതിനെ ശൂരനാട് വിലയിരുത്തുന്നത്. ഏതൊരു സംസ്ഥാനത്തിന്റെയും ജനാധിപത്യം നിലനിൽക്കുന്നത് അവരുടെ മാതൃഭാഷയിലൂടെയാണ്. “ബ്രിട്ടീഷുകാരുടെ ആധിപത്യത്തോടെ ഇംഗ്ലീഷ്ഭാഷ ഇവിടെ അധികാരത്തിന്റെ ഭാഷയായി ചിരപ്രതിഷ്ഠ നേടി. മലയാളം മറ്റ് ഭാരതീയ ഭാഷകൾക്കൊപ്പം പിൻവാങ്ങി കീഴടങ്ങി. ഔദ്യോഗിക പദവിയിലേക്ക് ഉയർന്ന ഇംഗ്ലീഷിന്റെ പ്രചാരവും പ്രശസ്‌തിയും വർദ്ധിച്ചു” (കുഞ്ഞൻപിള്ള ശൂരനാട്, 1978: 9). ഇംഗ്ലീഷ്‌ഭാഷയുടെ ആഗോളപ്രശസ്‌തി ജനങ്ങളെ ആകർഷിച്ചതാണെന്ന് ശൂരനാട് വിലയിരുത്തുന്നു.

പ്രധാനപ്പെട്ട പ്രസംഗങ്ങളെയും ‘ഭരണഭാഷ’ മാസിക അവലോകനം ചെയ്യുന്നു. ചരൺസിംഗിന്റെ പ്രസംഗം ഏറെ ശ്രദ്ധിക്കപ്പെട്ടു. ജനങ്ങളുടെ ഭാഷയിലൂടെ ഭരണം നടത്താതിരിക്കുന്ന ഒരൊറ്റ സ്വതന്ത്രരാഷ്ട്രവും ലോകത്തുണ്ടായിരിക്കില്ല. അടുത്തകാലത്ത് സ്വാതന്ത്ര്യം ലഭിച്ച രാജ്യങ്ങളും അവരുടെ മാതൃഭാഷയിലാണ് ഭരണം നടത്തുന്നത്. “യൂറോപ്പിൽ പതിനെട്ടാം ശതകത്തിനു മുമ്പുതന്നെ പുരാണ ഭാഷകളായ ഗ്രീക്കിനും ലത്തീനും പകരമായി ജനങ്ങളുടെ ഭാഷകൾ ഭരണരംഗത്ത് സജീവമായി” (ചരൺസിംഗ്, 1978: 5). ആശയവിനിമയത്തിൽ ജനങ്ങളും ഭരണകർത്താക്കളും തമ്മി ലുള്ള ഒരു കണ്ണിയായി ഭാഷ മാറി. പതിനാലാം നൂറ്റാണ്ടായപ്പോഴേയ്ക്കും ഫ്രഞ്ച് ഭാഷയെ കയ്യൊഴിയാൻ ഇംഗ്ലീഷുകാർ തീരുമാനിച്ചു. അവരുടെ പ്രാദേശിക ഭാഷകളിലൂടെ ശാസ്ത്രം, സാഹിത്യം, വ്യവസായികം എന്നീ രംഗങ്ങളിൽ മാറ്റങ്ങൾ സൃഷ്‌ടിക്കപ്പെട്ടു എന്നദ്ദേഹം വ്യക്തമാക്കുന്നു.

സജ്ജീവ് റെഡ്ഡിയുടെ പ്രസംഗങ്ങളും മാസിക ചർച്ച ചെയ്യുന്നു. ശാസ്ത്രീയവും സാങ്കേതികവുമായ ചിന്തകളെ ജനങ്ങളിലെത്തിക്കാൻ മാതൃഭാഷയ്ക്കു സാധിക്കുന്നു. സർവ്വകലാശാലാതല ത്തിലുള്ള പുസ്‌തകങ്ങൾ ഭാരതീയഭാഷകളിൽ തയ്യാറാക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുമ്പോൾ അവയുടെ നിലവാരം ശ്രദ്ധിക്കണം. ശാസ്ത്രസാങ്കേതിക വിദ്യയുടെ യുഗത്തിൽ ജീവിക്കുന്ന ജനതയ്ക്ക് ആശയങ്ങൾ സ്വീകരിക്കാനും പ്രചരിപ്പിക്കാനുമുള്ള മാധ്യമമായി ഇന്ത്യൻ പ്രാദേശികഭാഷകൾ മാറണം. സാഹിത്യകൃതികൾ അടയാളപ്പെടുത്തുന്നത് ജീവിതത്തെ സമഗ്രമായി വീക്ഷിക്കുന്നതിലാണ്. ജാതിയുടെ അതിർവരമ്പുകളെ തകർക്കാനും ദേശീയ ഐക്യത്തെ സ്ഥാപിക്കുന്ന തിനും സാഹിത്യവും ഭാഷയും ഏറെ പങ്കുവഹിക്കുന്നു.

ഭരണഭാഷ എന്ന മാസികയുടെ ഉള്ളടക്ക രൂപീകരണത്തിൽ സാഹിത്യരംഗത്തെ എഴുത്തുകാർ ‘പ്രതികരണ’ങ്ങളിൽ കുറിപ്പുകൾ എഴുതിയിട്ടുണ്ട്. തകഴി, ഉറൂബ്, പൊൻകുന്നം വർക്കി, ഇ. വാസു, ഒളപ്പമണ്ണ എന്നിവർ ഇക്കൂട്ടത്തിൽപ്പെടുന്നു.

തകഴിയെഴുതിയ ‘നിയമങ്ങളുടെ അടിസ്ഥാനം ജീവിതം’ എന്ന ലേഖനത്തിൽ ഭാഷയ്ക്കും ജീവിതത്തിനും വേണ്ടിയുള്ള ആശയങ്ങളാണ് പ്രതിപാദിക്കുന്നത്. ജനാധിപത്യഭരണത്തിനുവേണ്ടി തകഴി നിലകൊള്ളുന്നു. പഴയ ഓലകരണങ്ങളിൽ ഭരണഭാഷ മലയാളമായിരുന്നു എന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

ഉറൂബിന്റെ ‘എന്റെ നാടിന്റെ ജനാധിപത്യത്തിനുവേണ്ടി എന്റെ ഭാഷയ്ക്കുവേണ്ടി’, എന്ന പ്രതികരണകുറിപ്പിൽ ഭാഷയും ഭക്ഷണവും ഐക്യത്തിന്റെ കണ്ണികളാണ്. ഭാഷയുടെയും ഭക്ഷണ ത്തിന്റെയും കാര്യത്തിൽ യോജിക്കാത്തവർ ഐക്യബോധമുള്ള ജനതയായി വളരാൻ കഴിയില്ല. നല്ല ഭക്ഷണം ആരോഗ്യമുള്ള ജനതയെ എന്നതുപോലെ മാതൃഭാഷ ആരോഗ്യമുള്ള സംസ്‌കാരത്തെ സൃഷ്ടിക്കുന്നു.

പൊൻകുന്നം വർക്കിയെഴുതിയ ‘മലയാളത്തിന്റെ മൗലിക പ്രതിഭ വിടരാൻ’. കെ.പി.കറുപ്പനോടും അദ്ദേഹത്തിന്റെ കൃതിയോടും കാണിച്ച അവഗണനയെ പരാമർശിക്കുന്നു. ഭാഷയോട് അവ ഗണന കാണിച്ച സർക്കാർ നടപടികൾക്കെതിരെ എഴുതിയ കവിതയായിരുന്നു ‘ധീവര വിലാപം’ ദളിത് വിഭാഗത്തിലെ കവിയായ അദ്ദേഹത്തിന്റെ ആശയങ്ങൾ ജാതിപരവും ഭാഷാപരവുമായ വിവേ ചനങ്ങൾക്കെതിരെയുള്ള ശക്തമായ മറുപടിയായിരുന്നു ആ കൃതി. മലയാളം ഭരണഭാഷയാകുന്നതോടെ സാധാരണജനങ്ങളുടെ ഭാഷ ഏറെ ലളിതമാകുകയും അതോടെ സാംസ്‌കാരിക നവോത്ഥാനം രൂപീകരിക്കുകയും ചെയ്യുന്നു. മലയാളത്തിലെഴുതാൻ അറിയില്ല എന്നു പറയുന്നവരോട് കൊല്ലന്റെ ആലയിലേക്കും ആശാരിയുടെ പണിപ്പുരയിലെക്കും പോയി ഭാഷ പഠിക്കാൻ ലേഖകൻ ആവശ്യപ്പെടുന്നു.

ഇ.വാസു എഴുതിയ ‘ഭാഷ ചില ശിഥില ചിന്തകൾ’ എന്നതിലൂടെ ഓരോ സംസ്ഥാനങ്ങൾക്കും ഭാഷയോടുള്ള സമീപനങ്ങളാണ് ഈ ലേഖനത്തിൽ വിലയിരുത്തുന്നത്. ഹിന്ദി ഭാഷാ ഉത്തരവിനെ തുടർന്ന് തമിഴ്‌നാട് ഒറ്റക്കെട്ടായി ഉത്തരവിനെ ചെറുത്തുനിന്നു. മലയാളം ഔദ്യോഗിക ഭാഷയാക്കുന്നതിനെപ്പറ്റിയുള്ള അവലോകനം നടത്തുമ്പോൾ മലയാളം പഠിക്കാനുള്ള കേരളീയ ജനതയുടെ അപ്രാപ്തിയെ ലേഖകൻ വിമർശിക്കുന്നു.

ഒളപ്പമണ്ണയുടെ ‘മലായാളമറിയാവുന്ന ഒരു പുതിയ തലമുറയെ വാർത്തെടുക്കുക’ എന്ന ലേഖനം ഏറെ ശ്രദ്ധേയമാണ്. “ഞാൻ തുറന്നു പറയുന്നു എന്റെ ഭാഷയെ, മലയാളത്തെ ഞാൻ ഭ്രാന്തമായ വികാരവായ്പ്പോടെ സ്നേഹിക്കുന്നു. എന്റെ ഭാഷ എന്റെ ഹ്യദയം നിറഞ്ഞുനിൽക്കുന്നു. എന്റെ ഭാഷയെകുറിച്ചുള്ള എന്റെ മോഹങ്ങൾക്കും സ്വ‌പ്നങ്ങൾക്കും അതിരില്ല. ലോകമഹാഭാഷകളുടെ ഉന്നതങ്ങളിലേക്ക് എന്റെ ഭാഷയും ഉയരുന്നതിൽ കുറഞ്ഞ ഒന്നുകൊണ്ടും ഞാൻ തൃപ്ത‌നല്ല” (ഒളപ്പമണ്ണ, 1978: 27).

ഭാഷ ഉൾക്കൊള്ളുന്ന ലേഖനങ്ങളിൽ ശാസ്ത്രഭാഷ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയ ലേഖനമാണ് ഡോ.സതീശ് ചന്ദ്രൻ എഴുതിയ ‘വൈദ്യശാസ്ത്രം മലയാളത്തിൽ’ ഭാഷ യഥാർത്ഥത്തിൽ ഭരണതലത്തിൽ മാത്രമല്ല വിദ്യാഭ്യാസതലത്തിലും പ്രയോഗിക്കേണ്ടതാണെന്ന ചിന്ത മുന്നോട്ടുവെയ്ക്കുന്നു. വൈദ്യശാസ്ത്രത്തെ മലയാളത്തിൽ കൊണ്ടുവരുന്നതിന്റെ ആശങ്കകൾ മലയാളിയ്ക്കുണ്ട്. ചിലർ ഇംഗ്ലീഷിലുള്ള പദങ്ങൾ അതേപടി ഉപയോഗിക്കുമ്പോൾ മറ്റു ചിലർ മലയാളത്തിൽ പദങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നു. ഇംഗ്ലീഷും മലയാളവും സംസ്കൃതവും ചേർന്ന ശൈലിയും രൂപപ്പെടുത്താൻ ഒരു വിഭാഗം ശ്രമം നടത്തി. ഇതോടനുബന്ധിച്ചു തന്നെ സാങ്കേതിക പദങ്ങളുടെ ഏകത്വത്തിനുവേണ്ടിയുള്ള ശ്രമങ്ങളും നടന്നു. എന്നാൽ ശാസ്ത്രീയമായ പുരോഗതി ഭാഷയിലൂടെ നടപ്പാക്കണമെന്ന കാഴ്‌ചപ്പാട് പൊതുജനങ്ങളിലാണ് രൂപീകരിക്കേണ്ടതെന്ന് വിലയിരുത്തുന്നു.

കോടതിഭാഷയ അവലോകനം ചെയ്യുന്ന ചില ലേഖനങ്ങൾ പരാമർശിക്കാം. എം.പ്രഭയുടെ ‘ഔദ്യോഗികഭാഷാ നിയമ നിർമ്മാണ കമ്മീഷനിൽ’ ശുപാർശ ചെയ്യുന്ന കാര്യങ്ങൾ തർജമയിലൂടെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തണം. അതോടൊപ്പം ഭരണശബ്ദാവലികൾ നിർമ്മിക്കേണ്ടതാണ്.

സി.അച്യുതമേനോന്റെ ‘നീതിനിർവഹണം മലയാളത്തിൽ’ എന്നതാണ് മറ്റൊന്ന്. കോടതി വ്യവഹാരങ്ങളിൽ ഇംഗ്ലിഷ് മാധ്യമം രൂപപ്പെട്ട സാഹചര്യങ്ങളെ വിലയിരുത്തുന്നു. അതതു കാലങ്ങളിൽ ഭരിച്ചവരുടെ ഭാഷകളാണ് നിയമരംഗങ്ങളിൽ ഇടം നേടിയത്. കോടതി വ്യവഹാരത്തിലെ നിയമങ്ങളെ അതത് ഭാഷകളിൽ പ്രയോഗിക്കാനുള്ള ശ്രമങ്ങൾ നടത്തേണ്ടത് ഉന്നത നീതിപീഠ വ്യവസ്ഥകളാണ്.

ഇതര ഇന്ത്യൻ ഭാഷകളെ കുറിച്ചാണ് ഇറവങ്കര ഗോപാലക്കുറുപ്പ് എഴുതിയ ‘ബഹുഭാഷാ രാഷ്ട്രങ്ങളും ഭാഷയുടെ പ്രശ്‌നവും’ ബഹുഭാഷാ പ്രശ്നം ഇന്ത്യയിൽ പൂർണമായി പരിഹരിക്കപ്പെട്ടു എന്നു പറയാനകില്ല. ബഹുഭാഷാപ്രശ്‌നങ്ങളെ വിജയകരമായി കൈകാര്യം ചെയ്ത രാജ്യങ്ങളാണ് സ്വിറ്റ്സർലന്റ്, ജർമൻ, ഫ്രഞ്ച്, ഇറ്റലി. നാലു വ്യത്യസ്‌ത മാതൃഭാഷകളാണ് ഇവിടെ സംസാരിക്കുന്നത്. നാലു ഭാഷകളെയും ദേശീയമായി അംഗീകരിച്ചിട്ടുണ്ട്. എല്ലാ ഫെഡറൽ നിയമങ്ങളും റഗുവേഷൻ, വിജ്ഞാപനങ്ങൾ, പ്രസിദ്ധീകരണങ്ങൾ മുതലായവയും നാലു ഭാഷകളിലും പ്രസിദ്ധം ചെയ്യുന്നു.

തമിഴ് സ്വാധീനത്തെപ്പറ്റി പരാമർശിക്കുന്ന മൂർക്കോത്ത് കുമാരൻ എഴുതിയ ‘മലയാള ഭാഷയ്ക്ക് അന്യഭാഷകൾ കൊണ്ടുണ്ടായിട്ടുള്ള സഹായങ്ങൾ’ എന്ന ലേഖനം ശ്രദ്ധേയമാണ്. തമിഴ്, സംസ്കൃതം എന്നീ ഭാഷകൾ മലയാളത്തോട് ഏറെ ബന്ധപ്പെട്ടിരിക്കുന്നു. വിദേശഭാഷ എന്ന നിലയിൽ ഇംഗ്ലീഷും ബന്ധം പുലർത്തുന്നു. ആദ്യകാലത്ത് തമിഴിന്റെ അക്ഷരമാലയായിരുന്നു മലയാളം സ്വീകരിച്ചത്. കാവ്യരീതിപോലും തമിഴ്‌ഭാഷയുടെതായിരുന്നു. മട, മാടം, വടി എന്നീ പദങ്ങൾ തമിഴിലുള്ളതാണ്, സംസ്‌കൃതത്തിന്റെ സ്വാധീനം തമിഴ്‌ഭാഷയെ നിരസിക്കാൻ തുടങ്ങി.

ആധുനികശാസ്ത്ര സാങ്കേതിക മാനവിക വിഷയങ്ങളെ ഫലവത്തായി വിനിമയം ചെയ്യുന്നതിനായി ഭാഷയെ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് രൂപം നൽകിയ ശബ്ദകോശമാണ് “ഭരണശബ്ദാവലി’, ഭരണ മാധ്യമ പ്രവർത്തനങ്ങൾ ഏറെ എളുപ്പമാക്കാനുള്ള വഴികാട്ടിയായും ഇത് നിലകൊണ്ടു. വിദ്യാഭ്യാസരംഗത്തുമാത്രം ഒതുങ്ങുന്നില്ല. ഭരണഭാഷ മലയാളമാക്കുന്നതിനുള്ള പ്രാരംഭ ഘട്ടങ്ങളിലൊന്നാണ് ഭരണശബ്ദാവലി ഭരണനിർവഹണത്തിനാവശ്യമായ പദങ്ങൾ ശേഖരിച്ചു. വിവിധ തരത്തിലുള്ള വിവർത്തനങ്ങളും ആരംഭച്ചിരുന്നു.

‘ഭരണഭാഷ’ എന്ന മാസികയുടെ വിചാരലോകം

അഞ്ചുവർഷം മാത്രം ആയുസ്സുണ്ടായ ഒരു മാസികയാണ് ഭരണഭാഷ. എങ്കിലും കേരളത്തിന്റെ ഭരണഭാഷ മലയാളമാക്കുന്നതിനെകുറിച്ചുള്ള ദാർശനികവും പ്രായോഗികവുമായ നിരവധി നിർദേശങ്ങളും കാഴ്ചചപ്പാടുകളും ഇതിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളിലും കുറിപ്പുകളിലും അവതരിപ്പിക്കുന്നു. മലയാളം ഭരണഭാഷയാക്കുന്നതിനായി പരിഹരിക്കേണ്ടത് പദം ദൗർലഭ്യമാണ്. ഇതിനായി ഒരു ഭരണഭാഷ നിഘണ്ടു തയ്യാറാക്കണമെന്ന നിർദേശവും അവർ മുന്നോട്ടുവെയ്ക്കുന്നു. ഇത്തരത്തിലൊരു നിഘണ്ടുവിന്റെ ഖണ്ഡശ്ശയുള്ള പ്രസിദ്ധീകരണം മാസിക ഏറ്റെടുത്തതായി കാണുന്നു. ഭാഷയെ നവീനമായ വ്യവഹാരങ്ങളിൽ പ്രയോഗിക്കുമ്പോൾ മാത്രമേ പദദൗർലഭ്യം പരിഹരിക്കാനാവൂ എന്നും കരുതുന്നവരുണ്ട്. ആവശ്യാനുസരണം പദങ്ങൾ മറ്റുഭാഷകളിൽ നിന്ന് കടമെടുക്കുന്നതിൽ അപാകതയില്ല. ലാളിത്യവും വിനിമയശേഷിയുമായിരിക്കണം ഭരണഭാഷാപദങ്ങളുടെ സവിശേഷത നവീനമായ വ്യവഹാരങ്ങളിൽ മലയാളം ഉപയോഗിക്കാനുള്ള ഉത്സാഹം സ്വാതന്ത്ര്യാ നന്തര ഘട്ടത്തിൽ കുറഞ്ഞുവരുന്നതായാണ് കാണുന്നത്. (ഇന്ത്യയിലെ മറ്റു പല ഭാഷകളിലും ഭരണഭാഷയ്ക്കുവേണ്ടിയുള്ള ജാഗ്രത്തായ പ്രവർത്തനങ്ങൾ അധികമൊന്നും നടന്നു കാണിക്കുന്നില്ല) ‘ഭരണഭാഷ’ മാസികയിലെ വാക്യങ്ങൾ മഹാവാക്യങ്ങളായിരിക്കരുതെന്നും പര്യായപദങ്ങൾ അതിൽ കടന്നുവരരുതെന്നും എൻ.വി.കൃഷ്‌ണവാരിയർ നിരീക്ഷിച്ചത് ഭരണഭാഷയുടെ രാഷ്ട്രീയത്തെ വെളിപ്പെടുത്തുന്നു.

ഭരണഭാഷയെകുറിച്ചുള്ള ദേശീയമായ പരിപ്രേക്ഷ്യവും ഈ മാസിക ഉയർത്തിപ്പിടിച്ചതായി കാണുന്നു. കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക ഭാഷാനയവും 1973-76 കാലങ്ങളിൽ നടന്ന പ്രാദേശിക ഭാഷാസമ്മേളനങ്ങളുടെ അവലോകന റിപ്പോർട്ടും സഞ്ജീവ് റെഡ്ഡിയുടെയും ചരൺസിംഗിന്റെയും പ്രസംഗങ്ങളും ഈ പരിപ്രേക്ഷ്യത്തെ തുറന്നു വെയ്ക്കുന്നതാണ്. ത്രിഭാഷാപദ്ധതി നടപ്പാക്കിയതിലുള്ള പരാജയവും വിദ്യാഭ്യാസവും പ്രാദേശിക വികസനവും തമ്മിലുള്ള ജൈവ ബന്ധം നഷ്ടപ്പെട്ടതും, അപകോളനീകരിക്കപ്പെടാത്ത സാംസ്‌കാരിക അവബോധവും മാതൃഭാഷ ഭരണഭാഷയാക്കുന്നതിന് തടസ്സമായി മേൽപ്പറഞ്ഞ കുറിപ്പുകളിൽ പലതും ചൂണ്ടിക്കാട്ടുന്നു.

ഭരണഭാഷയുടെ ഭാഗമായി തന്നെയാണ് കോടതിഭാഷയെയും ഈ പ്രസിദ്ധീകരണം പരിഹരിക്കുന്നു. തകഴിയുടെ ‘നിയമങ്ങളുടെ അടിസ്ഥാനം ജീവിതം’, എം പ്രഭയുടെ ‘ഔദ്യോഗിക ഭാഷാ നിയമനിർമ്മാണ കമ്മീഷൻ’, സി. അച്യുതമേനോന്റെ ‘നീതിനിർവഹണം മലയാളത്തിൽ, ആർ.പ്രസന്നന്റെ ‘നിയമനിർമ്മാണം മലയാളത്തിൽ എന്നിവയെല്ലാം കോടതിഭാഷ മലയാളമാക്കു ന്നതിന്റെ പ്രാധാന്യത്തെ എടുത്തു പറയുന്നു.

അക്കാദമിക മേഖലയിലെ ഭാഷാഗവേഷണത്തെയും ജനങ്ങളുടെ ദൈനംദിന ജീവിത ത്തെയും പരസ്‌പരം ബന്ധിപ്പിക്കുന്ന ഒരു ധൈഷണിക ലോകം ‘ഭരണഭാഷ’ എന്ന മാസികയുടെ അന്തർധാരയായി പ്രവർത്തിക്കുന്നുണ്ട്. സി.അച്യുതമേനോൻ, പവനൻ, എൻ.വി.കൃഷ്‌ണവാരിയർ, ശൂരനാട് കുഞ്ഞൻപ്പിള്ള, കെ.എം. ജോർജ്, ഗോദവർമ്മ, സുകുമാർ അഴിക്കോട്, കെ.എൻ. എഴുത്ത ച്ഛൻ എന്നിങ്ങനെയുള്ള ധൈഷണികരെ ഒറ്റ ഉദ്ദേശ്യം മുൻനിർത്തി അണിനിരത്തുക എന്ന സാഹസികമായ ഒരു ശ്രമം ഈ മാസിക നിർവഹിച്ചിട്ടുണ്ട്.

ലേഖനസൂചി

അച്യുതമേനോൻ,സി. ‘നീതീനിർവഹണം മലയാളത്തിൽ”, ഭരണഭാഷ 13 (1978); 5.
അനന്തൻപിള്ള, പി. ‘സാങ്കേതിക ശബ്ദ‌ദനിർമ്മാണം’, ഭരണഭാഷ 2.13 (1978): 29.
എഴുത്തച്ഛൻ, കെ.എൻ. ‘ലോകഭാഷയുടെ പൊതുസ്വഭാവങ്ങൾ’, ഭരണഭാഷ 1.11 (1979); 11.
കുമാരൻ മൂർക്കോത്ത്, ‘മലയാളഭാഷയ്ക്ക് അന്യഭാഷകൾ കൊണ്ടുണ്ടായിട്ടുള്ള സഹായങ്ങൾ’,ഭരണഭാഷ 16 (1978): 5.
കൃഷ്ണവാര്യർ, എൻ.വി, ‘ഭരണഭാഷ അതിനുണ്ടായിരിക്കേണ്ട സവിശേഷതകൾ’, ഭരണഭാഷ 1.1 (1978); 9.
ചരൺസിംഗ്, ‘മാതൃഭാഷയിൽ ഭരണം’, ഭരണഭാഷ 1.2 (1978), 5.
ദാമോദരൻ നായർ, കെ.എൻ, ‘പുതിയ പദസൃഷ്ടി ആവശ്യമായിവരുമ്പോൾ’, ഭരണഭാഷ
1.8 (1978), 5.
പ്രഭ.എം., ‘ഔദ്യോഗിക ഭാഷാനിയമനിർമ്മാണ കമ്മീഷൻ’, ഭരണഭാഷ 1.11 (1979): 34.
വർക്കി പൊൻകുന്നം. ‘മലയാളത്തിന്റെ മൗലിക പ്രതിഭ വിരടാൻ’, ഭരണഭാഷ 12 (1978);8
വാസു.ഇ., ‘ഭാഷ ചില ശിഥില ചിന്തകൾ’, ഭരണഭാഷ 17 (1978); 15.
ശിവശങ്കരപ്പിള്ള തകഴി, ‘നിയമങ്ങളുടെ അടിസ്ഥാനം ജീവിതം’, ഭരണഭാഷ 1.3 (1970), 4.
സതീശ് ചന്ദ്രൻ, ‘വൈദ്യശാസ്ത്രം മലയാളത്തിൽ’, ഭരണഭാഷ 14 (1970), 11.

അജിത ഡി.പി.

ഗവേഷക,മലയാളവിഭാഗം, ശ്രീ നീലകണ്ഠ ഗവ. സംസ്കൃത കോളേജ്, പട്ടാമ്പി (Affiliated to University of Calicut) ഗവേഷണ മാർഗ്ഗദർശി: ഡോ.ഉണ്ണി ആമപ്പാറക്കൽ

5 1 vote
Rating
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x