ഡോ.തനൂജ ജി.

Published: 10 July 2025 പുസ്തകപഠനം

ബിയ്യാശയുടെ പെട്ടകം: കിനാവു നഷ്ടപ്പെട്ടവരുടെ ചരിത്രപുസ്തകം

അലിക്കുട്ടി ബീരാഞ്ചിറയുടെ ലക്ഷദ്വീപ് പശ്ചാത്തല നോവലായ ബിയ്യാശയുടെ പെട്ടകം എന്ന കൃതിയുടെ വായന

നിരന്തരം തങ്ങളുടെ ഭൂതകാലത്തെ അയവിറക്കുകയും അതിനെ അനന്തര തലമുറയ്ക്ക് കൈമാറുകയും ചെയ്യുന്ന
സമ്പ്രദായത്തെ സാംസ്കാരിക സ്മൃതി അല്ലെങ്കിൽ സാംസ്കാരിക ഓർമ്മ (Cultural memory) എന്നു പറയാം. ഇത്തരം സാംസ്കാരിക ഓർമ്മകൾ പലതരത്തിലുള്ള അതിജീവന സാധ്യതകളെ തുറന്നിടുന്നു. തങ്ങൾ പൊതുവായി പങ്കിട്ട ഓർമ്മകൾ വരും കാലത്തേയ്ക്കുളള ഊർജമായാണ് ഓരോ ജനതയ്ക്കും അനുഭവിക്കാനാവുക. തങ്ങൾ ജീവിക്കുന്ന പ്രദേശത്തിന്റെ ചരിത്രം, അതുമായി ബന്ധപ്പെട്ടുണ്ടായ കഥകൾ, സംഭവങ്ങൾ, പുരാവൃത്തങ്ങൾ ഇങ്ങനെ അടരടരായി നിലകൊള്ളുന്ന ഭൂതകാലത്തിലേയ്ക്ക് ആഴത്തിൽ വേരോടിയാണ് ഓരോ ജനതയും പുലരുന്നത്. അവർ ജീവിക്കുന്ന ആവാസ വ്യവസ്ഥ അതിന് വെള്ളവും വളവും പകരുന്നു. ഇത്തരത്തിൽ കടലാഴങ്ങളിലേയ്ക്ക് വേരു പടർത്തിയ സംസ്കാരത്തിന്റെ ഉറവകളുള്ള ഇടമാണ് ലക്ഷദ്വീപ്.

കാണുന്നവന്റെ കാഴ്ചയ്ക്കനുസരിച്ച് വലുതാവുകയും ചെറുതാവുകയും ചെയ്യുന്ന , അറിയുംതോറും വിസ്മയമാവുന്ന കടലിനാൽ ചുറ്റപ്പെട്ട് പവിഴപ്പുറ്റുകളുടെ സുരക്ഷാ വലയത്തിൽ കഴിയുന്ന ഇടം . സൂഫി സാഹിത്യവും കടലനുഭവങ്ങളും നാടോടിസാഹിത്യവും വ്യത്യസ്തവും തനിമയാർന്നതുമായ കലാരൂപങ്ങളും ഇടകലർന്ന ലക്ഷദ്വീപ് സംസ്കൃതിയുടെ ആഴമേറിയ സംസ്കാരിക സ്മൃതികളിലേയ്ക്കുള്ള ധീരമായ യാത്രയാണ് അലിക്കുട്ടി ബീരാഞ്ചിറയുടെ ‘ബിയ്യാശയുടെ പെട്ടകം ‘ എന്ന നോവൽ. കേട്ടറിവുകളിലൂടെ മാത്രം അറിയുന്ന ലക്ഷദ്വീപ് മനം തൊടുന്ന അനുഭവമായി നോവലിൽ പരിണമിക്കുന്നു.

റഹ്മാനി എന്ന പഴയ നാവിക ശാസ്ത്ര ഗ്രന്ഥത്തെക്കുറിച്ചറിയാൻ ബിയ്യാശയുടെ അടുത്തെത്തുന്ന കോളേജ് മാഷിന്റെ ആഖ്യാനത്തിലൂടെ കെട്ടഴിയുന്നത് ഒരു ജനത അനുഭവിച്ച അടിമത്തത്തിന്റേയും അവർ തീർത്ത പ്രതിരോധങ്ങളുടെയും കഥയാണ്. കഥകൾ ശ്വസിച്ച് കഥകളിൽ ജീവിച്ച് കഥകളിൽ ഖബറടങ്ങുന്ന കുറേ മനുഷ്യർ. സൂഫി വര്യന്റെ കഥ, യൂസഫ് പള്ളിയിൽ നിസ്കരിക്കാനെത്തുന്ന ജിന്നുകളുടെ കഥ , ഇബ്ലീസിന്റെയും തല പോയ തെങ്ങുകളുടെയും കഥ, ‘ഷാഹുൽ ഹമീദി’ന്റെ അഭിമാനയാത്രയിൽ കടലിലേക്കാഴ്ന്ന ഓടം കാക്കയുടെ കഥ , ബണ്ടവികളുടെയും മാൽമികളുടെയും കോയമാരുടെയും കഥ അതിലുപരി ഇക്കഥയായ കഥയെല്ലാം പറയുന്ന ബിയ്യാശയുടെയും അവളുടെ ആടുകളുടെയും കഥ. അതാണ് ഈ നോവൽ. കഥകളൊടുങ്ങാത്ത കടലിന്റെ നടുവിലിരുന്ന് കഥകളുടെ കെട്ടഴിക്കുന്ന ബിയ്യാശ ‘ഇക്കതകളേതും ബള്തം അല്ല , ഉള്ളേയാണ് ‘ എന്ന് പറയുമ്പോൾ കടലാഴങ്ങളാൽ വലയം ചെയ്യപ്പെട്ട ഒരു ജനതയുടെ സ്മൃതി ചരിത്രമാണ് അനാവരണം ചെയ്യപ്പെടുന്നത്.

കിൽത്താനിൽ നിന്ന് കടമത്ത് ദ്വീപിലേയ്ക്ക് നാടുകടത്തപ്പെട്ട കുഷ്ഠരോഗ ബാധിതനായ കുഞ്ഞിസീതിയെ ശുശ്രൂഷിക്കാൻ അവിടേയ്ക്കെത്തിയ ബിയ്യാശ അനുജന്റെ മരണശേഷം , അയാളെ മറവു ചെയ്ത ദ്വീപിൽ തന്നെ തുടരുകയാണ്. അവൾക്കിടയിലേയ്ക്ക് പതിയെ കുറേ ആടുകൾ കടന്നു വരുന്നു. ദ്വീപിലെവിടെയും സ്വാതന്ത്ര്യത്തോടെ കടന്നുചെല്ലാമായിരുന്ന ആടുകൾക്കു മേൽ വളരെ പെട്ടെന്നാണ് പനി പടർത്തുന്നു എന്ന പേരിൽ വിലക്കുകൾ കടന്നു വരുന്നതും പഞ്ചായത്ത് അവയെ പിടിച്ചു കൊണ്ടു പോകുന്നതും. സ്വാതന്ത്ര്യത്തിനു മേൽ വിലക്കു വരുന്നതോടെ താൻ സ്വന്തമായുണ്ടാക്കിയ ഷാഹുൽ ഹമീദ് എന്ന ഓടത്തിൽ ആൾത്താമസമില്ലാത്ത സഹേലിയിലേയ്ക്ക് ബിയ്യാശ യാത്രയാകുന്നിടത്ത് നോവൽ പൂർണമാകുന്നു.

തമസ്ക്കരണത്തിന്റെയും പുറന്തള്ളലിന്റെയും ചരിത്രം വെളിപ്പെടുത്തുന്ന നോവൽ പ്രതിരോധത്തിന്റെ മാർഗത്തെയും കഥകളിലൂടെ അവതരിപ്പിക്കുന്നുണ്ട്. അതിലൊന്നാണ് തല പോയ തെങ്ങുകളുടെ കഥ. സത്യസന്ധരും വിശ്വസ്തരുമായി മനുഷ്യർ ഒരുമയോടെ ജീവിക്കുന്നതിൽ അസൂയ പൂണ്ട് ഇബിലീസ് വേഷം മാറി ദ്വീപിൽ എത്തി. തനിക്ക് പൊളിക്കാനോ ആസ്വദിക്കാനോ കഴിയാത്ത തേങ്ങ പറ്റിപ്പിന്റെ പഴമായാണ് ഇബിലീസ് കാണുന്നത്. ആ പകലിൽ കടപ്പുറത്ത് ഉണ്ടായിരുന്ന എല്ലാ തെങ്ങിന്റെയും ചുവടു മാന്തി കടൽ വെള്ളരി കുഴിച്ചിട്ട് ഇബിലീസ് സ്ഥലം വിട്ടു. രണ്ടു ദിവസത്തിനകം കടപ്പുറത്തെ എല്ലാ തെങ്ങുകളും തലമുറിഞ്ഞു താഴെ വീണു തല പോയ തെങ്ങുകൾ കണ്ട് കാര്യം മനസ്സിലായ സൂഫിവര്യൻ ഇബിലീസിന് തലമുറിക്കാൻ പറ്റാത്ത അത്രയും തെങ്ങിൻ തൈകൾ കുഴിച്ചിടാൻ ആഹ്വാനം ചെയ്തു .നാടുനീളെ തെങ്ങുകൾ ഉയർന്നു അത് വളർന്ന് കാടായി ഇബിലീസ് തോറ്റോടി.

അധിനിവേശങ്ങൾക്കും തച്ചു തകർക്കലുകൾക്കും എതിരായി ഉയർന്നുവരുന്ന പ്രതിരോധത്തിന്റെ ഒരു വലിയ സമരമാർഗ്ഗം ഇവിടെ സൂഫിവര്യൻ ലക്ഷദ്വീപ് ജനതയുടെ ഓർമ്മകളിൽ നിറച്ചു വെച്ചിട്ടുണ്ട്.

കടലാഴങ്ങളുടെ അറിവും അനുഭവവും ഉള്ളവരെങ്കിലും പലയിടങ്ങളിലും പലതരത്തിലും തമസ്കരിക്കപ്പെട്ട ഒരു ജനതയുടെയിടയിൽ നിന്നാണ് ബിയ്യാശ തന്റെ ആടുകളേയും കൊണ്ട് കടന്നു വരുന്നത്.
സ്വതന്ത്രമായി മേഞ്ഞിരുന്ന ആടുകൾക്കു മേൽ വരുന്ന വിലക്കുകൾ സ്വതന്ത്രരായ ഒരു ജനതയ്ക്കു മേലുള്ള ഭരണകൂടത്തിന്റെ പിടിമുറുക്കലുകൾ തന്നെയാണ് . വംശീയതയും വർഗവെറിയും മനുഷ്യന്റെ അബോധമണ്ഡലങ്ങളിൽ എത്ര തീവ്രമായി ചിട്ടപ്പെട്ടു പോയിരിക്കുന്നുവെന്നതിന്റെ നേർസാക്ഷ്യം ബിയ്യാശയുടെ പെട്ടകത്തിൽ അലിക്കുട്ടി കൃത്യമായി അവതരിപ്പിക്കുന്നു. ബിയ്യാശയുടെ വല്യുപ്പ ഓടം കാക്കയുടെ കഥ ദ്വീപിൽ നിലനിന്നിരുന്ന ജാതീയമായ വേർതിരിവുകളുടെയും അധികാര ദുർവിനിയോഗത്തിന്റെയും ചരിത്രം വെളിവാക്കുന്നു. ദ്വീപോടങ്ങൾ ഉണ്ടാക്കിയിരുന്ന താണ ജാതിയിൽപ്പെട്ട ബണ്ടവിമാർക്കും ഓടം ഓടിച്ചിരുന്ന മാൽമികൾക്കും ഓടം പണം കൊടുത്തു വാങ്ങാനോ പണിയിക്കുവാനോ അധികാരമുണ്ടായിരുന്നില്ല. മേൽജാതിക്കാരായ കോയമാരിൽ നിന്നും തങ്ങളുടെ ഉൽപന്നങ്ങൾക്ക് ന്യായവില കിട്ടാതെ വരുമ്പോൾ മേലാച്ചേരിയിലെ ഒരു കൂട്ടം ചെറുപ്പക്കാർ സ്വന്തമായി വലിയൊരോടം നിർമ്മിക്കാനൊരുങ്ങുകയും കിൽത്തനിൽ നിന്ന് ഓടം കാക്കയെ കൊണ്ടു വരികയും ചെയ്യുന്നു. എന്നാൽ വിറളി പിടിച്ച കോയമാർ മേലാച്ചേരികളുടെ കച്ചവട പീടികകൾ കൊള്ളയടിച്ചും പുരകളിൽ കയറി ആക്രമിച്ചും സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിച്ചും കുടിലുകൾക്ക് പുറത്ത് കാവൽ ഇരുന്നു കല്ലെറിഞ്ഞും അവരെ അങ്ങേയറ്റം ദ്രോഹിച്ചു . എന്നിട്ടും, പണിയെടുക്കുന്ന ഓടംകാക്കയ്ക്ക് യുവാക്കൾ കാവൽ നിന്നു. ഓടത്തിന്റെ പണി പൂർത്തിയാക്കി. എല്ലാ തടസ്സങ്ങളെയും മറികടന്ന് അവർ ഓടം കടലിൽ ഇറക്കി. കൂട്ടത്തോടെ തോണികളിലെത്തി ആക്രമിച്ച കോയമാർ ഓടത്തിലുണ്ടായിരുന്ന മുഴുവൻ സാധനങ്ങളും കടലിലെറിഞ്ഞു. ഓടത്തിലുണ്ടായിരുന്നവരെ തല്ലിയോടിച്ചു. ഓടത്തിന്റെ കുതിപ്പ് കാണാൻ അണിയത്തുനിന്ന ഓടംകാക്കയെ അവർ വളഞ്ഞിട്ട് തല്ലി പായയിൽ തലകീഴായി കെട്ടിത്തൂക്കി . പിന്നീട് ഓടത്തിന് തുള വീഴ്ത്തി . കടൽ വെള്ളം ഓടത്തിലേക്ക് ഇരച്ചു കയറി.അത് നോക്കി നിസ്സഹായനായി ഓടം കാക്ക പായ്മരത്തിൽ തൂങ്ങിക്കിടന്നു. പിന്നീട് ഓടവും ഓടം കാക്കയും കിനാവ് നഷ്ടപ്പെട്ടവരുടെ ചരിത്രത്തിലേക്ക് മുങ്ങിത്താഴ്ന്നു എന്ന് നോവലിസ്റ്റ് രേഖപ്പെടുത്തുന്നു.

അലിക്കുട്ടി ബീരാഞ്ചിറ

നോവലിൽ ബിയ്യാശ നടത്തുന്ന സമരം തങ്ങളെ തമസ്ക്കരിച്ച ചരിത്രത്തോടാണ്.
തന്നെ വേണ്ടാത്തൊരിടത്തെ പിൻതള്ളിക്കടന്നു പോവുകയെന്നതും ഒരു തരത്തിലുള്ള സമരം തന്നെ.ഓടമുണ്ടാക്കിയതിനാൽ മാത്രം കടലിൽ മുക്കിത്താഴ്ത്തപ്പെട്ട ഒരുവന്റെ അടുത്ത തലമുറ സ്വന്തമായി ഓടം നിർമ്മിച്ച് തുഴഞ്ഞ് തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുന്നു.
ബിയ്യാശയുടെ ഓടം തന്നെത്തളച്ച ബഹുവിധ ചരിത്രങ്ങളെ പിൻതളളി തുഴഞ്ഞു മുന്നേറാൻ ,പെണ്ണന്നല്ല തമസ്കരിക്കപ്പെട്ട ഓരോ ജനതയ്ക്കും പ്രേരണ നൽകുന്നു.

ദ്വീപു ജനതയെ സംബന്ധിച്ചിടത്തോളം അവരുടെ സാംസ്കാരിക ഓർമ്മകളിൽ പലതരത്തിലുള്ള അധിനിവേശങ്ങളുടെ കാഴ്ചകളുണ്ട്. ജാതി – വർണ വെറിയുടെ അനൽപവും അസുഖകരവുമായ ഓർമ്മകൾ ഒരു വിഭാഗം ദ്വീപു ജനതയുടെ ഉള്ളിൽ പൊളളലായി അവശേഷിക്കുന്നുവെന്ന് ബിയ്യാശയിലൂടെ നമുക്കറിയാൻ സാധിക്കുന്നുണ്ട്.
സ്വത്വപ്രതിസന്ധി അനുഭവിക്കുന്ന വേരുകൾ അന്വേഷിച്ച് പുറത്തലയുന്ന ഒരു ജനതയോട് അവരുടെ വേരുകൾ ആ നാടിന്റെ മണലാഴങ്ങളിലാണ് വേരോടിയിരിക്കുന്നതെന്നും അനുവാദമില്ലാതെ പല കാലങ്ങളിൽ പടർന്ന അധിനിവേശത്തിന്റെ അരിവാളുകൾ ആ വേരുകൾ അറുത്തെറിഞ്ഞ് അവരെ നിശബ്ദരാക്കിയതാണെന്നും ബിയ്യാശയിലൂടെ അലിക്കുട്ടി പറഞ്ഞു വയ്ക്കുന്നു. ആ തിരിച്ചറിവിൽ അരുതുകളില്ലാത്ത ഒരിടത്ത് സ്വന്തം സ്വത്വം പുലർത്താൻ കഴിഞ്ഞേയ്ക്കുമെന്നു കരുതുന്ന ബിയ്യാശ പ്രത്യാശയുടെ തുരുത്തിലേയ്ക്കാണ് തന്റെ തോണി തുഴയുന്നത്. മലയാളത്തിന്റെ കടന്നു കയറ്റത്തിൽ ഞെരുങ്ങിപ്പോയ ദ്വീപു ഭാഷയുടെ തെളിമയും സൗന്ദര്യവും ദ്വീപിലെ കഥാപാത്രങ്ങളിലൂടെ നോവലിൽ അവതരിപ്പിക്കപ്പെടുന്നു.
ലക്ഷദ്വീപിനു മേൽ കേന്ദ്രം അതിന്റെ പിടിമുറുക്കുന്ന ഇക്കാലത്ത് ഈ നോവൽ ഏറെ പ്രസക്തമാണ്. ദ്വീപിന്റെ തനതായ സംസ്കാരത്തെയും ജീവിതരീതിയെയും തകർക്കുന്നതും ജനങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതുമായ പല നിയമനിർമ്മാണങ്ങളും ഇന്ന് അധികാര കേന്ദ്രങ്ങൾ ഈ ജനതയ്ക്കുമേൽ കൊണ്ടു വന്നിട്ടുണ്ട്. ഭൂമിക്കു മേലുള്ള അവരുടെ അവകാശങ്ങളെ ചോദ്യം ചെയ്തു കൊണ്ടും കച്ചവട മേഖലയിലിടപെട്ടും അവരുടെ ഭക്ഷണ സംസ്കാരത്തിനു മേൽ പോലും കടന്നുകയറിയും സാംസ്കാരിക അസ്തിത്വത്തിൻ്റെയും മതപരമായ ആചാരങ്ങളുടെയും ഭാഗമായ ഭാഷകളെ തകർത്തു കൊണ്ടും ഗുണ്ടാ ആക്ട് കൊണ്ടു വന്നും ഒരു ജനതയെ പൂർണമായും വേരുകൾ പറിച്ചില്ലാതാക്കാൻ ശ്രമിക്കുന്ന പുതിയ കാല അധികാരി വർഗ നീക്കങ്ങൾ പൂർവ്വകാല അധിനിവേശ ശ്രമങ്ങളുടെ തുടർച്ചയാണെന്ന് അലിക്കുട്ടി നോവലിലൂടെ പറയാതെ പറയുന്നു. അതോടൊപ്പം സ്വന്തം കാലിലെഴുന്നേറ്റ് നിന്ന് പോരാടാൻ ദ്വീപ് ജനതയ്ക്ക് പ്രേരണ നൽകുകയും ചെയ്യുന്നു. അങ്ങനെ ഓടം കാക്കയെപ്പോലെ, കുഞ്ഞു സീതിയെപ്പോലെ, ബിയ്യാശയെ പോലെ കിനാവു നഷ്ടപ്പെട്ട അനേകരുടെ ചരിത്ര പുസ്തകമായി പരിണമിക്കുമ്പോഴും പുതിയ കിനാവുകൾ കാണാനുള്ള പ്രേരണയായി ‘ബിയ്യാശയുടെ പെട്ടകം ‘ മാറുന്നു.

ഡോ.തനൂജ ജി.

3.3 4 votes
Rating
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x