
എസ്സ്.സുധീഷ്
Published: 10 July 2025 സംസ്‌കാരപഠനം
ഡേറ്റ ദൈവമാണ്
ഉത്തരാധുനികതയുടെ ഡിജിറ്റല്‍ മുതലാളിത്തയുക്തികള്‍
ഭാഗം-3
ചരക്കുവൽക്കരണവും അപമാനവീകരണവും
മനുഷ്യൻ പ്രകൃതിക്കുമേൽ പ്രതിപ്രവർത്തിച്ച് നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളിൽ നിന്ന് ഉൽപാദന ചെലവിന്റെ പലമടങ്ങ് മിച്ചമൂല്യമുണ്ടാക്കിയെടുക്കുന്നതിനുള്ള സങ്കേതം അല്ലെങ്കിൽ മാധ്യമമായ കമ്പോളം, ഉല്പന്നത്തിന്റെ എന്നല്ല മനുഷ്യൻ്റെ തന്നെ മൂല്യം നിർണയിക്കുന്ന സർവ്വാധികാരശക്തിയായിരിക്കുന്നു. ഇങ്ങനെ മൂല്യപ്പെരുമ സൃഷ്ടിച്ചു വമ്പിച്ച ലാഭം കൊയ്യുന്നതിന് മനുഷ്യ ചരിത്രത്തിലെ വിവിധ ഘട്ടങ്ങളിലെ ധർമ്മരസാഭിചേഷ്ഠ(Ethos)കളെ കമ്പോളം ഉപയോഗപ്പെടുത്തുന്നു. ചുരുക്കത്തിൽ മനുഷ്യൻ തന്നെ ധർമ്മനീതിമണ്ഡലത്തിൽ വയ്ക്കപ്പെടുന്ന ഒരു ചരക്കായി തീരുന്നു. വാർത്താ വിക്ഷേപണത്തിനുള്ള വിഭവവും ബിംബവുമായി മാറുന്നു.
മനുഷ്യന്റെ അപമാനവീകരണം എന്നത് ചരിത്രത്തിലെ പുതിയ കാര്യമല്ല. അടിമകളെ വസ്തുക്കളെ പോലെ വാങ്ങുകയും വിൽക്കുകയും കന്നുകാലികളെ പോലെ പണിയെടുപ്പിക്കുകയും പരമാവധി അധ്വാനം ഊറ്റിയെടുക്കുന്നതിന് വണ്ടിക്കാളകളെ പോലെ വന്ധ്യംകരിക്കുകയും ചെയ്ത ഒരു കാലമുണ്ടായിരുന്നു. ചാതുർവർണ്ണ്യധർമ്മ വിധിയിലും ചണ്ഡാലൻ കൃത്യമായും അപമാനതീകരിക്കപ്പെട്ടിരുന്നു. ഈ അപമാനവികൃതമായ അവസ്ഥയിൽ നിന്ന് അധോ മാനുഷികമോ (Sub- human) അതി മാനുഷികമോ (Super human)ആയ അവസ്ഥയിൽ നിന്ന് മാനവികമായ അവസ്ഥയിലേക്കുള്ള സഞ്ചാരപ്രസ്ഥാനത്തെയാണ് മാനവികതാപ്രസ്ഥാനം (humanism) എന്ന് വിശേഷിപ്പിക്കുന്നത്.എന്നാൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുക്കം എത്തുമ്പോൾ മാനവികാവസ്ഥയെ ലാഭാധിഷ്ഠിത വ്യാപാരത്തിന്റെ ആയുധങ്ങൾ കൊണ്ട് ഛിദ്രീകരിക്കുവാൻ കമ്പോളത്തിന് കഴിയുന്നു. അപമാനവികമായ ഒരു അവസ്ഥയിലേക്ക് ഒരു മടങ്ങിപോക്ക് അടിച്ചേൽപ്പിക്കപ്പെടുന്നു.
പ്രകൃതി വിഭവങ്ങളെയും പ്രകൃതിവിഭവങ്ങളിൽ നിന്ന് നിർമ്മിതമായ ഉൽപ്പന്നങ്ങളെയും ചരക്കു വത്കരണത്തിന് വിധേയമാക്കുന്ന ഒരു പ്രവർത്തനം മുതലാളിത്ത കമ്പോളത്തിന്റെ സവിശേഷതയായിരുന്നു. ഉൽപ്പന്നങ്ങളെ ഇങ്ങനെ ചരക്കുവത്കരിച്ച് അതിൻ്റെ മൂല്യപെരുമ ഊതിപ്പെരുക്കി വമ്പിച്ച ലാഭം വിലയുടെ രൂപത്തിൽ കൊയ്തെടുക്കുന്നതിന് പോയകാലത്തിൻ്റെ ആത്മീയധാർമിക മൂല്യങ്ങളെയും അധിനിവേശ മൂല്യങ്ങളെയും ഉപയോഗപ്പെടുത്തുന്നു എന്നതാണ് വ്യാവസായികാനന്തര മുതലാളിത്തത്തിൽ നിന്ന് രൂപപ്പെട്ട ധനകാര്യ- കാമ്പോളിക മുതലാളിത്തത്തിന്റെ സവിശേഷത.
ചരക്കു വത്കരണത്തിന്റെ ധാർമിക കൗശലങ്ങൾ:
വെള്ളം ഒരു പ്രകൃതി വിഭവമാണ്. പല പ്രകൃതിവിഭവങ്ങളും തനതുരൂപത്തിൽ വിൽക്കപ്പെടുമ്പോഴും അവ ചരക്കു വത്കരിക്കപ്പെടുന്നില്ല. മനുഷ്യാധ്വാനത്തിന്റെ നിർമ്മിതികളായ കാർഷിക വിഭവങ്ങൾ പലതും വിലയിടിഞ്ഞ് കമ്പോളത്തിൽ പ്രാന്തവത്കരിക്കപ്പെടുകയും അവ മിച്ചമൂല്യ പെരുമയുടെ സാമഗ്രികൾ അല്ലാതായി തീരുകയും ചെയ്യുമ്പോൾ മറുപക്ഷത്ത് ഒരു അവശ്യപ്രകൃതി വിഭവമായ ജലം കമ്പോളച്ചരക്കായി മാറുന്നു. കേരളത്തിലെ കായലുകൾ ബാരക്ക് ഒബാമയുടെ ശ്രദ്ധ പിടിച്ചുപറ്റാൻ കാരണം, ജലവിഭവ ചരക്കു വത്കരണം കമ്പോളത്തിനെ പ്രലോഭിപ്പിച്ച് കഴിഞ്ഞിരിക്കുന്നു എന്നതാണ്. അമ്പതു വർഷത്തിനു മുൻപ് ശുദ്ധജലം വിലകൊടുത്ത് വാങ്ങുന്ന ഒരു സ്ഥിതിവിശേഷത്തെ പറ്റി മലയാളിക്ക് ചിന്തിക്കാൻ കഴിയുമായിരുന്നില്ല. ഉപ്പ് നിർമ്മിക്കുന്നതിന് നികുതി ഈടാക്കുന്നതിനെതിരെ സമരം നടത്തിയ സ്വാതന്ത്ര്യഭടന്മാർ രാജ്യഭാരം ഏറ്റു കഴിയുമ്പോൾ, ഉപ്പ് സംസ്കരിച്ചെടുത്ത വില്പന ചരക്കായി മാറിയത് പോലെ ജലവും വില കൊടുത്തു വാങ്ങാവുന്ന ചരക്കായി മാറിയിരിക്കുന്നു.ജലവിഭവം അന്വേഷിച്ച് കോളാ കമ്പനികൾ നമ്മുടെ നാട്ടിലെത്തിയതോടെ ജലത്തിൻ്റെ ജൈവശാസ്ത്രമൂല്യം അർത്ഥമൂല്യവും ചരക്കു വത്കരണത്തിന് വിധേയമായിത്തീരുന്നു. ഒരു ലിറ്റർ വെള്ളത്തിന് പതിനേഴ് രൂപ വിലകൊടുത്ത് വാങ്ങേണ്ടി വരുമ്പോൾ ജലത്തെ നമ്മൾ ശുദ്ധജലം എന്ന മിനറൽ വാട്ടർ എന്നോ വിളിക്കുന്നു. ജലവിനിയോഗത്തിന് കർശന നിയന്ത്രണങ്ങൾ ഒരുക്കുന്ന ലോകബാങ്ക് നിബന്ധനകൾ നമ്മൾ വിഴുങ്ങുമ്പോൾ ജലത്തിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനെതിരെ ഉപരോധം ഉണ്ടാകുമ്പോൾ ജലം ബന്ധനസ്ഥമായി തീരുകയാണ്.
ജലത്തിൻ്റെ ചരക്കു വത്കരണത്തിന്, പരിസ്ഥിതിസംരക്ഷണം ഉൾപ്പെടെ പല കൃത്രിമ യുക്തികളും ഉയർത്തിക്കൊണ്ടുവരുന്നുണ്ടെങ്കിലും, ജലത്തിന് മിച്ചമൂല്യപെരുമ ഉണ്ടാകുന്നത് ജലത്തിൽ മതവിശ്വാസം കലർത്തുമ്പോഴാണ്. ഉദാഹരണത്തിന് ഗംഗാനദിയിൽ നിന്നും കോരിയെടുത്ത ഒരു ലിറ്റർ വെള്ളത്തിൻ്റെ വില ₹500 രൂപയോ അതിലേറെയോ ആയിത്തീരണമെന്ന് ഒരു വിശ്വാസി ആഗ്രഹിക്കുന്നു. അതായത് ആഭ്യന്തര അധിനിവേശ വ്യവസ്ഥയിൽ വ്യവഹരിക്കപ്പെട്ട അശുദ്ധ (അയിത്ത) വിശുദ്ധ വൈരുദ്ധ്യത്തിന്റെ ഭാഗമായ ആത്മീയതാമൂല്യം വെള്ളത്തിൽ ലയിപ്പിച്ച് എടുക്കുമ്പോൾ ഒരു കുപ്പി വെള്ളത്തിൻ്റെ വില 17 രൂപ എന്നതിൽ നിന്നും 500 രൂപയിലേക്ക് കുതിച്ചുയരുന്നു.മതപുനരുദ്ധാരണ മൂല്യങ്ങൾ കമ്പോള താല്പര്യങ്ങൾക്ക് പ്രയോജനം ചെയ്യുന്നത് എങ്ങനെ എന്നതിന് ഗംഗാ ജലത്തിൻ്റെ അത്യന്തചരക്കു വത്കരണം തെളിവായി മാറുന്നു. ഇവിടെ ജലത്തിന്റെ ഉപയോഗം ഭൗതികമല്ല, പ്രാചീനമായ ആത്മീയമൂല്യത്തെ പുനരുദ്ധരിക്കുന്നു എന്നതാണ്. 17 രൂപ കൊടുത്താൽ ഒരു ലിറ്റർ വെള്ളത്തേയും 500 രൂപ കൊടുത്താൽ ഒരു ലിറ്റർ ദൈവത്തെയും കുടിക്കാം എന്ന് കമ്പോളം സിദ്ധാന്തിക്കുന്നു.
രണ്ട്:
ആത്മീയത എന്നത് മനുഷ്യൻ്റെ
അസ്തിത്വത്തെ തന്നെ ഉദാത്തീകരിക്കുന്ന ഒരു പഴയ സങ്കല്പമാണ്.മനുഷ്യസമൂഹത്തിൽ തന്നെ ഒരു മുന്തിയ ഇനമാണ് ആത്മീയ പുരുഷന്മാർ അഥവാ ആത്മീയ സ്ത്രീകൾ. മനുഷ്യൻ്റെ ഉത്തമാംശം എന്ന് വിവക്ഷിക്കപ്പെടുന്ന ആത്മീയതയെ വെള്ളത്തിൽ കലർത്തുമ്പോൾ മനുഷ്യൻ തന്നെയാണ് ചരക്കു വത്കരിക്കപ്പെടുന്നത്. കാരണം ആത്മീയത ഒരു പ്രകൃതിവിഭവമല്ല, മനുഷ്യ മനസ്സിന്റെ പരാബലാധീനതയാണ്.ഈ പരാധീനതയുടെ അല്ലെങ്കിൽ അന്യശക്തി വിശേഷത്തോടുള്ള വിധേയത്വത്തിന്റെ അടയാളമായി വെള്ളത്തെ, നദീജലത്തെ മാറ്റിയെടുക്കുന്നത്, ഒരു പ്രാചീന സമ്പ്രദായമാണ് എങ്കിലും, അതിനെ വിലയിട്ട് മിച്ചമൂല്യക്കുതിപ്പിൻ്റെ ഉയരമായി മാർക്കറ്റ് ചെയ്യുമ്പോഴാണ് ചരക്കു വത്കരണം(കമ്മോഡിഫിക്കേഷൻ)സംഭവിക്കുന്നത്. ഉത്പാദന ചെലവുമായി പൊരുത്തപ്പെടാത്ത ഉയർന്ന വിലയിട്ട് (അധ്വാന -നിർമ്മിതിപ്രവർത്തനത്തിന് പ്രതിഫലം നൽകാതെ ) ഉൽപന്നത്തെ ചൂഷണവിഭവമാക്കി മാറ്റുന്ന സമ്പ്രദായത്തെയാണ് ചരക്കുവൽക്കരണം എന്ന് പറഞ്ഞിരുന്നത്. ‘വില തുച്ഛം ഗുണം മെച്ചം’ എന്ന ന്യായപ്രമാണം അനുസരിച്ച് വിഭവത്തിന്റെ /ഉല്പന്നത്തിന്റെ ഭൗതിക ഗുണത്തെ പെരിപ്പിച്ചു കാണിച്ചാണ്, മുൻകാലങ്ങളിൽ ചരക്കു വത്കരണം നടന്നിരുന്നെങ്കിൽ ഇപ്പോൾ ‘വിശ്വാസ’ത്തെ ഭൗതിക ഉത്പന്നത്തിൽ കടത്തിവെച്ച് അതിനെ വിശ്വാസസാമഗ്രിയായി അവതരിപ്പിച്ചു കൊണ്ടാണ് മിച്ചമൂല്യപെരുമ സൃഷ്ടിക്കുന്നത്. ആധ്യാത്മികം എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന മുൻകാല മൂല്യങ്ങൾ, ഭൗതികവസ്തുവിന്റെ മിച്ചമൂല്യപെരുമ സ്ഥാപിക്കുന്നതിനുള്ള ഉപാധിയായി കീഴ്പ്പെടുന്നു എന്നതാണ് ഇവിടുത്തെ സവിശേഷത. ‘വിശ്വാസം അതല്ലേ എല്ലാം?’ എന്ന ചോദ്യം ഉന്നയിക്കുന്ന കച്ചവടക്കാരൻ അയാളുടെ ഉല്പന്നത്തെ ആത്മീയവല്ക്കരിച്ചുകൊണ്ടാണ് കോടികളുടെ ലാഭം ഉണ്ടാക്കുന്നത്. ഇങ്ങനെ കമ്പോളത്തിൻ്റെ താല്പര്യമനുസരിച്ച് ഏത് അസ്ഥാനത്തും ഉപയോഗിക്കപ്പെടാവുന്ന ഘടകമാണ് ആത്മീയത എന്നു വ്യക്തമായിരിക്കുന്നു. അധികാര സ്ഥാപനത്തിനെ മഹത്വവൽക്കരിക്കുക എന്ന ദൗത്യം തന്നെയായിരുന്നു മുൻകാല ആത്മീയ വ്യവഹാരങ്ങൾക്കും ഉണ്ടായിരുന്നത്.ദൈവം നിശ്ചയിച്ച കിരീടാവകാശി എന്ന് പറയുന്നിടത്തും, ബ്രഹ്മാവിൻ്റെ ശിരസ്സിൽ നിന്ന് ജനിച്ചവൻ എന്ന് ബ്രാഹ്മണനെ വിശേഷിപ്പിക്കുന്നിടത്തും രാജാധികാരത്തെയും,നമ്പൂതിരിജന്മിത്തത്തെയും മഹത്വവൽക്കരിക്കുക എന്നതായിരുന്നു ആത്മീയതയുടെ ഉപയോഗം. കമ്പോള വാഴ്ചയുടെ കാലത്ത് ഉല്പന്നത്തെ മഹത്വവൽക്കരിച്ച് ചരക്കുവത്കരണത്തിന് ഉദാത്തമാനങ്ങൾ സൃഷ്ടിക്കുക എന്നതാണ് ആത്മീയതയുടെ ദൗത്യം. കരിമുകിലൊത്ത ആത്മീയചികുരഭാരവും തിരുകേശവും ‘മുടി’യെ മഹത്വവൽക്കരിക്കുന്നതിന് വേണ്ടി ചെലവഴിക്കുന്ന കോടികളിൽ പ്രത്യക്ഷമായി വിലസുന്നില്ല എങ്കിലും ‘മുടി’ വിശുദ്ധ ആത്മീയതയുടെ പ്രാങ് രൂപകം (Archetype) ആണ് എന്നത് ‘ധാത്രി’യുടെയും ‘ഇന്ദുലേഖ’യുടെയും മുടിയെണ്ണയുടെയും ചരക്കു വത്കരണത്തെ പരോക്ഷമായി പ്രസാദിപ്പിക്കുന്ന പ്രസക്ത ഘടകമാണ്.
മൂന്ന്:
ആത്മീയത എന്നതുപോലെ തന്നെ വിദേശാധിനിവേശത്തിന്റെയും ആഭ്യന്തരാധിനിവേശത്തിന്റെയും മൂല്യങ്ങളും ഉല്പന്നങ്ങളിൽ അരച്ചു ചേർക്കപ്പെടുന്നു. ഈ ഡിറ്റർജൻറ് ഒരു ജർമ്മൻ ഫോർമുലയിൽ നിന്നും നിർമ്മിച്ചെടുത്തത് എന്നു പറയുന്നിടത്ത് പാശ്ചാത്യ അധിനിവേശത്തിന്റെ മേധ(ഹെജിമണി ) ആണ് ചരക്കുവൽക്കരണത്തിന്റെ ഉപാധിയായി മാറുന്നത്. കറിപൊടിയുടെ പരസ്യത്തിൽ ‘തറവാടി’ മീൻകറി എന്ന് പ്രയോഗിക്കുന്നിടത്ത് കേരളീയമായ ആഭ്യന്തരാധിനിവേശ മൂല്യമായ തറവാടിത്തമാണ് കമ്പോളം ചരക്കു വത്കരണത്തിനായി പുനരുദ്ധരിച്ചു കൊണ്ടു വരുന്നത്.ഭൗതികനിർമ്മിതിയിൽ മിച്ചമൂല്യപ്പെരുപ്പം സൃഷ്ടിക്കുന്നതിനായി അധിനിവേശമൂല്യങ്ങളെയും ആത്മീയ മൂല്യങ്ങളെയും ഉപയോഗിക്കുന്നു എന്ന് പറയുമ്പോൾ, ഭൗതിക നിർമ്മിതികളിലോ വിഭവങ്ങളിലോ ആത്മീയ മൂല്യം ആരോപിക്കുന്നത് ഒരു പുതിയ കാര്യമല്ല എന്നുകൂടി ഓർക്കേണ്ടതുണ്ട്. പശു വിശുദ്ധമൃഗം ആകുന്നത്, മയിൽ ദേശീയ പക്ഷിയാകുന്നത് – പഴയ ഒരു കാര്യമാണ്.പക്ഷേ അവിടെ മൃഗത്തെയോ പക്ഷിയോ വൃക്ഷത്തെയോ ചരക്കുവത്കരിച്ച്, അവയെ വിറ്റ് ലാഭമുണ്ടാക്കാൻ അല്ല, മറിച്ച്, അവയെ അധികാരത്തിന്റെ ദിവ്യസാമഗ്രികൾ എന്ന നിലയിൽ പ്രയോഗിക്കാനാണ് ശ്രമിച്ചിരുന്നത്. വർത്തമാനകാലഘട്ടത്തിൽ അധികാരം അമൂർത്തമായ ശക്തി ബോധ്യമല്ല. വ്യക്തമായും ലാഭപെരുമയിൽ നിന്നും രൂപപ്പെടുന്നതും നിയന്ത്രിക്കപ്പെടുന്നതുമായ പ്രക്രിയയാണ്. അതുകൊണ്ട് മുൻകാല മൂല്യങ്ങൾ ഒക്കെത്തന്നെയും,ലാഭപ്പെരുക്കപ്രവർത്തനത്തിനായി ഉപയോഗിക്കപ്പെടുകയും മൂല്യസങ്കലനങ്ങളായ നിർമ്മിതികളും വിഭവങ്ങളും മാന്ത്രികച്ചരക്കുകളായി തീരുകയും ചെയ്യുന്നു. പെണ്ണ് അവനെ ഇഷ്ടപ്പെടുന്നവനെ വിവാഹം കഴിക്കുന്ന സമ്പ്രദായത്തിന്റെ ധാർമ്മികതയെ വസ്ത്ര കച്ചവടക്കാരൻ ചോദ്യം ചെയ്യുകയും താതനെ (പി തോ രക്ഷതി… മനുസ്മൃതി) ധർമ്മരക്ഷകനായി പ്രതിഷ്ഠിക്കുകയും പിതൃപുത്രീബന്ധത്തിന്റെ വൈകാരിക ചരടുകൾ മുറുക്കി ഒരു ബ്രബാൻഷ്യോയെ പോലെ കരയുകയും, ‘വിശ്വാസം അതല്ലേ എല്ലാം ‘ എന്ന് ചോദിക്കുകയും ചെയ്യുമ്പോൾ ആർഭാട പൂർണ്ണമായ വിവാഹസമ്പ്രദായത്തിലൂടെ സാരിക്കമ്പോളത്തിന് ഉണ്ടാകുന്ന ലാഭമാണ് അതിന്റെയൊക്കെ ഉന്നമെന്നു വ്യക്തമാക്കുന്നുണ്ട്. സാരിയുടെ ചരക്കു വത്കരണ സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനായി രൂപപ്പെടുത്തുന്ന ചലച്ചിത്ര നാടകത്തിൽ, സാരിവില്പനയുടെ ചൂഷണം മറവു ചെയ്യപ്പെടുന്നത് ‘വിശ്വാസം അതല്ലേ എല്ലാം ‘ എന്ന ചോദ്യം മുഴപ്പിച്ചു നിർത്തുമ്പോഴാണ്. ഫലത്തിൽ, വിശ്വാസം ആഭ്യന്തരാധിനിവേശ പരിവേഷമാർന്ന ഭൂതകാലാധികാര സ്ഥാപനത്തിൻ്റെ ചൂഷണ സാമഗ്രി ആയാലും അല്ലെങ്കിലും, ഇപ്പോൾ അത് ചരക്കു വത്കരത്തിൻ്റെ മഹാപ്രയോഗമായി തീരുകയാണ്. മനുഷ്യനും മനുഷ്യനും തമ്മിലുള്ള സാമൂഹികഅധികാര ബന്ധങ്ങളിൽ നിന്നും, കുടുംബാധികാര ബന്ധങ്ങളിൽ നിന്നും, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അധികാര ബന്ധങ്ങളിൽ നിന്നും രൂപം കൊണ്ടിരിക്കുന്ന മൂല്യ പദ്ധതികളെ എല്ലാം ചരക്കു വത്കരണത്തിനുള്ള ഉപാധി എന്ന നിലയിൽ കീഴ്പ്പെടുത്തുമ്പോൾ മനുഷ്യൻ എന്ന മൂല്യഘടന തന്നെ ചരക്കു വത്കരണത്തിന് കീഴ്പ്പെടുകയാണ്. ഇതു കൃത്യമായും അപമാനവീകരണമാണ്.
മനുഷ്യൻ എന്ന മൂല്യ കല്പനയെരൂപപ്പെടുത്തുന്നതിൽ ചരിത്രപരമായി വലിയ പങ്കു വഹിച്ചിട്ടുള്ള സങ്കല്പനമാണ്, സൃഷ്ടി സംരക്ഷണ സംഹാരശക്തിയായ ദൈവം.ബദാം ലേഹ്യത്തിൻ്റെ പരസ്യം നോക്കുക. പ്രൗഢ വാർദ്ധക്യത്തിൻ്റെ ഉദാത്താവസ്ഥയിൽ നിൽക്കുന്ന മാതാമഹിയോട് ഈ ശോഭന വാർദ്ധക്യത്തിലും ജ്വലിച്ചുകൊണ്ടിരിക്കുന്ന താങ്കളുടെ ആരോഗ്യത്തിന് പിന്നിലെ മംഗല മഹാശക്തി എന്ത് എന്നു ചോദിക്കുമ്പോൾ ഉത്തരം ബദാം ലേഹ്യം എന്നാണ്.’മംഗല മഹാശക്തി’ എന്ന ആത്മീയ സംപ്രത്യയത്തിലടങ്ങിയിരിക്കുന്നത് ‘ദൈവം’ തന്നെയാണ്. പക്ഷെ ഇവിടെ മാതാമഹിയുടെ വാർദ്ധക്യകാല രക്ഷയ്ക്ക് ആധാരമായ ദൈവം ബദാം ലേഹ്യമാണ്.ബദാം ലേഹ്യമെന്ന കുഴമ്പ്, ദൈവത്തിൻ്റെ സ്ഥാനം പിടിച്ചെടുക്കുകയും ,ദൈവം ബദാം ലേഹ്യത്തിൻ്റെ മൂല്യവർദ്ധനവിനും ചരക്കു വത്കരണത്തിനുമുള്ള ഉപാധിയായി തീരുകയും ചെയ്യുന്നു. ഇവിടെ മനുഷ്യർ പുനർ നിർവ്വചിക്കപ്പെടുകയാണ്. മനുഷ്യേതരമായ മംഗല മഹാശക്തിയുടെ സ്ഥാനത്ത്, ബദാം ലേഹ്യം എന്ന കുഴമ്പ് പ്രത്യക്ഷപ്പെടുകയും മനുഷ്യനെയെന്ന പോലെ മനുഷ്യസങ്കല്പനമായ ദൈവത്തിൻ്റെയും ഉപയോഗം നിർമ്മിതികളുടെ ചരക്കു വല്കരണമാണ് എന്നു സ്ഥാപിക്കപ്പെടുകയും ചെയ്യുന്നു.
ചരക്കുവത്കരണം ഒരു പുതിയ കാര്യമല്ല എന്ന് പറഞ്ഞു. ഉല്പന്നത്തെ ചരക്കാക്കി മാറ്റുന്നിടത്ത് മനുഷ്യൻ്റെ അധ്വാനശക്തിയുടെ അവമൂലനം ( devaluation) ആണ് പ്രാഥമികമായി സംഭവിക്കുന്നത്. ഇത്തരം അവമൂലനത്തെ ഉദാത്തീകരിക്കുന്ന കല്പനകളാണ് വ്യാജകലാ നിർമ്മിതികളായി നിന്നുകൊണ്ട് കമ്പോള താല്പര്യത്തെ സംരക്ഷിച്ചിരുന്നത്. പക്ഷേ കമ്പോളസാമ്രാജ്യത്വ (മാർക്കറ്റ് എക്സ്പാൻഷനിസം )ത്തിൻ്റെ കാലം എത്തുമ്പോൾ അധ്വാനത്തിന് മാത്രമല്ല അവമൂലനം സംഭവിക്കുന്നത്. നിർമ്മിതി നിർവഹിക്കുന്ന അധ്വാന കർതൃത്വത്തിൻ്റെ സമ്പൂർണ്ണ മരണം (Death of the Author എന്നു ബാർത്ത്:ആരും ഒന്നും നിർമ്മിക്കുന്നില്ല -നിർമ്മിതികൾക്ക് അർത്ഥം നിർമ്മിക്കുന്നത് ഉപഭോക്താവാണ് എന്നു റീഡർ ഓറിയൻ്റ് സിദ്ധാന്തം) സംഭവിക്കുക മാത്രമല്ല, മനുഷ്യനെ രൂപപ്പെടുത്തുന്ന മൂല്യ ഘടനകൾ എല്ലാം തന്നെ ഉല്പന്നത്തെ ചരക്കു വത്കരിക്കുന്നതിന് ഉപയോഗപ്പെടുകയും അങ്ങനെ മനുഷ്യന് തന്നെ അവമൂലനം സംഭവിക്കുകയും ചെയ്യുന്നു. ദൈവം എന്ന മംഗലമഹാശക്തിയുടെ പരിരക്ഷയിലൂടെ രൂപപ്പെട്ടുവന്ന മനുഷ്യന്റെ രക്ഷാസ്ഥാനത്ത് ദൈവത്തെ പിന്തള്ളിക്കൊണ്ട് ബദാം ലേഹ്യം കടന്നുവരുമ്പോൾ, മാതാമഹി ബദാം ലേഹ്യത്തിന് കീഴ്പ്പെടുകയും അത് അവമൂലനം എന്നതിനേക്കാൾ അപമാനവീകരണമായി തീരുകയും ചെയ്യുന്നു. കമ്പോള സമ്പദ് വ്യവസ്ഥ, ഒരു സാർവദേശീയ അധിനിവേശക്രമമായി തീരുമ്പോൾ – ആണ്, നൂറ്റാണ്ടുകളോളം മനുഷ്യനെ നിർവചിച്ചിരുന്ന വിശ്വാസം [ അത് Faith (ദൈവ വിശ്വാസം Trust (പരസ്പര വിശ്വാസം)എന്നിവയിൽ ഏതുമാകാം ]. ഉടുപുടവ യെ ചരക്കു വത്കരിച്ച് അതിന് മിച്ചമൂല്യക്കുതിപ്പ് ഉണ്ടാക്കുന്നതിനുള്ള ഉപാധിയായി തീരുന്നത്. രാജ്യാതിർത്തി വികസനത്തിൽ അധിഷ്ഠിതമായ സാമ്രാജ്യത്വ ( Territorial Expansionism)ത്തിന്റെ സ്ഥാനത്ത് കമ്പോള വികസനാധിഷ്ഠിതമായ സാമ്രാജ്യത്വ അധിനിവേശം സംഭവിക്കുമ്പോൾ മനുഷ്യൻ, കമ്പോള ചരക്കിൻ്റെ കാന്തി വർദ്ധിപ്പിക്കുന്നതിന് അതിൽ അരച്ചു ചേർക്കപ്പെടുന്ന ഘടകമായി മാറുന്നു.
‘എന്തൊരു ഫിഗർ ‘പ്രാണപ്രിയനായ ഭർത്താവ് പറയുന്നത് കേട്ട് പുളഗിതഗാത്രയാകുന്ന പെണ്ണിനോട് ഭർത്താവ് പറയുന്നത് ഞാൻ നിന്നെക്കുറിച്ചല്ല അഴകാർന്ന മിക്സിയെക്കുറിച്ചാണ് പറഞ്ഞത് എന്നാണ്.വിശ്വസുന്ദരി എന്ന പെണ്ണിനെ ടോയ്‌ലറ്റ് സോപ്പിൽ അരച്ചുചേർത്ത് അതിൻ്റെ മിച്ചമൂല്യപെരുമ സാധിച്ചെടുക്കുന്ന കമ്പോളം തന്നെയാണ് മിക്സിയുടെയും പെണ്ണിന്റെയും ഉടലിനെ താരതമ്യം ചെയ്തുകൊണ്ട് പെണ്ണിനേക്കാൾ സെക്സിയാണ് മിക്സി എന്ന് സമർത്ഥിക്കുന്നത്. ഇതൊന്നും തന്നെ ഒറ്റപ്പെട്ട ഉദാഹരണങ്ങൾ അല്ല. ആദ്യകാലങ്ങളിൽ പെണ്ണിൻ്റെ ചിത്രമധുരിമ പുറത്തൊട്ടിച്ച് (ഇപ്പോഴും മനോരമ,മംഗളം തുടങ്ങിയ വരികകൾ അവലംബിക്കുന്ന സമ്പ്രദായം ) വില്പന കെങ്കേമമാക്കാൻ ശ്രമിച്ച കമ്പോളം നിശ്ചല ചിത്രങ്ങളിൽ നിന്ന് പരസ്യ ചലച്ചിത്രങ്ങളിലേക്ക് കടക്കുന്നു. അതിൽ കമ്പോള ഉൽപ്പന്നത്തെ പുത്തൻ സന്മാർഗ്ഗഭ്രംശമൂല്യങ്ങളുമായി ബന്ധിപ്പിക്കുന്ന “സ്റ്റോറി “ കൃത്യമായി ഉണ്ടാവുന്നു. ഒരു സ്റ്റോറി കൃത്യമായി ചരക്കുവല്കരണ വിപണത്തെ ലക്ഷ്യം വച്ചുള്ളതാണെന്ന് തുറന്നു സമ്മതിക്കുമ്പോൾ വൾഗർ ആർട്ട് വിഭാഗത്തിൽപ്പെടുന്ന കൃതികൾ പലതരം പ്രച്ഛന്നങ്ങൾ കൊണ്ട് മറച്ചുപിടിച്ച ഒരു വസ്തുതയെ സംബന്ധിച്ച കുറ്റസമ്മതം ആയി മാറുന്നു. അടിമത്വത്തിന്റെയും നാടുവാഴ്ച ജന്മിത്വ വ്യവസ്ഥയുടെയും സന്മാർഗ്ഗ വേദപുസ്തകങ്ങളെ സാധൂകരിച്ച അധികാര വ്യവസ്ഥയുടെ അസ്ഥിവാരം ബലപ്പെടുത്തുവാൻ ശ്രമിച്ച കൃതികൾ, ഭരണാധികാരികൾക്ക് സ്തുതി പാടുവാനും അവരെ രസിപ്പിക്കുവാനും വേണ്ടിയാണ് കഥകൾ കല്പിച്ചിട്ടുണ്ടാക്കിയത്. മുതലാളിത്ത-ജനാധിപത്യ വ്യവസ്ഥിതിയുടെ കാലത്ത് കോലത്ത് നാട്ടുരാജാവായ ഉദയവർമ്മൻ്റെ ആജ്ഞയാൽ അദ്ദേഹത്തെ സന്തോഷിപ്പിക്കുവാനാണ് താൻ കാവ്യം രചിക്കുന്നതെന്ന് ഒരു എഴുത്തുകാരനും പറയുന്നില്ല. കല ആത്മപ്രകാശനമാണ് എന്നും എഴുത്തുകാരന് സമൂഹത്തോടും സമൂഹത്തെ ചൂഷണം ചെയ്യുന്ന അധികാര വ്യവസ്ഥയോടും യാതൊരു ബാധ്യതയുമില്ലെന്നും പ്രഖ്യാപിച്ചുകൊണ്ടാണ്, അധികാരവ്യവസ്ഥാ ദാസന്മാരായ എഴുത്തുകാർ അവരുടെ കൃതികളെ മഹത്വവൽക്കരിക്കാൻ ശ്രമിച്ചത്. സമൂഹ മനുഷ്യനെ അധികാര വ്യവസ്ഥയ്ക്ക് കീഴ്‌പ്പെടുത്തിക്കൊണ്ട് അമിതാധികാരവാസനകളെ ആത്മപ്രകാശന കഥനമെന്ന എന്ന പേരിൽ സാധുകരിക്കാൻ ആണ് അധികാരദാസ്യത്തിന്റെ കല എന്നും ശ്രമിച്ചുകൊണ്ടിരുന്നത്. മാർക്കറ്റ് എക്സ്പാൻഷനിസത്തിൻ്റെ കാലമെത്തുമ്പോൾ ഉല്പന്നങ്ങളെ ചരക്കു വത്കരിക്കുന്നതിനു വേണ്ടിയുള്ള തന്ത്രം എന്ന നിലയിൽ കഥ മെനഞ്ഞെടുക്കുന്ന പരസ്യചിത്രങ്ങളുടെ കാലത്ത്, മനുഷ്യൻ എന്ന സങ്കല്പനത്തെത്തന്നെ ചരക്കു വത്കരണത്തിന് കീഴ്പ്പെടുത്തുന്ന വൾഗർ കലാ കൃതികൾ ഉണ്ടാകുന്നു. ഒരു മാധ്യമം, ഒരു സംഭവത്തെ പറ്റി നടത്തുന്ന ഡോക്യുമെന്റേഷൻ തന്നെ ‘കഥ’യായി മാറുന്നു. വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നിടത്ത് പാലിക്കേണ്ട വസ്തുനിഷ്ഠ മര്യാദകളെ ലംഘിച്ചുകൊണ്ട് റിപ്പോർട്ടർ-അന്യായത്തിന് എതിരെ തുപ്പാക്കി പ്രയോഗിക്കുന്ന നായകവേഷം അണിയുകയും, ഒരു വാർത്തയുടെ ചരക്കു വല്കരണത്തിനാവശ്യമായ ഫിക്ഷൻ്റെ ഘടകം വാർത്തയുടെ ഭാഷയെ അപചയപ്പെടുത്തുകയും, വാർത്തയിലെ ‘ഇര’യും ‘വേട്ടക്കാര’നും ഒരു കമ്പോള ചരക്കായി തീരുകയും ചെയ്യുന്നു. ഒരു മണിക്കൂർ നീണ്ടു നിൽക്കുന്ന ഒരു ന്യൂസ് അവറിന് , ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന സീരിയലിന്റെ പ്രേക്ഷകരേക്കാൾ കൂടുതൽ കാഴ്ചക്കാരും കേൾവിക്കാരും ഉണ്ടാകുന്നു. ‘വാർത്ത’യെ കല്പിതകഥയോളം പോന്ന കമ്പോള ചരക്കാക്കി മാറ്റുകയും അവയ്ക്കെല്ലാം ഇടവേളകൾ ഉണ്ടാവുകയും ഇടവേളകൾ കമ്പോളത്തിൻ്റെ പ്രത്യക്ഷ ഇടപെടലുകളും, ഹ്രസ്വദൃശ്യചാതുര്യങ്ങൾ ആയി മാറുകയും ചെയ്യുന്നു.ലോ ആർട്ടും ഹൈ ആർട്ടും തമ്മിലുള്ള വേർതിരിവിന് ചരക്കു വത്കരണത്തിൻ്റെ പൊതു കമ്പോളത്തിൽ യാതൊരു പ്രസക്തിയും ഇല്ലാതായിത്തീരുന്നു. കുക്കറി ഷോയിൽ തുടങ്ങിയ റിയാലിറ്റി ഷോയിലൂടെ കടന്നിറങ്ങി സീരിയൽ -ചലച്ചിത്രങ്ങളുടെ പരമ്പരയിലൂടെ അച്ചടി മാധ്യമങ്ങളുടെ അതിക്രമങ്ങളിലൂടെ പടർന്നുപന്തലിച്ച്, ‘മാധ്യമം’’ മാർക്കറ്റ് എക്സ്പാൻഷനിസത്തിൻ്റ മേധാ സങ്കേത ( ഹെജിമണിക് ഇൻസ്ട്രമെൻ്റ് )മായി മാറുന്നു. അവിടെ കമ്പോളസന്മാർഗപാഠവിധിപ്രകാരം മനുഷ്യൻ്റെ വൈചാരികവും നൈതികവുമായ അസ്തിത്വത്തെ ചരക്കു വത്കരിക്കുന്ന പ്രവർത്തനമാണ് നടന്നുകൊണ്ടിരിക്കുന്നത്.
‘ എന്തൊരു ഫിഗർ !’ എന്ന പ്രസ്താവത്തിൽ പെണ്ണിനെ മിക്സി വില്പനയ്ക്ക് കീഴ്പ്പെടുത്തുമ്പോൾ ഭാര്യാഭർതൃ റൊമാൻസിൻ്റെ സ്റ്റോറി ഫലത്തിൽ പെണ്ണിനെ അപമാനവീകരിക്കുകയാണ്. 24 മണിക്കൂറും ഇടതടവില്ലാതെ പെയ്തുകൊണ്ടിരിക്കുന്ന വാർത്ത ചാനലുകളുടെ വിഭവം ചരക്കായി പരിവർത്തിക്കപ്പെടുമ്പോഴും ഇത്തരത്തിൽ കൃത്യമായ അപമാനവീകരണം സംഭവിക്കുകയാണ്.മണിക്കൂറുകൾ നിറയ്ക്കാൻ ഒരേ സ്വരം തന്നെ പലമടങ്ങ് ആവർത്തിച്ചും വിവിധ കോണുകളിൽ നിന്നും ഒച്ചപ്പാട് ഉണ്ടാക്കിയും കോമ്പയറിംഗ് ആട്ടക്കഥകൾ ആടിയും പുറത്തുവരുമ്പോൾ ബഹുസ്വരതയുടെ പ്രകമ്പനങ്ങൾ കൊണ്ട് ആകാശവും ഭൂമിയും പിളരുമ്പോൾ, എന്ത് അസംസ്കൃത വിഭവത്തെയാണ് മാധ്യമം അതിൻ്റെ പ്രോസസ്സിങ്ങിലൂടെ ചരക്കാക്കി മാറ്റുന്നത് എന്ന് ചോദിച്ചാൽ മനുഷ്യൻ എന്നതു തന്നെയാണ് ഉത്തരം. കമ്പോളം ലക്ഷ്യമിടുന്നത് അപമാനവീകരണം തന്നെയാണ്. നിങ്ങളെ വിറ്റുകൊണ്ടായാലും ബാങ്കിന് അടിയറവ് പറഞ്ഞു കൊണ്ടായാലും നിങ്ങൾ കമ്പോളത്തിൻ്റെ ആജ്ഞാപനത്തിന് കീഴ്പ്പെടുമ്പോൾ, നിങ്ങൾക്ക് ഉണ്ടാകുന്ന അപമാനീകരണം, വില കൊടുത്തു വാങ്ങുകയും വിൽക്കപ്പെടുകയും ചെയ്യുന്ന, അടിമയുടേത് തന്നെയാണ്. കമ്പോളത്താൽ വാഴ്ത്തപ്പെടുന്ന കൃതികൾ സ്വാഭാവികമായും കമ്പോള വാഴ്ചയെ ഉദാത്തീകരിച്ചു കൊണ്ട് എഴുതപ്പെടുന്നവ ആയിരിക്കുകയും ചെയ്യും.
മാധ്യമവും ചരക്കുവത്കരണവും
ടെലിവിഷൻ- സോഷ്യൽ മീഡിയ- പ്രിൻ്റ് മീഡിയ എന്നിവ സംയുക്തമായി മനുഷ്യൻ്റെ പൊതുജീവിതത്തിലേക്ക് പ്രവേശിക്കുമ്പോൾ, ഭരണകൂടത്തിന്റെ നാലാം കാൽ എന്നു വിശേഷിപ്പിച്ചിരുന്ന മാധ്യമം, സമൂഹത്തിലെ ഏറ്റവും വലിയ മേധാശക്തി (Hegemonic power)യായി മാറുന്നു. ‘മാധ്യമ’ത്തിന്റെ ധനകാര്യ അടിത്തറയിൽ വെള്ളപ്പണവും കള്ളപ്പണവും വിദേശ പണവും മാത്രമല്ല, ഭീകരവാദചരടുകൾ ഉള്ള ധനകാര്യം വരെ അടിഞ്ഞു കിടപ്പുണ്ട്. സമൂഹത്തെ ഒരു 24 മണിക്കൂറും ഇടതടവില്ലാതെ വേട്ടയാടുകയും ജീവിതത്തെ സമൂലം കമ്പോള വൽക്കരിക്കുന്നതിന് വിപണിയിൽ നിന്ന് ലഭിക്കുന്ന പരസ്യങ്ങൾ പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന മാധ്യമം, കല്യാൺ ഫാബ്രിക്സിനെ പോലെ ആധുനിക വിദുരരുടെ വേഷം ധരിച്ച് സന്മാർഗ്ഗോപദേശം നടത്തുകയും മനുഷ്യനെ ചരക്കുവത്കരിക്കുന്നതിന് (അത് സൗമ്യ ആയാലും സരിത ആയാലും റജീന ആയാലും ശ്രീശാന്ത് ആയാലും കെജിരിവാൾ ആയാലും) സന്മാർഗ്ഗ മൂല്യങ്ങളുടെ കമ്പും കൊ ണിയും തലങ്ങും വിലങ്ങും ഉപയോഗിക്കുകയും ചെയ്യുന്നു. കലയുടെയും കലാകാരന്റെയും രാഷ്ട്രീയത്തിന്റെയും രാഷ്ട്രീയക്കാരന്റെയും എല്ലാം മൂല്യനിർണയം നടത്തുന്ന അധികാരശക്തി എന്ന നിലയിൽ മാധ്യമത്തിന് മനുഷ്യമൂല്യചരക്കു വല്ക്കരണത്തിൽ നിർണായകമായ പങ്കുവഹിക്കാൻ കഴിയുന്നുണ്ട്. കമ്പോള സർവ്വാധിപത്യത്തിന്റെ കാലത്ത് മനുഷ്യനും പ്രകൃതിവിഭവങ്ങളും മനുഷ്യനിർമ്മിതികളായ ഉല്പന്നങ്ങളും എല്ലാം ചരക്കു വത്കരിക്കുന്നതിന് കമ്പോളമുതലാളിത്തം പ്രധാനമായി ഉപയോഗിക്കുന്നത് കമ്പോളത്തിന് തല എന്ന് വിശേഷിപ്പിക്കാവുന്ന മാധ്യമത്തെ തന്നെയാണ്. എല്ലാ രാഷ്ട്രീയ കക്ഷികളെ പോലെയും എല്ലാ ഭരണ സ്ഥാപനങ്ങളെയും പോലെ മാധ്യമം നിലയുറപ്പിക്കുന്നത് ജനപക്ഷത്താണ്. ജനപക്ഷകമ്പോളത്തിന് താല്പര്യങ്ങൾ ഇടതടവില്ലാതെ പരസ്യ രൂപത്തിലും അല്ലാതെയും ജനമധ്യത്തിലേക്ക് പ്രവഹിക്കുന്നത് മാധ്യമ സ്ഥാപനത്തിലൂടെയാണ്. കമ്പോളം എന്നത് സാർവദേശീയ സാമ്രാജ്യത്വ രൂപമായതുകൊണ്ട് അത് സ്വാഭാവികമായും ദേശീയ രാഷ്ട്രങ്ങളുടെ പതനം ആഗ്രഹിക്കുന്നു. ദേശീയ ഭരണകൂടങ്ങളുടെ പതനത്തിൽ നിന്നാണ് സാമ്രാജ്യത്വം രൂപപ്പെടുന്നത് എന്ന തത്വം കമ്പോള സാമ്രാജ്യത്വത്തിനും ബാധകമാണ്. കമ്പോളത്തിൻ്റെ ആക്രമണം കൊണ്ട് ധനകാര്യധാർമികതയുടെ മുഖം നഷ്ടപ്പെട്ട ഗവൺമെന്റുകളെ ജനവിരുദ്ധരാക്കി തീർക്കുക എളുപ്പമുള്ള കാര്യമാണ്.അങ്ങനെ ദേശീയ ഭരണകൂടങ്ങളുടെയും അവയെ രൂപപ്പെടുത്തുന്ന രാഷ്ട്രീയപാർട്ടികളുടെയും ജനവിരുദ്ധത തുറന്നു കാണിച്ചുകൊണ്ട്, സർക്കാരിന് ബദലായി സർക്കാരേതര സന്നദ്ധസംഘങ്ങളെ ലോകമെമ്പാടും വിന്യസിച്ചുകൊണ്ട് ജനപക്ഷവക്താവായി സാർവ്വദേശീയ കമ്പോളം നിലയുറപ്പിച്ചിരിക്കുന്നു. കമ്പോളത്തിൻ്റെ ദേശീയ ഭരണകൂട വിരുദ്ധരാഷ്ട്രീയ പ്രയോഗത്തെയാണ് ധനകാധിനിവേശം എന്ന് വ്യവഹരിക്കുന്നത്.


നന്നായി മാഷേ