
ഡോ. ആർ. സത്യജിത്
Published: 10 December 2025 കഥ
നിറപ്പെയ്ത്തുള്ള പക്ഷി
സൗജന്യമെന്നത് നിറപ്പെയ്ത്തുള്ള പക്ഷിയാണ്. അവനങ്ങനെ തോന്നിയതിനു കാരണവുമുണ്ട്. ഒരു ലാപ്ടോപ്പ് വാങ്ങുന്നതിന് സർക്കാർ സൗജന്യം പ്രഖ്യാപിച്ചു. ബില്ല് കോളേജിൽ കാണിച്ചാൽ റീഫണ്ട് കിട്ടും. എല്ലാ കടകളിലും കയറിയിറങ്ങി. ഇരുപതിനായിരം രൂപയ്ക്ക് എവിടെ കിട്ടാൻ! പോരാത്തതിന് സർക്കാർ പറഞ്ഞിരിക്കുന്ന എല്ലാ സോഫ്റ്റുവെയറുകളും ഉണ്ടായിരിക്കണം പോലും! പഞ്ചായത്തിൽനിന്ന് ഇത്തരമൊരു സൗജന്യം കൈപ്പറ്റിയിട്ടില്ലെന്ന രേഖാമൂലമുള്ള സാക്ഷ്യപത്രവും വേണം. അതു വാങ്ങിച്ചു വച്ചതുമാണ്. സഹപാഠി കുഞ്ഞിക്കണ്ണന്റെ അമ്മ അവന്റെ നിർബന്ധം സഹിക്കവയ്യാതെ അമ്പതിനായിരം രൂപ വായ്പയെടുത്ത് ഒരു ലാപ് ടോപ്പ് വാങ്ങി. നിശ്ചിത സോഫ്റ്റു വെയറുകൾ ഉണ്ടെന്ന് അധ്യാപകൻ സാക്ഷ്യപ്പെടുത്താൻ വിസമ്മതിച്ചതിനാൽ ഇരുപതിനായിരം രൂപയുടെ സൗജന്യവും നഷ്ടപ്പെട്ടു. വായ്പയടയ്ക്കാൻ കൂലിപ്പണിക്കുകൂടി പോവുകയാണ് അവൻ.
വരുന്ന വഴിയിൽ കുഞ്ഞുനാളിൽ ഓടിക്കളിച്ചിരുന്ന അമ്പലം കണ്ടു. അമ്മ പൊങ്കാല ഇടാറുള്ളതല്ലേ? ശ്രീദേവി അനുഗ്രഹിക്കാതിരിക്കില്ല; ലാപ്ടോപ്പ് കിട്ടാൻ. അച്ഛൻ മരിച്ചതിനുശേഷമാണ് അമ്മ കോവിലിൽ പോയിത്തുടങ്ങിയത്. അവൻ ഓർത്തു: അച്ഛന്റെ കൈപിടിച്ച് എത്തിയ ബലൂൺ കാലം. കളിവാച്ച് വാങ്ങി കെട്ടിത്തന്ന സന്തോഷക്കാലം. വാടകവീട്ടിൽ അച്ഛന്റേതായി അതുമാത്രമാണ് ഉള്ളത്. നോക്കുമ്പോൾ അച്ഛന്റെ വട്ടമുഖം തെളിഞ്ഞുവരും.
അമ്പലത്തിൽ പണ്ടെങ്ങുമില്ലാത്ത വിധം ഒരു ബോർഡ് ഉയർന്നിരിക്കുന്നു. അഹിന്ദുക്കൾക്ക് പ്രവേശനമില്ല. തന്നോടൊപ്പം ഓടിക്കളിച്ചിരുന്ന പീറ്ററിനെ ഓർത്തു കൊണ്ട് അവൻ പ്രവേശിച്ചു.
കുടുംബശ്രീക്കാരുടെ നിലവിളി. ദേവിയുടെ സ്വർണ പൊട്ടുകൾ വളകൾ താലികൾ എല്ലാം കള്ളന്മാർ കവർന്നിരിക്കുന്നു. സിസിടിവിയുടെ ഡിവിആർ എന്നു തെറ്റിദ്ധരിച്ച് ക്ഷേത്രത്തിലെ ഇൻ വർട്ടറും മോഷ്ടിച്ചുവത്രെ! പോകുന്ന വഴി കുടുംബശ്രീ വനിതാ ഫാമിൽ നിന്ന് അവിടെക്കിടന്ന ചാക്കുനിറയെ ശാസ്ത്രീയമായി വളർത്തിയ ബ്രോയിലർ കോഴികളെയും കടത്തി. 3.30 ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ‘ഫ്രോസൻ ചിൽഡ് ഔട്ട് ലെറ്റ് ‘ ഉദ്ഘാടനം ചെയ്യാൻ വരുമ്പോൾ ബിരിയാണി കട്ട്, കറികട്ട്, ഫുൾ ചിക്കൻ എന്നിവയ്ക്ക് എന്തു ചെയ്യുമെന്നോർത്താണ് നിലവിളി. കള്ളന്മാരെ ഉച്ചയ്ക്കുമുമ്പ് കിട്ടിയാൽ വൈകുന്നേരം തന്നെ ഒരു ബ്രോയിലർ കോഴിയെ നേർച്ച കഴിക്കാം. പ്രാർത്ഥനയുടെ ഒടുവിൽ ഒരു മണിയൊച്ച.
കള്ളന്മാരെ ദൈവം സൃഷ്ടിക്കുന്നതാണൊ ദൈവം കള്ളന്മാരെ സൃഷ്ടിക്കുന്നതാണൊ എന്ന സംശയവും പേറി പുറത്തേക്കുനടന്നു.
കോർപ്പറേഷനിലേക്കു പോകണം. ഭൂമി വാങ്ങുന്നതിനുള്ള അപേക്ഷ അമ്മ കൊടുത്തിട്ടുണ്ട്. ക്ലർക്ക് സ്നേഹത്തോടെ പറയുകയാണ്: പണം നേരിട്ടുനല്കാനുള്ള പദ്ധതി ഉപേക്ഷിച്ചിരിക്കുകയാണ്. ഭൂമി ഞങ്ങൾ വാങ്ങിത്തരുന്ന ഒരു പദ്ധതിയുണ്ട്. അതിൽ ഉൾപ്പെടുത്താം.
മൂന്നുവർഷത്തിനുശേഷമാണൊ ഇതുപറയുന്നത്. അവന് ചോദിക്കണമെന്നുണ്ടായിരുന്നു. എന്തെങ്കിലും കിട്ടാനുള്ളതല്ലേ? അതുംകൂടി നഷ്ടപ്പെടുത്തേണ്ട. ദേഷ്യവും സങ്കടവും ഉള്ളിലൊതുക്കി. സ്നേഹം കണ്ടാൽ ഞാൻ അവരുടെ വല്യമ്മയുടെ മോനാണെന്നു തോന്നിപ്പോകും! അവൻ പിറുപിറുത്തു. പടികൾ ഇറങ്ങി നടന്നു. ചെന്നു നിന്നത് ഇരുളു മേഞ്ഞ ഗോഡൗണിൽ. ആ ഇരുട്ട് അവനൊരു അത്ഭുതക്കാഴ്ച കാട്ടിക്കൊടുത്തു.
ഒരു പൂവിൽ നിന്നും രാത്രി പൊട്ടിവിരിഞ്ഞു. നദിപോലെ ഭൂമിയുടെ കുറച്ചു ഭാഗം ഒഴുകിപ്പോവുകയാണ്. ഏതാനും ഉദ്യോഗസ്ഥർ അതിനുപിന്നാലെ പായുകയാണ്. നീണ്ട കുപ്പായമിട്ട ഊശാൻ താടിയുള്ള മെലിഞ്ഞ ഒരാൾ അവരെ പിന്തുടരുന്നു.
അതെന്റെ വിളക്കാണ്. അതെനിക്കുതരു…
എന്താ നിന്റെ പേര്?
അലാവുദ്ദീൻ.
തരാമല്ലൊ. ചെറിയൊരുപകാരം ചെയ്യണം. പാറകളിൽ ഇടിച്ചുനിന്ന ഭാഗമത്രെയും നിന്റെ കൈയിൽ നിന്നും വില തന്നു വാങ്ങിയതാണെന്ന് ഒപ്പിട്ടുതരണം.
ഒപ്പിടവെ മേലുദ്യോഗസ്ഥൻ വിളക്കിൽ അറിയാതെയൊന്ന് ഉരസി.
ഭൂതം പ്രത്യക്ഷപ്പെട്ടു: ഞാനെന്താണ് ചെയ്യേണ്ടത്? ആജ്ഞാപിച്ചാലും.
ആജ്ഞാശീലം മാത്രമുള്ള ഉദ്യോഗസ്ഥൻ; ഭൂത ത്താനേ എത്രയും വേഗം ഈ ചതുപ്പിൽ നിന്നും രക്ഷപ്പെടുത്തുക.
നിങ്ങളെങ്ങനെയാണ് ഈ ചതുപ്പിലെത്തിയത്?
ഭൂമിയില്ലാത്ത ദരിദ്രവാസികൾക്കു വേണ്ടി കണ്ടെത്താൻ വന്നതാണ്.
ഈ ചതുപ്പിൽ അവരെങ്ങനെ താമസിക്കും?
അവറ്റകൾ എങ്ങനെയും എവിടെയും താമസിച്ചു കൊള്ളും. ഇല്ലെങ്കിൽ അതിനുള്ള നിയമം ഉണ്ടാക്കും.
നിങ്ങൾ ഭൂതത്തേക്കാളും ശക്തരാണോ?
അതെ. ചതുപ്പിൽ നിന്ന് രക്ഷപ്പെടുമ്പോൾ…
ഭൂതം ഉദ്യോഗസ്ഥരെയെല്ലാം കൂട്ടി ഒരു പരവതാനിയിലിരുത്തി ആകാശമാർഗ്ഗേണ കൊണ്ടുപോയി.
അവൻ അതുകണ്ട് ഉറക്കെ വിളിച്ചുകൂവി.
അലാവുദ്ദീനേ… എന്നെ പറ്റിച്ച പോലെ നിന്നെയും അവർ പറ്റിച്ചിരിക്കുന്നു. അവർ വിളക്കും കൊണ്ടുപോയി. നിന്റ കൈയിലൊരു മോതിരമില്ലേ? അതുകൊണ്ട് അത്ഭുതവിളക്ക് തിരിച്ചെടുക്കൂ…
അത്ഭുതവിളക്കിലെ ഭൂതത്തോളം ശക്തിയിതിനില്ല.
എങ്കി… ഈ മോതിരം എന്റെ കൈയിലണിയിക്കു… ഞാനാ അത്ഭുത വിളക്ക് ചെറിയ ഭൂതത്തിന്റെ സഹായത്തോടെ കണ്ടെത്തി നിനക്കു തരാം.
ചെറുഭൂതം അവനെയും അലാവുദ്ദീനെയും തോളിലിരുത്തിപ്പറക്കവെ മുറുകെപ്പിടിച്ചിരുന്നു. എങ്ങാനും വീണു പോകരുതല്ലൊ. ഓവർ ഹെഡ് ലൈനുകളിൽ നിന്ന് വൈദ്യുതി ശേഖരിച്ച ഇലക്ട്രിക് ട്രെയിനിനോടൊപ്പം നാലുകിലോമീറ്റർ ഓടി വലത്തേക്കുതിരിഞ്ഞു. സ്തംഭം ഒടിഞ്ഞ വെള്ളക്കൂൺ പോലെ എന്തോ കിടക്കുന്നു. ചെമന്ന ബീക്കണുള്ള കറുത്ത കാർ കണ്ടപ്പോഴാണ് സെക്രട്ടറിയേറ്റ് എന്നു മനസ്സിലായത്. അതും കഴിഞ്ഞ് കോർപ്പറേഷനു മുകളിലെത്തി. ഇന്ത്യൻ കോഫി കഴിക്കാൻ കൊതി തോന്നി. പൈസയില്ലല്ലോ.
ഉദ്യോഗസ്ഥർ വലിയ ഭൂതത്തോടൊപ്പം ശുഷ്കാന്തിയോടെ ജോലി ചെയ്യുന്നു.
ഉദ്യോഗസ്ഥൻ ചോദിച്ചു: ഭൂതമേ നിനക്ക് വ്യാജരേഖയുണ്ടാക്കാൻ അറിയാമോ?
ഇല്ലില്ല. കണക്കുകൂട്ടലും കിഴിക്കലുമൊന്നും വശമില്ല.
എല്ലാം നോക്കിപഠിച്ചോളു…
ഭൂതംനോക്കി: വിവിധ പദ്ധതികൾക്ക് യോഗ്യരായവരുടെ അപേക്ഷകളോടൊപ്പം വ്യാജരേഖകൾ ഉണ്ടാക്കി വ്യാജ അപേക്ഷകൾ തിരുകിവയ്ക്കുന്ന പോലെ പ്രമോട്ടർ സീനിയർ ക്ലർക്കിന്റെ വായിലേക്ക് ലഡ്ഡു തിരുകിവയ്ക്കുകയാണ്.
വെറും ഏഴായിരം രൂപ ഓണറേറിയത്തിൽ പ്രവേശിച്ചതാണ് പ്രമോട്ടർ. അഞ്ചു സെന്റ് സ്ഥലം ഇരുപത് ലക്ഷം രൂപയ്ക്ക് വാങ്ങി. വീടുപാലുകാച്ചലിന്റെ മധുരം പങ്കിടലാണ് നടന്നത്.
പാവങ്ങൾക്ക് ഭൂമി നല്കുന്ന പദ്ധതിയിൽ സ്വന്തം പേര് ഉൾപ്പെടുത്തിയെടുത്ത ഫയലുകളെല്ലാം ആജ്ഞാനുസരണം ഓഡിറ്റ് റിപ്പോർട്ടിൽ നിന്ന് ഒഴിവാക്കാൻ ഭൂതം ഒരു കുഴിയെടുത്ത് ഒളിപ്പിച്ചു. തിരികെ രണ്ടാം നില കടന്നു വന്ന ഭൂതം വിരൽത്തുമ്പുപയോഗിച്ച് ചോക്ലേറ്റ് റെഡ് കലർന്ന ലിപ്സ്റ്റിക് ചുണ്ടിന്റെ അതിരുകളിൽ മൃദുവായി സംയോജിപ്പിക്കുന്ന ലതികാമേഡത്തെ നോക്കിയിരുന്ന് അത്ഭുതം കൂറി.
വ്യാജരേഖകൾ ചമയ്ക്കുന്ന സ്ഥലം ഒന്നുപോയി കണ്ടാലോ?
ചെറിയ ഭൂതത്തോട് ചോദിച്ചു.
ഭൂതം കുതിച്ചുയർന്നു. ഞാൻ പിടിച്ച മേഘ പിണ്ഡങ്ങൾ കൈയിൽ നിന്ന് വഴുതിക്കൊണ്ടേയിരുന്നു. പെട്ടെന്ന് ആലിലകൾക്കരുകിലൂടെ താഴ്ന്നിറങ്ങി.
വ്യാജരേഖാ നിർമ്മാണ കേന്ദ്രം നീണ്ടുകിടക്കുകയാണ്, അവസാനം ഒരു വളവുണ്ടെങ്കിലും. പെട്ടെന്ന് ശ്രദ്ധയിൽപ്പെട്ടു. കണവയുടെ കണ്ണിന്റെ ആകൃതിയിലുള്ള ഇംഗ്ലീഷ് അക്ഷരത്തോടു ചേർന്ന് കൈകളുടെ എണ്ണം സൂചിപ്പിക്കുന്ന സംഖ്യ. ആ മുറിയുടെ പഴുതിലൂടെ നോക്കി.
സ്വന്തം അച്ഛന്റെ പേരിൽ സ്വയം സഹായ സംഘം രൂപവത്കരിക്കുകയാണ് സോഫ്റ്റ് വെയർ ഇഞ്ചിനീയർ ചന്ദ്രൻ. ഏഴു ലക്ഷം രൂപ ഉറപ്പ്. ഭൂതത്താനോടു പറഞ്ഞു.
നറുനണ്ടി ജ്യൂസ് കുടിക്കവെ ഭൂതത്താനോട് ദേഷ്യപ്പെട്ടു: നിനക്കെന്താ മധുരം വേണമെന്നറിയില്ലേ?
അതിന് മധുരം വേണമെന്ന് പറഞ്ഞില്ലല്ലോ എന്നായി ഭൂതം.
കമ്പ്യൂട്ടർ ഉപയോഗിച്ച് നിർമ്മിച്ച ബാങ്ക് അക്കൗണ്ടിന്റെ വ്യാജരേഖകൾ മേലുദ്യോഗസ്ഥനു കൊടുത്തുവരാൻ ഭൂതത്താനോടു പറഞ്ഞു പുറത്തിറങ്ങിയ നേരം ഞങ്ങൾ അകത്തു കടന്നു.
അലാവുദ്ദീൻ ചോദിച്ചു: അത്ഭുത വിളക്കെങ്ങാനു അവിടെയുണ്ടായിരുന്നോ?
ഇല്ല. ഒരണ്ടർവെയർ ഉണ്ടായിരുന്നു.
നിനക്കെന്താ അണ്ടർവെയറും അത്ഭുത വിളക്കും കണ്ടാൽ തിരിച്ചറിയില്ലേ?
ചുമരിലെ അസ്ഥിഭംഗം സംഭവിച്ച ആൾജിബ്രാ കണ്ടാലും തിരിച്ചറിയാൻ കഴിയില്ല. അത്രയിരുട്ടാണ്.
അത്ഭുതവിളക്ക് കൂർത്തിരിക്കും: അലാവുദ്ദീൻ പറഞ്ഞു.
ഇതു രണ്ടും അതിനേക്കാളും കൂർത്തതാ.
കോർപ്പറേഷനിൽ പോയി നോക്കാമെന്നു പറഞ്ഞ് തിരിച്ചു. വിവാഹ ധനസഹായത്തിന് അപേക്ഷിച്ച് മൂന്നു വർഷമായി കാത്തുനില്ക്കുന്ന അമ്മമാർ സഹികെട്ട് പോലീസ് സ്റ്റേഷനിൽ പരാതി നല്കാനുള്ള ഒരുക്കത്തിലായിരുന്നു.
സീനിയർ ക്ലർക്കിനെ സ്റ്റേഷനിൽ വിളിപ്പിച്ചു. അയാൾ എല്ലാം നിഷേധിച്ചുകൊണ്ട് വ്യാജരേഖ ചമച്ച സോഫ്റ്റ് വെയർ ഇഞ്ചിനീയറുടെ തലയിൽ വച്ചു.
തന്റെ മുകളിലുള്ളവർ പറഞ്ഞത് ചെയ്തു, അത്ര തന്നെ. എന്നു പറഞ്ഞ് ഇഞ്ചിനിയർ തടിയൂരാൻ ശ്രമിക്കുകയാണ്.
മേലുദ്യോഗസ്ഥർ ഇതിനു പിന്നിൽ ഒരു ഭൂതമാണെന്ന സംശയം പ്രകടിപ്പിച്ചു. സ്റ്റേഷനിൽ നിന്നിറങ്ങിവന്ന ഉദ്യോഗസ്ഥൻ ഭൂതത്തോട് ഭൂതത്തിന്റെ ഛായയുള്ള മനുഷ്യനായി നിൽക്കാൻ പറഞ്ഞു.
സ്വന്തം ഛായ അറിഞ്ഞുകൂടാത്ത ഭൂതം സീനിയർ ക്ലർക്കിന്റെ ഛായ സ്വീകരിക്കുകയും മാസ്ക് ധരിക്കുകയും ചെയ്തു. സീനിയർ ക്ലർക്കിനെയും കൊണ്ട് പോലീസുകാർ അന്വേഷണത്തിനു പോയി. വെള്ളം കുടിച്ച പോലീസുകാർ; സ്വന്തം അക്കൗണ്ടിലേക്കും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും അക്കൗണ്ടുകളിലേക്ക്പണം ട്രാൻസ്ഫർ ചെയ്യാൻ ഉപയോഗിച്ച ലാപ്ടോപ്പും ഐഫോണും ബാംഗ്ലൂരിൽ വച്ച് നശിപ്പിക്കപ്പെട്ടതായി വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.
സീനിയർ ക്ലർക്കിന്റെ സ്ഥലം മാറ്റത്തിനു ശേഷവും വിവിധ പദ്ധതികളിലേക്കെത്തിയ തുക വ്യാജ അക്കൗണ്ടുകളിലേക്ക് ഒഴുകി. സോഫ്റ്റ്‌വെയർ ഇഞ്ചിനീയറാണ് എല്ലാ വ്യാജമായി നിർമ്മിക്കുന്നതെന്ന് പ്രമോട്ടർ പറഞ്ഞു. ഇതോടെ എല്ലാം തന്റെ തലയിൽ വന്നു വീഴുമെന്നു മനസ്സിലാക്കിയ സോഫ്റ്റ്വെയർ ഇഞ്ചിനീയർ; തൊഴിലില്ലാത്ത സ്ത്രീകൾക്ക് ജീവനോപാധിയായ സ്വയം തൊഴിൽ വായ്പാ സബ്സിഡിയിൽ നിന്ന് അഞ്ചരക്കോടി മേലുദ്യോഗസ്ഥരും ശിൽബന്ധികളും തട്ടിയെടുത്തു എന്നു പരസ്യമാക്കി ഇരുചക്ര വാഹനത്തിൽ സ്റ്റേറ്റ് ഹൈവേയിൽ നിന്ന് ദേശീയ പാതയിലേക്ക് ഓടിച്ചുപോയി. റോയൽ റൂളർ ഹോട്ടൽ കഴിഞ്ഞ് വളഞ്ഞതും പുറകെ വന്ന വാഹനം ഡ്രൈവർ ഉറങ്ങിപ്പോയതുകാരണം നിയന്ത്രണം വിട്ട് വന്നിടിച്ചു.
ഇടതു കൈയും ഇടതു കാലും ഒടിഞ്ഞ് സി++ പോലെ തൂങ്ങി. ഇടതു തലയോട്ടി ബൈറ്റ് അറെയിലെ ക്രമംതെറ്റിയ ഫയലുകൾ പോലെ കിടന്നു.
മേലുദ്യോഗസ്ഥൻ ബൈനറി ഡിജിറ്റിലെ പൂജ്യം പൂണ്ട പുഷ്പ ചക്രം ആദരവോടെ വച്ചതും അയാളുടെ പോക്കറ്റിൽ നിന്നും അവൻ എടുത്തു കൊണ്ടോടി.
അലാവുദ്ദീനേ… അലാവുദ്ദീനേ… ഇതാ നിന്റെ അത്ഭുതവിളക്ക്.

