
ഡോ.ബി.ശ്രീകുമാര്‍ സമ്പത്ത്
Published: 10 March 2025 ചലച്ചിത്രപഠനം
‘ലൈഫ് ഓഫ് പൈ’
അതിജീവനത്തിന്റെ വിസ്മയപാഠങ്ങള്‍

ആമുഖം
അതിജീവനത്തിന്റെ കലയും സാഹിത്യവും മനുഷ്യന്റെ ജീവിതാവസ്ഥകളോടുള്ള പോരാട്ടത്തിന്റെ കഥകളാണ് പറയുന്നത്. മനുഷ്യന്‍ നേരിടേണ്ടിവരുന്ന എല്ലാത്തരത്തിലുള്ള മാനസികവും ശാരീരികവുമായ പ്രതികൂലാവസ്ഥകളുടെയും അവ ഏല്‍പിക്കുന്ന മുറിവുകളുടെയും അവ മറികടക്കാനുള്ള പോരാട്ടത്തിന്റെയും ചിത്രണമാണ് ഇവ ഉള്‍ക്കൊള്ളുന്നത്, ജീവിതത്തെക്കുറിച്ചുള്ള അഗാധമായ അറിവുകള്‍ അവ സമ്മാനിക്കുന്നു. യുദ്ധങ്ങളും മഹാമാരികളും ഭരണകൂടത്തിന്റെ നിര്‍ദ്ദയത്വവും പ്രകൃതിക്ഷോഭങ്ങളുമെല്ലാം ഇവയില്‍ ഉള്‍പ്പെടുന്നു. അപ്രതീക്ഷിതമായി നാം നേരിടേണ്ടിവരുന്ന ദുരന്തങ്ങളാവട്ടെ ശക്തമായ മാനസികവിക്ഷോഭങ്ങളിലേക്കാണ് ഒരാളെ നയിക്കുന്നത്. ‘ലൈഫ് ഓഫ് പൈ’ ഇത്തരമൊരു കഥയാണ്.
യാന്‍ മാര്‍ട്ടല്‍ എഴുതിയ ‘ലൈഫ് ഓഫ് പൈ 2001-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട നോവലാണ്. അതിജീവനത്തിന്റെ ഭൗതികവും ആത്മീയവുമായ അതിസാഹസികയാത്രകളാണ് ഈ നോവല്‍ അനാവരണം ചെയ്തത്. 2002-ല്‍ മാന്‍ ബുക്കര്‍ പ്രൈസ് ഉള്‍പ്പെടെ ധാരാളം പുരസ്‌കാരങ്ങള്‍ ഈ നോവല്‍ കരസ്ഥമാക്കി. 2012-ല്‍ നോവല്‍ ചലച്ചിത്രമായപ്പോള്‍ അത് സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സര്‍വൈവല്‍ സിനിമയായി മാറി. വിസ്മയകരമായ ജീവിതാനുഭവങ്ങളാണ് സിനിമ സമ്മാനിച്ചത്. പൈയുടെ അതിജീവനത്തിന്റെയും ധൈര്യത്തിന്റെയും കഥയോടൊപ്പം ഭൂമിയിലെ മറ്റു ജീവജാലങ്ങളോടുള്ള അവന്റെ ബന്ധവും സിനിമ ചര്‍ച്ചാവിഷയമാക്കി.
താക്കോല്‍ വാക്കുകള്‍
അതിജീവനകല-ലൈഫ് ഓഫ് പൈ- അമേരിക്കന്‍ ചലച്ചിത്രം – ആങ് ലീ
യാന്‍ മാര്‍ട്ടലിന്റെ നോവലിനെ ആധാരമാക്കി ആങ് ലീ സംവിധാനം ചെയ്ത അമേരിക്കന്‍ സിനിമയായ ‘ലൈഫ് ഓഫ് പൈ’യെ അതിജീവനത്തിന്റെയും സഹനത്തിന്റെയും ധൈര്യത്തിന്റെയും ഇതിഹാസ ചലച്ചിത്രമെന്നാണ് ലോകമെങ്ങുമുള്ള നിരൂപകര്‍ വിശേഷിപ്പിക്കുന്നത്. പസഫിക് സമുദ്രത്തിന്റെ കാറ്റും കോളും നിറഞ്ഞ അപാരമായ ജലപ്പരപ്പിലൂടെ പൈ എന്ന യുവാവ് ലൈഫ് ബോട്ടില്‍ ഒരു ബംഗാള്‍ കടുവയ്‌ക്കൊപ്പം 227 പരീക്ഷണദിനങ്ങള്‍ കടന്ന് ഒടുവില്‍ സുരക്ഷിതമായ ജീവിതത്തിന്റെ തീരത്തിലേയ്ക്ക് അണയുന്നതാണ് സിനിമയുടെ ഇതിവൃത്തം. ഹോളിവുഡിന്റെ മാന്ത്രികതയ്‌ക്കൊപ്പം ലീയുടെ ദാര്‍ശിക കാവ്യാത്മകസൗന്ദര്യം കൂടി ചേര്‍ത്തുവച്ചപ്പോള്‍ ഈ ചലച്ചിത്രം മറക്കാനാവാത്ത ജീവിതവിസ്മയമായി മാറി.
അതിജീവനത്തിന്റെ ആത്മീയ തലങ്ങള്‍
ഒരു കപ്പല്‍ച്ചേതത്തിനു ശേഷമുള്ള പൈയുടെ സാഹസികമായ രക്ഷപ്പെടലിന്റെയും മനോബലം പരീക്ഷിക്കപ്പെടുന്ന സമുദ്രയാത്രയുടെയും കഥ പറയുന്നതിനൊപ്പം വിശ്വാസത്തിന്റെ ദാര്‍ശനികതലങ്ങളെക്കൂടി പ്രതിപാദിക്കുകയാണ് സംവിധായകന്‍. അതിസാഹസികതയുടെ കഥയില്‍ ആത്മീയതയെകൂടി പൂര്‍ണമായും ഉള്‍ച്ചേര്‍ത്തുവെന്നതാണ് ലൈഫ് ഓഫ് പൈയുടെ സവിശേഷത. അതിജീവനത്തിനു വേണ്ടിയുള്ള ആത്മധൈര്യത്തിനായി ദൈവത്തിലും പ്രപഞ്ചശക്തിയിലുമുള്ള വിശ്വാസത്തെ പൈ ഏകാന്തതയിലെ തന്റെ വഴികാട്ടിയായി മാറ്റിയെടുക്കുന്നതാണ് ഈ കഥയിലെ ആത്മീയതലം. ദൈവമേ എന്നെ ഞാന്‍ നിനക്കു നല്‍കുന്നു ഞാന്‍ നിന്റെ പാത്രമാണ് എന്താണു വരാന്‍ പോകുന്നതെങ്കിലും എനിക്കതറിയണം എനിക്കു മുന്നില്‍ വെളിപ്പെടണമേ.. അനന്തമായ കടലിന്റെ നടുവിലെ യാനപാത്രത്തില്‍ തളര്‍ന്ന മനസ്സും ശരീരവുമായി തനിച്ചു നില്‍ക്കുമ്പോള്‍ സ്വര്‍ണനിറമുള്ള മേഘങ്ങള്‍ തിളങ്ങുന്ന ആകാശത്തേക്കു നോക്കി പൈ പട്ടേല്‍ എന്ന പതിനാറുകാരന്‍ പറയുന്നു. കരകാണാത്ത സമുദ്രത്തിന്റെ പ്രതീക്ഷയില്ലായ്മയും റിച്ചാര്‍ഡ് പാര്‍ക്കര്‍ എന്ന ബംഗാള്‍ കടുവയോടുള്ള ഭീതിയും ഉള്ളില്‍ നിറയുമ്പോഴും അതിജീവിക്കാന്‍ ദൈവം മുന്നില്‍ വെളിപ്പെടുത്തുന്നതായ ഒരടയാളം തേടുകയാണ് അവന്റെ വിഹ്വലമായ മനസ്സ്. മറ്റൊരു ദിവസം, കൊടുങ്കാറ്റ് ക്രുദ്ധമായി വീശിയടിക്കുന്നൊരു പാതിരാവില്‍ തിരകളില്‍പ്പെട്ട് ഒരു കളിപ്പാട്ടം പോലെ ബോട്ടും ചങ്ങാടവും ആടിയുലയുന്ന നേരത്തും ആകാശത്ത് വെട്ടിത്തിളങ്ങുന്ന മിന്നല്‍ പിണരിന്റെ ശോഭപോലും ദൈവസാമീപ്യത്തിന്റെ വെളിപ്പെടലായിട്ടാണ് പൈ കാണുന്നത്. കഠിനപരീക്ഷണത്തിന്റെ നിമിഷങ്ങളിലും മൃതിപോലെ മുന്നില്‍വന്ന് താണ്ഡവമാടുന്ന പ്രകൃതിശക്തിയുടെ മുന്നില്‍ പോലും അവന്റെ വിശ്വാസം പാടെ തകരുന്നില്ല. ഭയാനകമായ ആ രാത്രിക്കു ശേഷം പിന്നെ തിരയടങ്ങി. ഇരുട്ടില്‍ കടല്‍ പതിയെ ശാന്തമായി. സ്വര്‍ണശോഭയാര്‍ന്ന മേഘങ്ങള്‍ക്കു ചുവട്ടില്‍ ആ യാനപാത്രത്തില്‍ പുലരിവെട്ടം വന്നു വീണു. തളര്‍ച്ച മാറ്റിയ പൈ റിച്ചാര്‍ഡിനും വെള്ളം കൊടുത്തു. ക്രൗര്യമെല്ലാം വാര്‍ന്നു പോയി തളര്‍ന്ന് മരിക്കാറായ ആ ബംഗാളി കടുവയെ തന്റെ മടിയില്‍വച്ച് പൈ തലോടി. ലൈഫ് ഓഫ് പൈ എന്ന ചലച്ചിത്രത്തിലെ ഏറ്റവും ആത്മാവില്‍ തൊടുന്നൊരു മുഹൂര്‍ത്തമാണിത്. പ്രതീക്ഷയറ്റ് ദൈവത്തില്‍ കീഴടങ്ങുന്ന മനസ്സുമായി പൈ പറയുന്നു: ഈ ജീവിതം തന്നതിലെനിക്കു സന്തോഷമുണ്ട്. ഞാനിപ്പോഴിതാ തയ്യാറായിരിക്കുന്നു.
കമ്പ്യൂട്ടര്‍ഗ്രാഫിക്‌സ് ഇമേജറിയും ത്രിഡിയുടെ വിസ്മയങ്ങളുമായി 2012 ല്‍ ലോകമെങ്ങുമുള്ള സിനിമാ തിയേറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ഈ സിനിമ അതിഗംഭീരമായ ദൃശ്യാനുഭവമാവുകയും പ്രേക്ഷകരുടെ പ്രശംസ നേടുകയും ചെയ്തു. മികച്ച സംവിധായകന്റേതുള്‍പ്പെടെ നാല് ഓസ്‌കാര്‍ പുരസ്‌കാരങ്ങളും ലൈഫ് ഓഫ് പൈ സ്വന്തമാക്കി. ഈ ചലച്ചിത്ര ഇതിഹാസത്തില്‍ നായകന്റെ പരീക്ഷണാനുഭവങ്ങളെയും വിശ്വാസതലങ്ങളെയും പ്രേക്ഷകര്‍ക്ക് അവരുടെ ആത്മീയാനുഭവങ്ങളുമായി സ്വയം ബന്ധിപ്പിച്ച് കാണാനായി. ഗ്രാഫിക്സ് ഇമേജറിയുടെ മികവും കടല്‍ക്കാഴ്ചകളുടെ അമ്പരപ്പിക്കുന്ന അത്ഭുതങ്ങളും ഇതേ വരെ സ്‌ക്രീനില്‍ അനുഭവിക്കാത്ത ദൃശ്യഗാംഭീര്യത പ്രേക്ഷകര്‍ക്കു സമ്മാനിച്ചു. ത്രിഡി ഇഫക്ടുകള്‍ ലീ ഇവിടെ ഉപയോഗിച്ചിരിക്കുന്നത് ഒരിക്കലും ആശ്ചര്യം സൃഷ്ടിക്കാനല്ല. മറിച്ച് കഥാപശ്ചാത്തലത്തിന്റെ യഥാര്‍ത്ഥ ബോധ്യം പ്രേക്ഷകനില്‍ ഉണ്ടാക്കിയെടുക്കാനാണ്.
ലൈഫ് ഓഫ് പൈ മറ്റൊരര്‍ത്ഥത്തില്‍ പൈയുടെ അതിജീവനത്തിനൊപ്പം അവന്റെ സ്വയം കണ്ടെത്തലിന്റെ കൂടി കഥയാണ്. തന്റെയുള്ളിലെ ദൈവവിശ്വാസത്തിന്റെ ആഴത്തെയും സ്വയം പരിണാമപ്പെടാനുള്ള കഴിവിനെയും അവന്‍ തിരിച്ചറിയുന്നു. ദൈവം നല്‍കുന്ന സൂചനകള്‍ അവന്‍ ചുറ്റുപാടില്‍ നിന്ന് വായിച്ചെടുക്കുന്നു. കടലിലെ തിരമാലകള്‍ പോലെ പല ഘട്ടത്തിലും വിശ്വാസവും ചാഞ്ചാടി ആടിയുലയുമ്പോഴും ദൈവത്തിലുള്ള അന്തിമമായ വിശ്വാസം പൈയ്ക്കു നഷ്ടപ്പെടുന്നില്ലെന്നത് ശ്രദ്ധേയമാണ്. കാരണം, അവന്‍ കുട്ടിക്കാലം തൊട്ടേ ആത്മാവിന്റെയുള്ളില്‍ തന്നെ പ്രപഞ്ചശക്തിയോട് വൈകാരികബന്ധം പുലര്‍ത്തുന്നവനാണ്.
ലോക സിനിമയിലെ ഏറ്റവും വിസ്മയകരമായ സര്‍വൈവല്‍ സിനിമകളിലൊന്നായിട്ടാണ് ലൈഫ് ഓഫ് പൈയെ നിരൂപകര്‍ വിലയിരുത്തുന്നത്. പ്രപഞ്ചശക്തിയുമായുള്ള മനുഷ്യാത്മാവിന്റെ നിഗൂഢബന്ധം മാത്രമല്ല, അതിജീവനത്തിന്റെ പാഠങ്ങളും ഈ അത്ഭുതകരമായ കഥയിലൂടെ അനാവരണം ചെയ്യപ്പെടുന്നു. പ്രകൃതി മൂന്നില്‍ ഒരുക്കുന്ന എത്ര വെല്ലുവിളി നിറഞ്ഞ ചുറ്റുപാടിനോടും ഇണങ്ങിച്ചേര്‍ന്നും അതിനൊപ്പം സ്വയം മാറിയും എങ്ങനെ അതിജീവിക്കാമെന്നതിന്റെ തിരിച്ചറിവാണീ കഥ. മനുഷ്യനും മറ്റു ജീവജാലങ്ങളും പ്രകൃതിയുടെ ഭാഗമായി പരസ്പരാശ്രിതത്വത്തോടെ ജീവന്റെ ഒരേ ലയമായി മാറുകയാണിവിടെ.
അനുവര്‍ത്തനത്തിലെ പ്രശ്‌നങ്ങള്‍
2001 ല്‍ ആണ് ഫ്രഞ്ച് – കനേഡിയന്‍ രചയിതാവായ യാന്‍ മാര്‍ട്ടലിന്റെ നോവലായ ലൈഫ് ഓഫ് പൈ ഇറങ്ങുന്നതും ബെസ്റ്റ് സെല്ലറായി മാറിയതും. അന്നുതൊട്ട് അതു സിനിമയാക്കാനുള്ള ശ്രമങ്ങള്‍ അമേരിക്കന്‍ നിര്‍മ്മാണ കമ്പനികള്‍ തുടങ്ങിയിരുന്നു. നിരവധി സംവിധായകന്മാരെ പരിഗണിച്ച ശേഷം ഒടുവിലാണ് ലീയിലേയ്ക്ക് എത്തിയത്. ഒരു ദശാബ്ദത്തിനുശേഷം 2012 ല്‍ ആണ് ആങ് ലീയുടെ സിനിമ ഇറങ്ങുന്നത്.
മാര്‍ട്ടലിന്റെ നോവല്‍ വായിച്ച മിക്കയാളുകളും നിരൂപകരും ഇത് ഒരിക്കലും സിനിമയാക്കാന്‍ സാധിക്കില്ലെന്ന് കരുതിയിരുന്നു. അത്രയ്ക്കും ഭാവനയില്‍ കാണാന്‍ മാത്രം സാധിക്കുന്ന അത്ഭുതാവഹവും അവിശ്വസനീയവുമായ കഥാപരിസരവും പ്രകൃതി ശക്തിയുടെ വിസ്മയകരമായ വെല്ലുവിളികളുടെ സാന്നിദ്ധ്യവു മായിരുന്നു നോവലില്‍ സിനിമയിലേക്ക് വരുമ്പോള്‍ ഇതെത്രത്തോളം സാധ്യമാകുമെന്ന് പലരും സംശയത്തോടെ നെറ്റിചുളിച്ചിരുന്നു. എന്നാല്‍ വിഷ്വല്‍ ഗ്രാഫിക്‌സിന്റെ അനന്തസാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിയ സിനിമ ആശ്ചര്യകരമായ യാഥാര്‍ത്ഥ്യബോധം പ്രേക്ഷകനില്‍ സൃഷ്ടിച്ചു.
കഥാസാരം
കാന്‍ഡയിലെ മോണ്‍ട്രിയലില്‍ ജീവിക്കുന്ന പൈ പട്ടേലിനെ കാണാന്‍ ഒരു എഴുത്തുകാരന്‍ വരുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്. ദൈവത്തില്‍ വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു കഥ പൈയുടെ അടുത്തുണ്ടെന്ന് ഒരാള്‍ പറഞ്ഞതിന്‍പ്രകാരമാണ് എഴുത്തുകാരന്റെ വരവ് ആ കഥ തന്റെ അടുത്ത നോവലിനു പ്രമേയമാക്കാമെന്ന ആഗ്രഹത്തില്‍ അങ്ങനെ അയാളോട് പൈ തന്റെ കഥ പറയുന്നു. ഇന്ത്യയില്‍ പോണ്ടിച്ചേരിയില്‍ ജീവിച്ച കുട്ടിക്കാലത്തിന്റെ ഓര്‍മ്മയില്‍ നിന്ന് പൈയുടെ വിവരണം തുടങ്ങുന്നു. അന്ന് പോണ്ടിച്ചേരിയിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ അവരുടെ കുടുംബവകയായി ഒരു മൃഗശാല നടത്തിയിരുന്നു. അവിടുത്തെ മൃഗങ്ങളെക്കുറിച്ചുള്ള പൈയുടെ ഓര്‍മ്മകളുടെ കാഴ്ചയില്‍ അമ്മയുടെ താരാട്ടിന്റെ ഈണവും കലരുന്നു. പൈ സ്‌കൂളില്‍ നിന്നേ അതിജീവനപാഠങ്ങള്‍ പഠിച്ചു തുടങ്ങിയിരുന്നു. അവന്റെ യഥാര്‍ത്ഥ പേര് പിസിന്‍ മോളിറ്റര്‍ പട്ടേല്‍ എന്നായിരുന്നു. ഫ്രാന്‍സിലെ ഒരു നീന്തല്‍ക്കുളത്തിന്റെ പേരിന്റെ ഓര്‍മ്മയിലാണ് പിസിന്‍ എന്ന് പേരിട്ടതെങ്കിലും സ്‌കൂളില്‍ അവനെ മറ്റു കുട്ടികള്‍ പിസിങ് (മൂത്രമൊഴിക്കുക) എന്നു പരിഹസിച്ചു വിളിച്ചു. ഈ പരിഹാസം അവസാനിപ്പിക്കാന്‍ തീരുമാനിച്ച അവന്‍, ഗണിതത്തിലെ പൈ എന്ന മൂല്യത്തിന്റെ പേര് വിളിപ്പേരായി സ്വീകരിച്ചു. 3.14 ല്‍ ആരംഭിച്ച് ഒരിക്കലും അവസാനിക്കാത്ത അനന്തമായ മൂല്യമുള്ള ആ അക്കം എഴുതാനുള്ള അസാധാരണ കുഴിവ് അവന്‍ പ്രകടിപ്പിച്ചതോടെ പൈ എന്നത് അവന്റെ വിളിപ്പേരായി മാറി. പരിമിതികളില്ലാത്ത സംഖ്യയായ പൈ പോലെ അവന്റെ മനസ്സിലെ ലോകത്തിനും പരിമിതികളില്ലായിരുന്നു.
റിച്ചാര്‍ഡ് പാര്‍ക്കര്‍ എന്ന ബംഗാളി കടുവയെ സൂവില്‍ എത്തിച്ച സമയത്ത് ആ കടുവയോടു സൗഹൃദമുണ്ടാക്കാനായി അതിനു മാംസം നല്‍കാന്‍ അഴികള്‍ക്കുള്ളിലേക്കു കൈ കടത്തി തക്ക സമയത്ത് വന്ന് അച്ഛന്‍ അവനെ താക്കീതു ചെയ്യുന്നു. മൃഗങ്ങള്‍ എപ്പോഴും വന്യമായ ജീവികളാണെന്ന് അച്ഛന്‍ അവനെ കര്‍ശനമായി ഓര്‍മ്മിപ്പിച്ചു. അത് അവന് മറക്കാനാവാത്ത പാഠമായിരുന്നു.
പൈയുടെ കുടുംബം ഹിന്ദുമതവിശ്വാസികളായിരുന്നെങ്കിലും കുട്ടിക്കാലത്തേ അവന് ക്രിസ്തുമതത്തോടും ഇസ്ലാം മതത്തോടും താല്‍പര്യം തോന്നി. ക്രിസ്തുവിന്റെ ത്യാഗം അവന്റെ ഹൃദയത്തില്‍ പതിഞ്ഞു. ഇസ്ലാം മതാചാരപ്രകാരമുള്ള നിസ്‌കാരങ്ങളും അവന് സമാധാനം പകര്‍ന്നു. പല മതവിശ്വാസങ്ങള്‍ ഒരേ സമയം പിന്തുടരുന്നത് ഒന്നിലും വിശ്വാസമില്ലാത്തതിനു തുല്യമാണെന്ന് യുക്തിവാദിയായ അച്ഛന്‍ അവനെ ഓര്‍മ്മിപ്പിച്ചു. പക്ഷേ, അമ്മ അവനു പിന്തുണയേകി. വിശ്വാസം ഒരുപാട് മുറികളുള്ള ഒരു വീടാണെന്ന് പൈ മനസ്സിലാക്കി. അവിശ്വാസത്തിനും ആ വീട്ടില്‍ ഇടമുണ്ട്. പൈയ്ക്ക് 16 വയസ്സുള്ളപ്പോഴായിരുന്നു അവന്റെ ജീവിതം മാറിമറിഞ്ഞത്. അടിയന്തരാവസ്ഥ കാരണം, കാനഡയിലേക്ക് കുടുംബമായി കുടിയേറാനും മൃഗങ്ങളെയെല്ലാം അങ്ങോട്ട് കൊണ്ടുപോയി അവിടെ നല്ല വിലയ്ക്കു വില്‍ക്കാനും അവന്റെ അച്ഛന്‍ തീരുമാനിച്ചു. ഒരു ജപ്പാനീസ് ചരക്കു കപ്പലില്‍ അവര്‍ മൃഗങ്ങളുമായി യാത്ര തിരിക്കുന്നു. പസഫിക് സമുദ്രത്തിലൂടെ സഞ്ചരിക്കവേ, മരിയാനാ ട്രഞ്ചിനടുത്തുവച്ച് കൊടുങ്കാറ്റില്‍ തകര്‍ന്ന കപ്പല്‍ മുങ്ങിപ്പോകുന്നു. പൈ ആ സമയത്ത് കപ്പലിന്റെ ഡിക്കിയിലായിരുന്നതിനാല്‍ രക്ഷപ്പെട്ടു. കപ്പലിലെ ജോലിക്കാരന്‍ അവനെ ലൈഫ് ബോട്ടിലേയ്ക്ക് എടുത്തെറിഞ്ഞു. തന്റെ കുടുംബത്തെ രക്ഷിക്കണമെന്ന അവന്റെ അപേക്ഷ ആരും കേട്ടില്ല. പൈയ്ക്ക് അച്ഛനെയും അമ്മയെയും സഹോദരനെയും നഷ്ടമാകുന്നു. ലൈഫ് ബോട്ടില്‍ സൂവിലെ ചില മൃഗങ്ങള്‍ക്കൊപ്പം പസഫിക് സമുദ്രത്തിലൂടെ യാത്ര തുടരുന്ന അവന്റെ മുന്നില്‍ അനന്തമായ കടലിന്റെ വെല്ലുവിളിയാണ്.
ഒരു ഹയന, കാലൊടിഞ്ഞ സീബ്ര, ഉറാങ്ഉട്ടാന്‍ ഈ മൃഗങ്ങളാണ് ആദ്യം അവനൊപ്പമുള്ളത്. ക്രൂരമൃഗമായ സീബ്രയെയും ഉറാങ് ഉട്ടാനെയും ആക്രമിച്ചു കൊല്ലുന്നത് പൈ നിസ്സഹായനായി നോക്കി നില്‍ക്കുന്നു. അതിനുശേഷം ബോട്ടിന്റെ ടാര്‍പോളിന്റെ അടിയില്‍ നിന്നു റിച്ചാര്‍ഡ് പാര്‍ക്കര്‍ എന്ന കടുവ ഉയര്‍ന്നുവന്നപ്പോള്‍ പൈ ഭയന്നു വിറയ്ക്കുന്നു. ഹയനയെ റിച്ചാര്‍ഡ് പാര്‍ക്കര്‍ കൊന്നതോടെ തുടര്‍ന്നുള്ള യാത്ര പൈയും ആ ബംഗാളി കടുവയും തനിച്ചായി. താന്‍ കടുവയ്ക്കു ഭക്ഷണമാകുമെന്നു ഭയന്ന പൈ രക്ഷപ്പെടാന്‍ ബോട്ടിനോട് ചേര്‍ന്ന് ഒരു ചങ്ങാടം ഒരുക്കിയെടുക്കുന്നു. കടലിലെ കാറ്റും കോളും തിരകളും അവനെ വല്ലാതെ ഉലയ്ക്കുന്നു. വിശ്വാസമാണ് ആ സമയത്ത് പിടിച്ച് നില്‍ക്കാന്‍ അവന്റെ മനസ്സിനു കരുത്താകുന്നത്. സസ്യാഹാരിയായിരുന്ന അവന്‍ മീനുകളെ കൊന്ന് റിച്ചാര്‍ഡ് പാര്‍ക്കര്‍ക്ക് ഭക്ഷണമായി നല്‍കുന്നു. അവനും മത്സ്യം ഭക്ഷിക്കുന്നു.
റിച്ചാര്‍ഡ് പാര്‍ക്കറെ സര്‍ക്കസിലെ മൃഗങ്ങളെ അനുസരിപ്പിക്കും പോലെ തന്റെ കഠിനമായ ആജ്ഞാശക്തിയാല്‍ നിയന്ത്രിച്ചുനിര്‍ത്താന്‍ പൈയ്ക്കു കഴിയുന്നു. കടുവ ബോട്ടിലും പൈ ചങ്ങാടത്തിലുമായി അവരുടെ ലോകത്ത് കൃത്യമായി അകലം പാലിച്ചാണ് യാത്ര തുടരുന്നത്. തന്റെ മനസ്സിലെ വിചാരങ്ങള്‍ വാക്കുകളായി ഒരു ബുക്കില്‍ പെന്‍സില്‍ കൊണ്ട് കുത്തിക്കുറിക്കുന്നതും പൈയ്ക്ക് അതിജീവനത്തിന്റെ ശക്തി പകരുന്നു. പതിയെ റിച്ചാര്‍ഡ് പാര്‍ക്കറും ഇരയായല്ലാതെ, ഒരു സഹജീവിയായി പൈയെ അംഗീകരിക്കുന്നു. പക്ഷേ, അവര്‍ക്കിടയില്‍ അതിരുകളുണ്ട്. ക്രൂരനായ ബംഗാളി കടുവയോട് പൈയ്ക്കു തോന്നുന്ന ബന്ധവും കഥയിലെ പ്രധാനഘടകമാണ്. രാത്രിയില്‍ കടലിലേയ്ക്ക് ചാടിയ റിച്ചാര്‍ഡ് പാര്‍ക്കര്‍ തിരകളില്‍പ്പെട്ട് ദയനീയമായി നോക്കുന്ന സമയത്ത് പൈ അവന് ബോട്ടിലേയ്ക്കു തിരിച്ചു കയറി വരാന്‍ വഴിയൊരുക്കുന്നുണ്ട്. കടല്‍ പോലെ തന്നെ അവന്റെ മുന്നിലെ വെല്ലുവിളിയാണ് ആ കടുവയെങ്കിലും അതിന്റെ സാന്നിദ്ധ്യം ഒരു തരത്തില്‍ അവന് ആശ്വാസമാകുന്നു. റിച്ചാര്‍ഡ് പാര്‍ക്കറെ എങ്ങനെ മെരുക്കിയെടുക്കുമെന്ന ചിന്തയും അതിനു ഭക്ഷണം നല്‍കാനുള്ള പ്രയത്‌നങ്ങളുമാണ് യഥാര്‍ത്ഥത്തില്‍ ആ യാത്രയില്‍ തന്റെ ജീവന്‍ നിലനിര്‍ത്തിയതെന്ന് പൈ മനസ്സിലാക്കുന്നു.
ആഴ്ചകള്‍ക്കുശേഷം അവര്‍ ഒരു ഫ്‌ളോട്ടിങ് ദ്വീപില്‍ എത്തുന്നു. അസംഖ്യം മിര്‍ക്യാറ്റുകള്‍ക്കൊപ്പം അവിടുത്തെ മരത്തില്‍ ഉറങ്ങുന്ന പൈ ആ ദ്വീപ് ഒരു കാര്‍ണിവോറസ് ദ്വീപാണെന്ന് മനസ്സിലാക്കി പിറ്റേന്ന് തന്നെ യാത്ര തുടരുന്നു. 227 ദിവസത്തെ യാത്രകള്‍ക്കുശേഷം മെക്‌സിക്കന്‍ തീരത്ത് അണയുമ്പോഴേക്കും അവന്‍ അങ്ങേയറ്റം ക്ഷീണിതനായിരുന്നു. അവിടുത്തെ വനാന്തരത്തിലേയ്ക്ക് നടന്നു മറയുന്ന റിച്ചാര്‍ഡ് പാര്‍ക്കര്‍ വിടപറയുന്ന നിമിഷത്തില്‍ തന്നെ ഒരു വട്ടം തിരിഞ്ഞു നോക്കുമെന്നായിരുന്നു പൈയുടെ പ്രതീക്ഷ. പക്ഷേ ആ കടുവ ഒന്നു നോക്കുക പോലും ചെയ്യാതെ നടന്നു മറഞ്ഞു. മൃഗങ്ങള്‍ക്ക് മനുഷ്യരുടേതു പോലുള്ള വികാരങ്ങളില്ലെന്ന അച്ഛന്റെ വാക്കുകള്‍ പൈ ഓര്‍ക്കുന്നു. പിന്നീട് മെക്സിക്കന്‍ ഹോസ്പിറ്റലില്‍ കഴിയവേ ജാപ്പനീസ് കപ്പലിന്റെ അധികൃതര്‍ പൈയെ കാണാന്‍ വരുന്നു. കപ്പല്‍ച്ചേതത്തില്‍ നിന്നു രക്ഷപ്പെട്ടത് അവന്‍ മാത്രമാണ്. അവന്‍ ആദ്യം നല്‍കിയ വിവരണം അവര്‍ക്ക് അവിശ്വസനീയമായി തോന്നി. പൈ മൃഗങ്ങളുടെ സ്ഥാനത്ത് മനുഷ്യരെ പ്രതിഷ്ഠിച്ച് ഒരു കഥ മെനഞ്ഞെടുത്ത് അവരോട് പറയുന്നു. സിനിമയുടെ അന്ത്യത്തില്‍ പൈയോട് എഴുത്തുകാരന്‍ പറയുന്നു. റിച്ചാര്‍ഡ് പാര്‍ക്കര്‍ ഉള്‍പ്പെടുന്ന കഥയാണ് കൂടുതല്‍ നല്ലതെന്ന്. കാരണം, അതില്‍ ദൈവസാന്നിദ്ധ്യമുണ്ട്. പൈയും അങ്ങനെ വിശ്വസിക്കുന്നു. പക്ഷേ, പൈയുടെ മനസ്സില്‍ ഇപ്പോഴും നൊമ്പരമുണ്ട്. ഇപ്പോഴത്തെ പൈയുടെ ഓര്‍മകളിലാണ് സിനിമ അവസാനിക്കുന്നത്. ചില കാര്യങ്ങള്‍ അവസാനമായി യാത്ര പറഞ്ഞ് അടച്ചു വയ്‌ക്കേണ്ടതു പ്രധാനമായി റിച്ചാര്‍ഡ് കരുതുന്നു. നൊമ്പരക്കാഴ്ചയാകുന്നിടത്താണ് സിനിമ തീരുന്നത്. പാര്‍ക്കര്‍ ഓര്‍മ്മയിലെ പൈയായി യുവനടന്‍ സൂരജ് ശര്‍മ ശ്രദ്ധേയ അഭിനയം കാഴ്ചവച്ചു. യാത്രയില്‍ പൈയുടെ മനസ്സില്‍ വരുന്ന രൂപാന്തരത്തിനൊപ്പം ശരീരത്തിനും മാറ്റം വരുന്നു. കടുവയുടെ മിക്ക ഷോട്ടുകളും കമ്പ്യൂട്ടര്‍ ഗ്രാഫിക്സില്‍ സൃഷ്ടി ച്ചതാണെങ്കിലും അവ വളരെ യഥാര്‍ത്ഥവും ഗംഭീരവും ആയി അനുഭവപ്പെടുന്നു.
അതിജീവനവും അവനവനിലെ വിശ്വാസവും
സിനിമയുടെ തുടക്കത്തില്‍ പൈ പട്ടേലിനെ കാണാന്‍ വരുന്ന എഴുത്തുകാരന്‍ പറയുന്നത്. ദൈവത്തില്‍ വിശ്വാസം തോന്നിപ്പിക്കുന്ന ഒരു കഥ പൈയ്ക്ക് പറയാനുണ്ടെന്ന് കേട്ടാണു താന്‍ വന്നതെന്നാണ്. പൈ പട്ടേല്‍ എല്ലാ മതങ്ങളിലും ഒരേപോലെ അഗാധമായി വിശ്വസിക്കുന്നയാളാണ്. കുട്ടിക്കാലം തൊട്ടേ ആ ഉള്‍ക്കാഴ്ച്ചയോടെയാണ് പൈ വളര്‍ന്നിരിക്കുന്നത് അമ്മ പറഞ്ഞ ശ്രീകൃഷ്ണ കഥയില്‍ ബാലനായ കൃഷ്ണന്‍ വാ പിളര്‍ത്തുമ്പോള്‍ യശോദ കൃഷ്ണന്റെ വായ്ക്കുള്ളില്‍ അണ്ഡകടാഹങ്ങളും സര്‍വ്വ പ്രപഞ്ചവും കണ്ട കഥ പൈയുടെ മനസ്സിനെ സ്പര്‍ശിച്ചിരുന്നു. പൈയുടെ മനസ്സ് പല പല വിശ്വാസങ്ങളെയും ചേര്‍ത്തു പിടിക്കാനാവുംവിധം വിപുലമാണ്. അഗാധമായ വിശ്വാസമാവാം കടുത്ത പരീക്ഷണവും വെല്ലുവിളികളും യാതനയും ഭയവും നിരാശതയും ഏകാന്തതയുമെല്ലാം നിറഞ്ഞ ആ സമുദ്രയാത്രയെ ധൈര്യത്തോടെ നേരിടാനും പിടിച്ചു നില്‍ക്കാനും സാഹചര്യത്തിനനനുസരിച്ച് സ്വയം മാറാനുമെല്ലാം പൈയ്ക്ക് ബലം നല്‍കുന്നത്. വിശ്വാസം അതിന്റെ യഥാര്‍ത്ഥ ആഴം കണ്ടെത്തുന്നത് പരീക്ഷിക്കപ്പെടുമ്പോഴാണെന്ന് പറയാറുണ്ട്. പൈയും പരീക്ഷണഘട്ടത്തില്‍ തന്റെ വിശ്വാസത്തിന്റെ പല തലങ്ങളിലൂടെ കടന്നുപോകുന്നു. തന്റെ യഥാര്‍ത്ഥ ശക്തിയില്‍ എത്തിച്ചേരുന്നു. അവന്‍ ദൈവനിരാസത്തിലേക്ക് എടുത്തെറിയപ്പെടുന്നില്ല. വിശ്വാസം അവനവനില്‍ തന്നെ അഗാധമായി വിശ്വസിക്കാനുള്ള പ്രേരകമാകുന്നു. ആ സ്വയം വിശ്വാസമാണ് അതിജീവനത്തിന്റെ അടിത്തറ. നിരൂപകര്‍ വിലയിരുത്തും പോലെ, ഈ സിനിമ ഒരിക്കലും ഒരു അവിശ്വാസിയെ വിശ്വാസിയാക്കാന്‍ ഉള്ളതല്ല; മറിച്ച് ഒരു യഥാര്‍ത്ഥ വിശ്വാസിക്ക് തന്റെ വിശ്വാസത്തിന്റെ അര്‍ത്ഥതലങ്ങളും എന്തുകൊണ്ട് താന്‍ വിശ്വാസിയായിരിക്കുന്നുവെന്നതിന്റെ കാരണങ്ങളും തിരിച്ചറിയാന്‍ സഹായിക്കുന്നതാണ്.
സമുദ്രം എന്ന വൈതരണി
സിനിമയിലൊന്നാകെ സമുദ്രം ഒരു യഥാര്‍ത്ഥ കഥാപാത്രത്തെപ്പോലെ അതി ഗാംഭീര്യത്തോടെ നില്‍ക്കുന്നു. റിച്ചാര്‍ഡ് പാര്‍ക്കര്‍ക്കും പൈയ്ക്കും കടന്നു പോകാനുള്ള വൈതരണിയാണ് സമുദ്രം. അതേ സമയംതന്നെ പ്രപഞ്ചം അതിന്റെ വിസ്മയങ്ങളെ അനാവരണം ചെയ്യുന്ന മേഖല കൂടിയാണ്. കടല്‍ അതിന്റെ വിഭിന്നമുഖങ്ങളെ പൈയ്ക്ക് കാട്ടിക്കൊടുക്കുന്നുണ്ട്. പറക്കുന്ന മീന്‍കൂട്ടങ്ങള്‍, രാവില്‍ ഉയര്‍ന്നുപൊങ്ങുന്ന തിമിംഗലങ്ങള്‍, ഡോള്‍ഫിനുകളുടെ നൃത്തം, കൊടുങ്കാറ്റില്‍ വാനോളം ഉയര്‍ന്നു പൊങ്ങുന്ന തിരകളുടെ ഭയാനകത, ശ്വാസംമുട്ടിക്കുന്ന തിരമാലകളില്‍ ഒളിച്ചിരിക്കുന്ന മരണം കൊടുങ്കാറ്റില്‍ ശക്തി പ്രാപിക്കുന്ന തിരകള്‍, കടല്‍ ചിലപ്പോള്‍ ആശ്ചര്യജനകവും ചിലപ്പോള്‍ ഭയാനകവും ആണ്. പ്രളയത്തിനെ അതിജീവിച്ച നോഹയെ പോലെ, പൈയ്ക്കും ആ കടലിനെ അതിജീവിച്ച് തീരത്തെ പുല്‍കിയേ മതിയാവൂ. കടലിലെ ഇരുണ്ട രാത്രികളിലൊക്കെ ആകാശത്തെ അനന്തകോടി നക്ഷത്ര ജാലങ്ങളെ നോക്കിയിരിക്കുന്ന പൈയുടെ നക്ഷത്രജാലങ്ങളെ നോക്കിയിരിക്കുന്ന പൈയുടെ മനസ്സില്‍ ദൈവസാമീപ്യമാണ് ആ നക്ഷത്രങ്ങള്‍. ജലത്തിലും ആ താരകങ്ങള്‍ പ്രതിഫലിക്കുന്നു. ജലത്തില്‍ പൈ സൂവിലെ തന്റെ പ്രിയപ്പെട്ട മൃഗങ്ങളെ കാണുന്നു. മരിച്ച അമ്മയുടെ മുഖം കാണുന്നു. സമുദ്രഗര്‍ഭത്തിലാണ്ടു പോയ ആ കപ്പല്‍ കാണുന്നു. ഈ ദൃശ്യങ്ങളൊക്കെയും സിനിമയ്ക്ക് ഒരു മാന്ത്രികമായ അതിന്ദ്രീയാനുഭവം നല്‍കുന്നു.
ദാര്‍ശനിക തലങ്ങള്‍
ലൈഫ് ഓഫ് പൈ നോവലിന് ചില ദാര്‍ശനികതലങ്ങള്‍ ഉള്ളതായി നോവലിസ്റ്റ് യാന്‍ മാര്‍ട്ടല്‍ പറഞ്ഞിട്ടുണ്ട്. തന്റെ ജീവിതത്തിലെ ഏകാന്തമായ ഒരു കാലത്ത്, ഒരു ദിശാബോധം ആവശ്യമാണെന്നു തോന്നിയ ഘട്ടത്തിലാണ് ഈ നോവല്‍ എഴുതിയതെന്നും ഈ രചന തന്റെ മനസ്സിലെ ആ ലക്ഷ്യം നിറവേറ്റിയെന്നും മാര്‍ട്ടല്‍ പിന്നീട് ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.
ജീവിതത്തിലെ പ്രയാസകരമായ സമയങ്ങളിലാവും മനുഷ്യര്‍ക്ക് അവരുടെ ലക്ഷ്യങ്ങള്‍ കണ്ടെത്താനും ബോധ്യങ്ങള്‍ നിലനിര്‍ത്താനും കഴിയുന്നത്. ചുറ്റുപാടുകള്‍ക്കൊത്ത് മാറാനുള്ള കഴിവ്. സ്ഥിരോത്സാഹം, വിശ്വാസം, അവനവനിലുള്ള വിശ്വാസം എന്നിവയിലൂടെ പ്രതിബന്ധങ്ങളെ മറികടക്കാന്‍ കഴിയുമെന്നതാണ് ഈ കൃതി നല്‍കുന്ന സന്ദേശം
ഇത് ചില ദാര്‍ശനികവീക്ഷണങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ജീവിതം ഒരു കഥയാണ്. നിങ്ങള്‍ക്ക് നിങ്ങളുടെ കഥ തെരഞ്ഞെടുക്കാം. ദൈവംകൂടി വരുന്ന കഥയാവും കൂടുതല്‍ മികച്ചത്. എല്ലാ ജീവിതങ്ങളും പരസ്പരാശ്രിതമാണെന്ന ബോധം ഈ നോവല്‍ ഉയര്‍ത്തിപ്പിടിക്കുന്നു. നിരൂപകനായ ഗോര്‍ഡന്‍ ഹൗസര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടിട്ടുണ്ട്. വിശ്വാസത്തിലൂടെ നാം ജീവിക്കുകയും ശ്വസിക്കുകയും ചെയ്യുന്നു എന്നതാണ് മറ്റൊരു പ്രധാന തീം എന്ന് ഹൗസര്‍ ഈ കൃതിയെ കുറിച്ച് വിലയിരുത്തുന്നു.
ഇതില്‍ പരീക്ഷണഘട്ടത്തില്‍ പൈ മനസ്സിലാക്കുന്ന ചില ജീവിത സത്യങ്ങളുണ്ട്. മരണം ജീവിതത്തെ പിന്തുടരുന്നു. ജീവിതത്തിന്റെ മനോഹാരിതയില്‍ മരണത്തിന് അസൂയ ഉള്ളതുകൊണ്ടാണത്. ചില ബന്ധങ്ങള്‍ മറ്റു ബന്ധങ്ങളേക്കാളും കൂടുതലായി നിങ്ങളെ ബാധിക്കാം ഭയവും വിരസതയും ആണ് ഏറ്റവും മോശമായ വികാരങ്ങള്‍ മനസ്സില്‍ നിന്നാണ് അവ വരുന്നത്. നമ്മില്‍ തന്നെയുള്ള വിശ്വാസത്തിലൂടെ അവയെ മറികടക്കുന്നിടത്താണ് വിജയം. ഒരു ബന്ധമായാലും, അത് അവസാനിപ്പിക്കുന്ന നിമിഷം പ്രധാനമാണ് റിച്ചാര്‍ഡ് പാര്‍ക്കര്‍ അവസാനമായി കാട്ടിലേയ്ക്ക പോകുന്നതിനുമുമ്പ് തന്നെ തിരിഞ്ഞു നോക്കിയില്ല, താനുമായി ഉണ്ടാക്കിയ ബന്ധത്തെ അംഗീകരിച്ചില്ലെന്നതാണ് പൈയുടെ ഹൃദയം തകര്‍ത്തത്. ഇന്നും അത് അയാളെ വേട്ടയാടുന്ന നൊമ്പരമാണ്. അതുപോലെ അച്ഛനോട് ഒരിക്കലും ഗുഡ് ബൈ പറയാന്‍ സാധിച്ചില്ല. അച്ഛന്‍ പഠിപ്പിച്ച പാഠങ്ങള്‍ എത്ര മഹത്തരമായിരുന്നുവെന്ന് പറയാന്‍ സാധിച്ചില്ല. അമ്മയോടും സഹോദരന്‍ രവിയോടും യാത്രപറയാന്‍ സാധിച്ചില്ല. ഇതെല്ലാം പൈ അലട്ടുന്ന വേദനകളാണ്. തനിക്ക് അടുപ്പം തോന്നിയ പെണ്‍കുട്ടിയായിരുന്ന ആനന്ദിയോട് വിട പറഞ്ഞ നിമിഷം ഓര്‍ക്കുന്നില്ല. ജീവിതത്തിലെ ചില അലട്ടുന്ന കാര്യങ്ങള്‍, ഒരു ബന്ധമായാലും ശരി, അത് അവസാനിപ്പിക്കുന്ന നിമിഷം പ്രധാനമാണെന്നു തിരിച്ചറിയുന്നു വിശ്വാസത്തിന്റെ കുതിച്ചുചാട്ടങ്ങള്‍ യുക്തിസാഹമല്ലാത്തതായി തോന്നാം. പക്ഷേ, പൈയെ പിടിച്ച് നിര്‍ത്തിയത് വിശ്വാസം തന്നെയാണ്.
പ്രകൃതിയിലെ ജീവജാലങ്ങളുടെ ലയം
പൈയുടെ അതിജീവനത്തിന്റെയും ധൈര്യത്തിന്റെയും കഥയ്ക്കൊപ്പം ഭൂമിയിലെ മറ്റു ജീവജാലങ്ങളുമായി ഇഴുകിച്ചേര്‍ന്നുള്ള അതിജീവിക്കലിന്റെയും കഥയാണ് അവന്റെ യാത്ര. ജലം ഈ സിനിമയിലൊരു പ്രതീകം പോലെ പ്രധാനമായി മാറുന്നു. പൈ പട്ടേലിന്റെ യാത്രയിലുടനീളം അനന്തതയുടെ പ്രതീകം പോലെ സമുദ്രജലമാണ്. ഇതെക്കുറിച്ച് സംവിധായകന്‍ ആങ് ലീ പറഞ്ഞിട്ടുണ്ട്. സിനിമയുടെ പ്രധാന പ്രതിപാദ്യവിഷയങ്ങളിലൊന്ന് വിശ്വാസമാണ്. മതപരമായ ദൈവമല്ല, അമൂര്‍ത്തമായ, അജ്ഞേയമായ ദൈവമാണിവിടെ പ്രതിപാദിക്കപ്പെടുന്നത്. സമുദ്രജലത്തില്‍ മത്സ്യങ്ങള്‍, മറ്റു കടല്‍ ജീവജാലങ്ങള്‍, പൈയുടെ വികാരങ്ങള്‍ എല്ലാമുള്‍പ്പെടുന്നു. ജലമിവിടെ ജീവന്റെ തന്നെ പ്രതീകമാണ്. ആകാശം അഥവാ വായു ദൈവവും സ്വര്‍ഗ്ഗവും ആത്മീയതയും മരണവുമെല്ലാമാണ്. ആകാശത്തു നിന്നാണ് കൊടുങ്കാറ്റും മിന്നല്‍ പിണരും വരുന്നത്.
”പ്രപഞ്ചത്തിലെ അജ്ഞാതമായതിനോട് നമുക്കുള്ള വൈകാരിക ബന്ധത്തെയാണ് വിശ്വാസം എന്നു പറയുന്നതെന്നാണ് ഞാന്‍ കരുതുന്നത്. ഞാന്‍ ചൈനക്കാരനാണ്. മാവോയിസ്റ്റ് ബുദ്ധനില്‍ ഞാന്‍ വിശ്വസിക്കുന്നു. മതവിശ്വാസത്തെയല്ല. പ്രപഞ്ചത്തില്‍ നമുക്കതീതമായ ദൈവികശക്തിയെക്കുറിച്ചാണിവിടെ പറയുന്നത്.” ഒരു അമൂര്‍ത്തമായ അര്‍ത്ഥത്തില്‍ ആങ് ലീ തന്റെ ദര്‍ശനം ഇങ്ങനെയാണ് അവതരിപ്പിക്കുന്നത്.
ഗ്രന്ഥസൂചി
Yann Martel, Life of Pi (Novel) Harcourt Trade Publishers, Edin Burgh 2002

ഡോ. ബി. ശ്രീകുമാര്‍ സമ്പത്ത്
അസോസിയേറ്റ് പ്രൊഫസര്‍ മലയാളവിഭാഗം. യൂണിവേഴ്‌സിറ്റി കോളേജ് തിരുവനന്തപുരം Email: sreekumarsampath@gamil.com Ph: 8075329075