
അലികുട്ടി ബീരാഞ്ചിറ
Published: 10 July 2025 കവര്‍സ്റ്റോറി
ജനാധിപത്യഇന്ത്യയിലെ ജനാധിപത്യം പുലരാത്ത ദ്വീപുകള്‍
ലക്ഷദ്വീപിലും പുതിയ അധ്യയനവർഷം ആരംഭിച്ചിട്ട് ഒരു മാസം കഴിഞ്ഞു. ഈ അധ്യയനവർഷാരംഭത്തിൽ അഗത്തിയിലെയും ആന്ത്രോത്തിലെയും രണ്ട് സ്കൂളുകൾ അടച്ചുപൂട്ടിയ വാർത്തകളാണ് അവിടെനിന്നും കേൾക്കുന്നത്. വേണ്ടത്ര കുട്ടികൾ പഠിക്കാനില്ലാത്തതുകൊണ്ടോ അധ്യാപകരുടെ കുറവുകൊണ്ടോ കെട്ടിടങ്ങളുടെ ശോചനീയാവസ്ഥ കൊണ്ടോ അല്ല ഈ സ്കൂളുകൾ അടച്ചുപൂട്ടിയത്. അഗത്തിയിലെ തെക്കുഭാഗത്തുള്ള പി.എം.ശ്രീ ജൂനിയർ ബേസിക് സ്കൂളിൽ കഴിഞ്ഞവർഷം ഒന്നു മുതൽ അഞ്ചുവരെയുള്ള ക്ലാസുകളിലായി ഇരുന്നൂറിലേറെ കുട്ടികൾ പഠിച്ചുകൊണ്ടിരുന്നതാണ്. എല്ലാ സൗകര്യങ്ങളുമുള്ള പുതിയ കെട്ടിടവും ഈ സ്കൂളിനുണ്ട്. പന്ത്രണ്ട് അധ്യാപകരുമുണ്ടായിരുന്നു. പിന്നെന്തിനാണ് സ്കൂൾ അടച്ചുപൂട്ടിയതെന്നു ദ്വീപുകാർക്കറിയില്ല. അഗത്തി ഒരു നേർരേഖ പോലെ നീണ്ടുകിടക്കുന്ന ദ്വീപാണ്. തെക്കേ അറ്റത്തുള്ള കുട്ടികൾ മൂന്നും നാലും കിലോമീറ്റർ ദൂരത്തുള്ള നോർത്ത് സ്കൂളിൽ പഠിക്കണമെന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്.അവിടുത്തെ രക്ഷിതാക്കൾ തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസ അവകാശത്തിനായി സമരത്തിലാണ്. ഒരു മാസമായി ആ കുട്ടികളാരും ഒരു സ്കൂളിലും പോണില്ല.
ആന്ത്രോത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല. സൗകര്യങ്ങളെല്ലാമുള്ള പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മേച്ചേരിയിലെ ഗവ.ജൂനിയർ ബേസിക് സ്കൂളിൽ നൂറ്റിമുപ്പത്തിയഞ്ച് കുട്ടികൾ പഠിച്ചു കൊണ്ടിരുന്നതാണ്. പത്തു അധ്യാപകരുണ്ടായിരുന്ന ആ സ്കൂളും അടച്ചുപൂട്ടി.സ്കൂളുകൾ അടച്ചുപൂട്ടുന്നത് ലക്ഷദ്വീപിൽ ഒരു തുടർക്കഥയാവുകയാണ്. കഴിഞ്ഞ അഞ്ചുവർഷക്കാലയളവിൽ വിവിധ ദ്വീപുകളിലായി പതിനൊന്ന് സ്കൂളുകൾ ദ്വീപ്ഭരണകൂടം അടച്ചുപൂട്ടിയിട്ടുണ്ട്. ഇതിനുപുറമെ അടച്ചുപൂട്ടാൻ ഉത്തരവിട്ട മൂന്ന് സ്കൂളുകൾ ഇപ്പോൾ പ്രവർത്തിക്കുന്നത് രക്ഷിതാക്കൾ കോടതിയിൽ നിന്നും വാങ്ങിയ താല്കാലിക സ്റ്റേകളിൽ പിടിച്ചുതൂങ്ങി മാത്രമാണ്.
ലക്ഷദ്വീപെന്നാൽ പരിമിതമായ യാത്രാ- വിനിമയ സൗകര്യങ്ങളുള്ള, കടലിനാൽ ചുറ്റപ്പെട്ട അനേകം തുരുത്തുകൾ ചേർന്നതാണ്. ഇന്ത്യയിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് ഏറ്റവും ദുഷ്കരമായ ജീവിത ചുറ്റുപാടുകളുള്ള റൂറൽ ഏരിയ. ഭരണഘടനയുടെ ആർട്ടികിൾ 21 എ ഭേദഗതി ചെയ്ത്, 2009ൽ ഇന്ത്യൻ പാർലിമെന്റ് പാസ്സാക്കിയ വിദ്യാഭ്യാസ അവകാശ നിയമം ഇത്തരം റിമോട്ട് മേഖലകളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ അതതു പ്രദേശങ്ങളിലെ സർക്കാരുകൾക്ക് ബാധ്യതയുണ്ട് എന്നു പറയുന്നുണ്ട്. എന്നാൽ ലക്ഷദ്വീപിന്റെ കാര്യത്തിൽ ഭരണകൂടം തന്നെ അവരുടെ അവകാശങ്ങളെ ഹനിച്ചു കൊണ്ടിരിക്കയാണ്. സ്കൂളുകൾ അടച്ചുപൂട്ടുന്നതിനെതിരെ പ്രതിഷേധങ്ങൾ ഉണ്ടാകുമെങ്കിലും അവയെ എല്ലാം ദ്വീപ് ഭരണകൂടം അടിച്ചമർത്തുകയാണ് പതിവ്. ലക്ഷദ്വീപിൽ സ്വന്തമായി മാധ്യമങ്ങളില്ലാത്തതു കൊണ്ട് ഇത്തരം ഭരണഘടനാ അവകാശ നിഷേധങ്ങളൊന്നും വലിയ വാർത്തകളാകാതെ പോവുകയാണ്.
പ്രതിസന്ധിയുടെ കരിങ്കടലിനു നടുവിലാണ് ദ്വീപുകൾ ഇന്ന് നിലകൊള്ളുന്നത്. ആ പ്രതിസന്ധികളിൽ ഒന്നുമാത്രമാണ് സ്കൂളുകൾ അടച്ചുപൂട്ടിയത്. വിദ്യഭ്യാസമേഖലയിൽ മാത്രം നിരവധി പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. എല്ലാ സ്കൂളുകളുകളും മലയാളം മീഡിയ ഉപേക്ഷിച്ച് ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാറണം എന്ന ഉത്തരവ്, ദ്വീപിലെ സാഹചര്യം മനസ്സിലാക്കാതെ ത്രിഭാഷ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമം എന്നിവയെല്ലാം ലക്ഷദ്വീപിലെ വിദ്യാഭ്യാസരംഗത്തെ താറുമാറാക്കിക്കൊണ്ടിരിക്കുന്നു.രൂക്ഷമായ തൊഴിലില്ലായ്മയിലൂടെയാണ് ഇന്ന് ലക്ഷദ്വീപുകാർ കടന്നുപോകുന്നത്. വിദ്യാസമ്പന്നരായ ആയിരക്കണക്കിനു ചെറുപ്പക്കാർ ഒരു വരുമാനമാർഗ്ഗവുമില്ലാതെ ദ്വീപിൽ കഷ്ടതകൾ അനുഭവിക്കുന്നു. പരമ്പരാഗത തൊഴിൽമേഖലയായ മത്സ്യബന്ധനം കഴിഞ്ഞാൽ ദ്വീപുകാരുടെ പ്രധാന ആശ്രയം സർക്കാർ ജോലിയായിരുന്നു. ചികിത്സക്കും വിദ്യാഭ്യാസത്തിനും മറ്റു ആവശ്യങ്ങൾക്കുമെല്ലാം വൻകരയെ ആശ്രയിച്ചിരുന്ന ദ്വീപുകാർക്ക് സർക്കാർജോലി വലിയ ആശ്വാസമായിരുന്നു. എന്നാൽ 2019ന് ശേഷം ഒരു വകുപ്പിലും ഒരാളെയും സ്ഥിരജോലിക്കാരായി നിയമിച്ചിട്ടില്ല. സർക്കാർ സർവ്വീസിൽ കരാർ അടിസ്ഥാനത്തിൽ ധാരാളം പേരെ നേരത്തെ നിയമിച്ചിരുന്നുവെങ്കിലും കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ ആയിരക്കണക്കിന് കരാർ ജീവനക്കാരെ ദ്വീപ് ഭരണകൂടം പിരിച്ചുവിട്ടു. ജോലിയും കൂലിയുമില്ലാതെ ദ്വീപ് ജനത ദുരിതംതിന്ന് ജീവിക്കുന്നു. അതിനിടയിൽ വൈദ്യുതചാർജും കപ്പൽ ടിക്കറ്റ് നിരക്കും പലതവണ വർദ്ധിപ്പിച്ച് ജോലിയില്ലാത്ത ജനതയെ നോക്കി ഭരണകൂടം പരിഹസിക്കുന്നു. ഏഴു കപ്പലോടിയിരുന്ന നാട്ടിൽ ഒന്നോ രണ്ടോ കപ്പലുകൾ മാത്രം ഓടിച്ച് ജനങ്ങളെ പിന്നെയും ബുദ്ധിമുട്ടിലാക്കി.
“അഡ്മിനിസ്ട്രേറ്റർ യജമാനി രാമുണ്ണിരാജൻ ബഹുമാനി
ദ്വീപുകൾക്കെല്ലാം അധികാരി രാമുണ്ണിരാജൻ ബഹുമാനി”
1956ൽ കേന്ദ്രഭരണ പ്രദേശമായതു മുതലാണ് രാഷ്ട്രപതിയുടെ പ്രതിനിധികളായ അഡ്മിനിസ്ട്രേറ്റർമാർ ദ്വീപിലെ ഭരണാധിപൻമാരാകുന്നത്. ജനാധിപത്യത്തിന്റെ വെളിച്ചം ഒട്ടും കടത്തിവിടാതെ, എല്ലാ അധികാരങ്ങളും ഒരാളിൽ കേന്ദ്രീകരിക്കുന്ന കൊളോണിയൽ ഭരണസമ്പ്രദായമാണിത്. ഇന്ത്യ ഒരു സ്വതന്ത്ര പരമാധികാര റിപബ്ലിക്ക് ആയിട്ടു് ഏഴുപതിറ്റാണ്ടു പിന്നിട്ടെങ്കിലും ലക്ഷദ്വീപിലെ ഭരണരംഗത്തിപ്പോഴും രാജഭരണത്തിന്റെ ഹാങ്ങോവർ നിഴലിച്ചു നിൽക്കുകയാണ്. അതുകൊണ്ടുതന്നെ ജനങ്ങളുടെ ഇച്ഛകളേക്കാൾ അഡ്മിനിസ്ട്രേറ്റർമാരുടെ താൽപര്യങ്ങളാണ് ലക്ഷദ്വീപിൽ നടപ്പിലാവുന്നത്.
1947 ആഗസ്റ്റ് 15 മുതൽ 1956 നവംബർ 1 വരെ ലക്ഷദ്വീപ് മദിരാശി സംസ്ഥാനത്തിന്റെ ഭാഗഗമായിരുന്നു. 1952ൽ മദിരാശി അസംബ്ലിയിലേക്കു നടന്ന തെരഞ്ഞെടുപ്പാണ് ലക്ഷദ്വീപിന്റെ ജനാധിപത്യചരിത്രത്തിലെ ആദ്യ ചുവടുവെപ്പ്. കോഴിക്കോട് ഉൾപ്പെടുന്ന ചേവായൂർ മണ്ഡലത്തിന്റെ ഭാഗമായിരുന്നു അന്ന് ലക്ഷദ്വീപ്. ദ്വീപുകളിലെ ഭൂരിപക്ഷം വോട്ടും ലഭിച്ച കോൺഗ്രസ് സ്ഥാനാർത്ഥി അപ്പുവായിരുന്നു ആ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. കേന്ദ്രഭരണപ്രദേശമായി പ്രഖ്യാപിച്ചതിനെ തുടർന്ന് 1957ൽ ആന്ത്രോത്തിൽ നിന്നുള്ള കെ.നല്ലകോയതങ്ങളെ ഇന്ത്യൻ പാർലിമെന്റിലേക്ക് നോമിനേറ്റ് ചെയ്തു. 1967 വരെ അദ്ദേഹമായിരുന്നു പാർലിമെന്റിൽ ലക്ഷദ്വീപിനെ പ്രതിനിധീകരിച്ചത്. മൂർക്കോത്ത് രാമുണ്ണി അഡ്മിനിസ്ട്രേറ്ററായി എത്തിയതുമുതലാണ് (1961) ലക്ഷദ്വീപിന്റെ ഭരണകേന്ദ്രം കവരത്തിയിലേക്ക് മാറ്റുന്നത്. അതുവരെ കോഴിക്കോടായിരുന്നു ഭരണത്തിന്റെ ആസ്ഥാനം.ജനപ്രതിനിധികളെ നോമിനേറ്റ് ചെയ്യുന്ന രീതി അവസാനിപ്പിച്ച് 1967ൽ നടന്ന ലക്ഷദ്വീപിലെ ആദ്യ ലോകസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച പി.എം സെയ്ദ് വിജയിച്ചു. പിന്നീടദ്ദേഹം കോൺഗ്രസ്‍പാർട്ടിയിൽ ചേർന്നു.1967 മുതൽ 2004 വരെ ദീർഘകാലം അദ്ദേഹം ലോകസഭയിൽ ലക്ഷദ്വീപിന്റെ പ്രതിനിധിയായി. ദ്വീപിൽ വികേന്ദ്രീകൃത ജനാധിപത്യം വിപുലപ്പെടുത്തുന്നതിനായി അദ്ദേഹം നിരന്തരം ഇടപെട്ടു. എന്നാൽ പൂർണാർത്ഥത്തിൽ അതെല്ലാം വിജയമായി എന്നു പറയാനാവില്ല. പി.എം.സെയ്ദിന്റെ മകനായ ഹംദുള്ള സെയ്ദാണ് ലക്ഷദ്വീപിൽ നിന്നുള്ള ഇപ്പോഴത്തെ എം.പി.
ജനാധിപത്യവ്യവസ്ഥയിൽ പരമപ്രധാനമായ സ്ഥാനമാണ് നിയമനിർമ്മാണ സഭകൾക്കുള്ളത്. എന്നാൽ കേന്ദ്രഭരണപ്രദേശങ്ങളായ ഡൽഹിയിലും പുതുച്ചേരിയിലു മെല്ലാം ഉള്ളതുപോലെ ഒരു നിയമനിർമ്മാണസഭ ലക്ഷദ്വീപിലില്ല. രാഷ്ട്രപതിക്കുവേണ്ടി എക്സിക്യൂട്ടീവിന്റെ തലവനായി അഡ്മിനിസ്ട്രേറ്റർ പ്രവർത്തിക്കുന്നു. എല്ലാ അധികാരങ്ങളും ഇവിടെ ഒരാളിൽ തന്നെ കേന്ദ്രീകരിക്കപ്പെടുകയാണ്. ജനാധിപത്യത്തെ നേർവഴിക്കു നടത്തുന്ന നാലാംതൂണായ മാധ്യമങ്ങളും ദ്വീപിലില്ല. ഭൂമിശാസ്ത്രപരവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകളാണ് അതിനുകാരണം. കേന്ദ്രഭരണപ്രദേശമായതിനെ തുടർന്ന് അഡ്മിനിസ്ട്രേറ്ററെ സഹായിക്കാൻ ഒരു ഉപദേശകസമിതി രൂപീകരിച്ചിരുന്നു. ഭരണകർത്താക്കൾക്ക് തങ്ങളുടെ ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ കഴിഞ്ഞിരുന്ന ഒട്ടും ജനാധിപത്യസ്വഭാവമില്ലാത്ത ബോഡിയായിരുന്നു അത്. ദ്വീപിലെ അടിസ്ഥാന സൗകര്യ വികസനത്തിന് അഡ്മിനിസ്ട്രേറ്റർമാർക്ക് ദിശാബോധം നൽകാൻ ഈ നോമിനേറ്റഡ് സമിതിക്ക് കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ അഡ്മിനിസ്ട്രേറ്റർ ഭരണം തികഞ്ഞ ഏകാധിപത്യസമ്പ്രദായമായി പരിണമിച്ചു.
പ്രദേശവാസികളെല്ലാം പട്ടികവർഗ്ഗക്കാരായിരുന്നിട്ടും ഭരണ നിർവഹണരംഗത്തും മറ്റും ദ്വീപുകാർക്ക് ലഭിക്കേണ്ട നിയമപരമായ അവകാശങ്ങൾ കൃത്യമായി ലഭിച്ചിട്ടില്ല. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ അമ്പതുശതമാനം പട്ടികവർഗ്ഗക്കാർ ജീവിക്കുന്ന പ്രദേശത്ത് ഒരു ട്രൈബൽ കൗൺസിൽ രൂപീകരിക്കണമെന്ന് ഭരണഘടനയുടെ ആറാം ഷെഡ്യൂൾ അനുശാസിക്കുന്നുണ്ട്.ആ പ്രദേശത്തു ഏതെങ്കിലും തരത്തിലുള്ള ചട്ടങ്ങളും നിയമങ്ങളും കൊണ്ടുവരാൻ ഈ കൗൺസിലിന്റെ അംഗീകാരമില്ലാതെ കഴിയുകയില്ല. കേന്ദ്രഭരണപ്രദേശമായ ആന്തമാൻ-നിക്കോബാർ ദ്വീപുകളിലും ഇന്ന് ഇത്തരം കൗൺസിലുകൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ നൂറുശതമാതമാനവും പട്ടികവർഗ്ഗക്കാർ അധിവസിക്കുന്ന ലക്ഷദ്വീപിൽ മാത്രം ഇതു നടപ്പിലായില്ല. 1990ൽ ലക്ഷദ്വീപിൽ ഐലന്റ്കൗൺസിലും പ്രദേശ്കൗൺസിലും രൂപീകരികരിക്കുന്നത് ഈ ഒരു ലക്ഷ്യം മുൻനിർത്തിയായിരുന്നെങ്കിലും അന്നത്തെ ഭരണകൂടം അത് അട്ടിമറിച്ചു. അഡ്മിനിസ്ട്രേറ്റർമാരുടെ അതിരുകവിഞ്ഞ ഇടപെടലുകളെ നിയമപരമായി ചെറുത്തു തോൽപ്പിക്കാൻ കഴിയുന്ന സംവിധാനമാണ് ട്രൈബൽ കൗൺസിൽ എന്ന തിരിച്ചറിവ് രാജാക്കൻമാരായി വാണ ദ്വീപിലെ അഡ്മിനിസ്ട്രേറ്റർമാർക്കുണ്ടായിരുന്നു.
പരിമിതമായ അധികാരത്തോടെയാണെങ്കിലും ജനവാസമുള്ള പത്തുദ്വീപുകളിലും ഐലന്റ് കൗൺസിലുകൾ രൂപീകരിച്ചു. എല്ലാ ഐലന്റ് കൗൺസിലിൽ നിന്നും ജനസംഖ്യയനുസരിച്ച് രണ്ടോ മൂന്നോ പേരെ ഉൾപ്പെടുത്തി പ്രദേശ് കൗൺസിലും നിലവിൽ വന്നു. അതോടെ നേരത്തെ ഉണ്ടായിരുന്ന നോമിനേറ്റു ചെയ്യപ്പെട്ടിരുന്ന ഉപദേശകസമിതികൾ ഇല്ലാതായി. അഡ്മിനിസ്ട്രേറ്റർക്ക് ഭരണകാര്യങ്ങളിൽ ഉപദേശം നൽകാൻ പ്രദേശ്കൗൺസിലിലെ മൂന്ന്അംഗങ്ങളെ നിയമിച്ചു. 1998 ൽ ദ്വിതല പഞ്ചായത്ത് സംവിധാനം നിലവിൽ വന്നതോടെ ഐലന്റ് കൗൺസിലും പ്രദേശ് കൗൺസിലും ഇല്ലാതായി. പത്ത് ദ്വീപുകളിലും വില്ലേജ് പഞ്ചായത്തും എല്ലാ ദ്വീപുകൾക്കുമായി ഒരു ജില്ലാപഞ്ചായത്തും നിലവിൽവന്നു. പ്രസിഡന്റ് കം ചീഫ് കൗൺസിലറാണ് ജില്ലാപഞ്ചായത്തിന്റെ അധ്യക്ഷൻ. ദ്വീപിന്റെ മൊത്തം ഭരണനിർവഹണത്തിൽ ജില്ലാ പഞ്ചായത്തിനോ പഞ്ചായത്തുകൾക്കോ ഒരു റോളുമുണ്ടായിരുന്നില്ല. എല്ലാ വകുപ്പുകളും ഉദ്ധ്യോഗസ്ഥഭരണത്തിനു കീഴിലായിരുന്നു.
ലക്ഷദ്വീപിലെ അധികാരവികേന്ദ്രീകരണത്തിന്റെ പോരായ്മകൾ പരിഹരിക്കുന്നതിനായി 2012ൽ കേന്ദ്രഭരണകൂടം ചില സുപ്രധാന തീരുമാനങ്ങൾ നടപ്പിലാക്കി. അതിന്റെ ഭാഗമായി മൃഗസംരക്ഷണം, കൃഷി, ആരോഗ്യം, ഫിഷറീസ്, വിദ്യാഭ്യാസം എന്നീ അഞ്ചുവകുപ്പകളിൽ ഇടപെടാനും തീരുമാനങ്ങൾ എടുക്കാനുമുള്ള അധികാരം ചെറിയതോതിലാണെങ്കിലും 2012 മുതൽ ജില്ലാപഞ്ചായത്തിനു ലഭിച്ചു. ഉദ്യോഗസ്ഥഭരണം മാത്രം നിലനിന്നിരുന്ന ലക്ഷദ്വീപിൽ ജനങ്ങളുമായി നേരിട്ടു ബന്ധം പുലർത്തുന്ന അഞ്ചുവകുപ്പുകളിലും ജനപ്രതിനിധികളുടെ തീരുമാനങ്ങൾക്കും നയങ്ങൾക്കും വിലയുണ്ടായി. ദ്വീപുജനതയുടെ താൽപര്യങ്ങൾക്കനുസൃതമായി പുതിയ പദ്ധതികൾക്ക് തുടക്കമിടാൻ ജില്ലാ പഞ്ചായത്തിനു കഴിഞ്ഞു.എന്നാൽ തങ്ങൾക്കു ലഭിച്ച അധികാരത്തെ കുറിച്ചും അതു് വേണ്ടരീതിയിൽ ക്രിയാത്മകമായി ഉപയോഗിക്കുന്നതിനെ കുറിച്ചും പഞ്ചായത്തു ഭരണസമിതികൾക്ക് വേണ്ടത്ര അവഗാഹം ഉണ്ടായിരുന്നില്ല. അതു കൃത്യമായി മനസ്സിലാക്കാൻ ഭരണാധികാരിയായ പ്രഫുൽ ഖോഡ പട്ടേലിനു ചുരുങ്ങിയ കാലം കൊണ്ട് കഴിഞ്ഞു. ദ്വീപിൽ അദ്ദേഹം നടപ്പിലാക്കി കൊണ്ടിരിക്കുന്ന ജനവിരുദ്ധമായ നയങ്ങൾ യാഥാർത്ഥ്യമാവാൻ പഞ്ചായത്തിന്റെ അധികാര പദവി എടുത്തു കളയേണ്ടതു് അനിവാര്യമായിരുന്നു.2021 മെയ് അഞ്ചിന് പഞ്ചായത്ത് വകുപ്പിന്റെ സെക്രട്ടറി ചുമതലയിലുള്ള ഉദ്യോഗസ്ഥൻ ഒപ്പിട്ട ഒറ്റ എക്സിക്യൂട്ടീവ് ഉത്തരവ് കൊണ്ട് 2012 മുതൽ ലഭിച്ച അധികാരങ്ങളെല്ലാം തിരിച്ചുപിടിച്ചു. അങ്ങനെ ലക്ഷദ്വീപിൽ ചെറിയതോതിലെങ്കിലും നിലനിന്ന ജനാധിപത്യം സമ്പൂർണ്ണ ഏകാധിപത്യത്തിനു വഴിമാറി.
ഈ വകുപ്പുകളിലെല്ലാം ജോലി ചെയ്തിരുന്ന ആയിരക്കണക്കിന് കരാർ തൊഴിലാളികളെ പിരിച്ചുവിടുകയാണ് ആദ്യം ചെയ്തത്. പിന്നാലെ ജനങ്ങളെ ഉപദ്രവിക്കുന്ന മറ്റു നയങ്ങൾ ഓരോന്നായി നടപ്പിലാക്കി. 14 സ്കൂളുകൾ അടച്ചു പൂട്ടാനുള്ള ഉത്തരവുകൾ ഇറങ്ങിയത് ഈ അധികാരകേന്ദ്രീകരണ നയത്തിന്റെ ബലത്തിലാണ്.
ഇന്നിപ്പോൾ ലക്ഷദ്വീപിൽ പഞ്ചായത്തു ഭരണസമിതികൾ പോലുമില്ല. അതുകൊണ്ടുതന്നെ സ്കൂളുകൾ അടച്ചുപൂട്ടാനും തൊഴിലാളികളെ പിരിച്ചുവിടാനും ഭരണകൂടത്തിന് എളുപ്പം സാധിച്ചു. ഭരണസമിതി അംഗങ്ങളില്ലാത്ത പഞ്ചായത്തുകളിലിപ്പോൾ എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ ഭരണമാണ് നിലനിൽക്കുന്നത്. മാലിന്യ നിർമാർജ്ജനം, ആരോഗ്യസംരക്ഷണം, അടിസ്ഥാന സൗകര്യവികസനം ഇതൊന്നും ഇപ്പോൾ ദ്വീപുകളിൽ ക്രിയാത്മകമായി നടക്കുന്നില്ല. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ കേൾക്കാനും വകസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനുമുള്ള പ്രാഥമിക ബോഡിയായ ഗ്രാമസഭകൾ ചേർന്നിട്ട് മൂന്നുവർഷത്തോളമായി. ജനാധിപത്യ സംവിധാനം നഷ്ടപ്പെട്ടതുകൊണ്ട് ലക്ഷദ്വീപിന്റെ ഭൗതികസാഹചര്യങ്ങളോ ദ്വീപുനിവാസികളുടെ ആവശ്യങ്ങളോ മനസ്സിലാക്കിയുള്ള പദ്ധതികളും പ്രവർത്തനങ്ങളുമല്ല പലപ്പോഴും ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നത്. അഡ്മിനിസ്ട്രേറ്റർമാരുടെ താൽപര്യങ്ങൾക്കനുസരിച്ചുള്ള തലതിരിഞ്ഞ പരിഷ്കാരങ്ങളാണ് എല്ലായ്പ്പോഴും നടപ്പിലാവുന്നത്. ദ്വീപിന്റെ ഭൂമിശാസ്ത്രവും സാംസ്കാരിക സവിശേഷതകളും മനസ്സിലാക്കിക്കൊണ്ടുള്ള ഒരു ജനകീയ വികസനമാതൃക സൃഷ്ടിക്കാൻ ഏകാധിപത്യ ഭരണക്രമത്തിനു കഴിയില്ല.


🔥🔥🔥🔥🔥Suprb Write up sir
അടിമയിൽ നിന്ന് പൗരനിലേക്കുള്ള യാത്രയാണ് ഒരോ ദ്വീപുക്കാരനും വേണ്ടത്.. ചെറു മാധ്യമങ്ങളിൽ കുടി ദ്വീപുക്കാരന്റെ ശബദമായതിന് താങ്കൾക്ക് ഹൃദയാഭിവാദ്യം നേരുന്നു…