ശരത് ടി.ആർ.

Published: 10 September 2025 കവര്‍‌സ്റ്റോറി

ചാരഫലം: വിവരങ്ങൾ, മനശ്ശാസ്ത്രഇടങ്ങൾ

സംഗ്രഹം:
കേരളീയ സമൂഹത്തിൽ തലമുറകളായി നിലനിന്നുവരുന്ന ജ്യോതിഷപരമായ ആശയങ്ങളിൽ ചാരഫലം ശ്രദ്ധേയമായ സ്ഥാനമേറ്റെടുത്തിട്ടുണ്ട്. ശാസ്ത്രീയ തെളിവുകളുടെ അഭാവം മൂലം ഇത് പലപ്പോഴും വിമർശനത്തിനും സംശയത്തിനും വിധേയമായെങ്കിലും, സമൂഹത്തിന്റെ ദൈനംദിന ജീവിതത്തിലും ആചാരങ്ങളിലും മാനസിക നിലപാടുകളിലും ഇതിന് സ്വാധീനമുണ്ട്.

താക്കോൽ വാക്കുകൾ:
ചാരഫലം, ജ്യോതിഷം, ശാസ്ത്രം, വിശ്വാസം, കേരളം, സമൂഹം.

ആമുഖം:

ജ്യോതിശ്ശാസ്ത്രം ഭാരതീയ പാരമ്പര്യത്തിൽ പ്രധാനമായും രണ്ട് ഘടകങ്ങളായി വേർതിരിച്ചറിയപ്പെടുന്നു; പ്രമാണം (ക്രിയാഭാഗം) എന്നും ഫലം (ഫലഭാഗം) എന്നും. പ്രമാണഭാഗത്തിൽ ഗണിതശാസ്ത്രപരമായ കണക്കുകളും ഗോളശാസ്ത്രവുമായി ബന്ധപ്പെട്ട അറിവുകളും ഉൾക്കൊള്ളുന്നു. ഭൂമിയുടെ സ്വരൂപം, ആകാശഗോളങ്ങളുടെ ചലനം, ആകർഷണശക്തി തുടങ്ങിയവയെക്കുറിച്ചുള്ള നിർദ്ദിഷ്ട കണക്കുകൂട്ടലുകൾ ഇതിന്റെ പരിധിയിൽ ഉൾപ്പെടുന്നവയാണ്. ഫലഭാഗം ഭാവിയിൽ സംഭവിക്കാവുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ടതാണ്. ഇത് നാലായി വിഭജിക്കപ്പെടുന്നു: ജാതകം, നിമിത്തം, പ്രശ്നം, മുഹൂർത്തം എന്നിങ്ങനെയാണവ. ഇതിൽ ജാതകഫലത്തിന്റെ ഉപവിഭാഗങ്ങളിലൊന്നായി “ചാരഫലം” സ്ഥാനം പിടിച്ചിരിക്കുന്നു. ചാരഫലം എന്നു വിളിക്കപ്പെടുന്നത്, മനുഷ്യജീവിതത്തിലെ ദിനചര്യയുമായി ബന്ധപ്പെട്ട ചെറുതും പ്രതീക്ഷിക്കാത്തതുമായ സംഭവങ്ങളെ അടിസ്ഥാനമാക്കി ഭാവി പ്രവചിക്കുന്ന രീതിയാണ്. യാത്രയ്ക്കു പുറപ്പെടുമ്പോൾ കണ്ടുമുട്ടുന്ന വ്യക്തിയോ – ജീവിയോ, വഴിയിൽ കേൾക്കുന്ന വാക്കോ, വീട്ടിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന കാര്യങ്ങളോ എല്ലാം ചാരശകുനമായി കരുതപ്പെടുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സുഖദുഃഖങ്ങളെ പ്രവചിക്കുന്ന രീതിയാണിത്.
ചരിത്രപരമായി നോക്കുമ്പോൾ, ചാരഫലം ജനജീവിതത്തിൽ നിർണായക പങ്ക് വഹിച്ചിരുന്നു. കർഷകർ കൃഷിയ്ക്ക് ഇറങ്ങുന്നതിന് മുമ്പും, വ്യാപാരികൾ ഇടപാടുകൾ തുടങ്ങുന്നതിനുമുമ്പും, രാജാക്കന്മാർ യുദ്ധത്തിനിറങ്ങുന്നതിനുമുമ്പും ഇത്തരം ശകുനവിശ്വാസങ്ങൾ നിർണ്ണായകമായി കണക്കാക്കിയിരുന്നു. എന്നാൽ, ശാസ്ത്രത്തിന്റെ പശ്ചാത്തലത്തിൽ വിലയിരുത്തുമ്പോൾ, ചാരഫലത്തിന് യുക്തിപരമായ തെളിവുകളോ നിരീക്ഷണാധിഷ്ഠിതമായ സാധുതകളോ ഇല്ല. ആധുനിക ശാസ്ത്രസമീക്ഷയിൽ ഇതിനെ വിശ്വാസാധിഷ്ഠിതമായ ഒരു സംസ്കാരഘടകമെന്ന നിലയിലാണ് കാണുന്നത്.

സൂര്യൻ മുതലായ ഓരോ ഗ്രഹവും ചന്ദ്രനിൽനിന്ന് ഓരോരോ ഭാവങ്ങളിൽ ചാരവശാൽ നില്ക്കുന്ന അതത് കാലത്തെ ഫലങ്ങളാണ് ജ്യോതിഷ സംബന്ധിയായകൃതികളിൽ ചാരഫലങ്ങളെ പൊതുവെ പറഞ്ഞുവെയ്ക്കുന്നത്. അവയുടെ ആരംഭത്തിൽ എല്ലാ ഗ്രഹങ്ങൾക്കും സാമാന്യമായിട്ടുള്ള ശുഭസ്ഥാനങ്ങൾ പറയുന്നുണ്ട്, അവ – ഏത് ഗ്രഹവും ചന്ദ്രനിൽനിന്ന് 11-ാം ഭാവത്തിൽ നിലനില്ക്കുന്നത് ശുഭപ്രദമാകുന്നു എന്ന് പറയപ്പെടുന്നു. 3, 6, 10 ഈ ഭാവങ്ങളിൽ സൂര്യനും, 3, 6 എന്നീ ഭാവങ്ങളിൽ ശനി – കുജൻ എന്നീ ഗ്രഹങ്ങളും, 3, 6, 7, 10 എന്നീ ഭാവങ്ങളിൽ ചന്ദ്രനും, 6, 7, 10 ഒഴികെയുള്ള മറ്റു ഒമ്പതു ഭാവങ്ങളിൽ ശുക്രനും, 2, 5, 7, 9 ഇവയിൽ വ്യാഴവും, 2, 4, 6, 8, 10 ഇവയിൽ ബുധനും നില്ക്കുന്ന കാലം ശുഭകരമാകുന്നു എന്ന രീതിയിൽ ജ്യോതിശാസ്ത്രകൃതികളിൽ പ്രസ്താവിക്കുന്നതായി കാണാവുന്നതാണ്. ഇന്നത്തെ കേരളീയ ജീവിതത്തിലും ഈ വിശ്വാസത്തിന്റെ പ്രതിഫലനം കാണാം. വിവാഹമുഹൂർത്തം, നാമകരണം, ഭവനപ്രവേശം, തൊഴിൽ തുടങ്ങിയ പ്രധാനകാര്യങ്ങൾക്ക് മുൻപ് ജ്യോതിഷിയെ കണ്ടു ഗ്രഹസ്ഥാനങ്ങൾ പരിശോധിക്കുന്ന പതിവ് ഇപ്പോഴും ചിലയിടത്ത് നിലനിൽക്കുന്നു. ഉത്സവങ്ങൾ, നോമ്പുകൾ, ക്ഷേത്രപൂജകൾ എന്നിവയിലും ചന്ദ്രന്റെ നിലയും – ഗ്രഹങ്ങളുടെ സ്ഥിതിയും കണക്കിലെടുക്കുന്നത് പതിവാണ്. അതുപോലെ ഓണം, വിഷു, തിരുവാതിര തുടങ്ങിയ കേരളീയ ആഘോഷങ്ങളും നക്ഷത്രചക്രവുമായി ബന്ധപ്പെട്ടാണ് ആചരിക്കപ്പെടുന്നത്. തിരുവോണം നക്ഷത്രത്തിൽ ഓണം ആഘോഷിക്കപ്പെടുകയും, വിഷു മേടസംക്രാന്തിയുമായി ബന്ധപ്പെടുകയും, തിരുവാതിര ആർദ്രനക്ഷത്ര ദിനത്തിൽ ആചരിക്കപ്പെടുകയും ചെയ്യുന്നത് ഇതിന് തെളിവുകളാണ്. ഇതെല്ലാം കൂടി നോക്കുമ്പോൾ, പുരാതന ചാരഫലവിശ്വാസം ഇന്നും കേരളീയരുടെ ജീവിതത്തിലും ആചാരങ്ങളിലും ഒരു പരിധിവരെ ജീവിച്ചിരിക്കുന്നുവെന്നു പറയാം.
സൂര്യനും കുജനും ചന്ദ്രനിൽനിന്ന് 3, 6, 11 സ്ഥാനങ്ങളിൽ നില്ക്കുമ്പോൾ സ്ഥാനമാനലാഭം, ധനലാഭം, ശത്രുനാശം മുതലായവയേയും; രണ്ടിൽ നില്ക്കുമ്പോൾ ധനനാശവും; നാല്, അഞ്ച് ഭാവങ്ങളിൽ നില്ക്കുമ്പോൾ രോഗം, ശത്രു മുതലായ കാരണങ്ങൾക്കൊണ്ട് വ്യസനവും ഭയവും; ഏഴിൽ നില്ക്കുമ്പോൾ രോഗവും; ഒമ്പതിൽ നില്ക്കുമ്പോൾ കഠിനമായ വ്യസനവും ഉണ്ടാകുന്നതാണ് എന്നു വിശ്വസിക്കുന്നു. കുജൻ പത്തിൽ നില്ക്കുമ്പോൾ കർമ്മഭംഗവും, സൂര്യൻ പത്തിൽ നില്ക്കുമ്പോൾ കർമ്മസിദ്ധിയും ഉണ്ടാകുന്നതുമാകുന്നു. ചന്ദ്രൻ ചാരവശാൽ ജന്മത്തിൽ ചെല്ലുമ്പോൾ സർവ്വവിധസുഖങ്ങളും, രണ്ടാംഭാവത്തിൽ ചെല്ലുമ്പോൾ ധനനാശവും, മൂന്നിൽ ചെല്ലുമ്പോൾ ജയവും, നാലിൽ ഭയവും, അഞ്ചിൽ ദുഃഖവും, ആറിൽ ശത്രുനാശവും, ഏഴിൽ സുഖവും, എട്ടിൽ ഭയവും, ഒമ്പതിൽ രോഗവും, പത്തിൽ അഭീഷ്ടലാഭവും, പതിനൊന്നിൽ ചെല്ലുമ്പോൾ ബന്ധുലാഭം – ധനലാഭം മുതലായവയാൽ സന്തുഷ്ടിയും, ചന്ദ്രൻ ജന്മത്തിൽ നിന്ന് പന്ത്രണ്ടിൽ ചെല്ലുമ്പോൾ സർവ്വസ്വനാശവുമാകുന്നു ഫലം. ഇന്നത്തെ കേരളീയരുടെ വിശ്വാസങ്ങളിൽ ഇതിന് ഇപ്പോഴും വലിയ പ്രാധാന്യമുണ്ട്; വിവാഹം, വീട് പണിയൽ, യാത്ര, തൊഴിൽ തുടങ്ങിയ കാര്യങ്ങളിൽ പലരും ജ്യോതിഷഫലം പരിശോധിക്കുകയും, അനിഷ്ടഫലങ്ങൾ കാണുമ്പോൾ ക്ഷേത്രങ്ങളിൽ ഗ്രഹശാന്തി ഹോമം, നവഗ്രഹപൂജ, വ്രതങ്ങൾ, ഉപവാസം മുതലായ പരിഹാരങ്ങൾ ചെയ്യുകയും ചെയ്യുന്നു. അതുപോലെ, രോഗങ്ങൾക്കോ, ധനപ്രശ്നങ്ങൾക്കോ നേരിട്ട് വൈദ്യശാസ്ത്രത്തെയും സാമ്പത്തിക മാർഗ്ഗങ്ങളെയും ആശ്രയിക്കുമ്പോഴും, ഗ്രഹങ്ങളുടെ ചാരഫലം ജീവിതത്തിൽ ഒരു ആത്മവിശ്വാസം നൽകുന്നുവെന്നു വിശ്വസിക്കപ്പെടുന്നു. ഇങ്ങനെ ശാസ്ത്രീയമായി തെളിവുകളില്ലെങ്കിലും, ചാരഫലം ഇന്നും കേരളീയരുടെ സാമൂഹിക-സാംസ്കാരിക ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു.
ബുധൻ ജന്മത്തിൽ നില്ക്കുമ്പോൾ ധനനാശത്തേയും, രണ്ടിൽ നില്ക്കുമ്പോൾ ധനപുഷ്‌ടിയേയും, മൂന്നിൽ ശത്രുഭയത്തേയും, നാലിൽ ധനലാഭത്തേയും, അഞ്ചിൽ ഭാര്യ – പുത്രൻ മുതലായവരുമായി കലഹത്തേയും, ആറിൽ കാര്യജയത്തേയും, ഏഴിൽ ബന്ധുജനകലഹത്തേയും, എട്ടിൽ പുത്രധനലാഭത്തേയും, ഒമ്പതിൽ കാര്യവിഘ്നത്തേയും, പത്തിൽ സൗഖ്യത്തേയും, പതിനൊന്നിൽ നില്ക്കുമ്പോൾ പുഷ്‌ടിയേയും, പന്ത്രണ്ടാം ഭാവത്തിൽ നില്ക്കുമ്പോൾ ശത്രുക്കളിൽ നിന്നുള്ള ഭയത്തേയും തോൽവിയേയും അനുഭവിപ്പിക്കുന്നതാകുന്നു. ജന്മത്തിൽ നില്ക്കുന്ന വ്യാഴം അനേകപ്രകാരത്തിലുള്ള ദുഃഖത്തേയും, രണ്ടിൽ നില്ക്കുന്ന വ്യാഴം ധനസമൃദ്ധിയേയും, മൂന്നിൽ സ്ഥാനഭ്രംശത്തേയും, നാലിൽ ബന്ധുക്കളിൽ നിന്ന് ഉണ്ടാകുന്ന ദുഃഖത്തേയും, അഞ്ചിൽ പുത്രലാഭത്തേയും – ധനലാഭത്തേയും, ആറിൽ ശത്രുക്കളിൽ നിന്നുള്ള ഉപദ്രവത്തേയും, ഏഴിൽ വലിയ സുഖങ്ങളേയും, എട്ടിൽ രോഗത്തേയും, ഒമ്പതിൽ ധനലാഭത്തേയും – സുഖലാഭത്തേയും, പത്തിൽ ധനനാശത്തേയും, പതിനൊന്നിൽ സ്ഥാനമാനലാഭത്തേയും, പന്ത്രണ്ടിൽ നില്ക്കുന്ന വ്യാഴം വലിയ ദുഃഖത്തേയും ഉണ്ടാക്കുന്നതാകുന്നു. ഇന്നത്തെ കേരളീയ സമൂഹത്തിൽ ഈ ചാരഫലങ്ങൾ ചിലർ വിശ്വാസത്തോടെ ജീവിതത്തിൽ ചേർക്കുന്നുണ്ട്; ബുധൻ ധനപുഷ്‌ടി നൽകുമെന്ന് കരുതി പലരും ധനസ്ഥിരതയ്ക്കായി ജ്യോതിഷോപദേശം തേടുകയും, വ്യാപാരികൾ ചിലപ്പോൾ ബിസിനസ് തുടങ്ങുന്നതിന് മുമ്പ് ഗ്രഹസ്ഥാനം പരിശോധിക്കുകയും ചെയ്യുന്നു. വ്യാഴം ധനസമൃദ്ധിയും സുഖവും നൽകുന്ന ഗ്രഹമെന്ന നിലയിൽ, കേരളത്തിലെ പല ക്ഷേത്രങ്ങളിലും വ്യാഴാഴ്ച പ്രാർത്ഥന (ഗുരുവാരവിളക്ക്, ഉപവാസം, പ്രത്യേക പൂജകൾ) നടത്തപ്പെടുന്നു. തൊഴിൽ, വിദ്യാഭ്യാസം, കുടുംബസുഖം എന്നിവയെ ബാധിക്കുന്നതായി കരുതപ്പെടുന്നതിനാൽ, അനിഷ്ടഫലങ്ങൾ കാണുമ്പോൾ നവഗ്രഹ ഹോമം, ഗുരുശാന്തി, ബുധശാന്തി തുടങ്ങിയ പരിഹാരങ്ങൾ ചെയ്യുന്നതും പതിവാണ്. ഇങ്ങനെ, ബുധന്റെയും വ്യാഴന്റെയും ചാരഫലങ്ങൾ ഇന്ന് ശാസ്ത്രീയമായി തെളിയിക്കാനാവാത്തതായിരുന്നാലും, കേരളീയരുടെ ജീവിതത്തിൽ ഒരു മാർഗ്ഗനിർദ്ദേശവും ആത്മവിശ്വാസവും നൽകുന്ന വിശ്വാസമായി തുടരുന്നു.
ശുക്രൻ ജന്മത്തിൽ നില്ക്കുമ്പോൾ, സകലവിധ വിഷയങ്ങളും അനുഭവിയ്ക്കുകയും, രണ്ടാമേടത്ത് നില്ക്കുമ്പോൾ ധനലാഭവും, മൂന്നാമേടത്ത് സുഖം – സകലജനപൂജ്യത മുതലായ ഐശ്വര്യങ്ങളും, നാലാമേടത്ത് സുഖവർദ്ധനവും – ബന്ധുലാഭവും, അഞ്ചാമേടത്ത് പുത്രലാഭവും, ആറാമേടത്ത് ആപത്തും, ഏഴാമേടത്ത് സ്ത്രീകളിൽ നിന്നുണ്ടാകുന്ന മാനഹാനി മുതലായ ഉപദ്രവവും, എട്ടാമേടത്ത് സമ്പത്സമൃദ്ധിയും, ഒമ്പതാമേടത്ത് സ്ത്രീസുഖലാഭവും, പത്താമേടത്ത് കലഹവും, പതിനൊന്നാമേടത്ത് ഉൽകർഷവും, പന്ത്രണ്ടാമേടത്ത് നിലക്കുമ്പോൾ വിവിധ ധനവസ്ത്രാദിലാഭവും ഉണ്ടാകുന്നതാകുന്നു. ശനി ജന്മത്തിൽ നില്ക്കുമ്പോൾ അനേകവിധരോഗങ്ങൾ കൊണ്ട് ദുഃഖവും, രണ്ടിൽ നില്ക്കുമ്പോൾ സുഖവും – ധനവും നശിയ്ക്കും, മൂന്നിൽ സ്ഥാനം – ധനം – ഭൃത്യൻ, മുതലായവ ലഭിക്കും, നാലിൽ ഭാര്യാബന്ധുക്കൾ – ധനം – സുഖം എന്നിവയുടെ നാശവും, അഞ്ചിൽ ധനവും – സുഖവും നശിയ്ക്കുകയും, ആറിൽ ശത്രുനാശവും, ഏഴിൽ ദേശാന്തരഗമനം മുതലായവയും, എട്ടിൽ കഠിനമായ ദുഃഖവും, ഒമ്പതിൽ ധർമ്മനാശവും – രോഗവും, പത്തിൽ ദാരിദ്ര്യവും, പതിനൊന്നിൽ ധനലാഭവും പന്ത്രണ്ടിൽ നില്ക്കുമ്പോൾ ധനനാശവുമാകുന്നു ഫലം. കേരളത്തിൽ ഇന്നും ശുക്ര-ശനി ഗ്രഹസ്ഥിതികളുടെ ഫലങ്ങൾ ജനജീവിതത്തിൽ പ്രാധാന്യത്തോടെ ചർച്ച ചെയ്യപ്പെടുന്നു. ജ്യോതിഷവിശ്വാസം കുടുംബജീവിതത്തിലും, വിവാഹനിശ്ചയത്തിലും, ഭവനനിർമാണത്തിലും, ദൈനംദിന തീരുമാനങ്ങളിലും പ്രത്യക്ഷമാണ്. പലരും ഗ്രഹസ്ഥിതികളുടെ ഫലപ്രവചനങ്ങളെ ജീവിതത്തിന്റെ മാർഗ്ഗനിർദേശമായി കാണുമ്പോൾ, ചിലർ അതിനെ സംസ്കാരപരമായോ മാനസികാശ്വാസമായോ മാത്രം സ്വീകരിക്കുന്നു. ക്ഷേത്രങ്ങളിൽ നടക്കുന്ന ശനി-ശുക്ര ശാന്തിപൂജകളും, ജപഹോമാദികളും ഇന്നും ചിലയിടത്ത് ജനവിശ്വാസത്തിന്റെ ഭാഗമാണ്. ശാസ്ത്രബോധവും ആധുനിക ജീവിതവുമൊത്ത് നിലകൊള്ളുമ്പോഴും, ഈ ഗ്രഹഫലങ്ങളെ കുറിച്ചുള്ള കേരളീയരുടെ വിശ്വാസം ഇന്നും പാരമ്പര്യമായി ചിലയിടങ്ങളിൽ തുടരുന്നു.
സൂര്യൻ, കുജൻ, വ്യാഴം, ശനി ഈ നാലിൽ ഒരു ഗ്രഹവും; ജന്മം എട്ട് – പന്ത്രണ്ട് എന്നീ സ്ഥാനങ്ങളിൽ നില്ക്കുന്നത് ശുഭകരമല്ല. ഈ ഗ്രഹങ്ങൾ മേൽപ്പറഞ്ഞ സ്ഥാനങ്ങളിൽ നില്ക്കുന്ന കാലത്ത് ധനനാശവും, ദേശാന്തരസഞ്ചാരവും, രോഗവും, മരണഭയവും അനുഭവപ്പെടും. കേരളത്തിൽ ഇത്തരം ഗ്രഹസ്ഥാനങ്ങളുടെ വ്യാഖ്യാനം വെറും ജ്യോതിഷശാസ്ത്രപരമായ ഫലനിർണ്ണയമല്ലാതെ, സംസ്കാരപരമായ വിശ്വാസങ്ങളോടും ആചാരങ്ങളോടും ബന്ധപ്പെട്ടിരിക്കുന്നു. പ്രത്യേകിച്ച് അഷ്ടമ ശനി, അഷ്ടമ വ്യാഴം പോലുള്ള ആശയങ്ങൾ ഇന്നും ജനജീവിതത്തിൽ ശക്തമായ സ്വാധീനമാണ് ചെലുത്തുന്നത്. ഇത്തരം സ്ഥാനങ്ങളിൽ ഗ്രഹങ്ങൾ വരുമ്പോൾ, ജനങ്ങൾ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും ശാന്തികർമ്മങ്ങളും നടത്തി ദോഷനിവാരണത്തിന് ശ്രമിക്കുന്നു. വിവാഹനിശ്ചയം, ഭവനനിർമാണം, യാത്ര തുടങ്ങിയ നിർണായക തീരുമാനങ്ങൾ എടുക്കുമ്പോൾ ഈ ഗ്രഹസ്ഥിതികളുടെ സ്വാധീനത്തെ പരിഗണിക്കുന്ന പതിവ് കേരളീയ ജീവിതത്തിൽ ഇന്നും നിലനിൽക്കുന്നു. ഇതിലൂടെ, ജ്യോതിഷവിശ്വാസം കേരളത്തിൽ വെറും ഭാവിപ്രവചനത്തിന്റെ രൂപത്തിൽ മാത്രമല്ല, ആത്മീയ ആശ്വാസവും സാമൂഹിക സംസ്കാരത്തിന്റെ ഭാഗമായി നിലകൊള്ളുന്ന ഒരു പാരമ്പര്യവും ആണെന്ന് കാണാം.
ഇങ്ങനെ, ഗ്രഹങ്ങളുടെ ചാരഫലം ഇഷ്ടാനിഷ്ട സ്ഥിതിയിലാണ്, സകല ജനങ്ങൾക്കും ശുഭഫലങ്ങളും അശുഭഫലങ്ങളും ഉണ്ടാകുന്നത് പറഞ്ഞു വയ്ക്കുന്നു. ഗ്രഹങ്ങളുടെ പൂജ, സ്തുതി, നമസ്‌കാരം മുതലായവ ചെയ്‌ത്‌ പ്രസാദിപ്പിച്ചാൽ, ഗ്രഹപ്പിഴ ഉണ്ടെങ്കിലും ആ ദോഷഫലങ്ങളെല്ലാം നശിച്ച് ശുഭഫലങ്ങൾ അനുഭവിയ്ക്കുകയും ചെയ്യും. ഗോചരസ്ഥാനങ്ങളും, വേധസ്ഥാനങ്ങളും, ജാതകത്തിലെ ചന്ദ്രലഗ്നത്തിൽനിന്നാണ് കണക്കാക്കേണ്ടത്. വേധസ്ഥാനത്ത് ഏതു ഗ്രഹം നില്ക്കുന്നതും അനിഷ്ട‌പ്രദമാണ്. എങ്കിലും, അതിന്റെ ഗോചരസ്ഥാനത്തും കൂടി ഏതെങ്കിലും ഒരു ഗ്രഹം നില്ക്കുന്നുണ്ടെങ്കിൽ, ആ അനിഷ്ടഫലം അനുഭവിയ്ക്കയുമില്ല. വേധസ്ഥാനത്തു നില്ക്കുന്ന ഗ്രഹവും, ഗോചരസ്ഥാനത്തു നിന്നാലത്തെ ഫലം ആണ് അനുഭവിയ്ക്കുക എന്നു താല്പര്യം. ഉദാഹരണം: ചന്ദ്രലഗ്നത്തിൽനിന്ന് അഞ്ചാം ഭാവം സൂര്യന്റെ വേധസ്ഥാനവും 11 ഗോചരസ്ഥാനവുമാണ്. ഈ അഞ്ചിൽ സൂര്യൻ നില്ക്കുന്നത് അനിഷ്ടപ്രദവുമാണ്; പക്ഷേ, ആ അഞ്ചിൽ സൂര്യൻ നിന്നാലും, അതിന്റെ ഗോചരമായ 11-ൽ ഏതെങ്കിലും ഗ്രഹം നിന്നാൽ, ആ സൂര്യനും 11-ൽ നിന്നാലത്തെ ഫലമാണ് അനുഭവിയ്ക്കുക എന്നു മനസ്സിലാക്കണം.

 

ഉപസംഹാരം:

ഇന്നത്തെ നിലയിൽ ഒരു ശാസ്ത്രീയതയും ഇല്ലെങ്കിലും ഒരു വ്യക്തിയുടെ ജന്മത്തിലെ ഗ്രഹസ്ഥാനങ്ങളെ അടിസ്ഥാനമാക്കി ചാരഫലം പ്രവചിക്കുന്ന രീതിക്ക് കേരളത്തിൽ പുരാതനകാലം മുതൽ പ്രാധാന്യം ലഭിച്ചിരുന്നു. സൂര്യൻ, കുജൻ, വ്യാഴം, ശനി എന്നീ ഗ്രഹങ്ങൾ എട്ടാം സ്ഥാനത്തോ പന്ത്രണ്ടാം സ്ഥാനത്തോ വരുന്നത് ധനനാശം, ദേശാന്തരസഞ്ചാരം, രോഗം, മരണഭയം എന്നിവയ്ക്കു കാരണമാകുമെന്ന് വിശ്വാസം നിലനിന്നതായ് മനസ്സിലാക്കാം. ഇത്തരത്തിലുള്ള പ്രവചനങ്ങൾക്ക് ശാസ്ത്രീയ തെളിവുകൾ തെളിയിക്കപ്പെടാതിരിക്കുമ്പോഴും അവ സാമൂഹിക ജീവിതത്തെയും വ്യക്തികളുടെ തീരുമാനങ്ങളെയും ഗൗരവമായി സ്വാധീനിച്ചുണ്ട്. ക്ഷേത്രാചാരങ്ങളിലും മതവിശ്വാസങ്ങളിലും ഇവയുടെ പ്രതിഫലനം വ്യക്തമാണ് എന്ന കാര്യത്തിൽ സംശയമില്ല.
“യാന്ത്രികതൊഴിലിനു വേണ്ടി മാത്രമായി അറിവ് ( ഗണിതം ) മാറ്റിത്തീർക്കപ്പെട്ടപ്പോഴാണ് ,അത്തരം സാമ്പത്തിക അധികാര ആവശ്യങ്ങളിൽ നിന്നാണ് അറിവ് നിശ്ചലമായതും ജ്യോതിശാസ്ത്രം ജ്യോതിഷമായതും.” എന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.(https://jnanabhasha.com/munnura-shoobaks-kanakkadhikaaravum-naaranathu-bhranthanum-issue13-indian-knowledge/ )അറിവ് തൊഴിലിനുള്ള കേവലവിവരമായി മാറുമ്പോൾ എന്തു സംഭവിക്കുമെന്ന് ഇവിടെ മനസിലാകുന്നു.ശാസ്ത്രീയമല്ലാത്ത കാര്യങ്ങൾ, ഒരു യുക്തിയുമില്ലാത്ത കാര്യങ്ങൾ ജനകീയപൊതുബോധത്തിൽ നൂറ്റാണ്ടുകൾ ആഴത്തിൽ പതിപ്പിക്കാൻ അറിവിൻ്റെ യാന്ത്രിക തൊഴിൽവത്കരണത്തിനു കഴിയുമെന്നും ഇത്തരം വിശ്വാസങ്ങൾ തെളിയിക്കുന്നു. വിദ്യാഭ്യാസം തൊഴിലിനു മാത്രമായി മാറുന്ന കാലത്ത് ഇതൊരു മുന്നറിയിപ്പാണ്.അറിവിലില്ലാത്ത വരുംകാലത്തെ, അഥവാ ഭാവിയെ കുറിച്ചുള്ള ഉത്കണ്ഠകളെ സാധൂകരിക്കുന്നു എന്നതുകൊണ്ടാവണം ചാരഫലത്തിന് പൊതുമനശ്ശാസ്ത്രം ഇടം ലഭ്യമായത്.

സഹായകഗ്രന്ഥങ്ങൾ:

നാരായണൻ നായർ പകവത്ത്, 1916, ജാതകദർപ്പണം, സി.എം. സിറിയൻ അച്ചുകൂടം, മുവാറ്റുപുഴ, എറണാകുളം.

നീലകണ്ഠപിള്ള എം., 1951, ജ്യോതിഷബ്രഹ്മരഹസ്യം, ശ്രീ രാമവിലാസം പ്രസ്സ്, കൊല്ലം.

റഫീഖ് സക്കറിയ പി.കെ., 2020, ജ്യോതിഷം ശാസ്ത്രം ചരിത്രം അനുഭവം, ചിന്ത പബ്ലിക്കേഷൻസ്, തിരുവനന്തപുരം.

ശങ്കരൻ നമ്പൂതിരിപ്പാട് കാണിപ്പയ്യൂർ, 2018, ജാതകാദേശം, പഞ്ചാഗം പുസ്തകശാല, കുന്നുകുളം, തൃശ്ശൂർ.

ശരത് ടി.ആർ.

അസിസ്റ്റൻ്റ് പ്രൊഫസർ സംസ്കൃത സാഹിത്യ വിഭാഗം ഫോൺ: 7902518133 ഇമെയിൽ: trsarath01@gmail.com ശ്രീ ശാസ്ത കോളേജ്, എടക്കാട്, മഞ്ചേരി

0 0 votes
Rating
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x