
ഡോ.അരുൺ മോഹൻ പി.
Published: 10 September 2025 കവര്‍സ്റ്റോറി
ഡച്ചാവിഷ്ട കൊച്ചി രാജ്യത്തെ ശിക്ഷാരക്ഷ
രാജഭരണകാലത്തെ കുറ്റവും ശിക്ഷയും എപ്രകാരമായിരുന്നു എന്നത് മനസ്സിലാക്കാന്‍ ലിഖിതരേഖകളുടെ പരിശോധനയും വിശകലനവും ഏറെ സഹായകമാണ്. വിവിധ കാലങ്ങളില്‍ കേരളം സന്ദര്‍ശിച്ച സഞ്ചാരികള്‍, ഔദ്യോഗികാവശ്യങ്ങള്‍ക്കായി യൂറോപ്യന്മാരായ കമ്പനി ഉദ്യോഗസ്ഥന്മാര്‍ തുടങ്ങിയവരുടെ രേഖപ്പെടുത്തലുകളും കോവിലകങ്ങളിലെ അധികാരികളുടെ നിര്‍ദ്ദേശത്തോടെ ചെമ്പോലകളിലും ശിലകളിലും താളിയോലകളിലും കടലാസിലും തയ്യാറാക്കിയ രേഖകളും ഇക്കാര്യത്തില്‍ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നുണ്ട്. പില്ക്കാലത്ത് കേരളം എന്ന പേരിലറിയപ്പെട്ട ഇന്നത്തെ ഈ സംസ്ഥാനം സ്വതന്ത്രപൂര്‍വ ഇന്ത്യയില്‍ എപ്പോഴെങ്കിലും ഒരേകീകൃത ഭരണത്തിന്റെ തണലില്‍ പുലര്‍ന്നിരുന്നോ എന്നത് സംശയനിവൃത്തി അത്യാവശ്യമുള്ളൊരു ചോദ്യമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാതി അവസാനിക്കാറാകുന്നിടത്ത് പ്രൊഫസര്‍ ഇളംകുളം കുഞ്ഞന്‍പിള്ള ഒന്നാം ചേരസാമ്രാജ്യത്തെ ലിഖിതരേഖകളുടെയും സാഹിത്യലക്ഷ്യങ്ങളുടെയും പിന്‍ബലത്തോടെ അവതരിപ്പിച്ചു. ഒന്നാംചേരസാമ്രാജ്യകാലത്ത് തന്നെ ഏഴിമല, ആയ് തുടങ്ങിയ രാജ്യങ്ങളും ഇവിടെയുണ്ടായിരുന്നു. ചേരരാജാക്കന്മാരുടെ സാമന്തപദവിയില്‍ കുറുനിലമന്നന്മാരുണ്ടായിരുന്നു. സി.ഇ. ഒമ്പതാംനൂറ്റാണ്ടില്‍ അധികാരപദവിയില്‍ കാണുന്ന രണ്ടാം ചേരസാമ്രാജ്യം അഥവാ മഹോദയപുരകുലശേഖരന്മാരുടെ കാലത്ത് ഭരണനിര്‍വാഹകരായ നാടുടയവന്മാരെയും കാണാം. സി.ഇ. പന്ത്രണ്ടാം നൂറ്റാണ്ടോടെ കുലശേഖരന്മാരും അപ്രത്യക്ഷരായി. അക്കാലത്ത് ശാങ്കരസ്മൃതി പ്രത്യക്ഷമാകുകയും ചെയ്തു. പില്ക്കാലകേരളത്തിലെ ആചാരങ്ങളും അനാചാരങ്ങളും ഈ സ്മൃതിയിലൂടെ പ്രാബല്യത്തിലെത്തി. കുലശേഖരന്മാര്‍ക്ക് ശേഷം ഏകീകൃതഭരണം ഉണ്ടായില്ല. പിന്നീടുണ്ടായത് സ്വരൂപവാഴ്ചയാണ്. തങ്ങള്‍ക്കധീനമായ ഭൂപ്രദേശത്തിനകത്ത് കൊല്ലിനും കൊലയ്ക്കുമുള്ള അധികാരം സ്വരൂപികള്‍ക്കുണ്ട്.
കോഴിക്കോട്, വേണാട്, വള്ളുവനാട്, കോലത്തുനാട് തുടങ്ങി ഒട്ട് സ്വരൂപികള്‍ ഈ ദേശം വാണിരുന്നു. അക്കൂട്ടത്തില്‍ പോര്‍ച്ചുഗീസുകാരനായ പെഡ്രോ അല്‍വാരിയസ് കബ്രാളിന്റെ സി.ഇ. 1500 ലെ കടന്നു വരവുവരെ അത്രയൊന്നും പ്രഗല്‍ഭരോ പ്രശസ്തരോ ആയിരുന്നിട്ടില്ലാത്ത ഒരു സ്വരൂപിയാണ് പെരുമ്പടപ്പ് സ്വരൂപം; അഥവാ കൊച്ചി രാജവംശം. യൂറോപ്യന്മാരുടെ വരവും കോഴിക്കോട്ടെ സാമൂതിരിയും അദ്ദേഹത്തിന് പ്രിയപ്പെട്ടവരായ മുസ്ലീംവ്യപാരികളുമായുള്ള വിരോധവും പോര്‍ച്ചുഗീസുകാരെ കൊച്ചിയിലേക്ക് ആകര്‍ഷിച്ചു. സി.ഇ. 1500 മുതല്‍ 1663 മാര്‍ച്ച് മാസം ആദ്യ ആഴ്ചവരെ കൊച്ചിയിലും പിന്നീട് കൊച്ചിയില്‍ അധികാരം പിടിച്ച എല്ലാ യൂറോപ്യന്‍ കച്ചവടശക്തികളുടെയും അധികാരകേന്ദ്രമായിരുന്ന കൊച്ചി കോട്ടയിലും പോര്‍ച്ചുഗീസ് അഥവാ പറങ്കികള്‍ ഉണ്ടായിരുന്നു. ഫാറങ്കി ഗോത്രക്കാരയതിനാല്‍ മലയാളികളവരെ പറങ്കികളെന്നാണ് വിളിച്ചത്. കൊച്ചി – കോഴിക്കോട് – പോര്‍ച്ചുഗീസ് അസ്വാരസ്യങ്ങളും കൊച്ചിയിലെത്തന്നെ താവഴിത്തര്‍ക്കങ്ങളും മറ്റുള്ളവരുടെ മുതലെടുപ്പുകളും ഹൊല്ലന്തക്കാരായ (ഹോളണ്ട്) ലന്തക്കുമ്പഞ്ഞിക്ക് കൊച്ചി കോട്ടയിലെ അധികാരം നേടിക്കൊടുത്തു. കുമ്പഞ്ഞി എന്നത് കമ്പനിയെന്നതിന്റെ മലയാളരൂപമാണ്. സി.ഇ.1341ലെ പ്രളയാനന്തരം കൊച്ചിയില്‍ പുതിയൊരു കലണ്ടര്‍ നിലവില്‍ വന്നു ഇത് പുതുവെപ്പ് വര്‍ഷം എന്നാണറിയപ്പെട്ടത്. ഇപ്രകാരം പുതുവപ്പ് 322 മീനമാസം 14ന് തയ്യാറാക്കിയ കൊച്ചി – ഡച്ച് ഉടമ്പടിയാണിവിടെ വിശകലനവിധേയമാകുന്നത്. അഞ്ച് ചെമ്പോലകളുടെ പത്ത് വശങ്ങളിലായി കോലെഴുത്ത് ലിപിയില്‍ കൊത്തിയെഴുതിയ ഈ രേഖ ഒരു നാട്ടുരാജ്യവും യൂറോപ്യന്‍ കച്ചവടക്കമ്പനിയും തമ്മില്‍ തുടര്‍ന്ന് എങ്ങനെ സഹകരിക്കാമെന്നും എന്തെല്ലാം ചെയ്യാം ചെയ്യാനാകില്ല എന്നും വിശദമായി ഉള്‍ക്കൊള്ളുന്നുണ്ട്.
വൈദേശികരെ കേരളത്തിലേക്ക് ആകര്‍ഷിപ്പിച്ച സുപ്രധാന ഘടകം സുഗന്ധവ്യഞ്ജനങ്ങള്‍ തന്നെയാണ്. എന്നാല്‍ സ്വരൂപികളുടെ വാഴ്ചക്കാലത്ത് കച്ചവടക്കാര്‍ക്കും രാഷ്ട്രീയവ്യവഹാരങ്ങളില്‍ ഇടപെടാവുന്ന നിലവന്നു. സി.ഇ. 1498ല്‍ പോര്‍ച്ചുഗീസുകാര്‍ കേരളത്തിലെത്തിയപ്പോള്‍ അവരുടെ വ്യാപാരവ്യവഹാരങ്ങള്‍ക്ക് പ്രധാന പ്രതിസന്ധിയായത് സാമൂതിരി-മുസ്ലീം അഥവാ അറബി കച്ചവടബന്ധത്തിലെ വിശ്വാസവും കെട്ടുറപ്പുമാണ്. സാമൂതിരിയുടെ തീര്‍ത്തും ഔദ്യോഗികമായിരുന്ന കൊട്ടിച്ചെഴുന്നള്ളത്തുകളിലും വ്യാപാരകുത്തക അരക്കിട്ടുറപ്പിച്ച മാമാങ്കത്തറയിലും മുസ്ലീം പ്രമുഖര്‍ക്ക് സ്ഥാനപ്പേരോടെ പ്രവേശനമുണ്ടായിരുന്നു. എന്നിരിക്കിലും കേരളത്തിലെ സ്വരൂപവാഴ്ചക്കാരായ ഭരണാധികാരികള്‍ തമ്മിലുള്ള അനാരോഗ്യകരമായ ബന്ധത്താല്‍ ഉടലെടുത്ത അരക്ഷിതാവസ്ഥ യൂറോപ്യന്‍ കച്ചവടക്കാര്‍ക്ക് അനുകൂലമായ അവസരങ്ങള്‍ സൃഷ്ടിച്ചു എന്നതാണ് യാഥാര്‍ത്ഥ്യം. സൃഷ്ടിച്ചു എന്നതിലുപരി നിരന്തര സംഘര്‍ഷങ്ങളും പടമുട്ടുകളും(യുദ്ധങ്ങള്‍) പുതിയ ശക്തികള്‍ക്ക് ഇവിടേക്ക് കടന്നുവരാനും അധികാരത്തില്‍ ഇടപെടാനും അവസരമൊരുക്കി.
സാംസ്കാരികമായ വൈജാത്യങ്ങള്‍ ഈ ഘട്ടത്തില്‍ പലവിധത്തില്‍ ഉടലെടുത്തു. പ്രത്യേകിച്ചും സി.ഇ.1599ല്‍ ഉദയംപേരൂര്‍വച്ച് നടന്ന ക്രിസ്തീയസമ്മേളനത്തിന്റെ സുപ്രധാന അജണ്ടകളിലൊന്ന് മലയാളത്തിലെ ക്രൈസ്തവരെ ക്രിസ്തുവഴിയിലൂടെ നടത്തിക്കാനുള്ള ഏര്‍പ്പാടുണ്ടാക്കുക എന്നതായിരുന്നു. ഒരു ദേശത്തെ രണ്ട് തരം പരിഗണനകളുള്ള പൗരരിലേക്ക് നീങ്ങുന്ന ശ്രമങ്ങളിലേക്കുള്ള ശ്രദ്ധക്ഷണിക്കലായിരുന്നു ഇതെന്ന് മനസ്സിലാക്കാം. ഇത്തരം ശ്രമങ്ങളുടെ കുറേക്കൂടി സുഘടിതമായ തുടര്‍ച്ച പില്ക്കാലത്തും കാണാനാകും. പോര്‍ച്ചുഗീസുകാര്‍ കൊച്ചി കോട്ടയില്‍ സി.ഇ.1663വരെ ഉണ്ടായിരുന്നു. കൊച്ചിയിലെ താവഴിത്തര്‍ക്കത്തിന്റെ ഫലമായി സിലോണില്‍ നിന്നും കൊച്ചിയിലെത്തി പോരടിച്ച് കൊച്ചി കോട്ടയില്‍ നിന്നും പോര്‍ച്ചുഗീസുകാരെ തുരത്താന്‍ ഡച്ച് ഈസ്റ്റിന്ത്യാ കമ്പനിക്ക് സാധിച്ചു. ഈ പ്രവൃത്തിക്ക് ശേഷം കൊച്ചിരാജാവും ഡച്ച് അധികാരിയും പരസ്പര സമ്മതത്തോടെ കോലെഴുത്ത് ലിപിയില്‍ ചെമ്പ് തകിടില്‍ തയ്യാറാക്കിയ ഒരുടമ്പടി ഇന്നും എറണാകുളത്തെ റീജിയണല്‍ ആര്‍ക്കൈവ്സില്‍ സംരക്ഷിച്ചിട്ടുണ്ട്. നിരവധി പണ്ഡിതന്മാര്‍ ഈ രേഖയെ ആസ്പദമാക്കി പഠനങ്ങള്‍ നിര്‍വ്വഹിച്ചിട്ടുമുണ്ട്. ഈ ലേഖകന്‍ പ്രസ്തുത രേഖ പൂര്‍ണരൂപത്തില്‍ കൊച്ചിരാജ്യത്തെ ലിഖിതങ്ങളുടെ ചരിത്രപരവും ഭാഷാപരവുമായ പഠനമെന്ന പ്രബന്ധത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കൊച്ചി – ഡച്ച് ചെമ്പോല (സി.ഇ.1663, പുതുവെപ്പ് വര്‍ഷം 322)
കൊച്ചിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട തദ്ദേശീയ കലണ്ടറാണ് പുതുവെപ്പ് വര്‍ഷം. സി.ഇ.1341 ല്‍ ഉണ്ടായ പ്രളയത്തില്‍ പെരിയാറിന്റെ ഗതിമാറി. പുതുവൈപ്പിന്‍ ദ്വീപ് ഉടലെടുത്തു. മുസരിസ് പട്ടണം നാമാവശേഷമായി. വലിയകപ്പലുകള്‍ക്ക് നങ്കൂരമിടാന്‍ പാകത്തില്‍ കൊച്ചിയിലെ പൊഴി മാറി. ഇതിന്റെ ഓര്‍മ്മയാണ് കൊച്ചി രാജ്യത്ത് നിലവിലിരുന്ന പുതുവെപ്പ് വര്‍ഷം. മലയാള കാലഗണനയായ കൊല്ലവര്‍ഷത്തിലുള്ള മാസങ്ങളും തീയതികളും അതുപോലെത്തന്നെ പുതുവെപ്പ് കലണ്ടറിലുണ്ട്. കൊല്ലവര്‍ഷം സി.ഇ. 825ല്‍ തുടങ്ങിയെങ്കില്‍ പുതുവെപ്പ് വര്‍ഷം സി.ഇ.1341 ല്‍ തുടങ്ങി. ഈ ചെമ്പോല പ്രകാരം പുതുവെപ്പ് വര്‍ഷം 322 മീനം 14ന് തയ്യാറാക്കിയതാണീ രേഖ. സി.ഇ.1663 മാര്‍ച്ച് 22 ആണ് സമാനമായ യൂറോപ്യന്‍ കാലഗണന. രാജാവ് അനന്തരവന്മാരോടായി അരുളിച്ചെയ്യുന്നത് ഡച്ച് കമ്പനിയെ വിശ്വാസത്തിലെടുത്ത് പഴയന്നൂര്‍ ഭഗവതിയുടെ പേരില്‍ സത്യം ചെയ്ത് ഇനി പ്രവര്‍ത്തിക്കേണ്ടുന്നതെപ്രകാരമെന്നാണ്. ഈ കോലെഴുത്ത് രേഖ തയ്യാറാക്കിയിട്ടുള്ളത് 5 ചെമ്പോലകളിലായാണ്. ഓരോന്നിനും പ്രത്യേകം നമ്പറുണ്ട്. 10 പുറങ്ങളിലായി 98 വരികളില്‍ എഴുതിയിരിക്കുന്നു.
പുതുവെപ്പ് 322ലെ കൊച്ചി – ഡച്ച് ചെപ്പേടിന്റെ ലിപ്യന്തരണരൂപം
അരുളിച്ചൈക നമ്മുടെ അനതവരവര്‍[1]മെല്‍പ്പെട്ട പെകുമാനപ്പട്ട കുപമഞ്ഞിയെ[2] വിച്ചൊതിച്ച[3] നമ്മുടെ തൊരൂപത്തെ[4] രെക്കിച്ച[5] ചെല്ലെണ്ടും പെറകാരത്തിന്ന[6] അങ്ങൊട്ടുമിങ്ങൊട്ടും വിച്ചൊതിച്ച ഒടമ്പടിക്ക എഴുതിവെച്ചിരിക്കുന്ന പെറകാരത്തിന്നും പുതുവപ്പ് 320മത് മെടമാതം[7] 19 പഴെയന്നൂര്‍ പകവതിയുടെ നടയില്‍ കാഞ്ഞിരപൊഴയാല്‍ തെക്കും വടക്കും ഒള്ള പെറപ്പുക്കന്മാരെയും വെപ്പനാട്ടു[8] കിരാമത്തില്‍[9] തച്ചനങ്ങളില്‍[10] വാഴൈപെരയും അവണാനമ്പൂരിയേയും താക്കി[11] ആയി വച്ചും കൊണ്ട എഴുതിവച്ച വപ്പ ആകുന്നത. നമ്മുടെ തൊരുപത്തിങ്കലെ അഞ്ഞ[12] താവഴിയും തമ്മില
[1] അനന്തരവന്മാര്‍
[2] കുമ്പഞ്ഞിയെ (കമ്പനിയെ)
[3] വിശ്വസിച്ച്
[4] സ്വരൂപത്തെ
[5] രക്ഷിച്ച്
[6] പ്രകാരത്തിന്
[7] മേടമാസം
[8] വേമ്പനാട്ട്
[9] ഗ്രാമത്തില്‍
[10] സജ്ജനങ്ങളില്‍
[11] സാക്ഷി
[12] അഞ്ച്
മലത്തരം[1] കൊണ്ട അനെകം കൂട്ടം ആപത്തുകൾ ഒണ്ടാവതിന്റെ[2] തൊഴം[3] പറുങ്കി[4] കൂടെ ചത്തുറുക്കളക്ക[5] തകായമായിയിപ്പ[6] നമ്മുടെ തൊരുപത്തിങ്കലെക്ക എറിയ[7] അനറത്തങ്ങള്‍[8] അനുപവിച്ചാറെ നാം പെകുമാനപ്പെട്ട ലെന്ത കുമ്പഞ്ഞിയെ വിച്ചൊതിച്ച കൊണ്ടുവന്ന പറുങ്കിയേയും കളഞ്ഞ ചത്തുറുക്കളയും കൊപ്പൊഴിച്ച[9] കൊച്ചിയിൽ ആതിയായിട്ട പറുങ്കി ഇട്ടിരിന്ന കൊട്ടകളും[10] പെകുമാനപ്പെട്ട ലെന്ത കുമ്പഞ്ഞി കൈവചമാക്കി[11] മെലപ്പട്ട[12] കുമ്പഞ്ഞിയും നാമായിട്ട മെലപ്പട്ട ചെല്ലെണ്ടും പെറകാരത്തിന്ന പുതുവൈപ്പ 322 മത മീന മാതം 14 നു അങ്ങുമിങ്ങും എഴുതി വക്കയും ചൈതു. ആയതിൽ പറുങ്കി ഇട്ടിരിന്ന കൊച്ചി കൊട്ടയും കൊടങ്ങല്ലൂർ[13] കൊട്ടയും പള്ളിപ്പറത്തും പാമ്പാവിലും ഒള്ള കൊട്ടകളും പറുങ്കി അനുപവിച്ചിരുന്ന പാതിരി(തുരു)ത്തും പൊട്ടതുരുത്തും വെണ്ടുതുരുത്തും ഉലപ്പത്തികളും[14] പറുങ്കിയുടെ വെലക്കാരായിട്ടുള്ള അടിമകളും പെകുമാനപ്പെട്ട കുമ്പഞ്ഞിക്ക ആയിരിക്കത്തക്കവണ്ണം
[1] മത്സരം
[2] ഉണ്ടായതിന്റെ
[3] ദോഷം
[4] പറങ്കി, പോര്‍ച്ചുഗീസ്
[5] ശത്രുക്കള്‍ക്ക് (ഇളയതാവഴിയും പറങ്കിയും)
[6] സഹായമായിപ്പോള്‍
[7] ഏറിയ
[8] അനര്‍ത്ഥങ്ങള്‍
[9] നിരായുധരാക്കി, നിര്‍വീര്യമാക്കി
[10] കോട്ടകളും
[11] കൈവശമാക്കി
[12] മേല്‍പ്പെട്ട
[13] കൊടുങ്ങല്ലൂര്‍
[14] ഉല്‍പ്പത്തികള്‍
എഴുതി വെച്ചിരിക്കുന്നു. കൊച്ചി കൊട്ടക്കു പുറത്ത വെട്ടിവെളുപ്പിച്ച പരപ്പു നിലത്തിന്റെ അതിർത്തി തനതി പാകത്തിന്ന വടക്ക ഇതിന്ന വിഴക്കതക്കല കൊവിലകത്തിന്നും ഇതിന്ന വടക്ക വടുതലപറമ്പിന്റെ പടിഞ്ഞാറെ അതിർത്തിക്കും ഇതിന്ന വടക്ക പകവതി ഇരക്കുന്നതിന്റെന്നും പടിഞ്ഞാറ ഇതിന്ന വടക്ക കിഴക്ക തിരുമങ്ങലത്ത പറമ്പിന്നും ചക്കാലക്കൽ പറമ്പിന്നും വടക്ക ഇരുവെലിക്കും കല്ലുപത്തിക്കും പടിഞ്ഞാറ ഇതിനകത്ത പെകുമാനപ്പെട്ട കുമ്പഞ്ഞിയുടെ അനുവാതം കൂടാതെ ഒരുത്തരും ഒരു തയ്യും മരങ്ങളും നട്ട ഉണ്ടാക്കയുമരുത. കുമ്പഞ്ഞി ആളുകളും നമ്മുടെ ആളുകളും തമ്മിൽ ഒരു കയ്യേറ്റം ചൈതാൽ അങ്ങമിങ്ങം[1] ഒള്ളവരെ അങ്ങുമിങ്ങം പൊതിപ്പിച്ച[2] അവരവരുടെ ആളുകളെ അവരവർ ചിക്കിച്ച[3] കൊള്ളുകയും വെണം. കുമ്പഞ്ഞിവെലക്കായിട്ട[4] ഒഴിഞ്ഞ കൊടുത്തിരിക്കുന്ന എഴുപുറം പരുഴയോടും കനട രാചിയത്തുന്ന പറുങ്കി മാർക്കം കൂട്ടി കൊണ്ടുവന്ന ആളുകളൊടും ഒരു പുരുഴാന്തരം[5] ചൊതിക്കയും അവരുത ചരിരം പിറതി[6] ഒപ്പു ചൈകയുമരുത. നമ്മുടെ രാചിയത്തുള്ള മുളവ പുറവഴിക്ക പോകാതെ തുക്കിച്ച[7] കുമ്പഞ്ഞിക്ക കൊടുക്കണം. കുമ്പഞ്ഞിക്ക
[1] അങ്ങുമിങ്ങും, അവിടെയും ഇവിടെയും ഉള്ളവര്‍
[2] ബോധിപ്പിച്ച്
[3] ശിക്ഷിച്ച്
[4] കമ്പനി വേലക്കായിട്ട്
[5] പുരുഷാന്തരം, ഒരുതരം നികുതി
[6] അവരുടെ ശരീരം പ്രതി
[7] തൂക്കിച്ച് (അളവ്)
ഒര ആവിച്ചം[1] വരുമ്പോ നമ്മുടെ ആളുകളെ കൊണ്ട വെണ്ടുന്ന തകായങ്ങൾ ചൈത കൊടുത്ത കുമ്പഞ്ഞി ആയിട്ടുള്ള വിച്ചാതം എല്ലാ നാളും ചെയ്യു വരത്തക്ക വണ്ണം വിച്ചൊതിച്ച നിന്ന നമുക്ക ഒരു ചത്തുറു ഉണ്ടാകുമ്പോൾ കുമ്പഞ്ഞിയെ കൊണ്ട ചത്തുറുവിന്റെ അമർച്ചയും വരുത്തി നമ്മുടെ രാച്ചിയവും രെക്കിച്ച[2] പെകുമാനപ്പെട്ട കുമ്പഞ്ഞി ആയിട്ട വിച്ചാതമായിട്ട തന്നെ എന്നഎന്നക്കും നടന്നു കൊൾകയും വെണം. നമുക്ക് ആപത്തുകൾ ഉണ്ടായിരിക്കുമ്പോൾ വടക്കുംകൂറ്റിൽ നായരി ആകുന്ന തകായങ്ങൾ ചൈതിരിക്ക കൊണ്ട നായരിക്ക ഒര ആവിച്ചം വരുമ്പൊൾ വെണ്ടുന്ന തകായം ചൈത കൊടുത്ത നടത്തി കൊൾകയും വെണം. നമ്മുടെ തൊരൂപത്തിങ്കൽ ആളു പോരാതെ തെത്ത[3] വക്കണ്ടി വന്നുവെങ്കിൽ ചാഴിയൂർ താവഴിയിന്നല്ലാതെ തെത്ത വക്കയുമരുത്. ചാഴൂരുന്ന് തന്നെ തെത്ത വക്കുമ്പോഴും പെകുമാനപ്പെട്ട കുമ്പഞ്ഞിയെ കൂടെ പൊതിപ്പിച്ച[4] കുണ തോഴ വിചാരിച്ചല്ലാതെ[5] തെത്ത് വക്കയുമരുത്. ഇ തൊരൂപത്തിങ്കൽ കുണത്തിന്ന്[6] പാലിയത്തെ മെനോനമ്മാര നമ്മെ കൂടെ വെണ്ടുന്ന പെറയന്നങ്ങൾ[7] ചൈതിരിക്ക കൊണ്ട എന്നഎന്നക്കും അവരട തറവാട രക്കിച്ച നടത്തി കൊൾകയും വെണം. പഴയന്നൂർ.
[1] ഒരു ആവശ്യം
[2] രക്ഷിച്ച്
[3] ദത്ത്
[4] ബോധിപ്പിച്ച്
[5] ഗുണദോഷം വിചാരിച്ചല്ലാതെ
[6] ഗുണത്തിന്
[7] പ്രയത്നങ്ങള്‍
തിരിച്ചിവപേരൂര[1], ഊരോത്ത[2], ഇരിങ്ങാടക്കൂട[3], തിരുവല്ലാമലെ[4], തിരുവഞ്ചിക്കുളത്ത, തിരിപ്പൂണിത്തുറൈ[5], തിരുവല്ലായെ ഇ ചെത്തറങ്ങൾ പെറത്തേകം നാം രച്ചിക്കണ്ടതാക കൊണ്ട ഇ ചെത്തറങ്ങൾ ഒര ഏറക്കുറവ കൂടാതെ നടത്തി കൊള്ളണം. ഇതിനകത്തുള്ള പിരാമ്മണരയും പചുക്കളയും വഴി പൊലെ രക്കിച്ച യാകാതി കർമ്മങ്ങളും നടത്തിച്ച ചെന്നു കൊള്ളണം. കൊങ്ങിണിമകാചനങ്ങളമ്മാമനമാരെ വന്നു കണ്ട് അവർക്ക് ഇരിപ്പാൻ വെണ്ടുന്ന പൂമികളും രച്ചക്ക ആയിട്ട വെണ്ടുന്നതിനെയും കൊടുത്ത അവർക്ക ഒരു ചെത്തറം[6] ഒണ്ടാക്കണമെന്ന അപേച്ചിക്ക കൊണ്ട ആയതിന വെണ്ടുന്ന തലവും[7] അതിന്ന ഒക്കയും തിട്ടൂരങ്ങളും കൊടത്ത ചെത്തറത്തില അടിയന്തിരത്തിന്ന അമ്മാമനമ്മാരായിട്ട വെച്ച നടത്തി ഇരിക്കുന്നതിനും ഒര ഏറക്കുറവ[8] കൂടാതെ നടത്തിച്ച ആ പരുഴകളെയും അമ്മാമനമ്മാർ തിട്ടൂരം കൊടുത്ത നടത്തി ഇരിക്കുന്ന പെറകാരം രക്കിച്ച കൊള്ളണം. നമ്മുടെ ആപത്തു കാലത്ത ഇ പരുഴകള തെരിവിയം[9] കൊണ്ട വെണ്ടുന്ന തകായം ചൈതിരിക്കുന്നവരത്തറെ
[1] തൃശ്ശിവപ്പേരൂര്‍ , തൃശ്ശൂര്‍
[2] ഊരകം
[3] ഇരിങ്ങാലക്കുട
[4] തിരുവില്വാമല
[5] തൃപ്പൂണിത്തുറ
[6] ക്ഷേത്രം
[7] സ്ഥലവും
[8] ഏറ്റക്കുറച്ചില്‍
[9] ദ്രവ്യം, ധനം
ആകുന്നത. ഇവരെ പിരാമ്മണ മരിയാത പോലെ ഉള്ള ചിക്കാ രെക്ക[1] അല്ലാതെ ചൈതു പോകയുമരുത. കൊങ്ങിണി മകാചെനങ്ങള ഇവിടെ വന്ന അമ്മാമനമ്മാരെ കടമലയാളത്തില പിരാമ്മണരെ രെച്ചിക്കുന്ന പിറകാരം എങ്ങളെയും രക്കിച്ചു കൊള്ളണമെന്ന അവര അപേച്ചിക്ക[2] കൊണ്ടത്തറെ കൊങ്ങിണികളക്ക് പുരുഴാന്തരം വേണ്ട എന്ന വച്ചിരിക്കുന്നത. കൊങ്ങിണികളില ഒരുത്തന അറ്റു പോയാൽ അവന്റെ മുതല നമ്മുടെ ആളുകളും മകാചെനങ്ങളും കുടി പൊതിച്ച[3] ഒള്ള മുതലില പാതി നമുക്കും പാതി തിരുമലതേവനും ആയിട്ടത്തറെ കീഴില അമ്മാമനമ്മാറ വെച്ചിരിക്കുന്നത. മെലിലും അപ്പറകാരം ആയി കൊള്ളണം. പെരുമ്പടപ്പില ചിത്തിരകൂടത്തില[4] നമ്മുടെ കോവിലകത്തവരു തെവതമാരെ[5] തെവിക്കെണ്ടും[6] പിറകാരം തെവിക്കായിക കൊണ്ടത്തറെ നമുക്ക ഓരൊരൊ ആപത്തുകൾ തംപവിച്ചത[7]. നമ്മുടെ തൊരുപത്തിങ്കൽ താവഴി മലത്തരം കൊണ്ട ആയതിന്ന താമൂരി[8] കൂടെ തകായമായിട്ട[9] അവിടം
[1] ബ്രാഹമ്ണമര്യാദ പോലെയുള്ള ശിക്ഷാരക്ഷ
[2] അപേക്ഷിക്ക
[3] ബോധിച്ച്
[4] ചിത്രകൂടത്തില്‍
[5] ദേവതമാരെ
[6] സേവിക്കേണ്ടും
[7] സംഭവിച്ചത്
[8] സാമൂതിരി
[9] സഹായമായിട്ട്
ഒക്കയും രെക്കിച്ച ചെന്ന തേവിപ്പാൻ[1] തങ്ങതി[2] വരാഞ്ഞത്. ആയവിടം മുമ്പിലത്തെ താനം[3] വരുവേളത്തക്ക കുമ്പഞ്ഞിയും ഒരുമിച്ച വെണ്ടുന്ന പെറവത്തണം ചൈതു കൊള്ളണം. ഇ എഴുതി ഇരിക്കുന്ന പിറകാരം വിചാരിച്ച മെൽപ്പെട്ട നടന്നു കൊണ്ടാൽ നമ്മുടെ തൊരുപത്തിങ്കലക്ക ഒര അന്തരം വരാതെ ഇരിന്നു കൊള്ളുകയും ചെയ്യും. അതിന്ന് ഒക്കയും നമ്മുടെ തൊരു പത്തിങ്കലക്ക് പെകുമാനപ്പെട്ട കുമ്പഞ്ഞി തകായമായി ഇരിക്കയും ചെയ്യും. അപ്പറകാരമത്തറെ നാം കുമ്പഞ്ഞിയെ വിച്ചൊതിച്ച ഇരിക്കുന്നത. ഇപ്പറകാരം ചെമ്പു തകിട്ടിൽ എഴുതി ഇക്കൂടിയ ആളുകളെ എല്ലാവരയും താക്കിയായി വച്ചും കൊണ്ട ഒപ്പകുത്തി വച്ച ആകുന്നത
ചെപ്പേടിലെ വിവരങ്ങളെ താഴെക്കാണും വിധം സംഗ്രഹിക്കാം:
(1) ഡച്ച് ഈസ്റ്റിന്ത്യാ കമ്പനിയും കൊച്ചിയും തമ്മിൽ സി.ഇ. 1661 (പുതുവെപ്പ് 320) ൽ ഒരു കരാറിൽ ഏർപ്പെട്ടിരുന്നു. പഴയന്നൂർ ഭഗവതിയുടെ നടയിൽ വെച്ച് കാഞ്ഞിരപ്പുഴയ്ക്ക് തെക്കുംവടക്കും ഉള്ള പ്രഭുക്കൻമാരും വേമ്പനാട്ടുഗ്രാമത്തിലെ സജ്ജനങ്ങളുടെ കുടുംബങ്ങളും അവണാനമ്പൂതിരിയുമായിരുന്നു ഇതിലെയും സാക്ഷികൾ.
[1] സേവിപ്പാന്‍
[2] സംഗതി
[3] സ്ഥാനം
(2) മരുമക്കത്തായ ദായക്രമമാണ് നിലനിന്നിരുന്നത്. കൊച്ചി കോവിലകത്ത് അഞ്ച് താവഴികൾ ഉണ്ടായിരുന്നു. മൂത്ത താവഴി, ഇളയ താവഴി, ചാഴിയൂർ താവഴി, പള്ളുരുത്തി [മാടത്തുങ്കൽ] താവഴി, മുരിങ്ങൂർ താവഴി എന്നിവയാണവ. ഇവര്‍ തമ്മിലും കിടമത്സരം ഉണ്ടായിരുന്നു. ഇതിൽ പോർച്ചുഗീസുകാരും (സാമൂതിരിയും) ഇടപെടുകയും ഭരണത്തിലിരുന്ന മൂത്ത താവഴിക്കും രാജ്യത്തിനും ഇത് എറെ അനർത്ഥങ്ങൾ ഉണ്ടാക്കുകയും ചെയ്‌തു.
(3) ഡച്ച് ഈസ്റ്റിന്ത്യാകമ്പനിയെ കൊച്ചിയിലേക്ക് രാജാവ് ക്ഷണിക്കുകയും അവർ കൊച്ചിക്കോട്ട പിടിച്ചെടുത്ത് പോർച്ചുഗീസിനെ തുരത്തുകയും ചെയ്‌തു. ഇതിന് ശേഷം സി.ഇ. 1663 മാർച്ച് 22ന് (പുതുവെപ്പ് 322 മീനം 14-ന്) ഇരുവരും തമ്മിൽ കരാറിൽ ഏർപ്പെടുകയും ചെയ്‌തു. ഈ കരാര്‍പ്രകാരം കൊച്ചി, കൊടുങ്ങല്ലൂർ, പള്ളിപ്പുറം, പാമ്പാ എന്നിവിടങ്ങളിലെ കോട്ടകളും വെണ്ടുത്തുരുത്ത്. പോട്ടത്തുരുത്ത്, പാതിരിത്തുരുത്ത് എന്നീ തുരുത്തുകളും അവയിലെ ഉൽപ്പത്തികളും വേലക്കായി പോർച്ചുഗീസുകാർ നിർത്തിയിരുന്ന അടിമകളുമെല്ലാം ഇനിമുതല്‍ ഡച്ച് ഈസ്റ്റിന്ത്യാ കമ്പനിയുടെ അധീനതയിലായിക്കും.
(4) കൊച്ചി കോട്ടയുടെ മുൻഭാഗത്ത് പ്രത്യേക ഉദ്ദേശ്യത്തോടെ ഒഴിച്ചിട്ടിട്ടുള്ള പ്രദേശത്ത് ഡച്ച് ഈസ്റ്റിന്ത്യാകമ്പനിയുടെ അനുവാദം കൂടാതെ ഒരാളും ഒരു തയ്യോ മരമോ നട്ടുപിടിപ്പിക്കാൻ പാടുള്ളതല്ല. കമ്പനിയുടെ ആളുകളും കൊച്ചിയിലെ ആളുകളും തമ്മിൽ കയ്യേറ്റമുണ്ടായാൽ അവരവരുടെ ആളുകളെ അവരവർ കുറ്റം ബോധിപ്പിച്ച് വേണ്ട ശിക്ഷകൾ നൽകണം. കമ്പനി വേലക്കായി ഒഴിഞ്ഞ് കൊടുത്തിരിക്കുന്ന ഏഴുപുറം പരുഷകളോടും പോർച്ചുഗീസുകാർ കന്നട രാജ്യത്തിൽ നിന്ന് മാർക്കംകൂട്ടി (മതം മാറ്റി) കൊണ്ടുവന്നവരോടും നികുതി ചോദിക്കരുത്. അവരുടെ ശരീരംപ്രതി കരാറുകളിൽ ഒപ്പു വെക്കാനും പാടുള്ളതല്ല. കൊച്ചി രാജ്യത്തുളള മുളക്(കുരുമുളക്) പുറംവഴിക്ക് പോകതെ തൂക്കിച്ച് ഡച്ച് ഈസ്റ്റിന്ത്യകമ്പനിക്ക് നൽകണം. കമ്പനിക്ക് ഒരാവശ്യം വരുമ്പോൾ രാജാവിന്റെ ആളുകളെ കൊണ്ട് വേണ്ടുന്ന സഹായങ്ങൾ ചെയ്‌തുകൊടുത്ത് കമ്പനിയുമായുള്ള വിശ്വാസം നിലനിർത്താൻ അനന്തരവന്മാര്‍ എല്ലാവരും ശ്രമിക്കണം.
(5) രാജാവിനും രാജ്യത്തിനും ആപത്തുകൾ ഉണ്ടായിരുന്നപ്പോൾ വടക്കുംകൂറിലെ നായർ ആകുന്ന തരത്തിലുള്ള സഹായങ്ങൾ ചെയ്‌തുതന്നതിനാൽ നായർക്ക് ഒരാവശ്യം വരുമ്പോൾ വേണ്ടുന്ന സഹായം ചെയ്തുകൊടുക്കണം.
(6) അധികാരത്തിലിരിക്കുന്ന താവഴികൾ അനന്തരവകാശികളില്ലാതെ ദത്തെടു ക്കേണ്ടിവരുമ്പോൾ ചാഴിയൂർ (ചാഴൂർ) താവഴിയിൽ നിന്നുമാത്രമേ ദത്തെടുക്കാൻ പാടുള്ളു. ഡച്ച് ഈസ്റ്റിന്ത്യാ കമ്പനിയെക്കുടെ ബോധിപ്പിച്ച് ഗുണദോഷവിചാരം നടത്തിയതിന് ശേഷമേ ദത്തെടുക്കാവൂ.
(7) കൊച്ചി രാജ്യത്തിന്റെ ഗുണത്തിന് വേണ്ടി പാലിയത്ത് മേനോന്മാർ രാജാവിന്റെ കൂടെ നിന്ന് വേണ്ടുന്ന പ്രയത്നങ്ങൾ ചെയ്തിരിക്കുന്നതിനാൽ അവരുടെ തറവാട് എന്നെന്നേക്കുമായി രക്ഷിച്ച് നടത്തിക്കൊള്ളണം.
(8) പഴയന്നൂർ, തിരുവില്വാമല, തൃശ്ശിവപേരൂർ, ഊരകം, ഇരിങ്ങാലക്കുട, തിരുവഞ്ചിക്കുളം, തൃപ്പൂണിത്തുറ, തിരുവല്ല എന്നീ ക്ഷേത്രങ്ങൾ പ്രത്യേകം രാജാവ് സംരക്ഷിക്കേണ്ടതിനാൽ ഇവിടങ്ങളിലെ കാര്യങ്ങൾ ഒരേറ്റക്കുറച്ചിലും കൂടാതെ നടത്തിക്കുകയും അവിടെയുള്ള ബ്രാഹ്മണരേയും പശുക്കളേയും സംരക്ഷിച്ച് യാഗാദികർമ്മങ്ങൾ അനുഷ്‌ഠിക്കുകയും വേണം.
(9) കൊങ്ങിണി മഹാജനങ്ങൾ രാജാവിന്റെ അമ്മാവൻമാരുമായി (മുൻ ഭരണാ ധികാരികൾ) നടത്തിയ കൂടിക്കാഴ്ച്ചകളിൽ അവർക്ക് താമസിക്കുന്നതിനും ക്ഷേത്രം നിർമ്മിക്കുന്നതിനും സ്ഥലം നൽകണമെന്നപേക്ഷിച്ചിരുന്നു. ക്ഷേത്രം നിർമ്മിക്കുന്നതിനുള്ള സ്ഥലവും അതിനു വേണ്ടുന്ന പ്രമാണങ്ങളും നൽകി ക്ഷേത്രത്തിലെ അടിയന്തിരത്തിനായി അമ്മാവൻമാരായി നടത്തി വെച്ചിരുന്ന കാര്യങ്ങൾ ഒരേറ്റക്കുറച്ചിലും കൂടാതെ നടത്തിക്കണം. കൊങ്ങിണിമഹാജനങ്ങൾ രാജാവിന്റെ ആപത്ത് സമയത്ത് ധാരാളം ദ്രവ്യം നൽകി സഹായിച്ചിരുന്നു. അവരോട് ബ്രാഹ്മണമര്യാദപോലുള്ള ശിക്ഷാരക്ഷയല്ലാതെ പ്രവർത്തിക്കരുത്.
കടമലയാളത്തിൽ തങ്ങളെ സംരക്ഷിക്കുന്നതു പോലെ കൊച്ചിയിലും സംരക്ഷി ക്കണമെന്ന് കൊങ്ങിണിമഹാജനങ്ങൾ അമ്മാവൻമാരോട് (മുൻ ഭരണാധികാരികളോട്) ആവശ്യപ്പെട്ടതിനാലാണ് അവർക്ക് നികുതി വേണ്ട എന്നു വെച്ചിട്ടുള്ളത്. കൊങ്ങിണികളിലെ ഒരുവൻ അനന്തരവകാശികളില്ലാതെ മരിച്ചു പോയാൽ മഹാജനങ്ങളുടെ ആളുകളും രാജാവിന്റെ ആളുകളും കൂടി ആ സ്വത്ത് കണക്കാക്കി പകുതി തിരുമലദേവനും പകുതി രാജാവിനുമായി ഭാഗിക്കുന്ന രീതിയാണ് മുൻപ് അമ്മാവൻമാർ നടത്തിയിരുന്നത്. ഇനിയും അപ്രകാരം തന്നെ ആയിരിക്കണം.
(10) പെരുമ്പടപ്പിലെ ചിത്രകൂടത്തിൽ കൊച്ചി കോവിലകത്തുള്ളവർ ദേവതമാരെ വേണ്ടുന്ന രീതിയിൽ സേവിക്കാത്തതിനാലാണ് രാജാവിനും രാജ്യത്തിനും ഓരോരോ ആപത്തുകൾ സംഭവിച്ചത്. കൊച്ചി കോവിലകത്തെ താവഴി മത്സരം മുതലെടുത്ത് പെരുമ്പടപ്പിലെ ചിത്രകൂടം സാമൂതിരി ആക്രമിച്ച് കയ്യടക്കി വെച്ചിരിക്കുകയാണ്. അതിനാലാണ് ദേവതമാരെ അവിടെച്ചെന്ന് പ്രീതിപ്പെടുത്താൻ സാധിക്കാത്തത്. അവിടം മുൻമട്ടിലാകാനും അനന്തിരവൻമാരുടെ കാലത്തും കൊച്ചിയുടേതായിരിക്കാനും അനന്തിരവൻമാർ ഡച്ച് ഈസ്റ്റിന്ത്യാ കമ്പനിയുമായി ചേർന്നു പ്രവർത്തിക്കണം.
കൊച്ചിയിലെ ശിക്ഷാരക്ഷ
ഭരണനിര്‍വഹണത്തില്‍ ശിക്ഷാരക്ഷ സുപ്രധാനമാണ്. പ്രജകളുടെ ക്ഷേമവും നാട്ടിലെ സമാധാനവും ശിക്ഷാരക്ഷയെ ആശ്രയിച്ചിതിക്കുന്നു. സ്വരൂപികളുടെ ഭരണമാരംഭിച്ച സി.ഇ. പന്ത്രണ്ടാംനൂറ്റാണ്ടു മുതല്ക്കുതന്നെ ബ്രാഹ്മണ്യത്തിന് ഊന്നല്‍ നല്കുന്ന ഒരു നീതിന്യായ വ്യവസ്ഥ കേരളത്തിന്റെ ഭിന്ന മേഖലകളില്‍ നടപ്പിലായി എന്ന് മനസ്സിലാക്കാം. രാജാക്കന്മാര്‍ സമൃതികളെയും നടപ്പ് മര്യാദകളെയും ആധാരമാക്കി ജാതി, ദേശം, വ്യാപാരം, കുലം എന്നിവയിലെ ധര്‍മ്മത്തെ ആധാരമാക്കി നീതി നടപ്പിലാക്കണം. ഇതില്‍ത്തന്നെ ബ്രാഹ്മണര്‍ക്ക് സത്യപരീക്ഷ തന്നെ ധാരാളമായിരുന്നു. ഇതു തന്നെ പലവിധമുണ്ട്. മറ്റ് സമുദായങ്ങള്ക്ക് കൂടിയുള്ള സത്യപരീക്ഷയില്‍ വിഷസര്‍പ്പമുള്ള കുടത്തില്‍ കയ്യിടീക്കുക, തിളച്ച എണ്ണയിലോ നെയ്യിലോ കൈമുക്കിക്കുക, മുതലകളുള്ള പുഴനീന്തി അക്കരക്കെത്തുക തുടങ്ങിയവ സ്മരണീയങ്ങളാണ്. കൊച്ചിയിലും ഇതുതന്നെയായിരുന്നു നില. എന്നാല്‍ യൂറോപ്യന്മാരുടെ വരവോടെ ഇക്കാര്യത്തില്‍ മാറ്റങ്ങളുണ്ടായി എന്ന് കൊച്ചി – ഡച്ച് കോലെഴുത്ത് രേഖയില്‍ നിന്നും മനസ്സിലാക്കാം. ഡച്ചാവിഷ്ടകാലത്ത് കെ.പി.പത്മനാഭമേനോന്‍ രചിച്ച കൊച്ചി രാജ്യ ചരിത്രത്തില്‍ കൊച്ചിയില്‍ ശിക്ഷനടപ്പിലാക്കിയ രീതികള്‍ പരാമര്‍ശിക്കുന്നുണ്ട്. കൊലക്ക് വിധിക്കാനും, ശിക്ഷിക്കാനും, കൊലനടപ്പിലാക്കാനും നാലു മന്ത്രിമാര്‍ക്കായിരുന്നു അധികാരം. പാലിയത്തച്ചന്‍, തലശ്ശെന്നോര്, മനക്കോട്ടച്ചന്‍, കുമ്പഞ്ഞിപേര്‍ക്ക് ഒരു കപ്പിത്താന്‍ എന്നിവരായിരുന്നു അവര്‍. മാപ്പു കൊടുക്കാനുള്ള അവകാശം പാലിയത്തച്ചനായിരുന്നു. (കെ.പി.പദ്മനാഭമേനോന്‍: 2022, പുറം 686)
എന്നാല്‍ ഇത് എല്ലാ പ്രജകളുടെ കാര്യത്തിലും സമാനമായ രീതിയിലാവരുത് എന്ന് ഇ കൊച്ചി–ഡച്ച് കോലെഴുത്ത് ചെമ്പോലയില്‍ത്തന്നെ പരാമര്‍ശിക്കുന്നുണ്ട്. ഈ രേഖപ്രകാരം ബ്രാഹ്മണര്‍ വളരെ സുരക്ഷിതരാണെന്ന് കാണാം. അതിനാലാണ് കടമലയാളത്തില്‍ നിന്നും വന്ന കൊങ്ങിണികള്‍ തങ്ങള്‍ക്കും ബ്രാഹ്മണമര്യാദയിലുള്ള ശിക്ഷാരക്ഷകള്‍ മതിയെന്ന് രാജാവിനെ ബോധിപ്പിച്ചും ആപത്തുകാലത്ത് ദ്രവ്യം നല്കി സഹായിച്ചും ഈ അവകാശം നേടിയെടുക്കുന്നത്. അവിടെ മനുഷ്യര്‍ മാത്രമല്ല കമ്പനിക്കധീനമായ പ്രദേശങ്ങളിലെ ഇടപെടലുകളും പരാമര്‍ശവിധേയമാകുന്നുണ്ട്. രേഖയിലെ വിവരങ്ങള്‍ സംഗ്രഹിച്ചതില്‍ നാലാം നമ്പര്‍ വിവരണം കാര്യമാത്രപ്രസക്തമാണ്. ഇതു പ്രകാരം പ്രത്യേക ഉദ്ദേശ്യത്തോടെ കൊച്ചി കോട്ടയുടെ മുന്‍ഭാഗത്ത് ഒഴിച്ചിട്ട സ്ഥലത്ത് കമ്പനിയുടെ അനുവാദമില്ലാതെ ഒരു പ്രവൃത്തിയും അനുവദനീയമല്ല. കമ്പനിയുടെ ആളുകളും കൊച്ചിയുടെ ആളുകളും തമ്മില്‍ എന്തെങ്കിലും വിധത്തില്‍ കയ്യേറ്റങ്ങളുണ്ടായാല്‍ അവരവരുടെ ആളുകളെ അവരവര്‍ ബോധിപ്പിച്ച് ആവശ്യമായ ശിക്ഷാരക്ഷകള്‍ നല്കാം. ഇവിടെ അവരവരുടെ ആളുകള്‍ ആരെല്ലാം എന്നത് പ്രധാനമാണ്. രാജാവിന്റെ പ്രജകളല്ലാത്തവര്‍ ഡച്ച് ഈസ്റ്റിന്ത്യാ കമ്പനിയുടെ പ്രജകളാണെന്ന് മനസ്സിലാക്കാം. യൂറോപ്യന്മാര്‍, ക്രിസ്ത്യാനികള്‍ എന്നിവരാണ് കമ്പനി പ്രജകള്‍, ഇതില്‍ ഡച്ചുകാര്‍ പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനികളായിരുന്നു. മറ്റുള്ളവര്‍ രാജാവിന്റെ പ്രജകളും എന്ന് മനസ്സിലാക്കാം. രാജാവ് ഹിന്ദുവായതിനാല്‍ ക്ഷേത്രസംരക്ഷണം, ബ്രാഹ്മണസംരക്ഷണം, പശുസംരക്ഷണം എന്നിവ അദ്ദേഹത്തിന് പരമ പ്രധാനമായിരുന്നു എന്ന് സംഗ്രഹത്തിലെ എട്ടാം നമ്പര്‍വിവരണം തെളിവ് നല്കുന്നു. രാജാവ് തൃപ്പൂണിത്തുറ കൊട്ടാരത്തിലും കമ്പനി പ്രതിനിധികള്‍ കൊച്ചി കോട്ടയിലുമിരുന്നവരവരുടെ ഭരണനിര്‍വഹണം നടത്തിപ്പോന്നതായി 1795 ഒക്ടോബറില്‍ ഡച്ച് കൊച്ചിയില്‍ നിന്നും അധികാരഭ്രഷ്ടരാകുന്നതുവരെയുള്ള കത്തുകള്‍ ഉദാഹരണമാണ്. ഡച്ച് പ്രജകളായ നാട്ടുക്രിസ്ത്യാനികള്‍ മുമ്പ് പോര്‍ച്ചുഗീസിന്റെ സംരക്ഷണയിലായിരുന്നു. ഈ സംരക്ഷണ ഡച്ചുകാര്‍ തുടരാന്‍ നാട്ടുക്രിസ്ത്യാനികള്‍ ആഗ്രഹിച്ചിരുന്നതായും മനസ്സിലാക്കാനാകും. “നാട്ടു ക്രിസ്ത്യാനികള്‍ രണ്ടുവകയുണ്ടായിരുന്നു. മുണ്ടുകാരും തൊപ്പിക്കാരും. മുണ്ടുകാരെന്നു പറയുന്നത് മുണ്ടുമാത്രം ഉടുക്കുന്നവരെയാണ്. തൊപ്പിക്കാര്‍ ചട്ടയും തൊപ്പിയും ധരിക്കുന്നവരാണ്” (കെ.പി.പദ്മനാഭമേനോന്‍: 2022, പുറം 680).
കമ്പനി ശിക്ഷനടപ്പാക്കിയത് പ്രത്യേകമായെന്ന് വേണം കെ.പി.പദ്മനാഭമേനോന്റെ കൊച്ചി രാജ്യചരിത്രത്തിലെ ‘നീതിന്യായം’ എന്ന അധ്യായത്തില്‍ നിന്നും മനസ്സിലാക്കാന്‍. “നീതിന്യായം നടത്തുന്നതില്‍ യൂറോപ്പുകാരേയും നാട്ടുകാരേയും വ്യത്യാസമായി വിചാരിച്ചുകൂടാ എന്നായിരുന്നു വയ്പ്. യഥാര്‍ത്ഥത്തില്‍ മതവ്യത്യാസം നോക്കിയാണ് നീതിന്യായം നടത്തിയിരുന്നത്. കുല നടത്തുന്നതിന് സാന്റക്രൂസ് വലിയപള്ളിയുടെ ഒരുഭാഗത്തായി ഒരു വലിയ കഴുനാട്ടിയിരുന്നു.” “ഏകദേശം അരമനയില്‍ ദൂരെ കഴുത്തുരുത്ത് എന്ന തുരുത്തിന്മേലും ഒരു കഴു നാട്ടിയിരുന്നു. യൂറോപ്യന്മാരെ തൂക്കിക്കൊല്ലുക പതിവുണ്ടായിരുന്നില്ല. പട്ടാളക്രമത്തിന്നു വെടിവെച്ചു കൊല്ലുകയാണ് പതിവ്” (കെ.പി.പദ്മനാഭമേനോന്‍: 2022, പുറം 680).
പരസ്പര ബഹുമാനത്തോടെ രാജാവും കമ്പനിയും ശിക്ഷാരക്ഷകളില്‍ ഇടപെടാന്‍ ശ്രമിച്ചിരുന്നു. അപവാദങ്ങളായ ചില സന്ദര്‍ഭങ്ങള്‍ സി.ഇ. പതിനെട്ടാം നൂറ്റാണ്ടുകളിലെ എഴുത്തുകുത്തുകളില്‍ നിന്നും മനസ്സിലാക്കാം. മുണ്ടുകാരും തൊപ്പിക്കാരും പോലെ കടലോരത്ത് മാര്‍ഗ്ഗംകൂടിയ(ക്രിസ്തുമതം സ്വീകരിച്ച)വരും കമ്പനിയുടെ സംരക്ഷണയിലായിരുന്നു. കരാറില്‍ പറഞ്ഞുറപ്പിച്ചതുപ്രകാരം കുറ്റം അങ്ങുമിങ്ങും ബോധിപ്പിച്ച് അവരവരുടെ പരിധികള്‍ക്കകത്തുതന്നെ ശിക്ഷകള്‍ നടപ്പിലാക്കപ്പെട്ടു. മാംസം ഭക്ഷിച്ചിരുന്ന ഡച്ചുകാരും ക്രിസ്ത്യാനികളും ഇക്കാരണത്താല്‍ പല വ്യവഹാരങ്ങളിലും കക്ഷികളായിത്തീരുന്ന കത്തുകള്‍ ഡച്ചും കൊച്ചിയും തമ്മിലുണ്ടായി. അതില്‍ത്തന്നെ തങ്ങള്‍ക്ക് പശുവിറച്ചി ഭക്ഷ്യയോഗ്യമെങ്കിലും രാജാവിന് ആചാരലംഘനമാകായാല്‍ പശുഹത്യയില്‍ നിന്നും തന്റെ കീഴുദ്യോഗസ്ഥരെ തടഞ്ഞ വിവരം രാജാവിനെ കത്തിലൂടെ അറിയിക്കുന്ന വിവരണങ്ങളും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
രാജാവ് നടപ്പിലാക്കുന്ന ശിക്ഷകളില്‍ കൊലചെയ്യുക, കഴുവിലേറ്റുക, അംഗഭംഗം വരുത്തുക, കുറ്റവാളിയുടെ നഖത്തിനിടയില്‍ ആണിയടിച്ച് കയറ്റുക, തീ, തിളച്ച വെള്ളം എന്നിവകൊണ്ട് പൊള്ളിക്കുക, ഇരുമ്പ് വടികൊണ്ട് കാല്‍മുട്ടു തല്ലിയൊടിക്കുക, തടവിലിടുക, ചാട്ടവാറിനടിക്കുക, ജാതിഭ്രഷ്ട് കല്പിക്കുക എന്നിവയായിരുന്നു ശിക്ഷകള്‍. ഈ ശിക്ഷകള്‍ ജാതി ശ്രേണിയില്‍ താഴേക്കിടയിലുള്ളവര്‍ക്കായിരുന്നു എന്നത് വിസ്മരിച്ചുകൂടാ. കഴുവിലേറ്റുക ദാരുണമായ ശിക്ഷാരീതിയാണ്. കുറ്റവാളികളെ വിവസ്ത്രരാക്കി മലദ്വാരത്തിലൂടെ അറ്റം കൂര്‍പ്പിച്ച ഇരുമ്പ്ദണ്ഡ് കയറ്റി തോളിലൂടെ പുറത്തെടുത്ത് കഴുവില്‍ മരണത്തിനായി തൂക്കിയിടുന്നു. ഒന്നിലധികം ദിവസമെടുത്ത് കുറ്റംചാര്‍ച്ചപ്പെട്ടയാള്‍ മരണത്തിന് കീഴടങ്ങുന്നു. വസ്തുവിന്മേല്‍ തര്‍ക്കത്തില്‍ ജപ്തിക്ക് അധികാരിയുടെ കല്പന ആവശ്യമാകാറില്ല. ഒരു വടിയിന്മേല്‍ ഇല കെട്ടിത്തൂക്കി നിര്‍ത്തിയാല്‍ ജപ്തിയായി.
അധികാരം നടപ്പിലാക്കുന്നതിന് രണ്ടു ഭാഗത്തും ഉദ്യോഗസ്ഥരുണ്ട്. രാജാവിന്റെ പരിധിയിലുള്ള ഉദ്യോഗസ്ഥര്‍ സര്‍വ്വാധികാര്യക്കാര്‍, കാര്യക്കാര്‍, മേനോന്മാര്‍, കിഴിക്കാര്‍, മുതല്‍പിടി, നിയോഗന്മാര്‍ തുടങ്ങിയവരായിരുന്നു. കൊച്ചിരാജ്യം പ്രവൃത്തികളായി നിശ്ചയിച്ചാണീ ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നത്. ഡച്ച് ഭരണസംവിധാനം തീര്‍ച്ചയായും വ്യത്യസ്തമായിരുന്നു. ഗവര്‍ണ്ണര്‍ അഥവാ ഡയറക്ടറാണ് കോട്ടയിലെ പ്രധാനി. ജക്കാര്‍ത്തയിലെ ഡച്ച് ഭരണസിരാകേന്ദ്രത്തിലെ പ്രധാനസഭാംഗമാണ് ഗവര്‍ണ്ണറായി നിയമിതനാകുക. അങ്ങനെ ഗവര്‍ണ്ണര്‍ ഇല്ലാതെ വന്നാല്‍ കുമുദുവര്‍ എന്ന് മലയാളത്തിലുള്ള രേഖകളില്‍ കാണുന്ന ഉദ്യോഗസ്ഥനാണ് കോട്ടയുടെ ചുമതല. അധികാര നിര്‍വഹണത്തിന് ഒരു കൗണ്‍സിലുണ്ടായിരിക്കും. വ്യാപാരികളിലെ പ്രമുഖന്‍ ഈ സഭയില്‍ രണ്ടാമനായുണ്ടാകും. ഇവരോടൊപ്പം ഫിസ്കാള്‍ അഥവാ സറാപ്പ്, സേനയിലെ മേധാവി, പാണ്ടികശാലയിലെ മൂപ്പന്‍, അകത്തഴിക്കാരന്‍, സ്ഥലത്തെ മറ്റ് വ്യാപാരികള്‍, കടല്‍ക്കപ്പിത്താന്‍ എന്ന സ്ഥാനിയും ഇവരോടൊപ്പം സഭയിലെ സെക്രട്ടറിയും മലയാള വിവര്‍ത്തകനുമായ കൊല്ലത്തെ മേധാവിയും ഉണ്ടായിരിക്കും. (കെ.പി.പദ്മനാഭമേനോന്‍: 2022, പുറം 677)
കേരളത്തില്‍ അധികാരവും വ്യാപാരവും അതോടനുബന്ധിച്ച സംഘര്‍ഷങ്ങളും ഒന്നിച്ച് മുന്നേറുകയാണുണ്ടായതാണ് യൂറോപ്യന്‍ അധിനിവേശകാലത്തെ നിലയെന്ന് മനസ്സിലാക്കാം. വ്യാപാരമാണ് മുഖ്യലക്ഷ്യമെങ്കിലും രാജ്യകാര്യങ്ങളിലെ ഇടപെടല്‍ ഒഴിവാക്കാനാകാത്തവിധം ആന്തരിക സംഘര്‍ഷങ്ങളാല്‍ സമ്പന്നമായിരുന്നു കേരളത്തിന്റെ ഭൂതകാലം. രാജാവിന്റെയും കമ്പനിയുടെയും പ്രജകളെപ്പോലെ അടികളും ഇക്കാലത്ത് കൊച്ചിയിലുണ്ടായിരുന്നു എന്നതും അവരുടെ കൈമാറ്റവും നിലനിര്‍ത്തലും ഈ കൊച്ചി – ഡച്ച് കോലെഴുത്ത് രേഖയില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. കേവലം ഉഭയകക്ഷി രേഖ എന്നതിലുപരി കൊച്ചിയിലെ അധികാരം, കച്ചവടം, മതം, വിശ്വാസം, സംരക്ഷണം, ശിക്ഷാരക്ഷാ തുടങ്ങി ബഹുവിധമാനങ്ങള്‍ ഈ രേഖയുടെ പ്രസക്തിയെ സവിശേഷമാക്കുന്നു.
സഹായക ഗ്രന്ഥങ്ങള്‍
കൊച്ചി രാജ്യ ചരിത്രം, കെ.പി.പദ്മനാഭമേനോന്‍, മാതൃഭൂമി ബുക്സ്, കോഴിക്കോട്, പതിപ്പ് 4, 2022.
കൊച്ചിരാജ്യത്തെ ലിഖിതങ്ങളുടെ ചരിത്രപരവും ഭാഷാപരവുമായ പഠനം, ഡോ. അരുണ്‍ മോഹന്‍ പി, കേരള യൂണിവേഴ്സിറ്റി പ്രസ്സ്, തിരുവനന്തപുരം, 2023.
പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം, പി. ഭാസ്കരനുണ്ണി, കേരളസാഹിത്യ അക്കാദമി, തൃശ്ശൂര്‍, പതിപ്പ് 2, 2000.

ഡോ.അരുൺ മോഹൻ പി.
ഡോ. അരുണ്‍ മോഹന്‍ പി. അസിസ്റ്റന്റ് പ്രൊഫസര്‍, മലയാള വിഭാഗം, ശ്രീനീലകണ്ഠ ഗവ. സംസ്കൃത കോളേജ്, പട്ടാമ്പി.
