
സ്റ്റാന്‍ലി.ജി.എസ്.
Published: 10 March 2025 സംസ്കാരപഠനം
മലയാള ഭാഷാ ശൈലികളും ബൗദ്ധ സ്വാധീനവും
ഒരു പദോൽപ്പത്തി സാമൂഹ്യശാസ്ത്ര വിശകലനം (ഭാഗം – 5)

ആമുഖം
കേരളം എന്ന് ഇന്ന് അറിയപ്പെടുന്ന ഭൂവിഭാഗത്തിന് ബുദ്ധധര്‍മ്മവുമായി അഭേദ്യമായ ബന്ധമുണ്ട്. ഏതാണ്ട് ബി.സി മൂന്നാം നൂറ്റാണ്ട് മുതല്‍ ഏട്ടാം നൂറ്റാണ്ടു വരെ കേരളത്തില്‍ ബുദ്ധമതത്തിന് പ്രാധാന്യമുണ്ടായിരുന്നു (1). ബുദ്ധ ധര്‍മ്മം പ്രചാരത്തിലിരുന്നതിന്റെ അനേകം ഭൗതിക തെളിവുകള്‍ കേരളത്തില്‍ നിന്നും ലഭിച്ചിട്ടുണ്ട്. ബുദ്ധ ധര്‍മ്മത്തിന്റെ സ്വാധീനം നമ്മുടെ ഭാഷയിലും പ്രതിഫലിച്ചിട്ടുണ്ട്. മലയാള ഭാഷയിലെ വാക്കുകള്‍, ശൈലികള്‍, പ്രയോഗങ്ങള്‍, ചൊല്ലുകള്‍, പഴമൊഴികള്‍, കടങ്കഥകള്‍, വായ്ത്താരികള്‍ തുടങ്ങിയവ പരിശോധിച്ച് ബുദ്ധ ബന്ധം കണ്ടെത്താനാണ് ഈ പഠന പംക്തി കൊണ്ട് ഉദ്ദേശിക്കുന്നത്.
ബുദ്ധരുടെ നടപ്പും ഇരിപ്പും സംസാരവുമെല്ലാം ജനങ്ങളില്‍ സ്വാധീനം ചെലുത്തിയിരുന്നു. അവ ഭാഷയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഇത്തവണ അത്തരം ശൈലികളെ പരിചയപ്പെടാം.
1)തേരാപ്പാരാ നടത്തം :
മലയാളത്തില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു ശൈലിയാണ് ‘തേരാപ്പാരാ നടത്തം’. ‘ലക്ഷ്യമൊന്നുമില്ലാതെ, അങ്ങുമിങ്ങും നടക്കുക’ എന്നാണ് തേരാപ്പാരാ നടത്തം എന്നതു കൊണ്ടുദ്ദേശിക്കുന്നത്. സൂക്ഷ്മമായി നോക്കുമ്പോള്‍ ഈ ശൈലിക്ക് ബുദ്ധ ബന്ധമുളളതായി കാണാം. ഥേരാവാദ പാദ പിന്‍പറ്റുന്ന ബുദ്ധ ഭിക്ഷുക്കളെയാണ് തേരാ / തേരി / തേരോ എന്നെല്ലാം വിളിക്കുന്നത്. ബഹുമാനത്തോടെ മുതിര്‍ന്നവരെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന പാലി വാക്കുകളാണിവ (2). പാരാ, പാരം എന്നീ വാക്കുകളുടെ അര്‍ത്ഥം മറുകര അഥവാ അക്കര എന്നാണ്. പാരാ എന്നതിന്റെ മറ്റൊരു വാക്കാണ് പാരഗ. പാരഗ എന്നാല്‍ മറുകര കടക്കുന്ന എന്നാണ് അര്‍ത്ഥം. ബുദ്ധന്‍, സംസാര ദുഃഖമാകുന്ന ആഴക്കടല്‍ കടന്നവന്‍ ആയതിനാലാണ് ബുദ്ധനെ പാരഗന്‍ എന്ന് വിളിക്കുന്നത് (3). മഹായാന ബുദ്ധമതത്തിലെ ബുദ്ധനെയാണ് ഇപ്രകാരം വിളിക്കുന്നത്. തേരാ പാരഗ എന്നതില്‍ നിന്നാണ് തേരാപ്പാരാ ഉണ്ടായത്. തേരന്റെയും പാരഗന്റെയും നടത്തത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.
ബുദ്ധ മതത്തിലെ പ്രധാനപ്പെട്ട രണ്ട് ചിന്താ ധാരകളായ ഹീനയാനത്തിലെയും മഹായാനത്തിലെയും ഭിക്ഷുക്കള്‍ കേരളം എന്ന് ഇന്ന് നാം വിളിക്കുന്ന പ്രദേശത്തൊട്ടാകെ കാല്‍ നടയായി സഞ്ചരിച്ച് ജനങ്ങളില്‍ പ്രബോധനം നടത്തിയിരുന്നു. ബുദ്ധമതത്തിന് അധഃപതനം സംഭവിച്ച കാലഘട്ടത്തില്‍ ഇത്തരം നടത്തങ്ങള്‍ നിരര്‍ത്ഥകമായി ജനങ്ങള്‍ക്ക് തോന്നി. ഈ സാഹചര്യത്തിലാണ് ഒരു കാര്യവുമില്ലാത്ത നടത്തം എന്ന അര്‍ത്ഥത്തില്‍ ഈ ശൈലി രൂപപ്പെട്ടത്.
2)ചമണക്കാലും പൂട്ടി ഇരിക്കുക :
മനുഷ്യര്‍ പല രീതികളില്‍ ഇരിക്കാറുണ്ട് – കുത്തിയിരിക്കല്‍, കാലും നീട്ടിയിരിക്കല്‍, കൂനിയിരിക്കല്‍ കാലും മെണഞ്ഞിരിക്കല്‍ അങ്ങനെ പലതരം ഇരിക്കലുകള്‍. അത്തരത്തിലൊരു ഇരിക്കല്‍ രീതിയാണ് ചമണ കാലും പൂട്ടി ഇരിക്കല്‍. പത്മാസനത്തിലിരിക്കുകയോ കാലുകള്‍ പരസ്പം കുറുകെ മടക്കി ഇരിക്കുക്കുകയോ ചെയ്യുന്നതിനെയാണ് ഇങ്ങനെ പറയുന്നത്. പത്മാസനത്തിലാണ് മിക്കപ്പോഴും യോഗികളും സന്യാസിമാരും ഇരിക്കാറ്. എന്തുകൊണ്ടാണ് പത്മാസനത്തില്‍ ഇരിക്കുന്നതിന് ഇങ്ങനെയൊരു പേര് വന്നത്. ഉത്തരം കേരളത്തിന്റെ ബൌദ്ധ പാരമ്പര്യവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഈ പ്രയോഗത്തിലെ വാക്കുകള്‍ സാക്ഷ്യം പറയും. ചമണ എന്ന വാക്ക്, സംസ്‌കൃതത്തിലെ ശ്രമണ എന്ന വാക്കുമായി ബന്ധപ്പെട്ടിരിക്കുന്നു. ശ്രമണ എന്ന വാക്കിന്റെ പാലി രൂപം സമണ എന്നാണ്. സമണ എന്നതിന്റെ ദ്രാവിഡമാണ് ചമണ. ചമണ എന്നും അമണ എന്നും ഈ വാക്ക് ഉപയോഗിക്കപ്പെടുന്നു. ബൌദ്ധ ധാരകളെ സൂചിപ്പിക്കുന്നതിന് പൊതുവെ ഉപയോഗിക്കുന്ന പദമാണിത്. ബൌദ്ധ ഭിക്ഷുക്കളുടെ പത്മാസനത്തിലുളള ഇരിപ്പില്‍ നിന്നുമാണ് മലയാളത്തില്‍ ഇത്തരമൊരു വാക്കുണ്ടായി വന്നതെന്ന് കാണാം.
3)ഒരുമാതിരി കെണാമണാന്നുളള സംസാരം: കാമ്പില്ലാതെയോ സ്പഷ്ടമല്ലാതെയോ എന്തെങ്കിലും സംസാരിക്കുന്നതിനെ സൂചിപ്പിക്കാനാണ് ‘കെണാമണാ സംസാരിക്കുക’ എന്ന പ്രയോഗം ഉപയോഗിക്കുന്നത്. കൂടാതെ സംസാരത്തെ ഇകഴ്ത്താനുളള ഒരു പ്രവണതയും ഈ ശൈലിയിലുണ്ട്. ശൈലിയിലെ വാക്കുകളെ സൂക്ഷ്മമായി പരിശോധിച്ചാല്‍ അത് ‘ഗണാ, ശ്രമണാ’ എന്നീ വാക്കുകളുടെ സംയോജനവും ദ്രാവിഡ വല്‍ക്കരിക്കപ്പെട്ട രൂപവുമാണെന്ന് കാണാം. പണ്ട് കാലങ്ങളില്‍ ബുദ്ധ ഭിക്ഷുക്കള്‍ അവരുടെ പ്രഭാഷണങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിരുന്ന പദങ്ങളായിരുന്നു ഇവ. ഗണം എന്നാല്‍ ബുദ്ധന്റെ ഗണസംഘവും അമണാ എന്നാല്‍ ശ്രമണവും ആകുന്നു. ‘ഒരുമാതിരി കെണാമണാന്ന് സംസാരിക്കുന്നു’ എന്ന് പറഞ്ഞാല്‍ കേള്‍ക്കുന്ന ആള്‍ക്ക് മനസിലാകാത്തതും അയാള്‍ വിലമതിക്കാത്തതും കേള്‍ക്കാന്‍ താല്‍പര്യപ്പെടാത്തതുമായ കാര്യം പറയുന്നുവെന്നാണ് നിലവിലെ സാമാന്യമായ അര്‍ത്ഥം. എങ്കിലും കാമ്പില്ലാത്ത എല്ലാ സംസാരങ്ങളെയും സൂചിപ്പിക്കാന്‍ ഇപ്പോള്‍ ഈ ശൈലി ഉപയോഗിക്കപ്പെടുന്നു.
മേല്‍പ്പറഞ്ഞ ശൈലികള്‍ പരിശോധിച്ചതില്‍ നിന്നും ചില പൊതു നിഗമനങ്ങളില്‍ എത്തിച്ചേരാന്‍ കഴിയും. നീണ്ട കാലത്തെ ബുദ്ധ ബന്ധം കൊണ്ട് കേരളീയ ഭാഷയില്‍ ബുദ്ധന്റെ സ്വാധീനം ഉണ്ടായിട്ടുണ്ടെന്ന് ഈ ശൈലികള്‍ വ്യക്തമാക്കുന്നു. ബൌദ്ധരുടെ നടപ്പും ഇരിപ്പും സംസാരവുമെല്ലാം ജനങ്ങളില്‍ സ്വാധീനം ചെലുത്തുകയും അവ ഭാഷയില്‍ ശൈലികളായി സ്ഥാനം പിടിക്കുകയും ചെയ്തിട്ടുണ്ട്. കാലമിത്രയും ആയിട്ടും പ്രസ്തുത പ്രയോഗങ്ങള്‍ മങ്ങലേല്‍ക്കാതെ നില്‍ക്കുന്നത് ആ സ്വാധീനത്തിന്റെ ആഴത്തെ കൂടി സൂചിപ്പിക്കുന്നു.
റെഫറന്‍സ് :
1) ബൌദ്ധ സ്വാധീനം കേരളത്തില്‍ – പവനന്‍, സി.പി. രാജേന്ദ്രന്‍. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് 2008, പുറം.
2) The Pali Text Society Pമli-English Dictionary Edited by: T.W. Rhys Davids and William Stede പുറം നം. 711.
3) Pമraga (????) is a synonym for the Buddha according to the 2nd century Mahമprajñമpമramitമമെstra (chapter IV) which means ‘having reached the other bank.
