ഡോ. ശിവപ്രസാദ് പി.

Published: 10 April 2025 സാഹിത്യപഠനം

കാവ്യകല എന്ന ധിഷണാവ്യവഹാരം : എൽ. തോമസ്കുട്ടിയുടെ രചനകളെക്കുറിച്ച് ഒരു പഠനം.

നമുക്കിടയിലൂടെ
ഒരനാഥ നിലവിളി
വിലങ്ങി നിൽപുണ്ട്. (വഴി)

എൽ. തോമസ്കുട്ടിയുടെ കവിതകൾക്കാകെയും ആമുഖമായി കുറിക്കാവുന്ന ഈ മൂന്ന് വരികൾ അദ്ദേഹംതന്നെ എഴുതിയിട്ടുള്ളതാണ്.

പ്രത്യക്ഷത്തിൽ ഒട്ടും യോജിക്കാത്ത ഒരു നിരീക്ഷണമായി തോന്നിയേക്കും ഇത്. അദ്ദേഹത്തെ സൂക്ഷ്മമായി വായിച്ചിട്ടുള്ളവർക്ക് പക്ഷെ പതുക്കെ ഇതിനോട് ഐക്യപ്പെടേണ്ടി വന്നേക്കും. കാരണം കവിതകളിൽ കളിയും കറുത്ത ഹാസ്യവും ചിരിയും മറിച്ചുചൊല്ലലും താളവും താളക്കേടും കഥയും കണക്കും മാത്രമല്ല അതിനെല്ലാം ഉള്ളിൽ ആരുടേതെന്ന് വ്യക്തമല്ലാത്ത, കവിയ്ക്കും അനുവാചകർക്കും ഇടയിലുള്ള ഒരു നിലവിളിയുടെ രേഖപ്പെടുത്തലുണ്ട്. അതിലേക്ക് വരാം.

തൊണ്ണൂറുകളുടെ തുടക്കംമുതൽ മലയാളകവിതയിൽ എൽ. തോമസ്കുട്ടിയുണ്ട്. കുറച്ചുകൂടി കൃത്യമാക്കിയാൽ പുതുകവിത, ആധുനികോത്തരകവിത എന്നൊക്കെ പിന്നീട് വിളിപ്പെട്ട ഭാവുകത്വത്തെ നിർമ്മിച്ചും നിർണ്ണയിച്ചും പോന്ന നിർണ്ണായക കവികളിൽ പ്രഥമഗണനീയനായിക്കൊണ്ട്. എഴുതപ്പെട്ട ഏറിയകൂറും സാഹിത്യചരിത്രങ്ങളിൽ പക്ഷെ, അവയുടെ കൂറ് മറ്റിടങ്ങളിൽ ആകയാൽ ഇത് കണ്ടുവെന്ന് വരില്ല. എങ്കിലും അക്കാലത്ത് ഈ പുതിയ കവിയും വളരെവളരെ പുതിയ കവിതകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. മാത്രമല്ല മലയാളകവിതയെ പ്രതിനിധീകരിക്കാനും കേരളത്തിന് പുറത്തും മറ്റും ക്ഷണിതാവായി ചെല്ലാനും കവിത ചൊല്ലാനുമൊക്കെ തോമസ്കുട്ടിയ്ക്ക് കഴിഞ്ഞിട്ടുമുണ്ട്. എന്നാൽ പിന്നീടൊരു തമസ്കരണവും കൂറുമാറിയ ചരിത്രവത്കരണവും വളരെ കൃത്യമായും മലയാളകവിതയിൽ നടന്നു. ഏതൊരു അധ്വാനിയായ പഠിതാവിനും ഇത് തെളിയിക്കാവുന്നതുമാണ്. കവികൂടിയായ സജീവ് കുമാറിനെപ്പോലുള്ളവർ വിശദമായിത്തന്നെ ഇക്കാര്യങ്ങൾ എഴുതിയിട്ടുമുണ്ട്. ഈ പ്രകരണം എന്തായാലും ആ വഴിയിലല്ല, മറിച്ച് കാവ്യവഴിയിൽതന്നെയാണ് ചരിക്കാൻ മുതിരുന്നത്.

കവിയും കാലവും

കാലത്തോട് ഏറ്റവും സുക്ഷ്മമായി സംവദിക്കുകയാണ് കവിതയിൽ തോമസ്കുട്ടി ചെയ്യുന്നത്. അവിസ്മയം എന്ന കവിതയിൽ ചേരവംശത്തിൻ്റെ പ്രതിനിധിയായി തത്സമയമെന്ന ധ്വനിയിൽ റിപ്പോർട്ടറുടെ വേഷമിടുന്നുണ്ട് കവി.

എല്ലാം കവർ ചെയ്യുന്നത്
ക്യാമറാമാൻ സജ്ജയ്കുമാറിനൊപ്പം
എൽ തോമസ്കുട്ടി ചേരവംശം

എന്നാൽ ഈ കവിതയെന്നപോലെ തത്സമയം എന്ന് പൂർണ്ണമായും പറയാനാവാത്തവിധം വരാനിരിക്കുന്ന കാലത്തോടാണ് കവിയ്ക്ക് ആഭിമുഖ്യം എന്ന് കൂടുതൽ കവിതകളും തെളിവു തരുന്നു. (2012 ലാണ് അവിസ്മയം എഴുതുന്നത്. യന്ത്രവും മനുഷ്യനും ചേർന്ന പുതിയ ഒരു സ്വത്വത്തെ ഇതിൽ കാണാം. മാനവികാനന്തരചിന്തയൊന്നും അന്ന് ഇവിടെ പറഞ്ഞു തുടങ്ങിയിട്ടില്ല.) എല്ലാ കവിതകൾക്കും ഇണങ്ങും ഇത്. അതിവൈകാരികതകൾ നിറഞ്ഞ രൂപകഫാക്ടറിയല്ല തോമസ്കുട്ടിയുടെ കവിതകൾ. വാക്കും അതിൻ്റെ രൂപഭാവങ്ങളും അതിനാൽതന്നെ പുതുക്കിയെടുക്കുന്നതരം ഒരു പുതിയ കൊത്തുവേലയാണത്. ധൈഷണികതയുടെ, യുക്തിയുടെ തിളക്കം അത്ഭുതകരമായി അതിൽ ഇണങ്ങിനിൽക്കുന്നത് കാണാം. ഇതൊരു വലിയ മൗലികതയായി കാണണം. കാവ്യചരിത്രത്തിൽ അധികംപേരില്ല ഇങ്ങനെ എന്നതിനാൽതന്നെ. യുക്തിയും കവിതയും രണ്ട് ധ്രുവങ്ങളിൽ എന്ന തോന്നലാണ് പൊതുവെ മലയാളകാവ്യലോകത്തുള്ളത്. ശാസ്ത്രവും കവിതയും എന്നതൊക്കെ ഇന്നുപോലും നമുക്ക് വലിയ സംവാദശീർഷകങ്ങളാണല്ലോ. ആധുനികശാസ്ത്രത്തിൻ്റെ ഭാഗങ്ങളായ മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ, വിവരസാങ്കേതികത, യന്ത്രങ്ങൾ, ടെക്നോളജി തുടങ്ങി മിക്കവാറും കാവ്യേതരഘടകങ്ങളെന്ന് കരുതപ്പെട്ടവ തോമസ്കുട്ടിയുടെ കവിതകളിൽ സ്വാഭാവികതയോടെയും യുക്തിബോധത്തോടെയും നിറയുന്നു. റിംഗ്ടോൺ കേട്ട് പഠിക്കുന്ന പക്ഷിമുതൽ സൈബോർഗ് വരെ ആ കാവ്യലോകത്തുണ്ട്. മുഴക്കോൽ മുതൽ ടെട്രാബൈറ്റ് വരെ. ശാസ്ത്രവും കവിതയും ഇരട്ടപെറ്റവരെപ്പോലെ ഐക്യപ്പെടുന്നത് ആ കവിതകളിൽ കാണാം. ഉന്മാദവും രൂപകനിർമ്മിതിയുമൊന്നുമല്ല കവിത എന്നും ഉയർന്നതും ഗൗരവമുള്ളതുമായ ഒരു ധിഷണാവ്യവഹാരമാണ് അതെന്നും തോമസ്കുട്ടി ഉറച്ചുവിശ്വസിക്കുന്നതായി ആ കവിതകൾ സാക്ഷ്യം പറയുന്നു.

മാറ്റിയെടുക്കുന്ന ഭാവുകത്വം

1991 ൽ എഴുതിയ ‘പാടില്ല, ഞാൻ ‘ എന്ന കവിതമാത്രം നോക്കുക. കാവ്യഭാവുകത്വത്തെ നേരിട്ട് പുതുക്കാനുള്ള നിർദ്ദേശമുണ്ട് അതിൽ. അഥവാ അത് കവിതയെക്കുറിച്ചുള്ള കവിതയാണ്. അതുവരെയും കാവ്യരീതിയിൽ ഏറിയും കുറഞ്ഞും കുടിപാർത്തുവന്നവയോട്, അവ കാലത്തിന് യോജിക്കാത്തതിനാൽ നിഷേധാത്മകമായ നിലയെടുക്കുകയാണ് കവി. പാടില്ല ഞാനിനി കവിതയെന്നും പറയലേ ഉള്ളുവെന്നും രൂപത്തെ പുതുക്കേണ്ടതിൻ്റെ അനിവാര്യത 91 ൽ തോമസ്കുട്ടി നിസ്സംശയം പ്രഖ്യാപിക്കുന്നു. അന്ന് എത്രപേർ ഇങ്ങനെ പറഞ്ഞിട്ടുണ്ട് എന്നുമാത്രം ആലോചിച്ചാൽ പുതുകവിതയെ നിർണ്ണയിച്ചവരെ തിരിച്ചറിയാം. ബിംബനിർമ്മാതാക്കൾ മാത്രമായിരുന്ന ബഹുഭൂരിപക്ഷം കവികളെയും തുറന്നുകാടുന്നവിധം സൗന്ദര്യത്തേക്കാൾ, കള്ളമായ കാല്പനികതയേക്കാൾ സത്യത്തിൻ്റെ വിലയറിയുന്നു കവി.

‘’പാലൊളിച്ചന്ദ്രൻ
വെറുമൊരുപഗ്രഹമാണെന്നും
ഭൂമീദേവി
പൂഴിമണ്ണാണെന്നും
ഞാനിന്നു വിളിച്ചു പറയുന്നു.

ഇതുകൊണ്ടും തീരാതെ സ്വന്തം വർഗത്തിൻ്റെ ദയനീയമായ കീഴടങ്ങലിൻ്റെ ചിത്രം കവി ജുഗുപ്സയോടെ എഴുതുന്നു.

അസ്ഥിവരെ മുറിവേറ്റ
പട്ടിയെപ്പോലെ
പാരമ്പര്യപ്പൊങ്ങച്ചത്തിൻ്റെ
വിഴുപ്പുഭാരം
തോളിലേറ്റി
ഇഴഞ്ഞുനീങ്ങുന്ന
എൻ്റെ കൂട്ടരെയോർത്ത്
എനിക്കിന്ന്
പാടാൻ വയ്യ
പറയുകയാണ്.”

91 -ൽനിന്ന് മൂന്ന് പതിറ്റാണ്ട് കഴിഞ്ഞിട്ടും ഈ വരികൾക്ക് ചില പുരസ്കൃതകവികളെയെങ്കിലും ഓർമിപ്പിക്കാൻ ഇപ്പോഴും കഴിയുന്നു എന്നത് എന്തൊരു കൗതുകമാണ്; ദയനീയമാണ്. ഈവിധം പ്രഹരശേഷിയുള്ളതും ക്രാന്തദർശിത്വമുള്ളതുമായ എത്രയോ കവിതകൾ തോമസ്കുട്ടി എഴുതിയിട്ടുണ്ട്. അത് കവികളെ മാത്രമല്ല, സമൂഹത്തിൻ്റെ മിക്കവാറും എല്ലാ പരിസരങ്ങളെയും (പരിസരകവിത എന്ന് തോമസ്കുട്ടി പുതുകവിതയെ പഠിച്ചിട്ടുണ്ട്) അഭിസംബോധന ചെയ്തിട്ടുണ്ട്.

ബൗദ്ധികമായ ക്രാന്തദർശിത്വം

‘പാരപ്പാട്ട് ‘ എന്ന കവിത നോക്കുക. ഈ നൂറ്റാണ്ടിൻ്റെ നാലിലൊന്ന് കഴിയുന്ന ഘട്ടത്തിലും 1997 ലെ വരികൾക്ക് എന്തൊരു മുഴക്കം. എന്തൊരു വേവ്.

‘’ കൊല്ലട പട്ടീ
അനുജനെയപരനെ
അല്ലേലെന്തിനു
മർത്ത്യനു ജന്മം !’’

അപരഹിംസയുടെ ഏറ്റവും ഭീഷണമായ ഒരു പ്രത്യയശാസ്ത്രത്തെ തുറന്നുകാണിക്കുന്നു മുദ്രാവാക്യസ്വഭാവമുള്ള ഈ കവിത. അതായത് രൂപംപോലും ധ്വനിയാകുന്നു എന്നർഥം. ഇത്തരത്തിൽ കാലത്തിനോട്, വരാനിരിക്കുന്ന കാലത്തിനോട് ബൗദ്ധികമായി സംവദിക്കുകയാണ് തോമസ്കുട്ടി എന്ന് കാണാം. ഇതിൽതന്നെ ഊറിക്കൂടിക്കിടക്കുന്നത് നിലവിളിയാണ് എന്നുകൂടി കാണുന്നതിലാണ് തുടക്കത്തിൽ നിരീക്ഷിച്ചതുപോലെ ഈ കവിയുടെ കാവ്യലോകം അനാഥവും വ്യതിരിക്തവുമായ ഒരു രോദനത്തിൻ്റെ രേഖപ്പെടുത്തലായിക്കൂടി വായിക്കേണ്ടിവരുന്നത്. ‘സി.വി. വിജയം’ എന്ന കവിതയിലുമുണ്ട് ഈ തീയും തേങ്ങലും.

സി.വി. മീൻസ്
സിവിലിയൻസ് ആർ വിക്ടിംസ്.

എന്ന് കുറിച്ചിട്ടുള്ളത് ഇന്ന് വായിക്കുമ്പോൾ അത് ചരിത്രമല്ല, വർത്തമാനവും തുടർച്ചയും ആയിത്തീരുന്നു. വഴി എന്ന കവിത തുടങ്ങുന്നതുതന്നെ ശബ്ദങ്ങളുടെ അസാന്നിധ്യത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ്.

നമുക്കിടയിലൂടെ
ഒരു നിശ്ശബ്ദത
ഒഴുകി നടക്കുന്നുണ്ട്. (വഴി)

കവിതയെന്നെ പ്രതീക്ഷ

പാടെ പ്രതീക്ഷ വറ്റിയ കവിതകളാണ് തോമസ്കുട്ടിയുടെത് എന്നല്ല ഈ പ്രകരണം പറഞ്ഞുവക്കുന്നത്. 1992 ൽ എഴുതിയ ‘കാളവണ്ടി’പോലുള്ള ചില കവിതകളിലെങ്കിലും പ്രതീക്ഷകൾ, സാധ്യതകൾ കുറിക്കുന്നുണ്ട്.

ഞാനിപ്പോഴൊരു നന്മകരുതുന്നു
ഗോത്രദാഹങ്ങളുടെ പലിശദിനത്തിൽ,
ഗുഹ്യംമറച്ച് പടവെട്ടി ജയിച്ച
വീരകേസരിമാരുടെ
തീണ്ടാപ്പേടികളിൽ,
പനിച്ച സിരകളിൽ
പിച്ചവെയ്ക്കുന്ന പ്രേതംപോലെ…
കീറിയ ചെള്ളയിലൂടലയ്ക്കുന്ന
ആർത്തദാനം പോലെ
കളവണ്ടിക്കൂട്ടം,
നക്ഷത്രനഗരത്തിൻ്റെ
വെളിച്ചാന്ധതയിലൂടെ
ഓടിക്കൂടുന്നു.

പിന്നെ….

ഇവിടെ പ്രതീക്ഷയും നിലവിളിയും ഒന്നാകുന്നുണ്ട്. ആർത്തനാദം പോലെ എന്നത് പ്രസക്തമായ പ്രയോഗമാണ്. പക്ഷെ പ്രതീക്ഷകൾക്ക് വീണ്ടും വീണ്ടും ചേക്കാറാനുള്ള ഇടം നൽകാൻ കവിതകളെ കാലം അനുവദിക്കുന്നില്ല. അത് കവിയും കവിതയും കാലികവും ബുദ്ധിപരവും ആയാണ് പ്രവർത്തിക്കുന്നത് എന്നതിനാലാണ്. ആശയപരമായ പ്രതീക്ഷകളല്ല, കവിതതന്നെ പ്രതീക്ഷയായി മാറുകയാണ് പലപ്പോഴും.

യുക്തി. വിഷാദം.രാഷ്ട്രീയം

അധികാരങ്ങളെ, അവയുടെ പ്രത്യയശാസ്ത്രങ്ങളെ ചരിത്രബോധത്തോടെ തുറന്നുകാട്ടുകയാണ് മിക്കവാറും കവിതകളുടെ ധർമ്മം. അതിനായി പാരഡിയും പാസ്റ്റിഷുമടക്കം ആധുനികോത്തരതയുടെ മിക്കവാറുമെല്ലാ രചനാരീതികളും തോമസ്കുട്ടി പ്രയോഗിച്ചുകാണുന്നു. പലതും മലയാളത്തിൽ ആദ്യമുപയോഗിക്കപ്പെടുന്നത് ഈ കവിയുടെ രചനകളിലാണുതാനും. പല കവിതകൾക്കും ഇതര ജ്ഞാനമേഖലകളുമായി ബന്ധമുണ്ടാകുന്നു. അതിനാൽ സുഗ്രഹമല്ല പല കവിതകളും. അന്തർവൈജ്ഞാനികമായ അറിവും തെളിഞ്ഞ യുക്തിചിന്തയും വായനക്കാരിൽ ആവശ്യപ്പെടുന്നതരം കവിതകളാണ് തോമസ്കുട്ടിയുടെത്. അതുംകൂടിയായിരിക്കണം അവയുടെ പ്രചാരണത്തിലും വായനയിലുമുള്ള കുറവിന് ഒരു കാരണമായിത്തീർന്നത്. കവിതകളിലെ ആന്തരശ്രുതി സമൂഹത്തിൽ സൂക്ഷ്മമായി അലയടിക്കുന്ന വിഷാദമോ നിലവിളിയോ ആണെന്നാണല്ലോ പറഞ്ഞുവരുന്നത്. വല്ലപ്പോഴുമൊക്കെ അത് കവിയുടെതന്നെ വിഷാദമാണ്. അതിലേക്ക് വരാം.
‘പെരുവണ്ണാമൂഴി ‘ എന്ന കവിതയുടെ അവരെക്കൂടിയെന്തിന്? എന്ന എട്ടാംഭാഗത്ത് ഇങ്ങനെ കുറിച്ചിരിക്കുന്നു.

‘’ ഏറെനാളായ്
കൂടെയുണ്ട്
നിഴലായ്
ദുരന്തങ്ങൾ;
ക്രമമായി…..!
ശീലമായി…..!
ബലിപോലെ..!!!

മോനെ, നേരേ-
നോക്കിടുമ്പോഴിന്നും
ഉള്ളുവല്ലാതുലയുന്നു,
പുഴയാർത്തു
തിമർക്കുന്നു.’’

2013 ൽ എഴുതിയ വ്യക്ത്യനുഭവസാക്ഷ്യമായ ഈ കവിതയ്ക്കുപക്ഷെ 2025 ലും പ്രസക്തിയുണ്ട്. ബലിപോലെ എത്രയെത്ര മക്കളാണ് ചുറ്റും ഉള്ളുലച്ച് വീഴുന്നത്. പിന്നീടിങ്ങോട്ട് അധികാരം, പ്രത്യയശാസ്ത്രം കൊന്നൊടുക്കുന്നവരെക്കുറിച്ച്, നിരാശയുണ്ടാക്കുന്ന സാമൂഹികവിഷയങ്ങളെക്കുറിച്ച് എല്ലാം തോമസ്കുട്ടി കവിതകൾ എഴുതിയിട്ടുണ്ട്. അവിടെയും പ്രതിഷേധം എന്നതിലുപരി നിരാശതയുടെ, നിസ്സഹായതയുടെ, കവിയും കാലവും വായനക്കാരും ഒന്നാകുന്ന ഒരു ജനതയുടെയാകെ കരച്ചിലിൻ്റെ ധ്വനിയാണ് ഉൾച്ചേർന്നിരിക്കുന്നത് എന്നും കാണാം. രാഷ്ട്രീയം നേരിട്ട് പറയുന്ന കവിതകളിൽ ഈ ജനതയ്ക്ക് ലോകജനത എന്ന മാനം കൈവരുന്നു. എവിടവും ഇവിടമാകുന്നവിധം അധികാരത്തിൻ്റെ ലീലകൾ ദീർഘദർശിത്വമുള്ള വരികളിലേക്ക് വന്നുവീഴുന്നു. പോസ്തുമസ് എന്ന 1993 ലെ കവിത ഈ നൂറ്റാണ്ടിൽ നമ്മുടെ കവിതയാകുന്നത് നോക്കുക.

“രാഷ്ട്രത്തിനുവേണ്ടി
നമുക്ക്
ഒന്നരറാത്തൽ
തൂക്കമുള്ള
കുട്ടികളെ ജനിപ്പിക്കാം.’’

എന്ന് തുടങ്ങുന്ന കവിത ഇളംവായിൽ രാഷ്ട്രഭാഷയിൽ ദേശഭക്തി തിരുകുന്നതിനെക്കുറിച്ച്, നെഞ്ചളവ് 95 സെ.മി.യും ഉയരും 7 3/4 അടിയുമാക്കി വലിച്ചുനീട്ടുന്നതിനെക്കുറിച്ച് പറഞ്ഞിട്ട് ഇക്കാലത്ത് വലിയ രാഷ്ട്രീയധ്വനിയുണ്ടാക്കാൻ ശേഷിയുള്ള വരികളിലേക്ക് സംഗ്രഹിക്കുന്നു.

‘’കൊല്ലുന്നതിനു
തിന്നുന്നവരാക്കാം.
‘കൊന്നാൽ പാപം
തിന്നാൽ തീരും’
…………
അങ്ങനെയങ്ങനെയങ്ങനെ
ആണ്ടുപിറപ്പിൻ്റന്ന്
മരണാനന്തര വീരചക്രത്തിൽ
കെട്ടിപ്പിടിച്ച് പൊട്ടിക്കരയാം.’’

ഇവിടെയാണ് കവിത കേവലമൊരു ലാവണ്യവിഷയം എന്നതിൽനിന്ന് ശക്തമായ വ്യവഹാരമായി മാറുന്നത്. ഇവിടെയും കരച്ചിലിലാണ് കവിത അവസാനിക്കുന്നത് എന്നും കാണുക. വരാനിരിക്കുന്നത് ഇപ്പഴേ കാണുന്ന ഒരാളുടെ പകപ്പും കിതപ്പും കരച്ചിലും തോമസ്കുട്ടിക്കവിതകളുടെ സൂക്ഷ്മധ്വനിയാണ്. ഒരുപക്ഷെ ഒരു കവിതയിലേക്ക് ഈ കവി സഞ്ചരിക്കുന്നതുപോലും ഇത്തരമൊരു ജ്ഞാനോദയത്തിൻ്റെ ഭാഗമായാണ്.

2012 ൽ എഴുതിയ കൊമ്പ് എന്ന കവിത മറ്റൊരുവിധത്തിലും ഗംഭീരരചനയാണ്. കുലം കുളംതോണ്ടാനെത്തുന്ന കൊമ്പുള്ള പെരുങ്കള്ളനെ പിടിക്കാൻ ഉറങ്ങാതെ കാത്തിരുന്നവരാണ് കവിതയിലുള്ളത്. കള്ളൻ്റെ ശക്തിയെക്കുറിച്ചാണ് മാധ്യമങ്ങളുടെ സ്റ്റോറിപോലെ കവിതയുടെ തുടക്കത്തിൽ പറയുന്നത്. എന്തിനും പോന്നവൻ, കൊമ്പുള്ളോൻ എന്ന് പറഞ്ഞിട്ട് കവിത എങ്ങനെയാണ് അവസാനിക്കുന്നത് എന്ന് നോക്കുക.

‘ഉറങ്ങാതിരിക്കാനായി
പറഞ്ഞതാണ്.
പലതും
പതിരാണ്…
എന്നിട്ടും
മയങ്ങി;

മിഴിച്ചപ്പോൾ
എല്ലാവർക്കും
കൊമ്പ്.’

ഇത്രയും ശക്തമായ, ഇപ്പോൾ അത്രമേൽ ഉചിതമായ രാഷ്ട്രീയം മലയാളകവിതയിൽ വിരലിലെണ്ണാവുന്നതേ ഉള്ളൂ എന്നും ഓർക്കണം. തോമസ്കുട്ടിയുടെ കവിതകളിലെ പ്രമേയപരമായതും സൂക്ഷ്മമായതുമായ ചിലത് സൂചിപ്പിക്കുകമാത്രമാണ് ഇവിടെ ചെയ്തത്. രൂപപരമായ സവിശേഷതകളിലേക്കും പരീക്ഷണങ്ങളിലേക്കും വിഹഗവീക്ഷണംപോലും നടത്തിയില്ല. പുതുകവിതയുടെ രൂപത്തിൽ ഇത്രയും അത്ഭുതകരമായ സാധ്യതകൾ തുറന്നിട്ട മറ്റൊരു കവി നമുക്കില്ലതന്നെ. എങ്കിലും ഇങ്ങനെ എണ്ണിപ്പറഞ്ഞ് പോയാൽ ഈ പ്രകരണം സാമാന്യത്തിലധികം നീളും എന്നതിനാൽ തത്കാലം ചുരുക്കട്ടെ.

തുടക്കത്തിൽ നിരീക്ഷിച്ചതുപോലെ കാലവും അധികാരവും അതിൻ്റെ ദയാരഹിതമായ ലീലകളും തൻ്റെ പരിസരത്തുണ്ടാക്കുന്ന അനാഥമാക്കപ്പെടുന്ന നിലവിളികളെ പല ഭാവത്തിൽ, രൂപത്തിൽ ചിരിച്ചും ചിരിപ്പിച്ചും ചിന്തിപ്പിച്ചും നാടകീയമായി അടയാളപ്പെടുത്തുകയാണ്, വരച്ചിടുകയാണ് ചിത്രകാരനും നാടകക്കാരനുംകൂടിയായ കവി തോമസ്കുട്ടി ചെയ്യുന്നത്. വൈവിധ്യംകൊണ്ടും സത്യസന്ധതകൊണ്ടും പുതുമകൊണ്ടും മലയാളകവിതയ്ക്ക് അനുകരിക്കാനോ സ്വീകരിക്കാനോപോലും ഭയംതോന്നിപ്പിക്കുന്നത്ര സ്ഫോടശക്തിയുണ്ട് ആ കവിതകൾക്ക്. അനിവാര്യമായും ആ കവിതകളിലെ ഊർജ്ജവും ധിഷണയും സത്യവും ഇന്നല്ലെങ്കിൽ നാളെ നാം തിരിച്ചറിയുകയും തിരിച്ചുവിളിക്കുകയും ചെയ്യുമെന്നതിൽ സംശയമില്ല.

Dr. Sivaprasad P

Assistant professor Department of Malayalam and Kerala studies University of Calicut Calicut University Thenjippalam Malappuram.

5 1 vote
Rating
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x
×