
ഡോ. പെട്രീഷ്യാ ജോൺ
Published: 10 May 2025 പുസ്തക പഠനം
പ്രവാസജീവിതത്തിന്റെ അടയാളപ്പെടുത്തലുകൾ
‘മരുഭൂമിയിലെ മറുജീവിതങ്ങ’ളിൽ
സംഗ്രഹം
മനുഷ്യൻ ഒരു സാമൂഹികജീവിയാണ്. സാമൂഹികജീവിതത്തിൽ മനുഷ്യൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് സഹവർത്തിത്വത്തോടെയുള്ള അല്ലലും അലച്ചിലുമില്ലാത്ത ജീവിതമാണ്. അതുകൊണ്ടുതന്നെ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും സൗകര്യങ്ങളും ഉണ്ടാകണമെന്ന് അവൻ ആഗ്രഹിക്കുന്നു. നിലവിലുള്ള ജീവിത സാഹചര്യങ്ങൾ അതിന് പര്യാപ്തമല്ലെങ്കിൽ അതിനുതകുന്ന പുതിയ സാഹചര്യങ്ങൾ തേടി അവൻ മറ്റൊരിടത്തേക്ക് പോവുന്നു. വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയവ തേടിയും ഒരു വ്യക്തിയോ ഒരു പറ്റം വ്യക്തികളോ മറ്റൊരിടത്ത് എത്തിച്ചേരുന്നതാണ് പ്രവാസം. എന്നാൽ ഇത്തരം പ്രവാസജീവിതം ഒരു വിഭാഗം ആളുകൾക്ക് സൗഭാഗ്യദായകമാണെങ്കിൽ മറ്റൊരു വിഭാഗം ആളുകൾക്ക് ദുരിതപൂർണ്ണവും ആത്മഹത്യാപരവും ആയിരിക്കും. ഇത്തരം ജീവിതങ്ങളുടെ സാക്ഷ്യപത്രമാണ് ഡോ.ദീപേഷ് കരിമ്പുങ്കര രചിച്ച അമാനുള്ളയുടെ ഓർമ്മകളായ ‘മരുഭൂമിയിലെ മറുജീവിതങ്ങൾ.’ കഷ്ടതകളിൽ നിന്നും ജീവിതദുരിതങ്ങളിൽ നിന്നും മോചനം തേടി ഗൾഫ്പ്രവാസികളായവർ അനുഭവിക്കുന്ന നൊമ്പരങ്ങളുടെ നേർക്കാഴ്ചയാണ് ഈ കൃതി. പ്രവാസം മനുഷ്യജീവിതത്തിൽ വരുത്തിയ പരിണാമങ്ങളെയും നൊമ്പരങ്ങളെയും കുറിച്ചുള്ള അന്വേഷണമാണ് “പ്രവാസജീവിതത്തിന്റെ അടയാളപ്പെടുത്തലുകൾ ‘മരുഭൂമിയിലെ മറുജീവിതങ്ങൾ’‘ എന്ന ഈ പ്രബന്ധം.
താക്കോൽവാക്കുകൾ
പ്രവാസം – Exile
പ്രവാസി – Expatriate
പ്രവാസസാഹിത്യം – Exile Literature
പ്രവാസം
കൂടുതൽ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ സ്വന്തമാക്കുന്നതിനുവേണ്ടി അന്യനാടുകളിലേക്ക് മനുഷ്യൻ നടത്തുന്ന പ്രയാണമാണ് പ്രവാസം. ഈ പ്രയാണത്തിന് മനുഷ്യവംശത്തോളം തന്നെ തഴക്കവും പഴക്കവുമുണ്ട്. മനുഷ്യവംശം രൂപപ്പെട്ടകാലം മുതൽ തന്നെ ഒരിടത്തുനിന്നും മറ്റൊരിടത്തേക്കുള്ള അവന്റെ പ്രയാണം ആരംഭിച്ചിരുന്നു. അതൊക്കെ ഭക്ഷണം, അടിസ്ഥാനസൗകര്യങ്ങൾ തുടങ്ങിയവ തേടിയുള്ള അന്വേഷണമായി പരിണമിച്ചിട്ടുണ്ട്. വിദ്യാഭ്യാസം, തൊഴിൽ, മെച്ചപ്പെട്ടകൂലി എന്നിവ തേടി അന്യദേശങ്ങളിലേക്കുള്ള മനുഷ്യന്റെ പ്രയാണം തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി. ഇവരെക്കൂടാതെ രാഷ്ട്രീയമായി നാടുകടത്തപ്പെടുന്നവരും നാടുവിട്ടുപോകുന്നവരും പ്രവാസികൾ തന്നെ. ‘വീട് വിട്ടുള്ള പാർപ്പ്, തൽക്കാലവിരഹം, സ്വയമേവ വിദേശത്തുപോയി പാർക്കൽ’1 എന്നൊക്കെയാണ് ശബ്ദതാരാവലിയിൽ പ്രവാസത്തിന് നൽകിയിരിക്കുന്ന അർത്ഥം. അന്യദിക്കിൽ ചെന്ന് പാർക്കുന്നയാൾ പ്രവാസിയാണെന്നും ശബ്ദതാരാവലീകാരൻ പറയുന്നു. സാഹിത്യത്തിലും സിനിമയിലും ഒക്കെ ഇത്തരത്തിൽ പ്രവാസജീവിതം നയിക്കുന്ന ഒട്ടേറെപ്പേരുടെ ജീവിതാനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ‘Exile എന്നതിന് Penal banishment, Person away from his country, നാടുകടത്തൽ, രാജ്യഭ്രഷ്ടൻ’2 എന്നൊക്കെ ടി. രാമലിംഗംപിള്ളയുടെ ഇംഗ്ലീഷ്-ഇംഗ്ലീഷ്-മലയാളം നിഘണ്ടുവിൽ അർത്ഥം കാണുന്നു. പ്രവാസമെന്നത് ഒരുതരം ജീവിതാവസ്ഥയാണ്. ചിലർ സ്വമേധയാ അതിന് തയ്യാറാവുമ്പോൾ മറ്റു ചിലർ ജീവിതസാഹചര്യങ്ങൾകൊണ്ട് അതിന് നിർബന്ധിതരാവുന്നു. പ്രവാസജീവിതങ്ങളെപ്പറ്റിയും സാഹിത്യത്തെപ്പറ്റിയുമുള്ള അന്വേഷണം പ്രവാസജീവിതാനുഭവങ്ങളെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും ഗഹനമായി അറിയുവാൻ സഹായിക്കുന്നു.
മരുഭൂമിയിലെ മറുജീവിതങ്ങൾ
പ്രവാസികളായ മലയാളികൾ അധികവും ഗൾഫ് പ്രവാസികളാണ്. ഗൾഫ് നാടുകളിലേക്ക് പോയി സ്വത്തും പണവും സമ്പാദിച്ച് തിരിച്ചുവരികയും സുഖപ്രദവും അല്ലലില്ലാത്തതുമായ ജീവിതം നയിക്കുകയെന്നത് രണ്ടായിരാമാണ്ടിനു മുൻപുള്ള ശരാശരി മലയാളിയുടെ സ്വപ്നവും പ്രതീക്ഷയുമായിരുന്നു. അത്തരം പ്രതീക്ഷകളുമായാണ് അവർ ഗൾഫ്നാടുകളിലേക്ക് ചേക്കേറിയത്. എന്നാൽ പ്രവാസജീവിതത്തിൽ വിജയത്തിന്റെ മാത്രമല്ല, പരാജയത്തിന്റെ ജീവിതങ്ങൾ കൂടിയുണ്ട്. ഒട്ടനേകം മനുഷ്യരുടെ നോവുജീവിതങ്ങൾ കൂടിയാണ് പ്രവാസജീവിതങ്ങൾ. ജീവിതത്തിനും മരണത്തിനും ഇടയിൽനിന്ന് അന്നംതേടി കുടുംബം പുലർത്താനായി പ്രവാസികൾ നടത്തുന്ന ത്യാഗനൊമ്പരങ്ങളാണ് ഇന്നത്തെ കേരളത്തെ പടുത്തുയർത്തുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചത്. നമ്മുടെ സാമ്പത്തികഭദ്രതയുടെ പ്രധാനകാരണം ഗൾഫ് പ്രവാസികളാണ്.
പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയശേഷം അമാനുള്ള തന്റെ പ്രവാസജീവിതകാലത്തെ ഓർക്കുന്നതാണ് മരുഭൂമിയിലെ മറുജീവിതങ്ങൾ. അമാനുള്ളയുടെ അനുഭവങ്ങളെ അക്ഷരങ്ങളിലൂടെ സാക്ഷാത്കരിക്കുന്നത് ഡോ.ദീപേഷ് കരിമ്പുങ്കരയാണ്. ജീവിതമെഴുത്ത് വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന ഈ കൃതി അമാനുള്ളയുടെ മാത്രമല്ല, അറബ് പ്രവാസികളുടെ മുഴുവൻ ആത്മാനുഭവങ്ങളാണ്. ജീവിതത്തിന്റെ നല്ല കാലത്ത് നാട്ടിൽനിന്നും ബന്ധുക്കളിൽനിന്നും അകന്ന് അന്യദേശത്ത് പോയി ജീവിക്കാൻ വിധിക്കപ്പെട്ടവരാണ് പ്രവാസികൾ. സ്വന്തക്കാർക്കും ബന്ധുക്കൾക്കും വേണ്ടി ചോര നീരാക്കി പണിയെടുത്ത്, ആയുസ്സ് മുഴുവൻ ഹോമിച്ച് ഒടുവിൽ രോഗവും കടവും മാത്രമായി നാട്ടിലേക്ക് അവർക്ക് മടങ്ങേണ്ടിവരുന്നു. സ്വന്തം അധ്വാനത്തിന്റെ ബലത്തിൽ കെട്ടിപ്പൊക്കിയ വീട്ടിൽ അധികപ്പറ്റായി, അന്യനായി ജീവിക്കേണ്ടിവരുന്നു. ഇതാണ് ഒരു ശരാശരി പ്രവാസിയുടെ ജീവിതസമ്പാദ്യം. ‘ഒരു പുരുഷായുസ്സ് മുഴുവൻ നഷ്ടപ്പെടുത്തിയിട്ടും ഒന്നും നേടാത്തവർ. ബന്ധുസുഖമറിയാതെ മരിച്ചുപോകുന്നവർ. ഇതാണ് ഭൂരിപക്ഷം വരുന്ന ഗൾഫ് പ്രവാസജീവിതത്തിന്റെ ചരിത്രവും വർത്തമാനവും.’3
അസംഘടിതരും നിരാലംബരുമായ ഒരു ജനതയുടെ ജീവിതമെന്നതിനപ്പുറം പ്രവാസജീവിതത്തിന്റെ ചരിത്രവും വർത്തമാനവുമാണ് മരുഭൂമിയിലെ മറുജീവിതങ്ങൾ. വിസാത്തട്ടിപ്പിനിരയായി ഗൾഫിൽ എത്തുന്നവരും, കൃത്യമായ ശമ്പളം കിട്ടാതെ ചൂഷണം ചെയ്യപ്പെടുന്നവരും, ശാരീരികവും മാനസികവുമായി പീഡിപ്പിക്കപ്പെടുന്നവരും ഉൾപ്പെട്ട ഒരുപറ്റം ആളുകളുടെ ജീവിതങ്ങളാണ് അമാനുള്ള ഓർത്തെടുക്കുന്നത്. കൈരളി ടി.വി. ചാനലിലെ പ്രവാസലോകം ഉൾപ്പെടെയുള്ള പരിപാടികൾ ഗൾഫ് പ്രവാസികൾ അനുഭവിക്കുന്ന നൊമ്പരങ്ങളെയും അവിടെവച്ച് കാണാതാകുന്നവരെയും കുറിച്ചുള്ള അന്വേഷണമായിരുന്നു. ഇത്തരം അന്വേഷണങ്ങളെല്ലാം അമാനുള്ള ഓർത്തെടുക്കുന്നു. മരക്കപ്പലിൽ കയറി ഗൾഫിലേക്ക് പോയ ജ്യേഷ്ഠനെ സ്മരിച്ചുകൊണ്ടാണ് ഈ ആത്മാനുഭവം ആരംഭിക്കുന്നത്. ഒടുവിൽ ഗൾഫിലെവിടെയോ വച്ച് മരണപ്പെട്ട ജ്യേഷ്ഠന്റെ ഓർമ്മ അമാനുള്ള ഏറെ നൊമ്പരത്തോടെ ഓർത്തെടുക്കുന്നു. ഗൾഫിൽ എത്തിയ അമാനുള്ള ‘ഞാനിവിടെ എത്തിയിരിക്കുന്നു. എന്റെ കൂടെപ്പിറപ്പേ നീ എവിടെ?’ എന്ന് ആത്മനൊമ്പരത്തോടെ വിലപിക്കുന്നു. ഗൾഫിലെത്തിയ അമാനുള്ളയെ വീടിനെയും വീട്ടുകാരെയും കുറിച്ചുള്ള ഓർമ്മകൾ വല്ലാതെ നൊമ്പരപ്പെടുത്തുന്നു. ഗൃഹാതുരസ്മരണകൾകൊണ്ട് നിലവിട്ടുപോകുമോയെന്ന് അദ്ദേഹം ഭയപ്പെടുന്നു. എന്നാൽ ജീവിക്കണമെന്ന നിശ്ചയദാർഢ്യം ഗൾഫ് മുതലാളിയായി പിടിച്ചു നിൽക്കാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നു. ആദ്യം വയറിംഗ് പണിയാണ് അദ്ദേഹത്തിന് ലഭിച്ചത്. എന്നാൽ ഭിത്തി തുരക്കുന്നതുൾപ്പെടെയുള്ള കഠിനമായ ജോലികൾ അമാനുള്ളയ്ക്ക് ചെയ്തു ശീലമുള്ളതായിരുന്നില്ല. ഒടുവിൽ ഒരു ഓഫീസ് ജോലി കിട്ടുന്നു. അതാകട്ടെ അബ്ദുള്ള എന്നയാളുടെ അപ്രതീക്ഷിത മരണത്തെത്തുടർന്നുള്ളള ഒഴിവാണ്. അത് അമാനുള്ളയെ വല്ലാതെ അലട്ടിയിരുന്നു. ഈയൊരു അനുഭവം തന്റെ ആദ്യശമ്പളം അബ്ദുള്ളയുടെ കുടുംബത്തിന് നൽകാൻ അമാനുള്ളയെ പ്രേരിപ്പിച്ചു. ശശിധരൻ എന്നയാളുടെ അപകടമരണം അമാനുള്ളയുടെ പ്രവാസജീവിതത്തിൽ വല്ലാത്ത നൊമ്പരങ്ങളുയർത്തിയ ഒന്നായിരുന്നു. ‘സ്വകാര്യകമ്പനികളിൽ മാത്രമല്ല, സർക്കാർ സർവീസിലും ഇന്നത്തെപ്പോലെ തൊഴിലാളികളുടെ ജീവനും തൊഴിൽ അവകാശങ്ങൾക്കും അനുകൂലമായ നിയമസംവിധാനങ്ങളൊന്നും അന്നുണ്ടായിരുന്നില്ല’5 എന്ന വാക്കുകളിൽ ഉള്ളത് പ്രവാസി അനുഭവിക്കുന്ന ജീവിതസങ്കടങ്ങളും ജീവന്റെ പരിരക്ഷയെക്കുറിച്ചുള്ള ആശങ്കകളുമാണ്. ശശിധരന്റെ അപകടമരണം അയാളുടെ അശ്രദ്ധ കൊണ്ടുണ്ടായതാണ് എന്ന് വരുത്തിത്തീർത്ത കമ്പനി മനുഷ്യജീവന് ഒരു പരിഗണനയും നൽകുന്നില്ലെന്ന് അമാനുള്ളയ്ക്ക് മനസ്സിലായി. അതുകൊണ്ടുതന്നെ ഗൾഫിൽ ദുരിതം അനുഭവിക്കുന്ന മലയാളികൾക്കായി പ്രവർത്തിക്കാൻ അദ്ദേഹം സന്നദ്ധനായി. സൂപ്പർമാർക്കറ്റിലേക്ക് ജോലിക്കെന്നു പറഞ്ഞെത്തിയ സുനൈനയെ ലൈംഗികാടിമത്തത്തിൽ നിന്നും മോചിപ്പിച്ച അമാനുള്ള അവളെ നാട്ടിലേക്കയച്ചു. ഏറെ പ്രതീക്ഷയോടെ ഗൾഫിലെത്തിയ സുനൈന അനുഭവിച്ച ദുരിതജീവിതം ഗൾഫ് പ്രവാസികൾ അനുഭവിക്കുന്ന നോവിന്റെയും നൊമ്പരങ്ങളുടെയും സാക്ഷ്യപത്രമാണ്.
ഗൾഫിലെത്തിയിട്ടും കൃത്യമായ ജോലിയോ, ശമ്പളമോ കിട്ടാതെ പോയ ഭാസ്കരൻ നാട്ടിൽ ഭയന്നു കഴിയുന്ന കുടുംബവുമായി ബന്ധപ്പെടാതെ ജീവിതത്തിൽ നിന്നും ഒളിച്ചോടിയപ്പോൾ തിരികെ കൊണ്ടുവന്നത് അമാനുള്ളയാണ്. ഗൾഫിൽവച്ച് പരിചയപ്പെട്ട ശ്രീലങ്കൻ യുവതിയിലുണ്ടായ മക്കളുമായി നാട്ടിൽ പോകാൻ കഴിയാതെ വിഷമിച്ച ബാബുവിനെ നാട്ടിലേക്കയച്ചതും അമാനുള്ളയാണ്. ജീവിതദുരന്തങ്ങളിൽ നിന്ന് ഫീനിക്സ് പക്ഷിയെപ്പോലെ പറന്നുയരാനാഗ്രഹിച്ച ജെസി, മാനസികമായി ഭയംകൊണ്ട് വേട്ടയാടപ്പെട്ട അഹമ്മദ്, ഗൾഫിൽ കാണാതെ പോയ രാജേഷ് തുടങ്ങിയ ഒട്ടേറെ ജീവിതങ്ങളെ അമാനുള്ള തന്റെ ഓർമ്മകളിലൂടെ ചികഞ്ഞെടുക്കുന്നു. എല്ലാം നോവിന്റെയും നൊമ്പരങ്ങളുടെയും കഥകളാണ്.
മനുഷ്യരായി ജീവിക്കാൻ വിധിക്കപ്പെടാത്ത നിർഭാഗ്യരായ ഒരു കൂട്ടം മനുഷ്യർ കാലത്തിന്റെയും ചരിത്രത്തിന്റെയും മറവികളിൽ നിന്ന് ഓർത്തെടുക്കപ്പെടുന്നതിൻ്റെ ചിത്രമാണ് അമാനുള്ളയുടെ ഓർമ്മകൾ പകരുന്നത്.
ഉപസംഹാരം
പ്രവാസമെന്നത് മറ്റൊരു നാട്ടിലേക്കുള്ള പ്രയാണമാണെങ്കിലും അത് സ്വന്തം ഇച്ഛകളെയും സന്തോഷങ്ങളെയും ഉപേക്ഷിച്ചുകൊണ്ടുള്ള ഒരു യാത്രയാണെന്ന് ഓരോ പ്രവാസാനുഭവങ്ങളും ഓർമ്മിപ്പിക്കുന്നു. പ്രത്യേകിച്ച് അമാനുള്ളയുടെ ഓർമ്മകൾ. തടവറകളിൽ നിന്നും വേശ്യാലയങ്ങളിൽനിന്നും, അഭയകേന്ദ്രങ്ങളിൽനിന്നും അമാനുള്ളയെ തേടിയെത്തിയ വിളികളോരോന്നും ജീവിതം നിലച്ചുപോയിട്ടില്ലെന്ന് വിശ്വസിച്ചവരാണ്. അവരൊക്കെ അമാനുള്ളയെ കണ്ടത് പ്രതീക്ഷാഭരിതമായ ജീവിതം നൽകുന്ന പച്ചയായ മനുഷ്യനായാണ്. അതുകൊണ്ടുതന്നെയാണ് ഇത് ഒരു വ്യക്തിയുടെ മാത്രമല്ല, മുഴുവൻ പ്രവാസികളുടെയും ആത്മാനുഭവമാണ് എന്നു പറയുന്നത്.
കുറിപ്പുകൾ
പത്മനാഭപിള്ള ജി. ശ്രീകണ്ഠേശ്വരം, ശബ്ദതാരാവലി, എൻ.ബി.എസ്, കോട്ടയം, 2000, പുറം 1209.
രാമലിംഗം പിള്ള ടി., ഇംഗ്ലീഷ്-ഇംഗ്ലീഷ്-മലയാളം നിഘണ്ടു, ഡി.സി.ബുക്സ്, കോട്ടയം, 2022, പുറം 2299.
ദീപേഷ് കരിമ്പുങ്കര (ഡോ.), മരുഭൂമിയിലെ മറുജീവിതങ്ങൾ, (അമാനുള്ളയുടെ ഓർമ്മകൾ), മാതൃഭൂമി ബുക്സ്, കോഴിക്കോട്, 2021, പുറം. 34.
സഹായകഗ്രന്ഥങ്ങൾ
ദീപേഷ് കരിമ്പുങ്കര (ഡോ.), മരുഭൂമിയിലെ മറുജീവിതങ്ങൾ (അമാനുള്ളയുടെ ഓർമ്മകൾ), മാതൃഭൂമി, കോഴിക്കോട്, 2021.
പത്മനാഭപിള്ള ജി. ശ്രീകണ്ഠേശ്വരം, ശബ്ദതാരാവലി, എൻ.ബി.എസ്, കോട്ടയം, 2000.
രാജേഷ് ആർ. (ഡോ), പ്രവാസം അനുഭവവും ആഖ്യാനവും, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2019.
രാമലിംഗംപിള്ള ടി., ഇംഗ്ലീഷ്-ഇംഗ്ലീഷ്-മലയാളം നിഘണ്ടു, ഡി.സി.ബുക്സ്, കോട്ടയം, 2022

ഡോ. പെട്രീഷ്യാ ജോൺ
അസ്സോസിയേറ്റ് പൊഫസർ മലയാളം ഡിപ്പാർട്ട്മെന്റ് ഫാത്തിമ മാതാ നാഷണൽ കോളേജ്, കൊല്ലം. ഫോൺ : 9496717649 Email : patriciajohn1975@gmail.com
