
എസ് സുധീഷ്
Published: 10 January 2026 സംസ്കാരപഠനം
ഡേറ്റ ദൈവമാണ്
ഉത്തരാധുനികതയുടെ ഡിജിറ്റല്‍ മുതലാളിത്തയുക്തികള്‍
ഭാഗം-9
ഗൾഫ് യുദ്ധം മുതൽ തറവാടി മീൻകറി വരെ ആഖ്യാനങ്ങൾ എന്ന നിലയിൽ മാർക്കറ്റ് ചെയ്യപ്പെടുമ്പോൾ ചരക്കുവൽക്കരണത്തിന് ഉപയോഗിക്കപ്പെടുന്ന മൂല്യങ്ങൾ പാദാർത്ഥിക യാഥാർത്ഥ്യത്തിന്റെ ഗുണശേഷി മിനുക്കി കാണിക്കുന്ന പാദാർത്ഥിക അനുബന്ധങ്ങളല്ല. കൃത്യമായി പറഞ്ഞാൽ അവ പാദാർത്ഥിക വിഭവത്തെയും ഉൽപ്പന്നത്തെയും റദ്ദ് ചെയ്യുന്ന സ്വതന്ത്ര ആഖ്യാനങ്ങളായി തീരുന്നു എന്നാണ് ബോദ്രിലാദിന്റെ ഗൾഫ് യുദ്ധ സിദ്ധാന്തത്തിൽ വ്യക്തമായി കാണുന്നത്. പാദാർത്ഥിക വിഭവത്തിനോ ഉൽപ്പന്നത്തിനോ മിച്ചമൂല്യപ്പെരുക്കം സൃഷ്ടിച്ചു കൊടുക്കുന്ന ആഖ്യാനങ്ങളാണ് അവ.
മനുഷ്യ സാധാരണത്വത്തിന്റെ നിയമങ്ങളെ മറികടക്കുന്ന ഈ ആഖ്യാനങ്ങൾ വലിയൊരു പരിധിവരെ ഉൽപ്പന്ന ചരക്കുവൽക്കരണത്തിന് വേണ്ടി മനുഷ്യനെയും മനുഷ്യമൂല്യങ്ങളെയും, മിച്ചമൂല്യ സമ്പാദനത്തിനായി അപമാനവീകരിക്കുന്നു. ഉൽപ്പന്നത്തിന്റെ (അതി)മാനുഷമായ മഹത്വം സ്ഥാപിച്ചെടുക്കുന്നതിന് മനുഷ്യനെയും മനുഷ്യ മൂല്യങ്ങളെയും ചരക്കുവൽക്കരണ ഉപാധികളായി തരംതാഴ്ത്തുന്നു. ‘ഒറിജിനൽ ഇല്ല’ എന്ന് പറയുന്നതിൽ അടങ്ങിയിരിക്കുന്നത് ഒറിജിനലും ചരക്കും തമ്മിലുള്ള വൈരുദ്ധ്യമാണ്. ഒറിജിനലിന്റെ അനുബന്ധമല്ല നിഷേധമാണ് ചരക്ക് എന്ന് പറയുമ്പോൾ ചരക്ക് മനുഷ്യന്റെ ആവശ്യപ്രകൃതി നിയമങ്ങളെ മുറിച്ചുകടക്കുകയും തരംതാഴ്ത്തുകയും ചെയ്യുന്ന ആഖ്യാനമായി തീരുന്നു.
ആറ്റുകാൽ ദേവിയോ ശബരിമല അയ്യപ്പനോ ശിലാവിഗ്രഹ പദാർത്ഥ നിർമ്മിതമായ ഒറിജിനൽ അല്ല, മറിച്ച് മനുഷ്യന്റെ ആവശ്യ പ്രകൃതി നിയമങ്ങളെ ജയിക്കുകയും മനുഷ്യനെ വിധേയത്വവൽക്കരിക്കുകയും ചെയ്യുന്ന ആഖ്യാനങ്ങളാണ്. ‘എന്തൊരു ഫിഗർ’ എന്ന പ്രയോഗത്തിലും ‘സെക്സി ഫിഗർ’ എന്ന മൂല്യകൽപ്പനയും മിക്സി എന്ന പാദാർത്ഥിക വസ്തുവും തമ്മിലുള്ള വൈരുദ്ധ്യത്തിന് ആഴം ഉണ്ടാവുകയും പെണ്ണ് ചരക്കുവൽക്കരിക്കപ്പെട്ട സന്ദർഭത്തിൽ വിപണിയുടെ ആഖ്യാനം എന്ന നിലയിൽ അപമാനവീകരിക്കപ്പെടുകയും ചെയ്യുന്നു. സെക്സി ഫിഗർ എന്ന പ്രയോഗത്തിൽ, മിക്സിയുടെ പദാർത്ഥിക ഉപയോഗം അസ്ഥിരീകരിക്കപ്പെടുകയും ലൈംഗികാനുഭൂതി പ്രയോഗത്തിന്റെ സാഹചര്യത്തിൽ അതിന്റെ ആവശ്യ നിയമബദ്ധമായ പാദാർത്ഥിക അസ്തിത്വം ഇല്ലാതായി തീരുകയും ചെയ്യുന്നു.
ഹൈ ആർട്ടും ലോ ആർട്ടും എന്ന വേർതിരിവ് ഇല്ലാതായി തീരുകയും സാങ്കേതിക വിദ്യയിൽ നിന്ന് ഉൽപ്പന്നമാകുന്ന ആഖ്യാനവും സാഹിത്യകൃതിയും തമ്മിൽ വ്യത്യാസമില്ലാതാവുന്നതും അവ രണ്ടും ഉത്തരാധുനികർ സിദ്ധാന്തിക്കുന്ന മാതൃകയിലുള്ള സിമുലാക്ര (Simulacra) ആയി തീരുമ്പോഴാണ്, എന്നാൽ ഉൽപ്പന്നത്തെ / വിഭവത്തെ ചരക്കുവൽക്കരിക്കുന്നതിന് വേണ്ടി നിർമ്മിക്കുന്ന പ്രതിയാഥാർത്ഥ്യ ആഖ്യാനങ്ങളിൽ പാദാർത്ഥിക ഉൽപ്പന്നം അല്ലെങ്കിൽ വിഭവം ഒരു ഭാഗത്തും – അതിന്റെ മേൽ പാഠങ്ങൾ നിർമ്മിച്ച് ആ പാഠങ്ങളൊക്കെയും ഉപഭോക്താവിനെ പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്യുന്ന ആഖ്യാനം മറുഭാഗത്തുമായി സ്ഥിതി ചെയ്യുന്നു. എന്നാൽ ഒരു വാർത്ത, ഒരു യുദ്ധം അല്ലെങ്കിൽ മനുഷ്യാനുഭവങ്ങളെ ആധാരമാക്കി ആഖ്യാനം നടത്തുന്ന മാധ്യമപ്രവർത്തകനോ കലാകാരനോ തനത് യാഥാർത്ഥ്യമായി കണക്കാക്കുന്നത്, ഒറിജിനലായി കണക്കാക്കുന്നത് മനുഷ്യവിഭവത്തെ അല്ലെങ്കിൽ മനുഷ്യ ജീവിതത്തെ അല്ലെങ്കിൽ മനുഷ്യ വൈഭവത്തെയാണ്.
പദാർത്ഥിക ഉൽപ്പന്ന (ഉദാഹരണം: സോപ്പു കട്ട) ത്തിന്റെ സ്ഥാനത്ത് തനത് യാഥാർത്ഥ്യം എന്ന നിലയിൽ അവിടെ ആഖ്യാനത്തിന്റെ ആധാരമായി തീരുന്നത് മനുഷ്യ വൈഭവം അല്ലെങ്കിൽ മനുഷ്യ ജീവിത വിഭവമാണ്. ആഖ്യാനം അതിന്റെ രചനയ്ക്ക് ആധാരമായ മനുഷ്യ ജീവിത വിഭവത്തെ നിഷേധിക്കുന്ന പ്രതിയാഥാർത്ഥ്യമായി തീരുമ്പോൾ മനുഷ്യജീവിതം ചരക്കുവൽക്കരിക്കപ്പെടുകയാണ്. പ്രതിയാഥാർത്ഥ്യ ആഖ്യാനം തനത് യാഥാർത്ഥ്യത്തിന്റെ അനുബന്ധം എന്ന നിലയിൽ വിൽക്കപ്പെടുകയും അതിൽ നിന്ന് മിച്ചമൂല്യം സമ്പാദിക്കുവാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ ഉൽപ്പാദകനായ തൊഴിലാളിയുടെ നിർമ്മിതി പ്രസക്ത ഘടകമായി തീരുന്നു. വിപണിയുടെ സർവാധിപത്യത്തിന് മുമ്പുള്ള ചരക്കുവൽക്കരണത്തിന്റെ സമ്പ്രദായം അതായിരുന്നു. മാർക്കറ്റിംഗ് എന്ന് വിളിച്ചിരുന്ന അല്ലെങ്കിൽ കൊമേഴ്സ്യലൈസേഷൻ എന്ന ചരക്കുവൽക്കരണത്തിന്റെ പരിമിതി അതായിരുന്നു.
എന്നാൽ ചരക്കുവൽക്കരണം കമ്മോഡിഫിക്കേഷന്റെ (Commodification) ഘട്ടത്തിൽ എത്തുമ്പോൾ തനത് യാഥാർത്ഥ്യത്തിന്റെ അനുബന്ധമായല്ല നിരാസമായാണ് സംഭവിക്കുന്നത്. അമ്മയെ ബലാത്സംഗം ചെയ്ത മകനെയോ മകളെ പീഡിപ്പിച്ച അച്ഛനെയോ വിചാരണ ചെയ്യുമ്പോൾ ഈഡിപ്പസ് കോംപ്ലക്സിന്റെയോ (Oedipus complex) ഫാദർ ഫിക്സേഷന്റെയോ (Father fixation) സിദ്ധാന്ത തലത്തിൽ ഒരു ചാനൽ ചർച്ചയിൽ അത് വിലയിരുത്തപ്പെടാം. അങ്ങനെ ചെയ്യുമ്പോൾ ആറു വയസ്സുകാരിയിൽ ലൈംഗികാവേശം ഉണ്ടാവുകയും ചിറ്റമ്മയും ഒത്ത് ശയിക്കുകയും ചെയ്യുന്ന പുരുഷൻ പൊതുസമൂഹത്തിന് സ്വീകാര്യനായി തീരാം. അങ്ങനെയായി തീരേണ്ടത് മനുഷ്യന്റെ ലൈംഗിക വൈഭവത്തെ ചരക്കുവൽക്കരിച്ച് അതിൽ നിന്ന് പ്രതിയാഥാർത്ഥ്യത്തിന്റെ സിമുലാക്രം രൂപപ്പെടുത്തേണ്ടത് നവ മുതലാളിത്തത്തിന്റെ താല്പര്യമാണ്. മാർക്കറ്റ് എക്സ്പാൻഷനിസത്തിന്റെ (Market expansionism) താല്പര്യമാണ്.
യാഥാർത്ഥ്യം എന്നത് സംഭവ്യതയുടെ നിയമങ്ങളെ ആവശ്യത്തിന്റെ നിയമങ്ങളുമായി സർഗാത്മകമായി ബന്ധിപ്പിക്കുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ്. ആകാശസഞ്ചാരം മനുഷ്യന്റെ ആവശ്യമായി തീരുമ്പോൾ അത് പ്രകൃതി നിയമമനുസരിച്ച് മനുഷ്യന് കഴിയുന്നതിനപ്പുറമാണ്. പക്ഷേ ആവശ്യത്തിന്റെ സമ്മർദ്ദം വർദ്ധിക്കുമ്പോൾ അത് മനുഷ്യന് കഴിയുന്ന കാര്യമായി തീരുന്നു. (ആവശ്യവും (Need), കഴിവും (Capacity) തമ്മിലുള്ള ബന്ധത്തെ മാർക്സ് സൂചിപ്പിക്കുന്നത് നോക്കുക.) ഇങ്ങനെ പ്രകൃതി നിയമ പരിധികളെ വികസിപ്പിക്കുക എന്നതുപോലെതന്നെ പ്രകൃതിയുടെ നിയമങ്ങളുടെ അപരിമിതത്വത്തെ ചുരുക്കുക എന്നതും മനുഷ്യന്റെ ആവശ്യമായി തീരുന്നു. പ്രകൃതി നിർല്ലോഭമായി അനുവദിച്ചു തന്നതിനെയൊക്കെ ഏറ്റെടുക്കുക എന്നതല്ല അതിൽ കൊള്ളാവുന്നതിനെയും കൊള്ളുകയും തള്ളേണ്ടതിനെ തള്ളുകയും ചെയ്യുന്നതിലാണ് ആവശ്യത്തിന്റെ നിർവചനം ഉണ്ടായി വരുന്നത്.
ലൈംഗികതയുടെ പ്രകൃതിപരമായ അപരിമിതത്വത്തെ പരിമിതപ്പെടുത്തുകയും വേണ്ടതിനെ തിരഞ്ഞെടുക്കുകയും ചെയ്യുന്നതിലേക്കുള്ള കാൽവെപ്പാണ് അപരതി നിരോധനം. ഏത് പെണ്ണിനും ഏത് ആണുമായും ഇണചേരാം എന്നത്, ധൂർത്ത ലൈംഗികത എന്നത് ജന്തുശാസ്ത്ര പ്രകൃതിയാണ്. പക്ഷേ അങ്ങനെയൊരു അവസ്ഥയിൽ ഉണ്ടാകുന്ന വംശവർദ്ധനാപരമായ അരാജകത്വത്തെ നിയന്ത്രിച്ച് സംഖ്യാപരമായ നിയന്ത്രണം സാധിക്കുവാൻ ഉള്ള ശ്രമത്തിന്റെ ഭാഗമായാണ് അപരതി നിരോധനം മനുഷ്യസമൂഹം സ്വീകരിക്കുന്നത്. ലൈംഗിക ജീവിതത്തിന് പരിധി നിശ്ചയിച്ചു കൊണ്ടും കുഞ്ഞുങ്ങളുടെ പരിരക്ഷയ്ക്ക് രക്ഷാധികാരത്വം കൽപ്പിച്ചുകൊണ്ടും സംഖ്യാപരമായ വളർച്ചയ്ക്ക് ക്രമം നിശ്ചയിച്ചു കൊണ്ടും മാത്രമേ ലൈംഗിക ജീവിതത്തെ മനുഷ്യന്റെ ഇച്ഛയ്ക്ക് കീഴ്പ്പെടുത്താൻ കഴിയുകയുള്ളൂ എന്ന് വന്നപ്പോഴാണ് ചില ലൈംഗിക ബന്ധങ്ങൾ നിരോധിതമാണ് എന്നൊരു വ്യവസ്ഥ മനുഷ്യന് മേൽ മനുഷ്യൻ അടിച്ചേൽപ്പിച്ചത്.
അതായത് ലൈംഗിക ചെയ്തികൾ പ്രകൃതി നിയമമനുസരിച്ച് സംഭവിച്ചു പോകുന്ന (Chance) ആണെങ്കിൽ മനുഷ്യന്റെ ഇച്ഛാനുസാരിയായ തിരഞ്ഞെടുപ്പ് (Choice) സാധ്യമാക്കി തീർത്തുകൊണ്ടുള്ള ക്രമം മനുഷ്യ ജീവിതത്തിന് ആവശ്യമായി തീർന്നു. ക്രമരഹിതമായ ലൈംഗിക അപരിമിതത്വത്തിൽ ഒരു ന്യൂനീകരണം (Reduction) ആവശ്യമായി വന്നതിന്റെ പേരിലാണ് അപരതി സങ്കൽപ്പം (Incest) രൂപപ്പെട്ടത്. അപരതി നിരോധനം നിലവിൽ വന്നത് അത് ആവശ്യത്തിന്റെ നിയമമായിരുന്നു. അതിൽ നിന്ന് ഒരു നൈതിക രസാഭിചേഷ്ട (Ethos) രൂപപ്പെട്ടു വരുന്നത് വിലക്കുകൾ പ്രയോഗത്തിൽ വരുന്നതിനെ വിലക്കുകൾ ലംഘിച്ചാൽ ഉണ്ടാകുന്ന അത്യാഹിതത്തെ സംബന്ധിച്ച ‘ഭയം’ ഉപയോഗിച്ചുകൊണ്ടാണ്. സർഗാത്മകമായ ഒരു ആവശ്യ പദ്ധതിക്ക് ആവശ്യമായ വിലക്ക് പ്രയോഗത്തിൽ വരുത്തുവാൻ ഭയത്തെ പ്രയോജനപ്പെടുത്തുമ്പോൾ അതിൽ നിന്ന് ഒരു നൈതികാനുഭവം രൂപപ്പെട്ടു വരുന്നു.
ലൈംഗികതയുടെ എല്ലാ കനികളും വിഷക്കനികളാണ് എന്നതിൽ നിന്ന് ലൈംഗികതയുടെ ചില കനികൾ വിഷക്കനികളാണ് എന്ന ഒരു തീരുമാനത്തിൽ എത്തുന്നതിന് മുൻപ് ലൈംഗികതയുടെ എല്ലാ കനികളും ഭക്ഷിക്കാവുന്നതാണ് എന്നൊരു അവസ്ഥ ഉണ്ടായിരുന്നു. ആവശ്യബോധം കൊണ്ട് ചില രതിബന്ധങ്ങളെ നിരോധിക്കുകയും അനുവദിക്കപ്പെട്ട ഇടങ്ങളിൽ തന്നെ തിരഞ്ഞെടുപ്പിലൂടെ ഇച്ഛയുടെ ഘടന രൂപപ്പെടുത്തുകയും ചെയ്യാൻ പിൽക്കാലത്ത് മനുഷ്യന് കഴിയുന്നുണ്ട്. (മാതൃരതി നിരോധം ആവശ്യത്തിന്റെ നിയമവും മാതൃ പിതൃ പുത്ര പരിഗണനകൾ ഇല്ലാത്ത രതി പ്രകൃതി നിയമവുമാണ് എന്നുള്ള വസ്തുത ഈഡിപ്പസ് കോംപ്ലക്സ് സിദ്ധാന്തകാരൻ പരിഗണിച്ചിട്ടില്ല എന്നത് ഇവിടെ പ്രസക്തമായ കാര്യമാണ്).
ആകാശസഞ്ചാരത്തിന്റെ കാര്യത്തിൽ പ്രകൃതി മനുഷ്യന് മേൽ പതിപ്പിച്ച നിയമത്തിന്റെ അതിരുകളെ വികസിപ്പിച്ചു കൊണ്ടാണ് മനുഷ്യൻ ആവശ്യത്തിന്റെ നിയമം രൂപപ്പെടുത്തിയത് എങ്കിൽ ലൈംഗികതയുടെ കാര്യത്തിൽ പ്രകൃതി മനുഷ്യന് നൽകിയ അപരിമിതത്വത്തിൽ അതിരുകൾ സൃഷ്ടിച്ചു കൊണ്ടാണ് മനുഷ്യൻ ആവശ്യത്തിന്റെ നിയമങ്ങൾ നിർമ്മിച്ചത്. മനുഷ്യബാഹ്യ പ്രകൃതിയുമായി മനുഷ്യൻ പ്രതിപ്രവർത്തിക്കുമ്പോൾ മനുഷ്യന് വേണ്ടത് എന്ത് വേണ്ടാത്തത് എന്ത് എന്നതിന്റെ അടിസ്ഥാനത്തിൽ മനുഷ്യൻ വസ്തുക്കൾ നിർമ്മിക്കുന്നു. എന്തായിരിക്കണം ഓരോ സമൂഹത്തിന്റെയും ജീവിതസമ്പ്രദായം എന്നതിന്റെ അടിസ്ഥാനത്തിൽ പ്രകൃതി നിയമങ്ങളെ ആവശ്യത്തിന്റെ നിയമങ്ങളുമായി അനുരഞ്ജിപ്പിക്കുമ്പോഴാണ് യാഥാർത്ഥ്യം രൂപപ്പെടുന്നത്.
ഇന്നലെ വരെ പ്രകൃതി നിയമമനുസരിച്ച് അസംഭവ്യമെന്ന് കരുതിയിരുന്നത് ഇന്ന് സംഭവ്യമാവുകയും ഇന്നലെ വരെ മനുഷ്യന് വേണമെന്ന് കരുതിയിരുന്നത് ഇന്ന് വേണ്ടാത്തതായി തീരുകയും ചെയ്യുന്നുണ്ട് എന്നതിനാൽ ആവശ്യത്തിന്റെ നിയമങ്ങളും പ്രകൃതി നിയമങ്ങളും ചലനാത്മകവും പരിവർത്തനോന്മുഖവും ആയിരിക്കും. അതാവട്ടെ മനുഷ്യന്റെ കഴിവുമായി ബന്ധപ്പെട്ടു നിൽക്കുന്നതും ആയിരിക്കും.
സാങ്കേതികവിദ്യ മനുഷ്യന്റെ കഴിവുകളെ വികസിപ്പിക്കുന്നതിനുള്ള മാധ്യമമാണ്. എന്നാൽ മനുഷ്യർക്കിടയിൽ ഉൽപ്പാദന ഉപകരണങ്ങളുടെ ഉടമസ്ഥത അല്ലെങ്കിൽ സാങ്കേതിക വിദ്യ ഒരു ന്യൂനപക്ഷത്തിന്റെ ഉടമസ്ഥതയിൽ ആകുമ്പോൾ ന്യൂനപക്ഷം സാങ്കേതിക വിദ്യ ഉപയോഗിച്ച് ബഹുഭൂരിപക്ഷത്തെ അമർച്ച ചെയ്യാനും ചൂഷണം ചെയ്യാനും ശ്രമിക്കുന്നു.
പ്രകൃതിവിഭവം, ഉൽപ്പന്നം, ഉൽപ്പാദനോപകരണം എന്നിവയുടെ നിയന്ത്രണം കൈയാളുന്ന ഉടമസ്ഥ വിഭാഗം ഇന്ന് ഭൂരിപക്ഷ ജനസമൂഹങ്ങളെ കീഴ്പ്പെടുത്തുന്നതിന് പ്രധാനമായും ഉപയോഗിക്കുന്നത് ധനകാര്യമാണ്. ധനകാര്യ ഉടമസ്ഥതയുടെ (ധനകാര്യ മുതലാളിത്തം) ബലം പ്രയോഗിച്ച് ഭൂരിപക്ഷ ജനവിഭാഗങ്ങളെ കോളനിവൽക്കരിക്കാൻ ശ്രമിക്കുന്നിടത്ത് വിപണി കോളനൈസറുടെ സാമ്രാജ്യമായി തീരുന്നു. ദേശരാഷ്ട്ര അതിർത്തികളെ ഭേദിച്ചു കൊണ്ട് എല്ലാ രാജ്യങ്ങളിലേക്കും കടന്നുചെന്ന് ധനകാര്യ ഉടമസ്ഥ വിഭാഗം അതിന്റെ ചൂഷണ പ്രവർത്തനം നടത്തുന്നത് വിപണിയിലൂടെയാണ്. വിപണിയുടെ സാർവ്വദേശീയ വികസനം എന്നത് ടെറിട്ടോറിയൽ എക്സ്പാൻഷനിസത്തിന് (Territorial expansionism) പകരം നിൽക്കുന്ന കൊളോണിയൽ തന്ത്രമായി തീരുന്നു. ഒരു ദേശജനത മുഴുവൻ വിപണി പ്രചരിപ്പിക്കുന്ന ധർമ്മസംഹിതയ്ക്ക് കീഴ്പ്പെടുമ്പോൾ ആ ജനതയ്ക്ക് അവരുടെ ആവശ്യങ്ങൾ എന്തെന്ന് തീരുമാനിക്കുവാനും അത് നടപ്പിൽ വരുത്തുവാനുമുള്ള അവകാശം നഷ്ടപ്പെടുന്നു. ആ ജനത അസ്വതന്ത്രമായി തീരുന്നു.

