
കെ.കെ. ശിവദാസ്
Published: 10 January 2026 വിവര്‍ത്തനകവിത
ധവളപത്രം
ശരൺകുമാർ ലിംബാലെ
വിവ: കെ.കെ.ശിവദാസ്
നിങ്ങളുടെ ആകാശത്തുനിന്ന് സൂര്യനെയും ചന്ദ്രനെയും
ഞാൻ ചോദിക്കുന്നില്ല
നിങ്ങളുടെ കൃഷിനിലങ്ങളോ ഭൂമിയോ
വലിയ വീടുകളോ മണിമാളികകളോ
നിങ്ങളുടെ ദൈവങ്ങളെയോ അനുഷ്ഠാനങ്ങളെയോ ജാതികളെയോ മതശാഖകളെയോ
അമ്മ പെങ്ങമ്മാരെയോ പെണ്മക്കളെയോ
ഞാൻ ചോദിക്കുന്നില്ല.
മനുഷ്യനെന്ന നിലയ്ക്കുള്ള അവകാശങ്ങളാണ് ഞാൻ ചോദിക്കുന്നത്.
എന്റെ
ഓരോ നിശ്വാസവും
നിങ്ങളുടെ ഗ്രന്ഥങ്ങളിലും പാരമ്പര്യങ്ങളിലും
അശുദ്ധി ഭയക്കുന്ന
നിങ്ങളുടെ സ്വർഗ്ഗ നരകങ്ങളിലും അങ്ങേയറ്റത്തെ വിറയലിന് ഹേതുവാകുന്നു.
ഞങ്ങളുടെ കുടിലുകൾ കത്തിക്കാൻ
നിങ്ങളുടെ കൈകൾ ധൃതികൂട്ടുന്നു
നിങ്ങൾക്കെന്നെ അടിക്കാം ഒടിക്കാം
എന്റെ കുടിൽ കൊള്ളയിടാം കത്തിക്കാം
എന്നാൽ ചങ്ങായിമാരേ
കിഴക്ക്
സൂര്യനെപ്പോൽ നട്ട
എന്റെ വാദങ്ങളെ
നിങ്ങളെങ്ങനെ ഖണ്ഡിക്കും
എന്റെ അവകാശങ്ങൾ: ജാതിക്കലാപങ്ങൾ വ്യാപിപ്പിക്കുന്നു
നഗരം തോറും ഗ്രാമം തോറും ഒരാളൊഴിയാതെ അഴുകുന്നു.
എന്തുകൊണ്ടെന്നാൽ അവയാണ്
എന്റെ അവകാശങ്ങൾ –
പൂട്ടിവയ്ക്കപ്പെട്ടവ, പുറന്തള്ളപ്പെട്ടവ,
വഴി തടസ്സപ്പെട്ടവ, നാടുകടത്തപ്പെട്ടവ
എനിക്കെന്റെ അവകാശങ്ങൾ വേണം അവയെനിക്ക് തരിക
ഈ കത്തുന്ന സാഹചര്യം നിങ്ങൾക്ക് നിഷേധിക്കാനാകുമോ?
റെയിൽവേ ട്രാക്കു പോലെ
വേദഗ്രന്ഥങ്ങളെ
ഞാൻ വേരോടെ പിഴുതെറിയും
നിയമവിരുദ്ധങ്ങളായ നിയമങ്ങളെ
സിറ്റി ബസ്സെന്ന പോലെ കത്തിക്കും.
ചങ്ങായിമാരേ
എന്റെ അവകാശങ്ങൾ സൂര്യനെപ്പോൽ ഉദിക്കുകയാണ് സൂര്യോദയത്തെ നിങ്ങൾക്ക് നിഷേധിക്കാനാകുമോ

Dr. K. K. SIVADAS
Prof. Department of Malayalam University of Kerala, Karyavattom Campus.

ചിത്രീകണം
സ്റ്റാര്‍ലി. ജി എസ്
