എഛ്.കെ.സന്തോഷ്

Published: 10 March 2026 ഗവേഷണ പംക്തി

ഗവേഷണം : ഉത്തരകാലം.

പോസ്റ്റ് പൊസിഷൻ ആശയ ലോകങ്ങളും സമീപനങ്ങളും

“വിമോചനത്തിനായുള്ള പോസ്റ്റ് മോഡേണിസ്റ്റ് തന്ത്രങ്ങൾ ശത്രു ആധുനിക പരമാധികാരമായിരിക്കുന്നിടത്തോളം കാലം മാത്രമേ പ്രസക്തമാവുന്നുള്ളൂ. എന്നാൽ ഈ വിമർശകർ വിവരിക്കുന്ന,  എതിർക്കുന്ന ആ ആധുനിക അധികാര രൂപങ്ങൾ ഇപ്പോൾ നിലനിൽക്കുന്നില്ലെങ്കിലോ? തകർക്കാൻ അവർ ശ്രമിക്കുന്ന അധികാരം ഇതിനകം അതിന്റെ രൂപം മാറ്റിയിട്ടുണ്ടെങ്കിലോ?..

അവർ ഇന്നും പഴയ പ്രേതങ്ങളോട് പൊരുതുകയാണ്… ഇതിനകം തുറക്കപ്പെട്ട വാതിലുകളിലാണ് അവർ മുട്ടുന്നത്.”

  • മൈക്കൽ ഹാർട്ട് അന്റോണിയോ നെഗ്രി

ഉത്തരാധുനികതയ്ക്കപ്പുറം സഞ്ചരിക്കുന്ന നമ്മുടെ സാമൂഹ്യജീവിതത്തിൽ, ചിന്താചരിത്രത്തിൽ പോസ്റ്റ് പൊസിഷനുകളുടെ അറ്റമില്ലാത്ത സമീപനപദ്ധതികളിൽ   പുതിയ കാലഗവേഷണം ഏത് ദിശയിലായിരിക്കണം ? രീതിശാസ്ത്രാനന്തരതയുടെ ഘട്ടമാണെകിൽ അതിന്റെ രീതിശാസ്ത്രം എന്തായിരിക്കണം? തുടങ്ങിയ ചില ചോദ്യങ്ങളിലൂടെയൊന്ന് സഞ്ചരിക്കാം. അതിനുമുന്നെ ആധുനികോത്തരതയ്ക്ക് എന്തുസംഭവിച്ചു, അനന്തരമെന്ത്  എന്ന അന്വേഷണം പ്രധാനം. രണ്ട് ലക്കങ്ങളിലായി സൈറ്റേഷൻസ് ഈ ആലോചനകളിലൂടെ ക്രമീകരിക്കുന്നു.

ഭാഗം ഒന്ന്

പോസ്റ്റ് മാർക്സിസ്റ്റുകളായ മൈക്കൽ ഹാർട്ടും അന്റോണിയോ നെഗ്രിയും ചേർന്ന് എഴുതിയ ‘എംപയർ’ (Empire) എന്ന പുസ്തകത്തിൽ ഉന്നയിക്കുന്ന, തുടക്കത്തിൽ ചേർത്ത ഈ പ്രധാന ചോദ്യത്തിൽനിന്നു തുടങ്ങാം. ഉത്തരാധുനിക സിദ്ധാന്തങ്ങളുടെ പുതിയ ലോക്രമത്തിലുള്ള പ്രസക്തിയെ മാത്രമല്ല, അതിന്റെ വിപൽസന്ദേശങ്ങളെക്കൂടി വിമർശനത്തിനെടുക്കുന്ന പുസ്തകമാണ് അവർ എഴുതിയ എമ്പറർ. പഴയ കൊളോണിയൽ വിരുദ്ധ പോരാട്ടങ്ങളിൽ നിന്ന് വ്യത്യസ്തമായി, അതിരുകളില്ലാത്ത പുതിയ പരമാധികാരരൂപത്തെ എങ്ങനെ നേരിടാം എന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കം കുറിച്ച ഈ കൃതി പൃറത്തിറങ്ങൂന്നത് രണ്ടായിരത്തിലാണ്. (Hardt, Michael, and Antonio Negri. Empire. Harvard Univ Pr, 2003.)

പോസ്റ്റ് മോഡേൺ ചിന്തകരും പോസ്റ്റ് കൊളോണിയൽ വാദികളും ഇന്നും പഴയ ‘ആധുനിക’ അധികാര രൂപങ്ങളെ (Modern Sovereignty) എതിർക്കുന്ന തിരക്കിലാണെന്നും, എന്നാൽ അധികാരം ഇതിനകം തന്നെ മറ്റൊരു രൂപത്തിലേക്ക് മാറിക്കഴിഞ്ഞു എന്നുമാണ് ഇവർ വാദിക്കുന്നത്.. പോസ്റ്റ് മോഡേൺ ചിന്തകർ ആധുനികതയുടെ ദ്വന്ദ്വയുക്തികളെയും (Binary oppositions), ഏകശിലാരൂപത്തിലുള്ള സ്വത്വങ്ങളെയും (Essentialist identities), കണിശമായ അതിരുകളെയും ആക്രമിക്കുകയാണല്ലോ ചെയ്യുന്നത്. എ ഹാർട്ടും നെഗ്രിയും പറയുന്നത്, ഇന്ന് ‘സാമ്രാജ്യം’ (Empire) തന്നെ ഈ അതിരുകളെയും ദ്വന്ദ്വങ്ങളെയും ഇല്ലാതാക്കി കഴിഞ്ഞു എന്നാണ്. അതായത്  അധികാരം ഇതിനകം ഉപേക്ഷിച്ചു പോയ കോട്ടകളെയാണ് പോസ്റ്റ് മോഡേണിസ്റ്റുകൾ ഇന്നും ആക്രമിച്ചു കൊണ്ടിരിക്കുന്നത്

ആധുനിക പരമാധികാരത്തിന്റെ ലോകം ഒരു ‘മണിക്കേയൻ’ ലോകമാണ്. അവിടെ ആത്മവും അപരനും , വെള്ളക്കാരനും കറുത്തവനും, അകവും പുറവും, ഭരണാധികാരിയും ഭരണീയനും എന്നിങ്ങനെ ദ്വന്ദ്വ വിഭജനങ്ങളുണ്ട്. പോസ്റ്റ്മോഡേണിസ്റ്റ് ചിന്ത ആധുനികതയുടെ ഈ ദ്വന്ദ്വയുക്തിയെ വെല്ലുവിളിച്ചു വികസിച്ചതാണ്.  പഴയ സാമ്രാജ്യത്വത്തിന് ബ്രിട്ടൻ, അമേരിക്ക പോലുള്ള ഒരു നിശ്ചിത കേന്ദ്രമുണ്ടായിരുന്നു. എന്നാൽ ‘എംപയറിന്’ കേന്ദ്രമില്ല; അത് അതിരുകളില്ലാത്തതും ആഗോളതലത്തിൽ വ്യാപിച്ചു കിടക്കുന്നതുമായ ഒരു അധികാര ശൃംഖലയാണ്.

പോസ്റ്റ് മോഡേണിസ്റ്റുകൾ ആധുനികതയ്ക്കെതിരെ  വിമോചനപരമെന്ന് കരുതി മുന്നോട്ടുവെച്ച   പല ആശയങ്ങളും, ഹൈബ്രിഡിറ്റി, ഫ്ലൂയിഡിറ്റി, ഡൈവേഴ്സിറ്റി തുടങ്ങിയവയൊക്കെ  ഇന്ന് സാമ്രാജ്യത്വത്തിന്റെ ഭരണതന്ത്രങ്ങളായി മാറിക്കഴിഞ്ഞു. വിപണിയും കോർപ്പറേറ്റ് മൂലധനവും ഇത്തരം വ്യത്യാസങ്ങളെ ലാഭം കൊയ്യുന്ന ആഘോഷങ്ങളാക്കി മാറ്റുന്നു. ഈ പുതിയ ശത്രു പഴയ ആയുധങ്ങളെ ഭയപ്പെടുന്നില്ലെന്ന് മാത്രമല്ല, അവയിൽ അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുന്നു.

പോസ്റ്റ്മോഡേണിസ്റ്റുകൾ ഉയർത്തുന്ന ദ്രവീകൃതത്വം, വൈവിധ്യം, മിശ്രണം തുടങ്ങിയ ആശയങ്ങൾ കോർപ്പറേറ്റ് മൂലധനത്തിന്റെ ഇന്നത്തെ പ്രത്യയശാസ്ത്രവുമായി കൃത്യമായി ഒത്തുപോകുന്നുണ്ട്. പുതിയ വ്യാപാരശക്തികൾ എപ്പോഴും ദേശാതിരുകളെ തകർക്കാനാണ് ശ്രമിക്കുന്നത്. ആഗോളതലത്തിലാണ് അവരുടെ വിപണി. അവിടത്തെ വ്യത്യാസങ്ങളെ ലാഭത്തിനുള്ള വഴിയായിപുതിയ മൂലധനശലക്തികൾ കാണുന്നു. കമ്പോളത്തിന് ഇന്ന് രാഷ്ട്രങ്ങളുടെ അതിർത്തികൾ വെറും തടസ്സങ്ങളാണ്. റോബർട്ട് റൈഷ് പറയുന്നതുപോലെ ‘ദേശീയ ഉൽപ്പന്നങ്ങൾ’ എന്നൊരു സങ്കല്പം പോലും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ് .

അതുകൊണ്ട് പോസ്റ്റ് മോഡേണിസം എന്നത് ആധുനികതയിൽ നിന്നുള്ള വിമോചനമല്ല, മറിച്ച് ‘എംപയർ’ എന്ന പുതിയ അധികാര രൂപത്തിന്റെ സാംസ്കാരിക ലക്ഷണമാണ് എന്നാണ് ഗ്രന്ഥകർത്താക്കളുടെ വാദം . സാമ്രാജ്യം എങ്ങനെയാണോ അതിരുകളില്ലാതെ, വ്യത്യാസങ്ങളെ ഉൾക്കൊണ്ട് പ്രവർത്തിക്കുന്നത്, അതുപോലെ തന്നെയാണ് പോസ്റ്റ് മോഡേൺ സിദ്ധാന്തങ്ങളും നിലകൊള്ളുന്നത്. അതിനാൽ അവർ അറിയാതെ തന്നെ പുതിയ അധികാര രൂപത്തെ സഹായിക്കുകയാണ് ചെയ്യുന്നത്.

“കൊളോണിയലിസത്തിന്റെ അന്ത്യവും ദേശരാഷ്ട്രങ്ങളുടെ അധികാരം ക്ഷയിക്കുന്നതും ആധുനിക പരമാധികാര മാതൃകയിൽ നിന്ന് സാമ്രാജ്യത്വ പരമാധികാര മാതൃകയിലേക്കുള്ള (imperial sovereignty) പൊതുവായ മാറ്റത്തിന്റെ ലക്ഷണങ്ങളാണ്. 1980-കൾ മുതൽ ഉയർന്നുവന്ന വിവിധ പോസ്റ്റ്മോഡേണിസ്റ്റ്, പോസ്റ്റ്‌കൊളോണിയലിസ്റ്റ് സിദ്ധാന്തങ്ങൾ ഈ മാറ്റത്തിന്റെ ആദ്യകാഴ്ചകൾ നൽകുന്നുണ്ടെങ്കിലും അവ മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാടുകൾ പരിമിതമാണ്. ‘പോസ്റ്റ്-‘ എന്ന ഉപസർഗ്ഗം സൂചിപ്പിക്കുന്നത് പോലെ, ഈ സിദ്ധാന്തങ്ങൾ പഴയ ഭരണരൂപങ്ങളെയും അവയുടെ ആധുനിക കാലത്തെ അവശേഷിപ്പുകളെയും വിമർശിക്കുന്നതിലും അവയിൽ നിന്ന് മോചനം തേടുന്നതിലുമാണ് എപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പോസ്റ്റ്മോഡേണിസ്റ്റുകൾ പലപ്പോഴും ആധുനികതയുടെ ഉറവിടമായ പ്രബുദ്ധതയെ (Enlightenment) ആധിപത്യത്തിന്റെ ഉറവിടമായി കണ്ട് നിരന്തരം അതിലേക്ക് മടങ്ങുന്നു; അതേസമയം പോസ്റ്റ്‌കൊളോണിയലിസ്റ്റ് സിദ്ധാന്തങ്ങൾ കൊളോണിയലിസ്റ്റ് ചിന്താഗതികളുടെ ബാക്കിപത്രങ്ങളെ ചെറുക്കുന്നു.”

“പോസ്റ്റ്മോഡേണിസ്റ്റുകൾക്ക് ആധുനികതയുടെ യുക്തിയെ നിഷേധിക്കുന്നതിൽ വ്യക്തതയുണ്ടെങ്കിലും, അതിൽ നിന്നുള്ള വിമോചനം എങ്ങനെ എന്ന കാര്യത്തിൽ അവർക്ക് ആശയക്കുഴപ്പമുണ്ട്. അവരിന്നും യുദ്ധം ചെയ്യുന്നത് പഴയ നിഴലുകളോടാണ്. സ്വത്വങ്ങളെയും ദ്വന്ദ്വങ്ങളെയും അടിസ്ഥാനമാക്കി അധികാരം പ്രവർത്തിക്കുന്ന ഒരു സാഹചര്യത്തിൽ മാത്രമേ വ്യത്യാസങ്ങളെയും സങ്കര സ്വഭാവത്തെയും കുറിച്ചുള്ള ആഘോഷങ്ങൾ വിമോചനപരമാവുകയുള്ളൂ. എന്നാൽ ഇന്നത്തെ അധികാര രൂപങ്ങൾ ഈ പോസ്റ്റ്മോഡേണിസ്റ്റ് ആയുധങ്ങളാൽ തകർക്കപ്പെടുന്നവയല്ല. എംപയറും അതിരുകൾ പൊളിക്കാനും വ്യത്യാസങ്ങൾകൊണ്ട് കളിയാടാനും ശ്രമിക്കുന്നുണ്ട്. അതിനാൽ നിങ്ങളുടെ വിമോചന തന്ത്രങ്ങൾ പുതിയ അധികാര രൂപങ്ങളെ വെല്ലുവിളിക്കുന്നതിന് പകരം അവയുമായി ഒത്തുചേരുകയും അതിനെ സഹായിക്കുകയും ചെയ്തേക്കാം എന്നതാണ് അപകടം.”

ഹോമി കെ ഭാഭയുടെ സങ്കരത്വമെന്ന ആശയത്തെ അവർ ഉദാഹരിക്കുന്നു. ലോകത്തെ ‘യൂറോപ്പ്/മറ്റുള്ളവർ’  ‘പരിഷ്കൃതർ/പരിഷ്കൃതരല്ലാത്തവർ’ എന്നിങ്ങനെ ദ്വന്ദ്വാത്മകമായി വിഭജിക്കുന്ന അധികാരയുക്തിയെ അദ്ദേഹം തള്ളിക്കളഞ്ഞുകൊണ്ടാണ് അദ്ദേഹം ഈ ആശയം അവതരിപ്പിക്കുന്നത്. (Bhabha, Homi K. The Location of Culture. 2nd ed., Routledge, 2012, https://doi.org/10.4324/9780203820551. )അധിനിവേശകരും  (Colonizer) കോളനിവൽക്കരിക്കപ്പെട്ടവരും (Colonized) തമ്മിലുള്ള ബന്ധം കേവലം അധികാരത്തിന്റേത് മാത്രമല്ല, സാംസ്കാരികമായ ഒരു കൊടുക്കൽ വാങ്ങലിന്റേത് കൂടിയാണ് എന്ന് ഭാഭ സിദ്ധാന്തിക്കുന്നുണ്ട്. ഒരു സംസ്കാരം മറ്റൊരു സംസ്കാരത്തിന് മേൽ പൂർണ്ണമായി അടിച്ചേൽപ്പിക്കപ്പെടുകയല്ല ചെയ്യുന്നത്. പകരം, ഇവ രണ്ടും ചേർന്ന് ഒരു പുതിയ ‘സങ്കര സംസ്കൃതി’ (Hybrid Culture) രൂപപ്പെടുകയാണു ചെയ്യുന്നത്. ‘ശുദ്ധമായ’ സംസ്കാരം എന്നൊന്നില്ല. രണ്ട് സംസ്കാരങ്ങൾ തമ്മിലുള്ള ഈ സംഘർഷത്തിൽ. രണ്ടിന്റെയും അംശങ്ങളുള്ള ഒരു പുതിയ മൂന്നാം ഇടം രൂപപ്പെടുന്നു. ഈ ഇടത്തിൽ വെച്ചാണ് സാംസ്കാരിക സ്വത്വങ്ങൾ നിരന്തരം മാറിക്കൊണ്ടിരിക്കുന്നത്. അവിടെ നിശ്ചിതവും അചഞ്ചമവുമായ അതിരുകളുണ്ടാവില്ല. ഇത് അധികാരത്തിന് വെല്ലുവിളിയാണ്. കോളനിവൽക്കരിക്കപ്പെട്ടവരുടെ അനുകൃതി സ്വത്വം(Mimicry) അധികാരത്തെ അസ്ഥിരപെടുത്തുമെന്നാണ് അദ്ദേഹത്തിന്റെ വാദം.

ഈ കാഴ്ചപ്പാടിന്റെ പരിമിതി ലേഖകർ ചൂണ്ടിക്കാണിക്കുന്നു.

 “അധികാരം ദ്വന്ദ്വരൂപത്തിലൂടെ മാത്രമേ പ്രവർത്തിക്കൂ എന്നാണ് ഭാഭ കരുതുന്നത്. അതുകൊണ്ടാണ് സങ്കര സ്വഭാവത്തിന് (hybridity) അധികാരശ്രേണികളെ തകർക്കാൻ കഴിയുമെന്ന് അദ്ദേഹം പറയുന്നത്. ഇതാണ് പോസ്റ്റ്മോഡേണിസവും പോസ്റ്റ് കൊളോണിയലിസവും സന്ധിക്കുന്ന ഇടം. പഴയ കൊളോണിയൽ പരമാധികാരത്തോട് ഇന്നും യുദ്ധം ചെയ്യുന്നു എന്നതുകൊണ്ട് ഇവർക്ക് സമകാലിക ആഗോള അധികാര രൂപങ്ങളെ തിരിച്ചറിയാൻ സാധിക്കുന്നില്ല. എഡ്വേർഡ് സെയ്ദ് പോലും ഇന്നത്തെ ആഗോള അധികാരത്തെ പഴയ യൂറോപ്യൻ സാമ്രാജ്യത്വത്തിന്റെ ഒരു പകർപ്പായിട്ടാണ് കാണുന്നത്. ‘എംപയർ’ ഒരു പുതിയ ഭരണരൂപമാണെന്ന തിരിച്ചറിവ് ഇല്ലാതെ പോകുന്നത് ഇവിടെയാണ്.”

ആഗോള തലത്തിൽ പടർന്നുകൊണ്ടിരിക്കുന്ന, ഇന്ന് ലോകത്ത് പ്രബലമായ മൗലികവാദങ്ങളെ,  തിരിച്ചുവരുന്ന മധ്യകാല മതാധികാരങ്ങളെക്കുറിച്ചുള്ള ശ്രദ്ധേയമായ ചില നിരീക്ഷണങ്ങൾ അന്നുതന്നെ ലേഖകർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇത് പുതിയ പരമാധികാരക്രമത്തിന്റെ മറ്റൊരു സൂചകമായാണ് അവർ അവതരിപ്പിക്കുന്നത്.

“അടുത്ത കാലത്തായി ഉയർന്നു വന്ന ‘മൗലികവാദങ്ങൾ’ (Fundamentalisms) മറ്റൊരു ലക്ഷണമാണ്. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം ആഗോള സമാധാനത്തിന് ഭീഷണിയായിട്ടാണ് ഇതിനെ  പൊതുവെ ചിത്രീകരിക്കുന്നത്. ഇതിനെ പഴയ കാലത്തിലേക്കുള്ള മടക്കമായി പലരും കാണുന്നുണ്ടെങ്കിലും ഇന്നത്തെ കാലത്തെ ആഗോള മാറ്റത്തോടുള്ള ശക്തമായ വിസമ്മതമാണ് ഇത്എന്നതാണ് യാഥാർത്ഥ്യം .

ഇസ്ലാമിക മൗലികവാദം ആധുനികതയ്ക്ക് വിരുദ്ധമെന്ന നിലയ്ക്ക് പലപ്പോഴും ചിത്രീകരിക്കപ്പെടുന്നു. മതഗ്രന്ഥങ്ങളെയും പുരോഹിതന്മാരെയും കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നുണ്ടെങ്കിലും ഫാസലൂർ റഹ്മാൻ നിരീക്ഷിക്കുന്നതുപോലെ അത് പഴയ സാമൂഹിക രൂപങ്ങളിലേക്കുള്ള മടക്കമല്ല, മറിച്ച് മൗലികമായ ചിന്തയാണ്. അതുപോലെ അമേരിക്കയിലെ ക്രൈസ്തവ മൗലികവാദവും പഴയ ഒരു സുവർണ്ണകാലത്തെ സ്വപ്നം കാണുന്നുണ്ടെങ്കിലും അത് പലപ്പോഴും ടെലിവിഷൻ സീരിയലുകളിലെ മറ്റും സാങ്കൽപ്പികമായ ലോകമാണ്, ഇവ യഥാർത്ഥത്തിൽ പഴയ പാരമ്പര്യത്തിലേക്കുള്ള മടക്കമല്ല, മറിച്ച് ഇന്നത്തെ ലോകത്തോടുള്ള വിയോജിപ്പിനായി നിർമ്മിച്ചെടുത്ത പുതിയ രൂപങ്ങളാണ്.”

ഇന്ത്യയിൽ വളർന്നുകൊണ്ടിരിക്കുന്ന തീവ്രവലതുപക്ഷത്തിനും ഇക്കാര്യത്തിൽ സമാനതയുണ്ട്. ഭാരതീയ വിചാർ മഞ്ചിൽനിന്നുതുടങ്ങി ആഗോളതലത്തിൽ ശൃംഖലകളുള്ള ഹിന്ദുസംഘടനകൾ,  വിവിധ  ബി ജെ പി ഭരണകൂടത്തിന്റെ  സ്വദേശി വത്കരണം, വിദ്യാഭ്യാസനയം, ചരിത്രം മാറ്റിയെഴുതൽ. ഭാഷാപരിവാർ തുടങ്ങിയ എല്ലാ പരിഷ്കരണ ശ്രമങ്ങളിലും അപകോളണീകരന ആശയങ്ങൾ ഒരു കാഴ്ചപ്പാടായി മുന്നോട്ട് വെക്കുന്നുണ്ടല്ലോ. ഇസ്ലാമിക പ്രസ്ഥാനങ്ങളും ആശയപരമായി ഇതേ ചേരിയിലാണ്.

ഈ മൗലികവാദത്തെ ഒരു ‘പോസ്റ്റ്മോഡേൺ’ പ്രോജക്റ്റായി കാണാം എന്നാണ് മൈക്കൽ ഹാർട്ടും അന്റോണിയോ നെഗ്രിയും പറയുന്നത്. പാശ്ചാത്യ ആധിപത്യത്തിന്റെ ആയുധമായ ആധുനികതയെ നിഷേധിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇറാൻ വിപ്ലവത്തെ ലോക വിപണിയോടുള്ള ഒരു പോസ്റ്റ്മോഡേൺ വിപ്ലവമായി കാണാവുന്നതാണ്. ആഗോളീകരണത്തിന്റെ ‘വിജയികൾ’ പോസ്റ്റ്മോഡേണിസത്തെ ആഘോഷിക്കുമ്പോൾ അതിന്റെ ‘ഇരകൾ’ പലപ്പോഴും മൗലികവാദങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നു എന്ന് അവർ നിരീക്ഷിക്കുന്നു.

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന അമേരിക്ക, ഇസ്രയേൽ x ഇറാൻ യുദ്ധത്തിന്റെ സ്വഭാവം നോക്കുക. ഇറാൻ നയിക്കുന്ന ‘പ്രതിരോധത്തിന്റെ അമേരിക്കൻ ആധിപത്യത്തെയും ആഗോള ക്രമത്തെയും വെല്ലുവിളിക്കുന്നത് പണ്ടത്തെപ്പോലെ ‘രാഷ്ട്രങ്ങൾ’ തമ്മിലുള്ള യുദ്ധമായല്ല, മറിച്ച് ഒരു പ്രത്യയശാസ്ത്രപരമായ പോസ്റ്റ്മോഡേൺ പ്രതിരോധമായാണ്. അതുകൊണ്ട് ഇറാന് ആഗോളതലത്തിൽ പ്രതിരോധപ്രസ്ഥാനങ്ങളിൽ സമ്മതിയുണ്ടാവുന്നു. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഇസ്രയേലും ഉൾപ്പെടുന്ന വിഭാഗം ആഗോളീകരണത്തെയും അതിരുകളില്ലാത്ത വിപണിയെയും ആഘോഷിക്കുന്നു. അവർക്ക് ഇത് പുരോഗതിയുടെ അടയാളമാണ്. ഈ ആഗോള ക്രമത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരും തങ്ങളുടെ വിഭവങ്ങൾ ചൂഷണം ചെയ്യപ്പെടുന്നു എന്ന് കരുതുന്നവരും മൗലികവാദപരമായ ആശയങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നു. അവർക്ക് മതം എന്നത് കേവലം വിശ്വാസമല്ല, മറിച്ച് ആഗോള ശക്തികൾക്കെതിരെ പോരാടാനുള്ള രാഷ്ട്രീയ ആയുധമാണ്.  ഗ്രന്ഥകാരന്മാർ നിരീക്ഷിക്കുന്നതുപോലെ പാശ്ചാത്യ ആധുനികതയ്ക്കെതിരെയുള്ള ഒരു ‘പോസ്റ്റ്മോഡേൺ’ പ്രതിരോധമായിട്ടാണ് ഇറാൻ വിപ്ലവം ആരംഭിച്ചതെങ്കിലും, അത് മറ്റൊരു തരത്തിലുള്ള അധീശത്വ (Dominance) ഭരണകൂടമായി പരിണമിച്ചു എന്നതാണ് ഇറാനിൽനിന്നുള്ള ചിത്രം, . പാശ്ചാത്യ ‘സാമ്രാജ്യത്തിന്’ (Empire) പുറത്തുകടക്കാനുള്ള ശ്രമത്തിനിടയിൽ സ്വന്തം ജനതയ്ക്ക് മേൽ കർക്കശമായ നിയമങ്ങളും നിയന്ത്രണങ്ങളും അടിച്ചേൽപ്പിക്കുന്ന ഒരു അധികാര കേന്ദ്രമായി ഇറാൻ ഭരണകൂടം  മാറി എന്ന യാഥാർത്ഥ്യത്തെ മറച്ചുകൂടാ. ഇവിടെയും ഇരകൾ അവിടുത്തെ സാധാരണ ജനങ്ങളാണ്.

ബെനഡിക്ട് ആൻഡേഴ്സന്റെ ‘സാങ്കല്പിക സമൂഹങ്ങൾ’ (Imagined Communities) എന്ന ആശയത്തെ അർജുൻ അപ്പാദുരൈ Disjuncture and Difference in the Global Cultural Economy എന്ന പ്രബന്ധത്തിൽ വികസിപ്പിക്കുന്നുണ്ട്. ( Appadurai, A. (1990). Disjuncture and Difference in the Global Cultural Economy. Theory, Culture & Society, 7(2-3), 295-310.) സമകാലിക ആഗോളവൽക്കരണ കാലത്ത്, മാധ്യമങ്ങളിലൂടെയും മറ്റും മനുഷ്യർ ഒരേസമയം പല ‘കല്പിത ലോകങ്ങളിൽ’ ജീവിക്കുന്നു എന്ന് അദ്ദേഹം പറയുന്നുണ്ട്. ഭാവന (Imagination) എന്നത് ഇപ്പോൾ കേവലം ഒരു ഫാന്റസി മാത്രമല്ല, ഒരു സാമൂഹിക പ്രക്രിയയും (Social Practice) രാഷ്ട്രീയ ആയുധവുമാണ്. മനുഷ്യരും പണവും ആശയങ്ങളും ഒരു പ്രത്യേക ഭൂപ്രദേശത്ത് മാത്രം ഒതുങ്ങിനിൽക്കാതെ അതിരുകൾ കടന്നുപോകുന്ന പ്രതിഭാസത്തെ അതിരുകൾമായ്ക്കൽ (Deterritorialization) എന്നാണ് അപ്പദുരെ വിളിക്കുന്നത് . ഇത് ദേശരാഷ്ട്രങ്ങളുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്നു. ഈ ആഗോള സാംസ്കാരിക പ്രവാഹത്തെ മനസ്സിലാക്കാൻ അപ്പാദുരൈ അഞ്ച് തരം ലാൻഡ്‌സ്‌കേപ്പുകൾ അപ്പാദുരെ അവതരിപ്പിക്കുന്നുണ്ട്.     എത്‌നോസ്‌കേപ്പ് (Ethnoscape): നാടോടികളായ മനുഷ്യരുടെ ലോകം (വിനോദസഞ്ചാരികൾ, കുടിയേറ്റക്കാർ, അഭയാർത്ഥികൾ, അതിഥി തൊഴിലാളികൾ തുടങ്ങി).    ടെക്നോസ്‌കേപ്പ് (Technoscape): അതിർത്തികൾ ഭേദിച്ചുള്ള സാങ്കേതികവിദ്യയുടെ ഒഴുക്ക്.    ഫിനാൻസ്‌സ്‌കേപ്പ് (Financescape): ഓഹരി വിപണികളും കറൻസി ഇടപാടുകളും വഴിയുള്ള ആഗോള മൂലധനത്തിന്റെ അതിദ്രുത വിനിമയം.    മീഡിയസ്‌കേപ്പ് (Mediascape): പത്രങ്ങൾ, ടെലിവിഷൻ, സിനിമകൾ എന്നിവയിലൂടെ നിർമ്മിക്കപ്പെടുന്ന ദൃശ്യങ്ങളുടെയും വിവരങ്ങളുടെയും ലോകം.    ഐഡിയോസ്‌കേപ്പ് (Ideoscape): ജനാധിപത്യം, സ്വാതന്ത്ര്യം, മനുഷ്യാവകാശം തുടങ്ങിയ രാഷ്ട്രീയ ആശയങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും പ്രചാരം എന്നിവയാണവ. ആഗോളവൽക്കരണം ലോകത്തെ ഏകശിലാത്മകമാക്കുന്നു (Homogenization) എന്ന വാദത്തെ അപ്പാദുരൈ എതിർക്കുന്നു., ആഗോളതലത്തിൽ ഒഴുകുന്ന പണം, സാങ്കേതികവിദ്യ, മനുഷ്യർ എന്നിവ ഒരേ വേഗതയിലല്ല ചലിക്കുന്നത്. ഈ വേഗവ്യത്യാസത്തെ അദ്ദേഹം ‘വിച്ഛേദനം’ (Disjuncture) എന്നാണ് വിളിക്കുന്നത്. ഇത് ലോകത്ത് പുതിയ ‘വ്യത്യാസങ്ങൾ’ (Differences) സൃഷ്ടിക്കുന്നുണ്ട്

അപ്പാദുരെ പറയുന്ന ‘സ്കേപ്പുകൾ’ എല്ലാം തന്നെ ദ്രവീകൃതവും നിരന്തരപരിണാമിയുമാണ്. ഹാർട്ടും നെഗ്രിയും വാദിക്കുന്നത് സാമ്രാജ്യം (Empire) ഈ ദ്രവീകൃതത്വത്തിലൂടെയാണ് അധികാരം നിലനിർത്തുന്നത് എന്നാണ്.. മാർക്കറ്റിംഗ് തന്ത്രങ്ങളിൽ പോസ്റ്റ്മോഡേൺ ആശയങ്ങൾ ലാഭത്തിനായാണ് ഉപയോഗിക്കുന്നത്. ഓരോ വിഭാഗം ജനങ്ങളെയും , ഉദാഹരണത്തിന് 18-22 വയസ്സുള്ളവർ 40 പ്ലസ്സ് എന്നിങ്ങനെ  പ്രത്യേക കമ്പോളമായി കണ്ട് അവർക്കായി പ്രത്യേകവിപണിതന്ത്രങ്ങൾ മെനയുന്നു. മാനേജ്‌മെന്റ് മേഖലയിലും പോസ്റ്റ്മോഡേൺ രീതികൾ ഉപയോഗിക്കുന്നുണ്ട്. കമ്പനികൾ കൂടുതൽ ഫ്ലെക്സിബിളും ഹൈബ്രിഡിറ്റി നിലനിർത്തുന്നതുമാവാൻ ശ്രമിക്കുന്നു. ലാഭത്തിനായി ഓരോ വ്യത്യാസത്തെയും ഉപയോഗിക്കുന്ന ‘ഡൈവേഴ്സിറ്റി മാനേജ്‌മെന്റും’ (diversity management) ഇന്ന് പ്രധാനമാണ്.

പോസ്റ്റ്മോഡേൺ സിദ്ധാന്തങ്ങൾ ‘സത്യം’ എന്ന സങ്കല്പത്തെ തന്നെ നിരാകരിക്കുന്നതിലെ അപകടത്തെക്കുറിച്ചും അവർ സൂചിപ്പിക്കുന്നുണ്ട്. ‘സത്യം’ എന്നത് ആപേക്ഷികമാണ് (Relative). ഓരോരുത്തർക്കും ഓരോ സത്യങ്ങളുണ്ട്, സാർവത്രികമായ ഒരു സത്യമില്ല, ആധുനികത (Modernity) മുന്നോട്ടുവെച്ച ശാസ്ത്രീയ സത്യങ്ങളും  ചരിത്രപരമായ സത്യങ്ങളുമൊക്കെ ‘അധികാരത്തിന്റെ ഉപകരണങ്ങളാണ് തുടങ്ങിയ വാദങ്ങൾ ആരെയാണു സഹായിക്കുക എന്നതാണ് പ്രശ്നം.

പോസ്റ്റ്മോഡേൺ സംവാദങ്ങൾ പലപ്പോഴും ഉപരിവർഗ്ഗ ബുദ്ധിജീവികളുടെ വ്യവഹാരമണ്ഡലമാണ്. ലോകത്തെ ഭൂരിഭാഗം ജനങ്ങൾക്കും ഈ ‘ഫ്ലൂയിഡിറ്റിയും ‘ ‘ചലനാത്മകതയുമൊന്നും ‘വിമോചനപരമല്ല, മറിച്ച് ദാരിദ്ര്യം കൊണ്ടും യുദ്ധം കൊണ്ടും നിർബന്ധിതമായി ഉണ്ടായ കഷ്ടപ്പാടുകളാണ്. അവർക്ക് അത്യാവശ്യം സ്ഥിരമായ ഒരിടമാണ് എന്ന് ഗ്രന്ഥകാരന്മാർ ഓർമ്മപ്പെടുത്തുന്നു

“എൻലൈറ്റൻമെന്റ് മുന്നോട്ടുവെച്ച ‘സത്യം’ (truth) എന്ന സങ്കല്പത്തെ പോസ്റ്റ്മോഡേണിസ്റ്റുകൾ വെല്ലുവിളിക്കുന്നുണ്ടെങ്കിലും ചില സാഹചര്യങ്ങളിൽ സത്യം ഒരു വലിയ ആയുധമാണ്. ഉദാഹരണത്തിന് ദക്ഷിണാഫ്രിക്കയിലെ അപ്പാർത്തീഡ് ഭരണകാലത്ത് നടന്ന വംശീയ അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാൻ രൂപീകരിച്ച ട്രൂത്ത്  ആന്റ് റീകൺസീലിയേഷൻ കമ്മീഷനുകൾ പോലുള്ളവ നോക്കുക. അത് ഏകാധിപത്യ ഭരണകാലത്ത് നടന്ന ക്രൂരതകൾ ലോകത്തെ അറിയിക്കാൻ സഹായിച്ചു. അവിടെ സത്യം എന്നത് ദ്രവീകൃതമായ ഒന്നല്ല, മറിച്ച് ഇന്നത്തെ ജനറൽ കൊലപാതകത്തിന് ഉത്തരവാദിയാണെന്ന ഖനീഭവിച്ച യാഥാർത്ഥ്യമാണ്. അതിനാൽ ഡൈവേഴ്സിറ്റിയും ഫ്ലൂയിഡിറ്റിയും മാത്രമായി  വിമോചനം ഉണ്ടാക്കില്ല. സത്യത്തിന്റെ ഉൽപ്പാദനത്തിൽ നിയന്ത്രണം ഏർപ്പെടുത്തുകയാണ്  ശരിക്കും വേണ്ടത്. “

‘പോസ്റ്റ്മോഡേൺ ബുദ്ധിജീവികൾക്ക് ‘സത്യം വെറും ഒരു സങ്കല്പമാണ്’ എന്ന് വാദിക്കുന്നത് ആസ്വാദ്യകരമായ ബൗദ്ധിക വ്യായാമമായിരിക്കാം. എന്നാൽ ലോകത്തിലെ ദരിദ്രർക്ക് അത് അവർ അനുഭവിക്കുന്ന യാഥാർത്ഥ്യമാണ്. അവർക്ക് നീതി ലഭിക്കണമെങ്കിൽ സത്യം നിലനിൽക്കണം’  – പുസ്തകം വാദിക്കുന്നു.

പുസ്തകാവസാനത്തിലെത്തുമ്പോൾ ശക്തമായ ഇടതുപക്ഷ രാഷ്ട്രീയത്തിലേക്ക്  അവരുടെ ചീന്താപദ്ധതി ചെന്നെത്തുന്നുണ്ട്. അവർ എഴുതുന്നു “എല്ലാ കാലത്തും മാറ്റമില്ലാതെ തുടരുന്ന സാമൂഹിക വിഭാഗമാണ് ദരിദ്രർ. അവരെ പലപ്പോഴും നിഷേധാത്മകമായ രീതിയിലാണ് നിർവചിക്കുന്നത്. എന്നാൽ ദരിദ്രർ വെറും അടിച്ചമർത്തപ്പെട്ടവരല്ല, മറിച്ച് ജീവിക്കുന്നവരും അസ്ഥിരതയുടെ സാക്ഷ്യപത്രങ്ങളുമാണ്. മാക്കിയവെല്ലി നിരീക്ഷിച്ചതുപോലെ ദരിദ്രർക്ക് പ്രവാചക തുല്യമായ ഒരു ശേഷിയുണ്ട്. അവർ മാത്രമാണ് കഷ്ടപ്പാടുകൾക്കിടയിലും ലോകത്തെ പുതുക്കാൻ കഴിവുള്ളവർ.

ഇന്ന് ദരിദ്രർ വെറും നിസ്സഹായരായ ഇരകളല്ല, അവർ ഉൽപ്പാദനക്ഷമതയുള്ളവരാണ്. ലോകത്തിന്റെ ഓരോ കോണിലും ദരിദ്രരുടെ ജീവിതം ക്രിയാത്മകമായ ആഗ്രഹങ്ങളാൽ ഭൂമിയെ വലയം ചെയ്യുന്നു. മാർക്സ് വിശേഷിപ്പിച്ച പക്ഷികളെപ്പോലെ സ്വതന്ത്രർ (bird free – Vogelfrei) എന്ന പ്രയോഗം ദരിദ്രരുടെ ഈ സ്വാതന്ത്ര്യത്തെ കാണിക്കുന്നു. പോസ്റ്റ്മോഡേൺ കാലത്ത് ദരിദ്രർ രാഷ്ട്രീയത്തിന്റെയും ഉൽപ്പാദനത്തിന്റെയും കേന്ദ്രസ്ഥാനത്തേക്ക് വന്നിരിക്കുകയാണ്. ചാപ്ലിൻ സിനിമകളിലെ ദരിദ്രന്റെ ചിരി വിമോചനത്തിന്റെ പ്രഖ്യാപനമാണ്.

ഭാഗം രണ്ട്

അറിവും അനുഭവവും തമ്മിലുള്ള പരമ്പരാഗതമായ വിഭജനത്തെ ഇല്ലായ്മ ചെയ്തത് പോസ്റ്റ്മോഡേണിസമാണെന്ന് സ്റ്റീവൻ കോണർ ‘Postmodernist Culture: An Introduction to Theories of the Contemporary എന്ന പുസ്തകത്തിൽ നിരീക്ഷിക്കുന്നുണ്ട്. (Connor, Steven. Postmodernist Culture: An Introduction to Theories of the Contemporary. Wiley-Blackwell.)”ജീവിതം അനുഭവിക്കുമ്പോൾ നമുക്ക് അതിനെ ഭാഗികമായി മാത്രമേ മനസ്സിലാക്കാൻ കഴിയൂ എന്നും, ജീവിതത്തെ മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ നമ്മൾ യഥാർത്ഥത്തിൽ അത് അനുഭവിക്കുന്നില്ല എന്നുമുള്ള വിശ്വാസത്തിലാണ് ഈ വിഭജനം നിലനിൽക്കുന്നത്. എന്നാൽ കഴിഞ്ഞ ഇരുപത് വർഷങ്ങളിലായി തത്ത്വചിന്തയിലും സാമൂഹിക ശാസ്ത്രത്തിലും ഉണ്ടായ വിമർശനാത്മക സിദ്ധാന്തങ്ങൾ ഈ വിഭജനത്തെ സംശയത്തോടെയാണ് കാണുന്നത്. കാരണം, നമ്മുടെ അനുഭവങ്ങൾ പലപ്പോഴും നമ്മൾ മുൻകൂട്ടി മനസ്സിലാക്കിവെച്ചിട്ടുള്ള അറിവുകളുടെയും വ്യാഖ്യാന ഘടനകളുടെയും അടിസ്ഥാനത്തിലാണ് രൂപപ്പെടുന്നത്.” പോസ്റ്റ് മോഡേണിസത്തിലെ നിരീക്ഷണകേന്ദ്രത്തിന്റെ സവിശേഷതയും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്.“ വർത്തമാനകാലത്തെ നമ്മുടെ സമകാലിക സ്വത്വങ്ങളെ മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ, സുരക്ഷിതമായി അകന്നുനിൽക്കുന്ന നിരീക്ഷണ കേന്ദ്രങ്ങളൊന്നുമില്ല. നമ്മൾ വിശകലനം ചെയ്യാൻ ശ്രമിക്കുന്ന ആ നിമിഷത്തിൽ തന്നെയാണ് നമ്മളും ജീവിക്കുന്നത്” പോസ്റ്റ്മോഡേണിസവുമായി ഇടപഴകുമ്പോൾ അതൊരു വേറിട്ട നിരീക്ഷണമാണെങ്കിലോ അല്ലെങ്കിൽ എത്ര ശത്രുതാപരമായ വിമർശനമാണെങ്കിലോ കൂടി , അതിന്റെ തന്നെ ഭാഗമായി മാറുക എന്ന അവസ്ഥയുണ്ട് എന്നത് ഉത്തരാധുനികതയെക്കുറിച്ചുള്ള പഠനങ്ങളെ സങ്കീർണ്ണമാക്കുന്നു എന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു. “പോസ്റ്റ്മോഡേണിസത്തെക്കുറിച്ചുള്ള വിമർശനാത്മക ചർച്ചകൾ തന്നെയാണ് പോസ്റ്റ്മോഡേണിസത്തെ നിർമ്മിക്കുന്നത്” എന്നാണദ്ദേഹത്തിന്റെ വാദം. പോസ്റ്റ് മോഡേണിസത്തോടുള്ള വിമർശന പദ്ധതികളെ, അതിനുശേഷമുണ്ടായ പോസ്റ്റ് പോസ്റ്റ് ധാരകളെ സമീപിക്കുമ്പോൾ സുപ്രധാനമായ ഒരു കാര്യം ഇതാണ്.

കോണർ ഈ പുസ്തകത്തിൽ പോസ്റ്റ്മോഡേണിസത്തിന്റെ വികാസത്തെ പ്രധാനമായും നാല് ഘട്ടങ്ങളായാണ് തിരിക്കുന്നുണ്ട്.

  1. ശേഖരണം (Accumulation – 1970കൾ): ഈ ആദ്യ കാലഘട്ടത്തിൽ വാസ്തുവിദ്യ, സാഹിത്യം തുടങ്ങി വിവിധ മേഖലകളിൽ ഉത്തരാധുനിക പ്രവണതകൾ കണ്ടെത്തുകയും അവയെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ ശ്രമിക്കുകയും ചെയ്തു. ഐഹാബ് ഹസ്സൻ (Ihab Hassan), ചാൾസ് ജെങ്ക്സ് (Charles Jencks) തുടങ്ങിയവരാണ് ഇതിന് തുടക്കമിട്ടത്.
  2. സമന്വയം (Synthesis – 1980കൾ): ഈ ഘട്ടത്തിൽ വിവിധ ആശയങ്ങളെ കോർത്തിണക്കി ഡാനിയൽ ബെല്ലിനെയും ജീൻ ബോദ്രിയാർഡിനെയും പോലുള്ളവർ ഇതിനെ ഉപഭോക്തൃ സമൂഹത്തിന്റെ (Consumer Society) വലിയൊരു സൈദ്ധാന്തിക ഫ്രെയിം വർക്കിലേക്ക് മാറ്റി.
  3. സ്വയംഭരണം (Autonomy – 1990കൾ): ഉത്തരാധുനികത ഒരു സ്വതന്ത്രമായ പഠനമേഖലയായി മാറി. പോസ്റ്റ് കൊളോണിയലിസം, സ്വത്വരാഷ്ട്രീയം തുടങ്ങിയവ ഇതിൽ നിന്ന് ഊർജ്ജമുൾക്കൊണ്ട് വളർന്നു.
  4. വ്യതിചലനം (Dissipation – 2000കൾക്ക് ശേഷം): കോണറുടെ നിരീക്ഷണത്തിൽ, ഒരു പരിധി കഴിഞ്ഞപ്പോൾ ഉത്തരാധുനികതയുടെ ആവേഗം കുറഞ്ഞ്, അത് ഡിജിറ്റലൈസേഷൻ (Digitalization) പോലെയുള്ള പുതിയ പ്രതിഭാസങ്ങളുമായി ചേർന്ന് പലതായി ചിതറി (Dissipation).

വൈവിധ്യം വേണം എന്ന് നിർബന്ധിക്കുന്നതിലൂടെ പോസ്റ്റ്മോഡേണിസം തന്നെ അതൊരു സാർവത്രിക നിയമമായി (Universal Rule) മാറ്റുന്നു എന്ന വിമർശനം അദ്ദേഹം ഉന്നയിക്കുന്നുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള വ്യത്യസ്ത ചിന്താധാരകളെ ഒരൊറ്റ തിയറി എന്ന ചട്ടക്കൂട്ടിലേക്ക് ഒതുക്കുകയും ചെയ്തു എന്ന പ്രശ്നം കൂടി അദ്ദേഹം ഉന്നയിക്കുന്നുണ്ട്. മുമ്പ് പരസ്പരം ബന്ധമില്ലാതിരുന്ന ഈ പഠനശാഖകളെയെല്ലാം (ഫ്രഞ്ച്-ചെക്ക് സ്ട്രക്ചറലിസം, റഷ്യൻ ഫോർമലിസം, ജർമ്മൻ ഹെർമെന്യൂട്ടിക്സ്, സ്വിസ് ഫിനോമിനോളജി, ആംഗ്ലോ-സാക്സൺ എംപിരിസിസം, അമേരിക്കൻ ന്യൂ ക്രിട്ടിസിസം..) 1970-കളിലെയും 1980-കളിലെയും സൈദ്ധാന്തിക ചർച്ചകൾ ഒരൊറ്റ സമ്പൂർണ്ണ ഭാഷയുടെ (complete language) ഭാഗമാക്കി മാറ്റിയെന്നും, ഇതിലൂടെ വൈവിധ്യത്തിന്റെ പേരിൽ ഒരു പുതിയതരം അക്കാദമിക ഏകീകരണം (containment and uniformity) ഉണ്ടായി എന്നുമാണ് അദ്ദേഹത്തിന്റെ വിമർശനം.

ഒരുകാലത്ത് ശക്തമായി, വ്യക്തമായ ദിശയിൽ  ഒഴുകിയിരുന്ന് ഒരു മഹാനദിയായിരുന്നു പോസ്റ്റ്മോഡേണിസം. എന്നാൽ 1990-കളോടെ അതിന്റെ വേഗത കുറയുകയും സ്തംഭനാവസ്ഥയിലാവുകയും ചെയ്തു. ഇന്ന് ആ വലിയ നദി പലവഴിക്ക് ഒഴുകുന്ന ചെറിയ അരുവികളായി വിഭജിക്കപ്പെട്ട് ഒരു ‘ഡെൽറ്റ’ (Delta) രൂപപ്പെട്ടിരിക്കുന്നു എന്ന് കോണർ നിരീക്ഷിക്കുന്നുണ്ട്. പോസ്റ്റ്മോഡേണിസം എന്ന ഒറ്റ ആശയത്തിന് പകരം അത് പലതായി ചിതറിക്കിടക്കുന്ന അവസ്ഥയിലെത്തിയതിനെ ഇത്തരമൊരു രൂപകഭാഷയിൽ അവതരിപ്പിക്കുകയാണ് കോണർ ചെയ്യുന്നത്. പോസ്റ്റ്മോഡേണിസത്തിന്റെ ഭാവിയെക്കുറിച്ച് കൃത്യമായി പ്രവചിക്കാൻ കഴിയില്ലെന്ന് കൊണർ പറയുന്നു. പല സൈദ്ധാന്തികരും പിൻവാങ്ങിക്കഴിഞ്ഞു, മറ്റു ചിലർ മൃതപ്രായമായ പോസ്റ്റ്മോഡേണിസത്തിന്റെ ആശയങ്ങളെ പുതിയ ദിശകളിലേക്ക് കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്.

പോസ്റ്റ്മോഡേണിസത്തിന്റെ തകർച്ചയ്ക്ക് ശേഷം അതിലെ ആശയങ്ങളെ പുതിയ കാലഘട്ടത്തിനനുസരിച്ച് മാറ്റിയെഴുതുന്നതിനുള്ല വിവിധ ശ്രമങ്ങളെ സാമാന്യമായി പോസ്റ്റ് പോസ്റ്റ് മോഡേണിസമെന്ന് സംജ്ഞാകരണം  ചെയ്യാം. അവയിൽ ചില ചിന്താധാരകളെ ഒന്ന് സൂചിപ്പിക്കാം.

ഹൈപ്പർ മോഡേണിസം (Hypermodernism) ഗില്ലെസ് ലിപ്പോവെറ്റ്സ്കി മുന്നോട്ട് വെച്ച സംജ്ഞയാണ്. (Lipovetsky, Gilles, et al. Hypermodern Times: The Social Democratic Alternative to the Washington Consensus. Polity Pr, 2005.) ആധുനികതയുടെ അന്ത്യം പ്രഖ്യാപിക്കുക എന്നതായിരുന്നു ഉത്തരാധുനികതയുടെ ലക്ഷ്യമെങ്കിൽ, ആധുനികത അവസാനിച്ചിട്ടില്ലെന്നും മറിച്ച് അത് അതിന്റെ ഏറ്റവും തീവ്രമായ അവസ്ഥയിലേക്ക് (consummation) കടക്കുകയാണുണ്ടായതെന്നും അദ്ദേഹം വാദിക്കുന്നു. നാം ആധുനികതയെ ഉപേക്ഷിച്ചിട്ടില്ല, മറിച്ച് അതിന്റെ ഏറ്റവും തീവ്രമായ അവസ്ഥയിലാണ് ഇപ്പോൾ ജീവിക്കുന്നത്. അനിയന്ത്രിതമായ ഉപഭോക്തൃപരതയും  (hyper-consumerism) അതിതീവ്രമായ വ്യക്തിവാദവുമാണ് ഹൈപ്പർ മോഡേണിസത്തിന്റെ മുഖമുദ്ര. എല്ലാം അതി വേഗത്തിലാകുന്ന, നിരന്തരം മാറിക്കൊണ്ടിരിക്കുന്ന  ഇന്റർനെറ്റിലൂടെ സൃഷ്ടിക്കപ്പെട്ട  ഉപഭോക്തൃ സംസ്കാരമാണിത്.

സൗന്ദര്യാത്മകവും ദാർശനികവും രാഷ്ട്രീയവുമായ മേഖലകളിൽ ഉത്തരാധുനികത കൊണ്ടുവന്ന ഉദാരവൽക്കരണ ശ്രമങ്ങളെ കമ്പോളശക്തികളുടെ അനിയന്ത്രിതമായ യുക്തി മറികടക്കുന്നതാണ് ഹൈപ്പർ മോഡേണിസത്തിൽ നാം കാണുന്നത്.. ഇതിന്റെ ഫലമായി സമൂഹത്തിൽ അനിയന്ത്രിതമായ ഉപഭോക്തൃതൃഷ്ണ ഉടലെടുത്തു. അതിതീവ്ര-വ്യക്തിവാദവും അതിതീവ്ര-ഉപഭോഗാസക്തിയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളായി മാറുന്നു.

ഇതൊരു കേവലമായ വർത്തമാനകാലം മാത്രമല്ല. മറിച്ച് ഭൂതകാലത്തെ നിരന്തരം കുഴിച്ചെടുക്കുകയും ‘പുനർനിർമ്മിക്കുകയും’ ചെയ്യുന്ന ഒരു വിരോധാഭാസം കലർന്ന  വർത്തമാനകാലമാണ്. ഹൈപ്പർമോഡേൺ കാലഘട്ടം മനുഷ്യരിൽ വലിയ അരക്ഷിതാവസ്ഥയും, വഴികാട്ടികളുടെ അഭാവവും, സാമൂഹിക ബന്ധങ്ങളുടെ തകർച്ചയും സൃഷ്ടിക്കുന്നു. പഴയ കാലത്തെ മതേതര ആശയങ്ങളിൽ അവർക്ക് വിശ്വാസം നഷ്ടപ്പെടുന്നു. അരക്ഷിതാവസ്ഥയെ മറികടക്കാൻ മതപരമായ വിശ്വാസങ്ങളും ആചാരങ്ങളും ഈ കാലഘട്ടത്തിൽ കൂടുതൽ ശക്തിയോടെ പുനരുൽപ്പാദിപ്പിക്കപ്പെടുന്നു. ഒരു പുതിയത്രം മതബോധമായിക്കൂടി(meta-religiosity ) വെളിപ്പെടുന്നുണ്ട്. ആധുനിക കാലത്ത് തൊഴിലാളികളുടെ ‘സമയ ചൂഷണത്തെ’ കുറിച്ചായിരുന്നു പ്രധാന വിമർശനമെങ്കിൽ, ഹൈപ്പർമോഡേൺ കാലത്ത് എല്ലാവർക്കും “സമയം തീരെ കിട്ടുന്നില്ല” എന്നതാകുന്നു പ്രശ്നം.  ക്രോണോ റിഫ്ലെക്സിവിറ്റിയുടെ കാലമാണിത്. നിരന്തരം റീഡിസൈൻൻ ചെയ്യാൻ, പുതുക്കാൻ ശ്രമിക്കുന്നനവരുടെ കാലം. സാമൂഹ്യ  മാധ്യമങ്ങളുടെ സ്വാധീനത്താൽ വ്യക്തികളിൽ ആത്മാവിഷ്കാരവും ആത്മബോധവും വളരെയധികം വർദ്ധിക്കുന്ന കാലം. ഭാവി മുൻകൂട്ടി കാണാൻ കഴിയാത്തതിനാൽ മനുഷ്യർ എപ്പോഴും പ്രതികരിക്കാൻ സജ്ജരായവരും മാറ്റങ്ങൾക്ക് വിധേയമാവാൻ തയ്യാറുള്ളവരുമായി മാറുന്ന കാലം. “ “ഇന്നത്തെ ഹൈപ്പർമോഡേൺ വ്യക്തി ഒരേസമയം കൂടുതൽ സ്വതന്ത്രനും എന്നാൽ കൂടുതൽ പരാശ്രയനുമാണ്; അയാൾക്ക് മുമ്പത്തേക്കാൾ കൂടുതൽ അറിവുകളുണ്ട്, എന്നാൽ മുമ്പത്തേക്കാൾ കൂടുതൽ ദിശാബോധം നഷ്ടപ്പെട്ടിട്ടുമുണ്ട്. എല്ലാം സ്വന്തമായി തിരഞ്ഞെടുക്കാൻ അവന് ഇന്ന് സ്വാതന്ത്ര്യമുണ്ട്, എന്നാൽ ആ സ്വാതന്ത്ര്യം തന്നെ അവനെ കൂടുതൽ ഉത്കണ്ഠാകുലനാക്കുന്നു.”

പ്രശസ്ത ഫ്രഞ്ച് ക്യൂറേറ്ററും കലാവിമർശകനുമായ നിക്കോളാസ് ബൂറിയോഡ് 2009-ൽ ആൾട്ടർമോഡേണിസം (Altermodernism) എന്ന  ആശയം അവതരിപ്പിക്കുകയുണ്ടായി. (Bourriaud, Nicolas, editor. Altermodern: Tate Triennial 2009. Tate, 2009.) ഉത്തരാധുനികതയുടെ അന്ത്യത്തിൽ നിന്നാണ് അൾട്ടർമോഡേണിസം എന്ന ആശയം ആരംഭിക്കുന്നത്. ലാറ്റിൻ ഭാഷയിലെ ‘അൾട്ടർ’ (alter – മറ്റൊന്ന്/വ്യത്യസ്തമായത്) എന്ന വാക്കിൽ നിന്നാണ് ഇതിന്റെ ഉത്ഭവം. ഒരൊറ്റ പാതയ്ക്ക് പകരമുള്ള നിരവധി ബദൽ സാധ്യതകളെ ഇത് സൂചിപ്പിക്കുന്നു. ആഗോളീകരണത്തിന്റെ സാമ്പത്തിക ഏകീകരണത്തിനെതിരെയുള്ള പ്രാദേശിക ചെറുത്തുനിൽപ്പുകളെ സൂചിപ്പിക്കുന്ന അൾട്ടർഗ്ലോബലൈസേഷൻ എന്ന ആശയവുമായും ഇതിന് ബന്ധമുണ്ട്.

പോസ്റ്റ്മോഡേണിസം എന്നത് സ്വന്തം വേരുകളെ കുറിച്ചുള്ള അമിതമായ ഉത്കണ്ഠയിൽ നിന്നാണ് വളർന്നത്. സാംസ്കാരിക സ്വത്വങ്ങളിലേക്ക് മനുഷ്യരെ ചുരുക്കിക്കെട്ടുന്ന ഒരു പ്രവണതയും അതിലുണ്ടായിരുന്നു. എന്നാൽ അൾട്ടർമോഡേണിസം ഈ പഴയകാല മൾട്ടികൾച്ചറലിസത്തിൽ നിന്നും കുതിച്ചുചാടി, ആധുനികതയുടെയും പോസ്റ്റ്-കൊളോണിയലിസത്തിന്റെയും ഒരു പുതിയ ഉദ്ഗ്രഥനം ലക്ഷ്യമാക്കുന്നു. ലോകമെമ്പാടുമുള്ള സാംസ്കാരിക സംവാദങ്ങളിലൂടെ രൂപപ്പെടുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പുതിയൊരു ആധുനികതയാണിത്.

സാങ്കേതികവിദ്യയുടെയും ആഗോളവൽക്കരണത്തിന്റെയും ഫലമായി ലോകം മുഴുവൻ ഒരു ശൃംഖലയായി മാറിയ ഇന്നത്തെ അവസ്ഥയെയാണ് ഇത് സൂചിപ്പിക്കുന്നത്. പഴയ പോസ്റ്റ്മോഡേണിസം പാശ്ചാത്യ രാജ്യങ്ങളെ കേന്ദ്രീകരിച്ചുള്ളതായിരുന്നുവെങ്കിൽ, ആൾട്ടർമോഡേണിസം വ്യത്യസ്ത സംസ്കാരങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിലൂടെയും വെങ്കലീകരണത്തിലൂടെയും (Creolization) ഉണ്ടാകുന്ന ഒരു ആഗോള പ്രതിഭാസമാണ് എന്ന് അദ്ദേഹം പറയുന്നു. ‘ ഇരുപതാം നൂറ്റാണ്ടിലെ ആധുനികത വലിയ ‘വൻകര’ (continental) പോലെയായിരുന്നുവെങ്കിൽ, അൾട്ടർമോഡേണിസം ഒരു ‘ദ്വീപസമൂഹം’ (archipelago) പോലെയാണ് നിലകൊള്ളുന്നത്. ഒരു കേന്ദ്രത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ, ലോകമെമ്പാടുമുള്ള സംസ്കാരങ്ങളുടെ വൈവിധ്യത്തെയും അവ തമ്മിലുള്ള ആശയവിനിമയ ശൃംഖലയെയും (constellation of ideas) ഇത് പ്രതിനിധീകരിക്കുന്നു. ശൃംഖലാധിഷ്ഠിതമായ ഒരു ‘ദ്വീപസമൂഹ’ ആധുനികതയെ വിഭാവനം ചെയ്യുന്നു എന്നു പറയാം. അത് സർവത്രികതയെ അല്ല മുന്നോട്ടുവെക്കുന്നത്

കലാകാരന്റെ സ്വത്വത്തിനും അതിൻപടി മാറ്റങ്ങളുണ്ടാവുന്നു. അൾട്ടർമോഡേൺ കാലത്തെ കലാകാരൻ ഒരു സാംസ്കാരിക നാടോടിയാണ് (cultural nomad). ഈ നാടോടി സ്വഭാവം പ്രധാനമായും മൂന്ന് തരത്തിലാണ് സംഭവിക്കുന്നത്: സ്ഥലത്തിലൂടെയുള്ള സഞ്ചാരം, കാലത്തിലൂടെയുള്ള സഞ്ചാരം, ചിഹ്നങ്ങളിലൂടെയുള്ള (signs) സഞ്ചാരം. പുതിയ കാലത്തെ കലാനിർമ്മിതി കേവലം ഒരിടത്ത് നിൽക്കുന്ന വസ്തുവല്ല, മറിച്ച് പലയിടങ്ങളിലൂടെയുള്ള സഞ്ചാരമോ ശൃംഖലയോ (circuit/network) ആയി മാറുന്നു. ചിഹ്നങ്ങളും രൂപങ്ങളും ഓർമ്മകളും ലോകത്തിന്റെ ഒരറ്റത്തുനിന്നും മറ്റൊരിടത്തേക്ക് നിരന്തരം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന പ്രക്രിയയെ ബൂറിയോഡ്  സഞ്ചാരിത്വം ‘viatorisation’ എന്ന് വിളിക്കുന്നു (viator എന്ന ലാറ്റിൻ വാക്കിനർത്ഥം സഞ്ചാരി എന്നാണ്). ചരിത്രപരമായ ഓർമ്മകൾ ഇന്ന് വെറുമൊരു നെറ്റ് വർക്ക് രൂപത്തിൽ മാത്രമേ നിലനിൽക്കുന്നുള്ളൂ.

ആധുനികതയുടേതുപോലെ രേഖീയമായ സമയമോ, പോസ്റ്റ്മോഡേണിസത്തിന്റേതുപോലെ മരവിച്ചതോ ലൂപ്പിൽ കിടക്കുന്നതോ ആയ സമയമോ അല്ല അൾട്ടർമോഡേണിസത്തിനുള്ളത്. ഭൂതകാലവും വർത്തമാനവും ഭാവിയും ഒന്നിച്ചുചേരുന്ന, സങ്കീർണ്ണമായ ബഹുവിധ സമയക്രമങ്ങളെ – ഹെറ്ററോക്രോണിയെ  (heterochrony) ഇത് ഉൾക്കൊള്ളുന്നു. സമയത്തെയും ഇടത്തെയും കുറിച്ചുള്ള ഡിസ് ഓറിയന്റേഷൻ ഇതിന്റെ സ്വാഭാവികതയാണ്.

ദ്വീപസമൂഹം അമൂർത്തമായ സത്തയാണ് പൊതുവായ ഒരു പേരില്ലായിരുന്നുവെങ്കിൽ അവ വെറുതെ ചിതറിക്കിടക്കുന്ന കുറേ ദ്വീപുകൾ മാത്രമായി മാറുമായിരുന്നു; അവയെ ഒരുമിപ്പിക്കുന്ന ഒരു തീരുമാനത്തിൽ നിന്നാണ് അതിന് ഏകത്വം ഭവിക്കുന്നത്.

ഡിജിറ്റൽ സാങ്കേതികവിദ്യയും പാഠാത്മകതയും (textuality) കൂടിച്ചേരുന്ന പുതിയ സാംസ്കാരികാവസ്ഥയെ കാണിക്കാൻ അലൻ കിർബി അവതരിപ്പിച്ച സങ്കല്പനമാണ് ഡിജി മോഡേണിസം. (Kirby, Alan. Digimodernism: How New Technologies Dismantle the Postmodern and Reconfigure Our Culture. 1st edition, Continuum, 2009.)

എല്ലാം ബിഗ് ഡാറ്റയിലേക്ക് സന്നിവിശേക്കിപ്പടുന്ന ഡിജിറ്റൽ ഹ്യുമാനിറ്റീസിന്റെ ഒരു കാലത്താണ് ഡിജിമോഡേണിസം എന്ന പ്രതിഭാസമുണ്ടാവുന്നത്. ബിഗ്ഗ് ഡാറ്റ അൽഗോരിതങ്ങൾ, ഗൂഗിൾ സെർച്ച് എഞ്ചിനുകൾ ഡിജിറ്റൽ ആർക്കൈവുകൾ, റിയൽ ടൈം സ്റ്റ്രീമുകൾ സോഷ്യൽ നെറ്റ് വർക്കുകൾ ഇവയുടെ കാലത്ത്സംസ്കാരം സമൂഹം അവയുടെ വ്യവഹാരസ്വഭാവം എല്ലാം വിപുലമായ മാറ്റങ്ങൾക്ക് വിധേയമായി. അച്ചടിപാഠങ്ങളെ കേന്ദ്രീകരിച്ചുള്ള സാമ്പ്രദായിക ഹ്യുമാനിറ്റീസ്  സാഹിത്യ സമീപനങ്ങൾകൊണ്ട് പുതിയ സംസ്കാരത്തെ സാഹിത്യവ്യവഹാരങ്ങളെ പഠിക്കാനാവില്ല.

ഡിജിമോഡേണിസ്റ്റിന്റെ പ്രധാനമായ ഊന്നൽ ഡിജിറ്റൈസേഷൻ സാഹിത്യത്തിന്റെ പാഠപരതയിൽ സൃഷ്ടിച്ച മാറ്റങ്ങളിലാണ്. സദാഗതിയായ (onwardness),,  ക്ഷണഭംഗുരത്വമുള്ള (evanescence )  ക്രമികഘടനയില്ലാത്ത (haphazardness) അജ്ഞാതകവും (anonymous), സാമൂഹികവും social ബഹുരൂപിയുമായ (multiple)  കർതൃത്വമുള്ള പാഠമാണ് കമ്പ്യൂട്ടറൈസേഷൻ സൃഷ്ടിച്ചത്. പ്രകടിത യാഥാർത്ഥ്യം ( apparent reality) , ശിശുത്വം (infantilism), ആത്മാർത്ഥത(earnestness)  അന്ത്യമില്ലായ്മ (endlessness) തുടങ്ങിയ ഡിജിമോഡേണിസ്റ്റ് സവിശേഷതകളെ സൃഷ്ടിച്ചത് ഈ പുതു പാഠപരതയാണ്. ഡിജിമോഡേണിസത്തിന്റെ യഥാർത്ഥസ്വഭാവം വായനക്കാരന് അല്ലെങ്കിൽ ഉപയോക്താവിന് പാഠത്തിൽ നേരിട്ട് ഭൗതികമായിത്തന്നെ ഇടപെടാൻ കഴിയുന്നു എന്നതാണ്. അയാൾക്ക് പാഠങ്ങളെ വികസിപ്പിക്കാനോ ആഖ്യാനത്തിൽ കൂട്ടിചേർക്കലുകൾ നടത്താനോ ആവുന്നു. ഓഥറും റീഡറും ചേർന്ന ഒരു പുതുകർതൃത്വം സാധ്യമാക്കുന്നു. ( Wreader)  ഹൈപ്പർ ടെക്സ്റ്റ് ഫിക്ഷനിൽ ഇടപെടുന്ന വായനക്കാരനെ ഉദ്ദേശിച്ച് ജോർജ്ജ് ലാന്റോ ആണ് ഈ പദം കോയിൻ ചെയ്തത്. 

ഡിജിറ്റൽ മോഡേണിസത്തിന്റെ ചുരുക്കിക്കെട്ടാണ് ഡിജിമോഡേണിസം എന്ന സംജ്ഞ. ഡിജിറ്റൽ സാങ്കേതികതയും പാഠപരതയും സംഗമസ്ഥാനമാണത്. കീബോഡിങ്ങും ക്ലിക്കുകളും അമർത്തലുകളും  കൊണ്ട് നിർമ്മിക്കുന്ന കലക്റ്റീവ് പാഠവിപുലനമാണവിടെ സംഭവിക്കുന്നത്. 

ഡിജി മോഡേണിസം പോസ്റ്റ് മോഡേണിസത്തിന്റെ പിന്തുടർച്ചയാണ്. ആന്റീ പോസ്റ്റ് മോഡേണിസമല്ല. ആദ്യഘട്ടത്തിൽ അത് ക്ഷീണിതാവസ്ഥയിലുള്ള പോസ്റ്റ് മോഡേണിസത്തിനൊപ്പം സഹവർത്തിച്ചിട്ടുണ്ട്. രണ്ടിന്റെയും മിശ്രണം ഹാരിപോട്ടർ പോലുള്ള  പല കൃതികളിലും കാണാം. ബോർഡർലൈനിലാണ് പലതിന്റെയും നില.

ഡിജിമോഡേണിസ്റ്റ് ആദിഘട്ടം എന്നുവിളിക്കാവുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദിദശകം പോസ്റ്റ് മോഡേണിസ്റ്റ് ആശയങ്ങൾ ഏറെ സ്വാധീനിക്കപ്പെട്ടതായിരുന്നു ഉദാഹരണത്തിന് കൂടുതൽ ശബ്ദങ്ങൾ എന്ന പോസ്റ്റ് മോഡേൺ ആശയത്തിലധിഷ്ഠിതമായിരുന്നു വെബ് 2.0 പാരസ്‌പര്യമുള്ളതും, സഹപ്രവർത്തനത്തിലൂടെ പ്രവർത്തിപ്പിക്കാവുന്നതുമായ വെബ്‌സൈറ്റിന്റെ പുതിയ രൂപമാണ് വെബ് 2.0 സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റുകൾ, ബ്ലോഗുകൾ, വിക്കികൾ, വീഡിയോ ഹോസ്റ്റിങ്ങ് സർവീസുകൾ ഇവയൊക്കെ വെബ് 2.0 ഗണത്തിൽപെടും.

ആദ്യകാല ഡിജി മോഡേണിസ്റ്റ് സമീപനത്തിൽ കാണുന്ന പോസ്റ്റ് മോഡേണിസത്തിന്റെ സ്വാധീനം ശുദ്ധീകരിക്കപ്പെടേണ്ട മാലിന്യമായി കാണുന്നവരുമുണ്ട് ഡിജിമോഡേണിസം പോസ്റ്റ് മോഡേണിസത്തിനെതിരായ റിയാക്ഷനാണെന്നും അതല്ല ചരിത്രപരമായി അയല്പക്കസ്ഥാനമുള്ള ഒരേ സസ്കാരരൂപങ്ങളിൽ ആവിഷ്കരിക്കപ്പെട്ടതാണ് രണ്ടുമെന്നും  പോസ്റ്റ് മോഡേണിസത്തിന്റെ ലോജിക്കൽ ഇഫക്റ്റാണെന്നും വ്യത്യസ്തവാദങ്ങളുണ്ട്. രണ്ടിന്റെയും പരസ്പര ബന്ധം സങ്കീർണമാണെന്നുപറയാം. 

മറ്റൊരു വീക്ഷണത്തിൽ പോസ്റ്റ് മൊഡേണിസം അവസാനിച്ചു എന്ന ആർഗ്യുമെന്റ് ഒരർത്ഥത്തിൽ അബദ്ധവുമാണ്. ഏതെങ്കിലും സാമുഹ്യാവസ്ഥകളോ സാംസ്കാരികപ്രവണതകളോ ഭാവുകത്വവ്യവസ്ഥയോ ഒരൂ കൃത്യം തീയതിയിൽ അമ്പേ കാലഹരണപ്പെട്ടുപോകുന്നതല്ല. അത്  ഭാഗികപ്രവണതകളായോ ജഡാവസ്ഥയിലോ തുടർന്നുപോരും. സമകാലികാവസ്ഥകളെ വിശദീകരിക്കാൻ പൂർണമായും പരാജയപ്പെടുമ്പോഴാണവ അപ്രസക്തമാവുന്നത്. 1950 തൊട്ട് 2000 വരെ പറയാവുന്ന ഒരു അരനൂറ്റാണ്ടിന്റെ സാമാന്യം നീണ്ട ജീവിതകാലം പോസ്റ്റ് മോഡേണിസത്തിനുണ്ട്. തൊട്ടുമുമ്പത്തെ മോഡേണിസത്തേക്കാൾ റിയലിസത്തേക്കാൾ ദീർഘായുസ്സുണ്ടായ ടിയാന്റെ വാർധക്യസഹജമായ സ്വാഭാവികാന്ത്യമായികണ്ടാലും കുഴപ്പമമില്ല.

ഒരു ഡിജി മോഡേണിസ്റ്റ് ലാന്റ്സ്കെയ്പ്പിൽ പോസ്റ്റ് മോഡേൺ അവസ്ഥകൾ തുടരുന്നു എന്നു പറയുകയാണ് അഭികാമ്യം, ആധുനികാനന്തരത ഒരു പ്രബല സാംസ്കാരികവ്യവസ്ഥയായി നിലനിൽക്കുന്നില്ല എന്നു ചുരുക്കം.
(ഡിജി മോഡേണിസത്തെക്കുറിച്ച് ഒരു വിശദമായ ലേഖനം  നേരത്തെ എഴുതിയിട്ടുണ്ട്. കൂടുതൽ അറിയാൻ  അതുവായിക്കുക.)

ഡച്ച് സൈദ്ധാന്തികരായ തിമോത്തിയസ് വെർമ്യൂലെൻ, റോബിൻ വാൻ ഡെൻ അക്കർ എന്നിവർ ചേർന്നെഴുതിയ ‘നോട്സ് ഓൺ മെറ്റാമോഡേണിസം’ എന പ്രബന്ധത്തിലൂടെയാണ് (Vermeulen, Timotheus & van den akker, Robin. (2010). Notes on Metamodernism. Journal of Aestethics and Culture. 2. 10.3402/jac.v2i0.5677) മെറ്റാമോഡേണിസം എന്ന പ്രയോഗം സിദ്ധാന്തീകരിക്കപ്പെടുന്നത്. രണ്ടായിരത്തിലുണ്ടായ  സാമ്പത്തിക പ്രതിസന്ധികൾ, കാലാവസ്ഥാ വ്യതിയാനം, ആഗോള രാഷ്ട്രീയത്തിലെ അരക്ഷിതാവസ്ഥ എന്നിവ സാംസ്കാരിക മണ്ഡലത്തിൽ വലിയ മാറ്റങ്ങൾ വരുത്തി. ‘ചരിത്രം അവസാനിച്ചു’ (End of history) എന്ന പോസ്റ്റ്മോഡേൺ വാദങ്ങളെ ഈ സംഭവങ്ങൾ ഇല്ലാതാക്കുകയും, ചരിത്രം വീണ്ടും സജീവമാവുകയും ചെയ്തു എന്ന് അവർ പറയുന്നു. ആധുനികതയുടെ ആവേശത്തിനും ഉത്തരാധുനികതയുടെ ഐറണിക്കും ഇടയിലുള്ള ഒരു നിരന്തരമായ ചാഞ്ചാട്ടമായാണ്, ഒരു പെൻഡുലം പോലെ ചലിക്കുന്ന സവിശേഷമായ ഒരു അവസ്ഥയെയാണ് മെറ്റാമോഡേണിസത്തെ  അവർ നിർവചിക്കുന്നത്. ഇതൊരു പെൻഡുലം പോലെയാണ് പ്രവർത്തിക്കുന്നത്. നടക്കില്ല എന്ന് ഉറപ്പുള്ള കാര്യങ്ങൾക്കായി ആത്മാർത്ഥമായി ശ്രമിക്കുകയും, എന്നാൽ അത് സാധ്യമല്ലെന്ന പോസ്റ്റ്മോഡേൺ തിരിച്ചറിവ് നിലനിർത്തുകയും ചെയ്യുന്ന ഐറണിയാണിത്. മെറ്റാഎന്നതിന് പോസ്റ്റ്മോഡേണിസത്തിന് ശേഷം‘ (After) എന്ന്  അർത്ഥമില്ല. പ്ലാറ്റോയുടെ മെറ്റാക്സി‘ (Metaxy) എന്ന ആശയത്തിൽ നിന്നാണ് ഇത് സ്വീകരിച്ചിരിക്കുന്നത്. ഇടയിൽ‘ (between) അല്ലെങ്കിൽ അപ്പുറം‘ (beyond) എന്ന് അർത്ഥം. ന്യൂ സിൻസിയാരിറ്റി, നിയോറൊമാന്റിസിസം, പ്രകൃതി സുസ്ഥിരത തുടങ്ങി പല പ്രവണതകളായി ഇത് കലയിൽ കാണാം എന്ന് അവർ വാദിക്കുന്നു , ഉത്തരാധുനികതയെ പൂർണ്ണമായി തള്ളിക്കളയുകയല്ല മെറ്റാമോഡേണിസം ചെയ്യുന്നത്, അതിന്റെ അമിത സന്ദേഹവാദത്തെയും പരിഹാസങ്ങളെയും ഉൾക്കൊണ്ടുതന്നെ സത്യസന്ധതയും പ്രത്യാശയും വൈകാരികതയും നിറഞ്ഞ ഒരു പുതിയ സാംസ്കാരികാവസ്ഥ സൃഷ്ടിക്കാനുള്ള ക്രിയാത്മകമായ ശ്രമമാണത്.  പോസ്റ്റ് മോഡേണിസത്തിൽനിന്നു വ്യത്യസ്തമായി മെറ്റാമോഡേൺ രചനകൾ വായനക്കാരനുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നുമുണ്ട്.

ഇതുകൂടാതെ
1. റിന്യൂവലിസം(Renewelism- ഉത്തരാധുനികതയുടെ തകർച്ചയ്ക്ക് ശേഷം പ്രതീക്ഷയുടെയും ആത്മാർത്ഥതയുടെയും ഒരു ‘പുതുക്കൽ’ സംഭവിക്കുന്നു എന്ന വാദം.  ജോഷ് ടോത്ത് –The Passing of Postmodernism: A Spectroanalysis of the Contemporary(Toth, Josh. The Passing of Postmodernism: A Spectroanalysis of the Contemporary. State Univ of New York Pr, 2011.)),            
2. ഓട്ടോമോഡേണിസം(Automodernism – സാങ്കേതികവിദ്യയുടെ വളർച്ച വ്യക്തികളുടെ ഓട്ടോണമിയെയും ഓട്ടോമേഷനെയും എങ്ങനെ സംയോജിപ്പിക്കുന്നു എന്ന അന്വേഷണം. റോബർട്ട് സാമുവൽസ് – Auto-Modernity after Postmodernism: Autonomy and Automation in Culture, Technology, and Education Samuels, Robert. New Media, Cultural Studies, and Critical Theory after Postmodernism  ; Automodernity from Zizek to Laclau. Palgrave Macmillan, 2009.),           
3. പെർഫോർമാറ്റിസം  (Performatism –  പോസ്റ്റ് മോഡേണിസത്തിന്റെ സന്ദിഗ്ദ്ധതയെയും പരിഹാസത്തെയും മാറ്റിനിർത്തിക്കൊണ്ട്
, കലയിലൂടെയും സാഹിത്യത്തിലൂടെയും വായനക്കാരനിലോ കാഴ്ചക്കാരനിലോ നിർബന്ധിതവിശ്വാസം (Aesthetically imposed belief) അടിച്ചേൽപ്പിക്കാൻ ശ്രമിച്ചുകൊണ്ട് കലയിൽ വീണ്ടും സൗന്ദര്യാത്മക യാഥാർത്ഥ്യങ്ങൾ കൊണ്ടുവരുന്നതിനുള്ള ശ്രമം. റൗൾ എഷെൽമാൻ -Performatism, or the End of Postmodernism(Eshelman, Raoul. Performatism, Or, the End of Postmodernism. Aurora, CO, 2009.), Transcending Postmodernism: Performatism 2.0(Eshelman, Raoul. Transcending Postmodernism: Performatism 2.0. Routledge, 2025.)),  
4. റീമോഡേണിസം (Remodernism-
പോസ്റ്റ്മോഡേണിസം കലയിൽ സൃഷ്ടിച്ച ആഴമില്ലായ്മയും ആശയശൂന്യതയും തള്ളിക്കളഞ്ഞ്, കലയിൽ ആത്മീയത, ആത്മാർത്ഥത, സത്യം എന്നിവ തിരികെ കൊണ്ടുവരേണ്ടതുണ്ടെന്നും ആധുനികതയുടെ യഥാർത്ഥ ലക്ഷ്യങ്ങളെ പുനരുജ്ജീവിപ്പിക്കണമെന്നും വാദിക്കുന്നു.  ബില്ലി ചൈൽഡിഷ്, ചാൾസ് തോംസൺ – Remodernism Manifesto (babel. “Remodernism (2000) – Billy Childish, Charles Thomson.” 391.Org, 1 Mar. 2000, https://391.org/manifestos/2000-remodernism-childish-thomson/.)The Stuckist Manifesto (Guru, Ella. The Stuckists Manifesto. https://www.stuckism.com/stuckistmanifesto.html. Accessed 08 Mar. 2026.) ) തുടങ്ങി മറ്റ് സങ്കല്പനങ്ങളും പ്രവണതകളും പോസ്റ്റ് പോസ്റ്റ് മോഡേണിസത്തിന്റെ ഭാഗമായി ഇക്കാലയളവിൽ രൂപപ്പെട്ടിട്ടുണ്ട്.  

പോസ്റ്റ്മോഡേണിസത്തിന്റെ വിമർശനാത്മകമായ അനിശ്ചിതത്വത്തിൽ നിന്ന് മാറി, പുതിയ ഒരു യാഥാർത്ഥ്യത്തെ നിർമ്മിച്ചെടുക്കാനുള്ള ശ്രമങ്ങളുടെ പല കൈവഴിച്ചാലുകളായുള്ള പരക്കലായി ഈ ഡെൽറ്റാ ഇഫക്റ്റിനെ കാണാം. കടലിനൊട് ചേരുന്നതിനു മുമ്പ് നദിക്ക് പറയാനുള്ളതെന്തെന്ന് നമുക്ക് കേൾക്കാം.  റീ മോഡേണിസ്റ്റ് മാനിഫെസ്റ്റ്ഠോയുടെ ചില പ്രമാണങ്ങൾ ഉദ്ധരിച്ചുകൊണ്ട് അവസാനിപ്പിക്കാം.
ഒരു മനുഷ്യനായിരിക്കുക എന്നതുമായി ബന്ധപ്പെട്ട സുപ്രധാന പ്രശ്നങ്ങൾക്ക് ഉത്തരം നൽകുന്നതിലോ അവയെ അഭിമുഖീകരിക്കുന്നതിലോ പരാജയപ്പെട്ടതുകൊണ്ട്, റീമോഡേണിസം പോസ്റ്റ്-മോഡേണിസത്തെ തള്ളിക്കളയുകയും അതിന് പകരമായി സ്വയം പ്രതിഷ്ഠിക്കുകയും ചെയ്യുന്നു.

റീമോഡേണിസം ആത്മീയമായ ആഴങ്ങളെയും അർത്ഥങ്ങളെയും ഉൾക്കൊള്ളുന്നു. ശാസ്ത്രീയ ഭൗതികവാദത്തിന്റെയും (scientific materialism), ശൂന്യതാവാദത്തിന്റെയും (nihilism), ആത്മീയ പാപ്പരത്തത്തിന്റെയും യുഗത്തിന് അന്ത്യം കുറിക്കുന്നു.

വിരസവും മടുപ്പിക്കുന്നതും ബുദ്ധിശൂന്യവുമായ രീതിയിൽ കീഴ്‌വഴക്കങ്ങളെ തകർക്കുന്നത് ഇനിയും നമുക്കാവശ്യമില്ല. നമുക്ക് വേണ്ടത് പുതിയ ഒന്നല്ല, മറിച്ച് ശാശ്വതമായ ഒന്നാണ്. ശരീരത്തെയും ആത്മാവിനെയും സമന്വയിപ്പിക്കുന്നതും, മനുഷ്യചരിത്രത്തിലുടനീളം ജ്ഞാനത്തെയും ഉൾക്കാഴ്ചയെയും നിലനിർത്തിപ്പോന്ന അടിസ്ഥാനപരവും ശാശ്വതവുമായ തത്ത്വങ്ങളെ അംഗീകരിക്കുന്നതുമായ ഒരു കലയാണ് നമുക്കാവശ്യം. ഇതാണ് പാരമ്പര്യത്തിന്റെ യഥാർത്ഥ ധർമ്മം.

ആധുനികത (Modernism) ഒരിക്കലും അതിന്റെ പൂർണ്ണമായ സാധ്യതകളെ നിറവേറ്റിയിട്ടില്ല. ആദ്യമേ തന്നെ ശരിയായ രീതിയിൽ രൂപപ്പെട്ടിട്ടില്ലാത്ത ഒന്നിന് ‘ശേഷം’ (post) വരുന്നത്  എന്നത് അർത്ഥശൂന്യമാണ്. റീമോഡേണിസം എന്നത് ആത്മീയ കലയുടെ പുനർജന്മമാണ്.

ഭാഗം മൂന്ന്

ഈ ചർച്ചയിൽ ഒഴിച്ചുകൂടാനാവാത്ത ഒരു പുസ്തകമുണ്ട്. ജെഫ്രി ടി. രചിച്ച “പോസ്റ്റ്-പോസ്റ്റ് മോഡേണിസം അഥവാ ജസ്റ്റ്-ഇൻ-ടൈം ക്യാപിറ്റലിസത്തിന്റെ സാംസ്കാരിക യുക്തി” (Post-Postmodernism: or, The Cultural Logic of Just-in-Time Capitalism) പോസ്റ്റ് മോഡേണിസം അവസാനിച്ചു എന്ന പൊതുവാദത്തെ നിരാകരിച്ചുകൊണ്ട്, ഇന്നത്തെ നവലിബറൽ സാമ്പത്തിക വ്യവസ്ഥയ്ക്കനുസരിച്ച് അത് കൂടുതൽ തീവ്രമായ ഒരു രൂപത്തിലേക്ക് (intensification) മാറിയിരിക്കുകയാണ് എന്ന് ഈ പുസ്തകം സമർത്ഥിക്കുന്നു. ഫ്രെഡ്രിക് ജെയിംസണിന്റെ നിരീക്ഷണങ്ങളെ പിന്തുടർന്ന്, സാമ്പത്തിക രംഗത്തെ മാറ്റങ്ങൾ എങ്ങനെയാണ് ഇന്നത്തെ കലയെയും സംസ്കാരത്തെയും വിദ്യാഭ്യാസത്തെയും സ്വാധീനിക്കുന്നത്  എന്ന പരിശോധനയാണ് നീലൻ നടത്തുന്നത്. ഫ്രെഡ്രിക് ജെയിംസണിന്റെ Postmodernism; or, The Cultural Logic of Late Capitalism എന്ന കൃതിക്കുല്ല ആദരമാണ് പുസ്തകശീർഷകം തന്നെ.

  പോസ്റ്റ് മോഡേണിസം എന്നത് വെറുമൊരു കലാപരമായ ശൈലിയല്ല, മുതലാളിത്തത്തിന്റെ ഒരു ചരിത്രഘട്ടമാണെന്നാണല്ലോ ജെയിംസൺ വാദിച്ചിരുന്നത്. ശീതയുദ്ധകാലത്തെ പിൽക്കാല മുതലാളിത്തത്തിൽനിന്ന്(late capitalism) ഇന്നത്തെ ‘ജസ്റ്റ്-ഇൻ-ടൈം’ (just-in-time) മുതലാളിത്തത്തിലേക്കുള്ള മാറ്റത്തെ വിലയിരുത്താൻ, ജെയിംസണിന്റെ നിരീക്ഷണങ്ങളെത്തന്നെ അദ്ദേഹം ഉപയോഗപ്പെടുത്തുന്നു.

പോസ്റ്റ് പോസ്റ്റ് മോഡേണിസത്തിന്റെ കാര്യത്തിൽ മാത്രമല്ല, പുതിയ കാല ഉന്നതവിദ്യാഭ്യാസത്തെയും ഗവേഷണത്തെയും പ്രത്യേകിച്ച് മലയാളമടക്കമുള്ള വിഷയങ്ങളെ ഉൾക്കൊള്ളുന്ന ലിബറൽ ആർട്സിന്റെ ഭാവിയെക്കുറിച്ചുമുള്ള ചിന്തയിൽ ഈ കൃതി സവിശേഷമായൊരു പരിപ്രേക്ഷ്യം മുന്നോട്ടുവെക്കുന്നുണ്ട്.

പോസ്റ്റ്-പോസ്റ്റ് മോഡേണിസം” എന്നത് കേൾവിയിൽ അർത്ഥശൂന്യമായ പദമായി തോന്നാമെങ്കിലും, ഈ പ്രയോഗം  പോസ്റ്റ് മോഡേണിസത്തിന്റെ അന്ത്യത്തെയല്ല, മറിച്ച് അതിന്റെ ഒരുശക്തിപ്പെടുത്തലിനെയും(intensification) രൂപമാറ്റത്തെയുമാണ് (mutation) സൂചിപ്പിക്കുന്നത് എന്നാണ് നീലന്റെ വാദം. . ഉഷ്ണമേഖലാ കൊടുങ്കാറ്റ് ചുഴലിക്കാറ്റായി മാറുന്നതുപോലെ, അല്ല ഗതിതീവ്രതയിലാണ് മാറ്റം.  ആമുഖത്തിൽ ഈ പ്രയോഗത്തിന്റെ ഒരു വൃത്തികേട് അദ്ദേഹം തുറന്നു സമ്മതിക്കുന്നുണ്ട്. “പോസ്റ്റ്-പോസ്റ്റ് മോഡേണിസം” എന്നത് കേൾക്കാൻ അത്ര സുഖമില്ലാത്തതും അർത്ഥശൂന്യമായ ആവർത്തനവുമുള്ള ഒരു പദമാണ്.. പോസ്റ്റ് മോഡേണിസം എന്നത് തന്നെ ആധുനികതയുടെ ‘പുതുമ’ (new) എന്ന സങ്കൽപ്പത്തിന്റെ അവസാനത്തെ കുറിക്കുന്നതിനാൽ, അതിനുശേഷം പുതിയതായി ഒന്നും വരാനില്ല എന്ന് പറയാം. എങ്കിലും ഈ പദം ഉപയോഗിക്കാൻ വ്യക്തമായ കാരണമുണ്ട്. ഈ പദം പോസ്റ്റ് മോഡേണിസത്തിന്റെ അവസാനത്തെയോ അതിനെ മറികടക്കുന്നതിനെയോ അല്ല സൂചിപ്പിക്കുന്നത്, മറിച്ച് അതിന്റെ ഒരു തീവ്രതപ്പെടുത്തലും (intensification) രൂപാന്തരണവുമാണ് (mutation) കാണിക്കുന്നത്. “ സൂപ്പർ-പോസ്റ്റ് മോഡേണിസം’ എന്നോ ‘ഹൈപ്പർ-പോസ്റ്റ് മോഡേണിസം’ എന്നോ ഇതിനെ വിളിച്ചാലും തെറ്റില്ല എന്നാണ് നീലന്റെ പക്ഷം.

സിദ്ധാന്തത്തിന്റെ മരണം എന്ന ആശയം അദ്ദേഹമിവിടെ ചർച്ച ചെയ്യുന്നുണ്ട്.

നമ്മുടെ സർവകലാശാലകളിൽ സിദ്ധാന്തം മരിച്ചു എന്ന് മാര്ക്ക് ബൊർലിയിൻ ഒരു ആർഗ്യുമെന്റ് മുന്നോട്ടുവെക്കുകയുണ്ടായി ( October 2005 the Times Higher Educational Supplement ൽ അദ്ദേഹം എഴുതിയ കുറിപ്പ് ) ഇതിനോട്  മികച്ച് 64 ഇംഗ്ലീഷ് ഡിപ്പാർട്മെന്റുകളിൽനിന്ന് ലഭിച്ച പ്രതികരണത്തിൽ 44 ശതമാനവും സാഹിത്യസിദ്ധാന്തങ്ങൾക്ക് സ്വാധീനം ഇല്ലാതാവുന്നു എന്നതിനൊപ്പമായിരുന്നു. സിദ്ധാന്തങ്ങൾക്കു ശേഷമുള്ള ലോകത്തെക്കുറിച്ച് ഇതിനകം വിവിധസംസ്കാര മണ്ഡലങ്ങളിൽ ധാരാളം സാഹിത്യസിദ്ധാന്തങ്ങൾ-  1995 നുശേഷം പ്രത്യേകിച്ചുമുണ്ടായിട്ടുണ്ട് പോസ്റ്റ് പോസ്റ്റ് മോഡേണിസത്തിന്റെ ആദ്യഘട്ടമായി ഇതിനെ കാണാം. അസംഖ്യം കൃതികൾ സിദ്ധാന്താനന്തരലോകത്തെ സിദ്ധാന്തവത്കരിക്കുന്നതായുണ്ട്.
 Post-Theory: Reconstructing Film Studies (1996), edited by David Bordwell and Noël Carroll, Beyond Poststructuralism: The Speculations of Theory and the Experience of Reading (1996), edited by Wendell V. Harris, Post-Theory: New Directions in Criticism (1999), edited by Martin McQuillan, Graeme Macdonald, Robin Purves, and Stephen Thomson, Reading after Theory (2002) – Valentine Cunningham, After Theory (2003) – Terry Eagleton, Life. After.Theory: Jacques Derrida, Frank Kermode, Toril Moi and Christopher Norris(2003) edited by Michael Payne and John Schad, Post-Theory, Culture, Criticism (2004), edited by Ivan Callus and Stefan Herbrechter. The Fright of Real Tears: Krzystof Kieslowski between Theory and Post-Theory (2001) – Slavoj Žižek  After Poststructuralism – Colin Davis (2004) തുടങ്ങിയവ ചിലതുമാത്രം.

“സിദ്ധാന്തം മരിച്ചു എന്ന് നമ്മോട് പറഞ്ഞിരിക്കുന്നു. സമീപകാലത്ത് പത്രമാസികകൾ അത്യധിക ആഹ്ലാദത്തോടെ സിദ്ധാന്തത്തിന്റെ മരണം പരസ്യപ്പെടുത്തിയിരിക്കുന്നു. അക്കാദമിക് പ്രസിദ്ധീകരണങ്ങളും ആ കോറസ്സിൽ പങ്കുചേരുന്നു..” എന്നാണ് ജോനാഥൻ കള്ളർ പറയുന്നത്. (Jonathan Culler, The Literary in Theory. Stanford: Stanford University Press, 2007, p. 1.)

ടെറി ഈഗിൾട്ടൺ ആഫ്റ്റർ തിയറിയിൽ പറയുന്നതുപോലെ സിദ്ധാന്തം മരിച്ചുവോ എന്നതല്ല സിദ്ധാന്തങ്ങളുടെ കനത്ത വാട്ടർമാർക്ക് ഇല്ലാതായിരിക്കുന്നു എന്നതാണുകാര്യം. അതിനർത്ഥം ആരെങ്കിലും സിദ്ധാന്തപൂർവ്വഘട്ടത്തിലേക്കു തിരിച്ചുപോകുന്നു എന്നല്ല. ഈ സിദ്ധാന്തങ്ങളുടെ സംവാദസ്ഥലങ്ങളെപറ്റി പഠിതാക്കൾക്ക് ബോധ്യമുണ്ട്. എന്നാലത് സംബന്ധിച്ച കടും പിടുത്തങ്ങളോ നിഷ്ഠകളോ പുലർത്തുന്നില്ല എന്നുമാത്രമേയുള്ളൂ. സിദ്ധാന്തങ്ങൾ ചോദ്യങ്ങൾ ഉന്നയിക്കുന്നതിനുപയോഗിക്കുന്നു, വായിക്കേണ്ടത് എന്തെന്നും എങ്ങനെയെന്നും വിധിക്കുന്നില്ല. പാഠത്തെ സമീപിക്കുന്നതിനുള്ള ഒരു ഉപകരണം മാത്രമായി അതിന്റെ അധികാരം ശോഷിച്ചിരിക്കുന്നു എന്നുപറയാം. Structuralism, Marxism, post-structuralism തുടങ്ങിയ ഉന്നതസിദ്ധാന്തങ്ങൾ ഇന്നത്ര സെക്സി ടോപ്പിക്കല്ല.

എന്നാൽ സിദ്ധാന്തങ്ങളുടെ മരണം  എന്നത് തെറ്റായ ധാരണയാണെന്നാണ് ബീലൻ ഈ പുസ്തകത്തിൽ വാദിക്കുന്നത്.  സങ്കീർണ്ണമായ ഇന്നത്തെ പോസ്റ്റ്-പോസ്റ്റ് മോഡേൺ കാലഘട്ടത്തെ മനസ്സിലാക്കാൻ പഴയ പോസ്റ്റ് മോഡേൺ കാലത്തെ അന്വേഷണ രീതികൾക്ക് (hermeneutics of suspicion) പകരം, നിലവിലെ സാഹചര്യങ്ങളെ വിലയിരുത്താൻ സഹായിക്കുന്ന പുതിയ സൈദ്ധാന്തിക ഉപകരണങ്ങൾ (hermeneutics of situation) ആവശ്യമാണെന്നേ ഉള്ളൂ എന്നാണ് നീലൻ പറയുന്നത്.

2008-ലെ സാമ്പത്തിക തകർച്ചയ്ക്ക് ശേഷവും, 1980-കളിൽ റൊണാൾഡ് റീഗന്റെ കാലത്ത് ഉത്ഭവിച്ച നവലിബറൽ മുതലാളിത്തവും സ്വതന്ത്ര വിപണി എന്ന ആശയവും അവസാനിച്ചിട്ടില്ല എന്ന് ഗ്രന്ഥകാരൻ ആദ്യ അധ്യായത്തിൽത്തന്നെ പറഞ്ഞു വെക്കുന്നുണ്ട്. സർക്കാരിന്റെ ഇടപെടലുകൾ കുറയ്ക്കുകയും സ്വകാര്യവൽക്കരണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന രീതിക്കും കാര്യമായ മാറ്റമില്ല. സ്വകാര്യ ബാങ്കുകൾ തകർന്നപ്പോൾ സർക്കാർ പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് അവരെ രക്ഷിച്ചത് നമ്മൾ കണ്ടതാണ്. ഫ്രെഡ്രിക് ജെയിംസൺ അറുപതുകളെ ഒരു പ്രത്യേക ചരിത്രഘട്ടമായി വിലയിരുത്തിയതുപോലെ, നീലൻ 1980 മുതൽ 2001-ലെ സെപ്റ്റംബർ 11 ഭീകരാക്രമണം വരെ ഒരു പ്രത്യേക സാമ്പത്തിക-സാംസ്കാരിക ഘട്ടമായി തിരിക്കുന്നുണ്ട്.  ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഉൽപ്പാദനത്തിനും സ്ഥിരവളർച്ചയ്ക്കുമായിരുന്നു (Fordist model) മുൻഗണന നൽകിയിരുന്നത്

എങ്കിൽ ഈ ഘട്ടത്തിൽ ഷെയർ ഹോൾഡർ മൂല്യം വർദ്ധിപ്പിക്കുന്നതിലായി ശ്രദ്ധ. ഓഹരിയുടമകളുടെ ലാഭം വർദ്ധിപ്പിക്കുന്നതിനായി കമ്പനികൾ വ്യാപകമായി മിഡിൽ മാനേജ്‌മെന്റ് തൊഴിലാളികളെ പിരിച്ചുവിടുകയും (downsizing), കാര്യക്ഷമതയുടെ ചെലവിൽ ലാഭം മുഴുവൻ ഓഹരിയുടമകളിലേക്കും സി.ഇ.ഒമാരിലേക്കും എത്തിക്കുകയും ചെയ്തു. അറുപതുകളിൽ സാമൂഹിക വിലക്കുകളെ ലംഘിച്ചുകൊണ്ട് സ്വന്തം ഇച്ഛകൾക്കനുസരിച്ച് ജീവിക്കുന്നത് വിപ്ലവമായി കണക്കാക്കപ്പെട്ടിരുന്നുവെങ്കിൽ ഇന്നര്ഹ് അങ്ങനെയല്ല. ഇത്തരം വ്യക്തിപരമായ ആഗ്രഹങ്ങളെയും ഉപഭോഗത്തെയുമാണ്  ഇന്നത്തെ മുതലാളിത്തം പ്രോത്സാഹിപ്പിക്കുന്നത്. അതിനാൽ പഴയ രീതിയിലുള്ള പ്രതിരോധങ്ങൾ ഇന്ന് ഫലപ്രദമല്ല എന്നും തുടക്കത്തിലേ അദ്ദേഹം പറഞ്ഞുവെക്കുന്നുണ്ട്. ലാസ് വെഗാസ് നഗരത്തെയാണ് ഗ്രന്ഥകാരൻ ഇന്നത്തെ പുതിയ അമേരിക്കൻ സാമ്പത്തിക വ്യവസ്ഥയുടെയും നവലിബറൽ സാമ്പത്തിക മൂലധനത്തിന്റെയും ഏറ്റവും മികച്ച ഉദാഹരണമായി അവതരിപ്പിക്കുന്നത്. പഴയമുതലാളിത്തം പണം നിക്ഷേപിച്ച് ചരക്കുകൾ ഉൽപ്പാദിപ്പിച്ച് അതിലൂടെ ലാഭം കണ്ടെത്തുന്ന രീതിയായിരുന്നു (M-C-M) പിന്തുടർന്നിരുന്നതെങ്കിൽ ഇന്നത്തെ ‘കാസിനോ ക്യാപിറ്റലിസം’ ചരക്കുകളെ ഒഴിവാക്കിക്കൊണ്ട് പണത്തിൽ നിന്ന് നേരിട്ട് പണം ഉണ്ടാക്കുന്ന ചൂതാട്ട രീതിയാണ് (M-M) സ്വീകരിക്കുന്നത്. ലാസ് വെഗാസിൽ ചരക്കുകളോ സേവനങ്ങളോ അല്ല പ്രധാനമായും ഉൽപ്പാദിപ്പിക്കപ്പെടുന്നത്, മറിച്ച് വൈകാരികതീവ്രതകളാണ്. ഓഹരി വിപണിയിലെ ഊഹക്കച്ചവടങ്ങൾക്ക് സമാനമാണിത്. ഇന്നത്തെ ആഗോള മുതലാളിത്തത്തിന് കീഴടക്കാൻ പുതിയ ഭൂപ്രദേശങ്ങളോ വിപണികളോ ബാക്കിയില്ല. അതിനാൽ പുതിയ ഇടങ്ങൾ കണ്ടെത്തുന്നതിന് പകരം, നിലവിലുള്ള വിപണികളിലും മനുഷ്യജീവിതത്തിലും കൂടുതൽ ആഴത്തിലും തീവ്രതയിലും  സ്വാധീനം ചെലുത്തുക എന്നതാണ് ഇന്നത്തെ മുതലാളിത്തത്തിന്റെ രീതി. ഉദാഹരണമായി ലാസ് വെഗാസിലെ സീസേഴ്സ് പാലസ് പോലുള്ള ഷോപ്പിംഗ് മാളുകളും കാസിനോകളും വെറുതെ സാധനങ്ങൾ വിൽക്കുകയല്ല ചെയ്യുന്നത്. പഴയകാല സാമ്രാജ്യങ്ങളുടെയും മറ്റും പ്രൗഢി പുനർസൃഷ്ടിച്ചുകൊണ്ട് ഉപഭോക്താക്കൾക്ക് പുതിയ അനുഭവങ്ങൾ വിൽക്കുകയാണ്. ഇവിടെ ഉൽപ്പന്ന ഉപയോഗത്തേക്കാൾ ഉപഭോക്താക്കളുടെ വ്യക്തിത്വത്തെയും അനുഭവങ്ങളെയും മാറ്റിയെടുക്കുന്നതിനാണ് പ്രാധാന്യം. ഗ്ലാഡിയേറ്റർ സിനിമയിലെ പഴയ അഗസ്റ്റസ് സീസർ യുദ്ധങ്ങളിലൂടെ അതിർത്തികൾ വികസിപ്പിച്ച പഴയ സാമ്രാജ്യത്വത്തെ പ്രതിനിധീകരിക്കുമ്പോൾ, പുതിയ രാജാവായ കോമഡസ് ജനങ്ങളെ വിനോദങ്ങളിൽ തളച്ചിട്ട് ഭരണം നടത്തുന്ന ഇന്നത്തെ കൺസ്യൂമർ/മാധ്യമ സംസ്കാരത്തെ പ്രതിനിധീകരിക്കുന്നു എന്നതുപോലെയാണിത് എന്ന് അദ്ദേഹം ഉദാഹരിക്കുന്നുണ്ട്. ഫാക്ടറികളും സ്കൂളുകളും ജയിലുകളും പൊലുള്ള സംവിധാനങ്ങൾവഴി മനുഷ്യരെ അച്ചടക്കം പഠിപ്പിച്ചിരുന്ന പഴയ വ്യവസ്ഥയിൽ നിന്ന് മാറി, മൊബൈൽ ഫോണുകൾ, ക്രെഡിറ്റ് കാർഡുകൾ, ഇന്റർനെറ്റ് എന്നിവയിലൂടെ നിരന്തരമായി മനുഷ്യരെ നിയന്ത്രിക്കുന്ന (society of control) ഒരു പുതിയ വ്യവസ്ഥിതിയിലേക്കാണ് നമ്മൾ മാറിയിരിക്കുന്നത് എന്നു കൂടി അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്.

ഇക്കാലത്ത് എല്ലാം കമ്പോളവൽക്കരിക്കപ്പെട്ടുകഴിഞ്ഞു. മുതലാളിത്തത്തെയും അമിതമായ ഉപഭോഗത്തെയും വിമർശിക്കുന്നക്ലാസിക്ക് റോക്ക് ഗാനമായ ലെഡ് സെപ്പലിന്റെ “സ്റ്റെയർവേ ടു ഹെവൻ” (Stairway to Heaven) എന്ന പാട്ടുപോലും ഇന്ന് 562 ദശലക്ഷത്തിലധികം ഡോളർ വരുമാനമുണ്ടാക്കുന്ന ഒരു വാണിജ്യ ഉൽപ്പന്നമായിത്തീർന്നിരിക്കുന്നു. ക്ലാസിക് റോക്ക് മുന്നോട്ടുവെച്ച പ്രധാന ആശയങ്ങൾ ‘വ്യക്തിസ്വാതന്ത്ര്യം’, ‘വിമതത്വം’, ‘തനിവഴി തിരഞ്ഞെടുക്കൽ’ ഇവയൊക്കെ ഇന്നത്തെ നവലിബറൽ മുതലാളിത്തം ഉൽപ്പന്നങ്ങൾ വിൽക്കാൻ ഉപയോഗിക്കുന്ന തന്ത്രങ്ങളാക്കിമാറ്റി. പഴയകാലത്തെ വിമതത്വത്തിന്റെ മൂല്യങ്ങളും ഇന്നത്തെ കോർപ്പറേറ്റ് വിപണിയുടെ മൂല്യങ്ങളും ഒന്നായി മാറി.

പുസ്തകത്തിന്റെ നാലാമധ്യായം ഇന്നത്തെ സർവ്വകലാശാലകൾ എങ്ങനെ കോർപ്പറേറ്റ് കമ്പനികളെപ്പോലെയായി എന്നും, അത് അക്കാദമിക മേഖലയെ എങ്ങനെ ദോഷകരമായി ബാധിക്കുന്നു എന്നും വിശദീകരിക്കുന്നതാണ്. 1980-കളിൽ സാമ്പത്തിക ലാഭത്തിനും കാര്യക്ഷമതയ്ക്കുമായി അമേരിക്കൻ കോർപ്പറേറ്റ് ലോകം തങ്ങളുടെ മിഡിൽ മാനേജ്‌മെന്റ് ജീവനക്കാരെ വൻതോതിൽ വെട്ടിച്ചുരുക്കിയിരുന്നു. എന്നാൽ ഇതിനു നേരെ വിപരീതമായ കാര്യമാണ് കോർപ്പറേറ്റ് സർവ്വകലാശാലകളിൽ സംഭവിച്ചത്. സർവ്വകലാശാലകൾ ഭരണവിഭാഗം ഉദ്യോഗസ്ഥരുടെ എണ്ണം വൻതോതിൽ വർദ്ധിപ്പിക്കുകയും, അതിനു പകരമായി സ്ഥിരം അധ്യാപകരുടെ നിയമനം മരവിപ്പിക്കുകയും ചെയ്തു. ഭരണാധികാരികളുടെ (Administrators) ഈ അമിതമായ വളർച്ച വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സർവ്വകലാശാലയിലുണ്ടായിരുന്ന സ്വാധീനത്തെയും സ്വതന്ത്രാധികാരത്തെയുംസ്വയംഭരണത്തെയും പൂർണ്ണമായും ഇല്ലാതാക്കി. സർവ്വകലാശാലകൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വേണ്ടിയുള്ളതല്ലാതായി തീർന്നു എന്ന് ഗ്രന്ഥകാരൻ ചൂണ്ടിക്കാണിക്കുന്നു. ഉയർന്ന ശമ്പളവും കുറഞ്ഞ ജോലിഭാരവുമുള്ള സ്ഥിരം അധ്യാപകരാണ് സർവ്വകലാശാലകളിലെ താൽക്കാലിക/പാർട്ട്-ടൈം അധ്യാപകരുടെ ചൂഷണത്തിന് കാരണമെന്ന വാദത്തെ ഗ്രന്ഥകാരൻ ശക്തമായി എതിർക്കുന്നുണ്ട്. സർവ്വകലാശാലകളിൽ ഫണ്ട് ഇല്ലെന്നത് ഭരണാധികാരികൾ സൃഷ്ടിക്കുന്ന ഒരു ഇല്ലാത്ത ന്യായമാണ് (scarcity discourse). യഥാർത്ഥ പ്രശ്നം കുറച്ച് അധ്യാപകർക്ക് ഉയർന്ന ശമ്പളം ലഭിക്കുന്നതല്ല, മറിച്ച് ഫണ്ടുകൾ മുഴുവൻ വിഴുങ്ങുന്ന ഭരണവിഭാഗമാണ് എന്ന് അദ്ദേഹം ആരോപിക്കുന്നു.

ബിൽ റീഡിംഗ്സ് തന്റെ പഠനങ്ങളിൽ സർവ്വകലാശാലകൾ ഉള്ളടക്കമില്ലാത്ത എക്സലൻസ്’ എന്ന വാക്കിന് പിന്നാലെ പോകുന്നതിനെ വിമർശിച്ചിരുന്നു. എന്നാൽ നീലൻ പറയുന്നത്, ഇന്നത്തെ സർവ്വകലാശാലകൾ നേരിടുന്ന പ്രധാന പ്രശ്നം അവ വെറുമൊരു ബിസിനസ്സ് സ്ഥാപനമായി മാറിയതല്ല. ആവശ്യമില്ലാത്ത വലിയൊരു ഉദ്യോഗസ്ഥവൃന്ദത്തെ തീറ്റിപ്പോറ്റുന്ന 1950-കളിലെ കോർപ്പറേറ്റ് കമ്പനികളെപ്പോലെ കാര്യക്ഷമതയില്ലാതെയായതാണ്. ബിസിനസ്സ് ലോകത്തെപ്പോലെതന്നെ ഭരണവിഭാഗത്തെ (middle management) വെട്ടിച്ചുരുക്കിക്കൊണ്ടുള്ള ഒരു ‘ലിവറേജ്ഡ് ബൈഔട്ട്’) സർവ്വകലാശാലകളിൽ ആവശ്യമാണ്. ഭരണവിഭാഗത്തെ പരമാവധി വെട്ടിച്ചുരുക്കി ആ ഫണ്ട് സർവ്വകലാശാലയുടെ യഥാർത്ഥ ലക്ഷ്യമായ പഠനത്തിനും ഗവേഷണത്തിനുമായി വിനിയോഗിക്കുകയാണ് വേണ്ടത് എന്ന് നീലൻ നിർദേശിക്കുന്നു.

അക്കാദമിക ലോകത്ത് തിയറി അഥവാ സിദ്ധാന്തങ്ങൾ മരിച്ചുപോയി എന്ന വാദം അദ്ദേഹം പൊളിക്കുന്നത് കണക്കുകൾവെച്ചാണ്. സൈറ്റേഷൻ ഇൻഡക്സുകൾ പരിശോധിച്ചാൽ ഫൂക്കോ, ഡെറിഡ, ദെല്യൂസ് തുടങ്ങിയ സൈദ്ധാന്തികരുടെ സ്വാധീനം മുമ്പത്തേക്കാൾ വർദ്ധിക്കുകയാണ് ചെയ്തതെന്ന് കാണാം എന്ന് അദ്ദേഹം സ്ഥാപിക്കുന്നുണ്ട്. അതിനാൽ സിദ്ധാന്തങ്ങൾ അവസാനിച്ചു എന്ന വാദം തെറ്റാണ്.

ശീതയുദ്ധകാലത്തെയും അതിനുമുമ്പുള്ളതുമായ മുതലാളിത്ത വ്യവസ്ഥിതി കർശനമായ നിയമങ്ങളിലും, അടിച്ചേൽപ്പിക്കപ്പെടുന്ന സമാനതകളിലും (logocentrism/binary oppositions) അധിഷ്ഠിതമായിരുന്നു. അതിനെതിരെ പോരാടാൻ ഡീകൺസ്ട്രക്ഷൻ വലിയൊരു ആയുധമായിരുന്നു. ഇന്ന് മുതലാളിത്തം തന്നെയാണ് ഏറ്റവും വലിയ ഡീകൺസ്ട്രക്ഷൻ നടത്തുന്നത്. പഴയ മൂല്യങ്ങളെയും രീതികളെയും നിരന്തരം തകർത്ത് മാറ്റങ്ങൾ കൊണ്ടുവരിക എന്നതാണ് ഇന്നത്തെ വിപണിയുടെ രീതി. അതിനർത്ഥം ഡീകൺസ്ട്രക്ഷൻ സിദ്ധാന്തം പരാജയപ്പെട്ടു എന്നല്ല, മറിച്ച് അത് പൂർണ്ണമായും വിജയിക്കുകയും ഇന്നത്തെ സാമ്പത്തിക വ്യവസ്ഥിതിയുടെ തന്നെ അടിസ്ഥാന യുക്തിയായി മാറുകയും ചെയ്തു. അതുകൊണ്ട് തന്നെ വ്യവസ്ഥിതിക്ക് പുറത്തുകടക്കാനുള്ള ഒരു വഴിയായി (exit from modernity) ഇനി ഡീകൺസ്ട്രക്ഷനെ കാണാനാവില്ല, കാരണം നാം ജീവിക്കുന്ന ഇന്നത്തെ വ്യവസ്ഥിതി തന്നെ ഒരു വലിയ ഡീകൺസ്ട്രക്ഷനാണ് എന്ന് അദ്ദേഹം വാദിക്കുന്നു.

ലിബറൽ ആർട്സ് വിഷയങ്ങൾക്കും സാഹിത്യപഠനത്തിനുമുണ്ടായ മാറ്റങ്ങളെക്കൂടി അദ്ദേഹം ചർച്ച ചെയ്യുന്നുണ്ട്. ഭാഷയും സാഹിത്യവുമായിരുന്നു പോസ്റ്റ് മോഡേണിസത്തിന്റെ അടിസ്ഥാനം. ഇന്റർനെറ്റിന്റെയും ദൃശ്യമാധ്യമങ്ങളുടെയും ഈ പുതിയ കാലഘട്ടത്തിൽ സാഹിത്യത്തിന്റെ പ്രസക്തി എന്താണ്? സാഹിത്യപഠനത്തിന്റെയും സിദ്ധാന്തത്തിന്റെയും?

അമേരിക്കൻ ലൈബ്രറി ഓഫ് കോൺഗ്രസ് വർഗ്ഗീകരണത്തിൽ സാഹിത്യത്തിനും നിരൂപണത്തിനും തിയറിക്കും നൽകിയിരിക്കുന്ന അക്ഷരമാണ് ‘P’. എന്നാൽ ഇന്ന് സാഹിത്യ ഗവേഷകരും വിദ്യാർത്ഥികളും ഈ ‘P’ സെക്ഷനിൽ (സാഹിത്യ വ്യാഖ്യാനങ്ങൾ) നിന്നും മാറി ചരിത്രം, തത്ത്വചിന്ത, രാഷ്ട്രീയം തുടങ്ങിയ മറ്റ് ശാഖകളിലെ (Bs, Hs, Js സെക്ഷനുകൾ) പുസ്തകങ്ങളിലേക്കും ഗവേഷണങ്ങളിലേക്കും തിരിഞ്ഞിരിക്കുന്നു എന്ന് ഗ്രന്ഥകാരൻ തന്റെ സ്വന്തം അനുഭവത്തിൽ നിന്ന് ചൂണ്ടിക്കാണിക്കുന്നു. ഇതിനെയാണ് നീലൻ “P-യിൽനിന്നുള്ള വഴിമാറൽ” എന്ന് വിശേഷിപ്പിക്കുന്നത്

പോസ്റ്റ് മോഡേണിസത്തിന്റെ കാലഘട്ടത്തിൽ സാഹിത്യവും ഭാഷയുമായിരുന്നു സർവ്വജ്ഞാനങ്ങളുടെയും അടിസ്ഥാനം ചരിത്രമോ തത്ത്വചിന്തയോ ശാസ്ത്രമോ എന്തുമാകട്ടെ, എല്ലാത്തിനെയും ഒരു ‘ടെക്സ്റ്റ്’ ആയി കാണുകയും അതിലെ അർത്ഥങ്ങളും ന്യൂനതകളും കണ്ടെത്തുകയുമായിരുന്നു അന്നത്തെ രീതി. എന്നാൽ പോസ്റ്റ്-പോസ്റ്റ് മോഡേണിസത്തിൽ, അർത്ഥം കണ്ടെത്തുക എന്നതിനേക്കാൾ കാര്യങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനാണ് പ്രാധാന്യം. അതെങ്ങനെ പ്രവർത്തിക്കുന്നു/ ഉപയോഗിക്കപ്പെടുന്നു’ (What does it do?) എന്ന ചോദ്യത്തിനാണ് ഇന്ന് പ്രസക്തിയുള്ളത്.  “ഉപയോക്താക്കൾ വായിക്കാറില്ല” (Users don’t read) എന്നതാണ് ഇന്നത്തെ വെബ് ഡിസൈനിംഗിലെയും മറ്റും അടിസ്ഥാന തത്വം എന്ന് ഗ്രന്ഥകാരൻ ഓർമ്മിപ്പിക്കുന്നു.


സാഹിത്യകൃതികൾക്ക് പുതിയ അർത്ഥങ്ങളും വ്യാഖ്യാനങ്ങളും കണ്ടെത്തുക എന്ന പഴയ പോസ്റ്റ് മോഡേൺ രീതി ഇന്നത്തെ അക്കാദമിക ലോകത്ത് അപ്രസക്തമായിരിക്കുന്നു എന്ന് അദ്ദേഹം  ചൂണ്ടിക്കാണിക്കുന്നു. പോസ്റ്റ്-പോസ്റ്റ് മോഡേൺ കാലഘട്ടത്തിൽ, ഷേക്സ്പിയറുടെയോ മറ്റ് പ്രമുഖ എഴുത്തുകാരുടെയോ കൃതികൾക്ക് പുതിയ വ്യാഖ്യാനങ്ങൾ കണ്ടെത്തുക എന്നത് ഗവേഷണ ലോകത്ത് യാതൊരു പ്രസക്തിയുമില്ലാത്ത ഒന്നായി മാറിയിരിക്കുന്നു. അർത്ഥങ്ങൾ തേടിപ്പോകുന്നതിന് പകരം സാഹിത്യത്തെ ചരിത്രപരവും സാംസ്കാരികവും രാഷ്ട്രീയവുമായ തലങ്ങളിൽ നിന്നും വിലയിരുത്തുന്ന പ്രവണതയാണ് ഇന്ന് വ്യാപകമായിരിക്കുന്നത്. തത്ത്വചിന്ത എക്കാലത്തും കവിതയോടും സാഹിത്യത്തോടും അമിതമായി ചേർന്നുനിൽക്കുകയായിരുന്നുവെന്നും ഈ ബന്ധത്തിൽ നിന്നും അതിനെ വേർപെടുത്തി ശാസ്ത്രം, രാഷ്ട്രീയം തുടങ്ങിയ മറ്റ് മേഖലകളിലേക്ക് തിരിച്ചുവിടണമെന്നുമുല്ല അലൻ ബാദിയുവിന്റെ നിരീക്ഷണങ്ങൾ അദ്ദേഹം ശരിവക്കുന്നു.

അർത്ഥം കണ്ടെത്തുക എന്ന പഴയ രീതിക്ക് പകരം (weak power of the false), നിലവിലെ വിവരങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാം (strong power of the false/usage) എന്നതിന് മുൻഗണന നൽകുന്ന കെന്നത്ത് ഗോൾഡ്സ്മിത്തിനെപ്പോലുള്ളവരുടെ കൺസെപ്ച്വൽ റൈറ്റിംഗ് (Conceptual Writing) പോലെയുള്ള പുതിയ മാതൃകകളിലാണ് സാഹിത്യത്തിന്റെ ഭാവി എന്നാണ് അദ്ദേഹത്തിന്റെപക്ഷം. ഇൻഫോര്മേഷൻ മാനേജ്മെന്റിലാണ് ഇനി ഊന്നൽ, പുതിയ അർത്ഥനിർമ്മാണത്തിലല്ല. അർത്ഥങ്ങൾ തേടിപ്പോകുന്ന പഴയ രീതി (hermeneutics of suspicion) ഉപേക്ഷിച്ച്, നിലവിലെ സങ്കീർണ്ണമായ സാഹചര്യങ്ങളെ മനസ്സിലാക്കാനും (hermeneutics of situation) അതിനനുസരിച്ച് പുതിയ രീതികളിൽ ഭാഷയെ ഉപയോഗിക്കാനും തയ്യാറായാൽ മാത്രമേ സാഹിത്യത്തിന് ഇന്നത്തെ പോസ്റ്റ്-പോസ്റ്റ് മോഡേൺ ജീവിതത്തിൽ ഒരു യഥാർത്ഥ ഉപകരണമായി മാറാൻ കഴിയൂ എന്ന് നീലൻ വാദിക്കുന്നു.

പുസ്തകാവസാനത്തിൽ ഗ്രന്ഥകാരൻ സർവകലാശാലകളിലെ ലിബറൽ ആർട്സിന്റെ ഭാവിയെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്. വിദ്യാഭ്യാസ മേഖലയ്ക്കുള്ള സർക്കാർ ഫണ്ടുകൾ വലിയ തോതിൽ വെട്ടിക്കുറയ്ക്കപ്പെടുന്ന സാഹചര്യത്തിൽ ലിബറൽ ആർട്സ് കടുത്ത പ്രതിസന്ധി നേരിടുന്നുണ്ട്.. പെട്ടെന്ന് ലാഭമുണ്ടാക്കാൻ കഴിയുന്ന പ്രായോഗികവും സാങ്കേതികവുമായ നൈപുണ്യങ്ങൾക്ക് സർവ്വകലാശാലകൾ മുൻഗണന നൽകുമ്പോൾ, ഭാവനയിലും  വിമർശനാത്മക ചിന്തയിലും കേന്ദ്രീകരിക്കുന്ന ലിബറൽ ആർട്സ് പലപ്പോഴും തഴയപ്പെടുന്നു. സ്ഥിരം  അധ്യാപകർക്ക് പകരമായി, വളരെ കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യാൻ നിർബന്ധിതരാകുന്ന പാർട്ട്-ടൈം അധ്യാപകരെക്കൊണ്ട് ക്ലാസുകൾ എടുപ്പിക്കുന്ന ചൂഷണ സമ്പ്രദായം സർവ്വകലാശാലകളിൽ വ്യാപകമായിക്കൊണ്ടിരിക്കുന്നു. ഫണ്ടിങ്ങ് കുറവും  കോർപ്പറേറ്റ് വൽക്കരണവും നടന്നുകൊണ്ടിരിക്കെ,  തങ്ങളുടെ അസ്തിത്വവും പ്രസക്തിയും നിരന്തരം തെളിയിക്കേണ്ട അവസ്ഥയിലാണ് ഇന്ന് ലിബറൽ ആർട്സ് ഡിപ്പാർട്ട്മെന്റുകൾ. ഈ പ്രതിസന്ധിയെ നേരിടാൻ പഴയതുപോലെ ക്ലാസിക് പുസ്തകങ്ങൾ വായിക്കുകയും എഴുതുകയും ചെയ്യുക എന്ന സമ്പ്രദായികവാദത്തിലേക്ക് ചുരുങ്ങുന്നത് ഒരു പരാജയപ്പെടുന്ന തന്ത്രമാണ് എന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നുണ്ട്. ഇപ്പോൾ അതിജീവനത്തിനായി സ്വീകരിക്കുന്ന രണ്ടാം വഴി ലിബറൽ ആർട്സിനെ കേവലം ശേഷിവികസന കോഴ്സുകളായി റീ ഡിസൈന് ചെയ്യലാണ്. കേരളത്തിലെ നാലു വർഷ ബിരുദ പ്രോഗ്രാമിലെ ഭാഷാപഠനങ്ങളെ ഇങ്ങനെ ചുരുക്കിക്കെട്ടുന്നത് നമ്മൾ കണ്ടതാണ്.   ആശയവിനിമയ ശേഷി വർദ്ധിപ്പിക്കാനുള്ള ഒരു ‘ട്രെയിനിങ് പ്രോഗ്രാമായി’ മാത്രം ആർട്സ് വിഷയങ്ങളെ ചുരുക്കിയാൽ ഉണ്ടാകുന്ന മറ്റൊരു പ്രധാന വെല്ലുവിളി ഡിസ്റ്റൻസ് എഡ്യൂക്കേഷൻ വഴിയും ഓൺലൈൻ സംവിധാനങ്ങൾ വഴിയും ഇത്തരം പരിശീലനങ്ങൾ എളുപ്പത്തിൽ ഔട്ട്‌സോഴ്‌സ് ചെയ്യപ്പെടാൻ സാധ്യതയുണ്ട് എന്നതാണ്.

ഒരു കോഴ്‌സ് എന്ത് പഠിപ്പിക്കുന്നു എന്നതിനേക്കാൾ ബിസിനസ്സ് ലോകം ഉപയോഗിക്കുന്ന ‘എക്സലൻസ്’ എന്ന ഉള്ളടക്കമില്ലാത്ത പദത്തിനാണ് ഇന്ന് ഭരണാധികാരികൾ പ്രാധാന്യം നൽകുന്നത് എന്നതാണ് പ്രശ്നം. ഭാഷാവിഷയങ്ങൾ അധ്യാപനത്തിലും ഗവേഷണത്തിലും നേരിടുന്ന ഈ വെല്ലുവിളി എങ്ങനെ മറികടക്കാനാവും? ഈ വെല്ലുവിളികളെ മറികടക്കാനും ലിബറൽ ആർട്സിന്റെ ഭാവി സുരക്ഷിതമാക്കാനും ഒരു നിർദേശം ഗവേഷണവും വികസനവും എന്ന ഒരു തനിവഴി മുന്നോട്ടുവെക്കുന്നു.

ഈ ചർച്ചയിൽ നീലൻ ഇന്നത്തെ ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റുകളെ വൈവിധ്യവൽക്കരിക്കപ്പെട്ട ഒരു മ്യൂച്വൽ ഫണ്ടിനോടോ കോർപ്പറേറ്റ് കമ്പനിയോടോ ഉപമിക്കുന്നു. ഒരു കോർപ്പറേറ്റ് കമ്പനിക്ക് സമാനമായി ലിബറൽ ആർട്സിന്റെ നിക്ഷേപങ്ങളെയും പ്രവർത്തനങ്ങളെയും പ്രധാനമായും മൂന്നായി തിരിക്കാമെന്ന് അദ്ദേഹം വാദിക്കുന്നു: സാമ്പ്രദായിക ചരിത്ര പഠനങ്ങൾ, വിദ്യാർത്ഥികളുടെ ശേഷിവികസനം (Skills), ഗവേഷണ-വികസന വിഭാഗം (R&D – Research and Development).

ലിബറൽ ആർട്സിലെ R&D വിഭാഗം പ്രധാനമായും പ്രതിനിധീകരിക്കുന്നത് തിയറി, ഫെമിനിസം, നവചരിത്രവാദം, വംശ-വർഗ്ഗ പഠനങ്ങൾ, സാംസ്കാരിക പഠനങ്ങൾ തുടങ്ങിയ പുതിയ ചിന്താധാരകളെയാണ്. ഇത്തരം ഉൾക്കൊള്ളലുകൾ ജ്ഞാനമേഖലയുടെ വ്യാപ്തി വർദ്ധിപ്പിക്കും. ഇന്നത്തെ ആഗോള സാമ്പത്തിക വിപണി ഏറ്റവും കൂടുതൽ വിലമതിക്കുന്നത് ഇന്നോവേഷനുകളെയാണ്. ലിബറൽ ആർട്സിന്റെ യഥാർത്ഥ കരുത്ത് ഈ മണ്ഡലത്തിലാണ്. യന്ത്രങ്ങൾക്കും റോബോട്ടുകൾക്കും ഭാവിയിൽ ഒട്ടുമിക്ക ജോലികളും ചെയ്യാൻ കഴിഞ്ഞേക്കാം. എന്നാൽ മുൻകൂട്ടി നിർവചിക്കാൻ കഴിയാത്ത, തൽക്ഷണം പ്രതികരിക്കേണ്ടി വരുന്ന സർഗ്ഗാത്മകവും അമൂർത്തവുമായ ചിന്തകൾ മനുഷ്യർക്ക് മാത്രമേ സാധിക്കൂ. ഇത്തരം അമൂർത്ത ചിന്തകളും പ്രശ്നപരിഹാര ശേഷിയുമാണ് ഗവേഷണ -വികസനമോഡലിലൂടെ ലിബറൽ ആർട്സ് ഭാവിയിലേക്ക് നൽകുന്ന സാമ്പത്തിക മൂല്യമുള്ള ഉൽപ്പന്നം എന്ന് നീലൻ നിരീക്ഷിക്കുന്നു. ശൂന്യതയിൽ നിന്ന് പുതിയ കാര്യങ്ങൾ സൃഷ്ടിക്കലല്ല,  നിലവിലുള്ള സാംസ്കാരിക രൂപങ്ങളെ പുതിയ രീതികളിൽ കൂട്ടിയോജിപ്പിച്ചും പുനർനിർമ്മിച്ചും ഉപയോഗപ്രദമായ പുതിയ മാതൃകകൾ രൂപപ്പെടുത്തുക എന്നതാണ് ഈ R&D മാതൃകയുടെ ലക്ഷ്യം.

പഴയ ക്ലാസിക് പുസ്തകങ്ങൾ വായിക്കുകയോ, കേവലം ആശയവിനിമയ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ഒരു പരിശീലന കേന്ദ്രം മാത്രമായി മാറുകയോ ചെയ്താൽ ലിബറൽ ആർട്സ് കാലഹരണപ്പെടും. ഇതിനെ മറികടക്കാൻ ഭാവിയിലേക്കുള്ള നിക്ഷേപമായ ഈ R&D വിഭാഗത്തിനാണ് സർവ്വകലാശാലകളും അക്കാദമിക് ലോകവും ഇനി കൂടുതൽ പ്രാധാന്യം നൽകേണ്ടത് എന്ന് ഗ്രന്ഥകാരൻ വാദിക്കുന്നു.

ആട്ടെ, കേരളത്തിലെ നമ്മുടെ സർവകലാശാലകളിലെ ഭാഷാപഠനവകുപ്പുകളടക്കമുള്ള ലിബറൽ ആർട്സ് അക്കാദമിക ലോകം ഇപ്പോൾ എന്തു ചെയ്യുന്നു? ഗവേഷണവും ഉയർന്ന ബൗദ്ധിക അക്കാദമിക വൃത്തികളുമൊക്കെ വിട്ട് അൺ എയിഡഡ് കോളേജുകൾക്ക് പഠിക്കുന്നു. അരിയൊടുങ്ങാതിരിക്കാൻ ബി. എ. യും ബി. എ. ബി. എഡുമായി തായം കളിക്കുന്നു..

( ഗവേഷണരീതിശാസ്ത്രത്തിലെ പോസ്റ്റ് കാലത്തെക്കുറിച്ച് അടുത്ത ലക്കത്തിൽ തുടരാം.)

എഛ്.കെ.സന്തോഷ്

0 0 votes
Rating
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x