
എസ് സുധീഷ്
Published: 10 March 2026 സംസ്കാരപഠനം
ഡേറ്റ ദൈവമാണ്
ഉത്തരാധുനികതയുടെ ഡിജിറ്റല്‍ മുതലാളിത്തയുക്തികള്‍
ഭാഗം-11
ആഖ്യാനവും യാഥാർത്ഥ്യവും:
കാംബോളികവികസന രാഷ്ട്രീയത്തിലെ മാറ്റങ്ങൾ
സംഭവ്യതയുടെ നിയമങ്ങളെ ആവശ്യങ്ങളുടെ നിയമങ്ങളുമായി സംഗ്രഥിക്കുമ്പോഴാണ് യാഥാർത്ഥ്യം രൂപപ്പെടുന്നത് എന്ന് പറഞ്ഞു. കമ്പോള സർവ്വാധിപത്യത്തിന്റെ കാലത്ത് മനുഷ്യന്റെ അഥവാ ഉപഭോക്താവിന്റെ ആവശ്യത്തെ നിയന്ത്രിക്കുന്നതും ആവശ്യനിയമങ്ങളെ രൂപപ്പെടുത്തുന്നതും ഉൽപ്പന്നത്തിന്റെ പദാർത്ഥ വിഭവത്തിന്റെ ശാരീരിക ഗുണമല്ല മറിച്ച് പദാർത്ഥിക ഉൽപ്പന്നവിഭവത്തെ ഉപജീവിച്ച് കമ്പോളം നിർമ്മിക്കുന്ന ആഖ്യാനമാണ്. കാംബോളികആഖ്യാനങ്ങൾ മൂല്യങ്ങളുടെ ചരക്കുവൽക്കരണത്തിലൂടെ പദാർത്ഥിക ഉൽപ്പന്നത്തിനെ പൊതിയുകയും കാംബോളികആഖ്യാനങ്ങൾ സമൂഹത്തിന്റെ ആവശ്യങ്ങൾ എന്തെന്ന് തീരുമാനിക്കുകയും ചെയ്യുന്നു. പുരുഷന്റെ ക്ലോസറ്റ് സ്ഥാപിച്ച പുരയ്ക്ക് അപ്പുറത്ത് സ്ത്രീ എന്ന് എഴുതുമ്പോൾ സ്ത്രീ അതാണ് തന്റെ സ്ഥലം എന്ന ബോധ്യത്തിൽ അതാണ് തന്റെ ആവശ്യമാണെന്ന് സമ്മതിക്കുകയും ചെയ്യുന്നു. സസൂറും ബോദ്രിലാദും ശരിയാണെന്ന് സമ്മതിക്കുന്ന പണ്ഡിതൻ അയാളുടെ ആവശ്യങ്ങൾ എന്തെന്ന് തീരുമാനിക്കാനുള്ള അവകാശം കമ്പോളത്തിന് വിട്ടുകൊടുക്കുകയാണ് ചെയ്യുന്നത്. ഒരു സമൂഹം സ്വതന്ത്രമാവുന്നത് അതിന്റെ ആവശ്യം എന്തെന്ന് തീരുമാനിക്കുവാൻ കഴിയുമ്പോഴാണ്. ആ തീരുമാനം നിർവ്വഹിക്കുവാൻ വേണ്ടി നടത്തുന്ന പ്രവർത്തനമാണ് മനുഷ്യ സ്വാതന്ത്ര്യ പ്രവർത്തനം. വഴി നടക്കേണ്ടത് തങ്ങളുടെ ആവശ്യമാണ് എന്നൊരു ജനത സ്വയം തീരുമാനിക്കുകയും മാറുമറയ്ക്കേണ്ടത് തങ്ങളുടെ ആവശ്യമാണ് എന്ന് സ്ത്രീസമൂഹം സ്വയം തീരുമാനിക്കുകയും കിണറ്റിൽ നിന്നും ജലാശയത്തിൽ നിന്നും ജലമെടുക്കേണ്ടത് തങ്ങളുടെ ആവശ്യമാണെന്ന് ഒരു സമൂഹം സ്വയം തീരുമാനിക്കുകയും അതിനായുള്ള പ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്തതിന്റെ ഫലമാണ് സ്വാതന്ത്ര്യം.
എവിടെ നിന്ന് വെള്ളമെടുക്കണമെന്നും ഏത് ഭാഗത്തുകൂടി സഞ്ചരിക്കണമെന്നും ദൈവം തീരുമാനിച്ചിട്ടുണ്ട് എന്ന വിശ്വാസത്തെ തള്ളിക്കളഞ്ഞുകൊണ്ട് സ്വന്തം ആവശ്യം എന്തെന്ന് തീരുമാനിക്കാനുള്ള അവകാശം ജനങ്ങൾ പിടിച്ചെടുക്കുമ്പോഴാണ് ജനങ്ങൾ സ്വാതന്ത്ര്യത്തിന്റെ പാതയിലേക്ക് പ്രവേശിക്കുന്നത്. ഭഗവാൻ സൃഷ്ടിച്ച ചാതുർവർണ്യ പ്രത്യയശാസ്ത്രമാണ് ഒരു സമൂഹത്തിന്റെ തൊഴിൽ എന്തായിരിക്കണമെന്നും അതിൽ നിന്നും ഉണ്ടാകുന്ന പരിമിതികളും അമിതാധികാരങ്ങളും എന്തായിരിക്കണമെന്നും തീരുമാനിക്കുന്നത് എന്ന് പഴയകാലം പറഞ്ഞു. ചാതുർവർണ്യ പ്രത്യയശാസ്ത്രത്തിന്റെ സ്ഥാനത്ത് ഇപ്പോൾ കാംബോളിക ആഖ്യാനങ്ങൾ കടന്നുവരികയും പദാർത്ഥിക ഉൽപ്പന്നങ്ങളെ മുൻനിർത്തി ആഭ്യന്തരാധിനിവേശത്തിന്റെയും വൈദേശിക അധിനിവേശത്തിന്റെയും മൂല്യങ്ങളെ ഉദ്ധരിക്കുകയും ചെയ്യുന്നു. പഴയകാലത്ത് ദൈവശാസ്ത്രമോ വേദപ്രമാണമോ സമൂഹമനുഷ്യന്റെ ആവശ്യം എന്താണെന്ന് തീരുമാനിച്ചിരുന്നു എങ്കിൽ ഇപ്പോൾ കാംബോളിക ആഖ്യാനമാണ്, ചിഹ്നമാണ് ആവശ്യം എന്താണെന്ന് തീരുമാനിക്കുന്നത് എന്ന് വന്നിരിക്കുന്നു. ആഖ്യാനവും അതിനാധാരമായ പദാർത്ഥിക ഉൽപ്പന്നവും തമ്മിലുള്ള വൈരുദ്ധ്യം വർദ്ധിക്കുന്തോറും ആഖ്യാനം അതിൽ തന്നെ പൂർണ്ണമായ യാഥാർത്ഥ്യമാണ് എന്ന തോന്നൽ ജനിക്കുകയും ആഖ്യാനത്തെ വിലകൊടുത്തു വാങ്ങുക എന്നത് ഉപഭോക്താവിന്റെ ആവശ്യമായി തീരുകയും അങ്ങനെ കൊടുക്കൽ വാങ്ങൽ നടക്കുമ്പോൾ പദാർത്ഥിക ഉൽപ്പന്നം ഒരു ബോണസായി മാറുകയും ചെയ്യുന്നു.
മുകുന്ദൻ കമ്മ്യൂണിസത്തെക്കുറിച്ച് എഴുതിയ ആഖ്യാനം വാങ്ങിയാൽ ഇ.എം.എസിന്റെ ലോഹച്ഛായ രൂപം ബോണസായി സൗജന്യമായി കിട്ടും എന്ന് പറയുന്നതുപോലെ ആഖ്യാനം വിലകൊടുത്തു വാങ്ങുമ്പോൾ പദാർത്ഥിക ഉൽപ്പന്നം സൗജന്യമായി ലഭിക്കുന്നു എന്ന ഒരാശ്വാസം ഉപഭോക്താവിന് ലഭിക്കുകയും ചെയ്യുന്നു. ഏറ്റവും ആകർഷകമായ ആഖ്യാനം വിലകൊടുത്തു വാങ്ങാൻ ശേഷിയില്ലാത്ത ഉപഭോക്താവ് വലിയ തുക കടമെടുത്താണ് ആഖ്യാനം വിലകൊടുത്തു വാങ്ങുന്നതെങ്കിലും ഭൗതിക ഉൽപ്പന്നം അതോടൊപ്പം സൗജന്യമായി ലഭിക്കുകയും അത് ഉപയോഗിക്കുമ്പോൾ ആഖ്യാനത്തെ അനുഭവിക്കുന്നതിന്റെ സുഖം സാധ്യമാവുകയും ചെയ്യുന്നു. അങ്ങനെ വരുമ്പോൾ മാത്രമാണ് ഭൗതിക പദാർത്ഥമല്ല ( ഒറിജിനൽ അല്ല) ആഖ്യാനമാണ് പ്രതിയാഥാർത്ഥ്യമാണ് യാഥാർത്ഥ്യം എന്ന വാദം ശരിയായി തീരുന്നത്. ആവശ്യത്തിന്റെ നിയമങ്ങളുടെ സമൂല സംഹാരമാണ് ഇവിടെ നടക്കുന്നത്. ഗൾഫ് യുദ്ധം സംഭവിച്ചിട്ടില്ല അതിന്റെ ആഖ്യാനമാണ് യാഥാർത്ഥ്യം എന്ന് പറയുമ്പോൾ അങ്ങനെ ഒരു വാദത്തെ ഭക്തിയാദരങ്ങളോടെ വിഴുങ്ങുന്ന പണ്ഡിതന്മാർ ഭൗതിക അനുഭവനിഷേധിയും ഭൗതിക പദാർത്ഥ നിഷേധിയുമായ ഗൾഫ് യുദ്ധവാദത്തിലും മറപ്പുരവാദത്തിലും അതിശയോക്തിയോ വക്രോക്തിയോ കാണാത്ത പണ്ഡിതന്മാർ മുകളിൽ പറഞ്ഞതിലൊക്കെ അതിശയോക്തി കണ്ടെത്തുന്നു എങ്കിൽ അതിന് കാരണം ബുദ്ധിപരമായ അടിമത്തം തന്നെയാണ്. കാംബോളികവികസന രാഷ്ട്രീയ പൂർവ്വ ദശയിൽ ഭൗതിക പദാർത്ഥിക ഉൽപ്പന്നം ചരക്കുവൽക്കരണത്തിലൂടെ ഊതിപ്പെരുപ്പിക്കപ്പെടുകയായിരുന്നു എങ്കിൽ കാംബോളികവികസന രാഷ്ട്രീയ ദശയിൽ ഭൗതിക ഉൽപ്പന്നം ചരക്കുവൽക്കരണത്തിലൂടെ അഭാവസ്ഥയിൽ എത്തുകയും പദാർത്ഥത്തിന് മോഡിഫിക്കേഷൻ സംഭവിക്കുകയും ചെയ്യുന്നു. കമോഡിഫിക്കേഷൻ എന്ന പ്രയോഗം സാധൂകരിക്കപ്പെടുന്നത് ഇത്തരത്തിൽ ഒരു അഭാവസ്ഥാനത്ത് ഉൽപ്പാദിപ്പിക്കപ്പെടുന്ന ആഖ്യാനത്തിൽ അതിനിവേശ അധീശവർഗ്ഗ താൽപ്പര്യങ്ങൾ ചരക്കുവൽക്കരിക്കപ്പെടുന്നത് കൊണ്ട് കൂടിയാണ്.
ചിഹ്നവാദത്തിലൂടെ ബഹുദൂര സഞ്ചരിക്കുമ്പോഴാണ് ദെറീദ അസാന്നിധ്യത്തിന്റെ അതിഭൗതികത എന്ന ദാർശനിക ചമൽക്കാരം മെനഞ്ഞെടുക്കുന്നത്. ഭൗതിക പദാർത്ഥ വിമുക്തമായ ആഖ്യാനം സ്വാഭാവികമായും അസാന്നിധ്യത്തിന്റെ അതിഭൗതികതയായി വിശേഷിപ്പിക്കപ്പെടുന്നു. ഒരു ക്ലാസ് മുറിയിലെ ബോർഡിൽ പൂച്ച എന്ന് എഴുതിയിടുമ്പോൾ പൂച്ച എന്ന മൃഗം അവിടെ ഇല്ല എന്നതിനായൽ പൂച്ചയുടെ ഭൗതികമായ അഭാവത്തിൽ നിന്നും പൂച്ച അസാന്നിധ്യത്തിന്റെ അതിഭൗതിക അനുഭവമായി മാറുന്നു. സാധാരണ ഗതിയിൽ ഒരു ചിഹ്നം ഉപയോഗിക്കപ്പെടുന്നത് അതിന്റെ അസാന്നിധ്യത്തിന്റെ സന്ദർഭത്തിലാണ്. മാധ്യമത്തിൽ ഒരു ആഖ്യാനം പാദാർത്ഥിക വസ്തുവിന്റെ ചിഹ്നവും അതിന്റെ അസാന്നിധ്യവുമാണ്. ചിഹ്നം അല്ലെങ്കിൽ ആഖ്യാനം വെർച്വൽ റിയാലിറ്റി എന്ന യാഥാർത്ഥ്യവും പാദാർത്ഥിക ഉൽപ്പന്നം അസാന്നിധ്യത്തിന്റെ അതിഭൗതിക അനുഭവമായി മാറുന്നു. അസാന്നിധ്യത്തിന്റെ അതിഭൗതികതയെയാണ് നിങ്ങൾ വാങ്ങുന്നത്. ആവശ്യമായി കാണുന്നത് എന്തുകൊണ്ട് അത് വാങ്ങാൻ നിങ്ങൾക്ക് ഒരു വലിയ വില കൊടുക്കേണ്ടി വരുന്നു. നിങ്ങൾ ലോക ബാങ്കിൽ നിന്നും കടമെടുക്കേണ്ടി വരുന്നു. ഭൗതിക ഉൽപ്പന്നത്തിന്റെ അഭാവത്തിൽ ഉൽപ്പാദകനായ തൊഴിലാളി മരിക്കുകയും ( ഡെത്ത് ഓഫ് ദി ഓതർ) ആഖ്യാനം അല്ലെങ്കിൽ ഭാഷ്യം ഉപഭോക്താവിന്റെ കൃതിയാണ് എന്നൊരു മിഥ്യയുടെ സമാശ്വാസം ലഭിക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ തീരുമാനമാണ് എന്ന് ( കമ്പോളത്തിന്റേതല്ല) എന്ന വിശ്വാസത്തിൽ അഭിലഷിക്കുന്നതിന് നിങ്ങൾക്ക് വലിയ വില കൊടുക്കേണ്ടി വരുന്നു.
ഉന്നത കലയും നിമ്ന കലയും തമ്മിൽ ഭേദമില്ല എന്ന് പറയുന്നതിന്റെ പശ്ചാത്തലവും ഭൗതിക പാദാർത്ഥിക വിമുക്തമായ പ്രതിയാഥാർത്ഥ്യമാണ് യാഥാർത്ഥ്യം എന്ന് പറയുന്നതിന്റെ പശ്ചാത്തലവും ആധുനിക കാംബോളികവികസന രാഷ്ട്രീയ താൽപ്പര്യവുമായി ബന്ധപ്പെട്ടു കിടക്കുന്നു. കല കൃത്യമായും ഭൗതിക പദാർത്ഥത്തിൽ ലീനമായിരിക്കുന്ന ആഭ്യന്തര വൈരുദ്ധ്യങ്ങളെ എന്നപോലെ അതിന്റെ ആശയപരമായ മേൽക്കൂരയെയും പരിവർത്തിപ്പിക്കുന്ന പ്രക്രിയയാണ്. അത് ഭൗതിക പദാർത്ഥ നിരപേക്ഷമായ ചിഹ്നമോ ആഖ്യാനമോ എന്ന നിലയിൽ വ്യാഖ്യാനിക്കപ്പെടുമ്പോൾ കലയുടെ ധർമ്മം തന്നെ നിരസിക്കപ്പെടുന്നു. എല്ലാ മാധ്യമ ആഖ്യാനങ്ങളും കല എന്ന രീതിയിൽ സൽക്കരിക്കപ്പെടുകയും വേർതിരിവുകൾ ഇല്ലാതായി തീരുകയും ചെയ്യുന്നു. ചരക്കുവൽക്കരണം പാദാർത്ഥിക ഉൽപ്പന്നത്തിന്റെ തലത്തിൽ നിന്ന് ആഖ്യാനത്തിന്റെ ഉള്ളടക്കത്തിലേക്ക് നീങ്ങുകയും ഉൽപ്പന്നം കൊടുക്കൽ വാങ്ങലിനായുള്ള ഒരു ടോക്കൺ മാത്രമായി ചുരുങ്ങുകയും ചെയ്യുന്നു. ചരക്കുവൽക്കരണം അതിപദാർത്ഥികമായ ഒരു പ്രക്രിയയായി തീരുന്നു എന്നാണ് ഇതിന്റെ അർത്ഥം.
ഇരുപതാം നൂറ്റാണ്ടിന്റെ മധ്യം വരെയും കലാരചനകൾക്ക് വിലയിട്ടിരുന്നു എങ്കിലും അവ ചരക്കുവൽക്കരണത്തിന്റെ രൂപങ്ങളായിരുന്നില്ല. മഹാഭാരതവും രാമായണവും യുദ്ധവും സമാധാനവും തുടങ്ങി പ്രാചീനവും ആധുനികവുമായ കൃതികളോ ആധുനിക സാങ്കേതിക വിദ്യയുടെ ഉൽപ്പന്നങ്ങളായ ചലച്ചിത്രങ്ങളോ മൂല്യങ്ങളെ ചരക്കുവൽക്കരിക്കുന്ന ആഖ്യാനങ്ങളായിരുന്നില്ല. എന്നാൽ ആഗോളവൽക്കരണത്തിന്റെ ഘട്ടം എത്തുമ്പോൾ അവയെല്ലാം പദാർത്ഥ വിമുക്തമായ ചരക്കുകളായി തീരുന്നു. ദൈവങ്ങളും ആൾദൈവ മണ്ഡലങ്ങളും ഉൾപ്പെടെയുള്ള എല്ലാ പ്രത്യയശാസ്ത്ര അനുഭവങ്ങളും വിറ്റഴിക്കപ്പെടുന്ന ചരക്കുകളായി തീരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യം വരെയും അധീശവർഗ്ഗ പക്ഷപാതിയായ കൃതികൾക്ക് അധീശവർഗ്ഗ രാഷ്ട്രീയ മൂല്യങ്ങളെ സംരക്ഷിക്കുന്ന പുരോഹിത ധർമ്മം മാത്രമാണ് ഉണ്ടായിരുന്നത് എങ്കിൽ ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ സാഹിത്യത്തിന്റെ സിദ്ധാന്ത കാലഘട്ടം എത്തുമ്പോൾ സിദ്ധാന്തവൽക്കരണം ആശയവാദ പക്ഷത്തുനിന്ന് കൊണ്ട് അധീശവർഗ്ഗ മൂല്യങ്ങളെ വിറ്റഴിക്കാനുള്ള ഉപാധിയായി തീരുകയും സിദ്ധാന്തങ്ങൾ ചരക്കുകളായി തീരുകയും ചെയ്യുന്നു. ദെറീദയുടെ ശിഷ്യയായ ഗായത്രി ചക്രവർത്തി സ്പിവാക്ക് ഇക്കാര്യം അബോധമായിട്ടെങ്കിലും സമ്മതിക്കുന്നുണ്ട്.
ഇരുപതാം നൂറ്റാണ്ടിന്റെ മധ്യകാലം വരെയും പണം സർവ്വശക്തനായിരുന്നു എങ്കിൽ ഇന്ന് അതിന്റെ സ്ഥാനത്ത് വിവരം ( ഡേറ്റ) സർവ്വശക്തമായി തീരുകയും പണത്തിന്റെ സ്ഥാനം അപഹരിക്കുകയും ചെയ്തിരിക്കുന്നു. പണം എന്നത് ഭൗതിക വിഭവത്തെയും ഭൗതിക ഉൽപ്പന്നത്തെയും വിറ്റഴിക്കുന്നതിനായി നിർമ്മിക്കപ്പെടുന്ന ചിഹ്നമാണ്. വിലയുടെ പരിമാണ സങ്കേതമാണ്. ചരക്കുവൽക്കരണത്തിൽ മിച്ച മൂല്യത്തിൽ ഉണ്ടാകുന്ന കുതിച്ചുചാട്ടം പണവ്യവഹാരത്തിലൂടെയാണ് നിർവ്വഹിക്കപ്പെട്ടിരുന്നത്. ഇപ്പോൾ ഉന്നയിക്കപ്പെടുന്ന ഭൗതിക പദാർത്ഥ നിരപേക്ഷമായ ആഖ്യാനം എന്നത് ഭൗതിക പദാർത്ഥ നിരപേക്ഷമായ കറൻസി വർദ്ധനവിന് തുല്യമായ ഒരു സിദ്ധാന്തമാണ്. കള്ളപ്പണമായും വെള്ളപ്പണമായും കള്ളനോട്ടായും വായ്പയായും നാണയവ്യാപനത്തിൽ വൻ പെരുപ്പമുണ്ടാവുകയും ഭൗതിക സമ്പത്തും നാണയ കുതിപ്പും തമ്മിലുള്ള അനുപാത ബന്ധം മുറിയുന്നിടത്ത് ആഖ്യാനം എന്നപോലെ ചിഹ്നം എന്നപോലെ പണവും അതിന്റെ ആധാരമില്ലാത്ത ( ഒറിജിനൽ) അവസ്ഥയിൽ എത്തിച്ചേരുകയാണ്. നാണയ രൂപത്തിലുള്ള മൂലധന പെരുപ്പവും ഉൽപ്പന്നവും തമ്മിലുള്ള യുക്തിബന്ധം ഉടഞ്ഞുപോകുമ്പോൾ മൂലധന പെരുപ്പത്തിന് ഭൗതിക വിഭവങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും ഭൗതിക വിഭവങ്ങളെയും ഉൽപ്പന്നങ്ങളെയും ഉപജീവിച്ചു കൊണ്ടും അവയെ ടോക്കൺ രൂപത്തിലേക്ക് വെട്ടിച്ചുരുക്കി കൊണ്ടും വിവരത്തെ ആശയത്തെ ചരക്കുവൽക്കരിക്കുന്ന ആഖ്യാനങ്ങൾ ഉണ്ടായി വരുന്നു.
വിശ്വസുന്ദരിയുടെ മുഖകാന്തിയും ഫിഗറും ചർമ്മവും എല്ലാം അധീശവർഗ്ഗ മൂല്യങ്ങളാണ്. അവയൊക്കെയും ഉപഭോക്താവിന്റെ ഓമന കൗതുകങ്ങൾ എന്ന നിലയിലാണ് 50 വർഷം മുൻപ് ടോയ്ലറ്റ് സോപ്പിന്റെ പുറത്ത് ഒട്ടിച്ചു വെച്ചിരുന്നത് എങ്കിൽ ഒരു ബ്യൂട്ടി പാർലർ യുഗത്തിൽ അവയൊക്കെയും മധ്യവർഗ്ഗത്തിന് പ്രാപ്യമായ ആവശ്യങ്ങളായി അനുഭവപ്പെടുന്ന തരത്തിൽ അവയൊക്കെയും ചരക്കുവൽക്കരിക്കപ്പെട്ടിരിക്കുന്നു. പണത്തിന്റെ രൂപത്തിലുള്ള മൂലധന പെരുപ്പത്തിന് ആധാരം ഭൗതിക ഉൽപ്പന്നമല്ല മറിച്ച് അതിനെ മുൻനിർത്തിയുള്ള വിവര(ഡേറ്റ)ങ്ങളുടെ ചരക്കുവൽക്കരണമാണെന്ന് വരുന്നു.
ഭൗതിക സമ്പത്ത് = പണം എന്നതിന്റെ അനുബന്ധമായി പണം = വിവരങ്ങളുടെ ചരക്കുവൽക്കരണം എന്നൊരു സമവാക്യം കൂടി രൂപപ്പെട്ടു വരികയും ഉൽപ്പന്നത്തെ സംബന്ധിക്കുന്ന പരസ്യചിത്രവും ഗൾഫ് യുദ്ധവും സൂര്യനെല്ലിയും ഖസാക്കിന്റെ ഇതിഹാസവും എല്ലാം അധീശവർഗ്ഗ അധീശ അധിനിവേശ മൂല്യങ്ങളുടെ ചരക്കുവൽക്കരണം എന്ന നിലയിൽ ഒരേപോലെ പരിഗണിക്കപ്പെടുകയും പ്രതിയാഥാർത്ഥ്യം എന്നത് പണത്തേക്കാൾ വിപണന ശക്തിയുള്ള നിർമ്മിതിയായി തീരുകയും പ്രതിയാഥാർത്ഥ്യ മണ്ഡലത്തിൽ കലയും കലേതരവും എന്ന ഭേദമില്ലാതായി തീരുന്നത് പോലെ ഉന്നത കലയും നിമ്ന കലയും തമ്മിലുള്ള ഭേദവും ഇല്ലാതായി തീരുന്നു.
പണത്തേക്കാൾ ശക്തി ദൈവത്തിനുണ്ട് എന്ന് പറയുന്നത് ചരക്ക് എന്ന നിലയിൽ ദൈവത്തിനുള്ള സാധ്യത മുൻനിർത്തിയാണ്. ദൈവം എന്ന ഡേറ്റയുടെ ചരക്കുവൽക്കരണത്തിലൂടെ ഒരു ദൈവ കേന്ദ്രത്തിന് കോടികൾ ഉണ്ടാക്കുവാൻ കഴിയുമ്പോൾ പണം ഡേറ്റയ്ക്ക് കീഴ്പ്പെടുന്ന ഒരാവസ്ഥ രൂപപ്പെടുന്നു. ഡേറ്റയുടെ ചരക്കുവൽക്കരണത്തിൽ നിന്നും പണവും പണത്തിൽ നിന്നും ഭൗതിക സമ്പത്ത് വെട്ടിപ്പിടിക്കാനുള്ള കഴിവും ഉണ്ടായി വരുന്നു. ഭൗതിക സമ്പത്തിൽ നിന്നും ആശയം എന്ന അവസ്ഥയിൽ നിന്നും ഭൗതിക സമ്പത്തിൽ നിന്നും പണം, പണത്തിൽ നിന്നും ആശയം എന്ന അവസ്ഥ കാംബോളികമുതലാളിത്തത്തിന്റെ ആദ്യകാലത്ത് രൂപപ്പെട്ടിരുന്നത് എങ്കിൽ വിവര ചരക്കുവൽക്കരണത്തിൽ നിന്നും പണം, പണത്തിൽ നിന്നും ഭൗതിക സമ്പത്ത് എന്ന ഒരു വ്യവസ്ഥ പിന്നീട് ഉണ്ടായി വരുന്നു. പണത്തിന്റെ ശക്തിസ്ഥാനത്ത് വിവരം കടന്നുവന്നിരിക്കുന്നു എന്ന് ഗായത്രി സ്പിവാക്ക് പറയുന്നതിന്റെ അർത്ഥം അതാണ്. ഈശ്വരൻ സംഭവ്യത നിയമങ്ങളെ ഭേദിക്കുന്ന ഒരു ശക്തി എന്ന നിലയിലാണ് പ്രാചീനകാലത്ത് ഒരു മനുഷ്യ സമൂഹത്തിന്റെയും ആവശ്യം എന്താണെന്ന് കൽപ്പിച്ച് അധീശവർഗ്ഗ താൽപ്പര്യത്തെ നിലനിർത്തിയിരുന്നത്. ഭൗതിക സമ്പത്ത് വെട്ടിപ്പിടിക്കാൻ ശേഷിയുള്ള വർഗ്ഗത്തിന്റെ താൽപ്പര്യത്തെ നിലനിർത്തുക എന്നതായിരുന്നു ഭൗതിക പദാർത്ഥ നിയമത്തിന് അതീതമായ ദൈവത്തിന്റെ ധർമ്മം. എന്നാൽ ആധുനികകാലത്ത് വിവരസാങ്കേതികവിദ്യ ദൈവത്തെ തന്നെ വിവരഭാഗം എന്ന നിലയിൽ ചരക്കുവൽക്കരിക്കുകയും അതിൽ നിന്നും ഒരു ധനകാര്യ വ്യവഹാരമണ്ഡലം രൂപപ്പെടുത്തുകയും ധനകാര്യ വ്യവഹാരത്തിലൂടെ ഭൗതിക വിഭവങ്ങളുടെയും ഭൗതിക വിഭവങ്ങളുടെയും ഭൗതിക ഉൽപ്പന്നങ്ങളുടെയും സ്ഥലകാലങ്ങൾ കൈയടക്കുകയും ചെയ്തിരിക്കുന്നു. ഭൗതിക സമ്പത്തും നാണയ വ്യവഹാരവും തമ്മിലുള്ള പ്രതിപ്രവർത്തന മണ്ഡലത്തിൽ നാണയം ഭൗതിക സമ്പത്തിനേക്കാൾ ബലവാനായിരുന്നു എങ്കിൽ വിവര ചരക്കുവൽക്കരണത്തിന്റെ കാലത്ത് വിവരം പണത്തേക്കാൾ ബലവാനായി തീർന്നിരിക്കുന്നു. ഈശ്വരനും ഒരു വിവര വിഭവം എന്ന നിലയിൽ ചരക്കുവൽക്കരിക്കപ്പെട്ടിരിക്കുന്നു.

