
എസ്സ്.സുധീഷ്
Published: 10 September 2025 സംസ്‌കാരപഠനം
ഡേറ്റ ദൈവമാണ്
ഉത്തരാധുനികതയുടെ ഡിജിറ്റല്‍ മുതലാളിത്തയുക്തികള്‍
ഭാഗം-5
ഉത്തരാധുനിക പാദാർഥികവും പ്രകൃതി നിഷ്ഠവുമായ യാഥാർത്ഥ്യത്തിൽ നിന്നും ഭിന്നമായ യാഥാർത്ഥ്യത്തെ നിർവചിക്കുന്നത്, അവ മനുഷ്യൻ്റെ ആവശ്യങ്ങൾക്കും ബാഹ്യമാണ് എന്നതുകൊണ്ടാണ്. ഇതിനു സമാനമായ മറ്റൊരു വാദമാണ് ഉപരിപ്ലവപരിസ്ഥിതി (shallow – ecology) യും ഗഹന പരിസ്ഥിതി (Deep Ecology)യും തമ്മിലുള്ള വൈരുധ്യം ഉയർത്തിപ്പിടിക്കുന്ന ഗഹന പരിസ്ഥിതി വാദത്തിലുള്ളത്. ഭൗമ വിലയവ്യവസ്ഥ എന്ന എക്കോ സിസ്റ്റവും എക്കോ സിസ്റ്റത്തിന്മേൽ മനുഷ്യൻ നടത്തിയ നിർമ്മിതി പ്രവർത്തനത്തിലൂടെ രൂപപ്പെട്ട ( Environment) പരിസ്ഥിതിയും തമ്മിലുള്ള വ്യത്യാസം എക്കോളജിയിലും എൻവയോമെൻ്റിലും വിശദീകരിക്കപ്പെടാതെ പോകുന്നുണ്ട്. ഭൗമവിലയ വ്യവസ്ഥ അതിൻ്റെ എല്ലാ വിശുദ്ധിയോടെയും അസ്പൃശ്യതയോടെയുംസംരക്ഷിക്കേണ്ടത് മനുഷ്യന്റെ നിലനിൽപ്പിന് ആവശ്യമാണ് എന്ന വാദത്തെയാണ് ഗഹന പരിസ്ഥിതിവാദികൾ ഉപരിപ്ലവ പരിസ്ഥിതി വീക്ഷണം എന്ന് വിളിക്കുന്നത്. ഭൗമവിലയ വ്യവസ്ഥാസ്ഥിരത നിലനിർത്തേണ്ടത് മനുഷ്യന്റെ ആവശ്യം എന്ന നിലയ്ക്ക് ആവരുത് എന്നും അജൈവ പദാർത്ഥ സംഘാതവും ജീവജാലങ്ങളും അടങ്ങുന്ന ഭൗമവിലയ വ്യവസ്ഥ നിലനിൽക്കേണ്ടത് ആ വ്യവസ്ഥയുടെ തന്നെ യാഥാസ്ഥിതികത്വത്തിൽ കവിഞ്ഞ് മറ്റൊന്നിനും വേണ്ടി ആവരുത് എന്നും ഗഹന പരിസ്ഥിതിവാദികൾ അഭിപ്രായപ്പെടുന്നു. ഭൗമ വിലയ വ്യവസ്ഥയിൽ മറ്റേത് ജീവിക്കും ഉള്ളതുപോലെ ഒരു സ്ഥാനം മാത്രം ആണ് മനുഷ്യനുള്ളതെന്നും അതുകൊണ്ട് പരിസ്ഥിതിയുടെ അസ്ഥിരീകരണത്തിനെതിരെയുള്ള ഉപരോധം മനുഷ്യൻ്റെ ആവശ്യം എന്ന നിലയ്ക്ക് ആവരുത് എന്നും സിദ്ധാന്തിച്ചുകൊണ്ട് പരിസ്ഥിതിയെ ‘അപമാനവീകരിക്കു’ന്ന ഒരു നിലപാടാണ് ഗഹനപരിസ്ഥിതിവാദികൾ സ്വീകരിക്കുന്നത്.
എന്നാൽ പ്രകൃതിദത്തമായ ഭൗമജൈവവ്യവസ്ഥയിൽ എല്ലാ ജീവികൾക്കും തുല്യമായ സ്ഥാനമുണ്ട് എന്ന വാദം വിചിത്രമാണ്. ആവാസവ്യവസ്ഥയിലെ ഭക്ഷ്യശൃംഗല തന്നെ പരിശോധിച്ചാൽ താരതമ്യേന ദുർബല പ്രായത്തിലുള്ള പ്രാണികളെ തിന്നാണ് മറ്റു പ്രാണികൾ ജീവിക്കുന്നത്. ഗപരിസ്ഥിതിയിൽ മനുഷ്യർക്കിടയിൽ തന്നെ തന്നിലെളിയത് തനിക്കിര എന്നൊരു അവസ്ഥ ഉണ്ടായിരുന്നു. നരഭോജികളുടെ പ്രാകൃതത്വമായിരുന്നു ദത്തമായ ആവാസവ്യവസ്ഥയിൽ മനുഷ്യർക്കിടയിൽ നിലനിന്നിരുന്നത്. ജൈവേതര (Non-biological) മായ ഉത്പാദന പ്രവർത്തനത്തിന് വ്യാപ്തി ഉണ്ടാകുമ്പോൾ ആണ്, പരസ്പരം കൊന്നു തിന്നാതെ തന്നെ മനുഷ്യന് അവൻ്റെ ആവശ്യങ്ങൾ നിർവ്വഹിക്കാമെന്ന എന്ന അവസ്ഥ ഉണ്ടായി വന്നത്. മനുഷ്യൻ്റെ ജൈവേതരമായ ഉല്പാദനത്തിന് വ്യാപ്തി വർധിക്കുന്നതോടെ, മനുഷ്യന്റെ ആവശ്യങ്ങൾ വർദ്ധിക്കുകയും ആവശ്യത്തിൻ്റെ നിയമങ്ങൾ സ്ഥലകാല ബദ്ധമായി വികസിച്ചു വരികയും ചെയ്തു. നരഭോജനം ഒരു ഓർമ്മയായി മാറി. അതിൻ്റെ അനുഷ്ഠാനം എന്ന നിലയിൽ ശിശു ബലിയും നരബലിയും ആചരിക്കുന്ന ഘട്ടമുണ്ടായി. വമ്പൻ വിളവെടുപ്പിന് വേണ്ടി ശിശുക്കളെ ബലി കൊടുക്കുക എന്ന അനുഷ്ഠാന(ചിനുവ അച്ചിബിയുടെ Things fall Apart-ൽ ഈ ദുരന്തം കടുത്ത യാഥാർത്ഥ്യബദ്ധതയോടെ ആവിഷ്കരിക്കുന്നുണ്ട്.) ത്തിൻ്റെ ചരിത്രം പരിശോധിക്കുക. വിശപ്പടക്കാൻ വേണ്ടി മനുഷ്യവിളകളായ കുഞ്ഞുങ്ങളെ തന്നെ തിന്നുകൊണ്ടിരുന്ന മനുഷ്യൻ്റെ ആവാസജീവി ശൃംഖലയിലെ അവസ്ഥയാണ് പിൽക്കാലത്ത് സ്മരണാനുഷ്ഠാനമായി മാറുന്നത്. ഭൗമ ജൈവ വിലയ വ്യവസ്ഥ (Eco System) മനുഷ്യൻ്റെ താൻ പോരുമയുടെ ഇടപെടൽ ഉണ്ടാവുന്നതിനു മുൻപും ‘അസ്ഥിര ‘മായിരുന്നു.മുൻകാലങ്ങളിൽ കരകൾ ജലത്തിൽ താണുപോയതും പ്രളയങ്ങളും സർവ്വനാശം വിതയ്ക്കുന്ന പ്രകൃതിക്ഷോഭങ്ങളും അതിവൃഷ്ടിയും അനാവൃഷ്ടിയുമൊക്കെ ഒക്കെ ഉണ്ടായതും മനുഷ്യൻ്റെ ഇടപെടൽ മൂലമായിരുന്നില്ല. പല ജീവികൾക്കും പരിണാമ പ്രവാഹത്തിൽ വംശനാശം സംഭവിച്ചത് മനുഷ്യന്റെ ഇടപെടൽ ഉണ്ടായിട്ടല്ല. ഇപ്പോൾ മനുഷ്യൻ്റെ ഇടപെടൽ കൊണ്ടാണ് ഒരു വലിയ പരിധിവരെ നിയന്ത്രിക്കപ്പെട്ടിരിക്കുന്നത്.- മനുഷ്യൻ്റെ ആവശ്യ യുക്തിവിരുദ്ധമായ ഇടപെടൽ ഭൗമജൈവ വിലയവ്യവസ്ഥയിൽ (Eco system) നിന്നു മനുഷ്യൻ നിർമ്മിക്കുന്ന പരിസ്ഥിതി ( Environment) യെ നിഷേധാത്മകമാക്കി തീർക്കും. അതേസമയം ആവശ്യമായ യുക്ത്യധിഷ്ഠിതമായ പരിസ്ഥിതി നിർമ്മാണം ഭൗമ ജൈവ വിലയ വ്യവസ്ഥ (Eco System) യെ കൂടുതൽ ഉർവ്വരമാക്കിത്തീർക്കും.ഈ വസ്തുതാപരമായ പരിസ്ഥിതി നിർമ്മിതിചരിത്രം _ തമസ്കരിച്ചു കൊണ്ടാണ് ഗഹനപരിസ്ഥിതിവാദികൾ മനുഷ്യാവശ്യബാധ്യതയില്ലാത്ത ജൈവഭൗമ ജൈവവ്യവസ്ഥാ സ്ഥിരതയ്ക്ക് വേണ്ടി വാദിക്കുന്നത്.
സാങ്കേതിക വിദ്യാനിർമ്മിതമായ അതി യാഥാർത്ഥ്യത്തെയും പ്രതി യാഥാർത്ഥ്യത്തെയും യാഥാർത്ഥ്യത്തിന്റെ പ്രസക്ത രൂപങ്ങളായി കാണുന്ന ഉത്തരാധുനികരും, സാങ്കേതികവിദ്യ ഉൾപ്പെടെയുള്ള മനുഷ്യൻ്റെ എല്ലാവിധ ഇടപെടലുകളെയും ഉപരോധിക്കുന്ന പ്രകൃതി മൗലികവാദികളായ ഗഹനപരിസ്ഥിതി സിദ്ധാന്തക്കാരും മനുഷ്യൻ പ്രകൃതിയുമായി പ്രതി പ്രവർത്തിച്ചുകൊണ്ട് നിർമ്മിച്ച ആവശ്യത്തിൻ്റെ രൂപവ്യവസ്ഥയ്ക്കും ആവശ്യനിയമങ്ങൾക്കുമെതിരായ സമീപനം സ്വീകരിക്കുന്നതിൽ ഐക്യപ്പെടുന്നു. നരഭോജനമായാലും ശിശുഭക്ഷണം ആയാലും സ്വവർഗരതി ആയാലും അപരതിയായാലും (incest) അതെല്ലാം ഭൗമ ജൈവവിലയ വ്യവസ്ഥയുടെ വിശുദ്ധ പ്രകൃതമാണ് എന്നതാണ് ഗഹനപരിസ്ഥിതിവാദത്തിൻ്റെ നിലപാട്. പ്രകൃതി പരിസരയാഥാർത്ഥ്യത്തിന്റെ നിരാസമായ സാങ്കേതികവിദ്യാ നിർമ്മിതമായ യാഥാർത്ഥ്യം പ്രത്യക്ഷത്തിൽ ഗഹന പരിസ്ഥിതി വാദത്തിന്റെ പ്രകൃതിപ്പെരുമയ്ക്ക് വിപരീതമാണെങ്കിലും മാനവികമായ ആവശ്യ നിയമങ്ങളെ തള്ളിക്കളയുന്ന കാര്യത്തിൽ പ്രതിയാഥാർത്ഥ്യപെരുമാവാദത്തോട് ഐക്യപ്പെടുന്നു. ഇവ രണ്ടും കമ്പോളം യാഥാർത്ഥ്യത്തെ നിർവചിക്കുന്ന രീതികളാണ് എന്നും പരിസ്ഥിതിയെയും സാങ്കേതികവിദ്യയെയും ഉപയോഗിച്ച് മനുഷ്യന്റെ ആവശ്യാനുഭവ യുക്തി നിയമത്തെ തകർക്കാനാ ണ് കമ്പോളം ശ്രമിക്കുന്നത് എന്നുമുള്ള വസ്തുത മർമ്മപ്രധാനമാണ്. ഒരു ഭാഗത്ത് പരിസ്ഥിതി സംരക്ഷണത്തിന് ഊന്നൽ കൊടുക്കുന്ന ഗഹന മൗലിക പരിസ്ഥിതിവാദം ഉന്നയിച്ചുകൊണ്ടും മറുഭാഗത്ത് മനുഷ്യൻ്റെ പ്രകൃതി യുക്തിയെ നിരസിക്കുന്ന സാങ്കേതിക വിദ്യാ യാഥാർത്ഥ്യപ്പെരുമ ആഘോഷിച്ചു കൊണ്ടും, മനുഷ്യൻ്റെ ആവശ്യാനുഭവ യുക്തിക്കെതിരെ കമ്പോളം അതിശക്തമായ ആക്രമണം അഴിച്ചുവിട്ടിരിക്കുന്നു. അതായത് സാങ്കേതികവിദ്യനിർമ്മിത യാഥാർഥ്യത്തിൽ പ്രകൃതി നിയമമനുസരിച്ച് സംഭവിക്കുന്നതിന്റെ നിരാസം മാത്രമാണുള്ളത് എന്ന തോന്നൽ ജനിപ്പിക്കുമ്പോഴും അവിടെ പുറന്തള്ളപ്പെടുന്നത് സംഭവ്യതാ നിയമമല്ല, മറിച്ച് ആവശ്യങ്ങളുടെ നിയമമാണ്. അതേസമയം പരിസ്ഥിതി മൗലിക യാഥാർത്ഥ്യത്തിലാവട്ടെ മനുഷ്യന്റെ ആവശ്യമെന്നത് പ്രത്യക്ഷത്തിൽ തന്നെ തിരസ്കരിക്കപ്പെട്ടിരിക്കുന്നു.പരിസ്ഥിതി മൗലികവാദ പരമായ യാഥാർത്ഥ്യത്തിൻ്റെയും സാങ്കേതിക വിദ്യാ മൗലികവാദ ( Technological fundamentalism) പരമായ യാഥാർത്ഥ്യത്തിൻ്റെയും ഇരുചക്രമുപയോഗിച്ചാണ് കമ്പോളം മനുഷ്യരാശിക്കെതിരെ അതിൻ്റെ എക്സ്പൻഷനിസ്റ്റ് ആക്രമണം അഴിച്ചു വിടുന്നത്.

