ഡോ:സജ്ന മോൾ ആമ്യൻ

Published: 10 september 2024 ഭാഷാപഠനം

ഭാഷയും ഗൂഢഭാഷയും, മൈകുരുഡെന്ന ഗൂഢഭാഷയെക്കുറിച്ചൊരന്വേഷണം

താക്കോൽ വാക്കുകൾ : ഭാഷ,ഭാഷാശാസ്ത്രം, ഗൂഢഭാഷ, മൈകുരുഡ്, മലബാർ കലാപം.

ആമുഖം:

മനുഷ്യരുടെ വ്യക്തിപരവും സാമൂഹികവുമായ പുരോഗതിയുടെ അടിത്തറയാണ് ഭാഷ. മനുഷ്യ ജീവിതത്തിൻ്റെ സമസ്ത മണ്ഡലങ്ങളെയും ഭാഷ സ്വാധീനിക്കുന്നുണ്ട്. ആശയവിനിമയം സാധ്യമാവണമെങ്കിൽ ഏതു തരത്തിലെങ്കിലുമുള്ള ഭാഷ കൂടിയേ തീരൂ. ലോകത്ത് ആയിരക്കണക്കിനു       ഭാഷകളുണ്ട്. ഇന്ത്യയിലുമുണ്ട് നൂറുകണക്കിനു ഭാഷ. അതിലൊന്നു മാത്രമാണ് കേരളത്തിലെ മലയാള ഭാഷ. അതിൽ തന്നെ പല ഭാഷാഭേദങ്ങളും ഉച്ചാരണങ്ങളും കാണാം. യഥാർത്ഥത്തിൽ എത്ര ഭാഷകളുണ്ടെന്നു പറയുക പ്രയാസകരമാണ്. സന്ദർഭം സാഹചര്യം ആശയവിനിമയം ചെയ്യുന്ന വൃക്തി എന്നിവയെല്ലാം മനസ്സിലാക്കി പദങ്ങളുടെയും വാക്യങ്ങളുടെയും തിരഞ്ഞെടുക്കലിലും ചേരുവായിലും വ്യത്യാസം വരുന്നു. ചില പ്രത്യേക സന്ദർഭങ്ങളിൽ അക്ഷരങ്ങൾ തന്നെ മാറ്റിയും നിലവിലുള്ള വ്യാകരണത്തിൽ മാറ്റങ്ങൾ വരുത്തിയും ഭാഷയെ സ്വന്തം സൃഷ്ടിയായും മാറ്റിയെടുക്കാറുമുണ്ട്. ഇന്ന് ലോകമെങ്ങും ഭാഷാ പ്രാധാന്യം തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണ്. അറിയപ്പെടുന്നതും അറിയപ്പെടാത്തതും ലിപിയുള്ളതും ലിപിയില്ലാത്തതും പ്രചാരത്തിൽ ഉണ്ടായിരുന്നവയും ഇന്നില്ലാത്തവയും ആയ ധാരാളം ഭാഷകൾ ഉണ്ട്. ഭാഷാപഠനം എന്നും പ്രത്യേക പ്രാധാന്യമർഹിക്കുന്ന പഠന മേഖല തന്നെയാണ്.

ഭാഷ : ഉൽപത്തിയും സവിശേഷതകളും

ഭാഷ

     അജ്ഞാതവും അദൃശ്യവും ശക്തവുമായ ഒരായുധമാണ്ഭാഷ. ആശയവിനിമയത്തിനുള്ള സുപ്രധാന ഉപാധിയും ഭാഷ തന്നെ. ഇതരജീവികൾക്ക് നിശ്ചിത രൂപത്തിലുള്ള ഒരു ഭാഷ കൂടാതെ ജീവിതം സാധ്യമാണെങ്കിലും മനുഷ്യന് ഭാഷ കൂടാതെ നല്ലൊരു ജീവിതം കെട്ടിപ്പടുക്കുക സാധ്യമല്ല. മനുഷ്യവംശത്തിനുമാത്രമുള്ള ഒരു അൽഭുതസിദ്ധിയാണ് ഭാഷ.  തനത് സംസ്കാരം രൂപപ്പെടുത്താൻ സഹായിച്ചതും ഭാഷ തന്നെ. മനുഷ്യൻ്റെ വികാരവിചാരങ്ങൾ ശരിയായ വിധം കൈമാറ്റം ചെയ്യാൻ നമ്മേ സഹായിച്ചതും മറ്റൊന്നല്ല. ചരിത്രപരമായ വളർച്ചയിൽ മനുഷ്യരെ മനുഷ്യരാക്കി മാറ്റിയത് ഭാഷയാണെന്ന് പറയുന്നതിൽ തെറ്റില്ല.

ഭാഷ ശബ്ദാധിഷ്ഠിതമാണ് അതായത് അർത്ഥയുക്തമായ ശബ്ദങ്ങളിലൂടെ ആശയം വിനിമയം നടത്തുന്നു. ചില പ്രത്യേക ക്രമത്തിലും വ്യവസ്ഥയിലുമാണ്. ശബ്ദങ്ങൾ പ്രയോഗിക്കുന്നത്. ചുരുക്കത്തിൽ ആശയത്തിൻ്റെയും ചിന്തയുടെയും പ്രതീകമാണ് ശബ്ദം. ഈ ശബ്ദം ഒരു ആശയമോ വികാരമോ പുറത്തുവിടുന്നുവെങ്കിൽ അതു ഭാഷയായി രൂപാന്തരപ്പെടുന്നു. അതായത് ആശയവിനിമയത്തിൻ്റെ വാചികവും ശ്രവണ പരവുമായ പ്രതീകങ്ങൾ ഉൾക്കൊണ്ടതാണ് ഭാഷ.

ചുരുക്കത്തിൽ ഭാഷയുടെ സ്വാഭാവികവും മൗലികവുമായ രൂപം ശബ്ദമാണ്. ശബ്ദം വ്യഞ്ജിപ്പിക്കാൻ സ്വീകരിച്ചിരിക്കുന്ന ചിഹ്നങ്ങളാണ് അക്ഷരങ്ങൾ. ‘Lingua’ എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് ‘Language’ എന്ന പദം രൂപപ്പെട്ടത്. ‘Lingua ‘ നാവ്. ഇവിടെ നാക്കു കൊണ്ട് പറയുന്നത് എന്ന അർത്ഥം ലഭിക്കും. ‘ഭാഷ് ‘ എന്ന ധാതുവിൽ നിന്നാണ് ‘ഭാഷ ‘എന്ന പദം ഉണ്ടായത് ഭാഷ എന്നാൽ സംസാരിക്കുക എന്നാണർത്ഥം. വ്യക്ത മായ വാക്കാണ് ഭാഷയെന്ന് ആദിമഭാഷാശാസ്ത്രജ്ഞനായ പാണിനിയും വാക്കാണ് മനുഷ്യൻ്റെ വെളിച്ചമെന്ന് ഉപനിഷത്തും പറയുന്നു. ഭാഷതേ ഭാഷ – പറയുന്നതെന്തോ അതാണ് ഭാഷ എന്നാണ് ഭാരതീയമായ നിർവ്വചനം (1966 പുറം:17).

മനുഷ്യരെ പോലെ തന്നെ ജന്തുക്കളും ആശയവിനിമയം നടത്താറുണ്ട്. അപകടം അറിയിക്കാനും ഇണയെ ആകർഷിപ്പിക്കാനുമെല്ലാം. എന്നാൽ മനുഷ്യ ഭാഷ ഇതിൽ നിന്നെല്ലാം ഏറെ വ്യത്യസ്തമാണ്. സാമൂഹ്യ ജീവിയായ മനുഷ്യനു വ്യക്തിപരവും സാമൂഹികവുമായ ചിന്തകളും അനുഭവങ്ങളും അനുഭൂതികളും നിലപാടുകളും വ്യക്തതയോടെ അവതരിപ്പിക്കേണ്ട ആവശ്യമുണ്ട്. ചിന്തയും വികാരങ്ങളും ആവശ്യങ്ങളും പ്രതികരണങ്ങളും മറ്റുള്ളവരെ അറിയിക്കാനുള്ള സഹജമായ പ്രേരണയാണ് ഭാഷാ വികാസത്തിൻ്റെ അടിസ്ഥാനം എന്നു കാണാം. ചിന്തിക്കുന്നതിനും അനുഭൂതികൾ ആസ്വദിക്കുന്നതിനുമെല്ലാം ഇന്ന് ഭാഷ വേണം.ആധുനിക ജീവിതത്തിൽ ആശയവിനിമയം മാത്രമായി ഭാഷയുടെ ധർമ്മം ഒതുങ്ങി നിൽക്കുന്നില്ല. മനുഷ്യ ജീവിതത്തിൻ്റെ വ്യക്തിപരവും സാമൂഹികവുമായ നിരവധി ആവശ്യങ്ങളെയും ഇടപെടലുകളെയും ഭാഷ സ്വാധീനിക്കുന്നുണ്ട്.

അതിനാൽ അതീവ സങ്കീർണ്ണമായ ഒരു പ്രതിഭാസമാണ് ഭാഷ. ഭാഷയെ വിശകലനം ചെയ്യുമ്പോൾ വ്യാകരണം ഭാഷാശാസ്ത്രം എന്നിവ മാത്രമല്ല, മന:ശാസ്ത്രം, തത്വചിന്ത, സാമൂഹൃശാസ്ത്രം തുടങ്ങി നിരവധി പഠന ശാഖകൾക്കാവശ്യമായ തെളിവുകൾ ലഭിക്കുന്നുണ്ട്. ചുരു ക്കത്തിൽ മാനവ ചരിത്രത്തിൻ്റെ എല്ലാ അനുഭവങ്ങളെയും ഭാഷ ഉൾകൊള്ളുന്നു എന്നു പറയാം. മനുഷ്യരെ ഏകോപിപിച്ചു നിർത്താനും അവരുടെ പൊതുവായ ചിന്തയെ രൂപപ്പെടുത്താനും ആ കൂട്ടായ്മയുടെ വികാരമാവാനും ഭാഷകൾക്കു കഴിയും. എല്ലാ ഭാഷയുടെയും അടിസ്ഥാനധർമ്മം സാമൂഹ്യ ജീവിതത്തിനാവശ്യമായ ആശയവിനിമയമായിരുന്നു. എല്ലാ ഭാഷയുടെയും വളർച്ച  ആ ജനതയുടെ വളർച്ചയുമായി കൂടിച്ചേർന്നതുമാണ്.

ഭാഷ, സമൂഹം, സംസ്ക്കാരം:

കൃഷിയുടെ ആവിർഭാവത്തോടെ കാട്ടിൽ വേട്ടയാടിയും കായ്ക്കനികൾ പറിച്ചു തിന്നും അലഞ്ഞു ജീവിച്ചിരുന്ന മനുഷ്യൻ പരിവർത്തനത്തിനു വിധേയരായി. ഒരിടത്തു താമസിച്ചു കൊണ്ടുള്ള ജീവിതം തുടങ്ങി. സാമൂഹ്യ ജീവിതഘടനകാര്യക്ഷമമാക്കുവാനും ആനന്ദം കണ്ടെത്താനും പങ്കുവെക്കാനും അദ്ധ്വാനഭാരം ലഘൂകരിക്കാനുമായി അവർ ഭാഷ ഉപയോഗിച്ചു തുടങ്ങി. പുതിയ ജീവിതാനുഭവങ്ങൾ ഭാഷയിലേക്ക് പുതിയ പദങ്ങളും വാക്യങ്ങളുമായി കടന്നുവന്നു. ഉയർന്ന ചന്താഗതിയും വിവേചന ബുദ്ധിയുമുള്ള മസ്തിഷ്ക ഘടന കൂടുതൽ ചിന്തയിലേക്കും ആശയങ്ങളിലേക്കും അതിൻ്റെ വിനിമയങ്ങളിലേക്കു നയിച്ചു. ആശയങ്ങൾ രേഖപ്പെടുത്തി കൈമാറുകയും സൂക്ഷിക്കുകയും ചെയ്തു പോന്നു. ഭാഷയും അവയോടൊപ്പം വളർന്നു. ലിപിയും വാക്കും ഭാഷണ രീതിയും പ്രയോഗരീതിയും മനുഷ്യവംശത്തോടൊപ്പം വളരുകയും പരിവർത്തന വിധേയമാവുകയും ചെയ്തു.

കാലാന്തരത്തിൽ വന്ന മാറ്റങ്ങൾ മനുഷ്യൻ്റെ ഭാഷയിലും മാറ്റങ്ങൾ വരുത്തി. ഭൂമിശാസ്ത്രപരമായ പ്രത്യേക അതിരുകൾക്കുള്ളിൽ ജീവിക്കുന്നവർക്ക് പൊതുവായ ഭാഷാരീതി രൂപപ്പെട്ടു. ഒരേ പ്രദേശത്തു തന്നെ വ്യത്യസ്ത ഗോത്രങ്ങളും ജാതികളും അവർക്ക് സവിശേഷമായ ഭാഷയും രൂപം കൊണ്ടു. സാമൂഹ്യ ജീവിതത്തിൻ്റെ ചിട്ടയും ഉറപ്പും ഭാവിയെക്കുറിച്ചുള്ള നിശ്ചയങ്ങളും പങ്കുവെക്കപ്പെടുന്നത് ഭാഷയിലൂടെയാണ് . സാമൂഹ്യ ജീവിയായ മനുഷ്യന് വ്യക്തിപരവും സാമൂഹികവുമായ ചിന്തകളും അനുഭവങ്ങളും അനുഭൂതികളും നിലപാടുകളും പ്രതികരണങ്ങളും മറ്റുള്ളവരെ അറിയിക്കാനുള്ള സഹജമായ പ്രേരണയാണ് ഭാഷാ വികാസത്തിൻ്റെ അടിസ്ഥാനം. ഒരു പ്രത്യേക ജനവിഭാഗം ആശയവിനിമയാർത്ഥം ഉപയോഗിക്കുന്നതും ആശയവുമായി വെറും താൽക്കാലിക ബന്ധം മാത്രമുള്ളതുമായ ഉച്ചാരണ ശബ്ദങ്ങളുടെ സ്വരൂപഘടനയോടുകൂടിയ പഠിതവൃത്തിയാണ് ഭാഷ.

സാമൂഹൃജീവിയായ മനുഷ്യൻ്റെ നാളിതുവരെയുള്ള ജീവിതത്തിൻ്റെ ആകെത്തുകയാണ് സംസ്കാരം. സംസ്കാരത്തെ രൂപപ്പെടുത്തുന്നതിലും കാത്തുസൂക്ഷിക്കുന്നതിലും വിനിമയം ചെയ്യുന്നതിലും പരിവർത്തന വിധേയമാക്കുന്നതിലും ഭാഷയ്ക്ക് നിർണായകമായ പങ്കുണ്ട്. സംസ്കാരത്തിൽ ഭാഷക്കുള്ള സ്വാധീനം പോലെ ശക്തമാണ് ഭാഷയിൽ സംസ്കാരത്തിന്റെ സ്വാധീനം. സാഹിത്യം, കല, നാട്ടറിവുകൾ, ചൊല്ലുകൾ, ശൈലികൾ എന്നിവയെ വിശകലനം ചെയ്യുമ്പോൾ ജീവിതാനുഭവങ്ങളും ഭാഷയും സംസ്കാരവും ഇഴപിരിച്ചെടുക്കാനാവാത്തത്രയും ബന്ധമുണ്ടെന്നു കാണാം. വ്യക്തിയിൽ നിന്ന് വ്യക്തികളിലേക്കും സമൂഹത്തിൽ നിന്ന് സമൂഹത്തിലേക്കും സംസ്കാരത്തെ കൈമാറ്റം ചെയ്യുന്നത് ഭാഷയിലൂടെയാണ്.

ഭാഷോല്പത്തിസിദ്ധാന്തങ്ങൾ:

മനുഷ്യവംശത്തോളം തന്നെ പഴക്കമുണ്ട് ഭാഷകൾക്ക് . ഭാഷയുടെ ഉൽപത്തിയെ കുറിച്ചു ധാരാളം പഠനങ്ങൾ നടന്നിട്ടുണ്ട്. ഭാഷയുടെ തന്നെ മറ്റൊരു രൂപമാണ് ഗൂഢഭാഷകൾ. ഭാഷോൽപത്തിയെ കുറിച്ച് സാമാന്യം വിവരം ലഭിക്കേണ്ടത് അതുകൊണ്ടുതന്നെ പ്രധാനവുമാണ്. ശാസ്ത്രീയവും അശാസ്ത്രീയവുമായ പല സിദ്ധാന്തങ്ങളും ഭാഷയുടെ ഉൽപത്തിയുമായി ബന്ധപ്പെട്ടുണ്ട്. കൂടാതെ ഹെർഡർ, റിച്ചാർഡ് പഗറ്റ്, ചാറൽസ് കലേ, ജസ്പേഴ്സൺ, മാക്സ് മുള്ളർ, ബ്ളും ഫീൽഡ് തുടങ്ങി നിരവധി ഭാഷാ പണ്ഡിതന്മാരുടെ സംഭാവനകൾ ഈ രംഗത്ത് ഉണ്ടായിട്ടുണ്ട്. ഭാഷോൽപത്തിസിദ്ധാന്തങ്ങളെ പ്രധാനമായും ആത്മനിഷ്ഠാസിദ്ധാന്തങ്ങളെന്നും വസ്തുനിഷ്ഠാസിദ്ധാന്തങ്ങളെന്നും  രണ്ടായി തരം തിരിക്കാറുണ്ട്. ആശയ വിനിമയവും ഭാഷയും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധങ്ങളെകുറിച്ച് ആത്മനിഷ്ഠാ സിദ്ധാന്തങ്ങൾ അറിവ് നൽകുന്നു. ശാസ്ത്രീയമായി തെളിയിക്കാൻ പറ്റാത്തവയായതു കൊണ്ട് തന്നെ കാര്യമായ പരിഗണന ഇത്തരം സിദ്ധാന്തങ്ങൾക്ക് ലഭിക്കാറില്ല. എന്നാൽ ഭാഷയെ കുറിച്ചു നടന്ന ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തിൽ രൂപം കൊണ്ടിട്ടുള്ളവയാണ് വസ്തുനിഷ്ഠ സിദ്ധാന്തങ്ങൾ. ഭാഷോൽപത്തിയെ കുറിച്ച് മന:ശാസ്ത്ര സമീപനങ്ങളും നിലവിലുണ്ട്. പാവ് ലോ വാണ് ഈ സിദ്ധാന്തത്തിൻ്റെ വക്താവ് വാക്കുകളും ഭാഷയും ഒരു ദ്വിതീയ സൂചനാ വ്യവസ്ഥയാണെന്ന് പാവ്ലോവ് നിർവ്വചിച്ചു. സംവേദനം എന്ന പ്രാഥമിക സൂചന വ്യവസ്ഥയോടൊപ്പം മനുഷ്യൻ വളർത്തിയെടുത്ത മറ്റൊരു സൂചനാ വ്യവസ്ഥയായിരുന്നു ഭാഷ. പ്രകൃതിയിൽ നിലനിൽക്കുന്ന വസ്തുക്കളോ പ്രതിഭാസങ്ങളോ ഇന്ദ്രിയത്തിലൂടെ മസ്തിഷ്കത്തിൽ പ്രതിഫലിക്കുന്നു. ഇതിനോടെപ്പം പ്രതിഫലിക്കുന്ന ശബ്ദം ഈ ആശയത്തെ പ്രതിനിധാനം ചെയ്യുന്നു. നിരവധി സന്ദർഭങ്ങളിലെ ആവർത്തനത്തിലൂടെ ഈ ആശയവും ശബ്ദവും തമ്മിലുള്ള ബന്ധം വ്യവസ്ഥാപിതമായിത്തീരുന്നു. തുടർന്ന് ചിന്തയുണ്ടാവുകയും ചെയ്യുന്നു.

മനുഷ്യവംശത്തിൻ്റെ ഉയർന്ന ബുദ്ധി, ഘടന, മസ്തിഷ്ക പ്രവർത്തനങ്ങൾ ലോകത്ത് എല്ലായിടത്തുമുള്ള ഭാഷകളുടെ അടിസ്ഥാനപരമായ സവിശേഷതകൾ, മനുഷ്യൻ്റെ സാംസ്കാരികവും സാമൂഹികവുമായ ആവശ്യങ്ങൾ എന്നിവയിലൂന്നിയാണ് ആധുനിക മന:ശാസ്ത്രവും ഭാഷാശാസ്ത്രവും ഭാഷയുടെ ഉൽപത്തിയെ നിരീക്ഷിക്കുന്നത്.

സാമൂഹ്യ-രാഷ്ട്രീയ സാഹചര്യങ്ങളാണ് ഭാഷയുടെ വ്യക്തിത്വ സ്ഥാപനത്തിന് പ്രേരകമാവുന്നത് എന്ന് സാമൂഹികഭാഷാശാസ്ത്രം പറയുന്നു. ഭാഷയെ സാമുഹികതയുടെ പശ്ചാത്തലത്തിൽ നോക്കി പഠിക്കുകയാണ് സാമൂഹികഭാഷാശാസ്ത്രം ചെയ്യുന്നത്. ഭാഷാ ഘടനയെ കുറിച്ചും ആശയവിനിമയത്തിൽ ഭാഷ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെ കുറിച്ചും അറിയുക എന്ന ലക്ഷ്യം മുൻനിർത്തി ഭാഷയും സമൂഹവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു പഠിക്കുകയാണ് സാമൂഹികഭാഷാശാസ്ത്രത്തിൽ. ചുരുക്കത്തിൽ സാമൂഹ്യ ഘടനയെയും ഭാഷാഘടന ചെയും ബന്ധിപ്പിക്കുന്ന പ്രക്രിയയാണ് സാമൂഹികഭാഷാശാസ്ത്രം.ഭാഷാ വ്യത്യാസങ്ങളും സാമൂഹികഭാഷാശാസ്ത്ര വിഷയത്തിൻ്റെ മേഖലയിൽ വരുന്നു. സാമൂഹികവും സാംസ്കാരികവുമായ ഒരു പ്രതിഭാസമാണ് ഭാഷ. ഭാഷ ഒരു സാമൂഹിക പെരുമാറ്റമാണെന്നും സമൂഹജീവിതമാണ് ഭാഷയെ നിർണ്ണയിക്കുന്നതെന്നും ഭാഷ ക സമൂഹമില്ലാതെ ഭാഷയ്ക്ക് നിലനിൽക്കാനാവില്ലെന്നും ഈ ശാസ്ത്രശാഖ നമ്മേ ഓർമ്മിപ്പിക്കുന്നു.

ഭാഷണത്തിൻ്റെ പ്രാധാന്യത്തെ സാമൂഹിക കാഴ്ച്ചപ്പാടിൽ രണ്ടായി തരം തിരിക്കാം. വിനിമയോപാധി എന്ന നിലക്ക് സാമൂഹിക ബന്ധങ്ങളെ ഉറപ്പിക്കുന്നതിനുള്ള ഭാഷയുടെ കഴിവ് അഥവാ ധർമ്മമാണ് ഒന്നാമത്തേത്. ഭാഷകനെ കുറിച്ചുള്ള സാമൂഹിക ശാസ്ത്രപരമായ അറിവുകൾ നൽകുക എന്ന ഭാഷാ ധർമ്മമാണ് രണ്ടാമത്തേത്.സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക നേട്ടത്തിനായി സാമൂഹിക ഘടനക്കും മൂല്യത്തിനും യോജിച്ച സ്വീകൃത ഉച്ചാരണം സ്വീകരിച്ചെന്നു വരാം. ഇവ ഭാഷാഭേദവിജ്ഞാനീയത്തിൻ്റെ പരിധിയിലാണ് വരിക. അതുകൊണ്ടുതന്നെ സാമൂഹൃഭാഷാ ശാസ്ത്രത്തിൻ്റെ ഒരു ശാഖയായി ഭാഷാഭേദവിജ്ഞാനീയത്തെ കാണാം. ഒരു ഭാഷാ സമൂഹത്തിലെ അംഗങ്ങളുടെ ഭാഷാ വ്യതിയാനങ്ങളെക്കുറിച്ചുള്ള അന്വേഷണവും പഠനവുമാണ് ഭാഷാഭേദവിജ്ഞാനീയം . ഭാഷയുടെ ഘടനയാണ് പരിശോധിക്കുന്നത്. ഒരു ഭാഷാഭേദം ചരിത്രപരമായി താരതമ്യം ചെയ്യുന്ന ഭാഷയുമായി എങ്ങനെ ബന്ധപെട്ടിരിക്കുന്നു എന്നും പഴയമാനകഭാഷയുടെ എന്തെല്ലാം പ്രത്യേകതകൾ ഈ ഭാഷാഭേദത്തിലൂടെ സംരക്ഷിക്കുന്നു എന്നും ഇതിൽ അന്വേഷിക്കുന്നു. സാമൂഹിക ശ്രേണി അനുസരിച്ചും ഭാഷ വ്യത്യാസപ്പെടാറുണ്ട്. ഭാഷയിലെ വ്യത്യാസത്തിൽ നിന്നും അവർ ഏത് ഗണത്തിൽ പെട്ടവരാണെന്നു മനസ്സിലാക്കാൻ സാധിക്കും. വ്യത്യസ്ത തൊഴിലിലേർപ്പെട്ടവർക്കിടയിലും ഒരേ ഭാഷാ ശബ്ദം പല അർത്ഥത്തിൽ ഉപയോഗിക്കാറുണ്ട്. ആചാരാനുഷ്ഠാനഭാഷകളുമുണ്ട്.

മാപ്പിള മലയാള ശൈലി

ഭാഷാപരമായി ചില പ്രത്യേക ശൈലികൾ കൈമുതലായിട്ടുള്ളവരാണ് മാപ്പിളമാർ.മാനക മലയാളത്തിൽ നിന്ന് തീർത്തും വ്യത്യസ്തവും നായർ ഈഴവ തുടങ്ങിയ ഹൈന്ദവ ജാതിക്കാരുടെ വാമൊഴി വഴക്കങ്ങളിൽ നിന്ന് പദഘടന ഈണം ഉച്ചാരണം എന്നിവയിൽ നിന്നെല്ലാം വേറിട്ടു നിൽക്കുന്നതുമായ വാമൊഴിയാണ് മാപ്പിള വാമൊഴികൾ. ആചാര പദങ്ങൾ, മതപരമായ സംബോധനകൾ നടത്തുമ്പോഴുള്ള വാക്കുകൾ, വൈകാരികസംബോധന പദങ്ങൾ, ശകാരിക്കുമ്പോൾ അവർക്കിടയിൽ ഉപയോഗിക്കുന്ന വാക്കുകൾ, സർവ്വനാമങ്ങൾക്കു പകരമായി ഉപയോഗിക്കുന്ന പദങ്ങൾ എല്ലാം വ്യത്യസ്തമാണ്. കൂടാതെ ഒരു ജന സമൂഹത്തിൻ്റെ സന്തോഷം, പ്രതീക്ഷ, നിരാശ, കാമന ,യാതന എല്ലാം രൂപം കൊണ്ടുവരുന്നതും അവ പ്രതിഫലിക്കുന്നതും ഈ സമൂഹത്തിൽ നിലനിൽക്കുന്ന ഭാഷാ വബോധത്തിലൂടെയാണ് ഇവക്കെല്ലാം അവരുടെതായ ശൈലിയും രൂപവുമാണ് മാപ്പിളമാർക്കുള്ളത്.

ഗൂഢഭാഷകൾ:

ഗൂഢഭാഷ എല്ലായിടങ്ങളിലും ഉണ്ടായി കൊള്ളണമെന്നില്ല. രഹസ്യ ഭാഷയിൽ ആശയവിനിമയം നടത്തുക ചില പ്രത്യേക സമുദായം, വ്യക്തികൾ മാത്രമായിരിക്കും. ഒരു തരം രഹസ്യ സ്വഭാവ സവിശേഷതയായിരിക്കും ആ ഭാഷക്ക് ഉണ്ടാവുക. പൊതുധാര ഭാഷകളുടെ നിയമാവലിയും ഉദ്ദേശ്യ ലക്ഷ്യവുമായിരിക്കില്ല പലപ്പോഴും ഇത്തരം ഭാഷക്കുണ്ടാവുക. ചില സ്ഥലങ്ങളിൽ പൊതു ധാരാ ഭാഷക്കൊപ്പം നിലനിൽക്കുന്ന സമാന്തരഭാഷയാണ് ഗൂഢഭാഷ. ചില പ്രത്യേക സന്ദർഭങ്ങളിൽ മാത്രമായിരിക്കും ഗൂഢഭാഷ ഉപയോഗിക്കുക. രഹസ്യ ഭാഷക്ക് വ്യവസ്ഥകളും നിയമങ്ങളും ഉണ്ടാവാം, ഇല്ലാതെയുമിരിക്കാം. സ്വന്തമായ ലിപിയോ വ്യാകരണമോ ഉണ്ടായിരിക്കണമെന്നുമില്ല.

“ഒരു പ്രത്യേക സമുദായമോ വിഭാഗമോ അന്യർക്കു മനസ്സിലാകാതിരിക്കത്തക്കവിധം രഹസ്യമായ ആശയ സംവേദനം നടത്തുന്നതിനു വേണ്ടി ഉപയോഗിക്കുന്നതും വ്യാവർത്തകമായ വ്യാകരണനിയമങ്ങൾ ഇല്ലാത്തതുമായ ഭാഷയ ഭാഷയാണ് ഗൂഢഭാഷ. (വംശീയതയും ഭാഷയും- കെ.കെ ബാബുരാജ്.2001 : പു:48)വാമൊഴിയായി മാത്രം പകർന്നു വരുന്ന രഹസ്യ ഭാഷകളുണ്ട്. എഴുതി വെക്കപ്പെടുന്നവ മാത്രമേ ഈ ഗണത്തിൽ പെടു എന്നില്ല. വിനോദത്തിനും ചാരവൃത്തിക്കും മറ്റുമായി പലതരം രഹസ്യ ഭാഷകൾ സൃഷ്ടിക്കപ്പെടാറുണ്ട്. എന്നാൽ ലക്ഷ്യ പൂർത്തീകരണത്തോടെ ഇത്തരം ഭാഷകൾ അപ്രത്യക്ഷമാവുകയും ചെയ്യും. ലോകത്തിൻ്റെ നാനാഭാഗങ്ങളിലായി ധാരാളം ഗൂഢഭാഷകൾ ഉപയോഗിച്ചു വരുന്നുണ്ട്.

ഐറിഷ് ഭാഷയിൽ അയർലണ്ട്) ചില പദങ്ങൾക്ക് അതിൻ്റെ യഥാർത്ഥ അർത്ഥം മാറ്റി പുതിയ അർത്ഥം നൽകി അതിനെ മാറ്റി ഉപയോഗിക്കുന്നുണ്ട്. ചില പദങ്ങളുടെ സ്ഥാ സ്ഥാനത്ത് അതിൻ്റെ അക്ഷരങ്ങൾ മാറ്റി മറ്റു ചില അക്ഷരങ്ങൾ കൊടുത്ത് പുതിയ പദം സൃഷ്ടിച്ച് അതിന് മറ്റൊരു അർത്ഥം നൽകി ഉപയോഗിക്കുന്ന രീതിയുമുണ്ട്. നോർവെയിലെ ഒരു വിഭാഗം ജനങ്ങൾക്കിടയിൽ വ്യവഹാര ഭാഷയിലെ പദങ്ങളുടെ അർത്ഥം പരസ്പരം മാറ്റി ഉപയോഗിക്കുന്നതായി കാണാം. അമേരിക്കയിലെ ജിപ്സികൾക്കിടയിലും ഗൂഢഭാഷ ഉണ്ടായിരുന്നു. ചില സ്ഥലങ്ങളിൽ അനുഷ്ഠാനപരമായ ആചാരങ്ങളിലും രഹസ്യ ഭാഷ ഉപയോഗിക്കുന്നതായി കാണാം.

അബ്ജദ് എന്ന പേരിൽ അറബികൾക്കിടയിലും ഗൂഢഭാഷ ഉപയോഗിക്കുന്നുണ്ട്. അറബി ലിപികൾക്ക് യഥാക്രമം അക്കങ്ങൾ നൽകിയാണ് ആശയവിനിമയം നടത്തുന്നത്. 28 അക്ഷരങ്ങൾക്കും 28 വരെ സംഖ്യകൾ നൽകി അവ തമ്മിൽ കൂട്ടി ഒരു നിശ്ചിത സംഖ്യയായി കണ്ടെത്തുന്ന രീതിയാണ് അബ്ജദ്.വ്യത്യസ്ത ജനവിഭാഗങ്ങൾക്കിടയിലും പലതരം ഗൂഢഭാഷകൾ ഉണ്ടാവാറുണ്ട്. വ്യത്യസ്ത ജനവിഭാഗങ്ങൾക്കിടയിലും പലതരം ഗൂഢഭാഷകൾ ഉണ്ടാവാറുണ്ട്. കുറ്റവാളികൾ, കള്ളന്മാർ, കള്ളക്കടത്തുകാർ, വേശ്യകൾ, ദല്ലാളുമാർ, ബസ് ജീവനക്കാർക്കിടയിൽ എന്നിവ ഉദാഹരണങ്ങൾ. ഇന്ത്യയിലും കേരളത്തിലും ധാരാളം ഗൂഢഭാഷകളുണ്ട്. കേരളത്തിലെ രഹസ്യ ഭാഷകളെ പ്രധാനമായും രണ്ടായി തിരിക്കാം. 1. വംശീയ ഗൂഢഭാഷ 2. വംശീയേതരഗൂഢഭാഷ

വംശീയ ഗൂഢഭാഷ :

ചില പ്രത്യേക വംശത്തിലെ ആളുകൾക്കിടയിൽ മാത്രം ഉപയോഗിച്ചു വരുന്ന ഭാഷയാണ് വംശീയഭാഷയിൽ ഉൾപ്പെടുന്നത്. ഇത് അടുത്ത തലമുറയിലേക്ക് വാമൊഴിയായി കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യും. പൊതു ധാരാ ഭാഷയും ഇവർക്ക് ഉപയോഗിക്കാനറിയും. എന്നാൽ തൻ്റെ സമുദായത്തിനിടയിൽ അവർ അവരുടെ രഹസ്യ ഭാഷയായിരിക്കും ഉപയോഗിക്കുക. വംശീയ ഗൂഢഭാഷയിൽ ഉൾപ്പെടുന്ന ആദിവാസികൾ ഇതിൽ നിന്നും വ്യത്യസ്തമാണ്. ചിലതിന് മുഖ്യധാര ഭാഷയുമായി ഒരു ബന്ധവും ഉണ്ടായിരിക്കില്ല. ചില ആദിവാസി ഭാഷകൾക്ക് പ്രത്യേക വ്യക്തിത്വം ഉണ്ടായിരിക്കും.

കേരളത്തിലെ പ്രധാന സമുദായങ്ങളായ പാണർ, കുറവർ, വീരശൈവർ , കമ്മത്ത് എന്നിവർക്കിടയിൽ ഗൂഢഭാഷ ഉപയോഗിച്ചു കാണുന്നു. കുട്ടനെയ്ത്ത് തൊഴിലാക്കിയ പറയർക്കിടയിൽ ഇപ്പോഴും രഹസ്യ ഭാഷ ഉപയോഗിച്ച് കച്ചവടം നടത്തുന്നവരുണ്ട്. ‘ തൂവേല’ എന്നു പറഞ്ഞാൽ ഇനി പറയാൻ പോവുന്നത് രഹസ്യ ഭാഷയാണെന്നർത്ഥം. മൺപാത്ര നിർമ്മാണത്തിലേർപ്പെട്ടിരിക്കുന്ന കുശവന്മാർക്കിടയിലും ഗൂഢഭാഷ നിലനിന്നിരുന്നു. ഓരോ ജാതിക്കാരുടെയും കുലത്തൊഴിലുമായി ബന്ധപെട്ടോ ഓരോ വസ്തുവിൻ്റെയും പൊതുസ്വഭാവത്തെ മുൻനിർത്തിയോ ആണ് ഇത്തരം പദങ്ങൾ അധികവും ഉണ്ടായത്. പരിഹാസം ലക്ഷ്യമാക്കിയും തൊഴിൽപരമായ ആവശ്യത്തിനു വേണ്ടിയുമാണ് അവർ രഹസ്യ ഭാഷ ഉപയോഗിച്ചിരുന്നത്. കേരളത്തിൽ നിലനിന്നിരുന്ന പല ഗോത്രവിഭാഗങ്ങൾക്കിടയിലും ഗൂഢഭാഷകൾ ഉപയോഗിച്ചിരുന്നു. ഗോത്ര സമൂഹത്തിൻ്റെ ഐക്യവും രഹസ്യവും സൂക്ഷിച്ചു പോരുന്നത് അവരുടേതായ ഗൂഢഭാഷയിലൂടെയായിരുന്നു.

വംശീയേതര ഗൂഢഭാഷ:

വിനോദത്തിനുവേണ്ടിയും തൊഴിൽപരമായ ഉദ്ദേശ്യങ്ങളാലും ചില ചരിത്രപരമായ കാരണങ്ങളാലും രൂപം കൊള്ളുന്ന രഹസ്യ ഭാഷകളാണ് വംശീയേതര ഗൂഢഭാഷയിൽ ഉൾപ്പെടുന്നത്. ചില ഉദാഹരണങ്ങൾ, ചൊറിച്ചുമല്ലൽ : കേരളമൊട്ടുക്കു പ്രചാരത്തിലുണ്ടായിരുന്ന രഹസ്യ ഭാഷയാണ് ചൊറിച്ചു മല്ലൽ. രണ്ടു പദങ്ങളുള്ള വാക്കുകൾ പ്രയോഗിക്കുമ്പോൾ ആദ്യ പദത്തിലെ ആദ്യ അക്ഷരം രണ്ടാമത്തേ പദത്തിലെ ആദ്യക്ഷരം ഒന്നാം പദത്തിലെ ആദ്യ അക്ഷരമായും മാറി പ്രയോഗിക്കുന്നു. ചെറിച്ചു മല്ലൽ എന്ന പേരു തന്നെ വരുന്നത് ഇപ്രകാരമാണ്. (ചൊറിച്ചു മല്ലൽ-മറിച്ചു ചൊല്ലൽ).

മൂലദേവീയം :

തിരുവിതാംകൂറിൽ നിലനിന്നിരുന്ന ഗൂഢഭാഷയാണ് ഇത്. മൂലഭദ്രി, മ്ലേച്ഛിതവികൽപ്പം എന്നീ പേരുകളിലും ഈ ഭാഷക്കുണ്ട്. മ്ലേച്ഛിതവികൽപം എന്ന വാക്കിനർത്ഥം അവ്യക്തസ്വരങ്ങളുടെ വിവിധ കൽപന എന്നാണ്. ചില അക്ഷരങ്ങളുടെ സ്ഥാനത്ത് മറ്റ് അക്ഷരങ്ങൾ ഉപയോഗിച്ച് ആശയവിനിമയം നടത്തുന്ന രീതിയാണ് മൂലദേവീയത്തിൽ ഉള്ളത്.

കടപയാദി :

അക്ഷരങ്ങൾക്കു പകരം അക്കങ്ങൾ ഉപയോഗിക്കുന്ന തരത്തിലാണ് കടപയാദി പ്രയോഗിച്ചിരുന്നത്. ജ്യോതിഷത്തിലും ഗണിതത്തിലും മുമ്പ് ഉപയോഗിച്ചിരുന്ന കടപയാദികളുടെ ഉപജ്ഞാതാവ് വരരുചി മഹർഷിയാണ്. അ മുതൽ ഔ വരെയുള്ള സ്വരങ്ങൾക്കും റ എന്ന അക്ഷരത്തിനും പൂജ്യമാണ് സംഖ്യ. ക ,ഖ ഗ , ങ , ച, ഛ , ജ , ഞ എന്നീ വ്യഞ്ജനാക്ഷരങ്ങൾക്ക് 1,2,3,4,5,6,7,8,9,0 എന്നിവ നൽകുന്നു. ഗൂഢഭാഷയുടെ ഉദ്ദേശം മറ്റൊരാൾക്ക് കേട്ടാൽ മനസ്സിലാവരുത് എന്നതാണല്ലോ അതുകൊണ്ട് അക്ഷരങ്ങൾക്ക് സംഖ്യ നൽകിയ ശേഷം അവയെ തരം തിരിച്ചിട്ട് ഉപയോഗിക്കുന്നു. കടപയാദി പ്രകാരം അക്ഷരസംഖ്യ 14 കിട്ടിയാൽ അതിനെ ഒന്നുകൂടി ഗൂഢമാക്കാനായി സംഖ്യ തിരിച്ചിടുന്നു. അപ്പോൾ 41ആവുന്നു. അക്ഷരങ്ങൾക്ക് സംഖ്യകളെ കൽപിക്കുക എന്നതിലുപരിയായി ഈ വിദ്യാ കൂടുതലായി ഉപയോഗിച്ചിരുന്നത് സംഖ്യകൾക്ക് അക്ഷരം കൽപിക്കുന്നതിനായിരുന്നു.

വംശീയഗൂഢഭാഷയിൽ പെടാത്തതും എന്നാൽ തൊഴിൽ പരമായ ലക്ഷ്യത്തിനു വേണ്ടി മാത്രം ഉപയോഗിക്കുന്നതുമായ പ്രത്യേകരഹസ്യ ഭാഷയാണ് കന്നുകാലിക്കച്ചവടക്കാർ ഉപയോഗിക്കുന്ന ഭാഷ. ഇവർ വ്യാപാരം ഉറപ്പിക്കുന്ന സമയത്ത് വില പറയുമ്പോഴും കന്നുകാലികളുടെ ഗുണ ദോഷങ്ങൾ മറ്റുള്ളവർ അറിയാതിരിക്കാനുമായി പ്രത്യേക രഹസ്യ ഭാഷകൾ ഇന്നും ഉപയോഗിച്ചു വരുന്നതായി കാണാം. ഒരു വാച്ച, മാട , ലഷപ്പ് തുടങ്ങിയ പദങ്ങൾ കച്ചവടസമയത്ത് ഉപയോഗിക്കാറുണ്ട്.

മൈകുരുഡ്:

വംശീയേതര ഗുഢഭാഷയിൽ ഉൾപ്പെട്ട ഒന്നാണ് മൈകുരുഡ്.ഇന്നത്തെ മലപ്പുറം ജില്ലയിലെ ചില പ്രദേശങ്ങളിൽ പഴയ ഏറനാട് താലൂക്കിൽ പ്രചാരത്തിലുണ്ടായിരുന്ന ഗൂഢഭാഷയാണ് മൈകുരുഡ്. മലബാർ കലാപകാലത്ത് തടവുകാരായ ആളുകൾ മലയാളികളായ ജയിൽ വാർഡർമാരെ കബളിപ്പിക്കാനാണ് മൈകുരുഡെന്ന ഗൂഢ ഭാഷ രൂപപ്പെടുത്തിയതെന്നാണ് ചരിത്രം. ഏറനാട്ടിലെ ജനങ്ങൾക്കിടയിലും ഒരു കാലത്ത് ഈ ഭാഷ നിലവിലുണ്ടായിരുന്നു എന്നും ആവേദകനിൽ നിന്നും അറിയാൻ കഴിഞ്ഞു. മലയാളത്തിലെ പദാവലിയിലെ തന്നെ ചില അക്ഷരങ്ങൾ മാറ്റിമാറ്റിയാണ് ഈ ഗൂഢഭാഷ രൂപപ്പെടുത്തുന്നത്. ഇന്ന അക്ഷരത്തിന് ഇന്ന അക്ഷരം എന്ന വ്യവസ്ഥ ഉണ്ട്. മൈ കുരുഡിനു പുറമെ അക്കക്കെട്ട് എന്ന പേരിലൊരു ഗൂഢഭാഷയും മലബാർ പ്രദേശത്ത് ഉണ്ടായിരുന്നു. ഇതിൻ്റെ പ്രത്യേകതമാപ്പിള മലയാള ശൈലിയിലുള്ള പദങ്ങൾക്കാണ് അധികം മാറ്റങ്ങൾ പ്രയോഗിച്ചിട്ടുള്ളത് എന്നതാണ്. എല്ലാ അക്ഷരങ്ങൾക്കും മാറ്റക്ഷരങ്ങളും ഇല്ല. അത്യാവശ്യം ആശയവിനിമയം നടത്തേണ്ടുന്ന പദങ്ങളുടെ അക്ഷരങ്ങൾക്കു മാത്രമേ മാറ്റക്ഷരങ്ങൾ നൽകിയിട്ടുള്ളൂ എന്ന വസ്തുതയും മനസ്സിലാക്കാം. മലബാർ കലാപകാലത്ത് രചിച്ച പല മാപ്പിള പടപ്പാട്ടിനൊടുക്കവും എഴുത്തുകാരൻ്റെ പേര് മൈ കുരുഡിലാണ് രേഖപ്പെടുത്തിയിരുന്നതെന്ന് ആവേദക നിൽ നിന്നും അറിയാൻ സാധിച്ചു. അതിനു കാരണമായി പറയുന്നത് അത്തരം ഗാനങ്ങൾ സമരത്തെ പരിപോഷിപ്പിച്ചു കൊണ്ടുള്ളതായിരുന്നു എന്നാണ്. ബ്രിട്ടീഷ് ഗവൺമെൻ്റ് അവയെ അടിച്ചമർത്തി. വിപ്ലവ ഗാനങ്ങൾ എഴുതുന്നവരെ അവർ ശിക്ഷിച്ചിരുന്നു.

മൈകുരുഡ് എന്ന വാക്കുപോലും ഈ ഗൂഢഭാഷയിൽ നിന്നും വന്നതാണ്. മൈകുരുഡ് – കൈമു ചുടാവുന്നു. മാത്രമല്ല, മൊഴികുരുഡ് എന്നത് ഉപയോഗിച്ച് കാലക്രമത്തിൽ മൈകുരുഡ് എന്നതായി പോയതാകാം എന്നും ചിന്തിക്കാം.

മൈകുരുഡെന്ന ഭാഷയുടെ ഉൽഭവവും സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലവും :

മൈകുരുഡെന്ന ഗൂഢഭാഷയെക്കുറിച്ച് അന്വേഷിക്കുമ്പോൾ മലബാർ കലാപങ്ങളുമായി ബന്ധമുള്ളതായി കാണാം. പഴയ തലമുറയിൽപ്പെട്ട ഹസൻകുട്ടി എന്ന ഇരുമ്പുഴി ദേശക്കാരനും ജയിൽ വാർഡനായി ജോലി അനുഷ്ഠിക്കുകയും ചെയ്ത വ്യക്തിയിൽനിന്നാണ് ഈ വിവരം ലഭിച്ചത്. ബ്രിട്ടീഷ് ഗവൺമെന്റിന്റെ അനുകൂലികളായ ധാരാളം ആളുകൾ ആ പ്രദേശത്തുണ്ടായിരുന്നു. അന്ന് അവരുടെ സർവീസിൽ ജോലിനോക്കിയിരുന്ന പലരും ബ്രിട്ടീഷ് ഭരണത്തിന് ശേഷം പെൻഷൻ വാങ്ങിയിരുന്നു എന്ന കാര്യവും ഹസൻകുട്ടി ഓർമിപ്പിച്ചു. ലഹളയുടെ പേരിൽ ധാരാളം അപരാധികളെയും നിരപരാധികളെയും ജയിലിൽ അടച്ചിരുന്നു. ധാരാളം പേരെ നാടു കടത്തുകയും ചെയ്തിരുന്നു. രാജ്യത്തിന്റെ മോചനസമരത്തിൽ ഹിന്ദുവും മുസൽമാനും അടങ്ങിയ 64 കേരളീയർ ശ്വാസംമുട്ടി മരിച്ചുകിടന്നതാണ് വാഗൺ കൂട്ടക്കൊല. കഠിനമായ ശിക്ഷാ നടപടികളായിരുന്നു ബ്രിട്ടീഷ് ഭരണാധികാരികളും ബ്രിട്ടീഷ് അനുകൂലികളും ജനങ്ങളോട് ചെയ്തത്. ഇങ്ങനെയൊരു സാഹചര്യത്തിൽ സ്വദേശത്ത് തടവിലാക്കപ്പെട്ടവർ മലയാളം അറിയാവുന്നവരായ ജയിൽ വാർഡൻമാരെ കബളിപ്പിക്കാനും അവരുടേതായ ആശയങ്ങൾ കൈമാറാനുമായി മൈകുരുഡ് രൂപപ്പെടുത്തി എന്നാണ് വാമൊഴിയിലൂടെ മനസ്സിലാക്കാൻ സാധിച്ചത്. ബ്രിട്ടീഷ് ഗവൺ മെന്റ് ലഹളയെ പ്രോത്സാഹിപ്പിക്കുന്ന ഒരു നടപടികളും വച്ചുപുലർത്താൻ അനുവദിച്ചിരുന്നില്ല. എല്ലാം നശിപ്പിക്കുകയും ആളുകളെ അടിച്ചമർത്തുകയും ചെയ്തതുകൊണ്ടുതന്നെ അവയ്ക്ക് എഴുതപ്പെട്ട തെളിവുകൾ നൽകാനില്ല.

മൈകുരുഡിലെ വ്യവസ്ഥകളും നിയമങ്ങളും.

മലയാള അക്ഷരമാലയിലെ ചില അക്ഷരങ്ങൾ പരസ്പരം മാറ്റിവെച്ചുകൊണ്ട് ഒരു പുതിയ രഹസ്യഭാഷ സൃഷ്ടിക്കുകയാണ് മൈകുരുഡിൽ ചെയ്യുന്നത്. സ്വരാക്ഷരങ്ങളായ അ, ആ, ഇ, ഈ, ഉ, ഊ, ഋ, എ, ഏ, ഐ, ഒ, ഓ, ഔ, അം, അഃ എന്നിവയെ യഥാക്രമം സ, സാ, സി, സീ,സു, സൂ, സൃ, സെ, സേ, സൊ, സോ, സൗ, സം, സഃ എന്നിങ്ങനെ മാറ്റി പ്രയോഗിക്കുന്നു. വ്യഞ്ജനാക്ഷരങ്ങൾ ഒന്നിന് പകരം മറ്റൊന്ന് പ്രയോഗിക്കുന്ന രീതിയാണുള്ളത്. അത് അത്ര ലഘു വായ ഒന്നല്ല. അതുകൊണ്ട് തന്നെ അവ പെട്ടെന്ന് മനസ്സിലാക്കാനായി ഒരു ശ്ലോകം ഉണ്ട്.

കമ ങയ ചര

വട ണ്ടഷ പന

റണ ഞള ങ്കറ്റ

മ്പഞ്ച ന്തഹ ബജ

വരികളിൽ ജോഡിയായി കൊടുത്തിരിക്കുന്ന ഗണത്തിലുള്ള രണ്ട് അക്ഷരങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും മാറി മാറി പ്രയോഗിക്കുന്നു. ‘ക’യ്ക്ക് പകരം ‘മ’ യും ‘മ’യ്ക്ക് പകരം ‘ക’ യും, അങ്ങനെ ഓരോ അക്ഷരങ്ങളും മാറി മാറി പ്രയോഗിക്കുന്നു. വ്യഞ്ജനാക്ഷരത്തോടൊപ്പം വരുന്ന അ, ആ, ഇ തുടങ്ങിയ സ്വരാക്ഷരമാത്രകൾ പകരം വരുന്ന അക്ഷരത്തോടൊപ്പം പ്രയോഗിക്കുന്നു.

മുകളിൽ പറഞ്ഞപ്രകാരം പരിശോധിക്കുമ്പോൾ ചായ, രാങ്ങയായി മാറുന്നു.

(‘ച’ യുടെ മാറ്റക്ഷരമാണ് ര. ‘യ’ യുടെ മാറ്റക്ഷരമാണ് ങ്ങ). ആ ‘സാ’ ആവുംപോലെ ചാ ‘ര’ എന്ന സ്വരാക്ഷര മാത്ര വ്യഞ്ജനാക്ഷരത്തിനോടൊപ്പം ചേരുന്നു.

മലയാളത്തിലെ എല്ലാ അക്ഷരങ്ങളും ശ്ലോകത്തിലില്ല. പെട്ടെന്ന് മനസ്സിലാക്കാനാണ് ഈ ശ്ലോകം ഉണ്ടാക്കിയിട്ടുള്ളത്. ശ്ലോകത്തിൽ ഇല്ലാത്ത അതിഖരത്തിന് പകരം മൃദുവും ഘോഷങ്ങൾക്ക് പകരം ഖരവും പരസ്പരം മാറ്റക്ഷരങ്ങളായി ഉപയോഗിക്കുന്നു. എല്ലാ ചില്ലക്ഷരങ്ങൾക്കും മാറ്റക്ഷരം ഇല്ല. കൂട്ട ക്ഷരം വരുമ്പോൾ മാറ്റക്ഷരവും കൂട്ടക്ഷരമായി പ്രയോഗിക്കുന്നു. മ്മ, ക്ക, പ, ന്ന എന്നിങ്ങനെയാവുന്നു. ശ്ലോകത്തിൽ തന്നെയുള്ള ചില്ലക്ഷരങ്ങൾക്ക് ഒന്നിൽ കൂടുതൽ മാറ്റക്ഷരവും കാണാം. എന്നിരുന്നാലും ശ്ലോകത്തിൽ തന്നെയുള്ള ചില അക്ഷരങ്ങൾക്ക് മറ്റ് പല അക്ഷരങ്ങളും മാറ്റക്ഷരമായി വരുന്നുണ്ട്. ൻ എന്ന അക്ഷരത്തിന്റെ മാറ്റക്ഷരമാണ് ന. അതുപോലെ ൾ, ൽ. ല യുടെ മാറ്റക്ഷരമായി ള ഉപയോഗിക്കുന്നു. എന്നാൽ ശ്ലോകത്തിലുള്ള മാറ്റക്ഷരങ്ങൾക്ക് അതിലെതന്നെ മാറ്റക്ഷരങ്ങളാണ് ഉപയോഗിക്കുക. അതിഖരം മൃദുവായും, മൃദു അതിഖരമായും മാറുന്നു. അതുപോലെ ഘോഷങ്ങളുടെ മാറ്റക്ഷരം ഖരം തന്നെയാണ്. എന്നിരുന്നാലും ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കണം. ശ്ലോകത്തിലുള്ള ഖരം, ഘോഷം മൃദു, അതിഖരം എന്നിവയുടെ മാറ്റക്ഷരങ്ങൾ ആ ശ്ലോകത്തിൽ പറഞ്ഞിട്ടുള്ളവ തന്നെയാണ്.

ശ്ലോകത്തിൽ ക യുടെ മാറ്റക്ഷരമാണ് മ. മ യുടേത് ക യും. എന്നാൽ ഘ എന്ന അക്ഷരത്തിന് ശ്ലോകത്തിൽ മാറ്റക്ഷരം ഇല്ല. അപ്പോൾ ഘ യുടെ മാറ്റക്ഷരമായി ഖരത്തിലെ ക ഉപയോഗിക്കുന്നു. എന്നാൽ ക വരുന്നിടത്ത് മാറ്റക്ഷരമായ മ യ്ക്ക് മാറ്റമില്ല. ഘ യുടെ മാറ്റക്ഷരമായി കയെ മാറ്റുന്നു എന്ന് മാത്രം. ഉദാഹരണമായി ഘടികാരം എന്നത് കവിമാചം ആയി മാറുന്നു.

‘ഘ = ക = മ’

‘ഝ- ച = ര ഝലം, – ചളം –

ചരമം – രചകം,’

‘ഢ – ട – വ = രൂഢ (പ്രസിദ്ധമായ) – ചൂട്’,

‘വടക്ക് = ടവമ്മ്, ത = ധ

വധു = ടതു’,

‘തത്ത – ധധ’

‘ഭ= പ-ന = ഭരണി = പചറി, പന നപ’ ( ഇവ ശ്ലോകത്തിൽ ഇല്ലാത്തതാണ്).

അതിഖരം മൃദുവായും, തിരിച്ചും ഉപയോഗിക്കുന്നു. ശ്ലോകത്തിൽ ഇല്ലാത്തവയ്ക്ക് മാത്രമാണ് ഈ നിയമം ബാധകമായി വരിക. ചിലതിന് ഉച്ചാരണ സാമ്യതയനുസരിച്ചും മാറ്റക്ഷരം ഉപയോഗിക്കാറുണ്ട്. ഫ യുടെ മാറ്റക്ഷരമാണ് ബ. എന്നാൽ ബ യുടെ മാറ്റക്ഷരം ജയാണ്. അങ്ങനെ വരുമ്പോൾ മറ്റൊരു ശ്ലോകം നിർമിക്കാം.

ഘ ക  ചതധ  ഢട ധത ഭപ

കമ ചര വട ധത പന

ഖഗ ഛജ Oഡ ഥദ ഫബ

ഖഗ ബജ Oഢ ഥദ ബജ

ങയ ണ്ടഷ റണ ഞള ങ്കറ്റ സ ഞ്ച ന്ത ഹ

ള – ൾ,  ല ,ന-ൻ

മൈകുരുഡ് എന്ന ഗൂഢഭാഷ ഉപയോഗിച്ചുകൊണ്ടുള്ള വാക്കുകൾ താഴെ എവിടെ പോകുന്നു?  സെവിടെ നോമുറു

അഞ്ചേരിയിൽ പോകുന്നു. കമ്പേചീഞ്ഞ് നോമുറു

എന്തിനാ?        സെഹിപാ?

അരി വാങ്ങണം    സചിടായ്യം.

മാപ്പിള മലയാള ശൈലിയിലെ ചില പദങ്ങൾ മൈകുരുഡിലേക്ക് മാറ്റുമ്പോൾ:

ഇന്ന് മയ പെയ്യും -സിപ്പ് കണ്ടനെങ്ങും.

പുടിച്ചു (പിടിച്ചു)-നുവിരു (നവിരു)

ഇന്റെ (എന്റെ)-സിന്നെ (സെന്നെ)

ഇനിക്ക് (എനിക്ക്)-സിപിമ്മ് (സെബിമ്മ്)

ചങ്ങായി (ചങ്ങാതി)-രയ്യാങ്ങി (രയ്യാധി)

ബിളിച്ചു (വിളിച്ചു) -ജിലിരു (ടിലിരു)

ബയി (വഴി)-ജങ്ങി (ജിങ്ങി)

ജയിൽ (ജെയിൽ) -ബെങ്ങിള് (ബങ്ങിള്)

ബാപ്പാൻ്റെ (വാപ്പാന്റെ)- ജാന്നുനെ (ടാന്നുനെ)

ഇണ്ട് (ഉണ്ട്) -സെഷ് ( ഷുസ്)

അയിന് (അതിന് )-സങ്ങിപ (സധിപ)

 മുണ്ടാണ്ട് (മിണ്ടാണ്ട്) -കുഷാഷ് (കിഷാഷ്)

ഓന്റെ (അവന്റെ) -സോന്നെ (സടന്നെ)

ഓളെ (അവളെ) -സോലെ (സടലെ)

കുരിക്കൾ (ഗുരുക്കൾ)-മുചിപ്പൾ (ഖുജുമ്മല്)

ഓനിക്ക് (അവന് ) -സോപിമ്മ് (സടപ്)

കേസ് (കെയ്സ്)-മെഞ്ച് (മെഹ്ഞ്ച്)

സാമൂഹ്യ-രാഷ്ട്രീയ കാരണങ്ങളാൽ രൂപംകൊണ്ട മൈകുരുഡെന്ന ഗൂഢഭാഷ അതിന്റെ ലക്ഷ്യ നിർവ ഹണത്തോടെ പ്രാധാന്യം ഇല്ലാതായിത്തീർന്നു. ഭാഷ നിലവിലുണ്ടെങ്കിലും സാമാന്യ വ്യവഹാരത്തിന് ഉപയോഗിക്കുന്നില്ല. സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളിൽ ഈ ഭാഷ വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്. മലബാർ കലാപ കാലത്ത് ജയിലിലടക്കപ്പെട്ട ആളുകൾക്ക് അവരുടെ രഹസ്യസന്ദേശങ്ങൾ അധികൃതരെയും മലയാളികളായ വാർഡൻമാരെയും അറിയിക്കാതെ കൈമാറ്റം ചെയ്യാനായി ഈ ഭാഷയിലൂടെ സാധിച്ചു. തടവറയ്ക്ക് പുറത്തും രഹസ്യ ആശയങ്ങൾ കൈമാറാൻ ആളുകൾ ഈ ഭാഷ ഉപയോഗിച്ചുപോന്നിരുന്നു. എന്നാൽ വ്യാപകാർത്ഥത്തിൽ സ്വകാര്യ വ്യവഹാരങ്ങൾക്ക് ഉപയോഗിച്ചിരുന്നില്ല. സവിശേഷ ഘട്ടത്തിൽ രൂപംകൊണ്ട മൈകുരുഡെന്ന ഗൂഢഭാഷയ്ക്ക് ക്രമേണ പ്രാധാന്യം കുറഞ്ഞു. അത് ചുരുക്കം ചില വ്യക്തികളിലേക്ക് ഒതുങ്ങി.

ഉപസംഹാരം:

ആശയവിനിമയം പ്രകൃതിയുടെ സഹജമായ സ്വഭാവമാണ്. അതിനുള്ള മാധ്യമങ്ങളിലൊന്നാണ് ഭാഷ. കാലാനുസൃതമായി മാറ്റങ്ങൾ ഭാഷയിൽ സംഭവിച്ചു കൊണ്ടേ ഇരിക്കും. മനുഷ്യൻ്റെ വ്യക്തിപരവും സാമൂഹികവുമായ പുരോഗതിയുടെ അടിത്തറയാണ് ഭാഷ. കാലഗതിയനുസരിച്ച് മാറ്റങ്ങൾക്ക് എന്നും ഓരോ ഭാഷയും വിധേയമായിക്കൊണ്ടിരിക്കും. സാമൂഹ്യ,  രാഷ്ട്രീയ, സാമ്പത്തിക മേഖലയിലെ ഉയർച്ചതാഴ്ച്ചകൾക്കനുസരിച്ച് ഭാഷാഭേദങ്ങൾ സംഭവിക്കുന്നു. ഇങ്ങനെയൊക്കെ ആണെങ്കിലും ഒരു ഭാഷയുടെ ഉൽപത്തിയെക്കുറിച്ചുള്ള ശരിയായ അറിവുകൾ ലഭ്യമാവുക എന്നത് പ്രയാസകരമാണ്. ഭാഷ എന്ന് എപ്പോൾ എങ്ങനെ രൂപം കൊണ്ടു എന്നതിനെ കുറിച്ചും വ്യക്തമായ വിവരങ്ങൾ ലഭിക്കുന്നതും പ്രയാസകരമാണ്. വംശീയപരവും ചരിത്രപരവുമായ പ്രത്യേകതകൾ മനസ്സിലാക്കനും കണ്ടെത്താനും ഭാഷകളിലൂടെയും ഇതര ഭാഷാ ഭേദങ്ങളിലൂടെയും സാധിക്കും. ഭാഷയിലൂടെ സമൂഹത്തെയും സമൂഹത്തിലൂടെ ഭാഷയെയും കുറിച്ച് സാമാന്യമായ അറിവ് ലഭിക്കും. ജാതിപരവും വംശീയ പരവുമായ പ്രത്യേകതകളെ കുറിച്ചും പല അറിവുകൾ നൽകാനും ഭാഷാപരമായ പoനങ്ങൾ സഹായകരമാണ്. എല്ലാറ്റിനും ഉപരി ആശയവിനിമയത്തിനുള്ള മുഖ്യ ഉപാധിയാണ് ഭാഷ.സാഹചര്യങ്ങൾക്കും സന്ദർഭങ്ങൾക്കും വ്യക്തികൾക്കു മനുസരിച്ച് ഭാഷാ പ്രയോഗത്തിലും വ്യത്യാസം വരും. രഹസ്യമായ വിവരങ്ങൾ മറ്റുള്ളവരുടെ ഇടയിൽ നിന്നും കൈമാറ്റം ചെയ്യപ്പെടേണ്ടതായി വരുമ്പോൾ രഹസ്യ കോഡുകളും അതിലൂടെ രഹസ്യ ഭാഷകളും രൂപം കൊള്ളുന്നു. സാഹചര്യങ്ങളാണ് രഹസ്യ ഭാഷയുടെ സൃഷ്ടിക്ക് കാരണമാവുന്നത്. അവയുടെ ലക്ഷ്യവും ആശയവിനിമയംതന്നെ ആയിരിക്കും. ചരിത്രപരവും സാമൂഹ്യവും രാഷ്ട്രീയവുമായ കാരണങ്ങളിലൂടെ രഹസ്യ ഭാഷകൾ രൂപം കൊള്ളാം. ലിപികൾ ഉള്ളതും ഇല്ലാത്തതുമായ രഹസ്യ ഭാഷകൾ ഉണ്ട്. പ്രത്യേക ആവശ്യത്തിനു വേണ്ടി രൂപം കൊള്ളുന്നവയും ഉണ്ട്. ആവശ്യനിർവ്വഹണത്തോടെ അത് ഇല്ലാതാവുകയും ചെയ്യുന്നു.

ഏതൊരു പ്രദേശത്തിലോ, മതത്തിലോ, ജാതിയിലോ, ഗോത്രത്തിലോ രൂപം കൊള്ളുന്ന രഹസ്യ ഭാഷകൾക്ക് അവിടുത്തെ യഥാർത്ഥ ഭാഷയുടെ സ്വാധീനം ഉണ്ടായിരിക്കും. മൈകുരുഡെന്ന ഗൂഢഭാഷയിലും ഈ സവിശേഷതകൾക്കൊള്ളുന്നുണ്ട്. സാമൂഹ്യ രാഷ്ട്രീയ കാരണങ്ങളാൽ രൂപം കൊണ്ട മൈകുരുഡെന്ന ഗൂഢഭാഷ അതിൻ്റെ ലക്ഷ്യ നിർവ്വഹണത്തോടെ പ്രാധാന്യം ഇല്ലാതായിത്തീർന്നു. ഭാഷ നിലവിലുണ്ടെങ്കിലും സാമാന്യ വ്യവഹാരത്തിനുപയോഗിക്കുന്നില്ലയെങ്കിലും സംസ്കാരപഠന ശാഖക്ക് വലിയ സംഭാവനകൾ നൽകാൻ ഇത്തരം ഭാഷകൾക്ക് സാധിക്കും.

ഗ്രന്ഥസൂചി

1. അബ്ദുറസാഖ് പി പി -“കലാപ വിരുദ്ധ ആഖ്യാനങ്ങളും, മതഭ്രാന്തനായ മാപ്പിളയും’ (ലേഖനം. മാപ്പിള വസന്തം, ചരിത്രവും, വർത്തമാനവും എഡി: അസ്കറലി, ഇ സി, പിയാനോ പബ്ളിക്കേഷൻസ്,

2. ഗോപാലൻകുട്ടി കെ- 2007 മലബാർ പഠനങ്ങൾ, കേരളാ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം

3. പ്രഭാകര വാര്യർ കെ എം- മലയാളം, മാറ്റവും വളർച്ചയും

4. പ്രഭാകര വാര്യർ കെ എം- ആധുനിക ഭാഷാ ശാസ്ത്രം

5. പ്രഭാകര വാര്യർ കെ എം 1999- ഭാഷാവലോകനം (വള്ളത്തോൾ വിദ്യാപീഠം, ശുകപുരം)

6. പരമേശ്വരൻ പിള്ള എരുമേലി 1966- മലയാള സാഹിത്യം കാലഘട്ടങ്ങളിലൂടെ. കറന്റ് ബുക്സ്

7. ബാബുരാജ്, കെ. കെ 2001- വംശീയതയും, ഭാഷയും പാപ്പിയോൺ

8. ബാലകൃഷ്ണൻ പി. കെ 1987- ജാതി വ്യവസ്ഥയും, കേരള ചരിത്രവും.

നാഷണൽ ബുക്സ്, കോട്ടയം

9. മുഹമ്മദ് അസദ്-മക്കയിലേക്കുള്ള പാത

10. രാഘവവാര്യർ എം ആർ,രാജൻ ഗുരുക്കൾ-കേരള ചരിത്രം

11. സെയ്തുമുഹമ്മദ് പി. എ.- 2010 കേരള മുസ്ലിം ചരിത്രം 1-ാം പതിപ്പ്. 1951, 2 -ാം പതിപ്പ് അൽഹുദാ ബുക്ക് സ്റ്റാൾ

12. അസ്ക്കറലി ഇ സി-

2012 മാപ്പിള വസന്തം, ചരിത്രവും, വർത്തമാനവും (പിയാനോ പബ്ളിക്കേഷൻസ്)

ലേഖനങ്ങൾ

1. ജമീൽ അഹമ്മദ്- ‘ മാപ്പിള വാമൊഴിയും, സാമുദായിക ഘടനയും’

2. തങ്കരാജ് സി -വിജ്ഞാന കൈരളി വാല്യം 22, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം

3. വിജ്ഞാന കൈരളി- ഫെബ്രുവരി, 1991, പേജ്. 119 – 126, വാല്യം 22

4. പ്രമോദ്, ഇരുമ്പുഴി- മലയാള മനോരമ ദിനപത്രം,2011 മെയ് 18, ബുധൻ ലക്കം 148, പഠിപ്പുര, രഹസ്യഭാഷ

5. മാതൃഭൂമി ആഴ്ചപ്പതിപ്പ്- 2011 ആഗസ്ത് 21 27, ലക്കം 24, പുസ്തകം 89, പേജ് 4 7

6. രാമൻ നമ്പൂതിരി സി. എം പി- പ്രഗതി യുഗാബ്ദം, വിശേഷപതിപ്പ് ശുദ്ധമായ ഭാഷ വിജ്ഞാന കൈരളി, പുസ്തകം 21, ലക്കം 7, 1990 ജൂലായ്

7. ശ്രീകുമാർ ടി. ടി-ഭാഷാ പ്രതിസന്ധിയുടെ സാമൂഹിക പശ്ചാത്തലം മാതൃഭൂമി, ഓണപ്പതിപ്പ് 1996, പേജ് 91

8. സുരേന്ദ്രൻ ചുനക്കര- ഭാഷയും സംസ്കൃതിയും (ചർച്ചാ റിപ്പോർട്ട്)

സെമിനാർ പ്രബന്ധങ്ങൾ

1. NSS കോളേജ്, മഞ്ചേരി-Signature of Ernadപ്രബന്ധം. പ്രമോദ് ഇരുമ്പുഴി, 29-1-2013

2. ഡോ. ഹുസൈൻ രണ്ടത്താണി- MAPPILA MUSLIMS: A Study on Society and Anti Colonial Struggle, 2007, Other Books Page 66, 89, 147

ഡോ:സജ്ന മോൾ ആമ്യൻ

അദ്ധ്യാപിക, പി. എസ്. എം. ഒ. കോളേജ്, തിരൂരങ്ങാടി.

+3
0 0 votes
Rating
guest


0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x
×