ഡോ. ജമീൽ അഹമ്മദ്

Published: 10 March 2026 കവര്‍‌സ്റ്റോറി

പാടിപ്പറയല്‍ എന്ന മാപ്പിളകലയും പടപ്പാട്ടുകളുടെ രാഷ്ട്രീയദൗത്യവും

പാടിപ്പറയല്‍:

കഥാഖ്യാനകലയുടെ ഒരു കണ്ണി

പാടിപ്പറയല്‍ എന്ന കല കേരളത്തിന്റെ പ്രാചീന ചരിത്രത്തിലേ ഉണ്ട്. എഴുതപ്പെട്ട കാവ്യങ്ങളുടെ അവതരണമെന്നനിലയില്‍ മിക്ക കേരളീയ കലകള്‍ക്കും പാട്ടും പറച്ചിലുമായി ബന്ധമുണ്ട്. കഥകളി, തുള്ളൽ, കൂടിയാട്ടം, പാഠകം, മോഹിനിയാട്ടം തുടങ്ങി നാടന്‍ കലാരൂപങ്ങള്‍ വരെ പലതും പാട്ടിനനുസരിച്ചുള്ള പ്രകടനങ്ങളാണ്. അവതരിപ്പിക്കുന്നതിനായി എഴുതപ്പെട്ട കാവ്യങ്ങളാണ് മലയാളത്തിന്റെ കാവ്യപാരമ്പര്യത്തെ സമ്പുഷ്ടമാക്കിയത് എന്ന് തിരിച്ചും പറയാം. കഥകളിക്കുവേണ്ടി രചിക്കപ്പെട്ട ആട്ടക്കഥകളും തുള്ളലിനുവേണ്ടി എഴുതപ്പെട്ട കഥാഗാനങ്ങളും ഇല്ലായിരുന്നുവെങ്കില്‍ മലയാളം എത്ര ശുഷ്കമായേനേ.

ഹരികഥ, ഹരിപാഠ്, ഹരിപഥ എന്നീ പേരുകളില്‍ ഉത്തരേന്ത്യയിലും ഹരികഥ കാലക്ഷേപം എന്ന പേരില്‍ ദക്ഷിണേന്ത്യയിലും അറിയപ്പെടുന്ന ഹിന്ദുമതാധിഷ്ഠിത കഥപറയല്‍ സമ്പ്രദായത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് ‘ഹരിയുടെ കഥ കേൾക്കാൻ സമയം ചെലവഴിക്കൽ’ എന്നാണ് ഹരികഥാ കാലക്ഷേപം എന്ന പേരിനര്‍ഥം. സി. വി രാമന്‍പിള്ളയുടെ ‘ധ‍ര്‍മരാജാ’ നോവലിന്റെ ഉച്ചകോടിയില്‍ ഉഗ്ര–ശാന്ത ഹരിപഞ്ചാനന്‍മാരുടെ വിഭ്രമാത്മകമായ ഹരികഥാ കാലക്ഷേപ കലാവതരണത്തിന്റെ ദീര്‍ഘവര്‍ണനകള്‍ കാണാം. സംഗീതം നാടകം, നൃത്തം, തത്ത്വചിന്ത, ആധ്യാത്മകത തുടങ്ങിയവയൊക്കെ ഉൾക്കൊള്ളുന്ന ഒരു സംയോജിതകലാരൂപമാണ് ഹരികഥ. സവര്‍ണഹിന്ദുക്കളുടെ പരമ്പരാഗത മതപ്രഭാഷണകലയാണത്. കഥ പറയുന്ന വ്യക്തിയെ ഹരിദാസൻ എന്നാണ് വിളിക്കുക.  ഭക്തിപ്രസ്ഥാനത്തിന്റെ ഭാഗമായി ഇന്ത്യയിലങ്ങുമിങ്ങും ഹരികഥ ഒരു ജനപ്രിയ വിനോദ മാധ്യമമായിരുന്നു. പൊതുജനങ്ങള്‍ക്ക് മതമൂല്യങ്ങള്‍ പകരുവാനും അവരെ ഭക്തിയില്‍ മയക്കുവാനും ഹരികഥ കാലക്ഷേപം ലക്ഷ്യമിട്ടു.

വൈവിധ്യപൂര്‍ണമായ ഇന്ത്യൻ കഥാഖ്യാന പാരമ്പര്യങ്ങളില്‍നിന്ന് ആധുനിക കേരളത്തില്‍ വികസിച്ചുണ്ടായ ‘കഥാപ്രസംഗം’ എന്ന കലയുടെ മാപ്പിള പതിപ്പാണ് പാടിപ്പറയല്‍. കഥാപ്രസംഗം ജനകീയമാകുന്നതിനു മുമ്പേ പാടിപ്പറയല്‍ (പാടിപ്പറച്ചില്‍) ഉണ്ടായിട്ടുണ്ടെന്നു മാത്രമല്ല മാപ്പിളമാ‍ര്‍ക്കിടയില്‍ പ്രചാരത്തിലുമുണ്ട്. (അതിനുള്ള സൂചനകൾ തുടർന്നു വരുന്നുണ്ട്.) ഉത്തരേന്ത്യൻ ഉർദു സംസ്കാരത്തിലുള്ള ‘മെഹ്ഫിൽ’ എന്നതിനു സമാനമായ ഗാനാവതരണ സദസ്സുകൾ മുമ്പേ മാപ്പിളമാർക്കിടയിലും ഉണ്ടായിരുന്നു. ആ സദസ്സിലേക്ക് കഥാഖ്യാനംകൂടി ചേർത്താണ് പാടിപ്പറയൽ ഉണ്ടാകുന്നത്.  ഒരുതരം ഏകാംഗ നാടകാഭിനയമാണ് പാടിപ്പറയല്‍. ഇതര കേരളീയസമുദായങ്ങളെ അപേക്ഷിച്ച്, മാപ്പിളമാര്‍ക്കിടയില്‍ സ്വാഭാവികമായി വികസിച്ച നാടകാവതരണരൂപങ്ങളൊന്നുമില്ല. വേഷംകെട്ടിയുള്ള അഭിനയത്തിനും സംഗീതോപകരണങ്ങള്‍ ഉപയോഗിച്ചുള്ള ഗാനാവതരണങ്ങള്‍ക്കും ഇസ്ലാമികമായുള്ള വിലക്കിനെ അംഗീകരിക്കുന്നവരാണ് കേരളത്തിലെ ശാഫീ മദ്ഹബ് (ക‍ര്‍മസരണി) പാലിക്കുന്ന മുസ്ലിംവിഭാഗമായ സുന്നീഭൂരിപക്ഷം. അതുകൊണ്ടുതന്നെ ഇന്നും നാടകാവതരണത്തെയും സംഗീതാവതരണങ്ങളെയും മതാതീതമായ കലാരൂപമായാണ് പാരമ്പര്യ മുസ്ലിം വിഭാഗങ്ങള്‍ പരിഗണിക്കുന്നത്. ഈ വിലക്കുകളെ മറികടക്കാനും മതപരമായി അംഗീകരിക്കപ്പെട്ട വിതാനത്തിലേക്ക് അതിനെ മാറ്റിപ്പണിയാനുമാണ് പാടിപ്പറയല്‍ എന്ന കലാരൂപം അവതരിപ്പിക്കപ്പെടുന്നത്. 

സ്ത്രീകള്‍ക്ക് പ്രത്യേകം ഇരിപ്പിടമുള്ള സദസ്സിലെ ഉയര്‍ന്ന വേദിയില്‍ പ്രധാന പാട്ടുകാരന്‍തന്നെയാണ് കഥ അവതരിപ്പിക്കുക. പുരുഷന്മാ‍ര്‍ മാത്രമാണ് പാടിപ്പറയല്‍ നടത്തിയിരുന്നത്. എന്നാല്‍, പടപ്പാട്ടുകളുടെ അന്വയവും അര്‍ഥവും അറിയുന്ന ഒട്ടേറെ മാപ്പിളസ്ത്രീകള്‍ ഉണ്ടായിരുന്നു. പലവട്ടം പാടിപ്പറയല്‍ കേട്ട് നേടിയ പാണ്ഡിത്യമായിരിക്കണം അത്. ദീര്‍ഘമായ ആമുഖവും ആവശ്യമായ ഉപകഥകളും ഉപദേശങ്ങളും ചേര്‍ത്താണ് പാടിപ്പറയലിന്റെ അവതരണം. നാലോ അഞ്ചോ ദിവസം നീണ്ടുനില്‍ക്കുന്ന വിവരണങ്ങളോടെയുള്ള ഒരു പ്രധാന കഥയാണ്  പാടിപ്പറയുക. പണ്ടുകാലത്ത് നാൽപത് ദിവസം വരെ നീണ്ടുനിന്ന പാടിപ്പറയലുകളുണ്ടായിട്ടുണ്ടെത്രെ. ഗദ്യഭാഗങ്ങളും ഗാനങ്ങളും മുഖ്യ അവതാരകന്‍ നടത്തുകയും ഒന്നോ രണ്ടോ പിന്‍പാട്ടുകാര്‍ ഏറ്റുപാടുകയും ചെയ്യും. വാദ്യോപകരണങ്ങള്‍ ഉപയോഗിക്കാറില്ല. വായ്കൊണ്ടോ ചെറിയ ദഫ്ഫുകൊണ്ടോ പാട്ടിന് താളമിടാറുണ്ട്. അവതാരകന്റെ ശബ്ദനിയന്ത്രണവും ആഖ്യാനപാടവും മിതമായ ഭാവവുമാണ് കഥയെ മുന്നോട്ടുകൊണ്ടുപോകുന്നത്. പാടിപ്പറയുന്നവർ പൊതുവെ അറബിഭാഷയിലും ഇസ്ലാമിക പ്രമാണങ്ങളിലും അറിവുള്ളവർകൂടി ആയിരിക്കും. ഓരോ കഥാസന്ദർഭത്തിലും സമുദായത്തിന് ആവശ്യമായ മതകാര്യബോധനംകൂടി ഉൾപ്പെടുത്തിയാണ് കഥാഖ്യാനം മുന്നോട്ടുപോവുക.

പ്രസിദ്ധരായ മാപ്പിളകവികളൊക്കെയും പാട്ടുകാരും അവതാരകരുമായിരുന്നു. മൊയിൻകുട്ടിവൈദ്യർ മാത്രമല്ല, ചേറ്റുവായ് പരീക്കുട്ടിയും കടായിക്കൽ മൊയ്തീൻകുട്ടിയും മുതൽ ആധുനിക മാപ്പിളപ്പാട്ടു രചയിതാക്കളായ ടി. ഉബൈദും എസ്. എ ജമീലും വരെ പാട്ടു രചിക്കാൻ മാത്രമല്ല പാടാനും അവതരിപ്പിക്കാനും പ്രാപ്തരായിരുന്നു. മാപ്പിളപ്പാട്ട് എന്ന കാവ്യരചനാ സമ്പ്രദായംപോലും വ്യക്തിപരമായ ഒരു വ്യവഹാരമല്ല, സാമൂഹികമായ കർമമാണ് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. രചനയും അവതരണവും ആസ്വാദനവും പ്രതികരണവും അടങ്ങുന്ന ഒരു സാമൂഹിക പ്രക്രിയയിലൂടെയാണ് മാപ്പിളപ്പാട്ടുകൾ അതിജീവിക്കുന്നത് എന്ന് ബാലകൃഷ്ണൻ വള്ളിക്കുന്ന് നിരീക്ഷിക്കുന്നുണ്ട് (2014 – പേജ് 67).

പടയോട്ടത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും

പാട്ടുകള്‍

യുദ്ധങ്ങളെയും വീരകൃത്യങ്ങളെയും പ്രതിപാദിക്കുന്ന ഗാനങ്ങളാണ് പടപ്പാട്ടുകൾ. പടപ്പാട്ട് പ്രമേയമായ ഗാനങ്ങളെയും പടയോട്ടത്തോടനുബന്ധിച്ച് പാടുന്ന പാട്ടുകളെയും പടപ്പാട്ട് എന്ന് പറയാം.  അറബി-മലയാളം സാഹിത്യത്തിലെ  ഒരു പ്രധാന വിഭാഗമാണിത്. ചരിത്രത്തിലെ യുദ്ധങ്ങൾ, കോളനിവിരുദ്ധ പോരാട്ടങ്ങൾ, പ്രാദേശിക ചെറുത്തുനിൽപ്പുകൾ എന്നിവയാണ് ഇവയിലെ ഇതിവൃത്തം. 1920 വരെ രചിക്കപ്പെട്ട മാപ്പിളകൃതികളെ ഇനംതിരിച്ചു പരിശോധിച്ചാൽ നേർച്ചപ്പാട്ടുകളെക്കാളും പ്രണയഗാനങ്ങളെക്കാളും അധികമുള്ളത് പടപ്പാട്ടുകളാണെന്ന് കാണാം. (വി പി മുഹമ്മദലി. പേജ് 55)

കേരളത്തിനകത്തു നടന്ന പോരാട്ടങ്ങളും ഇസ്ലാമിക ചരിത്രത്തിൽ ഉണ്ടായ യുദ്ധങ്ങളും പടപ്പാട്ടുകൾക്ക് പ്രമേയമായിട്ടുണ്ട്. യുദ്ധകാവ്യങ്ങൾ രചിക്കപ്പെടുന്നതിന് പിന്നിൽ ചില ലക്ഷ്യങ്ങളുണ്ട്. സൈന്യത്തിലെ ഭടന്മാരിലും അവരെ പിന്തുണക്കുന്ന സാധാരണക്കാരിലും ശൗര്യവും ധൈര്യവും നിറയ്ക്കുക എന്നതാണ് പടപ്പാട്ടുകളുടെ പ്രാഥമിക ലക്ഷ്യം. പടപ്പാട്ടുകളിലെ താളവും അതിലെ പ്രമേയവും ഒരുപോലെ പോരാളികളിൽ യുദ്ധവീര്യം നിറയ്ക്കുന്നു. പോരാട്ടം നടന്ന രീതി, അതിൽ പങ്കെടുത്തവർ, അവരുടെ തന്ത്രങ്ങൾ എന്നിവ രേഖപ്പെടുത്തിയിട്ടുണ്ട് എന്നതിനാല്‍ ലിഖിതചരിത്രങ്ങളെ അതിജീവിക്കുന്ന സമാന്തരമായ വാമൊഴി ചരിത്രരേഖകളാണവ. മലയാളത്തിലെ ആദ്യ കേരളചരിത്രകാവ്യമാണ് മലപ്പുറം പടപ്പാട്ട് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. (കെ അബൂബക്ക‍ർ. പേജ് 85) ഉമാകേരളം രചിക്കുന്നതിനും അഞ്ചു ആണ്ടുകള്‍ക്കു മുമ്പേ മലപ്പുറം പടപ്പാട്ട് രചിക്കപ്പെട്ടിട്ടുണ്ട്.

യുദ്ധത്തിൽ വീരമൃത്യു വരിച്ചവരെ (ശുഹദാക്കള്‍) ആദരിക്കാനും അവരുടെ ത്യാഗം ജനമധ്യത്തിൽ എത്തിക്കാനുള്ള സാമൂഹികദൗത്യം പടപ്പാട്ടുകള്‍ ഏറ്റെടുക്കുന്നു. അധികാരികള്‍ക്കെതിരെയുള്ള പോരാട്ടങ്ങളിൽ ജനങ്ങളെ പ്രചോദിപ്പിക്കാനും അനീതിക്കെതിരെ സമുദായത്തെ സംഘടിപ്പിക്കാനും പടപ്പാട്ടുകളുടെ പ്രചാരണം പങ്കുവഹിക്കുന്നുണ്ട്. സാമൂഹിക മനസ്സിലെ ആദിപ്രരൂപങ്ങളുടെ അടിസ്ഥാനസ്വഭാവമായി നിലനില്‍ക്കുന്ന ‘ധ‍ര്‍മത്തിന്റെ അന്തിമ വിജയം’ എന്ന ബോധത്തെ ഉറപ്പിച്ചുനി‍റുത്താനും പടപ്പാട്ടുകള്‍ സഹായിച്ചിട്ടുണ്ട്.  പുരാണങ്ങളിലെയും മതത്തിലെയും യുദ്ധവർണ്ണനകൾ സമുദായത്തിനുമുന്നില്‍ ആവർത്തിച്ച് അവതരിപ്പിക്കുന്നതിനു പിന്നിലുള്ള പ്രധാന ഘടകം അധർമ്മത്തിന് മേൽ ധർമ്മം വിജയിക്കും എന്ന സന്ദേശം തലമുറകളോളം പകര്‍ന്നുനല്‍കുക എന്നതുതന്നെയാണ്. ‘ഊഴിയിൽ ചെറിയവർക്കറിയുവാൻ’ രചിക്കപ്പെട്ട ‘രാമചരിതം’ മുതലേ പടപ്പാട്ടുകളുടെ രചനയ്ക്കു പിന്നിലുള്ള ഇത്തരമൊരു ലക്ഷ്യം പ്രസ്താവിക്കപ്പെട്ടിരുന്നു. ‘മന്ദപ്രജ്ഞന്മാർക്കറിവാനായി’ എഴുതിയ കണ്ണശ്ശരാമായണവും ‘ബോധഹീനന്മാർക്കരുളിയ’ അധ്യാത്മരാമായണവും ‘ഭടജനങ്ങളെ നടുവിൽ’ അവതരിപ്പിക്കപ്പെട്ട തുള്ളൽപാട്ടുകളും ഇത്തരമൊരു സാമൂഹികവിദ്യാഭ്യാസംകൂടി ലക്ഷ്യംവെച്ചുള്ളവതന്നെ.

കേരളസമൂഹത്തിൽ പടപ്പാട്ടുകൾക്കും യുദ്ധവർണ്ണനകൾക്കും വെറുമൊരു വിനോദമെന്നതിനപ്പുറം സാമൂഹികവും രാഷ്ട്രീയവുമായ പ്രാധാന്യമുണ്ടായിരുന്നു. തമിഴ് സാഹിത്യത്തിലും പടപ്പാട്ടുകൾ എന്ന വിഭാഗം വളരെ സജീവമാണ്. സംഘംതമിഴിൽ ‘പുറംപാട്ടുകൾ’ മിക്കതും പോരാട്ടകാവ്യങ്ങളാണ്. മലയാള ഭാഷയുടെ ശൈശവദശയിൽ രൂപംകൊണ്ട ‘പാട്ടുപ്രസ്ഥാനം’ എന്ന സാഹിത്യവിഭാഗത്തിലെ ഏറ്റവും പ്രധാനപ്പെട്ട കൃതിയായ രാമചരിതവും കണ്ണശ്ശക്കവിതകളും യുദ്ധവർണകളാൽ സമൃദ്ധമാണ്. നായർ വീരന്മാരുടെയും വീരവനിതകളുടെയും പോരാട്ടക്കഥകളാണ് വടക്കൻ പാട്ടുകൾ. വേണാട് രാജാവിന്റെ സൈന്യാധിപനായിരുന്ന ഇരവിക്കുട്ടിപ്പിള്ള മധുര നായ്ക്കർക്കെതിരെ നടത്തിയ പോരാട്ടത്തെ വർണ്ണിക്കുന്ന ‘ഇരവിക്കുട്ടിപ്പിള്ള പോര്’ തെക്കൻ പാട്ടുകളിലെ പടപ്പാട്ടാണ്. നായർ പടയാളികളെയും അവരുടെ യുദ്ധതന്ത്രങ്ങളെയും കളിയാക്കിയും പ്രകീർത്തിച്ചും കുഞ്ചൻ നമ്പ്യാർ തുള്ളല്‍കൃതികളില്‍ ധാരാളം എഴുതിയിട്ടുണ്ട്. എഴുത്തച്ഛൻതന്നെ കിളിപ്പാട്ടില്‍ പടപ്പാട്ടുകളുടെ രചനാസ്വഭാവം ഉപയോഗിച്ചിട്ടുണ്ട്. ഭീഷ്മപർവ്വം, ദ്രോണപർവ്വം, കർണ്ണപർവ്വം തുടങ്ങിയ ഭാഗങ്ങളിൽ അതിതീവ്രമായ യുദ്ധവർണ്ണനകൾ കാണാം.

മാപ്പിളമാർക്ക് സമാന്തരമായും പടപ്പാട്ടിന്റെ പൂർവപാരമ്പര്യങ്ങളുണ്ട്. തമിഴ്നാട്ടിലെയും ശ്രീലങ്കയിലെയും മുസ്ലിങ്ങൾ ഉപയോഗിച്ചിരുന്ന അറബിത്തമിഴ് അഥവാ അർവി (Arwi) ഭാഷയിൽ ധാരാളം പടപ്പാട്ടുകൾ രചിക്കപ്പെട്ടിട്ടുണ്ട്. ‘പടൈപ്പോർ പാടൽകൾ’ എന്നാണ് അവ അറിയപ്പെട്ടിരുന്നത്. മാപ്പിളപ്പാട്ടുകളിലെ പടപ്പാട്ടുകൾക്ക് സമാനമായി ഇസ്‌ലാമികചരിത്രത്തിലെ യുദ്ധങ്ങളെയും വീരഗാഥകളെയുമാണ് ഇവയും പ്രധാനമായും പ്രതിപാദിക്കുന്നത്. അറബിമലയാളത്തില്‍ എഴുതപ്പെട്ട ബദർ പടപ്പാട്ട്, ഉഹുദ് പടപ്പാട്ട്, ഖൈബർ പടപ്പാട്ട്, ഹുനൈൻ പടപ്പാട്ട് എന്നിവയൊക്കെയും നേരത്തെ അ‍ര്‍വിയില്‍ കൈകാര്യംചെയ്ത പ്രമേയങ്ങളുടെ അനുകരണമോ ആവ‍ര്‍ത്തനമോ ആണ്. (ബാലകൃഷ്ണൻ വള്ളിക്കുന്ന് 2011 – പേജ് 168)  അറബിത്തമിഴ് സാഹിത്യത്തിലെ പടപ്പാട്ടുകളുടെയും മറ്റ് കാവ്യങ്ങളുടെയും സുവർണ്ണകാലം പ്രധാനമായും പതിനാറാം നൂറ്റാണ്ട് മുതൽ പത്തൊമ്പതാം നൂറ്റാണ്ട് വരെയായിരുന്നു. അവിടെയും മുസ്ലിംകളുടെ കൂട്ടായ്മകളിലുള്ള അവതരണ കലയായാണ് പടപ്പാട്ടുകള്‍ എഴുതപ്പെട്ടത്.

മലബാറിൽ അധിനിവേശത്തിനെതിരെ ചെറുത്തുനിന്ന മാപ്പിളമാർ പടപ്പാട്ടിന്റെ രചനയും അവതരണവും കൊണ്ട് സർഗാത്മകതയെ സമരായുധമാക്കി മാറ്റി. പോ‍ര്‍ച്ചുഗീസ് അധിനിവേശകര്‍ക്കെതിരെ എഴുതപ്പെട്ട ‘തഹ്‍രീള്’ (തഹ്‍രീള് അഹ്‍ലില്‍ ഈമാനി അലാ ജിഹാദി അബ്ദത്തി സുല്‍ബാന്‍) ആണ് മാപ്പിളമാർക്കിയിൽനിന്നുണ്ടായ ആദ്യത്തെ പടപ്പാട്ട്. ഇത് അറബിയിലാണ് രചിക്കപ്പെട്ടത്. 1521 ൽ മരണപ്പെട്ട അബൂ യഹ്‍യാ സൈനുദ്ദീൻ ഇബ്നു അലി (സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ) ആണ് തഹ്‍രീള് രചിച്ചത്. പോർച്ചുഗീസ് കപ്പൽപടക്കെതിരെ കുഞ്ഞാലിമരയ്ക്കാർമാർ യുദ്ധത്തിനൊരുങ്ങിയതിനു പ്രേരണയായ കൃതിയാണ് ഇതെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. (കെ അബൂബക്കർ. പേജ് 46). ഖാദി മുഹമ്മദ് ബ്നു അബ്ദുൽ അസീസ് എഴുതിയതാണ് മറ്റൊരു ആദ്യകാല പടപ്പാട്ടുകൃതി. 1571 ൽ ചാലിയത്തെ കോട്ട കീഴടക്കിയതിനെ കുറിച്ച് അറബിയില്‍ രചിക്കപ്പെട്ട ‘ഫത്ഹുൽ മുബീൻ’ ആണ് അത്.

പടപ്പാട്ടുകളും പാടിപ്പറയലും

മലപ്പുറം പടപ്പാട്ടിലെ ഒരു സന്ദര്‍ഭം ഇതാണ്: മലപ്പുറം വലിയങ്ങാടി പള്ളിക്കെതിരായ പാറനമ്പിയുടെ പടനീക്കത്തിൽനിന്ന് എതിരാളികളെ പിന്തിരിപ്പിക്കാൻ മുസ്ലിംകൾ പല നീക്കങ്ങളും നടത്തി. അതെല്ലാം വെറുതെയായിപ്പോയ സന്നിഗ്ധഘട്ടം. ഒടുവിൽ തങ്ങളുടെ ആരാധനാലയത്തിനു നേരെ വരുന്ന അക്രമകാരികളെ ചെറുത്തുനിൽക്കാൻതന്നെ മാപ്പിളമാ‍ര്‍ തീരുമാനിച്ചു. അന്നു രാത്രി പള്ളിയിൽ പ്രത്യേക പ്രാർഥനകൾ നടന്നു. അക്കാര്യം വിവരിക്കുകയാണ് മോയിൻകുട്ടി വൈദ്യർ ഇശൽ 42 ലെ “ചൊന്നാർ…” എന്നു തുടങ്ങുന്ന പാട്ടിൽ.

മന്നാനിലെ തേട്ടമതൂട്ടിയും ചാട്ടു ബിലം തൊയിലുരത്താനെ – പുതു

മനയോർ കുരുക്കളവർ പടപ്പാട്ട് ബെയ്ത്താനെ

പല ഇശലാൽ ബിരുത്താനേ… (ദൈവത്തോട് പ്രാര്‍ഥിച്ച് തങ്ങളുടെ ആവലാതികള്‍ അറിയിച്ചു. കൂടാതെ പുതുമന ആലിക്കുട്ടി കുരിക്കളുടെ നേതൃത്വത്തില്‍ പല ഇശലുകളിലുള്ള പടപ്പാട്ട് പാടിപ്പറഞ്ഞു.)

മലപ്പുറം പടപ്പാട്ടിലെ സംഭവങ്ങള്‍ നടക്കുന്ന പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ പോലും മാപ്പിളപ്പോരാളികൾ ഏറ്റുമുട്ടലിന് ഇറങ്ങുന്നതിനുമുമ്പ് പ്രത്യേക പ്രാർഥനകളോടൊപ്പം പടപ്പാട്ടുകൾ പാടിയവതരിപ്പിച്ചിരുന്നു എന്ന വസ്തുതയ്ക്കുള്ള തെളിവുകൂടിയാണ് ഈ പ്രസ്താവന.

          മാപ്പിളമാരുടെ അധിനിവേശവിരുദ്ധ പോരാട്ടങ്ങളും യുദ്ധപ്രമേയമുള്ള കാവ്യങ്ങളുടെ രചനയും പാടിപ്പറയല്‍ എന്ന കലാരൂപവും തമ്മില്‍ ബന്ധങ്ങളുണ്ട് എന്ന വസ്തുതകൂടി ഈ ഉദ്ധരണി തെളിയിക്കുന്നു. രചിക്കപ്പെട്ട സാഹിത്യസൃഷ്ടികൾ എന്നതിലുപരി, ബ്രിട്ടീഷ്-പോർച്ചുഗീസ് വിരുദ്ധ സമരങ്ങളുടെ പ്രത്യയശാസ്ത്ര ഇന്ധനമായിരുന്നു ഈ പടപ്പാട്ടുകളുടെ രചനയും അവതരണവും. 1840-കൾ മുതൽ മലബാറിൽ നടന്ന ബ്രിട്ടീഷ് വിരുദ്ധ കാര്‍ഷിക ലഹളകളിൽ പടപ്പാട്ടുകൾക്ക് വലിയ പങ്കുണ്ട്. യുദ്ധക്കളത്തിലേക്ക് പോകുന്നതിന് മുൻപ് ബദർ പടപ്പാട്ട് പാടി ആവേശം കൊള്ളുന്നത് സമരക്കാരുടെ പതിവായിരുന്നു. പുരാതന ഇസ്‌ലാമിക യുദ്ധങ്ങളിലെ വിജയത്തിന്റെ കഥാഖ്യാനങ്ങള്‍ ആധുനിക പോരാട്ടങ്ങൾക്കും പ്രേരണയായി. മലബാറില്‍ ഗ്രാമങ്ങളില്‍ നടന്നിരുന്ന പാടിപ്പറയല്‍ എന്ന കലാരൂപം ഇതിന് പ്രത്യേക പിന്തുണയും നല്‍കി.

          മലപ്പുറം പടപ്പാട്ട് എന്ന കാവ്യം എഴുതി മുഴുമിച്ച ശേഷം മലപ്പുറത്തുവച്ച് അത് പാടി അരങ്ങേറ്റി എന്നും മോയിന്‍കുട്ടി വൈദ്യര്‍ കാവ്യാവസാനത്തിലെ പദ്യങ്ങളിലൊന്നില്‍ സൂചിപ്പിക്കുന്നുണ്ട്.

ആളെ ഹിജ്റത്ത് ഫസാറും ശീനിൽ

അവ്വൽ റബീഅഞ്ചും ദിനം സോമനിൽ

ബേളയ് പയൽ ഞാനിക്കഥയ് പോറ്റിയേ

ഇന്ദേ നുവൽ പാടി അരങ്ങേറ്റിയേ…

(ഇശൽ 71 തൊങ്കൽ. ഒശിയാ മലപ്പുറം… എന്നു തുടങ്ങുന്ന പാട്ട്.)

‘അറബി മാസമായ ഹിജ്റ 1300 റബീഉൽ അവ്വൽ അഞ്ചിൽ (1883 ജനുവരി 15) തിങ്കളാഴ്ച ഈ കാവ്യരചന പൂര്‍ത്തിയാക്കി  പാടി അവതരിപ്പിച്ചു’ എന്നർഥം. ബ്രിട്ടീഷുകാരുടെ വിലക്കുകളും നിരോധനാജ്ഞകളും നിലനില്‍ക്കുന്ന കാലത്ത് പൊതുപ്രസംഗങ്ങൾ നടത്താൻ കഴിയാത്ത കാലത്ത്, പാട്ടുകളിലൂടെ അധികാരികളുടെ അതിക്രമങ്ങളെക്കുറിച്ച് ജനങ്ങളെ ബോധ്യമുള്ളവരാക്കാനാണ് പടപ്പാട്ടുകള്‍ ശ്രമിച്ചത്. മലപ്പുറം പടപ്പാട്ട്, ചേറൂർ പടപ്പാട്ട് എന്നിവ പ്രാദേശികമായി നടന്ന സമരങ്ങളെയും രക്തസാക്ഷികളെയും പ്രകീർത്തിച്ചുകൊണ്ട് ബ്രിട്ടീഷ് അടിച്ചമർത്തലിനെതിരെ ജനങ്ങളെ ഒന്നിപ്പിച്ചു എന്ന് വില്യം ലോഗണ്‍ രേഖപ്പെടുത്തിയിട്ടുണ്ട്. (കെ അബൂബക്കർ പേജ് 89)

അതോടൊപ്പം മറ്റു ചില സന്ദേശങ്ങള്‍ക്കൂടി പടപ്പാട്ടുകളുടെ രചനയും പാടിപ്പറയല്‍ അവതരണങ്ങളും നല്‍കിയിട്ടുണ്ട്. യുദ്ധത്തിൽ വീരമൃത്യു പ്രാപിക്കുന്നത് (ശഹാദത്ത്) വലിയ പുണ്യമാണെന്ന സന്ദേശം പടപ്പാട്ടുകൾ ഊട്ടിയുറപ്പിച്ചു. ആ വിശ്വാസം നല്‍കിയ  ധൈര്യമാണ് മരണത്തെ ഭയപ്പെടാതെതന്നെ സാമ്രാജ്യത്വശക്തികളെ നേരിടാൻ സാധാരണക്കാരായ മാപ്പിളമാരെ തയ്യാറാക്കിയത്. അറബി-മലയാളം ലിപിയിൽ എഴുതപ്പെട്ടതിനാൽ ബ്രിട്ടീഷ് പട്ടാളക്കാർക്ക് ഇവയുടെ ഉള്ളടക്കം എളുപ്പത്തിൽ വായിച്ചു മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല. അങ്ങനെ ഒരുതരം ഗൂഢഭാഷയുടെ ലിപിയും ഭാഷയും പടപ്പാട്ടുകള്‍ക്കുണ്ടായിരുന്നു. മോയിന്‍കുട്ടി വൈദ്യരുടെ കാവ്യരചനാരീതിക്കുള്ള ദുര്‍ഗ്രാഹ്യതയ്ക്ക് അത്തരമൊരു രാഷ്ട്രീയദൗത്യംകൂടിയുണ്ട്.

ബ്രിട്ടീഷ് സർക്കാർ പടപ്പാട്ടുകൾ നിരോധിച്ചതും അവയുടെ അച്ചടിശാലകൾ റെയ്ഡ് ചെയ്തതും ഈ പാട്ടുകൾ വിപ്ലവകാരികളിൽ ചെലുത്തിയ സ്വാധീനം കൊണ്ടാണ്. മാപ്പിള പ്രക്ഷോഭങ്ങളിലെ പ്രധാന നേതാവായ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി യൌവനകാലത്ത് പടപ്പാട്ടുകൾ ഹൃദിസ്ഥമാക്കുകയും പാടി അവതരിപ്പിക്കുകയും ചെയ്തിരുന്നു എന്ന് ജീവചരിത്രഗ്രന്ഥങ്ങളിൽ കാണാം. 1921-ലെ മലബാർ കലാപകാലത്ത് ഇത്തരം പാട്ടുകൾ പാടുന്നത് കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിലെ പല വിപ്ലവ ഗാനങ്ങൾക്കും എന്നപോലെ കേരളത്തിലെ പടപ്പാട്ടുകൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രത്യേകിച്ച് 1921 ലെ ഖിലാഫത്ത് പ്രക്ഷോഭവുമായും മറ്റ് ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളുമായും ബന്ധപ്പെട്ട ഗാനങ്ങളാണ് ഇത്തരത്തിൽ നിരോധിക്കപ്പെട്ടത്. പടപ്പാട്ടുകൾ ഭടന്മാരിലും സാധാരണക്കാരിലും ആവേശം നിറയ്ക്കാനും ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ അവരെ പ്രേരിപ്പിക്കാനും ഉപയോഗിച്ചിരുന്നു എന്നതാണ് കാരണം. (വി. പി മുഹമ്മദലി പേജ് 55) വിപ്ലവകാരികളെ ഒന്നിപ്പിക്കാനുള്ള ഇവയുടെ കരുത്ത് തിരിച്ചറിഞ്ഞതുകൊണ്ടു കൂടിയാണ് ബ്രിട്ടീഷ് സർക്കാർ ഇവയ്ക്ക് നിരോധനം ഏർപ്പെടുത്തിയത്. മലബാറിലെ മാപ്പിള ചെറുത്തുനിൽപ്പുകളെ അടിച്ചമർത്താനായി ബ്രിട്ടീഷുകാർ കൊണ്ടുവന്ന 1854ലെ മാപ്പിള ഔട്ട്‌റേജസ് ആക്ട് വഴി ഇത്തരം ഗാനങ്ങൾ പാടുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമായി കണക്കാക്കപ്പെട്ടിരുന്നു. അറബി-മലയാളം ലിപിയിൽ എഴുതപ്പെട്ട ഇത്തരം രചനകൾ പരിശോധിക്കാൻ ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്ക് പ്രയാസമായിരുന്നതിനാൽ, സംശയം തോന്നുന്ന എല്ലാ രചനകളും കണ്ടുകെട്ടി നശിപ്പിച്ചു. 1921 ലെ വാഗൺ കൂട്ടക്കൊലയെക്കുറിച്ച് പാട്ടെഴുതിയതിന്റെ പേരിൽ നല്ലളം ബീരാൻ എന്ന കവിയെയും, പടപ്പാട്ടുകൾ പാടിപ്പറഞ്ഞിരുന്ന കവിയായ കടായിക്കൽ മൊയ്തീൻകുട്ടി ഹാജിയെ ഒരു തോക്കുകേസിലും ബ്രിട്ടീഷുകാർ അറസ്റ്റു ചെയ്തു ജയിലിലടച്ചിട്ടുണ്ട്. (എൻ. കെ. എ ലത്തീഫ് പേജ് 56)

പടപ്പാട്ടുകളുടെ കാവ്യഘടനയും

അവതരണസംസ്കാരവും

പടപ്പാട്ടുകളുടെയും ഖിസ്സപ്പാട്ടുകളുടെയും ആന്തരികവും ബാഹ്യവുമായ ഘടനകൾ മുഖ്യമായും പാടിപ്പറയൽ എന്ന അവതരണകലാരൂപത്തിനുവേണ്ടി രചിക്കപ്പെട്ടതാണെന്ന് തെളിയിക്കുന്നതാണ്. മോയിൻകുട്ടി വൈദ്യരുടെ കൃതികളുടെ സങ്കരഭാഷയിലുള്ള ദുർഗ്രഹത അത് പിന്നീട് പാടിയവതരിപ്പിക്കുമ്പോൾ വിശദീകരിക്കപ്പെട്ടുകൊള്ളും എന്ന ആന്തരികബോധംകൊണ്ടുകൂടി സംഭവിക്കുന്നതാണ്. ഉണ്ണായിവാര്യരുടെ നളചരിതം ആട്ടക്കഥയ്ക്കു സമാനമായ സങ്കരഭാഷാപ്രയോഗങ്ങളാണ് വൈദ്യർകൃതികളെയും ദുർഗ്രഹമാക്കുന്നത്. ആട്ടക്കഥയും പിന്നീട് അവതരണത്തിലൂടെ വ്യാഖ്യാനിക്കപ്പെടേണ്ട രചനയാണല്ലോ. അങ്ങനെ ഘടനയിൽതന്നെ ദുർഗ്രഹമായ പടപ്പാട്ടുകളും ഖിസ്സപ്പാട്ടുകളും പാടിപ്പറയൽ എന്ന കലാരൂപത്തെ അനിവാര്യമാക്കി. പിന്നീട് പാടിപ്പറയും എന്ന ആന്തരബോധം മാപ്പിളപ്പാട്ട് രചനകളെ തിരിച്ചു കൂടുതൽ ദുർഗ്രഹവുമാക്കുകയും ചെയ്തു. അങ്ങനെ പടപ്പാട്ടുകളും ഖിസ്സപ്പാട്ടുകളും എഴുതപ്പെട്ടതിനുശേഷം അവ പാടിപ്പറയുന്നതോടുകൂടിയാണ് രചന പൂർത്തിയാകുന്നത്.

 അത്യധികം വിശദമായ പ്രമേയത്തെ ഒറ്റയൊറ്റ ഖണ്ഡങ്ങളായി എഴുതുന്ന രാമചരിതത്തിലെ രീതിതന്നെ (പടലം) പടപ്പാട്ടുകളും ഖിസ്സപ്പാട്ടുകളും സ്വീകരിക്കുന്നു. പടലം എന്നതിനു പകരം ഇശൽ എന്ന പേരാണ് ഈ വിഭജനത്തിനുള്ളത്. ഓരോ ഇശലും പല്ലവി, അനുപല്ലവി, ചരണം എന്ന മട്ടിൽ വർഗീകരിച്ചതും പാടാനുള്ള സൌകര്യത്തിനായിത്തന്നെ. ഓരോ പാട്ടിനുമുകളിലും പാടാനുള്ള മട്ടും ഈണവും സൂചിപ്പിക്കുന്നു. ആ ഈണങ്ങളിൽ വ്യത്യസ്ത ഭാവങ്ങൾക്കിണങ്ങുന്ന ശബ്ദവൈചിത്ര്യവും താളത്തിലുള്ള അനവധി വൈവിധ്യങ്ങളും പാടിപ്പറയൽ എന്ന കലയ്ക്കുവേണ്ടിതന്നെ ചിട്ടപ്പെടുത്തിയതാണ്. മുറുക്കം, ഇടമുറുക്കം, ഇടചാട്ടം, ബമ്പ് തുടങ്ങി കേൾവിക്കാർക്കും പാട്ടുകാർക്കും ആവേശമുണർത്തുന്ന താളഘടന ഓരോ പാട്ടിലും സ്വീകരിച്ചിട്ടുണ്ട്. ഓരോ പാട്ടും പാടിക്കഴിഞ്ഞ് നടത്തുന്ന അൽപം ദീർഘമായ പ്രഭാഷണത്തെത്തുടർന്ന് അടുത്ത പാട്ട് ഓർമിക്കാനുള്ള സൂത്രവാക്കായാണ് വാൽക്കമ്പി, വാലുമ്മേൽകമ്പി തുടങ്ങിയ പ്രാസങ്ങൾ പാട്ടിന്റെ ആദ്യവും അവസാനത്തിലും ഘടിപ്പിക്കുന്നത്.

അതോടൊപ്പം ജനപ്രിയമായ ചേരുവകളും ഈ പടപ്പാട്ടുകളിൽ ചേർത്തുവെക്കുന്നു. സ്വർഗസ്ഥരായ രക്തസാക്ഷികൾക്ക് ലഭിക്കുന്ന ഹൂറിമാരെക്കുറിച്ചുള്ള ദീർഘമായ സ്ത്രീവർണനകൾ മിക്ക പടപ്പാട്ടുകളിലും കാണാം. പ്രവാചകപ്രകീർത്തനം, ഭക്തിരസം നിറഞ്ഞ പാട്ടുകൾ, ദിവ്യപുരുഷന്മാരുടെ അത്ഭുതക്രിയകളെക്കുറിച്ചുള്ള വർണനകൾ, സാധാരണജനങ്ങൾക്ക് രസകരമായ തമാശകൾ, സൂഫിസത്തിന്റെ ജ്ഞാനപ്പൊരുൾ ഒളിപ്പിച്ചുവെച്ച പ്രകരണങ്ങൾ, വീരരക്തസാക്ഷികളുടെ വൈകാരിക സംഭാഷണങ്ങൾ, സ്തുതികൾ, വ്യക്തിനാമങ്ങളുടെ ദീർഘമായ പട്ടിക  തുടങ്ങിയവയൊക്കെ പടപ്പാട്ടുകളിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഭക്ഷണം, വസ്ത്രം, വാദ്യോപകരണം, ആയുധം, ആഭരണം തുടങ്ങിയവയെക്കുറിച്ചുള്ള വിശദമായ പ്രതിപാദനങ്ങളും പടപ്പാട്ടുകളിൽ തുടർച്ചയായി കാണുന്ന ആഖ്യാനശൈലിയാണ്.

1848 ൽ ജനിച്ച മോയിൻകുട്ടി വൈദ്യർ പടപ്പാട്ടുകൾ എഴുതിയ രണ്ടു പതിറ്റാണ്ടുകൾ (1876 – 1893) മലപ്പുറത്തിന്റെ ചരിത്രത്തിലെത്തന്നെ ഏറ്റവും സങ്കീർണമായ കാലമാണ്. കൊണ്ടോട്ടി കേന്ദ്രമായി ഭരിച്ചിരുന്ന മുസ്ലിം നാടുവാഴികളായ കൊണ്ടോട്ടി ശൈഖുമാരുടെ സുവർണകാലമായിരുന്നു അത്. മലബാറിലെ മുസ്ലിം ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരേടായ കൊണ്ടോട്ടി – പൊന്നാനി കൈത്തർക്കം എന്നറിയപ്പെടുന്ന മതസംവാദത്തിന്റെ തുടക്കവും അക്കാലത്താണുണ്ടാകുന്നത്. ബ്രിട്ടീഷുകാർക്കെതിരെ 1840കളിൽ ആരംഭിച്ച ഒറ്റയൊറ്റയായ പോരാട്ടങ്ങൾ മൂർദ്ധന്യത്തിലാകുന്നത് 1880 നു ശേഷമാണ്. മമ്പുറം തങ്ങളുടെ നാടുകടത്തലുമായി ബന്ധപ്പെട്ട് കനോലി സായ്പിനെ മാപ്പിളമാർ വകവരുത്തിയതിനു ശേഷം മലപ്പുറം ജില്ലയൊന്നാകെ ബ്രിട്ടീഷ് സൈന്യം പലതരം നിയമങ്ങളാൽ നിയന്ത്രണത്തിലാക്കിയിരുന്നു. പാട്ടെഴുത്തും പാടിപ്പറയലും നിരോധിക്കപ്പെടുന്നതും നിയന്ത്രിക്കപ്പെടുന്നതും ആ സാഹചര്യങ്ങളിലാണ്.

മണ്ണാർക്കാട് പടപ്പാട്ട് എന്ന കൃതി മോയിന്‍കുട്ടി വൈദ്യരുടെ മുമ്പേ എഴുതപ്പെട്ട രചനയാവാനാണ് സാധ്യത. 1894-ലെ മണ്ണാർക്കാട് നടന്ന മാപ്പിളലഹളയെ ആസ്പദമാക്കി രചിക്കപ്പെട്ട ഈ കൃതി, ബ്രിട്ടീഷ് സർക്കാർ അക്കാലത്തുതന്നെ നിരോധിക്കുകയും എല്ലാ കോപ്പികളും കണ്ടുകെട്ടി നശിപ്പിക്കുകയും ചെയ്തു. അതിനാല്‍ ഈ പാട്ടിന്റെ ഒരു പ്രതി പോലും ഇപ്പോൾ ലഭ്യമല്ല. നഷ്ടപ്പെട്ടുപോയ കൃതിയായതിനാൽ രചയിതാവ് ആരാണെന്നും അറിവില്ല. ബ്രിട്ടീഷുകാർക്കും ജന്മികൾക്കും എതിരെ നടന്ന ചേറൂർ പടയെ (1843) വർണ്ണിക്കുന്ന ചേറൂര്‍ പടപ്പാട്ട് എന്ന ഗാനവും നിരോധിക്കപ്പെട്ടു. എന്നാല്‍ ‘ചേറൂർചിന്ദ്’ എന്നറിയപ്പെടുന്ന ഇതിലെ വരികൾ നിരോധനത്തെ അതിജീവിച്ച് ഇന്നും പ്രചാരത്തിലുണ്ട്.

മോയിന്‍കുട്ടി വൈദ്യരുടെ ബദർ പടപ്പാട്ട് (1876) എന്ന കാവ്യമാണ് പടപ്പാട്ടുകളിലെത്തന്നെ ഏറ്റവും മികച്ച രചന. അതെഴുതപ്പെടുമ്പോൾ ബ്രിട്ടീഷ് അധിനിവിഷ്ട ഇന്ത്യ 85 വർഷം പിന്നിട്ടിരുന്നു. ‘ഗസ്‍വതു ബദറുൽ കുബ്റാ’ എന്നാണ് കവി നൽകിയ തലക്കെട്ട്. മുഹമ്മദ് നബി പങ്കെടുത്ത യുദ്ധങ്ങൾക്കുള്ള പ്രത്യേക നാമമാണ് ഗസ്‍വത്. ബദർ ഖിസ്സപ്പാട്ട് എന്നപേരിലാണ് ഇന്ന് അറിയപ്പെടുന്നത്. മുഹമ്മദ് നബിയുടെ കാലത്തു നടന്ന ബദർ യുദ്ധ ചരിത്രത്തിന് മുസ്ലിംകളുടെ മതബോധത്തിൽ ആഴത്തിലുള്ള സ്വാധീനമുണ്ട്. അതുകൊണ്ടുതന്നെ കിസ്സപ്പാട്ടായും മാലപ്പാട്ടായും ആചാരമായും അനുഷ്ഠാനമായും അത് ഏതാണ്ടെല്ലാ മുസ്ലിം വ്യവഹാരഭാഷകളിലും ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. പലതരത്തിലുള്ള ബദര്‍യുദ്ധ ആഖ്യാനങ്ങള്‍ ബ്രിട്ടീഷുകാര്‍ക്കും ജന്മികള്‍ക്കുമെതിരെയുള്ള മാപ്പിളപ്പോരാളികളുടെ ആവേശം വര്‍ദ്ധിപ്പിക്കാനുള്ള അടിസ്ഥാനപ്രചോദകമായി ഉപയോഗിക്കപ്പെട്ടു. മൊയ്തീൻകുട്ടി മൊല്ല രചിച്ച ബദർ ഒപ്പനയും കാഞ്ഞിരാല കുഞ്ഞിരായിൻ രചിച്ച ബദർ മാലയും മാപ്പിളരചനകളിലുണ്ട്. എഡി 624 ൽ മുഹമ്മദ് നബിയുടെ ഭാഗത്തുനിന്ന് മുന്നൂറിലധികം പേർ മാത്രമുള്ള നിർധനരും നിരായുധരുമായ അനുയായികൾ ആയിരത്തിലധികം വരുന്ന സമ്പന്നരായ ഖുറൈശിപ്പടയെ അത്ഭുതകരമായി അതിജയിച്ച ചരിത്രമാണ് ബദർയുദ്ധത്തിന്റേത്. ഇസ്ലാമിക ചരിത്രത്തിലെ ആദ്യയുദ്ധം അതാണ്. ഇസ്ലാമിന്റെ അതിജീവനത്തിനും അതിജയങ്ങൾക്കും അടിസ്ഥാനകാരണമായത് ആ അത്ഭുതവിജയമാണ്. അതുകൊണ്ടൊക്കെത്തന്നെ പ്രസ്തുത ചരിത്രകഥ മാപ്പിളമാർ – ബ്രിട്ടീഷുകാർ എന്ന ദ്വന്ദ്വത്തോട് സമാനമാക്കി ആന്തരികമായി ഉറപ്പിച്ചുനിർത്തിയതിനാലാണ് ബദർ യുദ്ധചരിത്രത്തിന് മാപ്പിളമാരുടെ ഇടയിൽ ഇത്രയും വേരോട്ടം കിട്ടിയത്.

ബദര്‍പടപ്പാട്ട് കഴിഞ്ഞാല്‍ മാപ്പിളമാര്‍ക്കിടയില്‍ ഏറ്റവുമധികം പ്രചാരത്തിലുള്ള പടപ്പാട്ടാണ് മദിനിധിമാല എന്ന മലപ്പുറം പടപ്പാട്ട്. മലപ്പുറത്തെ മാപ്പിളമാരും ദലിത് വിഭാഗവും ഒരുവശത്തും സവർണ ജന്മികള്‍ മറുവശത്തും അണിനിരന്ന പ്രാദേശിക യുദ്ധമായിരുന്നു മലപ്പുറംപട എന്നറിയപ്പെടുന്ന ചരിത്രസംഭവം.  മദി എന്ന അറബി അക്ഷരങ്ങൾ സംഖ്യാനിർണയപ്രകാരം (അബ്ജദ്) 44 എന്ന എണ്ണത്തെ കുറിക്കുന്നു. മലപ്പുറംപടയിൽ ശഹീദായ 44 ‘നിധി’കളെക്കുറിച്ചുള്ള മാല എന്ന അർഥത്തിൽ മദിനിദിമാല എന്നാണ് കാവ്യത്തിന് കവി നൽകി പേര്.

ഈ ചരിത്രസംഭവം നടന്ന തീയതി കവിതയിൽ കാണുന്നതിങ്ങനെയാണ്:

തിരിത്തിപ്പോൾ ദുആ ചെയ്താർ ഹിജറത്ത് ളർമതും

തിറംപെറ്റ മതി ശഅ്ബാൻ ശഹർ താസിആം

തിയതീ – ദിനം നല്ല ലയ്ലത്തുൽ ജുമുഅ തന്നിൽ (ഇശൽ 46 ഇരന്ദവർ)

ഹിജ്റവർഷം 1141 ശഅബാൻ 9 (എ ഡി: 1729 മാർച്ച് 9, മലയാള വർഷം: 904 കുംഭം 28 വ്യാഴം) ആണ് മലപ്പുറത്തെ യുദ്ധത്തിലെ പ്രധാന ദിവസം. ഈ കാവ്യരചന പൂർത്തിയാക്കി  വൈദ്യര്‍ പൊതുസ്ഥലത്ത് പാടിപ്പറയുന്നത് 1883 ജനുവരി 13നാണ്. 1883 മാപ്പിള ചരിത്രത്തിലെ ചില നിർണായക സംഭവങ്ങളുണ്ടായ വർഷമാണ്. അന്നത്തെ കാർഷിക പ്രതിസന്ധികളും കുടിയാൻ-ജന്മി തർക്കങ്ങളും വലിയ പൊട്ടിത്തെറികളിലേക്ക് നയിച്ച ഒരു വർഷമായിരുന്നു അത്. 1880-കളിൽ മലബാറിലെ ലഹളകളെക്കുറിച്ച് പഠിക്കാൻ ബ്രിട്ടീഷ് സർക്കാർ വില്യം ലോഗനെ 1881 ഫെബ്രുവരിയിൽ സ്പെഷ്യൽ കമ്മീഷണറായി നിയമിച്ചിരുന്നു. 1881 ഡിസംബറിൽ അദ്ദേഹം സമർപ്പിച്ച റിപ്പോർട്ടിന്റെ തുടർനടപടികളും ചർച്ചകളും സജീവമായി നടന്നത് 1882-83 കാലഘട്ടത്തിലാണ്. മാപ്പിള ലഹളകൾ കേവലം മതപരമായ കാരണങ്ങളാലല്ല, മറിച്ച് ജന്മിമാരുടെ ചൂഷണവും അന്യായമായ കുടിയൊഴിപ്പിക്കലുമാണ് ഇതിന് പിന്നിലെന്ന് ലോഗൻ കണ്ടെത്തി. ഇത് പിന്നീട് 1887-ലെ ‘മലബാർ കുടിയാൻ നിയമം’ (Malabar Compensation for Tenants Improvements Act) രൂപീകരിക്കുന്നതിലേക്ക് വഴിതെളിച്ചു. (ബോബി തോമസ് – പേജ് 30)

മദിനിധിമാല എഴുതി അവതരിപ്പിക്കുന്നതിന് തൊട്ടുമുമ്പ് 1882 ഡിസംബറിൽ ഏറനാട് താലൂക്കിലെ ആനക്കയം തൃക്കളൂരിൽ ഒരു മാപ്പിള പ്രക്ഷോഭം നടന്നിരുന്നു. ഏതാനും മാപ്പിള യുവാക്കൾ ചേർന്ന് ഒരു ക്ഷേത്രത്തിന് സമീപം തമ്പടിക്കുകയും ബ്രിട്ടീഷ് സൈന്യവുമായി ഏറ്റുമുട്ടുകയും ചെയ്തു. ഈ സംഭവത്തിൽ പങ്കെടുത്തവർ കൊല്ലപ്പെടുകയും ഇത് മലബാറിൽ വീണ്ടും സൈനിക നടപടികൾ കർശനമാക്കാൻ കാരണമാവുകയും ചെയ്തു. ഈ സംഭവത്തിൽ നേരിട്ട് ഇടപെട്ടയാളായിരുന്നു വില്യം ലോഗൺ.

ഇതര പടപ്പാട്ടുകളോടു താരതമ്യപ്പെടുത്തുമ്പോള്‍ മലപ്പുറം പടപ്പാട്ടിൽ ഒരു വീരനായകനില്ല, വീരനായകന്മാരാണുള്ളത്. എന്നാൽ, സവർണജന്മിയായ പാറനമ്പി എന്ന വില്ലനെ കടുത്ത നിറത്തിൽ ചിത്രീകരിക്കുന്നുമുണ്ട്. മറ്റൊരർഥത്തിൽ കാവ്യത്തിലൊരിടത്തും നേരിട്ട് കടന്നുവരാത്ത മുഹമ്മദ് നബിയാണ് അതിലെ നായകൻ. ആ അര്‍ഥത്തില്‍ ബദർ പടപ്പാട്ടിന്റെ തുടർച്ചയായാണ് ഈ കാവ്യം വായിക്കേണ്ടത്. യുദ്ധപോരാളികൾ അദൃശ്യനായ നബിതിരുമേനിയെ അകക്കണ്ണുകൊണ്ടു കാണുന്ന ഒരു രംഗം കാവ്യത്തിൽ ‘ബമ്പാ’യി (ഗദ്യആഖ്യാനം) വിവരിക്കുന്നുമുണ്ട്.

ചേരമാൻപെരുമാളിന്റെ മക്കത്തുപോക്ക്, മാലിക്ബ്നു ദീനാറിന്റെ ഇസ്ലാമുമായുള്ള കപ്പലോട്ടം, കേരളത്തിലെ മുസ്ലിം വ്യാപനത്തിലെ പല ഘട്ടങ്ങൾ എന്നീ കാര്യങ്ങൾ വിവരിക്കുന്നതാണ് മലപ്പുറം പടപ്പാട്ടിലെ ആമുഖ ഗാനങ്ങൾ. കേരളത്തിൽ സ്ഥാപിക്കപ്പെട്ട 11 പള്ളികളുടെ ചരിത്രവും 11 ഖാദിമാരുടെ വിവരങ്ങളും അഞ്ചു മുസ്ലിം ജനപഥങ്ങൾ രൂപപ്പെട്ടതും ഇതില്‍ വിശദമാക്കുന്നു. ഏതാണ്ട് ഒരു നൂറ്റാണ്ടിനകത്ത് മലപ്പുറത്തു നടന്ന കൂട്ടമായ മതംമാറ്റത്തിലൂടെ രൂപപ്പെട്ടതാണ് മലപ്പുറത്തെ മാപ്പിളസമുദായം. അവരെ തങ്ങളുടെതന്നെ പാരമ്പര്യവും ചരിത്രവും പഠിപ്പിക്കാനുള്ള ഒരു മാര്‍ഗംകൂടിയായിരുന്നു ഇത്തരം പടപ്പാട്ടുകളിലെ ദീര്‍ഘമായ പശ്ചാത്തല ചരിത്രവിവരണം എന്നു കാണാം.  മോയിന്‍കുട്ടി വൈദ്യര്‍ക്കു ശേഷം കടായിക്കൽ മൊയ്തീൻ കുട്ടിഹാജി ന്നകവിയും മലപ്പുറം ചിന്ത് എന്ന പേരില്‍ മലപ്പുറം പടപ്പാട്ട് രചിച്ചിട്ടുണ്ട്.

മുഹമ്മദ് നബിയുടെ ജീവിത്തില്‍ നടന്ന ഉഹ്ദ്, ഹുനൈന്‍, ഖൈബര്‍ എന്നീ യുദ്ധങ്ങളുടെ ചരിത്രത്തെ പശ്ചാത്തലമാക്കി വേറെ രണ്ടു പടപ്പാട്ടുകളും മോയിന്‍കുട്ടി വൈദ്യര്‍ രചിച്ചിട്ടുണ്ട്. ഇത്തരം പടപ്പാട്ടുകളുടെയെല്ലാം പാടിപ്പറയലുകൾ ഇന്നും പല വേദികളിലും അരങ്ങേറുന്നു. മാപ്പിളസമുദായത്തില്‍ കഥാപ്രസംഗകല വളരെയധികം പ്രചാരം നേടിയിട്ടും  പാടിപ്പറയല്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നു മാത്രമല്ല അവതാരകരുടെയും ആസ്വാദകരുടെയും സംഘടനകളും കൂട്ടായ്മകളും ഇന്നുണ്ട്. പാരമ്പര്യ സുന്നി സംഘടനകളാണ് പ്രധാനമായും അതിന്റെ പിന്നിലുള്ളത്. പാടിപ്പറയലിന്റെ ആധുനിക രൂപമായ കഥാപ്രസംഗമാകട്ടെ സമാന്തരമായി റംലാബീഗം, ഐഷാ ബീഗം തുടങ്ങിയ സ്ത്രീ കലാകാരികളിലൂടെ ഏറെ ജനപ്രിയമായി. വാദ്യോപകരണങ്ങളിലൂടെയും പൊതു പ്രമേയങ്ങള്‍ സ്വീകരിച്ചുകൊണ്ടും അത് മതത്തിന്റെ വിലക്കുകളെ വകവയ്ക്കാതെ കൂടുതല്‍ പുതുക്കിക്കൊണ്ടിരിക്കുന്നു. പ്രമേയതലത്തിൽ പ്രണയവും കക്ഷിരാഷ്ട്രീയവും ലോകസാഹിത്യവും വരെ മാപ്പിളകഥാപ്രസംഗത്തിന് ഇന്ന് ഉപയോഗപ്പെടുത്തുന്നുണ്ട്.

സഹായകകൃതികൾ

  • അബൂബക്കർ കെ. വൈദ്യരുടെ കാവ്യലോകം, ഐ പി ബി, കോഴിക്കോട്. 2007
  • ബാലകൃഷ്ണൻ വള്ളിക്കുന്ന്. മാപ്പിള സാഹിത്യ പഠനങ്ങൾ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. തിരുവനന്തപുരം, 2011
  • ബാലകൃഷ്ണൻ വള്ളിക്കുന്ന്, മാപ്പിളപ്പാട്ട് വഴക്കങ്ങൾ ചരിത്ര സാമൂഹിക പശ്ചാത്തലത്തിൽ, മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ആൻറ് ഡവലപ്മെന്റ്, മലപ്പുറം റീജ്യണൽ സെന്റർ, കൊണ്ടോട്ടി. വിതരണം പൂങ്കാവനം ബുക്സ്. മെയ് 2014
  • ബോബി തോമസ് (എഡി). മലബാർ കലാപം കഥയും പൊരുളും, സൈൻ ബുക്സ് തിരുവനന്തപുരം, ജനുവരി 2021.
  • മോയിൻകുട്ടി വൈദ്യർ (സമ്പൂർണ കൃതികൾ). കെ കെ മുഹമ്മദ് അബ്ദുൽ കരീം, കെ അബൂബക്കർ (എഡി.) മോയിൻകുട്ടിവൈദ്യർ സ്മാരക കമ്മിറ്റി. കൊണ്ടോട്ടി. 2005
  • മുഹമ്മദലി വി പി, മാപ്പിളപ്പാട്ടുകൾ നൂറ്റാണ്ടുകളിലൂടെ, കറണ്ട് ബുക്സ്, കോട്ടയം, ജനുവരി 2007
  • ലത്തീഫ് എൻ കെ എ, മാപ്പിള ശൈലി, നാഷണൽ ബുക് സ്റ്റാൾ, കോട്ടയം, 1994

ഡോ. ജമീൽ അഹമ്മദ്

3 2 votes
Rating
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x