സ്റ്റാന്‍ലി.ജി.എസ്.

Published: 10 February 2025 സംസ്കാരപഠനം

മലയാള ഭാഷാ ശൈലികളും ബൗദ്ധ സ്വാധീനവും

ഒരു പദോൽപ്പത്തി സാമൂഹ്യശാസ്ത്ര വിശകലനം (ഭാഗം – 4)

കേരളത്തിൽ ഒരു കാലത്ത് ഏറ്റവും പ്രചാരമുണ്ടായിരുന്ന ഒരു ചിന്താ ധാരയായിരുന്നു ബുദ്ധ ധർമ്മം. ഇക്കാര്യം വ്യക്തമാക്കുന്ന അനേകം ഭൗതിക തെളിവുകൾ കേരളത്തിൽ നിന്നും ലഭിച്ചിട്ടുണ്ട്. ബുദ്ധ ധർമ്മത്തിന്റെ സ്വാധീനം നമ്മുടെ ഭാഷയിലും പ്രതിഫലിച്ചിട്ടുണ്ട്. മലയാള ഭാഷയിലെ വാക്കുകൾ, ശൈലികൾ, പ്രയോഗങ്ങൾ, ചൊല്ലുകൾ, പഴമൊഴികൾ, കടങ്കഥകൾ, വായ്ത്താരികൾ, വിളിച്ചപേക്ഷകൾ തുടങ്ങിയവ പരിശോധിച്ച് ഈ ബുദ്ധ ബന്ധം കണ്ടെത്താനാണ് ഈ പഠന പംക്തി കൊണ്ട് ഉദ്ദേശിക്കുന്നത്. പ്രധാന ശ്രമണ ധാരകളായ ബുദ്ധമതവും ജൈനമതവും ആദ്യ കാലം മുതലേ ജനങ്ങൾക്കിടയിൽ പ്രബോധനങ്ങൾ നടത്തിയിരുന്നു. ബുദ്ധ ഭിക്ഷുക്കളും ജൈന സന്യാസിമാരും നാടു നീളെ നടന്ന് ജനങ്ങളോട് സംവദിക്കുകയും വേണ്ട ഉപദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. അക്കാലത്തെ പ്രമുഖ രാജാക്കന്മാരുടെ പിന്തുണയും മിക്കപ്പോഴും ഇവർക്ക് ലഭിച്ചിരുന്നു. മഹാനായ അശോക മൌര്യന്റെ ബുദ്ധ ധർമ്മ പ്രചാരണം സുപ്രസിദ്ധമാണല്ലോ. വിശാലമായ മൌര്യ സാമ്രാജ്യത്ത് മാത്രമല്ല, അതിരുകൾ കടന്ന് ലോകത്തിന്റെ നാനാ ഭാഗങ്ങളിലേയ്ക്കും അദ്ദേഹം ബുദ്ധ ഭിക്ഷുക്കളെ ധർമ്മ പ്രചാരണത്തിനായി അയയ്ക്കുകയും ധർമ്മ ശാസനകൾ കല്ലിൽ കൊത്തി വെയ്പിക്കുകയും ചെയ്തിരുന്നു. ബൗദ്ധരും ജൈനരും, സംസാരദുഃഖത്തെ കുറിച്ചും അത് കടക്കാനുളള മാർഗ്ഗങ്ങളെ കുറിച്ചുമായിരുന്നു പ്രധാനമായും സംസാരിച്ചിരുന്നത്. ഇത്തരം ധർമ്മ പ്രചാരണങ്ങളെ അനാവരണം ചെയ്യുന്ന ശൈലികൾ ഭാഷയിൽ കാണാനാകും. ഇത്തവണ പ്രസ്തുത ശൈലികളെ പരിശോധനയ്ക്ക് വിധേയമാക്കാനാണ് ശ്രമിക്കുന്നത്. 
മഞ്ഞക്കൊണദോഷം പറയുക – ‘മഞ്ഞക്കൊണദോഷം പറയുക’ എന്നത് ബുദ്ധരുടെ പ്രബോധനങ്ങളുമായി ബന്ധപ്പെട്ട ഒരു ശൈലിയാണ്.  ആലപ്പുഴ ജില്ലയിലെ പ്രായം ചെന്നവരുടെ ഭാഷയിൽ ഉളള ഒരു ശൈലിയാണിത് – പ്രത്യേകിച്ചും ക്രിസ്ത്യാനികളുടെ ഇടയിൽ [1]. ആരെങ്കിലും കൂടുതൽ ഉപദേശം നൽകുമ്പോഴാണു “മഞ്ഞക്കൊണദോഷം പറയുക” (മഞ്ഞ+ഗുണ+ദോഷം) എന്നു പറയുന്നത്.  മഞ്ഞ വസ്ത്രമുടുത്ത ബുദ്ധസന്യാസിമാർ ഒരു കാലത്തു ജനതയെ ഗുണദോഷിച്ചിരുന്നതിൽ നിന്നാണ് ഈ ശൈലി രൂപപ്പെട്ടതെന്ന് കരുതപ്പെടുന്നു [2]. ഒരു പ്രത്യേക പ്രത്യയ ശാസ്ത്രങ്ങളെ പിൻപറ്റുന്നവർ ധരിക്കുന്ന വസ്ത്രത്തിന്റെയോ ഉപയോഗിക്കുന്ന കൊടിയുടെയോ നിറത്തിന്റെ പേരുകൊണ്ട് പ്രത്യയ ശാസ്ത്രങ്ങളെ സൂചിപ്പിക്കുന്ന രീതി ഭാഷയിൽ പുതിയതല്ല. [3] അതിനാൽ ഈ വാദഗതി അംഗീകരിക്കാവുന്നത് തന്നെ. 
കൊണവതിയാരം പറച്ചിൽ – കേൾക്കുന്നയാളിന് ഇഷ്ടപ്പെടാത്ത ഉപദേശത്തെ പരാമർശിക്കാൻ ഉപയോഗിക്കുന്ന ഒരു ശൈലിയാണിത്. ഗുണം, അധികാരം എന്നീ രണ്ട് വാക്കുകളിൽ നിന്നുമാണ് ഈ പദമുണ്ടായിട്ടുളളത്. ഗുണദോഷം നടത്താനുളള അധികാരത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. മുൻകാലങ്ങളിൽ മിക്ക സന്യാസിമാരും ഏതെങ്കിലും രാജാക്കന്മാരുടെ രക്ഷാകർതൃത്ത്വത്തിൽ ഉളളവരായിരിക്കുമായിരുന്നു. കൂടാതെ മിക്ക മതങ്ങളും ഇത്തരത്തിൽ രാജാക്കന്മാരുടെ അധികാരത്തിലൂടെയായിരുന്നു പ്രവർത്തിച്ചിരുന്നത്. ഇപ്രകാരം പ്രവർത്തിച്ചിരുന്ന സന്യാസിമാർക്ക് ജനങ്ങളെ ഗുണദോഷിക്കുവാൻ അധികാരമുണ്ടായിരുന്നു. രാജാധികാരത്തിന്റെ അംഗീകാരമില്ലാത്തവർക്ക് ഇപ്പറഞ്ഞവിധം ജനങ്ങളെ ഗുണദോഷിക്കാനും ഉപദേശിക്കാനും എളുപ്പമായിരുന്നില്ല [4]. ഈ ഗുണദോഷാധികാരത്തിൽ നിന്നും രൂപപ്പെട്ട പദമാണ് കൊണവതിയാരം. എന്നാൽ പിൽക്കാലത്ത് ഈ വാക്കിന് പദാധഃപ്പതനം സംഭവിക്കുകയും, ലൈംഗിക ബന്ധത്തിലേർപ്പെടുക എന്ന അശ്ലീലാർത്ഥമുളള കുണയ്ക്കുക എന്ന പദത്തിനോടുളള സാമ്യം നിമിത്തം കൂടുതൽ അധഃപതിക്കുകയും ചെയ്തു. 
 
പാരാ ദൂരവും പഞ്ചിക്കെട്ടും പറയൽ  – “പാരാ ദൂരവും പഞ്ചിക്കെട്ടും പറയുക” എന്നത് ഗ്രാമപ്രദേശങ്ങളിൽ ഏറെ പ്രചാരത്തിലുള്ള ഒരു ശൈലിയാണ്. ‘ദു:ഖവും വേദനകളും അതിൽ നിന്നും കരകയറാനുള്ള സാധ്യതകളും പറയുക’ എന്നാണ് ഇതിന്റെ അർത്ഥം. ഒരാൾ തന്റെ ദുഃഖങ്ങളും വേദനകളും ജീവിത പ്രശ്നങ്ങളും നെടുവീർപ്പുകളും മറ്റൊരാളോട് പറയുകയും, കേൾക്കുന്ന ആളിന് അത് കേൾക്കാൻ ഇഷ്ടമില്ലാതിരിക്കുകയും ചെയ്യുമ്പോഴാണ് ഈ ശൈലി സാധാരണ പ്രയോഗിക്കപ്പെടുന്നത്.  ഈ ദുരിതം പറച്ചിൽ കേൾക്കുക വഴി ആ ദുഃഖങ്ങൾ തന്റെ ജീവിതത്തിലേയ്ക്ക് പകരുമോ എന്ന പേടി കേൾക്കുന്നവരിൽ മിക്കവാറും ഉണ്ടായിരിക്കാറുണ്ട് എന്നത് ഈ ശൈലിയുടെ ഒരു പ്രത്യേകതയാണ്. (ഉദാ:- അവന്റെ പാരാ ദൂരവും പഞ്ചിക്കെട്ടും പറച്ചിൽ കേട്ട് ഞാൻ മടുത്തു.) 
 
പാരാദൂരം എന്നാൽ മറുകരയ്ക്കുളള ദൂരം എന്നാണർത്ഥം. ബൗദ്ധജൈന മതങ്ങളിൽ ഇതിനെ കുറിച്ച് ഏറെ പ്രതിപാദിച്ചിട്ടുണ്ട്. സംസാരമാകുന്ന കടലിന്റെ മറുകര എന്നാണ് പാരം എന്ന വാക്ക് കൊണ്ട് അർത്ഥമാക്കുന്നത്  [5]. പാരം കടക്കാൻ സഹായിക്കുന്നവൻ അല്ലെങ്കിൽ പാരം കടന്നവൻ ആയതിനാലാണ് ബുദ്ധനെ പാരകൻ എന്ന് പറയുന്നത്. തീർത്ഥം അഥവാ കടവ് സ്ഥാപിച്ച് സംസാര ദുഃഖത്തിൽ നിന്നും മറുകര കടത്തുന്നതിനാലാണ് മഹാവീരനും മറ്റ് ഇരുപത്തി മൂന്ന് ജൈന ആചാര്യന്മാരും  തീർത്ഥങ്കരന്മാർ [6] എന്നറിയപ്പെടുന്നത്. 
പഞ്ചിക്കെട്ട് എന്നാൽ അഞ്ച് കെട്ടുകൾ എന്നാണർത്ഥം. ‘കെട്ട് ‘ എന്നത് ബന്ധ എന്ന സംസ്കൃത വാക്കിന്റെ മലയാളമാണ്. പഞ്ചി എന്ന വാക്കിന് അഞ്ചെണ്ണമുള്ളതു് എന്നും അർത്ഥം കാണാം [7]. അതായത്, പഞ്ചിക്കെട്ട് എന്നാൽ അഞ്ച് ബന്ധനങ്ങൾ എന്നാണർത്ഥം.
പഞ്ചിക്കെട്ട് എന്ന വാക്കിന്, ബുദ്ധമതത്തെക്കാളേറെ ജൈനമതത്തോടാണ് കൂടുതൽ അടുപ്പം കാണുന്നത്. ജൈനമതത്തിലെ, അഞ്ച് “ബന്ധനങ്ങൾ” (സംസ്കൃതം: बन्धन) ആത്മാവിനെ (ജീവ) ജനന മരണ ചക്രവുമായി (സംസാരം) ബന്ധിപ്പിക്കുന്ന കർമ്മ ബന്ധങ്ങളെ സൂചിപ്പിക്കുന്നു. ബന്ധനങ്ങളെ മനസ്സിലാക്കുകയും മറികടക്കുകയും ചെയ്യുന്നതിലൂടെ ഒരാൾക്ക് ആത്മീയ മോക്ഷം നേടാനും ജനനമരണ ചക്രത്തിൽ നിന്ന് സ്വയം മോചിപ്പിക്കാനും കഴിയുമെന്ന് ജൈനന്മാർ വിശ്വസിക്കുന്നു. ജൈനമത വിശ്വാസ പ്രകാരം മിഥ്യത്വ അല്ലെങ്കിൽ അവൈദ്യ (അജ്ഞാനം), അവിരാതി (നിയന്ത്രണമില്ലായ്മ), പ്രമാദ (വ്യാമോഹം), കഷായ (ആസക്തി), യോഗ (സ്വയം പ്രവർത്തനം) എന്നീ അഞ്ച് കാരണങ്ങളാലാണ് ബന്ധൻ ഉണ്ടാകുന്നത് [8]. മിഥ്യയിൽ നിന്നോ അവിദ്യയിൽ നിന്നോ അവിരാതി ഉണ്ടാകുന്നു; അവിരാതിയിൽ നിന്ന് പ്രമാദം ഉണ്ടാകുന്നു; പ്രമാദയിൽ നിന്ന് കഷായം ഉണ്ടാകുന്നു; കഷായത്തിൽ നിന്ന് യോഗ ഉണ്ടാകുന്നു. അതിനാൽ, മിഥ്യത്വമാണ് എല്ലാ തിന്മകളുടെയും മൂലകാരണമെന്നും ഈ അഞ്ച് ഘടകങ്ങൾ കർമ്മ ബന്ധങ്ങളുടെ രൂപീകരണത്തിന് കാരണമാകുമെന്നും അത് ആത്മാവിന്റെ വിമോചനത്തിലേക്കുള്ള യാത്രയെ ബാധിക്കുമെന്നും ജൈനർ വിശ്വസിക്കുന്നു. മിക്കപ്പോഴും ഈ ബന്ധനകാരണങ്ങളെയാണ് ബന്ധനങ്ങളെന്ന് ചുരുക്കി പറയുന്നത്.
ബുദ്ധമതത്തിലും ബന്ധന സങ്കൽപ്പം കാണാനാകും. ബുദ്ധമതത്തിലെ, ബന്ധനങ്ങൾ സംയോജന (പാലി: संयोजन ) എന്നാണ് അറിയപ്പെടുന്നത്. അത് മനുഷ്യരെ കഷ്ടപ്പാടുകളുടെ ചക്രത്തിലേക്ക് (സംസാരം) ബന്ധിപ്പിക്കുന്നു. അയ്യഞ്ച് വീതം ആകെ പത്ത് ബന്ധനങ്ങൾ ആണ് പൊതുവിൽ ബുദ്ധസാഹിത്യങ്ങളിൽ കാണപ്പെടുന്നത് [9]. ബന്ധനങ്ങളിൽ ആദ്യത്തെ അഞ്ച് എണ്ണത്തിനെ ഒരംഭാഗിയ സംയോജന (orambhāgiya-samyojana), എന്നും ബാക്കി അഞ്ച് എണ്ണത്തിനെ ഉദ്ധംഭാഗിയ സംയോജന (uddhambhāgiya-samyojana) എന്നും വിളിക്കുന്നു. ഈ ബന്ധനങ്ങൾ മനസ്സിലാക്കുകയും മറികടക്കുകയും ചെയ്യുന്നതിലൂടെ, ഒരാൾക്ക് കഷ്ടപ്പാടുകളിൽ നിന്ന് സ്വാതന്ത്ര്യം നേടാനും ആത്യന്തികമായി പ്രബുദ്ധത കൈവരിക്കാനും കഴിയുമെന്ന് ബുദ്ധമതക്കാർ വിശ്വസിക്കുന്നു.
പണ്ട് കാലത്ത് ബൗദ്ധരും ജൈനരും, സംസാരദുഃഖമാകുന്ന ആഴക്കടലിന്റെ മറുകരയിലുളള മോക്ഷം അഥവാ നിർവ്വാണത്തെക്കുറിച്ചും അതിലേയ്ക്കുള്ള ദൂരത്തെക്കുറിച്ചും (പാരാദൂരം) സംസാര കാരണമായ ബന്ധനത്തെ (കെട്ട്) കുറിച്ചും  ജനങ്ങളെ ബോധവാന്മാരാക്കിയിരുന്നു. ഇത്തരം പ്രബോധനങ്ങളിൽ നിന്നും രൂപപ്പെട്ട ശൈലിയാണ് പാരാദൂരവും പഞ്ചിക്കെട്ടും പറച്ചിൽ. പിൽക്കാലത്ത്, ബൗദ്ധജൈന മതങ്ങളുടെ തകർച്ചയോടെ ദുഃഖത്തെക്കുറിച്ചും ദുഃഖമുളവാക്കുന്ന കാര്യങ്ങളെ കുറിച്ചുമുള്ള എല്ലാ വർത്തമാനങ്ങളെയും കുറിക്കാൻ ഈ ശൈലി ഉപയോഗിക്കപ്പെട്ടു. 
അത്താ പൊത്ത സംസാരം / അത്തത്ത പൊത്തത്ത പറയൽ / അത്തും പുത്തും പറയൽ – ‘അത്താ പൊത്ത സംസാരിക്കുക’ അല്ലെങ്കിൽ ‘അത്തും പുത്തും പറയുക’ എന്ന ശൈലി മലയാളത്തിൽ കേൾക്കാത്തവരുണ്ടാകില്ല.  അർത്ഥ രഹിതമായി സംസാരിക്കുക എന്നാണ് ഇതിന്റെ അർത്ഥം. മനോനില തെറ്റിയവരെപ്പോലെ സംസാരിക്കുക അല്ലെങ്കിൽ കേൾക്കുന്നവർക്ക് എന്താണ് പറയുന്നത് എന്ന് മനസിലാക്കാൻ കഴിയാത്ത രീതിയിൽ സംസാരിക്കുക എന്നും അർത്ഥം ഉണ്ട്.  അത്താ പൊത്ത സംസാരിക്കുക എന്നാൽ വ്യക്തതയില്ലാതെ സംസാരിക്കുക അല്ലെങ്കിൽ കൊഞ്ഞ സംസാരിക്കുക എന്നും അർത്ഥം കാണാം. നിലവിലെ പ്രബലമായ അർത്ഥം അവസാനം പറഞ്ഞതാണ്. സംസാര വൈകല്യമുളളവരുടെ സംസാരവുമായി ഈ ശൈലിയിലെ വാക്കുകൾക്കുളള സാമ്യമാണിതിന് കാരണം.  സൂക്ഷ്മാർത്ഥത്തിൽ വിശകലനം ചെയ്യുമ്പോൾ ഇതിന് ബുദ്ധ ജൈനമതങ്ങളുമായി ബന്ധമുള്ളതായി കാണാം. അത്താ, പുത്ത എന്നീ പാലി, ദ്രാവിഡ വാക്കുകളിൽ നിന്നാണ് ഈ ശൈലി രൂപപ്പെട്ടിട്ടുള്ളത്. അത്താ, ആത്മ എന്ന സംസ്കൃത വാക്കിൻറെ പാലി രൂപമാണ് [10]. അത്തൻ എന്നാൽ അത്മൻ അഥവാ ആത്മൻ.  ബുദ്ധ എന്ന സംസ്കൃത വാക്കിൻറെ ദ്രാവിഡ രൂപാന്തരമാണ് പുത്ത [11]. ബുദ്ധന്റെ കാലഘട്ടത്തിൽ നിലവിലുണ്ടായിരുന്ന രണ്ടു തത്വശാസ്ത്ര ധാരകൾ ആയിരുന്നു ആത്മ വാദവും അനാത്മ വാദവും. ഏതൊരു ജീവിയിലും ആത്മാവ് കുടികൊള്ളുന്നുവെന്ന് എന്നതായിരുന്നു ആത്മ വാദത്തിന്റെ അടിസ്ഥാനം. ബുദ്ധധാരയ്ക്ക് സമകാലികരായ പ്രബല ആത്മവാദികളായിരുന്നു ജൈനമതക്കാർ. കല്ലോ മരമോ ആകട്ടെ അതിനൊരു ആത്മാവ് ഉണ്ട് എന്ന് അവർ വിശ്വസിച്ചിരുന്നു. മറിച്ച് ആത്മാവില്ല എന്നുള്ളതായിരുന്നു അനാത്മ വാദികളുടെ അടിസ്ഥാന തത്വം.  ആത്മാവ് ഇല്ല എന്ന അനാത്മ വാദത്തിൽ വിശ്വസിച്ചവരാണ് ബുദ്ധന്മാർ.  അതായത് ആത്മ വാദത്തിന് നേരെ വിപരീതമായിരുന്നു ബുദ്ധന്റെ അനാത്മ വാദം. അതിനാൽ അനാത്മ വാദം,  ബുദ്ധം അഥവാ പുത്തം  എന്ന് കൂടി അറിയപ്പെട്ടിരുന്നു. അത്തത്ത എന്നത് ആത്മത്വം എന്നതിന്റെയും പൊത്തത്ത എന്നത് ബുദ്ധത്വം എന്നതിന്റെയും വികല രൂപമത്രെ. പ്രബല ആത്മ വാദികളായ ജൈനരെയും അനാത്മവാദികളായ ബുദ്ധരെയുമാണ് അത്തവും പുത്തവും  (ആത്മവും അനാത്മം / ബുദ്ധവും) കൊണ്ട് ഉദ്ദേശിക്കുന്നത്. പിൽക്കാലത്ത് ജൈന – ബുദ്ധ പ്രബോധനങ്ങളെ ആക്ഷേപിച്ചുകൊണ്ട്, ‘മനസിലാക്കാൻ സാധിക്കാത്ത കാര്യം പറയുക’ എന്ന നിലയിൽ “അത്തും പുത്തും പറയുന്നു” അല്ലെങ്കിൽ “അത്താ പുത്താ സംസാരിക്കുന്നു” എന്ന പ്രയോഗം രൂപംകൊണ്ടു. പു – പൊ മാറ്റം  വാമൊഴി മലയാളത്തിൽ സാധാരണമായതിനാൽ അത്തും പൊത്തും പറയുക, അത്താ പൊത്താ എന്നിങ്ങനെ ശൈലിക്ക് വാമൊഴിമാറ്റം വന്നിട്ടുണ്ട്. 
 
ഇതേ അത്തിനെയും പുത്തിനെയും മലയാളികൾക്ക് പരിചയമില്ലായെന്ന് പറയാൻ കഴിയില്ല. അത്തികളെ, പുത്തികളെ, ആതികളെ, പൂതികളെ.. എന്ന് വിളിച്ച് അപേക്ഷിക്കുന്ന മന്ത്രങ്ങളിൽ നമുക്ക് ഈ പദങ്ങൾ കാണാം. ദ്രാവിഡ അവർണ ജനങ്ങൾക്കിടയിലാണ് ഇത്തരം തുടക്കത്തോടെയുളള മന്ത്രങ്ങളും വിളിച്ചപേക്ഷകളുമുളളത്. അത്തികൾ, പുത്തികൾ, ആതികൾ, പൂതികൾ എന്നീ വാക്കുകളെ അപഗ്രഥിക്കുമ്പോൾ പുരാതന ഇന്ത്യയിൽ നിലനിന്നിരുന്ന പ്രധാന അമണ തത്വചിന്താധാരകളുമായി ബന്ധമുള്ളതായി കാണാം. നേരത്തെ സൂചിപ്പിച്ച പോലെ അത്തികൾ ആത്മവാദികൾ തന്നെ. പുത്തികൾ ബുദ്ധരെ സൂചിപ്പിക്കുന്ന പദവും. ബുദ്ധ എന്ന വാക്കിന്റെ ദ്രാവിഡ പദമാണ് പുത്തൻ. പുത്തുകൾ ബുദ്ധരാണ്. അതാണ് പുത്തികളായി മാറിയിട്ടുള്ളത്. ആധി എന്ന വാക്കിന് ധര്‍മചിന്ത, കുടുംബകാര്യത്തില്‍ വ്യാപൃതൻ എന്നീ അർത്ഥങ്ങളാണുളളത്. മനുഷ്യ ജന്മത്തിന്റെ പരമോദ്ദേശ്യം ആനന്ദം മാത്രമാണെന്നും, ആകെ മനുഷ്യർക്ക് കിട്ടുന്നത് ഒരു ജീവിതമാണെന്നും അത് പരമാവധി സുഖകരമാക്കി ജീവിക്കേണ്ടതാണെന്നും, വൈദിക കർമ്മങ്ങൾ എല്ലാം തന്നെ പുരോഹിതന്മാരുടെ വയറ്റുപിഴപ്പിനുവേണ്ടി ഉണ്ടാക്കിയിട്ടുള്ളതാണെന്നും  പഠിപ്പിച്ചിരുന്ന ലോകായതം എന്ന ചിന്താധാരയുമായി ആധി എന്ന വാക്കിന് അഭേദ്യമായ ബന്ധമുളളതായി കാണാം. ആധി എന്ന വാക്കിന്റെ ഭാഷാരൂപഭേദമായി ആതി എന്ന വാക്കിനെ പരിഗണിക്കാവുന്നതാണ്. പൂതി എന്ന വാക്കിന് “ശരീരസംസ്കാരം (കുളിയും മറ്റും) ഇല്ലാത്തവൻ” എന്നൊരു അർത്ഥമുളളതായി കാണാം. വേദങ്ങളുടെ ആധികാരികതയെ നിഷേധിക്കുകയും കർക്കശമായ സന്ന്യാസം അനുഷ്ഠിക്കുക വഴി ശരീരം വൃത്തികേടായി സൂക്ഷിക്കുകയും (ദിവസംതോറുമുള്ള കുളിയുടെ അഭാവം മൂലം) ഗൃഹസ്ഥജീവിതം പരിത്യജിക്കുകയും ചെയ്യുന്നവരായ ആജീവകന്മാരുമായി [12] ബന്ധപ്പെട്ട വാക്കാണ് “പൂതി”. ചുരുക്കത്തിൽ അത്തികളെയും പുത്തികളെയും ആതികളെയും പൂതികളെയും വിളിച്ച് അപേക്ഷിക്കുക വഴി, തങ്ങളുടെ മുൻ തലമുറക്കാരുടെ വിവിധ ചിന്താപദ്ധതികളെ മാനിക്കുകയും അതിൽ അഭയം തേടുകയുമാണ് മാന്ത്രികർ ചെയ്യുന്നത്. അത്തികളെയും പുത്തികളെയും വിളിച്ച് അപേക്ഷിക്കുമ്പോൾ ആത്മവാദികളെയും അനാത്മവാദികളെയും (ബുദ്ധർ അനാത്മവാദികളാകുന്നു.) സ്മരിക്കുന്നു. ആതികളെയും പൂതികളെയും വിളിക്കുമ്പോൾ ഭൗതികവാദികളെയും അഭൗതിക വാദികളെയും (നിയതി വാദികൾ) സ്മരിക്കുന്നു. ഈ മന്ത്രശകലം, അവർണ ജനതയുടെ വിശാലമായ ചിന്താധാരകളെയാണ് വ്യക്തമാക്കുന്നതെന്ന് ചുരുക്കം.  
 
കണാകുണാ ഞായം പറയൽ, കണസാ കുണസാന്ന് പറയൽ, ഞായം വിടൽ  – കേൾക്കുന്ന വ്യക്തിക്ക് സ്വീകാര്യമല്ലാത്തെ എന്തെങ്കിലും ന്യായം പറയുന്നതിനെ സൂചിപ്പിക്കാനുപയോഗിക്കുന്ന ഒരു പ്രയോഗമാണിത്. ഈ വാക്കിനെ സൂക്ഷ്മമായി പരിശോധിച്ചാൽ അത് ‘ഗണാ, ഗുണാ’ എന്നീ പാലി വാക്കുകളുടെ സംയോജനവും ദ്രാവിഡ വൽക്കരിക്കപ്പെട്ട രൂപവുമാണെന്ന് കാണാം. ബുദ്ധ ഭിക്ഷുക്കൾ അവരുടെ പ്രഭാഷണങ്ങളിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ചിരുന്ന പദങ്ങളായിരുന്നു ഇവ. ഗണം എന്നാൽ ബുദ്ധന്റെ ഗണസംഘവും, ഗുണാ എന്നാൽ ബുദ്ധ ധർമ്മ ഉപാകസകർ പിൻപറ്റേണ്ട ഗുണങ്ങളും ആയിരുന്നു. ബുദ്ധ ധർമ്മത്തിലെ ഈ വാക്കുകൾ കേൾക്കുന്നതു പോലും പിൽക്കാലത്ത് സ്വീകാര്യമല്ലായിരുന്നു. ഈ അസ്വീകാര്യതയിൽ നിന്നുമാണ് ഇങ്ങനെയൊരു ശൈലി രൂപപ്പെട്ടത് എന്ന് കരുതാവുന്നതാണ്.  ഇതിനെ പിന്താങ്ങുന്ന ഒരു രൂപഭേദമാണ് കണസാ കുണസാന്ന് പറയുക എന്നത്. ഗണ ച ഗുണ ച… എന്നീ പാലി വാക്കുകളുടെ ദ്രാവിഡ രൂപമാണിത്. ഗണവും ഗുണവും എന്നാണിതിന്റെ അർത്ഥം. [13]. മറ്റൊന്ന്  ഞായം വിടുക എന്ന പ്രയോഗമാണ്. ന്യായം എന്ന സംസ്കൃത പദത്തിന്റെ പാലി രൂപമാണ് ഞായം. അതിൽ നിന്നാണ് മലയാളത്തിലും ഞായം എന്ന വാക്കുണ്ടായിട്ടുളളത്. ശരിയായ പാത എന്നും പാലിയിൽ ഇതിന് പിൽക്കാലത്ത് അർത്ഥ വികാസം സംഭവിച്ചിട്ടുണ്ട് [14]. അഷ്ടാംഗമാർഗ്ഗത്തെ കുറിച്ചുളള സംസാരം അല്ലെങ്കിൽ ഒരു കാര്യത്തിൽ ന്യായ യുക്തമായ കാര്യം പറയുക എന്നൊക്കെയായിരുന്നു ഇതിന്റെ ആദ്യകാല അർത്ഥം. എന്നാൽ നിലവിൽ അനാവശ്യവും കാര്യപ്രസക്തിയില്ലാത്തതുമായ അഭിപ്രായം പറയുക എന്ന അർത്ഥത്തിലാണ് ഞായം വിടുക എന്ന് പ്രയോഗിച്ച് കാണുന്നത്.
 
മേൽപ്പറഞ്ഞ ശൈലികൾ പരിശോധിച്ചതിൽ നിന്നും ചില പൊതു നിഗമനങ്ങളിൽ എത്തിച്ചേരാൻ കഴിയും-
1. ബൌദ്ധരും ജൈനരും ജനങ്ങൾക്കിടയിൽ പ്രബോധനങ്ങൾ നടത്തിയിരുന്നു.
2. ജനങ്ങൾക്കിടയിൽ പ്രബോധനങ്ങൾ നടത്തുന്നതിന് ബൌദ്ധ ജൈനഭിക്ഷുക്കൾക്ക് അധികാരമുണ്ടായിരുന്നു.
3. അത്തരം പ്രബോധനങ്ങളിലെയും ഉപദേശങ്ങളിലെയും പ്രധാന ഭാഗം ബുദ്ധ ആശയങ്ങളായ ഗുണം, ഗണം മുതലായവയെ കുറിച്ചായിരുന്നു.
4.  പിൽക്കാലത്ത് ഇത്തരം ഗഹനങ്ങളായ പ്രബോധനങ്ങൾക്ക് പ്രാധാന്യം നഷ്ടപ്പെടുകയും 
എ) ജനങ്ങൾക്ക്  മനസിലാകാത്തവയായോ 
ബി) പ്രബല ജനവിഭാഗത്തിന് സ്വീകാര്യമല്ലാത്തവയായോ
സി) പരിഹാസ്യ സംഗതിയായോ 
മാറുകയും ചെയ്തിട്ടുണ്ട്.
5. ബുദ്ധ ഭിക്ഷുക്കളുടെ സാമൂഹിക സ്ഥാനത്തിന് അധഃപതനം സംഭവിക്കുന്നതായി കാണാം.
6. പാലി പദങ്ങൾക്ക് ദ്രാവിഡവൽക്കരണം നടക്കുന്നതിന്റെ സൂചനകൾ കാണാം.
7. ശൈലികളുടെ പാലി ദ്രാവിഡ ശബ്ദത്തിലുളള രൂപങ്ങൾക്ക് സാമൂഹിക സ്ഥാനത്തിൽ ഇടിവ് വന്നിട്ടുളളതായി കാണാം.
8. ബുദ്ധ ധർമ്മത്തെ കുറിച്ച് മാത്രമല്ല, പിന്നെയോ ശ്രമണ ധാരയിൽ ഉൾപ്പെട്ടിട്ടുളള മറ്റ് തത്വചിന്താ പദ്ധതികളായ ജൈന, ലോകായത, ആജീവക പദ്ധതികളെ കുറിച്ചുളള സൂചനകൾ ലഭിക്കുന്നുണ്ട്.

റഫറൻസുകൾ :
 1) കേരളത്തിലെ ബുദ്ധമത പാരമ്പര്യം നാട്ടറിവുകളിലൂടെ – ഡോ.അജു കെ നാരായണൻ. സാഹിത്യ പ്രവർത്തക സഹകരണ സംഘം, 2012. പുറം 88.
 2) പുത്തൻ കേരളം – കേരള സംസ്കാരത്തിന്റെ ബൌദ്ധ അടിത്തറ – ഡോ .അജയ് ശേഖർകേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, മാർച്ച് 2008. പുറം നം. 50.
 3) ഇസ്ലാം വിശ്വാസികൾ പച്ച നിറത്തിലുളള കൊടികൾ ഉപയോഗിക്കുന്നതിനാൽ അവരെ സൂചിപ്പിക്കുന്നതിനായി അധിക്ഷേപാർത്ഥത്തിൽ പച്ച എന്ന് പറയാറുണ്ട്. അതേ പോലെ തന്നെ പാകിസ്ഥാൻ എന്ന രാജ്യത്തിന്റെ പതാകയിൽ പച്ച നിറത്തിന് പ്രാധാന്യമുളളതിനാലും അവരിലധികം പേരും ഇസ്ലാം മതവിശ്വാസികൾ ആയതിനാലും അവരെയും പച്ച എന്ന് പറയാറുണ്ട്, പ്രത്യേകിച്ചും ഗൾഫ് നാടുകളിൽ ജോലി ചെയ്യുന്ന പ്രവാസികളായ മലയാളികൾ. കമ്യൂണിസ്റ്റുകളെ, അവർ ചുവപ്പ് കൊടി ഉപയോഗിക്കുന്നതിനാൽ കവിതകളിലും പ്രസംഗങ്ങളിലും മറ്റും ചുവപ്പൻമാർ എന്ന് വിവക്ഷിക്കാറുണ്ട്. 
4)സോക്രട്ടീസിന്റെ ഉദാഹരണം ഇത് വ്യക്തമാക്കുന്നുണ്ട്.
5)പാരം – മറുകര , അക്കര opposite bank of the river or ocean. (കേരള സർവ്വകലാശാല മലയാളം മഹാ നിഘണ്ടു വാല്യം 8)
6)”തീർത്ഥങ്കരൻ” എന്ന പദത്തെ മൂന്ന് ഭാഗങ്ങളായി തിരിക്കാം : “തീർത്ഥ” (तीर्थ) എന്നാൽ കടവ് എന്നാണ് അർത്ഥം. “ങ്” (ङ) എന്നത് ഒരു വ്യക്തിയെയോ ജീവിയെയോ സൂചിപ്പിക്കുന്ന പ്രത്യയമാണ്. “കര” (कर) എന്നാൽ ഒരു നിർമ്മാതാവ് അല്ലെങ്കിൽ സ്രഷ്ടാവ് എന്നാണ് അർത്ഥമാക്കുന്നത്. അതിനാൽ, ഒരു തീർത്ഥങ്കരൻ എന്നതുകൊണ്ട് ഒരു “കടത്ത് സൃഷ്ടിക്കുന്നവൻ” അല്ലെങ്കിൽ മറ്റുള്ളവർക്ക് പിന്തുടരാനും വിമോചനം നേടാനും ഒരു പാത സൃഷ്ടിക്കുന്ന ഒരു ആത്മീയ ആചാര്യൻ എന്നാണ് അർത്ഥമാക്കുന്നത്. ജൈനമതത്തിൽ, 24 തീർത്ഥങ്കരന്മാരുണ്ട്, അവർ സർവ്വജ്ഞാനം നേടിയതായും മറ്റുള്ളവരെ മുക്തി നേടാൻ സഹായിച്ചതായും ജൈന മതക്കാർ വിശ്വസിക്കുന്നു.
7) പഞ്ചി നാ. 1. അഞ്ചായി ഭാഗിച്ചതു്, അഞ്ചെണ്ണമുള്ളതു്, അഞ്ചു മടങ്ങുള്ളതു്. that which is divided into five, consisting of five, fivefold. 2. [S.] പഞ്ചിൻ നഹുഷന്റെ ഒരു പുത്രൻ. N. of a son of Nahusa (കേരള സർവ്വകലാശാല മലയാളം മഹാ നിഘണ്ടു വാല്യം 8)
8) 1. മിഥ്യത്വ (मिथ्यात्व): തെറ്റായ വിശ്വാസം അല്ലെങ്കിൽ തെറ്റായ വിശ്വാസം, അത് തെറ്റായ ധാരണയിലേക്കും പ്രവൃത്തികളിലേക്കും നയിക്കുന്നു. 2. അവിരതി (अविरति): നിയന്ത്രണമില്ലായ്മ അല്ലെങ്കിൽ ആത്മനിയന്ത്രണമില്ലായ്മ, ലൗകിക മോഹങ്ങളിൽ മുഴുകുന്നതിലേക്ക് നയിക്കുന്നു. 3. പ്രമാദ (प्रमाद): ആത്മീയ ആചാരങ്ങളിലും ധാർമ്മിക പെരുമാറ്റത്തിലും അശ്രദ്ധ അല്ലെങ്കിൽ അശ്രദ്ധ. 4. കഷായ (कषाय): കോപം, അഹങ്കാരം, വഞ്ചന, അത്യാഗ്രഹം തുടങ്ങിയ വികാരങ്ങൾ അല്ലെങ്കിൽ നിഷേധാത്മക വികാരങ്ങൾ. 5. യോഗ (योग): ലൗകികമായ ആഗ്രഹങ്ങളാലും ബന്ധങ്ങളാലും പ്രേരിതമായ പ്രവർത്തനങ്ങൾ അല്ലെങ്കിൽ പ്രവൃത്തികൾ. [“mithyādarśanā-virati-pramada-kaşaya-yoga bandhahetavah”- Tattvartha Sūtra by Umasvati Sloka 8.1 quated from the book Tattvartha Sūtra That Which Is by Umäsväti/Umäsvämi with the combined commentaries of Umäsväti/Umäsvämi, Pújyapāda and Siddhasenagani Translated with an introduction by Nathmal Tatia With a foreword by I. M. Singburi and an introduction to the Jaina faith by Padmanabh S. Jaini, The Institute Of Jaindlogy, Harper Collins Publishers]
9) Samyojana (“fetters”)—There are 10 fetters tying beings to the wheel of existence, namely:
1) Personality-belief (sakkāya-ditthi)
2) Sceptical doubt (vicikicchā)
3) Clinging to mere rules and ritual (sīlabbata-parāmāsa; s. Upādāna)
4) Sensuous craving (kāma-rāga)
5) Ill-will (vyāpāda)
6) Craving for fine-material existence (rūpa-rāga)
7) Craving for immaterial existence (arūpa-rāga)
8) Conceit (māna)
9) Restlessness (uddhacca)
10) Ignorance (avijjā)
The first five of these are called ‘lower fetters’ (orambhāgiya-samyojana), as they tie to the sensuous world. The latter five are called ‘higher fetters’ (uddhambhāgiya-samyojana), as they tie to the higher worlds, i.e. the fine-material and immaterial world (Manual of Buddhist Terms and Doctrines – Nyanatiloka 1970, Page. 161) വിവിധ ബുദ്ധമത ധാരകൾക്കനുസരിച്ച് സംയോജനയുടെ എണ്ണത്തിൽ വ്യത്യാസം കാണുന്നുണ്ട്. എങ്കിലും പൊതുവിൽ ഇപ്രകാരമാണ് കാണുന്നത്.
10) Attan (m.) & atta (the latter is the form used in compn.) Vedic ātman.  Thomas William Rhys Davids; William Stede (1921). Pali-English Dictionary. Page 57.
11) University of Madras Lexicon – புத்து puttu   n. Buddha. Buddhism;பௌத்தமதம். புலையற மாகி நின்ற புத்தொடு சமணமெல்லாம் (திவ். திருமாலை, 7)
12) മക്ഖല പുത്ര ഗോശാലൻ സ്ഥാപിച്ച മതമാണ് ആജീവക മതം. ഇദ്ദേഹം മഹാവീരന്റെ സമകാലികനായിരുന്നു.
13) സമാന രീതിയിലുളള പ്രയോഗം പ്രാകൃത് ഭാഷയിൽക്കാണാം – മനുസചികിഛ ച പസുചികിഛ – മനുഷ്യ ചികിത്സയും പശു / മൃഗ ചികിത്സയും പേജ് നം. 96, പ്രാകൃത ഭാഷാ മലയാള നിഘണ്ടു – ഡോ. ടി. പവിത്രൻ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 2014.
14) Thomas William Rhys Davids; William Stede (1921). Pali-English Dictionary. Page 665.

സ്റ്റാന്‍ലി.ജി.എസ്.

5 1 vote
Rating
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x
×