എസ്സ്.സുധീഷ്

Published: 10 October 2025 സംസ്‌കാരപഠനം

ഡേറ്റ ദൈവമാണ്

ഉത്തരാധുനികതയുടെ ഡിജിറ്റല്‍ മുതലാളിത്തയുക്തികള്‍
ഭാഗം-6

അതി/ പ്രതിയാഥാർത്ഥ്യം ഉത്തരാധുനികവും പ്രാചീനവും

പ്രതിയാഥാർത്ഥ്യ സിദ്ധാന്തത്തിന് ആധാരമായി ബോദ്രിലാദ് സിമുലേഷൻ സിദ്ധാന്തം അവതരിപ്പിക്കുമ്പോൾ, പ്രകൃതിനിയമമനുസരിച്ച് സംഭവിക്കാവുന്നതിന്റെ ( laws of probability) അതിരുകൾ മുറിച്ചുകൊണ്ട് അസംഭവ്യതയെയും സംഭവ്യതയെയും വേർതിരിച്ചെടുക്കാനാവാത്ത തരത്തിൽ രൂപപ്പെടുന്ന ‘യാഥാർത്ഥ്യ’ത്തെപ്പറ്റിയാണ് സംസാരിക്കുന്നത്.പ്രകൃതി പരിമിതികളുടെ സ്ഥലകാലഘടനയെ ഭേദിക്കുന്ന സാങ്കേതികവിദ്യാ നിർമ്മിതമായ അനുഭവം, നിങ്ങൾ നിങ്ങളുടെ കാണാമറയത്ത് അതിവിദൂരതയിലിരിക്കുന്ന ബാരക്ക് ഒബാമയെ കണ്ടുകൊണ്ട് സംസാരിക്കുന്നത്, ഭൗതിക ശരീരത്തിൻ്റെ അസാന്നിധ്യത്തിൽ നിങ്ങൾക്ക് നടത്താൻ കഴിയുന്ന പ്രതിച്ഛായാ മാർഗ്ഗേണയുള്ള സംഭാഷണം പാദാർത്ഥികതയെ പിൻതള്ളുന്ന ഒരു പ്രക്രിയയാണ് എന്നും പാഥാർത്ഥികവും ഭൗതികവുമായ പ്രകൃതിയെ പിൻതള്ളുന്ന ഈ സംവേദന ക്രിയ, സ്ഥലം (ദൂരം) കാലം എന്നിവയുടെ അതിരുകളെ തകർത്തുകൊണ്ട്, പാദാർത്ഥികേതരമായ മറ്റൊരു യാഥാർത്ഥ്യം അവതരിപ്പിക്കുന്നു. ഇതിനെയാണ് ‘സിമുലാക്ര’ എന്നൊരു സംപ്രത്യയത്തിൽ കുരുക്കിയിടാൻ ബോദ്രിലാദ് ശ്രമിക്കുന്നത്.

പാദാർത്ഥികവും ശാരീരികവുമായ സാന്നിധ്യം ഇല്ലാത്തിടത്ത് പാദാർത്ഥികവും ശാരീരികവുമായ സാന്നിധ്യം അനുഭവിച്ചു കൊണ്ടെന്ന പോലെ നിങ്ങൾക്ക് സംവദിക്കാൻ കഴിയുമ്പോൾ പാദാർഥിക്കുകയും ശാരീരികവുമായ യാഥാർത്ഥ്യം അപ്രസക്തമായി തീരുന്നുവെന്ന്, ഇപ്പോൾ പദാർത്ഥികേതരമായ ഒരു യാഥാർത്ഥ്യം പ്രാപ്യമായി തീരുന്നു എന്നുമാണ് ഉത്തരാധുനികർ പറയുന്നത്. ഒറിജിനൽ ഇല്ലാതായിത്തീരുന്നു എന്ന ഒരു അത്യുക്തി കൂടി ഇതോടൊപ്പം എഴുന്നള്ളിക്കുന്നുണ്ട്. നാടകാവതരണത്തിൽ, ചലച്ചിത്രത്തിൽ നിന്നും വ്യത്യസ്തമായി പാഥാർഥിക്കാനുഭവപ്രകൃതിപരിസരം സൃഷ്ടിക്കുവാൻ കഴിയുന്നുണ്ട് എന്നതിന്റെ പേരിലാണ് ആർത്താഡ് നാടകത്തെ പ്രതി യാഥാർത്ഥ്യമെന്ന് വിവക്ഷിക്കുന്നത്. മറിച്ച് സാങ്കേതികവിദ്യാനുഭവപരിസരം പ്രകൃതി (പാദാർത്ഥിക) പരിസരത്തേക്കാൾ മെച്ചപ്പെട്ട അനുഭവം സൃഷ്ടിക്കുന്നു എന്നതിന്റെ പേരിലാണ് ഉത്തരാധുനികർ സാങ്കേതികവിദ്യാ നിർമ്മിതികളെ മുന്തിയ യാഥാർത്ഥ്യരൂപങ്ങളായി പരിഗണിക്കുന്നത്. ഭൗതിക പദാർത്ഥ സാന്നിധ്യമില്ലാതെ തന്നെ, സാങ്കേതികവിദ്യയ്ക്ക് പാദാർത്ഥിക അനുഭവ‘സാന്നിദ്ധ്യം’ ജനിപ്പിക്കുവാൻ കഴിയുന്നു എന്നതാണ് സാങ്കേതികവിദ്യയുടെ മിടുക്ക്. ഒറിജിനൽ (പദാർത്ഥം)അപ്രസക്തമായി തീരുന്നുവെന്ന് പറയുന്നതിന്റെ യുക്തിയും ഇതാണ്.

സിമുലേഷന് ആധാരമായ ഒറിജിനൽ ഇല്ല എന്ന് പറയുന്നിടത്ത് നിങ്ങൾ ഒബാമയുടെ പ്രതിച്ഛായയോടും ഒബാമ നിങ്ങളുടെ പ്രതിച്ഛായയോടും സംസാരിക്കുകയാണ്.പ്രതിച്ഛായയും പാദാർത്ഥിക ശരീരവും തമ്മിലുള്ള പ്രതിപ്രവർത്തനമാണ് രണ്ടറ്റത്തും സംഭവിക്കുന്നത്.ചലച്ചിത്രത്തിൽ ആകട്ടെ പ്രതിച്ഛായകൾ തമ്മിലുള്ള സംവാദമാണ് നടക്കുന്നത്. ഇപ്പറഞ്ഞ രണ്ടു പ്രതിപ്രവർത്തനത്തിലും പെട്ട ഒരാൾ മരിച്ചു പോയാൽ, പാദാർത്ഥിക ശരീരം ഇല്ലാതായാൽ ഇവ രണ്ടും തുടർന്നു പോകാൻ കഴിയാതെ വരുന്നു. പാഥാർത്ഥിക ശരീരം (ഒറിജിനൽ) ഇല്ലാതെ പ്രതിച്ഛായാശരീരങ്ങളെ നിർമ്മിക്കാൻ ആവില്ല എന്ന വസ്തുതയാണ് ഇവിടെ വ്യക്തമാകുന്നത്. അതുകൊണ്ട് ഒറിജിനൽ ഇല്ല എന്ന വാദം വസ്തുതാപരമായി ശരിയല്ല.(ഉത്തരാധുനികരുടെ പ്രതിയാഥാർത്ഥ്യ സിദ്ധാന്തം – യേറ്റ്സിൻ്റെ പ്രച്ഛന്നസിദ്ധാന്തത്തെ അനുസ്മരിപ്പിക്കുന്നുണ്ട്. എന്നാൽ യേറ്റ്സ് അവതരിപ്പിക്കുന്ന പ്രച്ഛന്നം എന്നത്, മനുഷ്യ സ്വഭാവത്തിലെ സാമാന്യ ഗുണവിശേഷങ്ങൾ കൊണ്ട് തുന്നിയെടുത്തതാണ്. അതിൽ നിർദ്ദേശിക്കപ്പെടുന്ന സൗര പ്രച്ഛന്നങ്ങളും ചാന്ദ്രപ്രച്ഛന്നങ്ങളും, മനുഷ്യസ്വഭാവത്തിലെ പരസ്പരവിപരീതങ്ങളായ ഗുണങ്ങൾ കൊണ്ട് നിർമ്മിതമാണ്.)

പദാർത്ഥികശരീരങ്ങൾ ഇല്ലാതെ പ്രതിച്ഛായാ നിർമ്മാണം തുടർന്നു പോകാൻ ആവില്ല എന്നു പറയുമ്പോൾ തന്നെ, പാദാർത്ഥികശരീരങ്ങൾ ‘ഇല്ലാതായ ‘ ശേഷവും – പ്രതിച്ഛായാശരീരങ്ങൾ നിലനിർത്തുവാൻ കഴിയുന്നു എന്നതിനാൽ – എക്കാലവും നിലനിൽക്കുന്നതാണ്, അല്ലെങ്കിൽ കൂടുതൽ കാലം നിലനിൽക്കുന്നതാണ് – കൂടുതൽ യഥാർത്ഥമായത് എന്ന വാദവും ഉന്നയിക്കാവുന്നതാണ്. എങ്കിലും പാദാർത്ഥികശരീരം ഇല്ലാതെ ശേഷം, പ്രതിച്ഛായകൾക്ക് വളർച്ചയില്ല; പ്രതിച്ഛായകൾ, അപ്പോൾ വർത്തമാനമോ ഭാവിയോ ഇല്ലാതെ ഭൂതകാലം മാത്രമായി തീരുന്നുവെന്നും ഭൂതവും വർത്തമാനവും ഭാവിയും ചേരുന്നതാണ് യാഥാർത്ഥ്യം എന്നുകൂടി ഇവിടെ ഓർക്കേണ്ടതുണ്ട്.

സാങ്കേതികവിദ്യാനിർമ്മിതമായ പ്രതിച്ഛായകളാണ് പാദാർത്ഥിക അനുഭവങ്ങളേക്കാൾ യാഥാർത്ഥ്യത്തെ സംവേദിക്കുന്നത് എന്നും, പ്രതിയാഥാർത്ഥ്യങ്ങൾ സംഭവ്യതാനിയമങ്ങളുടെ അതിരുകൾ ഭേദിക്കുന്നു എന്നും, പ്രതിയാഥാർത്ഥ്യം ഒരു പകൽകിനാവിൽ എന്നപോലെ നിങ്ങളുടെ ആഗ്രഹപൂരണം ( wishfulfilment) നടത്തുന്നു എന്നും നവീന പ്രതിയാഥാർത്ഥ്യ സൈദ്ധാന്തികർ വാദിക്കുന്നു. എന്നാൽ സംഭവ്യതാനിയമങ്ങളെ ഭേദിക്കുന്ന ബിംബങ്ങളുടെ നിർമിതിയും, അവയുമായുള്ള പ്രതിപ്രവർത്തനവും എന്നത്, സാങ്കേതികവിദ്യയുടെ സഹായം ഇല്ലാത്ത ഒരു മാനസിക പ്രവർത്തനമായി പ്രാചീനകാലം മുതൽ നിലനിന്നിരുന്നു. സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒബാമയുമായി പ്രതിപ്രവർത്തനം നടത്തുന്നതിന് സമാനമായി മനുഷ്യമനസ് ഈശ്വര ബിംബവുമായി പ്രതിപ്രവർത്തിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുമ്പോൾ ഈശ്വരബിംബം എന്നത് സ്ഥലകാല സംഭവ്യതാനിയമങ്ങളെ ഭേദിക്കുന്ന പ്രകൃത്യതീത മാന്ത്രികശക്തിയാണ്. ഒരു ആൾദൈവത്തെയോ ഈശ്വരബിംബത്തെയോ പരമയാഥാർഥ്യമായി കാണുന്ന വിശ്വാസിയെ സംബന്ധിച്ചിടത്തോളം, അതേക്കാൾ ഉയർന്ന യാഥാർത്ഥ്യം മറ്റൊന്നില്ല. യാഥാർത്ഥ്യമെന്നത് സ്ഥല – കാലാപേക്ഷികമായ സങ്കല്പനമാണ് എന്നതാണ് ഇതിൻ്റെ അർത്ഥം. ദേവപ്രീതിക്കായി പൊങ്കാലയിടുകയോ, പണം നേർച്ചപ്പെട്ടിയിലിടുകയോ ചെയ്യുന്ന ഒരാൾ സാങ്കേതിവിധിയുടെ സഹായമില്ലാതെ തന്നെ പ്രതിയാഥാർത്ഥ്യവുമായി സംവദിക്കുകയും പ്രകൃത്യതീതമായ ഒന്നിലെ തൻ്റെ ഭൗതിക ജീവിത സ്ഥലത്തേക്ക് നിബന്ധിക്കുകയും ആണ് ചെയ്യുന്നത്. ദൈവം – ദൈവേച്ഛ ഒരു സൂപ്പർ റിയാലിറ്റി ആണ്, ഹൈപ്പർ റിയാലിറ്റി ആണ്, വെർച്വൽ റിയാലിറ്റിയാണ്. കാരണം ഒരു വിശ്വാസി ഭക്തിയുടെ മാനസികാവസ്ഥയിൽ നിൽക്കുമ്പോൾ ഉത്തരാധുനികന്റെ ‘സിമുലേഷനി’ൽ എന്നപോലെ സംഭവ്യതാനിയമങ്ങളുടെ അതിരുകൾ മുറിഞ്ഞ് അസംഭവ്യതയുടെ സ്ഥലകാലങ്ങളുമായി ഇടകലരുകയാണ്.ഇവിടെ പ്രകൃതിനിയമമനുസരിച്ച് മനുഷ്യന് പ്രാപ്തമല്ലാത്ത ദൂരത്തേക്ക് -ഒബാമയുടെ സന്നിഥിയിലേക്ക് – സഞ്ചരിക്കുന്നതിന്, ഭക്തന് – ഭൗതിക സാങ്കേതികവിദ്യയുടെ സഹായം വേണ്ടി വരുന്നില്ല. ഡിസ്നിലാൻ്റാണ് ‘യാഥാർത്ഥ്യം’ എന്നു പറയുമ്പോൾ, സാങ്കേതികവിദ്യയുടെ ആഖ്യാനം എന്ന നിലയിൽ നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്ന പ്രതിയാഥാർത്ഥ്യമാണ്,ഭൗതികപാദാർഥിക യാഥാർത്ഥ്യത്തേക്കാൾ യഥാർത്ഥമെന്ന് പറയുമ്പോൾ, ഈസോപ്പ് കഥകളും വേതാള കഥകളും ഇതേ മാതൃകയിലുള്ള ആഖ്യാനങ്ങളാണ് കാണേണ്ടതുണ്ട്. വാമൊഴിയിലൂടെയും വരമൊഴിയിലൂടെയും ആവിഷ്കരിച്ചു കൊണ്ടിരുന്ന സി മുലേഷൻ, സാങ്കേതികവിദ്യയുടെ മാർഗത്തിലൂടെ ആഖ്യാന മണ്ഡലത്തിൽ ഒരു ‘റിയാലിറ്റിഷോ ‘യുടെ മാനത്തിലേക്ക് ഉയർന്നു എന്ന് പറയാമെങ്കിലും അടിസ്ഥാനപരമായി ഉത്തരാധുനിക പ്രതിയാഥാർത്ഥ്യത്തിന്റെ തത്വവും പ്രാചീന അതി സംഭവ്യതാ ആഖ്യാനങ്ങളുടെ തത്വവും ഒന്നുതന്നെയാണ്. രൂപാന്തരം (Metamorphosis ) എന്ന പ്രാചീന സങ്കല്പനം – സാങ്കേതിക വിദ്യാ തലത്തിൽ ‘മോർഫിംഗ്’ ആയി മാറുമ്പോൾ വരമൊഴിയിലൂടെയും വാമൊഴിയിലൂടെയും നിർമ്മിക്കപ്പെട്ട രൂപാന്തരപാഠങ്ങൾക്ക് ദൃശ്യാവിഷ്കാരം ലഭിക്കുന്നു എന്നതിൽ കവിഞ്ഞ് ഒന്നും സംഭവിക്കുന്നില്ല. ആണവ പ്രസരണമോ ( ഹിരോഷിമ ) എൻ്റോസൽഫാൻ്റെ അമിതപ്രയോഗമോ മനുഷ്യനിലും ജീവജാലങ്ങളിലും ഉണ്ടാക്കിയ ഭയാനകമായ വൈരൂപ്യത്തെക്കാൾ തീവ്രമായ യാഥാർത്ഥ്യ അനുഭവമാണ്, മോർഫിംഗിൽ നിന്നും ലഭിക്കുന്നത് അസംബന്ധമാണ്.

ഒരു സിമുലാക്ര രൂപപ്പെടുന്നത് സാങ്കേതികവിദ്യ എന്ന മാധ്യമത്തിന്റെ സാമർത്ഥ്യത്തിൽ നിന്ന് മാത്രമാണെന്ന് പറയാമെങ്കിലും വരമൊഴി രൂപത്തിലും വാമൊഴി രൂപത്തിലും ഉണ്ടായി വന്ന സിമുലാക്ര എന്നപോലെ ആധുനിക സിമുലാക്രയും, സംഭവ്യതാനിയമവും ആവശ്യത്തിൻ്റെ നിയമങ്ങളും തമ്മിലുള്ള വൈരുധ്യത്തിൽ നിന്നാണ് രൂപപ്പെടുന്നത്.

എസ്.സുധീഷ്

5 1 vote
Rating
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x