
എസ്സ്.സുധീഷ്
Published: 10 May 2025 സംസ്‌കാരപഠനം
ഡേറ്റ ദൈവമാണ്
ഉത്തരാധുനികതയുടെ ഡിജിറ്റല്‍ മുതലാളിത്തയുക്തികള്‍
ഭാഗം-1

(രണ്ടായിരങ്ങളില്‍ എഴുതിയ ദീര്‍ഘമായ പഠനത്തിന്റെ ആദ്യഭാഗം -എഡിറ്റര്‍)
ഘടനാവാദ-ഘടനവാദാനന്തര സൗന്ദര്യതത്ത്വചിന്ത മാര്‍ക്‌സിന്റെയും ഫ്രോയിഡിന്റെയും ഭൗതികവാദസങ്കല്‍പ്പങ്ങളെ അതിരുകടന്ന് ആശ്രയിക്കുകയും അതിന്റെ പേരില്‍ ഒരു വിഭാഗം മാര്‍ക്‌സിസ്റ്റ് ഭൗതികവാദചിന്തകരെ സന്തോഷിപ്പിക്കുകയും ചെയ്യുന്നുണ്ട്.എന്നാല്‍ ഭൗതികവാദപരമായ അടിത്തറയില്‍ നിന്ന് ഉല്‍പ്പന്നമാകുന്ന ആശയവാദമണ്ഡലത്തിന്റെ അധികാരശക്തി സമര്‍ത്ഥിക്കാനും ആശയമാണ് മേധയാണ്(hegemony)യാണ് ഭൗതികസാമഗ്രികളെക്കാള്‍ ആധിപത്യനിര്‍മ്മിതിക്കും യാഥാസ്ഥിതികതയ്ക്കും പ്രയോജനപ്പെടുന്നത് എന്നു സ്ഥാപിക്കുവാനും അങ്ങനെ ആശയത്തിന്റെ അധികാരകോയ്മ അലംഘനീയമാണെന്ന് സ്ഥാപിക്കാനും ആണ് അവര്‍ ശ്രമിക്കുന്നത്. ഘടനാ വാദത്തിലോ ഘടനാവാദാനന്തര ഉത്തരാധുനികതാവാദത്തിലോ അപനിര്‍മ്മിതിവാദത്തിലോ നവചരിത്രവാദത്തിലോ അത്യന്തതീവ്രസ്ത്രീവാദത്തിലോ പരിസ്ഥിതിവാദത്തിലോ പ്രവേശിക്കുന്നവര്‍ക്ക് അതിഭൗതികം എന്ന് വിശേഷിപ്പിക്കാവുന്ന ആശയക്കുഴപ്പവ്യവഹാരങ്ങളുടെ കണ്‍കെട്ടുകള്‍ ആസ്വദിക്കുവാന്‍ കഴിയുന്നുവെങ്കിലും അവിടെ അരങ്ങുവാഴുന്ന പ്രൗഢസംപ്രത്യയക്കസര്‍ത്തുകള്‍ പ്രാചീന ആശയവാദത്തിന്റെ വാഴയിലയിലാണ് കിടത്തിയിരിക്കുന്നത് എന്നു കാണുവാന്‍ കഴിയും. ഉന്നതകലയും നിമ്‌ന കലയും എന്ന വേര്‍തിരിവില്ല എന്നും സമര്‍ത്ഥിക്കേണ്ടത് മാര്‍ക്കറ്റ് എക്‌സ്പാന്‍ഷനിസ്റ്റു രാഷ്ട്രീയത്തിന്റെ താല്പര്യം ആയതുകൊണ്ട് ദൈവത്തിന്റെയും ആത്മീയതയുടെയും മുന്നോക്കസ്ഥാനങ്ങളില്‍ നരവംശശാസ്ത്രവും പെണ്ണുടലിന്റെ ലിപിയും പരിസ്ഥിതിയും ഗുസ്തിയും ഇടിക്കൂട്ടും ഫ്രോക്കും ദാവണിയും പാവാടയും ഭ്രാന്തും കുറ്റകൃത്യവും അധികാരവ്യവസ്ഥയും പൗരസമൂഹസ്ഥാപനങ്ങളും പോലീസും പട്ടാളവും പ്രതിഷ്ഠിക്കപ്പെടുന്നു. സാമൂഹ്യ തന്മാത്രാ (ethnic ) ബദ്ധമായ തത്ത്വവിചാരശാഠ്യത്തില്‍ വംശവും ഗോത്രവും ഭാഷയും പ്രദേശവും ജാതിയും മതവിഭാഗീയതയും എല്ലാം അനന്യതയുടെ, ഐഡന്റിറ്റിയുടെ നിര്‍വ്വചന മാനദണ്ഡങ്ങളായിത്തീരുന്നു. വിപണിയില്‍ പ്രസാധനം ചെയ്യുന്ന ഉല്‍പ്പന്നങ്ങളുടെ മെഗാ അഡ്വര്‍ടൈസിംഗ് പദ്ധതിയില്‍ പെണ്ണുടലിനൊപ്പം അരച്ചു ചേര്‍ക്കപ്പെടുന്ന വംശീയഓര്‍മ്മയുടെ രാസത്വരഗങ്ങളായി ആത്മീയതയും ദൈവവും സമര്‍ത്ഥമായി ഉപയോഗിക്കപ്പെടുന്ന സ്ഥിതിവിശേഷമുണ്ടായി വരുന്നു.ആധുനിക കമ്പോച്ചരക്കുകള്‍ക്കുള്ളില്‍ പ്രാചീന മേധാസാന്നിധ്യങ്ങളായ ആത്മീയജ്ഞാനിമങ്ങളെ നിക്ഷേപിച്ച് ഉപഭോഗത്തെ വിശ്വാസ-സുരതാനുഭവമാക്കിത്തീര്‍ക്കാന്‍ വിപണിക്ക് കഴിയുന്നു. അതേസമയം മത-ജാതി-വംശീയതയുടെ സംത്രാസത്തില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ഭീകരവാദ-നരഹത്യാ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മതനിരപേക്ഷനാഗരികതയുടെ യുക്തിബന്ധങ്ങളെ തകര്‍ക്കാനും ആധുനിക മുതലാളിത്തത്തിന് കഴിയുന്നു. ലൈംഗികതയും ആത്മീയമെന്ന പേരില്‍ ശ്രേഷ്ഠവല്‍ക്കരിക്കപ്പെട്ട മതവംശീയ സംത്രാസവും മാനവികനാഗരികതയുടെ യുക്തിഘടനയെ തകര്‍ക്കുന്നതിന് പ്രയോജനപ്പെടുന്ന ഏറ്റവും മൂര്‍ച്ചയുള്ള രണ്ട് ആയുധങ്ങളാണ്. ആധുനിക കമ്പോളമുതലാളിത്തത്തിന്റെ മുഖ്യശത്രു ആവശ്യത്തിന്റെ യുക്തിനിയമമാണ്.പൊതുസമൂഹത്തിന് ഗുണം ചെയ്യാത്ത ചരക്കുകള്‍, വിറ്റഴിക്കാന്‍ പറ്റിയ ഉപഭോഗ വികാര വൈവശം സൃഷ്ടിക്കുന്നതിന്,മനുഷ്യന്റെ സാമാന്യ ബുദ്ധിയെയും തകര്‍ക്കുന്ന ചില പ്രയോഗങ്ങള്‍ കമ്പോളത്തിന് ആവശ്യമായി വരുന്നു. കമ്പോളച്ചരക്കുകളില്‍ അരച്ചു ചേര്‍ക്കപ്പെടുന്ന സെക്‌സും ആത്മീയജ്ഞാനിമങ്ങളും മാത്രമല്ല, പൊതുരാഷ്ട്രീയത്തില്‍ പ്രയോഗിക്കപ്പെടുന്ന മത-വംശീയ -പ്രാദേശിക (ethnic) യുദ്ധമുറകളും യുക്തി ഘടനയെ നശീകരിക്കുന്നതിന് പ്രയോജനപ്പെടുന്നു.
ഇന്ന് ഇന്ത്യന്‍ സര്‍വകലാശാലകളിലും പണ്ഡിത സദസ്സുകളിലും എല്ലാം പൂജിക്കപ്പെടുന്ന തത്വസംഹിതകള്‍ ആണ് തീവ്രസ്ത്രീ മൗലികവാദവും ( ഫ്രഞ്ച് -യുഎസ് സ്ത്രീവാദം) അധിനിവേശാനന്തര വാദവും.സ്ത്രീമൗലികവാദം പ്രാചീനകാലസ്വവര്‍ഗ്ഗലൈംഗികതയുടെ പരിമിതിയെ പുനരുദ്ധരിച്ച് സ്ത്രീസ്വാതന്ത്ര്യത്തിന്റെ അടയാളമായി ഉയര്‍ത്തിപ്പിടിക്കുകയും പുരുഷസ്വവര്‍ഗ്ഗരതിയുടെ പുനരുദ്ധാരണത്തിന് അഖണ്ഡമായ പിന്തുണ പ്രഖ്യാപിക്കുകയും എന്നാല്‍ പുരുഷമേധാവിത്വവിരുദ്ധത എന്ന സര്‍വ്വരോഗസംഹാരിയുടെ മഹിമ സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഫീമെയില്‍ ഷോവനിസമെന്നു വ്യവഹരിക്കാവുന്ന സ്ത്രീമൗലികവാദത്തില്‍ നിലയുറപ്പിച്ചുകൊണ്ട് സൂര്യനെല്ലിയിലെ വിവാദനായകന്‍ എന്ന ദൃശ്യ അച്ചടിമാധ്യമ കഥാപാത്രത്തിന് എതിരെ അതിനിശിതമായ ആക്രമണം അഴിച്ചുവിടുന്ന ഫെമിനിസ്റ്റ് കലാകാരികള്‍ സൂര്യനെല്ലിയിലെ പുരുഷസ്വരൂപത്തെ പോലെ തന്നെ ഒരു പ്രതി -യാഥാര്‍ത്ഥ്യ രൂപമായ ഖസാക്കിന്റെ ഇതിഹാസത്തിലെ രവി നിര്‍വഹിക്കുന്ന സ്ത്രീവിരുദ്ധ മെയില്‍ഷോവനിസ്റ്റ് താണ്ഡവത്തിനെതിരെ ഒരക്ഷരവും ഇന്നിതുവരെയും ഉരിയാടിയിട്ടില്ല. പുസ്തകജീവിതത്തില്‍ ഇറക്കുമതി ചെയ്യപ്പെടുന്ന ആശയസംഹിതകളില്‍ അഭിരമിക്കുന്നവര്‍ക്ക് ആശയം ഉള്ളില്‍ തട്ടുന്ന അനുഭവമായി തീരുന്നില്ല എന്നതിന്റെ തെളിവാണ് ഈ ഫെമിനിസ്റ്റ് ഇരട്ടത്താപ്പ് നയം.
ലോ ആര്‍ക്കും ഹൈ ആര്ട്ടും തമ്മില്‍ വേര്‍തിരിവില്ല എന്ന് പറഞ്ഞു വയ്ക്കുന്ന ഉത്തരാധുനികതാവാദത്തിന്റെ കാമ്പോളിക പരിപ്രേഷ്യത്തില്‍ ഒരു മാധ്യമകഥയോ പരസ്യമോ മാധ്യമകഥാപാത്രമോ സാഹിത്യകൃതിയിലെ കഥാപാത്രത്തിന് ഒട്ടും താഴെയല്ല. അങ്ങനെ വരുമ്പോള്‍ ഒരു മാധ്യമകഥാപാത്രമായ സൂര്യനെല്ലിയിലെ പുരുഷനും സാഹിത്യകഥാ പുരുഷനായ രവിയും സൂര്യനെല്ലിയും ഖസാക്കും ആധുനികജീവിതത്തിലെ മാന്ത്രികാംശമുള്ള മിത്തുകള്‍ ആണ്. എന്നാല്‍ സൂര്യനെല്ലിയിലെ കഥാപാത്രമായ രാഷ്ട്രീയസ്വത്വത്തിന്റെ നേര്‍ക്ക് (ഇവിടെ കഥാപാത്രത്തിന് ഒറിജിനല്‍ ഇല്ല എന്ന ബോദ്രിലാദിന്റെ വാദം അംഗീകരിക്കുമ്പോള്‍ തന്നെ അങ്ങനെയൊരു ‘ഒറിജിനലി’നെ മുന്‍നിര്‍ത്തിയാണ് സൂര്യനെല്ലിയിലെ മാധ്യമകഥാപാത്രം മെനഞ്ഞെടുക്കപ്പെട്ടതെന്ന വസ്തുത മറന്നുകൂടാ.) ചന്ദ്രഹാസമിളക്കി വന്ന സ്ത്രീപീഡനസദാചാരവാദികള്‍ രവി എന്ന പ്രതിയാഥാര്‍ത്ഥ്യരൂപത്തെ അതിപ്രണയത്തോടെ അവരുടെ സ്വപ്നശയ്യകളില്‍ മുത്തമിട്ടുകിടത്തിയത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്.കാമ്പോളിക പ്രതിയാഥാര്‍ത്ഥ്യകല്പനകളില്‍, ആറുവയസ്സുകാരി മുതല്‍ അറുപതുകാരിയെ വരെ പുരുഷലൈംഗികതയുടെ മാന്ത്രികവീര്യം കൊണ്ട് അസ്തപ്രജ്ഞരാക്കുന്ന യുവപണ്ഡിതന്‍ ഒരു സ്ത്രീയെയും പീഡിപ്പിക്കുന്നതായി കമ്പോളദൈവം അഭിപ്രായപ്പെടുന്നില്ല. ഖസാക്കിലെ പുരുഷന്റെ സ്വീകാര്യതയും സൂര്യനെല്ലിയിലെപുരുഷന്റെ അസ്വീകാര്യതയും കമ്പോളത്തിന്റെ ധാര്‍മികസദാചാരവിധികളില്‍ നിന്ന് രൂപപ്പെടുന്നതാണ്.രാഷ്ട്രീയപ്രവര്‍ത്തകനോ മന്ത്രിയോ ആയ ഒരാള്‍ സ്റ്റേറ്റിന്റെ പ്രതിനിധിയാണ്; അരാഷ്ട്രീയ പക്ഷത്ത് നില ഉറപ്പിക്കുന്ന ആളല്ല. കമ്പോളത്തെ സംബന്ധിച്ചിടത്തോളം മാര്‍ക്കറ്റ് എക്‌സ്പാന്‍ഷന്‍ എന്ന ധനകാര്യഅധിനിവേശപ്രക്രിയയുടെ മുഖ്യശത്രു രാഷ്ട്രം (State) ആണ്. കമ്പോളസാമ്രാജ്യത്വ വ്യാപനത്തിന് തടസ്സം നില്‍ക്കുന്ന ഇറക്കുമതിനിയന്ത്രണങ്ങളും മറ്റു നിയമാവലികളും ആധുനിക ദേശരാഷ്ട്രത്തിന്റെ രക്ഷാനിയമങ്ങളാണ്. ലോകവ്യാപാരസംഘടനയും ഗാട്ട് കരാറുമെല്ലാം ഈ നിയമാവലികളെ പൊളിച്ചിറക്കി; കമ്പോളത്തിന് ദേശരാഷ്ട്രഅതിര്‍ത്തികള്‍ മറികടന്ന് വിപണനസ്ഥലം വെട്ടിപ്പിടിക്കാന്‍ വേണ്ടി ഉണ്ടാക്കിയിട്ടുള്ളതാണ്. കമ്പോളവികസനപദ്ധതികളുടെ ശത്രുപക്ഷത്തു നില്‍ക്കുന്ന രാഷ്ട്രീയ അധികാരത്തിന്റെ പ്രതിനിധികളെ തകര്‍ക്കുന്നതിന് – അതു ഒരു ബില്‍ ക്ലിന്റന്‍ ആയാല്‍ പോലും – സ്ത്രീയെ ഉപയോഗിക്കുക എന്നതും അതേ സ്ത്രീയെക്കൊണ്ടു തന്നെ പുത്തന്‍ കമ്പോള ധര്‍മ്മതന്ത്രത്തിന്റെ അരാഷ്ട്രീയ പുരുഷലൈംഗിക വീര്യത്തെ ഉദാത്തീകരിക്കുക എന്നതും കമ്പോള മുതലാളിത്തത്തിന്റെ ‘രാഷ്ട്രീയ ‘അടവുമുറയാണ്.
ആധുനികോത്തരസൗന്ദര്യ ശാസ്ത്രതത്ത്വകാരന്മാര്‍
ഉയര്‍ത്തിക്കൊണ്ടുവന്ന രണ്ട് പ്രധാനവാദങ്ങളുടെ പരിസരത്തുനിന്നാണ് ഒരു മാധ്യമകഥാപാത്രത്തെയും സാഹിത്യകഥാപാത്രത്തെയും താരതമ്യംചെയ്തുകൊണ്ട് ഇത്തരത്തില്‍ ഒരു വിശകലനത്തിന് സാധ്യത ഉണ്ടായി വന്നത്. കാമ്പോളികമുതലാളിത്തം ആയിരത്തിത്തൊള്ളായിരത്തിയെഴുപതുകളില്‍ നിറംപടിപ്പിച്ചു കൊണ്ടുവന്ന ലൈംഗികനൈതികരസാ ഭിചേഷ്ട (Sexual ethos) യുടെ സ്പടികനിര്‍മലമായ വാറ്റുചാരായമാണ് ഖസാക്കിന്റെ ഇതിഹാസത്തിലെ രവി.അതേ നൈതികരസാഭിചേഷ്ടയുടെ ലക്ഷണമൊത്ത എടുക്കാചരക്കാണ്, വിഷമദ്യമാണ് മാധ്യമസൃഷ്ടിയായ സൂര്യനെല്ലിയിലെ ഇതിഹാസപുരുഷന്‍. ഇരുവരും ഒരേ ലൈംഗിക സമ്മര്‍ദ്ദപ്പാടുകളുടെ ഇരകളാണ് എങ്കിലും അതിലൈംഗികതയുടെ ആറാമിന്ദ്രിയ സമ്മര്‍ദ്ദം കൊണ്ട് ധന്യനായ ഖസാക്കിലെ വീരപുരുഷന്‍ ചരിത്രത്തില്‍ ഉടനീളം ശ്ലാഖിക്കപ്പെടുകയും അതേസമ്മര്‍ദ്ദത്തിനു കീഴ്‌പ്പെട്ടു വെന്ന കുറ്റത്തിന് മാധ്യമനായകപുരുഷന്‍ അയാളുടെ ജീവിതത്തില്‍ ഉടനീളം ഭര്‍ത്സിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തു.ഈ നിന്ദനവും അഭിനന്ദനവും ഒരേ നാണയത്തിന്റെ ഇരുപുറങ്ങളാണ്. ഇവരെ താരതമ്യത്തിന് വിധേയരാക്കാന്‍ പ്രേരിപ്പിക്കുന്നതാത്ത്വികനിലപാടുകള്‍ പരിശോധിക്കാം:
(1) ഹൈ ആര്‍ട്ട് – ലോ ആര്‍ട്ട് എന്ന വേര്‍തിരിവില്ല എന്ന ഉത്തരാധുനിക സിദ്ധാന്തം.
ആധുനിക യുഗത്തിലെ ഏറ്റവും ശക്തമായ കല പരസ്യകലയാണ് എന്ന വാദം. ഒരു പരസ്യകലാകൃതിക്ക് നിങ്ങള്‍ കാണുന്ന ഒരു ചലച്ചിത്രത്തെക്കാള്‍, നാടകത്തെക്കാള്‍, വായിക്കുന്ന കാവ്യത്തെക്കാള്‍ മൂല്യമുണ്ടാകും. മാധ്യമം നിങ്ങളുടെ ജീവിതത്തെ നിര്‍ണ്ണയിക്കുകയും നിര്‍വചിക്കുകയും ചെയ്യുന്ന ഒരു ഇടപെടലായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍, കലയെ നിര്‍വചിക്കുകയും തിരുത്തി മറിക്കുകയും ചെയ്യുന്ന ഒരു പ്രക്രിയയാണ് മാധ്യമം എന്ന് വരുന്നു. ആ സ്ഥിതിക്ക് മലയാള മാധ്യമ സ്ഥാപനം കഴിഞ്ഞ ദശകത്തില്‍ വെളിച്ചപ്പെടുത്തിയ മുഖ്യകലാരചനകളിലൊന്നായി സൂര്യനെല്ലിയെ കണക്കാക്കാം. സ്ത്രീപീഡനകേന്ദ്രീകൃതമായ ഒരു കലാപ്രവര്‍ത്തനമാണ് മാധ്യമസ്ഥാപനം പ്രധാനമായും നടത്തിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് പീഡനത്തിനിരയായി മരിച്ച സൗമ്യയുടെയും ഡല്‍ഹിയിലെ പെണ്‍കുട്ടിയുടെയും മൃതശരീരത്തിനൊപ്പം നിര്‍ത്തിയാണ് ഖസാക്കിലെ വീരനായകന്റെ ആത്മീയഅസ്വസ്ഥതകള്‍ വിലയിരുത്തപ്പെടേണ്ടത്.
(2) യാഥാര്‍ത്ഥ്യത്തെ സംബന്ധിച്ച് ആധുനികോത്തരതാത്വികന്മാര്‍ നല്‍കുന്ന വിശദീകരണം:യാഥാര്‍ത്ഥ്യം എന്നത് ഭൗതിക- പാദാര്‍ത്ഥികമണ്ഡലത്തില്‍ സംഭവിക്കുന്നത് എന്താണോ അതല്ല മറിച്ചതിന്റെ ആഖ്യാനമാണ്.ഉദാഹരണത്തിന് ഗള്‍ഫ് യുദ്ധം എന്നത് അറബ് രാഷ്ട്രങ്ങള്‍ക്കുമേല്‍ യു.എസ്സ്.നടത്തിയ ആക്രമണമോ സംഹാരമോ അല്ല മറിച്ച് മാധ്യമങ്ങള്‍ അതിനെ സംബന്ധിച്ച് നല്‍കുന്ന ആഖ്യാനമാണ്. വാള്‍ട്ട് ഡിസ്‌നിയുടെ ഡിസ്റ്റിലാന്റ്, ഈ അര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമാണ്. ഇതിനെ ആധുനികോത്തരതത്വ കാര്യം വിചാരിപ്പുകാര്‍ വെര്‍ച്വല്‍ റിയിലാറ്റി(പ്രതി യാഥാര്‍ത്ഥ്യം) എന്നു വിളിക്കുന്നു. പ്രതി യാഥാര്‍ത്ഥ്യത്തിനാധാരമായി ഒരു സംഭവം ഉണ്ടാകാം.എന്നാല്‍ പ്രതി യാഥാര്‍ത്ഥ്യം ഉല്‍പ്പന്നമാവുന്നതോടെ ആധാരം (ഒറിജിനല്‍) ഇല്ല എന്നു വരുന്നു. അസംഗദമാവുന്നു.(ബോദ്രിലാദ്)
ഉന്നതകല -നിമ്‌നകല എന്ന വേര്‍തിരിവില്ല എന്നും കലേതരമായ പ്രസാധനങ്ങളില്‍ നിന്ന് വേര്‍തിരിയാതെ, സ്ഥലകലങ്ങളുടെ ഉല്‍പ്പന്നമായി നില്‍ക്കുന്നു എന്നും കേള്‍ക്കുമ്പോള്‍ യാഥാസ്ഥിതിക ശുദ്ധസൗന്ദര്യവാദത്തിന്റെയും ആത്മീയ കലാശ്രേഷ്ഠതയുടെയും വിശ്വാസപദ്ധതികള്‍ തള്ളിക്കളയുന്ന പുരോഗപരമായ ഒരു നിലപാടായി ഇത് തെറ്റിദ്ധരിക്കപ്പെടാം. വേര്‍ഡ്‌സ് വര്‍ത്ത് കാവ്യഭാഷയെയും കാവ്യപ്രമേയത്തെയും സംബന്ധിച്ച് ആവിഷ്‌കരിച്ച മാനവികവും അധ:സ്ഥിതവര്‍ഗ്ഗാഭിമുഖവുമായ സിദ്ധാന്തത്തില്‍ നിന്നാണ്, ‘ ധീരോദാത്തനതി പ്രതാപഗുണവാന്‍ ‘ എന്ന കല്പനയ്ക്ക് ചിത ഒരുങ്ങിയത്.കല ഉല്‍കൃഷ്ടവര്‍ഗ്ഗത്തിന്റെ ശ്രേഷ്ഠവും സങ്കീര്‍ണ്ണവുമായ വികാര-വിചാരപ്പെരുമകളുടെ ആഖ്യാനമാവണം എന്ന ഉത്കൃഷ്ട കലാവാദതത്ത്വത്തെയാണ് വേര്‍ഡ്‌സ് വര്‍ത്ത് കലാരചനയുടെ പടി കടത്തിവിട്ടത്. നിസ്സാരമായ ഒരു പൂവ് ജീവിതത്തിന്റെ സങ്കീര്‍ണ്ണ ദുഃഖങ്ങളുടെ ആഖ്യാനപ്രേരണയാവുമെന്ന് വേര്‍ഡ്‌സ് വര്‍ത്ത് പറഞ്ഞു. കുളയട്ടപിടുത്തക്കാരനും ,കൊയ്ത്തുകാരിപ്പെണ്ണും ചുണ്ടനക്കുമ്പോള്‍ പുറപ്പെടുന്നത് വിശിഷ്ട കവിതയാണെന്ന് അദ്ദേഹം സമര്‍ത്ഥിച്ചു. അഭിജാതകലാസിദ്ധാന്തത്തെ ഇങ്ങനെ തള്ളിക്കളയുന്നിടത്ത് ഉന്നതകലയും നിമ്‌നകലയും തമ്മിലുള്ള വേര്‍തിരിവിന്റെ വര്‍ഗ്ഗപരമായ വിവേചനാടിസ്ഥാനത്തെയാണ് അദ്ദേഹം തള്ളിക്കളഞ്ഞത്. മാത്രവുമല്ല കീഴാളസമൂഹത്തിന്റെ ഹൃദയത്തിലാണ് യഥാര്‍ത്ഥകവിതയുടെ ഭാഷ വസിക്കുന്നത് എന്നുകൂടി അദ്ദേഹം പറഞ്ഞു വെച്ചു. എന്നാല്‍ ആധുനികോത്തരവിചാരതസ്‌കരന്മാര്‍ ഉന്നതകലയും നിമ്‌നകലയും തമ്മിലുള്ള വേര്‍തിരിവിനെ നിരസിക്കുന്നത്, വര്‍ഗ്ഗപരമായ വിവേചനത്തിന്റെ തിരസ്‌കാരം എന്ന നിലയില്‍ അല്ല. എവിടെയാണ് ജീവിതദുഃഖത്തിന്റെ സാന്നിധ്യം അവിടെയാണ് കവിതയുടെ സമ്മര്‍ദ്ദതാളം രൂപപ്പെടുന്നത് എന്ന മാനവികവീക്ഷണത്തിന്റെ നിലപാടില്‍ നിന്നു കൊണ്ടല്ല. ഉച്ചനീചത്വവേര്‍തിരിവുകള്‍ ഇല്ലാത്ത ഒരു കമ്പോളത്തിന്, അത്തരം വേര്‍തിരിവിന്റെ പേരില്‍ ആര്‍ക്കും കമ്പോളങ്ങളിലേക്ക് പ്രവേശന നിഷേധിക്കാനാവില്ല. പക്ഷേ കമ്പോളത്തില്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത് ജീവിതദുഃഖത്തിന്റെ ഹേതുക്കളെ സംബന്ധിച്ച അന്വേഷണമല്ല. നിങ്ങളുടെ ഇന്ദ്രിയങ്ങളെ പ്രസാദിപ്പിക്കുന്ന വസ്തുക്കളുടെ പ്രദര്‍ശനമാണ്. അവിടെ കാണപ്പെടുന്ന വാഗ്ദത്ത വസ്തുക്കള്‍ക്കിടയില്‍ ഉന്നതമെന്നും നിമ്‌നമെന്നുമുള്ള വിവേചനങ്ങള്‍ ഇല്ല എന്ന് മാത്രമല്ല ഒരു തെരഞ്ഞെടുപ്പിന്റെ പീടികയില്‍ പ്രവേശിച്ച് നിങ്ങള്‍ക്ക് ഇഷ്ടമുള്ള തലയില്‍ മുദ്ര പതിപ്പിച്ച് നിങ്ങള്‍ നിങ്ങളുടെ ഭരണാധികാരിയെ തിരഞ്ഞെടുക്കുന്നത് പോലെ നിങ്ങളുടെ ഇന്ദ്രിയങ്ങളെ പ്രസാദിപ്പിക്കുന്ന ഏത് വിഭ്രമത്തെയും തിരഞ്ഞെടുക്കുവാനുള്ള സൗകര്യം കമ്പോളം നിങ്ങള്‍ക്ക് നല്‍കുന്നുണ്ട്. കാമ്പോളികജനാധിപത്യത്തിന്റെ ഈ മണ്ഡലത്തില്‍ ഏത് നീചനാരിക്കും കയറി കൊക്കക്കോള കുടിക്കാം. കൈയില്‍ കാശുണ്ടാകണമെന്നു മാത്രം. അതു കുടുംബശ്രീ മുഖേന കിട്ടിയ സ്ത്രീശാക്തീകരണവായ്പയായാല്‍ അത്രയും നന്ന്. കലയില്‍ ഉന്നതമെന്നും നിമ്‌നമെന്നുമുള്ള വേര്‍തിരിവുകള്‍ ഇല്ല എന്നു മാത്രമല്ല, മനുഷ്യന്റെ നിര്‍വചനം എന്ന പ്രക്രിയ നിര്‍വഹിക്കുന്ന കലയും കലേതരപ്രവര്‍ത്തനവും തമ്മിലുള്ള വ്യത്യയങ്ങളും കാമ്പോളികമൂല്യസന്മാര്‍ഗ്ഗവ്യവസ്ഥയില്‍ ഇല്ലാതായിത്തീര്‍ന്നു.ഉപഭോക്താവും ഉപഭോഗവസ്തുവും തമ്മിലുള്ള ബന്ധത്തില്‍ വ്യാജ സന്മാര്‍ഗ്ഗമൂല്യങ്ങള്‍ വിളക്കി ചേര്‍ത്തുകൊണ്ട് ഉപഭോഗവസ്തുവിനെ ഒരു കാലാവസ്തുവാക്കി പ്രദര്‍ശിപ്പിക്കുവാന്‍ കമ്പോളത്തിന് കഴിയുന്നു. അതേസമയം ഉപരിവര്‍ഗ്ഗ അഭിരുചികളെ പ്രസാദിപ്പിക്കുക എന്നത് കമ്പോളത്തിന്റെ സാമാന്യ ധര്‍മ്മമാണ്. ഉപരിവര്‍ഗ്ഗതാല്‍പര്യങ്ങളെ സംരക്ഷിക്കുന്ന ഭാവുകത്വം പ്രസാധനം ചെയ്യുന്ന ഉപഭോഗകലാവസ്തു തീര്‍ച്ചയായും വിശിഷ്ടമായി കണക്കാക്കപ്പെടുന്നു. അവിടെ ഉപഭോക്താവിന് ധനകാര്യശേഷി അനുസരിച്ച് ഉപരിവര്‍ഗ്ഗാഭിമുഖമായ ഉപഭോഗ വസ്തുവിനെ കൈപ്പിടിയില്‍ ഒതുക്കാം. എല്ലാ ഉല്‍പ്പന്നങ്ങളും ചരക്കുവത്കരണം എന്ന ഉപരിവര്‍ഗ്ഗാഭിമുഖപ്രക്രിയയ്ക്ക് വിധേയമായതുകൊണ്ട് ഉന്നതകല-നിമ്‌നകല എന്ന വേര്‍തിരിവ് കമ്പോളത്തില്‍ ഇല്ല. ഈ ഒരു സാഹചര്യത്തിലാണ് യഥാര്‍ത്ഥ കലാപ്രവര്‍ത്തനം എന്നത് -പദാര്‍ത്ഥത്തില്‍ നിന്നും ഉല്‍പ്പന്നം ( വസ്തു )രൂപപ്പെടുത്തുന്ന പ്രവര്‍ത്തനമല്ല, ഉത്പന്നത്തെ ചരക്കു വത്കരിക്കുന്ന പ്രവര്‍ത്തനമാണെന്ന് കമ്പോളം കണ്ടെത്തുന്നത്. മനുഷ്യമനസ്സിനെ ബാധിക്കുന്ന ഏത് മൂര്‍ത്തബിംബത്തെയും,അമൂര്‍ത്തച്ഛായയെയും ചരക്കുവത്കരിക്കാന്‍ ആധുനികകമ്പോളത്തിന് കഴിയുന്നു.അതു ഗോത്രവര്‍ഗ്ഗപ്പെണ്ണിന്റെ ഉടലോ മോണിക്കാ ല്യുവന്‍സ്‌കിയുടെ സന്മാര്‍ഗഭ്രംശ വ്യാധികളോ ആവാം. രണ്ടിനും ചരക്കുവത്കരണ ക്രിയയില്‍ ഒരേ സ്ഥാനം നല്‍കുന്നതു കൊണ്ട് , കലയില്‍ ഉന്നതം, നിമ്‌നം എന്ന വേര്‍തിരിവ് ഇല്ല എന്ന് കമ്പോളവും അതിന്റെ തത്ത്വചിന്താവിദഗ്ധന്മാരും അഭിപ്രായപ്പെടുന്നു.
വേര്‍ഡ്‌സ് വര്‍ത്തും തുടര്‍ന്ന് റിയലിസ്റ്റ് സാഹിത്യവും കാവ്യനീതിയെ ചൂഷണവിരുദ്ധമായ മാനവിക നീതിയുടെ ഭാഗമായി കാണുവാന്‍ ശ്രമിച്ചു എന്നതുകൊണ്ടാണ് -ഉപരിവര്‍ഗ്ഗത്തിന്റെ അധികാരനീതിക്ക് വിരുദ്ധമായി കീഴാളപക്ഷന്യായവാദത്തിന്റെ നിലപാടില്‍ നിന്നുകൊണ്ട് സാഹിത്യത്തെ വ്യാഖ്യാനിക്കുവാന്‍ ശ്രമിച്ചത്.ഉപരിവര്‍ഗ്ഗം നിര്‍മ്മിച്ച ഉപരിവര്‍ഗ്ഗ ന്യായാഭിമുഖമായ സാഹിത്യത്തിന്റെ നിരാസം എന്ന നിലയിലാണ് ‘അഭിജാത’കലയുടെ അധികാരപ്രമാണങ്ങള്‍ നിഷേധിക്കപ്പെട്ടത്;കല മാനവികസമത്വനീതിയുടെ ആവിഷ്‌കാരമാണ്, ഉപരിവര്‍ഗ്ഗ കൗശലങ്ങളുടെ വിമലീകരണമല്ല എന്ന വാദം ഉയര്‍ന്നു വന്നത്. എന്നാല്‍ ഉത്തരാധുനിക കാമ്പോളികതത്ത്വചിന്തകന്മാര്‍ ഉന്നതകലയും നിമ്‌നകലയും എന്ന വേര്‍തിരിവിനെ തള്ളിക്കളയുമ്പോള്‍, എല്ലാം നദികളും ഉപരിവര്‍ഗ്ഗ ഭാവുകത്വത്തിന്റെ സമുദ്രത്തിലേക്ക് ഒഴുകുന്നു എന്ന നിലപാടാണ് സ്വീകരിച്ചത്. അമ്പത് ഗ്രാം തൂക്കമുള്ള സോപ്പ് കട്ടകൊണ്ട് നിങ്ങളുടെ ശരീരം ശുചീകരിക്കാം. ആ സോപ്പുകട്ടയ്ക്ക് സുഗന്ധവും നിറവും , അതില്‍ വിശ്വസുന്ദരിയുടെമേനി അഴകും അരച്ചു ചേര്‍ക്കപ്പെടുമ്പോള്‍ ആ സോപ്പു കട്ട ഉപരിവര്‍ഗ്ഗവത്കരിക്കപ്പെടുകയാണ്. അത് ഒരു ‘കാലാവസ്തു’വായി മാറുകയാണ്. അതിന്റെ ഉപയുക്തത (Utility) യ്ക്കുമതീതമായ ഉപരിവര്‍ഗ്ഗ ഭാവുകത്വപ്രസാധമായി അതു മാറുകയാണ്. എന്തിന് ദേഹശുദ്ധീകരണം എന്ന ആവശ്യത്തെ, ഉപരിവര്‍ഗ്ഗ ഭാവുകത്വപ്രസാദമാക്കി മാറ്റി;അതില്‍ വിശ്വസുന്ദരിയുടെ ഉടലിന്റെ സ്പര്‍ശം ആരോപിക്കുന്നു എന്നതാണ് ഇവിടുത്തെ ചോദ്യം. ഉപഭോക്താവില്‍ നിന്ന് വിലയിനത്തില്‍ പരമാവധി പണം പിടിച്ചെടുക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനമാണത് എന്നതാണ് അതിന്റെ ഉത്തരം. ഒരു പദാര്‍ത്ഥിക ഉല്‍പന്നത്തെ ‘ഉന്നതകലാവസ്തു’വാക്കി മാറ്റുന്ന വിശിഷ്ടകലാപ്രവര്‍ത്തനമാണ് അത് മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ ഒരു ഉല്‍പ്പന്ന (Product)ത്തെ ചരക്കുവത്കരിക്കുന്ന പ്രവര്‍ത്തനമാണത്.ഈ ചരക്കുവത്കരണം മുതലാളിത്തവിപണിയുടെ അസ്തിത്വത്തിന്റെ ആണിക്കല്ലാണ്. ചരക്കുവത്കരണം ഇല്ല എങ്കില്‍ വിപണിയില്ല. ഉല്‍പ്പന്നം എന്ന സംസ്‌കൃതവസ്തുവിനെ ചരക്കുവത്കരിക്കുക എന്നതാണ് വിപണി എന്ന കലാകാരന്റെ ദൗത്യം. ഇങ്ങനെ ഉത്പന്നങ്ങളെ ചരക്കു വത്കരിക്കുമ്പോള്‍ ഉപരിവര്‍ഗ്ഗസൗന്ദര്യശീലങ്ങളുടെ ആരാധ്യബോധത്തിലേക്ക് ജനസമൂഹത്തെ നയിക്കുക എന്ന കൃത്യമാണ്, കമ്പോളകലാകൃതി നിര്‍വഹിക്കുന്നത്. പീഡനത്തിനിരയായ ആദിവാസി പെണ്‍കുട്ടിയുടെ ശവശരീരത്തെയും എന്റോസല്‍ഫാന്‍ ഇരകളുടെ പീഡിതശരീരങ്ങളെയും മാര്‍ക്കറ്റ് ചെയ്യുന്ന മാധ്യമം എന്ന കലാകാരന്‍ /കലാകാരി ആ ശരീരങ്ങള്‍ പ്രക്ഷേപണം ചെയ്യുന്നതിന് മുന്നിലും പിന്നിലും മെച്ച ഗുണമാര്‍ന്നതും നവീനവുമായ സോപ്പുകട്ടയുടെ പ്രസാദാത്മകത തള്ളിക്കയറ്റുമ്പോള്‍, കാഴ്ചക്കാരന്‍ എന്ന ബുദ്ധൂസ് (പരസ്യത്തിലെ ബുദ്ധൂസായ ഭര്‍ത്താവ്)മനസ്സിലാക്കേണ്ടത് പെണ്ണഴക് സ്വയംഭൂവല്ല, അത് പെണ്ണുടലില്‍ അണിഞ്ഞിരിക്കുന്ന വസ്ത്രത്തെ സൗന്ദര്യവല്‍ക്കരിക്കുന്ന സോപ്പുകട്ടയുടെ അത്ഭുത പ്രവര്‍ത്തനമാണ് എന്നാണ്.ഭയവും കരുണവും മാര്‍ക്കറ്റ് ചെയ്യുന്നതിന് ആവശ്യമായ സംഭവങ്ങളെ ചരക്ക് വത്കൃത ഉല്‍പ്പന്നങ്ങളുടെ ഇടവും വലവും നിബന്ധിക്കുമ്പോള്‍ മാത്രമാണ് ചരക്കുവത്കരണം രസസിദ്ധാന്തത്തിന്റെ വിശിഷ്ട വൈരുധ്യാത്മക സമര്‍ത്ഥനമായിത്തീരുന്നത്. മരണമടഞ്ഞ ആദിവാസി ശിശുക്കള്‍ക്കും പീഡനത്തിന് ഇരയായ പെണ്‍കുട്ടികള്‍ക്കും ഒരു സ്വപ്നമുണ്ട്.കല്യാണ്‍ ജ്വല്ലറിയുടെ നാഗരിക പ്രൗഡിയാണ് മാധ്യമം അവരുടെ നിര്‍ദ്ദയമൃത്യുവിന്റെ നെറ്റിയില്‍ കത്തിച്ചുവയ്ക്കുന്ന സ്വപ്നം. ഉത്തരാധുനികസൗന്ദര്യമായാവാദത്തില്‍ ഹൈ ആര്‍ട്ടും ലോ ആര്‍ട്ടും ഇല്ല കാരണം,അത് വിപണി നെയ്‌തെടുക്കുന്ന വാഗ്ദത്ത ഭൂമിയിലേക്കുള്ള വിസ്മയപഥമാണ്. തീര്‍ച്ചയായും സൂര്യനെല്ലിയോ സോളാറോ എന്‍ഡോസള്‍ഫാനോ വിദഗ്ധമായി മാര്‍ക്കറ്റ് ചെയ്യപ്പെടുമ്പോള്‍, മാധ്യമങ്ങള്‍ക്ക് ലഭിക്കുന്ന റേറ്റിംഗ് എന്നത് ‘ഖസാക്കിന്റെ ഇതിഹാസ’ത്തിന്റെ റേറ്റിംഗിനൊപ്പം ബഹുമാനിക്കപ്പെടുന്നു. ഓരോ കാലഘട്ടത്തിലും ജീവിതത്തില്‍ നിന്നും കബളിപ്പിച്ചെടുക്കുന്ന ഒരു ഖണ്ഡത്തെ കലയാക്കി മാറ്റുന്നതിന് അതത് കാലത്തിന്റേതായ രചനാതന്ത്രങ്ങള്‍ ഉണ്ടായിരുന്നു. വിപണികേന്ദ്രീകൃത മുതലാളിത്തത്തിന്റെ കാലത്ത് കല ബിസിനസിന്റെ ഒരു സങ്കേതമായി മാറുകയും, കലാനിര്‍മ്മിതിയുടെ പൂര്‍ണ്ണമായ അധികാരം വിപണി പിടിച്ചെടുക്കുകയും ചെയ്തിരിക്കുന്നു. ഉല്‍പ്പന്നത്തെ ചരക്കായി പരിവര്‍ത്തിക്കുന്നതിന് പ്രയോഗിക്കുന്ന ധാര്‍മ്മികരസതന്ത്രത്തെയാണ് ആധുനിക കാലം കലാരചനാതന്ത്രമായി പരിഗണിക്കുന്നത്. അങ്ങനെയൊരു സന്ദര്‍ഭത്തില്‍ പത്മ ‘ഹൈ’യും കേശി ‘ലോ’യുമായിത്തീരുന്നില്ല. ചിറ്റമ്മ ‘ഹൈ’യും മൈമുന ‘ലോ’യുമായി തീരുന്നില്ല. എല്ലാ അള്ളാപ്പിച്ച മൊല്ലാക്കമാരെയും കാലിയാര്‍മാരെയും സുരതാനുഭമാര്‍ക്കറ്റിന്റെ മണ്ഡലത്തില്‍, കാപ്പിത്തോട്ടത്തിലെ ഡോക്ടറപ്പച്ഛനോടൊപ്പം ചായം തേച്ച് വില്പനയ്ക്ക് വയ്ക്കുമ്പോള്‍ ഖസാക്കിലെ കീട ജന്മങ്ങള്‍ക്ക് മാത്രമല്ല, ഇംഗ്ലണ്ടില്‍ പഠിച്ച പോസ്റ്റ് കൊളോണിയല്‍ അനിയത്തിമാര്‍ക്കും, പ്രിന്‍സ്റ്റണിലെ നിയോകൊളോണിയല്‍ കാമുകിക്കും മിച്ചമൂല്യ കുതിപ്പ് ഉണ്ടാവുകയും, വളരെ ഉയര്‍ന്ന റേറ്റിംഗോടെ അവര്‍ വിപണിക്ക് അലങ്കാരമായി തീരുകയും ചെയ്യുന്നു. എന്റോസല്‍ഫാന്‍ ചരക്കുവത്കരണത്തിനു ലഭിച്ച റേറ്റിംഗിനെ അതിശയിപ്പിക്കുന്ന റേറ്റിംഗ് ആണ് ഇതെങ്കിലും ചരക്കു വത്കരണത്തില്‍ ഹൈ/ ലോ എന്ന വിവേചനത്തിന് വലിയ പ്രസക്തിയില്ല. സൂര്യനെല്ലിയോ സോളാറോ ആകട്ടെ നമ്മുടെ മാധ്യമഫെമിനിസ്റ്റ് പെണ്‍പുലികളുടെ അത്യാഗ്രഹങ്ങളുടെ ഓര്‍മ്മയില്‍ ഒന്നുമിന്നുകയും അത്യാഗ്രഹങ്ങളെ ത്വരിപ്പിക്കുകയും ചെയ്യുന്ന നഭശ്ചരങ്ങളായി നിലനില്‍ക്കുകയും ചെയ്യുന്നു.
(തുടരും)

ഖമ്പാക്കിലെ രവി ഭാവനാസൃഷ്ടിയുടെ കേന്ദ്ര കഥാപാത്രമാണ്. എന്നാൽ സൂര്യനെല്ലിയിലെ പീഡനം അനുഭവ തീഷ്ണവും യാഥാർഥ്യവും അല്ലെ. തത്വചിന്താപരമായ താരതമ്യം നിർവാജ്യ മായി പോയി. തീർത്തു പറഞ്ഞാൽ വർണ്ണ നൂലിഴ ചേർത്ത കമ്പിളിയിൽ സൂര്യനെല്ലിയെയും കമ്പോള ഉൽപന്നമാക്കി
മാധ്യമസൃഷ്ടിയാണ് യാഥാർത്ഥ്യം എന്ന ഉത്തരാധുനികരുടെ വാദത്തിൻ്റെ അസംബന്ധത വെളിപ്പെടുത്താനാണ് ഈ താരതമ്യം എന്നു പറയുന്നുണ്ട്