
ഡോ .ബ്രിന്‍സി മാത്യു
Published: 10 March 2025 ശാസ്ത്രമലയാളം
മസ്തിഷ്‌ക ഘടനയും ഭാഷാശേഷിയും

സംഗ്രഹം
മനുഷ്യരാശിയുടെ മഹത്തായ നേട്ടമായ ഭാഷാശേഷി മസ്തിഷ്‌കത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥിതിചെയ്യുന്ന വ്യത്യസ്തഭാഗങ്ങളുടെ സഹകരണത്താലാണ് സുസാധ്യമാകുന്നത്. മസ്തിഷ്‌കത്തിലെ സെറിബ്രം എന്ന ഭാഗമാണ് സംസാരം, പഠനം, കല്‍പ്പന, ഓര്‍മ്മ, തീരുമാനങ്ങള്‍ മുതലായവയുടെ ആസ്ഥാനം. മസ്തിഷ്‌കത്തിലെ പ്രധാനപ്പെട്ട രണ്ട് ഭാഷാ മേഖലകള്‍ ഫ്രണ്ടല്‍ ലോബിലെ ബ്രൊക്കാസ് മേഖലയും ടെമ്പറല്‍ ലോബിലെ വെര്‍ണിക്കസ് മേഖലയുമാണ്. വാക്ക്,അര്‍ത്ഥം,വാക്യഘടന തുടങ്ങിയ ഭാഷയുടെ വ്യതിരിക്ത ഘടകങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സവിശേഷ വൈദഗ്ദ്ധ്യം മനുഷ്യമസ്തിഷ്‌കത്തിന്റെ വ്യത്യസ്ത ഭാഗങ്ങള്‍ക്കുണ്ട്. മസ്തിഷ്‌കത്തിലെ ഭാഷയുമായി ബന്ധപ്പെട്ടു വിവിധ ഭാഗങ്ങളില്‍ ഉണ്ടാകുന്ന ക്രമക്കേടുകള്‍ ഭാഷണശേഷിയെ ബാധിക്കുന്ന വിവിധ രോഗങ്ങള്‍ക്കു കാരണമാകുന്നുണ്ട്. അടുത്ത 40 വര്‍ഷത്തിനുള്ളില്‍ ആയുര്‍ദൈര്‍ഘ്യം 50% കുറയ്ക്കും എന്നു പ്രതീക്ഷിക്കുന്ന ന്യൂറോ പത്തോളജിക്കല്‍ ഡിസോഡര്‍ ആണ് അല്‍ഷീമെര്‍ ഡിമെന്‍ഷ്യ. പാര്‍ക്കിന്‍സണ്‍സ്,അനോമിയ, അഫേസിയ, അപ്രാക്സ്സിയ തുടങ്ങി നിരവധി രോഗങ്ങള്‍ ഭാഷാശേഷി നഷ്ടപ്പെടുത്തുന്നു. ഒരു വ്യക്തിയുടെ ജീവിതം സുഗമമായി നയിക്കാന്‍ ഭാഷാശേഷി ആവശ്യമാണ്. അതിനാല്‍ മനുഷ്യരാശിയെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്‌ക രോഗങ്ങളെപ്പറ്റി സൂചന ലഭിക്കുമ്പോള്‍ തന്നെ പ്രത്യേക ശ്രദ്ധ നല്കി പരിചരിക്കേണ്ടതുംചികിത്സിക്കേണ്ടതും അല്ലെങ്കില്‍ മുന്‍കൂട്ടി കണ്ടെത്താന്‍ ശ്രമിക്കേണ്ടതും അത്യന്താപേക്ഷിതമാണ്.
താക്കോല്‍ വാക്കുകള്‍ – ന്യൂറോ ലിംഗ്വസ്റ്റിക്‌സ്, ഫാസിക്കുലസ്, സിനസ്‌തെറ്റിക്ക് ബൂട്ട് സ്ട്രാപ്പിങ് സിദ്ധാന്തം, കണ്ണാടി നാഡി.
ചിന്തിക്കാന്‍ കഴിയുന്ന മസ്തിഷ്‌കമുള്ള ഏക ജീവിയാണ് മനുഷ്യന്‍. മനുഷ്യന്റെ ഭാഷയെ സംബന്ധിക്കുന്ന ജന്മസിദ്ധമായ കഴിവാണ് ഇതര ജീവികളില്‍ നിന്നും മനുഷ്യനെ വ്യത്യസ്തനാക്കുന്ന ഒരു പ്രധാന ഘടകം. മനുഷ്യരാശിയുടെ മഹത്തായ നേട്ടമാണിത്.സ്വതന്ത്രമായ ചിന്തയ്ക്കും ആത്മാവിഷ്‌കാരത്തിനും ഉതകുന്ന ഒരു ഉപാധിയായി ഭാഷ നിലകൊള്ളുന്നു. മനുഷ്യഭാഷ വളരെ സങ്കീര്‍ണമാണ്. അതിന്റെ അനന്തമായ വഴക്കവും (flexibility)അതിരില്ലാത്ത അര്‍ത്ഥസാധ്യതകളും അപാരമാണ്. ഒരു ചെറിയ വാക്കിന്റെ ഉച്ചാരണം പോലും വ്യത്യസ്തമായ ഒട്ടേറെ അര്‍ത്ഥതലങ്ങള്‍ സൃഷ്ടിക്കാറുണ്ട്.ഇതെല്ലാം മസ്തിഷ്‌കത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥിതിചെയ്യുന്ന വ്യത്യസ്ത ഭാഗങ്ങളുടെ സഹകരണത്തിലാണ് സാധ്യമാകുന്നത്.
മസ്തിഷ്‌കം നാഡീവ്യൂഹങ്ങളുടെ സഞ്ചയമാണ്. ഏകദേശം 100 ബില്യണ്‍ നാഡികള്‍ മനുഷ്യമസ്തിഷ്‌കത്തില്‍ ഉണ്ട്. വസ്തുതകള്‍ ഗ്രഹിക്കുന്നതും അറിവുകളെയും അനുഭവങ്ങളെയും സങ്കല്‍പ്പനം ചെയ്യുന്നതും മസ്തിഷ്‌ക നാഡികളാണ് .ഭാഷയും മസ്തിഷ്‌കവും തമ്മിലുള്ള പഠനമാണ് ന്യൂറോ ലിംഗ്വസ്റ്റിക്‌സ് . ഭാഷയും നാഡീവ്യൂഹങ്ങളും തമ്മിലുള്ള ബന്ധമാണ് ഇവിടെ പഠനവിധേയമാക്കുന്നത് .ഫ്രഞ്ചുകാരനായ പോള്‍ ബ്രോക്കയും ജര്‍മ്മന്‍കാരനായ കാള്‍ വെര്‍ണിക്കയും 19 -ാം നൂറ്റാണ്ടിന്റെ മധ്യഘട്ടത്തില്‍ നടത്തിയ മസ്തിഷ്‌കവും ഭാഷയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പഠനമാണ് ഈ ശാഖയ്ക്ക് തുടക്കം കുറിച്ചത്.
മനുഷ്യ മസ്തിഷ്‌കത്തിന് 3 പ്രധാന ഭാഗമുണ്ട്.മെഡുല്ല, സെറിബല്ലം, സെറിബ്രം. സെറിബ്രത്തിന് രണ്ടു പകുതി ഉണ്ട്. മനുഷ്യന്റെ മസ്തിഷ്‌കത്തില്‍ സവിശേഷമായ വികാസം സൃഷ്ടിച്ചിട്ടുള്ളത് ഈ ഭാഗത്തിനാണ്. ഈ ഭാഗമാണ് സംസാരം, പഠനം, കല്‍പ്പന, ഓര്‍മ്മ, തീരുമാനങ്ങള്‍ മുതലായവയുടെ ആസ്ഥാനം.മസ്തിഷ്‌കത്തിലെ പ്രധാനപ്പെട്ട രണ്ട് ഭാഷാ മേഖലകള്‍ ഫ്രണ്ടല്‍ ലോബിലെ ബ്രൊക്കാസ് മേഖലയും ടെമ്പറല്‍ ലോബിലെ വെര്‍ണിക്കസ് മേഖലയുമാണ്. ഫാസിക്കുലസ് (Fasciculus)എന്നറിയപ്പെടുന്ന നാരുകളുടെ കൂട്ടം കൊണ്ടാണ് ഇവ ബന്ധിപ്പിച്ചിരിക്കുന്നത്. മറ്റൊരു ഭാഷാ മേഖലയായ ആംഗുലാര്‍ ജൈറസ്, പരൈറ്റല്‍ ലോബിന്റെ കീഴ്ഭാഗം, പരൈറ്റില്‍ -ഓക്‌സിപെറ്റല്‍- ടെമ്പറല്‍ ലോബുകളുടെ സന്ധിസ്ഥാനം എന്നിവയുടെ സമീപത്താണുള്ളത്. വാക്ക്, അര്‍ത്ഥം,വാക്യഘടന തുടങ്ങിയ ഭാഷയുടെ വ്യതിരിക്ത ഘടകങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സവിശേഷ വൈദഗ്ദ്ധ്യം മനുഷ്യമസ്തിഷ്‌കത്തിന്റെ വ്യത്യസ്ത ഭാഗങ്ങള്‍ക്കുണ്ട്. തലച്ചോറിലെ ബ്രൊക്കാസ് മേഖല സാധാരണ ഭാഷയിലെ വാക്യഘടന പോലെ ബീജഗണിതം,കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ് തുടങ്ങിയ ഘടനാപരമായ ഔപചാരിക നിയമങ്ങളുള്ള മറ്റ് സ്വേച്ഛാപരമായ ഭാഷകളുടെ കാര്യത്തിലും സവിശേഷമായ വൈദഗ്ദ്ധ്യം നേടിയ മസ്തിഷ്‌ക ഭാഗമാണ്. നാക്ക്,ചുണ്ട്,അണ്ണാക്ക്,ശബ്ദനാളം എന്നിവയുടെ പേശികളിലേക്ക് സിഗ്‌നലുകള്‍ അയച്ച് ഭാഷാനിര്‍മ്മാണത്തെ ഏകോപിപ്പിക്കാന്‍ സഹായകരമായ രൂപരേഖകള്‍, മോട്ടോര്‍ പ്രോഗ്രാമുകള്‍ എന്നിവ ബ്രൊക്കാസ് മേഖലയിലുണ്ട്. ഈ മേഖല ദര്‍പ്പണ നാഡീകോശങ്ങളുടെ കാര്യത്തില്‍ സമര്‍ത്ഥമാണ്.അര്‍ത്ഥ വിജ്ഞാനീയവുമായി ബന്ധപ്പെട്ട മസ്തിഷ്‌കമേഖല സ്ഥിതി ചെയ്യുന്നത് ഇടതു ടെമ്പറല്‍ ലോബിലാണ്. വെര്‍നിക്കസ് മേഖല( Wernicke’s area )എന്നറിയപ്പെടുന്ന ഈ ഭാഗം അര്‍ത്ഥത്തെ പ്രതിനിധാനം ചെയ്യുന്നു .
മനുഷ്യഭാഷയുടെ പ്രധാനപ്പെട്ട അഞ്ചു സവിശേഷതകളായി ഡോ.വി.എസ്. രാമചന്ദ്രന്‍ എന്ന ന്യൂറോ സയന്റിസ്റ്റ് ‘മസ്തിഷ്‌കം കഥ പറയുന്നു'(The Tell-Tale Brain)എന്ന പുസ്തകത്തില്‍ ചൂണ്ടിക്കാട്ടുന്നത് താഴെപ്പറയും പ്രകാരമാണ്:
1. മനുഷ്യന്റെ പദസമ്പത്ത് വളരെ വലുതാണ്. എട്ടുവയസ് ആകുന്ന കുട്ടിക്ക് 600 വാക്കുകള്‍ അറിയാം.
2. ഭാഷയില്‍ നിര്‍വഹണ പദങ്ങളുടെ സാന്നിധ്യം ഉള്ളത് മനുഷ്യനു മാത്രമാണ്.
3. വസ്തുനിഷ്ഠ സാഹചര്യങ്ങള്‍ക്കു ബാഹ്യമായ (Offline)രീതിയില്‍ വാക്കുകള്‍ ഉപയോഗിക്കാന്‍ മനുഷ്യനു സാധിക്കും. വര്‍ത്തമാനകാലകാര്യം മാത്രമല്ല, ഭൂതകാലത്തില്‍ മാത്രം നിലനിന്ന കാര്യങ്ങള്‍, പരികല്പിത യാഥാര്‍ഥ്യങ്ങള്‍ എന്നിവ സംബന്ധിച്ച് പരാമര്‍ശിക്കാന്‍ സാധിക്കും.
4.മനുഷ്യനു മാത്രമേ രൂപകവും ഉദാഹരണങ്ങളും ഉപയോഗിക്കാന്‍ കഴിയൂ.
5.വഴക്കവും ആവര്‍ത്തനവും ഉള്ള പദവിന്യാസഘടന കണ്ടെത്താനാവുക മനുഷ്യന് മാത്രമാണ്.
ഇവയില്‍ ആദ്യ നാലു ഗുണങ്ങളെ ചേര്‍ത്താണ് ആദിമഭാഷ അഥവാ proto language എന്ന് പറയുന്നത്.ഭാഷാശാസ്ത്രജ്ഞനായ ഡെറക്ക് ബിക്കെര്‍ട്ടണ്‍(Derek Bickerton) ആണ് ഈ പദപ്രയോഗം കണ്ടെത്തിയത്. മനുഷ്യന്റെ ഭാഷാനിര്‍മ്മിതിയുമായി ബന്ധപ്പെട്ടു നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്.ആദ്യമായി ഇത് സംബന്ധിച്ചു സ്വാഭാവിക നിര്‍ദ്ധാരണം എന്ന തത്ത്വം മുന്നോട്ടുവെച്ചത് ആല്‍ഫ്രഡ് വാലസ്(Alfred Russel Wallace) ആണ്.ചോംസ്‌കിയുടെ ഭാഷാസിദ്ധാന്തം ആവിര്‍ഭാവതത്ത്വത്തെ ആസ്പദമാക്കിയാണ് നിലകൊള്ളുന്നത്. ഒരു പരിണാമ പ്രക്രിയയുടെ ഫലമായി ഉരുത്തിരിഞ്ഞു വന്നതാണ് മനുഷ്യഭാഷയെന്ന ആശയത്തിലാണ് സ്റ്റീഫന്‍ ജയ് ഗൂള്‍ഡ്(Stephen Jay Gould) എത്തിച്ചേര്‍ന്നിരിക്കുന്നത്. ഉപയോഗക്ഷമത പരിഗണിക്കുമ്പോള്‍ ചിന്താശേഷി ആയിരിക്കാം ആദ്യം പരിണമിച്ചു ഉണ്ടായതെന്ന് ഗൂള്‍ഡ് വാദിക്കുന്നു. പിന്നീടത് ഭാഷയുടെ ആവിര്‍ഭാവത്തിനു കാരണമായി. സ്റ്റീവന്‍ പിങ്കറുടെ അഭിപ്രായത്തില്‍ ചുമ,തുമ്മല്‍, കോട്ടുവ തുടങ്ങിയവപോലെ മനുഷ്യനെ സംബന്ധിച്ചിടത്തോളം സഹജമായ ഒരു ചോദന(instinct )ആണ് ഭാഷ.മസ്തിഷ്‌കനാഡീ വ്യവസ്ഥകളെക്കുറിച്ചു പഠനങ്ങള്‍ നടത്തിയിരിക്കുന്ന ഇന്ത്യന്‍ വംശജനായ ഡോ. വിളയന്നൂര്‍ സുബ്രഹ്മണ്യന്‍ രാമചന്ദ്രന്‍ അവതരിപ്പിച്ചതാണ് സിനസ്‌തെറ്റിക്ക് ബൂട്ട് സ്ട്രാപ്പിങ് സിദ്ധാന്തം(Synesthetic Bootstrapping Theory ).ഇതില്‍ പ്രധാനമായി മൂന്നു വീക്ഷണങ്ങളാണുള്ളത് :
1.നിയമങ്ങള്‍ തന്നെ മസ്തിഷ്‌കത്തില്‍ മൂര്‍ത്തമായി ഘടിപ്പിക്കപ്പെട്ടിരിക്കുന്നു. മുതിര്‍ന്നവരുടെ സംസാരം കേള്‍ക്കുമ്പോള്‍ ഈ വ്യവസ്ഥ സക്രിയമാക്കപ്പെടുന്നു.
2.കേള്‍വിയുടെ സഹായത്തോടെ ഭാഷാനിയമങ്ങള്‍ സ്ഥിതി വിവര ഗണിത പ്രകാരം സ്വാംശീകരിക്കപ്പെടുന്നു.
3.നിയമങ്ങള്‍ ആര്‍ജിക്കാനുള്ള ശേഷി നൈസര്‍ഗികമാണ്. ഈ ശേഷി സമ്മാനിക്കുന്നത് ലാംഗ്വേജ് അക്വിസിഷന്‍ ഡിവൈസ് (LAD)ആണ്. ഇതു മനുഷ്യര്‍ക്കുണ്ട്.മനുഷ്യക്കുരങ്ങനില്ല.
പരിചിതമല്ലാത്ത ഭാഷ സംസാരിക്കുന്ന ഇടങ്ങളില്‍ ജീവിക്കുന്നവര്‍ പിജിന്‍(Pidgin) എന്ന ഭാഷാഭേദം വികസിപ്പിച്ചെടുക്കുന്നു. പിജിന്‍ ഭാഷയാല്‍ ചുറ്റപ്പെട്ട പശ്ചാത്തലത്തില്‍ വളരുന്ന ആദ്യ തലമുറയില്‍പെട്ട കുട്ടികള്‍ ക്രമേണ ക്രിയല്‍(Creole) എന്നറിയപ്പെടുന്ന; കവിതയും കഥയും നോവലും ഒക്കെ രചിക്കാന്‍ തക്ക വഴക്കവും ശരിയായ പദവിന്യാസഘടനയുമുള്ള സമ്പൂര്‍ണ്ണ ഭാഷയിലേക്കു മാറുന്നു. ഭാഷയില്‍ നിന്നും തുടര്‍ച്ചയായി ക്രിയലുകള്‍ ഉണ്ടാകുന്നത് LAD ന്റെ ശക്തമായ തെളിവാണ്.
കാഴ്ചയ്ക്കും ശബ്ദത്തിനുമുള്ള ആകാരവടിവ് പേശി സങ്കോചത്തിലൂടെ ശബ്ദവടിവായി തര്‍ജ്ജമ ചെയ്യുന്ന അമൂര്‍ത്തമായ ഒരു സഹജ സങ്കേതം(Built-in -Abstraction device) മസ്തിഷ്‌കത്തില്‍ ഉണ്ടെന്ന വാദമാണ് വി.എസ്.രാമചന്ദ്രന്‍ മുന്നോട്ടുവയ്ക്കുന്നത്.വായ,കൈ എന്നിവയുമായി ബന്ധപ്പെട്ട കോര്‍ട്ടെക്‌സിലെ ഭാഗങ്ങള്‍ അടുത്തടുത്ത് വരുന്നതിനാല്‍ കയ്യിലേക്കും വായിലേക്കുമുള്ള സിഗ്‌നലുകളുടെ കാര്യത്തില്‍ അതിര്‍ത്തി ലംഘിച്ചുള്ള ഒഴുക്ക് (Spill over of signals)സംഭവിക്കുന്നുണ്ടാകണം. ഇതിന് സിന്‍കിനേഷ്യ (syn -എന്നാല്‍ കൂടെ, kinesia എന്നാല്‍ ചലനം )എന്ന പദമാണ് അദ്ദേഹം നല്‍കിയിരിക്കുന്നത്.വി.എസ്. രാമചന്ദ്രന്റെ അഭിപ്രായത്തില്‍ സിന്‍കിനേഷ്യ ആണ് ഭാഷാ സമ്പത്തിന്റെ ആദ്യ വിത്തുകള്‍ പാകിയതും അതുവഴി പദസമ്പത്തിന്റെ നിര്‍മ്മാണത്തിനും പിന്നീട് അങ്ങോട്ടുള്ള ഭാഷാ വികസനത്തിന് വഴിമരുന്നിട്ടതും.’കൈകൊണ്ടോ വായകൊണ്ടോ അല്ലെങ്കില്‍ രണ്ടും ഉപയോഗിച്ചോ ചെയ്യുന്ന പ്രവൃത്തികള്‍ ഉത്തേജിപ്പിക്കുന്ന ചാലക നാഡിയാണ് മിറര്‍ ന്യൂറോണ്‍ അഥവാ കണ്ണാടി നാഡി . ഒരാള്‍ ഒരു പ്രവൃത്തി ചെയ്യുമ്പോള്‍ ഉണരുന്ന ന്യൂറോണുകള്‍ അതേ പ്രവൃത്തി നോക്കിനില്‍ക്കുന്ന മറ്റൊരാളിലും ഉണര്‍ന്നു പ്രവര്‍ത്തിക്കും. ഇപ്രകാരം ചാലകധര്‍മ്മവും വീക്ഷണധര്‍മ്മവും ഒരുമിച്ച് ചെയ്യുന്ന നാഡീകോശങ്ങളെയാണ് മിറര്‍ ന്യൂറോണുകള്‍ എന്ന് പറയുന്നത്.( ഗിരീഷ് പി. എം.,2016:13). കണ്ണാടി നാഡിക്ക് ഉണ്ടാകുന്ന ക്ഷതം ഭാഷാശേഷിയെ നഷ്ടപ്പെടുത്തുന്നു.
വൈകാരിക ശബ്ദങ്ങള്‍ (മുരളല്‍,നിലവിളി തുടങ്ങിയവ) ജീവികള്‍ക്കുണ്ടാകുന്നത് മസ്തിഷ്‌കത്തിന്റെ വലതു ഭാഗത്തുനിന്നാണ്. വിശേഷിച്ചും ആന്റീരിയര്‍ സിംഗുലേറ്റ് (Anterior Cingulate)എന്ന ലിമ്പിക് വ്യവസ്ഥയുടെ ഭാഗത്തുനിന്നും ജീവികള്‍ വൈകാരിക ശബ്ദം പുറപ്പെടുവിക്കുന്ന സമയത്ത് കൈകാലുകള്‍ കൊണ്ടുള്ള ആംഗ്യങ്ങള്‍ വാചികവും വദനപരവുമായ ചലനങ്ങളിലൂടെ അനുകരിക്കുകയും ഒപ്പം വൈകാരിക ശബ്ദങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്താല്‍ വാക്കുകള്‍(Words) ഉണ്ടാകും . ഇങ്ങോട്ട്, ഇവിടെ എന്നൊക്കെ പറയുമ്പോള്‍ വിരലുകള്‍ നമ്മുടെ ദിശയിലേക്ക് മടക്കുന്നു. നാക്ക് വളഞ്ഞൊടിഞ്ഞ് അണ്ണാക്കില്‍ സ്പര്‍ശിക്കുന്നു. ഇത് സിന്‍കിനേഷ്യയുടെ ഉദാഹരണമാണ്.
മസ്തിഷ്‌കത്തിലെ ഗ്രഹണപ്രക്രിയയുടെ ചില സവിശേഷതകള്‍ നിമിത്തം സിനസ്‌തേഷ്യ എന്ന ഒരു സവിശേഷ അവസ്ഥ ഉണ്ടാകുന്നു. സിനസ്‌തേഷ്യ എന്നാല്‍ സംഖ്യയുടെ ദൃശ്യപ്രകൃതി (visual appearance)മൂലം ഉളവാക്കപ്പെടുന്ന അസ്സല്‍ ഗ്രഹണ പ്രതിഭാസം(Genuine Sensory Phenomenon) ആണ്.സംഖ്യയുടെ ആശയപരമായ സങ്കല്‍പ്പമല്ല മറിച്ച്, അതിന്റെ ലിപി ഘടനയാണ് സിനസ്‌തേഷ്യയില്‍ പ്രധാനം .സംവേദനം(Sensation), അവബോധം(Perception), വികാരം(Emotion) എന്നിവയുടെ സവിശേഷമായ ഒരു മായിക മിശ്രണമാണ് സിനസ്‌തേഷ്യയ്ക്ക് നിദാനം. ആയിരത്തിലോ പതിനായിരത്തിലോ ഒരാള്‍ക്കാണ് സെന്‍സേഷന്‍ ഉണ്ടാവുക. സാധാരണ ഭാഷ നിറയെ സിനസ്‌തെറ്റിക് രൂപക ങ്ങളാണ്.ചൂടന്‍ പെണ്‍കുട്ടി(Hot girl),പരന്ന രുചി(Flat Taste) ,രുചിക്ക് അനുസൃതമായി വേഷം ധരിക്കുക(Tastefully Dressed) തുടങ്ങിയവ ഉദാഹരണങ്ങളാണ്. സിനസ്‌തേഷ്യ ഉള്ളവര്‍ പ്രകാശനത്തിനായി ദുരൂഹ ഭാഷണമോ രൂപകമോ ഉപയോഗിക്കുന്നു.LSD പോലുള്ള വിഭ്രമജനക ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്ന പലര്‍ക്കും ദൃശ്യാനുഭവം ഉണ്ടാകുന്നു. നിലവിലുള്ള ചില സവിശേഷ നാഡീബന്ധങ്ങളെ സവിശേഷമായി ഉത്തേജിപ്പിക്കാന്‍ ഇത്തരം ലഹരി വസ്തുക്കള്‍ക്ക് കഴിയുന്നു.
മസ്തിഷ്‌കത്തിലെ ഭാഷയുമായി ബന്ധപ്പെട്ട വിവിധ ഭാഗങ്ങളില്‍ ഉണ്ടാകുന്ന ക്രമക്കേടുകള്‍ ഭാഷണശേഷിയെ ബാധിക്കുന്ന വിവിധ രോഗങ്ങള്‍ക്കു കാരണമാകുന്നുണ്ട് . അടുത്ത 40 വര്‍ഷത്തിനുള്ളില്‍ ആയുര്‍ദൈര്‍ഘ്യം 50% കുറയ്ക്കും എന്ന് പ്രതീക്ഷിക്കുന്ന ന്യൂറോ പത്തോളജിക്കല്‍ ഡിസോഡര്‍ ആണ് അല്‍ഷീമെര്‍ ഡിമെന്‍ഷ്യ. 65 വയസ്സിന്മേല്‍ പ്രായമുള്ളവരില്‍ 57% പേര്‍ക്ക് ഡിമെന്‍ഷ്യ രോഗം ഉണ്ട്. ഓര്‍മ്മക്കുറവാണ് അല്‍ഷിമേഴ്‌സ് രോഗത്തിന്റെ പ്രധാന ലക്ഷണമെങ്കിലും ഭാഷാ വൈകല്യം ഒരു പ്രധാന പ്രശ്‌നമാണ്. സെമാന്റിക് വൈകല്യം, ശബ്ദ വൈകല്യം, വാക്യഘടനാ വൈകല്യം, വിവര വൈകല്യം എന്നിവയ്ക്ക് അല്‍ഷിമേഴ്‌സ് കാരണമാകുന്നു. ഒരു ഡിമെന്‍ഷ്യ രോഗിക്ക് ചിന്താശേഷി മന്ദഗതിയിലാകുന്നു. കാരണം അത് ഭാഷയെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗങ്ങളെ തകരാറിലാക്കുന്നു .ശ്രദ്ധ കേന്ദ്രീകരിക്കാനോ യോജിച്ച രീതിയില്‍ മറുപടി നല്‍കാനോ സാധിക്കുകയില്ല .വളരെ താമസിച്ചായിരിക്കും അവരുടെ പ്രതികരണങ്ങള്‍. അതുപോലെതന്നെ വാക്യം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ പോകുന്നു. എഫ് .ടി .ഡി ഫ്രണ്ട് ടെമ്പറല്‍ ഡിമെന്‍ഷ്യ ഉള്ളവര്‍ക്ക് വളരെ നേരത്തെ തന്നെ ഭാഷയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു.ശരിയായ വാക്ക് അവര്‍ക്ക് കണ്ടെത്താന്‍ സാധിക്കുകയില്ല. പലപ്പോഴും അനുബന്ധ വാക്കുകളാണ് അവര്‍ ഉപയോഗിക്കുക. ഉദാഹരണമായി പത്രത്തിന് പകരം പുസ്തകം. വാക്കുകള്‍ക്ക് പകരമായി വസ്തുക്കളുടെ പേര് പലപ്പോഴും സൂചിപ്പിക്കുന്നു. അര്‍ത്ഥമില്ലാത്ത വാക്കുകള്‍, തെറ്റായ ക്രമത്തില്‍ കൂട്ടിച്ചേര്‍ത്ത വാക്കുകള്‍ എന്നിവ ഉപയോഗിക്കല്‍ അവരുടെ ലക്ഷണമാണ്. കുട്ടിക്കാലത്ത് പഠിച്ച ആദ്യ ഭാഷയിലേക്ക് അവര്‍ മടങ്ങുന്നു.
പി.ഡി.സി.പാര്‍ക്കിന്‍സണ്‍സ് രോഗികള്‍ക്ക് പദസമുച്ചയത്തിന്റെ ദൈര്‍ഘ്യം ഗണ്യമായി കുറയുകയും മോട്ടോര്‍ സംഭാഷണ വൈകല്യങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. ഉച്ചരിച്ച അക്ഷരങ്ങളിലെ പാരാഫാസിക്ക് പിശകുകള്‍ പി.എ.രോഗികളെ എ.ഡി. രോഗികളില്‍ നിന്ന് വേര്‍തിരിക്കുന്നു . പി.എ.ഗ്രൂപ്പിന് അക്ഷരങ്ങളുടെ ലോമ്പ്യൂളിന്റെ മുന്‍ഭാഗത്തുള്ള സുപ്രമാര്‍ജിനില്‍ ജൈറസിന് തകരാറ് സംഭവിച്ചാല്‍ അപ്രാക്സ്സിയ(Apraxia) എന്ന അസുഖമാണ് ഉണ്ടാവുക. ഇവിടെ ഭാഷ മനസ്സിലാക്കാന്‍ സാധിയ്ക്കും .എന്നാല്‍ അനുകരണശേഷി നഷ്ടപ്പെടുന്നു.
അനോമിയ രോഗികള്‍ക്ക് വാക്കുകളുടെ തെരഞ്ഞെടുപ്പിലും ഉപയോഗത്തിലും ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്. ഉചിതമായ പദം കണ്ടെത്താനുള്ള പ്രയാസം ആണ് ഇവര്‍ നേരിടുന്നത്.യഥാര്‍ത്ഥ വാക്കിനുപകരം അവര്‍ ബന്ധപ്പെട്ട മറ്റൊന്ന് ഉദാഹരണമായി, ‘പശു’ എന്നതിന് പകരം പൂച്ച എന്ന് അതല്ലെങ്കില്‍ വിചിത്രവും പരിഹാസ്യവുമായ തരത്തില്‍ വാക്കുകള്‍ പുനര്‍നിര്‍വ്വചിക്കും. ഒരു കാര്യത്തിന് തെറ്റായ പേര് നല്‍കുന്നതോടെ അതിന്റെ ദൃശ്യാനുഭവവും അട്ടിമറിക്കപ്പെടുന്നു. ഒരു വസ്തുവിന്റെ പേര് വെറുമൊരു വാക്കല്ല ആ വസ്തുവുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങളുടെ ശേഖരം കൂടിയാണ് .
ബ്രൊക്കാസ് അഫേസിയ (Broca’s Aphasia)എന്നറിയപ്പെടുന്ന വൈകല്യം വന്നാല്‍ സംസാരശേഷി നഷ്ടപ്പെടും. ഇടത് ഫ്രണ്ടല്‍ ലോബില്‍ പരേറ്റല്‍ ഫ്രെണ്ടല്‍ ലോമ്പുകളെ വേര്‍തിരിക്കുന്ന വലിയ വിടവിന്റെ ഭാഗത്താണ് ക്ഷതം സംഭവിക്കുക. ഇങ്ങനെ വന്നാല്‍ സംസാരം മന്ദഗതിയിലും ആയാസകരവും ആകുന്നു. വ്യാകരണഘടന പലപ്പോഴും നഷ്ടപ്പെടും.ആഴത്തിലുള്ള പദവിന്യാസക്രമം ഇവര്‍ക്ക് ഉണ്ടാക്കാന്‍ ആവില്ല.വാക്കുകളും വാക്യങ്ങളും തമ്മില്‍ യോജിപ്പിക്കുന്ന and, but, if, പോലുള്ള ധര്‍മ്മപരമായ വാക്കുകളുടെ ( Functional Words)ദൗര്‍ലഭ്യം സംസാരത്തില്‍ ഉണ്ടാവും. പദവിന്യാസഘടനയുമായി ബന്ധപ്പെട്ടു കിടക്കുന്ന ബ്രൊക്കാസ് മേഖലയിലെ വെര്‍നിക്കയില്‍ ക്ഷതം സംഭവിച്ചാല്‍ വെര്‍ണിക്ക അഫേസിയാ എന്ന രോഗമാണ് ഉണ്ടാവുക.ഇവര്‍ വ്യാകരണ സാധുക്കളായ വാക്യങ്ങള്‍ യഥേഷ്ടം ഉണ്ടാക്കുമെങ്കിലും ഒന്നിനും അര്‍ത്ഥം ഉണ്ടായിരിക്കുകയില്ല.പ്രത്യക്ഷവും ആവര്‍ത്തിച്ച് ഘടിപ്പിക്കാനുള്ളതുമായ ശേഷി ഇവര്‍ക്കില്ല. സമുച്ചയപദങ്ങള്‍ തന്നെ അയഞ്ഞ രീതിയിലാണ് ഉപയോഗിക്കുന്നത്.ബന്ധമില്ലാത്ത – അര്‍ത്ഥമില്ലാത്ത വാക്യങ്ങള്‍ ആയിരിക്കും അവ.
ഇടത് ഇന്‍ഫീരിയില്‍ പരേറ്റല്‍ ലോമ്പ്യൂളിന് (Left Inferior parietal Lobule/IPL)ക്ഷതം ഏല്‍ക്കുന്നവര്‍ക്ക് രൂപകങ്ങള്‍ വ്യാഖ്യാനിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നു. രൂപകങ്ങള്‍ ഒരുതരം പ്രതീതി -യാഥാര്‍ത്ഥ്യ നിര്‍മ്മിതി നടത്താനുള്ള അനുവാദം മസ്തിഷ്‌കത്തിന് നല്‍കുന്നുണ്ടാവും.സ്‌കിസോഫ്രീനിയ രോഗികള്‍ പഴമൊഴികളും രൂപകങ്ങളും തെറ്റായി വ്യാഖ്യാനിക്കുന്നു. ഒരു വ്യക്തിയുടെ ടെമ്പററല്‍ ലോബുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചാല്‍ വാക്കുകളുടെ അര്‍ത്ഥം മനസ്സിലാക്കാന്‍ സാധിക്കുകയില്ല. ആവശ്യമുള്ളപ്പോള്‍ ഭാഷ ഉപയോഗിക്കാനും ആവുകയില്ല. സാധാരണയായി ഉപയോഗിക്കാത്തതും അടുത്ത് നേടിയതുമായ വാക്കുകള്‍ അവര്‍ക്ക് നഷ്ടപ്പെട്ടുപോകുന്നു. ഒരു വ്യക്തി ചെറുപ്രായത്തില്‍ പഠിച്ച അടിസ്ഥാന വാക്കുകള്‍ വളരെക്കാലം സൂക്ഷിച്ചുവയ്ക്കുന്നു.
2050 ഓടെ 131 ദശലക്ഷം എ.ഡി. രോഗികള്‍ ഉണ്ടാകുമെന്നാണ് പ്രവചനം. ലോകത്തിലെ 83 പേരില്‍ ഒരാള്‍ ഈ രോഗത്തിന് അടിമയാകും .മനുഷ്യനെ ഇതര ജീവികളില്‍ നിന്നു വ്യത്യസ്തനാക്കുന്ന പ്രധാന ഘടകമായ ഭാഷയാണ് വാസ്തവത്തില്‍ എല്ലാ മനുഷ്യ പുരോഗതിക്കും നിദാനമായി നിലകൊള്ളുന്നത്.ഒരു വ്യക്തിയുടെ ജീവിതം സുഗമമായി നയിക്കാന്‍ ഭാഷാശേഷി ആവശ്യമാണ്. അതിനാല്‍ മനുഷ്യരാശിയെ ഗുരുതരമായി ബാധിക്കുന്ന എ.ഡി. രോഗവും മറ്റ് മസ്തിഷ്‌ക രോഗങ്ങളും സൂചന ലഭിക്കുമ്പോളോ അല്ലെങ്കില്‍ മുന്‍കൂട്ടിയോ കണ്ടെത്തുകയും പ്രത്യേകശ്രദ്ധ നല്കി പരിചരിക്കേണ്ടതും ചികിത്സിക്കേണ്ടതുംഅത്യന്താപേക്ഷിതമാണ്.മസ്തിഷ്‌ക്കത്തിന്നുണ്ടാകുന്ന പരിക്ക്,ബ്രെയിന്‍ ട്യൂമര്‍ ,കേന്ദ്ര നാഡീവ്യൂഹത്തിന്നുണ്ടാകുന്ന പരിക്ക്,ഓട്ടിസം ,സെറിബ്രല്‍ പാള്‍സി,ഡൌണ്‍ സിന്‍ഡ്രോം തുടങ്ങിയ രോഗങ്ങളും ഭാഷാ വൈകല്യത്തിന് കാരണമാകുന്നു. ഇവയെല്ലാം വഴിയുണ്ടാകുന്ന ഭാഷാശേഷി കുറവും പരിഹരിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് ഈ പഠനം വിരല്‍ചൂണ്ടുന്നു.
സഹായക ഗ്രന്ഥങ്ങള്‍
1. കര്‍ത്താ സി.സി. (എഡി.),ആരോഗ്യപ്രശ്‌നങ്ങള്‍ ഈ നൂറ്റാണ്ടില്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്,മാര്‍ച്ച്,2003.
2.ഗിരീഷ് പി. എം., ജോര്‍ജ് ലക്കോഫ് ഭാഷയുടെ രാഷ്ട്രീയ മനസ്സ്, ചിന്താ പബ്ലിക്കേഷന്‍സ്, തിരുവനന്തപുരം, 2016.
3 ഗിരീഷ് പി. എം.,ന്യൂറോ സൗന്ദര്യ ശാസ്ത്രം, വള്ളത്തോള്‍ വിദ്യാ പീഠം, നാഷണല്‍ ബുക്ക് സ്റ്റാള്‍, കോട്ടയം, 2016.
4.പരമേശ്വരന്‍ എം.പി.,ജീവരേഖ ,കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, തൃശ്ശൂര്‍,2006.
5. ബേബി എം.എ. (എഡി.),നോം ചോംസ്‌കി നൂറ്റാണ്ടിന്റെ മന:സാക്ഷി, ഡി.സി.ബുക്‌സ്, കോട്ടയം,2001.
6 രാമചന്ദ്രന്‍ വി.എസ്., മസ്തിഷ്‌കം കഥ പറയുന്നു , രവിചന്ദ്രന്‍ സി. (വിവ.), ഡി.സി. ബുക്‌സ്,2018.

ഡോ .ബ്രിന്‍സി മാത്യു
അസ്സോ.പ്രൊഫസര്‍ , ദേവമാതാ കോളേജ്, കുറവിലങ്ങാട് 9446442808