എസ് സുധീഷ്

Published: 05 April 2026 സംസ്കാരപഠനം

ഡേറ്റ ദൈവമാണ്

ഉത്തരാധുനികതയുടെ ഡിജിറ്റല്‍ മുതലാളിത്തയുക്തികള്‍
ഭാഗം-12

മുൻകാലങ്ങളിൽ ഒരു കലാകൃതിയെ വിലയിരുത്തുമ്പോൾ അതിൽ ജന്മിത്ത- നാടുവാഴിത്തത്തിന്റെയും മുതലാളിത്തത്തിന്റെയും മൂല്യങ്ങൾ എങ്ങനെ നിബന്ധിക്കപ്പെട്ടിരിക്കുന്നു, അല്ലെങ്കിൽ വൈദേശിക അധിനിവേശത്തിന്റെയും ആഭ്യന്തര അധിനിവേശത്തിന്റെയും മൂല്യങ്ങൾ എങ്ങനെ നിബന്ധിക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ അന്വേഷണമാണ് പ്രസക്തമായിരുന്നത്. എന്നാൽ, വിവരവിഭവത്തിന് പണത്തിന്മേൽ, അല്ലെങ്കിൽ വിവര സാങ്കേതിക വിദ്യ നിയന്ത്രിത മുതലാളിത്തത്തിന് പണമുതലാളിത്തത്തിന്മേൽ ആധിപത്യം ഉണ്ടായിരിക്കുന്നു എന്ന് കുമ്പസരിക്കപ്പെട്ടിരിക്കുന്ന ഒരു കാലത്ത്, വിവരവിഭവ ഭാഗങ്ങളായ അധീശവർഗ്ഗ മൂല്യങ്ങളും അധിനിവേശ മൂല്യങ്ങളും എങ്ങനെ ചരക്കുവൽക്കരിക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ അന്വേഷണം വളരെ പ്രസക്തമായി തീർന്നിരിക്കുന്നു.
വിപണി വികസന രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയിൽ ജനങ്ങൾ ഈ ചരക്കുവൽക്കരണത്തിന്റെ ഇരകളായി തീർന്നിരിക്കുന്നു. ജനങ്ങളുടെ ആവശ്യങ്ങൾ എന്താണെന്ന് തീരുമാനിക്കുന്നത് വിവരവിഭവ ചരക്കുവൽക്കരണ പ്രക്രിയയാണെന്ന് വന്നിരിക്കുന്നു എന്നതാണ് അതിനു കാരണം. വിപണിയിലെ ഉൽപ്പന്നം എന്നത് വിവരവിഭവ ആഖ്യാനവും ഭൗതിക പാദാർത്ഥിക ഉൽപ്പന്നം എന്നത് ക്രയവിക്രയത്തിന്റെ മാപ്പുസാക്ഷിയുമായിത്തീരുന്നു. ആവശ്യങ്ങളുടെ നിയമത്തിന് സമൂലമായ അപഹാരം സംഭവിക്കുന്നതിന് കാരണം പാദാർത്ഥിക ഉൽപ്പന്നത്തിന്റെ സാന്നിധ്യം പാർശ്വവൽക്കരിക്കപ്പെടുകയും അതിന്റെ അധിഭൗതികമായ സാന്നിധ്യം വിൽക്കപ്പെടുകയും ചെയ്യുന്നു എന്നുള്ളതാണ്. ഭൗതിക പദാർത്ഥത്തിന്റെ അസാന്നിധ്യവും അസാന്നിധ്യത്തിന്റെ അതിഭൗതികതയുമാണ് പ്രതിയാഥാർത്ഥ്യം (Virtual Reality) എന്ന പേരിൽ വിൽക്കപ്പെടുന്നത്.

സ്ത്രീ-പുരുഷ ബന്ധങ്ങൾ അധികാര വിലപേശലിന്റെ രംഗമായി മാറുന്ന അവസരങ്ങൾ പ്രാചീന സാഹിത്യ കൃതികളിൽ തന്നെയുണ്ട്. രാമായണത്തിലെ കൈകേയിയും മഹാഭാരതത്തിലെ മുനികന്യകയായ ശകുന്തളയും ദാസയുവതിയായ സത്യവതിയുമെല്ലാം പുരുഷന്മാരിൽ നിന്ന് രാഷ്ട്രീയ അധികാരം വിലപേശി വാങ്ങാൻ ശ്രമിക്കുന്നുണ്ടെങ്കിലും സ്ത്രീ അവിടെ വിൽക്കപ്പെടുന്ന ചരക്കായി തീരുകയോ ചൂഷണം ചെയ്യപ്പെടുകയോ ചെയ്യുന്നില്ല. രാഷ്ട്രീയ അധികാരത്തിന് തുല്യമായ വില സ്ത്രീലൈംഗികതയ്ക്കുണ്ട് എന്നാണ് സത്യവതിയും ശകുന്തളയും വെളിപ്പെടുത്തുന്നത്. ഒരു ഗാന്ധർവ്വം രാഷ്ട്രനീതിയുടെയോ രാജനീതിയുടെയോ ഭാഗമായിരിക്കുമ്പോൾ തന്നെയാണ് ഭാര്യമാരുടെ ഒരു കോളനി തന്നെ സ്വന്തമായുള്ള മഹാരാജാക്കന്മാരോട് സ്ത്രീകൾ വിലപേശി സ്വന്തം സന്തതികളുടെ രാഷ്ട്രീയ അവകാശം ഉറപ്പിക്കുന്നത്.ബൗദ്ധകാല അഭിസാരികയായ വാസവദത്തയുടെ കാലം എത്തുമ്പോൾ സ്ത്രീലൈംഗികത സമം ഭൗതിക സമ്പത്ത് എന്നൊരു സമവാക്യം ഉണ്ടാകുന്നു. അവിടെയും അധികാരം അല്ലെങ്കിൽ ഭൗതികസമ്പത്ത് എന്നത് പ്രത്യക്ഷത്തിൽ തന്നെയുണ്ട്. പിന്നീട് മുതലാളിത്തത്തിന്റെ ആവിർഭാവത്തോടെ ഉപഭോക്താവായ പുരുഷനും സ്ത്രീശരീരത്തിനും മധ്യേ വിപണി രൂപപ്പെടുമ്പോഴും ഭൗതികസമ്പത്തോ അതിന്റെ സൂചകമായ പണമോ സ്ത്രീശരീര സമവാക്യത്തിന്റെ ഭാഗമായി നില്ക്കുന്നു. ലൈംഗിക പ്രലോഭനത്തിന്റെ ഹേതു ശരീരവും അതിന്റെ പ്രതിഫലം പണം അല്ലെങ്കിൽ ഭൗതിക സമ്പത്തും എന്ന നില തുടരുന്നു.എന്നാൽ ‘ഖസാക്കിന്റെ ഇതിഹാസ’ത്തിൽ എത്തുമ്പോൾ ഓരോ അധ്യായവും ഓരോ സുരതത്തിന്റെ എപ്പിസോഡ് അല്ലെങ്കിൽ ഓർമ്മ എന്ന നിലയിലാണ് മുന്നോട്ട് പോകുന്നത്.പൂർവ്വകാലങ്ങളിൽ രാജാക്കന്മാർ നടത്തിയ സ്ത്രീവേട്ടയ്ക്ക് ചില സ്ത്രീപക്ഷ സാമ്പത്തിക അധികാര ഉപാധികൾ ഉണ്ടായിരുന്നുവെങ്കിൽ, കമ്പോള ജനാധിപത്യ കാലത്ത് അധിനിവേശ അധീശവർഗ്ഗ മൂല്യങ്ങൾ കൊണ്ട് രൂപപ്പെടുത്തിയ നായകപുരുഷനുമായി രതിസമ്പർക്കത്തിൽ ഏർപ്പെടുന്ന സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നതോ ചൂഷണം ചെയ്യപ്പെടുന്നതോ ആയി അവർക്ക് അനുഭവപ്പെടുന്നില്ല.ഒരു ഭൗതിക പദാർത്ഥത്തിന്റെ പേരിൽ അത് ഉടുപുടവയാവാം, മിക്സിയാവാം, സോപ്പുകട്ടയാവാം, വാഹനമാവാം; ഒരു ആഖ്യാനം വിലയ്ക്ക് വാങ്ങി അതിന് കീഴ്പ്പെടുന്നതിന്റെ സുഖം അനുഭവിക്കുന്ന ഉപഭോക്താവിനെപ്പോലെയാണ് ഖസാക്കിന്റെ ഇതിഹാസത്തിലെ സ്ത്രീ. നായക പുരുഷശരീരവുമായുള്ള രതിസമ്പർക്കം അവർക്ക് പീഡനമായോ ചൂഷണമായോ അനുഭവപ്പെടുന്നില്ല. അതിനു കാരണം പണത്തിന്റെ, രാഷ്ട്രീയ അധികാരത്തിന്റെ, ഭൗതിക സമ്പത്തിന്റെ സ്ഥാനത്ത് ഖസാക്കിലെ നായകൻ വിവരവിഭവസംയുക്തമായിരിക്കുന്നു എന്നതാണ്.
ഒരു ഭൗതിക ഉൽപ്പന്നം വിൽക്കുന്നതിന് വിശ്വാസത്തെയോ മംഗലമഹാശക്തിയെയോ ജർമ്മൻ ഫോർമുലയെയോ ചരക്കുവൽക്കരിച്ച് പാദാർത്ഥിക ഉൽപ്പന്നത്തെ വിവരവിഭവത്തിന്റെ ചരക്കുവൽക്കരണത്തിൽ ലയിപ്പിക്കുമ്പോൾ വിവരവിഭവ ചരക്ക് അതിന്റെ ആഖ്യാനം ഉപഭോക്താവിന്റെ ആവശ്യമായി തീരുമ്പോൾ അയാളെ തന്നെ പണയപ്പെടുത്തി ആ ആഖ്യാനത്തെ അനുഭവിക്കുന്നതിനായി പാദാർത്ഥിക ഉൽപ്പന്നത്തെ വിലയ്ക്ക് വാങ്ങുന്നത് പോലെയാണിത്. വാസവദത്ത സമ്പത്തിനുവേണ്ടി ശരീരവിപണനം കുലത്തൊഴിൽ എന്ന നിലയിൽ സ്വീകരിച്ച സ്ത്രീയാണ് എങ്കിൽ, രവി ഒരു വിവരവിഭവ ചരക്ക് എന്ന നിലയിൽ അധീശവർഗ്ഗ അധിനിവേശ മൂല്യങ്ങളുടെ ചരക്ക് എന്ന നിലയിൽ പ്രാപിക്കുന്ന സ്ത്രീകൾക്കൊക്കെയും ഉന്മാദമായി തീരുന്ന പുരുഷശരീരമാണ്.ഇംഗ്ലണ്ടിലെ കാപ്പിത്തോട്ടത്തിൽ ഡോക്ടറായ അച്ഛൻ, ഇംഗ്ലണ്ടിലെ തന്നെ അനിയത്തിമാർ, സിൻഡ്രെല്ല കഥകൾ ( യൂറോ അധിനിവേശ മൂല്യങ്ങൾ ), പ്രിൻസ്റ്റണിലെ കാമുകി, ആസ്ട്രോഫിസിക്സ് ഗവേഷണം (യു.എസ്.അധിനിവേശ മൂല്യങ്ങൾ ) പത്മ, രവി, യോഗിനി,ഉപനിഷത്ത്, ശിവരാമൻ നായരുടെ പാടത്തെ മാറുമറയ്ക്കാൻ അനുവദിക്കപ്പെടാത്ത സ്ത്രീകൾ ( ആഭ്യന്തരാധിനിവേശ മൂല്യങ്ങൾ ) എന്നിവരുടെ ചരക്കുവൽക്കരണമാണ് ഖസാക്കിന്റെ ആഖ്യാനത്തിൽ സംഭവിക്കുന്നത്. ബൈസെക്ഷ്വലായ നൈജാമലിയിലൂടെ സ്ത്രീപുരുഷ രതിക്കു പുറമെ സ്വവർഗ്ഗരതിയും ചരക്കുവൽക്കരിക്കപ്പെടുന്നു. ഫ്രോയിഡിന്റെ ഈഡിപ്പസ് കോംപ്ലക്സും അസ്തിത്വ ദുഃഖവും കൂടി ചരക്കുവൽക്കരിക്കപ്പെടുന്നതോടെ സ്ത്രീപുരുഷ സുരതത്തിന്റെ എപ്പിസോഡുകൾ കൊണ്ട് ആരാധനയായി തീരുന്ന നായകപുരുഷൻ അനേകം സ്ത്രീകളെ ഒരേസമയം രസിപ്പിക്കാൻ കഴിയുന്ന ഭഗവാന്റെ നവരൂപം കൂടിയായി തീരുന്നു.
ആത്മീയ ലൈംഗിക വൈദേശിക അധിനിവേശ മൂല്യങ്ങളെ ചരക്കുവൽക്കരിക്കുമ്പോൾ ഉണ്ടാകുന്ന ഈ വിവരവിഭവ സംയുക്തത്തിന് സാമ്പത്തിക രാഷ്ട്രീയ അധികാര ബലം കൊണ്ട് സ്ത്രീയെ വിലപേശി വശപ്പെടുത്തുന്ന ദുഷ്യന്തനേക്കാൾ ശന്തനുവിനേക്കാൾ അനേകമടങ്ങ് കുതിരശക്തിയുണ്ട്. വിവരസാങ്കേതിക വിദ്യാ പരിസരത്തിൽ തഴച്ചുവളരുന്ന പുരുഷ വിഷയാസക്തിയുടെ ഉപഭോക്താക്കളായ സ്ത്രീസമൂഹത്തിന്, എന്തുകൊണ്ട് അയാളുടെ ആസക്തിയുടെ അതിക്രമങ്ങൾ പീഡനമായി തീരുന്നില്ല എന്ന് ചിന്തിക്കുമ്പോഴാണ്, രാഷ്ട്രീയ സാമ്പത്തികാധികാരത്തിന്റെ സ്ഥാനത്ത് അതിനെ തള്ളിനീക്കിക്കൊണ്ട് വിവരവിഭവം പ്രത്യക്ഷപ്പെടുന്നു എന്ന ഗായത്രിയുടെ നിരീക്ഷണം.ദെറീദിയൻ ആശയക്കുഴപ്പ കളരിയിൽ അങ്കച്ചുവടുറപ്പിച്ച ഉണ്ണിയാർച്ച ലോകബാങ്കിന്റെ വിവരവിജ്ഞാന സ്ഫോടന സിദ്ധാന്തത്തെ കൊത്തിപ്പെറുക്കുമ്പോൾ അതിന്റെ രാഷ്ട്രീയത്തെപ്പറ്റിയോ ദെറീദയുടെ അസാന്നിധ്യത്തിന്റെ അതിഭൗതികതയിൽ അടങ്ങിയിരിക്കുന്ന രാഷ്ട്രീയത്തെപ്പറ്റിയോ ബോധവതിയാണ് എന്നതിന്റെ യാതൊരു യുക്തിലക്ഷണവും അവരുടെ രചനകളിൽ ഇല്ല എന്നത് കൃത്യമായ ഒരു വസ്തുതയാണ്.

പുരുഷ വിഷയാസക്തിക്ക് സ്ത്രീ കീഴടങ്ങുന്നത് രാഷ്ട്രീയ അധികാര വിലപേശൽ നടത്തിക്കൊണ്ടാണെന്ന് ശകുന്തളോപാഖ്യാനവും ദാശ യുവതിയുടെ കഥയും വ്യക്തമാക്കുന്നുണ്ട്. പിന്നീട് സ്ത്രീ-പുരുഷ ബന്ധം വിലപേശലുകൾ ഇല്ലാത്ത വിഷയാസക്തിക്കും അപ്പുറത്തുള്ള വൈകാരിക മണ്ഡലത്തിൽ ഉദ്ഗ്രഥിക്കപ്പെടുന്നുണ്ട്. എന്നിരിക്കിലും ഭൗതിക സമ്പത്തിന്റെ കൊടുക്കൽ വാങ്ങലുകളുമായി സ്ത്രീ-പുരുഷ ലൈംഗികത പ്രത്യക്ഷമായോ പരോക്ഷമായോ നിബന്ധിക്കപ്പെട്ടിരിക്കുന്നു.
പണമുതലാളിത്തത്തിന്റെ കാലത്ത് സ്ത്രീ ലൈംഗികത പാദാർത്ഥിക ഉൽപ്പന്നങ്ങളെ ചരക്കുവൽക്കരിക്കുന്നതിന് ഉൽപ്പന്നങ്ങളിൽ അരച്ചു ചേർക്കപ്പെടുകയും, സ്ത്രീയുടെ ശരീരം വിറ്റു ഉപജീവനം കഴിക്കാൻ നിർബന്ധിതരായ സ്ത്രീകളും പണമുതലാളിത്ത അധികാരവ്യവസ്ഥയുടെ പടവുകൾ കയറുന്നതിന് സ്ത്രീശരീരം ഉപയോഗിക്കുന്ന സ്ത്രീകളും ഉണ്ടായി വരികയും ചെയ്തു. ഇവിടെയെല്ലാം ഭൗതിക സമ്പത്തിനെ മുന്നിർത്തിയുള്ള ഉടമ്പടികൾ സ്ത്രീ-പുരുഷ ബന്ധത്തെ നിർവ്വചിച്ചിരുന്നു.

എന്നാൽ ഭൗതിക സാമ്പത്തിക പാദാർത്ഥിക യാഥാർത്ഥ്യത്തെ തിരസ്കരിക്കുന്ന (ഒറിജിനൽ ഇല്ലാത്ത) പുരുഷ വിഷയാസക്തിയുടെ ആവിഷ്കാരം ചരിത്രത്തിൽ രൂപപ്പെടുന്നുണ്ട്. ഒരായിരം സ്ത്രീകളുമായി ലൈംഗികാനുഭവം പങ്കുവയ്ക്കുന്ന പുരുഷൻ ഭൗതിക പാദാർത്ഥിക നിബന്ധനകളെയും സംഭവ്യതയുടെ നിയമങ്ങളെയും മറികടക്കുന്ന ഉത്തരാധുനിക പണ്ഡിത സങ്കൽപ്പത്തിലെ പ്രതിയാഥാർത്ഥ്യതുല്യമായ അതിമാനുഷരൂപമാണ്.
വിവാഹപൂർവ്വരതിയോ ദാമ്പത്യേതരരതിയോ കുറ്റമാണെന്നൊരു ബോധം ഈ അതിമാനുഷ രൂപവുമായി രമിക്കുന്ന സ്ത്രീകളിൽ പ്രചരിച്ചിരുന്നതായി എവിടെയും പറയുന്നില്ല. ഇങ്ങനെ പുരുഷ വിഷയാസക്തിയുടെ അതിമാനുഷ രൂപവുമായി രമിക്കുന്നത് ഇന്നത്തെ കമ്പോള പ്രപഞ്ചത്തിൽ തങ്ങൾക്ക് വാങ്ങൽ ശേഷിയുടെ പരിമിതി കൊണ്ട് അപ്രാപ്യമായ ആഖ്യാനങ്ങളെ പ്രാപിക്കുന്നതിൽ പരമാനന്ദം അനുഭവിക്കുന്ന ഉപഭോക്താവിന്റെ കമ്പോള ക്രീഡയ്ക്ക് തുല്യമായ അനുഭവമാണ്.ഇവിടെ അതിമാനുഷനായ പുരുഷനുമൊത്തുള്ള ക്രീഡയ്ക്ക് മുൻപ് സ്ത്രീ വിലപേശൽ നടത്താൻ തയ്യാറാവുന്നില്ല. എന്തെന്നാൽ പുരുഷ ലൈംഗികത പാദാർത്ഥിക വിമുക്തമായ ഒരു പ്രത്യയശാസ്ത്ര ആഖ്യാനമാണ്. ദാമ്പത്യേതര രതിയുടെയും വിവാഹപൂർവ്വ രതിയുടെയും വിലക്കുകളില്ലാത്ത സ്ത്രീകളുടെ ഒരു ഉപഭോക്തൃ സമൂഹമാണ് ഇവിടെ ഉപഭോഗലീലയിൽ ഏർപ്പെടുന്നത്.

എസ്.സുധീഷ്

0 0 votes
Rating
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x