ഡോ.ഡി.വി. അനിൽകുമാർ

Published: 10 July 2025 ചലച്ചിത്രപഠനം

സിനിമ: ഭാഷയോ  ഭാഷാവ്യവസ്ഥയോ  ഭാഗം -2

ക്രിസ്റ്റ്യൻ മെറ്റ്സ്(Christian Metz)
(The cinema: language or language system? )

വിവ: ഡോ ഡി വി അനിൽകുമാർ

സിനിമ ഭാഷാവ്യവസ്ഥയല്ല(non- systemlanguage).ഭാഷാശാസ്ത്രപരമായി നോക്കുമ്പോൾ സിനിമ ഒരു ഭാഷയാണ്, എന്നാൽ സംസാരഭാഷ പോലെയല്ല. രണ്ട് അഭിപ്രായങ്ങൾക്കിടയിൽ കളിക്കാൻ കഴിയില്ല… കഥയ്ക്ക് ഇമേജിനേക്കാൾ ശക്തിയുണ്ട്. ഇമേജ് സിനിമയുടെ ഒരു പ്രധാന ഘടകമായിരിക്കുമ്പോഴും അത് ഇതിവൃത്തത്താൽ മറഞ്ഞു പോകുന്നു. സിദ്ധാന്തത്തിൽ മാത്രമാണ് സിനിമ ഇമേജുകളുടെ കലയാകുന്നത്… സിനിമയുടെ ഏറ്റവും വലിയ ബന്ധുവും പഴയ സഹോദരനുമായ ഫോട്ടോഗ്രാഫി കഥപറയൽ ലക്ഷ്യമാക്കുന്നില്ല. അതങ്ങനെ ചെയ്യുമ്പോൾ അത് സിനിമയെ അനുകരിക്കുകയാണ് ചെയ്യുന്നത്; സമയത്തിൽ സ്ഥലത്തിൻ്റെ ക്രമാനുഗതികതയെ പ്രദർശിപ്പിക്കലാണ് അത്…”picture romance”കൾ നിരന്തരമായി നിലവിലുള്ള ഒരു സിനിമയുടെ കഥ ആവർത്തിച്ചു പറയുകയാണ് ചെയ്യുന്നത്. ഇതൊരു അഗാധമായ സാമ്യമാണ്, അടിസ്ഥാനപരമായ ഒരു വ്യത്യാസത്തിന്റെ ഫലമായി ഉണ്ടാകുന്ന ഒന്ന്: കഥപറച്ചിലിന് ഒരിക്കലും അനുയോജ്യമാകാത്തതാണ് ഫോട്ടോഗ്രാഫി, എപ്പോഴാണോ അത് അങ്ങനെ ചെയ്യാൻ ശ്രമിക്കുന്നത് അത് സിനിമയായി മാറുന്നു (photography is so ill-suited to story telling that when it wants to do so it becomes cinema). ഒറ്റപ്പെട്ട ഒരു ഫോട്ടോഗ്രാഫ് തീർച്ചയായും ഒന്നും പറയുന്നില്ല!
ചില വ്യക്തികൾ വ്യതിരിക്തരാണ്,Alain Resnais,Jean Luc Godard തുടങ്ങിയവരിൽ ചില മൊണ്ടാഷ്ശരീരങ്ങൾ ആവർത്തിച്ചു വരുമ്പോഴും വ്യത്യസ്ത അർത്ഥങ്ങളെ ഉത്പാദിപ്പിക്കുന്നു: ജീനിയസ്സായ Orson Welles എല്ലാ നിയന്ത്രണങ്ങളും മറികടന്നാണ് സിനിമയെടുക്കുന്നത്-കാഴ്ചയുടെ തമ്പുരാനാണ് അയാൾ, ആവശ്യമെന്നു വന്നാൽ നിരന്തരമായി ഷോട്ടുകളെ ചേർത്ത് Marcel Proust ൻറെ ഒരു വാക്യം പോലും ചിത്രീകരിക്കാനും അദ്ദേഹത്തിനു കഴിയും. എങ്കിലും വ്യക്തിപരമായ ശൈലിയും സിനിമാഭാഷയുടെ പരിണാമവും വ്യത്യസ്തമാണ്, അതിൻറെ ഉള്ളടക്കത്തിൽ അല്ല (സിനിമാസംവിധായകരാണല്ലോ സിനിമ ഉണ്ടാക്കുന്നത്), അളവിലും ഒരാളുടെ സമീപനത്തിലുമാണ് വ്യത്യാസം… ഭാഷയ്ക്ക് പരമ്പരാഗതമായുള്ളവയുടെ നഷ്ടം അതിനെ വികസിപ്പിക്കുകയാണ് ചെയ്യുന്നത്. കോഡിന്റെ(Code)ൻറെ അർത്ഥഭാരം സിനിമയുടെ സന്ദേശവുമായി(message) ബന്ധപ്പെട്ടിരിക്കുന്നു-ചിലപ്പോൾ അവ വേർപെട്ടിരിക്കും-അനുപാതത്തിന്റെ വ്യത്യാസം കഠിനമായിരിക്കാം: കോഡിന്റെ സാന്നിധ്യം അവിശുദ്ധമായിരിക്കാം, ഇതില്ലാതെ തന്നെ മഹാന്മാരായ സിനിമാക്കാർ മഹാന്മാരാണ്, ശുദ്ധീകരിക്കപ്പെട്ട സന്ദേശം ചിലപ്പോൾ കോഡിനെ മറികടന്നേക്കാം. ചില പ്രത്യേക നിമിഷങ്ങളിൽ കോഡ് മാറുകയോ പൂർണ്ണമായി അപ്രത്യക്ഷമാവുകയോ ചെയ്തേക്കാം, എന്നാൽ സന്ദേശം ആകട്ടെ സ്വയം വെളിപ്പെടാനുള്ള മറ്റ് വഴികൾ കണ്ടെത്തും.

സിനിമയെ ഒരു പ്രത്യേക ഭാഷാവ്യവസ്ഥയായി പരിഗണിച്ചിരുന്ന നാളുകളിൽ സംസാരഭാഷയോടുള്ള അവരുടെ സമീപനം കുറ്റപ്പെടുത്തൽ ആയിരുന്നു. അത് മത്സരത്തെ ഭയപ്പെട്ടിരുന്നു; നുഴഞ്ഞുകയറ്റത്തിൽ നിന്നും ഉണ്ടാകുന്ന ഒന്ന്. അതുവരെ പരീക്ഷിക്കാതിരുന്ന സംസാരത്തിൽ നിന്നും 1930 കൾക്ക് മുൻപ് സിനിമയുടെ നിശബ്ദത അതിന് പരിരക്ഷണം നൽകിയിരുന്നു. ബധിരനായ ഒരാൾ ശബ്ദത്തിന്റെ യാതൊരു ശല്യവും ഇല്ലാതെ ഉറങ്ങുന്നതുപോലെ, നിശബ്ദ സിനിമ, അതിൻ്റെ ദൗർബല്യത്തെ ശക്തിയാക്കി മാറ്റി, ഒരാളെ ഇങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു; ഒരു നിശ്ചലവും ശാന്തവുമായ ജീവിതം. എന്നാൽ അങ്ങനെയായിരുന്നില്ല! നിശബ്ദ സിനിമാക്കാലം പോലെ ശബ്ദ മുഖരിതമായ മറ്റൊരു കാലം ഉണ്ടായിരുന്നില്ല. മാനിഫെസ്റ്റോറുകൾ, വെല്ലുവിളികൾ, വിളംബരങ്ങൾ എന്നിവയെല്ലാം കൊണ്ട് അവ്യക്തനായ ശത്രുവിനെ നേരിടുകയായിരുന്നു-നിശ്ശബ്ദ സിനിമയിൽ ഇല്ലാത്ത സംസാരം അതിനെതിരായി ഉണ്ടായിക്കൊണ്ടിരുന്നു. യുവാക്കളായJean Epstein,Renewal Clair ചെറുപ്പത്തിലെ മരിച്ച Louis Delluc എന്നിവർ “ശുദ്ധസിനിമ”യ്ക്കായി പട നയിച്ചു. അതിവേഗത്തിൽ Egeria,Germaine Dullac,Bela Belazs,Charlie Chaplin, സോവിയറ്റ് സിനിമാക്കാർ തുടങ്ങിയവർ എല്ലാം വാക്കിനെതിരായി രംഗത്ത് വന്നു, ഏറ്റവും ഉച്ചത്തിൽ പറഞ്ഞവരെ മാത്രമേ ഞാൻ സൂചിപ്പിച്ചിട്ടുള്ളൂ… സിനിമ നിശ്ശബ്ദം ആയിരുന്നപ്പോൾ പരാതി അത് കൂടുതൽ സംസാരിക്കുന്നു (talking) എന്നായിരുന്നു. അത് സംസാരിച്ചു തുടങ്ങിയപ്പോളാകട്ടെ ചിലരെങ്കിലും അത് സത്താപരമായി നിശ്ശബ്ദമാണെന്നും അങ്ങനെ ആയിരിക്കണമെന്നും വാദിച്ചു. ഇവിടെ അതിശയിക്കത്തക്കതായി എന്തെങ്കിലും ഉണ്ടോ, വിളിച്ചുപറഞ്ഞാൽ, ശബ്ദത്തിന്റെ വരവോടെ ഒന്നും മാറിയിട്ടില്ല? ചിലതരം സിനിമകളെ സംബന്ധിച്ചെങ്കിലും ഒന്നും മാറിയിട്ടില്ല. 1930 നു മുൻപ് സിനിമ ചെറുതായി പറഞ്ഞിരുന്നു (pseudo verbal Gesticulation കപട ശബ്ദ ഗോഷ്ടി പ്രയോഗം). 1930 നു ശേഷം വിടുവായത്തത്തിന്റെ നിശ്ശബ്ദതയിലാണ്: കുതിച്ചൊഴുകുന്ന വാക്കുകൾ കൊണ്ട് ഇമേജുകളുടെ ഘടനയുടെ മുകളിൽ പതിച്ചിരിക്കുമ്പോഴും സിനിമ പഴയ നിയമങ്ങളെ തന്നെ അനുസരിച്ചിരുന്നു. സിനിമാഭാഷ (cine- language) ഒരിക്കലും സംസാരിക്കുന്ന സിനിമയുടേതായി മാറിയില്ല. 1930 ൽ സിനിമ സംസാരിക്കാൻ തുടങ്ങിയില്ല, 1940കളിലാണ് അത് സംഭവിച്ചത്, കുറേശ്ശെയായി അത് സംസാരത്തെ അംഗീകരിച്ചു തുടങ്ങി, സംസാരിക്കാനായി അത് പിൻവാതിൽക്കൽ കാത്തുനിൽക്കുകയായിരുന്നു.സിനിമ സംസാരിച്ചു തുടങ്ങിയത് അതിൻ്റെ ഭാഷ സ്വയം രൂപീകൃതമായതോടുകൂടിയാണ്, അത് അയവുള്ളതും മുൻ നിശ്ചയിക്കപ്പെടാത്തതും, അസ്ഥിരമെന്ന് ഏറ്റവും ഉത്തമ വിശ്വാസമുള്ളതും, തൻ്റെ വാതിലുകൾക്ക് മുന്നിൽ തന്നെ സുരക്ഷിതമല്ലാത്തതും, മറ്റുള്ളവരുടെ സമ്പത്തുകൊണ്ട് ഏറ്റവും ധനികമെന്ന് ഉത്തമ ബോധ്യമുള്ളതുമാണ്… സംസാരിക്കുന്ന സിനിമയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനായി ചില പ്രത്യേകതരം ആധുനികസിനിമയെ ക്കുറിച്ച് ഒരുവൻ പഠിച്ചിരിക്കണം; പ്രത്യേകിച്ചും അഴിച്ചു പിരിക്കാനാവാത്ത ത്രിത്വമായ,Alain Resnais,Chris Marker,Agner Varda എന്നിവരുടേത്. അവരുടെ സിനിമകളിൽ സംസാരത്തിന്, തുറന്നു പറഞ്ഞാൽ ‘സാഹിത്യപരതയ്ക്ക്’, അതിൻ്റെ സാകല്യതയിൽ തന്നെ വലിയ പ്രാധാന്യം കൊടുക്കുന്നുണ്ട്; മുൻപൊരിക്കലും ഇല്ലാത്ത വിധം അത് സിനിമാപരവും(filmic) ആണ്.Last year of Marianbad ൽ ഇമേജും സാഹിത്യ പാഠവും നടത്തുന്ന ഒളിച്ചുകളി പരസ്പരം നൽകുന്ന പരിഗണനയോടെയാണ്. രണ്ടുവശവും തുല്യമാണ്: സാഹിത്യ പാഠവും ഇമേജും, ഇമേജ് സാഹിത്യ പാഠമായി മാറുന്ന കാഴ്ച. ഇങ്ങനെ സന്ദർഭങ്ങളുടെ ഇഴപിരിയൽ സിനിമയ്ക്ക് അതിൻ്റെ പ്രത്യേക പാഠം നൽകുന്നു.

ചുരുക്കിപ്പറഞ്ഞാൽ, സിനിമയുടെ പ്രാപഞ്ചികത (universality) ഒരു ദ്വിമുഖപ്രതിഭാസമാണ്. ധനാത്മകമായ പ്രത്യേകത: സാധാരണ ഭാഷയിൽ നിന്ന് വ്യത്യസ്തമായി കാഴ്ചയുടെ ഗ്രഹണം ലോകത്തെല്ലായിടത്തും വളരെ വ്യത്യാസപ്പെടുന്നില്ല എന്നതാണ് സിനിമയുടെ പ്രാപഞ്ചികതയ്ക്ക് കാരണമെന്നതാണ്.ഋണാത്മകമായ പ്രത്യേകത: സിനിമയുടെ പ്രാപഞ്ചികതയ്ക്കു കാരണം അതിൻറെ രണ്ടാമത്തെ (second articulation) ഇല്ലായ്മയാണ്. ഈ രണ്ട് നിരീക്ഷണങ്ങളിലും ഒരു പരസ്പര ബന്ധം കാണാം: ഒരു കാഴ്ചയ്ക്ക് ആവശ്യമായ സൂചകസൂചിതങ്ങളുടെ ബന്ധമുണ്ട്, കാഴ്ചയിൽ ഇവയുടെ വിച്ഛേദം സംഭവിക്കുന്നില്ല, അതുകൊണ്ടുതന്നെ രണ്ടാമതൊരു അർത്ഥത്തിനുള്ള സാധ്യതയുമില്ല… സത്യത്തിൽ സിനിമ ഒരു ഭാഷയല്ല ഒരു കലാഭാഷയാണ് (cinema is not a language but a language of art). ഭാഷ എന്ന വാക്കിന് തന്നെ ധാരാളം അർത്ഥങ്ങൾ ഉണ്ടല്ലോ; അവയൊന്നും കടുംപിടുത്തങ്ങളും അല്ല, അതിന്റേതായ രീതിയിൽ അവയ്ക്ക് നീതീകരണങ്ങളും ഉണ്ട് (language of chess language of flowers language of science human phonetic language). ഇതിൽ മനുഷ്യൻ്റെ സംസാരഭാഷയാണ് ഏറ്റവും വികസിതം. മറ്റ് ഭാഷകൾ ഇവയുടെ സാമ്യം വഹിക്കുന്നു എന്നേയുള്ളൂ. ഈ അർത്ഥതലത്തിൽ നിന്നുകൊണ്ട് സിനിമയെ വ്യവസ്ഥപ്പെടുത്താത്ത ഒരു ഭാഷയാണെന്ന് പറയാം (cinema as a language without a system).

ഇമേജ് ഒരിക്കലും സിനിമയുടെ ഒരു യൂണിറ്റ് അല്ല, അത് എപ്പോഴും വാചാലമാണ്. ‘സിനിമാട്ടോഗ്രാഫിയുടെ വ്യാകരണക്കാർ’ ഇക്കാര്യത്തിൽ വച്ചുപുലർത്തുന്ന നിർവികാരത അതിശയകരമാണ്. ഒരു ഭാഷയിലും നിലനിൽക്കാത്ത നിഘണ്ടുവും വാക്യരൂപീകരണവും തമ്മിലുള്ള ബന്ധമാണ് ഇമേജിനെ വാക്കായി കൽപ്പിച്ചു കൊണ്ടുള്ള അവരുടെ പാതിവഴിയിൽ ആയ ചിന്തയിൽ ഉള്ളത്. സിനിമ മറ്റെന്തോ ആണ്.
സിനിമയുടെ സിൻ്റാക്സ് ഉണ്ടാക്കപ്പെടേണ്ടതും ഘടനാപരതയുള്ളതുമാണ്, പക്ഷേ അത് വാക്യനിർമ്മാണം പോലെയല്ല.De Saussure നിരീക്ഷിച്ചത് പോലെ സിണ്ടാക്സ്, ഘടനയുടെ ഒരു സ്വഭാവം മാത്രമാണ്; സിനിമയ്ക്കും ഇത് ബാധകമാണ്. സിനിമാചങ്ങലയുടെ ഏറ്റവും ചെറിയ യൂണിറ്റ് ഷോട്ടാണ് (Hjemslave വിളിച്ചതുപോലെ അതിനെ’taxeme’ എന്നും വിളിക്കാം); സീക്വൻസ് ആണ് വലിയ ഘടന(syntagmatic whole). ഇത്തരം വലിയ ഘടനകളുടെ സംഘാടനമായി സിനിമയെ കാണുമ്പോഴാണ് അതിൻ്റെ ധാരാളിത്തവും വലിപ്പവും നമുക്ക് മനസ്സിലാക്കാനാവുക(മൊണ്ടാഷിന്റെ പ്രശ്നങ്ങളിലേക്ക് വെളിച്ചം പകരാൻ ഇത് സഹായിക്കും), കൂടാതെ സിനിമയുടെ പാരഡിഗ്മാറ്റിക് തലത്തിലുള്ള അപര്യാപ്തതകളിലേക്ക് ശ്രദ്ധയാകർഷിക്കാനും ഇത് സഹായകരമാണ്.
സിനിമാസിദ്ധാന്തരചയിതാക്കളുടെ രചനകളിൽ മൊണ്ടാഷ് എന്ന വാക്ക് കട്ടിങ്ങിനെ (cutting) സൂചിപ്പിക്കുന്നു, അതിൻ്റെ വിപരീതത്തെ കാണുന്നുമില്ല. ഭാഷാശാസ്ത്രപരമായി എങ്കിലും സിനിമയിലെ ക്രമീകരണത്തിന്റെ നിമിഷങ്ങളാണ് പ്രാധാന്യമുള്ളത് എന്ന കാര്യം വിസ്മരിക്കപ്പെടുന്നു. ഇമേജുകളുടെ തിരഞ്ഞെടുപ്പിന് (cutting) രണ്ടാം സ്ഥാനമേ ഉള്ളൂ. ആദ്യത്തേതിൽ, ക്രമീകരണത്തിൽ തിരഞ്ഞെടുപ്പുമില്ല, അത് പ്രവർത്തനമാണ്, തീരുമാനിക്കലാണ്, സർഗാത്മകതയാണ്. അതുകൊണ്ട് കലാപരമായി നോക്കുമ്പോൾ ഷോട്ടിന്റെ ഉള്ളടക്കത്തിന് പ്രാധാന്യം വരുന്നു (വ്യവസ്ഥപ്പെടുത്തൽ തന്നെ ഒരു കലയാണ്). കാഴ്ച വസ്തുവിനെ സംബന്ധിച്ച്, അത് എന്തായാലും അതിൽ തന്നെ കലയുണ്ട്. സീക്വന്റ്സിന്റെ തലത്തിലും ഷോട്ടുകളുടെ രൂപീകരണത്തിലും കലാപരത വ്യാപരിക്കുന്നു, അവിടെ സിനിമാട്ടോഗ്രാഫിയുടെ ഭാഷ ആരംഭിക്കുന്നു. സിനിമയിലെ സൗന്ദര്യാത്മക ഫോട്ടോഗ്രാഫി (beautiful photography) കുറ്റകരമായി തീരുന്നതും ഇങ്ങനെയാണ് (Hence the condemnation of ‘beautiful photography’ in the cinema).
സിനിമയിലെ ഇമേജിന്റെ പാറ്റേൺ എത്രയോ ശിഥിലമാണ്; അത് പിറക്കാത്തതാണ്, എപ്പോഴും പിറന്നേക്കാവുന്നതാണ്, പെട്ടെന്ന് പരിഷ്കരിക്കാവുന്നതാണ്, എപ്പോഴും ഉപേക്ഷിക്കാവുന്നതുമാണ്. ഒരു സിനിമാഇമേജ് ആ ശൃംഖലയിലെ മറ്റ് ഇമേജുകളോട് ബന്ധപ്പെട്ട് അർത്ഥം ഉല്പാദിപ്പിക്കുന്ന അവസരങ്ങൾ വിരളമാണ്. അവയെ നമുക്ക് വിരലിലെണ്ണാവുന്ന വയായിരിക്കും, സാഹിത്യത്തിനേക്കാൾ തിരിച്ചറിയാൻ എളുപ്പമാണ്… സിനിമയിൽ എല്ലാമുണ്ട്: തീർച്ചയായും അതിൻ്റെ അവ്യക്തതയ്ക്ക് കാരണവും ഇതാണ്. എന്തായാലും സംസാരഭാഷയിൽ ഇല്ലാത്തതിനെ കൊണ്ട് ഉള്ളതിനെ സാധൂകരിക്കുന്ന രീതി സിനിമയിൽ കുറവാണ്. ഉള്ളതിലെ പരസ്പര ബന്ധത്തിലെ ധന്യതയും ധാരാളിത്തവും കൊണ്ട് ഇല്ലാത്തവയുടെ പരസ്പര ബന്ധത്തിലൂടെ ഇല്ലാത്തവരുടെ പരസ്പരബന്ധത്തിലൂടെ ഉണ്ടായേക്കാവുന്ന ധാരാളിത്തത്തെയും പ്രയാസത്തെയും സാധ്യമാക്കുന്നു. ഒരു സിനിമയെ വിശദീകരിക്കാൻ ഏറെ പ്രയാസമാണ് കാരണം അത് മനസ്സിലാക്കാൻ ഏറെ എളുപ്പമാണ് (A film is difficult to explain because it is easy to understand). ഒരു ഇമേജ് സ്വയം നമ്മിൽ വികാരങ്ങൾ ഉണ്ടാക്കുന്നു അതല്ലാത്തതെല്ലാത്തിനെയും തടഞ്ഞുനിർത്തുകയും ചെയ്യുന്നു.

ഡോ.അനിൽകുമാർ

അസ്സോസിയേറ്റ് പ്രൊഫസർ, മലയാള വിഭാഗം, യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം

5 1 vote
Rating
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x