
ഡോ.നൗഷാദ് എസ്
Published: 10 January 2025 ചലച്ചിത്രപഠനം
കോർപ്പറേറ്റ് മുതലാളിത്തത്തിന്റെ സംരംഭകസ്ത്രീകളും സന്തതിരഹിത ദാമ്പത്യങ്ങളും-നവലിബറൽകാലനയങ്ങൾ ഇന്ത്യൻസിനിമയിൽ

ആമുഖം
നവലിബറലിസം എന്നത് ഒരു സാമ്പത്തിക സമീപനം മാത്രമല്ല, സ്ത്രീ പുരുഷ ബന്ധങ്ങളെ നിർണ്ണയിക്കുന്ന അധികാരപ്രയോഗവുമാണ്. കോർപ്പറേറ്റ് സ്ഥാപനങ്ങളിലെ ശാക്തീകൃത സ്ത്രീ എന്നത് നവലിബറലിസത്തിന്റെ പല ഉൽപ്പന്നങ്ങളിലൊന്നാണ് എന്നതാണ് വസ്തുത. കച്ചവടപങ്കാളിത്തത്തിന്റെ പൂരണം മാത്രമാണ് ജീവിതപങ്കാളിത്തം എന്ന നവലിബറൽനയം ഇന്ത്യൻ സിനിമകളിൽ പ്രവർത്തിക്കുന്നതെങ്ങനെ എന്നതിന്റെ ചരിത്രപരമായ അന്വേഷണം.
.
താക്കോൽവാക്കുകൾ : നവഉദാരീകരണം – പ്രസിഡന്റ് – നിതിൻ ബോസ് – അനുരാഗ ആരളിതു – മന്നൻ – ഋതു – വിജയ് സൂപ്പറും പൗർണ്ണമിയും – ബ്രോ ഡാഡി – പ്രേമലു – അർച്ചന 31 നോട്ടൗട്ട്
President സിനിമ: കമ്പനിമുതലാളിയായ സ്ത്രീയുടെ കഥ
കമ്പനിമുതലാളിയായ ഒരു സ്ത്രീയുടെ ഉയർച്ചയുടെയും തകർച്ചയുടെയുടെയും കഥ പറഞ്ഞ President എന്ന ഹിന്ദി സിനിമ പുറത്തുവരുന്നത് 1937 ലാണ്.
സ്ത്രീയുടെ സാമ്പത്തികസ്വാതന്ത്ര്യം ആധുനികസമൂഹനിർണ്ണയനത്തിന്റെ മുഖ്യസൂചികയാണെങ്കിലും, ജന്മിത്തകാലത്ത് പൊതുമണ്ഡലത്തെയും ഗാർഹികജീവിതത്തെയും നിയന്ത്രിച്ചിരുന്ന ഇന്ത്യൻജാതിവ്യവസ്ഥ ഉൽപ്പാദനപ്രക്രിയയിലെ സ്ത്രീപങ്കാളിത്തത്തെയും പരിമിതപ്പെടുത്തിയിരുന്നു. കോട്ടൻവ്യവസായത്തിലുണ്ടായിരുന്ന സ്ത്രീസാന്നിധ്യമാകട്ടെ, ബ്രിട്ടീഷ്കൊളോണിയലിസം നിർവ്വഹിച്ച കോട്ടൻവ്യവസായഹനനത്തിലൂടെ ദുർബ്ബലമാകുകയും ചെയ്തു (Shashi Tharoor – An Era of Darkness: The British Empire in India). ആധുനികവിദ്യാഭ്യാസത്തിലൂടെയും സമത്വത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളിലൂടെയും സ്ത്രീയുടെ സാമൂഹികനിലയിൽ സാരമായ മാറ്റമുണ്ടായെങ്കിലും, ഉദ്യോഗസ്ഥയായും അധ്യാപികയായും കൂലിപ്പണിക്കാരിയായുമൊക്കെ ‘അവൾ’ പൊതുമണ്ഡലത്തിൽ സജീവമായെങ്കിലും, വ്യവസായസംരംഭകയോ നടത്തിപ്പുകാരിയോ ആയ സ്ത്രീ പൊതുവ്യവഹാരങ്ങളിൽ ഇനിയും സർവ്വസാധാരണമായിട്ടില്ല. അതുകൊണ്ടുതന്നെയാണ് ഇന്ത്യൻ സാമൂഹികജീവിതത്തെ ആഖ്യാനം ചെയ്യുന്ന ആഖ്യാനങ്ങളിൽ തുണിമിൽ മുതലാളിയായ സ്ത്രീയുടെ കഥ പറയുന്ന പ്രസിഡന്റ് എന്ന സിനിമ അസാധാരണമായ അനുഭവമായി മാറുന്നത്.

കൽക്കത്തയിലെ ടോളിഗഞ്ജിൽ സ്ഥാപിതമായ, കൽക്കത്തയെ സിനിമാവ്യവസായമേഖലയാക്കുന്നതിൽ മുഖ്യപങ്കുവഹിച്ച, ആദ്യ ഉറുദുസിനിമകൾ നിർമ്മിച്ച ന്യൂതിയേറ്റേഴ്സായിരുന്നു പ്രസിഡന്റ് സിനിമയുടെയും നിർമ്മാതാവ്. നിതിൻ ബോസായിരുന്നു, സംവിധായകൻ. കെ.എൽ.സെെഗാളും കമേലഷ് കുമാരിയും ലീലാദേശായിയും പൃഥ്വിരാജ് കപൂറും പ്രധാന വേഷങ്ങളിലഭിനയിച്ചു. ഫോട്ടോഗ്രാഫറായ നിതിൻ ബോസ് പ്രസിഡന്റ് സിനിമയിലും ദൃശ്യവിവരണത്തിനാണ് ഊന്നൽ കൊടുത്തത്. സമയനിഷ്ഠ വ്യക്തമാക്കുന്ന ചുമർഘടികാരവും സമയനിഷ്ഠ കൃത്യമായി പാലിക്കുന്ന ബോർഡ് പ്രസിഡന്റുമാണ് സിനിമയുടെ ആദ്യദൃശ്യങ്ങൾ. പ്രഭാവതിയാണ് തുണിമിൽ മുതലാളി; ബോർഡ് പ്രസിഡന്റ്. കമ്പനിയുടെ വളർച്ചയാണ് അവരുടെ ഒരേയൊരു ജീവിതലക്ഷ്യം. ഗുണവും കരുത്തുമാണ് അവരുടെ വിശ്വാസപ്രമാണങ്ങൾ. പ്രായമേറിയ യന്ത്രങ്ങളെയും മനുഷ്യരെയും തൽക്ഷണം നീക്കം ചെയ്യുക എന്നതാണവരുടെ നിലപാട്. ശേഷി കുറഞ്ഞാൽ തന്നെപ്പോലും പുറത്താക്കണം എന്നാണ് പ്രഭാവതി ബോർഡ് മീറ്റിംഗിൽ ആവശ്യപ്പെടുന്നത്. ജോലിയിൽ കൂടുതൽ ആത്മാർത്ഥത കാണിക്കുന്നവർക്ക് തൽക്ഷണം അവർ അധികവേതനം അനുവദിക്കുന്നു. ഒരേസമയം ശിക്ഷകനും രക്ഷകനുമാകുന്ന മാതൃകാമുതലാളിയാണവർ. കമ്പനിയിൽ പുതിയ ആശയങ്ങൾ പ്രകടിപ്പിക്കുന്ന പ്രകാശ് എന്ന തൊഴിലാളിയെയും പ്രഭാവതി പുറത്താക്കുന്നു. പക്ഷേ, പ്രകാശിന്റെ ആശയങ്ങൾ ശരിയാണെന്ന് തെളിയുമ്പോൾ പ്രഭാവതി പ്രകാശിനെ തിരിച്ചുവിളിക്കുകയും അയാളെ ജനറൽ മാനേജരായി നിയമിക്കുകയും ചെയ്യുന്നു. പ്രകാശിനെ അവൾ നിശബ്ദമായി പ്രണയിച്ചു തുടങ്ങുന്നുമുണ്ട്. പക്ഷേ പ്രകാശാകട്ടെ, പ്രഭാവതിയുടെ അനുജത്തി ഷീലയുമായി അനുരാഗത്തിലാണ്. തൊഴിലാളിയായിരുന്ന പ്രകാശ്, മുതലാളിയായി മാറുമ്പോൾ ആർത്തി അയാളുടെ സ്വഭാവമായും ഘടികാരം അയാളുടെ ജീവിതസൂചകമായും യന്ത്രങ്ങളുടെ വേഗത അയാളുടെ ജീവിതപ്രമാണമായും മാറുന്നു. തൊഴിലാളി-മുതലാളി സംഘർഷത്തിൽ അയാൾ പരിക്കേറ്റ് ആശുപത്രിയിലാകുന്നു. പ്രണയനഷ്ടം സംഭവിച്ച പ്രഭാവതി ഉന്മാദിയാകുകയും ഒഴിഞ്ഞ മേശകൾക്ക് മുന്നിൽ നിന്ന് ബോർഡ് മീറ്റിംഗിലേർപ്പെടുകയും ചെയ്യുന്നു. വ്യവസ്ഥയുടെ കൃത്യനിഷ്ഠയെ സൂചിപ്പിക്കുന്ന ചുമർഘടികാരത്തിന്റെ പശ്ചാത്തലത്തിലാണ് പ്രഭാവതിയുടെ മരണവും സംഭവിക്കുന്നത്. മുതലാളിത്തത്തിന്റെ വിശ്വാസപ്രമാണങ്ങളും പ്രായോഗികരീതികളും വ്യക്തിബന്ധങ്ങളിലേൽപ്പിക്കുന്ന കനത്ത ആഘാതത്തെ ലിംഗനിരപേക്ഷമായല്ല, പക്ഷേ, സിനിമ സമീപിക്കുന്നത്. തൊഴിലാളിവർഗ്ഗത്തെ ചൂഷണം ചെയ്തുകൊണ്ട് ലാഭം വർദ്ധിപ്പിക്കാനുള്ള ആർത്തി പ്രഭാവതിയിലും പ്രകാശിലും സമാനമായിത്തന്നെയാണ് പ്രവർത്തിക്കുന്നതെങ്കിലും, പ്രഭാവതിക്കുണ്ടാകുന്ന ദുരന്തത്തിലാണ് സിനിമ ഊന്നൽ കൊടുക്കുന്നത്. പ്രണയം പ്രകാശിലും പ്രഭാവതിയിലും പ്രകാശിതമാകുന്നുണ്ടെങ്കിലും, പ്രണയം സ്ത്രീക്ക് മാത്രം താരള്യത്തിന്റെയും വിധേയത്തത്തിന്റെയും ഭാവമായി നിർണ്ണയിച്ചതാര് എന്നും വ്യവസായസംരംഭങ്ങളുടെ നേതൃത്വം വഹിക്കുന്ന സ്ത്രീക്ക് പ്രണയം ശേഷിക്കുറവായി തീരുന്നതെങ്ങനെയെന്നും ആ സിനിമ ചോദിക്കുന്നു. വ്യവസായസ്ഥാപനങ്ങളുടെ നടത്തിപ്പുകാരിയായ സ്ത്രീ, പ്രണയവ്യക്തിയായി മാറുമ്പോൾ അവൾ അപഹാസ്യയായും അപമാനിതയാIയും ഭ്രാന്തിയായും ബലിമൃഗമായും മാറുന്നതെന്തുകൊണ്ട് എന്ന് ആ സിനിമ ചോദിക്കുന്നു. മുതലാളിത്തസ്ഥാപനങ്ങളുടെ നേതൃസ്ഥാനിയായ സ്ത്രീ, പ്രണയശൂന്യവ്യക്തിയായിരിക്കണം എന്നത് ആരുടെ ഇച്ഛയാണ് എന്നും ആ സിനിമ ചോദിക്കുന്നു.
വ്യവസായവൽക്കരണത്തിന്റെ ഭാഗമായി രൂപപ്പെട്ട ഫാക്ടറികളും ഫാക്ടറികളിലെ മുതലാളിമാരുടെ ആർത്തിയും ചൂഷണങ്ങളും മുതലാളി – തൊഴിലാളി സംഘർഷങ്ങളുമൊക്കെയുള്ള സിനിമകൾ സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ യഥേഷ്ടം നിർമ്മിക്കപ്പെട്ടെങ്കിലും [Namak Haraam (1973), Mazdoor (1983), Deewar (1973), Do Bigha Zameen (1953), Naya Daur(1957)] വ്യവസായസംരംഭകരും കമ്പനിമുതലാളിമാരുമായ സ്ത്രീകഥാപാത്രങ്ങളുടെയും അവരുടെ ആന്തരികസംഘർഷങ്ങളുടെയും കഥ പറയുന്ന ഇന്ത്യൻസിനിമകൾ സജീവമാകുന്നത് എൺപതുകളിലാണ്.
1986 ൽ പുറത്തിറങ്ങിയ അനുരാഗ ആരളിതു (പ്രണയമുകുളങ്ങൾ എന്നർത്ഥം) പ്രസിഡന്റിന്റെ കഥാഘടനയെ വികലമായി അനുകരിച്ച കന്നഡസിനിമയാണ്. രാജ്കുമാറും മാധവിയുമായിരുന്നു, കേന്ദ്രകഥാപാത്രങ്ങളായഭിനയിച്ചത്. ഇന്ത്യയിലെ ഒൻപത് ഭാഷകളിലേക്കും ബംഗ്ലാദേശി, സിംഹള എന്നീ വിദേശഭാഷകളിലേക്കും ഈ സിനിമ പുനർനിർമ്മിക്കപ്പെട്ടു. രജനീകാന്ത് -വിജയശാന്തി താരജോഡികളായ മന്നൻ(1992)സിനിമ ഇതിന്റെ തമിഴ് പതിപ്പാണ്. ഫാക്ടറിയാണ് ഇതിന്റെയും കഥാപരിസരം.
തന്റെ ഫാക്ടറി ഇന്ത്യയിൽ നമ്പർ വൺ ആകണമെന്നാർത്തി കൊള്ളുന്ന കമ്പനിമുതലാളിസ്ത്രീയും കമ്പനികളിൽ മുതലാളിയുടെ ലാഭത്തെക്കാൾ പ്രധാനം തൊഴിലാളിയുടെ പരിരക്ഷയാണെന്ന് വാദിക്കുന്ന തൊഴിലാളിനേതാവും തമ്മിലുള്ള കലഹങ്ങളും അവരുടെ വിവാഹവും മുതലാളിസ്ത്രീയുടെ മെരുക്കപ്പെടലുമൊക്കെയാണ് സിനിമയുടെ പ്രമേയം. പ്രസിഡന്റ് സിനിമയിലെ ത്രികോണപ്രേമം ഈ സിനിമയിലും ആവർത്തിക്കുന്നുണ്ടെങ്കിലും കന്നഡ സിനിമയും അതിന്റെ അനുവർത്തനങ്ങളും ദുരന്തപര്യവസായികളല്ല. മുതലാളിത്തത്തിന്റെ ആർത്തി, വ്യക്തിബന്ധങ്ങളെ അപചയിപ്പിക്കുകയും വ്യക്തിദുരന്തങ്ങൾക്ക് ഹേതുവാകുകയും ചെയ്യുന്നുണ്ട് എന്ന് നിതിൻ ബോസിന്റെ സിനിമ പറയുന്നുണ്ടെങ്കിൽ സ്ത്രീയുടെ നേതൃത്വമാണ് വ്യവസ്ഥയുടെ അപചയത്തിന് കാരണം എന്നാണ് രാജ്കുമാറിന്റെയും രജനീകാന്തിന്റെയും സിനിമകളുടെ പ്രാഥമികനിലപാട്. നന്മ/തിന്മ, ബുദ്ധി/വിഡ്‌ഢിത്തം എന്നിങ്ങനെയുള്ള വിരുദ്ധദ്വന്ദ്വങ്ങളാലാണ് തമിഴ്, കന്നഡ സിനിമകളിലെ നായക-നായിക രൂപങ്ങളെ വാർത്തെടുത്തിരിക്കുന്നത്. മുതലാളിസ്ത്രീ, തൊഴിലാളിനേതാവിനെ വിവാഹം കഴിക്കുന്നതുപോലും അയാളുമായുള്ള മത്സരത്തിന്റെ ഭാഗമാണ്. ആർക്കും വഴങ്ങാതിരിക്കുക, കള്ളം ചെയ്യുന്നവരെ എതിർക്കുക തുടങ്ങിയ വ്യക്തിഗുണങ്ങളൊക്കെ അവളുടെ ഖലനായികാവിശേഷങ്ങളായാണ് സിനിമ നിശ്ചയിക്കുന്നത്. കായികമായി ശിക്ഷിച്ചും അപകടത്തിൽ നിന്ന് രക്ഷിച്ചുമൊക്കെ പുരുഷൻ സ്ത്രീയെ മെരുക്കിയെടുക്കുന്നു; അവളെ പൂർണ്ണമായും ഗാർഹികസ്ത്രീയാക്കി മാറ്റുന്നു. പ്രണയവ്യക്തിയായ സ്ത്രീയുടെ സാമൂഹികവ്യക്തിത്വം വലിയൊരു തെറ്റാണ് എന്നാണ് സിനിമ സമർത്ഥിക്കുന്നത്. കമ്പനിമുതലാളിനേതൃത്വം എന്ന അവളുടെ സാമൂഹികവ്യക്തിത്വത്തെ ഛേദിക്കുമ്പോൾ, പുരുഷൻ രക്ഷിക്കുന്നത്, അവൾ കാരണം വലിയ കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുള്ള വ്യവസ്ഥയെക്കൂടിയാണ് എന്നതാണ് സിനിമ നൽകുന്ന ഗുണപാഠം. അഥവാ കമ്പനിമുതലാളിയാകുന്ന സ്ത്രീ നിർബന്ധമായും തരളഭാവങ്ങൾ വെടിഞ്ഞ, പ്രണയഹിതങ്ങളില്ലാത്ത സ്ത്രീയായിരിക്കണം എന്നും കൂടി വ്യക്തമാക്കിക്കൊണ്ടാണ് മന്നൻ സിനിമ അവസാനിക്കുന്നത് (പ്രണയബന്ധത്തിൽ നിന്ന് വിടുതൽ നേടിയ മറ്റൊരു സ്ത്രീ കമ്പനിയുടെ ചുമതല ഏറ്റെടുക്കാൻ സിനിമാന്ത്യത്തിൽ എത്തിച്ചേരുന്നു).
കോർപ്പറേറ്റ് സ്ഥാപനങ്ങളിലെ സ്ത്രീസംരംഭകർ
നവലിബറൽ സാമ്പത്തികനയങ്ങൾ ഇന്ത്യയിൽ നടപ്പാകുന്ന കാലത്താണ് മന്നൻ സിനിമ പ്രദർശനത്തിനെത്തുന്നതും അത് ഒരു പണംവാരിപ്പടമായി മാറുന്നതും. വ്യവസായത്തിന് ദേശ അതിരുകൾ മായ്ക്കപ്പെടുകയും കയറ്റുമതി- ഇറക്കുമതികളെയും ബഹുരാഷ്ട്ര വ്യവസായസംരംഭങ്ങളെയും വ്യവസായനടത്തിപ്പുകളെയും ഉദാരമാക്കിയ സാമ്പത്തികനയമായിരുന്നു, അത്. അർഹതയുള്ളവയുടെ അതിജീവനം എന്ന കാട്ടുനീതിയാണ് അതിന്റെ തത്ത്വശാസ്ത്രം. കമ്പോളമാണ് നവലിബറൽകാലത്തെ നായകരൂപം. കച്ചവടം വർദ്ധമാനമാകാൻ സ്ത്രീ ശാക്തീകരിക്കപ്പെടണമെന്നുണ്ടെങ്കിൽ കമ്പോളം സ്ത്രീയെ ശാക്തീകരിക്കും; ഗാർഹികസ്ത്രീയാകണമെങ്കിൽ അവളെ ഗാർഹികസ്ത്രീയാക്കും. തീർത്തും സ്ത്രീവിരുദ്ധമായിരുന്നെങ്കിലും കമ്പനികൾ തമ്മിലുള്ള മത്സരം പ്രമേയമാകുകയും വ്യവസായസ്ഥാപന നടത്തിപ്പുകാരിയായ സ്ത്രീ കേന്ദ്രകഥാപാത്രമാകുകയും ചെയ്ത കന്നഡ സിനിമയും അതിന്റെ അനുവർത്തനങ്ങളും പ്രസിഡന്റ് പുറത്തിറങ്ങി അരനൂറ്റാണ്ടിന് ശേഷം സംഭവിക്കുന്നത് നവലിബറൽ നയങ്ങളുടെ പ്രേരണമൂലമാണെന്ന് വ്യക്തമാണ്. പ്രണയിക്കുമ്പോൾ, ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ, കുട്ടികളുണ്ടാകുമ്പോൾ, കുട്ടികളിൽ നിങ്ങൾ അഭിരമിക്കുമ്പോൾ, അത് കമ്പനിക്ക് / കമ്പോളത്തിന് വേണ്ടി പ്രവർത്തിക്കേണ്ട സമയത്തെ നഷ്ടമാക്കുന്നുവെന്നും അത് ലാഭത്തിൽ കുറവുണ്ടാക്കുന്നുവെന്നും ആയതിനാൽ നിങ്ങൾ ഒന്നുകിൽ ഗാർഹികസ്ത്രീയായി പിൻവാങ്ങുക; അല്ലെങ്കിൽ പ്രണയരഹിതവ്യക്തികളായോ പ്രത്യുൽപ്പാദനരഹിതവ്യക്തികളാ യോ നേതൃത്വത്തിൽ തുടരുക എന്നാണ് ഉദാരമുതലാളിത്തം അതിന്റെ നയസമീപനങ്ങളിലൂടെ ദൃഢമായി ആവശ്യപ്പെടുന്നത്. പ്രണയരഹിതസ്ത്രീയെ കമ്പനിമുതലാളിയാക്കുന്ന ദൃശ്യത്തിലാണ് 92 ലെ മന്നൻ സിനിമ ശുഭാന്തമായിത്തീരുന്നത്. പ്രണയവ്യക്തിയായ സ്ത്രീയെ ഭ്രാന്തിലേക്കും അടിമത്തത്തിലേക്കും മരണത്തിലേക്കും മറവിയിലേക്കും വലിച്ചെറിഞ്ഞുകൊണ്ടാണ്, കമ്പനിനേതൃത്വം എന്ന പ്രലോഭനം കൊണ്ട്, കോർപ്പറേറ്റ് മുതലാളിത്തം സ്ത്രീയെ പ്രണയരഹിതയാക്കുന്നത്; പ്രണയരഹിതസ്ത്രീയെ ശാക്തീകൃത സ്ത്രീയായി നിർവ്വചിക്കുന്നത്; ശാക്തീകൃത സ്ത്രീയെ ആഘോഷിക്കുന്നത്; കമ്പനിയെ കൂടുതൽ ശാക്തീകരിക്കാൻ അവൾക്ക് അവസരങ്ങൾ നൽകുന്നത്. അതായത് നവഉദാരീകരണം എന്ന നവമുതലാളിത്തം ദേശരാഷ്ട്രങ്ങളുടെ സാമ്പത്തിക അജണ്ടകളെയും വ്യക്തികളുടെ സാമൂഹികസ്വത്വത്തെയും മാത്രമല്ല, വ്യക്തികളുടെ ലൈംഗികസ്വത്വത്തെയും നിശ്ചയിക്കുന്ന വ്യവസ്ഥയാണ് എന്നാണ് ഇവിടെ പറഞ്ഞുവരുന്നത്.
കമ്പനിസ്ഥാപനങ്ങളുടെ സംരംഭകരോ നടത്തിപ്പുകാരോ ആയ സ്ത്രീകൾ കഥാപാത്രങ്ങളായി, തൊണ്ണൂറുകൾക്ക് ശേഷം പുറത്തിറങ്ങിയ സിനിമകൾ ഉയർത്തിപ്പിടിക്കുന്നത് സ്ത്രീശാക്തീകരണത്തിന്റെ രാഷ്ട്രീയമാണെങ്കിലും, അതിന്റെ പ്രായോജകർ നവലിബറലിസം തന്നെയാണെന്നത് അവയുടെ പ്രമേയം തന്നെ വെളിപ്പെടുത്തും. പ്രതിനിധാനസ്വഭാവമുള്ള ചില മലയാളസിനിമകളെ മുൻനിർത്തി ഇക്കാര്യം വിശദീകരിക്കാം.

2009 ലിറങ്ങിയ ശ്യാമപ്രസാദ് സിനിമയാണ് ഋതു. ഐ.ടി പ്രൊഫഷണലുകളായ മൂന്ന് ചെറുപ്പക്കാരുടെ സൗഹൃദത്തിന്റെയും വേർപിരിയലിന്റെയും കഥ. ഒരാൾ അമേരിക്കയിലിരുന്ന് സ്വദേശത്തെ സ്വപ്നം കാണുന്നു; അതുകൊണ്ട് അയാൾ നായകൻ. മറ്റൊരാൾ കേരളത്തിലിരുന്ന് അമേരിക്കയെ സ്വപ്നം കാണുന്നു; അതുകൊണ്ട് അയാൾ പ്രതിനായകൻ. മൂന്നാമത്തെയാൾ അമേരിക്കക്കാരന്റെ കാമുകി. മൂവരും കേരളത്തിലെ ഒരു സോഫ്റ്റ് വെയർ കമ്പനിയിൽ ജോലി തേടുന്നു. സ്ത്രീയാണ് കമ്പനിയുടമ. കമ്പനിയുടെ ലാഭം ഉത്തരോത്തരം വർദ്ധിപ്പിക്കുക എന്നതുതന്നെയാണ് അവരുടെയും ലക്ഷ്യം. പരസ്പരം കൊന്നും തിന്നും ഒറ്റിയും കസേരകയറ്റം ആഗ്രഹിക്കുന്നവരാണ് കമ്പനിയിലെ ജീവനക്കാർ. Only a lucky few will get to live here (ഭാഗ്യം ഉള്ള ചിലർക്ക് മാത്രമേ ഈ ലോകത്ത് ജീവിക്കാനാകുകയുള്ളൂ) എന്ന് വഴിവക്കിലെ ബോർഡിലെഴുതി വച്ചിരിക്കുന്ന വാക്യമാണ് കമ്പനിയുടെയും ആപ്തവാക്യം. ഭർത്താവിനെ വഴികാട്ടിയും ഗുരുവുമായൊക്കെ കമ്പനിയുടമ വിശേഷിപ്പിക്കുന്നുണ്ടെങ്കിലും അതൃപ്തമാണ് അവരുടെ ദാമ്പത്യം. ‘കമ്പനിയുടെ വളർച്ചയ്ക്ക് വേണ്ടിയാണ് താൻ കുട്ടി വേണ്ടാന്ന് വച്ചതെന്നും കുട്ടികളെ പ്രസവിച്ച് താരാട്ട് പാടി നടക്കാൻ തനിക്ക് സമയമില്ലെ’ന്നും അവർ ഭർത്താവിനോട് പറയുന്നു. കുട്ടികളെ ആവശ്യമില്ല എന്ന നിലയിൽ കമ്പനിമുതലാളിയായ സ്ത്രീയെടുക്കുന്ന തീരുമാനം, ധനഭീകരതയുടെ ലോകത്ത് പെട്ടുപോകുന്ന വ്യക്തി, നിവൃത്തികേടുകൊണ്ട് സ്വീകരിക്കുന്ന തീരുമാനമാണ് എന്നാണ് ആ സംഭാഷണം വ്യക്തമാക്കുന്നത്. നിങ്ങളുടെ സന്തതികൾ ഞങ്ങളുടെ ലാഭത്തെ കുറവു ചെയ്യുന്നെന്നും അതുകൊണ്ട് അവരെ കൊന്നുകളയുക എന്നും ആ പ്രക്രിയയ്ക്ക് കൂടുതൽ കൂലി നൽകാം എന്നുമാണ് നവമുതലാളിത്തം തൊഴിൽസ്ഥാപനങ്ങളിലെ ജീവനക്കാരോടാവശ്യപ്പെടുന്നത്. ആ സ്ഥാപനത്തിലെ ജീവനക്കാരിലൊരാൾ സ്വവർഗ്ഗലൈംഗികവ്യക്തിയാണെന്നും അയാളുടെ ലൈംഗികവ്യക്തിത്വവും കോർപ്പറേറ്റ് കച്ചവടങ്ങൾക്ക് ഉപാദാനമാണണ് എന്നും സിനിമ പറയുന്നുണ്ട്. പ്രത്യുൽപ്പാദനരഹിത വ്യക്തികളാൽ സമ്പന്നമാക്കപ്പെട്ട സ്ഥാപനങ്ങളാണ് നവമുതലാളിത്തവ്യവസ്ഥയുടെ ആദർശലോകം എന്നാണ് ഋതു സിനിമ വിവരിക്കുന്നത്.
ഋതു സിനിമയിലെ കമ്പനിയുടമകളായ ദമ്പതികളുടെ ഭൂതകാലം 2019 ലിറങ്ങിയ വിജയ് സൂപ്പറും പൗർണ്ണമിയും എന്ന സിനിമയിൽ കാണാനാവും. മറ്റേതെങ്കിലും സ്ഥാപനത്തിൽ ജീവനക്കാരിയാകുന്നതിനെക്കാൾ അതിലെ നായിക ആഗ്രഹിക്കുന്നത്, സ്വന്തമായി ഒരു വ്യവസായമാരംഭിക്കാനാണ്. നായകനുമായുള്ള അവളുടെ ഉടമ്പടി, ബിസ്സിനസ് പങ്കാളിത്തവും അത് വിജയിച്ചാൽ ജീവിതപങ്കാളിത്തവും എന്നാണ്. നായകന്റെ ആദ്യകാമുകിയുടെ സ്വഭാവം വിവരിച്ചുകൊണ്ട്, കുലസ്ത്രീ എന്നത് വ്യാജവ്യക്തിത്വമാണ് എന്ന് സമർത്ഥിക്കാൻ സിനിമയ്ക്കാകുന്നുണ്ട്. അതിന്റെ ബദൽ എന്ന നിലയ്ക്കാണ് സംരംഭകമോഹമുള്ള നായികയെ സിനിമ സ്ഥാപിക്കുന്നത്. ജീവിതപങ്കാളിത്തത്തെ, ബിസ്സിനസ് പങ്കാളിത്തത്തിന് പൂരകമായി മാത്രം ഉപദർശിക്കുന്ന നായിക തന്നെയാണ് നവമുതലാളിത്തത്തിന്റെ മോഹം; മറ്റാരുമല്ല, മറ്റൊന്നുമല്ല. ബിസ്സിനസ് പങ്കാളിത്തവും ജീവിതപങ്കാളിത്തവും പൂരകമാകുമ്പോൾ സ്വാഭാവികമായ സ്ത്രീപുരുഷബന്ധം അസാധ്യമാകുന്നു എന്നും കുലസ്ത്രീജീവിതത്തെപ്പോലെ തന്നെ അതും ഗതികെട്ടതാണ് എന്നുമാണ് ഋതുവും വിജയ് സൂപ്പറും വ്യക്തമാക്കുന്നത്.

വ്യക്തിഗത ലൈംഗികപ്രണയത്തിലധിഷ്ഠിതമായ സഹജീവിതം (living together) എന്ന പ്രമേയത്തിന്റെ മറപിടിച്ച് സ്ത്രീപുരുഷ ബന്ധങ്ങളെയും കമ്പോളത്തിന്റെ മത്സരങ്ങളെയും സമപ്പെടുത്തുന്ന സിനിമയാണ് ബ്രോ ഡാഡി (2022). ഉപരിവർഗ്ഗകുടുംബാംഗങ്ങളും ഐ.ടി പ്രൊഫണഷൽസുമായ യുവതീയുവാക്കൾ ബാംഗ്ലൂരിൽ സഹജീവിതം നയിക്കുന്നു. പെണ്ണ് ഗർഭിണിയാകുന്നു. സഹജീവിതത്തിൽ ആണും പെണ്ണും പരസ്പരസ്നേഹത്തോടെ ജീവിച്ചുതുടങ്ങിയവരാണെങ്കിലും ബന്ധം വിവാഹത്തിലെത്തണമെങ്കിൽ യുവാവ്, യുവതിയുടെ പിതാവ് മുന്നോട്ടുവയ്ക്കുന്ന മത്സരം ജയിക്കണമെന്ന നിലവരുന്നു. ധനമുതലാളിത്തകാലത്ത് ആരാണ് നിങ്ങളുടെ ലൈംഗികപങ്കാളി എന്നു ചോദിച്ചാൽ അത് പണാധിഷ്ഠിത വില്ലൊടിക്കൽമത്സരങ്ങളിൽ ഒന്നാംസ്ഥാനത്തെത്താൻ കെൽപ്പുള്ളയാൾ എന്നായിരിക്കും നവലിബറൽകാലരാഷ്ട്രീയം സംവഹിക്കുന്ന സിനിമയിലെ അച്ഛനും മകളും ഉത്തരം നൽകുക.

പ്രേമലു(2014) സിനിമയിൽ ഹൈദരാബാദിലെ ഐ.ടി ജീവനക്കാരി, തന്റെ പ്രണയപങ്കാളിയെ തെരഞ്ഞെടുക്കുന്നത് മദ്യക്കുപ്പി വലിച്ചെറിഞ്ഞ് അത് ആരിൽ കൊള്ളുന്നു എന്നുനോക്കിയാണ്. പങ്കാളിയുടെ തെരഞ്ഞെടുപ്പ് അത്ര ലളിതമാേ എന്നുതോന്നിപ്പിക്കുംവിധം സ്വയംവരസദസ്സുകളിലെ വില്ലൊടിക്കൽ മത്സരങ്ങളുടെയും അമ്പെയ്ത്ത് മത്സരങ്ങളുടെയും മോക് – എപ്പിക്കായിത്തീരുന്നുണ്ട്, ഈ രംഗം. നായകൻ ഇംഗ്ലണ്ടിലേക്ക് വിമാനം കയറുമ്പോൾ, വിമാനത്താവളത്തെ പശ്ചാത്തലമാക്കി പ്രണയപ്രഖ്യാപനം നടത്തുന്ന നായിക, നവലിബറൽകാലത്തെ സ്ത്രീ-പുരുഷ ബന്ധങ്ങളിലെ മാതൃകാസ്ത്രീയായി മാറുന്നുണ്ട്.
സ്വപ്രത്യയസ്ഥൈര്യം എന്ന പദത്തിന്റെ അർത്ഥം
സ്വയംവരസദസ്സിൽ നിരന്തരം പങ്കെടുത്തും ബ്രോക്കറിന്റെയും ജോത്സ്യന്റെയും പിന്നാലെ നിത്യേന പാഞ്ഞും വിവാഹം എന്ന സ്ഥാപനത്തിലെത്തിപ്പെടാനാഗ്രഹിക്കുന്ന യുവതിയുടെ കഥയാണ് അർച്ചന 31 നോട്ടൗട്ട് (2023). ഉണ്ടായിരുന്ന താൽക്കാലിക ജാേലിയും നഷ്ടപെട്ട അങ്ങനെ ആത്മവിശ്വാസവും കെട്ട അർച്ചന, ആചാരബദ്ധമായ വിവാഹബന്ധരൂപീകരണത്തിലും ദയനീയമായി പരാജയപ്പെടുന്നു. നാണയബന്ധങ്ങളുടെയും മത്സരാധിഷ്ഠിത ലോകത്തിന്റെയും കാലത്ത് താൽക്കാലിക ജീവനക്കാരിക്ക് വിവാഹം അസാധ്യമായിത്തീരുമ്പോൾ, വിവാഹം എന്ന സ്ഥാപനത്തിന്റെ പുരപ്പുറത്ത് കയറി എല്ലാ ആചാരമര്യാദകളെയും ബഹുമാന്യവ്യക്തികളെയും ഫാന്റസിയുടെ ഭാഷയിൽ അവൾ വെടിവച്ചു വീഴ്ത്തുന്നു. ജീവിതപങ്കാളിത്തം, ബിസിനസ് പങ്കാളിത്തത്തിന്റെ പൂരകമായിത്തീരുകയും സ്ത്രീപുരുഷ ജീവിതങ്ങൾ പ്രത്യുൽപ്പാദനരഹിതരോ ഉന്മാദികളോ ആയി മാറുകയും ചെയ്യുന്ന ധനഭീകരതയുടെ കാലത്ത് അതിപരിചിതവും ആചാരബദ്ധവുമായ വിവാഹജീവിതത്തെ നിർദ്ദയം ദണ്ഡിക്കുന്ന, ഭോഗമിരന്ന് ഞാനിനി ആരുടെയും പിന്നാലെ പായില്ല എന്ന് പ്രഖ്യാപിക്കുന്ന, അർച്ചന, സ്വപ്രത്യയസ്ഥെെര്യം എന്ന പദത്തിന്റെ അർത്ഥത്തെ പരിമിതമായ തോതിലെങ്കിലും വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നുണ്ട്.

ഡോ.നൗഷാദ് എസ്
അസോസിയേറ്റ് പ്രൊഫസർ (മലയാളം) ORI & MSS ലൈബ്രറി കേരളസർവ്വകലാശാല Ph 9446370168