ഡോ. ദീപാമോൾ മാത്യു

Published: 10 Navomber 2025 പുസ്തകപഠനം

ഫോറൻസിക് സർവീസ് സ്റ്റോറികളിലെ ശാസ്ത്രവും ജീവിതവും – ഒരു പോലീസ് സർജന്റെ ഓർമ്മക്കുറിപ്പുകൾ, പോസ്റ്റ്മോർട്ടം ടേബിൾ എന്നീ കൃതികളെ അടിസ്ഥാനമാക്കിയുള്ള പഠനം.

പ്രബന്ധ സംഗ്രഹം

മലയാള സാഹിത്യത്തിലെ പ്രധാനപ്പെട്ട ഒരു വിഭാഗമാണ് ആത്മകഥ. കേവലം ഒരു വ്യക്തിയുടെ ജീവിതത്തിന്റെ അടയാളപ്പെടുത്തൽ മാത്രമല്ല, മറിച്ച്, സമൂഹത്തിന്റെ, ചരിത്രത്തിന്റെ, സംസ്കാരത്തിന്റെ പ്രതിഫലനം കൂടിയാണത്. ആത്മകഥയുടെ ഒരു പ്രത്യേക ഉപവിഭാഗമായി സർവീസ് സ്റ്റോറികളെ കാണാം. തൊഴിൽപരമായ സേവന മേഖലയിലെ അനുഭവങ്ങളെ അടിസ്ഥാനമാക്കി എഴുതപ്പെടുന്ന രചനകളാണ് സർവീസ് സ്റ്റോറികൾ. രചയിതാക്കളുടെ ഔദ്യോഗിക ജീവിതത്തിലെ അവിസ്മരണീയമായ സംഭവങ്ങൾ, വ്യക്തിബന്ധങ്ങൾ, രാഷ്ട്രീയപരവും സാമൂഹികപരവുമായ രഹസ്യങ്ങൾ, ഏറ്റുപറച്ചിലുകൾ തുടങ്ങിയ കാര്യങ്ങളെ സത്യസന്ധമായും ആത്മനിഷ്ഠാപരമായും സർവീസ് സ്റ്റോറികൾ അവതരിപ്പിക്കുന്നു. വെല്ലുവിളികൾ നിറഞ്ഞ ഒരു സേവനമേഖലയാണ് ഫോറൻസിക് സയൻസ്. ഫോറൻസിക് സർവീസ് സ്റ്റോറികൾക്ക് ഈ മേഖലയിൽ വ്യത്യസ്തവും അപൂർവവുമായ സ്ഥാനമുണ്ട്. സാമൂഹിക സാഹിത്യ ചരിത്രത്തിനും കുറ്റാന്വേഷണത്തിനും വലിയ സംഭാവനകൾ നൽകുന്നുണ്ട് ഈ വിഭാഗം. ഒരു ഫോറൻസിക് വിദഗ്ധന്റെ സർവീസ് അനുഭവങ്ങളെ വ്യക്തിപരമായും, നിയമം, സമൂഹം, കുറ്റാന്വേഷണം, മനുഷ്യാവസ്ഥ തുടങ്ങിയവയെ അടിസ്ഥാനമാക്കിയും വെളിവാക്കപ്പെടുകയാണ് ഫോറൻസിക് സർവീസ് സ്റ്റോറികളിൽ. മലയാള സാഹിത്യത്തിൽ അധികമാരും കൈവെച്ചിട്ടില്ലാത്ത ഈ മേഖലയിലെ രണ്ട് പ്രധാനപ്പെട്ട കൃതികളാണ് ഡോ. ബി ഉമാദത്തന്റെ ‘ഒരു പോലീസ് സർജന്റെ ഓർമ്മക്കുറിപ്പുകളും’ ഡോ. ഷേർലി വാസുവിന്റെ ‘പോസ്റ്റുമോർട്ടം ടേബി’ളും. ഈ രണ്ട് പുസ്തകങ്ങളിലും എഴുത്തുകാർ തങ്ങളുടെ ഔദ്യോഗിക ജീവിതത്തിലെ സംഭവങ്ങളെ ആധാരമാക്കി, ശാസ്ത്രീയ വിശദീകരണങ്ങളും മാനുഷിക വികാരങ്ങളും സമന്വയിപ്പിക്കുന്നു. ഈ കൃതികളെ അടിസ്ഥാനമാക്കി മലയാളത്തിലെ ഫോറൻസിക് സർവീസ് സ്റ്റോറികളുടെ സാഹിത്യപരവും സാമൂഹ്യ-ശാസ്ത്രപരവുമായ പ്രസക്തി വിലയിരുത്തുകയാണ് ഈ പ്രബന്ധത്തിന്റെ ലക്ഷ്യം.

താക്കോൽ വാക്കുകൾ: ആത്മകഥാ സാഹിത്യം, സർവീസ് സ്റ്റോറി, ഫോറൻസിക് സർവീസ് സ്റ്റോറി, പോസ്റ്റ്മോർട്ടം അനുഭവരേഖകൾ, ഡോ. ബി ഉമാദത്തൻ, ഡോ. ഷേർലി വാസു

ആത്മകഥയും സർവീസ് സ്റ്റോറിയും:

ഒരു വ്യക്തി തന്റെ ജീവിതകഥയെ സ്വയം അടയാളപ്പെടുത്തുന്നതിനെയാണ് ആത്മകഥ എന്ന് പറയുന്നത്. അത് വ്യക്തിജീവിതത്തിന്റെ സമഗ്ര രേഖയാണ്. എന്നാൽ, സർവീസ് സ്റ്റോറി ഒരു വ്യക്തി തന്റെ തൊഴിൽപരമായ സേവന ജീവിതത്തെ കേന്ദ്രീകരിച്ച് എഴുതുന്ന അനുഭവങ്ങളുടെ സാഹിത്യരൂപമാണ്. ഇത് ആത്മകഥയുടെ ഒരു ഉപരൂപമാണ്. സർക്കാർ ഉദ്യോഗസ്ഥർ, അധ്യാപകർ, പോലീസ് ഉദ്യോഗസ്ഥർ, സൈനികർ, രാഷ്ട്രീയ – സാമൂഹിക സേവകർ, നിയമ വിദഗ്ധർ, ഡോക്ടർ, തുടങ്ങി വിവിധ സേവനമേഖലയിൽ പ്രവർത്തിക്കുന്നവർ തങ്ങളുടെ ജീവിതാനുഭവങ്ങളെ അവതരിപ്പിക്കുകയാണ് സർവീസ് സ്റ്റോറികളിലൂടെ ചെയ്യുന്നത്. ആത്മകഥയ്ക്കും ഓർമ്മക്കുറിപ്പുകൾക്കും ഇടയിലാണ് സർവീസ് സ്റ്റോറികളുടെ സ്ഥാനം. ഓർമ്മകളുടെ ശേഖരമായാണ് സർവീസ് സ്റ്റോറികളെ കണക്കാക്കപ്പെടുന്നത്. സർവീസ് സ്റ്റോറികൾ വ്യക്തിപരമായ ജീവിതം മാത്രമല്ല, ജോലി-സ്ഥാപന-സാമൂഹിക ബന്ധങ്ങളും ഉൾക്കൊള്ളുന്നു. ഇതിൽ ഒരു വ്യക്തിയുടെ ആത്മാവബോധം സമൂഹത്തിന്റെ കൂട്ടാനുഭവവുമായി ചേരുന്നു.

ചരിത്ര പശ്ചാത്തലം:

മലയാള സാഹിത്യത്തിൽ രേഖപ്പെടുത്തപ്പെട്ട സർവീസ് സ്റ്റോറികൾ സാധാരണയായി അധ്യാപനം, ഭരണവ്യവസ്ഥ, നിയമവ്യവസ്ഥ, സാമൂഹിക സേവനം എന്നീ മേഖലകളുമായി ബന്ധപ്പെട്ടാണ് നിലകൊള്ളുന്നത്. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലാണ് സർവീസ് സ്റ്റോറികൾ മലയാളത്തിൽ വളർച്ചപ്രാപിച്ചത്. ഭരണകൂടസേവനങ്ങളിൽ, പ്രധാനമായും സിവിൽ സർവീസ് മേഖലകളിൽ പ്രവർത്തിച്ചിരുന്ന മലയാളികൾ തങ്ങളുടെ തൊഴിലിടങ്ങളിലെ അനുഭവങ്ങളെ സാഹിത്യരൂപത്തിൽ പ്രസിദ്ധപ്പെടുത്തിയതോടെതാണ് ഈ വിഭാഗത്തിന്റെ ആരംഭം. ഭരണകൂട വിമർശനം, ഹാസ്യാത്മകത, തീക്ഷ്ണമായ അനുഭവങ്ങളുടെ വൈകാരികത, സാമൂഹിക പ്രശ്നങ്ങൾ, രാഷ്ട്രീയ വിമർശനം തുടങ്ങിയവയുടെ പ്രതിഫലനമാണ് സർവീസ് സ്റ്റോറികൾ. ആദ്യകാല സർവീസ് സ്റ്റോറികൾ രാഷ്ട്രീയ- ഭരണകൂട ആത്മകഥകളുടെ വിപുലീകരണം മാത്രമായിരുന്നു. പിന്നീടാണ് വ്യക്തിഗത അനുഭവങ്ങൾക്ക് ഊന്നൽ നൽകിയ സർവീസ് സ്റ്റോറികൾ രംഗത്തുവരുന്നത്. മലയാള സാഹിത്യത്തിലെ പ്രശസ്തമായ സർവീസ് സ്റ്റോറികളായ ‘സർവീസ് സ്റ്റോറി: എന്റെ ഐ.എ.എസ് ദിനങ്ങൾ’ (മലയാറ്റൂർ രാമകൃഷ്ണൻ), ‘നിർഭയം: ഒരു ഐ. പി. എസ്. ഓഫീസറുടെ അനുഭവക്കുറിപ്പുകൾ’ (ഡോ. സിബി മാത്യൂസ്) എന്നിവ ഇതിന് ഉദാഹരണങ്ങളാണ്.

മലയാളത്തിലെ സർവീസ് സ്റ്റോറികളുടെ ചരിത്രപരമായ വളർച്ചയുടെ ഘടനയെ ഇങ്ങനെ അടയാളപ്പെടുത്താം. ഭരണവ്യവസ്ഥയിലെ എഴുത്തുകാരുടെ അനുഭവങ്ങൾ – ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ വിരമിച്ചതിനുശേഷം എഴുതി പ്രസിദ്ധീകരിച്ച അനുഭവകഥകൾ – വിദ്യാഭ്യാസ സാംസ്കാരിക പ്രവർത്തകരുടെ ഓർമ്മക്കുറിപ്പുകൾ – സാമൂഹിക സേവനരംഗത്ത് പ്രവർത്തിച്ചവരുടെ ആത്മകഥാപരമായ രേഖകൾ. മലയാളത്തിലെ സർവീസ് സ്റ്റോറികൾക്ക് ചില പൊതുസവിശേഷതകൾ കാണാം. ഔദ്യോഗിക ജീവിതത്തിലെ സംഭവങ്ങളുടെ വിവരണമായതിനാൽ യാഥാർത്ഥ്യബോധം, സാമൂഹിക നിരീക്ഷണം, രാഷ്ട്രീയവും ഭരണവും സേവനവുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ ചരിത്രപരമായ രേഖപ്പെടുത്തൽ, വ്യക്തിപരവും പൊതുവുമായ അനുഭവങ്ങളുടെ കൂട്ടിച്ചേർക്കൽ, സാമൂഹിക പ്രശ്നങ്ങളോടുള്ള എഴുത്തുകാരന്റെ കാഴ്ചപ്പാട് എന്നിവ സർവീസ് സ്റ്റോറികളിൽ പൊതുവാണ്.

ഫോറെൻസിക് സർവീസ് സ്റ്റോറി:

സർവീസ് സ്റ്റോറികൾ വ്യക്തിപരമായ ജീവിതം മാത്രമല്ല, തൊഴിൽ- സ്ഥാപന- സാമൂഹിക ബന്ധങ്ങളും ഉൾക്കൊള്ളുന്നു. ഒരു വ്യക്തിയുടെ ആത്മാവബോധം സമൂഹത്തിന്റെ കൂട്ടാനുഭവവുമായി ചേരുകയാണ് അതിൽ. ഫോറൻസിക് സർവീസ് സ്റ്റോറികൾ ഇതിൽ പുതുമ കൊണ്ടുവന്നു. കാരണം, മറ്റ് സർവീസ് സ്റ്റോറികളിൽ നിന്ന് വ്യത്യസ്തമായി മരണത്തിന്റെ സംസ്കാരശാസ്ത്രം, കുറ്റാന്വേഷണത്തിന്റെ നിയമശാസ്ത്രം, മനുഷ്യാവസ്ഥകളുടെ വൈകാരികതലം തുടങ്ങിയവ ഈ വിഭാഗത്തിൽ ഒന്നിച്ച് പ്രത്യക്ഷപ്പെടുന്നു. സർവീസ് സ്റ്റോറികളുടെ ഒരു ഉപവിഭാഗം മാത്രമാണ് ഫോറൻസിക് സർവീസ് സ്റ്റോറികൾ. എങ്കിലും, ഈ ശാസ്ത്രീയ മേഖലയിൽ നിന്നുള്ള സർവീസ് സ്റ്റോറികൾ വളരെ അപൂർവവും സുപ്രധാനസ്ഥാനവും ഉള്ളതാണ്. ഒരു ഫോറൻസിക് വിദഗ്ധന്റെ അനുഭവങ്ങൾ മറ്റേതൊരു ആളുടെയും ജീവിതത്തിൽ നിന്ന് വളരെ വ്യത്യസ്തമാണ്.

മനുഷ്യജീവിതത്തിന്റെ അവസാന ഘട്ടമായ മരണം അതിന്റെ അനിശ്ചിതത്വവും അനിർവചനീയതയും കൊണ്ട് എന്നും ശ്രദ്ധാകേന്ദ്രിതമായ ഒരു വിഷയമാണ്. ഫോറൻസിക് സയൻസ് മരണവുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാൽ ഫോറൻസിക് സർവീസ് സ്റ്റോറികളിലെ ആത്മകഥാപരമായ രേഖപ്പെടുത്തലുകൾക്ക് സാഹിത്യത്തിലും സാമൂഹികചരിത്രത്തിലും പ്രത്യേകമായ സ്ഥാനം നൽകി. ഒരു ഫോറൻസിക് വിദഗ്ധന്റെ അനുഭവങ്ങൾ നിയമം, സമൂഹം, കുറ്റാന്വേഷണം, മരണത്തിന്റെ വിവിധ വശങ്ങൾ, മനുഷ്യാവസ്ഥ തുടങ്ങിയവയെ ഒരുമിച്ച് വെളിപ്പെടുത്തുന്നുണ്ട്. ഡോ. ബി. ഉമാദത്തന്റെ ‘ഒരു ഫോറൻസിക് സർജന്റെ ഓർമ്മക്കുറിപ്പുകളും’ ഡോ. ഷേർലി വാസുവിന്റെ ‘പോസ്റ്റുമോർട്ടം ടേബിളും’ മലയാളത്തിലെ ഫോറൻസിക് സർവീസ് സ്റ്റോറികളിലെ നാഴികക്കല്ലുകളാണ്. രണ്ടും ഒരേ മേഖലയിൽ നിന്നുള്ളവയായിരുന്നിട്ടും അവയുടെ ആഖ്യാനശൈലി, വിഷയാവതരണം, സാമൂഹിക ഇടപെടൽ എന്നിവയിൽ വലിയ വ്യത്യാസങ്ങളുണ്ട്.

ഫോറൻസിക് രംഗത്തെ പ്രമുഖരുടെ ആത്മകഥകളും സ്മരണരേഖകളും ആധുനികതയുടെ കാലഘട്ടത്തിൽ മലയാളസാഹിത്യത്തിൽ വളർച്ച പ്രാപിച്ചെങ്കിലും അതിന്റെ ആദ്യസ്പുരണങ്ങൾ കേരളത്തിലെ നീതിന്യായ വ്യവസ്ഥയുടെ വളർച്ചയിലാണ്. കുറ്റാന്വേഷണത്തിന്റെ ഭാഗമായി ഫോറൻസിക് സയൻസ് മേഖല വികാസം പ്രാപിച്ചപ്പോൾ ഈ മേഖലയിലെ വിദഗ്ധർ തങ്ങളുടെ ജീവിതത്തിന്റെയും സേവനമേഖലയുടെയും ജനകീയവൽക്കരണം ഓർമ്മക്കുറിപ്പുകളിലൂടെയും ആത്മകഥയുടെ രൂപത്തിലൂടെയും സാധ്യമാക്കി. ഡോ. ഉമാദത്തന്റെയും ഡോ. ഷേർലി വാസുവിന്റെയും കൃതികൾ കുറ്റാന്വേഷണ രംഗത്തെ ഫോറൻസിക് സാധ്യതകളെ പൊതുജനത്തിനു മുമ്പിൽ അവതരിപ്പിച്ചു. ക്രൈം ഫിക്ഷൻ രചയിതാക്കളുടെ ബൈബിളായി ഈ കൃതികൾ മാറി. അന്നുവരെ സമൂഹത്തിന്റെ സാമാന്യചിന്തയിൽനിന്നും മാറിനിന്നിരുന്ന ഫോറൻസിക് സാങ്കേതിക പദങ്ങൾ, വിവിധതരത്തിലുള്ള മരണങ്ങൾക്ക് പിന്നിലെ ശാരീരിക മാനസിക മാറ്റങ്ങൾ, മരണങ്ങളുടെ കാരണം കണ്ടെത്തുന്നതിനുള്ള നടപടിക്രമങ്ങളും വഴികളും, തുടങ്ങി മരണം എന്ന അനിശ്ചിതമായ അവസ്ഥയെ ശാസ്ത്രീയമായി അവർ സാഹിത്യത്തിന്റെ മാർഗത്തിലൂടെ ജനകീയവൽക്കരിച്ചു. യഥാർത്ഥ സംഭവങ്ങളുടെയും വ്യക്തിജീവിതങ്ങളുടെയും സത്യസന്ധമായ ആഖ്യാനത്തിലൂടെ, മലയാളികൾക്ക് പരിചിതമായ കേസുകളുടെ വിശകലനത്തിലൂടെ, മരണത്തിന്റെ നിശബ്ദ ഭാഷയെ അവർ പുസ്തകരൂപത്തിൽ അവതരിപ്പിച്ചു.

മറ്റുള്ള സർവീസ് സ്റ്റോറികളിൽ നിന്ന് ഫോറൻസിക് സർവീസ് സ്റ്റോറികളെ വ്യത്യസ്തമാക്കുന്നത് അവയുടെ ആഖ്യാനം മരണവും ശരീരവുമാണ് എന്നതാണ്. നിയമ – നീതി സംവിധാനവുമായി അടുത്ത ബന്ധം പുലർത്തിക്കൊണ്ട് കൊലപാതകം, ആത്മഹത്യ, അപകടമരണം, പീഡനങ്ങൾ തുടങ്ങിയ നിരവധി സംഭവങ്ങളുടെ വ്യാഖ്യാനത്തിലൂടെ ശാസ്ത്രീയമായ കാഴ്ചപ്പാട് സാഹിത്യത്തിലേക്ക് കൊണ്ടുവരുന്നു.

ഒരു പോലീസ് സർജന്റെ ഓർമ്മക്കുറിപ്പുകൾ – ഡോ. ബി. ഉമാദത്തൻ

കേരള പോലീസിന്റെ മെഡിക്കോ – ലീഗൽ അഡ്വൈസർ ആയിരുന്ന ഡോ. ബി ഉമാദത്തൻ തന്റെ 40 വർഷത്തെ ഔദ്യോഗിക ജീവിതത്തിലെ അനുഭവങ്ങളെ അടിസ്ഥാനമാക്കി കുറ്റാന്വേഷണ ശാസ്ത്രത്തെ പരിചയപ്പെടുത്തിയ കൃതിയാണ് ‘ഒരു പോലീസ് സർജന്റെ ഓർമ്മക്കുറിപ്പുകൾ’. ഇതൊരു ആത്മകഥയല്ലെങ്കിലും ജീവിതത്തിന്റെ വഴിയിലെ നാഴികക്കല്ലുകളെക്കുറിച്ചുള്ള പരാമർശങ്ങൾ പൂർണ്ണതയ്ക്ക് വേണ്ടി ഉൾക്കൊള്ളിക്കേണ്ടി വന്നിട്ടുണ്ട് (7, 2019) എന്ന് ആമുഖത്തിൽ ഗ്രന്ഥകാരൻ സൂചിപ്പിച്ചിട്ടുണ്ട്. മരണത്തിന്റെ മൗനത്തെ വായിച്ചറിയാൻ സാധിക്കുന്ന, ശവശരീരങ്ങൾക്ക് പറയാനുള്ള കഥകൾ കേൾക്കാൻ സാധിക്കുന്ന ഒരു ഫോറൻസിക് വിദഗ്ധന്റെ അനുഭവരേഖയാണിത്. കേരളത്തെ ഞെട്ടിച്ച ചില കേസുകളുടെ വിശകലനത്തിലൂടെ കുറ്റാന്വേഷണ ശാസ്ത്രത്തെയും കുറ്റവാളികളുടെ മനശാസ്ത്രത്തെയും ഒരുപോലെ വിശകലനം ചെയ്യുന്നു. ഫോറെൻസിക് സയൻസ്, മെഡിക്കോ ലീഗൽ വിഭാഗങ്ങളിൽ ഉൾപ്പെടുത്താവുന്നവയാണ് ഡോ. ബി ഉമാദത്തന്റെ മറ്റു കൃതികളായ ‘കുറ്റാന്വേഷണത്തിലെ വൈദ്യശാസ്ത്രം’, ‘കേരളത്തിന്റെ കുറ്റാന്വേഷണചരിത്രം’, ‘അവയവദാനം: അറിയേണ്ടതെല്ലാം’, ‘കപാലം’ എന്നിവ.

ബാല്യകാല അനുഭവങ്ങളിൽ നിന്ന് ആരംഭിക്കുന്ന പുസ്തകം തുടർന്ന്, മെഡിക്കൽ വിദ്യാഭ്യാസം, ആദ്യകാല പോസ്റ്റ്മോർട്ടങ്ങൾ, കോടതി സാക്ഷ്യങ്ങൾ എന്നിവയിലൂടെ വികസിക്കുന്നു. മിസ് കുമാരിയുടെ മരണം, ചാക്കോ വധം, പാനൂർ സോമൻ കേസ്, റിപ്പർ കൊലപാതകങ്ങൾ തുടങ്ങി അഭയ കേസ് വരെയുള്ള സംഭവങ്ങളുടെ പിന്നിലെ യാഥാർത്ഥ്യങ്ങൾ, ഫോറൻസിക് അന്വേഷണങ്ങൾ, മെഡിക്കൽ നിയമവശങ്ങൾ, തുടങ്ങിയവ ഗ്രന്ഥകാരൻ അവതരിപ്പിക്കുന്നു. വിവരണാത്മകവും വിശദവുമായ ആഖ്യാനശൈലിയിൽ ശാസ്ത്രീയ അന്വേഷണത്തിന്റെ കഠിനയാഥാർത്ഥ്യങ്ങൾ സാധാരണക്കാരന് മനസ്സിലാകുന്ന ഭാഷയിലാണ് പങ്കുവെച്ചിരിക്കുന്നത്. സാഹിത്യഭാഷയേക്കാൾ സാമാന്യ ജനതയുടെ ഭാഷയും മെഡിക്കൽ ഭാഷയും ചേർത്ത് അന്വേഷണാത്മകമായ തീവ്രത ലയിപ്പിച്ച് ആകാംക്ഷ ജനിപ്പിക്കുന്ന വായനാനുഭവമാക്കി ഈ സ്മരണരേഖയെ എഴുതുന്നതിൽ ഗ്രന്ഥകാരൻ വിജയിച്ചിട്ടുണ്ട്. ഒരു കുറ്റാന്വേഷണത്തിൽ സംഭവിച്ചേക്കാവുന്ന അപാകതകൾ, അന്വേഷണത്തിന്റെ ഗതികൾ, സമൂഹത്തിന്റെ മനോഭാവങ്ങൾ, നിയമസംവിധാനം നേരിടുന്ന വെല്ലുവിളികൾ എന്നിവ കേസുകളുടെ വിശദാംശങ്ങൾ പറയുന്നതിനോടൊപ്പം വ്യക്തമാക്കിയിട്ടുണ്ട്. കേസുകളുടെ വിശദീകരണം ആഖ്യാനത്തിന്റെ കൃത്യതയെയും വായനക്കാരന്റെ ആകാംക്ഷയെയും വർദ്ധിപ്പിക്കുന്നു. അതോടൊപ്പം അന്വേഷണ സംവിധാനത്തിലെ വീഴ്ചകളും സാമൂഹിക അനീതികളും രാഷ്ട്രീയ സമ്മർദ്ദങ്ങളും ഗ്രന്ഥകാരൻ തുറന്നുകാട്ടുന്നുണ്ട്. ഇതിലൂടെ ഈ പുസ്തകം ആത്മകഥ മാത്രമല്ല, നിയമ സാമൂഹ്യ സംവിധാനത്തിന്റെ വിമർശന വായനയുമാണ്.

ഫോറൻസിക് പ്രക്രിയകളെ ലളിതമായി വിശദീകരിക്കുന്നതിനോടൊപ്പം തെളിവുകളുടെ വ്യാഖ്യാനത്തിലെ ധാർമിക ദ്വന്ദ്വങ്ങളെയും ചൂണ്ടിക്കാണിക്കുന്നു. എസ്. ഐ.സോമന്റെ മരണവുമായി ബന്ധപ്പെട്ട കുറിപ്പും സുകുമാരക്കുറുപ്പ് കേസിന്റെ വിശദീകരണവും ഉദാഹരണമായി കാണാം. അത്യാഗ്രഹം, കാമം, വിദ്വേഷം തുടങ്ങിയ മനുഷ്യവികാരങ്ങൾ എങ്ങനെ കുറ്റകൃത്യങ്ങൾക്ക് കാരണമാകുന്നുവെന്ന് വിശകലനം ചെയ്യുന്നതിലൂടെ കുറ്റകൃത്യങ്ങളുടെ സാമൂഹ്യശാസ്ത്രം വെളിപ്പെടുത്തുന്നു. ഫോറൻസിക് ടെക്നിക്കുകളായ റിഗർ മോർട്ടിസ്, ഹെസിറ്റേഷൻ വൂണ്ട്സ്, വെറ്റ്/ഡ്രൈ ഡ്രൗണിങ്, സൂപ്പർഇമ്പോസിഷൻ, ടോക്സിക്കോളജി അനാലിസിസ് തുടങ്ങിയവ സാധാരണക്കാർക്ക് മനസിലാക്കാവുന്ന രീതിയിൽ വിശദീകരിക്കുന്നു. മാനസികാരോഗ്യത്തിന്റെ പ്രാധാന്യം, സമൂഹത്തിലെ സൈക്യാട്രി സ്റ്റിഗ്മ, പോലീസ് അന്വേഷണങ്ങളിലെ രാഷ്ട്രീയ ഇടപെടലുകൾ എന്നിവയും ചർച്ച ചെയ്യുന്നു. അദ്ദേഹം ഇരകളോടുള്ള സഹാനുഭൂതി പ്രകടിപ്പിക്കുന്നത് പുസ്തകത്തിന്റെ മാനുഷിക ഭാവം വർധിപ്പിക്കുന്നു. ക്രൈംത്രില്ലർ നറേറ്റീവിന്റെ സ്വഭാവം വായനക്കാരെ ആകർഷിക്കുകയും അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥന്റെ കണ്ണിലൂടെ സംഭവങ്ങളെ നോക്കിക്കാണാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

‘ഒരു ഫോറൻസിക് സർജന്റെ ഓർമ്മക്കുറിപ്പുകളെ’ ശാസ്ത്രീയ – നിയമാത്മക രേഖ എന്ന ഗണത്തിൽ പരിഗണിച്ചാൽ മലയാളത്തിലെ സർവീസ് സ്റ്റോറികളിലെ ഗവേഷണാത്മക രേഖപ്പെടുത്തലിന്റെ മാതൃകയായി കണക്കാക്കാം. ഫോറൻസിക് പരിശോധനകൾ സത്യത്തിന്റെ അന്വേഷണമാണ്. ഫോറൻസിക് സർവീസ് സ്റ്റോറി അന്വേഷണരേഖയും. നിരവധി കൊലപാതകക്കേസുകളും ദുരൂഹ മരണങ്ങളും ഈ പുസ്തകത്തിൽ വിശദീകരിച്ചിട്ടുണ്ട്. ഓരോ കേസിനും പിന്നിൽ ശാസ്ത്രീയ അന്വേഷണം മാത്രമല്ല നിയമവും നീതിയും ഉറപ്പുവരുത്താനുള്ള പോരാട്ടവുമുണ്ട്. ഒരു ഡോക്ടർ എങ്ങനെയാണ് കേസുമായി ബന്ധപ്പെടുന്നത്, എന്തൊക്കെ നിയമപരമായ നടപടിക്രമങ്ങളിലാണ് പിന്നീട് അയാൾ ഭാഗമാകേണ്ടിവരുന്നത്, നീതിയും ന്യായവും നിർവഹിക്കപ്പെടുന്നതിൽ ഒരു വിദഗ്ദസാക്ഷി എന്ന നിലയിൽ ഫോറൻസിക് ഡോക്ടറുടെ കടമ എന്താണ് എന്നൊക്കെ തന്റെ സർവീസ് കാലയളവിലെ ആദ്യത്തെ കേസുകളുടെ രേഖപ്പെടുത്തലുകളിൽക്കൂടിത്തന്നെ ബി. ഉമാദത്തൻ വ്യക്തമാക്കുന്നു. ചലച്ചിത്രങ്ങളിൽ മാത്രം കണ്ടു പരിചയമുള്ള, സാക്ഷിക്കൂട്ടിൽ കയറി മൊഴി നൽകുന്ന ഫോറൻസിക് ഡോക്ടർമാരുടെ ചിത്രമല്ല ഉമാദത്തൻ രേഖപ്പെടുത്തുന്നത്.

തന്റെ സർവീസ് കാലയളവിൽ പരിഗണിക്കേണ്ടിവന്ന കേസുകൾ മാത്രമല്ല, വിദേശ രാജ്യങ്ങളിൽ സംഭവിച്ച കേസുകളും തന്റെ അന്വേഷണ പരിധിയിൽ വരാത്ത കേസുകളും കൂടുതൽ വിശദീകരണത്തിനായി നൽകിയിരിക്കുന്നതിലൂടെ ഫോറൻസിക് കുറ്റാന്വേഷണത്തിന്റെ ഒരു പ്രാമാണിക ഗ്രന്ഥം എന്ന നിലയിലേക്ക് ഒരു ഫോറൻസിക് സർജന്റെ ഓർമ്മക്കുറിപ്പുകൾക്ക് ഉയരാൻ സാധിച്ചിട്ടുണ്ട്. ‘മരിച്ചവർ കഥകൾ പറയുന്നു’ എന്ന ആശയത്തെ കേന്ദ്രീകരിച്ച് ഫോറൻസിക് തെളിവുകളുടെ പ്രാധാന്യത്തെ വിവരിക്കുന്നതിലൂടെ തന്റെ സേവനമേഖലയെക്കുറിച്ച് പൊതുജനത്തിന് അവബോധം നൽകാൻ ഗ്രന്ഥകാരന് സാധിച്ചിട്ടുണ്ട്. സങ്കീർണമായ പ്രക്രിയകളെ ലളിതമായി അവതരിപ്പിക്കുന്നത് വായനക്കാരെ ആകർഷിക്കുന്നു. ഇരകളോടുള്ള സഹതാപവും നീതിന്യായതിന്റെ പക്ഷപാതമില്ലാത്ത നിലപാടിന്റെ ആവശ്യകതയും ഊന്നിപ്പറയുമ്പോൾ പൊതുബോധത്തിലേക്ക് മാനുഷിക സഹാനുഭൂതിയെ സന്നിവേശിപ്പിക്കാനാണ് ശ്രമിക്കുന്നത്. കേരളത്തിന്റെ സാമൂഹിക – രാഷ്ട്രീയ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് കുറ്റകൃത്യങ്ങൾക്ക് പിന്നിലെ സാമൂഹിക കാരണങ്ങളെ ചൂണ്ടിക്കാണിക്കുന്നതിലൂടെ സാമൂഹിക വിമർശനവും ഭരണവ്യവസ്ഥയിലെ പോരായ്മകളുടെ വിമർശനവും സാധ്യമാകുന്നു. ശൈലീപരമായി പരിശോധിക്കുകയാണെങ്കിൽ ഓരോ സംഭവങ്ങളെയും ഹ്രസ്വകഥകളെപ്പോലെയാണ് ക്രമീകരിച്ചിരിക്കുന്നത്. പക്ഷേ, ഓർമ്മക്കുറിപ്പുകളുടെ സ്വഭാവമാണ് ആ കഥകളിൽ മുന്നിട്ടു നിൽക്കുന്നത്. ശാസ്ത്രീയമായ കൂടുതൽ വിശദീകരണങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നതുകൊണ്ട് ഒരു വൈജ്ഞാനിക രേഖയായും പരിഗണിക്കാം. ഇത് ഒരു സർവീസ് സ്റ്റോറി മാത്രമല്ല, മനുഷ്യത്വത്തിന്റെ ഇരുണ്ടവശങ്ങൾ വെളിപ്പെടുത്തുന്ന കുറ്റാന്വേഷണ ശാസ്ത്രത്തിന്റെ ഒരു പ്രാക്ടിക്കൽ ഗൈഡ് കൂടിയാണ്.

പോസ്റ്റ്മോർട്ടം ടേബിൾ – ഡോ. ഷേർലി വാസു

മലയാള സാഹിത്യത്തിന്റെ സർവീസ് സ്റ്റോറി വിഭാഗത്തിൽ ഒരു പ്രധാന സ്ഥാനം നേടിയ ‘പോസ്റ്റുമോർട്ടം ടേബിൾ’ കേരളത്തിലെ ആദ്യ വനിതാ ഫോറൻസിക് സർജനായ ഡോ. ഷേർലി വാസുവിന്റെ തൊഴിൽജീവിതത്തിന്റെ ആഖ്യാനമാണ്. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഫോറൻസിക് മെഡിസിൻ വിഭാഗത്തിലെ സീനിയർ സർജനായിരുന്ന അവർ, 30 വർഷത്തിലധികമായി ഏകദേശം 20,000-ത്തിലധികം പോസ്റ്റ്‌മോർട്ടം പരിശോധനകൾ നടത്തിയ അനുഭവങ്ങൾ ഈ ഗ്രന്ഥത്തിൽ സമന്വയിപ്പിക്കുന്നു. സൗമ്യ വധക്കേസ്, ചേകന്നൂർ മൗലവി കേസ്, സഫിയ കേസ്, മാന്നാർകല്ല് കൊലപാതകം തുടങ്ങി സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച നിരവധി അന്വേഷണങ്ങളിൽ അവരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ നിർണായകമായിരുന്നു. 2017-ൽ ലഭിച്ച ജസ്റ്റിസ് ഫാത്തിമ ബീവി അവാർഡ് (സംസ്ഥാന വനിതാ രത്നം) അവരുടെ സംഭാവനകളെ അംഗീകരിക്കുന്നു. പോസ്റ്റുമോർട്ടം ടേബിൾ അവരുടെ ഔദ്യോഗിക ജീവിതരേഖയാണ്. ഈ വ്യക്തിഗത സാക്ഷ്യം ഫോറൻസിക് ശാസ്ത്രത്തിന്റെ ലിംഗ-സമത്വപരമായ വെല്ലുവിളികളെ പ്രതിഫലിപ്പിക്കുന്നു.

ഈ കൃതി മരണത്തെ ‘പ്രാപഞ്ചിക പ്രതിഭാസം’ എന്ന നിലയിൽ മാത്രം കാണാൻ ഡോക്ടർമാരെ പ്രോത്സാഹിപ്പിക്കുന്നു, അതേസമയം ഓരോ മൃതദേഹത്തിന്റെയും പിന്നിലെ സാമൂഹിക-ജീവിതകഥകളെ വെളിപ്പെടുത്തുന്നു. കൊലപാതകങ്ങൾ, അപകടങ്ങൾ, സ്വയംഹത്യകൾ തുടങ്ങിയ സംഭവങ്ങളിലൂടെ ഫോറൻസിക് ശാസ്ത്രത്തിന്റെ ജൈവശാസ്ത്രപരവും നീതിന്യായപരവുമായ റോളിനെ അവർ വിശദീകരിക്കുന്നു. ഈ കൃതി വെറും ടെക്നിക്കൽ മാനുവലല്ല; മറിച്ച്, മരണത്തിലൂടെ ജീവിതത്തിന്റെ സങ്കീർണതകളെ പുനർനിർമിക്കുന്ന ഒരു ആത്മകഥാപരമായ രേഖയാണ്. മെഡിക്കൽ സയൻസിന്റെ വളർച്ചയെയും ഫോറൻസിക് പ്രക്രിയകളെയും വിശദീകരിക്കുന്നതിനോടൊപ്പം സ്ത്രീകളോടും കുട്ടികളോടുമുള്ള അതിക്രമങ്ങൾ, പീഡനങ്ങൾ എന്നിവയെക്കുറിച്ചുള്ള പഠനങ്ങളെ കൂടുതലായി ഉൾപ്പെടുത്തുന്നതിലൂടെ സ്ത്രീപക്ഷപഠനം എന്ന നിലയിലും ഈ പുസ്തകം ശ്രദ്ധ നേടുന്നു. പോസ്റ്റുമോർട്ടം ടേബിളിനെ സത്യത്തിന്റെ അന്വേഷണസ്ഥലമായാണ് ഡോ. ഷേർലി ചിത്രീകരിക്കുന്നത്. മൃതദേഹങ്ങളിലെ തെളിവുകളെ അതിഭാവുകത്വം ചേർക്കാതെ ശാസ്ത്രീയമായി വിശദീകരിക്കുന്നു. ക്രിമിനൽ അബോർഷനുകൾ, ശരീരം മുറിച്ച് കുഴിച്ചിട്ട കേസുകൾ പോലെയുള്ളവയിലെ അസാധാരണ കണ്ടെത്തലുകൾ ഉദാഹരണങ്ങളാണ്.

സാങ്കേതികവും ഉദ്വേഗജനകവുമായ ശൈലിയിൽ വ്യക്തിഗത പ്രതിഫലനങ്ങൾ ചേർത്ത് ഫോറൻസിക് ശാസ്ത്രത്തെ ആകർഷകമാക്കി അവതരിപ്പിക്കുന്നതോടൊപ്പം പ്രൊഫഷണൽ ബേൺഔട്ട്, സാമൂഹിക മുൻവിധികൾ തുടങ്ങിയ ഔദ്യോഗിക ജീവിതത്തിലെ വെല്ലുവിളികളെ ആഴത്തിൽ ചർച്ച ചെയ്യുന്ന, ഫോറൻസിക് മേഖലയിലെ സ്ത്രീ സാന്നിധ്യത്തിന്റെ പ്രതിനിധാനമാണ് ഈ കൃതി. ലേഖികയുടെ ഭാഷാശൈലി ലളിതവും സാഹിത്യപരവുമാണ്. സാങ്കേതിക പദങ്ങൾ (ഉദാ: ‘റിഗർ മോർട്ടിസ്’, ‘ലിവർ മോർട്ടിസ്’) സാധാരണ വായനക്കാർക്ക് ഗ്രഹണീയമാക്കി വിശദീകരിച്ചിരിക്കുന്നു. ഓരോ അധ്യായവും ഒരു പ്രത്യേക പോസ്റ്റ്‌മോർട്ടം സംഭവത്തെ കേന്ദ്രീകരിച്ച്, അതിന്റെ ജൈവശാസ്ത്രപരമായ വിശകലനത്തോടെ, സാമൂഹിക പശ്ചാത്തലം ചേർത്ത് അവതരിപ്പിച്ചിരിക്കുന്നു. ഉദാഹരണമായി, സൗമ്യ കേസിലെ പരിശോധനയെ വിവരിക്കുന്നത് ശാരീരിക പരിക്കുകളുടെ (ഹെഡ് ഇഞ്ചുറി, ബ്ലണ്ട് ട്രോമ) വിശദാംശങ്ങളിലൂടെയാണ്. അതേസമയം സ്ത്രീസുരക്ഷയേ സംബന്ധിച്ച സാമൂഹിക വിമർശനവും ഉൾപ്പെടുത്തുന്നു. ഈ ശൈലി ബഷീറിന്റെ ‘ഓർമ്മയുടെ അറകൾ’ പോലുള്ള ഓർമ്മക്കുറിപ്പുകളെ സ്മരിപ്പിക്കുന്നു. ഓരോ മരണത്തിന്റെ കഥയ്ക്കും നൽകിയിരിക്കുന്ന പേരുകൾ ഹൃദയസ്പർശിയാണ്. കിണറ്റിലെ ബൊമ്മ, സ്നേഹപൂർവം കാത്തിരുന്ന്, മുട്ടോളം വെള്ളത്തിൽ, മനുഷ്യമെഴുകുതിരി, കത്തിക്കുത്തിന്റെ താളബോധം, കാരണവുമില്ല കരച്ചിലുമില്ല, അടയ്ക്കാ കത്തിയും തന്നാലായത് എന്നിവ ഉദാഹരണം. പക്ഷേ, ഉള്ളടക്കത്തിലെ ഫോറൻസിക് പശ്ചാത്തലം അതിന് ഒരു ശാസ്ത്രീയ-നാടകീയ സ്പർശം നൽകുന്നു. വൈകാരികതയും ശാസ്ത്രീയതയും തമ്മിലുള്ള സന്തുലനമാണ് ഈ പുസ്തകത്തിന്റെ ശക്തി. ഒരു കൊലപാതകത്തിന്റെ ക്രൂരത വിവരിക്കുമ്പോൾ, അത് നീതിന്യായത്തിന്റെ വിജയമായി പരിവർത്തനപ്പെടുന്നു. ഈ ആഖ്യാനം മലയാള സാഹിത്യത്തിലെ ‘മെഡിക്കൽ നറേറ്റീവ്’ ട്രെൻഡിനെ വികസിപ്പിക്കുന്നു. അതിനെ ലിംഗപരവും സാമൂഹികവുമായ വീക്ഷണകോണിലേക്ക് നയിക്കുന്നു.

പുസ്തകത്തിന്റെ പ്രധാന പ്രമേയം മരണത്തിന്റെ ശാസ്ത്രീയ അന്വേഷണത്തിലൂടെയുള്ള ജീവിതാന്വേഷണമാണ്. ഓരോ പോസ്റ്റ്‌മോർട്ടവും ‘മരിച്ചത് ആരാണ്? എപ്പോൾ? എന്തുകൊണ്ട്?’ എന്നീ മൂന്ന് ചോദ്യങ്ങൾക്ക് മാത്രമല്ല, അതിന്റെ പിന്നിലെ സാമൂഹിക കാരണങ്ങൾക്കും (ജാതി, ലിംഗഭേദം, സാമ്പത്തിക അസമത്വം) ഉത്തരം തേടുന്നു. ഫോറൻസിക് റിപ്പോർട്ടുകൾ രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴിപ്പെടാതെ നിഷ്പക്ഷമായിരിക്കണമെന്ന് അവർ ഊന്നിപ്പറയുന്നു. പത്മരാജനെപ്പോലുള്ള പ്രമുഖരുടെ മരണപരിശോധനകൾ വഴി, മരണത്തിന്റെ ‘നിഷ്പക്ഷത’യെ അവർ ചർച്ച ചെയ്യുന്നു. അത് മെഡിക്കൽ ധാർമ്മികതയുടെ പ്രതിഫലനമാണ്. കേരളത്തിലെ ആദ്യ വനിതാ ഫോറൻസിക് സർജനായ ഡോ. ഷേർലി വാസുവിന്റെ അനുഭവങ്ങൾ സമൂഹത്തിലെ ലിംഗവിവേചനത്തെ വെളിപ്പെടുത്തുന്നു. സ്ത്രീകളുടെ മരണങ്ങളിലൂടെ (ഉദാ: സൗമ്യ കേസ്) ജെൻഡർ അക്ഷരമാലയിലെ അക്ഷരങ്ങളെ അവർ വിമർശിക്കുന്നു. അങ്ങനെ ഈ കൃതി സ്ത്രീവിമോചന സാഹിത്യത്തിന്റെ ഭാഗമാകുന്നു. ജീവിത-മരണ ദ്വന്ദ്വത്തെ ഭാവാത്മകമായാണ് ഈ പുസ്തകം അവതരിപ്പിക്കുന്നത്. മരണത്തെ ‘പ്രാപഞ്ചികം’ എന്ന് കാണാൻ പഠിപ്പിക്കുന്നത്, ജീവിതത്തിന്റെ അസ്ഥിരതയെ ഓർമിപ്പിക്കുന്നു. മരണത്തിന്റെ സാമൂഹ്യ കാരണങ്ങളെ വിമർശിക്കുന്നതോടൊപ്പം ജീവിതത്തെ പ്രണയിക്കാൻ പ്രേരിപ്പിക്കുന്ന ആഖ്യാനമാണിതിൽ. ഈ തീമുകൾ പുസ്തകത്തെ ഒരു ശാസ്ത്ര-സാഹിത്യ സമന്വയമാക്കി മാറ്റുന്നു.

കേരളത്തിലെ സാമൂഹിക ചരിത്രത്തിന്റെ ഒരു രേഖയായി പോസ്റ്റുമോർട്ടം ടേബിൾ പ്രവർത്തിക്കുന്നു. 1980-കളിലെ ജാതി-മത സംഘർഷങ്ങൾ (ചേകന്നൂർ കേസ്) മുതൽ 2010-കളിലെ ലിംഗപ്രശ്നങ്ങൾ (സൗമ്യ കേസ്) വരെയുള്ള പോസ്റ്റ്‌മോർട്ടങ്ങൾ സാമൂഹിക മാറ്റത്തിന്റെ സൂചകങ്ങളായാണ് അവതരിപ്പിക്കുന്നത്. ഈ പുസ്തകം ഫോറൻസിക് ശാസ്ത്രത്തെ ജനകീയവൽക്കരിക്കുന്നതോടൊപ്പം പുരുഷപ്രധാനമായ മേഖലയിൽ വനിതകളുടെ സാന്നിധ്യത്തെ ഉയർത്തിക്കാട്ടുന്നു. സാംസ്കാരികമായി, ഇത് മലയാള സമൂഹത്തിന്റെ ‘മരണഭീതി’യെ (ഓട്ടോപ്സി മിത്തുകൾ) അകറ്റി, മരണത്തെ ഒരു ശാസ്ത്രീയ-നൈതിക ചർച്ചയാക്കി മാറ്റുന്നു. ഇതര ഫോറെൻസിക് സർവീസ് സ്റ്റോറികളിൽ നിന്ന് വ്യത്യസ്തമായി ഫോറൻസിക് മെഡിസിനെ സാഹിത്യത്തിലേക്ക് കൊണ്ടുവന്ന്, സ്ത്രീകളുടെ ശബ്ദത്തെ ശക്തിപ്പെടുത്തി എന്നതാണ് ഈ പുസ്തകത്തിന്റെ പ്രാധാന്യം.

ഒരു വനിതാ ഫോറൻസിക് സർജന്റെ കണ്ണിലൂടെ ഫോറൻസിക് ശാസ്ത്രത്തിന്റെ മാനവിക മുഖം വായനക്കാർക്ക് മുന്നിൽ തുറന്നു കൊടുക്കുന്നതോടൊപ്പം ഗാർഹിക പീഡനം, ലൈംഗികാതിക്രമങ്ങൾ, സ്ത്രീസുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ ഫോറൻസിക് ശാഖയുടെ സാമൂഹിക ഉത്തരവാദിത്വം വ്യക്തമാക്കാനും ലേഖകക്ക് കഴിഞ്ഞിട്ടുണ്ട്. കൂടുതൽ ആത്മപരവും വികാരാത്മകവുമായ ആഖ്യാന ശൈലിയിലൂടെ ഒരു കഥ പറയുന്നതുപോലെയാണ് ഓരോ സംഭവങ്ങളെയും അവതരിപ്പിച്ചിരിക്കുന്നത്. മരണം എന്ന യാഥാർഥ്യം മാത്രമല്ല, ബന്ധുക്കളിലും സമൂഹത്തിലും അത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും വൈകാരികവും വിമർശനാത്മകവുമായി അവതരിപ്പിച്ചിട്ടുണ്ട്. മരണത്തെ ഒരു ശാസ്ത്രീയ പഠനവിധേയവിഷയം എന്ന നിലയിൽ മാത്രമല്ല സാമൂഹികവും മാനസികവുമായ പ്രതിഭാസം എന്ന നിലയിലും അവതരിപ്പിച്ചിരിക്കുന്നു.. വായനക്കാരിൽ സഹാനുഭൂതിയും മരണത്തെക്കുറിച്ചുള്ള എത്തിക്കൽ റിഫ്ലക്ഷനും സൃഷ്ടിക്കാൻ പോരുന്ന ആഖ്യാനശൈലിയാണ് ലേഖകയുടേത്.

ഡോ. ബി ഉമാദത്തന്റെ രചനാശൈലി അന്വേഷണാത്മകവും വിശകലനാത്മകവുമാണെങ്കിൽ ഡോ. ഷേർലി വാസു തന്റെ അനുഭവങ്ങളെ വികാരാത്മകവും മാനവീകവുമായാണ് സമീപിച്ചിരിക്കുന്നത്. ഉമാദത്തന്റെ കൃതിയുടെ സ്വഭാവം രേഖാധിഷ്ഠിതവും ശാസ്ത്രീയവും ആകുമ്പോൾ ഷേർലി വാസുവിന്റെത് ആത്മകഥാത്മകവും സാഹിത്യാത്മകവുമാണ്. ഒരാൾ നിയമ – ന്യായ വ്യവസ്ഥയിൽ അധിഷ്ഠിതമായ കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുമ്പോൾ മറ്റൊരാൾ മനുഷ്യാവസ്ഥയും സാമൂഹിക പ്രശ്നങ്ങളും അവതരിപ്പിക്കുന്നു. ചുരുക്കത്തിൽ, ഡോ. ബി. ഉമാദത്തൻ ‘ഒരു പോലീസ് സർജന്റെ ഓർമ്മക്കുറിപ്പുകളിലൂടെ’ നിയമപരമായ സത്യാന്വേഷണത്തെ മുന്നോട്ടുവയ്ക്കുമ്പോൾ ഡോ. ഷേർലി വാസു ‘പോസ്റ്റുമോർട്ടം ടേബിളിൽ’ മരണത്തിന്റെ ശാസ്ത്രീയ – മാനവിക അർത്ഥങ്ങൾ തുറന്നുകാട്ടുന്നു.

ഉപസംഹാരം

ആത്മകഥാ സാഹിത്യത്തിന്റെ വിപുലീകൃത ഉപവിഭാഗമായ സർവീസ് സ്റ്റോറികളിൽ അപൂർവതകൊണ്ട് ശ്രദ്ധേയമാണ് ഫോറൻസിക് സർവീസ് സ്റ്റോറികൾ. ഡോ. ബി ഉമാദത്തന്റെ ‘ഒരു ഫോറൻസിക് സർജന്റെ ഓർമ്മക്കുറിപ്പുകളും’, ഡോ. ഷേർലി വാസുവിന്റെ ‘പോസ്റ്റ്മോർട്ടം ടേബിളും’ ഔദ്യോഗിക ജീവിതരേഖകൾ എന്നതിലുപരി ഫോറൻസിക് സയൻസ് എന്ന ശാസ്ത്രശാഖയുടെ ജനകീയവൽക്കരണത്തിൽ സുപ്രധാന പങ്കു വഹിച്ച കൃതികളാണ്. മെഡിക്കൽ ഫോറൻസിക് മേഖലയിലെ അനുഭവങ്ങളെ മലയാളത്തിലെ ആത്മകഥാ സാഹിത്യത്തിൽ കൊണ്ടുവന്നു, നിയമ – സമൂഹ ബന്ധത്തിന്റെ സൂക്ഷ്മതകൾ വെളിവാക്കുന്നു, മരണത്തെ ഒരു ശാസ്ത്രീയ പഠനവിഷയം എന്ന നിലയിൽ മാത്രമല്ല, സാമൂഹികവും മാനസികവുമായ പ്രതിഭാസം എന്ന നിലയിലും അവതരിപ്പിക്കുന്നു, കൊലപാതകം, പീഡനം, ലൈംഗികാതിക്രമങ്ങൾ, ആത്മഹത്യ തുടങ്ങിയവയെക്കുറിച്ചുള്ള സാമൂഹിക ബോധവൽക്കരണം സാധ്യമാക്കുന്നു, ഒരേ മേഖലയിലുള്ള പുരുഷനും സ്ത്രീയും ജീവിതാനുഭവങ്ങൾ എഴുതുമ്പോൾ വരുന്ന കാഴ്ചപ്പാടുകളുടെ വ്യത്യാസം പ്രതിഫലിപ്പിക്കുന്നു എന്നിവയാണ് ഈ കൃതികൾ മുന്നോട്ടുവയ്ക്കുന്ന സാഹിത്യ – സാമൂഹിക പ്രാധാന്യം. ഫോറൻസിക് മേഖലയെ ജനകീയമാക്കിക്കൊണ്ട് ഭാവിപഠനങ്ങൾക്ക് പ്രചോദനമാകുകയാണ് ഈ കൃതികൾ. ഡോ. ബി ഉമാദത്തന്റെ ശാസ്ത്രീയ – അന്വേഷണാത്മക സമീപനവും ഡോ. ഷേർളി വാസുവിന്റെ മാനവിക – ആത്മപരമായ സമീപനവും ചേർന്നു നിൽക്കുമ്പോൾ, മലയാളത്തിലെ ഈ ഫോറൻസിക് സർവീസ് സ്റ്റോറികൾ സാഹിത്യ ചരിത്രത്തിലും സാമൂഹിക ചരിത്രത്തിലും അതുല്യമായ സംഭാവനയായി മാറുന്നു.

റഫറൻസ്

ഉമാദത്തൻ, ബി. (ഡോ.) ഒരു പോലീസ് സർജന്റെ ഓർമ്മക്കുറിപ്പുകൾ. കോട്ടയം: ഡിസി ബുക്സ്, 2019.

ജേക്കബ്, ഷാജി. ജീവിതമെഴുത്തുകൾ വായനകൾ. കോഴിക്കോട്: പാവനാത്മ പബ്ലിഷേഴ്സ്, 2025.

മാത്യൂസ്, സിബി (ഡോ.) നിർഭയം: ഒരു ഐ.പി.എസ് ഓഫീസറുടെ അനുഭവക്കുറിപ്പുകൾ. തൃശൂർ: ഗ്രീൻ ബുക്സ്, 2017.

രാമകൃഷ്ണൻ, മലയാറ്റൂർ. സർവീസ് സ്റ്റോറി: എന്റെ ഐ.എ.എസ് ദിനങ്ങൾ. കോട്ടയം: ഡിസി ബുക്സ്, 2023.

വാസു, ഷേർലി (ഡോ.). പോസ്റ്റ്‌മോർട്ടം ടേബിൾ. കോട്ടയം: ഡിസി ബുക്സ്, 2019.

ഹാരിസ്, വി. സി. (ഡോ.). ആത്മകഥ: ജീവിതം, സമൂഹം, നിരൂപണം. ചെങ്ങന്നൂർ: റെയിൻബോ ബുക്സ്, 2007.

ഡോ. ദീപാമോൾ മാത്യു

അസോസിയേറ്റ് പ്രൊഫസർ മലയാള വിഭാഗം നിർമലഗിരി കോളേജ് ഫോൺ: 9497447779 ഇ മെയിൽ: deepamol727@gmail.com

5 1 vote
Rating
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x